Followers

അച്ഛന്റെ പേടി

Wednesday, September 21, 2011

ഈ മൂത്തവരുടെ ഒരു പേടി!
ഇങ്ങനെയുമുണ്ടോ? അപ്പുക്കുട്ടന് ഒന്ന് അനങ്ങാൻ പോലും പറ്റില്ല. പിന്നെയാണോ മരത്തേൽ കേറുന്നതും സൈക്കിളേ കേറുന്നതും!
എന്തിനാ ഇവരൊക്കെ ഇങ്ങനെ പേടിക്കുന്നത്? അപ്പുക്കുട്ടന് അത് ഒരിക്കലും മനസ്സിലായിട്ടില്ല. കഴിഞ്ഞയാഴ്ച കിഴക്കേതിലെ മാവിൽ കശുമാങ്ങ പറിക്കാൻ കേറിയിട്ട് അപ്പുക്കുട്ടന് എന്താ സംഭവിച്ചത്?
മാവിൽ കയറി...കശുവണ്ടി പറിച്ചു...
അറിയാതെ ഉറുമ്പിൻ കൂട്ടിൽ തലയിട്ടു. അത്രതന്നെ! അതിനെന്തൊക്കെ പുകിലാ ഉണ്ടാക്കിയത്?
മുഖത്തൊക്കെ ഉറുമ്പ് കടിയേറ്റ് പൊങ്ങി വന്നു. തരക്കേടില്ലാത്ത വേദനയുമുണ്ടായിരുന്നു. അതിന് അമ്മയെന്തിനാ കരഞ്ഞത്? അച്ഛനെന്തിനാ വടിയുമെടുത്തോണ്ട് വന്നത്?
വേദനയെടുത്ത അപ്പുക്കുട്ടൻ കരഞ്ഞില്ല! എന്തു രസമായിരുന്നു ആ മാവിൻ കൊമ്പിൽ! ഒരു കമ്പിൽ നിന്നും മറ്റേ കമ്പിലേയ്ക്ക് ചാട്ടം! അതെങ്ങാനും അമ്മയോ അച്ഛനോ കണ്ടിരുന്നെങ്കിൽ...പിന്നെ അതുമതി അമ്മയ്ക്ക് ഒരാഴ്ചയ്ക്ക് കരയാൻ. അച്ഛന് ഭീഷണി മുഴക്കാൻ...അച്ഛന്റെ ഭീഷണിയൊക്കെ കണക്കാണ്! അത് അപ്പുക്കുട്ടന് മനസ്സിലായത് കുറച്ച് നാള് മുൻപാണ്. അന്ന് അച്ഛൻ അമ്മയോട് പറയുകയാണ്, “ എടീ എനിക്ക് സത്യത്തിൽ പേടിയാണ്, ഈ ചെറുക്കൻ എന്തൊക്കെ കുരുത്തക്കേടാ ഈ കാണിക്കുന്നേ? വല്ല മരത്തേന്ന് വീണ് കാലും കൈയുമൊക്കെ ഒടിഞ്ഞാൽ...അതോർത്തിട്ടാ എനിക്ക് പേടി. പിന്നെ ഒന്ന് പേടിപ്പിച്ച് നിർത്താനാ ഞാനീ കണ്ണുരുട്ടുന്നതും വടിയെടുക്കുന്നതുമൊക്കെ.”
അങ്ങനെയാണ് അപ്പുക്കുട്ടന് അച്ഛന്റെ പേടിയെ കുറിച്ച് ആദ്യമായ് മനസ്സിലാകുന്നത്.
അപ്പുക്കുട്ടന് പനി വന്നാൽ അച്ഛന് വയറ് വേദന വരും. ആധികൊണ്ടാണന്നാണ് അമ്മ പറയുന്നത്. പക്ഷേ അതെന്താണന്ന് അപ്പുക്കുട്ടന് മനസ്സിലായില്ല.
വളയംചിറയിലെ ഞാറ മരത്തിൽ കേറിയതിന് കല്യാണി അമ്മ വന്ന് പരാതി പറഞ്ഞപ്പോഴാണ് അച്ഛന്റെ പരിഭ്രാന്തി ഒന്നുകൂടി കൂടിയത്.
‘ചെറുക്കന്റെ കൂട്ടുകെട്ട് അത്ര ശരിയല്ല.ഒറ്റൊരെണ്ണത്തിനെ വീട്ടിലടുപ്പിക്കരുത്.” അച്ഛൻ തീരുമാനിച്ചുറപ്പിച്ചു. അച്ഛന്റെ കണ്ണുരുട്ടൽ പിന്നിട് അപ്പുക്കുട്ടന്റെ കൂട്ടുകാരോടായി.
അച്ഛന്റെ പേടിയും, പരിഭ്രമവും, ആധിയും കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോഴാണ് അപ്പുക്കുട്ടന് ഒരാഗ്രഹം. ഒരു ചെറിയ ആഗ്രഹം...
ഹരീഷും,റജിയും,മധുവുമെല്ലാം ചെയ്യുന്നതുപോലെ...സൈക്കിൾ ചവിട്ടണം.
സൈക്കിൾ ചവിട്ടണമെങ്കിൽ അത് പഠിക്കണം. എങ്ങനെ?
ഹരീഷിനും റജിയ്ക്കുമൊന്നും ഒരു പ്രശ്നോമില്ല. അവരുടെ വീട്ടിൽ സൈക്കിളുണ്ട്. വലിയ സൈക്കിൾ. അവരത് ഇടയ്ക്കിട്ടാണ് ചവിട്ടുന്നത്. മുകളിൽ കേറിയാൽ കാലെത്തില്ല.
അച്ഛനൊരു സൈക്കിളുണ്ടാരുന്നെങ്കിൽ...
വെറുതേ ആശിക്കാമെന്നല്ലാതെ...അത് നടക്കുന്ന കാര്യമല്ല. മറ്റൊന്നുമല്ല. അച്ഛന് സൈക്കിൾ ചവിട്ട് അറിയില്ല. ‘നിന്റച്ഛൻ സൈക്കിള് സ്റ്റാന്റേ വെച്ച് ചവിട്ടുമെന്ന്‘ അമ്മയൊരിക്കൽ പറഞ്ഞത് അപ്പുക്കുട്ടൻ ഓർത്തു.
അച്ഛനോട് അനുവാദം വാങ്ങണമെന്ന് അപ്പുക്കുട്ടനുണ്ടായിരുന്നു. പക്ഷേ അത് വേണ്ടന്ന് പിന്നീട് തീരുമാനിച്ചു. അച്ഛന്റെ മറുപടി അപ്പുക്കുട്ടന് ഊഹിക്കാൻ പറ്റുമായിരുന്നു.
“സൈക്കിള് കമ്പി പോലിരിക്കണ നീയിനി അതിന്റെ പൊറത്ത് കേറാത്ത കൊഴപ്പേ ഒള്ളൂ രണ്ടായിട്ടൊടിയാൻ...” അല്ലെങ്കിൽ പറയും; “ഇനി സൈക്കിളേന്ന് വീ‍ണിട്ട് വേണം കാലും കൈയും പൊട്ടാൻ...പിന്നെ ആശുപത്രി...മരുന്ന്...ദേ, പൊയ്ക്കോണം. ഇനി ഇതും പറഞ്ഞ് എന്റടുത്ത് വന്നുപോകരുത്...”
വീട്ടിൽ കറണ്ടെടുക്കാൻ സേതുകെടന്ന് ബഹളമുണ്ടാക്കിയപ്പോഴാണ് അച്ഛന്റെ പേടി യാതൊരു മറയുമില്ലാതെ പുറത്തുവന്നത്.
“ഇനി അതിന്റേം കൂടെ കൊഴപ്പേ ഒള്ളൂ. എന്നിട്ട് വേണം പ്ലഗ്ഗിലൊക്കെ കൈയിട്ട് കറന്റടിക്കാൻ...”

അപ്പുക്കുട്ടന്റെ ഗുരുവാകാൻ ഹരീഷ് തയ്യാറായി. അവൻ തന്നെ ഒരു കൊച്ചുസൈക്കിൾ കൊണ്ടുവന്നു. പഠനം അമ്പലത്തിന് തെക്കേ റോഡിലാക്കാൻ അപ്പുക്കുട്ടനാണ് തീരുമാനിച്ചത്. അവിടെയാകുമ്പോൾ അടുത്തുള്ള ആരും വരാൻ സാധ്യതയില്ല. പോരാത്തതിന് റോഡിന് അധികം വളവുമില്ല. വണ്ടിയോട്ടവും കുറവ്!
സൈക്കിളേൽ കേറിയിരുന്നപ്പോൾ അപ്പുക്കുട്ടന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. മാവിനും ഞാറമരത്തിനുമൊക്കെ ഉയരം ഒത്തിരി കൂടുതലാണങ്കിലും അപ്പുക്കുട്ടന് ഇപ്പോൾ സൈക്കിളിലിരിക്കുന്നത് തന്നെയാണ് ഏറ്റവും ഉയരത്തിലുള്ള കാര്യമെന്ന് തോന്നി. അപ്പുക്കുട്ടനെയും സൈക്കിളിനേയും നേരേ കൊണ്ടുപോകാൻ ഹരീഷ് നന്നേ പ്രയത്നിക്കുന്നുണ്ടായിരുന്നു.
“എല്ലുപോലിരിക്കുന്നേലും നെനക്ക് നല്ല കനമാടാ.” ഹരീഷ് ഇടയ്ക്ക് പറഞ്ഞു കൊണ്ടിരുന്നു.
“നേരേ നോക്കി ചവിട്ടെടാ...”
“ചന്തി നേരേ വെയ്ക്കെടാ...”
“ഹാന്റില് വെട്ടിയ്ക്കാതെടാ...”
“പെഡലേന്ന് കാലെടുക്കാതെടാ...”
“നിന്റെ വെയിറ്റ് എന്റെ മേത്തോട്ടിടാതെടാ...”
ഒരു സൈക്കിള് ചവിട്ട് പഠിക്കുന്നതിന് ഇത്രയധികം ഗുലുമാലുണ്ടാകുമെന്ന് അപ്പുക്കുട്ടൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.
കുറേ നേരം ഹരീഷ് പറയുന്നത് കേട്ടിരുന്നപ്പോൾ അപ്പുക്കുട്ടന് വല്ലാണ്ടായി.
ഒരു ഗുരു വന്നിരിക്കുന്നു. ഇവന്റെ ചന്തിയും ഹാന്റിലുമൊന്നും വെട്ടിയിട്ടില്ലാത്ത മാതിരിയാണ് ഒരു വർത്തമാനം! അഹങ്കാരം...അഹങ്കാരം...സൈക്കിൾ ചവിട്ടാൻ അറിയാമെന്ന് വെച്ച് ഇങ്ങനെയുമുണ്ടോ?
“നീ മാവേൽ കേറാൻ വാടാ...അല്ലെങ്കിൽ ഞാറേ കേറാൻ വാ...” അപ്പുക്കുട്ടന് പലതും പറയണമെന്നുണ്ടായിരുന്നു. പക്ഷേ കൂടുതലൊന്നും പറഞ്ഞില്ല. പറഞ്ഞതിത്രമാത്രം.
“പിന്നെ നീ കൂടുതലൊന്നും പറയേണ്ട...വടക്കേതിലെ കുഞ്ഞമ്മയുടെ കുണ്ടിയ്ക്ക് സൈക്കിളിടിപ്പിച്ചിട്ട് അവര് നിന്റെ സൈക്കിളിന്റെ കണ്ണാടി അടിച്ച് പൊട്ടിച്ചത് എനിക്കറിയാത്തത് പോലെയാണ്...”
പിന്നെ കുറേ നേരത്തേയ്ക്ക് അവന്റെ ശബ്ദം കേട്ടില്ല. അപ്പുക്കുട്ടൻ തിരിഞ്ഞുനോക്കി. ഞെട്ടിപ്പോയി. അവനില്ല. ഹരീഷില്ല. ദ്രോഹി...അവൻ കൈവിട്ടിരിക്കുന്നു... ഒരു തരിപ്പ് അപ്പുക്കുട്ടന്റെ കാലിൽ നിന്നും തലയിലോട്ട് കേറിപ്പോയി.
സൈക്കിൾ ഒരു വശത്തേയ്ക്ക് ചായുന്നുണ്ടോ? അതോ അപ്പുക്കുട്ടന്റെ ശരീരമാണോ ചരിയുന്നത്?
ഒന്ന് ആലോചിക്കുന്നതിന് മുന്നേ അത് സംഭവിച്ചിരുന്നു. എതിരേ ഒരു സൈക്കിൾ....
അപ്പുക്കുട്ടന്റെ സൈക്കിൾ റോഡിന്റെ വീതി അളക്കുന്നു!
കണ്ണടച്ച് ഒറ്റ പ്രാർത്ഥന...
“ഭഗവാനേ, രക്ഷിക്കണേ...കശുവണ്ടി പറിച്ചാണേലും ഒരു രൂപ ഞാൻ നേർച്ച തരാമേ...”
ഭഗവാനുപോലും ഒരു തീരുമാനമെടുക്കാൻ സമയം കൊടുക്കാതെ സൈക്കിൾ അടുത്ത വേലിയും പൊളിച്ച് കണ്ടത്തിലേയ്ക്ക് മറിഞ്ഞു.
അപ്പുക്കുട്ടൻ കണ്ണു തുറന്നപ്പോൾ ഹരീഷ് അടുത്തുണ്ടായിരുന്നു. ഒറ്റ ചവിട്ട് കൊടുക്കണമെന്ന് തോന്നി. കാലുവലിച്ച് പൊക്കാൻ ഒരു ശ്രമം...എവിടെയൊക്കെയോ എന്തൊക്കെയോ തുളച്ചുകേറുന്നൊരു വേദന.
“നീയനങ്ങാതെ കെടക്കെടാ...അല്ലെങ്കിൽ ആ പുഴുപ്പൻ മുള്ളെല്ലാം നിന്റെ മേത്തായിരിക്കും.”
അപ്പോഴാണ് അപ്പുക്കുട്ടൻ അതു ശ്രദ്ധിച്ചത്! വീണത് കള്ളിമുൾ ചെടികൾക്കിടയിൽ...
മുള്ളുകളൊക്കെ വലിച്ചൂരി, കാലിലെ പൊട്ടലിൽ കമ്മ്യൂണിസ്റ്റ് പച്ചയുടെ നീരു പിഴിഞ്ഞൊഴിച്ച് വീട്ടിലേയ്ക്ക് ഒക്കി ഒക്കി നടക്കുമ്പോൾ അപ്പുക്കുട്ടൻ ആലോചിക്കുകയായിരുന്നു.
‘അച്ഛനിനിയെന്തോന്ന് ആധിയാണോ ഉണ്ടാവാൻ പോണത്!”

3 comments:

kanakkoor said...

ആര്യാട്ടുകാരാ ... ഞാനും ആര്യാട്ട് കാരന്‍ ആണ്. now settled in karnataka
പോസ്റ്റ്‌ വായിച്ചു. രചന വളരെ നല്ലത് . എഴുത്തില്‍ ഒഴുക്കുണ്ട്. അഭിനന്ദനങ്ങള്‍ . ബാക്കി പോസ്റ്റുകളും സമയം പോലെ വായിക്കാം.

sathees makkoth | സതീശ് മാക്കോത്ത് said...

കണക്കൂർ, നന്ദി. ഞാൻ തെക്കനാര്യാട്!

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP