സൂസി എന്ന സുന്ദരി
Friday, March 9, 2007
സൂസി എന്തു സുന്ദരിയാണ്!
എന്തൊരു നിറമാണവള്‍ക്ക്!
വിടര്‍ന്ന കണ്ണുകളും, ചുരുണ്ട കറുകറുത്ത മുടിയും.
അനാവശ്യമായി ഉടയതമ്പുരാന് ഒന്നും അവളുടെ ശരീരത്തില്‍ ചേര്‍ത്തു വെച്ചിട്ടില്ലായിരുന്നു.
എത്ര ഉറക്കമില്ലാത്ത രാത്രികളാണ് അപ്പുക്കുട്ടന് അവളുടെ ഓര്‍മ്മ സമ്മാനിച്ചിട്ടുള്ളത്.
എങ്ങനെ ഉറങ്ങാനാണ്? കണ്ണടച്ചുകഴിഞ്ഞാല്‍ വരികയല്ലേ ഉണ്ടക്കണ്ണന്‍ പൗലോസ്.
അവടപ്പന് ഹെഡ് കോണ്‍സ്റ്റബിള്‍ പൗലോസ്.
ചുവന്ന ഉണ്ടക്കണ്ണുകളും, ചുരുളന്‍ വള്ളം പോലത്തെ മീശയും വെച്ച് കൈയും തെറുത്ത് കേറ്റി സ്വപ്നത്തിലെത്തുന്ന പൗലോസിനെ കാണുമ്പോള്‍ തന്നെ അപ്പുക്കുട്ടന് ഉറക്കമെല്ലാം അവസാനിപ്പിച്ച് കട്ടിലില്‍ കുത്തിയിരുന്ന് ആലില പോലെ വിറയ്ക്കും.
പിന്നെ ആ ഇരുപ്പിലിരുന്ന് സൗന്ദര്യത്തിടമ്പിനെയോര്ത്ത് രോമാഞ്ചകഞ്ചുകമണിയും.
ഇതു അപ്പുക്കുട്ടന്റെ കഥ!
സാമാന്യം മനസ്സിന് നിയന്ത്രണമുണ്ടന്ന് മാലോകര്‍ സീലടിച്ചംഗീകരിച്ച അപ്പുക്കുട്ടന്റെ അവസ്ഥ!
അപ്പോള്‍ പിന്നെ പക്കുവിന്റെ സ്ഥിതിയെന്തായിരിക്കും!
പോട്ടെ. നന്തുവിന്റെ സ്ഥിതിയെന്തായിരിക്കും!
ക്ളാസ്സിന്റെ ഇടതുവശത്ത് പെണ്‍പ്രജകളുടെ ഇരിപ്പിടം.
വലതു വശത്ത് ആണ്‍പ്രജകള്‍.
ഇടതുവശത്ത് മുന്‍നിരയില്‍ത്തന്നെ സൂസി, ഷീല, സൗമൃ, ബിന്ദു തുടങ്ങിയ സുന്ദരിക്കോതകള്‍.
വലതു വശത്ത് മുന്‍നിരയില്‍ അപ്പുക്കുട്ടന്, നന്തു, പക്കു തുടങ്ങിയ പുരുഷകേസരികള്‍.
ഈ സുന്ദരിക്കോതകള്ക്ക് എന്തൊരഹങ്കാരമാണ്. ഇങ്ങനെ കുറേ മാന്യന്മാര് ക്ളാസ്സിലുള്ളതായി വല്ല വിചാരവുമുണ്ടോ ഇവളുമാര്‍ക്ക്.
അപ്പുക്കുട്ടന്റെ മനസ്സുമുഴുവനും സൂസിയാണന്ന് അറിയാവുന്നത് പക്കുവിനും നന്തുവിനും മാത്രമാണ്.
പലപ്പോഴും സൂസിയെ തന്റെ മനസ്സ് തുറന്ന് കാണിക്കണമെന്ന് അപ്പുക്കുട്ടന് വിചാരിച്ചിട്ടുള്ളതുമാണ്.
പക്ഷേ എങ്ങനെ കാട്ടാനാണ്.
കാട്ടാനയല്ലേ അവടപ്പന്!
ഇവളുമാര്ക്കെന്താ തങ്ങളോടൊന്ന് വര്‍ത്തമാനം പറഞ്ഞാല്‍!
വായില്‍നിന്നും മുത്ത് പൊഴിഞ്ഞു വീഴുമോ?
പലപ്പോഴും ചോദിക്കണമെന്ന് വിചാരിച്ചിട്ടുള്ളതാണ്.
അവടപ്പനെയോര്ത്ത് വേണ്ടന്ന് വെച്ചന്നേയുള്ളൂ.
മിണ്ടിയില്ലങ്കില്‍ വേണ്ട. ഇവള്‍ക്കെന്താ ഒന്ന് നോക്കി ചിരിച്ചാല്‍!
കൂടെ ഒരേക്ളാസ്സില്‍ മുന്‍നിരയില്‍ സ്ഥാനം നേടിയിട്ടുള്ള മഹാരഥന്മാരെന്ന നിലയ്ക്കെങ്കിലും ഒരു പുഞ്ചിരി സമ്മാനിച്ച് കൂടെ ഇവള്‍ക്ക്?
അഹങ്കാരം. അഹങ്കാരമേ നിന്റെ പേരാണോ സൂസിയെന്നത്?
നീയാരടീ? ഉര്‍വ്വശിയോ... മേനകയോ...രംഭയോ...തിലോത്തമയോ...
അവടെയൊരു ഭാവം കണ്ടില്ലേ...
ഒരുത്തന്, ഒരു സര്‍വ്വഗുണസമ്പന്നന്‍, അറിവിന്റെ നിറകുടം, ക്ളാസ് ഫസ്റ്റ്, സര്‍വ്വോപരി സുന്ദരന്മാരില് സുന്ദരന്‍ പുറകേ നടന്നിട്ടും നീയൊന്നും കണ്ടില്ല കേട്ടില്ലായെന്ന് നടിക്കുന്നോ? സുബീറിന്റെ കൂടെയുള്ള നിന്റെ കൊഞ്ചിക്കുഴച്ചില് ഇവിടെ ആര്‍ക്കും അറിയില്ലായെന്നാണോ? മെലിഞ്ഞു നീണ്ട ആ കോലാപ്പിയെ അല്ലാതെ വേറേ ആരേയും കിട്ടിയില്ലേ നിനക്ക്. എന്നേക്കാളും എന്തു ഗുണമാണ് അവനുള്ളത്?
അഹങ്കാരീ... നിന്നെ ഞാന്‍ എഴുതിത്തള്ളിയിരിക്കുന്നു.
അപ്പുക്കുട്ടന് പ്രഖ്യാപിച്ചു.
എങ്കിലും പ്രഖ്യാപനം നന്തു മാത്രമേ കേട്ടുള്ളു.
ആവശ്യത്തില്‍ സഹായിക്കുന്നവനാണ് സുഹൃത്ത്. നന്തു സഹായഹസ്തം നീട്ടി.
അപ്പുക്കുട്ടന് രണ്ട് കൈയും നീട്ടി അത് സ്വീകരിച്ചു.
നന്തു പക്കുവിനോടാജ്ഞാപിച്ചു.
"എഴുതെടാ പ്രേമലേഖനം. ലവള്‍ക്ക്"
പക്കുവെഴുതി. സൂസിക്ക് പ്രേമലേഖനം. വടിവൊത്ത അക്ഷരത്തില്‍. കാമുകന്റെ പേരും നാളുമില്ലാതെ.
എന്റെ ജീവന്റെ ജീവനായ സൂസിക്ക്.
വളരെ നാളായി പറയണമെന്ന് വിചാരിക്കുന്നു.
നാവു വഴങ്ങിയില്ല. അതിനാല്‍ എഴുതുന്നു.
നിന്റെ കണ്ണുകള്‍...നിന്റെ ചുണ്ടുകള്‍...നിന്റെ എല്ലാമെല്ലാം...
എനിക്ക് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്.
നിന്റെ മധുരമൊഴി ( എന്നോടല്ലങ്കിലും നീ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ ) എന്നെ കോരിത്തരിപ്പിക്കാറുണ്ട്.
നീയെന്നാണ് എന്നെ സ്നേഹിക്കാന്‍ തുടങ്ങുന്നതെന്നെനിക്കറിയില്ല.
എന്റെ പ്രീയസഖി ആ സുദിനം അതി വിദൂരമല്ലന്നെനിക്കറിയാം.
മഴകാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഞാനിരിക്കുന്നു.
നിനക്ക് വേണ്ടി. നിനക്ക് വേണ്ടി മാത്രം.
എന്ന് നിന്റെ സ്വന്തം (ഒപ്പ് )
N.B - ഇതെല്ലാം കണ്ട് നീയങ്ങ് കോരിത്തരിച്ച് കാണും അല്ലേടീ മരമാക്രി. ഞങ്ങളെന്താ മണുഗുണേപ്പന്മാരാ? ഇവിടെ ആമ്പിള്ളേരില്ലാഞ്ഞിട്ടാ നീ സുബീറിന്റടുത്ത് പോകുന്നേ.
ജാഗ്രതൈ...
ഇന്നത്തോടെ സുബീറുമായുള്ള എല്ലാ കൂട്ടും നീ അവസാനിപ്പിച്ചോളണം.
അല്ലെങ്കില്‍ ശേഷം കാഴ്ചയില്‍...
കത്ത് നാലായി മടക്കി.
ഇനിയെന്ത്?
നന്തുവിന്റെ നിരീക്ഷണപാടവം അപാരം തന്നെ!
സൂസിയുടെ ഓരോ ചലനവും അവന് നോക്കി വെച്ചിരിക്കുന്നു.
സൂസിയുടെ കൈകള്‍ വെറുതേ ഇരിക്കില്ലത്രേ.
ക്ളാസ്സില്‍ ഇരിക്കുമ്പോള്‍ അവളുടെ കൈകള്‍ ഡെസ്കിനടിയില്‍ പര്യവേക്ഷണം നടത്തിക്കൊണ്ടിരിക്കുമത്രേ!
എങ്കില്‍ ഇനിയെന്താലോചിക്കാനാണ്?
ക്ളാസ് കഴിയട്ടെ. എല്ലാവരും പോകട്ടെ.
കത്ത് ഡെസ്കിനടിയില്‍ വെയ്ക്കുക. അടുത്തപ്രാവശ്യം ഗവേഷണം നടത്തുമ്പോള്‍ അവള്‍ക്കത് കിട്ടിയിരിക്കും.
ഏലിയാമ്മ ടീച്ചര്‍ ന്യൂട്ടന്റെ ലോസ് ഓഫ് മോഷന്‍ പഠിപ്പിക്കുന്നു.
സൂസിയുടെ കൈകള്‍ ഡെസ്കിനടിയിലേക്ക്.
കൈ കടലാസില്‍ തട്ടി. ദാ കിടക്കുന്നു പ്രേമലേഖനം.
ഇനിയെന്താണാവോ നടക്കാന്‍ പോകുന്നത്?
അപ്പുക്കുട്ടനും, നന്തുവും, പക്കുവും നോക്കിയിരുന്നു.
അവളതെടുത്തിരിക്കുന്നു! ആഹാ വായിക്കുന്നു. അവളുടെ മുഖത്തെ ഭാവമെന്താണ്? സന്തോഷമോ?...അതോ...
ഒന്നും മനസ്സിലാവുന്നില്ല.
പക്ഷേ ഒന്നു മനസ്സിലായി.
വായനയുടെ അവസാനം ഒരു പൊട്ടിക്കരച്ചില്‍ ഉണ്ടായി എന്നുള്ളത്.
"എന്തു പറ്റി സൂസി?" ടീച്ചര്‍ ചോദിച്ചു.
അവളാ കത്ത് ടീച്ചറെ ഏല്‍പ്പിച്ചു.
ദ്രോഹീ, വഞ്ചകീ... എത്ര മനോഹരമായൊരു പ്രേമലേഖനം. നീയത് നിന്റെ സ്വകാര്യ സ്വത്തായി പുസ്തകത്തിനിടയില്‍ തിരുകി വെയ്ക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
ടീച്ചര്‍ ആ കത്ത് വായിച്ചു.
"ആരാണിതെഴുതിയത്? നിങ്ങള്‍ക്കും അമ്മയും പെങ്ങാമ്മാരുമൊന്നുമില്ലേ വീട്ടില്‍. സൂസി നിങ്ങടെ സഹോദരിയല്ലേ? ഇതെഴുതിയതാരാണങ്കിലും എണീറ്റ് സൂസിയോട് മാപ്പ് പറഞ്ഞോളണം" ടീച്ചര്‍ പ്രഖ്യാപിച്ചു.
"പിന്നേ എന്റെ പട്ടി പറയും." പക്കു പതുക്കെ പറഞ്ഞതാണ്. പക്ഷേ ശബ്ദമല്പം ഉറക്കെ ആയിപ്പോയി.
മണ്ടശിരോമണി! കൈയോടെ പിടിക്കപ്പെട്ടിരിക്കുന്നു.
ഏലിയാമ്മ ടീച്ചറിന്റെ സഹായത്തിനായി നത്തോലി ഡ്രില്‍ മാഷ് തന്നേക്കാള്‍ വലിയ ചൂരലുമായി എത്തിക്കഴിഞ്ഞു.
പക്കുവിനെ സ്റ്റൂളിന്മേല് കയറ്റി സൂസിക്കും മറ്റ് കോന്തികള്ക്കും പുറം തിരിഞ്ഞു നിര്‍ത്തി.
പിന്നെ ചെത്തുകാരന് കുട്ടപ്പന് കള്ള് ചെത്താനായി തെങ്ങിന്റെ മണ്ടയ്ക്കിട്ട് അടിക്കുന്നത് പോലെ താളത്തിലടി തുടങ്ങി.
ഉപ്പൂറ്റി മുതല്‍ തുട വരെ. തുട മുതല്‍ ഉപ്പൂറ്റി വരെ.
ഫലമെന്തായി?
വെട്ട് പോത്തിന്റെ ചന്തിയ്ക്ക് ചാട്ടവാറടികൊണ്ടുണ്ടാകുന്ന ചോരതുളുമ്പുന്ന പാടുകളെ അനുസ്മരിപ്പിക്കുന്ന അടയാളങ്ങള്‍ പക്കുവിന്റെ കാലുകളുടെ പിന്‍ഭാഗത്തെ അലങ്കരിച്ചു.
സൂസിയുടെ കരച്ചില് പതിയെ ചിരിയായി മാറി.
ദുഷ്ടേ... പണ്ടൊരു പാഞ്ചാലിയുടെ ചിരിയുടെ ഫലമെന്തായെന്ന് നിനക്കറിയാമോ? അപ്പുക്കുട്ടന് ചോദിക്കണമെന്ന് തോന്നി. പക്ഷേ നാവനങ്ങിയില്ല.
അടിയും കൊണ്ടു. മാനവും പോയി പക്കുവിന്.
പറഞ്ഞു പോയ വാക്കും നഷ്ടപ്പെട്ട മാനവും തിരിച്ച് കിട്ടാന്‍ പ്രയാസമാണ്.
ഇവിടെ ഒരു നിരപരാധി ക്രൂശിക്കപ്പെട്ടിരിക്കുന്നു. മാനം നഷ്ടപ്പെട്ടിരിക്കുന്നു. സൂസിയെന്ന സുന്ദരികാരണം.
പ്രതികരിക്കണം. പ്രതികാരം ചെയ്യണം.
പക്കുവിന് താല്പര്യമില്ലായിരുന്നു. അവന് കിട്ടിയതു തന്നെ ആവശ്യത്തിലധികമായിരുന്നു.
ദൗത്യം നന്തു ഏറ്റെടുത്തു.
"ന്യൂട്ടന്റെ തേഡ് ലോ ഓഫ് മോഷനെന്താണന്ന് ഞാന്‍ കാണിച്ച് തരാം. ഫോര്‍ എവരി ആക്ഷന്‍ ദേര്‍ ഈസ് ആന്‍ ഈക്വല്‍ ആന്റ് ഓപ്പോസിറ്റ് റിയാക്ഷന്." നന്തു പറഞ്ഞു.
പിറ്റേന്ന് സ്കൂളിലെത്തിയ അപ്പുക്കുട്ടന് അത്ഭുദപ്പെട്ടുപോയി.
ക്ളാസ്സിന് മുന്നില്‍ സാമാന്യം തരക്കേടില്ലാത്ത ആള്‍ക്കൂട്ടം!
എന്താ സംഭവം! അപ്പുക്കുട്ടന് എല്ലാവരേയും തള്ളി നീക്കി ക്ളാസിനുള്ളില്‍ കയറി.
അപ്പുക്കുട്ടന്റെ കണ്ണുതള്ളിപ്പോയി. എന്തായിത്. വര്ണ്ണപ്രപഞ്ചമോ? പച്ച, മഞ്ഞ, ചുവപ്പ്...
ചുവരുകളില്‍ പലപല നിറത്തിലുള്ള ലിഖിതങ്ങള്‍...
എല്ലാം സൂസിയേയും സുബീറിനേയും കുറിച്ച്...
നന്തു പണിപറ്റിച്ചിരിക്കുന്നു.
പെട്ടെന്ന് പുറത്തൊരാരവം.
"സൂസിയെത്തി" ആരോ വിളിച്ച് പറഞ്ഞു.
എല്ലാവരും വഴിമാറി. ഒന്നുമറിയാത്ത മാന്‍പേട ക്ളാസിനകത്ത് കയറി.
ഒന്നേ നോക്കിയുള്ളു സൂസി ചുവരുകളിലേക്ക്.
ഏത് പെണ്ണിനാണ് ഇതൊക്കെ സഹിക്കാന്‍ പറ്റുന്നത്?
സൂസിയും ഒരു സാധാരണ പെണ്ണുതന്നെ.
പാവം. ഇത്രയും കൊടുംകൃത്യം സൂസിയോട് വേണ്ടായിരുന്നു എന്ന ഭാവത്തില്‍ അപ്പുക്കുട്ടന് നന്തുവിനെ നോക്കി.
കൂട്ടുകാരികളില്‍ ആരൊക്കെയോ സൂസിയെ വളഞ്ഞു.
പക്ഷേ അവളവിടെ നിന്നില്ല. കരഞ്ഞുകൊണ്ടു വീട്ടിലേയ്ക്ക് നടന്നു.
വിവരമറിഞ്ഞ് ടീച്ചര്മാരെത്തി.
ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന് തന്നെ.
പക്കുവിനെ നത്തോലി മാഷ് മുയലിനെ ചെവിയില്‍ പിടിച്ച് തൂക്കിയെടുക്കുന്ന ലാഘവത്തോടെ കോളറില്‍ പിടിച്ച് തൂക്കിയെടുത്തുകൊണ്ട് ഓഫീസ് റൂമിലേക്ക് കൊണ്ടു പോയി.
നന്തുവും അപ്പുക്കുട്ടനും ചുവരെഴുത്തുകള്‍ തുടച്ചുകളയുവാന്‍ മുന്‍കൈയെടുത്തു. ഞങ്ങളൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവത്തോടെ.
"അപ്പുക്കുട്ടനേയും നന്തുവിനേയും ഹെഡ്മാസ്റ്റര് വിളിക്കുന്നു." ക്ളാസ്സിന് പുറത്ത് പ്യൂണിന്റെ ശബ്ദം.
ദൈവമേ...
പക്കു പണിപറ്റിച്ചോ...
അവന് എല്ലാം പറഞ്ഞുകാണും. ഇതുവരെയുള്ള നല്ലപേരെല്ലാം പക്കുവൊറ്റൊരുത്തന് കാരണം നഷ്ടപ്പെടുമോ?
രണ്ടുപേര്‍ക്കും ഒരുനിമിഷം എന്തുചെയ്യണമെന്നറിയാതെയായി. എങ്കിലും അവര്‍ നടന്നു. ഓഫീസിലേയ്ക്ക്. കൂട്ടുകാരുടെ പരിഹാസപാത്രമാവാന്‍ ഇനിയധികനേരമില്ലായെന്ന വിശ്വാസത്തോടെ...
"രണ്ടുപേരും ഇങ്ങോട്ട് നീങ്ങിനിന്നാട്ടെ." ഹെഡ്മാസ്റ്റര് ആജ്ഞാപിച്ചു.
മര്യാദരാമന്മാര്! അവര്‍ അനുസരിച്ചു.
"ഇവന് നിങ്ങടെ കൂട്ടുകാരനല്ലേ?" പക്കുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഹെഡ്മാസ്റ്റര് ചോദിച്ചു.
കൈകരുപ്പ് തീരാത്ത നത്തോലി മാഷ് ചൂരലിന്റെ അറ്റം കടിച്ച് പറിക്കുന്നു.
സൂസി വീട്ടിലെത്തിക്കാണും ഇപ്പോള്‍.
ഉണ്ടക്കണ്ണന്‍ പൗലോസ് വിവരമറിഞ്ഞാല്‍ പറന്നെത്തും. നമ്മുടെ കാര്യം പോക്കാ.
അപ്പുക്കുട്ടനും നന്തുവും പരസ്പരം നോക്കി നിന്നു.
പക്കുവിന്റെ മുഖമുയരുന്നില്ല. നത്തോലി മാഷ് മൂന്നാം മുറ പരീക്ഷിച്ചതിന്റെ ക്ഷീണം അവനെ വിട്ടുമാറിയിട്ടില്ല.
"ദേ ഇങ്ങോട്ട് നോക്കിക്കേ..." ഹെഡ്മാസ്റ്റര് പറയുകയാണ്.
"രണ്ടിന്റേം കൂമ്പിടിച്ച് ഞാന്‍ വാട്ടും. നിങ്ങളെപ്പോലത്തെ നല്ല കുട്ടികളുടെ കൂട്ടുണ്ടായിട്ടും ഇവനൊക്കെ നന്നാവില്ലന്ന് പറഞ്ഞാല്‍ അതിന്റെയൊരു ദോഷം നിങ്ങള്‍ക്ക് കൂടിയല്ലേ. അതുകൊണ്ട് ഇന്നുമുതല്‍ പക്കുവിനെ നന്നാക്കാനുള്ള ചുമതല ഞാന്‍ നിങ്ങള്‍ക്ക് വിട്ടുതന്നിരിക്കുകയാണ്.
കൊണ്ട് പൊയ്ക്കോ ഇവനെ എന്റെ കണ്മുന്നില് നിന്നും..."
ഹൊ. ആശ്വാസമായി. രണ്ടാളുടേയും തൊണ്ടയിലൂടെ പിടിച്ച് വെച്ചിരുന്ന ഉമീനീര് പാമ്പ് ഇരവിഴുങ്ങുന്നത് പോലെ താഴോട്ടിറങ്ങി.
പിന്നെ ഹെഡ്മാസ്റ്റര് പക്കുവിന്റെ നേരേ തിരിഞ്ഞു പറഞ്ഞു.
"ഇത്തവണ നീ രക്ഷപ്പെട്ടതേ ഇവരെപ്പോലുള്ള നല്ല കൂട്ടുകാര്‍ നിനക്കുള്ളതുകൊണ്ട് മാത്രമാ. ഇനിയൊരിക്കലിതാവര്ത്തിച്ചാല്..."
അതുമുഴുവനും കേള്‍ക്കുവാന്‍ മൂവരും അവിടെയുണ്ടായിരുന്നില്ല.
7 comments:
സൂസി എന്തു സുന്ദരിയാണ്!
എന്തൊരു നിറമാണവള്‍ക്ക്!
വിടര്‍ന്ന കണ്ണുകളും, ചുരുണ്ട കറുകറുത്ത മുടിയും.
അനാവശ്യമായി ഉടയതമ്പുരാന് ഒന്നും അവളുടെ ശരീരത്തില്‍ ചേര്‍ത്തു വെച്ചിട്ടില്ലായിരുന്നു.
എത്ര ഉറക്കമില്ലാത്ത രാത്രികളാണ് അപ്പുക്കുട്ടന് അവളുടെ ഓര്‍മ്മ സമ്മാനിച്ചിട്ടുള്ളത്.
എന്റെ പുതിയ പോസ്റ്റ്.
ഇത് അടിപൊളി......പാവം പക്കു, .....
എനിക്കും ഉണ്ടായിരുന്നു പക്കുവിന്റ്നെ പോലെ ഒരു കാലം ഏഴില്‍ പഠിക്കുന്പോള്‍. സഹപാഠികളുടെ ഞാന്‍ അറിഞ്ഞതും അറിയാത്തതുമായ പ്രേമങ്ങള്‍ പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ എനിക്കിട്ടു അടി എപ്പൊ എത്ര കിട്ടി എന്നുചോദിച്കാമതിയായിരുന്നു. എന്റെ ടീച്ചര്‍മാരുടെ വിചാരം ഞാന്‍ അറിയാതെ ഒന്നും ക്ലാസ്സില്‍ നടക്കില്ല എന്നായിരുന്നു. ( ......സ്വഭാവഗുണം.അതുതന്നെ........) :-)
എത്രയെത്ര അപ്പുക്കുട്ടന്മാര്, പക്കുമാര്, നന്ദുമാര്... നോട്ട്ബുക്കും ഇതുപോലെ കൂട്ടുകാരെ സഹായിക്കാന്‍ പുറപ്പെട്ട് വഴക്കുകേള്ക്കുന്നതല്ലേ... പക്ഷെ അവിടെ കൂട്ടുകാരി കാലുമാറി, ഇവിടെ പക്കു കാലുമാറിയില്ല... നന്നായീട്ടോ... :)
--
പാവം പക്കു...പാവം തരികിട
നോട്ട്ബുക്ക് കണ്ടില്ല ഹരീ,
പക്കുവിന് സ്തുതി.ചതിക്കാതിരുന്നതിന്
തരികിടയ്ക്കും ഹരിക്കും സ്തുതി.
സതീശെ,
അപ്പുക്കുട്ടന്, നന്ദു, പക്കു, ഇതില്‍ ഏതു റോളായിരുന്നു സതീശിന്? ഹി ഹി.
പഴയ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു :) ഹെയ്, ഓര്മ്മയല്ലെങ്കില് കഥ നന്നായിരിക്കുന്നു....
ജീവിത പ്രവാഹത്തില്‍ ഒലിച്ചുപോയ ഗൃഹാതുരത നിറഞ്ഞ സ്വപ്നസുന്ദരമായ ദിനങ്ങളെ തന്മയത്ത്വത്തോടെ കാലത്തിന്റെ വിദൂരമില്ലാതെ മനസ്സിലേക്ക് തിരികെ കൊണ്ടുവരുന്ന സതീശിന്റെ രചന ബ്ലോഗില്‍ തികച്ചും വേറിട്ട് നില്ക്കുന്നു, സതിശിന്റെ ഈ ഓര്‍മ്മ ഏവരിലുമുണ്ടെങ്കിലും അത് ഇത്ര മനോഹരമായി ആവിഷ്കരിക്കാന്‍ സതീശ് തീരെ വിഷമമില്ലാതെ.. ഓരോ വരികള്‍ക്ക് ശേഷവും ഒഴുകി വരുന്ന വാക്കുകള്‍ സാക്ഷ്യം
സൂസി എന്ന സുന്ദരി വളരെ മനോഹരമായിരിക്കുന്നു അഭിനന്ദങ്ങള്‍
മഴത്തുള്ളി,
അതൊരു രഹസ്യമായിരിക്കുന്നതല്ലേ നല്ലത്.മൂവരില്‍ ഒരാള്‍ എനിക്ക് മെയില്‍ ചെയ്തു.
മാനനഷ്ടത്തിന് കേസുകൊടുക്കുമെന്ന് പറഞ്ഞ്.
നാട്ടില്‍ ചെല്ലുമ്പോള്‍ നേരിട്ട് കാണാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
വിചാരം,
ഒറ്റ ശ്വാസത്തില്‍ തന്നെ ഞാന്‍ വിചാരത്തിന്റെ കമന്റ് വായിച്ചു.മ്മിണി വിഷമിച്ച് പോയി :)
അതിനുശേഷം എന്റെ പൊക്കം അല്പം കൂടിപ്പോയോന്നൊരു സംശയം.
രണ്ട് പേര്‍ക്കും നന്ദി.
Post a Comment