Followers

ഫൗണ്ടന്‍പേന

Friday, December 8, 2006

അക്ഷരങ്ങള്‍ കൂട്ടി വായിക്കുവാന്‍ പഠിച്ചതിനു ശേഷം വായന എനിക്ക് എറ്റവും രസകരമായ സംഗതിയായി.
എന്തു കിട്ടിയാലും വായിക്കും. വായിച്ചതിനെക്കുറിച്ചാലോചിച്ചങ്ങനെയിരിക്കും.
അക്ഷരങ്ങളെ പോലെ തന്നെ എനിക്കിഷ്ടമാണ് പേനയും.
ഫൗണ്ടന്‍പേന. ദീപുവിന്റെ കൈയ്യിലുണ്ടൊരെണ്ണം. എന്തു രസമാണത് കാണുവാന്‍.
പിരി തുറന്നു അതിന്റെകത്ത് മഷി ഒഴിക്കണം. കറുത്തതോ, നീലയോ ഏതാണു വേണ്ടത് അത്.
പക്ഷേ എനിക്കത് കാണുവാനുള്ള ഭാഗ്യം മാത്രമേയുള്ളു.
ദുഷ്ടനാണ് അവന്‍. ഒന്നു തൊടുവാന്‍ പോലും സമ്മതിക്കില്ല.
ഞാനവന്റെ സഹപാഠിയാണന്നു കണക്കു കൂട്ടണ്ട അവന്റെ അകന്ന ബന്ധത്തില്‍പെട്ട ഒരാളാണെന്ന പരിഗണനയെങ്കിലും തരണ്ടെ.
ഞാനും ഒരിക്കല്‍ കാണിച്ചു തരാം. എനിക്കും കിട്ടും എന്നെങ്കിലും ഒരു ഫൗണ്ടന്‍ പേന.
എങ്ങനെ സ്വന്തമായി ഫൗണ്ടന്‍ പേന ഉണ്ടാക്കാമെന്നതായി പിന്നീടുള്ള ചിന്ത മുഴുവനും.
വീട്ടില്‍ അച്ഛനോടോ അമ്മയൊടോ പറയാമെന്നു വിചാരിച്ചു. പക്ഷേ പറഞ്ഞില്ല. എല്ലാം അറിഞ്ഞു കൊണ്ട് ഞാനെങ്ങനെയാണ് പേന ആവശ്യപ്പെടുന്നത്.തല്‍ക്കാലം ഈ പെന്‍സില്‍ കൊണ്ട് അടങ്ങുന്നതാണ് നല്ലത്.
അങ്ങനെ ആ അദ്ധ്യാനവര്‍ഷം അവസാനിച്ചു.
വേനലവധി എത്തി.
വേനലവധി ഏറ്റവും സന്തോഷം തരുന്ന കാര്യമാണ്.
രണ്ടു മാസം സ്ക്കൂളില്‍ പോകേണ്ട എന്നത് മാത്രമല്ല, ആ സമയത്താണ് ഞങ്ങള്‍ അമ്മയുടെ നാട്ടിലേയ്ക്ക് പോകുന്നത്.
അങ്ങു ദൂരെ കുട്ടനാട്ടിലെ ഒരുള്‍നാടന്‍ പ്രദേശം, എന്തു ഭംഗിയായിരുന്നു അവിടം കാണാന്‍. കുളിര്‍കാറ്റുമേറ്റു കൊണ്ട് പമ്പയുടെ തീരത്തു കൂടെ അങ്ങനെ നടക്കണം വളരെ ദൂരെ. ഒരു വശത്ത് നീണ്ടു നിവര്‍ന്ന് കിടക്കുന്ന പാടശേഖരം. മറുവശം പമ്പാനദി.
പലപ്പോഴും ഞങ്ങള്‍ നടന്നാണ് കടവില്‍ നിന്ന് വീടു വരെയെത്തിയിരുന്നത്. ചിലപ്പോഴൊക്കെ തെക്കത്തച്ഛന്‍ വള്ളവുമായി വരും.
വള്ളത്തില്‍ പമ്പയുടെ വിരിമാറിലൂടെയുള്ള ആ യാത്ര ഇന്നു സ്വപ്നത്തിലെന്നൊണം തോന്നുന്നു.
വള്ളത്തിലെ യാത്ര ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും പേടിപ്പെടുത്തുന്ന ഒരു സംഗതിയുണ്ടായിരുന്നു.
യാത്രബോട്ടിന്റെ വരവ്.
ഹമ്മോ! അവന്റെ ഒരു പോക്ക്.
വെള്ളത്തെ മുഴുവന്‍ കീറിമുറിച്ചുള്ള ആ പോക്കിനിടയില്‍ അവന്‍ പാവം വള്ളക്കാരെ ശ്രദ്ധിക്കാറേയില്ല. ബോട്ടിനെയും അതിലെ യാത്രക്കാരെയും എന്നും ദേഷ്യത്തോടെ മാത്രമേ ഞങ്ങള്‍ നോക്കിക്കണ്ടിട്ടുള്ളൂ. ഓളത്തില്‍ വള്ളം ഉയര്‍ന്നു താഴുമ്പോള്‍ സകലമാന ദൈവങ്ങളേയും വിളിച്ച് ഞങ്ങള്‍ കണ്ണടച്ചിരിക്കും.
പക്ഷേ തെക്കത്തച്ഛന് ബോട്ടിനേയും യാത്രക്കാരെയും ഒരു പേടിയുമില്ല. അമ്മയ്ക്കും പേടിയില്ല.
അമ്മയപ്പോള്‍ പഴയകാലങ്ങളെക്കുറിച്ച് പറയുവാന്‍ തുടങ്ങും.
പണ്ട് എന്നു വെച്ചാല്‍ അമ്മ കരപ്രദേശത്തേയ്ക്ക് മാറുന്നതിനു മുന്‍പു, അതായത് കല്ല്യാണത്തിനു മുന്‍പുള്ള കഥകള്‍. അമ്മയുടെ കുട്ടിക്കാലത്തെ കഥകള്‍.
വീട്ടിലെ മൂത്തപുത്രിയായതു കൊണ്ടു തന്നെ അമ്മയ്ക്ക് വിദ്യാഭ്യാസം തുടരുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇളയത്തുങ്ങളെ നോക്കുകയെന്നതായിരുന്നു അമ്മയുടെ അക്കാലത്തെ ജോലി. അവരെ സ്ക്കൂളില്‍ കൊണ്ടു വിടുക തിരികെ കൊണ്ടു വരിക, ഭക്ഷണം പാചകം ചെയ്യുക തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ആ ചെറുപ്രായത്തില്‍ അമ്മ നോക്കി നടത്തേണ്ടതായി വന്നു.

“ഇതെന്തൊരു ഓളം” ബോട്ടു പോകുമ്പോഴുണ്ടാകുന്ന വള്ളത്തിന്റെ ഉയര്‍ച്ച താഴ്ച കണ്ട് അമ്മ പറയും. “പണ്ട് മഴക്കാലത്ത്,അന്ന് മണിയന്‍ സ്ക്കൂളില്‍ പഠിക്കയാണ്. (മണിയന്‍ അമ്മയുടെ നേരെ ഇളയ ആങ്ങള, എന്റെ വലിയമ്മാവന്‍) അവനെ സ്ക്കൂളില്‍ കൊണ്ടു ചെന്നാക്കുക എന്റെ ജോലിയാണ്” അമ്മ തുടരുന്നു.
“പാടവും നദിയുമെല്ലാം ഒന്നായി കിടക്കുന്ന സമയം.പെരുമഴയത്ത് അവനെ വള്ളത്തില്‍ സ്കൂളില്‍ കൊണ്ടുചെന്നാക്കണം നല്ല കാറും കോളുമുണ്ടാവും.”
അമ്മ ഞങ്ങളുടെ നേരെ തിരിഞ്ഞു.
“നീയൊക്കെ ഭാഗ്യവാന്മാര്‍!
അന്നു കുടയൊന്നുമുണ്ടായിരുന്നില്ല.മാറാമ്പിന്റെ ഇല വെട്ടി തലയില്‍ വെച്ചാണ് ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്.പഠിക്കുന്നതിനേക്കാള്‍ പ്രധാനം സ്കൂളില്‍ നിന്നും കിട്ടുന്ന ആഹാരമായിരുന്നു.നിങ്ങളിന്നെന്തെങ്കിലും അറിയുന്നുണ്ടോ?ഒരു ദിവസം പോലും പട്ടിണി കിടക്കാതെ കഴിയാന്‍ പറ്റുന്നുണ്ടല്ലോ.”
ശരിയാണ്.ആഹാരം കിട്ടുകയെന്നുള്ളതു തന്നെ മഹാഭാഗ്യം.
അപ്പോള്‍ എന്റെ ഫൗണ്ടന്‍ പേനയോ? അതൊന്നുമല്ല. ഞാനാശ്വസിച്ചു.

സേതുവിന്റെ ശ്രദ്ധ ഇതിലൊന്നുമായിരുന്നില്ല. അവള്‍ കഴിയാവുന്നത്രയും ആമ്പല്‍ പൂക്കള്‍ പറിക്കുവാനുള്ള ശ്രമത്തിലായിരിക്കും.അവസാനം നീണ്ട ഒരു യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ വീടെത്തും.

ആറ്റിറമ്പിലൂടെ നടന്നു പോകുന്നത് ഞങ്ങള്‍ക്കിഷ്ടമായിരുന്നെങ്കിലും ഏറ്റവും പേടിപ്പെടുത്തുന്നത് ഇടക്കിടക്കുള്ള പാലങ്ങളായിരുന്നു.
ഒറ്റത്തടിപ്പാലങ്ങള്‍!
പലതിനും കൈ പിടിക്കുവാനുള്ള കയറു പോലുമുണ്ടായിരുന്നില്ല.
പക്ഷേ അമ്മയ്ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിലാണു അമ്മ പാലം കയറുന്നത്.
അച്ഛന്‍... ഒരു പാവം കരപ്പുറത്തുകാരന്‍.
അമ്മ അക്കരയെത്തി ഒന്നു വിശ്രമിച്ചു കഴിഞ്ഞായിരിക്കും അക്കരെ എത്താറുള്ളത്.

അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്.
പണ്ട്, ഞാന്‍ കുട്ടി ആയിരുന്ന സമയത്ത്,
എന്നുവച്ചാല്‍ എന്നെ എടുത്തുകൊണ്ടു നടക്കുന്ന പ്രായത്തില്‍ അച്ഛനും അമ്മയും കൂടി ഒരു മഴക്കാലത്ത് അമ്മയുടെ വീട്ടിലേക്ക് പോയി.വഴിയില്‍ പാടത്തിന്റെ മട പൊട്ടിക്കിടക്കുന്നു.വെള്ളം ആറ്റില്‍ നിന്നും പാടത്തേയ്ക്ക് ഒഴുകുന്നുണ്ട്.ശക്തമായ ഒഴുക്കൊന്നുമില്ല.വലിയ ആഴവും തോന്നുന്നില്ല. അക്കരെയെത്താനായി ഒരു അടയ്ക്കാ മരം ഇട്ടിട്ടുണ്ട്.അവിടം നീന്തിക്കടക്കുന്നതാണ് പാലത്തില്‍ കയറുന്നതിനേക്കാള്‍ നല്ലതെന്ന് അച്ഛനു തോന്നി.അമ്മയുടെ താക്കീത് വകവെയ്ക്കാതെ അച്ഛനെന്നെയുമെടുത്ത് നീന്താനാരംഭിച്ചു.
പക്ഷേ വെള്ളത്തിലേക്കിറങ്ങിയപ്പോഴാണു അച്ഛന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.വിചാരിച്ചതിനേക്കാള്‍ ശക്തിയായ ഒഴുക്കുണ്ട്.കാലു ചെളിയിലോട്ട് ഊര്‍ന്ന് പോകുന്നു.കൈയ്യില്‍ കുഞ്ഞായ ഞാന്‍...

എന്നെ കഴിയാവുന്നത്ര ഉയര്‍ത്തി കഴുത്തൊപ്പം വെള്ളത്തില്‍ നനഞ്ഞ് അച്ഛനെങ്ങനെയോ അക്കരയെത്തി.ഒരു കുട്ടനാട്ടുകാരിയുടെ വാക്കിനെ അവഗണിച്ചതിനുള്ള ഫലം.
അതില്‍പ്പിന്നെ അച്ഛന്‍ വെള്ളത്തിലിറങ്ങാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

അവധിക്കാലം കഴിയുന്നതറിയുകേയില്ല. വള്ളവും തോടും നദിയും പാടവുമെല്ലാം ഞങ്ങളെ വളരെ ആകര്‍ഷിച്ചിരുന്നു. പക്ഷെ ഇത്തവണ എന്നെ ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല.
നല്ലൊരു ചുവന്ന ഫൗണ്ടന്‍ പേന!
ദീപുവിന്റേതിനേലും ഭംഗിയുള്ള ഒരു ഫൗണ്ടന്‍ പേന!
തെക്കുവീട്ടിലെത്തിയന്ന് മുതല്‍ എന്നെ ആകര്‍ഷിച്ചതും എന്റെ ഉറക്കം കെടുത്തിയതും ആ പേനയായിരുന്നു.
ആ സുന്ദരന്‍ പേനയും കൈയ്യില്‍ പിടിച്ച് സ്ക്കൂളില്‍ കുട്ടികളുടെ മുന്നില്‍ ഞാന്‍ നടക്കുന്നത് എന്റെ സ്ഥിരം സ്വപ്നമായി തീര്‍ന്നു. പക്ഷേ അതെനിക്കെങ്ങനെ സ്വന്തമാക്കാന്‍ കഴിയും.
ഉണ്ണിമാമന്റേതാണ്. മാമന് ആകെയുള്ള പേനയാണ്.

മാമന്‍ എന്നെ പോലെ ചെറിയ ക്ലാസ്സിലെ കുട്ടിയൊന്നുമല്ല. പട്ടണത്തിലെ കൊളേജിലാണു പഠിക്കുന്നത്. വലിയ ക്ലാസ്സില്‍. അപ്പോള്‍ ഫൗണ്ടന്‍ പേന ആവശ്യമാണ്.
ഞാന്‍ ചെറിയ കുട്ടി. എനിക്കു പെന്‍സിലായാലും മതി. പലപ്പോഴും സ്വയം ആശ്വാസം കൊള്ളുവാന്‍ ശ്രമിച്ചു.
പക്ഷേ എന്റെ ഇളം മനസ്സ് ആ പേന എന്റേതാണെന്നു മന്ത്രിച്ചു കൊണ്ടിരുന്നു...

അങ്ങനെ ആ അവധിക്കാലവും അവസാനിച്ചു. ഞങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്കു തിരിച്ചു. തെക്കത്തച്ഛന്‍ പഴയതു പോലെ തന്നെ വള്ളത്തില്‍ അരിയും പഴക്കുലയും പച്ചക്കറികളുമെല്ലാം കടവു വരെ എത്തിച്ചു തന്നു.കൂട്ടത്തില്‍ ആരുമറിയാതെ ഞാന്‍ എന്റെ സ്വപ്നത്തെ നിക്കറിന്റെ കീശയില്‍ ഒളിപ്പിച്ചിരുന്നു.

അപ്പുക്കുട്ടാ...
എന്ന നീട്ടിയുള്ള വിളി കേട്ടു കൊണ്ടാണ് പിറ്റേന്നു ഞാന്‍ ഉണര്‍ന്നത്.
എന്റെ ഹ്യദയം പടപടാന്നു ഇടിക്കുന്നു.
അതങ്ങ് ലോകത്തിന്റെ മറുതലയ്ക്ക് കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നിരിക്കും.
തെക്കത്തച്ഛന്റെ ശബ്ദമാണ്.
അച്ഛനെന്തിനാണ് രാവിലെ ഓടിയെത്തിയിരിക്കുന്നത്? ഞാന്‍ പിടിക്കപ്പെടുമോ?
ആരും കണ്ടിട്ടില്ല എന്നത് ഉറപ്പാണ്. പക്ഷേ...
തെക്കത്തച്ഛന്റെ ശബ്ദം വീണ്ടും കേട്ടു.
“ഉണ്ണിയുടെ പേന കാണാനില്ല. അവനു കോളേജില്‍ കൊണ്ട് പോകേണ്ടതാണ്. അപ്പുക്കുട്ടന്‍ എടുത്തോയെന്നറിയണം. അതു കൊണ്ടാ ഞാന്‍ ആദ്യ ബസ്സിനു തന്നെയിങ്ങു പോന്നത്.”

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.

ഞാന്‍ പിടിക്കപ്പെട്ടു. ആരറിയുന്നു എന്റെ മനസ്സിന്റെ വേദന. ഞാന്‍ കള്ളനല്ലേ.
ഒരു പക്ഷേ അവര്‍ക്കറിയാമായിരിക്കാം...
വേറെ മാര്‍ഗ്ഗമില്ലാത്തതു കൊണ്ടല്ലേ തെക്കത്തച്ഛന്‍ ഇത്രയും ദൂരം താണ്ടി ഇവിടം വരെ വന്നത്. പൊന്തി വന്ന വിമ്മലിനിടയില്ലും ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

ദീപൂ... നീ തന്നെ ജയിച്ചു.

11 comments:

Navan said...

ഒരു തൂലികയ്ക്കു വേണ്ടിയല്ലേ. കുഴപ്പമില്ല. :)

സതീശ് said...

വല്യമ്മായി & നവന്‍,
വളരെ നന്ദി, തുടര്‍ന്നും വായിക്കുക.

Reshma said...

ഫൌണ്ടന്‍ പേന ഇഷ്ടായി:)

ഒരു ഒറ്റത്തടി പാലം ഇവിടേം ഉണ്ട്
http://thulasid.blogspot.com/2005/12/blog-post_27.html

വേണു venu said...

സതീശേ ഒരു പേനയ്ക്കു വേണ്ടിയ വിങ്ങലില്‍ കുട്ടനാടിന്‍റെ ഭംഗിയും പറഞ്ഞു തന്നല്ലോ. ഇഷ്ടപ്പെട്ടു.

സു | Su said...

പേനക്കഥ ഇത്തിരി നൊമ്പരം തന്നു.

sathees said...

reshma,
ഒറ്റത്തടി പാലം ഇഷ്ടായി:)
venu & su,
വളരെ നന്ദി, തുടര്‍ന്നും വായിക്കുക

മുസാഫിര്‍ said...

കുട്ടനാടിന്റെ ഗ്രാമഭംഗി ഇഷ്ടമായി,കഥയും.

sathees said...

വളരെ നന്ദി musafir

അഭിലാഷങ്ങള്‍ said...

വളരെ ഭംഗിയായി അവതരിപ്പിച്ചു.

കുട്ടനാടിന്റെ പ്രകൃതിഭംഗി ഈ കുറിപ്പിലൂടെ മനസ്സിന്റെ തിരശീലയില്‍ പതിഞ്ഞു. അതോടൊപ്പം ബാല്യകാലത്തെ കുഞ്ഞുകുഞ്ഞു മോഹങ്ങളും, നിഷ്കളങ്കതയും, നൊമ്പരങ്ങളും... എല്ലാം...

വളരെ ഇഷ്ടമായി സതീശേട്ടാ...

ഓഫ് ടോപ്പിക്ക്:

ഈ കുറിപ്പില്‍, സതീശേട്ടനെയും എടുത്ത് അച്ഛന്‍ നീന്തിയതും, പ്രതീക്ഷിച്ചതിലധികം ശക്തമായ ഒഴുക്ക് ഉണ്ടായതുമൂലം അച്ഛന്‍ നടത്തിയിരിക്കാനിടയുള്ള ‘വാ‍ട്ടര്‍ എസ്കേപ്പ്’ യജ്ഞവും കണ്മുന്‍പില്‍ തെളിയുന്നു. :-)

അതുപോലെ, ഇനീപ്പോ, ചിലപ്പോ, അപ്പുക്കുട്ടനെ ചുമ്മാ മോഹിപ്പിക്കാനാവും ഈശ്വരന്‍ ‘വാട്ടര്‍മാന്‍’ എന്ന ഒരാളെ അങ്ങ് അമേരിക്കയില്‍ സൃഷ്ടിച്ചതും അങ്ങേര് ‘ഫൌണ്ടന്‍ പേന‘ കണ്ടുപിടിച്ചതും... അല്ലേ?

:-)

സതീശ് മാക്കോത്ത്| sathees makkoth said...

വാട്ടര്‍മാനും,ഫൌണ്ടന്‍പേനയും. അഭിലാഷേ കൊള്ളാം:)
നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP