Followers

സയ്ദ്‌ ആന്റിക്ക്‌ കളക്ഷൻസ്

Saturday, October 11, 2014

റോഡ്‌ നമ്പർ 213, ഷോപ്പ്‌ നമ്പർ 1.അങ്ങോട്ടേക്കുള്ള വഴി കണ്ടുപിടിക്കുന്നതിന്‌ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.തിരക്കേറിയ വീഥിയിൽ വണ്ടി നിർത്തി ഒരാളോട്‌ വഴി ചോദിച്ചപ്പോൾ രണ്ടാമതൊന്ന്‌ ആലോചിക്കുക കൂടി ചെയ്യാതെയാണ്‌ അയാൾ  കൈ ചൂണ്ടിയത്‌.നൂറിൽപരം  വർഷങ്ങൾ പഴക്കമുള്ള കടയാണല്ലോ,അറിയപ്പെടാതിരുന്നാലേ അത്ഭുതമുള്ളു.റോഡരുകിലെ പുൽനാമ്പുകളോട്‌ ചോദിച്ചാൽ പോലും വഴി അറിയാൻ ബുദ്ധി മുട്ടേണ്ടി വരില്ല. ഒരു ചിരി അവരുടെ ചുണ്ടുകളിലൂടെ ഓടിക്കളിച്ചു.
മെയിൻ റോഡിന്റെ വശത്ത്‌ തന്നെ വണ്ടി നിർത്തി ഇറങ്ങി മുന്നോട്ട്‌ നടന്നു. ആദ്യം കാണുന്ന ഇടത്തേയ്ക്കുള്ള ചെറിയ വഴി. കഷ്ടിച്ച്‌ രണ്ടുപേർക്ക്‌ ഒരേസമയം നടക്കാൻ കഴിയുമായിരിക്കും!വഴി ചെന്നു നിന്നത്‌ ഒരു ചെറിയ കടയുടെ മുന്നിൽ.കൈവിരൽ ചായത്തിൽ മുക്കി എഴുതിയിരിക്കുന്നതുപോലെ  വീതിയുള്ള  പലകയിൽ വടിവില്ലാത്ത അക്ഷരങ്ങളാൽ കടയുടെ പേരു എഴുതിയിട്ടുണ്ട്‌.‘സയ്ദ്‌ ആന്റിക്ക്‌ കളക്ഷൻസ്‌’
ബോർഡ്‌ കണ്ടിട്ടും ഇതു തന്നെയാണോ, താൻ തിരക്കി വന്ന സ്ഥലം എന്ന ശങ്ക ഒരു വേള അവർക്കുണ്ടായി.നഗരത്തിൽ ഇത്രയ്ക്ക്‌ പ്രശസ്തമായ, നൂറിൽപരം വർഷങ്ങളുടെ പഴക്കമുള്ള  ആന്റിക്ക്‌ ഷോപ്പ്‌ ഇതു തന്നെയാണന്ന്‌ അവർക്ക്‌ വിശ്വസിക്കാനായില്ല. ഒരു ചെറിയ മുറിപോലെ തോന്നുന്ന ഇവിടെ എന്ത്‌ ആന്റിക്ക്‌ സാധങ്ങളുണ്ടാവാനാണ്‌. അവർ ചുറ്റുപാടും ഒന്നുകൂടി നോക്കി. ഇനി അടുത്തെങ്ങാനും വേറെ കടകൾ വല്ലതുമുണ്ടങ്കിലോ.
പക്ഷേ അവിടെയെങ്ങും വേറെ ഒരു സ്ഥാപനവും ഉള്ളതായും അവർക്ക്‌ തോന്നിയില്ല.വെറുതെ സമയം മെനക്കെടുത്തലാണിതെന്ന ഒരു വിശ്വാസം അവരുടെ മനസ്സിലൂടെ എങ്ങനെയോ കടന്നുപോയി.എങ്കിലും, ഏതായാലും വന്നതല്ലേ ഒന്നു കേറി നോക്കാമെന്ന്‌ തന്നെ അവർ അവസാനം തീരുമാനിച്ചു.
അകത്തേയ്ക്ക്‌ കയറാൻ തുടങ്ങുമ്പോഴാണ്‌ അവരയാളെ കാണുന്നത്‌. നല്ല പ്രായമുള്ള ഒരാൾ.നരച്ച, നീട്ടിവളർത്തിയ താടിയുള്ള ഒരാൾ.പ്രായാധിക്യത്താലയഞ്ഞ്‌ തൂങ്ങുന്ന ചർമ്മം അയാളുടെ കൈകളിലും മുഖത്തും വ്യക്തമായ്‌ കാണാം.വൃദ്ധൻ ഒരു ചെറിയ തടിക്കസേരയിൽ എന്തോ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.
അവരെ കണ്ടതും അയാൾ കസേരയിൽ നിന്നും ഊന്നുവടിയുടെ സഹായത്താൽ എണീറ്റു.ചിരിക്കുന്ന മുഖവുമായ്‌ വൃദ്ധൻ അവരെ അഭിവാദ്യം ചെയ്തു. അവരും തിരിച്ച്‌ വൃദ്ധനെ അഭിവാദ്യം ചെയ്തുകൊണ്ട്‌ ചോദിച്ചു, ‘സയ്ദ്‌ ആന്റിക്‌ ഷോപ്പല്ലേ?  അതേ എന്നും പറഞ്ഞ്‌ വൃദ്ധൻ അവരെ അകത്തേയ്ക്ക്‌ ക്ഷണിച്ചു.
ഇരുട്ട്‌ മൂടിയ ഒരു ഇടനാഴിയിലൂടെ അവർ അകത്തേയ്ക്ക്‌ കടന്നു. വൃദ്ധൻ അവരോട്‌ പറഞ്ഞു,“മാഡം ഒരു നിമിഷം നില്ക്കണേ...ഞാൻ ലൈറ്റിടട്ടെ.” കടക്കുള്ളിൽ ലൈറ്റില്ലന്നുള്ള കാര്യം അപ്പോൾ മാത്രമാണ്‌ അവരറിഞ്ഞത്‌!
വൃദ്ധൻ മുന്നോട്ട്‌ നടന്നു.
വെളിച്ചം വീണ ഇടനാഴിയിൽ അവർ കണ്ടു, പൊടിപിടിച്ച്‌, അടുക്കിയൊന്നും വെയ്ക്കാതെ കൂട്ടിയിട്ടിരിക്കുന്ന കുറേ സാധങ്ങൾ.നഗരത്തിലെ മാലിന്യക്കൂമ്പാരത്തെയാണവർക്ക്‌ ഓർമ്മ വന്നത്‌.പൊടിപിടിച്ച തടിയുടേയും പിച്ചളപ്പാത്രത്തിന്റേയും മണം അവർക്കിഷ്ടപ്പെട്ടു. അവർക്കങ്ങനെയാണ്‌,വിലകൂടിയ പെർഫ്യൂമുകളുടെയോ,അത്തറിന്റേയോ,ടാൽകം പൗഡറിന്റേയോ, സോപ്പുകളുടേയോ സൗഗന്ധത്തേക്കാൾ അവർക്കിഷ്ടം പഴമയുടെ ഈ ഗന്ധമാണ്‌!.
കടയുടെ വലിപ്പമോ, വൃദ്ധനോ ഒന്നും ഇപ്പോൾ അവർക്കൊരു പ്രശ്നമല്ല.അവരൊന്നും ഓർത്തുമില്ല. ഇടനാഴിയിലെ പുരാവസ്തുക്കളിൽ ഒടുങ്ങാത്ത അഭിനിവേശത്തോടെ അവരെന്തൊക്കെയോ ചികയാൻ തുടങ്ങി. അവർക്ക്‌ വേറെയേതോ ലോകത്ത്‌ എത്തിച്ചേർന്ന അനുഭൂതിയായിരുന്നു.
വൃദ്ധന്റെ ശബ്ദം വീണ്ടും.“മാഡം, അതൊക്കെ പൊടിപിടിച്ചുകിടക്കുന്ന സാധനങ്ങളാണ്‌, നിങ്ങൾക്കാവശ്യമുള്ളത്‌ അകത്തേയ്ക്ക്‌ വന്ന്‌ നോക്കാം.”
അവർ ഇടനാഴിയിൽ നിന്നും അകത്തേയ്ക്ക്‌ കടന്നു.അപ്പോഴാണ്‌ അവർ ആ കടയുടെ ശരിക്കുമുള്ള വലിപ്പം ശ്രദ്ധിക്കുന്നത്‌. വെളിച്ചം വീണപ്പോൾ എല്ലാം വ്യക്തമായ്‌ കാണാൻ കഴിയുന്നു! ഇടനാഴിക്കപ്പുറം, വിശാലമായ ഒരു ഹാൾ. ഭിത്തിയിൽ നിറയെ പുരാതനമായ ചിത്രങ്ങൾ, ആയുധങ്ങൾ, മൃഗത്തോലുകൾ, കൊമ്പുകൾ....

പല തരത്തിലും, വലിപ്പത്തിലുമുള്ള അനേകം തൂക്കുവിളക്കുകളിൽ വെളിച്ചം തട്ടി പ്രതിഫലിച്ചപ്പോൾ, അവർ സ്വയം മറന്നു നിന്നുപോയി. നക്ഷത്രങ്ങൾ പുഞ്ചിരിക്കുന്ന ആകാശത്തിന്റെ സൗന്ദര്യം അവർക്കവിടെ കാണാൻ കഴിഞ്ഞു.
വൃദ്ധന്റെ ശബ്ദം.“മാഡം, നിങ്ങളെന്താണ്‌ നോക്കുന്നത്‌?”
“റിയലി ഫന്റാസ്റ്റിക്‌! ഐ ലൈക്ക്‌ ഇറ്റ്‌. ഐ ലൈക്ക്‌ ഹിയർ റ്റൂ മച്ച്‌...” വർദ്ധിതമായ ആനന്ദത്താൽ അവരുടെ മനസ്സ്‌ തുള്ളുകയായിരുന്നു.
വൃദ്ധൻ നന്ദി പറഞ്ഞു.“മാഡം, എന്റെ അപ്പൂപ്പൻ തുടങ്ങിയ കടയാണിത്‌. നൂറ്റാണ്ടിനു മുൻപ്‌. ഇവിടെ നിങ്ങൾക്കെന്തും കിട്ടും.പൗരാണികമായ എന്തും. എന്താണന്ന്‌ വേണ്ടതെന്ന്‌ പറഞ്ഞാൽ, എനിക്ക്‌ നിങ്ങളെ സഹായിക്കാൻ പറ്റും.”
“ഞാനിവിടെയൊക്കെ ഒന്നു കണ്ടോട്ടെ ആദ്യം. വിരോധമുണ്ടോ?”
“ഒരിക്കലുമില്ല. നിങ്ങൾക്കിഷ്ടമുള്ളത്രയും സമയം ഇവിടെ ചിലവഴിക്കാം.സന്തോഷമേയുള്ളു.‘
വൃദ്ധൻ ഒരു ചെറിയ തുണിയെടുത്ത്‌ പാത്രങ്ങളും, തടിച്ചിത്രങ്ങളുമെല്ലാം തുടച്ചു വൃത്തിയാക്കാൻ തുടങ്ങി.
അവർക്ക്‌ വൃദ്ധന്റെ പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു.
ഇതിനോടകം വെള്ളി കൊണ്ടുള്ള, ചിത്രപ്പണികളോടുകൂടിയ ഒരു പാത്രം അവർ കണ്ടുപിടിച്ചിരുന്നു. പാത്രം കൈയിലെടുത്ത്‌ അവർ ചോദിച്ചു.”എന്താ ഇതിന്റെ വില?“
വൃദ്ധൻ അവരുടെ കൈയിൽ നിന്നും പാത്രം വാങ്ങി വളരെ ശ്രദ്ധയോടെ തിരിച്ചും മറിച്ചും നോക്കി. “പതിനെട്ടാം നൂറ്റാണ്ടിലേതാണ്‌.ഇംഗ്ളണ്ടിൽ നിന്നും ഉള്ളത്‌. നിങ്ങളെ കണ്ടിട്ട്‌ ഒരു മാന്യസ്ത്രീയാണന്ന്‌ എന്റെ മനസ്സ്‌ പറയുന്നു. കൂടാതെ എന്റെ പേരക്കുട്ടിയുടെ പ്രായവും! ഞാൻ എന്തു വില ചോദിക്കാനാ.”
അവർ പറഞ്ഞു.“അതൊന്നും പറഞ്ഞാൽ പറ്റില്ല.എനിക്കിതിന്റെ വില അറിഞ്ഞാലെ വാങ്ങാൻ പറ്റുമോ ഇല്ലയോ എന്ന്‌ തീരുമാനിക്കാൻ കഴിയൂ.
വൃദ്ധൻ പറഞ്ഞു. ”ഇതിന്റെ പഴക്കവും, വെള്ളിയുടെ ശുദ്ധിയും നോക്കിയാൽ 100 ഡോളർ കൂടുതലൊന്നുമല്ല.“
അവർക്കുണ്ടായ ഞെട്ടൽ,അതിശയം,വിശ്വസിക്കാനുള്ള പ്രയാസം എല്ലാം അവരുടെ കണ്ണുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുമായിരുന്നു.
100 ഡോളർ, വളരെ കൂടുതലാണന്ന്‌ പറഞ്ഞ്‌ സ്ത്രീ പ്ലേറ്റ്‌ അവിടെ തന്നെ വെച്ചു.പിന്നെ മറ്റു സാധങ്ങൾ നോക്കാൻ തുടങ്ങി.
ഇഷ്ടപ്പെട്ടുപോയ സാധനമല്ലേ, വില കൂടുതലാണന്ന്‌ വെച്ച്‌ വാങ്ങാണ്ടിരിക്കരുത്‌ തുടങ്ങി ആ പ്ളേറ്റിന്റെ വിശേഷങ്ങളും ഗുണഗണങ്ങളും വൃദ്ധൻ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ടിരുന്നു.സ്ത്രീ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.  അവർ ഒരു സ്ഥലത്തു നിന്നും അടുത്തിടത്തേയ്ക്ക്‌ വേഗം വേഗം മാറിക്കൊണ്ടിരുന്നു. കുറേയേറെ നേരം തിരഞ്ഞതിനു ശേഷം അവർ ചോദിച്ചു.
”നിങ്ങളുടെ കൈയിൽ സിൽവർ സ്പൂണുകളുണ്ടോ?“
‘ഉണ്ട്‌’ എന്ന്‌ പറഞ്ഞ്‌ വൃദ്ധൻ ഹാളിന്റെ മൂലയ്കുള്ള ഒരു മേശയുടെ വലിപ്പ്‌ തുറന്നു.അതിൽ നിറയെ സ്പൂണുകളായിരുന്നു. സ്ത്രീ അവയോരോന്നും തിരിച്ചും മറിച്ചുമൊക്കെ പരിശോധിച്ചു. വൃദ്ധൻ ഇപ്പോൾ അത്ഭുതത്തോടെയാണ്‌ അവരെ നോക്കുന്നത്‌.
“മാഡം, നിങ്ങൾക്ക്‌ പുരാവസ്തുക്കളോട്‌ ഭയങ്കര താൽപര്യമാണന്ന്‌ തോന്നുന്നു.”
“അങ്ങനൊന്നുമില്ല.”
വൃദ്ധൻ പറഞ്ഞു.‘ ഇതും വളരെ പഴക്കമുള്ളതാണ്‌. എല്ലാ സ്പൂണുകളും കൂടെ വാങ്ങുവാണെങ്കിൽ വില ഇളവ്‌ ചെയ്തു തരാം.
“ആ പ്ലേറ്റിനും, ഈ സ്പൂണുകൾക്കും കൂടി എന്താകും?”
150 ഡോളർ.
സ്ത്രിയുടെ നോട്ടം ഇപ്പോൾ ഇടവഴിയിലൂടെ അകലെയുള്ള മെയിൻ റോഡിലേക്കായി.
വൃദ്ധൻ പറഞ്ഞു.“മാഡം, ഞാൻ വില കൂടുതലൊന്നും ചോദിക്കുന്നില്ല. മുടക്ക്‌ മുതലെങ്കിലും കിട്ടണമെന്ന്‌ മാത്രമേ എനിക്കുള്ളൂ. നിങ്ങളാണിന്നിവിടുത്തെ ആദ്യ കസ്റ്റമർ. ചിലപ്പോൾ അവസാനത്തേതും...”
വൃദ്ധൻ പിന്നെ കാത്തുനിന്നില്ല.പ്ലേറ്റും സ്പൂണുകളുമെല്ലാം പൊതിഞ്ഞുകെട്ടാൻ തുടങ്ങി.
സ്ത്രീ അയാളെ തടഞ്ഞുകൊണ്ട്‌ പറഞ്ഞു, 150 ഡോളർ വളരെ വളരെ കൂടുതലാണ്‌. മാത്രമല്ല എന്റെ കൈയിൽ അത്രയും പണവുമില്ല ഇപ്പോൾ...
വൃദ്ധന്റെ മുഖം നിരാശകൊണ്ടുമൂടി.
“ഒറിജിനൽ പുരാവസ്തുക്കൾ വാങ്ങുന്നവർ ഇപ്പോൾ ചുരുക്കമാണ്‌.വിലകുറഞ്ഞ ഡൂപ്ലിക്കേറ്റ്‌ സാധങ്ങളോടാണ്‌ ആൾക്കാർക്ക്‌ താല്പര്യം. നിങ്ങളിത്‌ വാങ്ങുമെന്ന്‌ തന്നെ ഞാൻ പ്രതീക്ഷിച്ചു മാഡം.”
അവർക്ക്‌ എന്തുപറയണമെന്ന്‌ അറിയാതെയാതെയായ്‌.
അവർ തോൾ ബാഗ്‌ തുറന്ന്‌ അതിൽ കൈയിട്ട്‌ എന്തൊക്കെയോ തിരയുന്നതുപോലെ ഭാവിച്ചു.പിന്നെ ബാഗ്‌ അടച്ചിട്ട്‌, സിൽവർ പ്ലേറ്റും സ്പൂണുമെടുത്ത്‌ കൊത്തു പണികളുള്ള ഒരു വലിയ ടേബിളിന്റെ മുകളിൽ വെച്ചു.
പ്രകാശം തട്ടി തിളങ്ങുന്ന ആ പ്ലേറ്റിന്റേയും,സ്പൂണിന്റേയും ഭംഗി നോക്കി നോക്കി നിന്നപ്പോൾ അവരുടെ ചുണ്ടുകളിൽ അസാധാരണമായ ഒരു പുഞ്ചിരി ഉണ്ടായി.
“നല്ല ഭംഗി. പക്ഷേ ഇതുവരെ ശരിക്കുമുള്ള വില പറഞ്ഞില്ല.”അവർ വൃദ്ധനെ നോക്കി പറഞ്ഞു.
“മാഡം ഇത്രയും ഇഷ്ടപ്പെട്ട സ്ഥിതിക്ക്‌ നിങ്ങളിതു വാങ്ങുമെന്ന്‌ തന്നെ ഞാൻ പ്രതീക്ഷിക്കട്ടെ?
10 ഡോളർ കുറയ്ക്കാം എന്ന്‌ വൃദ്ധൻ പറഞ്ഞപ്പോൾ,അവർ തോളിൽ നിന്നും ബാഗെടുത്ത്‌ കസേരയിൽ വെച്ചു.
”ഇതിലും കുറയില്ലേ വില?“
കുറച്ചു നേരം ആലോചിച്ച്‌ നിന്നിട്ട്‌ വൃദ്ധൻ പറഞ്ഞു, ”മാഡം നിങ്ങളാണിവിടുത്തെ ആദ്യത്തെ കസ്റ്റമർ. അതുകൊണ്ടുതന്നെ ഈ കച്ചവടം നടക്കണമെന്ന്‌ എനിക്കാഗ്രഹമുണ്ട്‌. ഒരു 10 ഡോളർ കൂടി കുറയ്ക്കാം. അതിന്റപ്പുറം, ദയവു ചെയ്ത്‌ ചോദിക്കരുത്‌.“
അവർ കുറച്ച്‌ നേരം കൂടി ആലോചിച്ച്‌ നിന്നിട്ട്‌ പറഞ്ഞു, ”എനിക്കിത്‌ വാങ്ങണമെന്നുണ്ട്‌, എങ്കിലും ഇത്രയും തുക എന്റെ കൈയിലില്ല.ഒരു പക്ഷേ അടുത്ത തവണ വരുമ്പോൾ വാങ്ങാൻ പറ്റുമായിരിക്കും.“
അവർ പിന്നെ ബാഗ്‌ തുറന്ന്‌ ഒരു ക്യാമറ പുറത്തെടുത്തുകൊണ്ട്‌ ചോദിച്ചു, “ഞാനിതിന്റെ ഒരു പടമെടുത്തോട്ടേ?”
വിരോധമൊന്നുമില്ലന്ന്‌ വൃദ്ധൻ പറഞ്ഞു. അയാളുടെ മുഖത്തെ നൈരാശ്യം അവർ കണ്ടില്ലന്ന്‌ നടിച്ചു.

ഫ്ലാഷ്‌ ലൈറ്റിൽ വൃദ്ധന്റെ നരച്ച മുടിയുടെ സ്വർണ്ണത്തിളക്കം പല തവണ ഉണ്ടായി.
അവർ പ്ലേറ്റും,കരണ്ടിയും അതിന്റെ പഴയ സ്ഥലത്തുകൊണ്ടു വെയ്ക്കാൻ പോയപ്പോൾ അയാളത് അവരുടെ കൈയിൽ നിന്നും വാങ്ങി അലമാരയ്ക്കുള്ളിൽ വെച്ചു.
അവർ കടയെക്കുറിച്ച് വൃദ്ധനോട് പലതും ചോദിച്ചു. അയാൾ യാതൊരു മടിയോ ബുദ്ധിമുട്ടോ കൂടാതെ അവർക്കെല്ലാത്തിനും മറുപടിയും നൽകി.
പിന്നെയവർ വൃദ്ധന്‌ കൈ കൊടുത്ത്‌ നന്ദിയും പറഞ്ഞ്‌  പുറത്തേയ്ക്ക്‌ നടന്നു.അയാൾ കടയിലെ ലൈറ്റ്‌ ഓഫ്‌ ചെയ്ത്‌ വീണ്ടും തടിക്കസേരയിൽ വന്നിരുന്ന്‌ പുസ്തകം വായന തുടർന്നു.
----
കുറേ നാളുകൾക്ക്‌ ശേഷമാണ്‌ അവരവിടെ വീണ്ടും വന്നത്‌. കടയ്ക്കും, പരിസരത്തിനും,‘സയ്ദ്‌ ആന്റിക്‌ കളക്ഷൻസ്‌’ എന്നെഴുതിയ ബോർഡിനും ഒന്നും ഒരു മാറ്റവുമില്ല.
പക്ഷേ... അവർക്കതിശയം തോന്നിപ്പിച്ച ഒരു സംഗതിയുണ്ടായിരുന്നു പുതിയതായ്‌ അവിടെ.
‘സയ്ദ്‌ ആന്റിക്‌ കളക്ഷൻസ്‌’ എന്ന ബോർഡിന്‌ തൊട്ടു താഴെ മറ്റൊരു ബോർഡ്‌!അതിൽ വൃത്തിയായ്‌ ഭംഗിയുള്ള അക്ഷരത്താൽ എഴുതി വെച്ചിരിക്കുന്നു ‘photography not allowed’
അവരുടെ ദൃഷ്ടി വൃദ്ധനിരുന്നിരുന്ന തടിക്കസേരയിലേക്കായി. അതൊഴിഞ്ഞു കിടക്കുകയായിരുന്നു.
ഒരു ചെറുപ്പക്കാരൻ സ്ത്രീയെ സ്വാഗതം ചെയ്തുകൊണ്ട്‌ പുറത്തേയ്ക്ക്‌ വന്നു.
അവർ ബോർഡ്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ചോദിച്ചു,“ഇതെന്താ, ഇങ്ങനെ?”
ചെറുപ്പക്കാരൻ പറഞ്ഞു, “അച്ഛനുണ്ടായിരുന്ന കാലത്ത്‌ ആൾക്കാർക്കിതായിരുന്നു പരിപാടി. ഇവിടുത്തെ സാധനങ്ങളുടെ പടമെടുത്ത്‌ ഡുപ്ലിക്കേറ്റുണ്ടാക്കി കുറഞ്ഞ വിലയ്ക്ക്‌ വിറ്റ്‌ പലരും കാശുകാരായി. ഞങ്ങളെപ്പോലുള്ളവർ ഇപ്പോഴും പട്ടിണി.”
സ്ത്രീ കുറച്ചു നേരം വൃദ്ധന്റെ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക്‌ തന്നെ നോക്കി നിന്നു. പിന്നെ അകത്തോട്ടു കയറി. അവർക്ക്‌ അവിടെമെല്ലാം സുപരിചിതമായിരുന്നു.
ചെറുപ്പക്കാരൻ ചോദിച്ചു,“മാഡം ഇവിടെ ആദ്യമല്ലന്ന്‌ തോന്നുന്നു.” അവർ തലകുലുക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.സിൽവർ പ്ലേറ്റും സ്പൂണുമിരുന്നിരുന്ന സ്ഥലത്തേയ്ക്ക്‌ അവർ നടന്നു. പക്ഷേ അതവിടെ ഉണ്ടായിരുന്നില്ല.
‘മാഡം, നിങ്ങളെന്താണ്‌ തിരയുന്നത്‌? എനിക്ക്‌ നിങ്ങളെ സഹായിക്കാൻ കഴിയും.“
അവർ പറഞ്ഞു,’പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ്‌ പ്ലേറ്റും, സ്പൂണും...അതിവിടെയായിരുന്നു വെച്ചിരുന്നത്‌...കുറേ നാളുകൾക്ക്‌ മുൻപ്‌ ഞാൻ...” പ്ലേറ്റിരുന്ന സ്ഥലത്തേയ്ക്ക്‌ അവർ കൈചൂണ്ടി.
ഇപ്പോൾ അവർക്ക്‌ ചെറുപ്പക്കാരന്റെ ചിരി കാണാം.
“130 ഡോളർ അല്ലേ?”
‘അതേ’ എന്ന്‌ അവർ മറുപടി പറഞ്ഞു.
സിൽവർ പ്ലേറ്റും സ്പൂണും ഇഷ്ടപ്പെട്ട സ്ത്രീയെക്കുറിച്ചും, അതു വാങ്ങാൻ ഒരിക്കൽ അവർ വരുമെന്നും, അവർക്ക്‌ മാത്രമേ കൊടുക്കാവൂ എന്നുമൊക്കെ അച്ഛൻ പറഞ്ഞിരുന്ന കാര്യം അയാൾ പറയുന്നത്‌ വളരെ താൽപര്യത്തോടെയാണ്‌ സ്ത്രീ കേട്ടത്‌.
അയാൾ ഒരു അലമാര തുറന്ന്‌ അതിൽ നിന്നും ഭംഗിയായ്‌ പൊതിഞ്ഞു വെച്ചിരുന്ന പ്ലേറ്റും സ്പൂണുകളും എടുത്തുകൊണ്ടുവന്നു.“കസ്റ്റമേഴ്സിന്റെ ഹൃദയമറിഞ്ഞവനായിരുന്നു അച്ഛൻ!”
അവർക്ക്‌ സന്തോഷം അടക്കാനായില്ല.ചെരുപ്പക്കാരന്റെ കൈയിൽ നിന്നും അവരത്‌ വാങ്ങി.
“പുരാവസ്തുക്കൾ പഴകും തോറും വില കൂടുന്നവയാണ്‌...എങ്കിലും, അച്ഛന്റെ വാക്ക്‌  ഞാൻ പാലിക്കുന്നു. 130 ഡോളർ മാത്രം.”
സ്ത്രീ ബാഗ്‌ തുറന്ന് പണമെടുത്തു.  അതിലപ്പോഴും ഒരു ക്യാമറ ഉണ്ടായിരുന്നു.
പ്ലേറ്റും സ്പൂണുകളും വാങ്ങി ബാഗിൽ വെച്ച്‌ അവർ പുറത്തേയ്ക്കിറങ്ങി. പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ തിരികെ വന്നു.
“എന്തെങ്കിലും മറന്നോ മാഡം?”
‘അതേ’ എന്ന്‌ പറഞ്ഞ്‌ അവരൊരു മാഗസിൻ ബാഗിൽ നിന്നെടുത്ത്‌ നിവർത്തി ചെറുപ്പക്കാരന്റെ കൈയിൽ കൊടുത്തു.
അയാളത്‌ വളരെ താൽപര്യത്തോടെ വായിച്ചു.നഗരത്തിലെ ഏറ്റവും പുരാതനമായ ആന്റിക്ക്‌ ഷോപ്പിനെ കുറിച്ചുള്ള ഒരു ലേഖനം.ജീവൻ തുടിക്കുന്ന അച്ഛന്റെ ഫോട്ടോയിൽ അയാൾ ഇമവെട്ടാതെ നോക്കി നിന്നു കുറച്ചുനേരം. ആ കണ്ണുകൾ എന്തോ ആജ്ഞാപിക്കുന്നുവോ? അയാൾ ധൃതിയിൽ കടയ്ക്ക്‌ പുറത്തേയ്ക്ക്‌ ഇറങ്ങി.
സ്ത്രീയെ അവിടെങ്ങും കണ്ടില്ല.
തിരികെ വന്ന് മാഗസിൻ വീണ്ടും നിവർത്തി. താളുകൾ ഒന്നൊന്നായി വേഗം അയാൾ മറിച്ചു. മാഗസിനുള്ളിൽ നിന്നും ഒരു കവർ അയാളുടെ കാലിൽ വീണു. അയാളതെടുത്തു പൊട്ടിച്ചു. വിശ്വസിക്കാനായില്ല. ഒന്ന്...രണ്ട്...മൂന്ന്...നാല്‌...അഞ്ച്...
അഞ്ഞൂറ്‌ ഡോളർ! കൂടെ ഒരു കുറിപ്പും.‘ഈ വർഷത്തെ ഏറ്റവും നല്ല ഫോട്ടോഫീച്ചറിന്‌ എന്നെ പ്രാപ്തയാക്കിയതിൽ താങ്കൾക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ അവാർഡ് തുകയുടെ പകുതി താങ്കൾക്കുകൂടിയുള്ളതാണ്‌. ദയവായി സ്വീകരിച്ചാലും...“
ചെറുപ്പക്കാരൻ മുട്ടുകുത്തി കൈകൾ രണ്ടും ആകാശത്തേയ്ക്ക്‌ ഉയർത്തി, ”പിതാവേ ക്ഷമിക്കുക, നാം കാണുന്നതും മനസ്സിലാക്കുന്നതും മാത്രമല്ല ഈ ലോകമെന്ന്‌ ഞാനറിയുന്നു.“
വന്യമായ ഒരു കാറ്റിനോടൊപ്പം ’photography not allowed‘ എന്നുള്ള ബോർഡ്‌ പറന്നു പറന്നു പോയി.


34 comments:

ajith said...

ലളിതം, സുഭഗം, സുന്ദരം

കഥ ഇഷ്ടപ്പെട്ടു

pradeep nandanam said...

ജാടകളില്ലാത്ത കഥപറച്ചിൽ.
എങ്കിലും നല്ലൊരു കഥയെ അല്പം കൂടി സുന്ദരമായി അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി.

ഫൈസല്‍ ബാബു said...

നല്ല അവതരണം, സതീഷിന്റെ ബ്ലോഗിലെ സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ പറയുന്നു ,ഈ ബ്ലോഗിലെ മികച്ച കഥകളില്‍ ഒന്നാംസ്ഥാനം ഇതിനു തന്നെ.എഴുത്തിന്റെ ഗ്രാഫ് ഒരു പാട് മുകളിലേക്ക്. സന്തോഷം ഒരു നല്ല വായന കിട്ടിയതില്‍.

Aneesh chandran said...

മനസ്സിലാക്കി വരുമ്പോള്‍ എല്ലാം ലളിതമായ കഥകളാണ്....ഈ ലോകം ഇങ്ങനെയാണ്.

പട്ടേപ്പാടം റാംജി said...

സ്വയം വിമര്‍ശനപരമായി വിലയിരുത്താന്‍ ലളിതമായൊരു കഥ ഇഷ്ടായി.

Cv Thankappan said...

ചെരുപ്പക്കാരന്റെ കൈയിൽ നിന്നും അവരത്‌ വാങ്ങി.വാങ്ങി എന്നെഴുതിയപ്പോള്‍ നൂറ്റിമുപ്പത്‌ ഡോളറും കൊടുത്തുകാണും അല്ലേ?
നന്മനിറഞ്ഞ മനോഹരമായൊരു കഥ മനസ്സില്‍ തട്ടുംവിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ said...

പുതുമ ഉണ്ട് ,ചിലയിടങ്ങളില്‍ ഒരല്‍പ്പം ലാഗ് ഫീല്‍ ചെയ്യുന്നുണ്ട് ,എങ്കിലും നല്ല ഒരു കഥ വായിച്ച സംതൃപ്തി..

ചന്തു നായർ said...

സത്യം. അതിമനോഹരമായ കഥ. അടുത്തിടെ വായിച്ചതിൽ, മികച്ചത്.വിഷയങ്ങൾക്കൊരിക്കലും പഞ്ഞമില്ല എന്ന് ഉറക്കെ പറയുന്ന കഥ.വളരെയേറെ അർത്ഥതലങ്ങളും ഉണ്ട്.അജിത്താണ് എന്നെ ഇവിടെ എത്തിച്ചത്... എല്ലാവരും വായിക്കേണ്ട കഥ. കഥാകാരാ നല്ല നമസ്കാരം...

Sudheer Das said...

ഇത്തരം കഥകളാണ് എനിക്കും ഇഷ്ടം. അഭിനന്ദനങ്ങള്‍ സതീഷ് ഭായ്... ഇനിയും മികച്ച കഥകള്‍ പിറക്കട്ടെ.

© Mubi said...

ലളിതമായി അവതരിപ്പിച്ച നല്ലൊരു കഥ...

© Mubi said...

ലളിതമായി അവതരിപ്പിച്ച നല്ലൊരു കഥ...

ചിന്താക്രാന്തൻ said...

ലളിതമായ നന്മയുടെ സന്ദേശമുള്ള കഥ ആശംസകള്‍

ഇട്ടിമാളു അഗ്നിമിത്ര said...

ആ ഷോപ്പിന്റെ വിവരനത്തിൽ ക്ലാവിന്റെയും പൊടിയുടെയുമെല്ലാം മണം മൂക്കിലേക്ക്‌ അടിച്ചു കേറിയപോലെ.. ഒട്ടും പ്രതീക്ഷിക്കാത്ത വഴികലൂടെ ലക്ഷ്യത്തിലേക്ക്‌.. ഇഷ്ടമായ്‌ പഴമയിലെ പുതുമ

R@y said...

ഫ്രെഷ്നെസുള്ള ഒരു നല്ല കഥ വായിച്ച സന്തോഷം...

photography not allowed ,.. എങ്കിലും നന്മയുടെ നല്ല കാഴ്ച്ചകള്‍ക്ക് സ്വാഗതം...

ലംബൻ said...

അജിത്തെട്ടന്‍ പറഞ്ഞ പോലെ, ചിന്തിപ്പിച്ച് കുന്തമാക്കാത്ത ഒരു ചെറുകഥ. നല്ല ഒരു കഥ വായിച്ച സംതൃപ്തി.

റോസാപ്പൂക്കള്‍ said...

നല്ല കഥ. ഇങ്ങനെയും നല്ല നിലവാരമുള്ള കഥകള്‍ എഴുതാം. മനുഷ്യന് മനസ്സിലാകാത്ത കഥയെഴുതി തലച്ചോര്‍ പുകപ്പിച്ചു നാശമാക്കിയില്ലല്ലോ നന്ദി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ആദൃവസാനം വരെ ആകാംക്ഷ നിലനിർത്തി .ലളിതസുന്ദരം ...

Sabu Hariharan said...

Good one. Keep writing. Never stop..

Jefu Jailaf said...

നന്നായിട്ടുണ്ട്. വായിക്കുമ്പോൾ ഓരോ സംഭവങ്ങളും മനസ്സിൽ കാണാവുന്ന വിധമുള്ള എഴുത്ത് . ആശംസകൾ.

ശ്രീ said...

കഴിഞ്ഞ കഥയില്‍ നിന്നും തികച്ചും വ്യത്യസ്തം, സതീശേട്ടാ...

ആ വൃദ്ധന്റെ രൂപം മന്സ്സില്‍ നില്‍ക്കുന്നു... നല്ല കഥ!

Jenish said...

കൊള്ളാം... ആ കടയിൽ കയറിയ പ്രതീതി.. അഭിനന്ദനങ്ങൾ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇക്കഥയും ഒരു പ്രത്യേക അനുഭവം ആയി. അഭിനന്ദനങ്ങൾ 
ഇങ്ങനൊരു അനുഭവം തന്നതിനു നന്ദിയും :) 

Risha Rasheed said...

സുന്ദരമായ ആഖ്യാന ശൈലി..വായിക്കും തോറും ഇഷ്ട്ടപ്പെടുത്തുന്നു..rr

സാജന്‍| SAJAN said...

Sathees, as usual ... Superb:)
thanks for the blog link

ബെഞ്ചാലി said...

നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

അക്ഷരപകര്‍ച്ചകള്‍. said...

ലളിതം ...സുന്ദരം ...നല്ല ശൈലി. നല്ല കഥ .ആശംസകൾ

കുഞ്ഞൂസ് (Kunjuss) said...

ലളിതവും മനോഹരവുമായ ആഖ്യാനശൈലിയും നല്ല കഥയും വളരെ ഇഷ്ടമായി ...

വേണുഗോപാല്‍ said...

നേര്‍ രേഖയില്‍ ലളിതമായ ആഖ്യാനത്തിലൂടെ സുന്ദരമാക്കിയ കഥ. ഇഷ്ടമായി

Sathees Makkoth said...

ajith: ആദ്യ കമന്റിനും ഷെയറിങ്ങിനും വളരെ നന്ദി.
Pradeep Nandanam: വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി.
ഫൈസൽ ബാബു :സന്തോഷമുണ്ട്‌ ഫൈസൽ. നന്ദി.

aneesh kaathi: നന്ദി.
പട്ടേപ്പാടം റാംജി : കഥ ഇഷ്ടമായി എന്നതിൽ സന്തോഷം. നന്ദി.

Cv Thankappan: തങ്കപ്പേട്ടാ, അവിടൊരു ആശയക്കൊഴപ്പം വന്നതായി തോന്നുന്നു. മാറ്റം വരുത്താം. നന്ദി.
സിയാഫ്‌ അബ്ദുൾഖാദർ: കൂടുതൽ നന്നാക്കാൻ ശ്രമിക്കാം. നന്ദി.
ചന്തു നായർ :വളരെ നന്ദിയും, സന്തോഷവും.
സുധീർദാസ്‌ : നന്ദി

Mubi: നന്ദി.
ചിന്താക്രാന്തൻ: നന്ദി.
ഇട്ടിമാളു അഗ്നിമിത്ര: പഴമയിലെ പുതുമ:) നന്ദി.

Pheonix Bird, R@y : നന്ദി.

SREEJITH NP: വളരെ നന്ദി.
റോസാപ്പൂക്കൾ :നല്ലകഥയെന്ന വിശേഷണത്തിനു മുന്നിൽ തലകുനിക്കുന്നു. നന്ദി.

Jayant Mary Cherian Charanghat: നന്ദി.
മുഹമ്മദ്‌ ആറങ്ങോട്ടുകര: നന്ദി.
Sabu Hariharan: ശ്രമിക്കാം, നന്ദി.

Jefu Jailaf,ശ്രീ,Jenish Sr, ഇൻഡ്യാഹെറിറ്റേജ്‌:Indiaheritage, risharasheed, സാജൻ| SAJAN, ഒറ്റയാ ൻ, ബെഞ്ചാലി .കോം, അമ്പിളി., കുഞ്ഞൂസ്‌ (Kunjuss) , വേണുഗോപാല്‍ , എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

സുധി അറയ്ക്കൽ said...

വൗ!!!!!!!
ആ സ്ത്രീയുടെ കൂടെ ഞാനും ആ കടക്കുള്ളിൽ ഉണ്ടെന്നു തോന്നിപ്പോയി.
എത്ര സുന്ദരമായ എഴുത്ത്‌.
അഭിനന്ദനങ്ങൾ.

Areekkodan | അരീക്കോടന്‍ said...

“കസ്റ്റമേഴ്സിന്റെ ഹൃദയമറിഞ്ഞവനായിരുന്നു അച്ഛൻ!”...Really I feel sad not to have Malayalam typing s/w in this machine today.I read many stories written by you recently and felt this one the most attractive so far.Let me to move to the previous one.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP