Followers

ക്രൈസിസ് മാനേജ്‌മെന്റ്

Sunday, February 25, 2007

സുബ്രുവിന്റെ ഹോട്ടലിലെ ഭക്ഷണം സുബ്രുവിനെപോലെ തന്നെ പ്രസിദ്ധമാണ്.
ഊണ് കഴിക്കാന്‍ എവിടെനിന്നൊക്കെയാണ് ആളുകള്‍ വരുന്നതെന്നറിയാമോ?
അങ്ങ് പടിഞ്ഞാറ് കടപ്പുറം മുതല്‍ കിഴക്ക് കായലു വരെയുള്ള ആളുകള്‍ സുബ്രുവിന്റെ കടയിലെത്താറുണ്ട്.
ഊണുകഴിക്കാനായി!
എന്താ ഒരു രുചി!
സുബ്രുവിന്റെ കൈപ്പുണ്യം അപാരം തന്നെ!
പലരും ഇമ്മാതിരി വര്‍ത്തമാനങ്ങള്‍ പറയാറുണ്ട്.
കൊതികിട്ടാതിരിക്കാന്‍ സുബ്രുവിന് ചില ഒറ്റമൂലികളുണ്ട്.
മകന്‍ സുഭാഷില്‍നിന്നാണത് അറിഞ്ഞത്.

സുബ്രു അടുപ്പില്‍ കടുക് വാരിയിട്ട് പൊട്ടിക്കുമത്രേ!

കമ്പനിക്കാരായ വലിയ വലിയ ആപ്പീസര്‍മാര്‍ വരെ ഇപ്പോള്‍ സുബ്രുവിന്റെ ഹോട്ടലിലെ സ്ഥിരം വരവുകാരാണ്.

അസൂയ ഉണ്ടാകാന്‍ മറ്റുവല്ലതും വേണോ?

സുബ്രുവിന്റെ വെച്ചടി വെച്ചടിയുള്ള കേറ്റത്തില്‍ അടുത്തുള്ള മറ്റ് ഹോട്ടലുകാര്‍ അസൂയാലുക്കളായി. അത് സ്വാഭാവികം എന്ന് മനസ്സിലാക്കാനുള്ള വിവേകം സുബ്രുവിനുണ്ടായിരുന്നതുകൊണ്ട് മറ്റ് സംഭവവികാസങ്ങളൊന്നുമില്ലാതെ നാളുകള്‍ കടന്നുപോയി.

സുബ്രുവിന്റെ ആഹാരത്തിന്റെ രുചിയെ വെല്ലുന്ന രീതിയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

അതുകൊണ്ട് തന്നെ സുബ്രുവിന്റെ ഹോട്ടലിലേക്ക് ആളുകള്‍ ഇടിച്ചുകയറി.

ഊണ് കഴിച്ച് കഴിഞ്ഞ് കൈയും, ഇലയും എല്ലാം നാക്കുകൊണ്ട് വടിച്ച് വൃത്തിയാക്കി കുംഭ നിറച്ച് എണീക്കുന്ന കസ്റ്റമേഴ്സിനെ നോക്കി സുബ്രു നിര്‍വൃതി പൂണ്ടു.

പലപ്പോഴും പലരും സുബ്രുവിനോട് സുബ്രുവിന്റെ ആഹാരത്തിന്റെ രുചിയുടെ രഹസ്യം രഹസ്യമായും അല്ലാതെയും ചോദിച്ചിട്ടുണ്ട്.

ലാഭേച്ഛയില്ലാത്ത സേവനപ്രവര്‍ത്തിയൊന്നായിട്ടാണത്രേ സുബ്രു തന്റെ ഹോട്ടല്‍ നടത്തിപ്പിനെ വിശേഷിപ്പിച്ചിരുന്നത്. ഗുണനിലവാരമുള്ള പച്ചക്കറികളും ( തോട്ടത്തില്‍ നിന്നും പറിച്ചുകൊണ്ട് വന്ന് വെട്ടിക്കഴുകി അടുപ്പിലിടുന്നത് ), മീന്‍ പിടുത്തക്കാര്‍ വള്ളത്തില്‍ നിന്ന് നേരേ സുബ്രുവിന്റെ കടയിലെത്തിക്കുന്ന പെടപെടയ്ക്കുന്ന മീനുകള്‍ ഉപയോഗിക്കുന്നതും; മറ്റ് ഹോട്ടലുകാരെപ്പോലെ പഴകിയതും വളിച്ചതുമായ ഭക്ഷണസാധനങ്ങള്‍ വെച്ച് വിളമ്പാത്തതുമാണ് തന്റെ വിജയരഹസ്യം എന്ന് സുബ്രു നാലാള് കേള്‍ക്കത്തന്നെ പറഞ്ഞുപോന്നിരുന്നു.

ഇതെല്ലാം സുബ്രു പറഞ്ഞു പോന്നിരുന്നത്!

അസൂയാലുക്കളായ എതിര്‍കക്ഷിക്കാരായ ഹോട്ടലുകാര്‍ സുബ്രുവിനെ എങ്ങനേയും തറപറ്റിക്കുവാനായി പലപല അപഖ്യാതികളും പറഞ്ഞു പരത്തുവാന്‍ തുടങ്ങി.

സുബ്രു അതിനെയെല്ലാം പുച്ഛിച്ചു തള്ളി.
എങ്കിലും അസൂയാലുക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധ വേണമെന്ന് വേണ്ടപ്പെട്ടവര്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.
കൂടോത്രത്തേയും മറ്റ് ആഭിചാരക്രീയകളേയും നേരിടാന്‍ സുബ്രു പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ തുടങ്ങി.

അടുക്കളയിലെ അശ്രദ്ധയ്ക്ക് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ?

ശ്രദ്ധയില്ലന്നത് പോട്ടെ,
അല്‍പം കൂടിയൊക്കെ ഒന്ന് ചിന്തിച്ച് പെരുമാറിയിരുന്നെങ്കില്‍ സുബ്രുവിന് ഇങ്ങനെയൊക്കെ വരുമായിരുന്നോ?

സുബ്രു ചിന്തിച്ചില്ല എന്ന് പറയാന്‍ പറ്റുമോ?

പക്ഷേ സുബ്രുവിന്റെ മകന്‍ ചിന്തിക്കാതിരുന്നത് കൊണ്ടല്ലേ ഇത്രമാത്രം കുണ്ടാമണ്ടിത്തരങ്ങളുണ്ടാവുകയും സുബ്രു കുണ്ഠിതനായി തീരേണ്ടിയും വന്നത്.

സംഭവം ഇങ്ങനെ ആയിരുന്നു.

ഉച്ചയൂണ് വളരെ ഗംഭീരമായി നടന്നുകൊണ്ടിരിക്കുന്നു.
ഇരിക്കാനായി സ്ഥലവും കഴിക്കാനായി ഇലയും കിട്ടിയവര്‍ ആഹ്ളാദചിത്തരായി സാമ്പാറും രസവും എല്ലാം ചേര്‍ത്ത് ചോറ് വെട്ടിവിഴുങ്ങുന്നു.
കൈയില്‍ പണം കൂടുതലുള്ളവര്‍ മീന്‍ വറുത്തതും കരിച്ചതുമായ വിഭവങ്ങളോട് മല്ലയുദ്ധം നടത്തുന്നു.

സ്ഥലം കിട്ടാത്തവര്‍ വിഭവങ്ങളുടെ വാസന ആസ്വദിച്ച് കൊണ്ട് അക്ഷമരായി കാത്തു നില്‍ക്കുന്നു.


കമ്പനിയിലെ വലിയ സാറായ സുഗതന്‍ സാറിന്റെ ഇലയിലേക്ക് സാമ്പാര്‍ വിളമ്പാനായി എടുത്ത തവി സുബ്രു പാതി വഴിയില്‍ നിര്‍ത്തിക്കളഞ്ഞു.
സാമ്പാര്‍ നിറച്ച തവി സുഗതന്‍ സാറിന്റെ ഇലയ്ക്കും സുബ്രുവിന്റെ പാത്രത്തിനും ഇടയിലായി നിന്നുപോയി.

ആക്രാന്തം മൂത്ത സുഗതന്‍ സാര്‍ എളുപ്പം എളുപ്പം എന്ന് പറയുന്നത് കേള്‍ക്കാമായിരുന്നു.

പക്ഷേ സുബ്രുവിന്റെ കണ്ണുകള്‍ സാമ്പാര്‍ തവിയില്‍ ഉടക്കി നിന്നു പോയി.

അന്തരാത്മാവ് അരുതേ... അരുതേ... എന്ന് സുബ്രുവിനോട് ആജ്ഞാപിച്ചു.

ആത്മാവിന്റെ ആജ്ഞ കേള്‍ക്കാതിരിക്കാന്‍ പറ്റുമോ സുബ്രുവിന്?

സുബ്രുവിന്റെ ബുദ്ധി ഞൊടിയിടയില്‍ പ്രവര്‍ത്തിച്ചു.

സുബ്രു ഉച്ചത്തില്‍ മകന്‍ സുഭാഷിനെ വിളിച്ചു.

“എടാ സുഭാഷേ...
ഇവിടെ വാടാ. നിന്നോട് ഞാന്‍ പലതവണ പറഞ്ഞിട്ടുള്ളതല്ലേ സവാള മുറിക്കാതെ സാമ്പാറിലിടരുതെന്ന്? എന്നിട്ടെന്താ ഈ കാട്ടിയിരിക്കുന്നേ? ദാ, കൊണ്ട് പോയി പുറത്ത് കള.” സുബ്രു സവാളയെടുത്ത് മകന്റെ കൈയില്‍ കൊടുത്തു.

എന്തു ചെയ്യാം! സുബ്രുവിന്റെ ബുദ്ധിയായിരുന്നില്ല മകന് ( അവന്റെ അമ്മയുടെ ബുദ്ധിയായിരുന്നിരിക്കാം )

അവന്‍ അപ്പന്‍ കൊടുത്ത സവാള ശരിയാം വണ്ണം ഒന്ന് നോക്കി.

ഒറ്റ നോട്ടം കൊണ്ട് തൃപ്തി വരാഞ്ഞതിനാല്‍ രണ്ടാമതും നോക്കി.
ഒരുകൈയില്‍ പിടിച്ച് നോക്കിയിട്ട് ശരിയാകാഞ്ഞതിനാല്‍ രണ്ട് കൈകൊണ്ടും പിടിച്ച് നോക്കി.

മേലോട്ടും താഴോട്ടും ആട്ടി ആട്ടി നോക്കി.

നല്ല ഭംഗി! ഒരു നിമിഷം അവനതാസ്വദിച്ചു.

പക്ഷേ ഊണുകഴിച്ച് കൊണ്ടിരുന്നവര്‍ക്കത് ആസ്വദിക്കാന്‍ പറ്റിയില്ല.

ഗ്വാ... ഗ്വാ... ശബ്ദത്തിന്റെ എക്കോ ഹോട്ടല്‍ മുഴുവന്‍ മുഴങ്ങി.

സാമ്പാറും, രസവും, ചോറും, മീനുമെല്ലാം അയവെട്ടുന്ന പശുവിന്റെ ലാഘവത്തോടെ ആമാശയത്തില്‍ നിന്നും പുറത്തെടുത്ത് കാണിക്കുന്നതിന് കസ്റ്റമേഴ്സ് മല്‍സരം തുടങ്ങി.
ഡെസ്കിന്മേലും ഇലയിലുമെല്ലാം തിരിച്ച് വിളിച്ച ആഹാരം ചിത്രമെഴുതി.

ഊണ് കഴിക്കാനായി അക്ഷമരായി കാത്തുനിന്നവര്‍ സമയം കളയാതെ അടുത്ത് ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.

സുബ്രു ചിരട്ടത്തവിയുമായി മകന്റെ പിറകേ ഓടടാ ഓട്ടം!

കടിക്കാന്‍ വരുന്ന പട്ടിയില്‍ നിന്നും രക്ഷപ്പെടുവാന്‍ വേറേ മാര്‍ഗ്ഗമില്ലാതെ വരുമ്പോള്‍ രണ്ടും കല്‍പ്പിച്ച് തിരിഞ്ഞ് നില്‍ക്കുന്നവന്റെ ധൈര്യത്തോടെ സുബ്രുവിന്റെ മകന്‍ സഡന്‍ ബ്രേക്കിട്ട് തിരിഞ്ഞു നിന്നു.

ആറടി പിന്നിലായി സുബ്രുവും ആട്ടോമാറ്റിക്കായി ബ്രേക്കിട്ടു.

സുരക്ഷിത ദൂരമുണ്ടന്നുറപ്പ് വരുത്തിയിട്ട് സുബ്രുവിന്റെ മകന്‍ സുബ്രുവിനോട് ചോദിച്ചു.

“അല്ലപ്പാ, ഞാനെന്തു തെറ്റു ചെയ്തിട്ടാ എന്നെയിട്ടോടിക്കുന്നെ? സാമ്പാറുകുടിച്ച് ചത്ത വീര്‍ത്ത തവളയയിരുന്നെന്ന് എന്റെ കൈയില്‍ തരുന്നതിന് മുന്നേ ഒരു സൂചനയെങ്കിലും തന്നിരുന്നേ ഈ പ്രശ്നം വല്ലോം ഉണ്ടാവുമാരുന്നോ? അറ്റ്ലീസ്റ്റ് എന്റെ ചെവിയിലെങ്കിലും പറഞ്ഞുകൂടാരുന്നോ തന്തപ്പടി നിങ്ങള്‍ക്ക്?”

തവളെയെ വിഴുങ്ങിയ നീര്‍ക്കോലിയെപ്പോലെ സുബ്രു നിന്നു. ക്രൈസിസ് മാനേജ്‌മെന്റ് മക്കളെ പഠിപ്പിക്കാതിരുന്നതിന്റെ പരിണിതഫലം ഇങ്ങനെയായല്ലോ എന്നോര്‍ത്തുകൊണ്ട്...

Read more...

ഉമ്പ്രിശാന്തിയുടെ യോഗപരിശീലനം

Monday, February 19, 2007

അമ്പലത്തിലെ ശാന്തിമാരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്നു.
മേല്‍ശാന്തിക്ക് സഹായികളായുണ്ടായിരുന്നവരെല്ലാം വേറേ വേറേ അമ്പലങ്ങള്‍ തേടി പോയിരിക്കുന്നു.

ശാന്തിമാര്‍ കൂടുതല്‍ വരുമാനം തേടി മറ്റ് അമ്പലങ്ങളിലേയ്ക്ക് പോകരുതെന്ന് നിയമമൊന്നുമില്ലല്ലോ?

അതുകൊണ്ട് തന്നെ ഇത് അത്രയ്ക്ക് അദ്ഭുതപ്പെടുവാനുള്ള വിഷയമൊന്നുമായിരുന്നില്ല.

എങ്കിലും ശാന്തിക്കാര്‍ക്ക് ഇത്രയധികം ഡിമാന്റ് ഉണ്ടായിരിക്കുന്നു എന്നത് അദ്ഭുതപ്പെടുത്തുന്നത് തന്നെയായിരുന്നു.

പഴയ ശാന്തിമാര്‍ കൂടുതല്‍ വരുമാനം കിട്ടുന്ന അമ്പലങ്ങള്‍ നോക്കിപ്പോയതുകൊണ്ടും,പുതിയ ആള്‍ക്കാരെ കിട്ടാനില്ലായെന്നുമുള്ള വിഷമഘട്ടത്തിലാണ് ദേവസ്വം കമ്മറ്റിക്കാര്‍ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കി പുതിയ ശാന്തിമാരെ കണ്ടെത്തുന്നതിനെക്കുറിച്ചാലോചിക്കുന്നത്.

അങ്ങനെ അവര്‍ നാടുനീളെ തിരച്ചില്‍ തുടങ്ങി.
ലക്ഷണമൊത്ത ചെറുപ്പക്കാരെത്തേടി.
കണ്ട അണ്ടനേം അടകോഴനേം ഈ പണിക്ക് കേറ്റിയിരുത്തിയാല്‍ പറ്റുകേലല്ലോ.
പക്ഷേ തിരച്ചില്‍ ഫലം കൂടുതല്‍ അതിശയിപ്പിക്കുന്നതായിരുന്നു.

ആളെ കിട്ടാനില്ല.

ഒറ്റൊരുത്തനും വരുന്നില്ല.

ഇതെന്ത് കഥ!

ലക്ഷണമൊത്തവന്‍ പോയിട്ട് അണ്ടനും അടകോഴനും പോലും വരുന്നില്ല.

കൂലിപ്പണിക്ക് ആളെകിട്ടാനില്ലായെന്ന് പറഞ്ഞാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ലായിരുന്നു.
തെങ്ങുകയറ്റം, തൂമ്പാപ്പണി തുടങ്ങിയ വിയര്‍പ്പ് നാറ്റമുണ്ടാക്കുന്ന ജോലികള്‍ക്ക്, കഴുത്തിലും കക്ഷത്തുമെല്ലാം കുട്ടിക്കൂറയും പോണ്ട്സുമെല്ലാം പൊത്തിവെച്ച് സുഗന്ധമുണ്ടാക്കി നടക്കുന്ന സുന്ദരക്കുട്ടപ്പന്മാരുടെ വിമുഖത മനസ്സിലാക്കാവുന്നതേയുണ്ടായിരുന്നുള്ളു.
താരതമ്മ്യേന ദേഹമനക്കിയുള്ള അദ്ധ്വാനം കുറവായതിനാലും,സുന്ദരികളുമായി സ്വൈര്യസല്ലാപം നടത്തുന്നതിന് യാതൊരുവിധ തടസവുമില്ലാതിരുന്നതിനാലും ചെറുപ്പക്കാര്‍ ശാന്തിപ്പണിക്ക് പോകുവാന്‍ മടികാണിക്കാതിരുന്ന ഒരു കാലമുണ്ടായിരുന്നു.

പക്ഷേ അതു പണ്ടത്തെ കാലം!

ഇപ്പോളെന്താണ് സംഭവിച്ചിരിക്കുന്നത്?

ദേവസ്വം കമ്മറ്റിക്കാര്‍ പുറകേ നടന്നിട്ടും ഒരുത്തനും അമ്പലത്തിലേയ്ക്ക് ശാന്തിപ്പണിക്കായ് വരുവാന്‍ തയ്യാറാകുന്നില്ല.

ഒരു പണിയുമില്ലാതെ വായ്നോക്കി കലുങ്കിന്മേലിരിക്കുന്ന കോമളന്മാര്‍ക്കെന്താണ് സംഭവിച്ചത്?

ദേഹമനക്കാതെ പത്ത് പൈസാ ഉണ്ടാക്കിക്കൂടെ ഇവന്മാര്‍ക്ക്?

അദ്ധ്വാനം കുറവും പെണ്‍പിള്ളാരുമായി ഇടപഴകുവാന്‍ അവസരം കിട്ടുമെന്നെല്ലാമുള്ളത് ശരിതന്നെ.
പക്ഷേ കൈയില്‍ ദക്ഷിണയായി കിട്ടുന്ന തുച്ഛമായ എന്തെങ്കിലുമല്ലാതെ മറ്റൊന്നും തടയാനിടയില്ലന്നതായിരുന്നു മടിയന്മാരായ വായ്നോക്കികളുടെ വാദഗതിയായുണ്ടായിരുന്നത്.
പണി ചെയ്തിട്ട് പൈസാ കിട്ടാതിരിക്കുന്നതിനേക്കാള്‍ ഭേദമാണത്രേ ഒന്നും ചെയ്യാതെ കലുങ്കിന്മേലിരിക്കുന്നത്!

ദേവസ്വം കമ്മറ്റിക്കാര്‍ തളര്‍ന്നില്ല. അവര്‍ അക്ഷീണ പ്രയത്നം തുടര്‍ന്നുകൊണ്ടേയിരുന്നു.
അങ്ങനെയാണവര്‍ സുന്ദരേശനെ കണ്ടെത്തുന്നത്.
കമ്മറ്റിക്കാരുടെ ഭാഷയില്‍ സുന്ദരേശന്‍ എല്ലാം തികഞ്ഞവനായിരുന്നു.
സല്‍സ്വഭാവി, സാധാരണ ചെറുപ്പക്കാര്‍ക്കുണ്ടായിരുന്ന വെള്ളമടി, ബീഡിവലി, ചീട്ടുകളി തുടങ്ങിയ ദുഃശീലങ്ങളൊന്നും തന്നെ സുന്ദരേശനില്ലായിരുന്നു.
അതും പോരാഞ്ഞിട്ട് സുന്ദരേശന് നേരത്തേ എണീക്കുന്ന സ്വഭാവവുമുണ്ടായിരുന്നു.
ശാന്തിപ്പണിക്കായ് ഇതില്‍പ്പരം എന്തു യോഗ്യതയാണ് ഒരാള്‍ക്ക് വേണ്ടത്?

സുന്ദരേശന്‍ നേരത്തേ എണീറ്റിരുന്നു എന്നുള്ളത് സത്യം.
അത് അദ്ദേഹത്തിന് വെയിലടിക്കുവോളം കിടന്നുറങ്ങുവാന്‍ ആഗ്രഹമില്ലാതിരുന്നത് കൊണ്ടാണന്ന് തെറ്റിദ്ധരിക്കരുത്.
സുന്ദരേശന്റെ ജോലിയുടെ പ്രത്യേകത ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം നേരത്തേ എണീറ്റിരുന്നത്.
അതിരാവിലെ തന്നെ എണീറ്റ് ബസ്സ് സ്റ്റാന്റില്‍ ചെന്ന് പത്രക്കെട്ടുകള്‍ ശേഖരിച്ച് സൂര്യനുദിക്കുന്നതിന് മുന്നേ വരിക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയെന്നുള്ളതായിരുന്നു സുന്ദരേശന്റെ പണി.
പത്രം ഓഫീസുകള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ സുന്ദരേശനെ ഒന്നുണര്‍ത്തിയെടുക്കുവാന്‍ സുന്ദരേശന്റെ അമ്മ നടത്തിവന്നിരുന്ന പാഴ് ശ്രമങ്ങളും അതിനോടനുബന്ധിച്ചുള്ള കശപിശകളും പലപ്പോഴും അയല്‍വീട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ കൊണ്ടാണ് തീര്‍ന്ന് പോന്നിട്ടുള്ളത്.
ഇതില്‍നിന്നും സുന്ദരേശന്‍ ഉറക്കത്തെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.

പത്രവിതരണമാണ് സുന്ദരേശന്റെ പണിയെന്ന് ചുരുക്കി പറയാവുന്നതേയുള്ളു.
പക്ഷേ കേവലം പത്ര വിതരണം എന്ന് പറഞ്ഞാല്‍ ശരിയാവില്ല.
കാരണം. പത്രം എപ്പോള്‍ വേണമെങ്കിലും വിതരണം ചെയ്യാം.
നല്ലത് പോലെ വെട്ടം വീണ് കഴിഞ്ഞ് പത്രം കൊടുത്താലും പത്രവിതരണമെന്ന് തന്നെ പറയാം.
സുന്ദരേശനതിനൊരപവാദമായിരുന്നു.
തന്റെ ജോലിയോട് ആത്മാര്‍ത്ഥത കാണിക്കുന്ന ആളായിരുന്നു.
അങ്ങനെയുള്ള സുന്ദരേശനെയാണ് ദേവസ്വം കമ്മറ്റിക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
കേട്ടപ്പോള്‍ ആദ്യമൊക്കെ സുന്ദരേശന് സന്തോഷമാണ് തോന്നിയത്.
പക്ഷേ പിന്നിടൊന്നിരുത്തി ചിന്തിച്ചപ്പോഴാണ് സുന്ദരേശന് ഈ പണി അത്ര ശരിയാവുകയില്ല എന്ന് തോന്നിയത്.
തന്റെ വിഹാരകേന്ദ്രം അമ്പലമതില്‍കെട്ടിനുള്ളില്‍ തളച്ചിടപ്പെടുമെന്നുള്ള വിചാരമായിരുന്നു അതില്‍ പ്രധാനം.
വല്ലപ്പോഴും കൂടെകിട്ടുന്ന ഉറക്കാവസരവും നഷ്ടപ്പെടുമെന്നുള്ളതായിരുന്നു മറ്റൊന്ന്.

അവസാനം സുന്ദരേശന്‍ തന്റെ വിസമ്മതം കമ്മറ്റിക്കാരെ വിനയപൂര്‍വ്വം അറിയിക്കുകയും ചെയ്തു.

എങ്കിലും തന്നെ ആശ്രയിച്ചവരെ നിരാശരാക്കരുതെന്ന് സുന്ദരേശന് നിര്‍ബന്ധമുണ്ടായിരുന്നു.

അങ്ങനെയാണ് സുന്ദരേശന്‍ ഉമ്പ്രിയുടെ പേര് ശാന്തിപ്പണിക്കായി നിര്‍ദ്ദേശിക്കുന്നത്.

വീട്ടിലെ പട്ടിണി കാരണം നാടായ നാട്ടിലെയൊക്കെ കല്യാണം, മരണ അടിയന്തിരം, കെട്ടുമുറുക്ക് ഇത്യാദി ചടങ്ങുകളുടെ ലിസ്റ്റ് തയ്യാറാക്കി അതിന്‍ പ്രകാരം വിളിക്കാത്ത വിശിഷ്ടാതിഥിയായി തന്റെ വയറിന് സ്വാസ്ഥ്യം നല്‍കി വന്നിരുന്ന ഉമ്പ്രിക്ക് ഇതില്‍പരം സന്തോഷം നല്‍കുന്ന മറ്റൊരു കാര്യവുമില്ലായിരുന്നു. തന്റെ ആഹാരക്കാര്യമെങ്കിലും അമ്പലം കൊണ്ട് നടക്കുമല്ലോയെന്നുള്ള സന്തോഷമേ ഉമ്പ്രിയ്ക്ക് ഉണ്ടായിരുന്നുള്ളു.

വെളുത്ത് തുടുത്ത് ഉമ്പ്രി ശാന്തി അമ്പലനടയില്‍ സുസ്മേരവദനനായി പ്രസാദ വിതരണം ആരംഭിച്ചതില്‍പിന്നെ അമ്പലത്തില്‍ എത്തുന്ന ചെറുപ്പക്കാരികളുടെ എണ്ണം മാത്രമല്ല കാണിക്കയിനത്തിലുള്ള വരുമാനവും വര്‍ദ്ധിച്ചു എന്നുള്ള കണ്ടെത്തലായിരുന്നു കമ്മറ്റിക്കാര്‍ക്ക്.

ഉമ്പ്രി ശാന്തി നാട്ടില്‍ പേരെടുത്ത് തുടങ്ങിയെങ്കിലും അതിന്റെയൊന്നും അഹങ്കാരം അദ്ദേഹത്തിനില്ലായിരുന്നു. അതുകൊണ്ടു തന്നെ തന്റെ കൈയില്‍ നിന്നും പ്രസാദം വാങ്ങുകയെന്ന ഉദ്ദേശ്യത്തോടെ മാത്രം എത്തിയിരുന്ന ചില ഭക്തകളെ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല.

അങ്ങനെയാണ് ഉമ്പ്രി ശാന്തി കോമളവല്ലിയുമായി പരിചയപ്പെടുന്നത്. പ്രസാദവിതരണത്തില്‍ തുടങ്ങിയതാണങ്കിലും പ്രമാദമായ ഒരു വിഷയമായി മാറുവാന്‍ അതിന് അധിക നാളുകള്‍ വേണ്ടിവന്നില്ല.

ഉമ്പ്രിശാന്തിയ്ക്ക് കോമളവല്ലിയേയോ, കോമളവല്ലിക്ക് ഉമ്പ്രിശാന്തിയേയോ കാണാതെയോ രണ്ട് വാക്ക് പറയാതെയോ ഒരു ദിവസം പോലും കഴിച്ച് കൂട്ടാനാവാതെയായി.
പക്ഷേ നിത്യേന വര്‍ദ്ധിച്ച് വരുന്ന ഭക്തജനങ്ങളുടെ ബാഹുല്യം ഉമ്പ്രി ശാന്തിക്കും കോമളവല്ലിക്കും വല്ലാത്തൊരു പൊല്ലാപ്പായി മാറുകയായിരുന്നു.
എങ്കിലും അവരതിനെയെല്ലാം അതിജീവിക്കുവനുള്ള മാര്‍ഗ്ഗം കണ്ടെത്തുക തന്നെ ചെയ്തു.

അല്ലാതെ വേറെ വഴിയുമില്ലല്ലോ.

അതിന്‍പ്രകാരമാണ് കോമളവല്ലി വഴിപാട് ചീട്ടിന്റെ കൂടെ പ്രേമച്ചീട്ട്കൂടി നല്‍കുവാന്‍ തുടങ്ങിയത്. ഉമ്പ്രിശാന്തി മറിച്ചും. തന്റെ മനസ്സ് മുഴുവനും പ്രസാദത്തിന്റെ കൂടെ പ്രത്യേകം പൂജിച്ച് വെച്ചിരുന്ന കടലാസുകഷണത്തിലാക്കി നല്‍കുവാന്‍ തുടങ്ങി.

അങ്ങനെ ഭക്തിരസപ്രദമായി നാളുകള്‍ നീങ്ങിക്കൊണ്ടിരുന്നു.

കണ്ണുമടച്ച് പാലുകുടിക്കുന്ന പൂച്ചയുടെ മനോഭാവത്തോടെ തങ്ങളുടെ ലീലാവിലാസങ്ങള്‍ നടത്തിപ്പോന്നിരുന്ന ഉമ്പ്രി കോമളവല്ലി പ്രണയിതാക്കള്‍ക്ക് തെറ്റി.

ദീപാരാധന തൊഴുന്നതിനിടെ കോമളവല്ലിയുടെ മുഖത്തിന്റേ ഭാവവ്യത്യാസങ്ങളും, അതു ഉമ്പ്രി ശാന്തിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും മനസ്സിലാക്കുവാന്‍ പ്രാപ്തരായ അനേകം ഭക്തര്‍ വേറെയുണ്ടന്നുള്ള യാഥാര്‍ത്ഥ്യം മനസ്സിലാക്കിയെടുക്കുവാന്‍ ഇരുവരും താമസ്സിച്ച് പോയി.
കാതുകളില്‍ നിന്നും കാതുകളിലേയ്ക്ക് പ്രണയവാര്‍ത്ത പടര്‍ന്നു.

വാര്‍ത്ത കോമളവല്ലിയുടെ ചേട്ടന്റെ ചെവികളിലുമെത്തി.

എവറസ്റ്റ് ജിമ്മില്‍ പോയി പാതിരാത്രിയെന്നോ പത്തുവെളുപ്പെന്നോ ഇല്ലാതെ കട്ടപൊക്കി വീര്‍പ്പിച്ചെടുത്ത തന്റെ ശരീരം മുഴുവനിളക്കിക്കാട്ടി കോമളവല്ലിയുടെ ചേട്ടന്‍ കോമളവല്ലിയ്ക്ക് അന്ത്യശാസനം നല്‍കി.

"എന്റനുവാദമില്ലാതെ ഈ വീടിന്റെ പടി കടന്നിറങ്ങിപ്പോകരുതസത്തേ. അവടെയൊരു ഭക്തി. വെട്ടികണ്ടം തുണ്ടമാക്കും രണ്ടിനേം."

പ്രാണനാഥനെ കണ്ടംതുണ്ടമാക്കി കാണുവാന്‍ ആഗ്രഹമില്ലാത്തതിനാല്‍ കോമളവല്ലി ദീപാരാധന തൊഴല്‍ തല്‍ക്കാലം നിര്‍ത്തി.

മനസ്സുകളുടെ അടക്കാനാവാത്ത തേങ്ങല്‍ എങ്ങനെ നിലയ്ക്ക് നിര്‍ത്തുവാനാണ്?
കോമളവല്ലി വല്ലാതെ ബുദ്ധിമുട്ടി.
പ്രണയിക്കുന്ന മനസ്സുകളുടെ കരുകരുപ്പ് മനസ്സിലാക്കാനാവാത്ത ചേട്ടനെ മനസ്സാ ശപിച്ച് കൊണ്ട് കോമളവല്ലി തന്റെ വ്യഥകളെല്ലാം ഒരു കടലാസിലോട്ട് പകര്‍ത്തി.
ഉമ്പ്രി ശാന്തിക്ക് കൊടുക്കുവാനായി.
എങ്ങനെ തന്റെ സന്ദേശം ശാന്തികളുടെ കൈയില്‍ എത്തിക്കും?
ഹംസത്തേയും കാത്ത് കോമളവല്ലി ഇരുന്നു.
ഭഗവാന്‍ പറഞ്ഞുവിട്ട ഹംസത്തെപ്പോലെ കാത്തുവല്യമ്മ പ്രത്യക്ഷപ്പെടുകയായിരുന്നു അപ്പോള്‍.

കൈയിലിരിക്കുന്ന പൂക്കളും എണ്ണയുമെല്ലാം കണ്ടപ്പോഴേ മനസ്സിലായി വല്യമ്മ അമ്പലത്തിലേക്കാണന്ന്.
പ്രായാധിക്യത്താല്‍ വല്യമ്മയ്ക്ക് നേരെ ചൊവ്വേ കണ്ണും കാണില്ല, കാതും കേള്‍ക്കില്ല. അക്ഷരമാണങ്കില്‍ ലവലേശം ദഹിക്കില്ല.
ഇതില്‍പരം എന്തു യോഗ്യതയാണ് ഹംസമാകാന്‍ വേണ്ടത്?
കോമളവല്ലി ചുറ്റുമൊന്ന് നോക്കി ആരും അടുത്തെങ്ങുമില്ലായെന്ന് ഉറപ്പുവരുത്തി.
പിന്നീട് ജീവിതത്തില്‍ ഇന്നേവരെ ആരോടും കാണിച്ചിട്ടില്ലാത്ത ബഹുമാനത്തോടും എളിമയോടും കൂടി വല്യമ്മയോട് ചോദിച്ചു.
“വല്യമ്മ അമ്പലത്തിലേക്കാ, അല്ലേ? ഈ വഴിപാട് ചീട്ടൊന്ന് ഉമ്പ്രി ശാന്തിയ്ക്ക് കൊടുത്തേക്കുമോ?”

“എന്തോന്നാ ശാന്തിയ്ക്കാ. ഇങ്ങു താ മോളേ. ഞാന്‍ കൊടുത്തേക്കാം”. വല്യമ്മ ചിരിച്ച് കൊണ്ട് തന്റെ സേവനസന്നദ്ധത അറിയിച്ചു.

വല്യമ്മ ശരിയാംവണ്ണം കേട്ടില്ലായെന്നു മനസ്സിലായതിനാല്‍ കോമളവല്ലി ഒന്നുകൂടി ഉറപ്പിച്ച് പറഞ്ഞു.
“ഉമ്പ്രിശാന്തിയ്ക്ക് തന്നെ വേണം കൊടുക്കാന്‍”
“ദേ, കൊച്ചേ എനിക്കേ നല്ലവണ്ണം കാതുകേക്കാം. എന്തിനാ ഇങ്ങനെ മനുഷേനെ കളിയാക്കണത്? ശാന്തീന്ന് പറഞ്ഞാല്‍ എനിക്ക് മനസ്സിലാകേലേ?” വല്യമ്മ ദേഷ്യത്തില്‍ ചീട്ടും വാങ്ങി അമ്പലത്തിലേയ്ക്ക് നടന്നു.
ദീപാരാധനയ്ക്ക് ശേഷം പ്രസാദ വിതരണം തുടങ്ങി.
മേല്‍ശാന്തി പേരും നാളും വിളിച്ച് ചൊല്ലി പ്രസാദ വിതരണം നടത്തുന്നു.

കാത്തുവല്യമ്മയ്ക്ക് കൂടുതല്‍ നേരം കാത്തിരിക്കാനുള്ള ക്ഷമയില്ലായിരുന്നു.
അവര്‍ ആളുകളെ തള്ളി നീക്കി മുന്‍പിലെത്തിയിട്ട് മേല്‍ശാന്തിയോട് പറഞ്ഞു.

“ന്റെ ശാന്തി, വല്യമ്മയ്ക്ക് ഇങ്ങനെ കുത്തിപ്പിടിച്ച് നിക്കാന്‍ പറ്റത്തില്ല. അതോണ്ട് ഈ പ്രസാദമിങ്ങെടുത്തേര് ” വല്യമ്മ മടിക്കുത്തഴിച്ച് വഴിപാട് ചീട്ട് കൊടുത്തു.

വല്യമ്മ നല്‍കിയ വഴിപാട് ചീട്ട് വായിച്ച് ശാന്തി ഞെട്ടി.

മേല്‍ശാന്തിയെന്നല്ല ലോകത്തൊരു ശാന്തിയും ഇങ്ങനെയൊരു വഴിപാടു ചീട്ടിനെക്കുറിച്ച് വിചാരിക്കുമോ?

താന്‍ പഠിച്ച മന്ത്രതന്ത്രങ്ങളിലൊന്നുമില്ലാത്ത പുതുപുത്തന്‍ സൂക്തങ്ങള്‍ വായിച്ചിട്ട് ശാന്തികള്‍ വല്യമ്മയോട് പറഞ്ഞു.
“ഉമ്പ്രിശാന്തി വരണം വല്യമ്മേ ഈ പ്രസാദം തരണേല്‍. കുറച്ച് നേരം അവിടിരിക്കു.”
അമ്പലനടയില്‍ കുത്തിയിരുന്ന വല്യമ്മയ്ക്ക് ക്ഷമ നശിച്ചു.

“ഒരു മേല്‍ശാന്തിയാണുപോലും. ഇന്നലെവന്ന പയ്യന്‍ വരാതെ പ്രസാദം തരാന്‍ പറ്റില്ലത്രേ. അവക്ക് വേണേല്‍ വന്ന് വാങ്ങിച്ചോളും. എനിക്ക് വേറേ പണിയൊണ്ട്.” വല്യമ്മ പിറുപിറുത്തുകൊണ്ട് അമ്പലത്തിന്റെ പുറത്തിറങ്ങി.

“എന്താ വല്യമ്മേ പിറുപിറുക്കണത്?” ആരോ ചോദിക്കുന്നത് കേട്ട് വല്യമ്മ ഒന്നു നിന്നു.
പിന്നെ കണ്ണുകള്‍ക്ക് മുകളില്‍ കൈ വെച്ചുകൊണ്ട് ശബ്ദത്തിന്റെ ഉടമയെ സൂക്ഷിച്ചു നോക്കി. കോമളവല്ലിയുടെ ആങ്ങള.

“ആ.ഹാ, നീയാ. നിന്റെ പെങ്ങളു തന്ന വഴിപാടുചീട്ട് ഞാന്‍ ശാന്തികളുടെ കൈയില്‍ കൊടുത്തിട്ടുണ്ട്. ഉമ്പ്രി ശാന്തി വന്നിട്ട് തരമെന്നാ പറയണെ. എനിക്ക് കൂടുതലു നേരം കുത്തിയിരിക്കാന്‍ മേലാത്തതുകൊണ്ട് ഞാനിങ്ങു പോന്നു. ഏതായാലും നിന്നെക്കണ്ടത് നന്നായി. നീ പോയി വാങ്ങിച്ചോടാ കൊച്ചനെ.” വല്യമ്മ നടന്നു നീങ്ങി.

കോമളവല്ലിയുടെ ചേട്ടന്‍ അമ്പലത്തിനുള്ളിലേക്ക് കുതിച്ചു.
മേല്‍ശാന്തികളുടെ മുന്നില്‍ നിന്ന് കിതച്ചുകൊണ്ട് ചോദിച്ചു.

“എവിടെ കാത്തു വല്യമ്മ തന്ന ചീട്ട്?”

ഹിരണ്യകശിപുവിനെ വധിക്കാനായി തൂണും പിളര്‍ന്ന് പുറത്തുചാടിയ നരസിംഹാവതാരത്തിനെപ്പോലെ ഉറഞ്ഞു തുള്ളി നില്‍ക്കുന്ന കോമളവല്ലിയുടെ ചേട്ടന്റെ മുഖം മേല്‍ശാന്തിയെ ഭയചകിതനാക്കി.
താന്‍പോലുമറിയാതെ ശാന്തി വഴിപാട് ചീട്ട് കോമളവല്ലിയുടെ ചേട്ടനെ ഏല്‍പ്പിച്ചു.

സമയമൊട്ടും കളയാതെ അദ്ദേഹമത് വായിച്ചു തീര്‍ത്തു.


ഈ വായനയുടെ അനന്തരഫലമായി ഉമ്പ്രി ശാന്തി മെഡിക്കല്‍കോളേജില്‍ ഒരു മാസം സര്‍വ്വാംഗാസനവും രണ്ട് മാസം വീട്ടില്‍ ശവാസനവും പരിശീലിച്ച് പതന്‍ജലി മഹര്‍ഷിയെ വെല്ലുന്ന യോഗാചാര്യനായി പുറത്തിറങ്ങിയപ്പോഴേയ്ക്കും ഏതോ ഒരു ഹതഭാഗ്യന്‍ കോമളവല്ലിയെ കെട്ടിയെടുത്തോണ്ട് പൊയ്ക്കഴിഞ്ഞിരുന്നു.


N.B:- ഇത് പണ്ടത്തെ കഥ! ശാന്തിമാര്‍ക്ക് വലിയ വരുമാനമൊന്നും ഇല്ലാതിരുന്ന കാലത്തെ കഥ.

Read more...

മനുഷ്യരൂപം പൂണ്ട ദൈവങ്ങള്‍

Sunday, February 4, 2007

സേതുവിന് കല്യാണ പ്രായമെത്തിയതോടെ അമ്മയ്ക്ക് ആധി തുടങ്ങി. ഊണിലും ഉറക്കത്തിലും അമ്മയ്ക്ക് ഒറ്റ വിചാരമേയുള്ളൂ. ഏക മകളെ നല്ല നിലയില്‍ കെട്ടിച്ചുവിടണമെന്ന്.

കെട്ടു പ്രായം തികഞ്ഞു നില്‍ക്കുന്ന പെണ്മക്കളുള്ള ഏതൊരമ്മയ്ക്കും തോന്നുന്ന വികാരമേ സത്യത്തില്‍ അമ്മയ്ക്കും ഉണ്ടായിരുന്നുള്ളു.
പക്ഷേ അച്ഛന് അതു വല്ലതും മനസ്സിലാവേണ്ടേ.
അച്ഛന്‍ അമ്മയുടെ വേവലാതിക്ക് കാര്യമായ പ്രാധാന്യം നല്‍കിയിരുന്നില്ല.
കല്യാണം,വീടുവെയ്പ്പ് മുതലായവ നമ്മളു വിചാരിക്കണ രീതിയില്‍ നടക്കുകേലന്നാണ് അച്ഛന്‍ പറയുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടന്നാണ് അച്ഛന്റെ പ്രമാണം.

അച്ഛന്റെ പ്രമാണം സഹിക്കാനാവാതായ ഒരു സന്ധ്യക്ക് അമ്മ പൊട്ടിത്തെറിച്ചു.

“അങ്ങനെ വിചാരിച്ചോണ്ട് നിങ്ങളവിടെ കാലും നീട്ടി ഇരുന്നോ. നല്ല ആമ്പിള്ളേര് ഒറ്റൊരെണ്ണം കേറുകേലിങ്ങോട്ട്. അതിനേ എണ്ണിക്കൊടുക്കണം. നിങ്ങടെ കൈയിലുണ്ടോ വല്ലതും. പെണ്ണിന്റെ കഴുത്തേലും കാതേലും കെടക്കണതുതന്നെ ഞാന്‍ ചുമടു ചുമന്നുണ്ടാക്കിയതാ. പത്തുസെന്റ് സ്ഥലവും നടുക്കുള്ള കൂരയും കെട്ടിപ്പിടിച്ചോണ്ടിരുന്നിട്ട് ഒരു കാര്യോമില്ല.എങ്ങനേങ്കിലും കുറച്ച് പണമോ സ്വര്‍ണ്ണമോ ഒണ്ടാക്കാന്‍ ശ്രമിക്കെന്റെ മനുഷ്യാ.”

അമ്മയുടെ നിര്‍ത്താതെയുള്ള ശകാരം സഹിക്കാനാവാതെയായപ്പോള്‍ അച്ഛന്‍ ചൂടായി.

"ഇത്രയും കാലം ഇവിടെ നടന്ന കാര്യങ്ങളെല്ലാം നിന്റെ കുടുമ്പത്തീന്ന് കൊണ്ട് വന്നിട്ടാ നടത്തീത്. എനിക്കാരുടേം
ഔദാര്യം ആവശ്യമില്ല. എന്റെ മോടെ കാര്യം നോക്കാനെനിക്കറിയാം."

"ങ്ങാ. കാണാം.കാണാം. വീടുവെച്ചതിന്റെ കോടിക്കഴുക്കോലുവരെ എന്റെ വീട്ടീന്ന് കൊണ്ടുവന്നതാ. എന്നിട്ടിപ്പോ ഒന്നും കണ്ടതുമില്ല കേട്ടതുമില്ല. എങ്ങനാ വല്ലോരും സഹായിക്കണെ. നന്ദിയെന്ന് പറയുന്നതൊന്നുവേണം." അമ്മ വിട്ട് കൊടുത്തില്ല.

സംഗതി അടിപിടിയിലെത്തുമെന്ന് കണ്ടപ്പോള്‍ സേതു കയറി ഇടപെട്ടു.
"എന്നെക്കരുതി ആരുമിവിടെ വഴക്കിടേണ്ട. എന്റെ കല്യാണം നടന്നില്ലന്ന് കരുതി ലോകമൊന്നും ഇടിഞ്ഞ് വീഴാന്‍ പോണില്ലല്ലോ?"

സേതു ഇടപെട്ട് കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയും അതുവരെയുള്ള കാര്യങ്ങളെല്ലാം മറന്നു. പിന്നെ സംസാരം ഗൗരവകരമായ ഭാവികാര്യങ്ങളെക്കുറിച്ചായി.

"പിന്നേ ഇന്ന് രാവിലെ ജഗദ വന്നിരുന്നു." അമ്മ പറഞ്ഞു തുടങ്ങി.
ജഗദചിറ്റ രാവിലെ വന്നിരുന്നതിനെക്കുറിച്ചാണ് അമ്മ സംസാരിക്കുന്നത്.
ജഗദചിറ്റയുടെ വീടിനടുത്തുള്ള ഗവണ്മെന്റ് ജോലിക്കാരനും നല്ല കുടുംബതിലെ അംഗവുമായ ഏതോ ഒരു പയ്യനെക്കുറിച്ചുള്ള വിവരണമാണ് ചിറ്റ നടത്തിയത്.
അവര്‍ സേതുവിനെ എപ്പോഴോ എവിടെയോ വെച്ച് കണ്ടിട്ടുണ്ടന്നും പെണ്ണുകാണാനായി വരുവാന്‍ താല്‍പ്പര്യമുണ്ടന്നുമൊക്കെയുള്ള വിവരങ്ങള്‍ അറിയിച്ചതിനു ശേഷമാണ് ജഗദ ചിറ്റ മടങ്ങിയത്.

അമ്മയ്ക്ക് സന്തോഷമുണ്ടാവാതിരിക്കുമോ?

ആ സന്തോഷമാണ് അമ്മ അച്ഛനോട് പങ്കുവെയ്ക്കുന്നത്.

അച്ഛനിലെ ദുരഭിമാനം സടകുടഞ്ഞെണീറ്റു.

രണ്ട് സ്ത്രീകള്‍ ഇത്രയധികം സുപ്രധാനമായ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നുപറഞ്ഞാല്‍!
അച്ഛനിലെ അമര്‍ഷം വാക്കുകളായി പുറത്തുവന്നു.

"ഞാനിപ്പോ എന്താ പറയേണ്ടേ? എല്ലാം നീയും അനിയത്തിയും കൂടി തീരുമാനിച്ചല്ലോ! നടക്കട്ടെ അങ്ങനെതന്നെ."

“ദേ,കണ്ടോ. ഈ മനുഷ്യേന്റെ കാര്യം.സ്വന്തം മോളുടെ കാര്യമായിട്ട് കൂടി ഒരു ചൂടുമില്ല.ശുഷ്ക്കാന്തിയുമില്ല. ഞാനിപ്പോ എന്താ ചെയ്യേണ്ടതെന്റെ ഭഗവതീ.”
അമ്മ നിറഞ്ഞു വന്ന കണ്ണ് കൈകൊണ്ട് തുടച്ചുകൊണ്ട് അടുക്കളയിലോട്ട് പോയി.

അത്താഴം കഴിക്കാനിരുന്നപ്പോള്‍ അച്ഛനാണ് വീണ്ടും വിഷയമെടുത്തിട്ടത്.

പിന്നേ, നീ ജഗദയോടറിയിക്ക് അവരിങ്ങോട്ട് വരാനായി.ഏതായാലും ഇനി അങ്ങനൊരു പരിഭവം വേണ്ട.”

“നിങ്ങളെന്തോന്നാ ഈ പറയണത്.അവരിങ്ങോട്ട് വരാന്‍ പറയാനോ?”

അമ്മയുടെ മറുപടി കേട്ട് അപ്പുക്കുട്ടന്‍ അതിശയിച്ചു. കുറച്ച് മുമ്പ് വരെ ഏതെങ്കിലുമൊരു ചെറുക്കന്‍ വന്നുകിട്ടിയാല്‍ മതിയെന്നായിരുന്നു. ഇപ്പോള്‍!

“അവരേ നല്ല കുടുമ്പത്തിലെ ആള്‍ക്കാരാ. ഇവിടെ എന്തു കണ്ടോണ്ടാ അവരിങ്ങോട്ട് വരണത്? വല്ല ആമ്പിള്ളേരും വന്നാല്‍ ഒന്നിരിക്കാന്‍ ഒരു കസേരയുണ്ടോ ഇവിടെ? ഒരു ബഞ്ചുണ്ടോ ഇവിടെ. പോട്ടെ, നേരേ ചൊവ്വേ കുറച്ച് വെള്ളം കൊടുക്കാന്‍ ഉളുമ്പ് മണമില്ലാത്ത ഒരു ഗ്ളാസ്സുണ്ടോ ഇവിടെ?”

അപ്പോള്‍ അതാണ് സംഗതി. അപ്പുക്കുട്ടനിപ്പോള്‍ എല്ലാം മനസ്സിലായി.ഭാവിയിലെ മരുമകന്റെ മുന്നില്‍ അന്തസ്സ് കളയാതിരിക്കാനുള്ള വഴി ആലോചിക്കുകയാണ് അമ്മ.

“നീയൊന്നടങ്ങെന്റെ പെമ്പ്രന്നോത്തീ, അവരു പെണ്ണിനെ കാണാനല്ലേ ഇവിടെ വരണത്? അല്ലാതെ നിന്റെ പദവിയും പത്രാസും കാണാനല്ലല്ലോ? നീ പറഞ്ഞ പോലെയൊക്കെ നോക്കിയിരുന്നേ ഞാന്‍ നിന്നെ കെട്ടുമാരുന്നോ?
എത്ര ബഞ്ചും കസേരയുമായിരുന്നു നിന്റെ വീട്ടില്‍! വള്ളത്തീരുന്നല്ലേ ഞാന്‍ നിന്നെ പെണ്ണു കണ്ടതുതന്നെ. എന്നിട്ട് അവടെയൊരു വര്‍ത്താനം കേട്ടില്ലേ!”

അച്ഛന്‍ അപ്പുക്കുട്ടനേയും സേതുവിനേയും നോക്കി കണ്ണിറുക്കി ചിരിച്ചു.

അമ്മയുടെ മുഖത്ത് ഒരു നാണം മൊട്ടിട്ടു.

“പിള്ളാരുടെ മുമ്പീ വെച്ചാ അങ്ങേരുടെ ഒരു പഴങ്കഥ! ഒന്നു പോ എന്റെ മനുഷ്യാ. പണ്ടത്തെ കാലമല്ല ഇപ്പോളത്തെ. വരുന്നവരേ നമ്മടെ ചുറ്റുപാടൊക്കെ നോക്കും.”

അച്ഛന്‍ തന്റെ പഴയ പല്ലവി ആവര്‍ത്തിച്ചു.
“നീ അവരോട് വരാന്‍ പറ. ബാക്കിയെല്ലാം വിധിപോലെ നടക്കും. നമ്മളെ മനസ്സിലാക്കാന്‍ പറ്റണവരാണങ്കില്‍ നീ പറഞ്ഞതൊന്നും ഒരു പ്രശ്നാവില്ല.”

ശരിയായിരുന്നു അച്ഛന്‍ പറഞ്ഞത്.
അവര്‍ക്ക് സേതുവിനെ ഇഷ്ടപ്പെട്ടു.
വീടും സ്ഥലവുമൊന്നും പ്രശ്നമായില്ല.

പെണ്ണിന് ചെറുക്കനേയും, ചെറുക്കന് പെണ്ണിനേയും ഇഷ്ടപ്പെട്ടതുകൊണ്ട് കല്യാണം നടക്കണമെന്നില്ലല്ലോ?
കുടുംബത്തിലെ കാരണവന്മാരുടെ സമ്മതം വേണ്ടേ?
രണ്ടു കൂട്ടരുടേയും കാരണവന്മാര്‍ ഒത്തുകൂടി.
അവസാനം ഒരു തീരുമാനത്തിലെത്തി.
ചെറുക്കന്റെ ജോലിയ്ക്കും കുടുംബത്തിനും യോജിക്കുന്ന രീതിയില്‍ പെണ്‍വീട്ടുകാര്‍ എന്തെങ്കിലും ചെയ്യണം.
അതും അവര്‍ തിരുമാനിച്ചു.

35 പവന്‍!

തീരുമാനമെടുത്തവര്‍ പലവഴി പിരിഞ്ഞു.
അച്ഛനും അമ്മയും തലയ്ക്ക് കൈയും കൊടുത്തിരുന്നു.
പത്തു പേരുടെ മുന്നില്‍ വെച്ച് വാക്ക് കൊടുത്തുപോയി.
എന്തു ചെയ്യും? എങ്ങനെ ചെയ്യും?
ഒരെത്തും പിടിയും കിട്ടിയില്ല.
അടുത്ത ബന്ധുക്കള്‍ വാഗ്ദാനം ചെയ്തതും,സേതുവിന്റെ കഴുത്തിലും കാതിലുമുള്ളതെല്ലാം കൂടി നുള്ളിപ്പെറുക്കിയാല്‍ 20 പവനോളമുണ്ട്.

ബാക്കി?

വിറ്റുപെറുക്കാനായി പത്തുസെന്റ് സ്ഥലവും നടുക്കുള്ള കൂരയുമല്ലാതെ മറ്റൊന്നുമില്ല.

“നമ്മുക്കീ സ്ഥലവും വീടും കൂടിയങ്ങ് വിക്കാം.” അച്ഛന്‍ പറഞ്ഞു.

“പിന്നേ, സ്ഥലവും വീടും വിറ്റിട്ട് എനിക്കങ്ങനെയൊരു ജീവിതം വേണ്ട.നിങ്ങളന്നിട്ട് കടത്തിണ്ണയില്‍ പോയി കിടക്കുമോ? കല്യാണം കഴിച്ചില്ലായെന്ന് വെച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോണില്ല.” സേതു തറപ്പിച്ച് പറഞ്ഞു.


“നിങ്ങളോര്‍ക്കുന്നുണ്ടോ നമ്മളെങ്ങനെയാണീ വീടുവെച്ചതെന്ന്? അച്ഛന്റെ മറുപടിയ്ക്കായി കാത്തുനില്‍ക്കാതെ അമ്മ തുടര്‍ന്നു.

സേതു പണ്ട് അവളുടെ കൂട്ടിക്കാലത്ത് സ്കൂളിലെ കൂട്ടുകാരികളുമായി ഇവിടെ വന്നതും, നിലം പൊത്താറായി നിന്നിരുന്ന ഓലപ്പുരയുടെ അവസ്ഥ കണ്ട് അവളെ കളിയാക്കിയതും, പിന്നിട് നാണക്കേടുകൊണ്ട് സ്ക്കൂളില്‍ പോകില്ലായെന്ന് പറഞ്ഞ് കരഞ്ഞതുമെല്ലാം നിങ്ങളിത്ര പെട്ടെന്ന് മറന്നോ? അപ്പുക്കുട്ടനുമുണ്ടായിരുന്നു വിഷമം. അവനും ഒറ്റ കൂട്ടുകാരേയും ഇങ്ങോട്ട് കൊണ്ടു വരുമായിരിന്നില്ലല്ലോ?”

ശരിയാണ്. അപ്പുക്കുട്ടനോര്‍ത്തു.
പണ്ട് കുട്ടിക്കാലത്ത് തനിക്കും സേതുവിനും കൂട്ടുകാരെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് ഒരുതരം നാണക്കേടായിരുന്നു.
പാമ്പ്, പാറ്റ,പല്ലി,തേരട്ട,പഴുതാര,എലി തുടങ്ങി ഭൂലോകത്തിലെ സര്‍വ്വ ജീവജാലങ്ങളുടേയും വിഹാരകേന്ദ്രമായിരുന്ന നാലുകാലില്‍ നിര്‍ത്തിയ ഓലമേഞ്ഞ ആ ബംഗ്ളാവിലേയ്ക്ക് ആരേയും കൊണ്ടുവരാന്‍ താനും സേതുവും ആഗ്രഹിച്ചിരുന്നില്ല.

അച്ഛനും അമ്മയും കൂടി വീടു വെയ്ക്കുന്നതിനെക്കുറിച്ച് ഉറച്ചൊരു തീരുമാനമെടുക്കുന്നത് തന്നെ സേതുവിന്റെ ജീവനു ഭീഷണിയായി മാറിയ മൂര്‍ഖന്‍ പാമ്പിനെ അച്ഛന്‍ കൊയ്ത്തരിവാളിന് വെട്ടിക്കൊന്ന അന്നാണ്.

ഐസുമിഠായിക്കാരന്റെ മണിയടികേട്ട് തന്റെ സമ്പാദ്യമായ കശുവണ്ടി ഇട്ടുവെച്ചിരുന്ന വട്ടിയില്‍ കൈയിട്ടതായിരുന്നു സേതു. പെട്ടെന്നായിരുന്നു എന്തോ ഒന്ന് അവളുടെ കൈയിലൂടെ ഇഴഞ്ഞ് മാറിയത്. അവള്‍ കരഞ്ഞ് വിളിച്ച് കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.
ഓലമെടയുവാനായി തെങ്ങോല കീറിക്കൊണ്ട് നിന്നിരുന്ന അച്ഛന്‍ കരച്ചില്‍ കേട്ട് അരിവാളുമായി ഓടിയെത്തി.

സേതു കാണിച്ച് കൊടുത്ത മൂലയില്‍ വടികൊണ്ട് കുത്തി നോക്കിയ അച്ഛന്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പത്തിവിടര്‍ത്തിനിന്നാടുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടു.

അച്ഛനൊന്നും ആലോചിച്ചില്ല. അന്നേരത്തെ ആവേശത്തിന് അരിവാളുകൊണ്ടൊരു വെട്ടങ്ങു കൊടുത്തു.

പാമ്പ് രണ്ട് കഷണം!

ഓടിക്കൂടിയവരെല്ലാം അച്ഛനെ വഴക്ക് പറഞ്ഞു.
പത്തി വിടര്‍ത്തിനിന്നാടിയ പാമ്പിനെ വെട്ടിയതിന്. ആയുസ്സിന്റെ ബലം കൊണ്ടൊന്നുമാത്രമാണത്രേ അച്ഛനന്ന് രക്ഷപ്പെട്ടത്.
അന്ന് അച്ഛനും അമ്മയും കൂടി തീരുമാനമെടുത്തതാണ് എങ്ങിനെയെങ്കിലും വീടു വെയ്ക്കണമെന്ന്.

അങ്ങനെയാണ് സ്ഥലത്തിന്റെ ആധാരം വെച്ചെടുത്ത പൈസാകൊണ്ട് വീടെന്ന് വേണമെങ്കില്‍ പറയാവുന്ന ഈ ഓടു മേഞ്ഞ കൂര വെച്ചത്.

“എന്താണ് എല്ലാരും കൂടി ഒരാലോചന? കല്യാണക്കാര്യമായിരിക്കുമല്ലേ?” തോമ്മാച്ചന്റെ ശബ്ദം കേട്ടാണ് അപ്പുക്കുട്ടന്‍ ഓര്‍മ്മയില്‍ നിന്നും മടങ്ങിവന്നത്.(തോമ്മാച്ചന്‍ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.)

അമ്മയാണ് മറുപടിപറഞ്ഞത്.

“എല്ലാക്കാര്യവും തോമ്മാച്ചനറിയാവുന്നതല്ലേ? വീടും സ്ഥലവും കൂടി വിക്കാമെന്നാണ് ഈ മനുഷ്യേനിപ്പൊ പറയണത്.”

“ഓഹോ. അത്രത്തോളമെത്തിയോ കാര്യങ്ങള്.അതിന് മുന്‍പ് ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിച്ച് കേക്ക് രണ്ടാളും.” തോമ്മാച്ചന്‍ പറയുവാന്‍ തുടങ്ങി.

“എന്റെ ഒരു പരിചയക്കാരനുണ്ട്. വര്‍ഗ്ഗീസ്സ്. അവന് പട്ടണത്തിലെ ജ്വല്ലറീലാ പണി. അവന്റെ മൊതലാളിയുമായി സംസാരിച്ച് കൊറച്ച് സ്വര്‍ണ്ണം സംഘടിപ്പിക്കാമോയെന്ന് നോക്കാട്ടെയെന്നാണ് അവന്‍ പറഞ്ഞത്.
നീ എന്റെ കൂടെ വന്നാല്‍ നമ്മക്ക് സംസാരിക്കാം.” തോമ്മാച്ചന്‍ അച്ഛനെ വിളിച്ചു.

എന്റെ ഭഗവതീ ഇതെങ്ങനെയെങ്കിലും ശരിയാവണേ...
എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണേ...
അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അച്ഛന്‍ തോമ്മാച്ചന്റെ കൂടെ പോയി.

അച്ഛന്‍ തിരിച്ച് വന്നപ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു.

“എന്തായി? തോമ്മാച്ചനെവിടെ?”
അച്ഛന്‍ വീടിന്റെ പടി കേറുന്നതിന് മുന്നേ അമ്മ ചോദിച്ചു.

“നീയൊന്നടങ്ങ്. എല്ലാം ഞാന്‍ പറയാം. അതിന് മുമ്പേ കുടിക്കാന്‍ കൊറച്ച് വെള്ളമിങ്ങെട്.” അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ മുഖത്തെ പ്രസാദം കണ്ടപ്പോള്‍ തന്നെ അനുകൂലമായ എന്തോ സംഭവിച്ചിട്ടുണ്ടന്ന് അപ്പുക്കുട്ടന് മനസ്സിലായി.
അച്ഛന്‍ ഷര്‍ട്ട് ഊരി അഴയിലിട്ടു.
അമ്മ കൊണ്ടു വന്ന കഞ്ഞിവെള്ളവും കുടിച്ചുകൊണ്ട് പറഞ്ഞു.
“നേരമൊത്തിരി താമസിച്ചതിനാല്‍ തോമ്മാച്ചന്‍ നേരെ അവന്റെ വീട്ടിലേയ്ക്ക് പോയി.
വര്‍ഗീസിനെ കണ്ടു.
തല്‍ക്കാലം കാര്യങ്ങളൊക്കെ നടക്കുമെന്നാ തോന്നുന്നേ.
പക്ഷേ അതു കഴിഞ്ഞുള്ള കാര്യങ്ങളാ പ്രശ്നം.”

അമ്മയ്ക്ക് ആകാംക്ഷയായി.
“നിങ്ങളൊന്ന് വേഗം തൊറന്ന് പറയുന്നുണ്ടോ. മനുഷേനിവിടെ ഇരിക്കപ്പൊറുതിയില്ലാണ്ടിരിക്കുമ്പോളാ എങ്ങുമെങ്ങും തൊടീക്കാണ്ടുള്ള ഒരു വര്‍ത്താനം.”

“ദേ. പിന്നേം തൊടങ്ങി. ഇതാ നിന്റെ കൊഴപ്പം. ഒന്നും നേരെ ചൊവ്വേ കേക്കത്തുമില്ല. മനസ്സിലാക്കത്തുമില്ല.”
അമ്മയുടെ ഇടയ്ക്ക് കേറിയുള്ള സംസാരം ഇഷ്ടപ്പെടാതെ അച്ഛന്‍ പറഞ്ഞു.

“വര്‍ഗ്ഗീസിനെ കണ്ടു. സ്വര്‍ണ്ണതിന്റെ കാര്യം ഏതാണ്ടൊക്കെ ശരിയാവുകയും ചെയ്തു. പക്ഷേ കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പണം തിരികെ കൊടുക്കണം.തോമ്മാച്ചനുമായിട്ടുള്ള പരിചയം കൊണ്ടാ വര്‍ഗീസ് ഇങ്ങനെയെങ്കിലും സമ്മതിച്ചത്.തല്‍ക്കാലം കല്യാണമങ്ങ് നടക്കട്ടെ. ബാക്കി വരുന്നിടത്ത് വെച്ച് കാണാം.” അച്ഛന്‍ ആത്മഗദമെന്നോണം പറഞ്ഞു.

“നിങ്ങള് വെപ്രാളപ്പെടാണ്ടിരി. പൈസാ കല്യാണം കഴിഞ്ഞു കൊടുത്താ പോരേ? പ്രസന്റേഷനായി നമ്മക്ക് കൊറച്ച് പൈസ കിട്ടാണ്ടിരിക്കുമോ? നമ്മളും പലപ്പോഴും പലര്‍ക്കായി ഒത്തിരി കൊടുത്തിട്ടുള്ളതല്ലേ? അതെല്ലാം കൂടി പിരിഞ്ഞു കിട്ടിയാല്‍ തന്നെ വലിയ ആശ്വാസമാകും.” അമ്മ അച്ഛനെ സമാധാനിപ്പിച്ചു.

ആ... എല്ലാം ദൈവത്തിനറിയാം. അച്ഛന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

ശരിയായിരുന്നു.എല്ലാം ദൈവത്തിനറിയാമായിരുന്നു.

എല്ലാം നേരേക്കൂട്ടി എഴുതിവച്ചിരുന്നത് പോലെയാണല്ലോ പിന്നിട് നടന്നതെല്ലാം.

കല്യാണതലേന്ന് പാതിരാത്രിയാവോളം പെണ്ണിനെ അണിയിച്ചിറക്കാനുള്ള സ്വര്‍ണ്ണമില്ലാതിരിക്കുക. നാട്ടുകാരും, ബന്ധുക്കളുമെല്ലാം എത്തിയിരിക്കുന്നു.
സ്വര്‍ണ്ണം മാത്രമില്ല.
സ്വര്‍ണ്ണമെത്തിക്കാമെന്ന് പറഞ്ഞ വര്‍ഗീസു ചേട്ടനുമില്ല.
പക്ഷേ അതു തങ്ങളുടെ വെപ്രാളം വര്‍ദ്ധിപ്പികാനുള്ള നിമിത്തം മാത്രമായിരുന്നെന്ന് പാതിരാത്രികഴിഞ്ഞ് സ്വര്‍ണ്ണവുമായി വര്‍ഗീസു ചേട്ടന്‍ എത്തിക്കഴിഞ്ഞ് മാത്രമാണറിഞ്ഞത്.
തിരുവനന്തപുരത്ത് പോയിരുന്ന മൊതലാളി തിരിച്ച് വന്നത് വളരെ താമസിച്ചായിരുന്നുവത്രേ!
ഭാഗ്യം! മൊതലാളി താമസിച്ചായാലും തിരിച്ചു വന്നത്. അല്ലെങ്കിലെന്തു ചെയ്യുമായിരുന്നു?

ദൈവമേ... കാത്തുകൊള്ളണേ... അമ്മ ആ പാതിരാത്രിക്കും ദൈവത്തെ വിളിച്ചുണര്‍ത്തി.

കല്യാണം വളരെ ഭംഗിയായി നടന്നു.

സേതു ആനന്ദ കണ്ണീരൊഴുക്കി. അമ്മ കൂടെ കരഞ്ഞു.
സേതുവിന് പുറകേ ബന്ധുക്കാരും സ്വന്തക്കാരുമെല്ലാം അവരവരുടെ വീടുകളിലേയ്ക്ക് പോയി.

പൂരം കഴിഞ്ഞ ഉത്സവ പറമ്പ് പോലെയായി വീട്.

അച്ഛനും അമ്മയും അപ്പുക്കുട്ടനും മാത്രം അവശേഷിച്ചു.

വിധിയുടെ വിളയാട്ടത്തിനായി കാതോര്‍ത്തുകൊണ്ട്...


പിരിവു കാശ് എണ്ണിനോക്കി.

പാചകക്കാരനും, പന്തലുകാരനും,നാദസ്വരക്കാരനും,സാമാനങ്ങള്‍ വാങ്ങിയ വകയില്‍ ഉത്തമന്‍ ചേട്ടനും കൊടുക്കാനുള്ളതും കഴിഞ്ഞ് പറയത്തക്കതായി ഒന്നുമില്ല.

എന്താ ചെയ്ക. അച്ഛന് വയറുവേദന ആരംഭിച്ചു.

ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
സേതുവും അളിയനും വിരുന്നു വന്ന് പോയി.
പണം തിരിച്ച് കൊടുക്കുവാന്‍ എതാനും ദിവസ്സങ്ങള്‍ മാത്രം.

സ്ഥലവും വീടും കൂടി വില്‍ക്കുക തന്നെ. അച്ഛന്‍ തീരുമാനമെടുത്തിരുന്നു.

“സേതു രക്ഷപ്പെട്ടല്ലോ. നമ്മുക്കതുമതി. കുറച്ച് വടക്കോട്ട് മാറിയാല്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടും. അവിടെ ഒരു കൂര കെട്ടിയാല്‍ മൂന്നുപേര്‍ക്ക് സുഖമായി കഴിയാനാവും.അപ്പുക്കുട്ടന്റെ കാര്യമല്ലേ? അവന് ജോലി കിട്ടീട്ടുണ്ടല്ലോ? എല്ലാം ശരിയാവും.” അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ പദ്ധതി സേതു എങ്ങനേയോ മണത്തറിഞ്ഞു.

അവള്‍ ഭര്‍ത്താവില്ലാതെ ആദ്യമായി വീട്ടിലെത്തിയതുകണ്ട് അമ്മ അമ്പരന്നു.

“എന്താ, മോളേ നീ തനിച്ച്. അവനെന്തിയേ നിന്റെ കെട്ടിയോന്‍.” അമ്മ ചോദിച്ചു.

സേതു ചിരിച്ചു.
“എന്നെ കെട്ടിച്ച് വിട്ടിട്ട് നിങ്ങളിവിടെ തീ തിന്നുകയാ അല്ലേ?” പിന്നെയവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ തോളിളോട്ട് ചാഞ്ഞു.

“ഛേ, എന്തായിത് മോളേ? നീയെങ്കിലും രക്ഷപ്പെട്ടല്ലോ. ഈ അമ്മയ്ക്കതു മതി.അപ്പുക്കുട്ടനൊരാണല്ലേ. അവന്റെ കാര്യം അവന്‍ നോക്കിക്കൊള്ളും. നീ വെഷമിക്കാണ്ടിരി.” അമ്മ അവളെ ആശ്വസിപ്പിച്ചു.
സേതുവിന്റെ തേങ്ങലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെയവള്‍ സാരിത്തലപ്പുകൊണ്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

“അമ്മേ, ചേട്ടനും അവിടുത്തെ അമ്മയുമെല്ലാം നല്ല ആള്‍ക്കാരാ. നമ്മുടെ ബുദ്ധിമുട്ടൊക്കെ അവര്‍ക്കറിയാം.ജഗദ ചിറ്റ എല്ലാം അവരോട് നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. അച്ഛനോട് പറഞ്ഞുകൂടെ അവരോടൊന്ന് ചെന്ന് സംസാരിക്കാന്‍.”

“എന്തു സംസാരിക്കാന്‍... പണത്തിനു വേണ്ടിയോ? അതു ശരിയാവില്ല. പുത്തന്‍ ബന്ധുക്കാരോട് കടം ചോദിക്കുകയെന്നുപറഞ്ഞാല്‍...നല്ല കുടുംബത്തിലെ ആര്‍ക്കെങ്കിലും ചേരുന്നതാണോ?” അമ്മയ്ക്കതത്ര ഇഷ്ടപ്പെട്ടില്ല.

“എങ്കി നിങ്ങളു കുടുംബ മാഹാത്മ്യോം കെട്ടിപ്പിടിച്ചോണ്ടിരുന്നോ. കല്യാണം കഴിഞ്ഞ് പത്ത് നാളിന്നുള്ളില്‍ വീടും പുരയിടവും വിറ്റ് കടതിണ്ണേല്‍ കെടക്കുമ്പോ എല്ലാ അഭിമാനവുമുണ്ടാവും. സ്വന്തമായി വീട് പോലുമില്ലാത്തവളായി എനിക്കവിടെ കഴിയേണ്ടി വരും. ബന്ധു വീട്ടുകാരെ വഴിയാധാരമാകിയെന്ന പേര് ചേട്ടനുണ്ടാവും.
വേണ്ട. എന്നെക്കുറിച്ചാലോചിക്കേണ്ട. അപ്പുക്കുട്ടന്റെ ആഗ്രഹത്തെയല്ലേ നിങ്ങളില്ലാതാക്കുന്നേ? അവനീ വീട് വിട്ട് എങ്ങോട്ടെങ്കിലും പോകാന്‍ മനസ്സുണ്ടോയെന്ന് ഒന്ന് ചോദിച്ച് കൂടായിരുന്നോ നിങ്ങള്‍ക്ക്.
അല്ലെങ്കിലും ഞാനിപ്പോ ആരാ നിങ്ങക്ക്. വല്ലവീട്ടിലെയുമായിപ്പോയില്ലേ? നടക്കട്ടെ. എല്ലാം നടക്കട്ടെ നിങ്ങളുടെയൊക്കെ ഇഷ്ടം പോലെ.”

സേതു കരഞ്ഞു കൊണ്ട് വീട് വിട്ടിറങ്ങി.

അമ്മ തലയ്ക്ക് കൈ കൊടുത്തിരുന്ന് തേങ്ങി.

“ഏതായാലും സേതു പറഞ്ഞതല്ലേ? അച്ഛനെന്താ ഒന്നവിടം വരെ പോയി അളിയനോടെല്ലാം പറഞ്ഞാല്‍...
വീടു വില്‍ക്കുന്നത്രയും അഭിമാനക്കേടൊന്നുമല്ലല്ലോ അതു?” അപ്പുക്കുട്ടന്‍ അമ്മയോട് ചോദിച്ചു.

പിറ്റേന്ന് തന്നെ അച്ഛന്‍ സേതുവിന്റെ വീട്ടിലേയ്ക്ക് തിരിച്ചു.

ഒരിക്കലും ഒരച്ഛനും ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവരുതേയെന്ന പ്രാര്‍ത്ഥനയോടെ.

“ഈ സ്വര്‍ണ്ണമെല്ലാം ഇവിടെ വെച്ചിട്ട് എന്തു ചെയ്യാനാ? സേതുവിന് എല്ലാം കൂടി ഇടുവാന്‍ പറ്റുമൊ? അച്ഛനിതു കൊണ്ടുപോയി ബാദ്ധ്യത എല്ലാം തിര്‍ത്തിട്ട് ബാക്കിയുള്ളത് തിരിച്ചേല്‍പ്പിച്ചാല്‍ മതി.” അളിയന്റെ അമ്മയുടെ കൈയില്‍ നിന്നും ആഭരണപ്പെട്ടി അച്ഛനെ ഏല്‍പ്പിച്ചു കൊണ്ട് അളിയന്‍ പറഞ്ഞു.

മനുഷ്യ രൂപം പൂണ്ട ദൈവങ്ങളെ മനസ്സാധ്യാനിച്ച് കൊണ്ട് ആഭരണപ്പെട്ടി തിരിച്ച് വാങ്ങി അച്ഛന്‍ തലകുമ്പിട്ട് തിരിഞ്ഞു നടന്നു.

“പിന്നേ, ഇത് സൗജന്യമായിട്ട് കണക്ക് കൂട്ടരുത്. അപ്പുക്കുട്ടന്‍ നല്ല നിലയിലാവുമ്പോ എല്ലാം പലിശേം കൂട്ടി തിരിച്ച് തന്നേക്കണം.”
സേതു പിന്നില്‍ നിന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP