മണ്ണെണ്ണവിളക്ക്
Sunday, August 11, 2019
ഇന്നലെ എന്റെ സ്വപ്നത്തിൽ ഒരു മണ്ണെണ്ണ വിളക്കെത്തി. അതിന്ന് ജീവനുണ്ടായിരുന്നു. ഒരാൾ പൊക്കമുണ്ടായിരുന്നു അതിന്! കൈകളും കാലുകളുമുണ്ടായിരുന്നു അതിന്ന്! തലയുടെ ഭാഗത്ത് ഒരു വലിയ തീനാളമായിരുന്നതിന്ന്! കണ്ണുകൾക്ക് നീല നിറമായിരുന്നു. ചുവന്ന നാവിലൂടെ കറുത്ത പുക വമിക്കുന്നു. നീണ്ട കൈകളാൽ അതെന്നെ ചുറ്റി വരിഞ്ഞു. ചിരപരിചിതനെപ്പോലെ, ആത്മാർത്ഥസുഹൃത്തിനെപ്പോലെ അതെന്നെ ആശ്ലേഷിച്ചു. അത് എന്റെ ചെവിയിൽ മന്ത്രിച്ചു, “നീയെന്നെ മറന്നോടാ?”
ഉത്തരം പറയാനായി ഞാൻ വായ് തുറന്നതും, തുറന്നിട്ട ജന്നലിലൂടെ വന്ന ഒരു കാറ്റ് ആ നാളത്തെ അണച്ചു. മുറി മുഴുവൻ മണ്ണെണ്ണയുടെ മണം. കാലചക്രത്തെ പിന്നോട്ട് തിരിക്കുന്നൊരു ഗന്ധം! ആ ഗന്ധത്തിൽ ലയിച്ച് ഞാൻ സഞ്ചരിച്ചു.
അവിടെ ഒരു ബാലനുണ്ടായിരുന്നു.തുറന്ന് വെച്ച പുസ്തകത്തിന്ന് മുന്നിൽ ബട്ടൺ പോയ നിക്കറുമിട്ടിരിക്കുന്ന ഒരു ബാലൻ... അവന്റെ മുന്നിൽ ഒരു തകര വിളക്കുണ്ടായിരുന്നു... ചുറ്റിയടിക്കുന്ന കാറ്റിൽ ഗതിമാറുന്ന പുകനാളത്തിൽ ഇടക്കിടയ്ക്ക് അവൻ ചുമയ്ക്കുന്നുണ്ടായിരുന്നു. നനഞ്ഞ വിറക് ഊതി കത്തിക്കാൻ അമ്മ അടുക്കളയിൽ ശ്രമിക്കുന്നു. പുകച്ചുരുളിൽ വിമ്മിട്ടപ്പെട്ട് അമ്മ പറഞ്ഞു, “അപ്പുക്കുട്ടാ, ഇന്ന് പഠിച്ചത് മതി. ആ വെളക്കിങ്ങ് കൊണ്ടുവാ...മണ്ണെണ്ണ അടുപ്പിലോട്ടൊഴിച്ചാല് എളുപ്പം കത്തും.” അവൻ മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി.
“കറണ്ട് പോയെന്നാ തോന്നുന്നേ...എന്തൊരു ചൂടാ ഇത്..” മുറിഞ്ഞ് പോയ സ്വപ്നത്തിന്റെ സങ്കടത്തിൽ ഞാനെണീക്കുമ്പോൾ മുറിയിൽ വലിയ ബഹളം. AC നിന്നു. ഇനിയെന്തു ചെയ്യും?
ഒരു വിശറിയുമെടുത്ത് ബാൽക്കണിയിലെ ചാരുകസേരയിലേയ്ക്ക് ചാഞ്ഞു.
മോളു വന്ന് അടുത്ത് തറയിൽ കിടന്നു.”എന്തൊരു ചൂടാച്‌ഛാ...മെത്തയൊക്കെ പൊള്ളുന്നു.കറണ്ടെപ്പോ വരും?”
തോട്ടിറമ്പിലെ കൈതക്കാട്ടിൽ നിന്നും കൈതോലകൾ ചെത്തിയിടുന്ന അമ്മ...
അത് ഓരോന്നും അടുക്കി കെട്ടുന്ന ഞാൻ ...അപ്പോൾ അമ്മയുടെ താക്കീത്!
“അപ്പുക്കുട്ടാ, നിന്റെ കൈയിൽ മുള്ളു കൊള്ളരുത്..സൂക്ഷിച്ച് വേണം.”
കൈതോല മുള്ള് കളഞ്ഞ് ഉണക്കി ചീകി കീറി തഴപ്പായ നെയ്യുന്ന അമ്മയുടെ കലാവിരുത്...
ചൂടിലും തണുപ്പേകുന്ന തഴപ്പായ ചിലപ്പോൾ വീടിന്റെ ഏതെങ്കിലും കോണിൽ പൊടിപിടിച്ച് കിടപ്പുണ്ടാകും!
വീശിവീശി ചൂടുകാറ്റേറ്റ് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. അർദ്ധ മയക്കത്തിൽ ഇടയ്ക്ക് കറണ്ട് വന്നതറിഞ്ഞു. അകത്തെ മുറിയിൽ AC യുടെ മുരൾച്ച വീണ്ടും.
മണ്ണെണ്ണ വിളക്കപ്പോൾ മുന്നിൽ...
ഇപ്പോൾ നേരത്തേ കണ്ടതിലും പ്രകാശമുണ്ട്! വിളക്കെന്നോട് സംസാരിക്കാൻ തുടങ്ങി. ‘നിന്നോടൊപ്പം ഞാനുണ്ടായിരുന്നു.കാലങ്ങളോളം. ഓർക്കുന്നോ നീ?’
അതേ, ഞാനോർക്കുന്നു. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ നീ എന്നോടൊപ്പം ഉണർന്നിരുന്നു.എന്റെ വഴികാട്ടി നീയായിരുന്നു.നിന്റെ പുക ഗന്ധം എന്റേയും ഗന്ധമായി മാറി.പുസ്തകത്താളുകളിൽ നിന്ന് അറിവിനെ നീ എനിക്ക് കാട്ടിത്തന്നു. ആ അറിവ് എന്റെ ജീവനും ജീവിതവുമായി...
വിളക്ക് നിന്ന് ചിരിച്ചു. ആ ചിരിയിൽ അന്തരീക്ഷമാകമാനം പ്രകാശപൂരിതമായി.
“ നീ...നീ ആണ് എന്റെ ഗുരു...നീയാണ് എന്റെ വഴി കാട്ടി.”
ഞാൻ മണ്ണെണ്ണ വിളക്കിനെ താണു വണങ്ങി.
മണ്ണെണ്ണ വിളക്ക് പൊട്ടിച്ചിരിക്കാൻ തുടങ്ങി.”നീയും ഒരു സാധാരണമനുഷ്യൻ തന്നെ! മേശവിളക്ക് വന്നപ്പോൾ നീ എന്നെ തഴഞ്ഞില്ലേ?” ഒരു ശക്തമായ കാറ്റടിച്ചു.
കാറ്റിൽ കതക് ആഞ്ഞടിച്ചു.ഞാൻ ഞെട്ടി ഉണർന്നു.
“അച്‌ഛനെന്തിനാ ഈ വെയിലത്ത് കിടന്നുറങ്ങുന്നത്? അകത്തുപോയി കിടക്കൂ.” മോള് മുന്നിൽ.
ഞാൻ വീട് മുഴുവൻ പരതാൻ തുടങ്ങി.
എന്റെ തകര വിളക്കെവിടെ...?
ചില്ല് കൂടുള്ള മേശ വിളക്കെവിടെ...?
0 comments:
Post a Comment