Followers

കമ്മ്യൂണിസ്റ്റ്‌ പച്ച

Tuesday, July 29, 2014

കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്ക്‌ ആ പേര്‌ നൽകിയത്‌ കമ്മ്യൂണിസ്റ്റുകാരാണ്‌! അപ്പുക്കുട്ടന്‌ ഈ സുപ്രധാന ലോകവിജ്ഞാനം പറഞ്ഞുകൊടുത്തത്‌ അഞ്ചുകണ്ണൻപുലി! സാഹസികനായ
അഞ്ചുകണ്ണൻപുലി മുള്ളുമുരിക്കിൽ കയറി തുടയിലെ തൊലിയൊക്കെ കളഞ്ഞ്‌ ഇറങ്ങിയ ദിവസമാണ്‌ ഈ അതിപ്രധാനവും എന്നാൽ അത്യന്ത രഹസ്യവുമായ ലോകവിജ്ഞാനം
പുറത്തുവന്നത്‌.എല്ലുന്തിയ നെഞ്ചും തേച്ച്‌ മുള്ളുമുരിക്കേന്ന്‌ അഞ്ചുകണ്ണനിറങ്ങിയ ദൃശ്യത്തിന്‌ അപ്പുക്കുട്ടനടക്കം അഞ്ചുകണ്ണന്റെ അനേകം ആരാധകർ ദൃക്സാക്ഷികളാണ്‌!
മുള്ളുമുരിക്കേന്നുള്ള ഇറക്കത്തിനിടയിൽ ബട്ടണില്ലാത്ത നിക്കറേലെ പിടുത്തം വിട്ടുപോയത്‌ യാദൃശ്ചികം!
ആരാധകർ കൂവി.
“മിണ്ടാതെടാ,ഇതൊക്കെ എല്ലാവർക്കും ഒള്ളതൊക്കെതന്നെയാ...” നിക്കറ്‌ വലിച്ച്‌ അരയിലേയ്ക്ക്‌ കയറ്റിക്കൊണ്ട്‌ അഞ്ചുകണ്ണൻ പറഞ്ഞു.ചോരപൊടിയുന്ന നെഞ്ചും തുടയും നോക്കി സേതു വിമ്മി വിമ്മി കരഞ്ഞു.നിക്കറിന്റെ പിടുത്തം വിടാതെ തന്നെ വലത്തെ കൈയുടെ ചൂണ്ടുവിരൽ കൊണ്ട്‌ അഞ്ചുകണ്ണൻ തുടയിലെ ചോര വടിച്ചെടുത്തു.പിന്നെ അത്‌ ചുണ്ടിന്‌ മുന്നിൽകൊണ്ടുവന്ന്‌ ഒറ്റ ഊത്‌...അപ്പൂപ്പൻതാടി കാറ്റിൽ പറത്തുന്നതുപോലെ...
“ചോര അഞ്ചുകണ്ണന്‌ പുല്ലാണ്‌...” അഞ്ചുകണ്ണന്റെ വാക്കുകൾ കേട്ട്‌ ആരാധകർ കൈയടിച്ചു.സേതു അപ്പോഴും കരയുന്നുണ്ടായിരുന്നു.
അഞ്ചുകണ്ണൻ തോട്ടിറമ്പിലെ കുറ്റിക്കാട്ടിലേയ്ക്ക്‌ നടന്നു.ആരാധകർ പുറകേയും.
കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ ഇല പിഴിഞ്ഞ്‌ അഞ്ചുകണ്ണൻ മുറിവിലെല്ലാം പുരട്ടി.അതിനുശേഷമാണ്‌ അഞ്ചുകണ്ണൻ ആ പരമപ്രധാനമായ വിവരം പുറത്തുവിട്ടത്‌!
കമ്മ്യൂണിസ്റ്റുകാർ പണ്ട്‌ ഒളിച്ചിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പച്ചക്കാട്ടിനുള്ളിലാണ്‌! അതിന്‌ രണ്ടുണ്ട്‌ കാരണം.
ഒന്ന്‌: പോലീസിന്റെ കണ്ണുവെട്ടിക്കൽ.
രണ്ട്‌:പോലീസുമായ്‌ ഏറ്റുമുട്ടി മുറിവേറ്റാൽ എളുപ്പം ഇല പിഴിഞ്ഞ്‌ മുറിവിൽ പെരട്ടാം.
കമ്മ്യൂണിസ്റ്റുകാർക്ക്‌ മുറിവ്‌ പുല്ലാണ്‌...ചോര പുല്ലാണ്‌...പോലീസും പുല്ലാണ്‌...
അഞ്ചുകണ്ണൻപുലിക്കും ഇതെല്ലാം പുല്ലാണ്‌!
സേതു ചിരിച്ചു.
അപ്പോഴത്തേക്കും അച്ഛന്റെ വിളിവന്നു.മുടിവെട്ടാൻ പോകാൻ.ഗോപാലിയുടെ അടുത്ത്‌ മുടിവെട്ടാൻ പോകാൻ അപ്പുക്കുട്ടനിഷ്ടമല്ല. ഗോപാലിക്ക്‌ പിള്ളാരെ ഒരു ബഹുമാനവുമില്ല.അച്ഛനെ കറങ്ങുന്ന കസേരയിലിരുത്തും. അപ്പുക്കുട്ടനെ  തടിക്കസേരയുടെ കൈയിൽ ഒരു പലകയിട്ട്‌ അതിലും.പൊക്കക്കൊറവാണുപോലും...അച്ഛനങ്ങനാണ്‌ പറഞ്ഞത്‌.
അഞ്ചുകണ്ണൻ പറഞ്ഞത്‌ ഗോപാലി കമ്യൂണിസ്റ്റല്ലെന്നാണ്‌. അതാണ്‌ വേർതിരിവ്‌... സമത്വമില്ലന്നാണ്‌ അവൻ പറഞ്ഞത്‌.
അച്ഛന്റെ മുടിവെട്ടിക്കഴിഞ്ഞ്‌ ഷേവ്‌ ചെയ്യുന്നത്‌ കാണാൻ നല്ല രസമാണ്‌. പഞ്ഞി ഒട്ടിച്ചതുപോലെ തോന്നും മുഖത്ത്‌ സോപ്പ്‌ തേച്ച്‌ പതപ്പിച്ചുകഴിയുമ്പോൾ...അച്ഛൻ ഭയങ്കര
ഗമയിലങ്ങനിരിക്കും.ഗോപാലി ആ സോപ്പ്‌ പത കത്തികൊണ്ട്‌ വടിച്ച്‌ കൈയേൽ തേക്കും.പിന്നെ കൈയേന്ന്‌ വടിച്ച്‌ ഒരു കടലാസിലേക്കും.മുഖം നല്ല മിനുസമായിക്കഴിഞ്ഞ്‌ ഒരു
വെള്ളക്കല്ലുകൊണ്ട്‌ തേക്കും. അതിന്‌ നല്ല കർപ്പൂരത്തിന്റെ മണമാണ്‌.അച്ഛൻ മുടിവെട്ടിക്കുമ്പോ മാത്രേ ഗോപാലിയെക്കൊണ്ട് ഷേവ് ചെയ്യിക്കൂ. അല്ലാത്തപ്പം വീട്ടിൽ. ചിലപ്പോഴൊക്കെ അപ്പുക്കുട്ടൻ സഹായിക്കും. സേതുവും സഹായിക്കും.അവള്‌ കണ്ണാടി പിടിച്ചു കൊടുക്കും. അപ്പുക്കുട്ടൻ സോപ്പ് തേച്ച് കോടുക്കും.ബ്ളേഡുകൊണ്ട് രോമം മുറിക്കാൻ അച്ഛൻ സമ്മതിക്കില്ല.പിള്ളാരു ചെയ്താൽ മുഖം മുറിയുമെന്നാ അച്ഛൻ പറയുന്നത്.ഇച്ചിരി മുഖം മുറിയുന്നതിന്‌ അച്ചന്‌ പേടി...അഞ്ചുകണ്ണന്റെ തൊടേം നെഞ്ചുമെല്ലാം മുറിഞ്ഞിട്ടും ‘എല്ലാം പുല്ല്‌!’
അല്ലേലും ഈ വലിയവരെല്ലാം പേടിച്ചുതൂറികളാ..
അപ്പുക്കുട്ടനെ ഷേവ് ചെയ്യത്തില്ല.മുടിമാത്രം വെട്ടും.കിട്...കിട്...എന്ന് ശബ്ദമുണ്ടാക്കുന്ന തവളപോലത്തെ ഒരു മെഷീനുണ്ട്...അതുകൊണ്ട് തലേടെ പൊറകില്‌ പിടിക്കുമ്പോ മുടി
പറിയും.കരയാമ്പറ്റില്ല. കരഞ്ഞാൽ ഗോപാലി കഴുത്ത് ചുറ്റിയിരിക്കുന്ന വലിയ തുണിയുടെ അറ്റം ചേർത്ത് പിടിച്ച് പറയും.“ഞാനിതേപിടിച്ച് ഒരു വലിയങ്ങട് വലിച്ചാലേ നെന്റെ കഴുത്ത് മുറുകി ശ്വാസം മുട്ടും പറഞ്ഞേക്കാം.”
കൂറ തുണിയുടെ മണമടിച്ചാലേ ശ്വാസം മുട്ടും.അതിന്റെ കൂടെ ഭീഷണിയും. അഞ്ചുകണ്ണനോട് പറഞ്ഞ് ഗോപാലിയെ കമ്യൂണിസ്റ്റുകാരെക്കൊണ്ട് ഇടിപ്പിക്കണം.അപ്പുക്കുട്ടൻ വിചാരിച്ചു.
മുടിവെട്ടിക്കഴിഞ്ഞ് കഴുത്തേലെ തുണിയെല്ലാം അഴിച്ച്  ഗോപാലി പറഞ്ഞു.“ഇത്തിരിപ്പോന്ന പയ്യനാ, പക്ഷേ എവന്റെ മുടി കാടുപോലെയാ...കാശുകൂട്ടണം.”
“എങ്കീ എനിക്ക് ഷേവുകൂടെ ചെയ്തു താ.” അപ്പുക്കുട്ടൻ പറയുന്നത് കേട്ട് അച്ഛൻ ചിരിച്ചു.
“ദേ പൊയ്ക്കോണം...മീശ പോലും മൊളച്ചില്ല. അതിനുമുന്നേ...”ഗോപാലി കൂറത്തുണി അപ്പുക്കുട്ടന്റെ നേരേ വീശി.വിയർപ്പിന്റേം, മുടിയുടേം ഗന്ധമുള്ള ആ തുണിയുടെ മണം
സഹിക്കാതെ അപ്പുക്കുട്ടനിറങ്ങി ഓടി.

പിറ്റേന്ന് നേരം വെളുത്തപ്പോൾ അലക്കുകല്ലിന്റടുത്ത് ഒരു ബഹളം. അമ്മയാണ്‌. പുതിയ 501 ബാർ സോപ്പ് കാണുന്നില്ല.
“വന്നുവന്ന് സോപ്പു പോലും പുറത്ത് വെയ്ക്കാൻ പറ്റില്ലന്നായി...ഈ കള്ളന്മാരുടെ ഒരു ശല്യമെന്റെ ദൈവമേ...”
“സോപ്പുകഷണോം കൊറേ ബ്ളെയിഡുമെല്ലാം തെങ്ങിഞ്ചോട്ടിലുണ്ടമ്മേ...” സേതു അമ്മയെ സഹായിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കയാണ്‌.
“അപ്പുക്കുട്ടനെവിടെ?” അച്ഛൻ ഷേവിംഗ് സെറ്റ് വെച്ചിരുന്ന പ്ലാസ്റ്റിക് കവറുമായി പുറത്തുവന്നു.
അപ്പുക്കുട്ടനപ്പോൾ വടക്കേപ്പറമ്പിലെ കമ്യൂണിസ്റ്റ് പച്ചകൾക്കിടയിലായിരുന്നു.

Read more...

കറവപ്പശു


തോട്ടിറമ്പിലെ കൈതക്കാടുകളേയും,നായങ്ങണേയുമെല്ലാം പുറകിലേയ്ക്ക്‌ പായിച്ചു കൊണ്ട്‌ കാർ മുന്നോട്ട്‌ ഓടിക്കൊണ്ടിരുന്നു.പ്രധാന പാതയിൽ നിന്നും പാലത്തിന്റെ ഇടത്തേക്കരയിലൂടെ പടിഞ്ഞാറേയ്ക്കുള്ള വഴിക്ക്‌ ഇന്നും പറയത്തക്ക മാറ്റമൊന്നുമില്ല.ചെമ്മണ്ണ്‌ പുതച്ചുകിടന്നിരുന്ന നാട്ടുവഴി കരിമ്പടം മൂടിയ റോഡായി മാറി എന്നതിൽ കവിഞ്ഞ്‌ യാതൊരു മാറ്റവും തോന്നുന്നില്ല. വഴിയുടെ ഇടത്തേ വശത്തുള്ള എസ്റ്റേറ്റ്‌ പണ്ടത്തേതിനേലും കാടുകയറിയതായ്‌ തോന്നുന്നു. പൂത്തു നില്ക്കുന്ന കശുമാവുകളെ തഴുകിയെത്തുന്ന കാറ്റിന്‌ ചൊനമണം. ആദ്യത്തെ രണ്ടുവളവുകൾ തിരിഞ്ഞുവേണം വീടെത്തുവാൻ.വിജനമായ വഴിയിലൂടെ കാറോടിക്കുന്നതിന്റെ വിരസത ആക്സിലറേറ്ററിലേയ്ക്ക്‌ അമരുമ്പോഴാണ്‌ ഒരു മിന്നായം പോലെ അയാളുടെ ശ്രദ്ധയിൽ അത്‌ പതിഞ്ഞത്‌. മുന്നിലേക്കായിപോയ കാറിനെ വേഗത്തിൽ തന്നെ അയാൾ പുറകിലേക്കോടിച്ചു.
ഊഹം തെറ്റിയില്ല. ‘പൊന്നു...’ പൂക്കാരിപ്പൊന്നു!!!
കൈയിൽ പൂവട്ടിയില്ല...മുല്ലമൊട്ടുകളുമില്ല!!!
തോട്ടിലെ അഴുകിയ പായലിന്റെ ദുർഗന്ധവുമേറ്റി വന്നിരുന്ന കാറ്റിന്‌ മുല്ലപ്പൂവിന്റെ സൗരഭ്യമേകിയിരുന്ന ആ കൈകളിൽ...
വിജനമായ വഴിയിലൂടെ തനിച്ച്‌ നടന്നു വരുന്നു.സാധാരണയായി ആരും ഈ വഴിയെ ഇക്കാലത്ത്‌ തനിച്ച്‌ നടന്നുവരാറില്ല. പിടിച്ചുപറിക്കാരുടെ ശല്യം കൂടുതലാണന്ന്‌ പറഞ്ഞുകേൾക്കുന്നുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രധാനനിരത്തിലെ ഓട്ടോറിക്ഷാക്കാർക്ക്‌ കൊയ്ത്താണ്‌!
അയാൾ കാർ നിർത്തി പുറത്തിറങ്ങി.
“പൊന്നൂസേ, എന്തായിത്‌?” അയാളുടെ ചോദ്യം അവർ കേട്ടോ എന്ന്‌ ഒരു നിമിഷം ശങ്കിച്ചു.
പ്രായം വരവീഴ്ത്തിയ മുഖം. കറുത്തിരുണ്ട്‌ അരയൊപ്പമുണ്ടായിരുന്ന ചുരുളൻ മുടിയുടെ നിറത്തിന്‌ മാത്രമേ കാലത്തിന്‌ കളങ്കമേല്പ്പിക്കാൻ കഴിഞ്ഞിട്ടുള്ളു.
“ആരാ സേതുവാ?” പൊന്നൂസിന്റെ ശബ്ദത്തിലൊരിടർച്ച...
“അതേ...സേതുവെന്ന സേതുമാധവൻ...തോട്ടിറമ്പിലെ മാധവൻ മകൻ സേതുമാധവൻ...” കൂളിങ്ങ്‌ ഗ്ലാസ്‌ അല്പ്പമൊന്നുയർത്തി അയാൾ മുടികൾക്കുള്ളിൽ തിരുകി.
“നീയങ്ങ്‌ വലിയ ആളായിപോയല്ലോടാ...കാറും കൂളിംഗ്‌ ഗ്ലാസും...പത്രാസും...”
കൈയിലിരുന്ന കാർഡ്ബോർഡ്‌ അവരയാളുടെ തലയ്ക്ക്മുകളിലുയർത്തി. അടികൊള്ളാതിരിക്കാൻ സേതു ഒരുവശത്തേയ്ക്ക്‌ ഒഴിഞ്ഞുമാറി.
ചൊനമണമുള്ള കാറ്റ്‌ ആഞ്ഞ്‌ വീശി. കാർഡ്ബോർഡിൽ റബ്ബറിട്ട്‌ ഭദ്രമാക്കി വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകൾ കാറ്റിനൊപ്പം പറന്നു. എന്തു ചെയ്യണമെന്നറിയാതെ സേതു നിന്നു.പൊന്നൂസപ്പോൾ അനുസരണയില്ലാതെ പറക്കുന്ന ആ കടലാസുകളെ കൈപ്പിടിയിലാക്കാനുള്ള വ്യഗ്രതയിലായിരുന്നു.അനുസരണയില്ലാതെ പറക്കുന്ന ഓർമ്മകളെ  തളയ്കാനാവാതെ അയാളും നിന്നു.

തിരിച്ചറിവിന്റെ പ്രായമാകുന്നതിന്ന്‌ മുന്നേ അമ്മയാകാൻ വിധിക്കപ്പെട്ടവൾ. അന്ന്‌ പൊന്നൂസിന്‌ പ്രായം പതിനഞ്ച്‌.സ്കൂളിൽ തലചുറ്റിവീണ പൊന്നൂസിനെ താങ്ങിയെടുത്ത ലീലാമ്മ ടീച്ചറിന്‌ എന്തോ ഒരു പന്തികേട്‌ തോന്നി. ചോദ്യം ചെയ്യലും പിന്നെ സ്കൂളിൽ നിന്ന്‌ പുറത്താക്കലും... പെണ്ണിന്‌ വയറ്റിലുണ്ട്‌.
വലിയ തറവാടിന്റെ ഇരുളടഞ്ഞ കോണുകളിലെവിടെയോവെച്ച്‌ കാരണവന്മാരാരുടെയോ കൈകളാൽ ജീവിതം തകർത്തെറിയപ്പെട്ട പൊന്നൂസ്‌ പിഴച്ചവളായി.പിഴച്ച പെണ്ണ്‌,
തറവാടിന്‌ മാനക്കേടുണ്ടാക്കിയവൾ, കുടുംബത്തിന്ന്‌ പുറത്തായി. എങ്കിലും ആരുടേയും പേര്‌ പുറത്തുവന്നില്ല. കുടുംബത്തിലെ മൂത്ത കാരണവരുടെ അച്ചിട്ട രൂപമാണ്‌
ശാരികയെന്ന്‌ നാട്ടുകാർ വിധിയെഴുതി.
ആരോടും പരിഭവമില്ലാതെ, കുടുംബത്തിന്റെ മാന്യത നഷ്ടപ്പെടുത്തിയവൾ വാച്ചർ ലോഡ്ജിന്റെ ഒറ്റ മുറിയിലേയ്ക്ക്‌ താമസം മാറി.വാച്ചർ ലോഡ്ജിലെ അന്നത്തെ അന്തേവാസികളിൽ ഭൂരിഭാഗവും നല്ലക്കൂട്ടരായിരുന്നില്ല.പോലീസ്‌ കേറിയിറങ്ങാത്ത ദിനങ്ങൾ അവിടെ കുറവായിരുന്നു. പെഴച്ചുപെറ്റവൾ പെഴയായി നാട്ടുകാരുടെ മുന്നിലും!
തെക്കേക്കര മാർക്കറ്റിന്‌ എതിർവശത്തായി അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത്‌ ഒരു പലകകഷണം ഇഷ്ടികയിൽ താങ്ങി നിർത്തി പൊന്നൂസിരുന്നിരുന്നു പിന്നെ കുറേ കാലത്തേയ്ക്ക്‌.  പൂക്കാരിയായി...
സുരഭിലത നഷ്ടമായ ജീവിതം സൗരഭ്യദായകമായി.
മാർക്കറ്റിലെ മീന്മണം ഇടയ്ക്കിടയ്ക്ക്‌ മുല്ലപ്പൂവിന്റെ ഗന്ധത്തിന്‌ വഴിമാറികൊടുത്തു.
ശാരികയും വളർന്നു. സേതുവിന്റെ കൂട്ടുകാരിയായി...

‘വേശ്യയുടെ സന്തതി...’
ആ വിളി സേതുമാധവൻ ആദ്യമായ്‌ കേൾക്കുന്നത്‌ ശാരികയുടെ മരണത്തിന്‌ മുന്നായിട്ടാണ്‌. അവളാത്മഹത്യചെയ്യുകയായിരുന്നു.ഹോംവർക്ക്‌ ചെയ്തില്ലായെന്ന കുറ്റത്തിന്‌
ക്ലാസിൽ പരസ്യമായ ആക്ഷേപം.“വേശ്യേടെ മകൾ...നീയൊക്കെ വേറേ വല്ല പണിയുമാ നോക്കേണ്ടത്‌...ചിലരൊക്കെ ഇതേ പ്രായത്തില്‌ വയറ്റിലൊണ്ടാക്കി പഠിത്തം നിർത്തിയിട്ടൊണ്ടന്ന്‌ മറക്കേണ്ട.” ശാരിക മരിച്ചു. അദ്ധ്യാപകനെ മാറ്റണമെന്ന്‌ പറഞ്ഞ്‌ കുറേ നാൾ സമരമൊക്കെ നടന്നു അത്ര മാത്രം!
പൊന്നൂസിനെ പിന്നെ നാട്ടിൽ കണ്ടത്‌ കുറേയേറെ വർഷങ്ങൾക്ക്‌ ശേഷമാണ്‌.ഒരു പുത്തൻ അംബാസഡർ കാറിൽ,കൂളിംഗ്ളാസൊക്കെ വെച്ച്‌ ഹൈഹീൽഡ്‌ ചെരുപ്പിൽ...വിലയേറിയ പട്ടുസാരിയുടുത്ത പൊന്നൂസിന്റെ ഇടതുകൈത്തണ്ടയിൽ ഒരു വാനിറ്റി ബാഗുമുണ്ടായിരുന്നു.
പൂക്കാരി പൊന്നുവിന്റെ പുതിയ അവതാരം സംസാരവിഷയമായി.

‘അവളിപ്പോ പൊന്നമ്മ തന്നെയാ...പൊന്നിൽ പൊതിഞ്ഞല്ലേ ഇരിക്കണത്‌...
രണ്ടു നാളുദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ
മാളികമുകളിലേറിയ മന്നന്റെ തോളിൽ
മാറാപ്പ്‌ കേറ്റുന്നതും ഭവാൻ...
അമ്മൂമ്മ ഭഗവാന്റെ ലീലാവിലാസത്തെ അനുസ്മരിച്ചു.
ലോട്ടറിയടിച്ചതാണന്നും, ഗൾഫ്‌ പണമാണന്നും അതല്ല കള്ളപ്പണമാണന്നും പലവിധ  വാദഗതികളുമുണ്ടായി. പൊന്നൂസ്‌ ഒന്നും നിഷേധിച്ചില്ല.
കുടുംബവീടിനോട്‌ ചേർന്ന്‌ കുറച്ച്‌ സ്ഥലം വാങ്ങി അവിടെ ഒരു നല്ല വീടുവെച്ചു.വീട്ടുമുറ്റത്ത്‌ നല്ല ഒരു മുല്ലത്തോട്ടമുണ്ടായിരുന്നു.ഗേറ്റിന്‌ മുന്നിൽ ‘മുല്ലപ്പന്തൽ’എന്ന്‌ കല്ലിൽ കൊത്തിവെച്ചിരുന്നു.
പൊന്നൂസിന്റെ ഭൂതകാലം വിസ്മൃതമായി...
ദയാനിധി...കരുണാമയി...വാൽസല്യനിറകുടം...നാടിന്റെ മുത്ത്‌...പൊന്നൂസെന്ന പേരുപോലും മറക്കപ്പെട്ടു.

ചന്ദന നിറത്തിലുള്ള സില്ക്ക്‌ സാരിയുടുത്ത്‌ ചുവന്ന കല്ലുള്ള കിരീടവും വെച്ച്‌ വെള്ളക്കുതിരകളെക്കെട്ടിയ രഥത്തിൽ പൊന്നൂസിരുന്നു.റോസാദളങ്ങൾ വിതറിയ വീഥിയിലൂടെ
പൊന്നൂസിനെ സ്വാഗതം ചെയ്തുകൊണ്ട്‌ രണ്ട്‌ വശവും മൈക്ക്‌ കെട്ടിയ ജീപ്പ്‌ ചീറിപ്പാഞ്ഞു.
“നാടിന്റെ ആരാധനാപാത്രമായ, അഭിമാനമായ സർവ്വോപരി സൽഗുണ സമ്പന്നയായ ആദരീണയായ ശ്രീമതി പൊന്നൂസിനെ പൊന്നാടയിട്ട്‌ ആദരിക്കുന്ന മഹത്തായ
സമ്മേളനത്തിലേയ്ക്ക്‌ മാന്യരായ നാട്ടുകാരെ അഭിമാനപുരസരം സ്വാഗതം ചെയ്തുകൊള്ളുന്നു...”
ക്ഷേത്രപുന:രുദ്ധാരണത്തിനുള്ള പണം മുടക്കുന്നത്‌ ഐശ്വര്യദേവതയായ പൊന്നു.
ചിരിച്ചുകൊണ്ട് പൊന്നൂസ് രഥത്തിലിരുന്നു.
ഇതേ ക്ഷേത്രത്തിലേയ്ക്ക് തന്നെയാണ്‌ പണ്ട്  പൂക്കാരി പൊന്നുവിന്റെ മുല്ലമാലയ്ക്ക് വിലക്കേൽപ്പിച്ചതും!
“പെഴച്ചവളുടെ മാല...ദൈവം കോപിക്കും...നാട് നശിക്കും..” അമ്മൂമ്മ അന്ന് പറയുന്നുണ്ടായിരുന്നു.

കാറ്റിൽ വിതറിപ്പോയ ലോട്ടറിടിക്കറ്റെല്ലാം ഒരുവിധം തിരിച്ച് കാർഡ്ബോർഡിൽ റബ്ബർ ബാൻഡിട്ടുറപ്പിച്ചു പൊന്നൂസ്.അയാൾ റോഡിൽ നിന്നും കല്ലുകൾ പെറുക്കി തോട്ടിലെ
വെള്ളത്തിലേയ്ക്ക് എറിഞ്ഞുകൊണ്ടുനിന്നു.ഒറ്റ ബിന്ദുവിൽ തുടങ്ങി വൃത്താകൃതിയിൽ കരയോളമടുത്ത് അവസാനിക്കുന്ന ഓളങ്ങളുടെ ഏറ്റക്കുറച്ചിലുകൾ....
സേതുമാധവനെ നോക്കി അവർ ചിരിച്ചു.
വാർദ്ധക്യത്തിന്റെ അവശത അവരുടെ ചിരിയിലും.
“കാലം കുറേ ആയല്ലോ കണ്ടിട്ട്? എവിടാ?” പൊന്നൂസിന്റെ ശബ്ദത്തിന്‌ പ്രായത്തിന്റെ ഇടർച്ച ഇല്ലല്ലോയെന്നും അയാൾ വിചാരിച്ചു.
അയാൾ മറുപടി പറഞ്ഞില്ല.എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.വല്ലപ്പോഴും വന്ന് അടുത്ത ബന്ധുക്കളേയും കൂട്ടുകാരേയും മുഖം കാണിച്ച് മടങ്ങുമെന്നതിൽ കവിഞ്ഞ് ഈ നാട്
തനിക്ക് അന്യം!
“ഒരു ടിക്കറ്റ് തരട്ടെ? പത്ത് രൂപയ്ക്ക് ഒരു കോടി...വിഷു ബമ്പർ...”
ലോട്ടറി വാങ്ങി തിരികെ കാറിൽ കയറുമ്പോൾ പുറകിൽ പൊന്നൂസിന്റെ ശബ്ദം!
“ഒരുകോടി കിട്ടിയാൽ പണ്ട് പൊന്നൂസ് ചെയ്ത പോലെ ചെയ്തേക്കല്ലേ...കറവ വറ്റിയാൽ പിന്നെ പുല്ലുപോലും തരില്ലാത്ത കൂട്ടരാ...”

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP