പൂച്ചക്കുട്ടി
Monday, January 24, 2011
അന്ന് ഓഫീസിൽ നിന്നും വന്നപ്പോൾ കുറച്ചധികം വൈകിയിരുന്നു . കുറച്ച് നേരം വെറുതേ ഇരുന്നാൽ കൊള്ളാമെന്ന് തോന്നി എനിക്ക്. ടി.വി ഓഫ് ചെയ്ത് കണ്ണടച്ച് ഞാൻ സോഫയിലോട്ട് ചാരിയിരുന്നു. ആ ഇരിപ്പിന് നല്ലൊരു സുഖമുണ്ടായിരുന്നു. കണ്ണടച്ച് മനസ്സിൽ മറ്റ് ചിന്തകളൊന്നുമില്ലാതെയിരിക്കുമ്പോൾ കണ്ണിന് മുന്നിൽ പല പല നിറങ്ങൾ പ്രത്യക്ഷപ്പെടുന്നതായ് എനിക്ക് തോന്നാറുണ്ട്. പല നിറത്തിലെ പുകച്ചുരുളുകൾക്കിടയിലൂടെ ഞാനങ്ങനെ സ്വസ്ഥ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആ സംഭവമുണ്ടായത്!
സുഖം. സ്വസ്ഥം. ആർക്കുമൊരു ശല്യവുമില്ലാതെയിരുന്ന എന്നെയിതാ തോളിൽ പിടിച്ച് കുലുക്കി വിളിക്കുന്നു. മറ്റാരുമല്ല! സഹധർമ്മിണി!
“എന്തൊരിരിപ്പാ ഇത്? ഇതെന്താ ശ്രീബുദ്ധനാകാൻ പോകുന്നോ? ധ്യാനിച്ച് ധ്യാനിച്ച് അവസാനം എന്നെയിട്ടേച്ച് പൊയ്ക്കളയരുത്.”
ശ്രീബുദ്ധനല്ല. മിക്കവാറും ഹിറ്റ്ലറായി മാറും. എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഒന്നും പറഞ്ഞില്ല.പറഞ്ഞിട്ടെന്തിനാ! പണ്ടൊക്കെ ഒന്ന് കണ്ണുരുട്ടിക്കാണിച്ചാൽ ഉരുൾപൊട്ടലുണ്ടാക്കുന്നവളായിരുന്നു. ഈയിടയായിട്ട് കണ്ണുരുട്ടിക്കാണിച്ചാൽ അവള് തിരിച്ച് സൈറ്റടിച്ച് കാണിക്കുന്നു. പറഞ്ഞിട്ട് കാര്യമില്ല. ഇതൊരു ആഗോള പ്രതിഭാസമാണ്!
മനുഷ്യൻ പുതിയ പുതിയ മരുന്നുകൾ കണ്ടുപിടിക്കുമ്പോൾ വൈറസുകൾ രൂപം മാറി ‘എന്നോട് കളിക്കല്ലേ’ എന്ന് പറയുന്നകാലമാണ്! കൊതുകുകൾ പോലും കൊതുക് തിരിക്ക് മുകളിൽ കുത്തിയിരുന്ന് റെസ്റ്റെടുക്കുന്ന കാലമാണ്!
“അതുകേൾക്കുന്നുണ്ടോ?” ചോദ്യമെന്നോടാണ്. ഞാനൊന്നും മിണ്ടിയില്ല.
“അതുകേൾക്കുന്നുണ്ടോന്ന്?” വെറുതേ വിടാനുള്ള ഭാവമില്ല.
“എന്തോന്ന്”
“പൂച്ച കരയുന്നത്...”
ഓ...അതാണോ ഇപ്പോ ഇത്ര വലിയ കാര്യം. ഈ ഭൂലോകത്ത് ആരെല്ലാം കരയുന്നു. പൂച്ച,പട്ടി,സകലമാന മനുഷ്യരും മൃഗങ്ങളുമെല്ലാം കരയുന്നു. അതിലെന്താ ഇത്ര അതിശയപ്പെടാൻ! മനസ്സിലങ്ങനെയൊക്കെ വിചാരിച്ചെങ്കിലും ഞാൻ ‘കമാ’ എന്നൊരക്ഷരം മിണ്ടിയില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
“മതിലിന്നടുത്തുന്നാ...ആരോ കൊണ്ടിട്ടിട്ട് പോയതാണന്ന് തോന്നുന്നു...അതിന് വിശക്കുന്നുണ്ടായിരിക്കും.”
“ഉണ്ടെങ്കിൽ...” എന്റെ അസ്വാരസ്യം സംസാരത്തിലുണ്ടായിരുന്നു.
“നമ്മുക്ക് പോയി അതിന് കുറച്ച് പാലുകൊടുത്തിട്ട് വരാം.”
“എടീ, സ്നേഹം വേണമെടീ...സ്നേഹം. ഞാൻ വന്നിട്ട് ഇത്രേം നേരമായ്...ഒരു കട്ടൻ കാപ്പിയെങ്കിലും വേണമെന്ന് ചോദിച്ചോ നീ? പൂച്ചയ്ക്ക് പാല് കൊടുക്കാൻ നടക്കുന്നു.” ഞാനെണീറ്റ് കുളിമുറിയിലേയ്ക്ക് പോയി.
കുളിയും കഴിഞ്ഞ് ഞാൻ വന്നപ്പോൾ ഭാര്യയുടെ കൈയിലൊരു പൂച്ചക്കുഞ്ഞുണ്ടായിരുന്നു.
“നല്ല പൂച്ചക്കുഞ്ഞ്! അതവിടെക്കിടന്നാൽ ചത്തു പോകും. ഞാനിങ്ങ് കൊണ്ടുപോന്നു.” ഞാനൊന്നും പറഞ്ഞില്ല. കണ്ണുരുട്ടിക്കാണിച്ചതുമില്ല.
പിന്നെയങ്ങോട്ടുള്ള ദിനങ്ങളിൽ പൂച്ചക്കുട്ടിയുടെ ലീലാവിലാസങ്ങളായിരുന്നു. കട്ടിലിൽ...മേശയിൽ...ടീപ്പോയിൽ...സോഫയിൽ...എവിടെ നോക്കിയാലും പൂച്ച. നേരാം വണ്ണം വീടിന്നകത്ത് ഒന്ന് നടക്കാൻ പോലും പറ്റാതായ്. നടക്കുമ്പോൾ കാലിന്നിടയിലൂടെ...നിൽക്കുമ്പോൾ വാലും മുഖവുമൊക്കെ കൊണ്ട് ഉരസൽ...
“നല്ല മിടുക്കൻ പൂച്ചക്കുട്ടി...അവന്റെ കളി കണ്ടില്ലേ?” ഭാര്യയ്ക്ക് പൂച്ചക്കുട്ടിയെക്കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളു!
പൂച്ചക്കുട്ടിയുടെ വീരശൂരപരാക്രമങ്ങളുമായ് ദിവസങ്ങളങ്ങനെ നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് ആ സംഭവമുണ്ടായത്!
സംഭവം മറ്റൊന്നുമല്ല. ഭാര്യയ്ക്ക് അത്യാവശ്യമായ് നാട്ടിൽ പോകണം!
പൂച്ചക്കുട്ടിയെ ആര് നോക്കും?
“ഒരു പണി ചെയ്യാം. ഇവിടെ വേലയ്ക്ക് വരുന്ന സ്ത്രീയോട് പൂച്ചയ്ക്ക് ആഹാരം കൊടുക്കുന്ന കാര്യം ഞാൻ പറയാം.” ഭാര്യ പരിഹാരമാർഗ്ഗമെന്നോണം പറഞ്ഞു.
എങ്കിലും അവളങ്ങനെ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് മനസ്സിലായിരുന്നു. പൂച്ചക്കുട്ടിയുടെ കാര്യത്തിൽ അവൾക്കെന്നെ അത്രയ്ക്ക് വിശ്വാസമായിരുന്നു!
ഇതു ശരിയല്ല. ഒരു ചിന്ന പൂച്ചക്കുട്ടിയെ നോക്കാൻ പോലും എന്നെക്കൊണ്ടാവില്ലന്നല്ലേ ഇവള് പറഞ്ഞുവരുന്നത്! അനുവദിക്കരുത്...
നീ വരുമ്പോഴത്തേയ്ക്കും ഞാനിവനെ ഇംഗ്ലീഷ് സിനിമയിലൊക്കെ കാണുന്നതുപോലത്തെ നല്ല തടിയൻ പൂച്ചയാക്കും. മനസ്സിൽ തോന്നിയതങ്ങനെയാണങ്കിലും പറഞ്ഞതിങ്ങനെയാണ്.”ഛെ.ഛെ. നീയെന്താ ഈ പറയുന്നത്? നമ്മുടെ പൂച്ചക്കുട്ടിയ്ക്ക് കണ്ട തെലുങ്കത്തികൾ തീറ്റി കൊടുക്കുകയോ?നമ്മുക്കിതിനെ നല്ല മലയാളി പൂച്ചയാക്കി വളർത്തണം.നീ പൊയ്ക്കോ...ഞാനേറ്റു.”
ഭാര്യ പൊയ്ക്കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായി തുടങ്ങിയത്!
എന്റെ സാമ്പാറും,തൈരും,അച്ചാറും ചോറുമൊന്നും പൂച്ച തിന്നുന്നില്ല.
ഇവനെ മലയാളിയാക്കി കൺവേർട്ട് ചെയ്യാമെന്ന് വിചാരിച്ച ഞാൻ തന്നെ മണ്ടൻ! തെലുങ്ക് പൂച്ചയെ തെലുങ്കനായ് തന്നെ വളർത്തണം! ഇനിയിപ്പോ എന്താ ചെയ്ക! ഫ്രിഡ്ജ് തുറന്ന് നോക്കി.ഭാഗ്യം! ഒന്ന് രണ്ട് മുട്ട ഇരിപ്പുണ്ട്. ഒരെണ്ണം പൊട്ടിച്ച് ഒരു പാത്രത്തിലാക്കി കൊടുത്തു. അതിശയിച്ച് പോയി! ഇത്രയ്ക്കാർത്തിയുണ്ടോ! നിമിഷനേരം കൊണ്ടല്ലേ ഒരു മുട്ട തീർത്തത്. ഇവനെ ഞാൻ മുട്ടേം പാലും കൊടുത്ത് വളർത്തും. അവള് വരുമ്പോഴത്തേയ്ക്ക് പൂച്ചക്കുട്ടിയെ ഞാനൊരുപരുവത്തിലാക്കിയെടുക്കും. അവൾക്ക് പൂച്ചക്കുട്ടിയുടെ കാര്യത്തിൽ എന്നിലുള്ള അവിശ്വാസ്യത ഞാൻ മാറ്റിയെഴുതിക്കും!
ദിവസവും മുട്ട കഴിക്കുന്നതുകൊണ്ടായിരിക്കാം ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ പൂച്ചക്കുട്ടിയ്ക്കും ഒരു മടുപ്പ്. അത് സ്വാഭാവികം! നമ്മുക്കും അങ്ങനെയൊക്കെയല്ലേ! നിത്യേന ഒരേ ഭക്ഷണം കഴിച്ചാൽ മടുപ്പുണ്ടാകില്ലേ? ഇനിയെന്താ ചെയ്യുക! ഞാൻ ഫ്രിഡ്ജ് തുറന്നു.
ഫ്രീസർ തുറന്ന് നോക്കിയപ്പോൾ അതാ ഇരിക്കുന്നു... ഒരു പൊതി നിറയെ ചീസ്. എന്റെ മേൽ പരീക്ഷിക്കാൻ വാങ്ങിവെച്ചിരിക്കുന്നതാണ്! ചീസെങ്കിൽ ചീസ്! ഒന്ന് പരീക്ഷിച്ചാലോ! സായിപ്പന്മാരുടെ പൂച്ചകളൊക്കെ തീർച്ചയായിട്ടും ചീസായിരിക്കും കഴിക്കുന്നത്. ഒരു കഷണം മുറിച്ച് പാത്രത്തിലാക്കി വെച്ചു കൊടുത്തു.
പൂച്ചക്കുട്ടി പാത്രത്തിലേയ്ക്ക് ഒരു മറിച്ചിലായിരുന്നു! ഹൊ. ഇവനിവിടെയെങ്ങും വളരേണ്ടവനല്ല. വല്ല യൂറോപ്പിലും വളരേണ്ടവനായിരുന്നു.
അടുത്ത രണ്ട് ദിവസം പൂച്ചക്കുട്ടിയ്ക്ക് മൃഷ്ടാന്നഭോജനമായിരുന്നു. ഞാനും സന്തോഷിച്ചു. വലിയ പണിയൊന്നുമില്ലല്ലോ. ചീസ് മുറിക്കുക കൊടുക്കുക! ചീസ് മുറിക്കുക കൊടുക്കുക!
മൂന്നാം ദിവസം പൂച്ചക്കുട്ടിയ്ക്ക് ഒരു മടുപ്പ്! സ്വാഭാവികം! ഒരേ ഭക്ഷണം തുടർച്ചയായ് കഴിച്ചാൽ മനുഷ്യർക്കും ഉണ്ടാകും ഇങ്ങനെയൊക്കെ തന്നെ!
ഇനിയെന്ത്?
പല പല സാധനങ്ങളും മാറിമാറിക്കൊടുത്തു. പാല്,വെണ്ണ,മീന്റെ തല... നോ രക്ഷ! പൂച്ചക്കുട്ടി അടുക്കുന്നില്ല. ഇതെന്താ നിരാഹാരം തുടങ്ങിയോ?
ഒരാഴ്ച കൊണ്ട് ഇംഗ്ലീഷ് സിനിമയിലെ തടിയൻ പൂച്ചയെ സ്വപ്നം കണ്ട എന്റെ മുന്നിൽ പൂച്ചക്കുട്ടി ഒരോന്തിനെപ്പോലെയായി.
ഞാനെന്തു ചെയ്യും? അവള് വരുമ്പോൾ എന്ത് പറയും?
മെലിഞ്ഞുണങ്ങിയിട്ടും നല്ലവണ്ണം നടക്കാൻ പറ്റാതായിട്ടും ഞാൻ ഓഫീസിൽ നിന്നുവരുമ്പോൾ അതിഴഞ്ഞിഴഞ്ഞ് എന്റെ കാൽക്കൽ വരും. തല എന്റെ പാദങ്ങളിൽ ഉരസും.
“അല്പം വെള്ളമെങ്കിലും കുടിക്കെടാ നീ. എന്റെയൊരാശ്വാസത്തിന്...” ഞാനറിയാതെ പറഞ്ഞുപോയി. പൂച്ചക്കുട്ടി തറയിൽ മലർന്ന് കിടന്ന് കാലുകൾ മേലോട്ടാക്കി എന്നെ നോക്കി. ഞാനതിനെയെടുത്ത് തറയിൽ നിവർത്തിയിരുത്തി. ഞാൻ ആഹാരം കഴിക്കുമ്പോഴും അവനവിടെയുണ്ടായിരുന്നു. ഞാനുറങ്ങുമ്പോഴും അവനവിടെത്തന്നെയുണ്ടായിരുന്നിരിക്കാം. രാവിലെ എണീറ്റയുടൻ ഞാൻ പൂച്ചക്കുട്ടിയെ നോക്കി. പൂക്കളില്ലാത്ത ഫ്ലവർവേസിന്റെ വക്കിലൂടെ ഒരു തല പുറത്തേയ്ക്ക് കാണുന്നുണ്ടായിരുന്നു. ചെവിയിൽ പിടിച്ച് ഞാൻ പൂച്ചക്കുട്ടിയെ മുകളിലോട്ട് പൊക്കി. വെയിലത്ത് കിടന്നുണങ്ങിയ ഇറച്ചിക്കഷണം പോലിരുന്നു അതിന്റെ ശരീരം. രാവിലെ ഒന്നും കഴിക്കാൻ തോന്നിയില്ല. ഞാൻ പൂച്ചക്കുട്ടിയെക്കൊണ്ടുവന്ന് ബാൽക്കണിയിൽ കിടത്തി.
വൈകുന്നേരം ഞാൻ ഓഫീസിൽ നിന്നും മടങ്ങി വന്നപ്പോൾ മേശപ്പുറത്ത് ഒരു കടലാസിരിപ്പുണ്ടായിരുന്നു. വേലക്കാരി അതിൽ ഹിന്ദിയിൽ ഇങ്ങനെയെഴുതിയിട്ടുണ്ടായിരുന്നു. ‘പൂച്ചക്കുട്ടി ചത്തു. ഞാനതിനെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിലിട്ടു.’
ഞാൻ ഫോണെടുത്ത് ഭാര്യയെ വിളിച്ചു. “എടീ, നമ്മുടെ പൂച്ചക്കുട്ടി ചത്തു പോയി.” മറുപടി ഒരു നിശബ്ദത മാത്രമായിരുന്നു.ഞാനും പൂച്ചക്കുട്ടിയെ സ്നേഹിച്ചിരുന്നതായി ഇപ്പോൾ ഞാനറിയുന്നു.