Followers

അയ്യപ്പന്റെ ബൈക്ക്

Monday, September 19, 2011

അയ്യപ്പൻ ജയിലിലേയ്ക്ക് പോകാൻ മുൻ‌നിരയിലെ മൂന്നുപല്ലുകളുടെ പോക്ക് ഒരു കാരണമായി എന്നുള്ളത്‌ വാസ്തവമാണ്!
മൂന്നു പല്ലുകൾ പോയത് ഒരു കഥയാണ്.ഒരു ചെറിയകഥ!
എല്ലുകളുടെ എണ്ണം കൂടിയ ഒരു ബൈക്ക് യാത്രയുടെ കഥ!
അയ്യപ്പന് സ്വന്തമായ് ബൈക്കില്ല. ബൈക്കില്ലാത്തവന് അതോടിക്കാൻ പറ്റില്ലേ എന്നു ചോദിച്ചാൽ തീർച്ചയായും പറ്റും. മറ്റാരുടേതെങ്കിലും ആയാൽ മതി എന്നുമാത്രം. പക്ഷേ ഇവിടെ ഇതാരുടേതായിരുന്നുവെന്ന് അയ്യപ്പനുപോലും അറിയില്ല. അയ്യപ്പന് മാത്രമല്ല പോലീസുകാർക്കും അറിയില്ലായിരുന്നു. ബൈക്ക് മോഷണത്തിന് അയ്യപ്പനെ പോലീസ് പിടിച്ച് ജയിലിലിട്ട് ഇടിച്ച് കൂമ്പിളക്കി എന്നൊന്നും ആരും കരുതിയേക്കരുത്. മാനം മര്യാദയായിട്ട് മോഷ്ടിക്കാനും മോഷണ മൊതൽ സൂക്ഷിക്കാനും അയ്യപ്പനെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല.
പിന്നെ എന്തിന് അയ്യപ്പൻ ജയിലിൽ പോയി? ഭാഗ്യക്കേട്! അല്ലാണ്ട് എന്തു പറയാൻ....
ഒരു വല്ല്യപ്പൻ അയ്യപ്പന്റെ ബൈക്കിന് വട്ടം ചാടി. അതിന് ഒരിക്കലും അയ്യപ്പൻ കുറ്റക്കാരനല്ല. അയ്യപ്പൻ ബ്രേക്ക് പിടിച്ചു. അതിന്ന് തീർച്ചയായും അയ്യപ്പനാണ് ഉത്തരവാദി. വണ്ടി പാളി. വണ്ടി പാളാതിരിക്കാൻ അയ്യപ്പന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഭാഗ്യക്കേട്! അല്ലാണ്ടെന്ത്...
ബൈക്ക് റോഡ് സൈഡിലെ കരിങ്കൽ തിട്ടിലിടിച്ചു. അവസാനം വല്ല്യപ്പൻ ചെന്ന് അയ്യപ്പനെ പൊക്കിയെടുത്തു.
വല്ല്യപ്പൻ അയ്യപ്പനെ പൊക്കിയെടുത്തതു മുതലാണ് കഥ തിരിയുന്നത്!
അയ്യപ്പന്റെ കൈ തരിച്ചുകേറുന്നുണ്ടായിരുന്നു.
പ്രായം ചെന്ന ആളായിപ്പോയി....
എന്തെങ്കിലും സംഭവിച്ചാൽ...പിന്നെ അതിനും കൂടി സമാധാനം പറയണം.
എങ്കിലും വല്യപ്പനെ വെറുതേ വിടുന്നതെങ്ങനെ? രണ്ടു നല്ല വാക്കെങ്കിലും പറയേണ്ടേ...
അയ്യപ്പൻ വാ തുറന്നതും വല്ല്യപ്പൻ നിലത്തേയ്ക്ക് കുഴഞ്ഞ് വീണതും ഒരേ സമയത്തുതന്നെയായിരുന്നു.
എന്തു പറ്റി?
അയ്യപ്പനൊന്നും മനസ്സിലായില്ല.അപ്പോഴെയ്ക്കും ആ‍ളുകളൊക്കെ ഓടിക്കൂടിയിരുന്നു.
പാവം വല്ല്യപ്പൻ...ദുർബല ഹൃദയൻ...രണ്ട് തവണ അറ്റാക്ക് വന്നിട്ടുള്ള പാവം...
ചോര കണ്ട് വല്ല്യപ്പന്റെ ബോധം പോയെന്ന സത്യം അയ്യപ്പൻ മനസ്സിലാക്കിയത് ഓടിക്കൂടിയവർ പറഞ്ഞപ്പോഴാണ്. മുൻ‌നിരയിലെ മൂന്ന് പല്ലുകൾ നഷ്ടപ്പെട്ടുവെന്ന് അയ്യപ്പൻ മനസ്സിലാക്കിയതും ഓടിക്കൂടിയവർ ചൂണ്ടിക്കാണിച്ചപ്പോഴാണ്! ചോര കുടുകുടെ ഒഴുകുന്നു വായിലൂടെ...
അയ്യപ്പനും വല്ല്യപ്പനും ഒരേ വണ്ടിയിൽ ആശുപത്രിയിൽ...അടുത്തടുത്തുള്ള കിടക്കയിൽ...
ഇനി പോലീസ്...കേസ്...ലൈസൻസ് ഇല്ല...കാര്യങ്ങളുടെ കിടപ്പ് മനസ്സിലായപ്പോഴേയ്ക്കും അയ്യപ്പൻ ആശുപത്രിയിൽ നിന്നും ചാടി.
വല്ല്യപ്പന്റെ കാര്യം മാത്രമായിരുന്നേൽ എങ്ങനെയെങ്കിലും സഹിക്കാമായിരുന്നു. ഇനി ബൈക്കിന് കൂടി സമാധാനം പറയേണ്ടി വന്നാലോ? ലൈസൻസില്ലാത്തതിന് പൊക്കിയാലോ?
വല്ല്യപ്പൻ കുഴപ്പമൊന്നുമില്ലാതെ ആശുപത്രി വിട്ടകാര്യം അറിഞ്ഞ് അല്പമൊന്ന് ആശ്വസിച്ച് വരുമ്പോഴാണ് അയ്യപ്പനെ തിരക്കി പോലീസ് വരുന്നത്.

അയ്യപ്പൻ ബൈക്ക് മോഷണത്തിന് പിടിയിലായത് തന്നെ! കവലയിൽ പിന്നെ അതായി ചർച്ച.
പക്ഷേ അയ്യപ്പനാരാ മോൻ...അയ്യപ്പനെത്ര പോലീസിനെ കണ്ടിട്ടുള്ളതാണ്...
വേലിയും ചാടി ഓടി. കേരള പോലീസിന് വേലി ചാടാൻ ട്രയിനിംഗ് കിട്ടാത്തത് അയ്യപ്പന്റെ ഭാഗ്യം.
പലദിവസങ്ങളായി പലതവണ ഓട്ട മത്സരം നടന്നെങ്കിലും പോലീസ് തോൽ‌വി സമ്മതിക്കേണ്ടി വന്നതല്ലാതെ മറ്റൊന്നുമുണ്ടായില്ല.
ഓരോ ഓട്ട മത്സരത്തിന്നുശേഷവും അയ്യപ്പൻ ഒരു ജേതാവിന്റെ നെഞ്ച് വിരിവോടെ കുറുപ്പിന്റെ കടയിൽ എല്ലാവരും കേൾക്കെ പറയാറുണ്ട്; “അയ്യപ്പനോടാ കളി. ഒരു ബൈക്ക് പോണേ പോട്ടേ...അയ്യപ്പനത് പുല്ലാ...പുഷ്പം പോലെ വേറൊരണ്ണം സംഘടിപ്പിക്കാൻ അയ്യപ്പന് അധിക സമയമൊന്നും വേണ്ട.”
പക്ഷേ കടയിലുണ്ടായിരുന്ന ഭൂരിഭാഗം പേരും അയ്യപ്പൻ കാണിക്കുന്നത് മണ്ടത്തരമാണന്നുള്ള അഭിപ്രായക്കാരായിരുന്നു. വണ്ടി ഇടിച്ച് എന്നുള്ളത് നേര്! വല്യപ്പന് ഒന്നും പറ്റി ഇല്ല എന്നുള്ളത് അതിലും നേര്! പിന്നെ പറ്റിയത് മുഴുവനും അയ്യപ്പനുതന്നെ... പല്ല് മൂന്നെണ്ണം, കൂടെ അയ്യപ്പന്റെ ഗ്ലാമറും പോയി.
“എല്ലാം ശരിയാ...ലൈസൻസെങ്കിലും ഉണ്ടായിരുന്നേൽ അരക്കൈ നോക്കാമാരുന്നു.” അയ്യപ്പന്റെ തീരുമാനം തീർത്തും മോശമല്ലന്ന് അഭിപ്രായമുണ്ടായി.
നല്ല ചൂടുള്ള അനുഭവമാണ് അയ്യപ്പന് ഇതുവരെ പോലിസ് സ്റ്റേഷനീന്ന് ഉണ്ടായിട്ടുള്ളത്. അയ്യപ്പൻ എത്ര തവണ സ്റ്റേഷനിൽ കിടന്നിട്ടുണ്ടന്ന് അയ്യപ്പന് പോലും നിശ്ചയമില്ല! എപ്പോഴൊക്കെ സ്റ്റേഷനീന്ന് അയ്യപ്പൻ തിരികെ വന്നിട്ടുണ്ടോ അപ്പോഴൊക്കെ മുതുകത്ത് മുഴയൻ പോലീസിന്റെ നെറ്റിയിലെ മുഴയുടെ ഒരു പതിപ്പ് ഉണ്ടായിട്ടുമുണ്ട്. അതാണ് ഇതുവരെയുള്ള അനുഭവം.
എങ്കിലും പോലീസ് സ്റ്റേഷനിലേയ്ക്ക് പോകേണ്ടന്ന തീരുമാനം അയ്യപ്പന് തിരുത്തേണ്ടി വന്നു. ഒരു കത്താണ് അയ്യപ്പനെ ആ തീരുമാനത്തിലേയ്ക്ക് എത്തിച്ചത്. പോലീസിൽ നിന്നുമുള്ള കത്ത്. S.I ൽ നിന്നുമുള്ള കത്ത്. അയ്യപ്പന് കത്തുവന്ന വിവരം നാടുമുഴുവൻ പരന്നു.
അയ്യപ്പൻ അതിസാഹസികവും ധീരവുമായ തീരുമാനം കൈക്കൊണ്ടത് കുറുപ്പിന്റെ കടയിൽ വെച്ച് കത്ത് വായിച്ചുകൊണ്ടായിരുന്നു.
അയ്യപ്പൻ കത്ത് ഉറക്കെ വായിച്ചു. വായന കേൾക്കാൻ അനവധിപേർ ചുറ്റും കൂടി.
‘ അയ്യപ്പാ, നിന്നെ ഞങ്ങൾ കുറേ ദിവസമായ് ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. നീ ഈ കേസിൽ നിരപരാധിയാണന്ന വിവരം ഞങ്ങൾക്കും അറിയാം.എതിർ കക്ഷിക്ക് യാതൊരുവിധ പരാധിയുമില്ലാത്തതിനാൽ നീ വന്ന് ബൈക്ക് എത്രയും പെട്ടെന്ന് നേരിൽ കൈപ്പറ്റണം.
എന്ന്,
SI
അയ്യപ്പനന്നാദ്യമായ് കേരളാ പോലീസിനോടാദരവ് തോന്നി. താൻ കാണിച്ചത് തികച്ചും തെറ്റ് തന്നെയാണ്.സദുദ്ദേശ്യത്തോടെ വന്ന നല്ലവരായ പോലീസുകാരെ തെറ്റിദ്ധരിച്ചു. എല്ലാത്തിനും മാപ്പ് പറയണം. കഷ്ടപ്പെട്ട് മോഷ്ടിച്ച ബൈക്ക് തിരികെ കൊണ്ടുവരണം.അയ്യപ്പൻ പോലീസ് സ്റ്റേഷനിലേയ്ക്ക് യാത്രയായി...
കൃത്യം ഒരാഴ്ച കഴിഞ്ഞാണ് അയ്യപ്പൻ തിരിച്ച് കവലയിൽ ബസ്സിറങ്ങിയത്. കുറുപ്പിന്റെ കടയിലുണ്ടായിരുന്നവർ അയ്യപ്പന്റെ ചുറ്റും കൂടി.
“എന്തു പറ്റി അയ്യപ്പാ?”, “ബൈക്ക് കിട്ടിയില്ലേ?” “അവര് നെന്നെ ഒപദ്രവിച്ചോ?” “എന്താ ഇത്ര താമസിച്ചേ?”... ചോദ്യങ്ങൾ പലതായിരുന്നു.
അയ്യപ്പൻ കുറേ നേരം മിണ്ടാതിരുന്നു. ചുറ്റും കൂടിയിരുന്നവരും മിണ്ടിയില്ല.
“അല്പം ചൂടുവെള്ളം.” അയ്യപ്പൻ കൈനീട്ടി. കുറുപ്പ് വെള്ളവുമായി എത്തിയപ്പോൾ അയ്യപ്പനൊന്ന് ചിരിക്കാൻ ശ്രമിച്ചു. എന്നിട്ട് പറഞ്ഞു.
“ഒരു കണക്കിന് എന്റെ ബൈക്ക് മറിഞ്ഞത് നന്നായി.”
“എന്തേ?”എല്ലാരും അയ്യപ്പനെ തന്നെ നോക്കി.
“അല്ല. വണ്ടീന്ന് വീണ് മൂന്ന് പല്ല് നേരത്തേ പോയത് അവമ്മാർക്ക് നന്നായി. പണി അത്രേം കൊറഞ്ഞ് കിട്ടിയല്ലോ.”
അയ്യപ്പൻ വായ പൊളിച്ചുകാണിച്ചു.
അയ്യപ്പന്റെ വായിൽ ഇപ്പോൾ മൂന്ന് പല്ലുകൾ മാത്രമല്ല കാണാതിരുന്നത്!
“ഈ പോലീസ് എന്ന് പറയുന്ന വർഗ്ഗത്തിനേ വിശ്വസിക്കരുത്...വടി വെയ്ക്കുന്നെടത്ത് കൊട വെക്കില്ല.” അയ്യപ്പന്റെ വായിലൂടെ തെറിച്ച തുപ്പൽ അടുത്തിരുന്നയാളുടെ ചായയിൽ വീണു. അയ്യപ്പൻ അതു കൂട്ടാക്കാതെ തന്റെ വർത്തമാനം തുടർന്നു.
“ആ സാരമില്ല...പല്ല് കൊറച്ച് പോയെങ്കിലെന്താ...
അതിനും കൂടി എല്ല് കൂടീട്ടൊണ്ടല്ലാ...അതു തന്നെ ഒരാശ്വാസം.” അയ്യപ്പൻ പതുക്കെ എണീറ്റ് വീട്ടിലേയ്ക്ക് നടന്നു.
“അയ്യപ്പാ, ഇനി കൊറച്ച് നാളത്തേയ്ക്ക് പോലീസിനെ പേടിക്കാതെ കഴിയാം അല്ലേ?” ആരോ കടയിൽ നിന്നും ചോദിച്ചു.
“ങ്ഹാ..., അടുത്ത കേസ് ഒക്കുന്നതുവരെ...”അയ്യപ്പൻ പറഞ്ഞത് ആരും കേട്ടില്ല.

0 comments:

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP