Followers

ഞാനും കുഞ്ഞും

Saturday, December 11, 2010

‘ഇങ്ങനെയുമുണ്ടോ മനുഷ്യർ!’ ഞാൻ വന്നതല്പം താമസിച്ചുപോയി. അതു ശരിയാണ്. അതിനിങ്ങനയുണ്ടോ. കുട്ടി മൂത്രമൊഴിച്ചാൽ അതെങ്ങെടുത്ത് മാറ്റുന്നതിന് ഞാൻ തന്നെ വരണോ. അവരുടെ മോളുടെ കുട്ടിയല്ലേ. മൂത്രമൊന്ന് തുടച്ചുമാറ്റിയാൽ അവർക്കെന്താ സംഭവിക്ക! ഒരു വേലക്കാരി വീട്ടിലുണ്ടന്നു കരുതി ഒരു പണിയും വീട്ടിൽ ചെയ്യരുതെന്നാണോ? ഇവരുടെയൊക്കെ മനസ്സിലിരിപ്പെന്താണോ ആവോ...
വേലക്കാരിക്കും ഒരു വീടുണ്ട്...അവിടെയും ഇതുപോലൊക്കെ പണിയുണ്ട്...എന്നൊന്നും ഇവരൊന്നും ചിന്തിക്കില്ലേ! വന്നതല്പം താമസിച്ചുപോയി. അതു ശരിയാണ്. എന്നും‌പറഞ്ഞ് ഇങ്ങനെയുമുണ്ടോ! ചെവിതല തരികേലന്ന് പറഞ്ഞാൽ...
അവരുടെ ചെവിക്ക് പിടിച്ച് വാച്ചിന് കീ കൊടുക്കുന്നതുപോലെ കറക്കാൻ തോന്നുന്നുണ്ട്. പക്ഷേ എന്തു ചെയ്യാൻ.... ഞാൻ വേലക്കാരി ആയിപ്പോയില്ലേ! ഇവരുടെയൊക്കെ ആട്ടും തുപ്പുമൊക്കെ കൊണ്ട് കഴിയേണ്ടവളല്ലേ. ശരിക്കും പറഞ്ഞാൽ ഇങ്ങനെയൊക്കെ കഴിയാൻ എനിക്ക് ഒട്ടും ഇഷ്ടമല്ല. പക്ഷേ വേറെ നിവർത്തിയില്ല. ഞാൻ പഠിപ്പില്ലാത്തവളായിപ്പോയില്ലേ! എന്റെ പേരുപോലും എഴുതാൻ എനിക്കറിയില്ല. അതെന്റെ കുറ്റമാണോ? എന്നെ പഠിപ്പിക്കാൻ എനിക്കാരുമില്ലായിരുന്നു. ഓർമ്മവെച്ച നാൾ മുതൽ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഇടയ്ക്കെപ്പോഴോ കൂട്ടിനായ് വന്നവൻ ഒരു കുഞ്ഞിനേം തന്നിട്ട് പാട്ടിന്ന് പോയി.

പലപല വീടുകൾ മാറി മാറി ജോലിചെയ്തു. കുട്ടിക്കാലത്ത് ജോലി ചെയ്താൽ കൂലി ആയിട്ടും ഒന്നും കിട്ടില്ലായിരുന്നു. അന്നതിന്റെ ആവശ്യവുമില്ലായിരുന്നു. എന്തെങ്കിലും കഴിക്കണം. വിശപ്പടക്കണം. അതായിരുന്നു പ്രധാനം! വിശപ്പടക്കാൻ വേണ്ടി രാവിലെ മുതൽ രാത്രി വരെ തുണിയും പാത്രവും കഴുകി, തറ തുടച്ചും കഴിച്ചുകൂട്ടി. എന്റെ പ്രായത്തിലുള്ള കുട്ടികൾ പറമ്പ് മുഴുവനും ഓടിക്കളിക്കുമ്പോൾ ഞാൻ പാ‍ത്രവും കഴുകി നോക്കിയിരുന്നിട്ടുണ്ട്. ഒരല്പനേരം കളിക്കാൻ...ഒരു തവണ ഒന്ന് കൂകി വിളിക്കാൻ...എനിക്കുമുണ്ടായിരുന്നു ആഗ്രഹം. ഒന്നും നടന്നില്ല. അതെന്റെ കുറ്റമാണോ? എനിക്കറിയില്ല.

“കുട്ടികളെക്കൊണ്ട് വേല ചെയ്യിക്കുന്നത് ശരിയല്ല” എന്ന് ഇവിടുത്തെ സാറ് ചേച്ചിയോട് പറയുന്നത് കേട്ടിട്ടുണ്ട്. സാറ് വലിയൊരു കമ്പനിയിലെ ആഫീസറാണ്. അവിടെ കുട്ടികളെയൊന്നും ജോലിയ്കെടുക്കില്ല. അത് നിയമപരമായി ശരിയല്ലപോലും!
ഞാനൊക്കെ കുട്ടിയായിരുന്ന സമയത്ത് ഈ നിയമമൊന്നുമില്ലായിരുന്നിരിക്കാം. ഒരു കണക്കിന് അത് നന്നായി. അല്ലെങ്കിലെന്ത് ചെയ്യുമായിരുന്നു. വിശന്ന് വിശന്ന് വയറ് കാഞ്ഞ് ചിലപ്പോ ചത്തു പോയേനേ... അതായിരുന്ന് നന്നെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. എന്തിനാണിങ്ങനെ ആട്ടും തുപ്പുമൊക്കെ കൊണ്ട്...എനിക്ക് പഠിപ്പില്ലല്ലോ!
പഠിപ്പുള്ളവരാണങ്കിൽ ഇതൊന്നും താങ്ങാൻ പറ്റിയില്ലന്നുവരും. എന്റെ കണ്ടുപിടിത്തമല്ല. ഇവിടുത്തെ ചേച്ചി സാറിനോട് ഒരിക്കൽ പറയുന്നത് കേട്ടതാണ്. ‘പഠിപ്പും വിവരവുമൊന്നുമില്ലാത്തതല്ലേ എന്തു പറഞ്ഞാലും കേട്ടോളുമെന്ന്’. ഒറ്റ ഇടികൊടുക്കാൻ തോന്നി അന്ന്! പക്ഷേ ഞാൻ വേലക്കാരി അല്ലേ! എനിക്ക് പഠിപ്പില്ലാത്തതല്ലേ! എനിക്ക് വായിക്കാനറിയാത്തതല്ലേ! എന്റെ പേരുപോലും എഴുതാനറിയാത്തതല്ലേ! വീട്ടുവേലയല്ലാതെ വേറെയൊരു പണിയും അറിയാത്തവളല്ലേ!
ഈ പണിയും കളഞ്ഞിട്ട് വേറേ എവിടെയെങ്കിലും പോകാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെയൊന്ന് ആലോചിച്ചപ്പോൾ തോന്നി അതൊന്നും ശരിയാവത്തില്ലായെന്ന്! സത്യം പറഞ്ഞാൽ എല്ലാരും വേലക്കാരോട് ഇങ്ങനൊക്കെ തന്നെയാണ് പെരുമാറുന്നത്. അതാണ് എന്റെ അനുഭവം! ഇവിടെ ആകുമ്പോൾ കുറച്ച് പൈസായും കിട്ടും. അത്യാവശ്യത്തിന് ആഹാരവും കിട്ടും.
വഴക്കൊക്കെ പറയുമെങ്കിലും ഇവിടുത്തെ ചേച്ചി എനിക്ക് വിശേഷദിവസങ്ങളിൽ തുണിയും പൈസയുമൊക്കെ തരും. കഴിഞ്ഞ വിഷുവിന് എനിക്ക് മാത്രമല്ല എന്റെ മോൾക്കും തുണിയൊക്കെ വാങ്ങി തന്നു. കുഞ്ഞുമോക്ക് എന്തു സന്തോഷമായിരുന്നെന്നോ പുത്തൻ പാവാടേം ബ്ലൗസുമൊക്കെ ഇട്ട് നടക്കാൻ! അതിട്ട് അവളെ കാണാൻ നല്ല ഭംഗിയുമായിരുന്നു.
കഷ്ടപ്പെട്ടാണെങ്കിലും ഞാനവളെ പഠിപ്പിക്കാൻ വിടുന്നുണ്ട്. ഈ ഫീസുകൊടുക്കുന്നതാണ് പാട്! എന്റെ കൂലിയുടെ ഏറെക്കുറെ മുക്കാൽ ഭാഗവും കുഞ്ഞുമോളുടെ പഠിപ്പിനാണ് പോകുന്നത്. എങ്കിലും എനിക്കത് സന്തോഷമാണ്. കുഞ്ഞുമോള് പുസ്തകം വായിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. റേഡിയോവിൽ വാർത്ത കേൾക്കണതുപോലെ! നല്ലതുപോലെ പഠിക്കുന്നുണ്ടന്നാണ് അവള് പറയുന്നത്. എനിക്കവളെ പഠിപ്പിച്ച് വലിയവളാക്കണം. ഇവിടുത്തെ ചേച്ചിയുടെ മോളെപ്പോലെ. അതങ്ങ് അമേരിക്കയിലാണ്. വലിയ പഠിപ്പൊക്കെ കഴിഞ്ഞ്...വലിയ ജോലിയിലാണ്...പക്ഷേ എനിക്കതിനോട് സങ്കടം തോന്നാറുണ്ട്. ഒന്നോർത്താൽ അതിന്റെ കാര്യം കഷ്ടമാണ്! സ്വന്തം കുഞ്ഞിനെ കൂടെ നിർത്താൻ പറ്റില്ലെന്നുവെച്ചാൽ അതു കഷ്ടമല്ലേ? സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിർത്തി ഒന്ന് ഉമ്മവെയ്ക്കാൻ പറ്റില്ലന്ന് വെച്ചാൽ അതു കഷ്ടമല്ലേ? എനിക്കാണങ്കിൽ ഓർക്കാൻ പോലും പറ്റില്ല. എന്റെ കുഞ്ഞുമോളെ കാണാതെ കഴിയേണ്ടി വന്നാൽ... ഓർത്തിട്ട് തന്നെ നെഞ്ചിനകത്തുകൂടി ഒരു മിന്നല് പോകണപോലെ...
വലിയ വലിയ ജോലിയൊക്കെ ചെയ്താൽ കുട്ടികളെ നോക്കാൻ പോലും സമയം കിട്ടില്ലത്രേ! അതുകൊണ്ടാണ് ആ കുഞ്ഞിനെകൊണ്ടുവന്ന് ഇവിടെ വിട്ടിരിക്കുന്നത്. എത്രയൊക്കെ വന്നാലും സ്വന്തം അമ്മയുടെ അടുത്ത് നിൽക്കുന്ന സുഖം ആ കുഞ്ഞിന് കിട്ടുമോ? മുലപ്പാല് പോലും കുടിക്കാതെ...ഓർത്തിട്ട് തന്നെ തലചെകിടിക്കുന്നു. ആ കുഞ്ഞും ഞാനും ഒരു പോലെയാണെന്ന് തോന്നിയിട്ടുണ്ട്. ഒറ്റ വ്യത്യാസം മാത്രം! എനിക്കാ‍രുമില്ലായിരുന്നു. വളർത്താനും ഉമ്മതരാനും ഒന്നിനും. ഈ കുഞ്ഞിന് എല്ലാമുണ്ട്...എല്ലാരുമുണ്ട്. പണമുണ്ട്...പഠിപ്പുള്ള അമ്മയും അച്ഛനും ഉണ്ട്...പഠിപ്പും പത്രാസുമുള്ള അച്ചച്ചനും അച്ചമ്മയും ഉണ്ട്!

എന്റെ കുഞ്ഞുമോൾ എന്തു ഭാഗ്യവതിയാണ്. ഞാനെന്നും ജോലികഴിഞ്ഞ് ചെല്ലുമ്പോൾ അവൾക്ക് ജിലേബി വാങ്ങികൊടുക്കും. മുടി ചീകി നെറുകം തലേ വെച്ച് റിബ്ബൺ കെട്ടിക്കൊടുക്കും. കെട്ടിപ്പിടിച്ച് അവളുടെ പതുപതുത്ത വെളുത്ത കവിളിൽ ഉമ്മ കൊടുക്കും. അപ്പോൾ അവളുടെ മുഖമൊന്ന് കാണണം. വിരിഞ്ഞ് വരുന്ന ഒരു താമരമൊട്ടുപോലെ...
“എടീ ജയേ...നീയെന്തെടുക്കുവാ അവിടെ. വേഗം വന്ന് ഇവിടെയൊക്കെ വൃത്തിയാക്കിയിട്ട് ആ പാത്രമൊക്കെ ഒന്നു കഴുകി കഴിഞ്ഞ് കുഞ്ഞിനെയൊന്ന് കുളിപ്പിച്ചേ...”
ചേച്ചിയുടെ ദേഷ്യം അല്പം കുറഞ്ഞെന്ന് തോന്നുന്നു. നേരത്തേ ഉണ്ടായിരുന്നത്രം ദേഷ്യം ഇപ്പോൾ പറച്ചിലിൽ തോന്നുന്നില്ല. ഏതായാലും കൂടുതൽ വഴക്ക് കേൾക്കുന്നതിന് മുന്നേ പണിയൊക്കെ തീർത്തേക്കാം.

പാത്രം കഴുകാൻ വർക്ക് ഏരിയായിൽ കുത്തിയിരുന്നപ്പോൾ പുറകിലൊരു കാല്‍പ്പെരുമാറ്റം. ചേച്ചിയാണ്. ഞാനവരെ ശ്രദ്ധിക്കാത്ത മട്ടിലിരുന്നു.
എങ്കിലും അവര് പറഞ്ഞത് ഞാൻ കേട്ടു. “എന്തിനാടി ഒറ്റയ്ക്ക് ഇതിന്നുമാത്രം കഷ്ടപ്പെടുന്നേ... ആ കൊച്ചിനെ കൂടി ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ നിനക്ക്. ഇക്കാലത്ത് പെങ്കൊച്ചുങ്ങളെ പഠിപ്പിച്ചിട്ട് വലിയ കാര്യമൊന്നുമില്ല.” കാല്‍പ്പെരുമാറ്റം അകന്നകന്ന് പോകുന്നത് ഞാനറിഞ്ഞു.

Read more...

വെള്ളമുണ്ട്

Monday, December 6, 2010

നേരം ഒത്തിരിയായി.ഇരുട്ട് വീണുതുടങ്ങി.നേരത്തേ വീട്ടിൽ പറഞ്ഞിട്ട് പോന്നതിനാൽ വഴക്കോ കിഴുക്കോ കിട്ടാനുള്ള വകയില്ല. യുവജനോത്സവമാണ് പരിപാടിയൊക്കെ കണ്ടിട്ടേ വരുകയുള്ളൂ എന്ന് പറഞ്ഞിട്ടാണ് പോന്നത്. എങ്കിലും ഇരുട്ട് വീണതോട് കൂടി അപ്പുക്കുട്ടന് പേടിതുടങ്ങി. എങ്ങിനെയെങ്കിലും വീടെത്തിയാൽ മതിയായിരുന്നു.എളുപ്പമെത്താനായി ഇടവഴിയിലൂടെയായ് നടത്തം. നടത്തം എപ്പോഴോ ഓട്ടമായ് മാറിയത് അപ്പുക്കുട്ടൻ പോലും അറിഞ്ഞില്ല.ഇരുട്ട് നിറഞ്ഞ ഇടവഴിയിലൂടെ അമ്പലത്തിന് മുന്നിലുള്ള തോട്ടിറമ്പിലെത്തിയപ്പോഴാണ് ആരോ എതിരേ വന്നത്. രണ്ടുപേർക്ക് പോകാൻ തക്കവണ്ണം വീതിയില്ലാത്ത വഴി! അപ്പുക്കുട്ടന്റെ ഓട്ടം തൽക്കാലത്തേയ്ക്ക് നിന്നു. കിതപ്പലിന്റെ ശബ്ദം അപ്പുക്കുട്ടന് ഇപ്പോൾ വ്യക്തമായ് കേൾക്കാം. അപ്പുക്കുട്ടൻ വേലിപ്പത്തലിൽ പിടിച്ചുകൊണ്ട് എതിരേ വന്ന ആൾക്ക് വഴിമാറിക്കൊടുത്തു. മങ്ങിയ വെളിച്ചത്തിൽ ആ മുഖം കണ്ടു. രാധച്ചേച്ചി. അപ്പുക്കുട്ടൻ മിണ്ടിയില്ല. എത്രയും വേഗം വീടു പിടിക്കണം. വീണ്ടും ഓട്ടം ആരംഭിക്കാൻ തുടങ്ങിയതും പുറകിൽ നിന്നും വിളി വന്നു.
“ആരാ അത്? അപ്പുക്കുട്ടനാണോ?”
“ആ”
“നിന്നെക്കണ്ടിട്ട് മനസ്സിലായില്ലടാ. വലിയ ചെറുക്കനായല്ലോ നീ. മുണ്ടൊക്കെയുടുത്തു...”
“അയ്യോ.” അപ്പുക്കുട്ടൻ അറിയാതെ പറഞ്ഞുപോയി. നാടകമൊക്കെ കഴിഞ്ഞ് മുഖത്തെ ചായമൊക്കെ തേച്ചു കളഞ്ഞെങ്കിലും മുണ്ടുരിഞ്ഞ് മാറ്റുന്ന കാര്യം മറന്ന് പോയിരുന്നു. രാധച്ചേച്ചി കണ്ടതും ചോദിച്ചതും ഒരു കണക്കിന് നന്നായി. അപ്പുക്കുട്ടൻ വേഗം തന്നെ മുണ്ടുരിഞ്ഞ് മടക്കി നിക്കറിന്റെ പോക്കറ്റിനുള്ളിലേയ്ക്ക് തിരുകി കയറ്റി.
യുവജനോത്സവത്തിന് തീയതി നിശ്ചയിച്ചപ്പോൾ മുതൽ സന്തോഷിന് ഒരേയൊരു നിർബന്ധം. ഒരു നാടകം നടത്തണം. ചുമ്മാതൊരു നാടകമായാൽ പോര. സിമ്പോളിക് നാടകം! അതാണത്രേ സ്റ്റൈൽ! കാണുന്നവർക്കും, അഭിനയിക്കുന്നവർക്കും, ചൂടൻ സാറിന്റെ നേതൃത്വത്തിലുള്ള ജഡ്ജസിനും ഒന്നും മനസ്സിലാകരുത്. ആകെ മൊത്തം ബഹളമായിരിക്കണം. മുഖത്തൊക്കെ ചായമൊക്കെ തേച്ച്, തലയിലൊരു റിബ്ബണൊക്കെ കെട്ടി ഹാ...ഹൂ എന്നൊക്കെ പറഞ്ഞ് വട്ടത്തിൽ കറങ്ങി നൃത്തം ചെയ്യണം. എല്ലാവരും മുണ്ടുടുത്തിട്ടുണ്ടാവണം. അപ്പുക്കുട്ടന്റെ പതിവ് ബെൽറ്റ് നിക്കറിന് നാടകത്തിൽ സ്ഥാനമില്ല! അത് സിമ്പോളിക് നാടകത്തിന് ചേരില്ല പോലും. ചാട്ടവാറും, തിളങ്ങുന്ന വാളും കൂടെ ചെണ്ടയുടെ നാദവും ചേർന്നാൽ... മതി... ഒന്നാം സ്ഥാനം നമ്മുക്ക് തന്നെ. സന്തോഷിന് പൂർണ്ണ വിശ്വാസമായിരുന്നു. പക്ഷേ പ്രശ്നമതല്ലായിരുന്നു. നാടകം എവിടുന്ന് സംഘടിപ്പിക്കും? ആരു സംഘടിപ്പിക്കും?അവസാനം അതിന്റെ ചുമതല അപ്പുക്കുട്ടന് തന്നെ വന്നു.
കച്ചവടത്തിന്റെ രസതന്ത്രം പഠിച്ചവനാണ് രാ‍ഘവനെന്നാണ് നാട്ടിൽ ഒട്ടുമിക്ക ആളുകളും പറയുന്നത്. അതെന്ത് തന്ത്രമെന്ന് അപ്പുക്കുട്ടന് മനസ്സിലായിട്ടില്ല. എങ്കിലും ഒരു കാര്യം മനസ്സിലായി കച്ചവടം കൂട്ടാനുള്ള തന്ത്രമാണതെന്ന്. രാഘവാ ടെക്സ്റ്റൈത്സിന്റെ മുന്നിലുള്ള ഇറയത്ത് മൂന്ന് നാല് ബഞ്ചുകൾ ഇട്ടിട്ടുണ്ട്. ബഞ്ചുകൾക്ക് ഒത്ത നടുവിലായി ഒരു തടിപ്പെട്ടിയുമുണ്ട്. തടിപ്പെട്ടിയ്ക്കുള്ളിൽ കുറേ അധികം പത്രങ്ങളും, വാരികകളുമുണ്ട്. ചിലതിന്റെയൊക്കെ പേരുകൾ പോലും അപ്പുക്കുട്ടനറിയില്ല. തുണിക്കടയുടെ മുന്നിൽ എപ്പോഴും തിരക്കാണ്. “ഇക്കാലത്ത് ഇത്രയധികം വാരികകളും പത്രങ്ങളും നടത്തണമെന്നാൽ പൈസ കണ്ടമാനം വേണ്ടേ?” വിലാസിനി ചിറ്റ ചോദിച്ചതിന് മീനാക്ഷി അമ്മായി പറഞ്ഞ മറുപടി ഇങ്ങനെയാണ്. “അതു പിന്നെ ഔദാര്യം ചെയ്യണതാണന്നാ നെന്റെ വിചാരം. അതിന്റെയൊക്കെ പൈസ കൂടി അങ്ങേര് തുണിമേല് വാങ്ങണുണ്ട്.”
എന്തായാലും ‘ആശാൻ മെമ്മോറിയൽ’ വായനശാലയിലുള്ളതിനേക്കാൾ കൂടുതൽ പ്രസിദ്ധീകരണങ്ങൾ ‘രാഘവാ ടെക്സ്റ്റൈത്സിൽ’ ഉണ്ടായിരുന്നു. അപ്പുക്കുട്ടന്റെ നാടക രചനയും അവിടെ തുടങ്ങുകയായിരുന്നു.
സിമ്പിൾ!!! വളരെ നിസാരം!!! എളുപ്പം!!!
മണിക്കൂറുകൾക്കുള്ളിൽ നാടകത്തിനുള്ള വകുപ്പുകൾ റെഡിയായി. ബുക്കുകളും വാരികകളും അരിച്ചുപെറുക്കി. ചിലതിലൊക്കെ നാടകങ്ങളുടെ ഭാഗങ്ങളുണ്ടായിരുന്നു. എഴുതിയെടുക്കാനൊക്കെ ആരാ മെനക്കെടുന്നേ!!!
പരിസരമൊക്കെ നോക്കി... കുറ്റമറ്റ രീതിയിൽ തന്നെ പേജുകൾ കീറിയെടുത്തു.
പിന്നെയായിരുന്നു പണി! പല പല നാടകങ്ങൾ...പലപല പേജുകൾ...ഒന്നും പൂർണ്ണമായിട്ടില്ലതാനും. ഒരേയൊരു ആശ്വാസമേ ഉണ്ടായിരുന്നുള്ളു. സിമ്പോളിക് നാടകമല്ലേ!!! ആർക്കും ഒന്നും മനസ്സിലാകത്തില്ല. അല്ല. മനസ്സിലാകരുത്. അതാണ് നാടകത്തിന്റെ വിജയം. കഥാപാത്രങ്ങൾക്കൊക്കെ പേരു കൊടുത്തു.
‘ജനം,രാജാവ്, മന്ത്രി,ഭൃത്യൻ,കാട്ടാളൻ.’
ജനത്തിന്റെ റോൾ അപ്പുക്കുട്ടൻ തന്നെ അവതരിപ്പിക്കും. അത് എഴുതുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു.കുറച്ച് ചാട്ടവാറടി കൊണ്ടാൽ മതി. സംഭാഷണമൊന്നും പറയേണ്ട. ജനത്തിന് വായ തുറക്കാൻ പാടില്ല. അവന് അഭിപ്രായം പറയാൻ പാടില്ല. കൂകി വിളിക്കുക. കൂകി വിളിക്കുക മാത്രം! സഭാകമ്പമുണ്ടായ് വാക്കുകൾ തെറ്റിയ്ക്കുന്നതിലും നന്ന് കൂവുന്നത് തന്നെ. ജനം കൂവും. അവർ കൂവാനുള്ളവരാണ്. ഒരു പക്ഷേ നാടകം കണ്ട് കാഴ്ചക്കാർ കൂവുമായിരിക്കും. അവർക്കുള്ള താക്കിതാണ് അപ്പുക്കുട്ടന്റെ നാടകം.
നാടകത്തിനായ് കഥാപാത്രങ്ങൾ അവരവരുടെ വേഷങ്ങൾക്കുള്ള സാധനസാമഗ്രികൾ കൊണ്ടുവരേണ്ടതുണ്ട്. നാടകത്തിന്റെ രൂപകല്‍പ്പന തീർന്നപ്പോഴും അപ്പുക്കുട്ടന്റെ മുന്നിലുണ്ടായിരുന്ന പ്രശ്നം അതു തന്നെയായിരുന്നു. ഒരു വെള്ളമുണ്ട്. ‘ജന‘ത്തിന് ഉടുക്കാനുള്ള ഒരു വെള്ളമുണ്ട്!
അച്ഛന് സ്വന്തമായി ഒരു തകരപ്പെട്ടിയുണ്ട്. അച്ഛനും അമ്മയും അതിനെ ട്രങ്ക് പെട്ടി എന്നാണ് പറയുന്നത്. തൊട്ടാൽ തുരുമ്പ് പിടിക്കുന്ന പെട്ടിയെ എങ്ങനെയാണ് ട്രങ്ക് പെട്ടി എന്നു വിളിക്കുന്നതെന്ന് അപ്പുക്കുട്ടനെന്നും സംശയമായിരുന്നു. മാർക്കറ്റിലെ ജോസഫിന്റെ കടയിൽ വിൽക്കാൻ വെച്ചിരിക്കുന്ന ട്രങ്ക് പെട്ടിയ്ക്കൊക്കെ നല്ലതുപോലെ പെയിന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പെയിന്റിന്റെ പുറത്ത് മണ്ണെണ്ണ വിളക്ക് കത്തിച്ച് പുക കൊണ്ട് പലപല ഡിസൈനുണ്ടാക്കുന്നതും അപ്പുക്കുട്ടൻ കണ്ടിട്ടുണ്ട്. അച്ഛന്റെ പെട്ടിയ്ക്ക് ഇതൊന്നുമില്ല. വെറും തുരുമ്പ് മാത്രം. തുരുമ്പ്. അതുകൊണ്ട് അപ്പുക്കുട്ടനതിനെ തകരപ്പെട്ടി എന്നാണ് വിളിക്കുന്നത്.
വളരെ കുറച്ച് തവണയെ തകരപ്പെട്ടി തുറന്നു കണ്ടിട്ടുള്ളു. അച്ഛനല്ലാതെ വേറെ ആർക്കും അതു തുറക്കാൻ പറ്റത്തില്ല.താക്കോൽ അച്ഛനെവിടെയോ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അമ്മയ്ക്ക് പോലും അതെവിടെയാണന്ന് അറിയില്ല. സേതു പറയുന്നത് താക്കോൽ ഉത്തരത്തിലെവിടെയോ ആണ് സൂക്ഷിച്ചിരിക്കുന്നതെന്ന്. ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ അവൾ മിടുക്കിയാണ്. അവിടെയാവുമ്പോ ആർക്കും കൈയെത്തെത്തില്ലല്ലോ! പെട്ടി നിറയെ കാശാണന്നാണ് അവൾ പറയുന്നത്.അച്ഛൻ പണി ചെയ്തുകൊണ്ടുവരുന്ന പൈസ മുഴുവൻ അതിൽ കൂട്ടിവെയ്ക്കുകയാണത്രേ! കുറേ പൈസ ആവുമ്പോഴത്തേക്കും അച്ഛനതെടുത്ത് വീടുപണിയുമത്രേ.
“പെണ്ണിനെ കെട്ടിച്ചുവിടാനുള്ള സ്ത്രീധനമാണോ പെട്ടീല്...” ഒരു ദിവസം അമ്മ ചോദിക്കുന്നതു കേട്ടു. അച്ഛൻ ആർക്കും ഒരു മറുപടിയും കൊടുത്തിരുന്നില്ല. പെട്ടിയ്ക്കുള്ളിൽ എന്തൊക്കെയുണ്ടന്ന് അച്ഛനല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.ആർക്കും അറിയാനും കഴിഞ്ഞില്ല. അതിന് താക്കോൽ വേണമല്ലോ. എങ്കിലും പെട്ടിയ്കുള്ളിൽ ഒരു വെള്ള ഡബിൾ മുണ്ട് ഉണ്ടന്നുള്ള കാര്യം അമ്മയ്ക്കും സേതുവിനും അപ്പുക്കുട്ടനുമറിയാം. വിശേഷ ദിവസങ്ങളിൽ അച്ഛൻ ആ പെട്ടി തുറന്നാണ് മുണ്ടെടുക്കുന്നത്. അമ്പലത്തിലെ ഉത്സവത്തിനും ബന്ധുക്കാരുടെ കല്യാണത്തിനുമൊക്കെ അച്ഛൻ പെട്ടി തുറന്ന് മുണ്ടെടുക്കും. കസവ് കരയുള്ള നല്ല വെള്ള ഡബിൾ മുണ്ട്. അമ്മയാണത് പശമുക്കി തേച്ച് കൊടുക്കുന്നത്. തേപ്പുപെട്ടിയിലിടാനുള്ള ചിരട്ട കത്തിച്ച് കൊടുക്കുന്നത് അപ്പുക്കുട്ടനും. തേച്ച് വടിവൊത്ത ഡബിൾ മുണ്ടും കോടി നിറത്തിലെ ഉടുപ്പുമിട്ട് അച്ഛനിറങ്ങുമ്പോൾ അപ്പുക്കുട്ടൻ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. അപ്പുക്കുട്ടനും ഇതുപോലൊരു മുണ്ടുടുക്കും...ഒരിക്കൽ...അവൻ മനസ്സിൽ പറഞ്ഞു.
കല്ല്യാണത്തിന് ആ മുണ്ടുമുടുത്ത് വന്ന അച്ഛനെ ഒന്ന് കാണേണ്ടതായിരുന്നെന്നാണ് അമ്മ പറയുന്നത്. നല്ല പ്രൗഢിയായിരുന്നെന്നാണ് അമ്മ പറഞ്ഞത്. അതെന്താണെന്ന് അപ്പുക്കുട്ടന് മനസ്സിലായില്ല. അമ്മയോട് ചോദിച്ചപ്പോൾ പള്ളിക്കൂടത്തില്പോയി സാറിനോട് ചോദിക്കാൻ പറഞ്ഞു. അതിനൊക്കെ ആരാ മെനക്കെടുന്നേ...എങ്കിലും ഒരുകാര്യം മനസ്സിലായി. എന്തോ നല്ല കാര്യമാണ് അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞതെന്ന്!
അച്ഛന്റേം അമ്മേടേം കല്യാണത്തിനായ് വാങ്ങിയതായിരുന്നു ആ മുണ്ട്. “അടുത്ത ബോണസിനെങ്കിലും അതുപോലൊരു മുണ്ടുകൂടി വാങ്ങിക്കണം.” അമ്മ അതുപറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു.
“കുട്ടികളുടെ സ്കൂൾ ചെലവും, പിന്നെ അവർക്ക് ഉടുപ്പുമൊക്കെ എടുത്താൽ പിന്നെന്തുണ്ടാവുമെടീ മിച്ചം?”
‘പിന്നെ... പഞ്ഞമൊഴിഞ്ഞിട്ട് നമ്മുക്കൊരു കാലവുമൊണ്ടാകാൻ പോണില്ല. നിങ്ങളതൊക്കെ വിട്. അടുത്ത ബോണസിന് എന്തായാലും മുണ്ട് വാങ്ങണം. എന്നിട്ട് വേണം എനിക്കീ പഴയമുണ്ട് വെളക്കിലെ തിരിയിടാനെടുക്കാൻ.”
പുതിയ മുണ്ട് വാങ്ങിയിട്ട് പഴയത് വിളക്കിലെ തിരിയിടാനെടുക്കണം. അപ്പുക്കുട്ടനതത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒന്നും പറഞ്ഞില്ല. വെറുതേ എന്തിനാ അമ്മയുടെ വായിലിരിക്കുന്നത് കേൾക്കുന്നത്.

---------

വേലിയരികിൽ തന്നെ അവൾ നില്‍പ്പുണ്ടായിരുന്നു. സേതു! അപ്പുക്കുട്ടന്റെ മുഖം കണ്ടതും അവൾ വീട്ടിന്നകത്തേയ്ക്ക് ഓടി. “അച്ഛാ, ദേ വന്നൂ.” പാര വെയ്ക്കാൻ പണ്ടേ അവൾ മിടുക്കിയാണ്. എന്തോ ഗുലുമാല് ഉണ്ടാക്കിയിട്ടുണ്ടവൾ. അതുറപ്പാണ്. വെള്ളമുണ്ട് പോക്കറ്റിൽ തന്നെയുണ്ട്. മുണ്ടെന്ന് പറയുന്നത് നിസ്സാരമുണ്ടൊന്നുമല്ല. അച്ഛൻ പൊന്നുപോലെ സൂക്ഷിച്ചുപോന്ന മുണ്ടാണ്. അമ്മയും ഇഷ്ടപ്പെട്ടിരുന്ന മുണ്ടാണ്.ട്രങ്ക് പെട്ടിയിൽ അടച്ച് സൂക്ഷിച്ച് വെച്ചിരുന്ന മുണ്ടാണ്. കസവ് കരയുള്ള വെള്ള ഡബിൾ മുണ്ടാണ്! സർവ്വോപരി അച്ഛന്റെ കല്യാണമുണ്ടാണത്. അപ്പുക്കുട്ടനേക്കാളും സേതുവിനേക്കാളും പ്രായമുള്ള മുണ്ടാണത്!
പിടിക്കപ്പെട്ടാൽ തുടയിലെ തൊലി ഉരിയും ഉറപ്പ്. അതുകണ്ട് അവൾ ചിരിക്കും. പൊട്ടി പൊട്ടി ചിരിക്കും.
അപ്പുക്കുട്ടൻ പിടിക്കപ്പെടും. അവളുടെ ഓട്ടം അതിനുള്ള മുന്നറിയിപ്പാണ്. അച്ഛൻ ഉത്തരത്തിൽ നിന്നും ചൂരലെടുക്കുകയായിരിക്കും.
അച്ഛന്റെ കൈയിൽ പിടിച്ചുകൊണ്ട് സേതു പുറത്തേയ്ക്ക് വന്നു. പുറകേ അമ്മയുമുണ്ട്.
ചൂരലെവിടെ? അപ്പുക്കുട്ടന്റെ നോട്ടം അതായിരുന്നു. ഒരുപക്ഷേ മുതുകത്ത് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരിക്കാം.അവളുടെ നില്‍പ്പു കണ്ടില്ലേ...കൊച്ചുകടുക്കാച്ചി...നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി...കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്നേ ചൂരലെങ്ങാനും തുടയിൽ വീണാൽ...
സ്വന്തമായുള്ള പെട്ടിയുടെ താക്കോൽ നേരാം വണ്ണം സൂക്ഷിക്കാതിരുന്നത് കുറ്റമല്ലേ...അതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമുണ്ടോ? തുറന്ന് വെച്ചിരിക്കുന്ന കറിച്ചട്ടിയിൽ നിന്ന് മീൻ മോഷണം പോകുന്നതിന് പൂച്ചമാത്രമാണോ കുറ്റക്കാരൻ...ഇവിടെ ന്യായത്തിന് ഒരു വിലയുമില്ല. ആരോട് പറയാൻ... എന്ത് പറയാൻ...അപ്പുക്കുട്ടൻ തലകുനിച്ച് നിന്നു.
“മുണ്ട് കീറി അല്ലേ?” അച്ഛന്റെ ചോദ്യമാണ്.
“ഇല്ല. ഇല്ല.” അപ്പുക്കുട്ടന്റെ ഉത്തരം പെട്ടെന്നായിരുന്നു.
അച്ഛൻ ചിരിക്കുന്നു. അമ്മയും ചിരിക്കുന്നു. സേതുവും ചിരിക്കുന്നു. ഇതെന്താ പതിവില്ലാതെ. അപ്പുക്കുട്ടനാകെ ബുദ്ധിമുട്ടു തോന്നി. ഒര് അടികിട്ടിയിരുന്നെങ്കിലെന്നാശിച്ചു പോയി. അതായിരുന്നു ഇതിലും ഭേദം.
“എവിടെ മുണ്ട്? നീയതൊന്നെടുത്ത് നോക്കിക്കേ.” അച്ഛന്റെ ശബ്ദം വീണ്ടും.
അപ്പുക്കുട്ടൻ പോക്കറ്റിൽ നിന്നും മുണ്ട് ഊരിയെടുത്ത് വിടർത്തി.
വിശ്വസിക്കാനാവുന്നില്ല!!!
മുണ്ടിന്റെ ഒത്ത നടുക്ക് വലിയൊരു കീറൽ!!!
ഇതെങ്ങനെ...എപ്പോൾ സംഭവിച്ചു!!!
“രാജാവിന്റെ വാള് കൊണ്ട് മുണ്ട് കീറിയതൊന്നും നിന്റെ ചേട്ടനറിഞ്ഞില്ലടി. അതെങ്ങനെ... അവൻ നിന്ന് കൂവുകയല്ലേ”
അപ്പുക്കുട്ടൻ വീടിന്നകത്തേയ്ക്ക് ഓടിക്കയറി.
“പിന്നെ...പിന്നെ... ഞാൻ പറഞ്ഞില്ലാരുന്നേ അച്ഛനെങ്ങനെ നാടകമുണ്ടന്ന് അറിയുമായിരുന്നു.” സേതുവിന്റെ ശബ്ദം അപ്പുക്കുട്ടൻ അകത്തുനിന്നും കേട്ടു.
അമ്മയപ്പോൾ പറയുന്നുണ്ടായിരുന്നു. “ഇനിയെങ്കിലും നിങ്ങടച്ഛനൊരു പുതിയ മുണ്ട് വാങ്ങുമല്ലോ.”

Read more...

വാച്ചർ

Sunday, August 8, 2010

ആലിഞ്ചോട്ടിൽ ബസിറങ്ങിയാൽ കാലെടുത്ത് വെയ്ക്കുന്നത് കോമളാ എസ്റ്റേറ്റിലേയ്ക്കാണ്. അവിടെ റോഡരുകിൽ തന്നെ ഒരു വലിയ കറുത്തബോർഡ് വെച്ചിട്ടുണ്ട്. അതിൽ വെളുത്ത വലിയ അക്ഷരത്തിൽ ‘കോമളാ ഇൻഡസ്ട്രീയൽ എസ്റ്റേറ്റ്’ എന്നെഴുതിയിട്ടുണ്ട്. കോമളാ ടീ കമ്പനിയുടേത് വകയാണ് ഈ എസ്റ്റേറ്റ്. ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന കുറേ സ്ഥലം. കപ്പലുമാവുകളും, കാട്ടുചെടികളും കൂടാതെ കുറേ പൊട്ടക്കുളങ്ങളും മാത്രമല്ല അവിടെയുള്ളത്. എസ്റ്റേറ്റിന്റെ ഒത്ത നടുക്കായ് ഒരു വീടുണ്ട്. നല്ല ഉയരത്തിൽ തറകെട്ടിയിട്ടുള്ള ഓലമേഞ്ഞ ഒരു വലിയ വീട്. അവിടെയാണ് വാച്ചറും കുടുംബവും താമസിക്കുന്നത്. വാച്ചർക്കും കുടുംബത്തിനു ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങളെല്ലാം തന്നെ കമ്പനിയാണ് നൽകുന്നത്.സോപ്പ്,ചീപ്പ്, കണ്ണാടി തുടങ്ങി അരി, മുളക്,മല്ലി,കുളിക്കാനുള്ള തോർത്തുവരെ കമ്പനിയിൽ നിന്നും മാ‍സാമാസം വാച്ചർക്ക് ശമ്പളത്തിന് പുറമേ മുടക്കം കൂടാതെ കിട്ടാറുണ്ട്.ഇതൊന്നും കൂടാതെ കപ്പലുമാവിൽ നിന്നും കിട്ടുന്ന കശുവണ്ടി, തെങ്ങിൽ നിന്നുമുള്ള ഓല,മടൽ,കൊതുമ്പ് തുടങ്ങി എല്ലാം വാച്ചറുടെ വരുമാനം വർദ്ധിപ്പിക്കാനുള്ള കാര്യങ്ങളായിരുന്നു. പറമ്പിൽ നിന്നുമുള്ള വരുമാനം കമ്പനിയിൽ അടയ്ക്കുമെന്നും ഇല്ലെന്നും ജനസംസാരം ഉണ്ട്. എന്തായാലും എല്ലാമാസവും ഒന്നാം തീയതി വാച്ചർ എറണാകുളത്തേയ്ക്ക് പോകും. അവിടെയാണ് കോമളാ ടീ കമ്പനിയുടെ ഹെഡ് ഓഫീസ്. ശമ്പളം വാങ്ങാനാണ് വാച്ചർ എറണാകുളത്തേയ്ക്ക് പോകുന്നതെന്ന് പറച്ചിലുണ്ട്. ശമ്പളം വാങ്ങുന്നതിനോടൊപ്പം എസ്റ്റേറ്റിലെ വരുമാനം ഹെഡ് ഓഫീസിൽ ബോധിപ്പിക്കുകയും ചെയ്യുന്നുണ്ടന്ന് ചിലരൊക്കെ പറയുന്നുണ്ട്. പക്ഷേ സത്യം വാച്ചർക്ക് മാത്രമേ അറിയൂ. ചിലപ്പോൾ വാച്ചറുടെ ഭാര്യയ്ക്കും അറിയാമായിരിക്കാം.
എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം വാങ്ങിയിട്ടിരിക്കുന്നതെന്ന് ആർക്കുമറിയില്ല. “നമ്മളെ ഏപ്പിച്ച പണിയങ്ങ് ചെയ്താപോരേ? എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങൾ തിരക്കുന്നത്?” വാച്ചറോട് ചോദിച്ചാൽ മറുപടി ഇങ്ങനെയായിരിക്കും. സത്യത്തിൽ വാച്ചർക്കും അറിയില്ല എന്തിനാണ് കമ്പനി ഇത്രയധികം സ്ഥലം ഈ കുഗ്രാമത്തിൽവാങ്ങിയിട്ടിരിക്കുന്നതെന്ന്. ടാക്സ് വെട്ടിക്കാനാണന്ന് ചിലരൊക്കെ പറയുന്നുണ്ട്. ‘വാച്ചറുടെ ഭാഗ്യം’ അങ്ങനേയും ചിലർ പറയുന്നുണ്ട്.

റോഡിൽ നിന്നും കമ്പനിയുടെ നടുക്കുകൂടിയുള്ള വലിയ വഴിയിലൂടെയാണ് നാട്ടുകാർ ചന്തയിലേയ്ക്ക് പോകുന്നതും വരുന്നതും. സന്ധ്യകഴിഞ്ഞാൽ ആരും അതുവഴി നടക്കാറില്ല. ഷഡ്ഡിക്കാരും കഞ്ചാവുകാരുടെയുമെല്ലാം കപ്പലുമാവിൻ കാട്ടിലുണ്ടാവുമെന്നാണ് പറയപ്പെടുന്നത്. പറയപ്പെടുന്നതല്ല. അത് ശരിയുമാണ്. ഒറ്റയ്ക്ക് രാത്രി അതുവഴി നടന്നുവരുന്ന പലരേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം പിടുങ്ങിയ കഥ പലതാണ്. വാച്ചറും കുടുംബവും രാത്രി പുറത്തിറങ്ങാറില്ല.അവർക്കും പേടിയാണ്. ഒരുദിവസം രാത്രി മീൻ‌കഴുകാൻ പുറത്തിറങ്ങിയ വാച്ചറുടെ മകൾ മോഹിനിയെ ഷഡ്ഡിക്കാർ പിടിച്ചതാണ്. മോഹിനിയ്ക്ക് നല്ലവണ്ണം കരയാൻ അറിയുന്നത് കൊണ്ട് രക്ഷപ്പെട്ടു. കരച്ചിൽകേട്ട് ഓടി വന്ന വാച്ചർ കണ്ടത് ബോധംകെട്ട് വാഴച്ചോട്ടിൽ കിടക്കുന്ന മോഹിനിയെ ആണ്. തോക്കിനായ് കമ്പനിയിൽ അപേക്ഷകൊടുത്തിട്ടുന്നാണ് അതിൽ പിന്നെ വാച്ചർ നാട്ടുകാരോട് പറഞ്ഞത്.
“പോലീസിനെ പിടിക്കുന്ന കള്ളനുള്ള നാട്ടിൽ സായിപ്പിന്റെ തോക്ക് തന്നെ വേണമെന്ന്“ ചകിരിപിരിച്ചുകൊണ്ടിരുന്ന മീനാക്ഷി അമ്മായി പ്രഖ്യാപിച്ചു.

പകൽ സമയത്ത് ചീട്ടുകളിക്കാരുടെ ബഹളമാണ് എസ്റ്റേറ്റിലെ കപ്പലുമാഞ്ചോട്ടിൽ. നാട്ടുകാർക്ക് അതിനോട് എതിർപ്പുണ്ടങ്കിലും വാച്ചർക്ക് അതിഷ്ടമുള്ള കാര്യമാണ്. എന്തെന്നാൽ കളിയൊന്നുക്ക് ഒരു രൂപ വെച്ചാണ് വാച്ചർക്ക് കിട്ടുന്നത്.
“ഒരു ദെവസം എത്ര രൂപ അങ്ങേർക്ക് കിട്ടും?” ഒരു ദിവസം മീനാക്ഷി അമ്മായി വാച്ചറുടെ വരുമാനം കണക്കുകൂട്ടാൻ ശ്രമം നടത്തിയിരുന്നു.
“എത്രേങ്കിലും കിട്ടട്ടേന്ന്. നമ്മക്ക് അതിലേ വഴിനടക്കാനെങ്കിലും പറ്റണൊണ്ടല്ലോ. കൂടുതൽ അങ്ങേരുടെ മെക്കിട്ട് കേറാൻ പോയാൽ ഒള്ള വഴികൂടെ ഇല്ലാണ്ടാവും.” വിലാസിനിചിറ്റയുടെ കാര്യകാരണബോധം ചർച്ച അവിടെ അവസാനിപ്പിച്ചു.
നാട്ടുകാർ ഇടപെട്ടില്ലെങ്കിലും കോമളാ എസ്റ്റേറ്റിലെ ചീട്ടുകളി അവസാനിച്ചു. അവസാനിപ്പിക്കേണ്ടതായ് വന്നു എന്ന് പറയുന്നതാവും ശരി. അത് പോലീസുകാരന്റെ വായിൽ സമന്തൻ മൂത്രമൊഴിച്ചതോടെയാണ് സംഭവിച്ചത്. വിഷയം മാഞ്ചോട്ടിൽ മീനാക്ഷിയമ്മയുടെ ചർച്ചയ്ക്കായി എത്തി.
പോലീസുകാരന്റെ വായിൽ മൂത്രമൊഴിക്കുകയോ? മീനാക്ഷി അമ്മായിയ്ക്ക് ഭയങ്കര അത്ഭുതമായിരുന്നു.
“ഓ, അതിനവൻ വേണമെന്ന് പറഞ്ഞ് ചെയ്തതാണോ? പേടിച്ച് പറ്റിപ്പോയതല്ലേ?” വിലാസിനിച്ചിറ്റയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു.

പോലീസ് വണ്ടീടെ ശബ്ദം കേൾക്കേണ്ട താമസം ചീട്ടുകളിക്കാർ ചിതറി ഓടി. സമന്തനോടി റോട്ടിറമ്പിലെ വല്ല്യ മാവിന്മേൽ കേറി. സമന്തന്റെ ഭാഗ്യക്കേടന്നല്ലാതെന്തുപറയാൻ! പോലീസുകാര് വന്നെറങ്ങീതും മാഞ്ചോട്ടിൽ!
പിന്നെയല്ലേ രസം. സമന്തന്റെ കാലുകൾ വിറച്ചു. മാങ്കൊമ്പുകൾ കുലുങ്ങി. കടുവ ദാമു മുകളിലോട്ട് നോക്കി.
ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് സമന്തൻ മുഖം മറയ്ക്കാൻ ഒരു ശ്രമമൊക്കെ നോക്കി. വല്ല രക്ഷയുമുണ്ടോ? കടുവയല്ലേ താഴേ!
“നീ ഇങ്ങോട്ടിറങ്ങണോ അതോ ഞാനങ്ങോട്ട് വരണോ?” കടുവ വായും പൊളിച്ച് നിൽക്കുവാണ് മുകളിലോട്ടും നോക്കി. നോട്ടം കണ്ടാൽ സമന്തനെ ഇപ്പം കടിച്ചുകീറുമെന്ന് തോന്നും. സമന്തന്റെ മുട്ടിടിച്ചു. മുട്ടിടിയോടൊപ്പം നിക്കറും നനഞ്ഞു. നല്ല ഉന്നം! കടുവായുടെ വായും നനഞ്ഞു. പിന്നെ ഒന്നും പറയേണ്ടല്ലോ. പോലീസുകാരനെ മൂത്രം കുടിപ്പിച്ചവനെ അവരും കുടിപ്പിച്ചു മൂത്രം.
“സമന്തന്റെ കട്ടു കലങ്ങി” എന്നാണ് മീനാക്ഷി അമ്മായിപറഞ്ഞത്. ചീട്ടുകളിക്ക് അവസരം ഉണ്ടാക്കുന്നതും കുറ്റമാണ്. വാച്ചറേം പോലീസുകാർ ജീപ്പിൽ കേറ്റി കൊണ്ടുപോയി.വാച്ചറെ പോലീസ് ഒന്നും ചെയ്തില്ലന്നാണ് വാച്ചറുടെ ഭാര്യ പറഞ്ഞത്.
“അയാള് ചീട്ടുകളിക്കാരുടെ കൈയ്യീന്ന് വാങ്ങിയ കാശ് മൊത്തം പോലീസിന് കൊടുത്തുകാണും. കൈക്കൂലികൊടുത്താൽ ഏതുപോലീസാ വീഴാത്തത്.” മീനാക്ഷി അമ്മായി പെണ്ണുങ്ങളോട് അങ്ങനെയാണ് പറഞ്ഞത്.
സ്റ്റേഷനീന്ന് വന്നുകഴിഞ്ഞ് വാച്ചർ ഭീഷണി മുഴക്കാൻ തുടങ്ങി. നാട്ടുകാർ ആരോ ഒറ്റിക്കൊടുത്തതുകൊണ്ടാണ് പോലീസ് വന്നതെന്നും ചീട്ടുകളി നിർത്തേണ്ടതായ് വന്നതെന്നും വാച്ചർ വിശ്വസിച്ചു. വെറും വിശ്വാസമല്ല. ഉറച്ച വിശ്വാസം.“നന്ദിയില്ലാ‍ത്ത വർഗം. ഞാനൊറ്റൊരാള് കാരണമാ നീയൊക്കെ ഇതിലെ വഴി നടക്കണത്. അറിയുമോ? എന്നിട്ടും ഒറ്റിക്കൊടുക്കുകെന്നാൽ...കമ്പനീല് റിപ്പോർട്ട് ചെയ്ത് മൊത്തം മുള്ളുവേലി കെട്ടിക്കും ഇവിടെ ഞാൻ. പിന്നെക്കാണാമല്ലോ നീയൊക്കെ വഴി നടക്കണത്.”

“അയാളവിടെ മുള്ളുവേലി കെട്ടിക്കും നോക്കിക്കോ. ഇനി ചന്തേ പോണേ നമ്മ ലോകം ചുറ്റി പോണ്ടി വരും.” മീനാക്ഷി അമ്മായി തന്റെ സങ്കടം മറ്റു പെണ്ണുങ്ങളെ അറിയിച്ചു. വിലാസിനി ചിറ്റയും അതു സമ്മതിച്ചു.
“വേലി കെട്ടിയാൽ പൊളിക്കാൻ പറ്റുകേലേ?” അമ്മ പിരിച്ച കയർ മാടിക്കെട്ടിക്കൊണ്ടിരുന്ന അപ്പുക്കുട്ടന്റെ സംശയമതായിരുന്നു.
“ചെല്ല്... ചെല്ല്... കമ്പനിക്കാര് നെന്നേം നെന്റെ അച്ഛനേം പൊക്കി സ്റ്റേഷനിലിടും.” മീനാക്ഷി അമ്മായി അതുപറഞ്ഞപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ സമന്തനായിരുന്നു. പാവം സമന്തൻ! ഇപ്പം നടക്കാൻ പോലും പറ്റുന്നില്ലന്നാണ് പറഞ്ഞുകേക്കുന്നത്. മുള്ളുമ്പോ ചോരയാണത്രെ വരുന്നത്.
അപ്പുക്കുട്ടൻ എണീറ്റ് നടന്നു. കോമളാ എസ്റ്റേറ്റിലേയ്ക്ക്...
ആ നടപ്പ് ചെന്ന് നിന്നത് വാച്ചറുടെ വീടിന്റെ മുന്നിലാണ്. വാച്ചറപ്പോൾ വാതുക്കലെ കോച്ചിയിൽ കിടക്കുകയായിരുന്നു.സാധാരണയിലധികം പൊക്കവും മെലിഞ്ഞ് കോലൻ മുഖവുള്ള വാച്ചറുടെ മുഖത്ത് നിറയെ മറുകുകളാണ്.സംസാരിക്കുമ്പോൾ വിക്കുമുണ്ട്. എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ ആദ്യം കീഴ്ത്താടി ടക്.ടക് എന്ന് ഒന്ന് രണ്ടുതവണ അടിക്കും.പിന്നെ തൊണ്ടയിൽ നിന്നും ഒരു മുക്കലും ചീറ്റലുമൊക്കെ കഴിഞ്ഞേ അക്ഷരങ്ങൾ ഓരോന്നായി പുറത്തുവരൂ.
വാച്ചർ അപ്പുക്കുട്ടനെ കണ്ടു. കീഴ്ത്താടി രണ്ടു തവണ മുകളിലും താഴേയ്ക്കും ചലിച്ചു.
“എന്താടാ.?”
“മുള്ളുവേലി കെട്ടുവോ?”
“ങേ...” വാച്ചറുടെ പുരികം മുകളിലോട്ട് വളഞ്ഞു.
“മണ്ടൻ...എന്തിനാ വെറുതേ...ചീട്ടുകളിക്കാരുടെ കൈയീന്ന് പൈസ കൂടുതല് വാങ്ങ്. കൊറച്ച് പോലീസിനും കൊടുക്കെന്നേ...” ബട്ടൺ വിട്ടുപോയ നിക്കറും ചുരുട്ടിപിടിച്ചുകൊണ്ട് അപ്പുക്കുട്ടൻ ഓടി.
കൃത്യം ഒരാഴ്ചയ്ക്ക് ശേഷം കോമളാ എസ്റ്റേറ്റിൽ ചീട്ടുകളി വീണ്ടും തുടങ്ങി.
“ഇവനൊക്കെ എത്ര കൊണ്ടാലും പഠിക്കേലന്നേ...” മീനാക്ഷി അമ്മായി ചകിരി അമർത്തി തിരുമ്മിക്കൊണ്ടിരുന്നു.

Read more...

ഇരട്ട ചങ്ക്

Monday, June 7, 2010

ഷാജി ആളല്പം വികൃതിയാണന്നാണ് എല്ലാരും പറയുന്നത്. അച്ഛനും അങ്ങനെതന്നെയാണ് പറയുന്നത്. ഷാജിയുമായിട്ടുള്ള കൂട്ടുകെട്ട് നല്ലതല്ലെന്ന് അച്ഛൻ കൂടെക്കൂടെ അപ്പുക്കുട്ടനോട് പറയാറുണ്ട്. നല്ല കൂട്ടുകാരുണ്ടായാലേ നല്ല സ്വഭാവമുണ്ടാവുകയുള്ളത്രേ! പക്ഷേ അച്ഛൻ പറയുന്നതിനോട് അപ്പുക്കുട്ടന് അത്ര യോജിപ്പൊന്നുമില്ല. എങ്കിലും അതൊന്നും ഒരിക്കലും പുറത്തുപറഞ്ഞിട്ടില്ല. പുറത്ത് പറയാനും പാടില്ല. അബദ്ധത്തിലെങ്ങാനും മനസ്സിലിരിപ്പ് പുറത്തുവന്നാൽ ഉത്തരത്തിലിരിക്കുന്ന ചൂരലിൽ തുടയിലെ തൊലിപിടിക്കുമെന്ന് അപ്പുക്കുട്ടനറിയാം. അതിന്റെ രുചി പലവട്ടം അറിഞ്ഞിട്ടുള്ളതുമാണ്. എന്തിനാണ് അറിഞ്ഞുകൊണ്ട് വെറുതേ ഗുലുമാലുകൾ!

നല്ല രസമാണ് ഷാജിയുടെ കൂടെ കൂടിയാൽ! എന്തുവേഗത്തിലാണവൻ മരത്തിലൊക്കെ കേറുന്നത്. അണ്ണാൻ കേറുന്നതുപോലെയെന്നാണ് മീനാക്ഷി അമ്മായി പറയുന്നത്. വീട്ടിലാരുമില്ലാത്ത സമയത്ത് ഷാജി തെങ്ങിൽ കയറി അപ്പുക്കുട്ടന് കരിക്കിട്ട് കൊടുക്കും. അപ്പുക്കുട്ടന് രണ്ട് കരിക്ക്! ഷാജിയ്ക്ക് ഒരു കരിക്ക്! അതാണ് കണക്ക്. സേതു വീട്ടിലുണ്ടങ്കിൽ ഷാജിയെ തെങ്ങിൽ കയറാൻ അപ്പുക്കുട്ടൻ സമ്മതിക്കില്ല. അവൾക്കും പങ്ക് കൊടുക്കണമെന്ന് മാത്രമാണങ്കിൽ സാരമില്ല. അവൾ പാരയാണ്. ചിലപ്പോൾ കരിക്ക് കുടിച്ചുകഴിഞ്ഞ് വീട്ടിൽ പറഞ്ഞുകൊടുത്തെന്നും വരും. എന്തിനാ വെറുതേ പൊല്ലാപ്പ്!
തോട്ടിലെ പാലത്തിന്നടിയിലുള്ള കൽക്കെട്ടിൽ ഷാജിയല്ലാതെ വേറെ ആരും കയറി അപ്പുക്കുട്ടൻ കണ്ടിട്ടില്ല. നല്ല ധൈര്യം വേണമതിന്! ഇപ്പോ ഉരുണ്ട് വീഴുമെന്ന് പറഞ്ഞ് നിൽക്കുന്ന കല്ലിന്നടിയിലേയ്ക്ക് ജീവനിൽ പേടിയുള്ള ആരെങ്കിലും കയറുമോ? ചുമ്മാതല്ല ഷാജിയ്ക്ക് ഇരട്ട ചങ്കാണുള്ളതെന്ന് വലിയവരൊക്കെ പറയുന്നത്. കല്ലിന്നടിയിൽ നൂണ്ടുകയറി അതിന്നിടയിലൂടെ ഒഴുകിവരുന്ന വെള്ളത്തിലൂടെയെത്തുന്ന മീനുകളെ ഷാജി കത്തികൊണ്ട് വെട്ടി വീഴ്ത്തും. വെള്ളത്തിന്റെ നിറം ചുമന്ന് വരും. അമ്മ നെറ്റിയിൽ വരയ്ക്കുന്ന കുങ്കുമത്തിനെ നിറം പോലെ! കല്യാണം കഴിച്ച പെണ്ണുങ്ങളെല്ലാം നെറ്റിയിൽ കുങ്കുമം വരയ്കണമെന്നാണ് അമ്മ പറയുന്നത്. അമ്പലത്തിൽ പോകുമ്പോളാണ് രസം! അമ്മ അമ്പലത്തിന്ന് വലം വെയ്ക്കുമ്പോൾ അപ്പുക്കുട്ടൻ മാറി നിന്ന് പെണ്ണുങ്ങടെ നെറ്റിയിലെ കുറി എണ്ണും. പലതരത്തിലെ കുറികൾ! ചിലരുടെ നെറ്റിയിൽ കുറിയുണ്ടന്ന് മനസ്സിലാവത്തേ ഇല്ല. അമ്മയുടെ കുറി മൂക്ക് മുതൽ നെറുകം തലവരെയുണ്ട്! കല്യാണം കഴിച്ചവരേം, കഴിക്കാത്തവരേം പെട്ടെന്നറിയാം! ഒരു ദിവസം അമ്മ ഇതും പറഞ്ഞ് ചെവിക്ക് പിടിച്ച് കിഴുക്കും നൽകി. ഒന്നേ, രണ്ടേ എണ്ണാൻ പഠിക്കുകയാണന്ന് പറഞ്ഞതു കൊണ്ട് വല്യ പ്രശ്നമുണ്ടാവാതെ രക്ഷപ്പെട്ടു. കിഴുക്ക് കിട്ടുന്നതിന് അമ്പലമോ വീടെന്നോ ഇല്ലന്നും അന്ന് അപ്പുക്കുട്ടന് മനസ്സിലായി!
പള്ളിക്കൂടം അടച്ചു കഴിയുമ്പോഴാണ് കൂടുതൽ രസം! ടാറ്റാകമ്പനിയിലെ മാവായ മാവൊക്കെ ഷാജി കയറും. കശുവണ്ടിയൊക്കെ പറിച്ച് പോക്കറ്റിലാക്കും. ചെലപ്പോഴൊക്കെ അവൻ വലിയ സഞ്ചിയുമായിട്ടാണ് പോകുന്നത്. പകൽ സമയത്ത് ചിലപ്പോഴൊക്കെ അപ്പുക്കുട്ടനും ഷാജിയുടെ കൂടെ പോകും. അച്ഛനും അമ്മയും, സേതുവും വീട്ടിലില്ലാത്ത സമയത്ത്! ഷാജി ചീത്ത ചെറുക്കനല്ലേ... അച്ഛൻ കണ്ടാൽ അടി ഉറപ്പ്...
ഷാജി കശുവണ്ടിയൊക്കെ പറിച്ച് താഴെയിടും. അപ്പുക്കുട്ടനത് പെറുക്കി സഞ്ചിയിലാക്കും. കൂട്ടത്തിൽ ടാറ്റാകമ്പനിയിലെ വാച്ചർ വരുന്നുണ്ടോ എന്ന് നോക്കേണ്ടത് അപ്പുക്കുട്ടന്റെ ജോലിയാണ്. വാച്ചർ വരുകയാണങ്കിൽ വിസിലടിക്കണം. ചുണ്ടുകൾക്കിടയിൽ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് വെച്ച് നീട്ടി വിസിലടിക്കണം. അതും ഷാജി പഠിപ്പിച്ചതാണ്! കശുവണ്ടി വിറ്റ് ഷാജി ഐസ് മിഠായി വാങ്ങും! ഗോപാലകൃഷ്ണന്റെ കടയിൽ നിന്നും പടക്കം വാങ്ങും! ഏറുപൊട്ടാസ് നല്ല രസ്സാണ്! ചെത്തുതെങ്ങിനെ ഉന്നം നോക്കി എറിഞ്ഞ് പൊട്ടിക്കാൻ അതിലും രസ്സാണ്!! ഷാജിയ്ക്ക് നല്ല ഉന്നമാണ്. അപ്പുക്കുട്ടൻ എറിഞ്ഞാൽ ഇടയ്ക്കൊക്കെ തെങ്ങിൽ കൊള്ളാതെ പോകും. ഇന്നാളൊരിക്കൽ ഏറുപൊട്ടാസ് എറിഞ്ഞപ്പോൾ ഉന്നം തെറ്റി ചെത്തുകാരൻ കുട്ടന്റെ കള്ളുകുടത്തിൽ കൊണ്ട് കള്ളെല്ലാം താഴെ പോയി! അച്ഛന്റെ പൈസ പോയതിന് കണക്കിന് കിട്ടുകയും ചെയ്തു. അതോടെ പടക്ക പരിപാടി നിർത്തി വെച്ചിരിക്കുകയായിരുന്നു.

പക്ഷേ ഇപ്പോൾ....ഒരു കൂട് നിറയെ പടക്കമാണിരിക്കുന്നത് മുന്നിൽ! താടിക്ക് മുട്ടുകൈയും കൊടുത്ത് സേതുവും കുത്തിയിരിപ്പുണ്ട് അടുത്തു തന്നെ. ഷാജി കൊണ്ടുവന്നതാണ്! കശുവണ്ടി വിറ്റ കാശിന് വാങ്ങിയതായിരിക്കും. എന്തുവേഗത്തിലാണ് അവൻ ഓടിവന്ന് പടക്കം അപ്പുക്കുട്ടനെ ഏല്പിച്ചിട്ട് ഓടിക്കളഞ്ഞത്! “പിന്നെ വരാം. സൂക്ഷിച്ചോ” എന്ന് മാത്രം പറഞ്ഞു. അസ്ത്രം പോലെ പാഞ്ഞു അവൻ. വാച്ചറും ഒരു മിന്നായം പോലെ അപ്പുക്കുട്ടന്റെ മുന്നിലൂടെ മാഞ്ഞപ്പോഴാണ് അപ്പുക്കുട്ടന് കാ‍ര്യം
മനസ്സിലായത്!
“ചേട്ടാ, ഈ കൂടിന്നുള്ളിൽ മത്താപ്പൂ ഉണ്ടോ?” അവളാണ്..കാന്താരി...സേതു. പ്രലോഭിപ്പിക്കുവാണ്. വേല മനസ്സിലിരിക്കട്ടെടി മോളേ...ഞാനിതൊക്കെ കുറെ കണ്ടതാ...അപ്പുക്കുട്ടൻ പൊതിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു. പടക്കം ഷാജിയുടേതാണ്. ‘അവൻ കുരുത്തം കെട്ടവനാണ്...ചോദിക്കാനും പറയാനും ആരും ഇല്ലാത്തവനാണ്...മീശസാറ് ക്ലാസ്സിലിരുന്ന് ഉറങ്ങിയപ്പോൾ മീശയുടെ തുമ്പിൽ പിടിച്ച് വലിച്ചവനാണ്.’ ചുമ്മാതല്ല അവൻ മീശേ പിടിച്ച് വലിച്ചത്. പിച്ചാണ്ടിയുമായ്‌ പന്തയത്തിന്. സിഗററ്റ് മിഠായി പന്തയത്തിന്. അടി പൂരത്തിന് കിട്ടിയെങ്കിലും സിഗററ്റ് മിഠായി ചുണ്ടത്ത് വെച്ച് ഷാജിയുടെ ഒരു നടപ്പുണ്ടായിരുന്നു സ്കൂൾ മുറ്റത്ത്! എന്തായിരുന്നു ഒരു ഗമ!
‘സ്കൂൾ വിട്ട് സാറമ്മാരൊക്കെ പോയത് അവന്റെ ഭാഗ്യമെന്ന്‘ പിച്ചാണ്ടി പറഞ്ഞത് ഷാജി കേട്ടില്ല.
“ചേട്ടാ, കമ്പിത്തിരി ഉണ്ടോന്ന് ഒന്ന് നോക്കന്നേ...” കാന്താരി വീണ്ടും.
“ഉണ്ടങ്കിൽ...” അപ്പുക്കുട്ടൻ ചോദ്യരൂപേണ സേതുവിനെ നോക്കി.
“ഒന്നുമില്ല. ഒരെണ്ണം കത്തിച്ച് നോക്കാരുന്നു. നല്ല രസാരിക്കും.”
“വിശ്വസിക്കുന്നവരെ വേദനിപ്പിക്കരുതെന്നാ അച്ഛൻ പറയുന്നത്.” അപ്പുക്കുട്ടൻ സേതുവിനെ ഒന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ഓ. അതൊക്കെ വെറുതെയാണന്നേ... . ഇന്നാള് നമ്മള് അമ്മേടെ വീട്ടിൽ പോയപ്പോൾ ബസ്സിൽ ടിക്കറ്റെടുക്കാണ്ടിരിക്കാൻ ചേട്ടനോടെന്താ അച്ഛൻ പറഞ്ഞത്?”
ശരിയാണ്. അപ്പുക്കുട്ടനോർത്തു. വയസ്സ് കൊറച്ച് പറയാൻ പറഞ്ഞതാണ്. പക്ഷേ എന്തുചെയ്യാം. അന്ന് കണ്ടക്ടറ് ചോദിച്ചത് എത്രാം ക്ലാസിലാ പഠിക്കുന്നതെന്നാണ്? സത്യം പറഞ്ഞതിന് ബസ്സിറങ്ങിയപ്പോൾ അച്ഛന്റെ വക കിട്ടുകേം ചെയ്തു. വെറുതേ പൈസ പോയന്നും‌പറഞ്ഞ്! ഈ വലിയവർക്കൊക്കെ എന്തുമാവാം.
അപ്പുക്കുട്ടൻ കൂട് പതുക്കെ തുറന്നു.
“ഹായ്...മത്താപ്പൂ...കമ്പിത്തിരി...നിലാത്തിരി...പൂക്കുറ്റി...” സേതു കൈകൊട്ടി തുള്ളിച്ചാടി.
അപ്പുക്കുട്ടൻ കൂടടയ്ക്കാൻ ശ്രമിച്ചു. ഷാജി... അവൻ ആൾ ശരിയല്ല. മീശ സാറിന്റെ മീശേ പിടിച്ചവനാണ്! ഇരട്ട ചങ്കുള്ളവനാണ്! എന്തിനും പോന്നവനാണ്! മുതുകത്ത് ഗുണ്ടുപൊട്ടിക്കും അവൻ ഉറപ്പ്!
“ഒരു പേടിച്ചുതൂറി ചേട്ടൻ! ഇങ്ങുതാ... ഞാൻ പൊട്ടിക്കാം.” സേതു കൂടുപിടിച്ചു വാങ്ങി മത്താപ്പൂ കത്തിച്ചുകഴിഞ്ഞിരുന്നു.
നല്ല ഭംഗി. വയലറ്റ്...പച്ച...ചുമപ്പ്...ഹായ് എന്തു രസം മത്താപ്പൂ കത്തുന്നത് കാണാൻ...
“കമ്പിത്തിരി ഇതിലും രസാ..” സേതു കമ്പിത്തിരിയിലും കൈവെച്ചു കഴിഞ്ഞു. അവൾക്കെന്താ ഇടികൊള്ളുന്നത് അപ്പുക്കുട്ടനല്ലേ.
ഒരു വശം പിഴുതുമാറ്റിയ മീശസാറിന്റെ മീശയായിരുന്നു അപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ...
“ദാ, ചേട്ടനും പൊട്ടിച്ചോ..” സേതു ഏറുപൊട്ടാസെടുത്ത് അപ്പുക്കുട്ടന് നേരെ എറിഞ്ഞു.
അപ്പുക്കുട്ടന്റെ വിചാരങ്ങളേക്കാൾ വേഗത്തിൽ ഷാജിയുടെ കൂട് കാലിയായി.
ഇനി എന്ത്?
“നമ്മുക്ക് വീടിന്നകത്ത് കേറി കുറ്റിയിടാം.” ഹൊ. പെൺബുദ്ധി. ഇനി വേറെ മാർഗമില്ല. അച്ഛനും അമ്മയും വരുന്നതിന് മുന്നേ ഷാജി വരാതിരുന്നാൽ മതിയായിരുന്നു.
“പേടിക്കണ്ടന്നേ, വെളക്ക് കത്തിക്കാൻ തീ കത്തിച്ചപ്പോ കത്തിപ്പോയെന്ന് പറഞ്ഞാ മതിയെന്നേ...” കാന്താരിയുടെ ബുദ്ധി നോക്കിക്കേ...ഇതൊക്കെ ഈ കൊച്ചു തലയ്ക്കകത്തുന്നു തന്നെയാണോ വരുന്നത്. അപ്പുക്കുട്ടന് സംശയമായിരുന്നു.
“അപ്പുക്കുട്ടാ...” ഷാജിയുടെ വിളികേൾക്കുന്നു. പറിഞ്ഞു പോയ മീശസാറിന്റെ മീശ തലയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്നതുപോലെ.
“ചേട്ടനിവിടില്ല.” സേതു വാ തുറന്നു. ഛേ..ഈ പെണ്ണിനെക്കൊണ്ടു തോറ്റു. ആവശ്യ സമയത്ത് ബുദ്ധി വരില്ല. അപ്പുക്കുട്ടനവളുടെ വാ പൊത്തി.
“ആഹാ, രണ്ടും കൂടി അകത്ത് കേറി കുറ്റി ഇട്ടിരിക്കുകാ അല്ലേ? മര്യാദയ്ക്കിറങ്ങി വാ. അല്ലേല് ഞാൻ കതക് ചവിട്ടിപ്പൊളിക്കും.” ഷാജി കതകിൽ ചവിട്ടാൻ തുടങ്ങിയിരുന്നു. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണ് ഷാജി! കതകു തുറക്കുന്നതുതന്നെ നന്ന്.
അപ്പുക്കുട്ടൻ കതക് തുറന്നു.
എലിപ്പെട്ടി തുറന്നാൽ ഓടുന്ന എലിയേക്കാൾ വേഗത്തിൽ ഒരാൾ അപ്പുക്കുട്ടനേം ഇടിച്ച് മാറ്റി വടക്കേ പറമ്പിലെത്തിയിരുന്നു അപ്പോൾ.
“പടക്കമെല്ലാം കത്തിച്ചു തീർത്തു അല്ലേ?” അപ്പുക്കുട്ടനൊന്നും മിണ്ടിയില്ല. പറിഞ്ഞുമാറുന്ന മീശസാറിന്റെ മീശ...
“അവളാരിക്കുമല്ലേ ചെയ്തത്? എനിക്കറിയാം.” ഷാജി കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പുറത്തേക്ക് നടന്നു. അപ്പുക്കുട്ടൻ തല ഉയർത്തിയില്ല.
സേതുവപ്പോൾ വടക്കേ പറമ്പിൽ നിന്നും കൊഞ്ഞനം കാണിക്കുന്നുണ്ടായിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP