Followers

മനുഷ്യരൂപം പൂണ്ട ദൈവങ്ങള്‍

Sunday, February 4, 2007

സേതുവിന് കല്യാണ പ്രായമെത്തിയതോടെ അമ്മയ്ക്ക് ആധി തുടങ്ങി. ഊണിലും ഉറക്കത്തിലും അമ്മയ്ക്ക് ഒറ്റ വിചാരമേയുള്ളൂ. ഏക മകളെ നല്ല നിലയില്‍ കെട്ടിച്ചുവിടണമെന്ന്.

കെട്ടു പ്രായം തികഞ്ഞു നില്‍ക്കുന്ന പെണ്മക്കളുള്ള ഏതൊരമ്മയ്ക്കും തോന്നുന്ന വികാരമേ സത്യത്തില്‍ അമ്മയ്ക്കും ഉണ്ടായിരുന്നുള്ളു.
പക്ഷേ അച്ഛന് അതു വല്ലതും മനസ്സിലാവേണ്ടേ.
അച്ഛന്‍ അമ്മയുടെ വേവലാതിക്ക് കാര്യമായ പ്രാധാന്യം നല്‍കിയിരുന്നില്ല.
കല്യാണം,വീടുവെയ്പ്പ് മുതലായവ നമ്മളു വിചാരിക്കണ രീതിയില്‍ നടക്കുകേലന്നാണ് അച്ഛന്‍ പറയുന്നത്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടന്നാണ് അച്ഛന്റെ പ്രമാണം.

അച്ഛന്റെ പ്രമാണം സഹിക്കാനാവാതായ ഒരു സന്ധ്യക്ക് അമ്മ പൊട്ടിത്തെറിച്ചു.

“അങ്ങനെ വിചാരിച്ചോണ്ട് നിങ്ങളവിടെ കാലും നീട്ടി ഇരുന്നോ. നല്ല ആമ്പിള്ളേര് ഒറ്റൊരെണ്ണം കേറുകേലിങ്ങോട്ട്. അതിനേ എണ്ണിക്കൊടുക്കണം. നിങ്ങടെ കൈയിലുണ്ടോ വല്ലതും. പെണ്ണിന്റെ കഴുത്തേലും കാതേലും കെടക്കണതുതന്നെ ഞാന്‍ ചുമടു ചുമന്നുണ്ടാക്കിയതാ. പത്തുസെന്റ് സ്ഥലവും നടുക്കുള്ള കൂരയും കെട്ടിപ്പിടിച്ചോണ്ടിരുന്നിട്ട് ഒരു കാര്യോമില്ല.എങ്ങനേങ്കിലും കുറച്ച് പണമോ സ്വര്‍ണ്ണമോ ഒണ്ടാക്കാന്‍ ശ്രമിക്കെന്റെ മനുഷ്യാ.”

അമ്മയുടെ നിര്‍ത്താതെയുള്ള ശകാരം സഹിക്കാനാവാതെയായപ്പോള്‍ അച്ഛന്‍ ചൂടായി.

"ഇത്രയും കാലം ഇവിടെ നടന്ന കാര്യങ്ങളെല്ലാം നിന്റെ കുടുമ്പത്തീന്ന് കൊണ്ട് വന്നിട്ടാ നടത്തീത്. എനിക്കാരുടേം
ഔദാര്യം ആവശ്യമില്ല. എന്റെ മോടെ കാര്യം നോക്കാനെനിക്കറിയാം."

"ങ്ങാ. കാണാം.കാണാം. വീടുവെച്ചതിന്റെ കോടിക്കഴുക്കോലുവരെ എന്റെ വീട്ടീന്ന് കൊണ്ടുവന്നതാ. എന്നിട്ടിപ്പോ ഒന്നും കണ്ടതുമില്ല കേട്ടതുമില്ല. എങ്ങനാ വല്ലോരും സഹായിക്കണെ. നന്ദിയെന്ന് പറയുന്നതൊന്നുവേണം." അമ്മ വിട്ട് കൊടുത്തില്ല.

സംഗതി അടിപിടിയിലെത്തുമെന്ന് കണ്ടപ്പോള്‍ സേതു കയറി ഇടപെട്ടു.
"എന്നെക്കരുതി ആരുമിവിടെ വഴക്കിടേണ്ട. എന്റെ കല്യാണം നടന്നില്ലന്ന് കരുതി ലോകമൊന്നും ഇടിഞ്ഞ് വീഴാന്‍ പോണില്ലല്ലോ?"

സേതു ഇടപെട്ട് കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയും അതുവരെയുള്ള കാര്യങ്ങളെല്ലാം മറന്നു. പിന്നെ സംസാരം ഗൗരവകരമായ ഭാവികാര്യങ്ങളെക്കുറിച്ചായി.

"പിന്നേ ഇന്ന് രാവിലെ ജഗദ വന്നിരുന്നു." അമ്മ പറഞ്ഞു തുടങ്ങി.
ജഗദചിറ്റ രാവിലെ വന്നിരുന്നതിനെക്കുറിച്ചാണ് അമ്മ സംസാരിക്കുന്നത്.
ജഗദചിറ്റയുടെ വീടിനടുത്തുള്ള ഗവണ്മെന്റ് ജോലിക്കാരനും നല്ല കുടുംബതിലെ അംഗവുമായ ഏതോ ഒരു പയ്യനെക്കുറിച്ചുള്ള വിവരണമാണ് ചിറ്റ നടത്തിയത്.
അവര്‍ സേതുവിനെ എപ്പോഴോ എവിടെയോ വെച്ച് കണ്ടിട്ടുണ്ടന്നും പെണ്ണുകാണാനായി വരുവാന്‍ താല്‍പ്പര്യമുണ്ടന്നുമൊക്കെയുള്ള വിവരങ്ങള്‍ അറിയിച്ചതിനു ശേഷമാണ് ജഗദ ചിറ്റ മടങ്ങിയത്.

അമ്മയ്ക്ക് സന്തോഷമുണ്ടാവാതിരിക്കുമോ?

ആ സന്തോഷമാണ് അമ്മ അച്ഛനോട് പങ്കുവെയ്ക്കുന്നത്.

അച്ഛനിലെ ദുരഭിമാനം സടകുടഞ്ഞെണീറ്റു.

രണ്ട് സ്ത്രീകള്‍ ഇത്രയധികം സുപ്രധാനമായ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നുപറഞ്ഞാല്‍!
അച്ഛനിലെ അമര്‍ഷം വാക്കുകളായി പുറത്തുവന്നു.

"ഞാനിപ്പോ എന്താ പറയേണ്ടേ? എല്ലാം നീയും അനിയത്തിയും കൂടി തീരുമാനിച്ചല്ലോ! നടക്കട്ടെ അങ്ങനെതന്നെ."

“ദേ,കണ്ടോ. ഈ മനുഷ്യേന്റെ കാര്യം.സ്വന്തം മോളുടെ കാര്യമായിട്ട് കൂടി ഒരു ചൂടുമില്ല.ശുഷ്ക്കാന്തിയുമില്ല. ഞാനിപ്പോ എന്താ ചെയ്യേണ്ടതെന്റെ ഭഗവതീ.”
അമ്മ നിറഞ്ഞു വന്ന കണ്ണ് കൈകൊണ്ട് തുടച്ചുകൊണ്ട് അടുക്കളയിലോട്ട് പോയി.

അത്താഴം കഴിക്കാനിരുന്നപ്പോള്‍ അച്ഛനാണ് വീണ്ടും വിഷയമെടുത്തിട്ടത്.

പിന്നേ, നീ ജഗദയോടറിയിക്ക് അവരിങ്ങോട്ട് വരാനായി.ഏതായാലും ഇനി അങ്ങനൊരു പരിഭവം വേണ്ട.”

“നിങ്ങളെന്തോന്നാ ഈ പറയണത്.അവരിങ്ങോട്ട് വരാന്‍ പറയാനോ?”

അമ്മയുടെ മറുപടി കേട്ട് അപ്പുക്കുട്ടന്‍ അതിശയിച്ചു. കുറച്ച് മുമ്പ് വരെ ഏതെങ്കിലുമൊരു ചെറുക്കന്‍ വന്നുകിട്ടിയാല്‍ മതിയെന്നായിരുന്നു. ഇപ്പോള്‍!

“അവരേ നല്ല കുടുമ്പത്തിലെ ആള്‍ക്കാരാ. ഇവിടെ എന്തു കണ്ടോണ്ടാ അവരിങ്ങോട്ട് വരണത്? വല്ല ആമ്പിള്ളേരും വന്നാല്‍ ഒന്നിരിക്കാന്‍ ഒരു കസേരയുണ്ടോ ഇവിടെ? ഒരു ബഞ്ചുണ്ടോ ഇവിടെ. പോട്ടെ, നേരേ ചൊവ്വേ കുറച്ച് വെള്ളം കൊടുക്കാന്‍ ഉളുമ്പ് മണമില്ലാത്ത ഒരു ഗ്ളാസ്സുണ്ടോ ഇവിടെ?”

അപ്പോള്‍ അതാണ് സംഗതി. അപ്പുക്കുട്ടനിപ്പോള്‍ എല്ലാം മനസ്സിലായി.ഭാവിയിലെ മരുമകന്റെ മുന്നില്‍ അന്തസ്സ് കളയാതിരിക്കാനുള്ള വഴി ആലോചിക്കുകയാണ് അമ്മ.

“നീയൊന്നടങ്ങെന്റെ പെമ്പ്രന്നോത്തീ, അവരു പെണ്ണിനെ കാണാനല്ലേ ഇവിടെ വരണത്? അല്ലാതെ നിന്റെ പദവിയും പത്രാസും കാണാനല്ലല്ലോ? നീ പറഞ്ഞ പോലെയൊക്കെ നോക്കിയിരുന്നേ ഞാന്‍ നിന്നെ കെട്ടുമാരുന്നോ?
എത്ര ബഞ്ചും കസേരയുമായിരുന്നു നിന്റെ വീട്ടില്‍! വള്ളത്തീരുന്നല്ലേ ഞാന്‍ നിന്നെ പെണ്ണു കണ്ടതുതന്നെ. എന്നിട്ട് അവടെയൊരു വര്‍ത്താനം കേട്ടില്ലേ!”

അച്ഛന്‍ അപ്പുക്കുട്ടനേയും സേതുവിനേയും നോക്കി കണ്ണിറുക്കി ചിരിച്ചു.

അമ്മയുടെ മുഖത്ത് ഒരു നാണം മൊട്ടിട്ടു.

“പിള്ളാരുടെ മുമ്പീ വെച്ചാ അങ്ങേരുടെ ഒരു പഴങ്കഥ! ഒന്നു പോ എന്റെ മനുഷ്യാ. പണ്ടത്തെ കാലമല്ല ഇപ്പോളത്തെ. വരുന്നവരേ നമ്മടെ ചുറ്റുപാടൊക്കെ നോക്കും.”

അച്ഛന്‍ തന്റെ പഴയ പല്ലവി ആവര്‍ത്തിച്ചു.
“നീ അവരോട് വരാന്‍ പറ. ബാക്കിയെല്ലാം വിധിപോലെ നടക്കും. നമ്മളെ മനസ്സിലാക്കാന്‍ പറ്റണവരാണങ്കില്‍ നീ പറഞ്ഞതൊന്നും ഒരു പ്രശ്നാവില്ല.”

ശരിയായിരുന്നു അച്ഛന്‍ പറഞ്ഞത്.
അവര്‍ക്ക് സേതുവിനെ ഇഷ്ടപ്പെട്ടു.
വീടും സ്ഥലവുമൊന്നും പ്രശ്നമായില്ല.

പെണ്ണിന് ചെറുക്കനേയും, ചെറുക്കന് പെണ്ണിനേയും ഇഷ്ടപ്പെട്ടതുകൊണ്ട് കല്യാണം നടക്കണമെന്നില്ലല്ലോ?
കുടുംബത്തിലെ കാരണവന്മാരുടെ സമ്മതം വേണ്ടേ?
രണ്ടു കൂട്ടരുടേയും കാരണവന്മാര്‍ ഒത്തുകൂടി.
അവസാനം ഒരു തീരുമാനത്തിലെത്തി.
ചെറുക്കന്റെ ജോലിയ്ക്കും കുടുംബത്തിനും യോജിക്കുന്ന രീതിയില്‍ പെണ്‍വീട്ടുകാര്‍ എന്തെങ്കിലും ചെയ്യണം.
അതും അവര്‍ തിരുമാനിച്ചു.

35 പവന്‍!

തീരുമാനമെടുത്തവര്‍ പലവഴി പിരിഞ്ഞു.
അച്ഛനും അമ്മയും തലയ്ക്ക് കൈയും കൊടുത്തിരുന്നു.
പത്തു പേരുടെ മുന്നില്‍ വെച്ച് വാക്ക് കൊടുത്തുപോയി.
എന്തു ചെയ്യും? എങ്ങനെ ചെയ്യും?
ഒരെത്തും പിടിയും കിട്ടിയില്ല.
അടുത്ത ബന്ധുക്കള്‍ വാഗ്ദാനം ചെയ്തതും,സേതുവിന്റെ കഴുത്തിലും കാതിലുമുള്ളതെല്ലാം കൂടി നുള്ളിപ്പെറുക്കിയാല്‍ 20 പവനോളമുണ്ട്.

ബാക്കി?

വിറ്റുപെറുക്കാനായി പത്തുസെന്റ് സ്ഥലവും നടുക്കുള്ള കൂരയുമല്ലാതെ മറ്റൊന്നുമില്ല.

“നമ്മുക്കീ സ്ഥലവും വീടും കൂടിയങ്ങ് വിക്കാം.” അച്ഛന്‍ പറഞ്ഞു.

“പിന്നേ, സ്ഥലവും വീടും വിറ്റിട്ട് എനിക്കങ്ങനെയൊരു ജീവിതം വേണ്ട.നിങ്ങളന്നിട്ട് കടത്തിണ്ണയില്‍ പോയി കിടക്കുമോ? കല്യാണം കഴിച്ചില്ലായെന്ന് വെച്ച് എനിക്കൊന്നും സംഭവിക്കാന്‍ പോണില്ല.” സേതു തറപ്പിച്ച് പറഞ്ഞു.


“നിങ്ങളോര്‍ക്കുന്നുണ്ടോ നമ്മളെങ്ങനെയാണീ വീടുവെച്ചതെന്ന്? അച്ഛന്റെ മറുപടിയ്ക്കായി കാത്തുനില്‍ക്കാതെ അമ്മ തുടര്‍ന്നു.

സേതു പണ്ട് അവളുടെ കൂട്ടിക്കാലത്ത് സ്കൂളിലെ കൂട്ടുകാരികളുമായി ഇവിടെ വന്നതും, നിലം പൊത്താറായി നിന്നിരുന്ന ഓലപ്പുരയുടെ അവസ്ഥ കണ്ട് അവളെ കളിയാക്കിയതും, പിന്നിട് നാണക്കേടുകൊണ്ട് സ്ക്കൂളില്‍ പോകില്ലായെന്ന് പറഞ്ഞ് കരഞ്ഞതുമെല്ലാം നിങ്ങളിത്ര പെട്ടെന്ന് മറന്നോ? അപ്പുക്കുട്ടനുമുണ്ടായിരുന്നു വിഷമം. അവനും ഒറ്റ കൂട്ടുകാരേയും ഇങ്ങോട്ട് കൊണ്ടു വരുമായിരിന്നില്ലല്ലോ?”

ശരിയാണ്. അപ്പുക്കുട്ടനോര്‍ത്തു.
പണ്ട് കുട്ടിക്കാലത്ത് തനിക്കും സേതുവിനും കൂട്ടുകാരെ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നത് ഒരുതരം നാണക്കേടായിരുന്നു.
പാമ്പ്, പാറ്റ,പല്ലി,തേരട്ട,പഴുതാര,എലി തുടങ്ങി ഭൂലോകത്തിലെ സര്‍വ്വ ജീവജാലങ്ങളുടേയും വിഹാരകേന്ദ്രമായിരുന്ന നാലുകാലില്‍ നിര്‍ത്തിയ ഓലമേഞ്ഞ ആ ബംഗ്ളാവിലേയ്ക്ക് ആരേയും കൊണ്ടുവരാന്‍ താനും സേതുവും ആഗ്രഹിച്ചിരുന്നില്ല.

അച്ഛനും അമ്മയും കൂടി വീടു വെയ്ക്കുന്നതിനെക്കുറിച്ച് ഉറച്ചൊരു തീരുമാനമെടുക്കുന്നത് തന്നെ സേതുവിന്റെ ജീവനു ഭീഷണിയായി മാറിയ മൂര്‍ഖന്‍ പാമ്പിനെ അച്ഛന്‍ കൊയ്ത്തരിവാളിന് വെട്ടിക്കൊന്ന അന്നാണ്.

ഐസുമിഠായിക്കാരന്റെ മണിയടികേട്ട് തന്റെ സമ്പാദ്യമായ കശുവണ്ടി ഇട്ടുവെച്ചിരുന്ന വട്ടിയില്‍ കൈയിട്ടതായിരുന്നു സേതു. പെട്ടെന്നായിരുന്നു എന്തോ ഒന്ന് അവളുടെ കൈയിലൂടെ ഇഴഞ്ഞ് മാറിയത്. അവള്‍ കരഞ്ഞ് വിളിച്ച് കൊണ്ട് അമ്മയുടെ അടുത്തേക്ക് ഓടി.
ഓലമെടയുവാനായി തെങ്ങോല കീറിക്കൊണ്ട് നിന്നിരുന്ന അച്ഛന്‍ കരച്ചില്‍ കേട്ട് അരിവാളുമായി ഓടിയെത്തി.

സേതു കാണിച്ച് കൊടുത്ത മൂലയില്‍ വടികൊണ്ട് കുത്തി നോക്കിയ അച്ഛന്‍ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പത്തിവിടര്‍ത്തിനിന്നാടുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടു.

അച്ഛനൊന്നും ആലോചിച്ചില്ല. അന്നേരത്തെ ആവേശത്തിന് അരിവാളുകൊണ്ടൊരു വെട്ടങ്ങു കൊടുത്തു.

പാമ്പ് രണ്ട് കഷണം!

ഓടിക്കൂടിയവരെല്ലാം അച്ഛനെ വഴക്ക് പറഞ്ഞു.
പത്തി വിടര്‍ത്തിനിന്നാടിയ പാമ്പിനെ വെട്ടിയതിന്. ആയുസ്സിന്റെ ബലം കൊണ്ടൊന്നുമാത്രമാണത്രേ അച്ഛനന്ന് രക്ഷപ്പെട്ടത്.
അന്ന് അച്ഛനും അമ്മയും കൂടി തീരുമാനമെടുത്തതാണ് എങ്ങിനെയെങ്കിലും വീടു വെയ്ക്കണമെന്ന്.

അങ്ങനെയാണ് സ്ഥലത്തിന്റെ ആധാരം വെച്ചെടുത്ത പൈസാകൊണ്ട് വീടെന്ന് വേണമെങ്കില്‍ പറയാവുന്ന ഈ ഓടു മേഞ്ഞ കൂര വെച്ചത്.

“എന്താണ് എല്ലാരും കൂടി ഒരാലോചന? കല്യാണക്കാര്യമായിരിക്കുമല്ലേ?” തോമ്മാച്ചന്റെ ശബ്ദം കേട്ടാണ് അപ്പുക്കുട്ടന്‍ ഓര്‍മ്മയില്‍ നിന്നും മടങ്ങിവന്നത്.(തോമ്മാച്ചന്‍ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്താണ്.)

അമ്മയാണ് മറുപടിപറഞ്ഞത്.

“എല്ലാക്കാര്യവും തോമ്മാച്ചനറിയാവുന്നതല്ലേ? വീടും സ്ഥലവും കൂടി വിക്കാമെന്നാണ് ഈ മനുഷ്യേനിപ്പൊ പറയണത്.”

“ഓഹോ. അത്രത്തോളമെത്തിയോ കാര്യങ്ങള്.അതിന് മുന്‍പ് ഞാന്‍ പറയുന്നതൊന്ന് ശ്രദ്ധിച്ച് കേക്ക് രണ്ടാളും.” തോമ്മാച്ചന്‍ പറയുവാന്‍ തുടങ്ങി.

“എന്റെ ഒരു പരിചയക്കാരനുണ്ട്. വര്‍ഗ്ഗീസ്സ്. അവന് പട്ടണത്തിലെ ജ്വല്ലറീലാ പണി. അവന്റെ മൊതലാളിയുമായി സംസാരിച്ച് കൊറച്ച് സ്വര്‍ണ്ണം സംഘടിപ്പിക്കാമോയെന്ന് നോക്കാട്ടെയെന്നാണ് അവന്‍ പറഞ്ഞത്.
നീ എന്റെ കൂടെ വന്നാല്‍ നമ്മക്ക് സംസാരിക്കാം.” തോമ്മാച്ചന്‍ അച്ഛനെ വിളിച്ചു.

എന്റെ ഭഗവതീ ഇതെങ്ങനെയെങ്കിലും ശരിയാവണേ...
എന്റെ കുഞ്ഞിന് നല്ലൊരു ജീവിതം കൊടുക്കണേ...
അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
അച്ഛന്‍ തോമ്മാച്ചന്റെ കൂടെ പോയി.

അച്ഛന്‍ തിരിച്ച് വന്നപ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു.

“എന്തായി? തോമ്മാച്ചനെവിടെ?”
അച്ഛന്‍ വീടിന്റെ പടി കേറുന്നതിന് മുന്നേ അമ്മ ചോദിച്ചു.

“നീയൊന്നടങ്ങ്. എല്ലാം ഞാന്‍ പറയാം. അതിന് മുമ്പേ കുടിക്കാന്‍ കൊറച്ച് വെള്ളമിങ്ങെട്.” അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ മുഖത്തെ പ്രസാദം കണ്ടപ്പോള്‍ തന്നെ അനുകൂലമായ എന്തോ സംഭവിച്ചിട്ടുണ്ടന്ന് അപ്പുക്കുട്ടന് മനസ്സിലായി.
അച്ഛന്‍ ഷര്‍ട്ട് ഊരി അഴയിലിട്ടു.
അമ്മ കൊണ്ടു വന്ന കഞ്ഞിവെള്ളവും കുടിച്ചുകൊണ്ട് പറഞ്ഞു.
“നേരമൊത്തിരി താമസിച്ചതിനാല്‍ തോമ്മാച്ചന്‍ നേരെ അവന്റെ വീട്ടിലേയ്ക്ക് പോയി.
വര്‍ഗീസിനെ കണ്ടു.
തല്‍ക്കാലം കാര്യങ്ങളൊക്കെ നടക്കുമെന്നാ തോന്നുന്നേ.
പക്ഷേ അതു കഴിഞ്ഞുള്ള കാര്യങ്ങളാ പ്രശ്നം.”

അമ്മയ്ക്ക് ആകാംക്ഷയായി.
“നിങ്ങളൊന്ന് വേഗം തൊറന്ന് പറയുന്നുണ്ടോ. മനുഷേനിവിടെ ഇരിക്കപ്പൊറുതിയില്ലാണ്ടിരിക്കുമ്പോളാ എങ്ങുമെങ്ങും തൊടീക്കാണ്ടുള്ള ഒരു വര്‍ത്താനം.”

“ദേ. പിന്നേം തൊടങ്ങി. ഇതാ നിന്റെ കൊഴപ്പം. ഒന്നും നേരെ ചൊവ്വേ കേക്കത്തുമില്ല. മനസ്സിലാക്കത്തുമില്ല.”
അമ്മയുടെ ഇടയ്ക്ക് കേറിയുള്ള സംസാരം ഇഷ്ടപ്പെടാതെ അച്ഛന്‍ പറഞ്ഞു.

“വര്‍ഗ്ഗീസിനെ കണ്ടു. സ്വര്‍ണ്ണതിന്റെ കാര്യം ഏതാണ്ടൊക്കെ ശരിയാവുകയും ചെയ്തു. പക്ഷേ കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ പണം തിരികെ കൊടുക്കണം.തോമ്മാച്ചനുമായിട്ടുള്ള പരിചയം കൊണ്ടാ വര്‍ഗീസ് ഇങ്ങനെയെങ്കിലും സമ്മതിച്ചത്.തല്‍ക്കാലം കല്യാണമങ്ങ് നടക്കട്ടെ. ബാക്കി വരുന്നിടത്ത് വെച്ച് കാണാം.” അച്ഛന്‍ ആത്മഗദമെന്നോണം പറഞ്ഞു.

“നിങ്ങള് വെപ്രാളപ്പെടാണ്ടിരി. പൈസാ കല്യാണം കഴിഞ്ഞു കൊടുത്താ പോരേ? പ്രസന്റേഷനായി നമ്മക്ക് കൊറച്ച് പൈസ കിട്ടാണ്ടിരിക്കുമോ? നമ്മളും പലപ്പോഴും പലര്‍ക്കായി ഒത്തിരി കൊടുത്തിട്ടുള്ളതല്ലേ? അതെല്ലാം കൂടി പിരിഞ്ഞു കിട്ടിയാല്‍ തന്നെ വലിയ ആശ്വാസമാകും.” അമ്മ അച്ഛനെ സമാധാനിപ്പിച്ചു.

ആ... എല്ലാം ദൈവത്തിനറിയാം. അച്ഛന്‍ ആരോടെന്നില്ലാതെ പറഞ്ഞു.

ശരിയായിരുന്നു.എല്ലാം ദൈവത്തിനറിയാമായിരുന്നു.

എല്ലാം നേരേക്കൂട്ടി എഴുതിവച്ചിരുന്നത് പോലെയാണല്ലോ പിന്നിട് നടന്നതെല്ലാം.

കല്യാണതലേന്ന് പാതിരാത്രിയാവോളം പെണ്ണിനെ അണിയിച്ചിറക്കാനുള്ള സ്വര്‍ണ്ണമില്ലാതിരിക്കുക. നാട്ടുകാരും, ബന്ധുക്കളുമെല്ലാം എത്തിയിരിക്കുന്നു.
സ്വര്‍ണ്ണം മാത്രമില്ല.
സ്വര്‍ണ്ണമെത്തിക്കാമെന്ന് പറഞ്ഞ വര്‍ഗീസു ചേട്ടനുമില്ല.
പക്ഷേ അതു തങ്ങളുടെ വെപ്രാളം വര്‍ദ്ധിപ്പികാനുള്ള നിമിത്തം മാത്രമായിരുന്നെന്ന് പാതിരാത്രികഴിഞ്ഞ് സ്വര്‍ണ്ണവുമായി വര്‍ഗീസു ചേട്ടന്‍ എത്തിക്കഴിഞ്ഞ് മാത്രമാണറിഞ്ഞത്.
തിരുവനന്തപുരത്ത് പോയിരുന്ന മൊതലാളി തിരിച്ച് വന്നത് വളരെ താമസിച്ചായിരുന്നുവത്രേ!
ഭാഗ്യം! മൊതലാളി താമസിച്ചായാലും തിരിച്ചു വന്നത്. അല്ലെങ്കിലെന്തു ചെയ്യുമായിരുന്നു?

ദൈവമേ... കാത്തുകൊള്ളണേ... അമ്മ ആ പാതിരാത്രിക്കും ദൈവത്തെ വിളിച്ചുണര്‍ത്തി.

കല്യാണം വളരെ ഭംഗിയായി നടന്നു.

സേതു ആനന്ദ കണ്ണീരൊഴുക്കി. അമ്മ കൂടെ കരഞ്ഞു.
സേതുവിന് പുറകേ ബന്ധുക്കാരും സ്വന്തക്കാരുമെല്ലാം അവരവരുടെ വീടുകളിലേയ്ക്ക് പോയി.

പൂരം കഴിഞ്ഞ ഉത്സവ പറമ്പ് പോലെയായി വീട്.

അച്ഛനും അമ്മയും അപ്പുക്കുട്ടനും മാത്രം അവശേഷിച്ചു.

വിധിയുടെ വിളയാട്ടത്തിനായി കാതോര്‍ത്തുകൊണ്ട്...


പിരിവു കാശ് എണ്ണിനോക്കി.

പാചകക്കാരനും, പന്തലുകാരനും,നാദസ്വരക്കാരനും,സാമാനങ്ങള്‍ വാങ്ങിയ വകയില്‍ ഉത്തമന്‍ ചേട്ടനും കൊടുക്കാനുള്ളതും കഴിഞ്ഞ് പറയത്തക്കതായി ഒന്നുമില്ല.

എന്താ ചെയ്ക. അച്ഛന് വയറുവേദന ആരംഭിച്ചു.

ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
സേതുവും അളിയനും വിരുന്നു വന്ന് പോയി.
പണം തിരിച്ച് കൊടുക്കുവാന്‍ എതാനും ദിവസ്സങ്ങള്‍ മാത്രം.

സ്ഥലവും വീടും കൂടി വില്‍ക്കുക തന്നെ. അച്ഛന്‍ തീരുമാനമെടുത്തിരുന്നു.

“സേതു രക്ഷപ്പെട്ടല്ലോ. നമ്മുക്കതുമതി. കുറച്ച് വടക്കോട്ട് മാറിയാല്‍ കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടും. അവിടെ ഒരു കൂര കെട്ടിയാല്‍ മൂന്നുപേര്‍ക്ക് സുഖമായി കഴിയാനാവും.അപ്പുക്കുട്ടന്റെ കാര്യമല്ലേ? അവന് ജോലി കിട്ടീട്ടുണ്ടല്ലോ? എല്ലാം ശരിയാവും.” അച്ഛന്‍ പറഞ്ഞു.

അച്ഛന്റെ പദ്ധതി സേതു എങ്ങനേയോ മണത്തറിഞ്ഞു.

അവള്‍ ഭര്‍ത്താവില്ലാതെ ആദ്യമായി വീട്ടിലെത്തിയതുകണ്ട് അമ്മ അമ്പരന്നു.

“എന്താ, മോളേ നീ തനിച്ച്. അവനെന്തിയേ നിന്റെ കെട്ടിയോന്‍.” അമ്മ ചോദിച്ചു.

സേതു ചിരിച്ചു.
“എന്നെ കെട്ടിച്ച് വിട്ടിട്ട് നിങ്ങളിവിടെ തീ തിന്നുകയാ അല്ലേ?” പിന്നെയവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയുടെ തോളിളോട്ട് ചാഞ്ഞു.

“ഛേ, എന്തായിത് മോളേ? നീയെങ്കിലും രക്ഷപ്പെട്ടല്ലോ. ഈ അമ്മയ്ക്കതു മതി.അപ്പുക്കുട്ടനൊരാണല്ലേ. അവന്റെ കാര്യം അവന്‍ നോക്കിക്കൊള്ളും. നീ വെഷമിക്കാണ്ടിരി.” അമ്മ അവളെ ആശ്വസിപ്പിച്ചു.
സേതുവിന്റെ തേങ്ങലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു. പിന്നെയവള്‍ സാരിത്തലപ്പുകൊണ്ട് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

“അമ്മേ, ചേട്ടനും അവിടുത്തെ അമ്മയുമെല്ലാം നല്ല ആള്‍ക്കാരാ. നമ്മുടെ ബുദ്ധിമുട്ടൊക്കെ അവര്‍ക്കറിയാം.ജഗദ ചിറ്റ എല്ലാം അവരോട് നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു. അച്ഛനോട് പറഞ്ഞുകൂടെ അവരോടൊന്ന് ചെന്ന് സംസാരിക്കാന്‍.”

“എന്തു സംസാരിക്കാന്‍... പണത്തിനു വേണ്ടിയോ? അതു ശരിയാവില്ല. പുത്തന്‍ ബന്ധുക്കാരോട് കടം ചോദിക്കുകയെന്നുപറഞ്ഞാല്‍...നല്ല കുടുംബത്തിലെ ആര്‍ക്കെങ്കിലും ചേരുന്നതാണോ?” അമ്മയ്ക്കതത്ര ഇഷ്ടപ്പെട്ടില്ല.

“എങ്കി നിങ്ങളു കുടുംബ മാഹാത്മ്യോം കെട്ടിപ്പിടിച്ചോണ്ടിരുന്നോ. കല്യാണം കഴിഞ്ഞ് പത്ത് നാളിന്നുള്ളില്‍ വീടും പുരയിടവും വിറ്റ് കടതിണ്ണേല്‍ കെടക്കുമ്പോ എല്ലാ അഭിമാനവുമുണ്ടാവും. സ്വന്തമായി വീട് പോലുമില്ലാത്തവളായി എനിക്കവിടെ കഴിയേണ്ടി വരും. ബന്ധു വീട്ടുകാരെ വഴിയാധാരമാകിയെന്ന പേര് ചേട്ടനുണ്ടാവും.
വേണ്ട. എന്നെക്കുറിച്ചാലോചിക്കേണ്ട. അപ്പുക്കുട്ടന്റെ ആഗ്രഹത്തെയല്ലേ നിങ്ങളില്ലാതാക്കുന്നേ? അവനീ വീട് വിട്ട് എങ്ങോട്ടെങ്കിലും പോകാന്‍ മനസ്സുണ്ടോയെന്ന് ഒന്ന് ചോദിച്ച് കൂടായിരുന്നോ നിങ്ങള്‍ക്ക്.
അല്ലെങ്കിലും ഞാനിപ്പോ ആരാ നിങ്ങക്ക്. വല്ലവീട്ടിലെയുമായിപ്പോയില്ലേ? നടക്കട്ടെ. എല്ലാം നടക്കട്ടെ നിങ്ങളുടെയൊക്കെ ഇഷ്ടം പോലെ.”

സേതു കരഞ്ഞു കൊണ്ട് വീട് വിട്ടിറങ്ങി.

അമ്മ തലയ്ക്ക് കൈ കൊടുത്തിരുന്ന് തേങ്ങി.

“ഏതായാലും സേതു പറഞ്ഞതല്ലേ? അച്ഛനെന്താ ഒന്നവിടം വരെ പോയി അളിയനോടെല്ലാം പറഞ്ഞാല്‍...
വീടു വില്‍ക്കുന്നത്രയും അഭിമാനക്കേടൊന്നുമല്ലല്ലോ അതു?” അപ്പുക്കുട്ടന്‍ അമ്മയോട് ചോദിച്ചു.

പിറ്റേന്ന് തന്നെ അച്ഛന്‍ സേതുവിന്റെ വീട്ടിലേയ്ക്ക് തിരിച്ചു.

ഒരിക്കലും ഒരച്ഛനും ഇങ്ങനെയൊരു സ്ഥിതി ഉണ്ടാവരുതേയെന്ന പ്രാര്‍ത്ഥനയോടെ.

“ഈ സ്വര്‍ണ്ണമെല്ലാം ഇവിടെ വെച്ചിട്ട് എന്തു ചെയ്യാനാ? സേതുവിന് എല്ലാം കൂടി ഇടുവാന്‍ പറ്റുമൊ? അച്ഛനിതു കൊണ്ടുപോയി ബാദ്ധ്യത എല്ലാം തിര്‍ത്തിട്ട് ബാക്കിയുള്ളത് തിരിച്ചേല്‍പ്പിച്ചാല്‍ മതി.” അളിയന്റെ അമ്മയുടെ കൈയില്‍ നിന്നും ആഭരണപ്പെട്ടി അച്ഛനെ ഏല്‍പ്പിച്ചു കൊണ്ട് അളിയന്‍ പറഞ്ഞു.

മനുഷ്യ രൂപം പൂണ്ട ദൈവങ്ങളെ മനസ്സാധ്യാനിച്ച് കൊണ്ട് ആഭരണപ്പെട്ടി തിരിച്ച് വാങ്ങി അച്ഛന്‍ തലകുമ്പിട്ട് തിരിഞ്ഞു നടന്നു.

“പിന്നേ, ഇത് സൗജന്യമായിട്ട് കണക്ക് കൂട്ടരുത്. അപ്പുക്കുട്ടന്‍ നല്ല നിലയിലാവുമ്പോ എല്ലാം പലിശേം കൂട്ടി തിരിച്ച് തന്നേക്കണം.”
സേതു പിന്നില്‍ നിന്നും വിളിച്ച് പറയുന്നുണ്ടായിരുന്നു.

28 comments:

Sathees Makkoth | Asha Revamma said...

സേതുവിന് കല്യാണ പ്രായമെത്തിയതോടെ അമ്മയ്ക്ക് ആധി തുടങ്ങി. ഊണിലും ഉറക്കത്തിലും അമ്മയ്ക്ക് ഒറ്റ വിചാരമേയുള്ളൂ. ഏക മകളെ നല്ല നിലയില്‍ കെട്ടിച്ചുവിടണമെന്ന്.

എന്റെ പുതിയ പോസ്റ്റ്.

ഇടിവാള്‍ said...

വായിക്കും തോറും താല്പര്യം കൂടി വന്നു!

ശുഭപര്യവസാനിയായല്ല്ലോ! ഞാന്‍ ക്ലൈമാക്സ് പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു ;)

salil | drishyan said...

സതീശേ,
വന്നു, വായിച്ചു, ഒപ്പു വയ്ക്കുന്നു.
ലളിതമായ് പറഞ്ഞിരിക്കുന്നു കഥ. വിഷയം കാലികം തന്നെ, പക്ഷെ...എന്തോ വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു ശൂന്യത അനുഭവപ്പെട്ടു.

ഭാഷയുടെ ഒഴുക്കില്‍ നിന്നു തനിയ്ക്ക് കൂടുതല്‍ നന്നായ് എഴുതാനാകുമെന്നു തോന്നിയതു കൊണ്ടാണ് ഇത്രയും പറഞ്ഞത്.

സസ്നേഹം
ദൃശ്യന്‍

അപ്പു ആദ്യാക്ഷരി said...

Satheesh, I read your story. Beautiful narration. Congratulations. I will wait for more from your pen.

സു | Su said...

നന്നായിട്ടുണ്ട്. കുറച്ച് നീണ്ടുപോയോന്നൊരു സംശയം.

Sathees Makkoth | Asha Revamma said...

ഇടിവാള്‍,
വളരെ നന്ദി:)
ദൃശ്യന്‍ | Drishyan,
പറഞ്ഞ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കാം.
വളരെ നന്ദി:)
അപ്പു,
വളരെ നന്ദി:)
സു | Su,
ഇനിയിപ്പോ ചുരുക്കുവാന്‍ പറ്റൂമോന്നറിയില്ല.
വളരെ നന്ദി:)

കാളിയമ്പി said...

മാഷേ
വളരെ വളരെ വളരെ നന്നായി..
എന്താ പറയുക..
വായിച്ച് കഴിഞ്ഞപ്പോ ഒരു സന്തോഷം..നന്മ..നിറവ്

ദേഷ്യം, വെറുപ്പ് ,നിരാശ..ഇവയൊന്നുമല്ല..

പല മുന്തിയ സാഹിത്യവും വായിച്ചുകഴിഞ്ഞാല്‍ അതാണ് തോന്നുക..

വളരെ നന്നായി...ഒരു ശ്യാമളാ എഫക്റ്റ്(ഞാനാണോ വിജയന്‍ ഞാനാണോ ശ്യാമള എന്നൊക്കെ ആ പടം കണ്ട എല്ലാര്‍ക്കും തോന്നും ആ എഫക്റ്റാണ്..)
:)

sandoz said...

ഇക്കാലത്ത്‌ ഇങ്ങനെയും മനുഷ്യര്‍ ഉണ്ടാവുമോ സതീശാ....നന്മയുടേയും സ്നേഹത്തിന്റേയും അവതാരങ്ങള്‍.

ഉണ്ടാകട്ടെ...ഉണ്ടാകണം

വേണു venu said...

സതീശേ,
കഥ ഇഷ്ടപ്പെട്ടു. :)

ദിവാസ്വപ്നം said...

nice.

there is something in this post, that keep readers pulled towards itself.

വല്യമ്മായി said...

സതീശിന്റെ മനസ്സിലെ നന്മ വെളിപ്പെടുത്തുന്ന എഴുത്ത്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

സേതുവും അപ്പുക്കുട്ടനും അച്ഛ്നും അമ്മയുമെല്ലാം കണ്ട്പരിചയിച്ച മുഖങ്ങള്‍! പേരുകളില്‍ മാത്രമുള്ള വ്യത്യാസം....നന്നായി.. വളരെ നന്നായിട്ടുണ്ട്... നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം.
ആശംസകള്‍ സതീശ്

Anonymous said...

നല്ല മനസ്സില്‍ നിന്നുള്ള നല്ലൊരു പോസ്റ്റ്.

Nousher

Achoos said...

ലളിതമായ നല്ല രീതി.
:)

സുല്‍ |Sul said...

സതീശേ പതിവുപോലെ നന്നായിരിക്കുന്നു. കുറച്ചു ചെറുതാക്കാമായിരുന്നൊ എന്നൊരു ശങ്ക. ശങ്കയാണ് കേട്ടൊ. അതില്‍ കാര്യമില്ല.

-സുല്‍

ചേച്ചിയമ്മ said...

സതീശേ, കഥ നന്നായിരിക്കുന്നു.

മുസ്തഫ|musthapha said...

സതീശ്,

വളരെ നന്നായി പറഞ്ഞിരിക്കുന്നു... പിന്നേക്ക് നീട്ടി വെക്കാതെ ഒറ്റയിരിപ്പിനു തന്നെ വായിക്കാന്‍ പ്രേരിപ്പിച്ചു തന്‍റെ വരികള്‍... കഥാപാത്രങ്ങളെ മനസ്സില്‍ കുടിയിരുത്തുന്ന സംഭാഷണങ്ങള്‍.

വളരെ ലളിതമായ അവതരണം.

അവസാനമെത്തിയപ്പോള്‍ എന്‍റെ കണ്ണുകള്‍ നനഞ്ഞോ എന്നൊരു സന്ദേഹം.

Sathees Makkoth | Asha Revamma said...

Ambi,
വളരെ നന്ദി :)

sandoz
നന്മയുടേയും സ്നേഹത്തിന്റേയും അവതാരങ്ങളായ മനുഷ്യര്‍ ഉണ്ടന്ന് തന്നെ കരുതൂ.
നന്ദി.
വേണുച്ചേട്ടാ,
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

ദിവാ(സ്വപ്നം)
ഒരിക്കല്‍കൂടി എന്റെ ബ്ലോഗില്‍ വന്നതിനും കമന്റിയതിനും നന്ദി.

വല്യമ്മായി ,
എന്നെ അത്രയ്ക്കങ്ങ് പൊക്കിക്കളയരുതേ...
നന്ദി .
ഷാനവാസ്‌ ഇലിപ്പക്കുളം,അച്ചൂസ്,നൌഷര്,‍ചേച്ചിയമ്മ
വളരെ നന്ദി:)
സുല്‍ ,
ചെറുതാക്കാന്‍ പറ്റുമോയെന്ന് നോക്കാം
നന്ദി.

അഗ്രജന്‍ ,
കഥ ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം

മുക്കുവന്‍ said...

പല നല്ല കഥകളും കാണാതെ പോകുന്നു.ഒരു തേങ ഞാന്‍ ഇവിടെ അടിക്കട്ടെ...

Sathees Makkoth | Asha Revamma said...

മുക്കുവന്‍,
വളരെ നന്ദി

വിചാരം said...

സതീശാ .. നീ നൊമ്പരക്കൂട് തുറന്നുവിട്ട് സങ്കടപ്പെടുത്തുകയാണല്ലോ .. ദേ ഒരു കാര്യം നീ പുതിയ പോസ്റ്റിട്ടാല്‍ അതൊന്നറീക്കാമായിരുന്നു ഇതിപ്പം വളരെ വൈകി എങ്കിലും ഞാന്‍ എത്തി ട്ടോ
നന്നായിരിക്കുന്നു വിവരണം ഒഴുക്കുള്ള നിന്‍റെ എഴുത്തായതുകൊണ്ട് എത്ര നീണ്ടാലുമങ്ങ വായിച്ചവസാനിപ്പിക്കാന്‍ ഒരു സുഖാ...

Mubarak Merchant said...

അതു കഴിഞ്ഞിട്ടിപ്പൊ എത്ര നാളായിക്കാണും സതീഷേ?

Unknown said...

ഇതിനെയാണ് കലയിലെ (എഴുത്തും ഒരു കല തന്നെ!)മാനവീകത എന്നു പറയുന്നത്.വായിച്ചു കഴിയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആര്‍ദ്രതയും കരുണയും നിറഞ്ഞ് ,മനസ്സ് സമ്പന്നമാകുന്നു.സാമൂഹ്യതിന്മകള്‍ക്കെതിരെ ഇങ്ങിനെ ലളിതമായ കഥയിലൂടെയും പ്രതികരിക്കാമെന്നു സതീശ് കാട്ടിത്തരുന്നു. ഇതു പോലെ നൂറ് നൂറ് കഥകള്‍ എഴുതപ്പെട്ടാല്‍ ഒരു വേള കല്ല്യാണങ്ങളുടെ പേരില്‍ ഇന്നു നാട്ടില്‍ നടക്കുന്ന കണ്ണീരിന്റേയും കദനത്തിന്റേയും ദാരുണ കഥകള്‍ മാറ്റിയെഴുതപ്പെട്ടേക്കാം. അതെ... ഇതിലെ കഥാപാത്രങ്ങളാണ് യഥാര്‍ത്ഥ ദൈവങ്ങള്‍ !!

myexperimentsandme said...

വളരെ നന്നായിരിക്കുന്നു. വളരെ ഹൃദ്യമായി അവസാനിപ്പിച്ചിരിക്കുന്നു. അം‌ബി പറഞ്ഞതുപോലെ പല സാഹിത്യങ്ങളുടെയും അവസാനമുള്ള ടെന്‍‌ഷന്‍, ദുഃഖം, നിരാശ ഇവയൊന്നുമില്ലാതെ നല്ലയാള്‍ക്കാരും ഈ ലോകത്തില്‍ ഇപ്പോഴും ധാരാളമുണ്ടെന്ന് കാണിക്കുന്ന കഥ. ഇങ്ങിനെയുള്ളവര്‍ നിത്യജീവിതത്തിലുമുണ്ടാവട്ടെ, ധാരാളം. ഉണ്ട് എന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

അശോക് said...

Plain…realistic.. All in all, a good story.

Sathees Makkoth said...

വിചാരം,
മനപൂര്‍വ്വം ചെയ്യുന്നതല്ല.അടുത്ത തവണ അറിയിക്കാം.
ഇക്കാസ്,
കുറേയധികം നാളായി :)
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ,
നല്ല മാനങ്ങള്‍ കണ്ടെത്തിയതിന് നന്ദി.

വക്കാരിമഷ്‌ടാ,
ഇങ്ങനെയുല്ല്ലവര്‍ ഇനിയുമുണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Asok :)
ഈയുള്ളവന്റെ നന്ദി.എല്ലാവര്‍ക്കും.

ഷബീര്‍ എം said...

എന്നിട്ട്‌ അപ്പുകുട്ടന്‍ ആ സ്വര്‍ണം തിരിച്ച്‌ കൊടുത്തോ................. വൈകിവന്ന ഒരു വയനക്കാരന്‍

Sathees Makkoth | Asha Revamma said...

ഷബീർ, കഥയിൽ ചോദ്യമില്ല.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP