Followers

കളക്ടര്‍ പുരുഷന്റെ അമ്മ.

Sunday, May 6, 2007

ലീലച്ചേച്ചിയ്ക്ക് ആണും പെണ്ണുമായി ഒറ്റമോനേയുള്ളൂ.
എന്തിനാണ് പത്തെണ്ണം! ലീലച്ചേച്ചിയ്ക്ക് ഒരണ്ണം തന്നെ ധാരാളം.
ലീലച്ചേച്ചിയ്ക്ക് പുരുഷനെന്ന പുരുഷുമോനെ കൂടാതെ വേറെയും കുട്ടികള്‍ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു.

എന്തുചെയ്യാന്‍!

പുരുഷുമോനെ പെറ്റിട്ട അന്ന് കടന്നതാണവന്റെ തന്ത.പിന്നയീവഴിക്ക് കടന്നട്ടില്ല.വടക്കന്‍ നാട്ടിലെവിടെയോ പെണ്ണുകുട്ടി പരാധീനങ്ങളുമായി കഴിയുന്നു പോലും!

പുരുഷുമോന്റെ തന്ത നാട് കടക്കാനും സത്യത്തില്‍ കാരണക്കാരി ലീലച്ചേച്ചിതന്നെ.
അല്ലെങ്കിലും അവര്‍ക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു നേര്‍ച്ച നേരാന്‍.
അതും ഉഗ്രമൂര്‍ത്തിയായ കൈതത്തില്‍ ഭഗവാന്.

കുട്ടി ആണാവണമെന്ന് ലീലച്ചേച്ചി. പെണ്ണാവണമെന്ന് പുരുഷുവിന്റെ അച്ഛന്‍.
തര്‍ക്കം മൂത്ത് ആണ്‍കുട്ടിക്ക് വേണ്ടി ലീലചേച്ചി ഒരു നേര്‍ച്ചയങ്ങോട്ട് നേര്‍ന്നു.
"കുട്ടി ആണാണങ്കീ ഇങ്ങേരെ കൊണ്ട് നൂറ്റൊന്ന് ശയനപ്രദക്ഷിണമങ്ങ് നടത്തിയേക്കാമെന്റ ഭഗവാനേ..."
ലീലച്ചേച്ചി തിരുവയറൊഴിയുന്നതുവരെ പുരുഷുവിന്റെ അച്ഛന്‍ ശുഭാപ്തിവിശ്വാസിയായിരുന്നു.
പുരുഷു ഭൂജാതനായ അന്ന് മുങ്ങിയതാണ് പുരുഷുവിന്റെ അച്ഛന്‍.
ശയനപ്രദക്ഷിണം പേടിച്ച് മുങ്ങിയതാണന്നും അതല്ല നേരത്തെ ഉണ്ടായിരുന്ന ബന്ധം ഊട്ടി ഉറപ്പിക്കാന്‍ അവസരവും കാത്തിരുന്ന പുരുഷുവിന്റെ അച്ഛന്‍ സമയവും സന്ദര്‍ഭവും നോക്കി മുങ്ങിയതാണന്നും നാട്ടില്‍ ശ്രുതി.

പുരുഷു ജനിച്ചതില്‍ ലീലച്ചേച്ചി ഹാപ്പിയായി.

ആണ്‍കുട്ടിയല്ലേ വളര്‍ന്ന് വലുതായാല്‍ എന്തോരം സ്ത്രീധനം കിട്ടും! വട്ടിപലിശ ബിസിനസ് എന്തോരം വളരും!
ശയനപ്രദക്ഷിണത്തില്‍ തന്റെ നേര്‍ച്ച നിര്‍ത്തിക്കളഞ്ഞതില്‍ ലീലച്ചേച്ചി സന്തോഷവതിയാണ്.താന്‍ വല്ല ശൂലോം തറയ്ക്ക്ലും നേര്‍ന്നിരുന്നേ അങ്ങേര് എന്തോ ചെയ്തേനേ?
താനൊരു നേര്‍ച്ച നേര്‍ന്നു എന്നത് ഇത്ര വലിയ പാതകമാണോ. ഏതൊരമ്മയും തന്റെ ആരോമല്‍ കണ്മണിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നതല്ലേ? ഒരു നേര്‍ച്ചയുടെ പുറത്ത് നാട് കടക്കുന്ന മനുഷ്യനാണങ്കീ അങ്ങോട്ട് പൊയ്ക്കോട്ടെ. ലീലച്ചേച്ചി സ്വയം ആശ്വാസം കൊണ്ടിരുന്നു.

"ആണുങ്ങളായാ കൊറച്ച് ചൊണേം ഗുണോമൊക്കെ വേണം. അങ്ങേര് എന്നേം വിട്ട് പോകാന്‍ ഒരു കാര്യോം നോക്കി നടക്കുവാരുന്നു. മണുഗുണേപ്പന്‍. അങ്ങനെ തൊട്ടാ പൊട്ടണ സാധനമാണേ അങ്ങോട്ട് പോട്ടെ." ലീലച്ചേച്ചിയെ കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി ഇതായിരുന്നു.

പുരുഷുമോന്‍ വളര്‍ന്നു.

ലീലച്ചേച്ചിക്ക് മകനെ കളക്ടറാക്കാനായിരുന്നു ആഗ്രഹം.

തന്തയുടെ അല്ലേ മോന്‍. എങ്ങനെ ഗുണം പിടിക്കാന്‍!

ഇരുത്തി പഠിച്ചതുകൊണ്ട് പഠിച്ച ക്ലാസിലെല്ലാം രണ്ടുവര്‍ഷത്തില്‍ കുറയാതിരുന്നു പഠിച്ചു.പത്ത് വര്‍ഷം കൊണ്ട് പഠിക്കേണ്ടത് പതിനെട്ട് വര്‍ഷമായിട്ടും തീരാത്തതിനാല്‍ ലീലചേച്ചി മകനെ പവലിയനിലേയ്ക്ക് തിരികെ വിളിച്ചു.

ഇരുപത് വര്‍ഷം തികച്ച് പഠിക്കണമെന്ന പുരുഷുമോന്റെ ആഗ്രഹം അങ്ങനെ അവസാനിച്ചു. എങ്കിലും പുരുഷുമോന് അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
സ്കൂള്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ കാലമെടുത്ത് പഠനം മുഴുമിക്കാതെ പുറത്ത് വന്ന മിടുക്കനായി പുരുഷുമോന്‍.

പുരുഷുമോനെ കളക്ടറാക്കണമെന്ന ഒടുങ്ങാത്ത മോഹം അവസാനിപ്പിക്കാന്‍ ലീലച്ചേച്ചി തയ്യാറായില്ല.
ലീലച്ചേച്ചി പുരുഷുമോനെ കളക്ടറാക്കുകതന്നെ ചെയ്തു.പുരുഷുമോനെ എങ്ങനെ ലീലച്ചേച്ചി കളക്ടറാക്കി എന്ന് ചോദിച്ചാല്‍ അവര്‍ അതിനൊരു നിമിത്തം മാത്രമായെന്നേ പറയാന്‍ പറ്റുകയുള്ളു. സത്യത്തില്‍ പുരുഷനെ കളക്ടറാക്കിയത് നാട്ടുകാരാണ്.

പഠിത്തം നിര്‍ത്തിയെങ്കിലും പുരുഷുമോനെ അലഞ്ഞുതിരിയാന്‍ ലീലചേച്ചി സമ്മതിച്ചില്ല. ലീലചേച്ചി പുരുഷുമോനെ തന്റെ ബിസിനസ്സിലേയ്ക്ക് കൊണ്ടുവന്നു.കടം കൊടുത്ത പണത്തിന്റെ പലിശ പിരിവ് പുരുഷനില്‍ നിക്ഷിപ്തമായി. അങ്ങനെ പുരുഷന്‍ കളക്ടര്‍ പുരുഷനായി!

കഷ്ടപ്പെട്ടുണ്ടാക്കിയ പണം നേരാം വണ്ണം വിനിയോഗിക്കണമെങ്കില്‍ പുരുഷുമോനൊരു കടിഞ്ഞാണിടണമെന്ന് ലീലചേച്ചി തീരുമാനിച്ചു.

അങ്ങനെയാണ് ലീലചേച്ചി മകന് കല്യാണാലോചനയുമായി ഇറങ്ങിതിരിച്ചത്. തന്റെ മോന് വിദ്യയുടെ കുറവല്ലേ ഉള്ളു. ധനത്തിന് യാതൊരു കുറവുമില്ലല്ലോ.ഉള്ള ഒരു കുറവ് നല്ലോണം അറിയാവുന്നതിനാല്‍ ലീലചേച്ചി സ്ത്രീധനത്തില്‍ ചെറിയ നീക്കുപോക്കിന് തയ്യാറായി. പക്ഷേ മകന്റെ പോരായ്മ പരിഹരിക്കണവളാവണം തന്റെ മരുമകളെന്ന് ലീലചേച്ചിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പലിശ കണക്ക് പറഞ്ഞ് വാങ്ങിക്കണമല്ലോ.

കുറച്ച് കാലതാമസമുണ്ടായെങ്കിലും ലീലചേച്ചിയുടെ സങ്കല്‍പത്തിലെ മരുമോള്‍ തന്നെ അവസാനം എത്തിച്ചേര്‍ന്നു.

തങ്കമണി.

തങ്കം പോലത്തെ പെണ്ണ്.

മണിയുടെ കാര്യത്തിലും തങ്കമണിയുടെ കുടുംബം മറ്റാരെക്കാളും പുറകിലല്ലായിരുന്നു.

വിദ്യാഭ്യാസത്തില്‍ പുരുഷുവിനേക്കാള്‍ മുന്നിലും. മണിമണിയായി ഇംഗ്ലീഷ് പറയും. കണക്കില്‍ ഫസ്റ്റ്ക്ലാസ്. ഇതില്‍പരം ഇനിയെന്തു വേണം.

ഭര്‍ത്താവില്ലാതെ മോനെ വളര്‍ത്തിയ കഷ്ടപ്പാടിന്റെ കണക്ക് കൂടി പറഞ്ഞ് ലീലചേച്ചി സ്ത്രീധനം വാങ്ങിയെന്നാണ് നാട്ടില്‍ സംസാരം.

ലീലചേച്ചി ജീവിതത്തില്‍ ഒരിക്കല്‍കൂടി ഹാപ്പിയായി.

പുരുഷുമോനും ഹാപ്പിയായി.പക്ഷേ പുരുഷു മോനെ അലട്ടിയ ഒരു പ്രശ്നമുണ്ടായി. അത് തുടങ്ങിയത് തങ്കമണി തന്റെ കൂട്ടുകാരിയുമായി ഫോണില്‍ സംസാരിക്കുന്നത് കേട്ടത് മുതലാണ്.

ഇംഗ്ലീഷിലല്ലേ തങ്കമണി കൂട്ടുകാരിയോട് ഹൗവാര്‍യൂ എന്ന് ചോദിച്ചത്. തനിക്കാണങ്കില്‍ എബിസിഡി പോലും തെറ്റാതെ പറയാനറിയില്ല.

അവടെ ഇംഗ്ലീഷറിയാവുന്ന കൂട്ടുകാരികളെപ്പോഴെങ്കിലും തന്നോടും ഇംഗ്ലീഷിലെന്തെങ്കിലും ചോദിച്ചാല്‍ എന്തോ പറയും?
പല പല ചിന്തകള്‍ പുരുഷനെ വേട്ടയാടി.
ആയകാലത്ത് പഠിക്കാതെ നടന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായി തുടങ്ങി. പുരുഷു പിന്മാറിയില്ല. അവന്‍ അപ്പുക്കുട്ടന്റെ സഹായത്താല്‍ പലവാക്കുകളും പഠിച്ചു. അപ്പുക്കുട്ടന്‍ പുരുഷുവിന്റെ കാണപ്പെട്ട ദൈവമായി.

പഠിച്ചു വരുന്ന ഇംഗ്ലീഷ് ഭാര്യയെ കേള്‍പ്പിക്കാനുള്ള അവസരവും കാത്ത് പുരുഷനിരുന്നു.

കൈലിയുമുടുത്ത് ബനിയനുമിട്ട് വീട്ട് മുറ്റത്ത് കസര്‍ത്ത് നടത്തിക്കൊണ്ടിരുന്ന പുരുഷുവിന്റെ തലയിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയത് മീന്‍കാരന്‍ കുഞ്ഞാപ്പിയുടെ കൂകി വിളി കേട്ടപ്പോഴാണ്.

കസര്‍ത്തൊക്കെ നിര്‍ത്തി പുരുഷു വാതുക്കലെ റോഡിലോട്ടിറങ്ങിനിന്നു.
കുഞ്ഞാപ്പി സൈക്കിള്‍ നിര്‍ത്തി.
മീന്‍കുട്ടയിലേയ്ക്ക് പുരുഷു എത്തി നോക്കി. ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം.
എങ്കിലും നോക്കി. മത്തിയുണ്ട്. അയലയുണ്ട്.

പുരുഷു ഭാര്യയെ വിളിച്ചു.

"തങ്കൂ, ദാ ഇങ്ങോട്ട് വന്നേ. കുഞ്ഞാപ്പിടേ പക്കല്‍ മത്തി ഫിഷുണ്ട്. അയലഫിഷുണ്ട്. നിനക്കേതാ വേണ്ടതെന്ന് നോക്കിക്കേ. രണ്ടും നല്ല ഫ്രെഷാ."

തങ്കമണിയേക്കാള്‍ ആദ്യം ഓടിയെത്തിയത് ലീലചേച്ചിയായിരുന്നു.

ലീലചേച്ചി വിശ്വാസം വരാത്തവണ്ണം പുരുഷുവിനെ നോക്കി.

"എന്താടാ മോനേ നീ പറഞ്ഞേ? ഒന്നുകൂടി പറയടാ മോനേ ഈ അമ്മയൊന്ന് കേക്കട്ടടാ."

പുരുഷു അമ്മയെ ശ്രദ്ധിച്ചില്ല.

അവന്‍ തങ്കമണിയോട് വീണ്ടും ചോദിച്ചു.

"നിനക്കേത് ഫിഷാ വേണ്ടത്? വേഗം പറഞ്ഞോ."

തങ്കമണി ചിരിച്ചു.

ലീലചേച്ചി ചിരിച്ചില്ല. പകരം കൈകള്‍ രണ്ടും ചെണ്ട കുട്ടന്‍ തകിട തകിടയെന്ന് ചെണ്ടപ്പുറത്ത് കോലുകള്‍ വീഴിക്കുന്നമാതിരി സ്വന്തം നെഞ്ചത്ത് യാതൊരു ദാക്ഷണ്യവുമില്ലാതെ വീഴിച്ച് കൊണ്ടലറി.

"എന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിയല്ലോ എന്റെ ദൈവമേ..."

ഒച്ച കേട്ട് ആള്‍ക്കാരു കൂടി. എത്രനേരമെന്ന് കരുതിയാ നെഞ്ചത്തിട്ടടിക്കുന്നത് കണ്ട് നില്‍ക്കുന്നത്. അപ്പുക്കുട്ടന്‍ ലീലചേച്ചിയുടെ കൈകള്‍ പിടിച്ചുവെച്ചു.

"എന്താ ചേച്ചി ഇത്? വെറുതേ നെഞ്ചിടിച്ച് കലക്കുന്നത്."

"വെറുതേയോ? നിനക്കറിയുമോ മോനേ, ദാ. ദീ നിക്കണ എന്റെ മോനുണ്ടല്ലോ അവനെന്നോടീ ചതി ചെയ്യേണ്ട വല്ല കാര്യോണ്ടോ?" ലീലചേച്ചി അപ്പുക്കുട്ടന്റെ കൈകളില്‍ നിന്നും കുതറി മാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"എന്താ തള്ളേ, നിങ്ങളീ പറയണത്? ഞാനെന്തോന്ന് ചെയ്തെന്നാ?" പുരുഷുവിന് സഹിക്കാന്‍ പറ്റിയില്ല.

"നീ ഒന്നും ചെയ്തില്ല അല്ലേടാ. നീ ഇപ്പോ എന്തോന്നാ തങ്കമണിയോട് പറഞ്ഞത്? ടാ... നിനക്കിത്രേം ഇംഗ്ലീഷറിയാമെന്ന് എനിക്കറിയാമാരുന്നേ ഞാനതും കൂടെ കൂട്ടി നിനക്ക് സ്ത്രീധനം വാങ്ങിക്കുകേലാരുന്നോടാ മഹാപാപീ..."

അപ്പുക്കുട്ടന്‍ ലീലചേച്ചിയുടെ കൈകളിലെ പിടുത്തം വിട്ടു.

പാവം ലീലചേച്ചി. അവര്‍ തളര്‍ന്ന് താഴെയിരുന്നു.

30 comments:

Sathees Makkoth | Asha Revamma said...

ലീലച്ചേച്ചിയ്ക്ക് ആണും പെണ്ണുമായി ഒറ്റമോനേയുള്ളൂ.
എന്തിനാണ് പത്തെണ്ണം! ലീലച്ചേച്ചിയ്ക്ക് ഒരണ്ണം തന്നെ ധാരാളം.
പുതിയ പോസ്റ്റ്

കുതിരവട്ടന്‍ | kuthiravattan said...

അയ്യോ, തേങ്ങ അടിക്കാന്‍ മറന്നൂ,
ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ.......

ഗുപ്തന്‍ said...

സതീശേട്ടോ.. ഇതെന്തോ ഭാവിച്ചാ... ഇക്കണക്കിനു ലെവന്‍ കമ്യൂണിക്കേഷന്‍സ് ഓഫ് ദ ഇന്റീരിയര്‍ ഡെമോക്രേഷന്‍ എന്നെങ്ങാണും പറഞ്ഞിരുന്നേല്‍ (ലിങ്ക് ഇവിടെ ) തള്ള തട്ടിപ്പോയേനേല്ലോ...

കലക്കീട്ടോ...

സാജന്‍| SAJAN said...

സതീശേ ഞാന്‍ സത്യം മാത്രമേ കമന്റില്‍ പറയൂ എന്ന് പ്രതിഞ്ജ എടുത്തിട്ടുണ്ട്...വിഷമിച്ചിട്ട് ഒരു കാര്യവും ഇല്ല..
പഴയത് പോലെ. ഇതും നന്നായിട്ടുണ്ട്..
കുഞ്ഞു കുഞ്ഞു സംഭവങ്ങളില്‍ നര്‍മ്മത്തിന്റെ തേന്‍ പുരട്ടി സൃഷ്ടിച്ചെടുക്കുന്ന രചനകളൊക്കെ ഒന്നിനൊന്ന് മനോഹരം..:)
സതീശ് കീപ് ഇറ്റ് അപ്:)

സുന്ദരന്‍ said...

ആഹാ... കലക്കീടാമോനെ സതീശാ.

കരീം മാഷ്‌ said...

ലീലച്ചേച്ചിടെ മോന്‍ കൊള്ളാം,
കലക്ടരെ കണ്ടക്ടര്‍ എന്നും കണ്ടക്ടരെ കലക്ടര്‍ എന്നു തിരിച്ചുമാണു ശരിക്കു വിളിക്കപ്പെടേണ്ടിയിരുന്നതെന്നു ഒരു സഹാധ്യാപകന്‍ വാദിച്ചിരുന്നതിത്തരുണത്തിലോര്‍ത്തു.

G.MANU said...

മണിയുടെ കാര്യത്തിലും തങ്കമണിയുടെ കുടുംബം മറ്റാരെക്കാളും പുറകിലല്ലായിരുന്നു


nalla post mashey....leelachechi charitham

സു | Su said...

കലക്ടര്‍ ആയില്ലെങ്കിലും, പെണ്ണുവീട്ടുകാരുടെ കൈയില്‍നിന്ന് കുറേ കലക്ട് ചെയ്തില്ലേ? എന്നാലും, ഇത്രേം ഇംഗ്ലീഷ് അറിയാമായിരുന്നു എന്ന് ലീലച്ചേച്ചി അറിയാഞ്ഞത് മോശമായിപ്പോയി. പോസ്റ്റ് ഉഷാറായി.

വേണു venu said...

ഹാഹാ...സതീശേ, രസിച്ചു.:)

സുല്‍ |Sul said...

സതീശേ
കൊള്ളാം
-സുല്‍

തമനു said...

പാവം ലീലേച്ചി, അവസാന ഭാഗം വായിച്ച്‌ കുറേ ചിരിച്ചു ..

ഇത്തവണയും നന്ന്‌..

ഓടോ: ഒരു സംശയം. ലീലച്ചേച്ചിയ്ക്ക് ആണും പെണ്ണുമായി ഒറ്റമോനേയുള്ളൂ. ആണും പെണ്ണുമായി എന്നു പറഞ്ഞാല്‍ മറ്റേപാര്‍ട്ടികളല്ലേ , ബോംബേലൊക്കെയുള്ള, കൈക്കൊട്ടിക്കളിക്കുന്ന കക്ഷികള്‍ ..?

മുസ്തഫ|musthapha said...

ഹഹ അത് വല്ലാത്തൊരു ചതിയായിപ്പോയി...

...ന്നാലും കഷ്ടപ്പെട്ട് നോക്കി വളര്‍ത്തിയ ലീലേച്ചിയോട് പുരുഷു ചെയ്തത് വല്യെ അക്രമമായിപ്പോയി :)

നന്നായിട്ടുണ്ട് സതീശ് :)

മുസ്തഫ|musthapha said...

ഇന്ന് മൊത്തം ഞാന്‍ കമന്‍റിടുന്നതിന്‍റെ മോളീക്കേറി ഈ തല തിരിഞ്ഞ മനുഷ്യന്‍ കമന്‍റിട്ട് വെച്ചിരിക്കുന്നു... :)

Kaithamullu said...

സത്യം മാത്രേ പറയു എന്നൊന്നും സാജനെപ്പോലെ ഞാന്‍ പറയൂല്ലാ. എങ്കിലും സതീശെ,നന്നായിരിക്കുന്നു!

കുട്ടിച്ചാത്തന്‍ said...

ചാ‍ത്തനേറ്:
ഇനിയിപ്പോ ജൂനിയര്‍ പുരുഷൂന്റെ കാര്യത്തില്‍ അങ്ങനെ ഒരു അബദ്ധം സംഭവിക്കേണ്ടാ..
കൂട്ടി വാങ്ങിക്കോ...

sandoz said...

ഉം..കൊള്ളാം..ലീലേച്ചി ഏറ്റു.....

asdfasdf asfdasdf said...

ലീലേച്ചി കലക്കി ട്ടോ.

ksnair said...

one of the best from satheeshan

Praju and Stella Kattuveettil said...

ചാത്തന്‍ പറഞ്ഞതിനു വിപരീതമായി ഒരു ജൂനിയര്‍ പുങ്കമണിയാണെങ്കിലോ.....പുരുഷും തങ്കമണീം മണികൊടുത്തു തട്ടിപോകുമല്ലോ

വിചാരം said...

സതീശാ വായിച്ചിട്ടൊത്തിരി നാളായി കമന്‍റ് അവസാനം .. ഇതും നന്നായി

അനൂപ് അമ്പലപ്പുഴ said...

എനിക്കിഷ്ടപ്പെട്ടില്ല... വിശദാംശങ്ങള്‍ പിറകെ

Haree said...

കൊള്ളാം...
എന്നാലും തങ്കമണിയുടെ വീട്ടുകാരെന്തേ കല്യാണാത്തീനു സമ്മതിച്ചു എന്നൊരു സംശയം ബാക്കി!
--

Sathees Makkoth | Asha Revamma said...

കുതിരവട്ടന്‍,ഠോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ....... ഇതെന്തോന്ന് തേങ്ങയടി വിത്ത് എക്കോയോ ;)

മനു, ലിങ്ക് കണ്ടു അടിപൊളി

സാജാ, പ്രതിജ്ഞ തന്നെയല്ലേ ഉദ്ദേശിച്ചത്?

സുന്ദരോ, പോയി ചിമ്മാരു മറിയം എഴുതി തീര്‍ക്കൂ മോനേ

കരിം‌മാഷേ, മാറ്റാന്‍ നമുക്ക് ഒരു ഭീമഹര്‍ജി കൊടുത്താലോ?

സു, അതെ സുവേ മോശമായി പോയി

തമനു, തലതിരിഞ്ഞവര്‍ക്കങ്ങനെ പലതും തോന്നും. ദേ അഗ്രജനും പറഞ്ഞത് കേട്ടില്ലേ

ചാത്താ ,തരികിടേ, രണ്ടു പേരും കൂടി ഒന്നു കൊമ്പ്രമൈസ് ആകൂ

അനൂപ് അമ്പലപ്പുഴ, എന്തായാലും ഇവിടങ്ങട്ട് എഴുതെന്നേ

ഹരീ,തങ്കമണിയുടെ തലേവര

ജി.മനു, ചേച്ചിയമ്മ,വേണുചേട്ടന്‍,സുല്‍, അഗ്രജന്‍,കൈതമുള്ള്,സിജു,സാന്റോസ്,അശോക്,അരീക്കോടന്‍,കുട്ടന്മേനോന്‍,ദീപു, നായര്‍, വിചാരം

എല്ലാവര്‍ക്കും എന്റെ നന്ദിയും സ്നേഹവും

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP