Followers

കാരിപ്പുളുന്ത്

Saturday, December 16, 2006

വര്‍ഷങ്ങളായി നാട്ടില്‍ നിന്നും അകന്നു നിന്നെങ്കിലും പട്ടണത്തില്‍സ്ഥിരതാമസമാക്കിയെങ്കിലും
അയാളുടെ ഓര്‍മ്മകളില്‍ ഇപ്പോഴും ഗ്രാമീണതയുടെ നിഷ്ക്കളങ്കത മാത്രമാണ്.അയാളുടെ ഓര്‍മ്മകള്‍ക്കിന്നും പഴമയുടെ ഗന്ധമാണുള്ളത്.
അന്യനാട്ടില്‍ കഠിനാദ്ധ്വാനം ചെയ്ത് മുറതെറ്റാതെ എല്ലാമാസവും അയാള്‍ തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് പണം അയച്ച് കൊടുക്കാറുണ്ട്.ആഴ്ച് തോറും ഫോണ്‍ ചെയ്യാറുണ്ട്.വിശേഷങ്ങള്‍ അറിയാറുണ്ട്.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഫോണ്‍ ചെയ്തപ്പോള്‍ അമ്മ അയാളോട് ഇങ്ങനെ പറഞ്ഞു.
''മോനേ, നീ എന്നാണ് നാട്ടിലേയ്ക്ക് വരുന്നത്.ഇനി നീ വരുമ്പോള്‍ എനിക്കു നിന്നെ തിരിച്ചറിയുവാന്‍ പറ്റുമോയെന്ന് ഞാന്‍ സംശയിക്കുന്നു.നിന്റെ ശബ്ദം മാത്രമേ എനിക്കിന്ന് പരിചിതമായിട്ടുള്ളു.രൂപം ഓര്‍മ്മകളിലേത് മാത്രമാണ്.ഒരു ഫോട്ടോ അയച്ചു തരണമെന്ന് പറഞ്ഞിട്ട് കൂടി നീ ചെയ്തില്ലല്ലോ? അതിനും കൂടി നിനക്ക് സമയമില്ലായിരിക്കാം. ഞങ്ങള്‍ കെളവനും,കെളവിക്കും നല്ല സുഖമല്ലേ ഇപ്പോ...............''അമ്മ കരയുകയാണ്.'' ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യത്തിന് പണമുണ്ട്.താമസ്സിക്കാന്‍ രണ്ടുപേര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയൊരു വീടുണ്ട്..പക്ഷേ ഒന്നുമാത്രമാണില്ലാത്തത്.അതു നീയാണ്....നീ മാത്രമാണ്.അമ്മുവിനെ ഞങ്ങള്‍ക്ക് വല്ലപ്പോഴുമെങ്കിലും കാണുവാന്‍ കഴിയും.അവളും കെട്ടിയോനും,കുട്ടികളും കൂടി വരാറുണ്ട്.നീ.... നീ മാത്രം വരാറില്ല.'' അമ്മയുടെ വിതുമ്പല്‍ സഹിക്കവയ്യാതായപ്പോള്‍ അയാള്‍ ഫോണ്‍ വെച്ചു.
അമ്മയെ കാണണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അച്ഛനെ കാണണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല.തന്റെ നാടിനുണ്ടായ മാറ്റങ്ങള്‍ കാണണമെന്നാഗ്രഹമില്ലാഞ്ഞിട്ടല്ല.തന്റെ നാട്ടാര്‍ക്കുണ്ടായ മാറ്റങ്ങളറിയണമെന്നാഗ്രഹമില്ലാഞ്ഞിട്ടല്ല.പക്ഷേ...എന്തോ..അയാള്‍ പോയില്ല.
ഒരു പക്ഷേ തന്റെ ഓര്‍മ്മകളെ തലോലിക്കുന്നതിലായിരിക്കാം അയാള്‍ സുഖം കണ്ടെത്തിയിരുന്നത്. അല്ലങ്കില്‍ തന്റെ മനസ്സിലുള്ള, ഓര്‍മ്മകളിലുള്ള,നാടിനേയും നാട്ടാരെയും വേറൊരു രീതിയില്‍ സങ്കല്‍പ്പിക്കാനുള്ള ശക്തിഅയാള്‍കില്ലാത്തതു കൊണ്ടായിരിക്കാം.
തന്റെ ഒരു യാത്ര...
ഒരു സന്ദര്‍ശനം.. അതെല്ലാം മാറ്റിമറിക്കുമെന്നയാള്‍ക്കറിയാം.
പക്ഷേ ഓര്‍മ്മകളെ സൂക്ഷിക്കാന്‍ ആഗ്രഹിച്ച അയാള്‍ക്ക് പോകാതിരിക്കാനായില്ല. അമ്മയുടെ വാക്കുകള്‍ അയാളെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു.എത്ര ശ്രമിച്ചിട്ടും അത് മനസ്സില്‍ നിന്നും മാറ്റുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അയാള്‍ ഒരു തിരിച്ച് പോക്കിന് തയ്യാറാവുകയായിരുന്നു.തന്റെ വൃദ്ധരായ മാതപിതാക്കള്‍ക്കു വേണ്ടി......
അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കുവാനാകുന്നില്ല.തന്റെ സ്വപ്നത്തിലെ ഓലപ്പുരയുടെ സ്ഥാനത്ത് ഇപ്പോളിതാ ഒരു ഇരു നില കെട്ടിടം നില്‍ക്കുന്നു.എത്രയെത്ര വലിയ കെട്ടിടങ്ങളില്‍ താന്‍ സ്ഥിരം പോകുന്നതാണ്.എത്രയെത്ര ആള്‍ക്കാരുമായി ഇടപെടുന്നതാണ് താന്‍!എന്നിട്ടും...
കാളിങ്ങ് ബെല്ലില്‍ അമര്‍ത്താന്‍ ഉയര്‍ത്തിയ കൈ അയാള്‍ പിന്‍വലിച്ചു.
അയാളുടെ നെഞ്ചിടിപ്പു കൂടുകയാണ്.അതിനു പണ്ട് ഓലപ്പുരയുടെ പുറത്ത് വീണിരുന്ന മഴത്തുള്ളിയുടെ ശ്ബ്ദമാണന്നയാള്‍ക്ക് തോന്നി.എന്തു രസമായിരുന്നത്!.മഴക്കാലത്ത് അച്ഛന്റെ മാറത്തെ നീണ്ട രോമങ്ങളില്‍ പിടിച്ചുകൊണ്ട് അയാള്‍ കിടക്കാറുണ്ടായിരുന്നു.അമ്മയുടെ മാറിന്റെ ചൂട് അയാളെ തണുപ്പറിയിച്ചിരുന്നില്ല. അമ്മു അയാളെ സ്വസ്ഥമായി അച്ഛന്റേയോ,അമ്മയുടേയോ കൂടെ കിടക്കുവാന്‍ അനുവദിച്ചിരുന്നില്ല. അവള്‍ മഹാ കുസൃതിയാണ്.ചകിരി നാരു കൊണ്ട് കാതിനു പുറകില്‍ തടവും.അയാള്‍ക്ക് ദേഷ്യം വരും.തണുപ്പുള്ള ആ മഴക്കാലത്തും രംഗം ചൂടാകും.അവസാനം ആറിത്തണുക്കുന്നത് അച്ഛന്‍ പ്രത്യേകമായി ഒരുക്കി വെച്ചിട്ടുള്ള ചൂരലിന്റെ രുചി അറിയുമ്പോള്‍ മാത്രമാണ്.
അയാള്‍ തന്റെ കുട്ടിക്കാലത്തേയ്ക്ക് പോവുകയാണ്...
എപ്പോഴും അയാള്‍ അങ്ങനെയാണ്.താന്‍ തന്നെ അറിയാതെ വേദനകള്‍ സമ്മാനിച്ച,കുസൃതിത്തരങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളിലേയ്ക്ക് പൊയ്പ്പോകും.ശരിക്കും പറഞ്ഞാല്‍ ആ ഓര്‍മ്മകളാണയാളുടെ ശക്തി. ആ ഓര്‍മ്മകളാണയാളെ മുന്നോട്ട് നയിക്കുന്നത്.
വാരാന്ത്യങ്ങള്‍ ചിലവിടാന്‍ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വര്‍ണ്ണപ്പൊലിമയുടെ മാസ്മരിക ലോകത്തിരിക്കുമ്പോഴും,ബാറിന്റെ അരണ്ടവെളിച്ചത്തില്‍ ഇരിക്കുമ്പോഴും അയാളുടെ മുന്നില്‍ തിളങ്ങി നില്‍ക്കുന്നത് അമ്മയുടെ കണ്ണില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ ഇറ്റിറ്റ് വീണ കണ്ണീരിന്റെ തിളക്കമാണ്.താനും അമ്മുവും പട്ടിണി കിടക്കുമെന്ന് കരുതിയിട്ടായിരിക്കുമോ അമ്മ അന്ന് കരഞ്ഞത്.........ആയിരിക്കില്ല. കാരണം അതിനേക്കാള്‍ വലിയ മുറിവാണല്ലോ ജാനു മൂപ്പത്തി അമ്മയുടെ മനസ്സിലുണ്ടാക്കിയത്.അമ്മ ചെയ്ത തെറ്റെന്താണ്? വിശന്ന് കരയുന്ന കുട്ടികള്‍ക്കായി ഒരു പിടി അരി ചോദിച്ചതോ?
'' അല്ല കാര്‍ത്തൂ,നെനക്ക് ഞാന്‍ എന്തുറപ്പിലാണ് അരി തരേണ്ടത്?കെട്ടുതാലി പോലുമില്ലാതെ നടക്കണ നീ അത് തിരിച്ച് തരുമെന്ന് ഞാനെങ്ങനെ വിശ്വസിക്കും?അരിക്കൊക്കെ എന്താ വെലയെന്ന് നെനക്ക് വല്ല നെശ്ചയോണ്ടോ?''
ജാനു മൂപ്പത്തി എത്ര ക്രൂരയാണ് അന്ന് അമ്മയുടെ കണ്ണില്‍ നിന്ന് അടര്‍ന്നുവീണ പളുങ്കുമണികളുടെ തിളക്കം മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അയാള്‍ കണ്ടതാണ്.
അമ്മയുടെ കഴുത്തില്‍ കെട്ടുതാലിപോലുമില്ല. അതു തനിക്കും അമ്മുവിനും പുസ്തകം വാങ്ങുവാനായി പണയം വെച്ചിരിക്കുകയാണ്.അന്നും ഇന്നും അയാള്‍ക്ക് അമ്മ സങ്കടപ്പെടുന്നത് സഹിക്കുവാനായിരുന്നില്ല. അതുകൊണ്ടുതന്നെയാണല്ലോ അയാള്‍ ഇപ്പോളൊരു തിരിച്ചു വരവു നടത്തിയിരിക്കുന്നത്.
അയാള്‍ ബെല്ലില്‍ വിരലമര്‍ത്തി.
താന്‍ വരുമെന്നറിയിച്ചിട്ടുള്ളതാണ്.പക്ഷേ വണ്ടി ലേറ്റായ കാര്യം അമ്മയ്ക്കറിയില്ലല്ലോ.ഇതും തന്റെ പതിവു പല്ലവി തന്നെയെന്ന് ആ പാവം കരുതിയിരിക്കും.
എങ്ങനെയായിരിക്കും അമ്മയുടെ ഇപ്പോളത്തെ രൂപം.അയാള്‍ വീണ്ടും പഴയ കാലങ്ങളിലേയ്ക്കാണ്.കറുത്ത് മെലിഞ്ഞ ആ കുട്ടനാട്ടുകാരിയെ കാണാന്‍ നല്ല രസമായിരുന്നു.ബ്ലൗസും,കൈലിമുണ്ടും,മാറുമറയ്ക്കാനായി ഒരു തോര്‍ത്തുമായിരുന്നു അമ്മയുടെ സ്ഥിരം വേഷം.
വാതില്‍ മെല്ലെ തുറന്നു.
അയാളത്ഭുതപ്പെട്ടുപോയി.കാലം അമ്മയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.കറുത്തു മെലിഞ്ഞ കുട്ടനാട്ടുകാരി ഇതാ തടിച്ചു കൊഴുത്തിരിക്കുന്നു.കൈലി മുണ്ടും തോര്‍ത്തുമെല്ലാം മാറിയിരിക്കുന്നു.വിലകുറഞ്ഞതാണങ്കിലും പ്രായത്തിനു ചേര്‍ന്ന സാരി ചുറ്റിയിരിക്കുന്നു.കറുകറുത്ത മുടിയുണ്ടായിരുന്ന തലയില്‍ മുഴുവനും നര കയറിയിരിക്കുന്നു.
''മോനേ,നീ വന്നോ? ഞാനോര്‍ത്തു ഇപ്രാവശ്യവും നീയെന്നെ പറ്റിക്കുമെന്ന്.നിന്നെ പ്രതീക്ഷിച്ച് ഇതുവരെ ഞാന്‍ വാതുക്കലിരിക്കുകയായിരുന്നു.ഇപ്പോ പഴയ പോലൊന്നും ആവതില്ല.ഷുഗറും,പ്രഷറുമെല്ലാമുണ്ടല്ലോ?ഒരെടത്തും സ്ഥിരമായിട്ട് ഇരിക്കാന്‍ പറ്റണില്ല.നീ ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ മോനേ.യാത്രയൊക്കെ സുഖമായിരുന്നോ?വണ്ടി ലേറ്റായോ? വാ.. നീ വാ... എന്നിട്ട് പറ'' അമ്മ അകത്തോട്ട് നടന്നു.
ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്തൊക്കെ കാര്യങ്ങളാണ് അമ്മ പറയുന്നത്.എന്തൊക്കെയാണ് അറിയേണ്ടത്.
താന്‍ ക്ഷീണിച്ചിരിക്കുകയാണു പോലും.ഇന്നലെയും തന്നെ കണ്ടതുപോലെയാണ് അമ്മയുടെ സംസാരം.
''അച്ഛനെവിടെയമ്മേ?'' അയാള്‍ ചോദിച്ചു.
''അച്ഛനിപ്പോള്‍ പഴയ പോലൊന്നുമല്ല. പൊതുപ്രവര്‍ത്തനമാണ്. ഒരു സമയത്തും വീട്ടില്‍ കാണില്ല.ഒരു കണക്കിന് അതു നല്ലതാ.എത്ര നേരമെന്നു കരുതിയാ ഇവിടെ കുത്തിയിരിക്കുന്നത്.പത്താളുകളെയെങ്കിലും കാണാമല്ലോ.എനിക്ക് ആകെയുള്ളത് ദാ.. ഇതു മാത്രേയുള്ളു കൂട്ടിനായി..'' മൂലയില്‍ വെച്ചിരിക്കുന്ന ടെലിവിഷന്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.
അമ്മ തന്റെ ഏകാന്തതയെ കുറിച്ച് കൂടുതല്‍ വിവരിക്കുമെന്നു തോന്നിയത് കൊണ്ട് അയാള്‍ വിഷയം മാറ്റാനായി ചോദിച്ചു.
''പറമ്പൊന്നും ഇപ്പോള്‍ ആരും നോക്കുന്നില്ലന്ന് തോന്നുന്നു.എന്തുമാത്രം തെങ്ങുകളുണ്ടായിരുന്നതാണ്.ഇപ്പോള്‍ ഒന്നും കാണാനേയില്ല.കൂലിപ്പണിക്ക് ആളെ കിട്ടാനില്ലേ അമ്മേ?''
''ഓ.. അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം!പണ്ടൊക്കെ വെള്ളത്തിന് വലിയ പ്രശ്നമില്ലായിരുന്നു.മടയാംതോട്ടില്‍ ബണ്ട് കെട്ടുമായിരുന്നതുകൊണ്ട് വെള്ളത്തിനും,പായലിനും ഒരു കുറവുമില്ലായിരുന്നു.കുളവും വറ്റിപ്പോയിരിക്കുന്നു.പിന്നെ കൂലിപ്പണിക്കും ആരെയും കിട്ടാനില്ല. അച്ഛന് പഴയ പോലെ ആവതൊന്നുമില്ല;തെങ്ങിനു തടമെടുക്കുവാനും വളമിടുവാനുമൊന്നും.''
അയാളോര്‍ക്കുന്നു.
പണ്ട് തന്റെ കുട്ടിക്കാലത്ത് വേനല്‍ക്കാലമായാല്‍ മടയാംതോട്ടില്‍ ബണ്ട് കെട്ടുമായിരുന്നു.വേനല്‍ക്കാലത്ത് തോട്ടിലെ വെള്ളം തടഞ്ഞ് നിര്‍ത്തി കൃഷിക്കുപയോഗിക്കുവാന്‍ വേണ്ടിയാണങ്ങനെ ചെയ്തിരുന്നത്.മഴക്കാലമാകുമ്പോഴാണ് രസം.ബണ്ട് നിറയും.ഒരു കാലവര്‍ഷത്തെ മുഴുവന്‍ വെള്ളത്തെയും തടഞ്ഞുനിര്‍ത്താനുള്ള ശക്തി അതിനുണ്ടാവില്ല.ബണ്ട് പൊട്ടും. പൊട്ടിച്ചു വിടും എന്നു പറയുന്നതാണ് കൂടുതല്‍ ശരി.ബണ്ട് പൊട്ടുമ്പോഴുള്ള ശ്ക്തമായ വെള്ളപ്പാച്ചില്‍ കാണാന്‍ എന്തു രസമായിരുന്നു.ശക്തമായ വെള്ളം അങ്ങ് കായലില്‍ എത്തിച്ചേരുമ്പോള്‍ മടയം തോട്ടിലേയ്ക്ക് മീന്‍ കയറാന്‍ തുടങ്ങും.അപ്പോഴാണ് അച്ഛന്റെ ജോലി തുടങ്ങുന്നത്.ബണ്ട് പൊട്ടിക്കഴിഞ്ഞുണ്ടാവുന്ന നീര്‍ച്ചാലുകളില്‍ നിന്നും ഒറ്റാലു കൊണ്ട് ഒറ്റി മീന്‍ പിടിക്കാന്‍ എളുപ്പമാണ്.രാത്രിയാണ് അച്ഛന്‍ മീന്‍ പിടിക്കാന്‍ പോകുന്നത്.അച്ഛന്റെ കൂടെ അയാളും പോകും.റാന്തല്‍ വിളക്ക് പിടിക്കുകയെന്നതായിരുന്നു അയാളുടെ ജോലി.കൂടാതെ കിട്ടുന്ന മീനുകളെല്ലാം കൂടയില്‍ സൂക്ഷിച്ച് പിടിക്കുകയും വേണം.
ശക്തമായ മഴയത്ത്,റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍,തണുത്ത കാറ്റുള്ള രാത്രികളില്‍ കുത്തിയൊഴുകുന്ന മുട്ടൊപ്പമുള്ള വെള്ളത്തില്‍ നടക്കുമ്പോള്‍ അയാളുടെ ശരീരമെല്ലാം വിറയ്ക്കാറുണ്ട്.
''അച്ഛന് തണുക്കത്തില്ലേ?'' അയാള്‍ ആശ്ചര്യത്തോടെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.അച്ഛന്‍ പറയും;
''മോനേ, അദ്ധ്വാനിക്കുന്ന ശരീരത്തിന് തണുപ്പറിയില്ല.''ശരിയായിരിക്കാം.താനദ്ധ്വാനിക്കാറില്ലല്ലോ.അതുകൊണ്ടായിരിക്കാം തണുപ്പറിയുന്നത്.പകല്‍ സമയത്ത് അച്ഛന്‍ ജോലിക്ക് പോകുമ്പോള്‍ അയാള്‍ അമ്മയുമായി വെള്ളം ഒഴിഞ്ഞുപോയ തോടിന്റെ അടിത്തട്ടില്‍ അവശേഷിക്കുന്ന മുള്ളന്‍പായല്‍ വാരാനായി പോകും.അമ്മ വരാതിരിക്കുന്ന ദിവസങ്ങളില്‍ അയാള്‍ കുഞ്ഞുകുട്ടനെ കൂട്ടുപിടിക്കാറുണ്ട്.അങ്ങനെയുള്ള ഒരു ദിവസമാണ് ചെത്തുകാരന്‍ കുട്ടപ്പന്‍ തങ്ങളെ കണ്ടത്. സ്വതവേ രസികനായ കുട്ടപ്പന്‍ കുഞ്ഞുകുട്ടനോട് ചോദിച്ചു.
''കുഞ്ഞുകുട്ടാ,നിന്റെ പുറകെ വരുന്ന ആ 'കാരിപ്പുളുന്തേതാടാ?''
കുഞ്ഞുകുട്ടന്‍ നല്ല പുള്ളിയാണ്.അവന്‍ പൊടിപ്പും തൊങ്ങലും വെച്ച് എല്ലാം അമ്മയോട് പറഞ്ഞുകൊടുത്തു.
ഒരു ചെത്തുകാരന്‍ തന്റെ മകനെ 'കാരിപ്പുളുന്തേ' എന്നു വിളിച്ചിരിക്കുന്നു.
അമ്മ അയാളുടെ കൈയ്ക്ക് പിടിച്ചുകൊണ്ടു നേരെ കുട്ടപ്പന്റെ വീട്ടിലേയ്ക്ക് നടന്നു.
''ചേച്ചീ,കുട്ടപ്പന്‍ രത്നമ്മാമ്മയുടെ തെങ്ങില്‍ കയറുകയാ''. കുഞ്ഞുകുട്ടന്‍ വിളിച്ചുപറഞ്ഞു.
പിന്നീടവിടെ നടന്നത് അമ്മയുടെ വാചക കസര്‍ത്തായിരുന്നു.
തെങ്ങിന്റെ മുകളിലോട്ടു കയറാനും,താഴോട്ടിറങ്ങാനും വയ്യാതെയുള്ള കുട്ടപ്പന്റെ ദയനീയാവസ്ഥയോര്‍ത്തിട്ട് അയാള്‍ക്ക് ചിരിവന്നു.
''എന്താ നീ ചിരിക്കുന്നേ?'' അമ്മ ചോദിച്ചു.
''ബണ്ടിന്റെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ 'കാരിപ്പുളുന്തിനെ' കുറിച്ച് ഓര്‍ത്തുപോയി.''അയാള്‍ പറഞ്ഞു.
''അന്നു കുട്ടപ്പന്‍ അങ്ങനെ വിളിച്ചില്ലങ്കിലേ അദ്ഭുതമുള്ളു.നിന്റെ കോലമങ്ങനെയായിരുന്നല്ലോ. എല്ലുമുന്തി വയറും ചാടി!''
''പിന്നെയെന്തിനാണ് അമ്മ അയാളോട് വഴക്കിന് പോയത്?''അയാള്‍ ചോദിച്ചു.
'' അതു പിന്നെ.....''അമ്മ മുഴുമിച്ചില്ല.ബാക്കി ഒരു ചിരിയിലൊതുക്കിക്കൊണ്ട് പറഞ്ഞു.
'' അന്നത്തെ ആള്‍ക്കാരൊക്കെ എത്ര ഭേദമയിരുന്നു മോനേ.നിനക്കെല്ലാം ക്രമേണ മനസ്സിലാകും തല്‍ക്കാലം നീ പുറത്തോട്ടൊക്കെ ഒന്നിറങ്ങി നടക്ക്.അപ്പോഴത്തേക്കും ഞാന്‍ വല്ലതും കഴിക്കാന്‍ ശരിയാക്കാം.''
അയാള്‍ വെളിയിലോട്ടിറങ്ങി.
നാടാകെ മാറിയിരിക്കുന്നു.
എങ്ങും മതില്‍കെട്ടുകളും വേലികളും മാത്രം!അവയ്ക്കിടയില്‍ വലിയ വലിയ വീടുകള്‍.പണ്ടത്തെ നടപ്പാതകളൊക്കെ ടാറിട്ട റോഡായിരിക്കുന്നു.
തന്റെ ഓര്‍മ്മയിലെ നാടേയല്ലിത്.ആകെ മാറിയിരിക്കുന്നു.
അയാള്‍ മുന്നോട്ടു നടന്നു.
കൂടുതല്‍ കാഴ്ചകള്‍ കാണുവാനായി....
ഗ്രാമീണരുടെ പുതിയ മുഖം മനസ്സിലാക്കുവാനായി....
താന്‍ തിരിച്ചു വരവിനായി തീരുമാനിച്ച നിമിഷത്തെ ശപിച്ചുകൊണ്ട്
വിങ്ങുന്ന ഹൃദയവുമായി........

NB - കാരിപ്പുളുന്ത് - കാരി മീനിന്റെ കുഞ്ഞ്

8 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

സുഹൃത്തെ, കഥവളെരെ നന്നായിരുന്നു നന്ദി,
വര്‍ഷങ്ങള്‍ക്കുമുന്‍പൊരു കര്‍ക്കിടകത്തില്‍,ഇരുട്ടുമൂടിയ ആകാശത്തുനിന്നും മേഘം ഇടതടവില്ലാതെ പെയ്തിറങ്ങിയദിവസങ്ങളില്‍,തണുത്ത സൂചി കള്‍കൊണ്ടു കുത്തുന്നതുമാതിരിയുള്ള ചാറ്റമഴനഞ്ഞുകൊണ്ട്‌, കാലിന്റെ മുട്ടുകള്‍കൂട്ടിയിടിക്കുന്ന തണുപ്പില്‍,വരമ്പുകളൊന്നും കാണാതെ കായലിനുതുല്യമായ പുഞ്ചയിലെ 'ചീപ്പു'പാലത്തിനുതാഴെ, വെള്ളത്തില്‍, പുതച്ചിട്ട വലയുടെഅരികുകള്‍ നേരേയാക്കിക്കൊണ്ട്‌,പുതച്ചിട്ടവലയില്‍ രണ്ടുകൈകളും കൊണ്ടു 'കോളു'വല്ലതുമുണ്ടോ എന്നു കഴുത്തറ്റം മുങ്ങി വായില്‍കടിച്ചുപിടിച്ചിരിക്കുന്ന കത്തുന്ന ബീഡിക്ക്‌ മഴയില്‍ കെട്ടടങ്ങാതെ ഇടക്കിടെ ആഞ്ഞുവലിച്ച്‌ ജീവന്‍ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ വലയില്‍ കുരുങ്ങിയ 'കാരിപ്പുളുന്തിന്റെ' കുത്തുകൊണ്ട സാദിക്കിന്റെ വല്യാപ്പയോട്‌ മുറിവില്‍ മൂത്രമൊഴിച്ചു, 'അരപ്പ്‌' ശമിപ്പിക്കാന്‍ ഉപദേശിച്ചുകൊണ്ട്‌ പാലത്തിനു മുകളില്‍ ഞങ്ങളോടൊപ്പം കാഴ്ചക്കരനായി ഉണ്ടായിരുന്ന 'ചങ്കരന്‍' മൂപ്പരെയും,ഇരുകൈകളുംകൊണ്ടിരുതോളിനുംകുറുകേപിടിച്ച്‌ ഉടുപ്പില്ലാതെ തണുപ്പില്‍കൂട്ടിയടിക്കുന്ന താടിയുമായി,വര്‍ത്തമാനം ശരിക്കുപറയാനറിയാത്ത കൊച്ചു സാദിക്ക്‌,വല്യാപ്പായ്ക്‌ 'പുളുന്തിന്റെ കുത്തൊന്നും'ഒരു പ്രശ്നമല്ലെന്നും, എന്റെകൊച്ചുന്നാളില്‍ ഏറെപ്രചാരം കിട്ടിയ ഇന്നും സാദിക്കിനെ കാണുമ്പൊള്‍ പഴയ കൂട്ടുകാര്‍ കളിയാക്കുന്ന "വല്യാപ്പവിശി,വല്യൊരുമുശി"(ഈപ്രയോഗമാണിന്നും അവനെ കളിയാക്കാന്‍കൂട്ടുകാര്‍ ഉപയോഗിക്കുന്നത്‌) "അതുകുത്തിയിട്ടുകൂടി വല്യാപ്പ അങ്ങിയില്ലെന്നും,പിന്നാ ഈപുളുന്തന്‍" എന്നുമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു തമാശയോര്‍ക്കുവാനും, ഇനിയൊരിക്കലും എന്റെ ഗ്രാമത്തില്‍ കാണാന്‍ കഴിയാത്ത , വലക്കാരേയും, ഊപ്പ കൂടിടുന്നവരേയും,(ചിലയിടങ്ങലില്‍-ഊത്ത),'പൂണി'യെന്ന മീനിട്ടുവെക്കുന്ന ഈര്‍ക്കിലില്‍ നെയ്ത പാത്രത്തെയും,എന്റെ ബാല്യകാലസുഹൃത്തായ സാദിക്കിനെ യുമെല്ലാമൊരുനിമിഷമോര്‍ക്കാന്‍ താങ്കളുടെ കഥയും കഥാപത്രങ്ങളുമെല്ലാം നിമിത്തമായി. താങ്കളുടെ കഥ എന്നെ കാലങ്ങള്‍ക്‌ക്‍പുറകോട്ടുപോകാന്‍ സഹായിച്ചു.നന്ദി സുഹൃത്തെ, കഥവളെരെ നന്നായിരുന്നു.ഇനിയും ഇത്തരം മണ്ണിന്റെ,കാലാന്തരങ്ങളുടെ കഥകളാകാം!! ഒരിക്കല്‍കൂടി നന്ദി!
സ്നേഹത്തോടെ,
ഷാനവാസ്‌ ഇലിപ്പക്കുളം

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ സതീഷ്‌, താങ്കളെ എന്റെ ബ്ലോഗിലേക്ക്‌കൂടി സഹര്‍ഷം സ്വാഗതം ചെയ്യുന്നു!

Sathees Makkoth | Asha Revamma said...

"വല്യാപ്പവിശി,വല്യൊരുമുശി"(ഈപ്രയോഗമാണിന്നും അവനെ കളിയാക്കാന്‍കൂട്ടുകാര്‍ ഉപയോഗിക്കുന്നത്‌) "അതുകുത്തിയിട്ടുകൂടി വല്യാപ്പ അങ്ങിയില്ലെന്നും,പിന്നാ ഈപുളുന്തന്‍" എന്നുമുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ളൊരു തമാശയോര്‍ക്കുവാനും, ഇനിയൊരിക്കലും എന്റെ ഗ്രാമത്തില്‍ കാണാന്‍ കഴിയാത്ത , വലക്കാരേയും, ഊപ്പ കൂടിടുന്നവരേയും,(ചിലയിടങ്ങലില്‍-ഊത്ത),'പൂണി'യെന്ന മീനിട്ടുവെക്കുന്ന ഈര്‍ക്കിലില്‍ നെയ്ത പാത്രത്തെയും,എന്റെ ബാല്യകാലസുഹൃത്തായ സാദിക്കിനെ യുമെല്ലാമൊരുനിമിഷമോര്‍ക്കാന്‍ താങ്കളുടെ കഥയും കഥാപത്രങ്ങളുമെല്ലാം നിമിത്തമായി. താങ്കളുടെ കഥ എന്നെ കാലങ്ങള്‍ക്‌ക്‍പുറകോട്ടുപോകാന്‍ സഹായിച്ചു


സുഹൃത്തെ,
ബാല്യകാലസുഹൃത്തായ സാദിക്കിനെ യുമെല്ലാമൊരുനിമിഷമോര്‍ക്കാന്‍ എന്റെ കഥയും കഥാപത്രങ്ങളുമെല്ലാം നിമിത്തമായി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
നന്ദി പൂര്‍വ്വം
സതീശ്.

ഷാനവാസ്‌ ഇലിപ്പക്കുളം said...

നന്ദി സതീഷ്‌,നല്ല കഥകള്‍ ധാരാളം സ്റ്റോക്കുണ്ടല്ലോ? നന്നായിരിക്കുന്നു!!
സ്നേഹത്തോടെ,
ഷാനവാസ്‌ ഇലിപ്പക്കുളം

Siji vyloppilly said...

സതീഷെ നന്നായിരിക്കുന്നു.

സുധി അറയ്ക്കൽ said...

വായിച്ചു .ഒരു വല്ലായ്മ തോന്നി.
ഗതകാലസമരണകളിൽ ജീവിക്കുന്ന സതീഷ്‌ തന്നെയാണു കഥാനായകൻ.??????

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP