Followers

എന്റെ പ്രിയ സ്നേഹിതന്...

Sunday, December 28, 2008

എന്റെ പ്രീയ സുഹൃത്തിന്,

നമ്മള്‍ തമ്മില്‍ പിരിഞ്ഞിട്ട് ഒരുപാട് വര്‍ഷങ്ങളായല്ലോ.കുറച്ചധികം ബുദ്ധിമുട്ടി നിന്റെ മേല്‍വിലാസമൊന്നു കണ്ടുപിടിക്കുവാന്‍. വളരെ നാളുകളായി നിന്നെക്കുറിച്ച് യാതൊരറിവുമില്ലായിരുന്നല്ലോ. നീയിന്ന് വളരെ നല്ലൊരു നിലയിലെത്തിയെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.
നമ്മള്‍ തമ്മില്‍ പിരിഞ്ഞ ആ ദിനം ഞാനിപ്പോഴും ഓര്‍ക്കുന്നു.അന്ന് ഞാന്‍ നിന്നോട് ഒരു ഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.നിന്റെ മറുപടി ഞാനിപ്പോഴുമോര്‍ക്കുന്നു. ഇന്നലത്തെപ്പോലെ.

''എന്നെ ഓര്‍ക്കുവാന്‍ നിനക്ക് ഒരു ഫോട്ടോയുടെ ആവശ്യമുണ്ടോ?''നീയത് ചോദിച്ചപ്പോള്‍ സത്യത്തില്‍ ഞാന്‍ ഇളിഭ്യനാവുകയായിരുന്നു. എന്റെ ഹൃദയത്തിലായിരുന്നു ആ വാക്കുകള്‍ കൊണ്ടത്. ആര്‍ക്ക് ഫോട്ടൊകൊടുത്താലും എനിക്ക് നീയത് തരില്ലായെന്ന് പറഞ്ഞപ്പോള്‍ ഞാനതിശയപ്പെട്ടില്ല. നിന്നെ എനിക്കെങ്ങനെ മറക്കുവാന്‍ കഴിയുമെടാ. നിന്നെ എനിക്കിപ്പോഴും കാണുവാന്‍ കഴിയുന്നു. കൂടുതല്‍ വ്യക്തതയോടെ.എന്റെ കണ്മുന്നില്‍ നില്‍ക്കുന്നതുപോലെ. നിന്റെ ആ വാചകങ്ങള്‍ എന്റെ കണ്ണ് തുറപ്പിക്കുകയായിരുന്നു.സ്നേഹത്തിന്റെ നിലനില്‍പ്പിന് ഭൗതികമായ യാതൊന്നിന്റേയും ആവശ്യമില്ലായെന്ന തിരിച്ചറിവ് നീയെനിക്ക് നല്‍കുകയായിരുന്നു.

നമ്മള്‍ തമ്മില്‍ പരിചപ്പെട്ടത് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങി വളരെ ദിവസങ്ങള്‍ കഴിഞ്ഞായിരുന്നുവല്ലോ. ആ ദിവസം നീയോര്‍ക്കുന്നുണ്ടാവുമോയെന്നറിയില്ല. ഞാനതോര്‍ക്കുന്നു. അന്ന് കെന്നഡി ഏതോ കാരണത്താല്‍ എന്നോട് വഴക്ക് കൂടുകയായിരുന്നു. കാരണമെന്തായിരുന്നുവെന്ന് ഞാനിപ്പോള്‍ വ്യക്തമായി ഓര്‍ക്കുന്നില്ല. നീ കൃത്യസമയത്ത് എത്തിയതിനാല്‍ അന്നൊരടിപിടി ഒഴിവാകുകയായിരുന്നു. ഞങ്ങള്‍ തമ്മില്‍ വീണ്ടുമൊര് വഴക്കിനിടനല്‍കാതെ നീ ഞങ്ങള്‍ക്കിടയില്‍ ഇരിക്കാന്‍ തുടങ്ങിയതുമുതലാണ് നമ്മുടെ സൗഹൃദം തുടങ്ങിയത്. ക്രമേണ നമ്മളറിയാതെ അതു വളരുകയായിരുന്നല്ലോ. ഒരു പക്ഷേ കോളേജിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ നമ്മളായിരുന്നുവെന്നെനിക്ക് തോന്നുന്നു. നീയില്ലാതെ എന്നേയും ഞാനില്ലാതെ നിന്നേയും ഒന്ന് കണ്ടുമുട്ടുന്നതിനുവേണ്ടി നമ്മുടെ സുഹൃത്തുക്കള്‍ എത്രയധികം ശ്രമിച്ചിരുന്നു!
ഒരുപക്ഷേ ഏകദേശം ഒരേ ജീവിതസാഹചര്യങ്ങളില്‍ വളര്‍ന്നവരായതുകൊണ്ടാവാം നമ്മള്‍ തമ്മില്‍ ഇത്രയ്ക്ക് അടുത്തുപൊയത്. എങ്കിലും നിന്നെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഞാനെത്ര ഭാഗ്യവാനായിരുന്നു. എനിക്കില്ലാതെ പോയത് പണം മാത്രമായിരുന്നല്ലോ. അതുകൊണ്ടുള്ള കുറവുകള്‍ മാത്രമായിരുന്നല്ലോ. നിന്റെ കാര്യമതായിരുന്നല്ലല്ലോ. സമ്പന്നതയുടെയും സമൃദ്ധിയുടെയും നടുവില്‍ ജനിച്ചു വളര്‍ന്ന നിനക്ക് അതോരോന്നും നഷ്ടമാകുകയായിരുന്നല്ലോ. നന്നേ ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായി നിനക്ക്. വിധി നിനക്കെതിരെ തിരിയുകയായിരുന്നു.അച്ഛനുണ്ടാക്കിയ കടങ്ങള്‍ വീട്ടുമ്പോഴേയ്ക്കും ചേട്ടനും രണ്ട് ചേച്ചിമാരും അമ്മയുമടങ്ങുന്ന നിന്റെ കുടുംബം ജീവിതചെലവിനായി ബന്ധുക്കളെ ആശ്രയിക്കേണ്ട ഗതി വന്നിരുന്നു. പക്ഷേ ചേട്ടനു പ്രായപൂര്‍ത്തിയായതോടെ നിന്റെ കുടുംബത്തില്‍ വീണ്ടും പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ തെളിഞ്ഞു.ചേട്ടനും അച്ഛനെപ്പോലൊരു പട്ടാളക്കാരനാകുന്നതില്‍ നിന്റമ്മയ്ക്ക് താല്‍പ്പര്യമില്ലായിരുന്നല്ലോ. എന്നിട്ടും ഒരു കുടുംബത്തെ ഓര്‍ത്ത് മാത്രം ചേട്ടന്‍ പട്ടാളത്തില്‍ ചേരേണ്ടതായി വന്നു.
നിങ്ങളുടെ ജീവിതത്തില്‍ വീണ്ടും ആശയുടെ തിരിനാളങ്ങളുണ്ടാവുകയായിരുന്നു. നിന്റെ മൂത്ത ചേച്ചിയെ നല്ലൊരു കുടുംബത്തിലേയ്ക്ക് അയച്ചപ്പോള്‍ നിന്റമ്മയ്ക്കുണ്ടായ സന്തോഷത്തെ ക്കുറിച്ച് നീയെന്നോട് പറഞ്ഞിട്ടുള്ളതാണല്ലോ. അച്ഛനില്ലാത്ത കുട്ടിയെ കഴിവുള്ളൊരുത്തന്റെ കൈയില്‍ നിന്റെ ചേട്ടന്‍ പിടിച്ച് കൊടുക്കുമ്പോള്‍ നീ നിന്റെ സ്വന്തം അച്ഛനെയായിരുന്നല്ലോ ചേട്ടനില്‍ കണ്ടത്.അച്ഛനും, ചേട്ടനും, സുഹ്രുത്തും,ഗുരുവുമായ ആ ചേട്ടനെക്കുറിച്ച് പറയുമ്പോള്‍ നിനക്ക് നിന്റെ നാവിനെ നിയന്ത്രിക്കുവാന്‍ സാധിക്കുമായിരുന്നില്ല.ഇളം പ്രായത്തില്‍ തന്നെ അമ്മയും,രണ്ട്പെണ്മക്കളും പിന്നെ നീയുമടങ്ങുന്ന കുടുംബത്തിന്റെ പ്രാരാബ്ധത മുഴുവന്‍ സ്വന്തം ചുമലിലേറ്റി പഞ്ചാബിലും,കാശ്മീരിലും, ആസാമിലുമെല്ലാം വിയര്‍പ്പൊഴുക്കിയ ആ ചേട്ടനെ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കില്‍ കൂടിയും ഞാനു സ്നേഹിച്ചിരുന്നു. നിന്റെ വാക്കുകള്‍ നല്‍കിയ ചേട്ടന്റെ ചിത്രം എന്റെ മനസ്സിലും പതിഞ്ഞിരുന്നു.

അവസാനവര്‍ഷ പരീക്ഷ അടുത്ത് വരുന്ന ആ നാളുകളിലായിരുന്നുവല്ലോ നിന്നെ വീണ്ടും ദുരന്തം കടന്നുപിടിച്ചത്. നിനക്കേറ്റവും പ്രീയപ്പെട്ട നിന്റെ ചേട്ടന്റെ വിയോഗം.ചേട്ടനോടിച്ചിരുന്ന പട്ടാളവണ്ടി ട്രയിനുമായി കൂട്ടിയിടിച്ചു എന്ന വാര്‍ത്തയറിഞ്ഞ് തളര്‍ന്നിരുന്ന നിന്റെ മുഖം ഞാനിന്നുമോര്‍ക്കുന്നു. ചേട്ടന്റെ മുഖം അവസാനമായി ഒരുനോക്ക് കാണാനുള്ള ഭാഗ്യമില്ലാതെയുള്ള നിന്റെയാ ഇരിപ്പ് എനിക്കൊരിക്കലും മറക്കാനാവില്ല.നിനക്കുണ്ടായ ദുരന്തം നിന്റേത് മാത്രമല്ലായിരുന്നു. ഞങ്ങളെല്ലാവരുടേതുമായിരുന്നു. കോളേജിലെ മുന്തിയ വിദ്യാര്‍ത്ഥികളിലൊരാളായ നീ പരീക്ഷ എഴുതുന്നില്ല എന്നുള്ള തീരുമാനം എന്നെ വളരെയധികം ദുഃഖിപ്പിച്ചു.
വിനയനും സുഹൈബുമെല്ലാം നിന്നെ എത്രമാത്രം സഹായിച്ചു എന്നെനിക്കറിയാം. സത്യത്തില്‍ ആപത്തില്‍ നിന്നെ സഹായിക്കാന്‍ അവരൊക്കെയേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ ദൈന്യത ഏറിയ മുഖങ്ങളില്‍ നിന്നും നിന്നെ രക്ഷപ്പെടുത്തുവാനും കവിതാ ലോഡ്ജില്‍ കൊണ്ടുവന്ന് പഠനത്തിന് സൗകര്യമുണ്ടാക്കി തരുവാനും നല്ലവരായ സുഹൃത്തുക്കള്‍ ഉണ്ടായല്ലോ. ഏറ്റവും അടുത്ത സുഹൃത്തെന്ന് കരുതിയിരുന്ന ഞാന്‍ നിന്നെ സഹായിക്കുവാനോ ഒന്ന് സമാശ്വസിപ്പിക്കുവാനോ പിന്നിടുണ്ടായില്ല. ഉണ്ടായില്ല എന്നതിനേക്കാളുപരി എനിക്കായില്ല എന്നു പറയാനാണെനിക്കിഷ്ടം.

നിന്റെ സൗഹൃദവും, സ്നേഹവും എന്നും ആഗ്രഹിച്ചവനും അതൊട്ടും തിരിച്ച് നല്‍കുവാന്‍ കഴിയാതിരുന്നവനുമായ എന്നെ നീ സ്വാര്‍ത്ഥന്‍ എന്ന് ഒരു പക്ഷേ വിളിച്ചേക്കാം. ഒരു കണക്കിന് പറഞ്ഞാല്‍ ഞാന്‍ സ്വാര്‍ത്ഥനാണ്. ഞാനെന്റെ വീടിനെക്കുറിച്ചോര്‍ത്തുപോയി. കാറ്റടിച്ചാല്‍ നിലത്ത് വീഴാന്‍ തയ്യാറായി നില്‍ക്കുന്ന വീടിനെക്കുറിച്ചോര്‍ത്തുപോയി.എന്റെ അച്ഛനേയും, അമ്മയേയും കുറിച്ചോര്‍ത്തുപോയി.മക്കളെ പഠിപ്പിച്ച് നല്ലരീതിയിലാക്കാന്‍ വേണ്ടി രാപകലില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്ന എന്റെ അച്ഛനേയും അമ്മയേയും കുറിച്ചോര്‍ത്തുപോയി. ആ ഓര്‍മ്മകളില്‍ ഞാനെല്ലാം മറന്നു. നിന്നെ മറന്നു. നമ്മുടെ സുഹൃത്തുക്കളെ മറന്നു. എല്ലാവരേയും മറന്നു.
മഴയത്ത് തേരട്ട ഇറ്റ് വീഴുന്ന ഓലപ്പുരയില്‍ മണ്ണെണ്ണ വിളക്കിന്റെ പുകയേറ്റ് പുസ്തകവും തുറന്ന് ഞാനിരുന്നു.എങ്ങനേയും പഠിച്ച് ഒരുനിലയിലെത്തണമെന്ന ആഗ്രഹവുമായി. അവിടെ മറ്റെല്ലാം ഞാന്‍ മറന്നു. ഞാന്‍ സ്വാര്‍ത്ഥനായി. ഉന്നതമായ നിലയില്‍ ഞാന്‍ പരീക്ഷപാസായി. നീയും എരിയുന്ന കനലും ഉള്ളിലടക്കി നല്ലരീതിയിൽ പാസായി.

പിന്നീടെനിക്ക് നിന്നെക്കുറിച്ചൊരറിവുമില്ലായിരുന്നു. നീയെന്നെ വെറുക്കുന്നു എന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. പക്ഷേ എന്റെ സകല വികല ചിന്തകളേയും തകിടം മറിച്ച്കൊണ്ട് ഒരുനാള്‍ നിന്റെ കത്തെനിക്കുകിട്ടി. നിന്റെ രണ്ടാമത്തെ ചേച്ചിയുടെകല്യാണ ക്ഷണക്കത്ത്. ഞാന്‍ വളരെയേറെ സന്തോഷിച്ചു. കല്യാണത്തിന് രണ്ട് ദിവസം മുന്നേ തന്നെ എത്തുമെന്ന് കാണിച്ച് ഞാന്‍ നിനക്ക് മറുപടി എഴുതി.

ഞാന്‍ നിന്നെ വീണ്ടും നിരാശപ്പെടുത്തി. ഇത്തവണ എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. അതില്‍പിന്നെ നമ്മളിന്ന് വരെ കത്തുകളിലൂടെയോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ല. ആപത്തില്‍ നിന്നെ സഹായിക്കാന്‍ കഴിയാതിരുന്ന എന്നെ ഒരു വാക്ക്കൊണ്ട് പോലും വേദനിപ്പിക്കാതിരുന്ന നിന്നെ ഞാന്‍ വീണ്ടും നിരാശപ്പെടുത്തി. തീര്‍ച്ചയായും എന്റെ അസാന്നിദ്ധ്യം നിന്നെ വേദനപ്പെടുത്തിക്കാണുമെന്നെനിക്കറിയാം.
എങ്കിലും സുഹൃത്തേ, ഞാനൊന്നു പറഞ്ഞോട്ടെ. നീ വിശ്വസിക്കുമോ എന്നെനിക്കറിയില്ല. നീയല്ല ലോകത്താരും വിശ്വസിക്കാന്‍ സാദ്ധ്യതയില്ല. അത്തരം ബാലിശമായ കാരണമാണല്ലോ എനിക്ക് നിന്നോട് പറയാനുള്ളത്. അതും കല്യാണത്തിന് വരാതിരുന്നതിന്റെ കാരണമായി. എന്നെക്കുറിച്ച് വ്യക്തമായി അറിയാവുന്നതുകൊണ്ടായിരിക്കുമല്ലോ അന്ന് നീ ക്ഷണക്കത്തില്‍ 'your presence is the present' എന്നെഴുതിയത്. ശരിയാണ് ചേച്ചിയ്ക് വേണ്ടി ഒരു സമ്മാനം വാങ്ങിവരാനുള്ള കഴിവെനിക്കില്ലായിരുന്നു എന്ന് നിനക്ക് മനസ്സിലാക്കാന്‍ സാധിച്ചു. പക്ഷേ എന്റെ അവസ്ഥ അതിനേക്കാളും എത്രയോ പരിതാപകരമായിരുന്നു. സമ്മാനം പോയിട്ട് ബസ്കൂലി ഉണ്ടാക്കാനുള്ള അവസ്ഥപോലും എനിക്കന്നുണ്ടായിരുന്നില്ല.
നിന്റെ ചേച്ചിയുടെ വിവാഹം എന്റേയും ചേച്ചിയുടെ വിവാഹമല്ലേ? അവിടെ എനിക്കെത്തിച്ചേരുവാന്‍ ആഗ്രഹമില്ലാതിരിക്കുമൊ?
നിന്റെ ചുണ്ടിലെ പരിഹാസം എനിക്ക് കാണുവാന്‍ കഴിയുന്നുണ്ട്. ഇതും ഒരൊഴിവ്കഴിവായി നീ കാണുന്നുണ്ടാവാം. അല്ല സുഹൃത്തേ.. സത്യമായിട്ടും അല്ല..എനിക്ക് നിന്നോട് കളവ് പറയാനാവില്ല. ഞാന്‍ പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്.
ഒരുനേരത്തെ ആഹാരത്തിനായ് പരക്കം പായുന്ന മാതാപിതാക്കളോട് കല്യാണത്തിന് വരാനായി കുറച്ച് പൈസ ചോദിക്കുവാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിച്ചില്ല. ഒരുപക്ഷേ ചോദിച്ചിരുന്നെങ്കില്‍ അവരെങ്ങനെയെങ്കിലും സംഘടിപ്പിച്ച് തരുമായിരുന്നിരിക്കാം. പക്ഷേ എനിക്കതായില്ല. എല്ലാമറിഞ്ഞുകൊണ്ട് ഞാനത് വേണ്ടന്ന് വെച്ചു.

സുഹൃത്തേ, ഞാനധികം ദീര്‍ഘിപ്പിക്കുന്നില്ല. നിന്റെ സഹതാപം പിടിച്ച് പറ്റുവാന്‍ വേണ്ടിയല്ല ഞാനിതെഴുതുന്നത്. ഇവിടേയും ഞാനല്‍പം സ്വാര്‍ത്ഥത കാണിക്കുകയാണ്. ഇത്..എന്റെ..എന്റെ മാത്രം സന്തോഷത്തിനുവേണ്ടിയാണ്. എന്റെ ഒരാശ്വസത്തിനുവേണ്ടിയാണ്.

നിന്നോട് ഒരിക്കലും ഒരു നല്ല വാക്ക് പറയുവാനോ, സഹായിക്കുവാനോ, ആശ്വസിപ്പിക്കുവാനോ എനിക്ക് കഴിഞ്ഞിട്ടില്ല. എങ്കിലും സുഹൃത്തേ നീയൊന്നറിയുക. ഇന്നെനിക്ക് നിന്റെ മുഖം കാണുവാന്‍ ഫോട്ടോയുടെ ആവശ്യമില്ല. അതെന്റെ ഉള്ളില്‍ തന്നെയുണ്ട്. എന്റെ മുന്നില്‍തന്നെയുണ്ട്. ഒരിക്കലും മങ്ങാത്ത മായാത്ത ഒരു ചിത്രം പോലെ...എപ്പോഴും...
നിന്നെക്കുറിച്ചോര്‍ക്കാത്ത...ഒരുനിമിഷമെങ്കിലും നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു ദിനംപോലും നമ്മള്‍ തമ്മില്‍ പിരിഞ്ഞതില്‍ പിന്നെ എനിക്കിന്നേവരെ ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുകയുമില്ല... അതെങ്കിലും എനിക്ക് നിനക്കുവേണ്ടി ചെയ്യാന്‍ പറ്റുന്നല്ലോ എന്ന ആശ്വാസം മാത്രം ബാക്കി... എപ്പോഴെങ്കിലും ഒന്ന് നേരിൽ കാണാൻ കഴിയുമെന്ന ആശയോടെ...

നിര്‍ത്തട്ടെ,
സസ്നേഹം
അപ്പുക്കുട്ടന്‍.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP