Followers

ഊഴവും കാത്തുനിൽക്കുന്നവർ

Friday, January 2, 2015


അമ്മയുടെ പാലിന്റെ മധുരം, ചൂട്...ആസ്വദിച്ച് മതിയാകുന്നതിന്‌ മുന്നേ എന്നെയവർ പിടിച്ച് മാറ്റുമായിരുന്നു. നഷ്ടമാകുന്ന ആ രുചി എന്റെ നാവിനെ വല്ലാതെ വഴറ്റി. ഊഷ്മളമായ ആ ഗന്ധം എന്റെ മൂക്കുകളെ വികസിപ്പിച്ചു. എനിക്കത് എന്നും നഷ്ടം തന്നെയായിരുന്നു.
എന്റെ നഷ്ടം എന്നിൽ ദു:ഖമുണ്ടാക്കിയെങ്കിലും അതു കുറച്ചുനാളത്തേയ്ക്കേ ഉണ്ടായിരുന്നുള്ളു. പിന്നെ ഞാൻ സന്തോഷിച്ചു. നിറഞ്ഞ ഗ്ലാസിൽ രാധുമോൾ പാൽ നുകരുമ്പോൾ ഞാൻ നോക്കി നിന്നു. കൊതികിട്ടുമെന്ന്‌ പറഞ്ഞ്‌ രാധുമോളുടെ അമ്മ ഗ്ലാസിൽ വിരലിട്ട്‌ ഒരു തുള്ളി പാൽ തട്ടിത്തെറിപ്പിക്കുമ്പോൾ എനിക്കവരോട്‌ സഹതാപമാണ്‌ തോന്നിയത്‌. പക്ഷേ ഞാനതവരോട്‌ എങ്ങനെ പറയും. എനിക്കറിയാവുന്നത്‌ സ്നേഹത്തിന്റെ നിശബ്ദതയാണ്‌. എന്റെ ശബ്ദം, ഒരു പക്ഷേ എന്റെ അമ്മയുടേതും; മറ്റുള്ളവർക്ക്‌ അസഹ്യതയുണ്ടാക്കുന്നതാണന്ന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. കരച്ചിലടക്കാൻ ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. എങ്കിലും...
എങ്കിലും, ചില നിമിഷങ്ങളിൽ അറിയാതെ എന്റെ ഹൃദയത്തിന്റെ നൊമ്പരം പുറത്തുവന്നിരുന്നു. ഞാനുമൊരു ജീവിയല്ലേ?
കാലങ്ങൾ കടന്നുപൊയ്ക്കൊണ്ടിരുന്നു. അത് എന്നിലും മാറ്റം വരുത്തി. ഞാൻ വളർന്നു.
രാധുമോളുടെ അമ്മ പറയുന്നതുകേട്ടു. “തീറ്റ കൊടുത്താലെന്താ, ഒത്തൊരു കാളക്കൂറ്റനായില്ലേ?”
എനിക്കാദ്യമായി അഭിമാനം തോന്നി. ഞാൻ അമ്മയെ നോക്കി. അമ്മ  എന്റെ കഴുത്തിൽ നക്കി.
പരുപരുത്ത നാവിന്റെ ചൂടിൽ എത്രനേരം ഞാൻ ലയിച്ചുനിന്നു എന്ന് എനിക്ക് തന്നെ അറിയില്ല.

പിറ്റേദിവസം കുറച്ചാളുകൾ എന്നെ കെട്ടിയിട്ടിരുന്നതിന്റെ അടുത്തു വന്നു. അവരെന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മ കരച്ചിൽ തുടങ്ങി. രാധുമോളുടെ അമ്മ എന്റെ അമ്മയെ തൊഴുത്തിൽ നിന്നും അഴിച്ച് പുറത്തേയ്ക്ക് കൊണ്ടുപോയി. പിന്നെ ഞാനവരെ കണ്ടിട്ടില്ല. പക്ഷേ ആ രോദനം ഞാൻ കേൾക്കുന്നുണ്ടായിരുന്നു.സങ്കടം തോന്നിയില്ല.എന്റെ ജീവിതം ഇങ്ങനെയൊക്കെയാണന്ന് ഞാനിതിനോടകം പഠിച്ചിരിക്കുന്നു.
പുതിയ കയർ എന്റെ കഴുത്തിൽ വീണു. ആരൊക്കെയൊ ബലമായി എന്റെ പുറകിൽ തള്ളുന്നുണ്ടായിരുന്നു. ഓടുന്ന വണ്ടിയിൽ വീഴാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. കഴുത്തിലേയും, ശരീരത്തിലേയും കയറുകൾ വല്ലാതെ വലിഞ്ഞുമുറുകി എവിടെയൊക്കെയോ നീറ്റലുണ്ടാക്കിക്കൊണ്ടിരുന്നു. ഞാൻ എന്നെത്തന്നെ മറന്നു. ജനിച്ചപ്പോൾ മുതൽ സ്വത്വത്തെ മറക്കേണ്ടിവന്നവന്‌ ഇനിയെന്ത്?
രക്തമണമുള്ള കുടുസായ ഒരു മുറിയിൽ എന്നെപ്പോലെ കുറേപ്പേരെ ഞാൻ കണ്ടു. അവരുടെ കണ്ണുകളിലെ ദൈന്യത ഞാൻ കണ്ടു. ഊഴവും കാത്തുനിൽക്കുന്നവർ...
രുചിയേറുന്ന എന്റെ മാംസം നിന്റെ തീൻ മേശയിലെത്തുമ്പോൾ മനുഷ്യാ, നീ ചിരിക്കും...നിന്റെ നാവിലൂടെ വെള്ളമൂറും...നീ ആഘോഷിക്കും...
പക്ഷേ, അതിൽ എന്റെ വേദനയുണ്ട്...കണ്ണീരുണ്ട്...
എങ്കിലും എനിക്ക്‌ ദു:ഖമില്ല. എന്റെ ശരീരം നിന്റേതുപോലെ കത്തിയെരിഞ്ഞ്‌ അന്തരീക്ഷത്തെ മലിനമാക്കുന്നില്ലല്ലോ...എന്റെ ശരീരം നിന്റേതുപോലെ ചീഞ്ഞഴുക്കി ഭൂമിയെ അശുദ്ധമാക്കുന്നില്ലല്ലോ. നാവിൽ നിന്നും വിട്ടുമാറാത്ത അതിന്റെ രുചിയെക്കുറിച്ച് നീയെന്നും പറഞ്ഞുകൊണ്ടിരിക്കും. എനിക്കതുമതി. ജീവിതം ധന്യം!

16 comments:

Sathees Makkoth said...

ഇട്ടിമാളു അഗ്നിമിത്ര:

ഇവിടെ ഈജിപ്റ്റിൽ മൃഗങ്ങളെ കൂട്ടത്തോടെ കൊലചെയ്യുന്നതിനെതിരെ എഴുതിയ ഒരു ഈജിപ്ഷ്യൻ എഴുത്തുകാരിയ്ക്കെതിരെ കേസെടുത്തു എന്ന വാർത്ത കേട്ടപ്പോൾ തോന്നിയതാണ്‌ ഇങ്ങനെയൊക്കെ. ഞാനും ഇതൊക്കെ തിന്നുന്ന കൂട്ടത്തിലാണ്‌.
പക്ഷേ ആ വാർത്ത എനിക്ക് വല്ലാതെ തോന്നി.അതുകൊണ്ട് പറ്റിപ്പോയതാണ്‌

mudiyanaya puthran said...

വായിച്ചു -ആശംസകൾ

ajith said...

ഭാര്യവീട്ടിലേക്കുള്ള യാത്രയില്‍ തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ കുത്തിനിറച്ച് കൊണ്ടുവരുന്ന കന്നുകാലികളെ, അവയുടെ ദൈന്യരൂപത്തെ കണ്ടാണ് ഞാന്‍ മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് നിര്‍ത്തിയത്. മാംസം കഴിക്കാതിരിക്കുന്നതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവും വന്നിട്ടില്ല.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ലോകം കൂടൂതൽ കൂടൂതൽ കാണുമ്പോഴാാണ് വേദനിപ്പിക്കുന്ന പല പല യാഥാർഥ്യങ്ങളും മനസിലാകുന്നത്
പക്ഷെ  അവയൊന്നും നമ്മുടെ നിയന്ത്രണാധീനമല്ല എന്നു കൂടിഅറിയുമ്പോൽ ഒരു തരം നീറ്റലും പിന്നീട് മരവിപ്പും :(

പട്ടേപ്പാടം റാംജി said...

ചിലതൊക്കെ എപ്പോഴും വേദനിപ്പിച്ചുകൊണ്ടിരിക്കുന്നവ മാത്രം, ഉത്തരങ്ങളും പരിഹാരങ്ങളും ഇല്ലാതെ....

Bipin said...

ദുഃഖ മില്ല എന്ന് പറഞ്ഞിട്ട് മനുഷ്യരോട് ആ ദ്വേഷ്യം പ്രകടിപ്പിച്ചത് അവസാനത്തിന് അത്ര യോജിച്ചില്ല.

കഥ നന്നായി.

Bipin said...

ദുഃഖ മില്ല എന്ന് പറഞ്ഞിട്ട് മനുഷ്യരോട് ആ ദ്വേഷ്യം പ്രകടിപ്പിച്ചത് അവസാനത്തിന് അത്ര യോജിച്ചില്ല.

കഥ നന്നായി.

സുധി അറയ്ക്കൽ said...

വളരെ വർഷങ്ങളായി എഴുതി വളർന്ന ഭീമാകാരനായ കഥാകാരനേക്കാളും എനിക്കിഷ്ടം അപ്പുക്കുട്ടന്റെ കുഞ്ഞുലോകം വരച്ചുകാണിക്കുന്ന കഥാകാരനേയാണു.

Sathees Makkoth said...

ഇട്ടിമാളു,shareef kv നന്ദി.
ajith:അജിത്തേട്ടാ, അതൊരു നല്ലകാര്യമായല്ലോ. ഞാനും ചിലപ്പോഴൊക്കെ സസ്യാഹാരി ആകണമെന്ന്‌ വിചാരിക്കും. പക്ഷേ വിചാരം മാത്രേ നടന്നിട്ടുള്ളു.
അങ്ങനെയാകണമെങ്കിൽ നല്ലൊരു മനസ്സു വേണം. താങ്കൾക്കതുണ്ട്‌. നന്ദി.

ഇൻഡ്യാഹെറിറ്റേജ്‌:Indiaheritage
ശരിയാണ്‌. നാമറിയാത്തതും മനസിലാക്കാത്തതുമായ കാര്യങ്ങളാണ്‌ ഈ ലോകത്ത്‌ കൂടുതലും!
നന്ദി
പട്ടേപ്പാടം റാംജി :അതേ ചിലതൊക്കെ എപ്പോഴും നമ്മെ വേദനിപ്പിക്കും. നന്ദി.

Bipin:വളരെ നന്ദി. തുറന്ന അഭിപ്രായത്തിന്‌. വീണ്ടും വരുമല്ലോ. നന്ദി

Sudheesh Arackal : അഭിപ്രായം വരവ് വെച്ചിരിക്കുന്നു. താങ്കൾക്കായ് ഒരു കഥ എഴുതി സമർപ്പിച്ചിട്ടുണ്ട്. വായിക്കുമല്ലോ.
(ഭീകരനെന്ന് വിളിച്ചതിന്‌ വെച്ചിട്ടുണ്ട്:) വല്ലപ്പോഴും നേരിൽ കണ്ടാൽ ഞാനെത്ര ഭീമനാണന്ന് മനസ്സിലാകും)

Jenish said...

കൊള്ളാം മനസ്സിൽ തട്ടുന്ന എഴുത്ത്...

Cv Thankappan said...

കഥ വായിച്ചിരുന്നു.
അഭിപ്രായം കുറിച്ചിട്ടിരുന്നു എന്നാണ് ധരിച്ചത്.......
കൊല്ലരുതാരും ജീവികളെ......
പക്ഷേ,അതാരും................
ആശംസകള്‍

Manu Manavan Mayyanad said...

എല്ലാം ഇതുപോൽ

Geetha said...


കഥ മനസ്സിൽ ഒരു നീറ്റൽ. ഇതും വളരെ നന്നായി കുറച്ചു വാക്കുകളിൽ എഴുതിയിരിക്കുന്നു. ആശംസകൾ

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP