Followers

വെള്ളമുണ്ട്

Monday, December 6, 2010

നേരം ഒത്തിരിയായി.ഇരുട്ട് വീണുതുടങ്ങി.നേരത്തേ വീട്ടിൽ പറഞ്ഞിട്ട് പോന്നതിനാൽ വഴക്കോ കിഴുക്കോ കിട്ടാനുള്ള വകയില്ല. യുവജനോത്സവമാണ് പരിപാടിയൊക്കെ കണ്ടിട്ടേ വരുകയുള്ളൂ എന്ന് പറഞ്ഞിട്ടാണ് പോന്നത്. എങ്കിലും ഇരുട്ട് വീണതോട് കൂടി അപ്പുക്കുട്ടന് പേടിതുടങ്ങി. എങ്ങിനെയെങ്കിലും വീടെത്തിയാൽ മതിയായിരുന്നു.എളുപ്പമെത്താനായി ഇടവഴിയിലൂടെയായ് നടത്തം. നടത്തം എപ്പോഴോ ഓട്ടമായ് മാറിയത് അപ്പുക്കുട്ടൻ പോലും അറിഞ്ഞില്ല.ഇരുട്ട് നിറഞ്ഞ ഇടവഴിയിലൂടെ അമ്പലത്തിന് മുന്നിലുള്ള തോട്ടിറമ്പിലെത്തിയപ്പോഴാണ് ആരോ എതിരേ വന്നത്. രണ്ടുപേർക്ക് പോകാൻ തക്കവണ്ണം വീതിയില്ലാത്ത വഴി! അപ്പുക്കുട്ടന്റെ ഓട്ടം തൽക്കാലത്തേയ്ക്ക് നിന്നു. കിതപ്പലിന്റെ ശബ്ദം അപ്പുക്കുട്ടന് ഇപ്പോൾ വ്യക്തമായ് കേൾക്കാം. അപ്പുക്കുട്ടൻ വേലിപ്പത്തലിൽ പിടിച്ചുകൊണ്ട് എതിരേ വന്ന ആൾക്ക് വഴിമാറിക്കൊടുത്തു. മങ്ങിയ വെളിച്ചത്തിൽ ആ മുഖം കണ്ടു. രാധച്ചേച്ചി. അപ്പുക്കുട്ടൻ മിണ്ടിയില്ല. എത്രയും വേഗം വീടു പിടിക്കണം. വീണ്ടും ഓട്ടം ആരംഭിക്കാൻ തുടങ്ങിയതും പുറകിൽ നിന്നും വിളി വന്നു.
“ആരാ അത്? അപ്പുക്കുട്ടനാണോ?”
“ആ”
“നിന്നെക്കണ്ടിട്ട് മനസ്സിലായില്ലടാ. വലിയ ചെറുക്കനായല്ലോ നീ. മുണ്ടൊക്കെയുടുത്തു...”
“അയ്യോ.” അപ്പുക്കുട്ടൻ അറിയാതെ പറഞ്ഞുപോയി. നാടകമൊക്കെ കഴിഞ്ഞ് മുഖത്തെ ചായമൊക്കെ തേച്ചു കളഞ്ഞെങ്കിലും മുണ്ടുരിഞ്ഞ് മാറ്റുന്ന കാര്യം മറന്ന് പോയിരുന്നു. രാധച്ചേച്ചി കണ്ടതും ചോദിച്ചതും ഒരു കണക്കിന് നന്നായി. അപ്പുക്കുട്ടൻ വേഗം തന്നെ മുണ്ടുരിഞ്ഞ് മടക്കി നിക്കറിന്റെ പോക്കറ്റിനുള്ളിലേയ്ക്ക് തിരുകി കയറ്റി.
യുവജനോത്സവത്തിന് തീയതി നിശ്ചയിച്ചപ്പോൾ മുതൽ സന്തോഷിന് ഒരേയൊരു നിർബന്ധം. ഒരു നാടകം നടത്തണം. ചുമ്മാതൊരു നാടകമായാൽ പോര. സിമ്പോളിക് നാടകം! അതാണത്രേ സ്റ്റൈൽ! കാണുന്നവർക്കും, അഭിനയിക്കുന്നവർക്കും, ചൂടൻ സാറിന്റെ നേതൃത്വത്തിലുള്ള ജഡ്ജസിനും ഒന്നും മനസ്സിലാകരുത്. ആകെ മൊത്തം ബഹളമായിരിക്കണം. മുഖത്തൊക്കെ ചായമൊക്കെ തേച്ച്, തലയിലൊരു റിബ്ബണൊക്കെ കെട്ടി ഹാ...ഹൂ എന്നൊക്കെ പറഞ്ഞ് വട്ടത്തിൽ കറങ്ങി നൃത്തം ചെയ്യണം. എല്ലാവരും മുണ്ടുടുത്തിട്ടുണ്ടാവണം. അപ്പുക്കുട്ടന്റെ പതിവ് ബെൽറ്റ് നിക്കറിന് നാടകത്തിൽ സ്ഥാനമില്ല! അത് സിമ്പോളിക് നാടകത്തിന് ചേരില്ല പോലും. ചാട്ടവാറും, തിളങ്ങുന്ന വാളും കൂടെ ചെണ്ടയുടെ നാദവും ചേർന്നാൽ... മതി... ഒന്നാം സ്ഥാനം നമ്മുക്ക് തന്നെ. സന്തോഷിന് പൂർണ്ണ വിശ്വാസമായിരുന്നു. പക്ഷേ പ്രശ്നമതല്ലായിരുന്നു. നാടകം എവിടുന്ന് സംഘടിപ്പിക്കും? ആരു സംഘടിപ്പിക്കും?അവസാനം അതിന്റെ ചുമതല അപ്പുക്കുട്ടന് തന്നെ വന്നു.
കച്ചവടത്തിന്റെ രസതന്ത്രം പഠിച്ചവനാണ് രാ‍ഘവനെന്നാണ് നാട്ടിൽ ഒട്ടുമിക്ക ആളുകളും പറയുന്നത്. അതെന്ത് തന്ത്രമെന്ന് അപ്പുക്കുട്ടന് മനസ്സിലായിട്ടില്ല. എങ്കിലും ഒരു കാര്യം മനസ്സിലായി കച്ചവടം കൂട്ടാനുള്ള തന്ത്രമാണതെന്ന്. രാഘവാ ടെക്സ്റ്റൈത്സിന്റെ മുന്നിലുള്ള ഇറയത്ത് മൂന്ന് നാല് ബഞ്ചുകൾ ഇട്ടിട്ടുണ്ട്. ബഞ്ചുകൾക്ക് ഒത്ത നടുവിലായി ഒരു തടിപ്പെട്ടിയുമുണ്ട്. തടിപ്പെട്ടിയ്ക്കുള്ളിൽ കുറേ അധികം പത്രങ്ങളും, വാരികകളുമുണ്ട്. ചിലതിന്റെയൊക്കെ പേരുകൾ പോലും അപ്പുക്കുട്ടനറിയില്ല. തുണിക്കടയുടെ മുന്നിൽ എപ്പോഴും തിരക്കാണ്. “ഇക്കാലത്ത് ഇത്രയധികം വാരികകളും പത്രങ്ങളും നടത്തണമെന്നാൽ പൈസ കണ്ടമാനം വേണ്ടേ?” വിലാസിനി ചിറ്റ ചോദിച്ചതിന് മീനാക്ഷി അമ്മായി പറഞ്ഞ മറുപടി ഇങ്ങനെയാണ്. “അതു പിന്നെ ഔദാര്യം ചെയ്യണതാണന്നാ നെന്റെ വിചാരം. അതിന്റെയൊക്കെ പൈസ കൂടി അങ്ങേര് തുണിമേല് വാങ്ങണുണ്ട്.”
എന്തായാലും ‘ആശാൻ മെമ്മോറിയൽ’ വായനശാലയിലുള്ളതിനേക്കാൾ കൂടുതൽ പ്രസിദ്ധീകരണങ്ങൾ ‘രാഘവാ ടെക്സ്റ്റൈത്സിൽ’ ഉണ്ടായിരുന്നു. അപ്പുക്കുട്ടന്റെ നാടക രചനയും അവിടെ തുടങ്ങുകയായിരുന്നു.
സിമ്പിൾ!!! വളരെ നിസാരം!!! എളുപ്പം!!!
മണിക്കൂറുകൾക്കുള്ളിൽ നാടകത്തിനുള്ള വകുപ്പുകൾ റെഡിയായി. ബുക്കുകളും വാരികകളും അരിച്ചുപെറുക്കി. ചിലതിലൊക്കെ നാടകങ്ങളുടെ ഭാഗങ്ങളുണ്ടായിരുന്നു. എഴുതിയെടുക്കാനൊക്കെ ആരാ മെനക്കെടുന്നേ!!!
പരിസരമൊക്കെ നോക്കി... കുറ്റമറ്റ രീതിയിൽ തന്നെ പേജുകൾ കീറിയെടുത്തു.
പിന്നെയായിരുന്നു പണി! പല പല നാടകങ്ങൾ...പലപല പേജുകൾ...ഒന്നും പൂർണ്ണമായിട്ടില്ലതാനും. ഒരേയൊരു ആശ്വാസമേ ഉണ്ടായിരുന്നുള്ളു. സിമ്പോളിക് നാടകമല്ലേ!!! ആർക്കും ഒന്നും മനസ്സിലാകത്തില്ല. അല്ല. മനസ്സിലാകരുത്. അതാണ് നാടകത്തിന്റെ വിജയം. കഥാപാത്രങ്ങൾക്കൊക്കെ പേരു കൊടുത്തു.
‘ജനം,രാജാവ്, മന്ത്രി,ഭൃത്യൻ,കാട്ടാളൻ.’
ജനത്തിന്റെ റോൾ അപ്പുക്കുട്ടൻ തന്നെ അവതരിപ്പിക്കും. അത് എഴുതുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു.കുറച്ച് ചാട്ടവാറടി കൊണ്ടാൽ മതി. സംഭാഷണമൊന്നും പറയേണ്ട. ജനത്തിന് വായ തുറക്കാൻ പാടില്ല. അവന് അഭിപ്രായം പറയാൻ പാടില്ല. കൂകി വിളിക്കുക. കൂകി വിളിക്കുക മാത്രം! സഭാകമ്പമുണ്ടായ് വാക്കുകൾ തെറ്റിയ്ക്കുന്നതിലും നന്ന് കൂവുന്നത് തന്നെ. ജനം കൂവും. അവർ കൂവാനുള്ളവരാണ്. ഒരു പക്ഷേ നാടകം കണ്ട് കാഴ്ചക്കാർ കൂവുമായിരിക്കും. അവർക്കുള്ള താക്കിതാണ് അപ്പുക്കുട്ടന്റെ നാടകം.
നാടകത്തിനായ് കഥാപാത്രങ്ങൾ അവരവരുടെ വേഷങ്ങൾക്കുള്ള സാധനസാമഗ്രികൾ കൊണ്ടുവരേണ്ടതുണ്ട്. നാടകത്തിന്റെ രൂപകല്‍പ്പന തീർന്നപ്പോഴും അപ്പുക്കുട്ടന്റെ മുന്നിലുണ്ടായിരുന്ന പ്രശ്നം അതു തന്നെയായിരുന്നു. ഒരു വെള്ളമുണ്ട്. ‘ജന‘ത്തിന് ഉടുക്കാനുള്ള ഒരു വെള്ളമുണ്ട്!
അച്ഛന് സ്വന്തമായി ഒരു തകരപ്പെട്ടിയുണ്ട്. അച്ഛനും അമ്മയും അതിനെ ട്രങ്ക് പെട്ടി എന്നാണ് പറയുന്നത്. തൊട്ടാൽ തുരുമ്പ് പിടിക്കുന്ന പെട്ടിയെ എങ്ങനെയാണ് ട്രങ്ക് പെട്ടി എന്നു വിളിക്കുന്നതെന്ന് അപ്പുക്കുട്ടനെന്നും സംശയമായിരുന്നു. മാർക്കറ്റിലെ ജോസഫിന്റെ കടയിൽ വിൽക്കാൻ വെച്ചിരിക്കുന്ന ട്രങ്ക് പെട്ടിയ്ക്കൊക്കെ നല്ലതുപോലെ പെയിന്റ് ചെയ്തിട്ടുണ്ട്. കൂടാതെ പെയിന്റിന്റെ പുറത്ത് മണ്ണെണ്ണ വിളക്ക് കത്തിച്ച് പുക കൊണ്ട് പലപല ഡിസൈനുണ്ടാക്കുന്നതും അപ്പുക്കുട്ടൻ കണ്ടിട്ടുണ്ട്. അച്ഛന്റെ പെട്ടിയ്ക്ക് ഇതൊന്നുമില്ല. വെറും തുരുമ്പ് മാത്രം. തുരുമ്പ്. അതുകൊണ്ട് അപ്പുക്കുട്ടനതിനെ തകരപ്പെട്ടി എന്നാണ് വിളിക്കുന്നത്.
വളരെ കുറച്ച് തവണയെ തകരപ്പെട്ടി തുറന്നു കണ്ടിട്ടുള്ളു. അച്ഛനല്ലാതെ വേറെ ആർക്കും അതു തുറക്കാൻ പറ്റത്തില്ല.താക്കോൽ അച്ഛനെവിടെയോ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. അമ്മയ്ക്ക് പോലും അതെവിടെയാണന്ന് അറിയില്ല. സേതു പറയുന്നത് താക്കോൽ ഉത്തരത്തിലെവിടെയോ ആണ് സൂക്ഷിച്ചിരിക്കുന്നതെന്ന്. ഇങ്ങനെയുള്ള കാര്യങ്ങൾ കണ്ടുപിടിക്കാൻ അവൾ മിടുക്കിയാണ്. അവിടെയാവുമ്പോ ആർക്കും കൈയെത്തെത്തില്ലല്ലോ! പെട്ടി നിറയെ കാശാണന്നാണ് അവൾ പറയുന്നത്.അച്ഛൻ പണി ചെയ്തുകൊണ്ടുവരുന്ന പൈസ മുഴുവൻ അതിൽ കൂട്ടിവെയ്ക്കുകയാണത്രേ! കുറേ പൈസ ആവുമ്പോഴത്തേക്കും അച്ഛനതെടുത്ത് വീടുപണിയുമത്രേ.
“പെണ്ണിനെ കെട്ടിച്ചുവിടാനുള്ള സ്ത്രീധനമാണോ പെട്ടീല്...” ഒരു ദിവസം അമ്മ ചോദിക്കുന്നതു കേട്ടു. അച്ഛൻ ആർക്കും ഒരു മറുപടിയും കൊടുത്തിരുന്നില്ല. പെട്ടിയ്ക്കുള്ളിൽ എന്തൊക്കെയുണ്ടന്ന് അച്ഛനല്ലാതെ മറ്റാർക്കും അറിയില്ലായിരുന്നു.ആർക്കും അറിയാനും കഴിഞ്ഞില്ല. അതിന് താക്കോൽ വേണമല്ലോ. എങ്കിലും പെട്ടിയ്കുള്ളിൽ ഒരു വെള്ള ഡബിൾ മുണ്ട് ഉണ്ടന്നുള്ള കാര്യം അമ്മയ്ക്കും സേതുവിനും അപ്പുക്കുട്ടനുമറിയാം. വിശേഷ ദിവസങ്ങളിൽ അച്ഛൻ ആ പെട്ടി തുറന്നാണ് മുണ്ടെടുക്കുന്നത്. അമ്പലത്തിലെ ഉത്സവത്തിനും ബന്ധുക്കാരുടെ കല്യാണത്തിനുമൊക്കെ അച്ഛൻ പെട്ടി തുറന്ന് മുണ്ടെടുക്കും. കസവ് കരയുള്ള നല്ല വെള്ള ഡബിൾ മുണ്ട്. അമ്മയാണത് പശമുക്കി തേച്ച് കൊടുക്കുന്നത്. തേപ്പുപെട്ടിയിലിടാനുള്ള ചിരട്ട കത്തിച്ച് കൊടുക്കുന്നത് അപ്പുക്കുട്ടനും. തേച്ച് വടിവൊത്ത ഡബിൾ മുണ്ടും കോടി നിറത്തിലെ ഉടുപ്പുമിട്ട് അച്ഛനിറങ്ങുമ്പോൾ അപ്പുക്കുട്ടൻ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. അപ്പുക്കുട്ടനും ഇതുപോലൊരു മുണ്ടുടുക്കും...ഒരിക്കൽ...അവൻ മനസ്സിൽ പറഞ്ഞു.
കല്ല്യാണത്തിന് ആ മുണ്ടുമുടുത്ത് വന്ന അച്ഛനെ ഒന്ന് കാണേണ്ടതായിരുന്നെന്നാണ് അമ്മ പറയുന്നത്. നല്ല പ്രൗഢിയായിരുന്നെന്നാണ് അമ്മ പറഞ്ഞത്. അതെന്താണെന്ന് അപ്പുക്കുട്ടന് മനസ്സിലായില്ല. അമ്മയോട് ചോദിച്ചപ്പോൾ പള്ളിക്കൂടത്തില്പോയി സാറിനോട് ചോദിക്കാൻ പറഞ്ഞു. അതിനൊക്കെ ആരാ മെനക്കെടുന്നേ...എങ്കിലും ഒരുകാര്യം മനസ്സിലായി. എന്തോ നല്ല കാര്യമാണ് അച്ഛനെക്കുറിച്ച് അമ്മ പറഞ്ഞതെന്ന്!
അച്ഛന്റേം അമ്മേടേം കല്യാണത്തിനായ് വാങ്ങിയതായിരുന്നു ആ മുണ്ട്. “അടുത്ത ബോണസിനെങ്കിലും അതുപോലൊരു മുണ്ടുകൂടി വാങ്ങിക്കണം.” അമ്മ അതുപറഞ്ഞപ്പോൾ അച്ഛൻ ചിരിച്ചു.
“കുട്ടികളുടെ സ്കൂൾ ചെലവും, പിന്നെ അവർക്ക് ഉടുപ്പുമൊക്കെ എടുത്താൽ പിന്നെന്തുണ്ടാവുമെടീ മിച്ചം?”
‘പിന്നെ... പഞ്ഞമൊഴിഞ്ഞിട്ട് നമ്മുക്കൊരു കാലവുമൊണ്ടാകാൻ പോണില്ല. നിങ്ങളതൊക്കെ വിട്. അടുത്ത ബോണസിന് എന്തായാലും മുണ്ട് വാങ്ങണം. എന്നിട്ട് വേണം എനിക്കീ പഴയമുണ്ട് വെളക്കിലെ തിരിയിടാനെടുക്കാൻ.”
പുതിയ മുണ്ട് വാങ്ങിയിട്ട് പഴയത് വിളക്കിലെ തിരിയിടാനെടുക്കണം. അപ്പുക്കുട്ടനതത്ര ഇഷ്ടപ്പെട്ടില്ല. എങ്കിലും ഒന്നും പറഞ്ഞില്ല. വെറുതേ എന്തിനാ അമ്മയുടെ വായിലിരിക്കുന്നത് കേൾക്കുന്നത്.

---------

വേലിയരികിൽ തന്നെ അവൾ നില്‍പ്പുണ്ടായിരുന്നു. സേതു! അപ്പുക്കുട്ടന്റെ മുഖം കണ്ടതും അവൾ വീട്ടിന്നകത്തേയ്ക്ക് ഓടി. “അച്ഛാ, ദേ വന്നൂ.” പാര വെയ്ക്കാൻ പണ്ടേ അവൾ മിടുക്കിയാണ്. എന്തോ ഗുലുമാല് ഉണ്ടാക്കിയിട്ടുണ്ടവൾ. അതുറപ്പാണ്. വെള്ളമുണ്ട് പോക്കറ്റിൽ തന്നെയുണ്ട്. മുണ്ടെന്ന് പറയുന്നത് നിസ്സാരമുണ്ടൊന്നുമല്ല. അച്ഛൻ പൊന്നുപോലെ സൂക്ഷിച്ചുപോന്ന മുണ്ടാണ്. അമ്മയും ഇഷ്ടപ്പെട്ടിരുന്ന മുണ്ടാണ്.ട്രങ്ക് പെട്ടിയിൽ അടച്ച് സൂക്ഷിച്ച് വെച്ചിരുന്ന മുണ്ടാണ്. കസവ് കരയുള്ള വെള്ള ഡബിൾ മുണ്ടാണ്! സർവ്വോപരി അച്ഛന്റെ കല്യാണമുണ്ടാണത്. അപ്പുക്കുട്ടനേക്കാളും സേതുവിനേക്കാളും പ്രായമുള്ള മുണ്ടാണത്!
പിടിക്കപ്പെട്ടാൽ തുടയിലെ തൊലി ഉരിയും ഉറപ്പ്. അതുകണ്ട് അവൾ ചിരിക്കും. പൊട്ടി പൊട്ടി ചിരിക്കും.
അപ്പുക്കുട്ടൻ പിടിക്കപ്പെടും. അവളുടെ ഓട്ടം അതിനുള്ള മുന്നറിയിപ്പാണ്. അച്ഛൻ ഉത്തരത്തിൽ നിന്നും ചൂരലെടുക്കുകയായിരിക്കും.
അച്ഛന്റെ കൈയിൽ പിടിച്ചുകൊണ്ട് സേതു പുറത്തേയ്ക്ക് വന്നു. പുറകേ അമ്മയുമുണ്ട്.
ചൂരലെവിടെ? അപ്പുക്കുട്ടന്റെ നോട്ടം അതായിരുന്നു. ഒരുപക്ഷേ മുതുകത്ത് ഒളിപ്പിച്ച് വെച്ചിരിക്കുകയായിരിക്കാം.അവളുടെ നില്‍പ്പു കണ്ടില്ലേ...കൊച്ചുകടുക്കാച്ചി...നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി...കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്നേ ചൂരലെങ്ങാനും തുടയിൽ വീണാൽ...
സ്വന്തമായുള്ള പെട്ടിയുടെ താക്കോൽ നേരാം വണ്ണം സൂക്ഷിക്കാതിരുന്നത് കുറ്റമല്ലേ...അതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമുണ്ടോ? തുറന്ന് വെച്ചിരിക്കുന്ന കറിച്ചട്ടിയിൽ നിന്ന് മീൻ മോഷണം പോകുന്നതിന് പൂച്ചമാത്രമാണോ കുറ്റക്കാരൻ...ഇവിടെ ന്യായത്തിന് ഒരു വിലയുമില്ല. ആരോട് പറയാൻ... എന്ത് പറയാൻ...അപ്പുക്കുട്ടൻ തലകുനിച്ച് നിന്നു.
“മുണ്ട് കീറി അല്ലേ?” അച്ഛന്റെ ചോദ്യമാണ്.
“ഇല്ല. ഇല്ല.” അപ്പുക്കുട്ടന്റെ ഉത്തരം പെട്ടെന്നായിരുന്നു.
അച്ഛൻ ചിരിക്കുന്നു. അമ്മയും ചിരിക്കുന്നു. സേതുവും ചിരിക്കുന്നു. ഇതെന്താ പതിവില്ലാതെ. അപ്പുക്കുട്ടനാകെ ബുദ്ധിമുട്ടു തോന്നി. ഒര് അടികിട്ടിയിരുന്നെങ്കിലെന്നാശിച്ചു പോയി. അതായിരുന്നു ഇതിലും ഭേദം.
“എവിടെ മുണ്ട്? നീയതൊന്നെടുത്ത് നോക്കിക്കേ.” അച്ഛന്റെ ശബ്ദം വീണ്ടും.
അപ്പുക്കുട്ടൻ പോക്കറ്റിൽ നിന്നും മുണ്ട് ഊരിയെടുത്ത് വിടർത്തി.
വിശ്വസിക്കാനാവുന്നില്ല!!!
മുണ്ടിന്റെ ഒത്ത നടുക്ക് വലിയൊരു കീറൽ!!!
ഇതെങ്ങനെ...എപ്പോൾ സംഭവിച്ചു!!!
“രാജാവിന്റെ വാള് കൊണ്ട് മുണ്ട് കീറിയതൊന്നും നിന്റെ ചേട്ടനറിഞ്ഞില്ലടി. അതെങ്ങനെ... അവൻ നിന്ന് കൂവുകയല്ലേ”
അപ്പുക്കുട്ടൻ വീടിന്നകത്തേയ്ക്ക് ഓടിക്കയറി.
“പിന്നെ...പിന്നെ... ഞാൻ പറഞ്ഞില്ലാരുന്നേ അച്ഛനെങ്ങനെ നാടകമുണ്ടന്ന് അറിയുമായിരുന്നു.” സേതുവിന്റെ ശബ്ദം അപ്പുക്കുട്ടൻ അകത്തുനിന്നും കേട്ടു.
അമ്മയപ്പോൾ പറയുന്നുണ്ടായിരുന്നു. “ഇനിയെങ്കിലും നിങ്ങടച്ഛനൊരു പുതിയ മുണ്ട് വാങ്ങുമല്ലോ.”

5 comments:

ശ്രീ said...

പ്രതീക്ഷ തെറ്റിച്ചില്ല.

പതിവു പോലെ ഒരുപാട് ഓര്‍മ്മകളുടെ കൂടെ ഒരു നെടുവീര്‍പ്പും കണ്ണിലൊരു നനവും സമ്മാനിച്ചു, സതീഷേട്ടാ.

faisu madeena said...

വളരെ നല്ല കഥ ...വായിച്ചു കഴിഞ്ഞപ്പോ മനസ്സിന് ഒരു നല്ല സുഖം .............താങ്ക്സ്

Manoraj said...

മാഷേ,

നേരത്തെ വായിച്ച ഒന്ന്‍ രണ്ട് കഥകളുടെ ഒരു പഞ്ച് എനിക്കിതില്‍ ഫീല്‍ ചെയ്തില്ല. എങ്കിലും വ്യത്യസ്തതയുണ്ടെന്ന് പറയട്ടെ.. പിന്നെ ഈ അപ്പുകുട്ടനും വിലാസിനി ചിറ്റയുമൊക്കെ സ്ഥിരം കഥാപാത്രങ്ങളാണോ? വെളിച്ചപ്പാടിലും ഇവരെയൊക്കെ കണ്ടില്ലേ എന്നൊരു തോന്നല്‍!!

Sathees Makkoth | Asha Revamma said...

ശ്രീ,faisu madeena,മനോരാജ്,
എല്ലാവർക്കും നന്ദി.
മനോരാജ്- കഥാപാത്രങ്ങൾ പലപ്പോഴും ഒന്നു തന്നെ. ഒരു നാടും കുറേ കഥാപാത്രങ്ങളും.നമ്മൾ സ്ഥിരം കാണുന്നവർ. കേൾക്കുന്നവർ.അവരെ അപ്പുക്കുട്ടന്റെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കാനുള്ള ഒരു ചെറിയ ശ്രമം. അത്രമാത്രം. എന്തുമാത്രം വിജയിക്കുന്നുണ്ടെന്നറിയില്ല. എങ്കിലും എഴുതുന്നു. ചുമ്മാ ഒരു രസത്തിന്:)

Unknown said...

വരാന്‍ കുറച്ചു വൈകി. അതുകൊണ്ട് രണ്ടു കഥകളും ഒന്നിച്ചു വായിച്ചു. ആശംസകള്‍!!

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP