Followers

കിണറ്റിൽ വീണ ഹെർക്കുലീസ്

Friday, March 6, 2020

 


മഞ്ഞുപൊഴിയുന്ന ആ പ്രഭാതത്തിലും ഒരിക്കലും പിഴച്ചിട്ടില്ലാത്ത ചുവടുകളോടെ ചുവന്ന മുഖവുമായ് അംശുമാൻ മടയാംതോടിന്റെ കരയിലെ മണൽകൂനകൾക്ക് മുകളിൽ എത്തിനോക്കിയപ്പോഴാണ് നാട് ആ വാർത്ത അറിയുന്നത്.
രായൻ കിണറ്റിൽ ചാടി!
“നല്ലോരു ചെത്തുകാരനാരുന്നു. പോയില്ലേ എല്ലാം! ഇനീപ്പോ ശ്യാമള എന്തോ ചെയ്യും?” ഇടത്തുകാലിന്മേൽ വലത്തുകാൽ ചവിട്ടി ഉമിക്കരി പിടിച്ച വിരൽ വായിൽ തിരുകി ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനെപ്പോലെ മീനാക്ഷി അമ്മായി നിന്നു.
“രായനെ രാവിലെ തന്നെ അമ്മായി കൊന്നു...കിണറ്റിൽ ചാടീന്നല്ലേ പറഞ്ഞുള്ളൂ...ചത്തെന്ന് ആരേലും പറഞ്ഞോ?” അടുപ്പിലെ തീ ഊതുന്നതിനിടെ അമ്മ പറയുന്നത് ആരു കേൾക്കാൻ!

“എന്തിനാ രായൻ കിണറ്റിൽ ചാടിയത്?” കിണറ്റിൻ കരയിൽ കൂടിയ ആൾക്കൂട്ടം പരസ്പരം ചോദിച്ചു.
“കിണറ്റിന് എന്ത് ആഴം വരും?”
“ഭൂമിയോളം.”  കുട്ടൻ പറഞ്ഞ അളവിനോട് ആർക്കും എതിരില്ലാരുന്നു.“കിണറെത്ര തേകിയ കുട്ടനാ...കിറുകൃത്യാരിക്കും”

നാൽപ്പത് വർഷങ്ങൾക്ക് മുന്നേ തെക്കൻ ദേശത്തൂന്ന വന്ന പൊടിമീശക്കാരൻ രാജൻ.
ശ്യാമളയുടെ വീടിന്റെ ചാർപ്പിൽ വാടകയ്ക്ക് രാജൻ താമസം തുടങ്ങിയപ്പോൾ അമ്മായി പറഞ്ഞു, “തെക്കനെ സൂക്ഷിക്കണം പെണ്ണേ.നാടുവിട്ട് ഓടി വന്നവനാണ്. തക്കം പോലെ നിക്കും തെക്കൻ” 
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ലന്ന് ശ്യാമളയും പറഞ്ഞു.അമ്മായിക്ക് രായനിൽ ഒരു നോട്ടമുണ്ടായിരുന്നെന്ന് നാട്ടിലൊരു പറച്ചിലുണ്ടായിരുന്നു.
അന്ന് അമ്മായിക്ക് പ്രായം ഇരുപത്. ശ്യാമളയ്ക്ക് പതിനെട്ട്.

രായൻ കരപ്പുറത്തെ ചെത്തുകാരനായി. കള്ളടിക്കാത്ത ചെത്തുകാരനായി.
പതിവിൽക്കവിഞ്ഞ പൊക്കമുള്ളകൊന്നത്തെങ്ങിന് കൊതകൊത്താനായ് കയറിക്കൊണ്ടിരുന്നപ്പോഴാണ് രായന്റെ ശ്രദ്ധ തെറ്റിയത്. ശ്രദ്ധയോടൊപ്പം കാലും തെറ്റി.നടുവിന്റെ ഡിസ്കും തെറ്റി. ശ്യാമളയെ അമ്മായി വഴക്ക് പറഞ്ഞു.
“കാണാങ്കൊള്ളാവുന്ന ആമ്പിള്ളാരെക്കണ്ടാലവക്കൊള്ളതാ ഇളക്കം. അവക്ക് മറപ്പുരേ കേറാൻ കണ്ട സമയം! ഇപ്പോ എന്തായി...തന്തേം തള്ളേല്ലാത്തോനാ...ഭാവി പോയില്ലേ?”  കുളക്കരയിലെ ഒതളമരത്തിന്റെ ചാഞ്ഞ കൊമ്പിൽ നിന്നും ഒതളങ്ങ പറിച്ചെടുത്ത് തെങ്ങിൻ മൂട്ടിൽ എറിഞ്ഞുടച്ചു അമ്മായി.
“തെങ്ങേന്ന് വീണാല് നോക്കാനുമറിയാം” ശ്യാമള വിട്ടുകൊടുത്തില്ല.
“നടുവൊടിഞ്ഞവനാ...പെണ്ണേ...സ്നേഹോള്ളകൊണ്ട് പറയുകയാ... ഭാവി കളയരുത്.”
“ഒള്ള സ്നേഹോക്കെ തന്നെ അധികമാ എന്റെ മിന്നാക്ഷി...” ശ്യാമള കൈകൊകൊണ്ട് എന്തോ ആംഗ്യം കാണിച്ചെന്നും പിന്നിടിന്നുവരെ അമ്മായി ശ്യാമളെയോട് മിണ്ടീട്ടില്ലന്നതും കാലം സാക്ഷി.

“കുട്ടാ, നീ കീണറ് തേകി പരിചയോള്ളനല്ലേ...ഒന്നിറങ്ങി രക്ഷിച്ചൂടേ?”
പലമുഖങ്ങൾ ഒരേസമയം കുട്ടനിലേക്ക് തിരിഞ്ഞു.
‘നുരപൊങ്ങുന്നുണ്ടിപ്പോഴും. എളുപ്പം ചാടിയാൽ രക്ഷപ്പെടുത്താം.‘
നീണ്ട കയറെടുത്ത് കിണറ്റിങ്കരയിലെ മാവിൽകെട്ടി, ഉടുത്തിരുന്ന മുണ്ട് താറുപാച്ചിയുടുത്ത് കുട്ടൻ കിണറ്റിലേക്കിറങ്ങി. കിണറ്റിലെ വെള്ളത്തിൽ പ്രതിഫലിച്ച മുഖങ്ങൾ പ്രാർത്ഥനയോടെ നിശബ്ദമായി.
ശ്യാമളെയെവിടെ?
നാടുമുഴുവൻ വീട്ടിങ്കലെത്തിയിട്ടും ശ്യാമളയെ കാണാനില്ല. തുറന്നുകിടന്ന അടുക്കളവാതിലിലൂടെ അകത്തുകയറി പലരും. ശ്യാമളയില്ല.
രായൻ കിണറ്റിൽ ചാടിയതാരാണ് കണ്ടത്?അറിയില്ല.അംശുമാനപ്പോൾ തെളിയുന്ന മുഖവുമായ് മണൽകൂനകൾക്ക്  മുകളിലെത്തിയിരുന്നു.

ആകാംക്ഷയുറ്റ് നിൽക്കുന്ന മുഖങ്ങൾക്ക് ആശ്വാസമേകി കുട്ടന്റെ തല വെള്ളത്തിന്ന് മുകളിൽ പൊങ്ങി. കുട്ടന്റെ മാത്രം തലവെള്ളത്തിന്ന് മുകളിൽ...
രായൻ...??
ഞൊടിയിടയിൽ കുട്ടൻ കയറിൽ പിടിച്ച് മുകളിൽ എത്തി. നനഞ്ഞ മുണ്ട് കൈകൊണ്ട് പിഴിഞ്ഞ് വിരിഞ്ഞ നെഞ്ചിൻ‌കാടിൽ വിരലോടിച്ച് തല ലെഫ്റ്റ് റൈറ്റ് രണ്ടു തവണ വെട്ടിച്ചു.മുടിയിഴയിലെ വെള്ളത്തുള്ളികൾ ഇളവെയിലിൽ തിളങ്ങിത്തെറിച്ചു.
കിട്ടിയോ? ഉണ്ടോ കുട്ടാ രായൻ കിണറ്റിൽ...?
“ ആ കയറൊന്ന് വലിച്ചേ എല്ലാരും കൂടേ...”
ജീവന്റെ വില നിർണ്ണയിക്കുന്ന അനർഘ നിമിഷങ്ങൾ...വെള്ളത്തിൽ വീണവനെ കയറിൽ കെട്ടിയിട്ട് കേറിപ്പോന്ന ദുഷ്ടനെന്ന രീതിയിൽ ജനക്കൂട്ടം കുട്ടനെ നോക്കി.
സമയം പാഴാക്കാനില്ല.  കയറ് പൊങ്ങി...കൂടെ നുരയും...
കിണറിന്നുള്ളിലേക്ക് ഇമവെട്ടാതെ നിന്ന ആകാംക്ഷാഭരിതമായ കണ്ണുകൾ അത്ഭുതം കൂറി! വരണ്ട തൊണ്ടകൾ കൂകി വിളിച്ചു.
‘ഹെർക്കുലീസ്...’ രായന്റെ ഹെർക്കുലീസ്...
“അപ്പോൾ രായനില്ലേ കുട്ടാ കിണറ്റിൽ...”
“പുല്ല്...രണ്ട് മൂന്ന് ഒണക്ക ചട്ടീം പാത്രോം കൂടീണ്ട്...”

തലേന്ന് രായനെ കണ്ടവരുണ്ട്. ചെത്തുകുടുക്കയും തൂക്കി ഹെർക്കുലീസിൽ വളവിലെ കലുങ്കിൽ കാലുകുത്തി സിഗററ്റ് വലിച്ച് നിന്ന രായനെ കണ്ടവരുണ്ട്. സമയമപ്പോൾ നന്നേ ഇരുട്ടിയിട്ടുണ്ടായിരുന്നു. വൈകിട്ട് ചന്തയിൽ നിന്ന് കപ്പയും കക്ക ഇറച്ചിയും വാങ്ങിമടങ്ങിയ ശ്യാമളയേയും കണ്ടവരുണ്ട്.വർഷം നാൽപ്പത് കഴിഞ്ഞിട്ടും രായന് കപ്പയും കക്ക ഇറച്ചിയും ശ്യാമളയോടെന്നപോലെ തന്നെ ഇഷ്ടമായിരുന്നു.
കിണറ്റിങ്കരയിൽ ആളൊഴിഞ്ഞു.വീടിന്റെ തുറന്ന വാതിലുകളിലൂടെ കാറ്റ് അപ്പോഴും കയറി ഇറങ്ങിക്കൊണ്ടിരുന്നു.

“ചത്തില്ലേല് ഒറപ്പാ, രായൻ അവളെ ഇട്ടിട്ട് പോയതാ.” മീനാക്ഷി അമ്മായിക്ക് ഉറപ്പിക്കാൻ കാരണങ്ങൾ പലതുണ്ടായിരുന്നു. കണക്കിന് ഉപ്പിടാതെ കറിയുണ്ടാക്കാനോ, വേവ് നിർത്തി ചോറുണ്ടാക്കാനോ ശ്യാമളയ്ക്കറിയ്‌വോ എന്ന ചോദ്യത്തിന്ന് മറുപടി നൽകാൻ ആരുമില്ലായിരുന്നു. എല്ലാം പോട്ട്... വർഷം പത്ത് നാല്പതായിട്ട് ഒരു കുഞ്ഞിക്കാലുണ്ടാക്കിയെടുക്കാനവൾക്കായോ...
രായന് ഭക്ഷണം മറ്റെന്തിനെപ്പോലെയും പ്രീയകരമായിരുന്നു. കണക്കിന് ഉപ്പ്, പാകത്തിന്ന് എരിവ്, അല്പം വേവ് കൂട്ടിയെടുത്ത കുത്തരിച്ചോറ്... കട്ടായം... ഏതെങ്കിലും ഒന്ന് തെറ്റിയാൽ കറിപാത്രം അന്ന് കിണറ്റിലാണ്.
ചട്ടീം പാത്രോം കിണറ്റിലായത് മനസ്സിലാക്കാം. പക്ഷേ സൈക്കിൾ... ഒരുപക്ഷേ ശ്യാമളേയാക്കാൾ രായനിഷ്ടം ഹെർക്കുലീസായിരിക്കാം.

കാഞ്ചന, ശ്യാമളയുടെ ഇളയ സഹോദരി, മരുന്നു കമ്പനി ജോലിക്കാരി, ബാഗും തൂക്കി ജോലിക്കിറങ്ങാൻ തുടങ്ങുമ്പോഴായിരുന എതിരേ കാറ്റിന്റെ വേഗതയിൽ ‘ഇച്ചേയി‘ വന്നത്.
കുടിയാനാണെങ്കിൽ കൂടി ജോലി ജന്മം ചെയ്താൽ ചെയ്യില്ലന്നുറപ്പിച്ച കെട്ടിയോന്റെ പരിചരണം, മൂന്ന് പെണ്മക്കളുടെ പഠനം, പഠനേതര കാര്യങ്ങൾ,മുതലായ മുതലുകൾ തന്റെ കുഞ്ഞിത്തലയിലൂടെ കശകശക്കി വട്ടുപിടിച്ചിട്ടും ആർക്കും ഒരു ശല്യവുമില്ലാതെ സ്വസ്ഥം ഗൃഹഭരണം നടത്തിവരുമ്പോഴാണ് ഓർക്കാപ്പുറത്ത് വെളുപ്പാങ്കാലത്ത് ഇച്ചേയി പ്രത്യക്ഷപ്പെട്ടത്.
“ഇല്ലടീ കാഞ്ചനേ,അതിയാന്റെ കൂടെയൊള്ള പൊറുപ്പ് ഞാൻ മതിയാക്കി. ഇങ്ങനേമൊണ്ടോ? തൊട്ടതിനും പിടിച്ചതിനും വഴക്കും കിണറ്റിലേറും.എത്ര നാളെന്ന് കരുതിയാ...”
അരി വെന്തുപോയാൽ പ്രശ്നം വെന്തില്ലേല് പ്രശ്നം...എരിവു പുളി ഉപ്പ് എന്തിനുപറയാൻ അങ്ങേർക്ക് കുറ്റമൊന്നുമില്ലാത്ത ഒരു സംഗതിയുമില്ലന്ന് മാത്രമല്ല കുടുംബ മൊതല് നശിപ്പിക്കൽ എന്ന പുരാതന നാടകങ്ങൾക്ക് പുറകേ ഇപ്പോ ദേഹോപദ്രവം കൂടി തുടങ്ങിയെന്ന് ഒറ്റശ്വാസത്തിൽ ശ്യാമളപറഞ്ഞ് നിർത്തിയപ്പോൾ വിശ്വാസം വരാത്ത വിധം കാഞ്ചന എല്ലാം കേട്ടുകൊണ്ടിരുന്നു.
നാൽപ്പത് വർഷങ്ങളിൽ കേൾക്കാത്തകാര്യങ്ങൾ...
“അങ്ങേരുടെ ജീവനായ ഹെർക്കുലീസിനെ കിണറ്റിലെറിഞ്ഞപ്പോഴേ  നിരീച്ചു, എന്നേം കിണറ്റീ തള്ളൂന്ന്..”
"എന്നിട്ട്?”
“എന്നിട്ടെന്താ എന്നെത്തള്ളുന്നതിന് മുന്നേ ഞാനങ്ങേരെ തള്ളി.” 
“ഇച്ചേയീ അപ്പോ രായണ്ണൻ!” തള്ളിവന്ന കണ്ണുകളെ അകത്തേക്ക് വലിക്കാനാവാതെ തുറന്നവായിൽ കാഞ്ചന നിന്നു.
“അങ്ങേർക്കൊന്നും പറ്റില്ലെടി പെണ്ണേ...നാലുകാലേ നിക്കണ ജാതിയാ...
നാൽപ്പത് വർഷത്തെ ജീവിതത്തിന്റെ കരുത്തും വിശ്വാസവും ആ വാക്കുകളിലുണ്ടായിരുന്നു.

പറക്കമുറ്റാത്ത മൂന്നും പണിക്കുപോകാത്ത ഒരെണ്ണവും താങ്ങാവുന്നതിലുമധികമാണ്.ബാഗ് ഇറയത്തേക്കെറിഞ്ഞ് അകത്ത് കയറി കട്ടിലിൽ കമിഴ്ന്ന് കിടന്നു കാഞ്ചന. .തൊണ്ട് തല്ലി ഞണ്ടിൻ പുറം പോലായ കൈകളാൽ ശ്യാമള ബാക്ക് ഓപ്പൺ ബ്ലൌസിട്ട കാഞ്ചനയുടെ പുറം മെല്ലെ തഴുകി.
“ ഞാൻ ന്യൂസ് വർക്കിയേ ഞാൻ വഴീല് കണ്ടാരുന്നു. അങ്ങേര് കിണറ്റില് വീണന്ന് സൂചിപ്പിച്ചിട്ടാ ഇങ്ങോട്ട് ഓടിയത്. ഒറപ്പാ അവൻ നാട്ടാരെ വിളിച്ചോളും“ അംശുമാൻ ചിരിച്ചു.തൂവെള്ള പല്ലുകൾ തിളക്കം വ്യക്തമാക്കുന്നുണ്ടായിരുന്നു.

കാലം മാറ്റം വരുത്താത്ത കുടുംബ വീടിന്റെ മുറ്റത്ത് സുഖദമായ നനവുള്ള മണ്ണിൽ പാദസ്പർശമേൽപ്പിച്ച് കണ്ണടച്ച് ധ്യാനനിരതനായ് അയാൾ നിന്നു. ആരുടേയും അനുവാദത്തിന്ന് കാത്തുനിൽക്കാതെ കോലായിലെ ഞാത്തുകട്ടിൽ കൈകൊണ്ട് തള്ളി അകത്തേക്ക് കയറിയപ്പോൾ പരിചിതമായ മുഖമൊരണ്ണം ഭിത്തിയിലിരുന്ന് ചിരിക്കുന്നു.
പത്തായപ്പുരകടന്ന് ഇടനാഴിയിലൂടെ തെക്കേ മുറിയിലെ കോണിൽ അയാൾക്കെന്നപോലെ കിടന്നിരുന്ന ചാരുകസേരയിലേക്കമർന്ന് ഒരു നിമിഷം കണ്ണടച്ചു.
ഭവാനിയുടെ ആങ്ങള വന്നിരിക്കുന്നു. ഉറ്റവരേം ഉടയവരേം വിട്ട് നാടുതെണ്ടിയ അമ്മാവൻ ഇനി എങ്ങോട്ടും പോണില്ലാത്രേ!
കേട്ടുകഥയോ കെട്ടുകഥയോ ആയ അമ്മാവൻ!
ഭവാനിയുടെ ഓർമ്മ തങ്ങി നിൽക്കുന്നയിടം. അച്‌ഛനും അമ്മയുമില്ലാതെ വളർത്തിയ കുട്ടി...പറക്കമുറ്റാറായപ്പോൾ കേശവൻ നായരെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നവൾ...സഹിച്ചില്ല.
ഇരുകവിളിലൂടെ ഒഴുകിയ കണ്ണീർ തൂവാലകൊണ്ട് തുടച്ച് രായൻ കണ്ണുതുറന്നു.
ചെറുതും വലുതുമായ് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം മുഖങ്ങൾ ചുറ്റിലും!
“എന്റെ ഭവാനീടെ ഓർമ്മ നിൽക്കുന്നിടം വിട്ട് അമ്മാവനിനി എങ്ങോട്ടുമില്ല മക്കളേ...”
ഉൾക്കൊള്ളാനാവത്ത മനസ്സിന്റെ പ്രതിഫലനം നോട്ടങ്ങളിലുണ്ടായെങ്കിലും പുറത്തേക്ക് നേരിട്ട് വന്നില്ലന്നത് രായനെ വിഷമിപ്പിച്ചു.
“ഞാൻ വന്നത് ബുദ്ധിമുട്ടായ് അല്ലേ? സാരമില്ല മക്കളേ...ഇതെന്റേയും വീടാണ്. ഭാവാനീടെ മാത്രല്ല.” ഉറച്ചവാക്കുകൾക്ക് പിന്തുണയേകുന്ന മനസ്സുമായെഴുന്നേറ്റ് തെക്കേപ്പുറത്തെ വയലിറമ്പിലെ കൊടമ്പുളിയുടെ സുഖദമായ തണുപ്പിൽ രായൻ നിന്നു. ഉൾത്തടം തുടിച്ചു, രായൻ കൊണ്ടേ പോകൂ...അംശുമാനപ്പോൾ ഉറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“ഇച്ചേയി എന്തായീപ്പറയണത്” കാഞ്ചനയുടെ പുറകിൽ അരയ്ക്ക് കൈ താങ്ങി കെട്ടിയോനും അങ്ങേർക്ക് പിന്നിലായി മൂന്ന് സുന്ദരികളും നിന്നു.
”കാഞ്ചനേ, ഇനിയെങ്കിലും ഞാനെന്റെ കാര്യം നോക്കീല്ലേല് വയസാൻ കാലത്ത് ഒന്നാശൂത്രീപോണേലും പോലും നാലുപൈസ കൈയിലുണ്ടാവില്ല. അതാ പറഞ്ഞേ. നീ കൂടി വിചാരിച്ചാലേ അത് നടക്കൂ.” തുണയില്ലാതുള്ള തുടർജീവിതത്തിന്റെ അസന്നിഗ്ധാവസ്ഥ നിഴലിക്കുന്ന വാക്കുകൾ...
“നെയമപ്രകാരം എളയവള് കാഞ്ചനക്കുള്ളതാ വീട്.ഒന്നുമറിയാത്തപോലെ ഇച്ചേയി ഒരുമാതിരി മണകുണ വർത്താനം പറയരുത്.” കാഞ്ചനയുടെ ഭർത്താവ് ശ്യാമളയെ നിയമം പഠിപ്പിക്കാൻ ശ്രമിച്ചതവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
“ഞങ്ങള് സഹോദരങ്ങള് പറയണതിനെടെക്കേറി പറയണ്ടകേട്ട നീ. രായണ്ണനൊണ്ടാരുന്നേ നീ ഇങ്ങനൊക്കെ പറയ്‌വാരുന്നോ.“ കവിളിലൂടൊഴുകിയ കണ്ണീർ കൈത്തലം കൊണ്ട് തുടച്ച് ശ്യാമള വരാന്തയിലോട്ടിരുന്നു.
കുറച്ച് കഴിഞ്ഞ് കാഞ്ചന ഇച്ചേയീടെ അടുക്കൽ വന്നിരുന്നു.
“ഞാനിപ്പോ എന്താചെയ്യേണ്ടത്? എന്റെ അച്‌ഛനും അമ്മയും എല്ലാം നിങ്ങളാരുന്നു.അറിയാം പാടില്ലാഞ്ഞിട്ടല്ല. പക്ഷേല് ഈ മൂന്നെണ്ണത്തിനെ ഓർക്കുമ്പോ...”
“എനിക്കും അറിയാമ്മേലാഞ്ഞിട്ടല്ലെന്റ കുട്ടി, ഈ വയസാം കാലത്ത് എനിക്കെന്തെങ്കിലും വരുമാനോണ്ടോ. അങ്ങേരും പോയി...വീടായാൽ വാടകയ്ക്ക് കൊടുത്താലും നിങ്ങളേക്കെ ബുദ്ധിമുട്ടിക്കാതെ കഴിയാല്ലോന്ന് വിചാരിച്ചിട്ടാ.” മൌനത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം കാഞ്ചനയുടെ തലയാടി,”ശരി ഇച്ചേയീ.”അംശുമാനപ്പോൾ യുഗയുഗങ്ങളായുള്ള കർമ്മങ്ങൾക്ക്മാറ്റമുണ്ടാക്കാതെ ഗാഢനിദ്രയിലായിരുന്നു.

ഇടവഴിയിലും കടത്തിണ്ണയിലും കവലയിലും മാത്രമല്ല നാലാൾ കൂടുന്ന ഇടങ്ങളിലെല്ലാം ഭവാനിയുടെ ആങ്ങള വന്ന വാർത്തയായിരുന്നു.
ഭവാനീടെ കുട്ട്യോൾക്കൊന്നും അയാളെ ഇഷ്ടമല്ലത്രേ! വയസാൻ കാലത്ത് പണിയൊണ്ടാക്കാൻ വന്ന മാരണം. നല്ലപ്രായത്തിൽ വീടും കൂടും വിട്ട് വല്ല രാജ്യത്തും പോയോൻ!
ഇപ്പോ വയ്യാണ്ടായപ്പോ എത്തീരിക്കുണു.
കുടുംബയോഗംകൂടി ഒരുനാൾ എല്ലാരുംകൂടി അമ്മാവന് മുന്നിലെത്തി.
പോയിത്തരുന്നതിനെന്താവേണ്ടതെന്ന്?
ഭവാനി ഒരുത്തനെ അനുവാദമില്ലാതെ വിളിച്ചോണ്ട് വന്നപ്പോ ഇറങ്ങിപ്പോയവനാണ്. അന്ന് രണ്ടിനേം അടിച്ച് പുറത്താക്കാരുന്നു.  സുഖായിട്ട് ഇക്കണ്ട സ്വത്തും ആസ്വദിച്ച് ജീവിക്കായിരുന്നു. ഇപ്പോ...പോയിത്തരാമോന്ന്...
രാജൻ ചിരിക്കുകയായിരുന്നു.
“പോകാം. പക്ഷേ...ഇത്തവണ ചുമ്മാതല്ല.” അർത്ഥഗർഭമായ ഒരുമൂളലോടെ രാജൻ എണീറ്റു. തെക്കേ വയലിറമ്പിലേക്ക് നടന്നു. ഭവാനിയുണ്ടവിടെ. കൊടമ്പുളിച്ചുവട്ടിൽ...

“രായൻ തിരിച്ചുവന്നു.” ന്യൂസ് വർക്കി പതിവിന്നേക്കാൾ ആവേശത്താൽ വീടുതോറുംകയറി ഇറങ്ങി. വന്നപാടെ ഹെർക്കുലീസേ പിടിച്ചിട്ടുണ്ട്. പൊടിതുടച്ച് ടയറിന് കാറ്റടിച്ചോണ്ടിരിക്കുന്ന രായനെ ന്യൂസ് വർക്കി പകൽ പോലെ വ്യക്തമായിക്കണ്ടതാണ്!
“എങ്കിലും ശ്യാമള...നാണോല്ലാത്തോള്...ഇത്രേക്കെ അനുഭവിച്ചിട്ടും കേറ്റിപ്പൊറുപ്പിച്ചിരിക്കുന്നു...“പ്‌ഫൂ.. മീനാക്ഷി അമ്മായി നീട്ടിത്തുപ്പി.
ശ്യാമള അപ്പോൾ രായന്റെ ചെവിയിൽ പറയുകയായിരുന്നു. അല്പം കഷ്ടപ്പെട്ടാലെന്താ...എല്ലാം നമ്മ വിചാരിച്ചപോലെ തന്നെനടന്നല്ലോ...” എല്ലാതിന്നും സാക്ഷിയായ് അംശുമാൻ ജ്വലിച്ചുനിന്നു.

0 comments:

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP