Followers

സ്റ്റാഫ് കോളനി

Saturday, May 31, 2014


നഗരത്തിന്റെ നടുക്ക്‌ ഇത്രയും വലിയൊരു ഫാക്ടറി വളരെ അപൂർവമായേ ഇന്നത്തെക്കാലത്ത്‌ കാണൂ.നഗരം ഇന്നത്തെ നിലയ്ക്ക്‌ എത്തുന്നതിന്‌ എത്രയോ മുന്നേ തന്നെ ഫാക്ടറി ഇവിടെ ഉണ്ടെന്നുള്ളതായിരിക്കും അതിനുകാരണം! ഒരുകാലത്ത് വെറും കാടുപിടിച്ച് കിടന്നിരുന്ന സ്ഥലമാണന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്!
ഫാക്ടറിയോട്‌ ചേർന്നു തന്നെയാണു സ്റ്റാഫ് ക്വാർട്ടേഴ്സ്‌. ധാരാളം മരങ്ങളും, പാർക്കുമൊക്കെ ചേർന്നൊരു വലിയൊരു കോമ്പൗണ്ട്‌ തന്നെയുണ്ട്‌ ക്വാർട്ടേഴ്സിന്‌. ഇത്രയും വലുതും, ശാന്തവുമായൊരു താമസസ്ഥലം ഇവിടെയുണ്ടൊ എന്നു തന്നെ ഉള്ളിലെത്തുന്നതുവരെ ആരും വിചാരിക്കില്ല.
നാലുനില കെട്ടിടങ്ങളുടെ പലപല ബ്ളോക്കുകളാണ്‌ ഈ കോളനിയിലുള്ളത്‌. ഞങ്ങളുടേത്‌ ഉൾപ്പെടെ ഏകദേശം നാൽപതോളം കുടുംബങ്ങളാണിവിടെയുള്ളത്‌. വൈകുന്നേരങ്ങളിൽ പാർക്കിൽ നല്ല ബഹളമായിരിക്കും. കുട്ടികളും  സ്ത്രീകളുമെല്ലാം വൈകുന്നേരങ്ങളിൽ അവിടെ ഒത്തുകൂടും. ഇന്ത്യയുടെ വിവിധ സംസ്ഥാങ്ങളിൽ നിന്നും വന്നവർ. വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവർ! ആകെ കൂടെ നല്ല ബഹളമയമായിരിക്കും പാർക്കിലപ്പോൾ!
നടത്തത്തിനായി ഇറങ്ങുന്നവർ ചിലർ! അവർ പാർക്കിനെ ചുറ്റിയുള്ള റോഡിൽ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. നല്ല ആരോഗ്യത്തോട്‌ കൂടിയ ചിലർ ഓട്ടക്കാരയും ഉണ്ടാകും കൂട്ടത്തിൽ.
പാർക്കിലെ ഊഞ്ഞാലിലുംസ്ലൈഡിലും, സീസയിലുമൊക്കെയായി കുട്ടികൾ! ഇതൊന്നിലും പെടാതെ ഏതെങ്കിലും മരത്തിന്റെ കീഴിലെ ബെഞ്ചിൽ കാറ്റും കൊണ്ട്‌ അടങ്ങിയൊതുങ്ങി ഇരിക്കുന്നവരുമുണ്ടാകും!
മുതിർന്ന കുട്ടികൾ ക്രിക്കറ്റോ ബാഡ്മിന്റണോ ഒക്കെയായ് ആകെയൊരു ശേലാണ്‌ കോളനി കോമ്പൗണ്ടിൽ!
ജോലികഴിഞ്ഞ്‌ വന്ന്‌ നഗരത്തിലെ മലിനീകരണത്തിൽ നിന്നും, ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി വിശ്രമിക്കാൻ ഇതിനേക്കാൾ നല്ലയിടം വേറെ ഇല്ല എന്നു തന്നെ പറയാം.

രണ്ടാമത്തെ ബ്ളോക്കിന്റെ മൂന്നാമത്തെ നിലയിലാണ്‌ ഞാനും കുടുംബവും താമസിച്ചിരുന്നത്‌. ഞങ്ങളുടെ മുകളിൽ ഒരു തെലുങ്ക്‌ ഫാമിലിയും താഴെ ബംഗാളികളും.
ഞങ്ങൾക്ക്‌ തെലുങ്ക്‌ നല്ല വശമില്ലാതിരുന്നതിനാലും, മുകളിലെ തെലുങ്കർക്ക്‌ ഹിന്ദി നന്നേ അറിയില്ലാത്തതിനാലുമായിരിക്കാം  അവരുമായുള്ള സഹകരണം വളരെ കുറവായിരുന്നു.
റെഢി ഞങ്ങളുടെ കമ്പനിയിൽ തന്നെ വേറൊരു ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതിനാൽ അയാളുമായി എനിക്കും വലിയ അടുപ്പമില്ലായിരുന്നു. വല്ലപ്പോഴും കാണുമ്പോൾ ഒരു ചിരി അത്രമാത്രം!
റെഢിയുടെ പ്രായമേറിയ അച്ഛനും, ഭാര്യയും, മക്കളുമാണ്‌ മുകളിലത്തെ ഫ്ലാറ്റിലുള്ളത്‌. മകൻ പഠിക്കാൻ അത്ര മിടുക്കനല്ല എന്നാണ്‌ പറഞ്ഞ്‌ കേട്ടിട്ടുള്ളത്‌.  അവൻ ഞങ്ങളുടെ ഒരു മേലുദ്യോഗസ്ഥന്റെ മകളുമായ്‌ പ്രേമത്തിലാവുകയും അത്‌ വലിയ പൊല്ലാപ്പിലാവുകയും ചെയ്തിരുന്നു. കുറച്ചു നാളത്തേയ്ക്ക്‌ പാർക്കിലെ വൈകുന്നേരങ്ങളിലെ വർത്തമാനം അതു തന്നെയായിരുന്നു. അവസാനം മേലുദ്യോഗസ്ഥൻ കോളനിയിൽ നിന്നും താമസം  നഗരത്തിലെ ഏതോ പോഷ്‌ ഏരിയയിലേക്ക്‌ മാറ്റി!
റെഢിയുടെ മകൻ ഇപ്പോൾ എന്തു ചെയ്യുന്നുവെന്ന്‌ അറിയില്ല. ആരുമതിനെക്കുറിച്ച്‌ അങ്ങനെ സംസാരിച്ചും കേട്ടിട്ടില്ല. വൈകുന്നേരങ്ങളിൽ പലപ്പോഴും അവനെ കാണാറുണ്ട്‌. അപ്പൂപ്പനെ വീൽചെയറിൽ ഇരുത്തി പുറം ലോകം കാണിക്കാനോ കാറ്റുകൊള്ളിക്കാനോ...അങ്ങനെ എന്തുവേണേൽ പറയാം.ഇളയ പെൺകുട്ടി എഞ്ചിനീയറിംഗ്‌ അവസാന വർഷമാണന്ന്‌ തോന്നുന്നു.
ചില ദിവസങ്ങളിൽ രാത്രിയിൽ റെഢിയുടെ മകന്റെ ശബ്ദം ഞങ്ങളുടെ ഫ്ളാറ്റ്‌ വരെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്‌.
തെലുങ്ക്‌ നല്ല വശമില്ലാതിരുന്നതിനാൽ പലപ്പോഴും എന്താണ്‌ സംസാരിക്കുന്നതെന്ന്‌ പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു. വൃദ്ധനും പേരക്കുട്ടിയുമായ്‌ എന്തോ തർക്കമുണ്ട്‌.
“മിണ്ടാതിരുന്നോണം...കൂടുതലു പറഞ്ഞാൽ അങ്ങ്‌ വിജയവാഡയിൽ കൊണ്ടുപോയിടും ഞാൻ...”ഒരു നാൾ കേട്ട വർത്തമാനം ഏകദേശം ഇത്തരത്തിലുള്ളതായിരുന്നു.

താഴത്തെ നിലയിലെ ബംഗാളികളുടെ കാര്യമാണ്‌ ബഹുരസം. ഇത്രയധികം ഒച്ചത്തിൽ സംസാരിക്കുന്ന ഒരു സ്ത്രീയെ ഞാനാദ്യമായിട്ടാണ്‌ കാണുന്നത്‌. ‘കാക്കുലി’ എന്നാണവരുടെ പേര്‌. അവരുടെ ഭർത്താവ്‌, IT ഡിപ്പാർട്ട്മെന്റ് തലവനാണ്‌.
കാക്കുലി ഭാഭിയും അവരുടെ സ്കൂളിൽ പഠിക്കുന്ന മോനുമായിട്ടാണ്‌ പ്രശ്നം! രാത്രി വളരെ ഇരുട്ടുന്നതു വരേയ്ക്കും ബഹളമുണ്ടാവും. അതിരാവിലെ പിന്നേയും തുടങ്ങും. അവര്‌ മകനെ പഠിപ്പിക്കുന്നതാണ്‌ അല്ലെങ്കിൽ പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ്‌ ഈ ഒച്ചയ്ക്കും ബഹളത്തിനുമൊക്കെ കാരണം.അലർച്ചയും കാറലുമൊക്കെ കേൾക്കാം. അവസാനം ഈ പ്രശ്നങ്ങളൊക്കെ തീരുന്നത് ഒരു ബോംബ് സ്ഫോടനത്തോടെയായിരിക്കും. സംഭവം IT തലവന്റെ വകയായിരിക്കും. അടുക്കളയിലെ ഏതെങ്കിലും ഒരു സാമാനം ‘ഢിം’ എന്ന് വീണ്‌ പൊട്ടും. പിന്നെ കാക്കുലി ഭാഭീടെ കരച്ചിലു കേൾക്കാം. അതോടെ എന്തു സാധനമാണ്‌ പൊട്ടിയതെന്നു മറ്റുള്ളവർക്കും മനസ്സിലാക്കാം!
വരുമാനത്തിന്റെ നല്ലൊരു പങ്കു ഇങ്ങനെ ‘പൊട്ടിക്കൽ...വാങ്ങൽ’ ചടങ്ങിൽ ചെലവാക്കുന്നുണ്ടന്ന് ഇടയ്ക്കിടയ്ക്ക് കാക്കുലി ഭാഭി തന്നെ പറയാറുണ്ട്.
“എന്തു ചെയ്യാനാ, ‘ഋഷി’ടെ ഭാവിക്കല്ലേ...” (മകന്റെ പേര്‌ ഋഷി)
ഋഷീടെ ഭാവിക്കായുള്ള കലാപരിപാടികൾ ഒരു സ്ഥിരപ്രകടനമായതിനാൽ കോളനിയിലതൊരു വിഷയമല്ലായിരുന്നു. ഇനി ഏതെങ്കിലും കാരണവശാൽ പരിപാടി മുടങ്ങിയാൽ പലരും ചോദിക്കാറുണ്ടായിരുന്നു. “എന്താ ഭാഭിജീ, ഋഷിക്കു വയ്യേ? ഇന്നലെ പഠിപ്പിക്കുന്നതൊന്നും കേട്ടില്ല...“

 തൊട്ടടുത്തുള്ള ബ്ളോക്കിൽ ഒരു മലയാളി കുടുംബവും ഒരു കന്നടക്കാരനും. രണ്ടു പേരും എന്റെ ഡിപ്പാർട്ട്മെന്റിൽ തന്നെ ജോലി ചെയ്തിരുന്നതിനാൽ അവരുമായുള്ള സഹകരണം കൂടുതലുമായിരുന്നു. കന്നടക്കാരന്റെ പേര്‌ പുട്ടുസാമി. കർണ്ണാടകത്തിലെ തുംഗൂർ സ്വദേശി. ആള്‌ കമ്പനിയിൽ അറിയപ്പെട്ടിരുന്നത് ‘ന്യൂസ് പേപ്പർ’ എന്നാണ്‌! പേരിൽ നിന്നും തന്നെ ആളെ പിടികിട്ടിക്കാണുമല്ലോ?
എത്ര രഹസ്യമായ കാര്യമായാലും പുട്ടുസാമിയെ ഏൽപ്പിച്ചാൽ മതി! കൂടെ പറയണം ”ആരോടും പറയരുത് കേട്ടോ...“ പുട്ടു സാമി കേൾക്കും...പിന്നെ കമ്പനീൽ പാട്ടുമാകും...
എന്തു പറഞ്ഞാലും പുട്ടുസാമീടെ കഴിവിനെ അംഗീകരിച്ച് കൊടുക്കാതിരിക്കാൻ പറ്റില്ല. ‘പുട്ടു’ അറിയാത്ത ഒരു കാര്യവുമില്ല. ന്യൂസ് ചികയാനും,പബ്ലിഷ് ചെയ്യാനുമുള്ള ലോകപുരസ്കാരമുണ്ടങ്കിൽ അത് ‘പുട്ടു’വിനുള്ളതാണ്‌
പുട്ടുസാമി എന്നും രാവിലെ നടക്കാൻ പോകാറുണ്ട്. രാവിലെ എന്നു പറഞ്ഞാൽ, അതിരാവിലെ തന്നെ! നാലു മണി!. പുട്ടുവിന്റെ നടത്തം കമ്പനി കോമ്പൗണ്ടിന്റെ പുറത്തേക്കാണ്‌ കൂടുതലും. പുട്ടുവിനു കിട്ടുന്ന ന്യൂസുകളിൽ പകുതിയും ഈ നടത്തതിൽ നിന്നും കിട്ടുന്നതാണ്‌. അത് ഒന്നൊഴിയാതെ കൊണ്ട് ഞങ്ങൾക്ക് തരുന്നതിനാൽ ന്യൂസിനായ് വേറെ എങ്ങും പോകേണ്ട ആവശ്യമില്ലായിരുന്നു. പുട്ടു  നിരന്തരം നിർഭയം നടത്തിക്കൊണ്ടിരുന്ന ഈ സേവനത്തിൽ അല്പസ്വൽപ്പം വിശ്വാസമുള്ളതിനാലും, നടപ്പും എക്സർസൈസുമൊക്കെ ചെയ്ത് ഇനിയും മെലിയാൻ എല്ലുന്തിയ ശരീരത്തിൽ ബാക്കി ഒന്നുമില്ല എന്ന ബോധ്യമുള്ളതിനാലും, ഏഴുമണിക്ക് മുന്നേയുള്ള ലോകം എനിക്ക് അപ്രാപ്യമായിരുന്നു.

അന്ന് കമ്പനിയിൽ എത്തി പതിവ് ജോലിക്ക് പ്രവേശിക്കുന്നതിന്‌ മുന്നായ് പുട്ടു ഓടിയെത്തി!
എന്റെ കൈയ്ക്ക് പിടിച്ച് വലിച്ചുകൊണ്ട് ഓഫീസിനുള്ളിലേക്ക് പോയി.ചൂണ്ട് വിരൽ ചുണ്ടിനു മുകളിൽ വെച്ച് ശൂ..എന്ന് ശബ്ദമുണ്ടാക്കി.
പുട്ടുവിന്റെ രഹസ്യങ്ങളൊക്കെ ഇങ്ങനെ തന്നെയാണ്‌ തുടക്കം.അതറിയാവുന്നതുകൊണ്ട് തന്നെ ഞാൻ പറഞ്ഞു. “ഒന്ന് പറഞ്ഞ് തൊലയ്ക്കടോ...ഒത്തിരി പണി പെൻഡിങ്ങിലുള്ളതാ..”
“സുനിലേ...ഇതെപ്പോഴത്തേം പോലല്ല...സീരിയസാ...”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. “ഒന്ന് വേഗം പറഞ്ഞ് തീർക്ക്..”
പുട്ടു എന്റെടുക്കലേയ്ക്ക് ചേർന്ന് നിന്നു. “വളരെ രഹസ്യമാ...ആരോടും പറയരുത്...പ്രോമിസ്...” പുട്ടു കൈ നീട്ടി. എത്രയും പെട്ടെന്നു പറഞ്ഞു തീർക്കട്ടെ എന്നു കരുതി ഞാനും കൈനീട്ടി.
“ഇന്നു രാവിലെ നടക്കാൻ പോയിട്ട് വരുമ്പൊ കണ്ടതാ...ആരോടും പറയരുത്.”
“താനൊന്ന് പറഞ്ഞ് തീർക്ക് എനിക്ക് പണിയൊള്ളതാ..” ഞാൻ ധൃതി കൂട്ടി.
“നിങ്ങടെ മുകളിലത്തെ റെഢീടെ അച്ഛനില്ലേ...അങ്ങേര്‌ പുറകിലത്തെ ബാൽക്കണീന്ന് താഴെ വീണു.”

രാവിലെതന്നേ ഓരോരോ വിഷയവുമായിട്ട് ഇറങ്ങിക്കോളും. എനിക്ക് ക്ഷമ നശിക്കുന്നുണ്ടായിരുന്നു. നടക്കാൻ പോലും ആരുടെയെങ്കിലും സഹായം ഇല്ലാതെ പറ്റാത്ത വൃദ്ധൻ ബാൽക്കണീന്ന് താഴോട്ട് ചാടാൻ പോവുകല്ലേ? അഥവാ ആരെങ്കിലും നാലാം നിലയിൽ നിന്ന് താഴെ വീണാൽ ജീവനോടിരിക്കുമോ? അങ്ങനെന്തെങ്കിലുമൊക്കെ സംഭവിച്ചാൽ അടുത്ത് താമസിക്കുന്ന ഞങ്ങളറിയാതിരിക്കുമോ?
പുട്ടുവിന്റെ പറച്ചിലിൽ അവിശ്വാസം രേഖപ്പെടുത്തി ഞാൻ റൂമിൽ നിന്നും പുറത്തേക്ക് നടന്നു.
“താൻ വിശ്വസിക്കേണ്ടടൊ...ഞാനെന്റെ കണ്ണു കൊണ്ട് കണ്ടതാ.റെഢീടെ മോൻ പുറകേ വന്ന് അങ്ങേരെ എടുത്തോണ്ട് പോണതും ഞാൻ കണ്ടതാ...”
ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി. വെറുതേ ഓരോന്ന് കേട്ട് ചെയ്യാനുള്ള പണി കൂടി മുടങ്ങും.
“പ്രായമായോരൊക്കെ ഭാരമാവുന്ന കാലമാ...” പുട്ടുവിന്റെ ശബ്ദം പുറകിൽ ചെറുതായി കേൾക്കുന്നുണ്ടായിരുന്നു.
വല്ല നാട്ടിലും വന്ന് ഇല്ലാക്കഥകളുണ്ടാക്കി പൊല്ലാപ്പുണ്ടാകാതിരുന്നാൽ മതിയാരുന്നു. ഞാൻ മനസ്സിൽ വിചാരിച്ചു.
പറഞ്ഞത് പുട്ടുസാമിയായതുകൊണ്ടും ജോലിയുടെ ഓരോ തിരക്ക് വന്നതും ഞാനീ വിഷയം മറന്നു പോയിരുന്നു.

വൈകിട്ട് വീട്ടിൽ വന്ന്  ചായ കുടിയൊക്കെ കഴിഞ്ഞ് ടീവി യുടെ മുന്നിലിരുന്നു.പതിവ് വാർത്തകൾ തന്നെ.രാഷ്ട്രീയവും, കത്തിക്കുത്തും,  സിനിമയും...
ടീവി ഓഫ് ചെയ്ത് ന്യൂസ് പേപ്പർ കൈയിലെടുത്തു.
ഭാര്യ വന്ന് അടുത്തിരുന്നു.
“അറിഞ്ഞാരുന്നോ?”
“എന്ത്?” ഞാൻ ചോദിച്ചു.
“മുകളിലത്തെ അപ്പാപ്പൻ മരിച്ചു. ഇന്നലെ രാത്രി എപ്പോഴോ ആണന്നാ തോന്നുന്നെ. രാവിലെ കക്കൂസിൽ മരിച്ച് കിടക്കുന്നതാ കണ്ടത്. ഞാൻ പോയി കണ്ടിരുന്നു. കഷ്ടം! എത്ര പെട്ടെന്നാ എല്ലാം!.“
”എന്നിട്ട്?“
“എന്നിട്ടെന്താ, ഉച്ചയ്ക്ക് മുന്നേ ശ്മശാനത്തിലേയ്ക്ക് കൊണ്ടുപോയി.അത്രതന്നെ!”
ഞാൻ ന്യൂസ് പേപ്പർ മടക്കി പുറകിലെ ബാൽക്കണിയിലേയ്ക്ക് നടന്നു. താഴെ മതിലിനോട് ചേർന്നുള്ള പൊത്തിൽനിന്നും ഒരെലി പുറത്തേക്ക് എത്തിനോക്കുന്നു.
“എന്തൊര്‌ ആൾക്കാരല്ലേ? വിജയവാഡയിൽനിന്നുള്ള ബന്ധുക്കൾ വരാൻ പോലും കാത്തുനിന്നില്ല.” ഭാര്യയുടെ ശബ്ദം.
എലി അപ്പോൾ മാളത്തിലേയ്ക്ക് തല വലിച്ച് കളഞ്ഞു.


Read more...

മൂപ്പന്റെ പശു

Saturday, May 24, 2014

തോടിനോട് ചേര്‍ന്ന് കിടക്കുന്ന വലിയ മണല്‍ കൂനയുടെ മുകളിലാണ് സാമിയുടെ വീട്. പണ്ടെങ്ങോ ആരൊക്കെയോ ചേര്‍ന്ന് വെട്ടിയുണ്ടാക്കിയ തോടാണ്! കിഴക്കന്‍ കായലും അറബിക്കടലും കൂട്ടിമുട്ടിച്ചുകൊണ്ടുള്ള തോട്! പത്താള്‍ വീതിയുണ്ട് തോടിന്.

വെട്ടിയുണ്ടാക്കിയ കാലത്ത് രണ്ടാള്‍ പൊക്കത്തില്‍ വെള്ളവുമുണ്ടായിരുന്നു തോട്ടില്‍. ഇതെല്ലാം അമ്മൂമ്മ പറയുന്നതാണ്.

തോട് വെട്ടുന്നത് അമ്മൂമ്മ കണ്ടിട്ടുണ്ടോ? ഇല്ല.ഒരിക്കലുമില്ല. തോടുണ്ടായത്...ഉണ്ടാക്കിയത്...പണ്ട് പണ്ടാണ്.അമ്മൂമ്മയും അമ്മൂമ്മയുടെ അമ്മൂമ്മയുമൊക്കെ ഉണ്ടാകുന്നതിന് മുന്നെ!
തോടിനെക്കുറിച്ച് കഥകള്‍ പലതുമുണ്ടെങ്കിലും വിശ്വസനീയമായ ഒരു ഭാഷ്യം നല്‍കാന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വരും തലമുറയുടെ അറിവിലേക്കായ് തോടിന്റെ കഥകള്‍ ആരും എഴുതിയും വെച്ചിരുന്നില്ല.
പഴയകാലത്തിന്റെ പ്രൌഢിയൊന്നും ഇന്ന് തോടിനില്ല. രണ്ടാള്‍ താഴ്ചയോ,പത്താള്‍ വീതിയോ തോടിനില്ല. കായലില്‍ നിന്നും പുല്ലുമായി വരുന്ന വള്ളങ്ങള്‍ കിഴക്കേപാലത്തിന്റെ കിഴക്കേകരവരെയേ ഇപ്പോള്‍ വരത്തുള്ളൂ. പാലത്തിന്നിപ്പുറം ഇപ്പോള്‍ തോടിന്റെ അടിത്തട്ട് കാണാം. തോടിന്റെ ഒത്ത നടുവിലൂടെ ഒരു ചെറിയ ചാല് ഇപ്പോളുമുണ്ട്. ചാലിന്റെ വശങ്ങളിലായിട്ടിരിക്കുന്ന വലിയ കരിങ്കല്ലുകള്‍ അലക്കുകാരുടെ വകയാണ്. ചുരുക്കത്തില്‍ പാലത്തിന്റെ പടിഞ്ഞാറേക്കരെയുള്ള തോടിന്റെ എന്തെങ്കിലും ഗുണം കിട്ടുന്നെങ്കില്‍ അലക്കുകാര്‍ക്കുമാത്രമാണ്!
തോടിന്റെ ഇരു കരകളിലുമായ് ഇന്നുംനിലനില്‍ക്കുന്ന വലിയ മണല്‍കൂനകളൊന്നുമാത്രമാണ് തോട് മനുഷ്യനിര്‍മ്മിതമാണന്ന് പ്രത്യക്ഷത്തില്‍ തെളിയിക്കുന്ന ഒരേഒരു സാക്ഷ്യപത്രം. ആ മണല്‍ കൂനകളിലൊന്നിലാണ് സാമിയുടെ വീട്.

സാമിയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? അരോഗദൃദഢഗാത്രനായ ഒരു മദ്ധ്യവയസ്കൻ! നല്ല ഉയരവും പൊക്കത്തിനൊത്ത വണ്ണവുമുള്ള ഒരൊത്ത മനുഷ്യൻ!
പുരികങ്ങളുടെ മദ്ധ്യത്ത് നിന്ന് തുടങ്ങി കഷണ്ടി കയറിയ തലയിലേക്ക് എത്തി നിൽക്കുന്ന നീളൻ ഗോപിക്കുറിയില്ലാതെ സാമിയെ കാണുക അസാദ്ധ്യം!
പൊക്കിളിന് മുകളിൽ കേറ്റികുത്തിയ കൈലിമുണ്ടിന്റെ മറ്റേ അറ്റം മുട്ടിന് താഴെ എത്തി നിൽക്കും. കഴുത്തിനെ ചുറ്റി കിടക്കുന്ന ഒരു ഒറ്റത്തോർത്ത്...ഇത്രയുമാണ് സാമിയുടെ ഒരേകദേശരൂപം!

സാമിയുടെ ജോലി! അതങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. എന്തും ചെയ്യും. കണക്കിന് കൂലികിട്ടണമെന്ന് മാത്രം!
തെങ്ങുകയറും, തേങ്ങപൊതിക്കും, വേലികെട്ടും, തെങ്ങിന് തടംവെട്ടും, കുളം വെട്ടും, കിണറ് തേകും...അങ്ങനെ...അങ്ങനെ...എന്തു പണിയും സാമി ചെയ്യും.
സാമിക്ക് വെറുതേ ഇരിക്കാൻ ഒരിക്കലും സമയം കിട്ടിയിരുന്നില്ല. ജോലിയിലെ കൃത്യനിഷ്ഠയും,വൃത്തിയും മാത്രമല്ല, സാമി വന്നുകഴിഞ്ഞാൽ...അല്ലെങ്കിൽ സാമിയെ ഒരു ജോലി ഏൽ‌പ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് ആരും ആലോചിക്കേണ്ട കാര്യം‌പോലുമില്ല.
കണാരൻ മൂപ്പന്റെ വീട്ടിൽ വേലികെട്ടാൻ പോയത് എന്നത്തേതുംപോലെ തന്നെയാണ്. മൂപ്പന്റെ വീടാണെങ്കിലും മച്ചാന്റെ വീടാണെങ്കിലും സാമിക്ക് പ്രത്യേകത ഒന്നുമില്ല. പണിയെടുക്കും. കൂലികൃത്യമായി കിട്ടണം അത്രമാത്രം!
രാവിലെ മുതൽ വൈകുന്ന വരെ കഠിനപ്രയത്നം! പഴയവേലി ഒരു ഓർമ്മയായി.
കൈയും കാലും മുഖവുമൊക്കെ കഴുകി സാമി കൂലിക്കായ് കണാരൻ മൂപ്പന്റെ മുന്നിലെത്തി.
സാമിയെക്കണ്ട് മൂപ്പനൊരു ചിരി പാസാക്കി. ആ ചിരിയിൽ എന്തോ പന്തികേടു മണക്കുന്നുണ്ടായിരുന്നു. പിശുക്കന്റെ പണി സാമിയോടോ?
“സാമീ...” കണാരൻ മൂപ്പൻ മോണകാണിച്ച് ഒരു ചിരിചിരിച്ചു. വലതു കൈയുടെ വിരലുകൾ ഉച്ചിയിലെ മുടിയിൽ അറിയാതെ പിടിച്ചു വലിച്ചുകൊണ്ടിരുന്നു.
“ഒരത്യാവശ്യമുണ്ടായി...ബാങ്കിൽ കുറച്ചു പൈസ ഇടേണ്ടതായ് വന്നു.കൂലി മുഴുവനുമില്ല. നാളെ ആ അപ്പുക്കുട്ടന്റെ വീട്ടീന്ന് പലിശക്കാശുകിട്ടുമ്പോ തീർത്തുതരാം.അപ്പോ ശരി...“ മൂപ്പൻ വീട്ടിന്നുള്ളിലേയ്ക്ക് നടന്നു.
“സാരമില്ല മൂപ്പാ...നമ്മുക്ക് നാളെ കാണാം.” സാമിയും തിരിച്ചുനടനന്നു.
അന്നു രാത്രി പശുവിന് കാടിവെള്ളം കൊടുക്കാൻ തൊഴുത്തിലെത്തിയ മൂപ്പൻ ഒരു വിവരമറിഞ്ഞു!
തൊഴുത്തിൽ പശുവില്ല! കുടം നിറയെ പാലു തരുന്ന പശു!
റാന്തൽ വിളക്കുമായ് മൂപ്പൻ പശുവിനെ നോക്കാൻ തീരുമാനിച്ചു.തൊഴുത്തിനു മുന്നിൽ... മണലിൽ... കാൽ വിരലിനാൽ എന്തോ എഴുതിയിരിക്കുന്നു.
‘കാശു തരുമ്പോ പശൂം വരും.’
“സാമദ്രോഹീ...” മൂപ്പൻ നിലത്തോട്ടിരുന്നു.
സാമി പശുവുമായി അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്കാണ് പോയത്. വീടിനു മുന്നിലെ പ്ലാവിൽ പശുവിനെ കെട്ടി.
വാതുക്കലേയ്ക്ക് വന്ന അമ്മയോട് സാമി പറഞ്ഞു. “തൽക്കാലം ഇതിവിടെ നിക്കട്ടെ. രാവിലെ കൊച്ചന് പാല് കറന്ന് കൊട്...”
“കൊള്ളാം നല്ല ശേലായി... ഇതിനെവിടുന്നാ ഇനി തീറ്റി എടുത്ത് കൊടുക്കുന്നേ...”
“മൂപ്പന്റെ പശുവാ...അയാളു നിങ്ങടെ പലിശേടെ കാര്യോം പറഞ്ഞ് എന്റെ കൂലിയങ്ങ് വിഴുങ്ങി. ഞാൻ പശൂനേം അങ്ങ് മുക്കി...”
“ഇതെന്തൊക്കെ പുലിവാലാണോ? പലിശേം...സ്കൂളിലെ ഫീസും...എല്ലം കൂടി ഞങ്ങളെന്തു ചെയ്യും ദൈവമേ...” അമ്മ കരച്ചിൽ തുടങ്ങി.
ഫീസു കൊണ്ട് ചെല്ലാതെ ക്ലാസിൽ കേറണ്ടന്നാണ് അപ്പുക്കുട്ടനോട് ടീച്ചറ് പറഞ്ഞിരിക്കുന്നത്.
“നിങ്ങളു പേടിക്കാതെ എല്ലാത്തിനും ഒരു വഴിയുണ്ടാവും.” സാമി പോയി.
പിറ്റേന്ന് കാലത്ത് മുറ്റത്ത് ബഹളം കേട്ടാണ് അപ്പുക്കുട്ടനുണർന്നത്.
മൂപ്പൻ പശുവിനേം അഴിച്ചോണ്ട് പോകുന്നു.
സാമി ചിരിച്ചുകൊണ്ട് നിൽക്കുന്നു.
“മോനിങ്ങ് വന്നേ...” സാമി അപ്പുക്കുട്ടനെ വിളിച്ചു.
“എത്ര രൂപയാ ഫീസുകൊടുക്കേണ്ടത്?” സാമിയുടെ കൈവിരലുകൾ അപ്പുക്കുട്ടന്റെ മുടിയെ തലോടി.
“ഇരുപത്തഞ്ച്.” അപ്പുക്കുട്ടന്റെ ശബ്ദം വളരെ പതുക്കെ ആയിരുന്നു.
“ദാ, ഇതിരിക്കട്ടെ. ഈ പണം നീ ഒരിക്കലും എനിക്ക് തിരിച്ച് തരരുത്...ഇതിനാവശ്യക്കാരുണ്ടാവും. ഇപ്പോഴല്ല. നീ പഠിച്ച് വലുതായ് ഉദ്യോഗമൊക്കെ കിട്ടിക്കഴിയുമ്പോ ആരെങ്കിലുമൊക്കെ വരും...പഠിപ്പിന്ന് കാശാവശ്യമായ്...ഇതവർക്ക് നീ തിരിച്ച് നൽകണം...നല്ലതുവരട്ടെ...”
സാമിയെ പിന്നവിടെ കണ്ടില്ല.
അമ്മ മുണ്ടിൻ തുമ്പാൽ കണ്ണ് തുടയ്കുന്നുണ്ടായിരുന്നു.


Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP