പച്ചവെള്ളം
Sunday, October 2, 2011
നല്ല പുതു പുത്തൻ പെടയ്ക്കണ നോട്ട്! ആദ്യമായിട്ടാണ് അപ്പുക്കുട്ടന്റെ കൈയിൽ ഇത്തരമൊരു നോട്ട് കിട്ടുന്നത്. അതും ഒരു രൂപ നോട്ട്!.
എന്നും വിഷുവായിരുന്നെങ്കിൽ...എന്നും കണികാണാൻ പറ്റുമായിരുന്നെങ്കിൽ...എന്നും കൈനീട്ടം കിട്ടുമായിരുന്നെങ്കിൽ...
കൈ നീട്ടം കിട്ടിയ ഒരു രൂപ നോട്ടിനെ അപ്പുക്കുട്ടൻ ഉള്ളം കൈയിൽ നിവർത്തി വെച്ച് മുഖത്തിനോടടുപ്പിച്ചു. പുത്തൻ നോട്ടിന്റെ മണം!
അപ്പുക്കുട്ടൻ ആ നോട്ടിനെ ഉമ്മവെച്ചു. അമ്മ സന്തോഷം കൊണ്ട് സേതുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കുന്നതു പോലെ...
സേതുവിനും സന്തോഷിക്കാൻ വകയുണ്ട്. അവൾക്ക് കിട്ടിയത് അൻപത് പൈസ ആണ്. അവളെ ശരിക്കും പറ്റിച്ചതാണ്. ഒരു രൂപാ വേണോ അൻപത് പൈസ വേണോ എന്ന് അച്ഛൻ അവളോട് ചോദിച്ചു. അച്ഛൻ ‘അൻപത്’ എന്നത് ഒരു ആനയുടെ കനത്തിലാണ് പറഞ്ഞത്.
മണ്ടിപ്പെണ്ണ്!
അവളതിൽ വീണു.
എന്നിട്ടും അച്ഛൻ ചിരിച്ചു കൊണ്ട് ഒരു രൂപ നോട്ട് അവൾക്ക് നേരേ നീട്ടി.
അവൾ അപ്പുക്കുട്ടന്റെ കൈയിലെ ഒരു രൂപാ നോട്ടിലേക്കും അച്ഛൻ നീട്ടിയ നോട്ടിലേയ്ക്കും സംശയത്തോടെ നോക്കി.
പിന്നെയൊരു ബഹളമായിരുന്നു. മീൻകാരൻ കോയ കൂവുന്നതുപോലെ....
“എനിക്ക് അൻപത് പൈസ മതിയേ...എനിക്ക് അൻപത് പൈസ മതിയേ...”
‘അൻപത്’ എന്നത് അച്ഛൻ പറഞ്ഞതിലും കനത്തിൽ പറയാനവൾ ആ അലറലിലും ശ്രമിച്ചുകൊണ്ടിരുന്നു.
അപ്പുക്കുട്ടൻ പൊട്ടിപ്പൊട്ടി ചിരിച്ചു. അച്ഛൻ ചൂണ്ടുവിരൽ ചുണ്ടിൽ വെച്ച് മിണ്ടരുതെന്ന് കാണിച്ചു.
അൻപത് പൈസ തുട്ട് ഉയർത്തിക്കാട്ടി അവൾ അപ്പുക്കുട്ടനെ കൊഞ്ഞനം കാട്ടി. ഗർവോടെ അവന്റെ മുന്നിലൂടെ സേതു നടന്നു.
“ഈ പെണ്ണുങ്ങളെല്ലാം മണ്ടികളാ അല്ലേ അച്ഛാ...?” അപ്പുക്കുട്ടൻ അച്ഛന്റെ ചെവിയിൽ ചോദിച്ചു.
“അതെന്താ?”
“അമ്മയ്ക്ക് സ്വർണ്ണമാല വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ പറഞ്ഞതെന്താ?, എടീ, നെനക്ക് സ്വർണ്ണമാലേക്കാൾ എണക്കം മുത്തുമാലേന്നല്ലേ...പാവം അമ്മ...ചക്കിപ്പൂച്ചേടെ കഴുത്തിൽ മാലകെട്ടിയപോലെയാ അമ്മയിപ്പോൾ നടക്കുന്നേ...”
അച്ഛൻ അപ്പുക്കുട്ടന്റെ വാ പൊത്തി. “അമ്മ കേക്കണ്ട”
ഉച്ചകഴിഞ്ഞതോടെ സേതുവിന്റെ സ്വഭാവത്തിന് ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങി. അച്ഛൻ ഊണുകഴിഞ്ഞുള്ള ഉറക്കത്തിലേയ്ക്ക് വീണിരുന്നു. അമ്മ പതിവുപോലെ മാഞ്ചുവട്ടിലെ പരദൂഷണ കമ്മറ്റിയിൽ വായിൽ നാവിടാതെ അദ്ധ്വാനിച്ചുകൊണ്ടിരുന്നു.
രണ്ടുപേരേയും ഇത്തരം സന്ദർഭത്തിൽ ശല്യപ്പെടുത്തുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലന്ന് സേതുവിനും അറിയാം.
അതുകൊണ്ട് അവൾ അപ്പുക്കുട്ടന്റെ പുറകേ കൂടി.
“എനിക്കാ ഒരു രൂപാ തരാമോ? ഞാനേ ‘അൻപത്‘ പൈസ തരാം.” ‘അൻപത്’ പൈസയ്ക്ക് അച്ഛൻ പറഞ്ഞിരുന്നതുപോലെ മുഴുപ്പ് കൊടുക്കാൻ അവൾ അപ്പോഴും ശ്രമിച്ചിരുന്നു!
‘നിന്റെ വലിയ പൈസ നിന്റെ കൈയിലിരുന്നോട്ടെ...എനിക്ക് ഒരു രൂപ മതി” അപ്പുക്കുട്ടൻ പറഞ്ഞു.
കുറച്ച് നേരം തലേം ചൊറിഞ്ഞ് അവൾ അപ്പുക്കുട്ടനെ ചുറ്റിപ്പറ്റി നിന്നു. പിന്നെ ഒരോട്ടമായിരുന്നു. വീടിന് ഒരു വലം വെച്ച് അവൾ വീണ്ടും അപ്പുക്കുട്ടന്റടുക്കലെത്തി.
“പിന്നെ... ഞാനൊരു കാര്യം പറയട്ടെ...”
അമ്മപ്പശുവിന്റെ അകിടിനെ ചുറ്റി പശുക്കിടാവ് നടക്കുന്നതുപോലുള്ള അവളുടെ നടപ്പ് കണ്ടപ്പോഴേ അപ്പുക്കുട്ടന് എന്തോ പന്തികേട് മണത്തിരുന്നു.
“എന്താ?”
“ബിന്ദു പറയാണേ...” കുറച്ചുനേരം അവൾ തലയും ചൊറിഞ്ഞ് നിന്നു. തല മുഴുവൻ പേനാണ്. കൊണ്ടുപോയി മുടി വടിച്ചു കളയാൻ അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞതിന് എന്തെല്ലാം പ്രശ്നങ്ങളാണവളുണ്ടാക്കിയത്.
“പെണ്ണുങ്ങളായാൽ അങ്ങനെയാ...മുടിയുമുണ്ടാവും. പേനുമുണ്ടാവും.” അച്ഛനന്നങ്ങനെ പറഞ്ഞതോടെ സേതു അടങ്ങി. അവൾ അപ്പുക്കുട്ടനെ നോക്കി ഗോഷ്ഠി കാണിച്ചു. പക്ഷേ അമ്മ ഏറ്റു പിടിച്ചു. പെണ്ണുങ്ങളെ അടച്ചാക്ഷേപിച്ചതിൽ അമ്മ പ്രതിക്ഷേധിച്ചു. പ്രശ്നം മാഞ്ചുവട്ടിലെ കമ്മറ്റിയിൽ അവതരിപ്പിക്കുമോന്ന് അച്ഛന് പേടിയുണ്ടായിരുന്നു. പക്ഷേ അങ്ങനൊന്നും സംഭവിച്ചില്ല.
“ബിന്ദു പറയാണേ...ഒരു രൂപയാണ് വല്ല്യതെന്ന്...”
“വേല മനസ്സിലിരിക്കട്ടെ കുഞ്ഞേ, നിനക്ക് കിട്ടിയത് നീയെടുത്തോ...എനിക്ക് കിട്ടിയത് ഞാനും...” അപ്പുക്കുട്ടൻ ഞാന്നു കിടന്നിരുന്ന മാവിൻകൊമ്പിൽ കൈപിടിച്ച് തൂങ്ങിയാടിക്കൊണ്ടിരുന്നു.
“പിന്നെ ഒരു രൂപാക്കാരൻ മൊതലാളി നടക്കണു...”
“ ങ്ഹാ, മൊതലാളി തന്നെയാ.” അപ്പുക്കുട്ടന് അവളുടെ കളിയാക്കൽ ഒട്ടും ഇഷ്ടപ്പെട്ടില്ല. നല്ലൊരു ദിവസമായിട്ട് അച്ഛന്റെ കൈയിൽ നിന്നും കിഴുക്ക് വാങ്ങേണ്ടന്ന് കരുതി മാത്രം അവൻ കയ്യാങ്കളി ഒന്നും നടത്തിയില്ല.
“മൊതലാളിക്ക് ചൊണയൊണ്ടോ എന്നോട് പന്തയം വെയ്കാൻ...” ഇത്തിരിപ്പോന്നൊരു കാന്താരിപ്പെണ്ണ് അപ്പുക്കുട്ടനെ വെല്ലുവിളിക്കുന്നു!
“എന്ത് പന്തയം?” പന്തയത്തിലെന്നും അപ്പുക്കുട്ടനേ ജയിച്ചിട്ടുള്ളു. ഇത്തിരിപ്പോന്ന ഈ കാന്താരീടെ മുന്നിൽ തോറ്റുകൊടുക്കാനോ? അപ്പുക്കുട്ടൻ അതിനൊരിക്കലും തയ്യാറല്ല്ലായിരുന്നു. ആണിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ശ്രമം! അത് അനുവദിക്കാൻ പാടില്ല. മുളയിലേ നുള്ളണം.
“അതേ... ഏറ്റവും കൂടുതൽ വെള്ളം കുടിക്കണതാരണന്ന് പന്തയം!”
ഇത്ര നിസ്സാരമായൊരു കാര്യമാണോ പന്തയമായിട്ട് പറയുന്നത്. അപ്പുക്കുട്ടൻ മറിച്ചൊന്നും പറഞ്ഞില്ല. വിജയം സുനിശ്ചിതം!
രണ്ടുപേരും പഞ്ചായത്ത് കിണറ്റിനടുത്തേക്ക് നടന്നു.
“ആദ്യം ഞാൻ കുടിക്കാം.” സേതു പറഞ്ഞു. അപ്പുക്കുട്ടനും അതുതന്നെ നല്ലതെന്ന് തോന്നി.
കിണറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം കോരി അപ്പുക്കുട്ടൻ സേതുവിന്റെ കൈക്കുമ്പിളിലേയ്ക്ക് സാവധാനം ഒഴിച്ചു കൊടുത്തു. അവളത് കുടിച്ചുകൊണ്ടുമിരുന്നു.
ഏകദേശം ബക്കറ്റിന്റെ കാൽഭാഗം വെള്ളം അവൾ കുടിച്ചുകാണും. പെട്ടെന്ന് അപ്പുക്കുട്ടനെ അതിശയപ്പെടുത്തിക്കൊണ്ട് അവൾ താഴെ തറയിലേയ്ക്കിരുന്നു. രണ്ടുകൈകൊണ്ടും വയർ പൊത്തിപ്പിടിച്ചിട്ടുണ്ടായിരുന്നു അവൾ!
“എന്താ? എന്തു പറ്റി?”
അപ്പുക്കുട്ടന്റെ ചോദ്യത്തിന് മറുപടി രാവിലെ അൻപത് പൈസായ്ക്ക് വേണ്ടി ഉണ്ടാക്കിയതുപോലെ തന്നെയായിരുന്നു. മീൻകാരൻ കോയ കൂവുന്നതുപോലെ!
കൂട്ടത്തിൽ ഇടയ്ക്കിടയ്ക്ക് അവൾ പറയുന്നുണ്ടായിരുന്നു.”എന്നെക്കൊണ്ട് വെള്ളമെല്ലാം കുടിപ്പിച്ച് എന്റെ വയറെല്ലാം പൊട്ടുന്നേ...എന്റെ വയറെല്ലാം പൊട്ടുന്നേ...”
അപ്പുക്കുട്ടന് എന്തുചെയ്യണമെന്ന് ഒരുപിടിയും കിട്ടിയില്ല.
“ഞാനച്ഛനോട് പറയുമേ....ഞാനമ്മയോട് പറയുമേ...എന്റെ വയറ് പൊട്ടുന്നേ...” അലറലിന് ഒരു അറുതിയുമില്ലായിരുന്നു.
അപ്പുക്കുട്ടൻ ആകെ വെപ്രാളത്തിലായി. സംഗതി കാര്യമാകാനാണ് സാധ്യത. അച്ഛനറിഞ്ഞാൽ അടി ഉറപ്പ്.
‘ഒന്നുമറിയാത്ത പെണ്ണിനെ വെള്ളം കുടിപ്പിച്ച് വയറ് കേടാക്കിയെന്ന്‘ അമ്മയും പറയും.ഉറപ്പാണത്!
അപ്പുക്കുട്ടന്റെ കൈ അറിയാതെ പോക്കറ്റിലേയ്ക്ക് പോയി. തിരികെ വന്ന കൈയ്യിൽ ഒരു രൂപ നോട്ടുണ്ടായിരുന്നു. സേതുവിന്റെ കരച്ചിൽ പിടിച്ച് നിർത്തിയത് പോലെ നിന്നു.
അവൾ അപ്പുക്കുട്ടന്റെ കൈയ്യിൽ നിന്നും ഒരു രൂപ നോട്ട് തട്ടിപ്പറിച്ചുകൊണ്ട് വീട്ടിലേയ്ക്ക് ഓടി.
അപ്പുക്കുട്ടൻ പുറകേ ഓടിയില്ല...അവൻ കരഞ്ഞില്ല...
താടിക്ക് കൈ താങ്ങി അവനങ്ങനെ നിന്നു.
പെണ്ണിന്റെ ശക്തി അവളുടെ കണ്ണിരാണന്ന് അച്ഛൻ പറയുന്നത് ശരി തന്നെ. അവനോർത്തു.