Followers

ശ്രീനിയും സാരിയും

Sunday, July 20, 2008

ശ്രീനിവാസനും ലക്ഷ്മിയും!

നല്ല പെർഫെക്റ്റ് ജോടികൾ. ശ്രീനിവാസന് ലക്ഷ്മിയേയും, ലക്ഷ്മിയ്ക് ശ്രീനിവാസനേയും പ്രാണനാണ്. പിന്നെ ഏത് പെർഫെക്റ്റ് ജോടിയായാലും ഇടയ്കിടയ്ക്കൊന്ന് തട്ടിയും മുട്ടിയുമിരിക്കും. ഇവിടെയും അതുപോലൊക്കെ സം‌ഭവിക്കാറുണ്ട്. അല്ലെങ്കിൽ പിന്നെന്ത് രസമല്ലേ! ചട്ടീം കലോമൊക്കെ ആകുമ്പോൾ തട്ടീം മുട്ടീമിരിക്കണമല്ലോ.

ലക്ഷ്മിയ്ക് കുറേനാളായുള്ളൊരാഗ്രഹമാണ് മഞ്ഞയിൽ വെള്ള ഡിസൈനുള്ള സാരി വേണമെന്ന്. ആ സാരിയ്ക്ക് ഒരു പ്രത്യേക പേരുമുണ്ട്. ശ്രീനിവാസൻ അതിപ്പോൾ ഓർക്കുന്നില്ല. നൂറ് കൂട്ടം പണീടെ ഇടയ്ക് ഒരു സാരി വെറും സില്ലി കേസ്! ശ്രീനിവാസൻ ഓർക്കുന്ന ഒരു കാര്യമുണ്ട്. ലക്ഷ്മിയുടെ പിറന്നാളിന്റെ അന്ന് വാങ്ങിക്കൊടുക്കണമെന്നാണ് ഡിമാന്റ്! പിറന്നാള് ദിവസം മറക്കാതെ ഓർമ്മിപ്പിക്കാനുള്ള പണിയും ലക്ഷ്മിയെ തന്നെ ഏല്‍പ്പിച്ചു. തികച്ചും ബുദ്ധിപരമായ തീരുമാനം. അഥവാ ലക്ഷ്മി മറന്നാൽ പ്രശ്നമില്ല. മറിച്ച് ശ്രീനിവാസൻ മറക്കാനിടയായാലോ? പ്രശ്നങ്ങളേ ഉണ്ടാവൂ. പ്രശ്നങ്ങളുണ്ടാക്കാൻ ആഗ്രഹമില്ലാത്തതിനാൽ ശ്രീനിവാസൻ അന്ന് സാരിയുമായേ മടങ്ങൂ എന്ന്ഉറപ്പിച്ചിരുന്നു.

പക്ഷേ എന്തു ചെയ്യാം. ജോലികഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങിയപ്പോൾ ഒത്തിരി താമസിച്ച് പോയി. ഒത്തിരി താമസിച്ചു എന്ന് പറഞ്ഞാൽ രാത്രി പത്ത് മണി കഴിഞ്ഞു. സാരിയെക്കുറിച്ച് ഓർത്തിരുന്നു. പക്ഷേ ബോസിനതറിയില്ലല്ലോ. അങ്ങേരുടെ ഭാര്യേടെ പിറന്നാളല്ലല്ലോ. ദുഷ്ടൻ! ഒരു നല്ല ദിവസമെങ്കിലും ലക്ഷ്മീടെ കരഞ്ഞ് കലങ്ങിയ കണ്ണുകളും വിങ്ങിവീർത്ത മുഖവും കാണരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞെങ്കിലും ഇന്നിനി സാരിയില്ലാതെ വീട്ടിലേയ്ക്കില്ലന്ന് ശ്രീനിവാസൻ തീരുമാനിച്ച് കഴിഞ്ഞു. വേറെ വഴിയില്ലങ്കിൽ പോകുന്ന വഴി വല്ല തുണിക്കടയും കുത്തിത്തുറന്നെങ്കിലും ഒരു സാരി കൊണ്ട് പോയിരിക്കും. ഇത് കട്ടാ‍യം! ശ്രീനിവാസൻ ശപഥമെടുത്തു.

മുൻ‌പൊരിക്കൽ വാക്ക് പാലിക്കാതെ വീട്ടിൽ ചെന്നതിന്റെ പരിണിതഫലം ശ്രീനിവാസൻ ഇന്നുമോർക്കുന്നു. കൈയിലൊരു കൊടുവാള് കൂടി അവൾക്ക് കൊടുത്തിരുന്നേൽ വെളിച്ചപ്പാടാക്കാമായിരുന്നു. പെർഫെക്റ്റ് ജോടികളുടെ
പെർഫെക്റ്റ് മാച്ച് അന്നാണ് ഉണ്ടായത്. ഇന്ത്യാ-പാകിസ്താൻ മാച്ച് പോലെ വീറും വീര്യവുമുള്ള മാച്ച്.
ലക്ഷ്മീടെ ബൗളിങ്ങും ശ്രീനിവാസന്റെ ബാറ്റിങ്ങും!
ഫ്രിഡ്ജീന്ന് തക്കാളിയും കാരറ്റും വെണ്ടക്കയുമൊക്കെ പറപറന്നു. നല്ല തകർപ്പൻ ബൗളിങ്ങായിരുന്നു ലക്ഷ്മി കാഴ്ചവെച്ചത്. റണ്ണൊന്നുമെടുക്കാതെ വിക്കറ്റ് കളയാതെ എങ്ങനെയെങ്കിലും കഴിഞ്ഞ് കൂടാമെന്ന് കരുതിയ ശ്രീനിവാസനെ പ്രകോപിപ്പിച്ച് കൊണ്ട് ഒരു ഫുൾടോസ് മൂക്കിന്റെ പാലത്തിൽ വന്നിടിച്ചു. പ്രതീക്ഷിച്ചതിനേലും താണ് വന്നൊരു ബൗൺസർ താടിയെല്ലിലൊരു ഇളക്കം തട്ടിച്ചു. പിന്നെയൊരു ബാറ്റിങ്ങായിരുന്നു ശ്രീനിവാ‍സന്റെ വക! ലക്ഷ്മീടെ അണപ്പല്ലൊരൊണ്ണം ഇളകിയ വകുപ്പിൽ നഷ്ടമായത് അവളുടെ ഡിമാന്റിന്റെ പത്തിരട്ടി!

ഇന്നേതായാലും അങ്ങൊനൊരു സ്ഥിതി ഉണ്ടാവരുത്. ഫോണെടുത്ത് സുശീലനെ വിളിച്ചു.

“ഹലോ സുശീലാ, ഒരു പ്രശ്നമുണ്ട്. എനിക്ക് അത്യാവശ്യമായി ഒരു സാരി വേണം.”

“ഈ പാതിരാത്രിയ്ക്കോ?”

“അതേടാ. അല്ലെങ്കിൽ ഈ പാതിരാത്രിയിലും എന്റെ വീട്ടിൽ നട്ടുച്ചയാവും. എന്തെങ്കിലും ഒരു വഴി പറ.”

“എന്റെ ഭാര്യേടെ ഒരു സാരി കൊണ്ട് തന്നാൽ മതിയോ?”

“ അതിന് പഴയ മണം കാണുകേലേടാ. ലക്ഷ്മി മണം പിടിച്ച് കണ്ട് പിടിക്കും. അവൾക്കെന്നെ വല്ല്യ വിശ്വാസമാ...”

“എങ്കിൽ നീ ഒരു പണി ചെയ്യ്. ഇങ്ങോട്ട് പോര്. നമ്മടെ ഹൗസ് ഓണറെയൊന്ന് എണീപ്പിക്കാവോന്ന് നോക്കട്ടെ.”

സുശീലന്റെ ഹൗസ് ഓണർക്ക് ഒരു ചെറിയ തുണിക്കടയൊക്കെ ഉണ്ട്. അത്യാവശ്യം ഒരു സാരിയൊക്കെ സംഘടിപ്പിക്കാൻ പറ്റുമായിരിക്കും. പക്ഷേ മഞ്ഞയിൽ വെള്ള ഡിസൈനുള്ളത് കിട്ടുമോ...

പാതിരാത്രിയായതിനാലാവും കടയ്ക്ക് അകത്ത് നിന്നും പുറത്തേയ്ക്ക് നോക്കിയിട്ട് പോലും വലിയ വിശാലതയൊന്നും തോന്നിയില്ല. ശ്രീനിവാസന്റെ ശ്രദ്ധ കടയ്ക്ക് പുറത്തേക്കായതിനാലാവും ഓണർ ഷട്ടറിട്ടു. “രാത്രീല് ഏതൊക്കെ തരം ആൾക്കാരാ ഇതിലേ പോവുന്നതെന്ന് എങ്ങനാ അറിയണേ. ഷട്ടറിടുന്നതാ നല്ലത്.”

ഉറക്കം പോയാലും സാരി ചെലവാകുമല്ലോയെന്നുള്ള ഒരു സന്തോഷം ഓണറുടെ മുഖത്തുണ്ടായിരുന്നു.
മഞ്ഞയിൽ വെള്ള ഡിസൈനുള്ള പേരറിയാത്ത സാരിയ്ക്ക് വേണ്ടി തിരയുകയായിരുന്നു ശ്രീനിവാസൻ.
“സാറ് പറയുന്ന പോലത്തെ സാരി വേണേൽ രണ്ട് ദെവസം കഴിഞ്ഞ് ഞാൻ വീട്ടിലെത്തിച്ച് തരാം.”
‘ അപ്പോൾ ഇയാള് രണ്ട് ദെവസത്തേയ്ക്ക് വീട്ടിലേയ്ക്ക് പോകേണ്ടന്നാണോ?” സുശീലന് ചിരി.
“ എങ്കീ പിന്നെ ചുവപ്പെടുക്ക് സാറേ, ഇതില് വെള്ള ഡിസൈനുണ്ടല്ലോ. ഈ പെണ്ണുങ്ങള് പറയുന്നതൊന്നുമത്ര കാര്യമാക്കല്ലേ സാറേ അവർക്കീ തുണിക്കടേലെ തുണി മൊത്തമെടുത്ത് കാണിച്ചാലും ഒന്നുമിഷ്ടപ്പെടില്ല. അവസാനം ഏതെങ്കിലും ഒരു ഒരെണ്ണം ഇഷ്ടപ്പെടും. അതീ കൂട്ടത്തിലെ ഏറ്റവും മോശവുമായിരിക്കും.”

കൂടുതൽ നേരം നിന്ന് മറ്റൊരു ഇന്ത്യാ-പാക്കിസ്താൻ മാച്ചുണ്ടാവണ്ടായെന്ന് കരുതി ചുവപ്പെങ്കിൽ ചുവപ്പ് പാക്ക് ചെയ്യാൻ ശ്രീനിവാസൻ സമ്മതിച്ചു.
കുറേക്കാലമായി ചെലവാകാതിരുന്ന സാധനം ചെലവാകുന്നതിന്റെ സന്തോഷം ഓണർക്ക്. ശ്രീനിവാസന് വേറേ വഴിയില്ലല്ലോ. പിറന്നാള് മാറ്റിവെയ്ക്കാൻ പറ്റുകേലല്ലോ.

ചുവപ്പ് സാരി ഫാനിൽ കെടന്ന് കറങ്ങുമെന്ന് ശ്രീനിവാസന് ഉറപ്പായിരുന്നു. എങ്കിലും തീപാറുന്ന ഒരു മത്സരത്തിൽ നിന്നും ഒഴിവാകാൻ പറ്റുമല്ലോയെന്നുള്ള ആശ്വാസമായിരുന്നു കടയിൽ നിന്നും പുറത്തിറങ്ങുമ്പോൾ!

ആശ്വാസത്തിന് അധികനേരമുണ്ടായില്ല.

കടയ്ക്ക് പുറത്ത് തങ്ങളെ കാത്ത് പോലീസുണ്ടാവുമെന്ന് അവരോർത്തിരുന്നില്ലല്ലോ. പിടുത്തം വീണു മൂവരുടേയും കഴുത്തിൽ. “ റാസ്ക്കത്സ് പാതിരാത്രി കടകുത്തിത്തുറന്ന് മോഷണം നടത്തുന്നോ. കേറടാ വണ്ടീല്...”
ഉർവ്വശീ ശാപം ഉപകാരമായെന്നാണ് പോലീസുകാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ശ്രീനിവാസന് തോന്നിയത്.
ലക്ഷ്മിയുടെ ബൗളിങ്ങിൽ നിന്നും രക്ഷപ്പെടാനായ് ഇത്തവണ പോലീസ് കഥ മതിയാകും.


(സമർപ്പണം: ട്രാഫിക് സിഗ്നൽ ജമ്പ് ചെയ്തു എന്ന് പറഞ്ഞ് 100 രൂ. ചെല്ലാൻ എഴുതി അയച്ച പോലീസുകാരന്. സിഗ്നൽ ജമ്പ് ചെയ്തത് ഒരു ഞായറാഴ്ച രാവിലെ 9.10ന് എന്നാണ് ചെല്ലാനിൽ. പോഴൻ പോലീസുകാരന് അറിയാമോ ഞായറാഴ്ച ദിവസം എനിക്ക് നേരം വെളുക്കുന്നത് തന്നെ 10 മണി കഴിഞ്ഞാണന്ന്!)

16 comments:

തമനു said...

ഇനി ഉറക്കത്തിലെങ്ങാനും ജമ്പ് ചെയ്തോ സതീശാ‍ ...?

പണ്ടെങ്ങാണ്ടു് ഏതോ ഹോട്ടലില്‍ കൊണ്ടുപോകാം എന്നും പറഞ്ഞു് ഭാര്യയെ പറ്റിച്ചില്ലേ...? ഇപ്രാവശ്യം പോലീസ് കഥ പറഞ്ഞു പറ്റിച്ചു. പാവം ഭാര്യ.

നിരക്ഷരൻ said...

ലക്ഷിമാരുടെ ബൌളിങ്ങില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാ ശ്രീനിവാസന്മാര്‍ക്കും ഇത്തരം കഥകള്‍ വഴികാട്ടിയാകട്ടെ :) :)

ഓ.ടോ:‌- ഈ പുതിയ ബാനര്‍ എനിക്ക് ഭയങ്കര ഇഷ്ടമായതിന്റെ കാരണം സതീഷിനറിയാമല്ലോ ? :) :)

ദിലീപ് വിശ്വനാഥ് said...

ഹഹഹ... നല്ല കഥ. എന്തായാലും ചുവപ്പ് സാരി കൊണ്ട് ചെന്നിട്ട് എന്തുണ്ടായി?

Sathees Makkoth | Asha Revamma said...

തമനൂ, വേണ്ടാ വേണ്ടാ...ഇതു കഥയല്ലേടോ.

നിരക്ഷരാ, ബാനർ എനിക്കും ഭയങ്കര ഇഷ്ടാ.നന്ദി.

വാൽമീകി...കഥ ഇവിടെ വെച്ച് നിർത്തുന്നതല്ലേ നല്ലത് :)

എല്ലാവർക്കും നന്ദി.

കുഞ്ഞന്‍ said...

സതീശ് ഭായി..

സന്ദേഹം സന്ദേഹം...സ്വന്തം അനുഭവമാണൊ..?

സാരിയും കൊണ്ട് വീട്ടില്‍ ചെല്ലുമ്പോഴുള്ള രംഗങ്ങള്‍ കൂടി എഴുതാമായിരുന്നു..പക്ഷെ കഥ ഇങ്ങനെ അവസാനിപ്പിക്കുന്നതാണ് കഥയുടെ ഭംഗി. അഭിനന്ദനങ്ങള്‍..!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മഞ്ഞയില്‍ വെള്ള ഡിസൈന്‍ എന്നാ കളര്‍ സെന്‍സ്!!!!!

ശ്രീ said...

ഉവ്വുവ്വ. സാരി കൊടുക്കാം ന്ന് പറഞ്ഞ് പാവം ആഷ ചേച്ചിയെ പറ്റിച്ചൂല്ലേ?
;)

Kaithamullu said...

മഞ്ഞയില്‍ വെള്ള?
(കുട്ടിച്ചാത്താ, അത് കോളാമ്പിപ്പുവില്‍ പ്രാവ് തൂറിയപോലിരിക്കും, അല്ലേ?)

പാവം ആഷ!,
പാവം പാവം സതീശ്!!

Sathees Makkoth | Asha Revamma said...

കുഞ്ഞാ,സ്വന്തം അനുഭവമല്ല. ചുവപ്പ് സാരി അവിടെ കിടക്കട്ടേയെന്ന്!

എന്താ ചാത്താ മഞ്ഞയിൽ വെള്ള ഡിസൈന്!
ഡിസൈനേതായാലും സാരി നന്നായാൽ മതി.

ശ്രീ, ആഷയെ പിടിച്ച് ഇടയ്ക്കിടരുതേ...ഇവിടെയിനി പലതും നടക്കും:)

കൈതമുള്ള് ചേട്ടാ അതേതായാലും കലക്കി.

പ്രിയാ ഉണ്ണികൃഷ്ണൻ, ഗൗരീനാഥൻ,എല്ലാവർക്കും നന്ദി.

Chengamanadan said...

നമസ്കാരം.കുറച്ചുകാലമായി ബൂലോകത്ത് കറങ്ങുന്നുണ്ടെങ്കിലും,ഇവിടെ ഇപ്പോളാണു വരാനൊത്തത്. കഥകളൊക്കെ നന്നായിട്ടുണ്ട്.അപ്പുകുട്ടന്റെ ലോകം .....

ഷിജു said...

സാരിക്കഥ അത്യുഗ്രന്‍. ശരിക്കും ആസ്വദിച്ചു. പിന്നെ നമ്മുടെ കല്ല്യാണം ക്ഴിഞ്ഞ കമന്റിട്ട എല്ലാ ചേട്ടന്മറ്ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിക്കാണും , സതീഷേട്ടന്‍ മാത്രം സംഭവം പുറത്തു പറഞ്ഞു അല്ലേ????

ഷബീര്‍ എം said...

ഇതില്‍ നിന്നും മനസ്സിലക്കേണ്ടത്‌ - ക്രിക്കറ്റ്‌ കളിച്ച്‌ പരിചയമില്ലാത്തവന്‍ ഭാര്യക്ക്‌ വാഗ്ദാനം കൊടുക്കാന്‍ പടില്ല ; അല്ലെ സതീഷേട്ടാാ............

Unknown said...

സതീ... യ്യൊ! ശ്രീനിവാസനും ലക്ഷ്മിയും ഈ ബൂലോകം പരിപാടിക്കു ഒരു താൽകാലിക വിരാമം ഇട്ടിട്ടു ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒന്നു ടൈ ചെയ്താൽ ..... നല്ല ഭാവി കാണുന്നുണ്ട്.

Sathees Makkoth | Asha Revamma said...

Chengamanadan വന്നതിൽ വളരെ സന്തോഷം
സ്നേഹിതാ ഇതെനിക്ക് പറ്റിയതായി കണക്കിലെഴുതി കഴിഞ്ഞു അല്ലേ?
ഷബീർ, വേണ്ട പിള്ളാരാവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് ഭാവി കളയേണ്ട.
സുജേ ഇത് രണ്ടാളേം അറിയിക്കാം.
നന്ദി എല്ലാവർക്കും

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP