Followers

തങ്കപ്പനാശാരി.

Sunday, April 1, 2007

ആറ്റുനോറ്റിരുന്ന ഉത്തരം വെയ്പ്ദിനം വന്നെത്തി.
എത്ര നാളായി കൊതിക്കുന്നതാണ് അപ്പുക്കുട്ടനും സേതുവും ഓടിട്ട മേല്‍ക്കൂരയുള്ള വീടിനുവേണ്ടി.
സംഭവത്തിന് ദൃക്സാക്ഷികളാകാനായി തെക്കത്തച്ഛനും തെക്കത്തമ്മയും മാമന്മാരും എല്ലാം കാലേകൂട്ടി എത്തിയിട്ടുണ്ട്. പോരാത്തതിന് അഭ്യുദയകാംക്ഷികളായ ഏതാനും അയല്‍ക്കാരും.
ആഹ്ലാദിക്കാന്‍ ഇതില്‍പ്പരം എന്തുവേണം!
തങ്കപ്പനാശാരിയാണ് വീട് പണിതിരിക്കുന്നത്. സാക്ഷാല്‍ പെരുന്തച്ചന്റെ കൈപുണ്യമുള്ളയാള്‍!
പൊക്കമല്‍പം കുറവാണങ്കിലും തടിക്കൊട്ടും കുറവില്ലാത്ത സുന്ദരന്‍.
നെടുനീളന്‍ ചന്ദനക്കുറിയും മുറുക്കിചുവപ്പിച്ച ചുണ്ടുകളും ലേശം കുടവയറും. ആഹാ...ഉരുണ്ടുരുണ്ടുള്ള ആ വരവ് കാണാന്‍ എന്തുരസമാണ്!

തങ്കപ്പനാശാരിയും സഹപണിക്കന്മാരും തെക്കേ ചായ്പില്‍ പണിതുടങ്ങിയിട്ട് മാസമൊന്നായി. ഇന്ന് പണിയുടെ ആട്ടക്കലാശം.
അപ്പോള്‍ അതൊന്നാഘോഷിക്കേണ്ടേ!

തെക്കത്തച്ഛന്‍ രാവിലെ തന്നെ റാക്ക് രവിയുടെ ഷാപ്പില്‍ പോകാന്‍ തയ്യാറായി.
തങ്കപ്പനാശാരിയെ സന്തോഷിപ്പിക്കേണ്ടേ? മേല്‍ക്കൂര അടിച്ച് കൂട്ടുമ്പോള്‍ എന്തെങ്കിലും ഗുലുമാല് ഒപ്പിച്ച് വെച്ചാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. നല്ല അസ്സല് തെങ്ങിന്‍ കള്ളങ്ങ് സേവിപ്പിക്കുക. പിന്നെ എല്ലാം അങ്ങട് ഭംഗിയായി നടന്ന് കൊള്ളും. തെക്കത്തച്ഛന്റെ തീരുമാനത്തിന് അച്ഛന്‍ എതിരൊന്നും പറഞ്ഞില്ല.
അപ്പുക്കുട്ടന്‍ അമ്മ പുതുതായി വാങ്ങിയ ചെമ്പുകുടവുമായി തെക്കത്തച്ഛനെ അനുഗമിച്ചു.മണ്‍കുടത്തില്‍ കള്ള് കൊണ്ട് വരുന്നതാണ് നല്ലതെന്ന് തെക്കത്തച്ഛന്‍ പറഞ്ഞെങ്കിലും അമ്മ ചെമ്പ് കുടമാണ് അപ്പുക്കുട്ടന്റെ കൈയില്‍ കൊടുത്തുവിട്ടത്.
അമ്മയുടെ ബുദ്ധി പ്രവര്‍ത്തിച്ചതിപ്രകാരം.
അഥവാ അപ്പൂപ്പനും മോനും കൂടി കലം താഴെയിട്ടാലും കള്ള് മാത്രമല്ലേ പോവുകയുള്ളു.കലം പൊട്ടുകേലല്ലോ.

റാക്ക് രവിയുടെ ഷാപ്പിന്റെ പുറകിലൂടെയാണ് തെക്കത്തച്ഛന്‍ അകത്ത് കയറിയത്.
മാന്യന്മാരൊന്നും മുന്നിലൂടെ അകത്തു കയറില്ലത്രേ!
തെക്കത്തച്ഛന്‍ മാന്യനായതുകൊണ്ട് പുറകിലൂടെ കയറി.

ചെന്നപാടെ തെക്കത്തച്ഛന്‍ പറഞ്ഞു.“ഈ ചെമ്പുകുടം നിറച്ച് കള്ളിങ്ങെടുത്തോ രവി. ഇന്നിവന്റെ വീടിന്റെ ഉത്തരം വെയ്പാ. ഒരുകുപ്പി പ്രത്യേകമായിട്ടും ഇങ്ങ് പോരട്ടെ.”
ചെമ്പുകുടത്തില്‍ വാങ്ങിയതെന്തിനാണന്ന് അപ്പുക്കുട്ടന് മനസ്സിലായി.
പക്ഷേ കുപ്പിയില്‍ വാങ്ങുന്നത്?
അധികം താമസിയാതെ അതും മനസ്സിലായി.
കുപ്പിയുടെ വായ നിന്ന നില്‍പ്പില്‍ തെക്കത്തച്ഛന്‍ വായിലോട്ട് കമഴ്ത്തി.

നല്ലരസം!

കള്ളിറങ്ങുന്നതനുസരിച്ച് തെക്കത്തച്ഛന്റെ തൊണ്ടയിലെ ഉണ്ട മുകളിലോട്ടും താഴോട്ടും നീങ്ങുന്നതുകാണാന്‍.
തോര്‍ത്തിന്റെ അറ്റം കൊണ്ട് കിറി തുടച്ചിട്ട് തെക്കത്തച്ഛന്‍ അപ്പുക്കുട്ടനോട് പറഞ്ഞു. “കള്ള് നല്ലതാണോന്ന് നോക്കണ്ടേടാ മോനേ.”

തങ്കപ്പനാശാരി ഉത്തരം വെയ്ക്കാന്‍ മുകളിലോട്ട് കയറി. കൂടെ ശിഷ്യഗണങ്ങളും.
രണ്ട് മുറിയും അടുക്കളയുമായിട്ടുള്ള ഒരു ചെറിയ വീടിന് ഇത്രയും ആള്‍ക്കാര് കയറേണ്ട ആവശ്യമുണ്ടോ? അപ്പുക്കുട്ടന് സംശയം തോന്നാതിരുന്നില്ല.
തെക്കത്തച്ഛന്റെ വക സല്‍ക്കാരം കഴിഞ്ഞിട്ടാണല്ലോ ഇതെല്ലാം. അപ്പോള്‍ ഇതും ഇതിന്റെ അപ്പുറവും നടക്കും.
തെക്കത്തച്ഛന്റെ ചെമ്പുകുടവും അമ്മയുടെ കപ്പക്കുഴയും ദഹിക്കേണ്ടേ!

ഉത്തരം വെയ്പ്പ് വാസു ജോല്‍സ്യന്‍ കുറിച്ച് കൊടുത്ത സമയത്ത് തന്നെ നടന്നു.
എല്ലാവരും മുകളിലോട്ട് നോക്കിനിന്നു.
അടുത്തത് മോന്തായം പിടിപ്പിക്കലാണ്.
മാമന്മാര്‍ താഴെ നിന്നും കഴുക്കോലുകള്‍ എടുത്ത് കൊടുക്കുന്നു.
ശിഷ്യന്മാര്‍ പിടിച്ച് കൊടുക്കുന്നു.
മോന്തായം നേരാം വണ്ണം പിടിപ്പിക്കുവാന്‍ തങ്കപ്പനാശാരി കൊട്ടുവടിയ്ക്ക് അടിതുടങ്ങി.

ഒന്ന്...രണ്ട്...മൂന്ന്. കഷ്ടകാലമെന്നല്ലാതെന്തുപറയാന്‍!

അടി തെറ്റിയാല്‍ ആശാരിയും വീഴും!

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ചൊരിമണലുമണിഞ്ഞയ്യോ ശിവ ശിവ.
തങ്കപ്പനാശാരി താഴെ മണല്‍ക്കൂനയില്‍ കമഴ്ന്നടിച്ച് വീണിരിക്കുന്നു.

അമ്മയും അപ്പച്ചിയും മറ്റ് പെണ്ണുങ്ങളും കണ്ണ് പൊത്തി.
ഇതെന്തൊരുകാലം!
ഉത്തരത്തില്‍ നിന്നും ആശാരി വീണിട്ട് ഒന്ന് കരയുകപോലും ചെയ്യാതെ ഈ പെണ്ണുങ്ങള്‍ കണ്ണുപൊത്തുന്നോ?
എന്താ പ്രശ്നം?
അപ്പുക്കുട്ടന്‍ നോക്കി.
ആഹഹ... തങ്കപ്പനാശാരിയുടെ ഉടുതുണി മുകളിലെ കഴുക്കോലില്‍ കിടന്ന് കാറ്റിലാടുന്ന നയനമനോഹരമായ കാഴ്ച.
താഴെ, മുഖം മണ്ണില്‍ പൂണ്ട തങ്കപ്പനാശാരി കൈകള്‍ കൊണ്ട് നഗ്നത മറയ്ക്കാന്‍ പാടുപെടുന്നു.

തെക്കത്തച്ഛന്‍ തന്റെ മേല്‍മുണ്ടെടുത്ത് ആശാരിയ്ക്ക് നല്‍കി.

ആശാരി മുണ്ട് വാങ്ങിയുടുത്തു. കൈകള്‍കൊണ്ട് മുഖത്തെ മണലെല്ലാം തുടച്ച് മാറ്റി.

“എന്തെങ്കിലും പറ്റിയോ തങ്കപ്പനാശാരി?” അച്ഛന്‍ ചോദിച്ചു.
ആശാരി കേട്ട ഭാവമില്ല.

തങ്കപ്പനാശാരി നടുവിന് കൈകൊടുത്ത് എഴുന്നേറ്റ് കിഴക്കോട്ട് തിരിഞ്ഞ് നിന്നു.
പിന്നെ ഒറ്റക്കാലില്‍ നിവര്‍ന്ന് നിന്ന് ഇപ്രകാരം ഉച്ചരിച്ചു.

ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ
ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ

എല്ലാവരും ആശ്ചര്യത്തോടെ നോക്കിനിന്നു.
തങ്കപ്പനാശാരി മന്ത്രോച്ചാരണത്തിന് ശേഷം മൂന്നു വട്ടം ഭൂമിയെ തൊട്ട് വന്ദിച്ചു.
എന്നിട്ട് എല്ലാവരോടും കൂടി പറഞ്ഞു.
“തച്ച് ശാസ്ത്രപ്രകാരം ഞാനിപ്പോള്‍ ചെയ്തത് ഭൂമിവന്ദനമാണ്. ഇത് തമാശയായിട്ട് ആരും കാണരുത്.വീട്ടില്‍ താമസിക്കുന്നവരുടെ ഐശ്വര്യത്തിനായി മൂത്താശാരി ശാസ്ത്രപ്രകാരം ഭൂമി വന്ദനം ചെയ്തിരിക്കേണ്ടതാണ്. കൂടാതെ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ഭൂമിവന്ദനം ചെയ്യേണ്ടതാണ്. അവര്‍ മുകളില്‍ കയറേണ്ട ആവശ്യമില്ല. ഞാന്‍ ചൊല്ലിത്തരുന്ന മന്ത്രത്തിനനുസരിച്ച് ഭൂമിയെ തൊട്ട് വന്ദിച്ചാല്‍ മതി.”
മൂത്താശാരി മന്ത്രം ചൊല്ലി.

ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ
ഓം ഭൂമിദേവിയായ നമഃ
ഓം സര്‍വ്വം സഹയായ നമഃ

തെക്കത്തച്ഛന്‍ മന്ത്രത്തിനനുസരിച്ച് ഭൂമീദേവിയെ വന്ദിച്ചു.

അച്ഛന്‍ അപ്പുക്കുട്ടനെ അരികില്‍ വിളിച്ചു. എന്നിട്ട് അവന്റെ ചെവിയില്‍ പറഞ്ഞു. “മോനേ ഇതിനാ പറേണ വീണിടത്ത് വിദ്യയെന്ന്.”

“എന്തോന്നാ അച്ഛാ, വീണിടത്ത് വിദ്യേന്നാ...” അപ്പുക്കുട്ടന്‍ സംശയനിവാരണത്തിനായി ചോദിച്ചത് ഉറക്കെയായിപ്പോയി.

കൂട്ടച്ചിരി മുഴങ്ങി.

തങ്കപ്പനാശാരി കൊട്ടുവടികൊണ്ട് കഴുക്കോലില്‍ ആഞ്ഞടിച്ചു.

“എന്തോന്ന് കണ്ടിട്ടാ ഇത്രയ്ക്കങ്ങട്ട് ചിരിക്കുന്നെ. ഇതേ ഷാസ്റ്റ്രമാ...തച്ച് ഷാസ്റ്റ്രം. ഷാസ്തരം തെറ്റിയാലേ വീട്ടി താമസിക്കുന്നവരാ അനുഭവിക്കേണ്ടത്. അറിയുമോ നിങ്ങക്ക്. മൂത്താശാരി കാണിച്ചതാ അതിന്റെ കരക്റ്റ്.” തെക്കത്തച്ഛന്‍ വഴങ്ങാത്ത നാവുകൊണ്ട് തങ്കപ്പനാശാരിയെ ന്യായീകരിക്കാന്‍ ശ്രമിച്ചു.

16 comments:

സതീശ് മാക്കോത്ത് | sathees makkoth said...

ഭൂമി മലയാളത്തിലെ സകലമാന വിഡ്‌ഢികള്‍ക്കുമായി സമര്‍പ്പണം.
പുതിയ പോസ്റ്റ്.

SAJAN | സാജന്‍ said...

സമര്‍പ്പണം എനിക്കല്ലങ്കിലും ..
ഞാനും ഒന്നു വായീച്ചോട്ടെ..
അതിനു മുമ്പു ഇന്നാ പിടിച്ചോ
ടേ..ടേ..ടേ ഒരു മൂന്നു തേങ്ങ
പോസ്റ്റിനെ പറ്റി അഭിപ്രായം പിന്നീട്

ആവനാഴി said...

പ്രിയ മാക്കോത്തേ,

ആശാരിയുടെ വീണേടത്തു വിദ്യ തകര്‍പ്പനായിരിക്കുന്നു.
ഇനിയും പോരട്ടെ പുതിയ വിദ്യകള്‍.

സസ്നേഹം

ആവനാഴി

വിചാരം said...

അച്ഛന്‍ അപ്പുക്കുട്ടനെ അരികില്‍ വിളിച്ചു. എന്നിട്ട് അവന്റെ ചെവിയില്‍ പറഞ്ഞു. “മോനേ ഇതിനാ പറേണ വീണിടത്ത് വിദ്യയെന്ന്.”

“എന്തോന്നാ അച്ഛാ, വീണിടത്ത് വിദ്യേന്നാ...” അപ്പുക്കുട്ടന്‍ സംശയനിവാരണത്തിനായി ചോദിച്ചത് ഉറക്കെയായിപ്പോയി.

കൂട്ടച്ചിരി മുഴങ്ങി.
കൂടെ ഞാനും ചിരിച്ചു ...
സതീശാ ഇതും കൊള്ളാം .. ഉഷാര്‍

ഇക്കാസ്ജി ആനന്ദ്ജി said...

ഹഹഹ സതീശാ.. അടിപൊളി വിവരണം.

sandoz said...

ആശാരി സ്വതന്ത്രന്‍ ആയിരുന്നോ എന്ന ചോദ്യത്തിനു ഇവിടെ പ്രസക്തിയില്ലാ.....
ആശാരി മുകളില്‍ നിന്ന് പറന്ന് വന്നത്‌ തല കുത്തി ആയിരുന്നെങ്കില്‍ ഭൂമീ ദേവി നമസ്കാരം കുറച്ച്‌ മാസങ്ങള്‍ തന്നെ നീണ്ടു നിന്നേനേ......എഴുന്നേറ്റ്‌ നടക്കാറാവുന്നത്‌ വരെ.....

കുട്ടന്‍ മേനൊന്‍ | KM said...

അമ്മയും അപ്പച്ചിയും മറ്റ് പെണ്ണുങ്ങളും കണ്ണ് പൊത്തി.
ഇതെന്തൊരുകാലം!
ഉത്തരത്തില്‍ നിന്നും ആശാരി വീണിട്ട് ഒന്ന് കരയുകപോലും ചെയ്യാതെ ഈ പെണ്ണുങ്ങള്‍ കണ്ണുപൊത്തുന്നോ?
എന്താ പ്രശ്നം?
അപ്പുക്കുട്ടന്‍ നോക്കി

അതു കലക്കി.

Kiranz..!! said...

ഹ..ഹ..വീണിടം വിഷ്ണുലോകം..ആശാരിയുടേയും സതീഷിന്റെയും നമ്പര്‍ കലക്കി..:)

ഏറനാടന്‍ said...

സതീഷേ.. ഭൂമിമലയാളത്തിലെ വിഢികള്‍ക്കോ ഈ പോസ്‌റ്റ്‌? (ഞാനിപ്പം ഭൂമിമലയാളത്തിലല്ല.) ഈയാശാരിയാണോ നിലംപരിരാശാന്‍ എന്നറിയപ്പെടുന്ന ആശാന്‍? കൊള്ളാംട്ടോ..

കുട്ടന്‍മേന്റെ ആശാരിക്കൊരു കൂട്ടായി.

വിശാല മനസ്കന്‍ said...

നല്ലരസം!

കള്ളിറങ്ങുന്നതനുസരിച്ച് തെക്കത്തച്ഛന്റെ തൊണ്ടയിലെ ഉണ്ട മുകളിലോട്ടും താഴോട്ടും നീങ്ങുന്നതുകാണാന്‍.

വായിക്കാനും നല്ല രസമുണ്ട്. സതീഷ് ജി, കലക്കന്‍ തങ്കപ്പനാശാരി.

അപ്പു said...

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ചൊരിമണലുമണിഞ്ഞയ്യോ ശിവ ശിവ.

സതീശാ... :-)

സുന്ദരന്‍ said...

സതീശോ....

ഈ വക ആശാരിമാര്‍ക്കെല്ലാം പുരപ്പുറത്തൂന്ന് ഇറങ്ങീട്ടേ കള്ളുകൊടുക്കാവൂന്നാ ഞാന്‍ പറയണത്‌...അതാണു കള്ള്ശാസ്ത്രം...
പോസ്റ്റ്‌ കലക്കീട്ടോ...ഡാ..മോനെ ദിനേശാ...

സാജന്‍ said...

സതീശ് നല്ലതായിരിക്കുന്നു.നല്ല സന്ദര്‍ഭവും.. കഥാപാത്രങ്ങളും.. നിങളുടെ തൂലികയില്‍ നിന്നും ഇനിയും ഇത്തരം മനോഹരമായ രചനകള്‍ ഉണ്ടാകട്ടേ!

qw_er_ty

മഴത്തുള്ളി said...

സതീശെ,

കള്ളിറങ്ങുന്നതനുസരിച്ച് തെക്കത്തച്ഛന്റെ തൊണ്ടയിലെ ഉണ്ട മുകളിലോട്ടും താഴോട്ടും നീങ്ങുന്നതുകാണാന്‍.
തോര്‍ത്തിന്റെ അറ്റം കൊണ്ട് കിറി തുടച്ചിട്ട് തെക്കത്തച്ഛന്‍ അപ്പുക്കുട്ടനോട് പറഞ്ഞു. “കള്ള് നല്ലതാണോന്ന് നോക്കണ്ടേടാ മോനേ.”

ഹഹ. പണ്ട് വീട്ടിലെ ബാത്ത്‌റുമില്‍ ടൈത്സ് പതിച്ചപ്പോള്‍ 4 പേര്‍ക്കും വേണം കുപ്പി. അതും വില തീരെ കുറഞ്ഞ ഒരു ബ്രാന്റ്. സമയം രാത്രി 10.30. ഒരു 10-15 മിനിട്ടു നേരത്തെ പണി ബാക്കി. പക്ഷേ അവര്‍ക്ക് കുപ്പി കണ്ടപ്പോള്‍ ഓരോന്ന് അടിക്കാന്‍ വല്ലാത്ത ആഗ്രഹം. തീര്‍ന്നിട്ടു മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്തിനധികം പറയുന്നു. അത് കുടിച്ചിട്ട് പതിച്ച ടൈത്സ് എല്ലാം പൊങ്ങിയും തിരിഞ്ഞും വളഞ്ഞും പുതിയൊരു ഡിസൈന്‍. പക്ഷേ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത സ്ഥലമായതിനാല്‍ പിന്നെ ഞാനൊന്നും പറഞ്ഞില്ല. :)

ഓര്‍മ്മകളേ.....

തമനു said...

ഹഹഹഹഹഹ ഹോ ഹോ ഹോ ഹോ...

തങ്കപ്പനാശാരി കീ ജയ്, തങ്കപ്പനാശാരി കീ ജയ് ..

അല്ലേ ... ഒരു മുണ്ടു പറിഞ്ഞു പോയതിന് ഇത്ര ചിരിക്കാനെന്തിരിക്കുന്നു. ചെലപ്പോ അങ്ങനൊക്കെ പറ്റും... ഹോ .. കൊറേ മാന്യന്മാര് ...

എന്തായാലും ബൂലോകത്ത്‌ ഞാനൊറ്റക്കല്ല.

തങ്കപ്പനാശാരി കീ ജയ്, തമനു കീ ജയ്..

കലക്കിപ്പൊളിച്ചു മാഷേ ... ഈ പോസ്റ്റ് പണ്ടേ വായിച്ചിരുന്നെങ്കില്‍ ഞാനും ഇതുപോലെ വല്ല്ല വിദ്യയും കാണിച്ചു നോക്കിയേനേ ...

സതീശ് മാക്കോത്ത് | sathees makkoth said...

സാജന്‍,
സുല്ലിന്റെ തേങ്ങാകച്ചവടം താങ്കള്‍ ഏറ്റെടുത്തോ?
അതും മൂന്ന് തേങ്ങാ വീതം, ഇങ്ങനെ പോയാല്‍ കച്ചവടം പൊളിയൂട്ടോ.

സാന്റോസ്,
ആശാരി സ്വതന്ത്രന്‍ ആയിരുന്നു.
അതേയതേ.ഭാഗ്യം അങ്ങനെ വീഴാതിരുന്നത്.
ഏറനാടന്‍, അതീ ആശാരിയല്ല അത് വേറെ ആശാരി.

മഴത്തുള്ളി, അതാണീ കൈപ്പുണ്യം കൈപ്പുണ്യം എന്നു പറയണ സാധനം. ആ ടൈത്സിട്ട ഭാഗം കാണുമ്പോഴെല്ലാം അത് ചെയ്തവരെ ഓര്‍മ്മവരുമല്ലോ.
തമനുവേ, ഊഞ്ഞാല്‍ വന്ദനം ചെയ്യുമായിരുന്നെന്നാണോ പറഞ്ഞു വരണേ?

ആവനാഴി,വിചാരം,ഇക്കാസ്ജി ആനന്ദ്ജി,കുട്ടന്‍ മേനൊന്‍, കിരണ്‍സ്,വിശാല മനസ്കന്‍, സുന്ദരന്‍, അപ്പു

എല്ലാവര്‍ക്കും എന്റെ നന്ദി.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP