Followers

കമ്പിളിപ്പുതപ്പ്

Wednesday, January 14, 2015


 അശ്വതിയുടേയും രാജീവന്റേയും വാരാന്ത്യ ജീവിതം കുറച്ചുനാൾ മുൻപുവരെ ഉൽസവമയമാക്കിയിരുന്നത്‌ ലിജുവും, പ്രകാശനും, സുരേഷും, രെജിയുമൊക്കെയായിരുന്നു. കേരളത്തിലെ പലസ്ഥലങ്ങളിൽ നിന്നും എത്തി വല്ലഭൻ മൻസിൽ തമ്പടിച്ചിരുന്ന ബാച്ചിലേഴ്സ്‌!

 വല്ലഭൻ മൻസിലിൽ നിന്നും ബാച്ചിലേഴ്സ് ഓരോരുത്തരായ്‌ വിടപറയുമ്പോഴും അശ്വതിയിൽ ആശ്വാസത്തിന്റെ നേരിയ ഒരു തിരി കത്തിച്ചിരുന്നത് ലിജുവിന്റെ സാന്നിദ്ധ്യമായിരുന്നു. തിരക്കേറിയ ഈ നഗരത്തിൽ...യാന്ത്രിക ജീവിതത്തിന്റെ ഈ നഗരത്തിൽ...സൗഹൃദത്തിന്‌ വിലകല്പ്പിക്കാത്ത ഈ നഗരത്തിൽ... തനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഈ നഗരത്തിൽ...

ഞായറാഴ്ചകളിൽ അശ്വതിയുടെ അടുക്കള കൈയേറുന്ന ബാച്ചിലേഴ്സ്‌ സംഘത്തിന്റെ അവസാനത്തെ കണ്ണി ലിജു മാത്രമായി. ഓരോ വേർപാടും ഹൃദയത്തിന്‌ മുറിവേല്പ്പിച്ചുകൊണ്ടിരുന്നപ്പോഴും അശ്വതി ആശ്വസിച്ചു. ഒരാളെങ്കിലുമുണ്ടല്ലോ... ഈ അന്യ നാട്ടിൽ കൂട്ടിനായി...
പക്ഷേ ഇപ്പോൾ ലിജുവും...
“നല്ല ജോലി കിട്ടിയാൽ നമ്മളായാലും പോവില്ലേ?” രാജീവന്റെ വ്യാഖ്യാനം ശരിയായിരിക്കാം. പക്ഷേ അശ്വതിക്ക്‌ അതുൾക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല.
 ലിജുവിന്‌ സിംഗപ്പൂര്‌ ജോലി കിട്ടി എന്നറിഞ്ഞപ്പോൾ അശ്വതിക്ക്‌ ആദ്യം ശരിക്കും സങ്കടമാണ്‌ തോന്നിയത്‌!
 അതൊരു വ്യക്തിപരമായൊരു ദു:ഖം മാത്രമാണന്ന രാജീവന്റെ അഭിപ്രായം അശ്വതിക്ക്‌ അംഗീകരിക്കേണ്ടി വന്നു. ലിജുവിന്റെ നല്ലൊരു ജീവിതം...നല്ലൊരു ഭാവി... അതൊക്കെ ഓർക്കുമ്പോൾ രാജീവന്റേയും അശ്വതിയുടേയും നഷ്ടങ്ങൾക്ക്‌ യാതൊരു പ്രസക്തിയുമില്ലായിരുന്നു.

വല്ലഭൻ മൻസിലിന്‌ ആ പേര്‌ നൽകിയത്‌ സുരേഷാണ്‌. ഫ്ലാറ്റ്‌ ഓണറിന്റെ കഴിവിനുള്ള അംഗീകാരം!
വല്ലഭൻ!
ജോലികൊണ്ട്‌ ഡ്രൈവറാണെങ്കിലും വല്ലഭൻ ആളൊരു സകലകലാ വല്ലഭൻ തന്നെയായിരുന്നു! അപ്പാർട്ട്മെന്റിലെ സകലമാന ജോലികൾക്കും അവസാനത്തെ പേരായിരുന്നു വല്ലഭൻ. വല്ലഭനണിയാത്ത കുപ്പായങ്ങളില്ല. പ്ലംബിങ്ങ്‌, ക്ലീനിങ്ങ്‌, പെയിന്റിങ്ങ്‌, തുടങ്ങി ഇലക്ട്രിക്‌ പണികൾ വരെ വല്ലഭന്‌ പുല്ല്‌! എന്തു ജോലിവന്നാലും ആദ്യം വല്ലഭൻ കൈ വെയ്ക്കും.!
ജോലി തീരുമ്പോൾ മഹാറാണി, അതായത്‌ വല്ലഭന്റെ ഭാര്യ റാണി വല്ലഭന്റെ മുതുകത്തും കൈ വെയ്ക്കും!
“എല്ലാം നശിപ്പിച്ചു...അറിയാവുന്ന പണി ചെയ്താൽ പോര മനുഷ്യന്‌...ഇനിയിപ്പോ ഞാനിതിന്‌ ഇരട്ടി പൈസ മുടക്കണം...” നാക്കും, കൈയും കൊണ്ടുള്ള ആ പ്രകടനം ബാച്ചിലേഴ്സിന്‌ ഇടയ്ക്കിടയ്ക്ക്‌ കിട്ടുന്ന ഫ്രീ ഷോ ആയിരുന്നു!
വല്ലഭൻ മൻസിലിന്റെ റിസർവ്‌ ബാങ്ക്‌ തന്നെയായിരുന്നു മഹാറാണി!
 മാസാമാസം ഡ്രൈവിങ്ങിൽ നിന്നും കിട്ടുന്ന ശമ്പളം വല്ലഭൻ മൊത്തമായി റിസർവ്‌ ബാങ്കിൽ നിക്ഷേപിക്കുകയും, പകരമായി  മഹാറാണിയിൽ നിന്നും  സിഗററ്റിന്റേയും നാരങ്ങാവെള്ളത്തിന്റേയും പണം  കണക്കുപറഞ്ഞ്‌ ഇരന്നു വാങ്ങുകയും ചെയ്തു പോന്നു.
ജന്മി- കുടിയാൻ വ്യവസ്ഥിതിയുടെ വർത്തമാനകാല ആവർത്തനമാണ്‌ വല്ലഭനും മഹാറാണിയുമെന്ന്‌ സുരേഷ്‌ ഒരിക്കൽ പറഞ്ഞപ്പോൾ അശ്വതിക്ക്‌ ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു.
‘ചിരിക്കേണ്ട, ചിരിക്കേണ്ട പാവം രാജീവേട്ടന്റെ അവസ്ഥ എന്താണന്ന്‌ ഞങ്ങള്‌ കാണുന്നില്ലല്ലോ.“ വായിച്ചുകൊണ്ടിരുന്ന  ബുക്കുമായ്‌ ലിജുവിന്റെ പുറകേ ഓടുന്ന അശ്വതിയെ ആയിരുന്നു  പിന്നെ കണ്ടത്‌!


വല്ലഭൻ മൻസിൽ വിട്ടുപോകുന്നതിന്‌ മുന്നായി ലിജു കുറേയേറെ സാധനങ്ങൾ, അടുക്കള സാമാനങ്ങളുൾപ്പെടെ അശ്വതിയുടെ വീട്ടിലെത്തിച്ചു.
”ചേച്ചീ, ബാച്ചിലേഴ്സ്‌ ഉപയോഗിച്ചതാണേലും ചിലതൊക്കെ നിങ്ങൾക്ക്‌ ഉപയോഗം വന്നേക്കാം.
രാജീവൻ ചിരിച്ചു. “ നിന്റെയൊക്കെ കൂറ ഡ്രസ്‌ വരെ ഇതിലുണ്ടന്ന്‌ തോന്നുന്നല്ലോ?’
ഒരു വലിയ കാർട്ടൺ ബോക്സ്‌ ചൂണ്ടി ലിജു പറഞ്ഞു. ”ഇല്ല ചേട്ടാ, ആ ബോക്സിൽ കുറച്ച്‌ കമ്പിളി പുതപ്പുണ്ട്‌. അല്ലാതെ വേറെ തുണി സാധനങ്ങളൊന്നുമില്ല.“
അശ്വതി ആ ബോക്സ്‌ നന്നായി പരിശോധിച്ചു. ”വല്ലാത്ത നാറ്റം. ഇതൊക്കെ വാങ്ങിയിട്ട്‌ വല്ലപ്പോഴും കഴുകിയിട്ടുണ്ടോ?“
 ”ചേച്ചീ, ഒന്നു കഴുകിയെടുത്താൽ അതൊക്കെ പുത്തനെ വെല്ലും.“
”അതേ, അതേ... വീട്‌ നാറാതിരിക്കണേല്‌ ഇപ്പോ തന്നെ കഴുകുന്നതാ നല്ലത്‌.“ അശ്വതി അതൊക്കെ അപ്പോൾ തന്നെ പൊക്കി വാഷിങ്ങ്‌ മെഷീനിലിട്ടു.
ഉപയോഗശൂന്യമായ ഒരു മുറിയിലേയ്ക്ക്‌ ബാച്ചിലേഴ്സ്‌ സാധനങ്ങൾ മാറ്റപ്പെട്ടു.

സൗഹൃദങ്ങൾ പലപ്പോഴും കാലത്തോടൊപ്പം നിങ്ങി പിന്നെ ഓർമ്മയുടെ പിന്നാമ്പുറങ്ങളിലെ നനുത്ത നിനവായ്‌ മാറാറുണ്ട്‌. കാലപ്രവാഹത്തിലെ പൊങ്ങു തടികളാവുന്ന ജീവിതങ്ങൾ!
നാളുകൾ കുറേ കഴിഞ്ഞു. ഒരു ഡിസംബർ മാസത്തിലെ മഞ്ഞുമൂടിയ പ്രഭാതത്തിലാണ്‌ ദീർഘനാളായ്‌ ഉപയോഗശൂന്യമായി കിടന്ന മുറി എക്സർസൈസ്‌ ചെയ്യാനായ്‌ ഉപയോഗിക്കാമെന്ന്‌ രാജീവനൊരു തോന്നലുണ്ടായത്‌. ക്രിസ്തുമസ്‌ അവധിയായതിനാൽ രണ്ട്‌ ദിവസം ഓഫീസിൽ പോകേണ്ട എന്നുള്ളതും രാജീവന്‌  സൗകര്യമായി.
”എത്ര നാളായ്‌ കിടക്കുന്ന സാധനങ്ങളാ...നമ്മളൊട്ട്‌ ഉപയോഗിക്കുന്നുമില്ല. എല്ലാം പുറത്തെവിടെയെങ്കിലും കളയണം.“ മുറിയിൽ നിന്നും സാധനങ്ങൾ ഓരോന്നായ്‌ രാജീവൻ പുറത്തേക്കെടുത്തുവെച്ചു.
അശ്വതി കാർട്ടൺ ബോക്സ്‌ തുറന്ന്‌ കമ്പിളിപ്പുതപ്പുകൾ പുറത്തെടുത്തു. ”നമ്മളുപയോഗിക്കുന്നില്ലേലും, ഇതിനൊക്കെ ആർക്കെങ്കിലും ഉപയോഗം വരും. നല്ലതുപോലെ കഴുകി വെച്ചിരിക്കുന്നതല്ലേ?“
”പിന്നെ പിന്നെ ... ഈ കൂറ! നിനക്ക്‌ വേറേ പണിയില്ലേ?“ രാജീവൻ കളിയാക്കി.
അശ്വതി ചിരിച്ചുകൊണ്ട്‌ നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

 മഞ്ഞിന്റെ തണുപ്പിൽ പുതപ്പിനുള്ളിൽ സുഖമായി ചുരുണ്ടുകൂടികിടക്കുമ്പോഴാണ്‌ പിറ്റേന്ന്‌ രാജീവന്റെ ചുമലിൽ ഒരു തണുപ്പ്‌ അനുഭവപ്പെട്ടത്‌!
ഉറക്കം നഷ്ടപ്പെട്ടെങ്കിലും കണ്ണു തുറന്ന രാജീവൻ അതിശയിച്ചു!
കണ്മുന്നിൽ...
അശ്വതി. ഒരുങ്ങി സുന്ദരിയായ്‌ നില്ക്കുന്നു. എവിടെയോ പോകാൻ തയ്യാറായതുപോലെ...
പതിവില്ലാതെ എന്താ ഇങ്ങനെ? രാജീവന്റെ കണ്ണുകൾ ഭിത്തിയിലെ ക്ലോക്കിൽ തറച്ചു. നാലു മണി ആകുന്നതേ ഉള്ളൂ.
സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന്‌ മനസ്സിലാക്കാൻ കുറച്ച്‌ സമയമെടുക്കേണ്ടി വന്നു രാജീവന്‌ . ഒരുങ്ങി സുന്ദരിയായ ഭാര്യ സുസ്മേരവദനയായി ചായക്കപ്പുമായ്‌ മുന്നിൽ വന്ന്‌ കണിയായ്‌ നിന്നാൽ ഏതു ഭർത്താവും വീഴും. തണുപ്പ്‌ മറക്കും...മഞ്ഞ്‌ മറക്കും...പാതിരാവെന്നോ പത്തുവെളുപ്പെന്നോ മറക്കും. രാജീവനും അതിനൊരപവാദമല്ലായിരുന്നു.
പുതച്ചിരുന്ന പുതപ്പ്‌ അന്തരീക്ഷത്തിൽ പറന്നു!
“എന്താ, ചക്കരേ? പതിവില്ലാതെ...”
അശ്വതി ചിരിക്കുന്നു. അവളുടെ ചിരി അവളെ കൂടുതൽ മനോഹരിയാക്കുന്നു. അയാളവളെ പുണർന്നു.
അശ്വതിയുടെ വിരലുകൾ രാജീവന്റെ മുടിയിലൂടെ ഓടി.

“ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ?” അശ്വതിയുടെ ചോദ്യം.
“പറഞ്ഞോളൂ ഭവതീ, ഈ നേരത്ത്‌...ഈ രൂപത്തിൽ...നീ വന്നിട്ട്‌ എന്തു ചോദിച്ചാലും അനുസരിക്കാൻ ഈയുള്ളവൻ റെഡി.“
”സത്യമായിട്ടും!“ അശ്വതിയുടെ കണ്ണുകളിൽ അവിശ്വസനീയതയുടെ ഒരു ലാഞ്ചനയുണ്ടായിരുന്നു.
”ഉം“ അയാൾ മൂളി
”എങ്കിൽ വണ്ടിയെടുക്ക്‌. എനിക്കൊരു സ്ഥലം വരെ പോണം.“ അശ്വതിയുടെ കൈയിൽ വണ്ടിയുടെ താക്കോൽ!
ഇപ്പോൾ രാജീവൻ ശരിക്കും ഞെട്ടി. മഞ്ഞുപെയ്യുന്ന പ്രഭാതത്തിൽ നഗരമുണരുന്നതിന്‌ മുന്നേ...വണ്ടിയുമെടുത്ത്‌ പുറത്തു പോകുക! അയാൾക്ക്‌ അതിനേക്കാൾ വെറുപ്പുള്ള ഒരു കാര്യവുമില്ലായിരുന്നു.
”വാക്കു മാറല്ലേ..“ അശ്വതി അയാളുടെ കവിളിൽ നുള്ളി. പൊയ്പ്പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലലോ. പെൺബുദ്ധി അപാരം! പക്ഷേ അയാളത്‌ പറഞ്ഞില്ല.
ഒരുകൂട്ടം സംശയങ്ങളും, ചോദ്യങ്ങളും രാജീവന്റെ മനസ്സിൽ നിന്നും തികട്ടി വന്നു. അയാൾക്കത്ഭുതമായിരുന്നു.
അന്യമായ ഒരു നഗരത്തിൽ...ഇന്റർനെറ്റും ഓൺലൈൻ സൗഹൃദവുമല്ലാതെ, പച്ചയായ മനുഷ്യരോട്‌ തനിക്കറിയാവുന്ന ഭാഷയിൽ, നാട്യങ്ങളൊന്നുമില്ലാതെ തുറന്നു സംസാരിക്കാൻ കഴിയാതെ വരുന്ന ഒരു സാധാരണ നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ വികലമായ മനസ്സിന്റെ വിഭ്രാന്തിയാണോ താനീ കാണുന്നത്‌!
രാജീവൻ ചോദിച്ചു, ”അശ്വതീ, നീ എന്തോർത്തിട്ടാ... ഈ നേരത്ത്‌ പുറത്തിറങ്ങിയാ ഒരു പൂച്ചക്കുഞ്ഞിനെപോലും നിനക്ക്‌ കാണാൻ കിട്ടില്ല. വെറുതെ തണുപ്പുകൊള്ളാതെ കിടന്നുറങ്ങിയാൽ പോരേ?“
അശ്വതിയുടെ ചിരി കൂടുതൽ ഭംഗിയുള്ളതായി. നിരപ്പുള്ള വെളുത്ത പല്ലുകൾ പുറത്തുകാട്ടിയുള്ള അശ്വതിയുടെ ചിരിക്ക്‌ അസാധാരാണമായ ഒരു ഭംഗിയും വശ്യതയുമുണ്ടന്ന്‌ രാജീവന്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. അയാൾ കൂടുതലൊന്നും പറയാതെ അശ്വതിയുടെ പുറകേ നടന്നു. കണ്ണും തിരുമ്മി.

പാതിരാത്രിയോളം തിരക്കൊഴിയാത്ത മാർക്കറ്റിന്റെ നിശബ്ദത അവരധികം കണ്ടിട്ടില്ലായിരുന്നു. വശങ്ങളിൽ പുറകോട്ട്‌ പാഞ്ഞുപോകുന്ന അടഞ്ഞ ഷട്ടറുകൾ നോക്കി അശ്വതി ഇരുന്നു. സ്കൂൾ സമുച്ചയം ചുറ്റി കാർ നഗരത്തിലെ പ്രധാന നിരത്തിൽ എത്തുന്നതു വരെ അവരൊന്നും സംസാരിച്ചില്ല.
അശ്വതിയാണ്‌ ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട്‌ സംസാരം തുടങ്ങിയത്‌.
”അച്ഛൻ നാട്ടിൽ നിന്ന്‌ വന്നപ്പോഴാണ്‌ ഞാനീ സമയത്ത്‌ ഇതിന്‌ മുന്നേ വന്നിട്ടുള്ളത്‌.  നാലു മണിക്കത്തെ ട്രയിൻ വന്നപ്പോ സമയം 7 മണി. ഓർക്കുന്നുണ്ടോ അത്‌? നാട്ടിലാരുന്നപ്പോ ഈ നേരത്ത്‌ എണീറ്റ്‌ വല്ലപ്പോഴുമാണേലും അമ്പലത്തിൽ പോവുമായിരുന്നു.“
അശ്വതി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. എല്ലാത്തിനും രാജീവന്റെ മറുപടി ഒരു മൂളലിൽ മാത്രം ഒതുങ്ങി നിന്നു.
പ്രധാനനിരത്തിൽ നിന്നും കാർ റെയിൽവേ സ്റ്റേഷൻ റോഡിലേയ്ക്ക്‌ തിരിഞ്ഞതും അശ്വതി പറഞ്ഞു.
”രാജീവേട്ടാ, വണ്ടിയൊന്ന്‌ നിർത്തണേ...ദേ, ആ സ്ട്രീറ്റ്‌ ലൈറ്റിന്റെ താഴെ...“
”നിനക്കിതെന്തിന്റെ പ്രാന്താ? മഞ്ഞത്ത്‌ റോഡിന്റെ നടുവിൽ...“ അയാൾ ബ്രേക്കിൽ അമർത്തി ചവുട്ടി.
അശ്വതി കാറിൽ നിന്നും ചാടി ഇറങ്ങുകയായിരുന്നു.” ആ ഡിക്കി ഒന്ന്‌ തുറക്കാമോ?“
രാജീവൻ കാറിൽ തന്നെയിരുന്നു.ഒന്നും മനസ്സിലാകാതെ... നഷ്ടമായ ഉറക്കത്തിന്റെ ആലസ്യമായിരുന്നു അയാൾക്ക്‌ അപ്പോഴും.
”രാജീവേട്ടാ, ഒരു നിമിഷം. ഞാനിതാ വരുന്നേ...“ രാജീവൻ  അടഞ്ഞുപോകുന്ന കണ്ണുകൾ ആയാസപ്പെട്ട് തുറന്നു.
സ്ട്രീറ്റ്‌ ലൈറ്റിന്റെ വെളിച്ചത്തിൽ അയാളതു കണ്ടു! അശ്വതിയുടെ കൈയിൽ കുറേ കമ്പിളിപ്പുതപ്പുകൾ! അവളതുമായ്‌ സ്ട്രീറ്റ്‌ ലൈറ്റിന്‌ താഴെ ചുരുണ്ട്കൂടി ഉറങ്ങുന്ന രൂപങ്ങളുടെ നേരേയ്ക്ക്‌ നടക്കുന്നു. രാജീവൻ കാറിൽ നിന്നും ഇറങ്ങി.
മരംകോച്ചുന്ന തണുപ്പ്! കമ്പിളി ഉടുപ്പില്ലാതിരുന്നിട്ടുകൂടി രാജീവൻ തണുപ്പറിഞ്ഞില്ല. അയാളുടെ ഉരുകുന്ന ഉള്ളത്തിന്റെ ചൂടിൽ ശരീരം വിയർത്തു.
ഉറങ്ങുന്ന രൂപങ്ങൾക്ക്‌ മുകളിൽ പുതപ്പ്‌ വിടർത്തി വിരിച്ചിട്ട്‌ മടങ്ങുന്ന അശ്വതിയുടെ കണ്ണുകളിലെ തിളക്കത്തിന്‌  എന്തെന്നില്ലാത്ത നിഷ്ക്കളങ്കത. ദൈന്യത നിഴലിക്കുന്ന മുഖവുമായ്‌ അശ്വതി അയാളെ നോക്കി.
”രാജീവേട്ടാ, കുറച്ച്‌ നാള്‌ മുന്നേ ഇതു ചെയ്യാൻ നമ്മുക്ക്‌ കഴിഞ്ഞിരുന്നേല്‌...ഈ പാവങ്ങൾ ഇത്രേം ദെവസം തണുപ്പ്‌ പിടിക്കാതെ കിടന്നേനേ. അല്ലേ?“
അയാളൊന്നും മിണ്ടിയില്ല. വണ്ടി സ്റ്റാർട്ട്‌ ചെയ്തു. നഗരം അപ്പോൾ തിരക്ക്‌ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.

14 comments:

Areekkodan | അരീക്കോടന്‍ said...

A great message conveyed in a simple and interesting way...Congrats Satheesh.

Anonymous said...

കമ്പിളിപ്പുതപ്പ്‌ നല്ല സന്ദേശം സതീഷ്‌.
കഥയുടെ നിസ്സാരതയില്‍ നിന്ന് നിങ്ങള്‍
കത്തുന്ന യാഥാര്‍ത്ഥ്യത്തിലേക്കു കടന്നു.

സുധി അറയ്ക്കൽ said...

സതീഷേട്ടാ,
കഴിഞ്ഞ രണ്ടു കഥകളിലായി താങ്കൾ റൂട്ട്‌ മാറ്റിപ്പിടിക്കുന്ന ലക്ഷണമാണല്ലോ.
താങ്കൾ എന്തെഴുതിയാലും അതിനൊരു ഗ്രമീണതയുടെ വശ്യതയും,നിർമ്മലതയും ഉണ്ട്‌.
കഥ ഒരു നല്ല ഫീൽ സമ്മാനിച്ചു ട്ടൊ.

Manu Manavan Mayyanad said...

കമ്പളിപുതപ്പു മനോഹരമായിരിക്കുന്നു .... നല്ലൊരു സന്ദേശം

പട്ടേപ്പാടം റാംജി said...

നല്ല സന്ദേശമാണ് കഥ പറഞ്ഞത്.

Bipin said...

ബാച്ചലെർസ് ജീവിതത്തിന് കുറെ പ്രാധാന്യം നൽകി.പക്ഷെ കഥ മറ്റൊരു വഴിയ്ക്ക് പോയി. അശ്വതിയുടെ ഏകാന്തത കാട്ടിത്തരാൻ വലുതായൊന്നും കഥയിൽ ഇല്ല. ബിജുവിനെ കുറിച്ചുള്ള പരാമർശം മാത്രം. അത് സത്യത്തിൽ ആദ്യം ഒരു തെറ്റി ധാരണ ഉളവാക്കുകയും ചെയ്തു. വല്ലഭന്റെ കഥകളും ആവശ്യമില്ലാത്തവ പോലെ തോന്നി. അശ്വതിയുടെ ഈ മാനസികാവസ്ഥയിൽ എത്താനുള്ള കാര്യങ്ങൾ ഒന്നും കഥയിൽ ഹൈ ലൈറ്റ് ചെയ്യാതെ പോയത് അത്ര ശരിയായി തോന്നിയില്ല. കുറച്ചു കൂടി വിശദമാക്കിയാൽ കൊള്ളാമായിരുന്നു. പറഞ്ഞു പറഞ്ഞു കൂടിപ്പോയോ?
കഥ പൊതുവെ നന്ന്.

Jenish said...

സാഹിത്യം വായനക്കാരുടെ മനസ്സിലെ നന്മയെ ഉണർത്തുന്നതായിരിക്കണമെന്ന് വിളിച്ചുപറയുന്ന കഥ.. അഭിനന്ദനങ്ങൾ..

Geetha said...

"കമ്പിളിപ്പുതപ്പ് " കൊള്ളാം. അശ്വതി ഇത്ര രാവിലെ എങ്ങോട്ടെന്നു ആകാംക്ഷ യോടെ വായിച്ചു. പ്രതീക്ഷിക്കാത്ത ഒരു അവസാനഭാഗത്തിലേക്ക് കഥ എത്തിച്ചിരിക്കുന്നു. ആശംസകൾ

Pradeep Kumar said...

അലക്ഷ്യമായ കഥയെഴുത്തിന്റെ രീതികൾ പലപ്പോഴും ബ്ളോഗുകളിൽ കാണാം. അതിൽനിന്നു വ്യത്യസ്ഥമായി വായനക്കാരിലേക്ക് ചില ഉൾക്കാഴ്ചകൾ സമ്മാനിക്കുക എന്ന ലക്ഷ്യത്തിലെത്തുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു

Cv Thankappan said...

ഇതുവായിച്ചപ്പോള്‍ "ഒരു തെരുവിന്‍റ കഥ"യാണ്‌.ഓര്‍മ്മ വന്നത്.
സന്ദേശം ഉള്‍ക്കൊള്ളുന്ന നല്ലൊരു കഥ>
ആശംസകള്‍

വിനോദ് കുട്ടത്ത് said...

മനോഹരമായി ഒരു സന്ദേശം ഉണ്ട് കഥയിൽ ..... മനുഷ്യനിലെ നന്മയെ എടുത്തു കാണിക്കുന്ന കഥയെഴുത്തിന് ആശംസകൾ.....

ശ്രീ said...

ഒരു വര്‍ഷമായി എഴുത്തൊന്നുമില്ലേ?

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP