Followers

സേതു

Sunday, March 25, 2007

സേതു ബാങ്കില്‍ പോയി മടങ്ങിവരുമ്പോഴാണ് വഴിയില്‍ അയാളെ കണ്ടത്. മുനിസിപ്പാലിറ്റി വക കുപ്പത്തൊട്ടിയില്‍ അയാള്‍ എന്തോ ചികയുന്നു.രൂപവും ഭാവവും ഒരു പിച്ചക്കാരന്റേതല്ലാത്തതിനാലാവും അവള്‍ ഒരു നിമിഷം അയാളെ ശ്രദ്ധിച്ചു.
വിളറിയ മുഖവും ദൈന്യതയേറിയ കണ്ണുകളുമുള്ള ഒരു മനുഷ്യന്‍.
കുപ്പത്തൊട്ടി മുഴുവന്‍ അരിച്ച് പെറുക്കി ഒടുവില്‍ അയാള്‍ നിരാശനായി റോഡരുകില്‍ കുത്തിയിരുന്നു.

സേതു വഴിയേ പോകുന്ന കാക്കയേയും പൂച്ചയേയും പോലും വെറുതേ വിടില്ല. അവളുടെ സ്വഭാവമതാണ്. അപ്പുക്കുട്ടന്റേത് നേരേ തിരിച്ചും. അണ്ണാക്കിലിട്ട് കുത്തിയാലും മിണ്ടില്ല.

സേതു ജീവിതത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത മനുഷ്യേരെപ്പോലും പിടിച്ച് നിര്‍ത്തി ഒരു നിമിഷം അടിമുതല്‍ മുടിവരെ നോക്കി;
"അല്ല നിങ്ങളെ കണ്ടിട്ട് നല്ല പരിചയം. കുറ്റിപ്പുറത്തെ കാര്‍ത്യായനിച്ചേച്ചീടെ മകനാണോ അല്ലെങ്കില്‍ മകളാണോ?" എന്ന് ചോദിച്ച് അവരുടെ വായിലിരിക്കുന്നതും കേട്ടാലെ അവള്‍ക്കന്നത്താഴം നേരേ ചൊവ്വേ ഇറങ്ങത്തുള്ളു.

അങ്ങനെയുള്ള അവളുടെ മുന്നിലാണ് ഒരു ഹതഭാഗ്യന്‍ കുത്തിയിരിക്കുന്നത്. വിടുമോ അവള്‍?
നാളും പേരും ഒന്നും മനസ്സിലാക്കാതെ ഒരാളെ വിടുകയെന്ന് പറഞ്ഞാല്‍...
അതും തളര്‍ന്ന് കുത്തിയിരിക്കുന്ന ഒരാളെ...

അവള്‍ പതിവ് ശൈലിയിലെ ചോദ്യങ്ങള്‍ ഒന്നൊന്നായി തൊടുത്തുവിട്ടു.
പേര്? നാള്? മേല്‍വിലാസം?...അങ്ങനെ പലതും.

ങ്ങേ ഹേ... ഒരു പ്രതികരണവുമില്ല.

ചോരവറ്റിയ മുഖത്ത് യാതൊരുവിധ ഭാവഭേദവുമില്ല.
ചിലപ്പോള്‍ കാത് കേള്‍ക്കാന്‍ പാടില്ലാത്ത ആളായിരിക്കും. അവള്‍ സ്വയം സമാധാനിച്ച്കൊണ്ട് മുന്നോട്ട് നടന്നു.

കുറച്ച് മുന്നോട്ട് പൊയ്ക്കഴിഞ്ഞപ്പോഴാണവള്‍ക്ക് ബോധോദയമുണ്ടായത്.
അയാളെന്തിനായിരിക്കും കുപ്പത്തൊട്ടിയില്‍ ചികഞ്ഞത്? പ്ലാസ്റ്റിക്കോ കടലാസോ പെറുക്കുന്ന ആളായിട്ട് അവള്‍ക്കയാളെ തോന്നിയുമില്ല. അയാളതൊന്നും പെറുക്കിയെടുത്തിട്ടുമില്ല. പിന്നെ...?

വിശന്നിട്ട് ആഹാരം വല്ലതും നോക്കിയതാണോ?
പണ്ട് വിശന്ന് കിടന്ന് കരഞ്ഞ തന്നേയും അപ്പുക്കുട്ടനേയും സമാധാനിപ്പിക്കാനായി ഒരു നാഴി അരിക്കായി അമ്മ ജാനു മൂപ്പത്തിയുടെ അടുക്കല്‍ പോയ കാര്യം അവള്‍ക്കോര്‍മ്മവന്നു.

എന്തായിരുന്നു അന്നവര്‍ അമ്മയോട് പറഞ്ഞത്...
ഒരുനാഴി കുത്തരിക്കായി പണയവസ്തു ചോദിച്ചവര്‍.

കണ്‍കോണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീര്‍ തൂവാലകൊണ്ട് തുടച്ച് കൊണ്ടവള്‍ ആ മനുഷ്യന്റെയടുത്തേയ്ക്ക് നടന്നു..
അവള്‍ അയാളെ തട്ടിവിളിച്ചു.

ഈ ശല്യം ഇതേവരെ പോയില്ലേ എന്ന മട്ടില്‍ അയാള്‍ അവളെ നോക്കി.
സേതു തന്റെ പേഴ്സ് തുറന്ന് ഒരു പത്ത് രൂപാനോട്ടെടുത്ത് അയാള്‍ക്ക് നേരെ നീട്ടി.
“വിശന്നിട്ടാണല്ലേ? കൊണ്ട്പോയി എന്തെങ്കിലും കഴിക്കൂ.”
അയാളിലുണ്ടായ ഭാവമാറ്റം അവളെ ഞെട്ടിച്ച്കളഞ്ഞു.

ദൈന്യതയേറിയ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ധാരധാരയായി പ്രവഹിച്ചു.
അയാളെന്തൊക്കെയോ പറയാന്‍ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയില്‍ കുരുങ്ങി.
മുന്നോട്ടാഞ്ഞ് അയാള്‍ സേതുവിന്റെ കാല്‍ക്കല്‍ വീണു.

വിശക്കുന്നവന് തന്നാലാവുന്നവിധം എന്തെങ്കിലും ചെയ്യാനായല്ലോയെന്ന സംതൃപ്തിയില്‍ വീട്ടിലേയ്ക്ക് നടന്ന സേതുവിന്റെ മനസ്സില്‍ മുഴുവന്‍ ജാനുമൂപ്പത്തിയുടെ വാക്കുകള്‍കേട്ട് കരഞ്ഞ്കലങ്ങിയ കണ്ണുകളുമായി മടങ്ങിയ അമ്മയുടെ മുഖമായിരുന്നു.

Read more...

ഒരു ബ്ലോഗറുടെ ഗതികേട്

Friday, March 16, 2007

പലപ്പോഴായി പലതും കുത്തിക്കുറിച്ചിട്ടുണ്ടങ്കിലും അത് പത്ത് പേര്‍ വായിക്കുന്ന നിലയിലാക്കണമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല.
അങ്ങനെ സ്വപ്നത്തില്‍ കാണാതിരുന്ന കാര്യങ്ങള്‍ പഴയ ഒരു നോട്ട് ബുക്കിന്റെ താളുകളില്‍ വിശ്രമംകൊള്ളുകയായിരുന്നു വര്‍ഷങ്ങളോളം.
ഒരു ദിവസം ഓഫീസില്‍നിന്നും വന്ന ഞാന്‍ ഞെട്ടിപ്പോയി.
വാമഭാഗം എന്റെ പഴയ ബുക്കുകളൊക്കെ അളിച്ച് വാരിയിട്ടിരിക്കുന്നു.
വെറുതേ ഒരു രസത്തിന് നോക്കിയതാണന്ന വിശദീകരണം സത്യത്തില്‍ എനിക്കത്രയ്ക്കങ്ങ് ദഹിച്ചില്ല.

എന്റെ പഴയ പ്രേമലേഖനങ്ങള്‍ വല്ലതും തപ്പിയതായിരുന്നിരിക്കും അവള്‍.

എവിടെ കിട്ടാന്‍. അതൊക്കെ പണ്ടേ കത്തിച്ചു കളഞ്ഞതല്ലേ.

ഞാന്‍ മനസ്സ് കൊണ്ട് ചിരിച്ചു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഓഫീസില്‍ നിന്ന് വന്ന ഞാന്‍ വീണ്ടും ഞെട്ടി.

കമ്പ്യൂട്ടറും തുറന്ന് വെച്ച് അവള്‍ നിന്ന് ചിരിക്കുന്നു.

ഞാന്‍ പണ്ടെങ്ങോ എഴുതിയ എന്തോ സാധനം ടൈപ്പ് ചെയ്ത് മലയാളവേദിയില്‍ കൊടുത്തിരിക്കുന്നു.
ആരൊക്കെയോ കമന്റും ചെയ്തിട്ടുണ്ട്.
കുളിരുകോരുന്ന ഒരു തോന്നല്‍. എങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും ഞെട്ടി.

ഇത്തവണ ബ്ളോഗ് എന്ന ഉമ്മാക്കി കാട്ടിയാണവളെന്നെ പേടിപ്പിച്ചത്.
ആഹാ. എന്റെ പടവും കൊടുത്തിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ എന്റെ പടം കണ്ടപ്പോള്‍ ഞാന്‍ വീണ്ടും കോരിത്തരിച്ചു.
ഇത്തവണയും ഞാന്‍ മസില്‍പിടിച്ച് നിന്നു. മനസിലെ സന്തോഷം പുറത്ത് കാണിച്ചില്ല.
ക്രെഡിറ്റ് അവളെങ്ങാനുമെടുത്താലോ!

പക്ഷേ അധിക നാള്‍ പിടിച്ച് നില്‍ക്കാനായില്ല.
കമന്റുകള്‍ എന്നെ ബ്ളോഗിലേയ്ക്ക് വലിച്ചടുപ്പിച്ചു. ഞാനാരൊക്കെയാണെന്നൊരു തോന്നല്‍. അറ്റ്ലീസ്റ്റ് നല്ലപാതിയുടെ മുന്നിലെങ്കിലും! (അഹങ്കാരമെന്ന് കരുതരുത്). ഒരു ഉള്‍പ്പുളകം അത്രേയുള്ളു.

പിന്നെ പിന്നെ ഞാന്‍ കിട്ടുന്ന ഒഴിവ് സമയത്തെല്ലാം കമ്പ്യൂട്ടറിന്റെ മുന്നിലായി.

ഒരേ ഒരു മന്ത്രം മനസ്സില്‍. ബ്ളോഗ് മന്ത്രം.

കുറെ നാളായി എന്നെ പുറത്തോട്ട് കാണാതിരുന്നതിനാല്‍ ഒരു ഞായറാഴ്ച രാവിലെ എന്റെ ഒരു കൂട്ടുകാരനായ അജിത് എന്നെ തേടി വന്നു.

കട്ടന്‍ ചായയും കുടിച്ചുകൊണ്ട് ഞാന്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍...
അജിത്തും എന്റടുത്തുവന്നിരുന്നു.

ഞാനവനെ എന്റെ ബ്ളോഗും കഥകളും (കഥകളാണോയെന്ന് ഇപ്പോഴും അത്ര നിശ്ചയമില്ല.) കമന്റുകളും കാണിക്കുവാന്‍ തുടങ്ങി.

അവന്റെ താല്‍പര്യം കണ്ടിട്ട് ഞാന്‍ പതുക്കെ എന്റെ സീറ്റ് അവന് നല്‍കി. സ്വസ്ഥമായിരുന്ന് വായിക്കട്ടെ.
അജിത്ത് വായന തുടങ്ങി. ഞാന്‍ കഥയ്ക്ക് പിന്നിലെ കഥകളും അവനു പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു.
സമയം പോയതറിഞ്ഞേയില്ല.
ഊണിന് സമയമായെന്ന് അറിയിപ്പ് അടുക്കളയില്‍നിന്നും വരുന്നതു വരെ.

“എങ്കില്‍പിന്നെ ഊണ് കഴിഞ്ഞിട്ടാവാം ബാക്കി.” ഞാന്‍ അജിത്തിനോട് പറഞ്ഞു.
ഊണ് കഴിഞ്ഞ് വീണ്ടും കമ്പ്യൂട്ടറിന് മുന്നില്‍.

ഇടയ്ക്കിടയ്ക്ക് അജിത് വാച്ചില്‍ നോക്കുന്നതു കണ്ട് ഞാന്‍ ചോദിച്ചു “എന്താ അജിത്തേ വല്ലയിടത്തും പോകാനുണ്ടോ?”

“ഇല്ല.” അജിത്

“പിന്നെന്താ ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നത്?” എനിക്കെന്തോ ഒരു പന്തികേടു തോന്നി.

അജിത് ദയനീയമായി എന്നെയൊന്ന് നോക്കി.പിന്നെ പതിയെ പറഞ്ഞു.

“എന്റെ സതീശേട്ടാ, എന്റെ ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ബാലരമ പോലും വായിച്ചിട്ടില്ല. പിന്നെയെന്നോടെന്തിനാ ഈ കൊലച്ചതി.”

ഞാന്‍ വീണ്ടും ഞെട്ടി.

പിന്നെ ഊണും ഉറക്കവും കളഞ്ഞ്,പാതിരാത്രിയെന്നോ പത്തുവെളുപ്പെന്നോ ഇല്ലാതെ കുത്തിയിരുന്ന് ടൈപ്പ് ചെയ്ത്; ഇന്റര്‍നെറ്റ് കണക്ഷനുമെടുത്ത്, കൈയിലെ പൈസായും കളഞ്ഞ്, വായനക്കാരനെ തേടി നടക്കേണ്ടുന്ന പാവം ബ്ലോഗറുടെ ദുര്‍വിധിയെയോര്‍ത്ത് തലയ്ക്ക് കൈയും കൊടുത്തിരുന്നു.

Read more...

അയ്യായുടെ അമ്മന്‍കുടം

Thursday, March 15, 2007

അയ്യായെ അറിയാത്തവരാരുമില്ലായിരുന്നു.
അയ്യായെക്കുറിച്ച് അറിയാവുന്നവരുമാരുമില്ലായിരുന്നു.
അയ്യ എവിടുത്തുകാരനാണന്നോ എപ്പോള്‍ വന്നന്നോ ആര്‍ക്കും ഒരു നിശ്ചയവുമില്ലായിരുന്നു.
അയ്യ തന്നെക്കുറിച്ച് ആരോടും വ്യക്തമായി ഒന്നും പറഞ്ഞിരുന്നുമില്ല.
ആരെങ്കിലും ചോദിച്ചാല്‍ തന്നെ അയ്യ അതില്‍നിന്നെല്ലാം വിദഗ്ധമായി ഒഴിഞ്ഞുമാറിയിരുന്നു.

എങ്കിലും അയ്യായെക്കുറിച്ച് അറിയാവുന്ന ചില കാര്യങ്ങളുണ്ടായിരുന്നു.

അയ്യ നല്ലൊരു കലാകാരനായിരുന്നു.
അയ്യ നല്ലൊരു സഹായിയായിരുന്നു.
അയ്യ കുട്ടികളുടെ നല്ലൊരു കളിക്കൂട്ടുകാരനായിരുന്നു.

ഉത്സവങ്ങളോ, കലാപരിപാടികളോ, ആഘോഷങ്ങളോ, ഘോഷയാത്രകളോ എന്തുമാകട്ടെ; ഉണ്ടന്നറിഞ്ഞാല്‍ അയ്യ അത് തേടിപ്പിടിച്ച് പോകുമായിരുന്നു. ജാതി മത രാഷ്ട്രീയ വകഭേദമില്ലാതെ! തന്റെ അമ്മന്‍കുടവുമായി...

അയ്യായെ ആരും പ്രത്യേകം ക്ഷണിക്കേണ്ട കാര്യമൊന്നുമില്ലായിരുന്നു അതിന്. അയ്യ അത് തന്റെ ജന്മനിയോഗമോ, കര്‍ത്തവ്യമോ അല്ലെങ്കില്‍ അവകാശമോ ആയി കണക്കുകൂട്ടിയിരുന്നു.

സിനിമാപ്പാട്ടോ, ചെണ്ടമേളമോ,പഞ്ചവാദ്യമോ എന്നുവേണ്ട കേവലം ചൂളമടിയായാലും അയ്യ യാതൊരുവിധ പരിഭവങ്ങളുമില്ലാതെ ചുവടുവെയ്ക്കുമായിരുന്നു.
ലഭ്യമാകുന്ന സംഗീതത്തിന്റേയും വാദ്യോപരണങ്ങളുടേയും അകമ്പടിയോടെ അമ്മന്‍കുടം തുള്ളുന്ന അയ്യ ആര്‍ക്കും ഒരു ബാദ്ധ്യതയായിരുന്നില്ല.
അല്ലെങ്കില്‍ ഒരിറ്റ് മദ്യത്തിലോ ഒരുനേരത്തെ ആഹാരത്തിലോ ആ ബാദ്ധ്യത അവസാനിക്കുന്നതേയുള്ളായിരുന്നു.
അയ്യായെ ആരും ഒരിക്കലും ഒരിടത്ത്നിന്നും ഒഴിച്ച് നിര്‍ത്തിയിരുന്നില്ല.
ചുരുക്കത്തില്‍ അയ്യായോ അയ്യയുടെ അമ്മന്‍കുടമോ ഇല്ലാത്ത ഒരു കാര്യപരിപാടിയും നടന്നിരുന്നില്ല.

കൈകള്‍ രണ്ട് വശത്തേയ്ക്കും നീട്ടിപ്പിടിച്ച് കുടം താഴേയ്ക്ക് പോകാതിരിക്കാനായി തല ഒരു പ്രത്യേക രീതിയില്‍ വെച്ച്കൊണ്ട് അയ്യ പാട്ടിനൊപ്പം ചുവടുവെയ്ക്കുമ്പോള്‍ അത് കണ്ട് നില്‍ക്കുവാന്‍ അനേകം നാട്ടുകാരോടൊപ്പം അപ്പുക്കുട്ടനും പോയിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ കണ്ട് പരിചയിച്ച അയ്യായുടെ മുഖവും അമ്മന്‍കുടം തുള്ളലും അപ്പുക്കുട്ടന്റെ മനസ്സില്‍ ഒരു മായാത്ത മുദ്ര പതിപ്പിച്ചു.

"അയ്യ വേറേ ജോലിയൊന്നും ചെയ്യത്തില്ലേ?" ഒരിക്കല്‍ അപ്പുക്കുട്ടന്‍ അയ്യായോട് ചോദിച്ചു. വായനശാലയുടെ വാര്‍ഷികത്തിന്റെ അന്നായിരുന്നു അത്.

അയ്യ തന്റെ അമ്മന്‍കുടത്തെ തഴുകിക്കൊണ്ട് പറഞ്ഞു. "മോനേ ഈ കുടവും തുള്ളലുമാണ് അയ്യായുടെ ജീവിതം."
അതേ. അയ്യായുടെ ജീവനും ജീവിതവുമായിരുന്നു അമ്മന്‍കുടം തുള്ളല്‍.

തുള്ളലില്ലാത്ത സമയങ്ങളില്‍ അയ്യ തന്റെ കുടവും അതിന് മുകളില്‍ വെയ്ക്കുന്ന പൂക്കുടയുമായി കുട്ടികളുടെ യിടയിലേയ്ക്കിറങ്ങും.
പിന്നെ കഥകളുടെ വേലിയേറ്റമായിരിക്കുമവിടെ.
എല്ലാം തന്റെ വീരകഥകള്‍!
ആയകാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം താന്‍ നടത്തിയ കലാപ്രകടനത്തിന്റെ കഥകള്‍!
അനുഭവങ്ങള്‍!
അങ്ങനെ പലതും.

ഓണാഘോഷത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടത്തണമെന്ന തീരുമാനമുണ്ടായപ്പോഴാണ് അയ്യായുടെ പേര് ചര്‍ച്ചയ്ക്കായി എത്തിയത്. മറ്റ് പല ഇനങ്ങളുടെ കൂടെ അയ്യായുടെ അമ്മന്‍കുടവും ഉണ്ടാവണമെന്ന തീരുമാനമുണ്ടായി.
സത്യത്തില്‍ അങ്ങനെയൊരു തീരുമാനമെടുക്കേണ്ട ആവശ്യമില്ലായിരുന്നു. അയ്യ അല്ലാതെ തന്നെ എത്തുന്നയാളാണ്.
എങ്കിലും വൃദ്ധനായ ആ കലാകാരനെ തങ്ങളാലാവുന്ന വിധം ബഹുമാനിക്കണമെന്ന തീരുമാനത്തിന്റെ പുറത്താണ് അപ്പുക്കുട്ടനും കൂട്ടരും അയ്യയെ കാണുവാനായി പുറപ്പെട്ടത്.

തോട്ടിറമ്പിലെ ഓലമറച്ച കൂരയുടെ മുന്നിലെത്തി അപ്പുക്കുട്ടനും സംഘവും നിന്നു.
ആളനക്കമുള്ള ലക്ഷണമില്ല. വാതില്‍ തുറന്ന് കിടക്കുന്നു.
"അയ്യാ, അല്ല ഇവിടെയാരുമില്ലേ?" അപ്പുക്കുട്ടന്‍ വിളിച്ചു.
വിളിക്ക് പ്രതികരണമുണ്ടായി. പക്ഷേ അതൊരു ഞരക്കം മാത്രമായിരുന്നു.
അയ്യ ഉള്ളിലുണ്ടന്ന് മനസ്സിലായതിനാല്‍ അപ്പുക്കുട്ടന്‍ വീടിനകത്ത് കയറി. ശരിയായ രീതിയില്‍ വെളിച്ചമില്ലാത്തതിനാല്‍ ഒന്നും വ്യക്തമായി കാണുവാന്‍ കഴിയുന്നില്ല.
എങ്കിലും തറയിലിട്ടിരുന്ന പായയില്‍ ചുരുണ്ടുകൂടി കിടക്കുന്ന അയ്യായെ തിരിച്ചറിയുവാന്‍ അധികസമയമെടുത്തില്ല.
"എന്തുപറ്റി അയ്യാ, സുഖമില്ലേ?" അപ്പുക്കുട്ടന്‍ ചോദിച്ചു.
"പുറത്തേയ്ക്കൊന്നും അയ്യായെ കാണാത്തതിനാലാണ് അമ്മന്‍കുടം തുള്ളലിന്റെ കാര്യം പറയാന്‍ ഞങ്ങളിങ്ങോട്ടേയ്ക്കെത്തിയത്."
അമ്മന്‍കുടം തുള്ളലെന്ന് കേട്ടതും തന്റെ വല്ലായ്മയെല്ലാം മാറ്റിവെച്ചുകൊണ്ട് അയ്യ ചാടിയെണീറ്റു.
"എന്താ പറഞ്ഞേ മക്കളേ..." അയ്യായ്ക്ക് പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ല. അതിന് മുന്നേ ശക്തമായ ചുമ വാക്കുകളെ കവര്‍ന്നെടുത്തിരുന്നു.
കുറച്ച് സമയമെടുത്തു അയ്യായ്ക്ക് സംസാരിക്കാനുള്ള സ്ഥിതിതിയിലേയ്ക്ക് തിരിച്ചെത്തുവാന്‍. പിന്നെ എന്തോ ഓര്‍ത്തിട്ടെന്നപോലെ പറഞ്ഞു.
"ഓ... ഓണം വരികയാണല്ലോ, അതിന്റെ കാര്യം പറയാനായിരിക്കും എല്ലാരുംകൂടി എത്തിയിരിക്കുന്നതല്ലേ? എന്നോടെന്തിനാ മക്കളേ പ്രത്യേകം പറയേണ്ടത്? ഞാനങ്ങ് എത്തില്ലേ?" അയ്യ ചിരിക്കുവാന്‍ ശ്രമിച്ചു. പക്ഷേ അതൊരു വിഫലശ്രമമായി മാറി. ഉള്ളിലെ ബുദ്ധിമുട്ട് ശക്തമായ ചുമയായി വീണ്ടും പുറത്തുവന്നു.
"അയ്യ, ഇതിങ്ങനെ വെച്ചോണ്ടിരുന്നാല്‍ പറ്റില്ല. മരുന്ന് വാങ്ങിക്കണം.നമ്മള്‍ക്ക് ആശുപത്രിയില്‍ പോകാം. എന്താ?" അപ്പുക്കുട്ടന്‍ പറഞ്ഞു.
"ഇനി ഈ വയസ്സ് കാലത്ത് എന്ത് ഡാക്കിട്ടര്? എന്ത് മരുന്ന്?" അയ്യ കുറച്ചുനേരം മുകളിലോട്ട് നോക്കിയിരുന്നു. എന്നിട്ട് പറഞ്ഞു.
"നിങ്ങള് പൊയ്ക്കോളൂ. എന്നാ വരേണ്ടതെന്ന് പറഞ്ഞാമതി. ഞാനങ്ങെത്തിക്കോളാം."

ഘോഷയാത്രയുടെ മുന്‍ദിവസം ഒന്നുകൂടിവന്ന് വിവരം ഓര്‍മ്മിപ്പിക്കാമെന്ന് സമ്മതിച്ചിട്ടാണ് അപ്പുക്കുട്ടന്‍ അയ്യായുടെ വീട്ടില്‍നിന്നും ഇറങ്ങിയത്.
എങ്കിലും അതിനടുത്ത ദിവസങ്ങളിലും അപ്പുക്കുട്ടന് അയ്യായുടെ അടുക്കല്‍ പോകാതിരിക്കാനായില്ല. ദിനംതോറും ദയനീയമായിക്കൊണ്ടിരിക്കുന്ന അയ്യായുടെ ആരോഗ്യസ്ഥിതിതന്നെയായിരുന്നു അതിന് കാരണം.
ചില ദിവസങ്ങളില്‍ അയ്യ വളരെയേറെ ഉത്സാഹവാനായി കാണപ്പെട്ടു. ചില ദിവസങ്ങളില്‍ നേരെ തിരിച്ചും.
ചുമ സഹിക്കാനാവാതെ വില്ലുപോലെ വളഞ്ഞുള്ള അയ്യയുടെ ഇരുപ്പ് കണ്ട് പലവട്ടം അപ്പുക്കുട്ടന്‍ നിര്‍ബദ്ധിച്ചു ഡോക്ടറെ കാണുവാനും മരുന്ന് വാങ്ങുവാനുമായി.
പണത്തിന്റെ മറ്റോ പോരായ്മയാണെങ്കില്‍ കൂടിയും ബുദ്ധിമുട്ടണ്ടായെന്നും അതിനാണ് തങ്ങളെല്ലാവരും ഇവിടെയുള്ളതെന്നും ആവര്‍ത്തിച്ചു പറഞ്ഞു നോക്കി. അയ്യ ഒന്നും കേട്ടില്ലാ.
ഇറ്റ് വന്ന കണ്ണീര്‍ തുടച്ചുകൊണ്ട് അയ്യാ പറഞ്ഞു "നിങ്ങളുടെയീ വാക്കും സഹായവും തന്നെ അയ്യാക്ക് ധാരാളമാണ് മക്കളേ. ഞാന്‍ പോയാല്‍ ആര്‍ക്കും ഒന്നും നഷ്ടമാവില്ല. പിന്നെന്തിനാ മരുന്നൊക്കെ."

ആകെയുള്ള ജീവിതസമ്പാദ്യമായ ഓട്ടുകുടവും അതിനു മുകളില്‍ വെയ്ക്കുന്ന കടലാസും മുളകീറുകളും കൊണ്ടുണ്ടാക്കിയ പൂക്കൂടയും അയ്യ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു. "ഈ കുടം കണ്ടോ മക്കളേ എനിക്ക് പത്തു വയസ്സുള്ളപ്പോ എന്റെ അമ്മ മരിച്ചു. മരിക്കുന്നതിനു മുന്നേ അമ്മയെനിക്കു തന്ന സമ്മാനമായിത്. പിന്നീടിങ്ങോട്ട് ഇതേ നിമിഷം വരെ എന്റെ ജീവനും ജീവിതവുമെല്ലാമിവനാ. ഇവന്‍ പോയാല്‍ പിന്നെ അയ്യയില്ല. ഇങ്ങനെയിതിനെ തഴുകിയിരുന്നാല്‍ അയ്യയെല്ലാം മറക്കും. വേദനയും അസുഖവും വിശപ്പുമെല്ലാം." അയ്യ ചെറുതായി ചിരിക്കാന്‍ ശ്രമിച്ചു. ആ ചിരി പൂര്‍ണ്ണമാക്കുവാന്‍ അയ്യായേ കീഴ്പ്പെടുത്തികൊണ്ടിരുന്ന രോഗം സമ്മതിച്ചില്ല.
ശക്തിയേറിയ ചുമ കണ്ടുകൊണ്ട് നില്‍ക്കുവാന്‍ കഴിയാതിരുന്നതിനാല്‍ അപ്പുക്കുട്ടന്‍ അവിടെ നിന്നിറങ്ങി.

ഘോഷയാത്ര തുടങ്ങുവാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് അപ്പുക്കുട്ടന്‍ വീണ്ടുമവിടെയെത്തിയത്. അകത്തു നിന്നും അയ്യയുടെ ചുമ കേള്‍ക്കുന്നുണ്ട്. അപ്പുക്കുട്ടനകത്തു കയറി അയ്യയുടെ അടുത്തിരുന്നു.
"അയ്യാ നമ്മുടെ പരിപാടി തുടങ്ങുവാന്‍ ഇനി കുറച്ചുനേരം കൂടിയേയുള്ളൂ. ഇത്തവണ അയ്യക്ക് തുള്ളാന്‍ പറ്റുകേലന്നാ എനിക്കു തോന്നുന്നത്. അത്രയ്ക്ക് വയ്യല്ലോ അയ്യക്ക്." അപ്പുക്കുട്ടന്‍ പറഞ്ഞു.
അയ്യാ കിടന്നകിടപ്പില്‍ തന്നെ കണ്ണുതുറന്നു അപ്പുക്കുട്ടനെ നോക്കി. ചിരിയും വേദനയും സങ്കടവുമെല്ലാം ആ മുഖത്തു മിന്നിമറഞ്ഞു.
എഴുന്നേറ്റിരിക്കാനൊരു വിഫലശ്രമം അയ്യ നടത്തുന്നത് കണ്ട് അപ്പുക്കുട്ടന്‍ കൈതാങ്ങി അയ്യയെ നേരെയിരുത്തി.
"അതിങ്ങെടുത്തേ" അയ്യ കുടത്തേയും പൂക്കുടയേയും കാട്ടി അപ്പുക്കുട്ടനോട് പറഞ്ഞു.
കുടവും പൂക്കുടവും അപ്പുക്കുട്ടനേല്‍പ്പിച്ചു കൊണ്ട് അയ്യ പറഞ്ഞു "നീയിതു കൊണ്ടുപോയി തേച്ചുതുടച്ച് ശരിയാക്കി വെയ്ക്ക്. ആരാ പറഞ്ഞേ അയ്യക്ക് തുള്ളാന്‍ പറ്റില്ലെന്ന്?. അയ്യക്ക് തുള്ളാതിരിക്കാന്‍ പറ്റുമോ മക്കളേ സമയത്തിനു മുന്നേ അയ്യയവിടെ എത്തിയിരിക്കും. നീ പോയ്ക്കോടാ മക്കളേ."

അപ്പുക്കുട്ടനു വിശ്വസിക്കാനായില്ല. എഴുന്നേറ്റിരിക്കാന്‍ കൂടിയാവതില്ലാതിരിക്കുന്ന ഈ മനുഷ്യന്‍ എങ്ങനെയെത്താനാണ്. അവനൊന്നും മനസ്സിലായില്ല. അവന്‍ കുടവും പൂക്കുടയുമായി പോകാനൊരുങ്ങി. പക്ഷേ അപ്പുക്കുട്ടനു പോകാനായില്ല. സാധാരണയുണ്ടാകാറുള്ളതിനേക്കാള്‍ ശക്തമായ അയ്യയുടെ ചുമ അപ്പുക്കുട്ടനെയവിടെ പിടിച്ചുനിര്‍ത്തി.
അവന്‍ അയ്യയേ തന്റെ കൈകളില്‍ താങ്ങിയിരുത്തി. തളര്‍ന്നുകിടന്നു ചുമയ്ക്കുന്നതിനിടയിലും അയ്യയെന്തോ പറയുവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
അപ്പുക്കുട്ടന്‍ തന്റെ ചെവി അയ്യയുടെ മുഖത്തോട് അടുപ്പിച്ചു.
"മക്കളേ നീ പോയ്ക്കോ അയ്യയവിടെയെത്തിയിരിക്കും. അയ്യയുടെ ജീവനാ നിന്റെ കൈയ്യില്‍ തന്നിരിക്കുന്നേ. സൂക്ഷിച്ചു വെച്ചോളണം."
അപ്പുക്കുട്ടന്‍ കുടത്തേയും മാറി മാറി നോക്കി. അയ്യയുടെ മുഖത്തൊരു നേരിയ പുഞ്ചിരി പടര്‍ന്നു.
പിന്നെയാ കണ്ണുകളടഞ്ഞു.
അയ്യാ...അയ്യാ...അപ്പുക്കുട്ടനയ്യയെ കുലുക്കി വിളിച്ചു.
ഇല്ല എല്ലാം കഴിഞ്ഞിരിക്കുന്നു.

അപ്പുക്കുട്ടന്‍ അയ്യയേല്‍പ്പിച്ച ജീവനേയും കൈയ്യിലെടുത്ത് എന്തു ചെയ്യണമെന്നറിയാതെ നിന്നു.

ശരീരത്തെ ഉപേക്ഷിച്ച അയ്യയുടെ ആത്മാവ് ഒരു പക്ഷേ അപ്പുക്കുട്ടന്‍ കൊണ്ടു വരുന്ന കുടത്തേയും പൂകുടയേയും പ്രതീക്ഷിച്ച് എല്ലാരേക്കാളും മുന്നേ ഘോഷയാത്രയ്ക്കായ് എത്തിയിരുന്നിരിക്കാം. തന്റെ വാക്ക് പാലിക്കാന്‍ പറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ...

Read more...

ഒരു പ്രതിഷേധക്കുറിപ്പ് യാഹൂ മോഷണത്തിനെതിരെ

Monday, March 5, 2007

Yahoo!ഇന്‍ഡ്യയുടെ അനീതിയ്ക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഞാനും അണിചേരുന്നു.

ബ്ലോഗേഴ്സിന്റെ അനുമതിയില്ലാതെയുള്ള ഏതൊരുവിധ പുനഃപ്രസിദ്ധീകരണവും അപലപനീയമാണ്.

മലയാളം ബ്ലോഗേഴ്സിന്റെ മേലുള്ള യാഹുവിന്റെ കടന്ന് കയറ്റത്തിനെതിരായി അണിചേരുന്ന എല്ലാപേര്‍ക്കും എന്റെ എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു.



Related links

1. Bloggers Protest Event against Yahoo! India - March 5th 2007

2. Yahoo's Copyright infringement on Malayalam Blog content.

3. And Yahoo counsels us to respect intellectual rights of others !

4. March 5th 2007 - Blog Event against Plagiarism!

5. Yahoo Plagiarism Protest Scheduled March 5th

6. രണ്ടായിരത്തിഏഴ്‌ മാര്‍ച്ച്‌ അഞ്ച്‌ പ്രതിഷേധ ദിനം

7. കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ...

8. യാഹൂവിന്റെ ബ്ലോഗ് മോഷണം

9. ബ്ലോഗിലെ കളവ്

10. My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം

11. March 5th, 2007: Protest against plaigarism by Yahoo! India

12. My protest against plagiarisation of Yahoo India -Chethana

13. Yahoo! India's dirty play...

14. യാഹൂ മാപ്പു പറയുക!

15. ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും..

16. യാഹുവിനെതിരെ

17. Copyright Violations: March 5th 2007 - Blog Event against Plagiarism!

18. Content theft by Yahoo India

19. Yahoo blames it on subcontractors when caught on plagiarism

20. യാഹു മലയാളത്തില്‍; കൃതികള്‍ കുറച്ച് കട്ടതും

21. Mathrubhumi News

22. Yahoo and Webdunia - The inside story!

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP