Followers

വിധേയന്‍

Tuesday, October 30, 2007

സെക്കന്റ് ഷിഫ്റ്റ് ഡ്യൂട്ടി ആയതിനാല്‍ അച്ചായന് മൂന്ന് മണിക്ക് തന്നെ കമ്പനിയില്‍ എത്തിച്ചേരേണ്ടതാണ്.ഇന്നെങ്കിലും അല്‍പസ്വല്‍പം നേരത്തെ കമ്പനിയില്‍ ചെല്ലണമെന്ന് വിചാരിച്ച് ഹെക്കുലീസിനെ സ്റ്റാന്‍ഡില്‍ നിന്നും തട്ടുമ്പോഴാണ് മുടിഞ്ഞവളുടെ ശകാരം.

“നിങ്ങളിങ്ങനെ കമ്പനീ ജോലി എന്നൊക്കെ പറഞ്ഞ് വെള്ളമടിച്ച് കറങ്ങി നടന്നാല്‍ മതി.”

ഇവളെന്തൊരു ഭാര്യ! ജോലിയ്ക്ക് പോണതിനും കുറ്റം. പിന്നെ രണ്ടാമത് പറഞ്ഞ കാര്യം. ജോലി ചെയ്യണേ അല്‍പസ്വല്‍പം ഊര്‍ജ്ജമൊക്കെ വേണ്ടേ! അതിനല്‍പം വെള്ളമടിക്കുമെന്നുള്ളത് സത്യം. അതിനിങ്ങനെയൊക്കെ പറയാമോ.
അച്ചായന്‍ ചിന്തിച്ച് തീരുന്നതിന് മുന്നേ ദേ വരുന്നു ഏറു പടക്കം പോലെ അടുത്തത്.

"പിന്നേ വയറ്റിലോട്ട് വല്ലതു പോണതേ തെങ്ങേല് വല്ലതും പിടിക്കണതുകൊണ്ടാ.അല്ലാതെ നിങ്ങടെ കൊണവതിയാരം കൊണ്ടല്ല. വീട്ടുചെലവിന് ഒറ്റ പൈസ തരില്ല. പോട്ട. സാരമില്ല.വെള്ളമൊഴിക്കാണ്ടെ തെങ്ങിന്റെ കൂമ്പെല്ലാം വാടിത്തുടങ്ങി. ഒരു നനമെഷ്യനെങ്കിലും നിങ്ങക്ക് വാങ്ങിത്തന്നൂടെ?"

അച്ചായന്റെ നാവ് ചൊറിഞ്ഞ് വന്നു. അവടൊരു നനമെഷ്യന്‍! നാവ് നനയ്ക്കാന്‍ മാര്‍ഗ്ഗമില്ലാതെ മനുഷ്യന്‍ വലയുമ്പോഴാണ് അവടെയൊരു നനമെഷ്യന്‍!
“വേറെ പണിയൊന്നുമില്ലല്ലൊ രാവിലേം വൈകിട്ടും കൊടമെടുത്ത് അങ്ങോട്ട് വെള്ളംകോരിക്കുടെ നെനക്ക്.” എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അച്ചായന്.

“അങ്ങനേങ്കിലും ഒരുപകാരം ചെയ്താ എനിക്കും പിള്ളാര്‍ക്കും കഞ്ഞികുടിച്ച് കെടക്കാരുന്നു” ചേടത്തി മൂക്ക് പിഴിഞ്ഞ് മുറ്റത്തോട്ടെറിഞ്ഞു.

ദേ പിന്നേം...
എത്രനേരമെന്ന് വെച്ചാ സഹിക്കുന്നേ...

“രാവിലേം വൈകിട്ടും ആ മൂക്ക് പിഴിഞ്ഞ് തെങ്ങിന്റെ ചോട്ടിലോട്ടിട്ടാ അതു മതി തെങ്ങിന്” എന്ന് പറയണമെന്നുണ്ടായിരുന്നു അച്ചായന്. പക്ഷേ നാവിന്റെ തുമ്പില്‍ വന്നതിങ്ങനെയാണ്. ക്ഷമയ്ക്കും ഒരതിരൊക്കെ ഇല്ലേ.

“തൊടങ്ങി ആമ മറുതേട ശകാരം.നിനക്കാരാടീ മറിയാമ്മേന്ന് പേരിട്ടത്. ഇന്നെങ്കിലും ഷാപ്പീകേറാതെ ഡ്യൂട്ടിയ്ക്ക് പോണമെന്ന് വിചാരിച്ചതാ. സമ്മതിക്കേലാന്ന് വെച്ചാല്‍...”

അച്ചായന്‍ ഹെര്‍ക്കുലീസിന്റെ സ്റ്റാന്‍ഡിനിട്ടൊരാഞ്ഞ് ചവിട്ട് കൊടുത്തു.

“സമയമില്ല. അല്ലേല് ഈ ചവിട്ട് നെന്റെ നെഞ്ചിനിട്ടാ തരേണ്ടത്..”

“പിന്നേ നിങ്ങളൊലത്തും.” ചേടത്തി അത് പറയുന്നത് കേള്‍ക്കാന്‍ അച്ചായന് സമയമില്ലാരുന്നു. ഇന്നേതായാലും ഷാപ്പീന്ന് കമ്പനിയില്‍ ചെല്ലുമ്പോള്‍ താമസിക്കും. അച്ചായന്‍ സൈക്കിളില്‍ നിന്ന് ചവിട്ടി.

സൈക്കിള് ഷാപ്പിന്റെ മെടലയില്‍ ചാരിവെച്ച് അച്ചായന്‍ അകത്തോട്ട് കയറി.

“എന്താണച്ചായോ ഇന്ന് താമസിച്ചേ.?” കമ്പനിയില്‍ താമസിച്ചാലും അച്ചായന്‍ ഇവിടെ കൃത്യസമയത്ത് വരുന്നതാണ്. അച്ചായന്‍ താമസിച്ചതില്‍ കുറുപ്പിനാണ് വെഷമം.
“ഒന്നും പറേണ്ടെന്റെ കുറുപ്പേ..ഡ്യൂട്ടിക്കെറങ്ങീപ്പോ ആ എരണംകെട്ടോക്ക് വെള്ളമടിക്കാന്‍ സാധനം വേണമെന്ന്...”
“അപ്പോ ചേടത്തീം തൊടങ്ങിയോ...” കുറുപ്പിന്റെ കണ്ണുകള്‍ ഒരു കസ്റ്റമറെ കൂടി കിട്ടുമെന്ന ചിന്തയില്‍ പുറത്തേയ്ക്ക് തള്ളിവന്നു.

“അതല്ലടൊ..അവക്ക് നനമെഷീന്‍ വേണമെന്ന്..തെങ്ങിന് വെള്ളമടിക്കാന്‍...ഇവിടെ നേരെ ചൊവ്വെ ഒന്നു മോന്താന്‍ മനുഷേന്റെ കൈയില് നാലണ ഇല്ലാണ്ടിരിക്കുമ്പോഴാ അവടവക ഓരോരോ കാര്യങ്ങള്...”

“ഛേ..ഛേ..അച്ചായനിങ്ങനെ വെഷമിക്കാതെ. അച്ചായന്റെ കാര്യം നോക്കാനല്ലേ ഞങ്ങളിവിടെ ഷാപ്പും തൊറന്നിരിക്കണത്.ശമ്പളം കിട്ടുമ്പോ അതോര്‍മ്മേണ്ടായാല്‍ മതി...”
“എന്തോന്ന് പറച്ചിലാ കുറുപ്പേ ഇത്. എന്റെ പിള്ളാരാണേ സത്യം മറിയാമ്മേ മറന്നാലും ഞാന്‍ കുറുപ്പിനെ മറക്കേല.”
“ആ അതുമതി.” കുറുപ്പിന് സന്തോഷായി.

“ഇന്നിനി ഇരിക്കാനൊന്നും സമയമില്ല. നീ രണ്ട് കവറിങ്ങെടുത്തേര്.” കവറ് വാങ്ങി അച്ചായന്‍ മടിക്കുത്തില്‍ വെച്ചു.
ഹെര്‍ക്കുലീസിന്റെ പുറത്ത്കേറി കമ്പനിയിലോട്ട് പാഞ്ഞു.
എത്ര ആഞ്ഞ് ചവിട്ടീട്ടും അച്ചായന് കമ്പനിയില്‍ സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
അച്ചായന്‍ സമയത്തിനെത്തുമെന്ന് കമ്പനിയിലും ആരു പ്രതീക്ഷിക്കാറില്ല എന്നതാണ് സത്യം. കാലം തെളിയിച്ച സത്യം.അച്ചായനൊരാശ്വാസമാകട്ടെ എന്ന് കരുതി ആയിരിക്കാം,ആദ്യം ടൈംകീപ്പറും പിന്നീട് എഞ്ചിനീയര്‍ സാറും പതിവ് വാക്കുകളില്‍ നിന്നും വള്ളിപുള്ളിതെറ്റിക്കാതെ അച്ചായനെ ശകാരിച്ചു. ശാസനയില്‍ തെറ്റ്കുറ്റങ്ങളൊന്നുമില്ലന്ന് ഉറപ്പ് വരുത്തിയതിന് ശേഷം അച്ചായന്‍ പണിയാരംഭിച്ചു.
പതിവിന് വിരുദ്ധമായി ഷാപ്പിലിരുന്ന് കഴിക്കാതെ വന്നത് കൊണ്ടാണോ അതോ കബോര്‍ഡിലിരുന്ന കവറുകള്‍ അച്ചായനെ പ്രലോഭിച്ചതുകൊണ്ടാണോ എന്നറിയില്ല പതിവില്ലാത്ത ദാഹം തോന്നി അച്ചായന്.
ദാഹം തോന്നിയാല്‍ പിന്നെന്താണ് ചെയ്യേണ്ടത്?
അച്ചായന്‍ കബോര്‍ഡ് തുറന്ന് ആദ്യ കവര്‍ പൊട്ടിച്ച് വായിലേക്കൊഴിച്ചു.
തൊണ്ടകത്തിയിറങ്ങുന്നു.
വെല്‍ഡിങ്ങ് റോഡെടുത്ത് അച്ചായന്‍ കത്തിക്കാന്‍ തുടങ്ങി.
അച്ചായന്റെ തലയ്ക്കകവും കത്താന്‍ തുടങ്ങി.

മറിയാമ്മ എത്ര നല്ലവളാണ്. ബിയറ്കുപ്പിപോലിരുന്ന കൈകളായിരുന്നവളുടേത് കെട്ടിക്കൊണ്ടുവന്നകാലത്ത്.ചെത്ത് മാട്ടം പോലത്തെ ഉരുണ്ട മുഖമായിരുന്നവളുടെത്.

ഇപ്പോ...ഇപ്പോ...

തെങ്ങിന് വെള്ളം കോരിക്കോരി ചാരായക്കുപ്പിപോലെ പരന്നുപോയി കൈകള്‍!

ജോലിഭാരവും സമയത്തിനാഹാരവും കൂടെ മനഃപ്രയാസവും ആയപ്പോള്‍ സോഡാക്കുപ്പിപോലായി കവിളുകള്‍.

അച്ചായന് ദുഃഖം കൂടിക്കൂടി വന്നു. അതിനനുസരിച്ച് വെല്‍ഡിങ്ങ് റോഡുകള്‍ കത്തിത്തീര്‍ന്നുകൊണ്ടിരുന്നു.
മറിയാമ്മയുടെ ജീവിതം പോലെ!

രണ്ട് കൈയിലും കുടവുമായി വെള്ളം കോരി തെങ്ങിന്‍ചുവട്ടിലൊഴിക്കുന്ന മറിയാമ്മ.
എന്താ ചെയ്ക. അച്ചായന് ജോലിയിലൊരു ശ്രദ്ധ കിട്ടുന്നില്ല.
നനമെഷീന്‍ വാങ്ങിക്കൊടുക്കാമെന്ന് വെച്ചാല്‍ തന്റെ കൈയിലെവിടാ പണം. ശമ്പളം കിട്ടിയാല്‍ കുറുപ്പിന്റെ ഷാപ്പില്‍ കൊടുക്കാന്‍ തെകയുകേല. അല്ലെങ്കിലും കള്ളും ചാരായവുമല്ലാതെ മറ്റൊന്നും താനിത് വരെ പണം കൊടുത്ത് വാങ്ങീട്ടുമില്ല.മറിയാമ്മെയെപ്പോലും അവടപ്പന്റെ കൈയീന്ന് പണം വാങ്ങിയാണ് കെട്ടിയത്.

എന്താ ഒരു വഴി?

അച്ചായന്റെ ചിന്ത ചെന്ന് നിന്നത് പമ്പ് ഹൗസിലായിരുന്നു. എന്തുമാത്രം പമ്പുകളാണ് കമ്പനീലുള്ളത്. എന്താണീയൊരു ബുദ്ധി തനിക്ക് നേരത്തെ തോന്നാതിരുന്നത്.
നേരം നല്ലവണ്ണം ഇരുട്ടിക്കഴിഞ്ഞപ്പോള്‍ അച്ചായന്‍ സ്പാന്നറുമായി പമ്പ്ഹൗസിനെ ലക്ഷ്യമാക്കി നടന്നു.
മറിയാമ്മേടെ കടീം മാറും തന്റെ കുടീം നടക്കും. അച്ചായന്‍ ഉള്ളാലെ ചിരിച്ചു.
പമ്പ് ഇളക്കിയെടുത്തപ്പോഴത്തേയ്ക്കും അച്ചായന് ചെറിയ രീതിയില്‍ ഭയം തോന്നിത്തുടങ്ങി.
പിടിക്കപ്പെട്ടാല്‍ തന്റെ കുടിക്കുള്ള ഏക വരുമാനമാര്‍ഗ്ഗം ഇല്ലാതാവും.
പമ്പിനെ അവിടിട്ടിട്ട് അച്ചായന്‍ കബോര്‍ഡിനെ ലക്ഷ്യമാക്കി നടന്നു.ധൈര്യം തരാന്‍ പറ്റിയൊരണ്ണംകൂടി അവിടെ വെച്ചിട്ടുണ്ടല്ലോ.
കവറൊരെണ്ണം കൂടി ഉള്ളില്‍ചെന്നപ്പോള്‍ പഴയതിനേക്കാള്‍ ധൈര്യം വന്നതുപോലെ!
തിരികേ വന്ന് പമ്പ് പൊക്കി മതിലിന്റെ ഇരുട്ട് പറ്റി മുന്‍ഗേറ്റിന്റെ അടുത്തെത്തി.
ആരും കണ്ടിട്ടില്ല.കണ്ടാലും അച്ചായന് പുല്ലാ...കുറുപ്പിന്റെ സാധനം അകത്തുള്ളത്രേം കാലം.

സെക്യൂരിറ്റി ആപ്പീസര്‍ ക്യാപ്റ്റന്‍ നാണി...ക്യാപ്റ്റനെക്കുറിച്ച് അച്ചായന് ഓര്‍ക്കാതിരിക്കാനായില്ല.

പിന്നേ അയാളു തന്നെയങ്ങ് മൂക്കീക്കേറ്റിക്കളയുമോ?

ഏതായാലും ഡ്യൂട്ടികഴിഞ്ഞ് പോകുമ്പോള്‍ എടുത്തോണ്ട് പോകാന്‍ പറ്റുന്ന രീതിയില്‍ തന്നെ വെയ്ക്കണം.
മതിലിന്റെ മുകളില്‍ തന്നെ വെച്ചുകളയാം. പുറത്തിറങ്ങി നേരേ സൈക്കിളിന്റെ കാര്യറില്‍ വെച്ചുകെട്ടാം. സംഗതി ക്ലീന്‍.
അച്ചായന് ആദ്യമായി തന്നോട് തന്നെ അഭിമാനം തോന്നി!
എന്നെക്കണ്ടാല്‍ കിണ്ണംകട്ടവനെന്ന് തോന്നുമോയെന്ന വിചാരമൊന്നുമില്ലാതെ തന്നെ അച്ചായന്‍ തിരികെ ജോലിയാരംഭിച്ചു.

ക്യാപ്റ്റന്‍ നാണി ഒന്ന് ടോയ്‌ലറ്റില്‍ പൊയ്ക്കളയാമെന്ന് വിചാരിച്ച് പുറത്തിറങ്ങിയതാണ്.സെക്യൂരിറ്റി ആഫീസര്‍ക്ക് അത്യാവശ്യം വേണ്ട ഗുണഗണങ്ങളായ മടി, നിന്നും ഇരുന്നും,നടന്നുമെല്ലാമുള്ള ഉറക്കം, തുടങ്ങി കുറച്ച് നല്ലഗുണങ്ങള്‍ മാത്രമുള്ളവനായതിനാല്‍; രാത്രിയല്ലേ ടോയ്‌ലറ്റ് വരെ എന്തിനാ പോകുന്നതെന്ന് വിചാരിച്ചു ഓഫീസിന്റെ പുറകിലെ മതിലിനോട് ചേര്‍ന്ന് നിന്ന് കാര്യം സാധിച്ചേക്കാമെന്ന് വിചാരിച്ചു.
മൂത്രശങ്ക തീര്‍ന്നുവരുന്ന സുഖദായകമായ ഒരു നിമിഷത്തില്‍ ക്യാപ്റ്റന്‍ നാണി മുകളിലേയ്ക്കൊന്ന് നോക്കിപ്പോയി.
തൊട്ടുമുന്നില്‍ മതിലിന്നുമുകളിലെന്തോ ഇരിക്കുന്നു.

ഇത് കളവ് മുതല്‍ തന്നെ!

അത്രയ്ക്കും മനസ്സിലാക്കാന്‍ ക്യാപ്റ്റന്‍ നാണിയ്ക്ക് തന്റെ പട്ടാളജീവിതാനുഭവങ്ങള്‍ മുഴുവന്‍ പുറത്തെടുക്കേണ്ടി വന്നില്ല.
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

കള്ളനെ പിടിച്ചാല്‍ മാത്രം മതി. തൊണ്ടിമുതല്‍ കൈക്കല്‍ കൊണ്ട് തന്നിരിക്കുന്നു!

ഒരു പ്രൊമോഷന്‍...ഏറ്റവും കുറഞ്ഞത് ഒരു എക്സ്ട്രാ ഇങ്ക്രിമെന്റെങ്കിലും ഇതുകൊണ്ടൊപ്പിക്കണം.

ക്യാപ്റ്റന്‍ നാണി പമ്പ് കൊണ്ടുവന്ന് ഓഫീസില്‍ വെച്ചു.
മിനിറ്റുകള്‍ മണിക്കൂറുകള്‍ പോലെ തോന്നി ക്യാപ്റ്റന്‍ നാണിക്ക്.
എങ്ങനെയാണ് കള്ളനെ പിടിക്കുക. അന്നാദ്യമായി ക്യാപ്റ്റന്‍ നാണിക്ക് തോന്നി. താന്‍ പട്ടാളത്തിലല്ലായിരുന്നു പോലീസിലായിരുന്നു ചേരേണ്ടിയിരുന്നതെന്ന്. ചിന്തിച്ച് ചിന്തിച്ച് ക്യാപ്റ്റന്‍ നാണി ചെറുതായിട്ടൊന്ന് മയങ്ങി വരുന്നേ ഉണ്ടായിരുന്നുള്ളു.

ആരോ വന്ന് തോളില്‍ തട്ടി.
ക്യാപ്റ്റന് ഇതില്‍പ്പരം അരിശമുള്ള ഒരു കാര്യമില്ല. സുഖമായി ഉറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്തുകയെന്ന് പറഞ്ഞാല്‍!
ക്യാപ്റ്റന്‍ നാണി കൈ തട്ടി മാറ്റി.
വെറും തട്ട് കുലുക്കി വിളിക്കലായി മാറി.
എന്തൊരു കഷ്ടമാണിത്. ഒന്ന് കണ്ണടയ്ക്കാന്‍ കൂടി സമ്മതിക്കുകേലന്ന് വെച്ചാല്‍...
ഇതിനേലും ഭേദം അതിര്‍ത്തിയില്‍ കാവല്‍ കിടക്കുന്നതായിരുന്നു.
ക്യാപ്റ്റന്‍ നാണി കണ്ണു തുറന്നു.
മുന്നില്‍ അച്ചായന്‍.
“ങ് ഹും. എന്താ?” ക്യാപ്റ്റന്‍ നാണി ചോദ്യരൂപത്തില്‍ നോക്കി.
അച്ചായന്‍ നിലത്തുറയ്ക്കാത്ത കാലിനെ ഒന്ന് നിലയ്ക്ക് നിര്‍ത്താന്‍ ശ്രമിച്ചു. പിന്നെ പതുക്കെ കുനിഞ്ഞ് ക്യാപ്റ്റനോട് ചോദിച്ചു.
“അല്ല സാറേ... ഞാനൊരു സാധനം ദവിടെ വെച്ചിട്ടൊണ്ടാരുന്നു. കണ്ടോ? ഇനി നോക്കാന്‍ സ്ഥലമില്ലാത്തോണ്ടാ വന്ന് ചോദിച്ചേ...ബുദ്ധിമുട്ടായാല്‍ സാറങ്ങ് ഷമീര്...”

ആദ്യം തൊണ്ടി. ഇപ്പോള്‍ ദേ കള്ളനും. ഇതില്‍പ്പരം സന്തോഷിക്കാനെന്തുവേണം ക്യാപ്റ്റന്.

ഒരു പ്രൊമോഷന്‍...ഏറ്റവും കുറഞ്ഞത് ഒരു ഇന്‍ക്രിമെന്റ്... അതാണല്ലോ അച്ചായന്റെ വേഷത്തില്‍ മുന്നില്‍.
ക്യാപ്റ്റന്‍ നാണി സന്തോഷാതിരേകത്താല്‍ അച്ചായനെ കെട്ടിപ്പിടിച്ചു.
അച്ചായനും സന്തോഷമായി. ക്യാപ്റ്റന്‍ നാണി താന്‍ വിചാരിച്ചതുപോലല്ല. എത്രനല്ലവനാണ്!

“സാര്‍ ആ മോട്ടറിങ്ങ് തന്നിരുന്നേ ഞാനങ്ങ് പൊയ്ക്കോളാമായിരുന്നു.” അച്ചായന് വീട്ടില്‍ പോകാന്‍ ധൃതിയായി.

“മോട്ടറ് ഈ രാത്രീല് അച്ചായന്‍ കൊണ്ട് പോകെണ്ട. വല്ല പോലീസും പിടിച്ചാല്‍ പിന്നതുമതി.അതുകൊണ്ട് നാളെ രാവിലെ തന്നെ ഞാനിതങ്ങ് കൊടുത്തുവിട്ടേക്കാം.”
ശരിയാണ്.ക്യാപ്റ്റന്‍ പറയുന്നതിലും കാര്യമുണ്ട്. സെക്കന്റ് ഷിഫ്റ്റ് കഴിഞ്ഞ് പോകുമ്പോള്‍ പലപ്പോഴും തന്നെ പോലീസ് പിടിച്ചിട്ടുള്ളതാണ്.
അച്ചായന്‍ സമാധാനമായി പോയി.സമാധാനമായി ഉറങ്ങി.നാളെ രാവിലെ പമ്പ് വീട്ടിലെത്തുമ്പോള്‍ മറിയാമ്മ ഞെട്ടും.

ചേടത്തി പിറ്റേന്ന് രാവിലെ ഞെട്ടി.കമ്പനീന്ന് വീട്ടില്‍ ആളെത്തിയപ്പോള്‍!

അത് അച്ചായന്റെ സസ്പെന്‍ഷന്‍ വിവരമറിഞ്ഞിട്ടല്ല. മറിച്ച് ഇനി അങ്ങേര്‍ക്ക് കുടിക്കാന്‍ കൂടി താന്‍ പണമുണ്ടാക്കണമല്ലോയെന്നോര്‍ത്തിട്ടായിരുന്നു.

Read more...

ദൈവം ഷാപ്പില്‍...

Saturday, October 6, 2007

കവലയിലെ കുറുപ്പിന്റെ ഷാപ്പില്‍ പതിവ്പോലെ സായാഹ്ന ചര്‍ച്ച നടക്കുകയാണ്.
ചട്ടുകാലന്‍ കേശുവമ്മാവന്‍,മുച്ചാന്‍ പണിക്കര്‍,കിണുങ്ങന്‍ വാസു,ന്യൂസ് വര്‍ക്കി, നാണു തുടങ്ങി നാട്ടിലെ പ്രമുഖരായ കുടിയന്മാര്‍ പങ്കെടുക്കുന്നുണ്ട്. മൂത്ത കള്ളും തൊട്ടുനക്കാന്‍ എരിവുള്ള മുളകിടിച്ചതുംകൂടെ ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളെയും ആസ്വാദ്യതയോടെ നുണഞ്ഞിറക്കുകയായിരുന്നു സായാഹ്നക്കമ്മറ്റിക്കാര്‍.
പെട്ടെന്നാണ് പരിചയമില്ലാത്തൊരു കക്ഷി അവിടെയെത്തിച്ചേര്‍ന്നത്.
തലയില്‍ കിരീടം. പളപള മിന്നണത്!
കൈയിലൊരു നീണ്ട വാള്‍. പളപളമിന്നണത്!
കഴുത്തില്‍ പളുങ്ക് മാലകള്‍ പലത്.പളപളമിന്നണത്!
പളപ്പള മിന്നണ വസ്ത്രങ്ങള്‍! ആകെയൊരു ലുക്കുണ്ട്.
ചര്‍ച്ചക്കാര്‍ വട്ടായി!
കിരീടധാരി ബെഞ്ചിലിരുന്നു. 'ഒരു കുപ്പി'... കുപ്പിയ്ക്ക് ഓര്‍ഡറും കൊടുത്തു. കുറുപ്പിനും സന്തോഷമായി. വേഷമെന്തായാലെന്ത. കള്ള് ചെലവായാല്‍ പോരേ?
വാസുവും നാണുവും പരസ്പരം നോക്കി.
പലടൈപ്പ് കുടിയന്മാരെ കണ്ടിട്ടുണ്ട്! തുണിയോട് കൂടിയതും അതില്ലാത്തതും. പക്ഷേ ഇതിപ്പോള്‍ ആദ്യമാണ്. രാജാവിനെപ്പോലൊരാള്‍!
ചോദിക്കാതിരിക്കുന്നതെങ്ങനെ?
ആരാ? വാസു ചോദിച്ചു.
ആരാന്നറിയാതെ കള്ള് തരില്ലേ?
വാസുവിന്റെ കള്ള് തൊണ്ടയില്‍ നിന്നു. ആള്‍ നിസ്സാരനല്ല.
'അല്ല. പരിചയമില്ലാത്ത ആളായതോണ്ട് ചോദിച്ചത്.'
'കണ്ടിട്ട് ഒരു രാജാവിന്റെ ലുക്കുമുണ്ട്.' നാണുവാണത് പറഞ്ഞത്.
കിരീടധാരി കിരീടമൂരി താഴെവെച്ചു.
'നോം ദൈവമാണ്.'
കുടിയന്മാര്‍ കള്ള് ഗ്ലാസ് താഴെ വെച്ച് ചിരി തുടങ്ങി. മുച്ചാന്റെ നെറുകയില്‍ കള്ള് കയറി.
' എടെ. വയറ്റില്‍പ്പോണ്ട കള്ള് എന്തോന്നിനാടേ നെറുകേ കേറ്റണത്?' ന്യൂസ് വര്‍ക്കിക്ക് അതിഷ്ടപ്പെട്ടില്ല. അതുകൊണ്ടായിരിക്കാം മുച്ചാന്റെ നെറുകയില്‍ ആഞ്ഞടിച്ചത്.
'സ്റ്റാപ്...സ്റ്റാപ്...എല്ലാരും സ്റ്റാപ്' ദൈവം കൈ രണ്ടും ഉയര്‍ത്തിക്കാണിച്ചു.
'ആരും ചിരിക്കേണ്ട...നോം സാക്ഷാല്‍ ദൈവം തന്നെ...ചിലരൊക്കെ ഗോഡെന്നും വിളിക്കും.'
'അല്ല. ഒരു സംശയം ഗോഡമേ... അങ്ങെന്തിനാ സ്വര്‍ഗ്ഗത്തീന്ന് കുറുപ്പിന്റെ ഷാപ്പില്‍... കള്ള് കുടിക്കാനാ?...' വര്‍ക്കീടെ സംശയം.
'ദേ..നോക്കിക്കേ...കുറിപ്പിന്റെ ഷാപ്പിലെ കള്ളിന് സ്വര്‍ഗത്തീപ്പോലും പേരാണടാ...'നാണു സന്തോഷം നിയന്ത്രിക്കാനാവാതെ ഡെസ്കിലടിതുടങ്ങി.
'സ്റ്റാപ്...സ്റ്റാപ്..സ്റ്റാപ്...' ദൈവം വീണ്ടും കൈയുയര്‍ത്തി.
ഷാപ്പിന്റെ ചരിത്രത്തിലാദ്യമായി പിന്‍ഡ്രോപ് സൈലന്‍സ്...
'നോം അങ്ങനേണ്...ഓരോ സമയത്ത് ഓരോ വേഷത്തില്‍ അവതരിക്കും...ത്രേതായുഗത്തില്‍ രാമന്‍...ദ്വാപരയുഗത്തില്‍ കൃഷ്ണന്‍...അങ്ങനെ... അങ്ങനെ.... നമ്മുടെ ലക്ഷ്യമൊന്നേ ഉള്ളു...പ്രജകളുടെ ക്ഷേമം...' ദൈവം നിര്‍ത്തി. കള്ളൊരു ഗ്ലാസ് കമഴ്ത്തി വായിലോട്ട്.
'ഹഹഹ...കൊടുക്കടെ കുറുപ്പേ നമ്മടെ ഗോഡേമാന് എന്റ വക ഒരു ഗ്ലാസ് കൂടി...കേശുവമ്മാവന്റെ തലയ്ക്ക് കള്ള് പിടിച്ച് തുടങ്ങി.

'അപ്പോഴേ ഗോഡമേ എനിക്കൊരു സംശയം.' സംശയം പണിക്കര്‍ക്കായിരുന്നു.

ദൈവം ഗ്ലാസ് ഡെസ്കിന്മേല്‍ വെച്ച് ചോദ്യരൂപത്തിലൊന്നു നോക്കി.

'അതേ ദൈവത്തിന് തെറ്റ് പറ്റുമോ?'

ദൈവത്തിന് കോപം വന്നു.
'വാട്ട് നോണ്‍സെന്‍സ് യു ആര്‍ ടാക്കിങ്ങ്?
പണിക്കര്‍ക്കത് മനസ്സിലായില്ല. എങ്കിലും ദൈവത്തിന്റെ തള്ളിവന്ന കണ്ണുകള്‍ കണ്ടപ്പോള്‍ തന്റെ ചോദ്യം അങ്ങേര്‍ക്ക് പിടിച്ചില്ലാന്ന് മനസ്സിലായി.

എന്തിനാ ഇത്രയ്ക്ക് ദേഷ്യം വരാന്‍ മാത്രം. അങ്ങേരുടെം വയറ്റില്‍ കള്ള് തന്റേം വയറ്റില്‍ കള്ള്!

'പിന്നെ താനെന്തിനാടോ ഗോഡേ ദേഷ്യപ്പേടണത്? തനിക്ക് തെറ്റ് പറ്റില്ലേ?... ഇല്ലേ പറേടോ... തനെന്തിനാ എന്നെ മുച്ചുണ്ടനാക്കിയേ?... താനെന്തിനാ ഈ കേശുവമ്മാവനെ ചട്ടുകാലനാക്കിയേ?... താനെന്തിനാ ഈ വാസൂനേ കിണുങ്ങനാക്കിയേ?... താനെന്തിനാ കുട്ടപ്പനെ കോങ്കണ്ണനാക്കിയേ?.. പറയടോ...പറയടോ ദൈവമേ...' പണിക്കര് നിന്നു വിറച്ചു. അതിന് കള്ളിന്റെ മാത്രം എഫക്റ്റായിരുന്നില്ല. മനസ്സിന്റെ ഏതോ കോണില്‍ വര്‍ഷങ്ങളായി അടക്കിവെച്ചിരുന്ന സംശയത്തിന്റെ ശക്തിയുണ്ടായിരുന്നു.

ദൈവം അടുത്ത ഗ്ലാസും കാലിയാക്കി. പിന്നെ...ചിരിച്ചു...പൊട്ടിപ്പൊട്ടി ചിരിച്ചു....
'മണ്ടന്മാര്‍ നിനക്കൊക്കെ സൃഷ്ടിയെക്കുറിച്ചെന്തറിയാം?... അതെല്ലാം മുജ്ജന്മ പാപമാണ്... നീയൊക്കെ പണ്ട് ചെയ്തതിന്റൊക്കെ ഫലം...'

'ഫലം...തേങ്ങാക്കൊല...എങ്കീ താന്‍ പറേടോ ഈ ജനപ്പെരുപ്പമെങ്ങനാടോ ഉണ്ടാവണത്?... ചത്തവര് വീണ്ടും ജനിക്കുവാണേ ജനങ്ങളിത്രേം കൂടുമോ ഭൂമീല്...ആദമിനേം അവ്വേനെം ഉണ്ടക്കി കഴിഞ്ഞ് നീ എത്രപേരെ ഉണ്ടാക്കീടോ പൂവേ...പിന്നിട് വന്നോരെല്ലാം ആദോം അവ്വേം പുനര്‍ജനിച്ച് വന്നവരാണോടോ?...വിവരക്കേട് പറഞ്ഞാല്‍ ദൈവമാണന്നൊന്നും വിചാരിക്കേല... അടിച്ച് നിന്റെ തണ്ടാംകല്ലിളക്കും ഞാന്‍...' ന്യൂസ് വര്‍ക്കി ഡെസ്കിന്മേലൂടെ ദൈവത്തിന്റടുത്തേയ്ക്ക് ചാടിയെത്തി.
കുറുപ്പോടി വന്ന് വര്‍ക്കിയെ പിടിച്ചു.
'അങ്ങേര് പൈസ തന്ന് കഴിഞ്ഞ് താനെന്തെങ്കിലും ചെയ്യ്...' കുറുപ്പിന്റെ വെഷമം അതായിരുന്നു.
അപ്പോഴ്ത്തേയ്ക്കും പുറത്ത് നിന്ന് കുറച്ച് പേര്‍ അകത്തേയ്ക്ക് ഓടിക്കയറി. അവര്‍ ഒന്നടങ്കം ദൈവത്തെ കയറിപ്പിടിച്ചു.
കൂട്ടത്തിലൊരാള്‍ പറഞ്ഞു.'മനുഷ്യേന് വട്ടായാല്‍ ഇങ്ങനേമൊണ്ടോ?... പണ്ടെങ്ങോ നാടകത്തിലഭിനയിച്ചുവെന്ന് വെച്ച് ഇങ്ങനേമൊണ്ടോ?.. മനുഷ്യനെ മനസ്സമാധാനത്തോടെ കെടത്തുകേലന്ന് വെച്ചാല്‍...ചങ്ങലേ പൂട്ടിയിടൂ...പൂട്ടിയിടൂ..എന്ന് പറഞ്ഞാല്‍ ആരു കേള്‍ക്കാനാ...'
ദൈവത്തെ രണ്ട് കാലിലും കൈയിലും കൂട്ടിപ്പിടിച്ച് പുറത്തിട്ടിരുന്ന ടാക്സിക്കാറിലോട്ടിട്ടു.
കാര്‍ പൊടി പറപ്പിച്ച്കൊണ്ട് വടക്കോട്ടോടി...
കുറുപ്പ് ഷാപ്പിന്റകത്ത് നെട്ടോട്ടമോടി...പൈസ കിട്ടാത്തതിനാല്‍...

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP