Followers

പല്ല് കൊഴിഞ്ഞ സിംഹം

Tuesday, May 1, 2007

രാമന്‍ നായരെ അറിയില്ലേ?

ഈ ജാതി സ്പിരിറ്റ് ജാതി സ്പിരിറ്റ് എന്ന സാധനം എന്താണന്നറിയണമെങ്കില്‍ രാമന്‍ നായരെ നോക്കി പഠിക്കണം.

പത്തറുപത് വയസ് ഉണ്ടങ്കിലുമെന്താ? ആയ കാലത്ത് കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ബുദ്ധി രാമന്‍ നായര്‍ക്കുണ്ടായല്ലോ. അതുകൊണ്ടാണല്ലോ ഇപ്പോഴും റിട്ടയറാവാന്‍ ഇനിയും അഞ്ച് കൊല്ലം ബാക്കിയുണ്ടന്ന് നാലഞ്ച് കൊല്ലമായി രാമന്‍ നായര്‍ പറഞ്ഞുപോരുന്നത്.

മുടിമുഴുവന്‍ പഞ്ഞിക്കെട്ട് പോലെയായാലെന്താ.? മുഖം മുഴുവന്‍ ചുക്കിച്ചുളിഞ്ഞാലെന്താ? പണിയുടെ കാര്യത്തില്‍ രാമന്‍ നായരുടെ പരിസരത്ത്പോലും ഒറ്റൊരുത്തനും വരില്ല. അതുകൊണ്ട് തന്നെ രാമന്‍ നായരെ പറഞ്ഞു വിടണമെന്ന് മാനേജ്മെന്റിനും അത്രയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു.

അല്‍പം മുന്‍ശുണ്‍ഠിയുണ്ടന്നുള്ളത് സത്യമാണ്. പക്ഷേ അതും ആളും തരവും നോക്കിയെ രാമന്‍ നായര്‍ കാണിക്കാറുള്ളായിരുന്നു. പുതിയതായി ജോയിന്‍ ചെയ്യുന്ന എഞ്ചിനീയര്‍ പിള്ളേരെ കണ്ടാല്‍ രാമന്‍ നായര്‍ക്ക് ഹാലിളകും.
പുത്തന്‍ പിള്ളേരെ നെലയ്ക്ക് നിര്‍ത്തിയില്ലങ്കില്‍ അത് ഭാവിയില്‍ ദോഷമാകുമെന്നാണ് രാമന്‍ നായര്‍ക്കുള്ള അഭിപ്രായം.
എവന്മാര് ഇപ്പോളിങ്ങനെ മൂടും താങ്ങി നില്‍ക്കും. കൊറച്ച് പണി പഠിച്ച് കഴിഞ്ഞാല്‍ പിന്നെ ഒട്ടകത്തിന് സ്ഥലം കൊടുത്തപോലാകുമെന്നാണ് രാമന്‍ നായര്‍ പറഞ്ഞുപോരുന്നത്. അതിന് ഉദാഹരണ സഹിതം പറയാന്‍ രാമന്‍ നായരുടെ ഓര്‍മ്മയ്ക്ക് യാതൊരുവിധ മങ്ങലുമില്ല.

പണിയുടെയിടയില്‍ രാമന്‍ നായര്‍ക്ക് ഇടക്കിടെ മദംപൊട്ടും.
പിന്നെ അത്ര പെട്ടെന്നൊന്നും രാമന്‍ നായരെ തളയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല.
ഷിഫ്റ്റ് ഇന്‍ ചാര്‍ജ് എന്നല്ല പ്ലാന്റ് മാനേജര്‍ വന്നാല്‍ പോലും രാമന്‍ നായര്‍ കുലുങ്ങില്ല.

"ഇന്നലെ വന്നവന്മാര്‍, ഞാന്‍ പണി പഠിപ്പിച്ചവന്മാര്‍,ഇപ്പോള്‍ നമ്മുക്കിട്ട് പണിയാന്‍ വന്നാല്‍ വിടില്ല ഞാന്‍. ഇഞ്ചിനീരല്ല മാനേജരല്ല പ്രസിഡന്റ് വന്നാലും രാമന്‍ നായര്‍ക്ക് ചുക്കാ."

പ്രായത്തിന്റെയും പണിയുടെയും മിടുക്കില്‍ കത്തി നിന്നിരുന്ന രാമന്‍ നായരെ ചോദ്യം ചെയ്യാന്‍ ആരുമില്ലായിരുന്നു.
അങ്ങനെ കെട്ടഴിച്ച് വിട്ട കാളയെ പോലെ എഞ്ചിനീയര്‍മാരുടെ പേടി സ്വപ്നമായി രാമന്‍ നായര്‍ വിലസുന്ന കാലം.

രാമന്‍ നായരുടെ ദൗര്‍ബല്യം ഒന്നേയുണ്ടായിരുന്നുള്ളു. അത് ജാതിയായിരുന്നു. നല്ല നായര്‍ തറവാട്ടില്‍ പിറന്നവനായാല്‍ രാമന്‍ നായരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാം.

നായര്‍ ചെക്കന്മാരെ രാമന്‍ നായര്‍ പൊന്നുപോലെ നോക്കും. തനിക്ക് ഇഷ്ടമില്ലാത്തത് കാണിച്ചാല്‍ കണ്ടില്ലന്ന് നടിക്കും. രണ്ട് കൊല്ലം കൊണ്ട് പഠിക്കേണ്ടുന്ന മെഷീന്റെ മര്‍മ്മ സ്ഥാനങ്ങള്‍ രണ്ട് ദിവസം കൊണ്ട് പഠിപ്പിക്കും.

പുതിയതായി വരുന്ന പിള്ളേര്‍ക്ക് രാമന്‍ നായരെക്കുറിച്ചെന്തറിയാം.
എഞ്ചിനീയര്‍ സാറിന്റെ ഗമയില്‍ രാമന്‍ നായരുടെ മുന്നില്‍ ചെന്നു നിന്നാല്‍ വല്ല രക്ഷയുമുണ്ടോ?

രാജീവ് രത്തിനവും ഇതൊന്നുമറിയാതാണല്ലോ രാമന്‍ നായരുടെ മുന്നില്‍ ചെന്നുപെട്ടത്.
പണിയില്‍ ലയിച്ച് നില്‍ക്കുന്ന രാമന്‍ നായരുടെ അടുക്കല്‍ ചെന്ന് ചേട്ടാ ഇതെന്നതാ? എന്തിനാ ഇങ്ങനെ ചെയ്യുന്നത്? എന്നൊക്കെ ചോദിച്ചാല്‍ വല്ലതും നടക്കുമോ?

രാമന്‍ നായര്‍ വെറുതേ നില്‍ക്കുന്ന സമയത്ത് നടക്കില്ല. പിന്നെയാണിപ്പോള്‍!

ഇവിടെയിപ്പോള്‍ കലാപം നടക്കും. ആകാംക്ഷാഭരിതരായി സഹപ്രവര്‍ത്തകര്‍ നോക്കി നിന്നു. ശേഷം കാഴ്ച കാണാനായി.

പതിവില്‍ നിന്നും വിരുദ്ധമായി എല്ലാവരേയും അതിശയിപ്പിച്ച് കൊണ്ട് രാമന്‍ നായര്‍ കോലാഹലമുണ്ടാക്കാതെ തന്നെ രാജീവിനെ വിളിച്ചുകൊണ്ട് കുറച്ച് ദൂരേയ്ക്ക് മാറി.

പുതിയ ആളാ? രാമന്‍ നായര്‍ ചോദിച്ചു.
അതേ.
എഞ്ചിനീയറാ?
അതേ.
നാടെവിടെയാ?
മൂവാറ്റുപുഴ.
അതേയോ. രാമന്‍ നായര്‍ ഹാപ്പിയായി. രാമന്‍ നായരും മൂവാറ്റുപുഴക്കാരനാണ്.
പേരെന്താ?
രാജീവ് രത്തിനം.

രാമന്‍ നായര്‍ക്ക് പേരത്രയ്ക്കങ്ങട്ട് ദഹിച്ചില്ല.പുതിയ പിള്ളാരുടെ ഓരോരോ പേരേ...
എന്തോന്നാ? രാമന്‍ നായര്‍ വീണ്ടും ചോദിച്ചു.

രാജീവ് രത്തിനം.

രാമന്‍ നായര്‍ ഒരു നിമിഷം ആലോചിച്ചു. ആള് ഹിന്ദുവാണോ, നായരാണോ. ഒരു പിടിയും കിട്ടുന്നില്ല. അടുത്ത ചോദ്യം ഉടനുണ്ടായി.എന്തിനാ കൂടുതല്‍ വെച്ച് നീട്ടുന്നതെന്ന് രാമന്‍ നായര്‍ വിചാരിച്ചുകാണും.അല്ലെങ്കിലും നേരേ വാ നേരേ പോ എന്നതാണല്ലോ രാമന്‍ നായര്‍ സ്റ്റൈല്‍!

നായരാണോ?

അല്ല.

കാഴ്ചയില്‍ ഇത്രയും സുമുഖനായൊരു എഞ്ചിനീയറെ രാമന്‍ നായരിതുവരെ കണ്ടിട്ടില്ല.
ഇത്രയ്ക്കും സൗന്ദര്യമുണ്ടാകണമെന്നുണ്ടങ്കില്‍ ആള്‍ ഒന്നുകില്‍ നായരായിരിക്കണം അല്ലെങ്കില്‍ ബ്രാഹ്മിണനായിരിക്കണം.വെളുപ്പ് നിറവും,സൗന്ദര്യവും ബ്രാഹ്മിണര്‍ക്കും നായന്മാര്‍ക്കും ദൈവം അനുഗ്രഹിച്ച് നല്‍കിയതാണത്രേ.അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ലന്ന് പലപ്രാവശ്യം മറ്റ് ജാതി മതസ്തരെ രാമന്‍ നായര്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്.

സൗന്ദര്യത്തിന്റെ അളവു കോലു വെച്ച് നോക്കുമ്പോള്‍ രാജീവ് രത്തിനം നായരല്ലങ്കില്‍ ബ്രാഹ്മിണനാകും.കൂടാതെ പേരിന്റെ ആദ്യഭാഗം ആളൊരു ഹിന്ദുവാണന്ന് ഉറപ്പാക്കുന്നു.

പിടികിട്ടാത്തത് രത്തിനമെന്ന രണ്ടാമത്തെ ഭാഗമാണ്.

രാമന്‍ നായരുടെ അടുത്ത് ചോദ്യമുണ്ടായി.

ബ്രാഹ്മിണനാണോ?

അല്ല. രാജീവ് ഉത്തരം നല്‍കി.

രാമന്‍ നായരുടെ ജീവിതത്തിലാദ്യമായിട്ടാണ് ജാതിയെ സംബന്ധിച്ച കണക്കുകൂട്ടല്‍ തെറ്റുന്നത്.

സഹിക്കാന്‍ പറ്റുമോ രാമന്‍ നായര്‍ക്ക്.

നായരു കുലത്തിലും ബ്രാഹ്മണകുലത്തിലുമല്ലാതെയുള്ളൊരാള്‍ക്ക് ഇത്രയും സൗന്ദര്യമുണ്ടാവുകയെന്ന് പറഞ്ഞാല്‍...

അത് നായര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു.

രാമന്‍ നായരുടെ മുഖം ചുവന്നു. കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി വന്നു.കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി.വലതു കൈ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന സ്പാന്നറില്‍ അമര്‍ന്നു.

പെട്ടെന്നുള്ള ഭാവമാറ്റവും പോക്കറ്റില്‍ നിന്നുയര്‍ന്നു വരുന്ന സ്പാന്നറും രാജീവ് കണ്ടു.

''നായരും ബ്രാഹ്മിണനുമല്ലെങ്കില്‍ പിന്നെത്താനാരുവാടോ?'' രാമന്‍ നായര്‍ ഗര്‍ജ്ജിച്ചു.

രാജീവ് ഓടി.

അടുത്തുണ്ടായിരുന്ന മറ്റ് ജോലിക്കാര്‍ കൂകിവിളിച്ചു. അത് രാജീവിന്റെ ഓട്ടം കണ്ടിട്ടായിരുന്നില്ല.

സര്‍വ്വശക്തിയുമെടുത്ത് ഒച്ചയെടുത്ത് വയറ്റിലെ കാറ്റ് മുഴുവന്‍ വായിലൂടെ തള്ളി രാജീവിനെ പറപ്പിച്ചപ്പോള്‍ താഴെവീണ വെപ്പ് പല്ല് എടുക്കുവാനുള്ള രാമന്‍ നായരുടെ വെപ്രാളം കണ്ടിട്ടായിരുന്നു.


സമര്‍പ്പണം: എന്റെ സുഹൃത്ത് പ്രവാസി നായര്‍ക്ക്.

29 comments:

സതീശ് മാക്കോത്ത് | sathees makkoth said...

‘പല്ല് കൊഴിഞ്ഞ സിംഹം’
പുതിയ പോസ്റ്റ്.

O¿O (rAjEsH) said...

ഠേ ഠേ ഠെ ഠേ....തേങ്ങാ എന്റെ വക

Manu said...

ഈശ്വരാ.. ഇങ്ങനേം നായന്മാരുണ്ടോ..

പ്രവാസത്തിന്റെ ആദ്യകാലത്തെ ചിലരുടെ മെക്കിട്ടുകേറ്റങ്ങള്‍ ഓര്‍മ്മിപ്പിച്ചു.. നന്നായി

അഗ്രജന്‍ said...

പാവം നായര്‍ :)

പലപ്പോഴും പലപേരുകളില്‍ കണ്ടിട്ടുള്ള ഒരു കഥാപാത്രം!

SAJAN | സാജന്‍ said...

.......പുതുതായി വന്ന `സുമുഖനായ’?
പ്രൊഡക്ഷന്‍ മാനേജരെ നോക്കി രാമന്‍ നായര്‍ ചോദിച്ചു
എവിടുന്നാ ?
ആലപ്പുഴയില്‍ നിന്ന്!
രാമന്‍ നായര്‍ക്ക് സന്തോഷമായി,
എന്താ പേര്?
സന്തോഷ് മാനത്ത്
പേരു കേട്ടപ്പോള്‍ നായര്‍ വിചാരിച്ചു
നായരോ അല്ലെങ്കില്‍ ബ്രാഹ്മണനോ
അപ്പൊ നായരാണോ?
അല്ല
പിന്നെ നമ്പൂതിരി?
ഏയ് അല്ല..
പിന്നെ താനാരുവാ? നായര്‍ അലറി!!!
ഞാനൊരു ക്ഷത്രിയന്‍..
പേര് സന്തോഷ് വര്‍മ മാനത്ത്..
നായര്‍ അന്നു വോളണ്ടറി റിട്ടയര്‍മെന്റിനു അപേക്ഷ കൊടുത്തു!!!!......
പ്രശസ്തനായ ഒരു ബ്ലോഗറുടെ ആത്മകഥയുടെ ചുരുള്‍ ഇവിടെ അഴിയുന്നു:):)

ittimalu said...

നാറി നായര്‍ നായന്‍ മാരുടെ മാനം കളയുമല്ലൊ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: കുട്ടിച്ചാത്തന്‍ ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ ഇസ്ലാമാണോ എന്നൊന്നും ചാത്തന്റെ പേരു കേട്ടാല്‍ തിരിച്ചറിയത്തില്ല. നായരല്ല നായരുടെ അപ്പൂപ്പന്‍ വിചാരിച്ചാലും. ചാത്തന്‍ വരട്ടേ പുതിയതായി ജോയിന്‍ ചെയ്യാന്‍..?

വേണു venu said...

സതീഷേ..
അതിനു ശേഷം വെപ്പുപല്ലുമായി ...നായര്‍‍ പുരയുടെ ചുറ്റും മണ്ടി നടന്നു.
മാളുവേ, നാറി നായരെന്നൊക്കെ പറഞ്ഞാല്‍...
നായറ്‍ സ്പിരിറ്റു വരും.:)‍

വിശാല മനസ്കന്‍ said...

ഐവ! കലക്കന്‍ കഥ.
രസായിട്ട് എഴുതിയേക്കണൂ. വെരി നൈസ്.

എന്തിറ്റാ ബ്ലോഗ് കാട്ടിക്കൂട്ട്യേക്കണേ ചുള്ളാ?
കലക്കീട്ട്ണ്ട് ട്ടാ.

ഇത്തിരിവെട്ടം|Ithiri said...

സതീശേ കലക്കന്‍ വിവരണം.

ഒരു ഓഫ് : വല്ലാതെ ചിരിക്കുന്നവരോട് മലപ്പുറത്ത് കാര്‍ (മറ്റ് ജില്ലക്കാരുടെ കാര്യം അറിയാത്തത് കൊണ്ടാ) പറയാറുണ്ട്. ‘അധികം ചിരിക്കല്ലേ... പല്ലൂരി കാലില്‍ വീഴുമെന്ന്’. ഒരു ദിവസം മകന്‍ എന്നോട് പറഞ്ഞു... അപ്പുറത്തെ അലവിക്കാക്കന്റെ പല്ലൂരി കാലില്‍ വീണത് പുള്ളി കണ്ടെന്ന്. ‘അതെങ്ങനെ’ എന്ന് ചോദിച്ചപ്പോള്‍ പുള്ളി വിശദീകരിച്ചു... എല്ലാ പല്ലും ഒന്നിച്ചാ വീണതെന്ന്.

ഒരാവശ്യവുമില്ലാത്ത ഈ ഓഫിന് ഒരു വേള്‍ഡ് മാപ്പ് ഇവിടെ വെച്ചിട്ടുണ്ട്.

ശിശു said...

വായിച്ചു, നന്നായി.

ksnair said...

സമര്‍പ്പിച്ചതിനു നന്ദിയുണ്ടു ചേട്ടാ.......നന്ദി....
നമ്മക്കിട്ടു തന്നെ സമര്‍പ്പിക്കണമായിരുന്നോ......
എല്ലാവരും തെറ്റിദ്ധരിച്ചു കാണും...ആ...പോട്ടെ....
എന്തായാലും സംഭവം കൊള്ളാം.....

sandoz said...

സതീശാ.....നായരു കൊള്ളാം......

പിന്നേ......ഇട്ടീ......നായരെ കേറി നാറീ എന്ന് വിളിച്ചത്‌ ഇത്തിരി കട്ടിയായി പോയെട്ടാ......

ikkaas|ഇക്കാസ് said...

ഞാനും അതുതന്നാ ആലോചിക്കുന്നെ. ഈ മൂവാറ്റുപുഴക്കാരന്‍ രാജീവിന്റെ പേരിന്റെ അറ്റത്തെങ്ങനാ രത്തിനം വന്നെ???
ആ.. എന്നതേലും ആവട്ടെ.

തമനു said...

പുതിയ പോസ്റ്റും കലക്കി.

ഈ ബ്ലോഗിന്റെ അക്ഷരങ്ങളുടേ വലിപ്പം സ്വല്പം കൂട്ട് സതീശാ... അറ്റ്ലീസ്റ്റ് ആ കമന്റുകളുടെ എങ്കിലും..

സാരംഗി said...

കഥ ഇഷ്ടമായി...നായര്‍ മുവാറ്റുപുഴക്കാരനാണെന്നു കേട്ടപ്പോള്‍ വിഷമം തോന്നി..:-)

Sul | സുല്‍ said...

കഥ നന്നായി.
രാജീവിന്റെ ഓട്ടവും നായരുടെ പല്ലെടുപ്പും (തലയെടുപ്പു പോലെയല്ല) പിന്നെ നായര്‍ക്കുള്ള സമര്‍പ്പണവും (എനിക്കല്ലല്ലോ സമാധാനം). എല്ലാം ഭേഷ്.
-സുല്‍

മഴത്തുള്ളി said...

രത്തിനം മൂവാറ്റുപുഴക്കാരന്റെ പേരിലെങ്ങിനെ വന്നു. ആലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല :)

സതീശാ, ഇനി സുഹൃത്ത് പ്രവാസി നായര്‍ സതീശന്റെ പുറകെ ഓടുമ്പോള്‍ ആരത് പോസ്റ്റും ;) ഹി ഹി.

കൊള്ളാം, ഇഷ്ടപ്പെട്ടു.

salim | സാലിം said...

സതീശ്.നല്ല അവതരണം,ഓരോരോ സ്പിരിറ്റുകളേയ്...

ദേവന്‍ said...

ഇതിപ്പഴാ കണ്ടത് സതീശേ. നായരാളു കൊള്ളാം.
പരിണാമത്തിന്റെ ആയിരക്കണക്കിനു വര്‍ഷങ്ങളില്‍ നായര്‍ ആകെ നേടിയത് ഒരു ചില്ലക്ഷരമാണ്, അതിന്റെ വില കാക്കണം എന്നോ മറ്റോ വീക്കേയെന്‍സ് എഴുതിയത് ഓര്‍ത്തു..

വക്കാരിമഷ്‌ടാ said...

“....പിന്നെത്താനാരുവാടോ?''
ലെപ്പോള്‍ വെപ്പ് പല്ല് വെച്ച് ചൂടാകുമ്പോള്‍ എന്‍ഡിംഗ് “ടോ” യിലാണെങ്കില്‍ പല്ല് ധിം തരികിട ടോം.

സതീശേ, കല്‍‌ക്കി.

സതീശ് മാക്കോത്ത് | sathees makkoth said...

സാജോ, വേണ്ടാ വേണ്ടാ
വേണുചേട്ടാ, ഹ ഹ
കുട്ടിചാത്താ, ധൈര്യായി പോന്നോളൂ ചാത്താ
വിശാലാ, ഇഷ്ടായോ ദാ ഇവിടെ നിന്നാ
http://www.finalsense.com/services/blog_templates/index.htm
ഇത്തിരിവെട്ടം, അപ്പോ ഇതു പല സ്ഥലത്തും സംഭവിച്ച കഥയാല്ലേ
ആ വേള്‍ഡ് മാപ്പ് ഞാനെടുത്തു ഒരു ആവശ്യമുണ്ട്.
കെ.എസ്.നായര്‍, നിനക്കിട്ടു സമര്‍പ്പിച്ചതിനു ഈ വേള്‍ഡ് മാപ്പ് നീയെടുത്തോ
ഇക്കാസ്, അതു അയാളുടെ വീട്ടു പേരായിരുന്നു.
തമനൂ, ശ്രമിച്ചു കൊണ്ടിരിക്കുന്നു
സാരംഗി, അതെന്തേ സംരംഗി അവിടുത്തുകാ‍രിയാണോ?
സുല്‍, എന്താ ഒരു സമര്‍പ്പണം തരട്ടോ?
മഴത്തുള്ളി, വീട്ടുപേരാ അതു
വക്കാരിമഷ്ടാ, ഇനി വെപ്പു പല്ലു ഉള്ള
ബോസന്മാരെ ചൂടാക്കുമ്പോ പ്രയോഗിക്കേണ്ട വിദ്യ മനസ്സിലായല്ലോ
രാജേഷ്, മനു, അഗ്രജന്‍, ഇട്ടിമാളൂ, പ്രമോദ്,കുതിരവട്ടന്‍,ശിശു,ചേച്ചിയമ്മ,സാന്റോസ്,സാലിം,ദേവന്‍

എല്ലാവര്‍ക്കും എന്റെ നന്ദി
ഇതു വായിച്ചതിനും അഭിപ്രായമറിയിച്ചതിനും

സതീശ് മാക്കോത്ത് | sathees makkoth said...

ദേവേട്ടന്റെ പേരു വിട്ടു പോയി
എന്നാല്‍ ഒരു പ്രത്യേക നന്ദി തന്നെ പിടിച്ചോളൂ

തരികിട said...

എനിക്കിതെന്തുപറ്റീ.. ഇതു കാണാന്‍ ലേറ്റായല്ലൊ... പൊട്ടെ സാരമില്ല..... അപ്പൊ നായര്‍ക്കു വെപ്പുപല്ലായിരുന്നല്ലേ..... ആഷയോടു പറഞ്ഞു നാരങ്ങാ ചേര്‍ക്കാതെ ഒരു അവലോസുണ്ട ഉണ്ടാക്കി കൊടുക്കാന്മേലായിരിന്നോ പുള്ളിക്ക്‌.... അതുകടിക്കിമ്പോള്‍ വെപ്പുപല്ലാത്തവരുടെ പല്ലു താഴെപ്പ്പ്പോരും...പിന്നെ വെപ്പുപല്ലരുടെ കാര്യം പറയണൊ..

സതീശ് മാക്കോത്ത് | sathees makkoth said...

തരികിട, ആ അവലോസുണ്ട ഉണ്ടാക്കുന്ന വിധം കൂടി ഒന്ന് പറഞ്ഞ് തരണേ...
വന്നതിന് നന്ദി.

gandharvan said...

ഡിങ്കാാ
ഞാനീ കമെന്റിടാന്‍ സിനിമാപ്പേരറിയാതെ വിഷമിച്ചിരിക്കയായിരുന്നു.
ഡിങ്കന്‍ പറഞ്ഞ നിലക്ക്‌ ഇനി ഞാന്‍ പോണു. ഉണ്ണിക്കുട്ടനും ഡിങ്കനുമായി കാര്യങ്ങളൊക്കെ നന്നായി നോക്കി നടത്തു.
സൂര്യാസ്തമയ കഥ പിള്ളാരെക്കോണ്ട്‌ വായിപ്പിക്കല്ലെ.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP