Followers

ഇരട്ട ചങ്ക്

Monday, June 7, 2010

ഷാജി ആളല്പം വികൃതിയാണന്നാണ് എല്ലാരും പറയുന്നത്. അച്ഛനും അങ്ങനെതന്നെയാണ് പറയുന്നത്. ഷാജിയുമായിട്ടുള്ള കൂട്ടുകെട്ട് നല്ലതല്ലെന്ന് അച്ഛൻ കൂടെക്കൂടെ അപ്പുക്കുട്ടനോട് പറയാറുണ്ട്. നല്ല കൂട്ടുകാരുണ്ടായാലേ നല്ല സ്വഭാവമുണ്ടാവുകയുള്ളത്രേ! പക്ഷേ അച്ഛൻ പറയുന്നതിനോട് അപ്പുക്കുട്ടന് അത്ര യോജിപ്പൊന്നുമില്ല. എങ്കിലും അതൊന്നും ഒരിക്കലും പുറത്തുപറഞ്ഞിട്ടില്ല. പുറത്ത് പറയാനും പാടില്ല. അബദ്ധത്തിലെങ്ങാനും മനസ്സിലിരിപ്പ് പുറത്തുവന്നാൽ ഉത്തരത്തിലിരിക്കുന്ന ചൂരലിൽ തുടയിലെ തൊലിപിടിക്കുമെന്ന് അപ്പുക്കുട്ടനറിയാം. അതിന്റെ രുചി പലവട്ടം അറിഞ്ഞിട്ടുള്ളതുമാണ്. എന്തിനാണ് അറിഞ്ഞുകൊണ്ട് വെറുതേ ഗുലുമാലുകൾ!

നല്ല രസമാണ് ഷാജിയുടെ കൂടെ കൂടിയാൽ! എന്തുവേഗത്തിലാണവൻ മരത്തിലൊക്കെ കേറുന്നത്. അണ്ണാൻ കേറുന്നതുപോലെയെന്നാണ് മീനാക്ഷി അമ്മായി പറയുന്നത്. വീട്ടിലാരുമില്ലാത്ത സമയത്ത് ഷാജി തെങ്ങിൽ കയറി അപ്പുക്കുട്ടന് കരിക്കിട്ട് കൊടുക്കും. അപ്പുക്കുട്ടന് രണ്ട് കരിക്ക്! ഷാജിയ്ക്ക് ഒരു കരിക്ക്! അതാണ് കണക്ക്. സേതു വീട്ടിലുണ്ടങ്കിൽ ഷാജിയെ തെങ്ങിൽ കയറാൻ അപ്പുക്കുട്ടൻ സമ്മതിക്കില്ല. അവൾക്കും പങ്ക് കൊടുക്കണമെന്ന് മാത്രമാണങ്കിൽ സാരമില്ല. അവൾ പാരയാണ്. ചിലപ്പോൾ കരിക്ക് കുടിച്ചുകഴിഞ്ഞ് വീട്ടിൽ പറഞ്ഞുകൊടുത്തെന്നും വരും. എന്തിനാ വെറുതേ പൊല്ലാപ്പ്!
തോട്ടിലെ പാലത്തിന്നടിയിലുള്ള കൽക്കെട്ടിൽ ഷാജിയല്ലാതെ വേറെ ആരും കയറി അപ്പുക്കുട്ടൻ കണ്ടിട്ടില്ല. നല്ല ധൈര്യം വേണമതിന്! ഇപ്പോ ഉരുണ്ട് വീഴുമെന്ന് പറഞ്ഞ് നിൽക്കുന്ന കല്ലിന്നടിയിലേയ്ക്ക് ജീവനിൽ പേടിയുള്ള ആരെങ്കിലും കയറുമോ? ചുമ്മാതല്ല ഷാജിയ്ക്ക് ഇരട്ട ചങ്കാണുള്ളതെന്ന് വലിയവരൊക്കെ പറയുന്നത്. കല്ലിന്നടിയിൽ നൂണ്ടുകയറി അതിന്നിടയിലൂടെ ഒഴുകിവരുന്ന വെള്ളത്തിലൂടെയെത്തുന്ന മീനുകളെ ഷാജി കത്തികൊണ്ട് വെട്ടി വീഴ്ത്തും. വെള്ളത്തിന്റെ നിറം ചുമന്ന് വരും. അമ്മ നെറ്റിയിൽ വരയ്ക്കുന്ന കുങ്കുമത്തിനെ നിറം പോലെ! കല്യാണം കഴിച്ച പെണ്ണുങ്ങളെല്ലാം നെറ്റിയിൽ കുങ്കുമം വരയ്കണമെന്നാണ് അമ്മ പറയുന്നത്. അമ്പലത്തിൽ പോകുമ്പോളാണ് രസം! അമ്മ അമ്പലത്തിന്ന് വലം വെയ്ക്കുമ്പോൾ അപ്പുക്കുട്ടൻ മാറി നിന്ന് പെണ്ണുങ്ങടെ നെറ്റിയിലെ കുറി എണ്ണും. പലതരത്തിലെ കുറികൾ! ചിലരുടെ നെറ്റിയിൽ കുറിയുണ്ടന്ന് മനസ്സിലാവത്തേ ഇല്ല. അമ്മയുടെ കുറി മൂക്ക് മുതൽ നെറുകം തലവരെയുണ്ട്! കല്യാണം കഴിച്ചവരേം, കഴിക്കാത്തവരേം പെട്ടെന്നറിയാം! ഒരു ദിവസം അമ്മ ഇതും പറഞ്ഞ് ചെവിക്ക് പിടിച്ച് കിഴുക്കും നൽകി. ഒന്നേ, രണ്ടേ എണ്ണാൻ പഠിക്കുകയാണന്ന് പറഞ്ഞതു കൊണ്ട് വല്യ പ്രശ്നമുണ്ടാവാതെ രക്ഷപ്പെട്ടു. കിഴുക്ക് കിട്ടുന്നതിന് അമ്പലമോ വീടെന്നോ ഇല്ലന്നും അന്ന് അപ്പുക്കുട്ടന് മനസ്സിലായി!
പള്ളിക്കൂടം അടച്ചു കഴിയുമ്പോഴാണ് കൂടുതൽ രസം! ടാറ്റാകമ്പനിയിലെ മാവായ മാവൊക്കെ ഷാജി കയറും. കശുവണ്ടിയൊക്കെ പറിച്ച് പോക്കറ്റിലാക്കും. ചെലപ്പോഴൊക്കെ അവൻ വലിയ സഞ്ചിയുമായിട്ടാണ് പോകുന്നത്. പകൽ സമയത്ത് ചിലപ്പോഴൊക്കെ അപ്പുക്കുട്ടനും ഷാജിയുടെ കൂടെ പോകും. അച്ഛനും അമ്മയും, സേതുവും വീട്ടിലില്ലാത്ത സമയത്ത്! ഷാജി ചീത്ത ചെറുക്കനല്ലേ... അച്ഛൻ കണ്ടാൽ അടി ഉറപ്പ്...
ഷാജി കശുവണ്ടിയൊക്കെ പറിച്ച് താഴെയിടും. അപ്പുക്കുട്ടനത് പെറുക്കി സഞ്ചിയിലാക്കും. കൂട്ടത്തിൽ ടാറ്റാകമ്പനിയിലെ വാച്ചർ വരുന്നുണ്ടോ എന്ന് നോക്കേണ്ടത് അപ്പുക്കുട്ടന്റെ ജോലിയാണ്. വാച്ചർ വരുകയാണങ്കിൽ വിസിലടിക്കണം. ചുണ്ടുകൾക്കിടയിൽ തള്ളവിരലും ചൂണ്ടുവിരലും ചേർത്ത് വെച്ച് നീട്ടി വിസിലടിക്കണം. അതും ഷാജി പഠിപ്പിച്ചതാണ്! കശുവണ്ടി വിറ്റ് ഷാജി ഐസ് മിഠായി വാങ്ങും! ഗോപാലകൃഷ്ണന്റെ കടയിൽ നിന്നും പടക്കം വാങ്ങും! ഏറുപൊട്ടാസ് നല്ല രസ്സാണ്! ചെത്തുതെങ്ങിനെ ഉന്നം നോക്കി എറിഞ്ഞ് പൊട്ടിക്കാൻ അതിലും രസ്സാണ്!! ഷാജിയ്ക്ക് നല്ല ഉന്നമാണ്. അപ്പുക്കുട്ടൻ എറിഞ്ഞാൽ ഇടയ്ക്കൊക്കെ തെങ്ങിൽ കൊള്ളാതെ പോകും. ഇന്നാളൊരിക്കൽ ഏറുപൊട്ടാസ് എറിഞ്ഞപ്പോൾ ഉന്നം തെറ്റി ചെത്തുകാരൻ കുട്ടന്റെ കള്ളുകുടത്തിൽ കൊണ്ട് കള്ളെല്ലാം താഴെ പോയി! അച്ഛന്റെ പൈസ പോയതിന് കണക്കിന് കിട്ടുകയും ചെയ്തു. അതോടെ പടക്ക പരിപാടി നിർത്തി വെച്ചിരിക്കുകയായിരുന്നു.

പക്ഷേ ഇപ്പോൾ....ഒരു കൂട് നിറയെ പടക്കമാണിരിക്കുന്നത് മുന്നിൽ! താടിക്ക് മുട്ടുകൈയും കൊടുത്ത് സേതുവും കുത്തിയിരിപ്പുണ്ട് അടുത്തു തന്നെ. ഷാജി കൊണ്ടുവന്നതാണ്! കശുവണ്ടി വിറ്റ കാശിന് വാങ്ങിയതായിരിക്കും. എന്തുവേഗത്തിലാണ് അവൻ ഓടിവന്ന് പടക്കം അപ്പുക്കുട്ടനെ ഏല്പിച്ചിട്ട് ഓടിക്കളഞ്ഞത്! “പിന്നെ വരാം. സൂക്ഷിച്ചോ” എന്ന് മാത്രം പറഞ്ഞു. അസ്ത്രം പോലെ പാഞ്ഞു അവൻ. വാച്ചറും ഒരു മിന്നായം പോലെ അപ്പുക്കുട്ടന്റെ മുന്നിലൂടെ മാഞ്ഞപ്പോഴാണ് അപ്പുക്കുട്ടന് കാ‍ര്യം
മനസ്സിലായത്!
“ചേട്ടാ, ഈ കൂടിന്നുള്ളിൽ മത്താപ്പൂ ഉണ്ടോ?” അവളാണ്..കാന്താരി...സേതു. പ്രലോഭിപ്പിക്കുവാണ്. വേല മനസ്സിലിരിക്കട്ടെടി മോളേ...ഞാനിതൊക്കെ കുറെ കണ്ടതാ...അപ്പുക്കുട്ടൻ പൊതിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു. പടക്കം ഷാജിയുടേതാണ്. ‘അവൻ കുരുത്തം കെട്ടവനാണ്...ചോദിക്കാനും പറയാനും ആരും ഇല്ലാത്തവനാണ്...മീശസാറ് ക്ലാസ്സിലിരുന്ന് ഉറങ്ങിയപ്പോൾ മീശയുടെ തുമ്പിൽ പിടിച്ച് വലിച്ചവനാണ്.’ ചുമ്മാതല്ല അവൻ മീശേ പിടിച്ച് വലിച്ചത്. പിച്ചാണ്ടിയുമായ്‌ പന്തയത്തിന്. സിഗററ്റ് മിഠായി പന്തയത്തിന്. അടി പൂരത്തിന് കിട്ടിയെങ്കിലും സിഗററ്റ് മിഠായി ചുണ്ടത്ത് വെച്ച് ഷാജിയുടെ ഒരു നടപ്പുണ്ടായിരുന്നു സ്കൂൾ മുറ്റത്ത്! എന്തായിരുന്നു ഒരു ഗമ!
‘സ്കൂൾ വിട്ട് സാറമ്മാരൊക്കെ പോയത് അവന്റെ ഭാഗ്യമെന്ന്‘ പിച്ചാണ്ടി പറഞ്ഞത് ഷാജി കേട്ടില്ല.
“ചേട്ടാ, കമ്പിത്തിരി ഉണ്ടോന്ന് ഒന്ന് നോക്കന്നേ...” കാന്താരി വീണ്ടും.
“ഉണ്ടങ്കിൽ...” അപ്പുക്കുട്ടൻ ചോദ്യരൂപേണ സേതുവിനെ നോക്കി.
“ഒന്നുമില്ല. ഒരെണ്ണം കത്തിച്ച് നോക്കാരുന്നു. നല്ല രസാരിക്കും.”
“വിശ്വസിക്കുന്നവരെ വേദനിപ്പിക്കരുതെന്നാ അച്ഛൻ പറയുന്നത്.” അപ്പുക്കുട്ടൻ സേതുവിനെ ഒന്ന് സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ഓ. അതൊക്കെ വെറുതെയാണന്നേ... . ഇന്നാള് നമ്മള് അമ്മേടെ വീട്ടിൽ പോയപ്പോൾ ബസ്സിൽ ടിക്കറ്റെടുക്കാണ്ടിരിക്കാൻ ചേട്ടനോടെന്താ അച്ഛൻ പറഞ്ഞത്?”
ശരിയാണ്. അപ്പുക്കുട്ടനോർത്തു. വയസ്സ് കൊറച്ച് പറയാൻ പറഞ്ഞതാണ്. പക്ഷേ എന്തുചെയ്യാം. അന്ന് കണ്ടക്ടറ് ചോദിച്ചത് എത്രാം ക്ലാസിലാ പഠിക്കുന്നതെന്നാണ്? സത്യം പറഞ്ഞതിന് ബസ്സിറങ്ങിയപ്പോൾ അച്ഛന്റെ വക കിട്ടുകേം ചെയ്തു. വെറുതേ പൈസ പോയന്നും‌പറഞ്ഞ്! ഈ വലിയവർക്കൊക്കെ എന്തുമാവാം.
അപ്പുക്കുട്ടൻ കൂട് പതുക്കെ തുറന്നു.
“ഹായ്...മത്താപ്പൂ...കമ്പിത്തിരി...നിലാത്തിരി...പൂക്കുറ്റി...” സേതു കൈകൊട്ടി തുള്ളിച്ചാടി.
അപ്പുക്കുട്ടൻ കൂടടയ്ക്കാൻ ശ്രമിച്ചു. ഷാജി... അവൻ ആൾ ശരിയല്ല. മീശ സാറിന്റെ മീശേ പിടിച്ചവനാണ്! ഇരട്ട ചങ്കുള്ളവനാണ്! എന്തിനും പോന്നവനാണ്! മുതുകത്ത് ഗുണ്ടുപൊട്ടിക്കും അവൻ ഉറപ്പ്!
“ഒരു പേടിച്ചുതൂറി ചേട്ടൻ! ഇങ്ങുതാ... ഞാൻ പൊട്ടിക്കാം.” സേതു കൂടുപിടിച്ചു വാങ്ങി മത്താപ്പൂ കത്തിച്ചുകഴിഞ്ഞിരുന്നു.
നല്ല ഭംഗി. വയലറ്റ്...പച്ച...ചുമപ്പ്...ഹായ് എന്തു രസം മത്താപ്പൂ കത്തുന്നത് കാണാൻ...
“കമ്പിത്തിരി ഇതിലും രസാ..” സേതു കമ്പിത്തിരിയിലും കൈവെച്ചു കഴിഞ്ഞു. അവൾക്കെന്താ ഇടികൊള്ളുന്നത് അപ്പുക്കുട്ടനല്ലേ.
ഒരു വശം പിഴുതുമാറ്റിയ മീശസാറിന്റെ മീശയായിരുന്നു അപ്പോൾ അപ്പുക്കുട്ടന്റെ മനസ്സിൽ...
“ദാ, ചേട്ടനും പൊട്ടിച്ചോ..” സേതു ഏറുപൊട്ടാസെടുത്ത് അപ്പുക്കുട്ടന് നേരെ എറിഞ്ഞു.
അപ്പുക്കുട്ടന്റെ വിചാരങ്ങളേക്കാൾ വേഗത്തിൽ ഷാജിയുടെ കൂട് കാലിയായി.
ഇനി എന്ത്?
“നമ്മുക്ക് വീടിന്നകത്ത് കേറി കുറ്റിയിടാം.” ഹൊ. പെൺബുദ്ധി. ഇനി വേറെ മാർഗമില്ല. അച്ഛനും അമ്മയും വരുന്നതിന് മുന്നേ ഷാജി വരാതിരുന്നാൽ മതിയായിരുന്നു.
“പേടിക്കണ്ടന്നേ, വെളക്ക് കത്തിക്കാൻ തീ കത്തിച്ചപ്പോ കത്തിപ്പോയെന്ന് പറഞ്ഞാ മതിയെന്നേ...” കാന്താരിയുടെ ബുദ്ധി നോക്കിക്കേ...ഇതൊക്കെ ഈ കൊച്ചു തലയ്ക്കകത്തുന്നു തന്നെയാണോ വരുന്നത്. അപ്പുക്കുട്ടന് സംശയമായിരുന്നു.
“അപ്പുക്കുട്ടാ...” ഷാജിയുടെ വിളികേൾക്കുന്നു. പറിഞ്ഞു പോയ മീശസാറിന്റെ മീശ തലയ്ക്ക് ചുറ്റും കിടന്ന് കറങ്ങുന്നതുപോലെ.
“ചേട്ടനിവിടില്ല.” സേതു വാ തുറന്നു. ഛേ..ഈ പെണ്ണിനെക്കൊണ്ടു തോറ്റു. ആവശ്യ സമയത്ത് ബുദ്ധി വരില്ല. അപ്പുക്കുട്ടനവളുടെ വാ പൊത്തി.
“ആഹാ, രണ്ടും കൂടി അകത്ത് കേറി കുറ്റി ഇട്ടിരിക്കുകാ അല്ലേ? മര്യാദയ്ക്കിറങ്ങി വാ. അല്ലേല് ഞാൻ കതക് ചവിട്ടിപ്പൊളിക്കും.” ഷാജി കതകിൽ ചവിട്ടാൻ തുടങ്ങിയിരുന്നു. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്നവനാണ് ഷാജി! കതകു തുറക്കുന്നതുതന്നെ നന്ന്.
അപ്പുക്കുട്ടൻ കതക് തുറന്നു.
എലിപ്പെട്ടി തുറന്നാൽ ഓടുന്ന എലിയേക്കാൾ വേഗത്തിൽ ഒരാൾ അപ്പുക്കുട്ടനേം ഇടിച്ച് മാറ്റി വടക്കേ പറമ്പിലെത്തിയിരുന്നു അപ്പോൾ.
“പടക്കമെല്ലാം കത്തിച്ചു തീർത്തു അല്ലേ?” അപ്പുക്കുട്ടനൊന്നും മിണ്ടിയില്ല. പറിഞ്ഞുമാറുന്ന മീശസാറിന്റെ മീശ...
“അവളാരിക്കുമല്ലേ ചെയ്തത്? എനിക്കറിയാം.” ഷാജി കുറച്ചുനേരം മിണ്ടാതെ നിന്നു. പിന്നെ പുറത്തേക്ക് നടന്നു. അപ്പുക്കുട്ടൻ തല ഉയർത്തിയില്ല.
സേതുവപ്പോൾ വടക്കേ പറമ്പിൽ നിന്നും കൊഞ്ഞനം കാണിക്കുന്നുണ്ടായിരുന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP