Followers

ചിത്രകൂടം

Sunday, August 21, 2011

പറമ്പിന്റെ കിഴക്കേ മൂലയ്ക്കുള്ള കൈതപ്പൊന്തയ്ക്കുള്ളിലായ് ഒരു ചിത്രകൂടം ഉണ്ടന്നുള്ള ആദ്യമായി ബഹുജനസമക്ഷം അവതരിപ്പിച്ചത് പ്രകാശനാണ്.അതും കുറുപ്പിന്റെ ചായക്കടയിലുണ്ടായിരുന്ന സകലമാന ഹിന്ദു,മുസ്ലീം,കൃസ്ത്യൻ മതസ്ഥരേയും സാക്ഷി നിർത്തി!
വളരെ യാദൃശ്ചികമായിട്ടാണത്രേ പ്രകാശന് ചിത്രകൂടത്തിനെ കുറിച്ച് വെളിപാടുണ്ടായത്!
ഇപ്പോൾ പ്രകാശൻ താമസിക്കുന്ന സ്ഥലം വാങ്ങിയിട്ട് നാൾ കുറേ ആയെങ്കിലും; ഇതുവരെ അതിന്റെ ഭൂമിശാസ്ത്രം ശരിക്കുമൊന്ന് പഠിക്കുവാൻ പ്രകാശൻ ശ്രമിച്ചിട്ടില്ല. എന്തെല്ലാം ജോലിയാണ്! അതിന്നിടയിൽ പറമ്പൊക്കെ നോക്കാൻ ആർക്കാ സമയം. ആരെയെങ്കിലും കൂലിയ്ക്ക് വെയ്ക്കാമെന്ന് വെച്ചാൽ ചില്ലറ കൂലിയെങ്ങാനമാണോ? കുടുംബം കുളം തോണ്ടാൻ വേറെ മാർഗ്ഗമൊന്നും വേണ്ട.
ചിത്രകൂടത്തിനെക്കുറിച്ച് പ്രകാശന് അരുളിപ്പാടുണ്ടായത് സ്വപ്നത്തിലാണ്. അതും കറുത്തവാവ് നാളിലെ സ്വപ്നത്തിൽ!
സ്വപ്നത്തിൽ ഒരു ദിവ്യ രൂപം പ്രകാശൻ കണ്ടു. അത് പ്രകാശനോട് പറഞ്ഞു. “പ്രകാശാ, നീ പറമ്പിനെ നോക്കേണ്ട, വീട് നോക്കേണ്ട, വീട്ടുകാരെ നോക്കേണ്ട. പക്ഷേ എന്നെ നോക്കാതെ വന്നാൽ നീ അനുഭവിക്കും. നീ മാത്രമല്ല, സകലമാനപേരും അനുഭവിക്കും. നിന്റെ നാട്ടുകാർ മുഴുവനും അനുഭവിക്കും. അതുകൊണ്ട് നിന്റെ മടിയും പേടിയുമൊക്കെ മാറ്റി വെച്ച് നീ പോ...പറമ്പിന്റെ കിഴക്കേ മൂലയ്ക്ക് പോ..” അതൊരു ആജ്ഞയായിരുന്നു.
ഉറക്കം പോയിട്ടില്ലായിരുന്നു. രാത്രി തീർന്നിട്ടുമില്ലായിരുന്നു. പക്ഷേ പ്രകാശൻ നടന്നു. പറമ്പിന്റെ കിഴക്കേ മൂലയിലേയ്ക്ക് നടന്നു.
“എന്നിട്ട്...” ചായക്കട ബെഞ്ചുകളിൽ നിന്നു പല കാതുകളും കണ്ണുകളും പ്രകാശന്റെ നേർക്കായ്.
“ഒരു ഗ്ലാസ് ചൂട് വെള്ളം കൊട്.” പ്രകാശൻ കുറുപ്പിന്റെ നേരെ കൈ നീട്ടി.
“ഞാൻ പോയി. ഒറ്റയ്ക്ക്...” അതു പറയുമ്പോൾ പ്രകാശന്റെ സ്വരം ഇടറുന്നുണ്ടായിരുന്നു. ശരീരം വിറയ്ക്കുന്നുമുണ്ടായിരുന്നു!
“എന്നിട്ട്...” ശ്രോതാക്കൾക്ക് കേൾക്കാനുള്ള ആഗ്രഹം കൂടി കൂടി വന്നു.
“കൈത വകഞ്ഞ് മാറ്റി നീ അകത്തേയ്ക്ക് കടക്കൂ...” ഒരശരീരി.
“ദേ നോക്കിക്കേ...” കൈതമുള്ള് കൊണ്ട് പോറൽ വീണ കൈത്തലം പ്രകാശൻ ഓരോരുത്തരെയായ് കാണിച്ചു.
“എന്നിട്ട്...”
“ഒരു കടും ചായ കൊട് കുറുപ്പേ.” പ്രകാശൻ ചായക്കായ് കൈനീട്ടി.
“ഒരു ചിത്രകൂടം ഉള്ളിൽ!”
അത്ഭുതംകൂറുന്ന കണ്ണുകൾ പ്രകാശനെ വലഞ്ഞു.
“എന്നിട്ട്...”
“ഞാൻ ടോർച്ചടിച്ച് നോക്കിയപ്പോൾ കണ്ടതെന്താ?” പ്രകാശൻ ഓരോരുത്തരെയായ് മാറി മാറി നോക്കി.
“ഒരു സർപ്പം! വെള്ള നിറത്തിൽ...സ്വർണ്ണ വരകളുള്ളൊരു സർപ്പം! പത്തി വിടർത്തി നിൽക്കുന്നു.” പ്രകാശൻ ചായഗ്ലാസുമായ് ബെഞ്ചിലോട്ടിരുന്നു.
“ഇനി നിങ്ങള് പറ. ഞാനെന്താചെയ്യേണ്ടത്?”

റോഡിന്നിറങ്ങി തോട്ടിറമ്പിലൂടെ കുറേയധികം നടക്കണം പ്രകാശന്റെ പറമ്പിലേയ്ക്ക്. മനുഷ്യവാസമില്ലാതെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം. ഏതോ പാലക്കാടൻ ബ്രാഹ്മണന്റേതായിരുന്നു.നാട്ടുകാർ പകൽ സമയങ്ങളിൽ പോലും അങ്ങോട്ടൊന്നും പോയിരുന്നുമില്ല. പ്രകാശന്റെ സ്ഥലത്തോട് ചേർന്ന് കിടക്കുന്ന ഏക്കറ് കണക്കിനുള്ള സ്ഥലത്തും ആൾ താമസമില്ല. കമ്പി വേലികെട്ടി തിരിച്ചിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥനാരാണന്നുകൂടി നാട്ടുകാർക്ക് ശരിക്കും അറിഞ്ഞുകൂട. ഇടയ്ക്കിടയ്ക്ക് അവിടെ ഒരാൾ വരും. വെള്ള ജുബ്ബായൊക്കെയിട്ട്, കറുത്ത കൂളിംഗ്ലാസൊക്കെ വെച്ച്, പൊക്കമുള്ള തടിയനായൊരു മനുഷ്യൻ. വെള്ള അംബാസിഡർ കാറിലാണ് അയാൾ വരുന്നത്. അയാളൊരിക്കലും നാട്ടുകാരോട് സംസാരിച്ചിരുന്നില്ല. കാറിന്റെ നമ്പർ നോക്കി ചിലരൊക്കെ പറഞ്ഞിട്ടുണ്ട് ‘ഇത് കോട്ടയത്തെ വണ്ടിയാണന്ന്.’ അത്രമാത്രം അതിന്റെപ്പുറം ആർക്കും ഒന്നും അറിയില്ല. പ്രകാശനും ഒന്നുമറിയില്ല.
പ്രകാശനെ കുറിച്ച് അറിയാവുന്ന നാട്ടുകാർക്ക് ആദ്യമൊക്കെ അത്ഭുതമായിരുന്നു പ്രകാശൻ ആ സ്ഥലം വാങ്ങി എന്നുള്ളത്! ഗൾഫിലൊക്കെ പോയി പണമുണ്ടാക്കുന്നതിന് മുന്നേയുള്ള പ്രകാശനെ കുറിച്ച് നാട്ടുകാർക്ക് നന്നായറിയാം.
സന്ധ്യ കഴിഞ്ഞാൽ വീട്ടിന്ന് പുറത്തിറങ്ങാതിരുന്ന പ്രകാശൻ! ഇരുട്ടിനെ പേടിച്ചിരുന്ന പ്രകാശൻ! ഇരുട്ടിൽ കാറ്റിൽ ഇളകുന്ന കരിയിലയുടെ ശബ്ദത്തെ ഭയപ്പെട്ടിരുന്ന പ്രകാശൻ. ഇരുട്ടിൽ തിളങ്ങി നിന്ന കരിമ്പൂച്ചയുടെ കണ്ണുകൾ കണ്ട് ബോധം കെട്ട് വീണ പ്രകാശൻ! യക്ഷി...പ്രേതം...ഭൂതം...പിശാച്...അറുകൊല...മറുത...
അമ്പലമുറ്റത്തെ വലിയ പനയിൽ അറുകൊലയുണ്ടന്നാണ് വെയ്പ്...പനയുടെ ഏറ്റവും മുകളിൽ...പനയോലകൾക്കിടയിൽ....അറുകൊലയിരിക്കും. പാതിരാത്രി പനമരത്തിൽ നിന്നും അറുകൊലയിറങ്ങും. ചോരയാണ് അറുകൊലയ്കിഷ്ടം. മനുഷ്യച്ചോരയാണ് കൂടുതൽ ഇഷ്ടം. അതുകിട്ടാതെ വരുമ്പോഴാണ് അയല്പക്കത്തെ കോഴി, ആട് മുതലായവയുടെ ചോരകുടിക്കുന്നത്.
സന്ധ്യകഴിഞ്ഞാൽ പ്രകാ‍ശൻ പുറത്തിറങ്ങാറായതിന്റെ കാരണവും അറുകൊലയായിരുന്നു.
ഗൾഫിലൊക്കെ പോകുന്നതിന് മുന്നേയാണ്! സെക്കന്റ് ഷോ കഴിഞ്ഞ് തിരികെ വരുമ്പോഴാണ്! പനയുടെ ചുവട്ടിൽ എത്തിയപ്പോൾ എന്തോ ഒരു ശബ്ദം. പനയോലകൾ ഇളകിയാടുന്നു. അറുകൊല... അറുകൊല പനയിൽ നിന്നും ഇറങ്ങുന്നു. രക്തദാഹിയായ അറുകൊല...പ്രകാശന്റെ ചോരയ്ക്കായി ദാഹിക്കുന്ന അറുകൊല. പിന്നെ ഒരലറലായിരുന്നു. എണീറ്റപ്പോൾ വീട്ടിലെ കട്ടിലിലായിരുന്നു. അലറല് കേട്ട് ഓടിയെത്തിയ ആരൊക്കെയോ കൂടി പ്രകാശനെ വീട്ടിലെത്തിക്കുകയായിരുന്നു. പനയിൽ നിന്നും വാവല് പറന്നതാണന്ന് ആൾക്കാര് പറഞ്ഞെങ്കിലും പ്രകാശൻ അത് സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. “ഞാനായതുകൊണ്ട് ബോധം കെട്ടതേ ഒള്ളൂ...വേറെ ആരെങ്കിലും ആയിരുന്നേ കാണായിരുന്നു... ചത്തുപോയേനേ...” കുറുപ്പിന്റെ കടയിലിരുന്ന് പ്രകാശനത് പറയുമ്പോൾ ഗൾഫിലേയ്ക്കുള്ള അവസരവും ഏറെക്കുറേ ഒത്തിരുന്നു.
“പ്രകാശോ, നീയിവിടെ ഇങ്ങനെയാണങ്കിൽ ഗൾഫിലെന്തായിരിക്കുമെടാ?”
കുറുപ്പിന്റെ ചോദ്യത്തിനുത്തരം പറഞ്ഞത് ഭദ്രൻ മാഷാണ്. “അവിടെ പേടിക്കേണ്ട കാര്യോന്നുമില്ല.പാലേം, കാവും,കവുങ്ങുമൊന്നുമില്ലല്ലോ ഇവറ്റകൾക്ക് വസിക്കാൻ...പോരാത്തതിന് നിസ്സാര ചൂടെങ്ങാനുമാണോ? കത്തിക്കരിഞ്ഞുപോകും ഭൂതവു പ്രേതവുമൊക്കെ.”
ശരിയാണ്. പ്രകാശൻ ഗൾഫിൽ പ്രേതങ്ങളെ യൊന്നും കണ്ടിട്ടില്ല. ആലോചിച്ചിട്ടുപോലുമില്ല. അതിനൊന്നും സമയം പോലുമില്ലായിരുന്നു.

കൈതപ്പൊന്തയൊക്കെ വെട്ടിത്തെളിച്ച് ചിത്രകൂടത്തിൽ പ്രകാശൻ ആദ്യമായ് വിളക്ക് തെളിച്ചു. അതിന് സാക്ഷ്യം വഹിക്കാൻ ഭക്തന്മാർ പലരുമുണ്ടായിരുന്നു. ഭക്തകളും ഉണ്ടായിരുന്നു. അതിപുരാതനമായ ചിത്രകൂടമാണതെന്ന് പ്രകാശൻ അവകാശപ്പെട്ടു. ചിത്രകൂടത്തിന്റെ ചൈതന്യമാണ് തന്റേയും കുടുംബത്തിന്റേയും ഐശ്വര്യം! അതു പറയുമ്പോൾ പ്രകാശന്റെ കണ്ണുകളിലെ തിളക്കം ചിത്രകൂടത്തിലെ കൽ‌വിളക്കിന്റെ തെളിച്ചത്തിൽ കൂടുതൽ വ്യക്തതയോടെ ഭക്തർ കണ്ടു!
ചിത്രകൂടത്തിൽ വിളക്ക് കത്തിക്കുന്നവർക്ക് വന്ന് ചേരുന്ന ഭാഗ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായി. പ്രകാശൻ തന്റെ സ്വന്തം ചെലവിൽ അതെല്ലാം അച്ചടിച്ച് പ്രസിദ്ധപ്പെടുത്തി. ഭക്തരുടെ പ്രവാഹവും വിശ്വാസവും കൂടാൻ തുടങ്ങിയപ്പോൾ നാട്ടുകാരെയെല്ലാം അതിശയിപ്പിച്ചുകൊണ്ട് പ്രകാശൻ തന്റെ മനസ്സിലിരിപ്പ് വെളിപ്പെടുത്തി. അതിപ്രകാരമായിരുന്നു. ഭക്തിയേയും ഭക്തരേയും സർവ്വോപരി നാടിന്റെ നന്മയും മാത്രം ആഗ്രഹിക്കുന്നതുകൊണ്ട് ചിത്രകൂടവും അതിരിക്കുന്ന സ്ഥലവും നാട്ടുകാർക്കായ് നൽകാൻ പ്രകാശൻ തയ്യാറാണന്നെതായിരുന്നു അത്.
ചിത്രകൂടം നാട്ടുകാരേറ്റെടുത്തു. സ്ഥലത്തിനുള്ള ഒരു ചെറിയ തുക നാട്ടുകാർ പിരിവിട്ട് പ്രകാശന് കൊടുത്തു.

ഇതെല്ലാം നടക്കുമ്പോഴും എല്ലാവരും അനുകൂലിക്കുമ്പോഴും പ്രകാശന് നേരിടേണ്ടി വന്ന ഒരു കൂട്ടരുണ്ടായിരുന്നു. സ്വന്തം കുടുംബത്തിൽ നിന്നുള്ളവർ! സ്വന്തം ഭാര്യ!
കുടുംബക്കാർക്കൊന്നും മനസ്സിലായില്ല.മണലാരണ്യത്തിൽ ചോരനീരാക്കി ഉണ്ടാക്കിയ സ്ഥലമാണിപ്പോൾ നാട്ടുകാർക്ക് സൗജന്യമായ് നൽകാൻ പോകുന്നത്. എന്തിനാണിതൊക്കെ? ഭാര്യ ചോദിച്ചു. വീട്ടുകാരെല്ലാരും ചോദിച്ചു. “സമയമൊണ്ട്. പറയാം” എന്ന് മാത്രമേ പ്രകാശൻ എല്ലാവരോടും പറഞ്ഞുള്ളു.
പ്രകാശന്റെ ഭാര്യയ്ക്ക് ഉറപ്പുണ്ടായിരുന്നു പ്രകാശൻ കള്ളമാണ് പറയുന്നതെന്ന്. നല്ല നിലാവുള്ള എത്രയോ രാത്രികളിൽ താൻ പ്രകാശനെ വിളിച്ചിട്ടുള്ളതാണ്! മുറ്റത്തെ മൂവാണ്ടൻ മാവിൻ ചുവട്ടിലിരുന്ന് നിലാവാസ്വദിക്കാൻ. തങ്ങളുടെ സ്വന്തമായ ലോകത്തിൽ, പ്രകൃതിയുടെ അവർണനീയമായ സൗന്ദര്യത്തിൽ ലയിച്ച് പ്രകാശന്റെ മടിയിൽ തല ചായ്ച് ആകാശത്തിന്നപ്പുറമുള്ള ലോകത്തെക്കുറിച്ച് സംസാരിക്കാൻ എത്രയോ കൊതിച്ചിട്ടുള്ളതാണ്! ഒന്നും നടന്നിട്ടില്ല. നശിച്ച പേടി! ഇങ്ങനെയുമുണ്ടോ പേടി. ആ ആളാണ് കറുത്തവാവ് രാത്രിയിൽ കൈതക്കാട്ടിൽ കേറി നോക്കിയിരിക്കുന്നത്. വിശ്വസിക്കാൻ കുറേ ആൾക്കാരും! എല്ലാർക്കും ഭ്രാന്താണ്.
പ്രകാശൻ വീട്ടിലില്ലാതിരുന്ന ഒരു ദിവസമാണ് അത് സംഭവിച്ചത്. രണ്ടു മൂന്നുപേർ പ്രകാശന്റെ വീട്ടിലേയ്ക്ക് കയറി വന്നു. ദീപ മാത്രമേ ഉണ്ടായിരുന്നുള്ളു അപ്പോൾ വീട്ടിൽ. കറുത്ത് തടിച്ച് ചുവന്ന ഉണ്ടക്കണ്ണുള്ള മൂന്നുപേർ. കണ്ടിട്ട് തന്നെ ഒരു അവലക്ഷണം.
“പ്രകാശനില്ലേ?” പരുക്കൻ ശബ്ദത്തിൽ ഒരുത്തൻ ചോദിച്ചു. ദീപയ്ക്ക് ശരിയ്ക്കും പേടി തോന്നിത്തുടങ്ങിയിരുന്നു.
“ഇല്ല.പിരിവിന് പോയിരിക്കുകയാണ്.”
“വിളക്കു കത്തിച്ച് കൊട്ടും പാട്ടും നടത്തിയാൽ മാത്രം പോരാ. ഞങ്ങടെ പൈസ കൂടെ ഇങ്ങ് തന്നേക്കാൻ പറഞ്ഞേക്കണം ഭർത്താവിനോട്. അല്ലങ്കിൽ കളി കാര്യമാകും കേട്ടോ പെങ്ങളേ...” മടക്കി കുത്തഴിച്ച് ഒന്നുകൂടി ഉയർത്തി ഉടുത്തുകൊണ്ട് മൂവരും തിരിച്ചു പോയി കഴിഞ്ഞപ്പോഴാണ് ദീപയ്ക്ക് ശ്വാസം നേരെ വീണത്. എന്തൊക്കെയാണാവോ സംഭവിക്കുന്നത്.
അന്ന് രാത്രി അക്ഷരാർത്ഥത്തിൽ ദീപ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. “ഞങ്ങളിവിടെ ജീവിക്കേണ്ടന്നാണോ?എന്തൊക്കെയാണ് നടക്കുന്നതെന്ന് നിങ്ങൾക്ക് വല്ല ബോധവുമുണ്ടോ?ജീവനിൽ പേടിക്കാതെ ഇപ്പോൾ വീട്ടിലിരിക്കാൻ പറ്റാത്ത അവസ്ഥയായി. കണ്ട കള്ളനും കൊള്ളക്കാരനുമൊക്കെ വീട്ടിൽ കേറി ഭീഷണിപ്പെടുത്താൻ തുടങ്ങി. എന്തൊക്കയാണ് നടക്കുന്നത്? എന്നോടെങ്കിലും ഒന്നു പറയരുതോ ഇതിന്റെയൊക്കെ ഉള്ളുകള്ളി.” ദീപയുടെ ദേഷ്യം പതുക്കെപതുക്കെ പരിഭവവും സങ്കടവുമായ് മാറുകയായിരുന്നു.
നിർത്താതെ ചിലച്ചുകൊണ്ടിരുന്ന ഫോണുമെടുത്തുകൊണ്ട് പ്രകാശൻ അടുത്ത മുറിയിലേയ്ക്ക് പോയി. ദീപ പ്രകാശന്റെ സംസാരത്തിന് കാതോർത്തുകൊണ്ട് ഭിത്തിയോട് ചേർന്ന് നിന്നു. ഈയിടെയായ് ദീപ അങ്ങനെയാണ്. പ്രകാശന്റെ ഓരോ നീക്കവും ഓരോ വാക്കും സസൂക്ഷ്മം നിരീക്ഷിക്കും.പിന്നെ അതിനെക്കുറിച്ച് ചിന്തിക്കും. ചിന്തിച്ച് ചിന്തിച്ച് ചില ദിവസങ്ങളിൽ സമയം പോകുന്നത് പോലും അറിഞ്ഞിട്ടില്ല. ഭക്ഷണമുണ്ടാക്കാൻ പോലും മറന്നുപോയ ദിവസങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ പ്രകാശൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആഹാരക്കാര്യത്തിൽ പോലും ശ്രദ്ധിക്കാറില്ല. എപ്പോഴും വേറെ ഏതോ ലോകത്തിലാണ്! എന്താണ് മറ്റുള്ളവർ പറയുന്നത് പോലും കേൾക്കാറില്ല. കേട്ടാലും ശ്രദ്ധിക്കാറില്ല.
“ഞാൻ പറഞ്ഞില്ലേ പണം മുഴുവൻ ഞാൻ തരും. അതിന് മുന്നേ നിങ്ങൾ അയാളോട് സംസാരിച്ച് ഇതിൽ നിന്നും പിന്തിരിപ്പിക്കണം. ഒരു ചിത്രകൂടം നിൽക്കുന്ന സ്ഥലമാണിതെന്ന് അയാളെ മനസ്സിലാക്കിക്കണം. നൂറ്റാണ്ടുകൾ പഴക്കമുള്ള ചിത്രകൂടത്തെ തൊട്ടാൽ കളി കാര്യമാകുമെന്നും അറിയിക്കണം.” പ്രകാശൻ ഫോൺ കട്ട് ചെയ്ത് തിരിഞ്ഞപ്പോൾ ദീപ തൊട്ടു പുറകിൽ നിൽക്കുന്നു. മുഖത്ത് പ്രകടമായ പരിഭ്രമത്തെ മാറ്റി നിർത്തി ഒരു ചിരി വരുത്താൻ പ്രകാശൻ വിഫലമായ ഒരു ശ്രമം നടത്തി. ദീപ ഒന്നും മിണ്ടിയില്ല.
“അല്ല. ഞാനേ, ആ കോട്ടയത്തുകാരനോട് സംസാരിക്കാനായിട്ട് അവരോട് പറയുകയായിരുന്നു. കുറേ പാടുപെട്ട് ആളെക്കുറിച്ച് മനസ്സിലാക്കാൻ. വണ്ടീടെ രജിസ്ട്രേഷൻ നമ്പർ അവസാനം തുണച്ചു.” പ്രകാശൻ ചാരുകസേരയിലോട്ട് കിടന്ന് കണ്ണുകളടച്ച് ദീർഘമായ് നിശ്വസിച്ചു.
ദീപ പ്രകാശന്റെ അടുക്കലേയ്ക്ക് വന്നു. അവളുടെ കൈവിരലുകൾ പ്രകാശന്റെ മുടിയിലൂടെയോടി. ദീപയുടെ ശ്വാസത്തിന്റെ ചൂട് കവിളിൽ തട്ടിയപ്പോഴാണ് ശരിക്കും പ്രകാശൻ ചിന്തയിൽ നിന്നും തിരിച്ച് വന്നത്. അവൾ പ്രകാശന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി. “പറയില്ലേ...എന്നോട് പറയില്ലേ..എന്താണ് പ്രശ്നമെന്ന്...”
പ്രകാശൻ ദീപയെ നോക്കി.
“കുറച്ചു നാളുകൾക്ക് മുന്നെ...അന്നു നീ ഇവിടെ ഇല്ലായിരുന്നു. ഒരു രണ്ട് മൂന്ന് മാസമായിക്കാണും.” ദീപ ചാരുകസാരയുടെ അടുത്തുതന്നെ ഇരുന്നു.
പ്രകാശൻ എണീറ്റു.”വേണ്ട. നമ്മുക്ക് അകത്ത് പോയിരുന്ന് സംസാരിക്കാം.”
പ്രകാശൻ ദീപയെ ചേർത്തുപിടിച്ചു. “നീയിതാരോടും പറയരുത്. ഇത് നമ്മുടെ പ്രശ്നമാണ്. നമ്മുടേത് മാത്രം.”
“അന്ന് ആ കോട്ടയത്തുകാരന്റെ കാർ വന്നു. അയാളുടെ കൂടെ വേറെ മൂന്ന് നാലുപേരുകൂടിയുണ്ടായിരുന്നു. നമ്മുടെ വീടിനെ കടന്നുപോകുമ്പോൾ ഞാനവരുടെ സംസാരം കേൾക്കാനിടയായ്.അയാൾ സ്ഥലം വിൽക്കാനായ് പോകുന്നു.”
പ്രകാശന്റെ ഫോൺ വീണ്ടും ചിലച്ചു.
“എന്ത് എല്ലാം ശരിയായെന്നോ? അയാൾ പിന്മാറിയെന്നോ?... ആ നാളെ രാവിലെ തന്നെ പോരൂ...പണം മൊത്തം തരാം ഞാൻ. എങ്ങനെ സാധിച്ചു?”
“ഗുണ്ടകൾ വിചാരിച്ചാൽ നടക്കാത്ത കാര്യമെന്താണെന്നാണ് അവന്മാര് ചോദിക്കുന്നത്. സന്തോഷാധിരേകത്താൽ പ്രകാശൻ ദീപയെ കെട്ടിപ്പിടിച്ച് കട്ടിലിലേയ്ക്ക് മറിഞ്ഞു.
“ഇതെന്താണീ കാണിക്കുന്നേ? സംഭവിച്ചെതെന്താണെന്ന് പറയെന്നേ...”
പ്രകാശൻ പൊട്ടിച്ചിരിച്ചു. കുറേ നാളായ് പ്രകാശനെ ഇങ്ങനെ കണ്ടിട്ട്. ദീപയ്ക്ക് സന്തോഷമായി.അവൾ അവന്റെ തോളിൽ പിടിച്ച് കുലുക്കി.
“പറയന്നേ...എന്താ ഉണ്ടായേ?”
“അയാൾ സ്ഥലം വിൽക്കാൻ പോണത്രേ!”
“അയാൾ സ്ഥലം വിൽക്കുന്നതിന് നിങ്ങൾക്കെന്നാ?”
“എടീ മണ്ടീ, അയാളുടെ കൂടെയുണ്ടായിരുന്നത് പള്ളിക്കാരായിരുന്നെടി. പള്ളിക്കാര് സ്ഥലമെടുത്താൽ ചിലപ്പോളവര് സെമിത്തേരി വരെ പണിതു കളയും. ഇത്രയും അധിക സ്ഥലത്ത് സെമിത്തേരി അല്ലാതെ വേറെന്താ അവര് പണിയാൻ പോണത്? പിന്നെ നമ്മളിവിടെ കഴിഞ്ഞിട്ട് വല്ല കാര്യോണ്ടോ?”
“അപ്പോൾ ചിത്രകൂടം?...” ദീപയ്ക്ക് പിന്നെയും സംശയങ്ങളായിരുന്നു.
“അതൊരു മുൻകരുതൽ...ഒറ്റരാത്രികൊണ്ട് വൈക്കത്തെ ഒരു കാവിൽ നിന്നും അവന്മാരത് പൊക്കി.”
ദീപ പ്രകാശന്റെ കവിളിൽ നുള്ളി. “ഭയങ്കര ബുദ്ധി തന്നെ!”
“എടി പെണ്ണേ, പൈസയും, ഗുണ്ടകളും മേമ്പൊടിക്കായ് കുറച്ച് മതഭ്രാന്തുമുണ്ടെങ്കിൽ ഇവിടെ നടക്കാത്തതായ് എന്താണടീ...”
ദീപ പ്രകാശനെ കെട്ടിപ്പിടിച്ചു.

2 comments:

keraladasanunni said...

" പൈസയും, ഗുണ്ടകളും മേമ്പൊടിക്കായ് കുറച്ച് മതഭ്രാന്തുമുണ്ടെങ്കിൽ ഇവിടെ നടക്കാത്തതായ് എന്തുണ്ട്..."

വളരെ സത്യം 

ശ്രീ said...

സത്യം തന്നെ. അതൊക്കെ മനസ്സിലാക്കി വേണ്ടും വിധം ഉപയോഗിച്ച് ജീവിയ്ക്കാന്‍ അറിയാവുന്നവ‌ര്‍ രക്ഷപ്പെടുന്നു...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP