Followers

ദീപാകലി

Wednesday, November 7, 2018സഹമുറിയൻ തമിഴനോട് ‘ഉങ്കൾ പെരിയ കുക്കറാണന്നൊക്കെ‘ അടിച്ചു വിട്ടിരുന്നതുകൊണ്ട് ബാച്ചിലർ കാലത്ത് ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. പാവം കാലത്ത് തന്നെ എണീറ്റ് എല്ലാം റെഡിയാക്കി വെയ്ക്കുമായിരുന്നു.എനിക്കാകെ ചെയ്യേണ്ടിയിരുന്ന പണി വെങ്കായം അരിഞ്ഞ് കൊടുക്കുകയെന്നതായിരുന്നു. ഉള്ളി അരിഞ്ഞ് കണ്ണിൽ നിന്നും വെള്ളം വന്നാൽ തമിഴന് സഹിക്കാൻ പറ്റുമായിരുന്നില്ല.
ഇതിലും ബ്യൂട്ടിഫുൾ ടേസ്റ്റ് അമ്മയുണ്ടാക്കി തന്നിട്ടുള്ള ഭക്ഷണത്തിനെ ഞാൻ കണ്ടിട്ടുള്ളു എന്നൊക്കെ പറഞ്ഞ് ആസ്ഥാന കുക്കായി തമിഴനെ വാഴിച്ചുകൊണ്ട്, ഹൈദ്രാബാദിലെ ആദ്യകാല ജീവിതം  അങ്ങനെ സസുഖം ഭക്ഷണത്തിന് യാതൊരു മുട്ടുമില്ല്ലാതെ കഴിഞ്ഞുകൊണ്ടിരുന്ന സമയത്താണ് സുഹൃത്തിന്റെ പ്രഖ്യാപനമുണ്ടായത്, ദീപാവലിക്ക് നാട്ടിൽ പോകുന്നു!

രണ്ട് മൂന്ന് ദിവസം കമ്പനി ഗസ്റ്റ് ഹൗസ് അല്ലെങ്കിൽ പുറത്തേതെങ്കിലും ഹോട്ടൽ ശരണം!
ദീപാവലി ദിവസം ഉച്ചയ്ക്ക് ഗസ്റ്റ് ഹൗസിൽ നിന്നും ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ കുക്ക് വീരേന്ദ്രനാഥ് അന്ന് വൈകിട്ട് വരില്ലായെന്നറിയിച്ചു.
കുക്കില്ലായെങ്കിലെന്താ...പുറത്ത് ഹോട്ടലില്ലേ...കൊടുക്കുന്ന പൈസ മുതലാകണമെങ്കിൽ നല്ല വിശപ്പ് വന്ന് കഴിഞ്ഞ് വേണം ആഹാരം കഴിക്കാൻ പോകാൻ...
വൈകിട്ട്  പരമാവധി വിശപ്പ് വരാൻ കാത്തിരുന്നു.
പിന്നെ ഹോട്ടലിലേയ്ക്ക് നടന്നു.ഏകദേശം എട്ടു മണി ആയിക്കാണും.
കഷ്ടകാലം!
രാഘവേന്ദ്ര മെസ് അടഞ്ഞുകിടക്കുന്നു!
തലയും ചൊറിഞ്ഞ് മെസ്സിനു ചുറ്റും നടക്കുന്ന എന്റെ രോഗം മനസ്സിലായതിനാലാവും, അതിലെ വന്ന ഒരു തെലുങ്കൻ കടിച്ചാൽ പൊട്ടാത്ത തെലുങ്കിൽ എന്തൊ പറഞ്ഞു. അതിൻ പൊരുൾ ഞാൻ ഇപ്രകാരം മനസ്സിലാക്കിയെടുത്തു. ദീപാവലി ദിവസം വൈകിട്ട് കടയൊന്നും തുറക്കില്ല. വെറുതേ സമയം കളയാതെ വേറെ വല്ല വഴി നോക്ക്.
വിശപ്പ് അതിന്റെ പാരമ്യത്തിലേയ്ക്ക്..
ദാക്ഷിണ്യമില്ലാത വിശപ്പ്...
വയറ് കത്തിയെരിയുന്നു.
തിരികെ മുറിയിലെത്തി അടുക്കളയാകെ പരതി നോക്കി. പെട്ടെന്ന് കഴിക്കാൻ പറ്റിയ ഒന്നുമില്ല.
സമയം കളയാൻ പറ്റില്ല.
കുക്കറിൽ അരിയിട്ട് സ്റ്റൗവിൽ വെച്ചു കത്തിച്ചു. കുറച്ചു കഴിഞ്ഞ് കരിയുന്ന ഒരു മണം. ഞാനൊരു മണ്ടൻ തന്നെ...വെള്ളമൊഴിക്കാതെ അരിവെച്ചാൽ കരിയാതിരിക്കുമോ?
കുക്കർ തുറന്ന് കുറച്ച് വെള്ളമൊഴിച്ച് വീണ്ടും കത്തിച്ചു.വിസിൽ വന്നപ്പോൾ ഓഫ് ചെയ്തു. തമിഴൻ സുഹൃത്ത് നീണാൾ വാഴട്ടെ!
ചോറ് റെഡി...
ഇനി കറി?
ഒരു പിടുത്തവും കിട്ടുന്നില്ല.
ഒരു കറി മാത്രമേ ഉള്ളു എന്ന കാരണത്താൽ അമ്മയുമായ് വഴക്കടിച്ച് ആഹാരം ബഹിഷ്ക്കരിച്ച ഒരു കാലവുമുണ്ടായിരുന്നെന്നോർത്തു.
കയ്യിൽ കിട്ടിയത് മുളകുപൊടിയാണ്!
കുടഞ്ഞ് ഒരുപാത്രത്തിലേയ്കിട്ടു...അമ്മ മുളകിടിച്ച് തന്നിരുന്നതിന്റെ ഓർമ്മയാണ്...കപ്പ പുഴുങ്ങിയതും മുളകിടിച്ചതും...നാവിൽ വെള്ളമുറി.
മുളക് പൊടിയിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ചു ചാലിച്ചു. അൽപ്പം നാക്കിൽ വെച്ച് നോക്കി. ഇല്ല അമ്മയുടെ മുളകിടിച്ചതിന്റെ പരിസരത്തുപോലും വരുന്നില്ല.
ഉപ്പില്ലാഞ്ഞിട്ടായിരിക്കാം. ഉപ്പുപാത്രമെടുത്ത് കമഴ്ത്തി. നാശം...അൽപ്പം കൂടിപ്പോയി...
മുന്നിട്ട് നിന്ന വിശപ്പിന്ന് മുന്നിൽ ഒന്നും ഒരു തടസമായില്ല.
ചോറിൽ മുളക് ചേർത്ത് കഴിച്ചപ്പോൾ പ്രത്യേക രുചിയൊന്നും തോന്നിയില്ല. നാവിൽ തൊടിയിക്കാതെ വിഴുങ്ങിയതുകൊണ്ടാവാം...
കണ്ണിൽ നിന്നും കുടുകുടെ ഒഴുകിയ കണ്ണീർ എരിവിന്റേത് മാത്രമാണന്ന് ആശ്വസിക്കാൻ ശ്രമിച്ചു.

എരിവ് കൂടിപ്പോയി...ഉപ്പുകുറഞ്ഞുപോയി എന്നൊക്കെ പറഞ്ഞു അമ്മയുടെ മുഖത്തെ പരിഭവം കണ്ട് രസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

ദോശവേണോ, ഇഡ്ഡലി വേണോ,പുട്ടുവേണോ കറിയ്ക്ക് ചമ്മന്തി മതിയോ  കടല വേണോ
ചോറിന്ന് കൂട്ടാൻ മീൻ കറിവേണോ അതൊ പച്ചക്കറി വേണോ...
വായിൽ നാക്കിടാതെ വിഭവങ്ങളുടെ പേരുമായി പുറകെ നടന്നിരുന്ന അമ്മ..
‘ഒന്നും വേണ്ട ഒന്നു ശല്യപ്പെടുത്താതെയിരുന്നുകൂടെ‘എന്ന മറുചോദ്യതിന്നുത്തരം പറയാതെ അടുക്കളപ്പടിയിലിരുന്ന് വിതുമ്പിയിരുന്ന അമ്മയുടെ മുഖം ഒരു വേള മിന്നിമറഞ്ഞു.
 അമ്മയെ വിളിക്കണമെന്ന് തോന്നി.
മോനെന്തു കഴിച്ചു എന്ന ചോദ്യത്തിന്ന് മെസ്സിലെ ആഹാരമായിരുന്നു, നന്നായിരുന്നു എന്നു പറഞ്ഞു.
പിന്നെ ചോദിച്ചു,“അമ്മേ ഈ മുളകിടിയ്ക്കുന്നതെങ്ങനെയാ?“
“അതാണോ വലിയ കാര്യം, രണ്ട് മുളകെടുത്ത് ഉള്ളിയും ഉപ്പും പുളിയും കൂട്ടി ചതച്ച് അല്പം വെളിച്ചെണ്ണയിൽ ചാലിച്ചെടുത്താൽ പോരേ..“(ദീപാകലി- ആകലി എന്നാൽ തെലുങ്കിൽ വിശപ്പ്)


2 comments:

© Mubi said...

ദീപാകലിയെന്ന വാക്ക് കൌതുകമുണര്‍ത്തി... വിശക്കുമ്പോഴാണ് മക്കള്‍ അമ്മമാരെ ഓര്‍ക്കുക.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP