ഓമനാമ്പുലീസം
Friday, January 26, 2007
പൊതുക്കാര്യപ്രസക്തനും ജനസേവകനും മാത്രമല്ല ഭദ്രന്‍ ചേട്ടന്‍.അദ്ദേഹത്തിന്റെ വ്യക്തിത്വം നിറഞ്ഞു നില്‍ക്കാത്ത മേഖലകളില്ല. സാമൂഹ്യ സാമ്പത്തിക സാംസ്കാരിക കായിക രംഗങ്ങളില്‍ ഭദ്രന്‍ ചേട്ടനെ ഒഴിവാക്കി മറ്റൊരാളെ സങ്കല്‍പ്പിക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിരുന്നില്ല.
മലയാള ഭാഷയില്‍ മാത്രമല്ല,ഇംഗ്ളീഷ് ഭാഷയെപ്പോലും പച്ചവെള്ളം പോലെ തന്റെ നാവിന്‍ തുമ്പത്തിട്ടമ്മാനമാടിക്കാനുള്ള പാണ്ഡിത്യം അദ്ദേഹത്തിനുണ്ടന്നാണ് പൊട്ടന്‍ കവലയിലെ കുറുപ്പിന്റെ ചായക്കടയില്‍ കൂടുന്ന ബഹുഭൂരിപക്ഷം വരുന്ന ആള്‍ക്കാരുടെയും പക്ഷം.
മണി മണി പോലെ ഭദ്രന്‍ ചേട്ടന്‍ ഇംഗ്ളീഷ് സംസാരിച്ചത് അവരവരുടെ കാതുകള്‍ കൊണ്ട് കേട്ടതും കണ്ണുകള്‍ കൊണ്ട് കണ്ടതുമാണ്.
ആലപ്പുഴയുടെ സൗന്ദര്യത്തില്‍ ലയിച്ച്, സമീപ ഗ്രാമങ്ങള്‍ കൂടി കാണാനുള്ള ആഗ്രഹത്താല്‍ ഇറങ്ങിത്തിരിച്ച സായിപ്പ് ദമ്പതികള്‍ക്ക് വഴിതെറ്റിപ്പോയി.
പത്രവായനയും, അല്‍പസ്വല്‍പ പരദൂഷണവും, വാര്‍ത്തകളെക്കുറിച്ച് ചൂടേറിയ ചര്‍ച്ചയും, കൂട്ടത്തില്‍ കട്ടന്‍ചായയും നൂലുപാകിയ ബോണ്ടയും കഴിച്ച് കുറുപ്പിന്റെ ചായക്കടയില്‍ സമയം പാഴാക്കിയിരുന്ന ബുദ്ധിരാക്ഷസന്മാരുടെ ഇടയില്‍ വന്നുപെട്ട സായിപ്പു ദമ്പതികള്‍ക്ക് വഴിചോദിക്കാന്‍ ആള്‍ക്കാരെ കിട്ടിയെന്ന തല്‍കാലാശ്വാസമുണ്ടായെങ്കിലും,ഭാഷ ദഹിക്കാത്ത മൂപ്പിലാന്മാര്‍ക്ക് ലേശം അസഹ്യത ഉണ്ടാവുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഭദ്രന്‍ ചേട്ടന്‍ പ്രത്യക്ഷപ്പെട്ടത്.
സായിപ്പിന്റെ സംസാരം കേട്ടപ്പോഴേ അവര്‍ സംസാരിക്കുന്നത് ഇംഗ്ളീഷല്ല പകരം സ്പാനീഷാണന്ന് ഭദ്രന്‍ ചേട്ടന് മനസ്സിലാവുകയും, സ്പാനീഷ് തനിക്കത്രയ്ക്കങ്ങട്ട് വശമില്ലാത്തതിനാല്‍ ആകാംക്ഷാഭരിതരായി നിന്നിരുന്ന വയസ്സിന്‍സിനോട് തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയും ചെയ്തു.
പിന്നീട് സായിപ്പ് ദമ്പതികളോട് ഇപ്രകാരം മൊഴിഞ്ഞു.
"യു പ്ലീസ് സ്പീക് ഇന്‍ ഇംഗ്ളീഷ്. ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് യുവര്‍ സ്പാനീഷ്."
ചടപടായെന്നുള്ള ഇംഗ്ളീഷുകേട്ട് പ്രേക്ഷകരായ ചായകുടിയന്മാര്‍ എണീറ്റ് നിന്ന് കൈയടിക്കുകയും, സംഗതി പന്തികേടാണന്ന് മനസ്സിലായ സായിപ്പ് ദമ്പതിമാര്‍ കുട്ടന്‍ ചേട്ടന്റെ ആട്ടോറിക്ഷായില്‍ കയറിപറപറക്കുകയും ചെയ്തു.
സായിപ്പ് പോയ വഴിയില്‍ പുല്ലു പോലും കിളുത്തിട്ടില്ലായെന്നാണ് കുമാരന്‍ കണിയാന്‍ പറഞ്ഞു പരത്തിയത്.
വെള്ളിയാഴ്ച ദിവസങ്ങളില്‍ ഭദ്രന്‍ ചേട്ടന് വീട്ടിലിരിക്കാന്‍ സമയം കിട്ടാറില്ല. ബാക്കിയുള്ള ദിവസങ്ങളിലും ഏറക്കുറെ അങ്ങനെ തന്നെ. എങ്കിലും വെള്ളിയാഴ്ച ദിവസങ്ങളില്‍ മറ്റു ദിവസങ്ങളേക്കാള്‍ തിരക്കല്‍പം കൂടുതലാണന്ന് മാത്രം.
അന്നാണ് രശ്മി കൊട്ടകേലും, വിദ്യാ തീയേറ്ററിലും പടം മാറുന്നത്.പുതിയ പടത്തിന്റെ പരസ്യ പ്രഖ്യാപനം നടത്തുന്നതിനായി തിയേറ്ററുകാര്‍ ഭദ്രന്‍ ചേട്ടനെ തെക്കോട്ടും വടക്കോട്ടും വലിയാണ്. ഭദ്രന്‍ ചേട്ടന്റെ സ്വരസൗകുമാര്യം തന്നെയാണ് ഇത്തരമൊരു മല്‍സരത്തിന് പ്രധാന കാരണമായിത്തീര്‍ന്നിട്ടുള്ളത്.
ഭദ്രന്‍ ചേട്ടന്റെ സ്വരത്തിന് റവുക്കയിട്ട് നടക്കുന്ന വല്യമ്മമാരേയും,പൊട്ടിവിടരാന്‍ തയ്യാറായി നില്‍ക്കുന്ന തരുണീമണികളേയും മാത്രമല്ല മുലകുടി മാറാത്ത കുഞ്ഞുങ്ങളെ വരെ കൊട്ടകേലെത്തിക്കാനുള്ള എന്തൊ ഒരു ഇത് ഉണ്ടന്നാണ് കൊട്ടക മൊതലാളിമാരുടെ പക്ഷം.
വെള്ളിയാഴ്ചകളില്‍ ഭദ്രന്‍ ചേട്ടന്റെ മൈക്ക് കെട്ടിയ കറുത്ത അംബാസഡറിന്റെ പുറകെ കുറഞ്ഞത് ഒരു കിലോമീറ്ററെങ്കിലും സിനിമ നോട്ടീസിനായി ഓടിയാണ് അപ്പുക്കുട്ടന്‍ തന്റെ കായിക പരിശീലനം തുടങ്ങിയതു തന്നെ.
തന്നെ തികഞ്ഞൊരു കായിക താരമാക്കുന്നതിനപ്പുറം സിനിമായെകുറിച്ചുള്ള തന്റെ വിജ് ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തുപോന്നിരുന്ന ഭദ്രന്‍ ചേട്ടനെ കീഴേടത്ത് ഓമനേടെ വീട്ടുവാതുക്കലെ തെങ്ങേല്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിവെച്ചിരിക്കുന്നു എന്ന വാര്‍ത്ത നടുക്കത്തോടെയേ അപ്പുക്കുട്ടന് ശ്രവിക്കുവാന്‍ കഴിഞ്ഞുള്ളു.
വര്‍ത്തമാന പത്രങ്ങള്‍ വായനശാലയില്‍ എത്തുന്നതിന് മുന്നേ തന്നെ വാര്‍ത്തകളുടെ തലക്കെട്ടുകളും തലേന്നത്തെ നാട്ടിലെ പ്രധാന വിശേഷങ്ങളും വെളുപ്പാന്‍കാലത്തുതന്നെ വീടുകള്‍ തോറും കയറിയിറങ്ങി അറിയിച്ച് വന്നിരുന്ന സഞ്ചരിക്കുന്ന പത്രമായ ന്യൂസ് വര്‍ക്കി അടുക്കള വാതുക്കല്‍ വന്ന് അമ്മയോട് പറയുമ്പോഴാണ് അപ്പുക്കുട്ടന്‍ വിവരം അറിയുന്നത്.
സംഭവം നടന്നിട്ട് മൂന്ന് നാലു മണിക്കൂറായിരിക്കുന്നു പോലും!
പൊതുജനസേവകനും,നാട്ടുകാരുടെ ബഹുമാന്യനുമായ ഭദ്രന്‍ ചേട്ടനെ തെങ്ങില്‍ കെട്ടിവെയ്ക്കുകയെന്നുപറഞ്ഞാല്‍...
അപ്പുക്കുട്ടനൊന്നും മനസ്സിലായില്ല.
അവന്‍ ഓടി.
കീഴേടത്ത് ഓമനേടെ വീട്ടിലേയ്ക്ക്.
കീഴേടത്ത് ഓമന താമസിക്കുന്നത് ലക്ഷംവീട് കോളനിയിലാണ്. ഭര്‍ത്താവ് രാമന്‍ ചെത്തുകാരനാണ്.
രാമന് ഉദ്യോഗം അങ്ങ് പാലക്കാടാണ്.മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ രാമന്‍ വീട്ടിലുണ്ടാവാറുള്ളു.
ബാക്കിയുള്ള ദിവസങ്ങളില്‍ രാമന്‍ പാലക്കാട്ടെ തെങ്ങുകളിലായിരിക്കും.
അരുമ ഭാര്യ ഓമനയ്ക്കും,മക്കള്‍ സീതയ്ക്കും സെല്‍വനും വേണ്ടി പാലക്കാടായ പാലക്കാട്ടെ തെങ്ങുകളായ തെങ്ങുകളൊക്കെ ചെത്തി കള്ളെടുത്ത്; ആ കള്ള് അളന്ന് വിറ്റ് കിട്ടുന്ന കാശുമായി രാമന്‍ തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞാല്‍ പിന്നയവിടെ ഉത്സവമാണ്.
ഉത്സവവും കഴിഞ്ഞ് ആറാട്ടും നടത്തി രാമന്‍ മക്കളേയും പ്രീയ പത്നിയേയും ടാറ്റാ കാണിച്ച് മടങ്ങി പോകുന്ന രംഗം ഏതു കഠിനഹൃദയന്റേയും കരളലിയിപ്പിക്കാന്‍ പോന്നതാണ്.
എല്ലാ ഗുണഗണങ്ങളും ദൈവം മനുഷ്യന് നല്‍കുകയില്ലല്ലോ?
സര്‍വ്വ ഗുണ സമ്പന്നനെന്ന് പറയാമെങ്കിലും,ഒരു ചെറിയ കുഴപ്പം ഭദ്രന്‍ ചേട്ടനുണ്ടായിരുന്നു.
അതിപ്പോ ലോകചരിത്രമോ,ഭാരതചരിത്രമോ പോട്ടെ ഈ കൊച്ചു ട്ടാ വട്ടത്തിലെ ഗ്രാമചരിത്രമെടുത്ത് നോക്കിയാല്‍ പോലും കാണാന്‍ കഴിയുന്നതും, പലപല മഹാന്മാരുടെ ജീവിതത്തെ പിടിച്ച് കുലുക്കിയിട്ടുള്ളതുമായ അതേ വിഷയം തന്നെയായിരുന്നു.
സ്ത്രീ വിഷയം!
കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളാരെ കണ്ടാല്‍ ഭദ്രന്‍ സംസാരത്തില്‍ പഞ്ചാര ചേര്‍ക്കുമെന്നാണ് മാഞ്ചുവട്ടിലെ സ്ത്രീകളുടെ സംസാരം.
ഓമനചേച്ചി ആളൊരു കൊച്ചു സുന്ദരിയായിരുന്നു. ഭര്‍ത്താവും വീട്ടിലുണ്ടാവുമായിരുന്നില്ല. ഭദ്രന്‍ ചേട്ടന്റെ കൊച്ചുവര്‍ത്തമാനം ഓമനചേച്ചി ഇഷ്ടപ്പെട്ടുതുടങ്ങി.
കൊച്ചുവര്‍ത്തമാനം വലിയവര്‍ത്തമാനമാവുകയും,വലിയവര്‍ത്തമാനം പഞ്ചാരവര്‍ത്തമാനമാവുകയും,പഞ്ചാരവര്‍ത്തമാനം പിന്നീട് രാത്രി വര്‍ത്തമാനമാവുകയും ചെയ്തു.
പക്ഷേ അതിങ്ങനെയൊക്കെ ആകുമെന്ന് ഭദ്രന്‍ ചേട്ടനോ ഓമന ചേച്ചിയോ സ്വപ്നേപി വിചാരിച്ചിരുന്നില്ല.
അല്ലങ്കിലും രാമന്‍ ചേട്ടന്‍ സാധാരണ വരാറുള്ളതിനും നാലഞ്ച് ദിവസം മുന്നേ ഇങ്ങ് പോന്നതെന്തിനാണ്?
ഭാര്യയേയും മക്കളേയും കാണാതെ ഇരിക്കപ്പൊറുതി ഇല്ലാതായിട്ടോ?
അതോ ഏതെങ്കിലും ചാരന്മാര്‍ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവൊ?
സത്യം രാമന്‍ ചേട്ടന് മാത്രമറിയാം!
അന്നും പതിവുപോലെ ഭദ്രന്‍ ചേട്ടന്‍ പാതിരാകഴിഞ്ഞ നേരത്ത് ഓമനചേച്ചിയുടെ വീട്ടിലെത്തുകയും കുറ്റിയിടാതിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തു കയറുകയും ചെയ്തു.വാതിലിന് കുറ്റിയിടാതിരിക്കുന്നത് ഓമന തനിക്കു വേണ്ടി ചെയ്തു പോരുന്ന ഗ്രീന്‍ സിഗ്നലാണന്നറിയാവുന്നതുകൊണ്ട് ഭദ്രന്‍ ചേട്ടന് സംശയിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു.
മൂടി പുതച്ചു കിടക്കുന്നത് തന്റെ രോമാഞ്ചമാണന്ന് കരുതി ഭദ്രന്‍ ചേട്ടന്‍ കുലുക്കി വിളിച്ചത് രാമനെയായിരുന്നു.
എന്തു ചെയ്യാം. വരാനുള്ളത് വഴിയില്‍ തങ്ങുകേലല്ലോ?
ചെത്തുകത്തി പിടിച്ച് തഴമ്പിച്ച കൈ കൊങ്ങായില്‍ അമരുമ്പോള്‍ ഒന്നു ഞരങ്ങുവാന്‍ പോലുമാവാതെ ഭദ്രന്‍ ചേട്ടന്‍ കൈകാലിട്ടടിക്കുകയായിരുന്നു.
പിന്നയവിടെ നടന്ന റഫറിയും ഗോളിയുമൊന്നുമില്ലാത്ത ഫുട്ബോള്‍ കളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ ചില സന്മാര്‍ഗ്ഗികളാണ് ഭദ്രന്‍ ചേട്ടനെ വാതില്‍ക്കലെ തെങ്ങേല്‍ കെട്ടിയിട്ടത്.
അപ്പുക്കുട്ടനെത്തുമ്പോള്‍ നാടു മുഴുവന്‍ ഓമനയുടെ വീടിന്റെ മുന്നില്‍ കൂടിയിട്ടുണ്ട്. ഭദ്രന്‍ ചേട്ടന്റെ ഭാര്യ ഒഴികെ.
ന്യൂസ് വര്‍ക്കി തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു.
ഭദ്രന്‍ ചേട്ടന്റെ ദയനീയാവസ്ഥ നാടായ നാടൊക്കെ ചൂടാറാതെ എത്തിച്ചതിനു ശേഷം മാത്രമാണ് കളത്രത്തെ വിവരം അറിയിക്കുന്നതുതന്നെ!
വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി ഇടവപ്പാതിമഴയെപ്പോലെ ആര്‍ത്തലച്ച് നെഞ്ചത്തിട്ടടിച്ച് പാഞ്ഞു വന്ന ശ്രീമതി ചേച്ചിയുടെ ചിത്രം മനസ്സില്‍ നിന്നും മായ്ക്കാന്‍ പറ്റാത്തതായിരുന്നു.
അവരെ തടുക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
ശ്രീമതി ചേച്ചി ഭദ്രന്‍ ചേട്ടനെ ബന്ധനവിമുക്തനാക്കി.
പിന്നെ ഭദ്രന്‍ ചേട്ടന്‍ തലമൂടുവാനുപയോഗിച്ചിരുന്നതും, ഇപ്പോള്‍ പാമ്പു വേലുവിന്റെ കഴുത്തിലെ പെരുമ്പാമ്പിനെ പോലിട്ടിരിക്കുന്നതുമായ തോര്‍ത്തിന്റെ രണ്ടറ്റവും കൂട്ടിപ്പിടിച്ചുകൊണ്ടു ഇപ്രകാരം മൊഴിഞ്ഞു.
"എനിക്കിതുതന്നെ വേണം മനുഷ്യാ. ഇതു തന്നെ വേണം.നിങ്ങക്കെന്തിന്റെ കുറവുണ്ടായിട്ടാ. കെട്ടുപ്രായം തികഞ്ഞു നിക്കണ പെമ്മക്കളുണ്ടന്നുള്ള വിചാരമെങ്കിലും നിങ്ങക്കുണ്ടായിരുന്നോ? നടക്ക് വീട്ടിലോട്ട്. ഈ ശ്രീമതി ആരാന്ന് നിങ്ങക്ക് ഞാന്‍ മനസ്സിലാക്കിത്തരാം."
ലജ്ജാഭാരം കൊണ്ട് തലകുനിച്ച് പിടിച്ചിരുന്ന ഭദ്രന്‍ ചേട്ടന്‍ മുഖമൊരല്‍പം ഉയര്‍ത്തി പറഞ്ഞു.
"എന്റെ ശ്രീമതി, നീയെങ്കിലുമൊന്നെന്നെ വിശ്വസിക്കൂ. സത്യമായിട്ടും ഞാന്‍ കുറുപ്പിന്റെ ചായക്കടയാണന്ന് വിചാരിച്ച് വന്ന് കേറീതാ. ഇരുട്ടായതുകൊണ്ട് ഒന്നും മനസ്സിലായില്ലായിരുന്നു."
പിന്നെ തള്ളപ്പശുവിന്റെ പാലു കുടിക്കാന്‍ പിറകേ കൂടുന്ന കിടാവിനെപ്പോലെ മിസ്സിസ്സ് ഭദ്രന്റെ പുറകേ നടന്നു പാവം ഭദ്രൻ ചേട്ടൻ!
അപ്പോള്‍ നാട്ടുകാര്‍ക്കിടയില്‍ നിന്നും വിജ് ഞാനികളാരോ വിളിച്ച് പറയുന്നുണ്ടായിരുന്നു.
"നമ്മടെ ഭദ്രന്‍ ചേട്ടന് ഒറക്കത്തീ എണീറ്റ് നടക്കണ സൂക്കേടാ...ഓമനാമ്പുലീസം"