Followers

വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍

Monday, January 1, 2007

ഒന്നാം വര്‍ഷക്ലാസ്സില്‍ തെര്‍മോ ഡൈനാമിക്സ് ക്ലാസ്സ് തകര്‍ത്തു നടക്കുകയാണ്. വാര്യര്‍ സാര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഐ. സി. എന്‍ജിന്‍സും ലോസ് ഓഫ് തെര്‍മോഡൈനാമിക്സും കാര്‍നോട്ട് സൈക്കിളുമെല്ലാം പറഞ്ഞു കൊടുക്കയാണ്.
കഷണ്ടി കടന്നാക്രമിച്ച തലയും ചൈതന്യം വിട്ടു മാറാത്ത മുഖത്തിന്റെ ഭംഗി കൂടുതല്‍ എടുത്തു കാണിക്കുന്ന വീതിയേറിയ നെറ്റിയില്‍ നീളന്‍ ചന്ദനക്കുറിയുമായ് കടന്നു വരുന്ന കുറുകിയ മനുഷ്യന്‍. മുഖത്തിന്റെ ഭംഗിയെ കുറയ്ക്കുന്ന രീതിയില്‍ നാലിഞ്ച് ബെല്‍റ്റും ബെല്‍ബോട്ടം പാന്‍സും വീതി കൂടിയ പോക്കറ്റോടു കൂടിയ ഇറുകിയ ഷര്‍ട്ടും ആകെ കൂടി ഒരു ഒന്നൊന്നര ഭംഗിയാണ് വാര്യര്‍ സാറിനെ കാണുവാന്‍.

'' അടുത്ത ക്ലാസ്സില്‍ പ്രോബ്ളംസാണ്. സോ പ്രോബ്ലംസ് സോള്‍വ് ചെയ്യണമെന്നുണ്ടങ്കില്‍ യു ഷുഡ് ഹാവ് എ സയന്റിഫിക് കാല്‍ക്കുലേറ്റര്‍. ആള്‍ ഓഫ് യൂ മസ്റ്റ് ഹാവ് എ സയന്റിഫിക് കാല്‍ക്കുലേറ്റര്‍ ബൈ നെക്സ്റ്റ് ക്ലാസ്. ഒ.കെ.''
വാര്യര്‍ സാര്‍ ക്ലാസു വിട്ടിറങ്ങി.
അപ്പുക്കുട്ടന്‍ സഹപാഠിയായ പ്രകാശിനോട് ചോദിച്ചു. ''എത്ര രൂപയാകും പ്രകാശേ ഒരു സയന്റിഫിക് കാല്‍ക്കുലേറ്ററിന് ?''
''കെന്നടി വാങ്ങിയതിനു 500 രൂപയോളമായി. എങ്കിലും 300 രൂപയ്ക്ക് കുറഞ്ഞ ഒരെണ്ണം കിട്ടുമായിരിക്കും.''

300 രൂപയോ ? അപ്പുക്കുട്ടന്‍ ഒരു നിമിഷം തരിച്ചിരുന്നു പോയി.

ഇന്നു കോളേജിലേക്ക് വന്ന ബസ്സ്കൂലി കൊടുത്തത് സന്തോഷാണ്. ഇനി ആരെയെങ്കിലും ചാക്കിട്ടു പിടിച്ചാലേ തിരിച്ചു പോകാനുള്ള വണ്ടിക്കൂലി ഉണ്ടാക്കാന്‍ പറ്റുകയുള്ളു അപ്പോള്‍ പിന്നെ താന്‍ എവിടെയാണ് മുന്നൂറ് രൂപയ്ക്ക് പോവുന്നത്.

വീട് ജപ്തി ചെയ്യുമെന്നറിയിച്ചു കൊണ്ട് കഴിഞ്ഞയാഴ്ചയാണ് വില്ലേജാഫീസില്‍ നിന്നും നോട്ടീസ് വന്നത്. പണ്ടെങ്ങോ എടുത്ത ലോണ്‍ ക്യതമായി തിരിച്ചടയ്ക്കാത്തതിനുള്ള അറിയിപ്പ്. അത്യാവശ്യമായി 250 രൂപ വില്ലേജാഫീസില്‍ അടച്ചില്ലെങ്കില്‍ ജപ്തി നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് വില്ലേജാഫീസര്‍ അറിയിച്ചിരിക്കുന്നത്. നോട്ടീസ് കിട്ടിയ അന്ന് തുടങ്ങിയതാണ് അച്ഛനു വയറുവേദന. അച്ഛന്‍ അങ്ങനെയാണ്. മനസ്സു വേദനിപ്പിക്കുന്ന എന്തെങ്കിലുമുണ്ടായാല്‍ അപ്പോള്‍ തുടങ്ങും വയറുവേദന. ഇപ്പോള്‍ സയന്റിഫിക് കാല്‍ക്കുലേറ്ററിനെ കുറിച്ച് പറഞ്ഞാല്‍ ചിലപ്പോള്‍ വയറുവേദന മുകളിലേക്കു വ്യാപിച്ച് നെഞ്ചുവേദന കൂടിയാകാന്‍ സാധ്യതയുണ്ട് അത് കൊണ്ട് അത്തരമൊരു സാഹസത്തിനു മുതിരേണ്ടാ എന്നു തന്നെ അപ്പുക്കുട്ടന്‍ തീരുമാനിച്ചു.

താന്‍ പണ്ടു പഠിച്ചിരുന്ന ആര്‍ട്സ് കോളേജും ഈ പ്രോഫഷണല്‍ കോളേജും തമ്മില്‍ അജഗജാന്തരമുണ്ട്. ഇവിടെ അച്ചടക്കമെന്ന് പറയുന്നത് വളരെ കര്‍ശനമാണ്.
കലാലയ രാഷ്ട്രീയത്തിന്റെ കഠാര മുനയില്‍ നിന്നു രക്ഷപ്പെട്ട് ഇവിടെയെത്തിയപ്പോള്‍ നല്ലൊരു ഭാവി കരുപ്പിടിപ്പിക്കുവാന്‍ കഴിയുമെന്ന് തന്നെ അപ്പുക്കുട്ടന്‍ കരുതി. അദ്ധ്യാപനം തങ്ങളുടെ ജന്മനിയോഗമെന്ന് കരുതി ജോലി ചെയ്തിരുന്ന ഒരു കൂട്ടം അദ്ധ്യാപകരും അവര്‍ക്ക് പരിപൂര്‍ണ്ണസഹകരണം നല്‍കിയിരുന്ന ഒരു മാനേജ്മെന്ററ്റും ഉള്ള ഒരു സ്ഥാപനത്തില്‍ നിന്നും അങ്ങനെയല്ലാതൊന്നും പ്രതീക്ഷിക്കാനും ഇടയില്ലല്ലോ.

ആര്‍ട്സ് കോളേജില്‍ ഒറ്റമുണ്ടും മടക്കികുത്തി പോയിരുന്ന തനിക്ക് ഇവിടെയങ്ങനെ പ്രവേശിക്കാന്‍ പറ്റില്ലായെന്ന തിരിച്ചറിവ് തന്നെ അപ്പുക്കുട്ടന്റെ പ്രോഫഷണല്‍ വിദ്യാഭ്യാസത്തിന്റെ തുടക്കത്തിലേറ്റ തിരിച്ചടിയാണ്. ഒറ്റമുണ്ടനായി പോകാനുള്ള ആഗ്രഹമല്ല മറിച്ച് പാന്‍സ് സ്വന്തമായിട്ടില്ലായെന്ന യാഥാര്‍ത്ഥ്യമാണ് അപ്പുക്കുട്ടനെ ബുദ്ധിമുട്ടിച്ചത്.
' where there is a will there is a way'' എന്നാണല്ലോ.
അപ്പുക്കുട്ടന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. തനിക്ക് സ്വന്തമായി പാന്റ്സ് ഇല്ലെങ്കിലും അതുള്ളവര്‍ വേറെയും ബന്ധുക്കാരും സ്വന്തക്കാരുമായിട്ടുണ്ടാവുമല്ലോ. ദിവസങ്ങള്‍ നീണ്ട് നിന്ന പ്രയത്നത്തിനൊടുവില്‍ രണ്ടു പാന്റ്സുകള്‍ സംഘടിപ്പിക്കുവാന്‍ അപ്പുക്കുട്ടന് കഴിഞ്ഞു.

ഇന്ത്യയായ ഇന്ത്യയൊക്കെ ചുറ്റിയടിച്ച് കഴിയാവുന്ന ജോലികളൊക്കെ ചെയ്ത്, എല്ലാത്തിനേക്കാളും നല്ലത് തന്റെ നാടായ കുട്ടനാട്ടിലെ നെല്‍കൃഷിയാണെന്ന് ബോദ്ധ്യപ്പെട്ട് നാട്ടില്‍ തിരിച്ച് വന്ന് നെല്‍കൃഷിയാരംഭിച്ച ലക്നോ മാമന്‍ അലക്കിതേച്ച് വടി പോലെയാക്കി അലമാരയില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന വെള്ളപാന്റ്സായിരുന്നു ഒരെണ്ണം.
അകന്നബന്ധത്തില്‍പ്പെട്ട ഒരാള്‍ തന്റെ നിസഹായവസ്ഥ കണ്ട് നല്‍കിയതായിരുന്നു മറ്റൊരെണ്ണം, ഒരു കറുത്തപാന്റ്സ്. കറുപ്പെന്ന് പറയുന്നത് കുറച്ചാര്‍ഭാടമാകും. ഉപയോഗിച്ച് പഴകുമ്പോളുണ്ടാകുന്ന നിറം മാറ്റത്തോട് കൂടിയ കറുപ്പ്. നരച്ചകറുപ്പെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ഭംഗി.

പ്രശ്നങ്ങള്‍ ആരംഭിക്കുന്നതേയുണ്ടായിരുള്ളൂ.
പാന്റ്സ് അപ്പുക്കുട്ടന് ചേരുന്ന അളവിലാക്കേണ്ടേ.
തയ്യല്‍ക്കാര്‍ക്കൊക്കെ എന്താ ഗമ !
ആരും പഴയ തുണി വെട്ടി തയ്ച്ചു കൊടുക്കില്ലത്രേ !
ജൂബാ പരമു പോലും തന്റെ അഭിമാനം വെടിയാന്‍ തയ്യാറല്ലായിരുന്നു. ആയ കാലത്ത് ജൂബാ പരമു നാട്ടിലെ ഒന്നാംതരം തയ്യല്‍ക്കാരനായിരുന്നു.
ശരിക്കും പറഞ്ഞാല്‍ ജൂബാ സ്പെഷ്യലിസ്റ്റ്.
അന്നത്തെ യുവാക്കള്‍ക്ക് ( ഇന്നത്തെ അപ്പൂപ്പന്മാര്‍ക്ക് ) ജൂബാ പരമുവിന്റെ കൈകൊണ്ടു തയ്ച ജൂബാ ഒരു ഹരമായിരുന്നു.
കേവലം സെക്കന്റ് ഹാന്‍ഡ് പാന്റ്സ് വെട്ടി തയ്ച് തന്റെ നഷ്ട പ്രതാപത്തിന് ഭംഗം വരുത്തുവാന്‍ മാത്രം ബുദ്ധിശൂന്യത ശ്രീമാന്‍ ജൂബാ പരമുവിനില്ലായിരുന്നു.
അതിനേക്കാളും നല്ലത് താനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന പാര്‍ട്ടിയുടെ കൊടിയും,തോരണവും വെട്ടിതയ്ക്കുന്നതു തന്നെയാണന്ന് ആ മാന്യദേഹം കരുതിയിരിക്കാം !

എങ്കിലും പാന്റ്സ് തയ്ക്കുകയെന്നത് തന്റെ ജീവിതാഭിലാഷമായിക്കൊണ്ടുനടന്നിരുന്ന ഒരാളുണ്ടായിരുന്നു. അപ്പുക്കുട്ടന്‍ അയാളെ കണ്ടു പിടിക്കുക തന്നെ ചെയ്തു.
അങ്ങു ദൂരെ കുട്ടനാട്ടില്‍. അമ്മയുടെ നാട്ടില്‍.
തയ്യല്‍ പാച്ചന്‍.
കുട്ടനാട്ടിലെ ആ കുഗ്രാമത്തില്‍ അന്ന് പാന്റ്സിട്ട് നടക്കുന്ന ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ തയ്യല്‍ പാച്ചന് തന്റെ സ്വപ്നത്തെ നെഞ്ചിലേറ്റി നടക്കുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.
നിനച്ചിരിക്കാതെ ഒരു സുപ്രഭാതത്തില്‍ അപ്പൂപ്പനേയും കൂട്ടി തന്നെത്തേടി വന്ന ചെറുപ്പക്കാരനെ കണ്ട് തയ്യല്‍ പാച്ചന്‍ ഞെട്ടി. തന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി എത്തിയ ദൈവ ദൂതനെപ്പോലെ അപ്പുക്കുട്ടനെ തയ്യല്‍ പാച്ചന്‍ സ്വീകരിച്ചിരുത്തി.
'' പാന്റ്സിപ്പോ സെക്കനാന്റായ അല്ലാലെന്താ ഈ പാച്ചന്‍ ചെയ്യും. '' തയ്യല്‍ പാച്ചന്‍ അഭിമാനംകൊണ്ടു. അപ്പുക്കുട്ടന് സമാധാനവുമായി.
തയ്യല്‍ പാച്ചന്‍ താന്‍ പറഞ്ഞതിനേക്കാള്‍ രണ്ടു ദിവസം മുന്നേ പാന്റ്സ് വെട്ടി തയ്ച്ച് കൊടുക്കുകയും ചെയ്തു.
കാലുകള്‍ തമ്മില്‍ അല്‍പം നീള വ്യത്യാസം, അരവണ്ണം ലേശം കൂടുതല്‍, നടക്കുമ്പോള്‍ ഇടത്തേ കാലിന്റെ തുടയില്‍ ചെറിയൊരു പിടുത്തം തുടങ്ങിയ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, സാഹചര്യത്തിന്റെ നിര്‍ബന്ധത്താലും ചാപ്ലിന്‍ സ്റ്റൈലിന്റെ പുതിയ പരിവേഷമെന്ന് വീമ്പിളക്കാമെന്നതിനാലും അപ്പുക്കുട്ടന്‍ ഒന്നും കാര്യമാക്കിയെടുത്തില്ല.

പാന്റ്സിനു വേണ്ടി ഓടിയതിനുള്ള കിതപ്പ് മാറുന്നതിന് മുന്നേ ഇതാ വാര്യര്‍ സാര്‍ കൂടംകൊണ്ടൊരടിതന്നിരിക്കുകയാണിപ്പോള്‍. നെറുക നോക്കിത്തന്നെ.
അപ്പുക്കുട്ടന് എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു. ഇനി രണ്ടേ രണ്ട് ദിവസമേയുള്ളു വാര്യര്‍ സാറിന്റെ ക്ലാസ്സിന്.

വാര്യര്‍ സാര്‍ ക്ലാസ് തുടങ്ങി.ആദ്യ പ്രോബ്ളം പറഞ്ഞുകൊടുത്തു.
വിറയാര്‍ന്ന മനസ്സും തകിലുകൊട്ടുന്ന ഹൃദയവുമായി അപ്പുക്കുട്ടനിരുന്നു. വാര്യര്‍ സാറിന്റെ പിടി ഇപ്പോള്‍ വീഴുമെന്ന പ്രതീക്ഷയില്‍.
സംഭവിക്കാനുള്ളത് സംഭവിച്ചല്ലേ തീരൂ.
വാര്യര്‍ സാറിന്റെ ചോദ്യം വന്നു. '' സയന്റിഫിക് കാല്‍ക്കുലേറ്റര്‍ കൊണ്ടുവന്നിട്ടില്ലാത്തവര്‍ പ്ലീസ് സ്റ്റാന്‍ഡ് അപ്. ''
1...2...3...4...5
വാര്യര്‍ സാര്‍ തലയെണ്ണി.
അഞ്ചുപേര്‍ എണീറ്റ് നില്‍ക്കുന്നു. അപ്പുക്കുട്ടന്‍ ആശ്വസിച്ചു.താന്‍ മാത്രമല്ല തന്നെപ്പോലെ വേറെയുമുണ്ട് മാന്യന്മാര്‍. ചെറിയ വ്യത്യാസം ഉണ്ടായിരുന്നെന്നു മാത്രം.അപ്പുക്കുട്ടനൊഴികെ ബാക്കിയുള്ളവര്‍ വാര്യര്‍ സാര്‍ തങ്ങളെ ക്ളാസ്സില്‍ നിന്നും ഇറക്കിവിടുമെന്നുള്ള പ്രതീക്ഷയിലാണ് കാല്‍ക്കുലേറ്റര്‍ കൊണ്ടുവരാതിരുന്നത്.
താനിതെത്ര കണ്ടിരിക്കുന്നെന്ന ഭാവത്തില്‍ വാര്യര്‍ സാര്‍ പറഞ്ഞു.
'' ഞാന്‍ നിങ്ങളെ ക്ലാസില്‍ നിന്നും ഇറക്കി വിടുമെന്ന് ആരും കരുതേണ്ട. അഞ്ച് സാറന്മാരും അങ്ങു മാറി ക്ലാസിന്റെ പുറകിലാട്ട് നിന്നാട്ടെ. അടുത്ത ക്ലാസിലും ഇതാവര്‍ത്തിച്ചാല്‍ ശിക്ഷ വേറെയാണ്. മനസ്സിലായോ ?''

അടുത്ത ക്ലാസ്സിലെ ശിക്ഷയ്ക്ക് തയ്യാറവുകയല്ലാതെ അപ്പുക്കുട്ടന് വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു.
വാര്യര്‍ സാര്‍ ചോദ്യം ആവര്‍ത്തിച്ചു.
'' സ്വന്തമായി സയന്റിഫിക് കാല്‍ക്കുലേറ്റര്‍ കൊണ്ടുവരാത്തവര്‍ എണീറ്റ് നില്‍ക്കുക.''
അപ്പുക്കുട്ടനെണീറ്റു. ചുറ്റും നോക്കി. ഇല്ല. ആരുമില്ല. തനിക്ക് കൂട്ടായി. താനേകനാണ്. എന്താ പറയേണ്ടത് വാര്യര്‍ സാറിനോട്. ഒരു പിടിയുമില്ല.
വാര്യര്‍ സാര്‍ അപ്പുക്കുട്ടന്റെ അടുത്തു വന്നു.
'' അപ്പുക്കുട്ടന്‍. ടെല്‍ മീ, വാട്ട് ഈസ് യുവര്‍ പ്രോബ്ലം ?''
'' സാര്‍... അത്...'' അപ്പുക്കുട്ടന് വാക്കുകളില്ലായിരുന്നു. അണകെട്ടിനിര്‍ത്തിയിരുന്ന കണ്ണുനീര്‍ എല്ലാ തടസ്സങ്ങളേയും തുടച്ച് മാറ്റിക്കൊണ്ട് പുറത്തേയ്ക്ക് പ്രവഹിച്ചു.
'' ഛേ, എന്താ ഇത് കൊച്ചു കുട്ടികളെപ്പോലെ. എന്താ തന്റെ പ്രശ്നമെന്ന് എന്നോട് പറയൂ. നമ്മുക്ക് പരിഹാരമുണ്ടാക്കാം.'' വാര്യര്‍ സാര്‍ അപ്പുക്കുട്ടനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
'' ഡോണ്ട് വറി അപ്പുക്കുട്ടന്‍. പ്ലീസ് സിറ്റ് ഡൗണ്‍. അടുത്ത ക്ലാസില്‍ നീ കാല്‍ക്കുലേറ്റര്‍ കൊണ്ടു വന്നാല്‍ മതി. ഒരു ക്ലാസ്സ് കൂടി നിനക്ക് ഞാന്‍ സമയം തരാം.''
എത്രയോ അപ്പുക്കുട്ടന്മാരെ കണ്ടും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുമുള്ള, നിറയെ ജീവിതാനുഭവമുള്ള ഒരു മഹാനെ അപ്പുക്കുട്ടന്‍ തന്റെ മുന്നില്‍ കണ്ടു.
പക്ഷേ ! എങ്ങനെ താന്‍ അടുത്ത ക്ലാസില്‍ കാല്‍ക്കുലേറ്റര്‍ കൊണ്ടുവരും ഉത്തരം കിട്ടാത്ത ചോദ്യമായി അപ്പുക്കുട്ടന്റെ മനസ്സിലത് നിലകൊണ്ടു.
അവസാന അവധി പറഞ്ഞ ക്ലാസ്സും വന്നെത്തി. ഇത്തവണ വാര്യര്‍ സാര്‍ ചോദിച്ചില്ല. പകരം അപ്പുക്കുട്ടനെ നോക്കി ഒരു നേര്‍ത്ത ചിരി ചിരിച്ചു. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു.ഒരു നിര്‍ദ്ധനനായ ബാലനെ പിടിച്ചുലയ്ക്കാന്‍ വേണ്ട എല്ലാമതിലുണ്ടായിരുന്നു. ഇത്തവണ കരയാന്‍ പോലും അപ്പുക്കുട്ടന് കഴിഞ്ഞില്ല. ജീവഛവം പോലവനിരുന്നു.
ക്ലാസ് കഴിഞ്ഞു.കൂട്ടുകാരെല്ലാം എണീറ്റ് പോയി.അപ്പുക്കുട്ടനൊന്നും അറിഞ്ഞില്ല. വാര്യര്‍ സാര്‍ വന്ന് തട്ടിവിളിക്കുന്നത് വരെ.
'' അപ്പുക്കുട്ടന്‍ വാട്ട് ഹാപ്പന്റ് റ്റു യു ? പ്ലീസ് ഗോ അന്റ് മീറ്റ് ദ പ്രിന്‍സിപ്പാള്‍. ''

അപ്പുക്കുട്ടനൊന്നു ഞെട്ടി. ഇതിനായിരുന്നോ ഈ ചിരി. എന്തെല്ലാം സ്വപ്നങ്ങളോട് കൂടിയാണ് ഈ സ്ഥാപനത്തിന്റെ പടിചവുട്ടികയറിയത്. ഇപ്പോളിതാ കേവലം ഒരു കാല്‍ക്കുലേറ്റര്‍ ഇല്ലാത്ത കുറ്റത്തിന് താന്‍ പുറത്താക്കപെടുമോ ?
പ്രിന്‍സിപ്പാള്‍ വളരെ കര്‍ക്കശക്കാരനാണ്. അനുസരണയില്ലാത്തവരെ വെച്ച് പൊറുപ്പിക്കില്ല.താനും അവരുടെ പട്ടികയിലാവുകയാണോ ?
വിറയാര്‍ന്ന പാദങ്ങളോടെ അപ്പുക്കുട്ടന്‍ പ്രിന്‍സിപ്പാളിന്റെ അടുക്കല്‍ ചെന്നു.
'' അപ്പുക്കുട്ടന്‍, കാല്‍ക്കുലേറ്റര്‍ എന്താ കൊണ്ടുവരാത്തത് ? പ്രിന്‍സിപ്പാള്‍ ചോദിച്ചു.
'' സാര്‍... അത്...'' അപ്പുക്കുട്ടന്റെ മുട്ടുകളേക്കാള്‍ വേഗതയില്‍ പല്ലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരുന്നു.

പ്രിന്‍സിപ്പാള്‍ മേശ വലിപ്പ് തുറന്ന് ഒരു പൊതിയെടുത്ത് അപ്പുക്കുട്ടന്റെ കൈയില്‍ കൊടുത്തു.
'' ലുക്ക് അപ്പുക്കുട്ടന്‍. വാര്യര്‍ സാര്‍ എല്ലാം എന്നോട് പറഞ്ഞു. പരീക്ഷ കഴിയുന്നത് വരെ ഇതു നിന്റെ സ്വന്തമാണ്. ആവശ്യം കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കണം.''

താന്‍ നിന്നിടം കുഴിഞ്ഞ് ഭൂമിക്കടിയിലേയ്ക്ക് പോകുന്നതായി അപ്പുക്കുട്ടന് തോന്നി.
ഈ കലികാലത്തിലും ഇങ്ങനേയും അദ്ധ്യാപകരോ ?

ഒരു നോട്ടത്തിലോ ഭാവത്തിലോ കൂടി അപ്പുക്കുട്ടന്മാരെ തിരിച്ചറിയാന്‍ കഴിയുന്ന മഹാന്മാരായ ഗുരുക്കന്മാരെ നിങ്ങള്‍ക്ക് ഒരു കോടി പ്രണാമം...അപ്പുക്കുട്ടന്റെ മനസ്സ് മന്ത്രിച്ചു.


( എന്നെ ഞാനാക്കിയ മഹാന്മാരായ ഗുരുക്കന്മാരുടെ കാല്‍ക്കല്‍ ഈ കുറിപ്പ് വിനയപുരസ്സരം അര്‍പ്പിച്ച് കൊള്ളുന്നു. )

52 comments:

Sathees Makkoth | Asha Revamma said...

എന്നെ ഞാനാക്കിയ മഹാന്മാരായ ഗുരുക്കന്മാരുടെ കാല്‍ക്കല്‍ ഈ കുറിപ്പ് പുതുവത്സരസമ്മാനമായി വിനയപുരസ്സരം അര്‍പ്പിച്ച് കൊള്ളുന്നു

ദിവാസ്വപ്നം said...

വൌ !!

പോസ്റ്റ് വളരെ നന്നായിരിക്കുന്നു. ഭാഷയും ശൈലിയും വളരെ ഇഷ്ടപ്പെട്ടു.

ഇത്രയും നല്ല പോസ്റ്റുകളെഴുതിയിട്ടും ഭാഷ പുതുമയായി നിലനിര്‍ത്തുന്നത് അതിശയം തന്നെ; പക്ഷേ അധികം കമന്റുകളൊന്നും കാണുന്നുമില്ല :(

ഇതിനു തൊട്ടുമുന്നിലെ പോസ്റ്റില്‍, ഇടഭാഗം മുതല്‍ ഇത്തിരി കണ്‍ഫ്യൂഷന്‍ പോലെ തോന്നി. പെട്ടെന്ന് ഓടിച്ചുവായിച്ചപ്പോള്‍‍ തോന്നിയതാണ്. ബാക്കി പോസ്റ്റുകളും ഒന്ന് ഓടിച്ചുനോക്കിയതേയുള്ളൂ‍. സമയമെടുത്ത് എല്ലാ പോസ്റ്റും വായിക്കാന്‍ ആഗ്രഹിക്കുന്നു.

ഇതിനു മുന്‍പ് സ്വാഗതം പറഞ്ഞിട്ടുണ്ടോയെന്ന് ഓര്‍ക്കുന്നില്ല, ഏതായാലും ഇതാ പുതുവര്‍ഷത്തില്‍ ഒരു സ്വാഗതം പറഞ്ഞിരിക്കുന്നു; ഒപ്പം എല്ലാ ആശംസകളും.

ലളിതമായ ശൈലിയിലുള്ള ഇത്തരം കഥപറച്ചിലുകള്‍ തീര്‍ച്ചയായും ഇതില്‍ കൂടുതല്‍ ശ്രദ്ധയര്‍ഹിക്കുന്നു എന്ന് എന്റെ തോന്നല്‍.

സസ്നേഹം

sandoz said...

ദിവായുടെ കുറിപ്പാണു എന്നെ ഇവിടെ എത്തിച്ചത്‌.നല്ല ടച്ചിംഗ്‌ ആയിട്ടുണ്ടല്ലോ മാഷേ.

Abdu said...

ലളിതമായ ഭാഷ,ഹൃദ്യമായ അനുഭവം, നന്നായിരിക്കുന്നു സതീഷ്,

ഇനിയും എഴുതൂ

വേണു venu said...

സതീശേ...
അനുഭവത്തിന്‍റെ തീച്ചൂളയില്‍ നിന്നുള്ള അക്ഷരങ്ങളില്‍ എന്‍റെ കണ്ണീരു പടര്‍ന്നിരിക്കുന്നു.
അടുത്ത ക്ലാസ്സിലെ ശിക്ഷയ്ക്ക് തയ്യാറവുകയല്ലാതെ, വേറെ മാര്‍ഗ്ഗമൊന്നുമില്ലാത്ത അപ്പുക്കുട്ടന്മാര്‍ക്കു്,
ഒരു നോട്ടത്തിലോ ഭാവത്തിലോ ഒരു ചെറു പ്രവൃത്തിയിലൂടെയോ ഒരു ജീവിതകാലം മുഴുവനോര്‍ത്തു വയ്ക്കാന്‍ സമ്മാനമായി നല്‍കുന്ന‍ ,ആ സല്‍ പ്രവൃത്തികള്‍ക്കു്, മഹാന്മാരായ ഗുരുക്കന്മാര്ക്കും മറ്റു പലര്‍ക്കും കോടി കോടി പ്രണാമം.
സതീശിനും കുടുംബത്തിനും നവവ്ത്സര ആശംസകള്‍.
സ്നേഹപൂര്‍വ്വം,
വേണു.

കുറുമാന്‍ said...

ആദ്യമായാണു ഈ ബ്ലോഗില്‍, ദിവായുടേയും, സാന്‍ഡോസിന്റേയും, വേണുജിയുടേയും കമന്റു വായിച്ചു വഴിതെറ്റി കയറിയതാണ്. ഒരേ ഒരു പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ മനസ്സിലായി, ഇതു വഴിതെറ്റി കയറേണ്ട ഒരു ബ്ലോഗല്ല, മറിച്ച്, ചോദിച്ചറിഞ്ഞ് എത്തിപെടേണ്ട ഒരു ബ്ലോഗാണിത്. താങ്കളുടെ മറ്റു പോസ്റ്റുകളും വായിക്കണം.

ബൂലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനൊപ്പം തന്നെ, ഐശ്വര്യവും, സമ്പത്തും,ആരോഗ്യവും, ശാന്തിയും നിറഞ്ഞ പുതുവത്സരാശംസകളും നേരുന്നു.

കണ്ണൂരാന്‍ - KANNURAN said...

ഇതുവരെ താങ്കളുടെ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. കാല്‍ക്കുലേറ്റര്‍ ഒരു പുത്തന്‍ അനുഭവമായി.... പുതിയ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

salil | drishyan said...

നന്നായിരിക്കുന്നു കുറിപ്പ്. നല്ല ഒഴുക്ക്, ലളിതമായ ഭാഷ. ഇനിയും തുടര്‍ന്നെഴുതുക.

സസ്നേഹം
ദൃശ്യന്‍

Mubarak Merchant said...

ഡിയര്‍ സതീഷ്,
സൈന്റിഫിക് കാല്‍കുലേറ്റര്‍ എങ്ങനെ എന്തിന് ഉപയോഗിക്കണമെന്ന് അറിയാത്തപ്പോള്‍ അത് പോക്കറ്റിലിട്ട് ഞെളിഞ്ഞു നടന്നിരുന്നു ഞാന്‍.
സതീഷ് വിവരിച്ച അനുഭവങ്ങളുടെ നേര്‍ വിപരീതമായി ജീവിക്കുകയും പെരുമാറുകയും ചെയ്ത ഞാന്‍ എത്തേണ്ടിടത്ത് (നാശത്തിന്റെ പടുകുഴിയില്‍) തന്നെ എത്തി എന്നു പറയേണ്ടതില്ലല്ലോ.
കയ്യില്‍ തടഞ്ഞ കച്ചിത്തുരുമ്പുകളിലെല്ലാം പിടിച്ചുകയറി ഇപ്പൊ നിങ്ങളുടെയൊക്കെ വാക്കുകള്‍ക്ക് അഭിപ്രായം പറയാം എന്ന അവസ്ഥവരെ എത്തി. പക്ഷെ, അപ്പുക്കുട്ടനായിരുന്നെങ്കില്‍ എന്നു ഞാനാശിച്ചുപോകുന്നു. സതീഷിനെപ്പോലെ, അല്ലെങ്കില്‍ അപ്പുക്കുട്ടനെപ്പോലെ ഒരുപാടൊരുപാടു യാതനകള്‍ സഹിച്ച് പഠിച്ചുവളര്‍ന്ന, പഠിപ്പും വിനയവും മത്രം കൈമുതലായ ഒരു കൂട്ടുകാരനെനിക്കുണ്ട്, അതുമാത്രമാണാശ്വാസം.

നല്ല വര്‍ഷം നേരുന്നു.

kalesh said...

സതീശ്, ടച്ചിംഗ് പോസ്റ്റ്!

ദേവന്‍ said...

പോസ്റ്റ്‌ ഹൃദ്യമായി സതീശ്‌. ബ്ലൊഗ്‌ തുടങ്ങിയ കാലത്തിനു ശേഷം ഇവിടെ വരുന്നത്‌ ഇപ്പോഴാണ്‌ (ബൂലോഗം വായിച്ചു തീര്‍ക്കാനാവുന്നില്ല).

ഗുരു ശിഷ്യബന്ധം ഏറെ താല്‍പ്പര്യമുള്ള വിഷയമാണെനിക്ക്‌. ഇരുപതാണ്ടുകാലം നീണ്ട പഠിപ്പു തീര്‍ന്നപ്പോള്‍ ഒന്നാം ക്ലാസിലെന്നെ പഠിപ്പിച്ച ടീച്ചറെ കാണാന്‍ ഞാന്‍ വീട്ടില്‍ പോയി. എന്നെക്കാള്‍ സന്തോഷം ടീച്ചര്‍ക്കായിരുന്നു. അവരൊത്തിരി കരഞ്ഞു.

ബിന്ദു said...

വളരെ നന്നായിട്ടുണ്ട്. :)

തമനു said...

ഇതു വായിച്ച എല്ലാവരും അവരുടെ എതെങ്കിലും ഒരദ്ധ്യാപകനെ ഓര്‍ക്കാതിരിക്കില്ല. ഈ പുതു വര്‍ഷത്തില്‍ ഗുരുക്കന്മാരെ ഓര്‍ക്കാന്‍ സഹായിച്ച ഈ പോസ്റ്റിന്‌ ആയിരമായിരം നന്ദി.

കൂടുതല്‍ നല്ല പോസ്റ്റ്‌കള്‍ക്കായി കാത്തിരിക്കുന്നു.

പുതുവല്‍സരാശംസകള്‍.

Sathees Makkoth | Asha Revamma said...
This comment has been removed by the author.
Sathees Makkoth | Asha Revamma said...

ദിവാസ്വപ്നം,
എന്റെ കുറിപ്പുകള്‍ വായിക്കുവന്‍ സമയം കണ്ടെത്തിയതിനും സ്വാഗതം ചെയ്തതിനും പെരുത്ത നന്ദിയുണ്ട് കേട്ടോ. കുറച്ചധികം പേരേ ഇങ്ങോട്ടു കൊണ്ടു വരുവാന്‍ താങ്കളുടെ കമന്റിനു കഴിഞ്ഞുവെന്നതില്‍ വളരെയധികം സന്തോഷിക്കുന്നു. സമയം കിട്ടുന്നതു പോലെ ബാക്കി പോസ്റ്റുകളും വായിച്ചു വിലയിരുത്തുമെന്നു പ്രതീക്ഷിക്കുന്നു.

sandoz ,
താങ്കളുടെ ഹ്യദയത്തെ സ്പര്‍ശിക്കാന്‍ എന്റെ എഴുത്തിനായെന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ഇടങ്ങള്‍,
നന്ദി.
തീര്‍ച്ചയായും.

രാധ,
നന്ദി :)

വേണു venu ,
താങ്കള്‍ നല്‍കി വരുന്ന പ്രോത്സാഹനത്തിന് അകമഴിഞ്ഞ നന്ദി.

കുറുമാന്‍ ,
അപ്പോള്‍ ഇനി മുതല്‍ വഴി തെറ്റാതെ വായിച്ചു വിലയിരുത്തുമല്ലോ. :)
സ്വാഗതത്തിനു വളരെ നന്ദി.
എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍ - 10 അദ്ധ്യായം എഴുതി പോസ്റ്റിയതിനു ശേഷം വായിച്ചാല്‍ മതി കേട്ടോ :)

കണ്ണൂരാന്‍ - KANNURAN ,
ശരി അങ്ങനെയാവട്ടെ. വളരെ നന്ദി.

ദൃശ്യന്‍ | Drishyan ,
നന്ദി , എഴുതാം
വായിക്കുമല്ലോ :)

ഇക്കാസ് ,
വളരെ നന്ദി.
ആ കൂട്ടുകാരനെ കൂടി എന്റെ സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുമല്ലോ.

kalesh,
നന്ദി :)

ദേവരാഗം,
നന്ദി.
ഗുരുക്കന്മാരെ ഓര്‍ക്കുന്നത് വളരെ കുറവായ് ഇക്കാലത്ത് താങ്കളെ പോലെയൊരാള്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു.

ബിന്ദു,
വളരെ സന്തോഷം :)

തമനു ,
ഇതു വായിച്ച് എല്ലാവരും അവരുടെ എതെങ്കിലും ഒരദ്ധ്യാപകനെ ഓര്‍ക്കുവാന്‍ ഇടയായെങ്കില്‍ ഞാന്‍ ക്യതാര്‍ത്ഥനായി.
നന്ദി തുടര്‍ന്നും വായിക്കുക.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി, പുതുവത്സരാശംസകള്‍!

Siju | സിജു said...

നന്നായിരിക്കുന്നു

സുല്‍ |Sul said...

സതീശ്,
കഥ (ഓര്‍മ്മക്കുറിപ്പ്) വളരെ ഹൃദയസ്പര്‍ശിയായി; എഴുത്തും.

ഭാവുകങ്ങള്‍!!

-സുല്‍

സു | Su said...

സതീശ് :) ഈ പോസ്റ്റ് വായിക്കാന്‍ വൈകി. നന്നായി എഴുതിയിട്ടുണ്ട്. ശരിക്കും ഇതൊരു കഥയാവില്ല. ഇങ്ങനെ നല്ല അദ്ധ്യാപകര്‍ എന്നും ഉണ്ടാവും. അവരുടെ അനുഗ്രഹവും കരുതലും കൊണ്ട്, പഠിച്ചു മിടുക്കരായ വിദ്യാര്‍ത്ഥികളും.

Sathees Makkoth | Asha Revamma said...

സുല്‍ ,
വളരെ നന്ദി.

സു,
ഒത്തിരി നന്ദി.:)
ഇത് എന്റെ ജീവിതത്തില്‍ നിന്നുള്ള ഒരു ഏടു തന്നെ. ആ ഗുരുക്കന്മാര്‍ ഇപ്പോഴും അപ്പുക്കുട്ടന്മാര്‍ക്ക് തുണയായി അവരുടെ ജോലി തുടരുന്നു.

ലിഡിയ said...

അനുഭവങ്ങളുടെ ചൂടുള്‍ക്കൊണ്ട വാക്കുകള്‍, ഇനിയും പ്രതീക്ഷിക്കുന്നു.

-പാര്‍വതി.

വല്യമ്മായി said...

മനസ്സില്‍ കൊണ്ടു ഈ അനുഭവം

Sathees Makkoth | Asha Revamma said...

പാര്‍വതി ,
ഇനിയും പ്രതീക്ഷിക്കാം.നന്ദി

ന്റ്മ്മോ...
വല്യമ്മായിയുമെത്തിയോ?
എനിക്കു വയ്യേ.
ഇതാ ഈയുള്ളവന്റെ നന്ദി.

സഹൃദയന്‍ said...

വായിക്കാനാഗ്രഹിക്കുന്നതു വായിക്കുമ്പൊള്‍ അതിനൊരു പ്രത്യേക സുഖമാണ്.
സതീശ്.......വളരെ നല്ലത്

myexperimentsandme said...

സതീശിന്റെ കഥയ്ക്ക് വായിച്ച അന്നുതന്നെ കമന്റിടണമെന്ന് ഓര്‍ത്തതാണ്. പറ്റിയില്ല.

വളരെ ഹൃദ്യമായ വിവരണം. മനസ്സില്‍ തട്ടി. നല്ല ഗുരുക്കളെ കിട്ടാന്‍ ഭാഗ്യം ചെയ്യണം എന്ന് പറയുന്നത് ഇത്തരം കാര്യങ്ങള്‍ കൊണ്ടുകൂടിയാണെന്ന് തോന്നുന്നു. വാര്യര്‍ സാറിനെപ്പോലുള്ള ഗുരുക്കന്മാര്‍ ധാരാളം ഉണ്ടാവട്ടെ. ഇപ്പോഴുമുണ്ട്. പക്ഷേ നമ്മളില്‍ പലരും കാണുന്നില്ലെന്ന് മാത്രം.

സതീശിന്റെ ബാക്കി പോസ്റ്റുകളും വായിക്കട്ടെ.

mydailypassiveincome said...

സതീശ്,

എന്താ കഥ. അടിപൊളി എന്നല്ലാതെ എന്താ പറയുക. ഇത്തരം ഗുരുക്കന്മാര്‍ എന്റെ സ്കൂള്‍ ജീവിതത്തിലും കണ്ടുമുട്ടിയിട്ടുണ്ട്.

ഇനിയും പോരട്ടെ ഇത്തരം അടിപൊളി പോസ്റ്റുകള്‍. എനിക്ക് ഇമെയിലില്‍ വരുന്ന പോസ്റ്റുകളില്‍ സബ്ജക്ട് ലൈനില്‍ ‘പുതിയ കമന്റ്‘ എന്നു വരുന്ന ഗൂഗിളിന്റെ പുതിയ ബ്ലോഗുകള്‍ പലപ്പോഴും തിരക്കിനിടയില്‍ തുറന്നു നോക്കാറില്ല. അതിനാലാണ് ഈ പോസ്റ്റ് കാണാന്‍ വൈകിയത് :)

ആശംസകള്‍ :)

Sathees Makkoth | Asha Revamma said...

തറവാടി ,
നന്ദിയുണ്ട്.
വക്കാരിമഷ്ടാ
കമന്റിയതിന് നന്ദി.
ഒരു സംശയം.ഞാന്‍ പഠിച്ച മലയാളത്തിലൊന്നും ഈ വക്കാരിമഷ്ടാ കാണുന്നില്ല.എന്റെ അറിവില്ലായ്മയാണങ്കില്‍ ക്ഷമിക്ക.സത്യത്തില്‍ എന്താ സാര്‍ ഇത്?
മഴത്തുള്ളി said...
സതീശ്,
വളരെ നന്ദി മഴത്തുള്ളി.
തീര്‍ച്ചയായിട്ടും അറിയിക്കം.ട്ടോ.

Anonymous said...

Chetaa...

Kadha kalakki. Manassil evideyo thattunnudu.

Liju & Reji

വിചാരം said...

സതീശേ.. എന്‍റെ പടം കണ്ടോ നീ ഒരു ഗൌരവമാര്‍ന്ന മുഖമുള്ളവന്‍ എന്നാണ് ഏവ്വരും പറയുക എന്നിട്ടിപ്പോ എന്തായി .. മാസങ്ങള്‍ക്ക് ശേഷം വീണ്ടും എന്‍റെ കണ്ണില്‍ അറിയാതെ വന്ന കണ്ണുനീര്‍ ... ഹൃദയംകൊണ്ടെഴുതിയത് ഹൃദയം മനസ്സിലാക്കിയപ്പോള്‍ തുളുമ്പിയ വ്യഥകളായിരിന്നു അവ ..
നന്ദി
ഞാന്‍ വീണ്ടും വരും
വഴി തെറ്റാതെ
എനിക്ക് മെയില്‍ ചെയ്യുക വിരോധമില്ലെങ്കില്‍
maliyekkal2@gmail.com

msraj said...

എന്താണെന്നറിയില്ല.. ഈ പോസ്റ്റ് കണ്ടപ്പോള്‍ ഗ്രാഫിക്സു പഡിപ്പിച്ച മാത്യൂസ് സാറിനെയാണ്‍‌ ഓറ്മ്മ വന്നത്.

താന്ക്സ് :)

Sathees Makkoth | Asha Revamma said...

Liju & Reji,
സന്തോഷം :)
വിചാരം
ഗൌരവമാര്‍ന്ന മുഖമുള്ളവനാണ‍ങ്കില്‍കൂടിയും അലിവാര്‍ന്ന ഹ്യദയമുള്ളവനാണ് വിചാരം!
നന്ദി.വളരെ.

rajeshms,:)
നന്ദി രാജേഷ്.

മൈഥിലി said...

ശരിക്കും കരഞ്ഞു പോയി.ഇത്രക്ക് ബുദ്ധിമുട്ടിയിരുന്നില്ലെങ്കിലും വലിയ ആഗ്രഹങ്ങളൊന്നും നടക്കാത്ത ബാല്യമായിരുന്നു എന്‍റ്റേതും.

Sathees Makkoth | Asha Revamma said...

Mydhili ,G.manu
വളരെ നന്ദി.മറുപടി എഴുതുവാന്‍ താമസിച്ചതില്‍ ക്ഷമിക്കുക.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

ഫെബ്രുവരി മാസത്തെ സമ്മാനം ലഭിച്ച ബ്ലോഗുകള്‍..
www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ www.mobchannel.com സന്ദര്‍ശിക്കുക...

മുസ്തഫ|musthapha said...

സതീഷ്,

വിടരുന്ന മൊട്ടുകള്‍ ഏര്‍പ്പെടുത്തിയ മോബ് ചാനല്‍ നല്‍കുന്ന കഥയ്ക്കുള്ള അവാര്‍ഡ് നേടിയതിന് താങ്കള്‍ക്ക് അഭിനന്ദങ്ങള്‍ അറിയിക്കട്ടെ...

ഈ പോസ്റ്റിനുള്ള കമന്‍റ്, ഒരവാര്‍ഡിനുള്ള അഭിനന്ദനമായി തന്നെ ഇടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം :)

ഇനിയും എഴുതൂ... ഇനിയും അവാര്‍ഡുകള്‍ തേടി വരട്ടെ... ആശംസകള്‍ :)

Sathees Makkoth said...

വാര്യര്‍ സാറിന്റെ കാല്‍ക്കുലേറ്റര്‍ ഫെബ്രുവരി മാസത്തെ മികച്ച ബ്ലോഗ് പോസ്റ്റുകളിലൊന്നായി നറുക്കെടുത്ത വിവരം വിടരുന്നമൊട്ടുകളില്‍ നിന്നും അറിയിച്ചിരിക്കുന്നു.

സമ്മാനത്തുക (1000 ക അല്ലെങ്കില്‍ 20 വിടരുന്നമൊട്ടുകള്‍ മാസികയുടെ പതിപ്പുകള്‍ ) മൊത്തത്തില്‍ ലെഡു വാങ്ങി വെച്ചിരിക്കുന്നു മടിച്ചു നില്‍ക്കാതെ അറച്ചു നില്‍ക്കാതെ എല്ലാവരും യഥേഷ്ടം ഓരോന്നു എടുത്തോളൂ.

വിടരുന്ന മൊട്ടുകള്‍ക്കും എന്റെ കുറിപ്പുകള്‍ വായിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

baboos said...

Dear Satheesh,


I read everythings,

greate....

baboos said...

Dear Satheesh,


I read everythings,

greate....

baboos said...

valare nannayittundu

very good keep it up

baboos said...

Dear Satheesh, jnan ningalude oru pazhaya friend Saheerinde oru puthiya friend aanu
ente peru Narayanan kutty.
enikkorupaadishttappettu.
keep it up

അഭിലാഷങ്ങള്‍ said...

സതീശേട്ടാ,

വളരെ ഹൃദയസ്പര്‍ശ്ശിയായ എഴുത്ത്. ഈ കുറിപ്പ് വായിച്ച ഓരോ വായനക്കാരനും അവരുടെ സ്കൂള്‍ കാലത്ത് പഠിപ്പിച്ച ഒരു അധ്യാപകനെയെങ്കിലും ഓര്‍ക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

എന്റെ കാര്യം പറയുകയാണേല്‍, ഗുരുക്കന്മാരെ ഓര്‍ക്കുമ്പോ ആദ്യം മനസ്സില്‍ വരുന്നത് അമ്മയുടെ മുഖം തന്നെയാണ്. പണ്ട് പ്രൈമറിക്ലാസുകളില്‍ അമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ തന്നെയായിരുന്നു പഠിച്ചത്. ഞാനടക്കം പരിസരത്തെ വീടുകളിലുള്ള ആണും പെണ്ണും ഒക്കെ അടങ്ങുന്ന ഒരു കുരുത്തംകെട്ട സംഘത്തെയും തെളിച്ച് സ്കൂളിലേക്ക് നടക്കാറുള്ള, സ്കൂളിന്റെ ഹെഡ് ടീച്ചര്‍ കൂടിയായിരുന്ന അമ്മയെ ഓര്‍ക്കുമ്പോള്‍, കോഴിക്കുഞ്ഞുങ്ങളെടെകൂടെ നടക്കുന്ന തള്ളക്കോഴിയെ ഓര്‍മ്മവരുന്നു. ഞാന്‍ എന്നും സ്കൂളില്‍ തലവേദനകള്‍ മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ എങ്കിലും, എന്റെ റോള്‍ മോഡല്‍ കൂടിയായ അമ്മയെ ഈ പോസ്റ്റ് വായിച്ചപ്പോ ആദ്യം ഓര്‍ത്തു. ഒരുപാട് കഥകള്‍ പറയാനുണ്ട് സതീശേട്ടാ.. എപ്പോഴെങ്കിലും എല്ലാം എഴുതണം.. എഴുതാം...

കഷ്ടപ്പെട്ടു പഠിച്ചവരും, മനസ്സില്‍ ഒരുപാട് നന്മകള്‍ കാത്തുസൂക്ഷിക്കുന്നവരും മാത്രമേ ഇന്ന് നന്നായിട്ടുള്ളൂ. ഞാനൊക്കെ സത്യത്തില്‍ വല്യ കഷ്ടപ്പാടൊന്നും അറിയാതെയാണ് ചുമ്മാ വളര്‍ന്നത്. നന്നായി പഠിക്കാന്‍ ഒരുപാട് സാഹചര്യം ഉണ്ടായിട്ടും പഠിക്കേണ്ട രീതിയില്‍ പഠിച്ചില്ല എന്ന് ഇപ്പോ തോന്നാറുണ്ട്. :-( (എന്നുവച്ച് അത്ര മോശമൊന്നും അല്ല കേട്ടോ.. എന്നും എവിടെയും ആദ്യ മൂന്നില്‍ തന്നെയുണ്ടായിരുന്നു.. എന്നാലും...).

കോളജില്‍ പഠിക്കുന്ന കാലത്തെ വളരെ കഷ്ടപ്പാടുകള്‍ സഹിച്ചാണേലും മികച്ചരീതിയില്‍ പഠിക്കുന്ന ലനീഷ് എന്ന ഒരു ബെസ്റ്റ് ഫ്രന്റ് ഉണ്ടായിരുന്നു എനിക്ക്. ഈ പോസ്റ്റിലെ അപ്പുക്കുട്ടന്‍ എന്നെ ആദ്യം ഓര്‍മ്മിപ്പിച്ചത് അവനെയാണ്. ഫിസിക്സില്‍ കോളജിന്റെ റാങ്ക് പ്രതീക്ഷയായിരുന്ന അവനോട് ഞാനൊരിക്കല്‍ പറഞ്ഞു: “എടാ, നിനക്ക് റാങ്ക് കിട്ടിയാല്‍ പത്രത്തില്‍ നിന്റെ ഫോട്ടോ കൊടുക്കേണ്ട, പകരം എന്റെ ഫോട്ടോ കൊടുത്തോളൂ, എന്നിട്ട് പത്രക്കാരോട് ഇങ്ങനെ എഴുതാന്‍ പറയൂ , 'ഈ ഫോട്ടോയില്‍ കാണുന്ന അഭിലാഷിന്റെ ഫ്രന്റ് ലനീഷിനാണ് ഒന്നാം റാങ്ക്'“ എന്ന്. :-). (വല്യ കഷ്ടപ്പാടൊന്നുമില്ലാതെകിട്ടുന്ന പ്രശസ്തി തമാശക്ക് ആണേലും ഞാനൊക്കെ ആശിച്ചിരുന്ന ആ കാലം!.) അവനൊക്കെ അന്ന് വളരെ കഷ്ടപ്പെട്ട് പഠിച്ച് ഇന്ന് വളരെ ഉയര്‍ന്നനിലയിലെത്തിയ മിടുക്കന്മാരില്‍ പെടുന്നു. എല്ലാം ഓര്‍മ്മിപ്പിച്ചു ഈ കുറിപ്പ്..

ബ്ലോഗില്‍ ചില സുഹൃത്തുക്കള്‍ പരിചയപ്പെടുത്തിയ അധ്യാപകരുടെ മുഖം കൂടി ഇപ്പോള്‍ മനസ്സിലൂടെ ഓടിമറിയുകയാണ്. ശ്രീ ഒരു പോസ്റ്റിലൂടെ പരിചയപ്പെടുത്തിയ ഇന്ദിര ടീച്ചര്‍. യൂനിഫോം ഇടാതെ വരുന്ന കുട്ടികളുടെ കൈയ്യില്‍ നിന്ന് ഫൈന്‍ (50 പൈസ വച്ച്..) കലക്റ്റ് ചെയ്യുകയും, കുട്ടികളുടെ അനിഷ്ടത്തിന് പാത്രമാവുകയും, വര്‍ഷാവസാനം, ആ കൂട്ടിവച്ച പൈസകൊണ്ട് ക്ലാസില്‍ പഠനത്തില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്ക് സമ്മാനം നല്‍കി എല്ലാ കുട്ടികളെയും വിസ്മയിപ്പിച്ച ആ അധ്യാപിക, വായനയിലൂടെ എന്റെ മനസ്സില്‍ ആവാഹിച്ച ഒരു നന്മനിറഞ്ഞ രൂപമാണ്. പിന്നെ വേറെ ഒന്ന്, ഉപാസന എഴുതിയ ഒരു പോസ്റ്റില്‍ , സ്പോട്ട്സ്മാന്‍ സ്പിരിറ്റോടെ എല്ലാ കായികമത്സരങ്ങളിലും പങ്കെടുക്കാറുള്ളതും ഒരിക്കല്‍ പോലും സമ്മാനം ലഭിക്കാത്തതുമായ ഒരു വിദ്യാര്‍ത്ഥിയെ, കായികാധ്യാപകന്‍ സ്കൂളിലെ ഏറ്റവും മികച്ച കായികതാരമായി തിരഞ്ഞെടുത്ത് പൊതുവേദിയില്‍ അഭിനന്ദിച്ച കാര്യങ്ങളൊക്കെ ഓര്‍ത്തുപോവുകയാണ്...

പണ്ട് പഠിപ്പിച്ച, ദൈവതുല്യരായി നാമേവരും കരുതുന്ന അധ്യാപകരെ ഒരു നിമിഷമെങ്കിലും സ്നേഹപുരസരം ഓര്‍ക്കുകയും മനസ്സുകൊണ്ട് വീണ്ടും വീണ്ടും ആദരിക്കുകയും ചെയ്യാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന ഈ പോസ്റ്റ് സമ്മാനിച്ച സതീശേട്ടനു നന്ദി....

Sathees Makkoth | Asha Revamma said...

അഭിലാഷേ, വളരെ നന്ദി.പിന്നെ പറഞ്ഞതുപോലെ ആ കഥകളൊക്കെ എഴുതണം.അമ്മയെക്കുറിച്ച്, അദ്ധ്യാപകരെക്കുറിച്ച് എല്ലാം...

നിരക്ഷരൻ said...

കമന്റുകളില്ലാത്ത പോസ്റ്റുകളിലൂടെ കയറി ഇറങ്ങുന്നതിനിടയില്‍ ഇവിടെയൊരു തിരക്ക് കണ്ട് കയറി വന്നതാണ്. എല്ലാവരും വന്നുപോയ സ്ഥിതിക്ക് ആരെങ്കിലും കാണും എന്ന് പേടിച്ച് സൂത്രത്തില്‍ കണ്ണ് തുടയ്ക്കാതെ രക്ഷപ്പെട്ടു.

“ഒരു നോട്ടത്തിലോ ഭാവത്തിലോ കൂടി അപ്പുക്കുട്ടന്മാരെ തിരിച്ചറിയാന്‍ കഴിയുന്ന മഹാന്മാരായ ഗുരുക്കന്മാരെ നിങ്ങള്‍ക്ക് ഒരു കോടി പ്രണാമം“

കുടുംബത്തെപ്പോലും ഒറ്റയ്ക്കാക്കി 3 കൊല്ലം കണ്ണൂര് വന്നുനിന്ന് ഞങ്ങളെ ഒരു ചിറകിനടിയില്‍ ഒതുക്കിനിര്‍ത്തി പറക്കമുറ്റാനാക്കിയ ഡോ.ശശികുമാര്‍ സാറിനെ ഈയവസരത്തില്‍ സ്മരിക്കാതെ പോകുന്നത് ഗുരുനിന്ദയായിപ്പോകും. തിരുവനന്തപുരത്തുവെച്ച് ഒരു സ്കൂട്ടറപടത്തില്‍ നിന്ന് അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടെങ്കിലും രണ്ട് കുട്ടികളേയും സാറിനേയും ഒറ്റയ്ക്കാക്കി അപകടത്തിന് കീഴടങ്ങിയ ഗുരുപത്നിയെ ഓര്‍ത്തപ്പോള്‍ കണ്ണൂകള്‍ വീണ്ടും ..... :( :(

Sathees Makkoth | Asha Revamma said...

നിരക്ഷരാ, ശശികുമാർ സാറിനെ സ്മരിക്കാൻ എന്റെ പോസ്റ്റ് ഇടയാക്കിയെന്നറിഞ്ഞതിൽ സന്തോഷം.
ഗുരുക്കന്മാരെ ഓർക്കാതെ എന്തു ജീവിതം.അല്ലേ?

ശ്രീ said...

സതീശേട്ടാ... ഈ പോസ്റ്റ് ഞാന്‍ പണ്ടെന്നോ വായിച്ചിട്ടുള്ളതാണ്.
എങ്കിലും ഇപ്പോള്‍ ഒന്നു കൂടെ വായിച്ചു, വീണ്ടും കണ്ണു നിറഞ്ഞു. ഇതിന്റെ അമ്പതാം കമന്റ് എന്റെ വകയാകട്ടെ...

anandhu vpm said...

njn blogil kayarunnathu aadyamayanu...adyamayi vayichathu e kathayum...now am ur fan...tanks

ഫൈസല്‍ ബാബു said...

വായിക്കാന്‍ വൈകിയ മനോഹരമായ ഒരു കഥ , കഥ പറഞ്ഞ രീതി കഥാപ്രമേയം എന്നിവയെല്ലാം ഈ വായന വെറുതെയാക്കിയില്ല ,, മറ്റു പോസ്റ്റുകള്‍ കൂടി നോക്കട്ടെ ,,എഫ് ബിയില്‍ ഷെയര്‍ ചെയ്തതിനു നന്ദി സതീശ്.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP