Followers

തൂറാനിരിക്കുന്നവന്റെ പ്രതാപം

Sunday, September 22, 2019


മോപ്പസാങ്ങിന്റെ ‘The Necklace" എന്ന കഥ സമൂഹത്തിൽ എന്നും നിലനിൽക്കുന്ന ഒരു യാഥാർത്ഥ്യത്തത്തെ 
ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ കഥ ഓർമ്മവന്നത് കഴിഞ്ഞ ദിവസം എന്റെ ഒരു തെലുങ്ക് സുഹൃത്ത് വളരെ
നൊൾസ്റ്റാജിക്കായിട്ട് തന്റെ കുട്ടിക്കാലത്തെ ജീവിതത്തെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ്. കാളവളർത്തലും,
കപ്പലണ്ടിക്കൃഷി തുടങ്ങി വെളിക്കിറങ്ങാൻ പോകുന്നതിന്റെ നേർചിത്രം വരെ 70mm സ്ക്രീനിൽ എന്റെ മുന്നിൽ നിരത്തിയിട്ടു സുഹൃത്ത്.

നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ‘കുളിച്ചില്ലേലും കോണാൻ പുറത്ത് കിടക്കണം’. പണ്ട് പ്രതാപം കാണിക്കാൻ നല്ല നീളത്തിലും പല നിറത്തിലുമുള്ള കോണാനുകൾ കഴുകി വൃത്തിയാക്കി അഴയിൽ ഇങ്ങനെ
തൂക്കിയിട്ടിരിക്കും...ഉണക്കാൻ...അതുകണ്ട് ആളിന്റെ പത്രാസ് മനസ്സിലാക്കാൻ പറ്റുമെന്നായിരുന്നു വെയ്പ്പ്.

സമൂഹത്തിലെ തന്റെ സ്ഥാനം കാണിക്കാൻ...അല്ലെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ കുറച്ച് കാണിക്കാതിരിക്കാൻ സഹജമായ മനുഷ്യന്റെ സ്വഭാവമാണ് മോപ്പസാങ് തന്റെ കഥയിലൂടെ പുറത്ത് കാണിക്കുന്നത്.
ഒരു പാർട്ടിക്ക് പോകാനായ് നല്ല വസ്ത്രമോ ആഭരണമോ ഇല്ല എന്ന് പറഞ്ഞ് ബുദ്ധിമുട്ടുന്ന ഒരു സ്ത്രീയുടെ കഥയാണത്.

തന്റെ സുഹൃത്തിന്റടുക്കൽ നിന്ന് ഇരന്ന് വാങ്ങിയ ‘ഡയമണ്ട് നെക്ലസ്’ ഇട്ട് പാർട്ടിയിൽ ശ്രദ്ധാകേന്ദ്രമായി അതീവ സന്തുഷ്ടയായ് വീട്ടിൽ തിരിച്ചെത്തുമ്പോൾ അവർ തിരിച്ചറിയുന്നു..നെക്ലസ് നഷ്ടപ്പെട്ടിരിക്കുന്നു. നീണ്ട പത്തു വർഷങ്ങൾ വേണ്ടി വന്നു അവർക്ക് ആ നെക്ലസ്സിന്റെ കടം തീർക്കാൻ...അവരുടെ ജീവിതത്തിന്റെ നല്ല സമയവും അധ്വാനത്തിന്റെ നല്ല
പങ്കും അതിനുവേണ്ടി ചിലവായിക്കഴിഞ്ഞിരുന്നു. കഷ്ടപ്പാട് അവരുടെ രൂപത്തേയും സൌന്ദര്യത്തേയും തന്നെ മാറ്റിക്കളഞ്ഞു. പത്തുവർഷങ്ങൾക്ക് ശേഷം അവർ തന്റെ പഴയ സുഹൃത്തിനെ അവിചാരിതമായി കണ്ടുമുട്ടുകയും, പാർട്ടിക്ക് അന്നുപയോഗിച്ചിരുന്ന നെക്ലസ് വെറും കെട്ട് പണ്ടമായിരുന്നുവെന്നും തിരിച്ചറിയുന്നിടത്ത് കഥ തീരുന്നു.

മോപ്പസാങ്ങ് അന്നെഴുതിയ കഥ ഇന്നും തുടർന്ന്കൊണ്ടിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത്... ഞാനോർക്കുന്നു...കല്യാണത്തിനൊക്കെ പോകണമെന്നുണ്ടെങ്കിൽ അമ്മ ആഴ്ചകൾക്ക് മുന്നേ പണിതുടങ്ങും. കഴുത്തിൽ കിടക്കുന്ന താലിമാല വളരെ ചെറുതാണ്...ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും... എവിടെന്നെങ്കിലും വലിയ മാല സംഘടിപ്പിക്കും. തരക്കേടില്ലാത്ത ഭംഗിയുള്ള നീളമുള്ള മുടി ഉണ്ടായിരുന്നിട്ട് കൂടി അതിന് പൊലിപ്പ് കൂട്ടാൻ ഒരു മുഴം മുടി വെച്ച്കെട്ടും. അന്നത്തെക്കാലത്ത് മുടി കച്ചവടത്തിനായി വീടുകൾ കയറിയിറങ്ങുന്നവരെ കണ്ടിട്ടുണ്ട്! മുട്ടൊപ്പം നീളുന്ന മുടിയിൽ മുല്ലപ്പ് ചൂടുമ്പോൾ പ്രതാപം കൂടും!

കുറേ നാളുകൾക്ക് മുൻപ് ഒരു ചേച്ചി വീട്ടിൽ വന്നു, വർത്തമാനം പറയുന്നതിനിടെ ചേച്ചി തൊലിയുരിഞ്ഞുപോയ ഒരു
സംഭവത്തെക്കുറിച്ച് പറഞ്ഞു.  ആരോ കല്യാണം വിളിക്കാൻ ‘സ്കോഡ‘ കാറിൽ അവരുടെ വീട്ടിൽ എത്തിയപ്പോഴാണ് ചേച്ചിയുടെ തൊലിയുരിഞ്ഞുപോയത്! അവരുടെ വീട്ടിലെ കാറ് പഴയൊരു ‘മാരുതി സെൻ‘ ആണുപോലും. ഒരു സൈക്കിളുപോലും സ്വന്തമായിട്ടില്ലാതിരുന്ന എന്റെ പ്രതാപത്തെ എങ്ങനെയായിരിക്കാം അവർ വിലയിരുത്തിയതെന്ന്
ആലോചിച്ച് ഞാനുമിരുന്നു.

മനുഷ്യർ അങ്ങനെയാണ്. എല്ലാരുമല്ലങ്കിലും ചിലരെങ്കിലും...ഇല്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടും. ഉള്ളതിനെ
കുറച്ചൊക്കെ പൊലിപ്പിച്ച് കാട്ടും. അതിൽ നിന്നൊക്കെ കിട്ടുന്ന ഒരു തരം സംതൃപ്‌തിയായിരിക്കാം ഒരു പക്ഷേ ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്... മറ്റുള്ളവരുടെ മുന്നിൽ താണുപോകരുതെന്ന അപകർഷതാബോധവുമായിരിക്കാം.

അലക്സാണ്ടർ ചക്രവർത്തി പറഞ്ഞതായി കേട്ടിട്ടുണ്ട്.” ഞാൻ മരിക്കുമ്പോൾ എന്റെ കൈകൾ രണ്ടും വിടർത്തി ശവമഞ്ചത്തിന്ന് പുറത്തേക്കിടുക....അറിയട്ടെ...എല്ലാവരും...ലോകം കീഴടക്കിയ മഹാനായ ചക്രവർത്തി ഒന്നുമില്ലാതെ...ഒന്നും കൊണ്ടുപോകാനാവതെ യാത്രയാവുന്നെന്ന്...”

തൂറാൻ പോകുന്നവന്റെ പത്രാസിനെക്കുറിച്ചാണ് പറഞ്ഞ് തുടങ്ങിയത്. ഇതിതാണ്...
വെളിമ്പറമ്പിൽ തൂറാനിരിക്കുന്നവന്റെയും പത്രാസ്...
കൈയിലെ ‘ചെമ്പ് പാത്രം’ നോക്കി പ്രതാപം നിശ്ചയിച്ചിരുന്ന ഒരു
കാലമുണ്ടായിരുന്നത്രേ.ഇങ്ങ് ആന്ധ്രയിലെ കുഗ്രാമങ്ങളിലെങ്കിലും!

Read more...

കൊമ്പൻ മീശ

Sunday, August 11, 2019


രൂപം കൊണ്ട് അദ്ദേഹത്തെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നത് ആ പ്രത്യേക കൊമ്പൻ മീശ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ മീശയുടെ അറ്റം രണ്ടായി പിളർന്നതായിരുന്നു. ഒരറ്റം മുകളിലേയ്ക്ക് വളച്ച് ചുരുളൻ വള്ളൻ പോലെ വെച്ചിരുന്നു. മറ്റേ അറ്റം  താഴേയ്ക്ക് ഒരു നൂലുപോലെ തുടങ്ങി  ക്രമേണ വീതി കൂടി കീഴ്ത്താടിയുടെ വശങ്ങളിലൂടെ ചെവിയുടെ തൊട്ടു താഴെ വരെ നാലുവിരൽ വീതിയിൽ കൊണ്ടുവന്ന് നിർത്തിയിരുന്നു.
അദ്ദേഹം ഒരു ധനികനായിരുന്നെങ്കിലും ആളുകൾ അദ്ദേഹത്തെ ഒരു പിശുക്കനായിട്ടാണ് പറഞ്ഞുപോന്നിരുന്നത്.
എനിക്ക് അദ്ദേഹത്തെ പരിചയമായിട്ട് അധിക നാളായിട്ടില്ല. പുതിയ വാടകവീടിലേയ്ക്ക് ഞങ്ങൾ മാറി കുറച്ച് നാളുകൾക്ക് ശേഷമാണ് ഞാനിദ്ദേഹത്തെ പരിചയപ്പെടുന്നത്. സായാഹ്ന നടത്തമൊക്കെ കഴിഞ്ഞുള്ള  വിശ്രമ വേളയിലാണ് ഞങ്ങൾ തമ്മിലുള്ള പരിചയം തുടങ്ങുന്നത്.
നടത്തമൊക്കെ കഴിഞ്ഞ് പാർക്കിലെ ബഞ്ചിൽ ഇരിക്കുമ്പോഴാണന്ന് തോന്നുന്നു ഞാനാദ്യമായ് അദ്ദേഹത്തെ കാണുന്നത്.

ശരീരപ്രകൃതിയിൽ ഞങ്ങൾ ആടും ആനയും പോലായിരുന്നു. എന്റെ നൂലുപോലുള്ള ശരീരത്തിന്റെ ഭംഗി അത്രയ്ക്കങ്ങ് ദഹിക്കാത്ത രീതിയിൽ... ചിലപ്പോൾ അസൂയയും ആകാം....ഒരു നോട്ടത്തിലൂടെയായിരുന്നു തുടക്കം.
ഇത്തരത്തിലുള്ള നോട്ടം കണ്ട് തഴമ്പിച്ച ഞാൻ കിറി ഒരുവശത്തേയ്ക്ക് ഒരു ചെറിയ ശബ്ദത്തോടെ അനക്കി അസഹ്യയതയുടെ ഒരു മറു സിഗ്നൽ നൽകി.
“പുതിയ ആളാ?”
ഞാൻ ഗൌരവം ഭാവിച്ചു. എന്റെ ശരീരം അത് പ്രതിഫലിപ്പിച്ചില്ലന്ന് തോന്നുന്നു. അങ്ങേർക്ക് എന്റെ ഗൌരവം മനസ്സിലാക്കാൻ കഴിഞ്ഞില്ല. വീണ്ടും ചോദ്യം.
“ഏതു ബ്ലോക്കിലാ?”
വലിച്ച് പിടിച്ച് വെച്ചിരുന്ന ശരീരം ഞാനൊന്നയച്ചു. ഗൌരവവും അസഹ്യതയുമൊക്കെ കാണിക്കാനായ് കാണിക്കുന്ന മസ്സിലു പിടുത്തം എത്രയേറേ ബുദ്ധിമുട്ടാണന്നും ഞാനറിഞ്ഞു.
“പേര് സതീശൻ, നാട് കേരളം. ഫ്ലാറ്റ് 519.” എന്തിനാ കൂടുതൽ ചോദ്യം ചോദിക്കാൻ അവസരം നൽകുന്നതെന്ന് കരുതിയാണ്
അങ്ങനെ പറഞ്ഞത്.
“ഓ...കേരളയാണോ? ഐ ലൌവ് ദെം! നൈസ് പീപ്പിൾ...”
കൊമ്പൻ മീശ മുകളിലേയ്ക്കും താഴേയ്ക്കും അതിവേഗം ചലിക്കുന്നു. അങ്ങേരു ചിരിച്ച് കൊണ്ട് കൈ നീട്ടി. എന്റെ നട്ടെല്ലിലുടെ ചെറിയൊരു കറന്റ് കടന്നുപോയതുപോലെ.
‘അതേ...അതേ...അണ്ടിയോടടുക്കുമ്പോഴല്ലേ മാങ്ങയുടെ പുളിയറിയൂ...’  ഞാനും കൈനീട്ടി.
പിന്നെ പുരാണമായി....
ഞങ്ങൾ സ്ഥിരം കണ്ടുമുട്ടാൻ തുടങ്ങി. കുറേ നേരം വർത്തമാനം പറഞ്ഞിരിക്കും.പ്രത്യേകിച്ച് വിഷയമൊന്നുമുണ്ടാവണമെന്നില്ല. എന്തുമാവാം. വിലക്കയറ്റം....പട്ടിണി...കൃഷി...വ്യവസായം....മുഖ്യമന്ത്രിയുടെ പുതിയ ഫാം ഹൌസ്...നല്ലൊരു സെക്രട്ടേറിയേറ്റ് ബിൽഡിങ്ങ് നിലവിൽ ഉണ്ടായിട്ടും, ‘എരാ മൻസിൽ‘ ഇടിച്ച് നിരത്തി 900 കോടിയ്ക്ക് നിർമ്മിക്കുന്ന പുതിയ കെട്ടിട ധൂർത്ത്....തുടങ്ങി അനേകമനേകം വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ മണിക്കുറുകളോളം സംസാരിച്ചു.
എന്തൊക്കെ സംസാരിച്ചാലും അവസാനം അദ്ദേഹം സംഭാഷണം നിർത്തുന്നത് പണത്തെക്കുറിച്ചായിരിക്കും. പണത്തിന്റെ ദുർവിനിയോഗത്തെക്കുറിച്ച്....പുതിയ തലമുറ, അദ്ദേഹത്തിന്റെ മക്കൾ ഉൾപ്പെടെ....പണത്തിന്റെ വിലയറിയാതെ അമിതമായ ചിലവ് ചെയ്യുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു.
കോടികളുടെ ആസ്തിയുള്ള മനുഷ്യനാണ്...ഓരോ ചില്ലിക്കാശിന്റേയും കണക്ക് മറ്റെന്തിനേക്കാളും പ്രാധന്യത്തോട് പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെയൊരുനാളാണ്...വേണമെങ്കിൽ ‘കുരു’ പൊട്ടി എന്നു പറയാം. ഞാൻ പറഞ്ഞു. “ഈ സമ്പാദ്യമൊക്കെ എന്തിനാ? ജീവിക്കാനുള്ള കാശു പോരേ? കുറേയൊക്കെ ചിലവാക്കണം...സമൂഹത്തിനും ഉപയോഗപ്പെടുമല്ലോ... ആരും ചാകുമ്പോളിതൊന്നും കൊണ്ടുപോകാൻ പോണില്ലല്ലോ!”

അന്ന് ഞങ്ങൾ പിരിഞ്ഞതിൽ പിന്നെ ഞാനദ്ദേഹത്തെ കണ്ടിട്ടില്ല.
കുറേ നാളുകൾക്ക് ശേഷം കവലയിലെ പഴക്കച്ചവടക്കാരന്റടുക്കൽ നിൽക്കുകയായിരുന്നു ഞാൻ.  ആ കച്ചവടക്കാരനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പാവം മനുഷ്യൻ. ജീവിതത്തിന്റെ ബുദ്ധിമുട്ടായിരിക്കാം...അദ്ദേഹത്തിന്റെ ശരീരത്തിൽ നോക്കിയാലറിയാം... മെലിഞ്ഞുണങ്ങി തോളെല്ലാം പൊങ്ങി കവിളെല്ലാം ഒട്ടി...എങ്കിലും ആ പച്ചക്കറിക്കാരന്റെ ചിരിയുണ്ടല്ലോ...അതൊന്ന് വേറേ തന്നെയായിരുന്നു. നിഷ്ക്കളങ്കത ആ ചിരിയിലുണ്ടായിരുന്നു. ആരേയും തന്നിലേക്കടുപ്പിക്കുന്ന വശ്യമായ ഒരു ചിരിയുടെ ഉടമയായിരുന്നു ആ കച്ചവടക്കാരൻ. മനസ്സിന്റെ നന്മ ആ കച്ചവടക്കാരന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
എപ്പോഴും പഴങ്ങൾ തരുമ്പോൾ അത് തൂക്കത്തിൽ മറ്റ് കടക്കാരെക്കാൾ കൂടുതലുണ്ടായിരുന്നു. ഒരിക്കൽ ഞനതയാളോട് ചോദിക്കുകയും ചെയ്തു. “നിങ്ങളിങ്ങനെ തൂക്കം കൂടുതൽ നൽകിയാൽ എങ്ങനെ മുതലാകാനാണ്?”
കച്ചവടക്കാരൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സാറേ, കൊറേ പണമുണ്ടായാല് ജീവിതത്തിൽ സന്തോഷമുണ്ടാവുമോ....ഇല്ലല്ലോ...ഹാപ്പിയായിരിക്കണം സാറേ ഹാപ്പിയായിരിക്കണം. അത്രേ ഒള്ളു. ഞാൻ തുക്കത്തിൽ
കുടുതൽ കൊടുക്കുമ്പോൾ വാങ്ങുന്ന ആളുടെ മുഖത്ത് കാണുന്ന ഒരു വികാസമുണ്ടല്ലോ...അതു മതി എനിക്ക്...”

പഴം വാങ്ങി തിരികെ പോരാൻ തുടങ്ങുമ്പോൾ ദാ വരുന്നു... കൊമ്പൻ മീശക്കാരൻ....എന്നെ കാണാത്തതുപോലെ വന്നപാടേ അദ്ദേഹം പഴത്തിന്റെ വില ചോദിച്ചു. വിലകേട്ടിട്ട് അത്രയ്ക്കങ്ങ് സുഖിക്കാത്തപോലെ ഒരു ഭാവം മുഖത്ത്.
“കുറയില്ലേ?”
പഴക്കാരൻ രണ്ട് രൂപ കുറച്ച് നൽകാമെന്ന് പറഞ്ഞു. ഇപ്പോഴും കൊമ്പൻ മീശക്കാരന്റെ മുഖത്തൊരു സന്തോഷമില്ല. എങ്കിലും രണ്ട് കിലോ പഴം തൂക്കാൻ പറഞ്ഞു. കച്ചവടക്കാരൻ പഴം തൂക്കിക്കൊണ്ട് നിൽക്കുമ്പോൾ കൊമ്പ്ൻ മീശക്കാരൻ അഞ്ഞുറിന്റെ ഒരു നോട്ടെടുത്ത് നീട്ടി. “നിങ്ങളുടെ വെല കൂടുതാലാ കേട്ടോ...ഇങ്ങനാണേ കച്ചവടം അധിക നാള് നിൽക്കില്ല.”
കച്ചവടക്കാരൻ മറുപടി ഒന്നും പറയാതെ പണം വാങ്ങി ബാക്കി കൊടുക്കുവാനായ് പെട്ടിയിലേയ്ക്ക് തിരിഞ്ഞു.
അപ്പോഴാണ് എന്നെ അതിശയിപ്പിച്ച ആ സംഭവം നടന്നത്!
കൊമ്പൻ മീശക്കാരൻ നൊടിയിടയിൽ ഒരു പഴമുരിഞ്ഞ് സഞ്ചിയിലാക്കുന്നു!
 ചിരിച്ചുകൊണ്ട് തന്നെ കച്ചവടക്കാരൻ ബാക്കി പണം നീട്ടി. കൊമ്പൻ മീശക്കാരന്റെ മുഖത്ത് അപ്പോഴും ഒരു സന്തോഷമില്ല.

പഴക്കിറ്റുമായ് നടന്ന് നീങ്ങുന്ന കോടീശ്വരനെ തന്നെ നോക്കി ഞാൻ നിന്നു.
അപ്പോൾ കച്ചവടക്കാരൻ എന്നോട് പറയുകയാണ്,  “സാറേ, ഇവർക്കൊക്കെ വെലപേശാനും കയ്യൂറ്റം കാണിക്കാനുമൊക്കെ നമ്മളോടല്ലേ പറ്റൂ. അം‌ബാനിയോട് പറ്റില്ലല്ലോ..”

Read more...

മണ്ണെണ്ണവിളക്ക്


ഇന്നലെ എന്റെ സ്വപ്നത്തിൽ ഒരു മണ്ണെണ്ണ വിളക്കെത്തി. അതിന്ന് ജീവനുണ്ടായിരുന്നു. ഒരാൾ പൊക്കമുണ്ടായിരുന്നു അതിന്! കൈകളും കാലുകളുമുണ്ടായിരുന്നു അതിന്ന്! തലയുടെ ഭാഗത്ത് ഒരു വലിയ തീനാളമായിരുന്നതിന്ന്! കണ്ണുകൾക്ക് നീല നിറമായിരുന്നു. ചുവന്ന നാവിലൂടെ കറുത്ത പുക വമിക്കുന്നു. നീണ്ട കൈകളാൽ അതെന്നെ ചുറ്റി വരിഞ്ഞു. ചിരപരിചിതനെപ്പോലെ, ആത്മാർത്ഥസുഹൃത്തിനെപ്പോലെ അതെന്നെ ആശ്ലേഷിച്ചു. അത് എന്റെ ചെവിയിൽ മന്ത്രിച്ചു, “നീയെന്നെ മറന്നോടാ?”
ഉത്തരം പറയാനായി ഞാൻ വായ് തുറന്നതും, തുറന്നിട്ട ജന്നലിലൂടെ വന്ന ഒരു കാറ്റ് ആ നാളത്തെ അണച്ചു. മുറി മുഴുവൻ മണ്ണെണ്ണയുടെ മണം. കാലചക്രത്തെ പിന്നോട്ട് തിരിക്കുന്നൊരു ഗന്ധം! ആ ഗന്ധത്തിൽ ലയിച്ച് ഞാൻ സഞ്ചരിച്ചു.
അവിടെ ഒരു ബാലനുണ്ടായിരുന്നു.തുറന്ന് വെച്ച പുസ്തകത്തിന്ന് മുന്നിൽ ബട്ടൺ പോയ നിക്കറുമിട്ടിരിക്കുന്ന ഒരു ബാലൻ... അവന്റെ മുന്നിൽ ഒരു തകര വിളക്കുണ്ടായിരുന്നു...  ചുറ്റിയടിക്കുന്ന കാറ്റിൽ ഗതിമാറുന്ന പുകനാളത്തിൽ ഇടക്കിടയ്ക്ക് അവൻ ചുമയ്ക്കുന്നുണ്ടായിരുന്നു. നനഞ്ഞ വിറക് ഊതി കത്തിക്കാൻ അമ്മ അടുക്കളയിൽ ശ്രമിക്കുന്നു. പുകച്ചുരുളിൽ വിമ്മിട്ടപ്പെട്ട് അമ്മ പറഞ്ഞു, “അപ്പുക്കുട്ടാ, ഇന്ന് പഠിച്ചത് മതി. ആ വെളക്കിങ്ങ് കൊണ്ടുവാ...മണ്ണെണ്ണ അടുപ്പിലോട്ടൊഴിച്ചാല് എളുപ്പം കത്തും.” അവൻ മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി.

“കറണ്ട് പോയെന്നാ തോന്നുന്നേ...എന്തൊരു ചൂടാ ഇത്..” മുറിഞ്ഞ് പോയ സ്വപ്നത്തിന്റെ സങ്കടത്തിൽ ഞാനെണീക്കുമ്പോൾ മുറിയിൽ വലിയ ബഹളം. AC നിന്നു. ഇനിയെന്തു ചെയ്യും?
ഒരു വിശറിയുമെടുത്ത് ബാൽക്കണിയിലെ ചാരുകസേരയിലേയ്ക്ക്  ചാഞ്ഞു.
മോളു വന്ന് അടുത്ത് തറയിൽ കിടന്നു.”എന്തൊരു ചൂടാച്‌ഛാ...മെത്തയൊക്കെ പൊള്ളുന്നു.കറണ്ടെപ്പോ വരും?”

തോട്ടിറമ്പിലെ കൈതക്കാട്ടിൽ നിന്നും കൈതോലകൾ ചെത്തിയിടുന്ന അമ്മ...
അത് ഓരോന്നും അടുക്കി കെട്ടുന്ന ഞാൻ ...അപ്പോൾ അമ്മയുടെ താക്കീത്!
“അപ്പുക്കുട്ടാ, നിന്റെ കൈയിൽ മുള്ളു കൊള്ളരുത്..സൂക്ഷിച്ച് വേണം.” 
കൈതോല മുള്ള് കളഞ്ഞ് ഉണക്കി ചീകി കീറി തഴപ്പായ നെയ്യുന്ന അമ്മയുടെ കലാവിരുത്...
ചൂടിലും തണുപ്പേകുന്ന തഴപ്പായ ചിലപ്പോൾ വീടിന്റെ ഏതെങ്കിലും കോണിൽ പൊടിപിടിച്ച് കിടപ്പുണ്ടാകും!

വീശിവീശി ചൂടുകാറ്റേറ്റ് എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി. അർദ്ധ മയക്കത്തിൽ ഇടയ്ക്ക് കറണ്ട് വന്നതറിഞ്ഞു. അകത്തെ മുറിയിൽ AC യുടെ മുരൾച്ച വീണ്ടും.
മണ്ണെണ്ണ വിളക്കപ്പോൾ മുന്നിൽ...
 ഇപ്പോൾ നേരത്തേ കണ്ടതിലും പ്രകാശമുണ്ട്! വിളക്കെന്നോട് സംസാരിക്കാൻ തുടങ്ങി. ‘നിന്നോടൊപ്പം ഞാനുണ്ടായിരുന്നു.കാലങ്ങളോളം. ഓർക്കുന്നോ നീ?’
അതേ, ഞാനോർക്കുന്നു. രാത്രി എല്ലാവരും ഉറങ്ങുമ്പോൾ നീ എന്നോടൊപ്പം ഉണർന്നിരുന്നു.എന്റെ വഴികാട്ടി നീയായിരുന്നു.നിന്റെ പുക ഗന്ധം എന്റേയും ഗന്ധമായി മാറി.പുസ്തകത്താളുകളിൽ നിന്ന് അറിവിനെ നീ എനിക്ക് കാട്ടിത്തന്നു. ആ അറിവ് എന്റെ ജീവനും ജീവിതവുമായി...
വിളക്ക് നിന്ന് ചിരിച്ചു. ആ ചിരിയിൽ അന്തരീക്ഷമാകമാനം പ്രകാശപൂരിതമായി.
“ നീ...നീ ആണ് എന്റെ ഗുരു...നീയാണ് എന്റെ വഴി കാട്ടി.”
ഞാൻ മണ്ണെണ്ണ വിളക്കിനെ താണു വണങ്ങി.
മണ്ണെണ്ണ വിളക്ക് പൊട്ടിച്ചിരിക്കാൻ തുടങ്ങി.”നീയും ഒരു സാധാരണമനുഷ്യൻ തന്നെ! മേശവിളക്ക് വന്നപ്പോൾ നീ എന്നെ തഴഞ്ഞില്ലേ?” ഒരു ശക്തമായ കാറ്റടിച്ചു.
കാറ്റിൽ കതക് ആഞ്ഞടിച്ചു.ഞാൻ ഞെട്ടി ഉണർന്നു.
“അച്‌ഛനെന്തിനാ ഈ വെയിലത്ത് കിടന്നുറങ്ങുന്നത്? അകത്തുപോയി കിടക്കൂ.” മോള് മുന്നിൽ.
ഞാൻ വീട് മുഴുവൻ പരതാൻ തുടങ്ങി.
എന്റെ തകര വിളക്കെവിടെ...?
ചില്ല് കൂടുള്ള മേശ വിളക്കെവിടെ...?

Read more...

ഗ്യാസ് ട്രബിൾ

Sunday, July 28, 2019


അമ്മാവനും അമ്മായിയും കൂടെ അവരുടെ കല്യാണശേഷം വീട്ടിൽ വിരുന്നിന് വന്ന സമയം. അമ്മ വീട്ടിലെ കോഴിയേയൊക്കെ തല്ലിക്കൊന്ന് നല്ല രസികൻ ആഹാരമൊക്കെയുണ്ടാക്കി തൂശനിലയിൽ വിളമ്പി. കൂട്ടത്തിൽ കുട്ടനാടൻ വീമ്പും!
കറിയുടെ എരിവാണോ, അമ്മയുടെ വീമ്പിളക്കലാണോ എന്നറിയില്ല, അമ്മായി ഗ്‌ൾ..ഗ്‌ൾ.. എന്ന് ‘എക്കിൾ’ ഇടാൻ തുടങ്ങി.

അമ്മ അമ്മായിയുടെ നെറുകയിൽ അടിയും തുടങ്ങി. പുത്തൻ പെണ്ണിന്റെ പരുങ്ങലോടെ എക്കിളിനിടെ അമ്മായി മൊഴിഞ്ഞു,
“ സാരമില്ല ഇച്ചേയീ, അതുമാറും.” പറഞ്ഞ് തീരുന്നതിന് മുന്നേ പതിന്മടങ്ങ് ശക്തിയിൽ വീണ്ടും എക്കിൾ!
എരിവുള്ള കോഴിക്കറിയുടെ രുചി വിരലിന്റെ പുറം നക്കി നുണഞ്ഞുകൊണ്ടിരുന്ന അമ്മാവന് ദേഷ്യം വന്നു. “ആഹാരം
കഴിക്കുമ്പോഴാണാടീ ഇതൊക്കെ‘.അമ്മാവന്റെ കണ്ണുരുട്ടൽ കണ്ട് അമ്മായി അടുത്ത എക്കിളിനെ പകുതിവഴി നിർത്താൻ വിഫലശ്രമം! ഇപ്പോഴാണേല് അമ്മാവന് കണ്ണുരുട്ടാൻ ധൈര്യമുണ്ടാവുമോ ആവോ!

“മനുഷേരായാ അങ്ങനൊക്കെ ആണെടാ.” അമ്മ തുടങ്ങി. “ചീട്ടുകളിക്കാരുടെ എടേലിരുന്ന് ആ ബാങ്കർ ഗംഗാധരൻ വിടുന്ന
കീഴ്വായു ഒന്ന് കേക്കണം...ശ്‌ശോ... ടാ, ശശീടെ ബുള്ളറ്റിന്റെ പോലല്ലിയോ...”
ചോറ് നെറുകേ കേറി അമ്മായിയുടെ കണ്ണിലൂടെ വെള്ളമൊഴുകി.
“അല്ലേലും ഈ ഇച്ചേയിക്ക് പണ്ടേ ഒള്ളതാ, വല്ലോം തിന്നുന്നതിനിടെ വേണ്ടാത്ത കാര്യങ്ങള്...” അമ്മാവൻ വിരൽ നക്കൽ തുടർന്നുകോണ്ടേയിരുന്നു.
“എടാ നീ അവളെ വഴക്ക് പറഞ്ഞതുകോണ്ട് ഞാൻ പറഞ്ഞന്നേ ഒള്ളു. ഇതൊക്കെ നമ്മടെ നിയന്ത്രണത്തീ ഒള്ള വല്ലോ ആണോ?”
അമ്മ പിന്നെ സായിപ്പിന്റെ അമ്മയുടെ കഥ പറയാൻ തുടങ്ങി. പണ്ടെങ്ങാണ്ടോ ഒരു നാടകത്തിൽ സായിപ്പിന്റെ വേഷമിട്ട
പൊന്നപ്പൻ പിന്നെ സായിപ്പായി. ജീവിതത്തിൽ ഒരിക്കൽപ്പോലും ചെരുപ്പുപോലുമിട്ടിട്ടില്ലാത്ത പൊന്നപ്പൻ തന്നെക്കാൾ ഭാരമുള്ള ബൂട്ടുമിട്ട് സ്റ്റേജിലേയ്ക്ക് തോക്കുമായി ചാടിക്കേറിയതും, ബൂട്ടിന്റെ ഭാരത്താൽ കാലുളുക്കി ഉരുണ്ടുവീണ് ചാവാലിപ്പട്ടിയെപ്പോലെ കാറിയതും, പ്രേക്ഷകർ കൂകിയതും പഴയ കഥ!
സായിപ്പിന്റെ അമ്മയ്ക്ക് ഏമ്പക്കമാരുന്നു. ഏമ്പക്കമെന്നാല് സാധാരണ ഏമ്പക്കമാണോ! അമ്പലത്തീ നിന്നാപ്പോലും കേക്കാമാരുന്നു. പാവം...ഏമ്പക്കം വിട്ടോണ്ട് തന്നാ മരിച്ചത്... അമ്മ മൂക്കത്ത് വിരൽ വെച്ചോണ്ട് നിന്നു.
“ഇവിടൊരാളുണ്ട്” അച്‌ഛനെ ഉദ്ദേശിച്ചാണ്...
“ഗ്യാസിന്റെ പ്രശ്നോന്ന് തൊടങ്ങിയാ മതി, അപ്പോ തൊടങ്ങും കളിയാക്കല്...”
“എടീ പെണ്ണേ.. അങ്ങേരുടെ മുന്നിൽ, ദേ ദിവനൊന്നും ഒന്നുമല്ല.” അമ്മാവൻ അപ്പോഴും വിരൽ നക്കൽ തുടർന്നോണ്ടിരുന്നു.

‘എക്കിൾ, എമ്പക്കം’ എന്താണന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഈ ഗ്യാസ് എന്താണന്ന് അറിയാൻ കാലം കുറേ വേണ്ടി വന്നു! പരിപ്പ്...ചക്കക്കുരു..ചേമ്പ്...തുടങ്ങി ചില സാധനങ്ങൾ കഴിക്കാൻ രസമാണെങ്കിലും കഴിച്ചുകഴിഞ്ഞുള്ള രസമോർത്ത് പലപ്പോഴും ഒഴിവാക്കിപ്പോന്നു. എങ്കിലും ചില സന്ദർഭങ്ങളിൽ കഴിക്കേണ്ടതായി വരും. പിന്നെ കംഫർട്ട് കിട്ടാൻ ഒന്നുകിൽ ബാത്ത്‌റൂം, അല്ലെങ്കിൽ ആളൊഴിഞ്ഞ സ്ഥലങ്ങൾ ഒക്കെ നോക്കി ആശ്വാസം വരുത്തിപ്പോന്നു. പക്ഷേ ചില സന്ദർഭങ്ങളിൽ അത് നടക്കാറില്ല. സൈലൻസറ് പിടിപ്പിച്ചുള്ള ശ്രമം ചിലപ്പോഴൊക്കെ വിജയിക്കും. അല്ലാത്തപ്പോള് പുളി തിന്നപോലെ ഒരു
ചിരിയും വരുത്തി നിക്കും. അല്ലാണ്ടെന്തു ചെയ്യാൻ!
മനുഷ്യ ശരീരം ഒരു അപൂർവ പ്രതിഭാസം തന്നെ! ചില കാര്യങ്ങൾ പൂർണ്ണമായും നമ്മുടെ കണ്ട്രോളിലാണ്!
ചിലത് ഭാഗികമായി നമ്മുടെ കണ്ട്രോളിലാണ്!
ചിലത് നമ്മുടെ കണ്ട്രോളിലേ അല്ല! ഊണിലും ഉറക്കത്തിലും അതങ്ങ് നടന്ന് കൊണ്ടേയിരിക്കും.
കീഴ്വായു...ഗ്യാസ്..എന്നിവ ഭാഗികമായ് നമ്മുടെ കണ്ട്രോളിലല്ലായിരുന്നേലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്ക്!
വീട്ടിലായിരിക്കുമ്പോൾ ഒരാശ്വാസമുണ്ട്...പരിസരം അധികം നോക്കേണ്ട കാര്യമില്ല.സൈലൻസറില്ലാതെയും കാര്യം നടത്താം.

അത്തരമൊരു പ്രഭാതത്തിലാണ്... റിലാക്സായ് ബാങ്കർ ഗംഗാധരൻ സ്റ്റൈലിൽ ആശ്വസിച്ചുകൊണ്ടിരുന്നപ്പോഴാണ്... അടുത്ത മുറിയിൽ നിന്നും ഭീഷണിയുടെ സ്വരം.”എന്തോന്നാ, മനുഷ്യാ ഇത്...സ്വസ്ഥമായി ഒന്നൊറങ്ങാനും സമ്മതിക്കില്ല.

അടുത്തദിവസം വൈകിട്ട് ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങുമ്പോൾ വീട്ടിൽ നിന്നും ഒരു ഫോൺ കാൾ. “പിന്നേ, കപ്പ തിന്നിട്ടാണന്ന് തോന്നുന്നു... വല്ലാത്ത ഗ്യാസ്... ജലുസിൽ വാങ്ങിപ്പോര്...”
കൊടുത്താൽ കൊല്ലത്തും കിട്ടും. ഞാൻ പറഞ്ഞില്ല. ഇപ്പോഴത്തെ പെണ്ണുങ്ങള് അമ്മായിയെപ്പോലെ ആവണോന്നില്ല.

Read more...

ഉദയനാണ് താരം

Sunday, July 21, 2019ഉദയകുമാർ എന്നാണ് അയാളുടെ പേര്. പഠിക്കാൻ മിടുമിടുക്കൻ. അതീവ ബുദ്ധിശാലി.
എല്ലാരും പറഞ്ഞു, ‘ഇവനിവിടെങ്ങും  നിൽക്കേണ്ട ആളല്ല‘.
ഇടത്തരം കുടുംബത്തിലെ ഏക സന്തതി.
അച്‌ഛൻ പറഞ്ഞു, “മോനെ ഞാൻ എഞ്ചിനീയറാക്കും.”
അമ്മ പറഞ്ഞു, എന്റെ മോനെ ഞാൻ ഡോക്ടറാക്കും”
മോൻ പറഞ്ഞു, “എനിക്ക് കച്ചവടക്കാരനായാൽ മതി”
അച്‌ഛനും അമ്മയും അടിയായി.
അവസാനം അച്‌ഛൻ ജയിച്ചു. മോനെ എഞ്ചിനീയറിങ്ങിന് ചേർത്തു.
രണ്ടാം ദിവസം അവൻ കോളേജിന്റെ മതിൽ ചാടി.
അച്‌ഛൻ വിഷമിച്ചു.
അമ്മ കരഞ്ഞു.
നാട്ടുകാർ പറഞ്ഞു, “കഷ്ടം!”
ഉദയനെ കാണാനില്ല. പോലീസ് പരതി. കിട്ടിയില്ല. നാളുകൾ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഉദയൻ മാത്രം വന്നില്ല.
അച്‌ഛൻ മരിച്ചു. അമ്മയും മരിച്ചു. 
നാട്ടുകാർ പറഞ്ഞു,”വിധി”
നാട്ടുകാരും, കുടുംബക്കാരും എല്ലാം മറന്നു. അപ്പോൾ കവലയിൽ ഒരു പച്ചക്കറിക്കട തുറന്നു. അതിനുള്ളിൽ ഒരു സ്റ്റൂളിൽ  ഉദയനിരുന്നു. “ഇവനിതിന്റെയൊക്കെ വല്ല കാര്യോണ്ടോ?” നാട്ടുകാർ ചോദിച്ചു.
കുടുംബക്കാർ പറഞ്ഞു, “നമ്മുടെ കുടുംബത്തിന്റെ പേര് കളയും ഇവൻ.”
കച്ചവടം പൊടിപൊടിച്ചു.
 കട ടൌണിലേക്കി മാറ്റി. വർഷങ്ങൾക്കുള്ളിൽ അതൊരു സൂപ്പർ മാർക്കറ്റായി.
നട്ടുകാർ പറഞ്ഞു, “അവൻ മിടുക്കനാ, ജീവിക്കാൻ പഠിച്ചവൻ!”
കുടുംബക്കാർ പറഞ്ഞു, “അവന്റെ രക്തം നമ്മുടെ കുടുംബത്തിലെയാ!”
ഇന്ന് ഉദയന് നഗരത്തിൽ വലിയൊരു വീടുണ്ട്. കാറുകൾ പലതുണ്ട്. സൌഭാഗ്യങ്ങളെല്ലാമുണ്ട്. നഗരത്തിലെ അറിയപ്പെടുന്ന വ്യാപാരി പ്രമുഖൻ! 
നാട്ടുകാർ പറഞ്ഞു, “അവന്റെ തലേവര നന്നാ!”
കുടുംബക്കാർ പറഞ്ഞു, “പിതൃക്കളുടെ സുകൃതം!”
ഉദയൻ മാത്രം പറഞ്ഞു, “മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടതിൽ ഞാനെന്റെ ആത്മാവലിയിച്ചു. അത്രമാത്രം!”

Read more...

രാജാവും കിങ്കരന്മാരും

Saturday, July 20, 2019


കാലം 1987-88
ഡോക്ടറാകാൻ കച്ചകെട്ടി സെക്കന്റ് ഗ്രൂപ്പെടുത്ത് പ്രീഡിഗ്രിക്ക് ചേർന്ന പത്തറുപത് പഠിപ്പിസ്റ്റുകൾക്കൊപ്പം വഴിതെറ്റിയെത്തിയ ആട്ടിൻ‌കുട്ടിയായി ചേർത്തല S N കോളേജിൽ ചേർന്ന കാലം. കോളേജിന്റെ തെക്കേ അറ്റത്തുണ്ടായിരുന്ന ഓലമേഞ്ഞ അരമതിൽകെട്ടിയ ക്ലാസ് റൂമിന്റെ അധിപതികളായ് വാഴുന്ന കാലം. നിറവയറോടെ ഷൈനിടീച്ചർ ഫിസിക്സ് ക്ലാസ്സ് എടുക്കുന്നു.
പെട്ടൊന്നൊരാരവം!

“സമരമെടാ, ചാടിക്കോ...” പിൻ ബെഞ്ചിലിരുന്ന ചില ഡോക്ടർമാർ അരമതിൽ ചാടി. ബ്ലാക്ക് ബോർഡിൽ ബെർണോലിസ് തിയറം എഴുതിക്കൊണ്ടിരുന്ന ഷൈനി ടീച്ചർ നിറവയറനങ്ങാതെ തിരിഞ്ഞപ്പോഴത്തേക്കും ക്ലാസിൽ കൂട്ടക്കരച്ചിൽ...
എന്തോചോദിക്കാനായ് തുറന്ന വായുമായ് ഷൈനിടീച്ചർ സ്തംഭിച്ചു നിന്നു.
സമരപ്പാർട്ടിക്കാരുടെ എതിർ പാർട്ടി നേതാവ് ക്ലാസിലേയ്ക്ക് ഓടിക്കയറിയത് കണ്ടായിരുന്നു കരച്ചിലും തുടർന്നുള്ള സ്തംഭനവും!
നേതാവിന്റെ തലയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര മുഖത്തിലൂടെ ക്ലാസ്സിന്റെ തറയിൽ ചിത്രങ്ങൾ വരച്ചു.ചോരകണ്ട് കുട്ടി ഡോക്ടേഴ്സ് വലിയ വായിൽ കരഞ്ഞു.
സമര നേതാവ്, സുഗുണൻ അധികം താമസിയാതെ തന്നേക്കാൾ വലിയൊരു വാളുമായ് ക്ലാസ്സിലേയ്ക്ക് കയറി.
ആരോ പറഞ്ഞു, “ഇതാണ് വടിവാൾ”
ജീവിതത്തിലാദ്യമായ് വടിവാൾ കണ്ട ഞാൻ നിർവൃതിയടഞ്ഞു.
എതിർ നേതാവ് നല്ലൊരു സ്പോർട്ട്സ്മാനായിരുന്നു. നൊടിയിടയിൽ അരമതിൽ ചാടിക്കടന്ന് എതിർവശത്തേയ്ക്ക് ഓടി. പിന്നെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ!
സുഗുണൻ തന്റെ ഒറ്റമുണ്ട് കക്ഷത്തേയ്ക്ക് കേറ്റി, മറുകൈയിൽ തന്നേക്കാൾ വലിയ വാളുമായി, ഛത്രപതി ശിവജിയെപ്പോലെ പുറത്തേക്ക്... ഷൈനിടീച്ചർ നിറവയർ കൈകൊണ്ട് താങ്ങി മേശയിൽ ചാരി നിന്നു. മുൻ ബഞ്ചിലിരുന്ന ലേഡീ ഡോക്ടേഴ്സ് ടീച്ചറെ പിടിച്ച് ബഞ്ചിലിരിത്തി റെക്കോഡ് ബുക്ക് കൊണ്ട് വീശിക്കൊടുത്തു. സുഗുണനെ തോളിലേറ്റി സമരക്കാർ അടുത്ത ക്ലാസുകളിലേയ്ക്ക്...പക്ഷേ എല്ലാ ക്ലാസുകളും അപ്പോഴത്തേയ്ക്കും ഒഴിഞ്ഞിരുന്നു.
വർഷങ്ങൾ കഴിഞ്ഞ് അവിചാരിതമായിട്ടാണ് സുഗുണനെ കാണുന്നത്!
നരകയറിയ കുറിയ മനുഷ്യന്റെ കണ്ണുകളിൽ ഒരു ദയനീയ ഭാവം. കാരുണ്യ ലോട്ടറി മുന്നിലേയ്ക്ക് നീട്ടിയ പരിചിതമായ മുഖം കണ്ട് ഞാൻ
ചോദിച്ചു, “സുഗുണനാണോ?” ചിരിക്കാൻ ശ്രമിച്ചെങ്കിലും ആ കണ്ണുകളിലെ നനവ് എനിക്കറിയാൻ കഴിഞ്ഞു. ലോട്ടറി പോക്കറ്റിലാക്കി ഞാൻ വെറുതേ ചോദിച്ചു, “ആ വടിവാളൊക്കെ ഇപ്പോഴുമുണ്ടോ?”
എന്റെ കൈകളിൽ സുഗുണൻ ചേർത്ത് പിടിച്ചു.പിന്നെ പതുക്കെ പറഞ്ഞു  “അതൊക്കെ അന്ന് വാതുക്കലെ കടയിൽ നിന്നും വാടകയ്ക്കെടുത്തതല്ലാരുന്നോ?”
“ഇപ്പോഴെന്തു തോന്നുന്നു?”
“എന്തു തോന്നാൻ...കുറേ നേതാക്കന്മാർക്ക് വേണ്ടി ജീവിതം തുലച്ചവൻ ഞാൻ” സുഗുണന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നോ?
കൈകളിലെ വിറയൽ ലോട്ടറികളിലേയ്ക്ക് പ്രഹരിക്കുന്നോ?
എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ചോരയൊലിപ്പിച്ച്, ജീവനുമായ് ഓടുന്ന നേതാവ്.... വാളുമായ് വീരശൂരപരാക്രമിയായ് പുറകേ പായുന്ന സുഗുണൻ നേതാവ്...നിറവയർ താങ്ങി വിയർത്ത് നിന്ന ഷൈനി ടീച്ചർ....വലിയ വായിൽ കരയുന്ന കുഞ്ഞ് ഡോക്ടർമാർ... എല്ലാം ഒരുവേള എന്റെ കണ്മുന്നിലൂടെ മിന്നി മറഞ്ഞു.

ഓർമ്മയിൽ നിന്നും ഞാൻ മടങ്ങി വന്നപ്പോൾ മുന്നിൽ സുഗുണനുണ്ടായിരുന്നില്ല.

Read more...

പെൺകുട്ടി കരഞ്ഞതെന്തിന്?

Friday, July 12, 2019

പ്രായം കൂടുന്നതനുസരിച്ച് ആരോഗ്യത്തിലേയ്ക്കുള്ള ശ്രദ്ധയും അൽപ്പം കൂടുകയെന്നത് സ്വാഭാവികമായിരിക്കാം.

അങ്ങനെയാണങ്കിൽ എന്റെ കാര്യത്തിലും അത് ശരിയാണ്. നേരം നന്നേ പുലർന്നാൽപോലും കട്ടിലിൽ തേരട്ടയെപ്പോലെ ചുരുണ്ടുകൂടിക്കിടന്നിരുന്ന ഞാൻ ഈയിടയായ് കുറച്ച് നേരത്തേ എണീറ്റ്, കൈയും കാലുമൊക്കെ
അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നീട്ടി നിവർത്തി എക്സർസൈസ് എന്ന പേരിൽ ചില പരിപാടികളൊക്കെ നടത്തിവരികയായിരുന്നു.‘മിസ്റ്റർ ബീൻ...മിസ്റ്റർ ബീൻ...’ എന്നൊക്കെ ചിലർ വീട്ടിന്നുള്ളിൽ നിന്നും തന്നെ കളിയാക്കൽ
തുടങ്ങിയപ്പോൾ ഞാനെന്റെ ആരോഗ്യപരിപാലനം വീട്ടിന്ന് പുറത്തേക്കാക്കി. വീട്ടിന്നുള്ളിലും ജിമ്മിലുമൊക്കെയുമുള്ള കാലഹരണപ്പെട്ട പരിപാടികൾ നമ്മുക്ക് വേണ്ട എന്ന്
ദൃഢനിശ്ചയമെടുത്തുകൊണ്ട് ഞാൻ കലാപരിപാടി നടത്തത്തിലേക്കാക്കി. അപ്പാർട്ട്മെന്റ് കോം‌പ്ലക്സിന്ന് നിത്യേന നാല് റൌണ്ട്!
വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ എന്റെ നടത്ത യജ്ഞം പുരോഗമിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ദിവസം അടുത്ത വീട്ടിലെ
സുധാകരറാവു എതിരേ വന്നത്.
അസൂയമൂത്ത ഒരു നോട്ടം!
പുറകേ ഒരുപദേശവും...”ഒന്നു കൈ വീശി നടന്നൂടേ സാറേ....ശരീരമിളകണം...എങ്കിലേ ഫലമുണ്ടാവൂ”
ശരീരമിളകുന്നതിലും നല്ലത് സുധാകരറാവുവിന്റെ ഇളക്കം നിർത്തുന്നതാണന്ന് നന്നെന്ന് കരുതി ഞാൻ നടത്തം കോം‌പ്ലക്സിന്ന്
വെളിയിലേക്കാക്കി.
അങ്ങനെ ആരോഗ്യപരിപോഷണ നടത്തം അഭംഗുരം അതിരാവിലെ നടന്നുകൊണ്ടിരിക്കെയാണ് പുതിയൊരറിവ് എനിക്കുണ്ടായത്...
രാത്രി കിടക്കുന്നതിന് മുന്നേ തന്നെ കഴിച്ച ആഹാരം ദഹിച്ചിരിക്കണമത്രേ!
ദുർമേദസ്സ് ഉണ്ടാകില്ല! ആയുരാരോഗ്യ സൌഖ്യത്തിന്ന് ബെസ്റ്റ്! വൈകിട്ട് ആഹാരം കഴിച്ച് കഴിഞ്ഞ് കമ്പ്യൂട്ടറിന്റേയും, ടീവിയുടേയും മുന്നിലിരുന്ന് കണ്ണ് കേടാക്കുന്നതിലും നല്ലത് രാത്രിയുള്ള നടത്തം തന്നേ.
പിന്നെ പതിവാക്കി...രാത്രി ആഹാരം കഴിച്ച് കഴിഞ്ഞുള്ള നടത്തം.
സുധാകരറാവുവിനെ നേരിടാൻ ഇഷ്ടമില്ലാത്തതിനാൽ നടത്തം ഇത്തവണയും പുറത്തേക്ക് തന്നെയാക്കി.
എല്ലുപോലിരിക്കുന്ന എനിക്കിതിന്റെയൊക്കെ ആവശ്യമുണ്ടോയെന്ന് വേറേ ചിലരൊക്കെയും ചോദിച്ചിട്ടുണ്ട്. പക്ഷേ ഞാനതൊന്നും കാര്യമാക്കിയിട്ടില്ല.എന്റെ ആരോഗ്യം ഞാൻ നോക്കും. കട്ടായം!
ഞാനെന്റെ രാത്രി നടത്തം തുടർന്നുപോന്നു.
രാവിലെകളിലെ നടത്തത്തിൽ തെരുവ് ഉറങ്ങിക്കിടന്നിരുന്നു. ഇടയ്ക്ക് ചിലയിടങ്ങളിൽ ചില ഞാവാലിപ്പട്ടികൾ നടുവ് നിവർത്തി കാലുകൾ പുറകോട്ട് വലിച്ച് നീട്ടി എന്നെ നോക്കി മുറുമുറുത്തിരുന്നു. സുധാകരറാവു പറഞ്ഞത് തന്നെയാണോ അവറ്റകൾ പറയുന്നതെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.പക്ഷേ ഞാനതൊന്നും കാര്യമായിട്ടെടുത്തില്ല.
രാത്രി നടത്തത്തിൽ പക്ഷേ സ്ഥിതി വ്യത്യസ്തമായിരുന്നു!
തെരുവുണർന്നിരുന്നു.
വഴിയരുകിലെ ബാറിന്ന് മുന്നിൽ തൂക്കിയിരുന്ന വർണ്ണവിളക്കുകൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.
പെട്ടിവണ്ടിക്കാരും മറ്റ് വഴിയോരക്കച്ചവടക്കാരും അന്നന്നത്തെ കച്ചവടം മതിയാക്കി പോകാനുള്ള തിരക്കിലായിരിക്കും.ഹെഡ്ലൈറ്റ് മിന്നിച്ച് പാഞ്ഞ് പൊയ്ക്കൊണ്ടിരുന്ന വാഹനങ്ങൾ പറയാതെ പറഞ്ഞു പോന്നു, അവരും
തിരക്കിലാണന്ന്!
സ്കൂൾ കെട്ടിടത്തിന്ന് മുന്നിലിരുന്നിരുന്ന സെക്യൂരിറ്റി ഉറങ്ങാനെന്നുള്ള തയ്യാറെടുപ്പെന്നോണം ചാക്കുകളൊക്കെ തറയിൽ വിരിച്ച് അരികിൽ കടലാസുകളും ചപ്പ് ചവറുകളും കത്തിച്ച് കൊണ്ടിരുന്നു പലപ്പോഴും.
ബാറും, ബാറിന്ന് പിന്നിലെ വലിയ മരത്തിന്ന് പിന്നിൽ ലിപ്‌സ്റ്റിക്കിട്ട്, തലയിൽ പൂചൂടി കസ്റ്റമേഴ്സിനെ കാത്തിരുന്ന സ്ത്രീകളും, ഹെഡ്ലൈറ്റ് മിന്നിപ്പോകുന്ന വാഹനങ്ങളും, ഉറങ്ങുന്ന സെക്യൂരിറ്റിയുമൊക്കെ പയ്യപ്പയ്യെ പതിവ് കാഴ്ചയായി.
ഞാൻ നടത്തം തുടർന്നുകൊണ്ടിരുന്നു.
സ്കൂൾ കഴിഞ്ഞ് കുറച്ച് ദൂരമെയുള്ളു കാർ വാഷിങ്ങ് സെന്ററിലേയ്ക്ക്. സ്കൂളിനും കാർ വാഷിങ്ങ് സെന്ററിനുമിടയിലുള്ള സ്ഥലം ഏറെക്കുറേ വിജനമാണ്! കരിക്ക് വിൽപ്പനക്കാരന്റെ ഒരു വണ്ടി അവിടെക്കാണും. രാത്രി കാലങ്ങളിൽ മിക്കപ്പോഴും കച്ചവടം കഴിഞ്ഞ് മിച്ചമുള്ളവ ചാക്കുകൊണ്ട് പൊതിഞ്ഞ്, കയർകൊണ്ട് നന്നായി വരിഞ്ഞ് കെട്ടിവെച്ചിരിക്കും.
കരിക്ക് വണ്ടിയുടെ പുറകിലായാണ് അന്ന് ഞാനവരെ കണ്ടത്!
പതിവ് പോലെ രാത്രി നടത്തത്തിന്നിറങ്ങിയതായിരുന്നു ഞാൻ. സ്കൂളും കഴിഞ്ഞ്, ഉറക്കത്തിന്ന് കോപ്പുകൂട്ടുന്ന സെക്യൂരിറ്റിയേയും കടന്ന് കരിക്ക് വണ്ടിയുടെ അടുത്തെത്തിയപ്പോഴാണ് എന്റെ ശ്രദ്ധ അവരിലേയ്ക്ക് തിരിഞ്ഞത്! ഇരുട്ടത്ത്..
അവർ മുന്ന് പേരുണ്ടായിരുന്നു. രണ്ട് പെൺകുട്ടികളും ഒരു പയ്യനും. ഏറെക്കുറേ സമപ്രായക്കാരായിട്ടാണ് തോന്നിയത്.
ഇട്ടാലും തൊട്ടാലും പൊട്ടുന്ന പ്രായം. പയ്യൻ നിർത്തി സ്റ്റാന്റിൽ വെച്ചിരുന്ന ബൈക്കിന്ന് മുകളിൽ വലതുകാൽ മുകളിൽ കയറ്റി ഇരിക്കുന്നു. പെൺകുട്ടികൾ ഏകദേശം ഒരടിയോളം അകന്ന് നിന്ന് പയ്യനോട് സംസാരിക്കുണ്ടായിരുന്നു. അവരുടെ ശരീരഭാഷയിൽ എന്തോ പന്തികേട്!
പത്തൻപത് കൊല്ലത്തെ ഭൂജീവിതത്തിൽ നിന്ന് എനിക്ക് കാര്യം വളരെ വേഗം മനസ്സിലാക്കാൻ പറ്റി. ഇതത് തന്നെ!
പ്രണയം. ഒരു പക്ഷേ പൊട്ടാൻ തുടങ്ങുന്ന ഒരു പ്രണയം.അല്ലെങ്കിൽ ഒരു ഒളിച്ചോട്ടത്തിന്റെ മാസ്റ്റർ പ്ലാൻ...ഒരുത്തി കൂട്ടുകാരിയാണ്! നിശ്ചയം! അവളാണ് എല്ലാത്തിനും സഹായ ഹസ്തം നൽകുന്നത്. ഞാൻ ഉറപ്പിച്ചു.

നല്ലപ്രായത്തിൽ ഒരു മോളുണ്ടായിരുന്നേൽ അവൾക്കിതേപ്രായമുണ്ടാകുമായിരുന്നു! അവളിതുപോലെ തന്നെ ജീൻസും
ടീഷർട്ടുമൊക്കെയിട്ട് സുന്ദരിയായിട്ടിരുന്നേനേ!
ഇതൊക്കെ ഒരു ഹരം നൽകുന്ന കാഴ്ചയായിരുന്നു ഒരിക്കൽ... പക്ഷേ, ഇന്ന്...
മുടിയും താടിയുമൊക്കെ വളർത്തി ഒരു കൂറ ലുക്കുണ്ട് പയ്യന്... എന്റെ മോളേ, നിനക്കിതിന്റെ വല്ല ആവശ്യമുണ്ടോ? വെറുതേ ജീവിതം തുലയ്ക്കണോ? ഒരുകൂട്ടം ചോദ്യങ്ങൾ ഒറ്റയടിയ്ക്ക് പുറത്തേക്ക് വന്നെങ്കിലും ഞാൻ മനസ്സിനെ കൺ‌ട്രോളിലാക്കി...
അരുത്..
ഒരുപക്ഷേ, വേറെയെന്തെങ്കിലും കാര്യമാണെങ്കിലോ?
എന്റെ പരുങ്ങൽ കണ്ടിട്ടായിരിക്കാം പയ്യൻസ് ഒരു വശപ്പിശകായുള്ള നോട്ടം...ഞാൻ നടപ്പിന്ന് വേഗം കൂട്ടി.
കുറച്ച് ദൂരം നടന്നിട്ട്, ഞാൻ തിരിഞ്ഞ് നടന്നു... മനസ്സിൽ പെൺകുട്ടി മാത്രം...അലവലാതി അവളുടെ ജീവൻ നശിപ്പിക്കും.

ഇത്തവണ എന്തായാലും ഇടപെട്ടിട്ട് തന്നെ കാര്യം!

അവരവിടെ തന്നെയുണ്ട്. പ്രശ്നം അല്പം കൂടി തീവ്രമായെന്ന് തോന്നുന്നു. പെൺകുട്ടി നിന്ന് കരയുന്നു. കൂട്ടുകാരി അവളുടെ തോളിൽ തടവുന്നു. പയ്യൻസ് ഇരുട്ട് മൂടിയ ആകാശത്തേയ്ക്ക് നോക്കിയിരിക്കുന്നു.
ഇത് പ്രശ്നം വേറെയാണ്!
അവൻ അവളെ ഉപേക്ഷിച്ച് പോകാനുള്ള ശ്രമമാണ്. സഹിക്കാതെ പാവം പെൺകുട്ടി കരയുന്നു. എനിക്ക് സന്തോഷം തോന്നി.”പോട്ടെടി മോളെ, നിനക്ക് നല്ലൊരുത്തനെക്കിട്ടും. സുഖമായി വീട്ടിൽ പോയി കിടന്നുറങ്ങ്.” എന്ന് പറയാൻ തോന്നി.
അവന്റെ നോട്ടം എന്നിലേക്ക് തന്നെ... അത് കണ്ടാൽ ഞാനാണിപ്പോൾ പെൺപിള്ളാരെ ശല്യപ്പെടുത്തുന്നതെന്ന് തോന്നും.
കൂടുതൽ അവസരം ഉണ്ടാക്കാതെ ഞാൻ വീട്ടിലേയ്ക്ക് നടന്നു.
പെൺകുട്ടിയുടെ കരച്ചിൽ മനസ്സിൽ നിന്നും മായുന്നില്ല്ല. ഞാൻ ഭാര്യയോട് പറഞ്ഞു, കരച്ചിൽ കഥ!
“അല്ലേലും കാണാൻ കൊള്ളാവുന്ന പെൺപിള്ളാരെ കണ്ടാൽ നിങ്ങൾക്കൊള്ളതാ ഈ വായീ നോട്ടം!” ദാ കെടക്കണു...ചങ്കെടുത്ത് വെളിയിൽ വെച്ചാലും ചെമ്പരുത്തിപ്പൂവെന്നേ നീയൊക്കെ
പറയൂ...പറയണമെന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല.
കരയുന്ന പെൺകുട്ടി തൊട്ടു മുന്നിൽ നിൽക്കുന്നത് പോലെ...  ഒരുപക്ഷേ പ്രണയ നൈരാശ്യത്താൽ അവൾ വല്ല ആത്മഹത്യയും ചെയ്താലോ? നാളെ രാവിലെത്തെ പത്രത്തിൽ അത്തരമൊരു വാർത്ത വന്നാലോ? ഞാൻ എന്റെ 
മനഃസാക്ഷിയോട് ചെയ്യുന്ന വഞ്ചനയല്ലേ അത്... പാടില്ല...ഒരു ജീവൻ രക്ഷിച്ചേ മതിയാവൂ...
ഞാൻ ലിഫ്റ്റിന്ന് കാത്തുനിൽക്കാതെ അഞ്ചു നിലക്കെട്ടിടത്തിന്റെ പടികൾ അതിവേഗത്തിലിറങ്ങി. പടിചവിട്ടുന്ന ശബ്ദം അല്പം കൂടിയെന്ന് തോന്നുന്നു. താഴേ നിലയിലുള്ള ചിലരൊക്കെ ജന്നലിലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു. ഞാനതൊക്കെ
ശ്രദ്ധിക്കാതെ പടിയിറങ്ങി സ്കൂളിനെ ലക്ഷ്യമാക്കി നടന്നു.
ഒരു പെൺകുട്ടിയുടെ ജീവൻ എന്റെ കൈയിലാണ്!
കരിക്കിൻ വണ്ടിയുടെ അടുത്ത് ഞാനെത്തുമ്പോൾ കിതയ്കുന്നുണ്ടായിരുന്നു. നടുവിന്ന് കൈ കൊടുത്ത് ഞാൻ ഇരുട്ടിൽ നോക്കി. ഇല്ല. ആരുമുണ്ടായിരുന്നില്ല അവിടെ!
പ്രണയം... മാങ്ങാത്തൊലി...കരളൊറപ്പുള്ള പെൺ‌പിള്ളാരാ ഇക്കാലത്തുള്ളത്...ഒരു പീറപ്പയ്യനുവേണ്ടി ജീവിതം തീർക്കാൻ
മാത്രം മണ്ടികളല്ലവർ...മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞു നടന്നു.
അപ്പോഴും സംശയം ബാക്കിയുണ്ടായിരുന്നു. ‘പെൺകുട്ടി എന്തിനായിരിക്കും കരഞ്ഞത്?’

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP