നരകത്തിലേയ്ക്കുള്ള വഴി
Saturday, August 30, 2014
അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പതിവ്പോലെ വേമ്പനാട്ട് കായലിൽ കുളിയും കഴിഞ്ഞ് പൊങ്ങി വരുന്ന നേരം.ന്യൂസ് വർക്കി ടൗണിൽ നിന്നും പത്രമൊക്കെ എടുത്ത് ഇന്നെന്താണ് സൗജന്യമായ് നൽകേണ്ട വാർത്ത എന്നൊക്കെ ആലോചിച്ച് എസ്റ്റേറ്റിന്റെ വടക്ക് കിഴക്കേമൂലയിലൂടെ തെക്കേക്കരയിലോട്ട് ഹെർക്കൂലീസിന്റെ പുറത്തേറി പ്രവേശിക്കുന്ന പുണ്യ നിമിഷം...
വടക്ക് കിഴക്ക് മൂലയ്ക്ക് നില്ക്കുന്ന ആഞ്ഞിലിമരത്തെ കടന്നുവേണം ജനവാസമുള്ള സ്ഥലത്തെത്താൻ...ആകാശത്തോളം വളർന്ന ആഞ്ഞിലിമരത്തിന് രണ്ടാൾപിടിച്ചാൽ എത്താത്ത വണ്ണമാണുള്ളത്! അതിന്റെ താഴത്തെ കൊമ്പിൽ കെട്ടിയിട്ടുള്ള വടം മരത്തെ രണ്ട് ചുറ്റുചുറ്റി താഴേയ്ക്ക് നീണ്ടു നീണ്ട് നിലത്ത് നിന്ന് പൊങ്ങി നില്ക്കുന്ന വലിയ വേരിലാണ് എത്തിച്ചേരുന്നത്.ആഞ്ഞിലിയേൽ കയറാനായുള്ള ഒരു സ്ഥിരം സംവിധാനമാണിത്!സംവിധായകൻ അഞ്ചുകണ്ണൻ!
വടത്തേൽ തൂങ്ങി അഞ്ചുകണ്ണന് ആഞ്ഞിലിയിൽ നിഷ്‌പ്രയാസം കയറാൻ പറ്റും.കൊമ്പുകളിൽ നിന്നും കൊമ്പുകളിലേയ്ക്ക് അഞ്ചുകണ്ണൻ കുരങ്ങനെപ്പോലെ പിടിച്ചുകയറുന്നത് അപ്പുക്കുട്ടൻ പലവട്ടം കണ്ടിട്ടുണ്ട്.അഞ്ചുകണ്ണനെപ്പോലെ ഒരു തവണയെങ്കിലും കുരങ്ങനാകണമെന്നും ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ നടന്നിട്ടില്ല. ധൈര്യം അത്രയ്ക്കങ്ങ് പോരാ...
ന്യൂസ് വർക്കി ആഞ്ഞിലിയുടെ ചുവട്ടിലെത്തിയപ്പോൾ ഒരു നിമിഷം അറിയാതെ മുകളിലോട്ട് നോക്കിപ്പോയി!
പിന്നെക്കേട്ടത് തെക്കേക്കരയെ നടുക്കുന്ന ഉച്ചത്തിലുള്ള കരച്ചിൽ...
ഉടമ കൈയ്യൊഴിഞ്ഞ ഹെർക്കുലീസ് വടക്കേത്തോട്ടിലേക്കും, പത്രക്കെട്ട് തെക്കേ കൈതക്കാട്ടിലേയ്ക്കും പോയി! അടുത്ത രണ്ടുദിവസം പത്രമില്ലാതെ, പത്രവാർത്തയില്ലാതെ തെക്കേക്കരക്കാർ വലഞ്ഞു .
ബോധം തെളിഞ്ഞപ്പോൾ ന്യൂസ് വർക്കിചോദിച്ചു, “ആരായിരുന്നൂ ആഞ്ഞിലിയേൽ?”
ലോനപ്പനാണ് അതിന് മറുപടി നല്കിയത് അതിപ്രകാരമായിരുന്നു.“തെണ്ടികൾ...വല്ല വരത്തനും, ടൗണീകെടക്കണവനും വരെ വന്ന് ചാകണ്...ബാക്കിയൊള്ളവനെ മാത്രം ഒന്ന് സ്വസ്ഥമായിട്ട് ചാകാൻ സമ്മതിക്കത്തില്ല ദ്രോഹികൾ...ഇത്രേം വല്യ മരത്തേകേറാനറിയാരുന്നേ ഞാനും കാണിച്ചുതരാരുന്നു.”
ആഞ്ഞിലിയേൽ തൂങ്ങി നിന്നവനെ കൊതിയോടെയും ലേശം അസൂയയോടെയും നോക്കി നിന്ന ഒരാളേ ഉണ്ടായിരുന്നുള്ളൂ തെക്കേക്കരയിൽ അന്ന്...
ശ്രീമാൻ ശ്രീമാൻ ലോനപ്പൻ!
ലോനപ്പൻ
വയസ്- 40- 45
ചുഴലിദീനക്കാരൻ.
ജോലി- ലോട്ടറിക്കച്ചവടം
ഹോബി- ആത്മഹത്യ!
അഞ്ചടി ഉയരം...വട്ടമുഖം...തുറന്ന മൂക്ക്...മുറം പോലത്തെ ചെവികൾ...അനുസരണയില്ലാതെ ആകാശത്തേയ്ക്ക് ഉയർന്ന് നില്ക്കുന്ന തലമുടി...എല്ലുന്തിയ നെഞ്ചിൻ കൂട്...നടക്കുമ്പോൾ കൂട്ടിയിടിക്കുന്ന മുട്ടുകൾ...വീതികുറഞ്ഞ നെറ്റിയെ മൊത്തത്തിൽ മറച്ചുകൊണ്ടുള്ള ഒരിക്കലും മാഞ്ഞുപോകാത്ത ചന്ദനക്കുറി...
ജനിച്ച അന്ന് തുറന്ന വായാണ്...പിന്നെ ഇന്നേവരെ അടച്ചിട്ടില്ല...
തുറന്ന മൂക്കിന് തൊണ്ണൂറ് ഡിഗ്രിയായ് നില്ക്കുന്ന മുൻവശത്തെ രണ്ട് പെടപ്പൻ പല്ലുകൾ സൂക്ഷിച്ചില്ലേൽ മുന്നിൽ വന്നുപെടുന്നോന്റെ അന്തകനാകാം!
ചുഴലി ദീനത്താൽ വലഞ്ഞ ലോനപ്പൻ ഞാൻ ചാകും...ഞാൻ ചാകും എന്നും പറഞ്ഞ് നടക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയിരുന്നു.പറച്ചിലല്ലാതെ പ്രവൃത്തിയൊന്നും കാണാതിരുന്നതിൽ വിഷണ്ണരായ നാട്ടുകാർ ലോനപ്പനെ ‘പുലിവരുന്നേ...പുലിവരുന്നേ...കഥയിലെ പയ്യൻസിനോടൊക്കെ ഉപമിച്ചു തുടങ്ങിയ ഒരു മഞ്ഞുകാലത്താണ് ആനവണ്ടി കഥയിൽ വന്നുചേരുന്നത്!
അന്തക്കാലത്ത് ആലപ്പുഴ ടൗണിൽ നിന്നും തെക്കേപുരം മാർക്കറ്റിലേയ്ക്ക് ഒരു ആനവണ്ടിയുണ്ടായിരുന്നു.രാത്രി വരുന്ന അവസാനവണ്ടി അവിടെ കിടക്കും.പിറ്റേന്ന് അതിരാവിലെ തിരികേ ടൗണിലേയ്ക്ക്...
ആനവണ്ടിയുടെ രാത്രികിടപ്പ് നിർത്തലാക്കിയതും, ലോനപ്പൻ ഹോബി ആരംഭിച്ചതും ഒരേദിവസം ഒരേസമയത്തായിരുന്നു എന്നുള്ളത് വിധിയുടെ വിളയാട്ടമായിരിക്കാം.
വെളുപ്പാൻ കാലത്ത് വണ്ടി സ്റ്റാർട്ടാക്കുന്നതിന് മുന്നായി, പതിവ് ചെക്ക് അപ്പിന്റെ കൂടെ പുറക് വീലിന് അടവെച്ചിരുന്ന കല്ലെടുത്ത് മാറ്റാൻ ചെന്ന ഡ്രൈവർ സാർ ഒന്നു ഞെട്ടി...
കല്ലിനോട് ചേർന്ന് ഒരു അത്ഭുത ജീവി...വെറും നിലത്ത് വട്ടം കിടക്കുന്നു! അബദ്ധത്തിലെങ്ങാനും വണ്ടി സ്റ്റാർട്ടായാൽ കേറിയിറങ്ങിയതുതന്നെ...
കലിപൂണ്ട ഡ്രൈവർ സാർ ജീവിയെ കാലേപിടിച്ച് തലയ്ക്ക്മുകളിൽ രണ്ട് വട്ടം ചുറ്റിയപ്പോഴത്തേയ്ക്കും, കുറുപ്പിന്റെ കടയിൽ അതിരാവിലെതന്നെ നാട്ടുവിശേഷം കുടിക്കാനെത്തിയവരെല്ലാം ഓടിക്കൂടി.
ലോനപ്പൻ!
“ചാകാനാണേ വല്ല പ്രൈവറ്റ് വണ്ടിക്കും അടവെയ്ക്കടാ കഴുതേ, മറ്റുള്ളവന്റെ കഞ്ഞീ പാറ്റയിടാതെ...”
ആനവണ്ടി മുക്രയിട്ട് മുന്നോട്ട് നീങ്ങി.
അന്തരീക്ഷത്തിൽ പറന്ന് തറയിൽ വിശ്രമമെടുത്തിരുന്ന ലോനപ്പന്റെ വായിൽ നിന്നും നുരയും പതയുമൊഴുകി. കൈയും കാലും കോച്ചി വലിഞ്ഞു.കണ്ണുകൾ മിഴിഞ്ഞു പുറത്തേയ്ക്ക് തള്ളി.പല്ലുകൾ കൂട്ടിക്കടിച്ചു.മലർന്ന് കിടന്ന് വട്ടത്തിൽ കറങ്ങുന്ന ലോനപ്പന്റെ ചുരുണ്ടുകൂടിയ കൈവിരലുകൾക്കുള്ളിൽ ആരൊക്കെയൊ താക്കോല്കൂട്ടം പിടിപ്പിച്ചു.
തെക്കേപുരത്തേയ്ക്കുള്ള രാത്രി ബസ് ഏതായാലും അന്നത്തോടെ നിന്നു.
കന്നിസംരംഭം പൊളിഞ്ഞതിന്റെ നിരാശയിൽ ലോനപ്പൻ പറഞ്ഞു.“ഇനി ജീവൻ പോയാലും ആനവണ്ടിക്ക് അടവെയ്ക്കേല...പിക്കപ്പില്ലാത്ത പണ്ടാരത്തിന് ആരാ അട വെയ്ക്കുന്നേ...ചുമ്മാ പേര് നാറ്റിച്ചു.”
മരണം ലോട്ടറി ടിക്കറ്റുപോലാണന്ന് ലോനപ്പൻ പ്രഖ്യാപിച്ചു. ലോട്ടറി എടുത്തുകൊണ്ടേയിരിക്കുക. നരകത്തിലേയ്ക്കുള്ള വഴി ഏത് നിമിഷവും തുറക്കപ്പെടാം. ലോനപ്പന് നരകമാണിഷ്ടം!അലസന്മാർക്കുള്ളതാണ് സ്വർഗ്ഗം!
മടയാംതോട് പാലത്തിന്റെ കൈവരീന്ന് ഒരർദ്ധരാത്രി ലോനപ്പൻ ചാടിയത് പേര് ചുമ്മാ നാറ്റിക്കരുതെന്ന് കരുതിത്തന്നെയാണ് .
ഭാഗ്യമോ അതോ ദൗർഭാഗ്യമോ!
കായലിലെ കാറ്റും കോളും കാരണം ഗോപീടെ ഭാര്യേടെ പുല്ലും വള്ളം പതിവിൽ നിന്നും വിരുദ്ധമായി വളരെയേറേ താമസിച്ചാണ് അന്നെത്തിയത്.വള്ളം പാലത്തിന്നടിയിൽ എത്തിയ സമയം ആകാശത്തുനിന്നും ഉരുണ്ടുരുണ്ട് വരുന്ന അപൂർവ്വ ജീവിയെക്കണ്ട് ഏതോ ഏലിയനാണന്ന് തെറ്റിദ്ധരിച്ച് ഗോപീടെ ഭാര്യ തുഴയ്ക്ക് ഒരു കുത്തും കാലിന് രണ്ട് ചവിട്ടും കൊടുത്തു ലോനപ്പനെ വള്ളത്തേലെ പുല്ലിന്മേൽ കെടത്തി സല്ക്കരിച്ചു.
കായലിലെ കാറ്റും മുടിഞ്ഞ മഴയും കാരണം വള്ളം താമസിച്ചത് ദൈവനിശ്ചയമാണന്നും, അതുകൊണ്ട് ലോനപ്പന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു എന്നും ഗോപീടെ ഭാര്യ പിറ്റേന്ന് വള്ളക്കടവിൽ പൊതുജനസമക്ഷം പ്രഖ്യാപിച്ചു.വളരെ സാഹസിയകമായ് ലോനപ്പന്റെ ജീവൻ രക്ഷിച്ചതിനാൽ പഞ്ചായത്തിൽ നിന്നും ധീരതയ്ക്കുള്ള അവാർഡിനുള്ള അപേക്ഷയും നല്കി.
കൈയൊരെണ്ണം ഒടിഞ്ഞെങ്കിലും ലോനപ്പൻ പറഞ്ഞു; “ഇനി ജീവൻ പോയാലും ഞാൻ പാലത്തേന്ന് ചാടത്തില്ല...ഈ വള്ളക്കാരും പുല്ലുകാരുമില്ലാത്ത ഒരു സമയോമില്ല. ചുമ്മാ പേര് നാറും.“
ചുമ്മാ പേര് നാറ്റിക്കരുതെന്ന് കരുതിത്തന്നെയാണ് ലോനപ്പൻ എസ്റ്റേറ്റിലെ ഒരേയൊരു പരുത്തിമരത്തിന്റെ ചാഞ്ഞകൊമ്പിന്റെ ബലം പരീക്ഷിച്ചതും!
കൊമ്പിന് ആവശ്യത്തിലധികം ബലമുണ്ടായിരുന്നു! പക്ഷേ എന്തു ചെയ്യാം.? മുട്ടുകാലുവന്ന് നിലത്തിടിച്ചപ്പോഴും ലോനപ്പനറിഞ്ഞില്ല കറിന് നീളം കൂടിപ്പോയെന്ന്!
”നരകത്തിലൊക്കെ മുഴുവൻ കള്ളിമുള്ളാണോ?“ എന്നായിരുന്നു ഇടയ്കെപ്പോഴോ ഒരു മിന്നായം പോലെ ബോധം വന്നപ്പോൾ ലോനപ്പൻ ചോദിച്ചത്.
പുഴുപ്പൻ മുള്ളിന്റെ ആഘാതം തരണം ചെയ്യാൻ കാലം കുറേ എടുത്തെങ്കിലും ലോനപ്പൻ ഒന്നുറപ്പിച്ചിരുന്നു.”ഇനി ജീവൻ പോയാലും പൊക്കം കുറഞ്ഞ മരത്തേന്ന് ചാടില്ല. ചുമ്മാ പേര് നാറും.“
”ഇനിമുതൽ അലവലാതി പരിപാടിക്കൊന്നുമില്ല.ലോട്ടറിക്കച്ചവടമൊന്ന് കൊഴുക്കട്ടെ.. നല്ലൊന്നാന്തരം പാഷാണം വാങ്ങിക്കാണിച്ചുതരാം..“കുറുപ്പിന്റെ ചായക്കടയിൽ വെച്ചാണ് ലോനപ്പൻ ഈ സുപ്രധാന തീരുമാനം പുറത്തുവിട്ടത്!
അറബിക്കടലിൽ ഉറങ്ങാൻ പോയ സൂര്യൻ പലതവണ വേമ്പനാട്ട് കായലിൽ കുളിയും കഴിഞ്ഞ് പൊങ്ങി.
തെക്കേക്കരയിലെ പ്രഭാതങ്ങൾ ന്യൂസ് വർക്കി എന്നും വാർത്താ സമ്പുഷ്ടമാക്കി.
ലോനപ്പനെ കാണാനില്ല...ലോനപ്പനെ കാണാനില്ല...
പത്രവാർത്തയുടെ തലക്കെട്ടുകൾ വിളിച്ചുപറയുന്നതിനോടൊപ്പം ന്യൂസ് വർക്കി പറയുന്നു...
ലോനപ്പനെ കാണാനില്ല!!!ലോനപ്പനെ കാണാനില്ല!!!
അന്നത്തെ സൂര്യൻ വേമ്പനാട്ട് കായലിൽ നിന്നും പൊങ്ങി വന്നപ്പോൾ തെക്കേക്കരക്കാർ അറിഞ്ഞു...ലോനപ്പന്റെ തിരോധാനം!
ന്യൂസ് വർക്കി വീട് വീടാന്തരം കയറിയിറങ്ങി വിവരം അറിയാത്തവരായി ആരുമില്ലായെന്ന് ഉറപ്പുവരുത്തി.
വാർത്ത കേട്ടവർ കേട്ടവർ റോഡിലേയ്ക്കിറങ്ങി.ചിലർ കലുങ്കിന്മേലിരുന്ന് ലോനപ്പന്റെ തിരോധാനത്തിന് നിദാനമാകാവുന്നതും അല്ലാത്തതുമായ കാരണങ്ങളെ വിശകലനം ചെയ്തു.മാഞ്ചുവട്ടിലും ചർച്ച നടന്നു.
“പാവം ചുഴലി ദീനം കൊണ്ട് കൊറേ കഷ്ടപ്പെട്ടു...എന്തു പറ്റിയോ ആവോ...ചാകാനായ് നടക്കുന്നോനാ...” മീനാക്ഷി അമ്മായി താടിക്ക് കൈ കൊടുത്തു.
ലോനപ്പൻ എവിടെ? എപ്പോൾ? എങ്ങനെ?
നാടുവിട്ടോ?
ചോദ്യങ്ങൾ പലതായിരുന്നു. പക്ഷേ ഉത്തരം മാത്രം കിട്ടിയില്ല.
മൂന്നിന്റന്ന് കാലത്ത് ഞെട്ടിക്കുന്ന വാർത്തയുമായിട്ട് ന്യൂസ് വർക്കി വീണ്ടും പ്രത്യക്ഷപ്പെട്ടു!
എസ്റ്റേറ്റിന്റെ നടുവിലെ കുളത്തിന്റെ മാടിക്കുള്ള കൈതകൾക്കിടയിൽ ലോട്ടറിടിക്കറ്റുകൾ...
“വെള്ളത്തീ മുങ്ങിയാ മൂന്നിന്റന്ന് പൊങ്ങുമെന്നാ...” വിലാസിനി ചിറ്റ മാഞ്ചുവട് കമ്മറ്റിയിൽ അഭിപ്രായം രേഖപ്പെടുത്തി.അപ്പോൾ മീനാക്ഷി അമ്മായി ഇടയ്ക്ക് കയറി പറഞ്ഞു.
“ഒന്നു പോടീ പെണ്ണേ, ലോനപ്പനല്ലേ ആള്...അവൻ മൂന്നിന്റന്ന് പൊങ്ങിവന്നിട്ട് പറയും...ഇനി ജീവൻ പോയാലും ഞാനാ കുളത്തീ ചാടുകേലാ...ചുമ്മാ പേര് നാറും.”
-----------------