Followers

കളരിയാശാന്‍ കണ്ണപ്പന്‍

Thursday, May 24, 2007

കണ്ണപ്പനാശാനെ ഒന്നു കാണേണ്ടതുതന്നെയാണ്.
എന്താ ഒരു തടി! എന്താ ഒരു പൊക്കം!
ആറടി പൊക്കവും പൊക്കത്തിനൊത്ത തടിയും, തടിക്കൊത്ത മീശയും,മീശക്കൊത്ത നിറവും.
എണ്ണക്കറുപ്പെന്നതിനേക്കാള്‍ കണ്ണപ്പ കറുപ്പെന്ന് പറയുന്നതാണ് മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പം നാട്ടുകാര്‍ക്ക്!
കൈക്കും കാലിനുമൊക്കെ എന്തൊരു മുഴുപ്പാ!
പാരമ്പര്യമാ...
കണ്ണപ്പനാശാന്റെ അച്ഛനപ്പൂപ്പന്മാരെല്ലാം തന്നെ തടിയില്‍ ഒന്നിനൊന്ന് കിടപിടിക്കുന്നവരായിരുന്നു.
അടിയിലും അടിതടയിലും ആരും പുറകിലായിരുന്നില്ല. എങ്ങനെ പുറകിലാകും?
കളരിയല്ലേ സ്വന്തമായുള്ളത്! മുതുമുത്തച്ഛന്മാരുടെ കാലം മുതലുള്ള കളരിയാണ്. ഇപ്പോള്‍ എല്ലാം കണ്ണപ്പനാശാന്റെ തലയിലാണ്. ശിഷ്യഗണങ്ങളുണ്ട് ഒരു നൂറെണ്ണം! ആശാന്റത്രയും കിടിലന്മാരാരും ഇല്ലന്ന് മാത്രം.
എങ്ങനെ ഉണ്ടാകാനാണ്! ആശാന്‍ പതിനെട്ടടവും ആരെയും ഇതുവരെ പഠിപ്പിച്ചിട്ടില്ല.
ആശാന്‍ ബുദ്ധിമാനാണ്.
ഏതെങ്കിലും ഒരുത്തന്‍ ഏതെങ്കിലും കാലത്ത് കണ്ണപ്പകുലത്തിനെതിരായി തിരിഞ്ഞ് കൂടന്നൊന്നുമില്ലല്ലോ. കലികാലമാണ്. സൂക്ഷിക്കണം. അപ്പൂപ്പന്മാരുടെ പേരു കളയരുതെന്ന് ആശാന് നിര്‍ബന്ധം.അത്രേ ഒള്ളൂ കാര്യം.

ആശാന്‍ ഒറ്റയ്ക്കേ എവിടേം പോകൂ. എന്തിനാ കൂട്ടിന്റെ ആവശ്യം? തൊട്ടാല്‍ തൊട്ടവനെ തട്ടാന്‍ ആശാനൊറ്റയ്ക്ക് മതി.
ആശാന്‍ മുഹമ്മയ്ക് പോയതും വന്നതു ഒറ്റയ്ക്ക്.

സാക്ഷാല്‍ ശ്രീ അയ്യപ്പനെ കളരി പഠിപ്പിച്ച ചീരപ്പന്‍ ചിറയില്‍ പോയതാണ്. അതങ്ങനെയുള്ളതാണ്. ഇടയ്കിടയ്ക്ക് ആശാന്‍ ചീരപ്പന്‍ചിറയില്‍ പോകും. വെറുതേ പോകുന്നതാണ്. അവിടുത്തെ കാറ്റടിച്ചാല്‍ മതി. ആശാന് കളരി ഉന്മേഷം കൂടും.

ഇത്തവണ ആശാന്‍ തിരിച്ചെത്തിയപ്പോള്‍ അല്‍പം വൈകി. വണ്ടികിട്ടാന്‍ താമസിച്ചാല്‍ പിന്നെ വൈകാതിരിക്കുമോ?
അല്ലെങ്കിലും ഇരുട്ടിയാലും ആശാനെന്തിനാണ് പേടിക്കുന്നത്. ഇരുട്ട് പേടിച്ചാലും ആശാന്‍ പേടിക്കില്ല. ഇരുട്ടിനെ വെല്ലുന്ന നിറമല്ലേ ആശാന്റേത്!
ബസിറങ്ങി വളവ് തിരിഞ്ഞ് തോട്ടിറമ്പിലെത്തി ആശാന്‍. ഏതോ ഒരുത്തന്‍ റോഡിന് നടുവില്‍ നില്‍ക്കുന്നു. കൂടെയും ആരൊക്കെയോ ഉണ്ട്. അവരെല്ലാം നിലത്തിരിക്കുകയാണ്.
റോഡില്‍ നില്‍ക്കുന്നവന്‍ കൊന്നത്തെങ്ങ് പോലെ നിന്നാടുന്നു. സേവിച്ചിട്ടുണ്ടന്ന് തോന്നുന്നു. അതുമാത്രമോ!
വൃത്തികേടല്ലേ അവന്‍ കാണിക്കുന്നത്!
റോഡിന്റെ നടുക്കിട്ട് മൂത്രമൊഴിക്കുകയെന്ന് പറഞ്ഞാല്‍ പിന്നെ വൃത്തികേടല്ലേ?
ചോദിച്ചില്ലെങ്കില്‍ കളരി പരമ്പരദൈവങ്ങള്‍ ആശാനോട് പൊറുക്കുമോ!
കാടന്‍ കുഞ്ഞനല്ല പോക്കിരി തോമ്മയാണേലും ആശാന്‍ ചോദിക്കും. എന്തിനാ പേടിക്കുന്നത്. കളരിയല്ലേ കൈയിലുള്ളത്.
“എന്താടാ റോഡിന്റെ നടുക്കിട്ട് തന്നെ വൃത്തികേട് കാണിക്കണോടാ?” ആശാന്‍ ചോദിച്ചു.
“എന്താടാ കാരാമേ, മൂത്രമൊഴിക്കേന്ന് പറഞ്ഞാല്‍ വൃത്തികേടാ...? താനിതൊന്നും ചെയ്യേലേടാ പൂവേ...?” പോക്കിരി കുഞ്ഞന്‍ ന്യായം ചോദിച്ചു.

ജീവിതത്തിലാദ്യമായി, കണ്ണപ്പകുടുംബത്തിന്റെ കളരി ചരിത്രത്തിലാദ്യമായി ഒരുത്തന്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നു.
മദ്യത്തിന്റെ ലഹരിയിലാണങ്കിലും വെറുതേ വിടാന്‍ പാടുണ്ടോ?
നൂറ്റമ്പത് പേരെ ഒറ്റയ്ക്കിടിച്ച് നിരത്തിയ അപ്പൂപ്പന്റെ പേര് കളയാന്‍ പാടില്ല.
ആശാന്‍ കുഞ്ഞന്റെ കൊങ്ങായ്ക്ക് കയറി പിടിച്ചു. പകരം പത്ത് കൈകള്‍ ആശാന്റെ കൊങ്ങായ്ക്കും പിടിച്ചു. കൊങ്ങായ്ക്ക് പിടിച്ചാല്‍ ശ്വാസം മുട്ടില്ലേ? ആശാനും ശ്വാസംമുട്ടി.
കള്ളുകുടിയന്മാര്‍ക്കതുവല്ലതുമുണ്ടോ.
അവരാശാനെ എടുത്തിട്ട് ചവുട്ടി.
വണ്ടി കേറിയ മാക്കാച്ചിയെപ്പോലെ ആശാന്‍ റോഡില്‍ കിടന്നു.
പോക്കിരി കുഞ്ഞനും കൂട്ടരും ഷാപ്പിലേയ്ക്ക് വീണ്ടും പോയി.

സെക്കന്റ് ഷോയും കഴിഞ്ഞ് എസ്സെന്‍ തീയറ്ററില്‍ നിന്നും മടങ്ങി വന്ന ശിഷ്യഗണങ്ങളാണ് ആശാനെ കണ്ടത്.
അവരാശാനെ പൊക്കിയെടുത്ത് പൊടിതട്ടി തോട്ടിലെ വെള്ളം തളിച്ചു മുഖത്ത്.
“എന്ത് പറ്റി ആശാനെ ആരെങ്കിലുമായി വഴക്കുണ്ടായോ?” ശിഷ്യന്മാര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു.
“ങ്ഹും വഴക്ക്. എന്നെയൊന്ന് നെലത്ത് നിര്‍ത്തിയിരുന്നേ കാണാമായിരുന്നു കളി. കളരി സ്റ്റെപ്പെടുക്കാന്‍ പറ്റാഞ്ഞതുകൊണ്ട് രക്ഷപെട്ടു അവന്മാര്‍. എവിടെ പോകാനാ? ഇനിയും വരും എന്റെ കൈയില്‍ തന്നെ."
ആശാന്‍ താഴെ കിടന്ന തോര്‍ത്തെടുത്ത് തോളിലിട്ടുകൊണ്ട് മുന്നോട്ട് കളരിമുറയില്‍ നടന്നു.ശിഷ്യന്മാര്‍ പുറകേയും.

Read more...

നഗ്മചരിതം

Sunday, May 20, 2007

ഉദയാ സ്റ്റുഡിയോവില്‍ ഷൂട്ടിങ്ങ് നടക്കുന്നു. നഗ്മയാണ് താരം.

അപ്പോള്‍ പിന്നെ ഇരിക്കപ്പൊറുതി ഉണ്ടാവുമോ അപ്പുക്കുട്ടന്.കേട്ടപാതി കേള്‍ക്കാത്ത പാതി ഒരു പാച്ചിലങ്ങോട്ട് പാഞ്ഞു അപ്പുക്കുട്ടന്‍.

ഒരേ ഒരു ലക്ഷ്യം ഉദയാ സ്റ്റുഡിയോ. ഒരേ ഒരു നാമം നാവില്‍... നഗ്മ.

വഴിയരുകില്‍ തന്റെ പതിവ് സ്റ്റുഡിയോക്കഥകളുമായി നിന്നിരുന്ന കേശുവമ്മാവനെ ഇടിച്ച് തെറിപ്പിച്ചാണ് അപ്പുക്കുട്ടനോടിയത്.

ചട്ടുകാലന്‍ കേശുവമ്മാവന് എത്രയധികം കഥകളാണ് ഉദയാ സ്റ്റുഡിയോയെക്കുറിച്ച് പറയാനുള്ളത്!

കേശുവമ്മാവനില്ലാതെ ഷൂട്ടിങ്ങ് നടക്കാത്ത ഒരുകാലമുണ്ടായിരുന്നത്രേ!

ഒന്നാം കിട താരങ്ങള്‍ക്ക് എന്ത് സഹായത്തിനും സന്നദ്ധനായി അമ്മാവന്‍ സ്റ്റുഡിയോവില്‍ തന്നെ ഉണ്ടാകുമായിരുന്നു.

രണ്ടാനിര താരങ്ങള്‍ അമ്മാവനോട് സംസാരിക്കാന്‍ പോലും പേടിച്ചിരുന്നുവത്രേ!

ഷീലയും,നസീറും,ശാരദയുമൊക്കെ കേശുവമ്മാവനില്ലാത്ത ദിവസങ്ങളില്‍ അഭിനയിക്കാന്‍ കൂട്ടാക്കാറില്ലായിരുന്നത്രേ!.

ഒരിക്കല്‍ ഷീലയ്ക്ക് ഷൂട്ടിങ്ങിനിടെ ഐസ്ക്രീം തിന്നാനൊരു കൊതി.

കൊതി തീര്‍ത്തതാരാ?

കേശുവമ്മാവന്‍!

ആലപ്പുഴ വരെ പൊരിവെയിലത്ത് ചട്ടുകാലും വെച്ച് സൈക്കിളും ചവിട്ടി ഐസ്ക്രീം വാങ്ങി പ്രിയ താരത്തിന് വെച്ചു നീട്ടിയപ്പോള്‍ അവരെന്താണ് കേശുവമ്മാവനോട് പറഞ്ഞതെന്നറിയാമോ?

“കേശു, യു ആര്‍ ഗ്രേറ്റ് ” എന്ന്.

അമ്മാവന്റെ സ്റ്റുഡിയോകഥകള്‍ കേള്‍ക്കാതെ വളര്‍ന്നവര്‍ വളരെ ചുരുക്കം നാട്ടില്‍.

ആലപ്പുഴേന്ന് ഇവിടെ വരെ വന്നിട്ട് ഐസ്ക്രീം ഉരുകി വെള്ളമായില്ലേന്ന് ഒരിക്കല്‍ അപ്പുക്കുട്ടന്‍ കേശുവമ്മാവനോട് ചോദിച്ചതാണ്

അതിന് കേശുവമ്മാവന്‍ കൊടുത്ത മറുപടി ഇപ്രകാരമാണ്.

“ഞാന്‍ ഷീലയ്ക്ക് വാങ്ങിക്കൊടുത്തതേ നല്ല ഒര്‍ജിനല്‍ ഐസ്ക്രീമാരുന്നു. ഒരു ദെവസം വെച്ചാലും അത് അലുക്കത്തില്ല. കഴിക്കാനോ അത്രേം നല്ല ഐസ്ക്രീം ഇന്ന് ഈ നാട്ടീ കിട്ടത്തില്ല.”

അമ്മാവന്‍ എയര്‍ ഇന്ത്യയുടെ മഹാരാജന്റെ പോലത്തെ മീശയും പിരിച്ച് ഞെളിഞ്ഞൊരു നിപ്പങ്ങട്ട് നിന്നു.

അപ്പുക്കുട്ടന്‍ അന്നത്തോടെ കഥയിലെ ചോദ്യവുമവസാനിപ്പിച്ചു.


കേശുവമ്മാവന്‍ തന്റെ മൂക്കിന്മേല്‍ നിന്നും തെറിച്ചുപോയ കണ്ണട പരതിയെടുക്കുന്നതിനിടെ തന്നെ ഇടിച്ചിട്ടിട്ട് പോയവനെ നിര്‍ത്താതെ ശകാരിച്ചുകൊണ്ടിരുന്നു.

“എരണം കെട്ടവന്‍. റോക്കറ്റ് പോലല്ലേ പായുന്നത്. വഴീലാള്‍ക്കാരൊണ്ടന്ന വല്ല വിചാരാമൊണ്ടാ ഇവനൊക്കെ.”

“അമ്മാവാ, സ്റ്റുഡിയോവില്‍ നഗ്മ വന്നിരിക്കുകയല്ലേ. അപ്പോള്‍ പിള്ളേര് ഓടാതിരിക്കുമോ? ഞാനും അങ്ങോട്ടേയ്ക്കാ. അമ്മാവന്‍ വരുന്നോ?” കേശുവമ്മാവന്റെ കണ്ണട പരതലും ശകാരവുമൊക്കെ കേട്ടുകൊണ്ടുവന്ന നാണു അമ്മാവനെ ഷൂട്ടിങ്ങ് കാണാനായി വിളിച്ചു.

“ഫ...വൃത്തികെട്ടവനെ ഈ വയസ്സനെത്തന്നെ ഇതിനൊക്കെ വിളിക്കണോടാ.കാലം പോയ പോക്കേ...ഇപ്പോ സിനിമയെന്ന് പറേണത് നഗ്നത കാണിക്കലാണോ എന്റെ ദൈവമേ...എത്ര നല്ല നല്ല സിനിമാകള് പിടിച്ച സ്റ്റുഡിയോവാരുന്നു. ഇപ്പോ ദേ...”

നാണുവിന് ചിരിക്കാതിരിക്കാനായില്ല. അവന്‍ പറഞ്ഞു.

“അമ്മാവാ, ഇത് അമ്മാവന്‍ വിചാരിക്കണപോലൊന്നുമല്ല. സിനിമാ നടി നഗ്മ വന്നിരിക്കുന്നെന്നാ പറഞ്ഞത്.അമ്മാവന്‍ വരുന്നില്ലേ വേണ്ടാ. ഞാന്‍ ദേ പോകുവാ.” നാണു വലിഞ്ഞ് നടന്നു.

കേശുവമ്മാവന്‍ വായും പൊളിച്ച് നിന്നു. ഓരോരോ പേരുകളേ... മനുഷേനേ കൊഴപ്പിക്കാനായിട്ട്.

“അതു നീ നേരത്തേ പറയേണ്ടായിരുന്നേടാ നാണു. നിക്കടാ അവിടെ. ഞാനും വരുന്നു നഗ്മേ കാണാന്‍.” കേശുവമ്മാവനും നാണുവിന്റെ പുറകേ തന്റെ ചട്ടുകാലും വലിച്ച് വെച്ച് സ്റ്റുഡിയൊ ലക്ഷ്യമാക്കി നടന്നു.അപ്പുക്കുട്ടന്‍ ഇതിനോടകം ലക്ഷ്യസ്ഥാനത്തെത്തിയിരുന്നു.
നഗ്മയല്ലേ എത്തിയിരിക്കുന്നത്. മുല്ലയ്കല്‍ ചെറപ്പിനുള്ള ആളുണ്ട് സ്റ്റുഡിയൊയ്ക്ക് മുന്നില്‍.
ഉണ്ടക്കണ്ണന്‍ ഗൂര്‍ഖ കപ്പടാ മീശയും ചുരുട്ടിവെച്ച് നീളന്‍ വടിയുമായി ഗേറ്റിങ്കല്‍ തന്നെയുണ്ട്.

ഇന്നിനി നേരായ വഴിയിലൂടെ കയറാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

അല്ലെങ്കിലും നേരായ വഴിയിലൂടെയെ നഗ്മയെ കാണാന്‍ പറ്റുകയുള്ളു എന്ന് എങ്ങും എഴുതിവെച്ചിട്ടൊന്നുമില്ലല്ലോ.

നീണ്ട് നിവര്‍ന്ന് കിടക്കുകയല്ലേ പുത്തന്‍ തോട് സ്റ്റുഡിയോയ്ക്ക് പുറകില്‍!

അല്‍പം കഷ്ടപ്പെടണം!

കഷ്ടപ്പാട് അപ്പുക്കുട്ടന് പുത്തരിയല്ല.

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല.

തോട്ടിലെ ചീഞ്ഞ വെള്ളത്തില്‍ നീന്തിക്കുളിച്ച് നഗ്മയുടെ മുന്നിലെത്തുന്ന തന്റെ രൂപത്തെ ക്കുറിച്ച് അപ്പുക്കുട്ടന്‍ ഒരു നിമിഷമാലോചിച്ചു.

ഛേ.. ലജ്ജാവഹം. നഗ്മ എന്തു വിചാരിക്കും തന്നെക്കുറിച്ച്!


സമയം കളയാനില്ല. അപ്പുക്കുട്ടന്റെ ബുദ്ധി പതിന്മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിച്ചു.
വന്നതിനേക്കാള്‍ വേഗതയില്‍ അവന്‍ തിരിച്ച് വീട്ടിലേയ്ക്കോടി. വഴിയില്‍ കേശുവമ്മാവനെ കാണാഞ്ഞത് ഭാഗ്യം.

അലക്കിതേച്ച് ബ്ലേഡ് പരുവത്തില്‍ വടിവുണ്ടാക്കി വെച്ചിരുന്ന ഒരു ഷര്‍ട്ടും കൂറയാണങ്കിലും വെളുപ്പ് നിറം മാറാത്തതുമായൊരു മുണ്ടുംകടലാസില്‍ പൊതിഞ്ഞെടുത്തു.

പെട്ടെന്നാണ് മിന്നായം പോലൊരു ഐഡിയ അപ്പുക്കട്ടന്റെ തലച്ചോറിന്റെ ഉള്ളറകളിലൂടെ പാഞ്ഞത്.

ഇത്രേം കഷ്ടപ്പെട്ട് നഗ്മയെ കണ്ടിട്ട് വന്നു എന്ന് പറഞ്ഞാല്‍ നാളെ ആരെങ്കിലും വിശ്വസിക്കുമോ?

അതിന് തെളിവ് വേണ്ടേ.

തെളിവില്ലങ്കില്‍ തന്നേയും ആളുകള്‍ കേശുവമ്മാവന്റെ ലിസ്റ്റില്‍ പെടുത്തും. ഏതും പോരാത്ത അഞ്ചുകണ്ണനും കൂട്ടരുമല്ലേ തന്റെ കൂട്ടുകാര്‍. ആടിനെ പുലിയാക്കുന്നവനാണ് അഞ്ചുകണ്ണന്‍.


അഞ്ചുകണ്ണന്റെ പേര് നാവിന്‍ തുമ്പിലെത്തിച്ചതിന് അപ്പുക്കുട്ടന്‍ ദൈവത്തിനെ സ്തുതിച്ചു. അല്ലെങ്കിലും കൈതത്തില്‍ ഭഗവാന്‍ തന്റെ കൂടെയാണ്. സഹായം ആവശ്യമുള്ളപ്പോള്‍ ഓടിയെത്തും. താന്‍ പോലുമറിയാതെ. പലരൂപത്തില്‍...പല ഭാവത്തില്‍...പലപല വിചാരങ്ങളായി...

കഴിഞ്ഞയാഴ്ചയാണ് അഞ്ചുകണ്ണന്റെ പേര്‍ഷ്യക്കാരന്‍ ചിറ്റപ്പന്‍ ലീവില്‍ നാട്ടിലെത്തിയത്. എന്തോന്നാ പത്രാസ്! മൈക്കാട് പണിയും കക്കൂസിന്റെ റിങ്ങ് വാര്‍ക്കലുമായി നടന്നയാളാണ്. ഇപ്പോ നോക്കിയേ!

കൈയില്‍ സ്വര്‍ണ്ണത്തിന്റെ ചെയിന്‍, കറുത്ത കൂളിങ്ങ് ഗ്ലാസ്,പളപളാ മിന്നണ ഷര്‍ട്ട്,എന്തോന്നാ ഒരു ചേല്! പച്ച പരിഷ്കാരിയായിട്ടല്ലേ വന്നിരിക്കണേ! കണ്ടിട്ട് ഒന്ന് ചിരിക്കുക കൂടി ചെയ്തില്ല ദുഷ്ടന്‍.

ഇപ്പോ എന്തിനാ ഇതൊക്കെ വിചാരിച്ച് സമയം കളയണത്.
പേര്‍ഷ്യന്‍ ചിറ്റപ്പന്‍ വന്നപ്പോള്‍ അഞ്ചുകണ്ണന് സമ്മാനമായി കൊടുത്തത് ഒരു കാമറായാ.
അന്ന് തുടങ്ങിയതാണവന്റെ തേരോട്ടം.
കണ്ട കാക്കേം പൂച്ചേം,കായും, പൂവുമെല്ലാം കാമറേലാക്കി വലിയ ഫോട്ടോഗ്രഫറാണണന്ന ഗമയിലാ അന്നുമുതല്‍ അവന്റെ നടപ്പ്.
പിന്നേ ഈ കാമറാ എന്നൊക്കെ പറയണത് മനുഷ്യേര് കാണാത്ത സാധനമാണോ.

അവന് ഗമയാണേ അപ്പുക്കുട്ടന് രണ്ടൊലക്കയാ.

ഇതൊക്കെ കുറച്ച് മുന്‍പ് വരെ ആലോചിച്ചിരുന്നത്. ഇനിയും അങ്ങനെയൊക്കെ ചിന്തിക്കുന്നത് ഉചിതമല്ല.
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കേണ്ടേ!

സമയം കളയാനില്ല.

അപ്പുക്കുട്ടന്‍ അഞ്ചുക്കണ്ണന്റെ വീട്ടിലെത്തി.

“ഷിബുവേ...എടാ ഷിബുവേ...” അപ്പുക്കുട്ടന്‍ വിളിച്ചു. ഈ സമയത്തെങ്ങാനും അഞ്ചുകണ്ണാ എന്ന് വിളിച്ചാല്‍ കാമറായുടെ കാര്യം കട്ടപ്പൊകയാ.

അഞ്ചുകണ്ണന്റെ അമ്മയാണിറങ്ങി വന്നത്. “അവനിവിടെയില്ലല്ലോ അപ്പുക്കുട്ടാ. എന്തെങ്കിലും ആവശ്യമുണ്ടോ?”

ആവശ്യമല്ലേ ഉള്ളു. അപ്പുക്കുട്ടന്‍ വിചാരിച്ചു. ഒരുകണക്കിന് ഇതുതന്നെ നല്ല അവസരം.അവനുണ്ടങ്കില്‍ ഒരുപക്ഷേ കിട്ടിയില്ലായെന്നും വരാം.

“അമ്മേ, ഷിബുവിന്റെ കാമറാ ഇവിടെയിരുപ്പുണ്ടോ? എനിക്കൊരു ഫോട്ടോ എടുക്കണമായിരുന്നു. ഇപ്പോ തന്നെ തിരിച്ച് കൊണ്ട് തരാം.”

“ഷിബു അറിഞ്ഞാല്‍ വഴക്കുണ്ടാക്കും. നീ വേഗം തന്നെ തിരിച്ച് കൊണ്ട് തന്നേക്കണേ...” അമ്മ കാമറ അപ്പുക്കുട്ടനെ ഏല്‍പ്പിച്ച് കൊണ്ട് പറഞ്ഞു.

“അത് ഞാനേറ്റമ്മേ...”

അപ്പുക്കുട്ടന്‍ കാമറായും തുണിക്കെട്ടുമായി പുത്തന്‍ തോട് ലക്ഷ്യമാക്കി പായുകയായിരുന്നു.

നസീറും ഷീലയുമൊക്കെ അനേകം സിനിമകള്‍ക്കായി വള്ളം തുഴഞ്ഞ് രസിച്ചഭിനയിച്ച തോട്!

അത് അന്തക്കാലം!

ഇന്ന് വെറും നാറ്റ വെള്ളം മാത്രം.

കാമറായും തുണിക്കെട്ടും വെള്ളം നനയ്ക്കാതെ അപ്പുക്കുട്ടന്‍ തോട് നീന്തി അക്കര എത്തി. കമ്മ്യൂണിസ്റ്റ് പച്ചക്കാടുകളുടെ മറവില്‍ നിന്ന് നനഞ്ഞ തുണിയൊക്കെ മാറി മിടുക്കനായി.

ഇനി ഒരെ ഒരു കടമ്പ കൂടി കടന്നാല്‍ നഗ്മയെ നേരില്‍കാണാം. ആ ചിന്ത തന്നെ അപ്പുക്കുട്ടന് ഉന്മേഷം നല്‍കി.
സ്റ്റുഡിയോയുടെ പുറകിലെ വേലി പൊളിക്കുക.

വേലിപൊളിക്കുകയെന്നത് അപ്പുക്കുട്ടന്‍ നിസ്സാരകാര്യം!
എങ്കിലും വേണ്ട ശ്രദ്ധ കൊടുക്കാതിരുന്നില്ല. ആരെങ്കിലും കണ്ടാല്‍ പദ്ധതിയെല്ലാം പൊളിയും.
എതിര്‍ സേനയുടെ ക്യാമ്പില്‍ നുഴഞ്ഞു കയറുന്ന ഭടന്റെ മെയ്വഴക്കത്തോടെ അപ്പുക്കുട്ടന്‍ കാമറായുമായി നഗ്മയെത്തേടി നടന്നു.

അപ്പുക്കുട്ടന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അതാ കുറച്ചകലെ നഗ്മ ഒറ്റയ്ക്കിരിക്കുന്നു.
സിനിമായില്‍ കാണുന്നതിനേക്കാള്‍ ഭംഗിയുണ്ടോന്ന് ഒരു സംശയം.
പക്ഷേ സംശയിച്ച് നില്‍ക്കാന്‍ സമയമില്ല.
സമയം വിലപ്പെട്ടതാണ്.
ഇപ്പോള്‍ തന്നെ ഒരു പടമെടുത്തേക്കാം.ആദ്യമായാണ് കാമറ കൈകാര്യം ചെയ്യുന്നത്. ശരീരമാകമാനം ഒരു വിറവല്‍!

കാമറയിലൂടെ നഗ്മയെ നോക്കി. ഒന്നും അത്ര വ്യക്തമല്ല.
ഇത്രയും ദൂരെ നിന്ന് ഫോട്ടോയെടുത്താല്‍ ശരിയാകുമോന്നൊരു സംശയം.
കുറച്ച് കൂടി അടുത്തേയ്ക്ക് പോയാലോ...

മരങ്ങളുടെ മറവ് പറ്റി അപ്പുക്കുട്ടന്‍ മുന്നോട്ട് നടന്നു.
ഇതാ താന്‍ നഗ്മയുടെ തൊട്ടടുത്തെത്തിയിരിക്കുന്നു.
ആരുടേയും കണ്ണില്‍ പെടാതെ ഇവിടം വരെ വരാനെത്തിയതു തന്നെ ഭാഗ്യം.
അപ്പുക്കുട്ടന്‍ വീണ്ടും കാമറായിലൂടെ നോക്കി.
കുറച്ച് കൂടെ ഇടത് വശത്തെയ്ക്ക് മാറിയാല്‍ നഗ്മയുടെ മുഖം വ്യക്തമാകും.
കാമറായില്‍ നിന്നും കണ്ണെടുക്കാതെ അപ്പുക്കുട്ടന്‍ ഇടത്തോട്ട് മാറി.

ഒരു നിമിഷത്തെ അശ്രദ്ധ എല്ലാം നശിപ്പിച്ചു.

മരത്തിന്റെ വേരില്‍ തട്ടി അപ്പുക്കുട്ടന്‍ വീണു.
ഒച്ച കേട്ട് നഗ്മ താന്‍ വായിച്ച് കൊണ്ടിരുന്ന ബുക്ക് അടച്ച് വെച്ച് ചാടിയെണീറ്റു.

ആരൊക്കെയോ ഓടിയെത്തി.

“വാട്ട് ഹാപ്പന്റ് മാഡം?”

നഗ്മ അപ്പുക്കുട്ടനെ ചൂണ്ടിക്കാണിച്ചു.

പിടിക്കപ്പെട്ടിരിക്കുന്നു. ഇനിയിപ്പോള്‍ ഓടണോ അതോ നഗ്മേടെ കാലില്‍ വീഴണോ?
രണ്ടാമത്തതാണ് കുറച്ച് കൂടി നല്ലതെന്ന് അപ്പുക്കുട്ടന് തോന്നി. തടിയെങ്കിലും രക്ഷിക്കാമല്ലോ.

അപ്പുക്കുട്ടന്‍ കാമറയും കാണിച്ച് കൊണ്ട് വിക്കി വിക്കി എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു. ഇംഗ്ലീഷിലെന്തെങ്കിലും പറയണമെങ്കില്‍ ഇത്തിരി ബുദ്ധിമുട്ടാണന്ന് അന്ന് ആദ്യമായി അപ്പുക്കുട്ടന് മനസ്സിലായി.

അവസാനം ഇത്രയും മാത്രം പുറത്തുവന്നു.

“മാഡം, ഫാനാ.”

നഗ്മ ചിരിച്ചു.“യു വാന്‍ഡ് മൈ ഫോട്ടോ. ഓകെ ഓകെ നോ പ്രോബ്ലം.”

ഹാവൂ ആശ്വാസമായി.

എന്തു നല്ല സ്ത്രീയാ നഗ്മ! .നിങ്ങക്കിനിയും ഒരായിരം പടങ്ങളുണ്ടാവട്ടെ. അപ്പുക്കുട്ടന്‍ മനസ്സാ നഗ്മയെ ആശീര്‍വദിച്ചു.
അപ്പുക്കുട്ടന്‍ ഫോട്ടോയെടുക്കാന്‍ തയ്യാറായപ്പോഴേക്കും നഗ്മ അപ്പുക്കുട്ടനെ വിളിച്ചു.
കാമറ കൈയില്‍ നിന്നും വാങ്ങി അടുത്തുണ്ടായിരുന്ന ഒരാളുടെ കൈയില്‍ കൊടുത്തു.

ഇവരിതെന്തിനുള്ള പുറപ്പാടാണാവോ! അപ്പുക്കുട്ടന് ഒന്നും പിടികിട്ടിയില്ല.
പെട്ടെന്ന് നഗ്മ അപ്പുക്കുട്ടനെ അരികിലോട്ട് ചേര്‍ത്ത് നിര്‍ത്തി തോളില്‍ കൈയിട്ടു.


ദൈവമേ...നഗ്മ തന്റെ തോളില്‍ കൈയിട്ട് നിന്നുകൊണ്ട് ഫോട്ടോയെടുക്കുന്നു.
നാളെ മുതല്‍ താനാരാ...
ആര്യാട് പഞ്ചായത്ത് മുതല്‍ ആലപ്പുഴപട്ടണം വരെ ഈ പടം വലിയ പോസ്റ്ററാക്കി ഞാനൊട്ടിച്ചു വെയ്ക്കും.അലവലാതിയെന്ന് വിളിച്ചിട്ടുള്ളവന്മാര്‍ക്കെല്ലാം ഒരു പാഠമാകും ഈ പടം.നാളെ മുതല്‍ അപ്പുക്കുട്ടനാരാ മോന്‍!
ഒരു നൂറ് സുന്ദരസ്വപ്നങ്ങള്‍ ഒന്നിച്ച് കണ്ടതുപോലെയായി അപ്പുക്കുട്ടന്.
നഗ്മയ്ക്ക് നന്ദി പറഞ്ഞ് സ്റ്റുഡിയോയുടെ മുന്‍വാതിലിലൂടെ തന്നെ പുറത്ത് കടക്കുമ്പോള്‍ അസൂയയും സംശയവും നിറഞ്ഞ പല കണ്ണുകളും അപ്പുക്കുട്ടനെ പിന്തുടരുന്നുണ്ടായിരുന്നു.

ഇനി ഈ പടമൊക്കെ ഒന്ന് കഴുകി പ്രിന്റെടുക്കുന്നത് വരെ അപ്പുക്കുട്ടന് ഉറക്കം വരില്ല.

അതിന് മുന്‍പ് അഞ്ചുകണ്ണനെ ഒന്നു കാണണം.അവന്റെ പൂവിന്റെ കായിന്റേം അലവലാതി പടങ്ങളുടെ കൂടെ നഗ്മ തന്നെ കെട്ടിപ്പിടിക്കുന്ന പടം കൂടി ഉണ്ടന്ന് പറയണം.
അസൂയാ നിറഞ്ഞ അവന്റെ മുഖം കണ്ടാഹ്ലാദിക്കണം.
ഇന്നത്തെ ദിവസം തന്റേതാണ്. ഇനി വരാനുള്ള ദിവസങ്ങളും തന്റേതാണ്!


പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ആര്‍ത്തട്ടഹസിക്കുന്ന ദുശ്ശാസനനെപ്പോലെ അപ്പുക്കുട്ടന്‍ അലറി ചിരിച്ചു.
“എടാ അഞ്ചുകണ്ണാ, പൊട്ടന്‍പുലി... നോക്കട നീ...ഈ അപ്പുക്കുട്ടനാരാന്നാ നിന്റെ വിചാരം? ഈ ഫിലിം കൊണ്ടൊന്ന് കഴുകിച്ച് നോക്കടാ. അപ്പോ അറിയാം അപ്പുക്കുട്ടന്റെ വെല.നഗ്മയല്ലേ സാക്ഷാല്‍ നഗ്മയല്ലേ എന്റെ തോളില്‍ കൈയിട്ട് നിക്കണത്.”

ഒച്ച കേട്ട് അഞ്ചുകണ്ണന്റെ അമ്മ പുറത്തേയ്ക്ക് വന്നു.
“ആഹാ, അപ്പുക്കുട്ടന്‍ വലിയ സന്തോഷത്തിലാണല്ലോ. നീ ഫോട്ടൊയെടുത്തോടാ മോനേ? ദേ ഷിബു എടുത്ത ഫോട്ടൊയൊക്കെ നീയൊന്ന് നോക്കിയേ. ഇപ്പോ കൊണ്ട് വന്നതേയുള്ളു അവന്‍.” അമ്മ ഫോട്ടോകള്‍ നിറഞ്ഞ കവര്‍ അപ്പുക്കുട്ടന്റെ നേര്‍ക്ക് നീട്ടി.


“അപ്പോ ഇതില് ഫിലിമില്ലാരുന്നോടാ?” അപ്പുക്കുട്ടന്‍ ദയനീയമായി അഞ്ചുകണ്ണനെ നോക്കി.


“അപ്പോ ഫിലിമില്ലാത്ത കാമറായും കൊണ്ടു പോയി പടമെടുത്തിട്ടാണോ ഈ പരാക്രമമൊക്കെ കാട്ടണത്?”
“ബു ഹ ഹ ഹ...” അഞ്ചുകണ്ണന്‍ നാട് കിടുങ്ങുമാറുച്ചത്തില്‍ ഗര്‍ജ്ജിച്ചു കൊണ്ട് വായനശാലയിലേക്കോടി.

ചൂടാറും മുന്‍പ് വാര്‍ത്ത ജനങ്ങളിലേയ്ക്കെത്തിച്ചില്ലെങ്കില്‍ പിന്നെ അഞ്ചുകണ്ണനെന്താ ഒരു വില![ഇന്ന് ഉദയാ സ്റ്റുഡിയോ ഇല്ല.വാതുക്കലെ ഭൂഗോളവും അതിന്മേല്‍ നിന്ന് കൂവുന്ന കോഴിയുമില്ല.പകരം പഴയകാല സിനിമയുടെ നല്ലചില മുഹൂര്‍ത്തങ്ങള്‍ നല്‍കിയ രസകരമായ ഓര്‍മ്മകളും പേറി ജീവിക്കുന്ന കുറച്ച് പരിസരവാസികള്‍ മാത്രം.]

Read more...

കളക്ടര്‍ പുരുഷന്റെ അമ്മ.

Sunday, May 6, 2007

ലീലച്ചേച്ചിയ്ക്ക് ആണും പെണ്ണുമായി ഒറ്റമോനേയുള്ളൂ.
എന്തിനാണ് പത്തെണ്ണം! ലീലച്ചേച്ചിയ്ക്ക് ഒരണ്ണം തന്നെ ധാരാളം.
ലീലച്ചേച്ചിയ്ക്ക് പുരുഷനെന്ന പുരുഷുമോനെ കൂടാതെ വേറെയും കുട്ടികള്‍ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു.

എന്തുചെയ്യാന്‍!

പുരുഷുമോനെ പെറ്റിട്ട അന്ന് കടന്നതാണവന്റെ തന്ത.പിന്നയീവഴിക്ക് കടന്നട്ടില്ല.വടക്കന്‍ നാട്ടിലെവിടെയോ പെണ്ണുകുട്ടി പരാധീനങ്ങളുമായി കഴിയുന്നു പോലും!

പുരുഷുമോന്റെ തന്ത നാട് കടക്കാനും സത്യത്തില്‍ കാരണക്കാരി ലീലച്ചേച്ചിതന്നെ.
അല്ലെങ്കിലും അവര്‍ക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു നേര്‍ച്ച നേരാന്‍.
അതും ഉഗ്രമൂര്‍ത്തിയായ കൈതത്തില്‍ ഭഗവാന്.

കുട്ടി ആണാവണമെന്ന് ലീലച്ചേച്ചി. പെണ്ണാവണമെന്ന് പുരുഷുവിന്റെ അച്ഛന്‍.
തര്‍ക്കം മൂത്ത് ആണ്‍കുട്ടിക്ക് വേണ്ടി ലീലചേച്ചി ഒരു നേര്‍ച്ചയങ്ങോട്ട് നേര്‍ന്നു.
"കുട്ടി ആണാണങ്കീ ഇങ്ങേരെ കൊണ്ട് നൂറ്റൊന്ന് ശയനപ്രദക്ഷിണമങ്ങ് നടത്തിയേക്കാമെന്റ ഭഗവാനേ..."
ലീലച്ചേച്ചി തിരുവയറൊഴിയുന്നതുവരെ പുരുഷുവിന്റെ അച്ഛന്‍ ശുഭാപ്തിവിശ്വാസിയായിരുന്നു.
പുരുഷു ഭൂജാതനായ അന്ന് മുങ്ങിയതാണ് പുരുഷുവിന്റെ അച്ഛന്‍.
ശയനപ്രദക്ഷിണം പേടിച്ച് മുങ്ങിയതാണന്നും അതല്ല നേരത്തെ ഉണ്ടായിരുന്ന ബന്ധം ഊട്ടി ഉറപ്പിക്കാന്‍ അവസരവും കാത്തിരുന്ന പുരുഷുവിന്റെ അച്ഛന്‍ സമയവും സന്ദര്‍ഭവും നോക്കി മുങ്ങിയതാണന്നും നാട്ടില്‍ ശ്രുതി.

പുരുഷു ജനിച്ചതില്‍ ലീലച്ചേച്ചി ഹാപ്പിയായി.

ആണ്‍കുട്ടിയല്ലേ വളര്‍ന്ന് വലുതായാല്‍ എന്തോരം സ്ത്രീധനം കിട്ടും! വട്ടിപലിശ ബിസിനസ് എന്തോരം വളരും!
ശയനപ്രദക്ഷിണത്തില്‍ തന്റെ നേര്‍ച്ച നിര്‍ത്തിക്കളഞ്ഞതില്‍ ലീലച്ചേച്ചി സന്തോഷവതിയാണ്.താന്‍ വല്ല ശൂലോം തറയ്ക്ക്ലും നേര്‍ന്നിരുന്നേ അങ്ങേര് എന്തോ ചെയ്തേനേ?
താനൊരു നേര്‍ച്ച നേര്‍ന്നു എന്നത് ഇത്ര വലിയ പാതകമാണോ. ഏതൊരമ്മയും തന്റെ ആരോമല്‍ കണ്മണിക്ക് വേണ്ടി ഇത്രയൊക്കെ ചെയ്യുന്നതല്ലേ? ഒരു നേര്‍ച്ചയുടെ പുറത്ത് നാട് കടക്കുന്ന മനുഷ്യനാണങ്കീ അങ്ങോട്ട് പൊയ്ക്കോട്ടെ. ലീലച്ചേച്ചി സ്വയം ആശ്വാസം കൊണ്ടിരുന്നു.

"ആണുങ്ങളായാ കൊറച്ച് ചൊണേം ഗുണോമൊക്കെ വേണം. അങ്ങേര് എന്നേം വിട്ട് പോകാന്‍ ഒരു കാര്യോം നോക്കി നടക്കുവാരുന്നു. മണുഗുണേപ്പന്‍. അങ്ങനെ തൊട്ടാ പൊട്ടണ സാധനമാണേ അങ്ങോട്ട് പോട്ടെ." ലീലച്ചേച്ചിയെ കുറ്റപ്പെടുത്തുന്നവര്‍ക്കുള്ള മറുപടി ഇതായിരുന്നു.

പുരുഷുമോന്‍ വളര്‍ന്നു.

ലീലച്ചേച്ചിക്ക് മകനെ കളക്ടറാക്കാനായിരുന്നു ആഗ്രഹം.

തന്തയുടെ അല്ലേ മോന്‍. എങ്ങനെ ഗുണം പിടിക്കാന്‍!

ഇരുത്തി പഠിച്ചതുകൊണ്ട് പഠിച്ച ക്ലാസിലെല്ലാം രണ്ടുവര്‍ഷത്തില്‍ കുറയാതിരുന്നു പഠിച്ചു.പത്ത് വര്‍ഷം കൊണ്ട് പഠിക്കേണ്ടത് പതിനെട്ട് വര്‍ഷമായിട്ടും തീരാത്തതിനാല്‍ ലീലചേച്ചി മകനെ പവലിയനിലേയ്ക്ക് തിരികെ വിളിച്ചു.

ഇരുപത് വര്‍ഷം തികച്ച് പഠിക്കണമെന്ന പുരുഷുമോന്റെ ആഗ്രഹം അങ്ങനെ അവസാനിച്ചു. എങ്കിലും പുരുഷുമോന് അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ടായിരുന്നു.
സ്കൂള്‍ ചരിത്രത്തിലാദ്യമായി ഏറ്റവും കൂടുതല്‍ കാലമെടുത്ത് പഠനം മുഴുമിക്കാതെ പുറത്ത് വന്ന മിടുക്കനായി പുരുഷുമോന്‍.

പുരുഷുമോനെ കളക്ടറാക്കണമെന്ന ഒടുങ്ങാത്ത മോഹം അവസാനിപ്പിക്കാന്‍ ലീലച്ചേച്ചി തയ്യാറായില്ല.
ലീലച്ചേച്ചി പുരുഷുമോനെ കളക്ടറാക്കുകതന്നെ ചെയ്തു.പുരുഷുമോനെ എങ്ങനെ ലീലച്ചേച്ചി കളക്ടറാക്കി എന്ന് ചോദിച്ചാല്‍ അവര്‍ അതിനൊരു നിമിത്തം മാത്രമായെന്നേ പറയാന്‍ പറ്റുകയുള്ളു. സത്യത്തില്‍ പുരുഷനെ കളക്ടറാക്കിയത് നാട്ടുകാരാണ്.

പഠിത്തം നിര്‍ത്തിയെങ്കിലും പുരുഷുമോനെ അലഞ്ഞുതിരിയാന്‍ ലീലചേച്ചി സമ്മതിച്ചില്ല. ലീലചേച്ചി പുരുഷുമോനെ തന്റെ ബിസിനസ്സിലേയ്ക്ക് കൊണ്ടുവന്നു.കടം കൊടുത്ത പണത്തിന്റെ പലിശ പിരിവ് പുരുഷനില്‍ നിക്ഷിപ്തമായി. അങ്ങനെ പുരുഷന്‍ കളക്ടര്‍ പുരുഷനായി!

കഷ്ടപ്പെട്ടുണ്ടാക്കിയ പണം നേരാം വണ്ണം വിനിയോഗിക്കണമെങ്കില്‍ പുരുഷുമോനൊരു കടിഞ്ഞാണിടണമെന്ന് ലീലചേച്ചി തീരുമാനിച്ചു.

അങ്ങനെയാണ് ലീലചേച്ചി മകന് കല്യാണാലോചനയുമായി ഇറങ്ങിതിരിച്ചത്. തന്റെ മോന് വിദ്യയുടെ കുറവല്ലേ ഉള്ളു. ധനത്തിന് യാതൊരു കുറവുമില്ലല്ലോ.ഉള്ള ഒരു കുറവ് നല്ലോണം അറിയാവുന്നതിനാല്‍ ലീലചേച്ചി സ്ത്രീധനത്തില്‍ ചെറിയ നീക്കുപോക്കിന് തയ്യാറായി. പക്ഷേ മകന്റെ പോരായ്മ പരിഹരിക്കണവളാവണം തന്റെ മരുമകളെന്ന് ലീലചേച്ചിയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പലിശ കണക്ക് പറഞ്ഞ് വാങ്ങിക്കണമല്ലോ.

കുറച്ച് കാലതാമസമുണ്ടായെങ്കിലും ലീലചേച്ചിയുടെ സങ്കല്‍പത്തിലെ മരുമോള്‍ തന്നെ അവസാനം എത്തിച്ചേര്‍ന്നു.

തങ്കമണി.

തങ്കം പോലത്തെ പെണ്ണ്.

മണിയുടെ കാര്യത്തിലും തങ്കമണിയുടെ കുടുംബം മറ്റാരെക്കാളും പുറകിലല്ലായിരുന്നു.

വിദ്യാഭ്യാസത്തില്‍ പുരുഷുവിനേക്കാള്‍ മുന്നിലും. മണിമണിയായി ഇംഗ്ലീഷ് പറയും. കണക്കില്‍ ഫസ്റ്റ്ക്ലാസ്. ഇതില്‍പരം ഇനിയെന്തു വേണം.

ഭര്‍ത്താവില്ലാതെ മോനെ വളര്‍ത്തിയ കഷ്ടപ്പാടിന്റെ കണക്ക് കൂടി പറഞ്ഞ് ലീലചേച്ചി സ്ത്രീധനം വാങ്ങിയെന്നാണ് നാട്ടില്‍ സംസാരം.

ലീലചേച്ചി ജീവിതത്തില്‍ ഒരിക്കല്‍കൂടി ഹാപ്പിയായി.

പുരുഷുമോനും ഹാപ്പിയായി.പക്ഷേ പുരുഷു മോനെ അലട്ടിയ ഒരു പ്രശ്നമുണ്ടായി. അത് തുടങ്ങിയത് തങ്കമണി തന്റെ കൂട്ടുകാരിയുമായി ഫോണില്‍ സംസാരിക്കുന്നത് കേട്ടത് മുതലാണ്.

ഇംഗ്ലീഷിലല്ലേ തങ്കമണി കൂട്ടുകാരിയോട് ഹൗവാര്‍യൂ എന്ന് ചോദിച്ചത്. തനിക്കാണങ്കില്‍ എബിസിഡി പോലും തെറ്റാതെ പറയാനറിയില്ല.

അവടെ ഇംഗ്ലീഷറിയാവുന്ന കൂട്ടുകാരികളെപ്പോഴെങ്കിലും തന്നോടും ഇംഗ്ലീഷിലെന്തെങ്കിലും ചോദിച്ചാല്‍ എന്തോ പറയും?
പല പല ചിന്തകള്‍ പുരുഷനെ വേട്ടയാടി.
ആയകാലത്ത് പഠിക്കാതെ നടന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായി തുടങ്ങി. പുരുഷു പിന്മാറിയില്ല. അവന്‍ അപ്പുക്കുട്ടന്റെ സഹായത്താല്‍ പലവാക്കുകളും പഠിച്ചു. അപ്പുക്കുട്ടന്‍ പുരുഷുവിന്റെ കാണപ്പെട്ട ദൈവമായി.

പഠിച്ചു വരുന്ന ഇംഗ്ലീഷ് ഭാര്യയെ കേള്‍പ്പിക്കാനുള്ള അവസരവും കാത്ത് പുരുഷനിരുന്നു.

കൈലിയുമുടുത്ത് ബനിയനുമിട്ട് വീട്ട് മുറ്റത്ത് കസര്‍ത്ത് നടത്തിക്കൊണ്ടിരുന്ന പുരുഷുവിന്റെ തലയിലൂടെ ഒരു കൊള്ളിയാന്‍ മിന്നിയത് മീന്‍കാരന്‍ കുഞ്ഞാപ്പിയുടെ കൂകി വിളി കേട്ടപ്പോഴാണ്.

കസര്‍ത്തൊക്കെ നിര്‍ത്തി പുരുഷു വാതുക്കലെ റോഡിലോട്ടിറങ്ങിനിന്നു.
കുഞ്ഞാപ്പി സൈക്കിള്‍ നിര്‍ത്തി.
മീന്‍കുട്ടയിലേയ്ക്ക് പുരുഷു എത്തി നോക്കി. ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനൊരു സംഭവം.
എങ്കിലും നോക്കി. മത്തിയുണ്ട്. അയലയുണ്ട്.

പുരുഷു ഭാര്യയെ വിളിച്ചു.

"തങ്കൂ, ദാ ഇങ്ങോട്ട് വന്നേ. കുഞ്ഞാപ്പിടേ പക്കല്‍ മത്തി ഫിഷുണ്ട്. അയലഫിഷുണ്ട്. നിനക്കേതാ വേണ്ടതെന്ന് നോക്കിക്കേ. രണ്ടും നല്ല ഫ്രെഷാ."

തങ്കമണിയേക്കാള്‍ ആദ്യം ഓടിയെത്തിയത് ലീലചേച്ചിയായിരുന്നു.

ലീലചേച്ചി വിശ്വാസം വരാത്തവണ്ണം പുരുഷുവിനെ നോക്കി.

"എന്താടാ മോനേ നീ പറഞ്ഞേ? ഒന്നുകൂടി പറയടാ മോനേ ഈ അമ്മയൊന്ന് കേക്കട്ടടാ."

പുരുഷു അമ്മയെ ശ്രദ്ധിച്ചില്ല.

അവന്‍ തങ്കമണിയോട് വീണ്ടും ചോദിച്ചു.

"നിനക്കേത് ഫിഷാ വേണ്ടത്? വേഗം പറഞ്ഞോ."

തങ്കമണി ചിരിച്ചു.

ലീലചേച്ചി ചിരിച്ചില്ല. പകരം കൈകള്‍ രണ്ടും ചെണ്ട കുട്ടന്‍ തകിട തകിടയെന്ന് ചെണ്ടപ്പുറത്ത് കോലുകള്‍ വീഴിക്കുന്നമാതിരി സ്വന്തം നെഞ്ചത്ത് യാതൊരു ദാക്ഷണ്യവുമില്ലാതെ വീഴിച്ച് കൊണ്ടലറി.

"എന്റെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിയല്ലോ എന്റെ ദൈവമേ..."

ഒച്ച കേട്ട് ആള്‍ക്കാരു കൂടി. എത്രനേരമെന്ന് കരുതിയാ നെഞ്ചത്തിട്ടടിക്കുന്നത് കണ്ട് നില്‍ക്കുന്നത്. അപ്പുക്കുട്ടന്‍ ലീലചേച്ചിയുടെ കൈകള്‍ പിടിച്ചുവെച്ചു.

"എന്താ ചേച്ചി ഇത്? വെറുതേ നെഞ്ചിടിച്ച് കലക്കുന്നത്."

"വെറുതേയോ? നിനക്കറിയുമോ മോനേ, ദാ. ദീ നിക്കണ എന്റെ മോനുണ്ടല്ലോ അവനെന്നോടീ ചതി ചെയ്യേണ്ട വല്ല കാര്യോണ്ടോ?" ലീലചേച്ചി അപ്പുക്കുട്ടന്റെ കൈകളില്‍ നിന്നും കുതറി മാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

"എന്താ തള്ളേ, നിങ്ങളീ പറയണത്? ഞാനെന്തോന്ന് ചെയ്തെന്നാ?" പുരുഷുവിന് സഹിക്കാന്‍ പറ്റിയില്ല.

"നീ ഒന്നും ചെയ്തില്ല അല്ലേടാ. നീ ഇപ്പോ എന്തോന്നാ തങ്കമണിയോട് പറഞ്ഞത്? ടാ... നിനക്കിത്രേം ഇംഗ്ലീഷറിയാമെന്ന് എനിക്കറിയാമാരുന്നേ ഞാനതും കൂടെ കൂട്ടി നിനക്ക് സ്ത്രീധനം വാങ്ങിക്കുകേലാരുന്നോടാ മഹാപാപീ..."

അപ്പുക്കുട്ടന്‍ ലീലചേച്ചിയുടെ കൈകളിലെ പിടുത്തം വിട്ടു.

പാവം ലീലചേച്ചി. അവര്‍ തളര്‍ന്ന് താഴെയിരുന്നു.

Read more...

പല്ല് കൊഴിഞ്ഞ സിംഹം

Tuesday, May 1, 2007

രാമന്‍ നായരെ അറിയില്ലേ?

ഈ ജാതി സ്പിരിറ്റ് ജാതി സ്പിരിറ്റ് എന്ന സാധനം എന്താണന്നറിയണമെങ്കില്‍ രാമന്‍ നായരെ നോക്കി പഠിക്കണം.

പത്തറുപത് വയസ് ഉണ്ടങ്കിലുമെന്താ? ആയ കാലത്ത് കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ബുദ്ധി രാമന്‍ നായര്‍ക്കുണ്ടായല്ലോ. അതുകൊണ്ടാണല്ലോ ഇപ്പോഴും റിട്ടയറാവാന്‍ ഇനിയും അഞ്ച് കൊല്ലം ബാക്കിയുണ്ടന്ന് നാലഞ്ച് കൊല്ലമായി രാമന്‍ നായര്‍ പറഞ്ഞുപോരുന്നത്.

മുടിമുഴുവന്‍ പഞ്ഞിക്കെട്ട് പോലെയായാലെന്താ.? മുഖം മുഴുവന്‍ ചുക്കിച്ചുളിഞ്ഞാലെന്താ? പണിയുടെ കാര്യത്തില്‍ രാമന്‍ നായരുടെ പരിസരത്ത്പോലും ഒറ്റൊരുത്തനും വരില്ല. അതുകൊണ്ട് തന്നെ രാമന്‍ നായരെ പറഞ്ഞു വിടണമെന്ന് മാനേജ്മെന്റിനും അത്രയ്ക്ക് താല്‍പ്പര്യമില്ലായിരുന്നു.

അല്‍പം മുന്‍ശുണ്‍ഠിയുണ്ടന്നുള്ളത് സത്യമാണ്. പക്ഷേ അതും ആളും തരവും നോക്കിയെ രാമന്‍ നായര്‍ കാണിക്കാറുള്ളായിരുന്നു. പുതിയതായി ജോയിന്‍ ചെയ്യുന്ന എഞ്ചിനീയര്‍ പിള്ളേരെ കണ്ടാല്‍ രാമന്‍ നായര്‍ക്ക് ഹാലിളകും.
പുത്തന്‍ പിള്ളേരെ നെലയ്ക്ക് നിര്‍ത്തിയില്ലങ്കില്‍ അത് ഭാവിയില്‍ ദോഷമാകുമെന്നാണ് രാമന്‍ നായര്‍ക്കുള്ള അഭിപ്രായം.
എവന്മാര് ഇപ്പോളിങ്ങനെ മൂടും താങ്ങി നില്‍ക്കും. കൊറച്ച് പണി പഠിച്ച് കഴിഞ്ഞാല്‍ പിന്നെ ഒട്ടകത്തിന് സ്ഥലം കൊടുത്തപോലാകുമെന്നാണ് രാമന്‍ നായര്‍ പറഞ്ഞുപോരുന്നത്. അതിന് ഉദാഹരണ സഹിതം പറയാന്‍ രാമന്‍ നായരുടെ ഓര്‍മ്മയ്ക്ക് യാതൊരുവിധ മങ്ങലുമില്ല.

പണിയുടെയിടയില്‍ രാമന്‍ നായര്‍ക്ക് ഇടക്കിടെ മദംപൊട്ടും.
പിന്നെ അത്ര പെട്ടെന്നൊന്നും രാമന്‍ നായരെ തളയ്ക്കാന്‍ ആര്‍ക്കും സാധിക്കില്ല.
ഷിഫ്റ്റ് ഇന്‍ ചാര്‍ജ് എന്നല്ല പ്ലാന്റ് മാനേജര്‍ വന്നാല്‍ പോലും രാമന്‍ നായര്‍ കുലുങ്ങില്ല.

"ഇന്നലെ വന്നവന്മാര്‍, ഞാന്‍ പണി പഠിപ്പിച്ചവന്മാര്‍,ഇപ്പോള്‍ നമ്മുക്കിട്ട് പണിയാന്‍ വന്നാല്‍ വിടില്ല ഞാന്‍. ഇഞ്ചിനീരല്ല മാനേജരല്ല പ്രസിഡന്റ് വന്നാലും രാമന്‍ നായര്‍ക്ക് ചുക്കാ."

പ്രായത്തിന്റെയും പണിയുടെയും മിടുക്കില്‍ കത്തി നിന്നിരുന്ന രാമന്‍ നായരെ ചോദ്യം ചെയ്യാന്‍ ആരുമില്ലായിരുന്നു.
അങ്ങനെ കെട്ടഴിച്ച് വിട്ട കാളയെ പോലെ എഞ്ചിനീയര്‍മാരുടെ പേടി സ്വപ്നമായി രാമന്‍ നായര്‍ വിലസുന്ന കാലം.

രാമന്‍ നായരുടെ ദൗര്‍ബല്യം ഒന്നേയുണ്ടായിരുന്നുള്ളു. അത് ജാതിയായിരുന്നു. നല്ല നായര്‍ തറവാട്ടില്‍ പിറന്നവനായാല്‍ രാമന്‍ നായരുടെ മുന്നില്‍ പിടിച്ചു നില്‍ക്കാം.

നായര്‍ ചെക്കന്മാരെ രാമന്‍ നായര്‍ പൊന്നുപോലെ നോക്കും. തനിക്ക് ഇഷ്ടമില്ലാത്തത് കാണിച്ചാല്‍ കണ്ടില്ലന്ന് നടിക്കും. രണ്ട് കൊല്ലം കൊണ്ട് പഠിക്കേണ്ടുന്ന മെഷീന്റെ മര്‍മ്മ സ്ഥാനങ്ങള്‍ രണ്ട് ദിവസം കൊണ്ട് പഠിപ്പിക്കും.

പുതിയതായി വരുന്ന പിള്ളേര്‍ക്ക് രാമന്‍ നായരെക്കുറിച്ചെന്തറിയാം.
എഞ്ചിനീയര്‍ സാറിന്റെ ഗമയില്‍ രാമന്‍ നായരുടെ മുന്നില്‍ ചെന്നു നിന്നാല്‍ വല്ല രക്ഷയുമുണ്ടോ?

രാജീവ് രത്തിനവും ഇതൊന്നുമറിയാതാണല്ലോ രാമന്‍ നായരുടെ മുന്നില്‍ ചെന്നുപെട്ടത്.
പണിയില്‍ ലയിച്ച് നില്‍ക്കുന്ന രാമന്‍ നായരുടെ അടുക്കല്‍ ചെന്ന് ചേട്ടാ ഇതെന്നതാ? എന്തിനാ ഇങ്ങനെ ചെയ്യുന്നത്? എന്നൊക്കെ ചോദിച്ചാല്‍ വല്ലതും നടക്കുമോ?

രാമന്‍ നായര്‍ വെറുതേ നില്‍ക്കുന്ന സമയത്ത് നടക്കില്ല. പിന്നെയാണിപ്പോള്‍!

ഇവിടെയിപ്പോള്‍ കലാപം നടക്കും. ആകാംക്ഷാഭരിതരായി സഹപ്രവര്‍ത്തകര്‍ നോക്കി നിന്നു. ശേഷം കാഴ്ച കാണാനായി.

പതിവില്‍ നിന്നും വിരുദ്ധമായി എല്ലാവരേയും അതിശയിപ്പിച്ച് കൊണ്ട് രാമന്‍ നായര്‍ കോലാഹലമുണ്ടാക്കാതെ തന്നെ രാജീവിനെ വിളിച്ചുകൊണ്ട് കുറച്ച് ദൂരേയ്ക്ക് മാറി.

പുതിയ ആളാ? രാമന്‍ നായര്‍ ചോദിച്ചു.
അതേ.
എഞ്ചിനീയറാ?
അതേ.
നാടെവിടെയാ?
മൂവാറ്റുപുഴ.
അതേയോ. രാമന്‍ നായര്‍ ഹാപ്പിയായി. രാമന്‍ നായരും മൂവാറ്റുപുഴക്കാരനാണ്.
പേരെന്താ?
രാജീവ് രത്തിനം.

രാമന്‍ നായര്‍ക്ക് പേരത്രയ്ക്കങ്ങട്ട് ദഹിച്ചില്ല.പുതിയ പിള്ളാരുടെ ഓരോരോ പേരേ...
എന്തോന്നാ? രാമന്‍ നായര്‍ വീണ്ടും ചോദിച്ചു.

രാജീവ് രത്തിനം.

രാമന്‍ നായര്‍ ഒരു നിമിഷം ആലോചിച്ചു. ആള് ഹിന്ദുവാണോ, നായരാണോ. ഒരു പിടിയും കിട്ടുന്നില്ല. അടുത്ത ചോദ്യം ഉടനുണ്ടായി.എന്തിനാ കൂടുതല്‍ വെച്ച് നീട്ടുന്നതെന്ന് രാമന്‍ നായര്‍ വിചാരിച്ചുകാണും.അല്ലെങ്കിലും നേരേ വാ നേരേ പോ എന്നതാണല്ലോ രാമന്‍ നായര്‍ സ്റ്റൈല്‍!

നായരാണോ?

അല്ല.

കാഴ്ചയില്‍ ഇത്രയും സുമുഖനായൊരു എഞ്ചിനീയറെ രാമന്‍ നായരിതുവരെ കണ്ടിട്ടില്ല.
ഇത്രയ്ക്കും സൗന്ദര്യമുണ്ടാകണമെന്നുണ്ടങ്കില്‍ ആള്‍ ഒന്നുകില്‍ നായരായിരിക്കണം അല്ലെങ്കില്‍ ബ്രാഹ്മിണനായിരിക്കണം.വെളുപ്പ് നിറവും,സൗന്ദര്യവും ബ്രാഹ്മിണര്‍ക്കും നായന്മാര്‍ക്കും ദൈവം അനുഗ്രഹിച്ച് നല്‍കിയതാണത്രേ.അതിന് അസൂയപ്പെട്ടിട്ട് കാര്യമില്ലന്ന് പലപ്രാവശ്യം മറ്റ് ജാതി മതസ്തരെ രാമന്‍ നായര്‍ ഓര്‍മ്മിപ്പിച്ചിട്ടുള്ളതുമാണ്.

സൗന്ദര്യത്തിന്റെ അളവു കോലു വെച്ച് നോക്കുമ്പോള്‍ രാജീവ് രത്തിനം നായരല്ലങ്കില്‍ ബ്രാഹ്മിണനാകും.കൂടാതെ പേരിന്റെ ആദ്യഭാഗം ആളൊരു ഹിന്ദുവാണന്ന് ഉറപ്പാക്കുന്നു.

പിടികിട്ടാത്തത് രത്തിനമെന്ന രണ്ടാമത്തെ ഭാഗമാണ്.

രാമന്‍ നായരുടെ അടുത്ത് ചോദ്യമുണ്ടായി.

ബ്രാഹ്മിണനാണോ?

അല്ല. രാജീവ് ഉത്തരം നല്‍കി.

രാമന്‍ നായരുടെ ജീവിതത്തിലാദ്യമായിട്ടാണ് ജാതിയെ സംബന്ധിച്ച കണക്കുകൂട്ടല്‍ തെറ്റുന്നത്.

സഹിക്കാന്‍ പറ്റുമോ രാമന്‍ നായര്‍ക്ക്.

നായരു കുലത്തിലും ബ്രാഹ്മണകുലത്തിലുമല്ലാതെയുള്ളൊരാള്‍ക്ക് ഇത്രയും സൗന്ദര്യമുണ്ടാവുകയെന്ന് പറഞ്ഞാല്‍...

അത് നായര്‍ക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരുന്നു.

രാമന്‍ നായരുടെ മുഖം ചുവന്നു. കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി വന്നു.കഴുത്തിലെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി.വലതു കൈ പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന സ്പാന്നറില്‍ അമര്‍ന്നു.

പെട്ടെന്നുള്ള ഭാവമാറ്റവും പോക്കറ്റില്‍ നിന്നുയര്‍ന്നു വരുന്ന സ്പാന്നറും രാജീവ് കണ്ടു.

''നായരും ബ്രാഹ്മിണനുമല്ലെങ്കില്‍ പിന്നെത്താനാരുവാടോ?'' രാമന്‍ നായര്‍ ഗര്‍ജ്ജിച്ചു.

രാജീവ് ഓടി.

അടുത്തുണ്ടായിരുന്ന മറ്റ് ജോലിക്കാര്‍ കൂകിവിളിച്ചു. അത് രാജീവിന്റെ ഓട്ടം കണ്ടിട്ടായിരുന്നില്ല.

സര്‍വ്വശക്തിയുമെടുത്ത് ഒച്ചയെടുത്ത് വയറ്റിലെ കാറ്റ് മുഴുവന്‍ വായിലൂടെ തള്ളി രാജീവിനെ പറപ്പിച്ചപ്പോള്‍ താഴെവീണ വെപ്പ് പല്ല് എടുക്കുവാനുള്ള രാമന്‍ നായരുടെ വെപ്രാളം കണ്ടിട്ടായിരുന്നു.


സമര്‍പ്പണം: എന്റെ സുഹൃത്ത് പ്രവാസി നായര്‍ക്ക്.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP