Followers

കളരിയാശാന്‍ കണ്ണപ്പന്‍

Thursday, May 24, 2007

കണ്ണപ്പനാശാനെ ഒന്നു കാണേണ്ടതുതന്നെയാണ്.
എന്താ ഒരു തടി! എന്താ ഒരു പൊക്കം!
ആറടി പൊക്കവും പൊക്കത്തിനൊത്ത തടിയും, തടിക്കൊത്ത മീശയും,മീശക്കൊത്ത നിറവും.
എണ്ണക്കറുപ്പെന്നതിനേക്കാള്‍ കണ്ണപ്പ കറുപ്പെന്ന് പറയുന്നതാണ് മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പം നാട്ടുകാര്‍ക്ക്!
കൈക്കും കാലിനുമൊക്കെ എന്തൊരു മുഴുപ്പാ!
പാരമ്പര്യമാ...
കണ്ണപ്പനാശാന്റെ അച്ഛനപ്പൂപ്പന്മാരെല്ലാം തന്നെ തടിയില്‍ ഒന്നിനൊന്ന് കിടപിടിക്കുന്നവരായിരുന്നു.
അടിയിലും അടിതടയിലും ആരും പുറകിലായിരുന്നില്ല. എങ്ങനെ പുറകിലാകും?
കളരിയല്ലേ സ്വന്തമായുള്ളത്! മുതുമുത്തച്ഛന്മാരുടെ കാലം മുതലുള്ള കളരിയാണ്. ഇപ്പോള്‍ എല്ലാം കണ്ണപ്പനാശാന്റെ തലയിലാണ്. ശിഷ്യഗണങ്ങളുണ്ട് ഒരു നൂറെണ്ണം! ആശാന്റത്രയും കിടിലന്മാരാരും ഇല്ലന്ന് മാത്രം.
എങ്ങനെ ഉണ്ടാകാനാണ്! ആശാന്‍ പതിനെട്ടടവും ആരെയും ഇതുവരെ പഠിപ്പിച്ചിട്ടില്ല.
ആശാന്‍ ബുദ്ധിമാനാണ്.
ഏതെങ്കിലും ഒരുത്തന്‍ ഏതെങ്കിലും കാലത്ത് കണ്ണപ്പകുലത്തിനെതിരായി തിരിഞ്ഞ് കൂടന്നൊന്നുമില്ലല്ലോ. കലികാലമാണ്. സൂക്ഷിക്കണം. അപ്പൂപ്പന്മാരുടെ പേരു കളയരുതെന്ന് ആശാന് നിര്‍ബന്ധം.അത്രേ ഒള്ളൂ കാര്യം.

ആശാന്‍ ഒറ്റയ്ക്കേ എവിടേം പോകൂ. എന്തിനാ കൂട്ടിന്റെ ആവശ്യം? തൊട്ടാല്‍ തൊട്ടവനെ തട്ടാന്‍ ആശാനൊറ്റയ്ക്ക് മതി.
ആശാന്‍ മുഹമ്മയ്ക് പോയതും വന്നതു ഒറ്റയ്ക്ക്.

സാക്ഷാല്‍ ശ്രീ അയ്യപ്പനെ കളരി പഠിപ്പിച്ച ചീരപ്പന്‍ ചിറയില്‍ പോയതാണ്. അതങ്ങനെയുള്ളതാണ്. ഇടയ്കിടയ്ക്ക് ആശാന്‍ ചീരപ്പന്‍ചിറയില്‍ പോകും. വെറുതേ പോകുന്നതാണ്. അവിടുത്തെ കാറ്റടിച്ചാല്‍ മതി. ആശാന് കളരി ഉന്മേഷം കൂടും.

ഇത്തവണ ആശാന്‍ തിരിച്ചെത്തിയപ്പോള്‍ അല്‍പം വൈകി. വണ്ടികിട്ടാന്‍ താമസിച്ചാല്‍ പിന്നെ വൈകാതിരിക്കുമോ?
അല്ലെങ്കിലും ഇരുട്ടിയാലും ആശാനെന്തിനാണ് പേടിക്കുന്നത്. ഇരുട്ട് പേടിച്ചാലും ആശാന്‍ പേടിക്കില്ല. ഇരുട്ടിനെ വെല്ലുന്ന നിറമല്ലേ ആശാന്റേത്!
ബസിറങ്ങി വളവ് തിരിഞ്ഞ് തോട്ടിറമ്പിലെത്തി ആശാന്‍. ഏതോ ഒരുത്തന്‍ റോഡിന് നടുവില്‍ നില്‍ക്കുന്നു. കൂടെയും ആരൊക്കെയോ ഉണ്ട്. അവരെല്ലാം നിലത്തിരിക്കുകയാണ്.
റോഡില്‍ നില്‍ക്കുന്നവന്‍ കൊന്നത്തെങ്ങ് പോലെ നിന്നാടുന്നു. സേവിച്ചിട്ടുണ്ടന്ന് തോന്നുന്നു. അതുമാത്രമോ!
വൃത്തികേടല്ലേ അവന്‍ കാണിക്കുന്നത്!
റോഡിന്റെ നടുക്കിട്ട് മൂത്രമൊഴിക്കുകയെന്ന് പറഞ്ഞാല്‍ പിന്നെ വൃത്തികേടല്ലേ?
ചോദിച്ചില്ലെങ്കില്‍ കളരി പരമ്പരദൈവങ്ങള്‍ ആശാനോട് പൊറുക്കുമോ!
കാടന്‍ കുഞ്ഞനല്ല പോക്കിരി തോമ്മയാണേലും ആശാന്‍ ചോദിക്കും. എന്തിനാ പേടിക്കുന്നത്. കളരിയല്ലേ കൈയിലുള്ളത്.
“എന്താടാ റോഡിന്റെ നടുക്കിട്ട് തന്നെ വൃത്തികേട് കാണിക്കണോടാ?” ആശാന്‍ ചോദിച്ചു.
“എന്താടാ കാരാമേ, മൂത്രമൊഴിക്കേന്ന് പറഞ്ഞാല്‍ വൃത്തികേടാ...? താനിതൊന്നും ചെയ്യേലേടാ പൂവേ...?” പോക്കിരി കുഞ്ഞന്‍ ന്യായം ചോദിച്ചു.

ജീവിതത്തിലാദ്യമായി, കണ്ണപ്പകുടുംബത്തിന്റെ കളരി ചരിത്രത്തിലാദ്യമായി ഒരുത്തന്‍ ശബ്ദമുയര്‍ത്തിയിരിക്കുന്നു.
മദ്യത്തിന്റെ ലഹരിയിലാണങ്കിലും വെറുതേ വിടാന്‍ പാടുണ്ടോ?
നൂറ്റമ്പത് പേരെ ഒറ്റയ്ക്കിടിച്ച് നിരത്തിയ അപ്പൂപ്പന്റെ പേര് കളയാന്‍ പാടില്ല.
ആശാന്‍ കുഞ്ഞന്റെ കൊങ്ങായ്ക്ക് കയറി പിടിച്ചു. പകരം പത്ത് കൈകള്‍ ആശാന്റെ കൊങ്ങായ്ക്കും പിടിച്ചു. കൊങ്ങായ്ക്ക് പിടിച്ചാല്‍ ശ്വാസം മുട്ടില്ലേ? ആശാനും ശ്വാസംമുട്ടി.
കള്ളുകുടിയന്മാര്‍ക്കതുവല്ലതുമുണ്ടോ.
അവരാശാനെ എടുത്തിട്ട് ചവുട്ടി.
വണ്ടി കേറിയ മാക്കാച്ചിയെപ്പോലെ ആശാന്‍ റോഡില്‍ കിടന്നു.
പോക്കിരി കുഞ്ഞനും കൂട്ടരും ഷാപ്പിലേയ്ക്ക് വീണ്ടും പോയി.

സെക്കന്റ് ഷോയും കഴിഞ്ഞ് എസ്സെന്‍ തീയറ്ററില്‍ നിന്നും മടങ്ങി വന്ന ശിഷ്യഗണങ്ങളാണ് ആശാനെ കണ്ടത്.
അവരാശാനെ പൊക്കിയെടുത്ത് പൊടിതട്ടി തോട്ടിലെ വെള്ളം തളിച്ചു മുഖത്ത്.
“എന്ത് പറ്റി ആശാനെ ആരെങ്കിലുമായി വഴക്കുണ്ടായോ?” ശിഷ്യന്മാര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു.
“ങ്ഹും വഴക്ക്. എന്നെയൊന്ന് നെലത്ത് നിര്‍ത്തിയിരുന്നേ കാണാമായിരുന്നു കളി. കളരി സ്റ്റെപ്പെടുക്കാന്‍ പറ്റാഞ്ഞതുകൊണ്ട് രക്ഷപെട്ടു അവന്മാര്‍. എവിടെ പോകാനാ? ഇനിയും വരും എന്റെ കൈയില്‍ തന്നെ."
ആശാന്‍ താഴെ കിടന്ന തോര്‍ത്തെടുത്ത് തോളിലിട്ടുകൊണ്ട് മുന്നോട്ട് കളരിമുറയില്‍ നടന്നു.ശിഷ്യന്മാര്‍ പുറകേയും.

22 comments:

Sathees Makkoth | Asha Revamma said...

വണ്ടി കേറിയ മാക്കാച്ചിയെപ്പോലെ ആശാന്‍ റോഡില്‍ കിടന്നു.
പുതിയ പോസ്റ്റ്- കണ്ണപ്പനാശാന്‍

കരീം മാഷ്‌ said...

കളരിയല്ലേ സ്വന്തമായുള്ളത്!
മുതുമുത്തച്ഛന്മാരുടെ കാലം മുതലുള്ള കളരിയാണ്
കളരി ചിലപ്പോള്‍ കാര്യത്തിനുതകില്ല.
കാലു ബലം ആയുസ്സു നീട്ടം!
തരക്കേടില്ല. കളരിയാശാന്‍.

Pramod.KM said...

നെലത്ത് നിര്‍ത്തിയിരുന്നേ കാണാമായിരുന്നു കളി:)
ഹഹ

O¿O (rAjEsH) said...

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ശിഷ്യന്മാരിലും കരിങ്കാലികളുണ്ടായിരുന്നല്ലേ?
ആരാ വിവരം പുറത്താക്കീത്?

നെലത്ത് നിര്‍ത്തിയിരുന്നെങ്കില്‍ പത്തൊന്‍പതാം അടവെങ്കിലും എടുക്കായിരുന്നു പാവം...

വേണു venu said...

ഹാഹാ...സതീശേ, 18‍ാമത്തെ അടവു്, ആശാനും മറന്നു പോയോ.ശിഷ്യന്മാര്‍ക്കു് പറഞ്ഞു കൊടുത്തതും ഇല്ല. ആവശ്യം വന്നപ്പോള്‍...:)

തമനു said...

ഹഹഹ പാവം ആശാന്‍...

ഓടോ: എനിക്കും ഇതിന് സമാനമായൊരു അനുഭവമുണ്ട്. അത്‌ പക്ഷേ സ്കൂളില്‍ പ്രസംഗമത്സരത്തിന് കേറിയപ്പോളാരുന്നു. സംഘം ചേര്‍ന്നുള്ള കൂവല്‍ ആയിരുന്നു അന്ന്‌. അവര് കൂവല്‍ ഒന്നു നിര്‍ത്തിയിട്ടുവേണ്ടേ ഞാന്‍ പറയുന്ന പോയിന്റുകള്‍ ഒക്കെ ജഡ്ജസിന് ഒന്നു മനസിലാവാന്‍... അതു കൊണ്ട് എനിക്ക്‌ സമ്മാനം കിട്ടിയില്ല.

മുസ്തഫ|musthapha said...

“എന്ത് പറ്റി ആശാനെ ആരെങ്കിലുമായി വഴക്കുണ്ടായോ?” ശിഷ്യന്മാര്‍ ഒരേ ശബ്ദത്തില്‍ ചോദിച്ചു...

ഈ ചോദ്യത്തിനുള്ള ആശാന്‍റെ മറുപടി തന്നേയല്ലേ ‘പതിനെട്ടാമത്തെ അടവ്’ :)

ഇടിവാള്‍ said...

സതീശേ സംഭവം അലക്കന്‍!

ഒരുസംശയം: ഇതൊരു കവിതയാണോ ?
ഓരോ വരിക്കു ശേഷവും "Enter" ഇട്ട കണ്ടപ്പോള്‍ മുതലുള്‍ല സംശയമാണേ ! ഷെമി ;)

സാജന്‍| SAJAN said...

ഇടിവാള്‍ ചേട്ടാ കവിതേടേ ഡെഫിനിഷന്‍ കലക്കി ... എന്താ ഉദ്ദേശിച്ചത് ബൂലോകത്തിലെ ഏതെങ്കിലും കവിതയെ ഉദ്ദേശിച്ചാണോ....:)
സതിശേ വീണ്ടും അംഭരിപ്പിക്കുന്ന പ്രകടനം!!!

അപ്പൂസ് said...

ഇതു വായിച്ചു ചിരി ഒന്നൊതുങ്ങിയപ്പോഴാ ഇടിവാളേട്ടന്റെ കമന്റ് വായിച്ചത്..
ന്യായമായ സംശയം. :)

നമ്മുടെ കവിതാ വിമര്‍ശക കേസരികള്‍ ഒക്കെ എവിടെ?
ഡിങ്കാ, മനുവേട്ടാ.. ഓടി വാ..ഇവിടൊരു ഖണ്ഡകാവ്യം വിമര്‍ശനം കാത്തു കിടപ്പുണ്ടേ..

Dinkan-ഡിങ്കന്‍ said...

സതീശണ്ണാ :)
അപ്പൂസേ ഇത് ബണ്ഡകാവ്യമല്ല ഇതിഹാവമാണ്. കന്റില്ലേ ന്യൂ-ലൈന്‍-ഫീഡ് തമ്മിലുള്ള ഗ്യാപ്പ്. ആ ഗ്യാപ്പ് കണ്ടാണ് ഇടിയ്ക്ക് സംശയം വന്നത്. പക്ഷേ ഗ്യാപ്പ് കൂടുതലായതിനാല്‍ ഇത് കണ്ട-കാവ്യം അല്ല

സതീശണ്ണാ ഇടിക്കല്ലേ!

Anonymous said...

ഡിയര്‍ സതിശ്,
ഞാന്‍ പോസ്റ്റ് വായിച്ചു .. ഒറ്റവാക്കില്‍ സത്യം പറഞ്ഞാല്‍ വിഷമിക്കില്ലല്ലൊ
എനിക്കിഷ്ടപ്പെട്ടില്ല,
ഒരു പക്ഷേ എന്റെ അസ്വാദനശക്തിയുടെ പ്രോബ്ലം ആയിരിക്കും..
കാരണങ്ങള്‍,
1 ഇതില്‍ പുതുമ തോന്നിയില്ല..
വളരെ ദുര്‍‌ബലമായ ഒരു ത്രെഡ് ആയിരുന്നു അത് തന്നെ പ്രശ്നം
2 ശൈലി വളരെ പഴയത് പോലെ തോന്നി.. ക്വാണ്ടിറ്റിയല്ലല്ലൊ ക്വാളിറ്റിയില്‍ അല്ലേ..നോട്ടം?
1-2 ദിവസം കൂടെ നഗ്മപുരാണം ഓടിയേനല്ലൊ?
അത് ശരിക്കും മനോഹരമായിരുന്നു..
നല്ല നിഷ്ക്കളങ്കമായ തമാശ ..
ഒരു പക്ഷേ ഇത് എന്റെ മാത്രം അഭിപ്രായം ആയിരിക്കും
ക്ഷമിക്കുമല്ലോ..

സൂര്യോദയം said...

വിവരണം നന്നായി....
സ്റ്റെപ്പെടുക്കാന്‍ പറ്റാത്ത കേസ്‌ മുന്‍പ്‌ കേട്ടിട്ടുണ്ട്‌... കരാട്ടെ പഠിച്ച എന്റെ ഒരു സുഹൃത്തിന്റെ ചേട്ടനെ തിയ്യറ്ററില്‍ വച്ച്‌ വഴക്കുണ്ടായപ്പോള്‍ ചിലര്‍ എടുത്തിട്ടൊന്ന് പെരുക്കി... സ്റ്റെപ്പ്‌ എടുക്കാന്‍ ഗ്യാപ്‌ കിട്ടിയില്ലത്രേ...

ശ്രീ said...

വണ്ടി കേറിയ മാക്കാച്ചിയെപ്പോലെ ആശാന്‍ റോഡില്‍ കിടന്നു.
അതു കലക്കി....
:)

sandoz said...

എനിക്ക്‌ പരിചയമുള്ള ഒരു കരാട്ടേക്കാരന്‍ ഉണ്ടായിരുന്നു.പുള്ളീടെ പെങ്ങളെ ഒരുത്തന്‍ കളിയാക്കി.കരാട്ടേക്കാരന്‍ ഇതറിഞ്ഞ്‌ ജ്വലിച്ച്‌ വണ്ടിയെടുത്ത്‌ കളിയാക്കിയ ചെക്കന്റെ വീട്ടിലേക്ക്‌ പോയി.സംഭവം അറിഞ്ഞ്‌ മേട്‌ കാണാന്‍ ഞങ്ങളും പുറകേ വച്ച്‌ പിടിച്ചു.
കരാട്ടേക്കാരന്‍ വാതിലില്‍ മുട്ടി...
ചെക്കന്‍ പുറത്ത്‌ വന്നു.
അവനോട്‌ കരട്ടേക്കാരന്‍ പറഞ്ഞു......
'നീ വൈകീട്ട്‌ ഗ്രൗണ്ടില്‍ വരണം.അവിടെ വച്ച്‌ ഇടിച്ച്‌ നിന്റെ കൂമ്പ്‌ ഞാന്‍ ഇളക്കും'.

അമ്പരന്ന് പോയ ചെക്കനെ മൈയിന്‍ഡ്‌ ചെയ്യതെ പുറത്തിറങ്ങിയ കരാട്ടേക്കാരനോട്‌ ഞാന്‍ ചോദിച്ചു.
'എന്താ ഗ്രൗണ്ടില്‍ വരാന്‍ പറഞ്ഞത്‌.അവിടെയിട്ട്‌ പൂശിക്കൂടായിരുന്നോ.....'

അയാള്‍ എന്നോട്‌ പറഞ്ഞത്‌.....
'മുറ്റം പോരാ....ചാടി ചവുട്ടാനും കരാട്ടേ മുറകള്‍ എടുക്കാനും സ്പേസ്‌ പോരാ......'

സതീശാ...ആശാന്‍ കലക്കി.....

evuraan said...

കൊള്ളാം, രസിച്ചു വായിച്ചു..!

Siju | സിജു said...

കഥ പഴയതെങ്കിലും പറഞ്ഞ രീതി (കവിത) കൊള്ളാം :-)

qw_er_ty

Sathees Makkoth | Asha Revamma said...

കരീം മാഷേ അതുതന്നെ കാലുബ‍ലമേ ആയുസ്സ് നീട്ടത്തുള്ളു.
ചാത്താ,എന്തു ചെയ്യാം!
വേണുച്ചേട്ടാ,മറന്നുപോയതായിരിക്കില്ല.വേണ്ടന്ന് വെച്ചതായിരിക്കും
തമനൂ, കൂവിയില്ലായിരുന്നേല്‍ ഒറപ്പായിട്ടും കിട്ടുമായിരുന്നു അല്ലേ!
അഗ്രജാ ആണോ? ആയിരിക്കാം.
ഇടിവാള്‍,കവിത ഞാന്‍ മാറ്റി.ഇപ്പോള്‍ എന്തായിയെന്ന് പറയണേ.
സാജാ എന്തിനാ മറ്റുള്ളവരെ പിടിച്ചിടയ്ക്കിടുന്നത്?
അപ്പൂസേ അപ്പോള്‍ വിമര്‍ശക കേസരികളിവരൊക്കെയാണോ? എല്ലാരും കൂടി ഒരു സാഹിത്യവാരഫലം തുടങ്ങ്. നമ്മുടെ കൃഷ്ണന്‍ നായര്‍ സാറിന്റേതു പോലെ.
ഡിങ്കാ എപ്പോഴാ ഹൈദ്രാബാദിന്?
അനോണി സുഹൃത്തിന്,
അഭിപ്രായം തുറന്ന് പറഞ്ഞതിന് നന്ദി.തെറ്റുകുറ്റങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കാമെന്ന് മാത്രം പറയുന്നു.
സൂര്യോദയം തീയേറ്ററിലെവിടെയാ സ്ഥലമിരിക്കുന്നത് അല്ലേ?
സാന്‍ഡോസ്,ഒരലക്കന്‍ പോസ്റ്റങ്ങട് പ്രതീക്ഷിക്കാമോ?

പ്രമോദ്, രാജേഷ്,തറവാടി,ശ്രീ,ഏവൂരാന്‍,സിജു

എല്ലാര്‍ക്കും നന്ദി.വീണ്ടും വരിക.

അജി said...

അല്ലെങ്കില്‍ ആശാന്‍ ഒലത്തും, എന്ന് ശിഷ്യഗണങ്ങള്‍ മനസ്സില്‍ പറഞ്ഞിട്ടുണ്ടാവും അല്ലേ സതീശേ...
നല്ല അനുഭവം

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP