Followers

ഏഴാം കടൽ

Wednesday, December 9, 2020



സെബാസ്റ്റ്യൻ ഡോക്ടർ ചോദ്യങ്ങൾ പലതും ചോദിച്ചുകൊണ്ടിരുന്നെങ്കിലും കൊച്ചൗസേപ്പ് കൈകൾ തോളിൽ കൊളുത്തി മുകളിൽ കറങ്ങുന്ന ഫാനും നോക്കി ഗുണന ചിഹ്നമായി കസേരയിൽ കുത്തിയിരുന്നതല്ലാതെ മറുപടി ഒന്നും നൽകിയിരുന്നില്ല. 

“അപ്പച്ചന്റെ പേരെന്താണന്ന് ഓർമ്മയുണ്ടോ? വേണ്ട. പ്രായേത്രയായന്നെങ്കിലും പറയാമോ?” അറ്റകൈയെന്നോണമാണ് ഡോക്ടറത് ചോദിച്ചത്.


തോളുകൾ മുകളിലോട്ടാക്കി, ചേർത്ത് പിടിച്ച ചുണ്ടുകളിലൂടെ കാറ്റ് ഉള്ളിലോട്ട് വലിച്ച് കേറ്റി, കണ്ണുകളിറുക്കി അടച്ച കൊച്ചൗസേപ്പിനെ നോക്കി ഡോക്ടർ ചിരിച്ചു. പിന്നെ ചെവിയിൽ പതിയെ ചോദിച്ചു, “അമ്മച്ചി എന്നും അപ്പച്ചന് ഹരമാരുന്നു. അല്ലിയോ?” 

നാണം മൊട്ടിട്ട കൊച്ചൗസേപ്പിന്റെ  മുഖം നിശാഗന്ധി പോലെ വിരിഞ്ഞു. പല്ലുകളടർന്ന് മോണ തെളിഞ്ഞ വായയിൽ ചിരി നിറച്ചുകൊണ്ട് കൊച്ചൗസേപ്പ് തിരികെ ചോദിച്ചു,“അന്നമ്മ ആറെണ്ണത്തിനെ പെറ്റത്ചുമ്മാതാണോ ഡാക്ടറേ?” 

 

“ഡോക്ടറേ എഴുപത്തഞ്ച് ക ഴിഞ്ഞെന്നാ റേഷൻ കാർഡില്. പക്ഷേ കൈയ്യിലിരിപ്പ് മാത്രം ...” 

അവജ്ഞ മുറ്റി നിൽക്കുന്ന പത്രോസിന്റെ ശബ്ദം വാതിലിന് വെളിയിൽ നിന്ന് കേട്ടതും  കൊച്ചൗസേപ്പ് കസേരയിൽ നിന്നും ചാടി. “പന്ന നായിന്റെ മക്കൾ. ... അപ്പനെ നന്നാക്കാനിറങ്ങിയിരിക്കുന്നു.  ഞാനെന്റെ കെട്ടിയോളെ എന്തും ചെയ്യും. അതൊക്കെ ചോദിക്കാൻ നീയൊക്കെ ആരടാ?”  

സെബാസ്റ്റ്യൻ ഡോക്ടർ ശാന്തനായി എണീറ്റ് വന്ന് കൊച്ചൗസേപ്പിനെ പിടിച്ച് കസേരയിൽ വീണ്ടും ഇരുത്തിയിട്ട് തുറന്നിട്ടിരുന്ന വാതിൽ ചേർത്തടച്ചു. “അപ്പച്ചൻ അവിടിരി, എന്താ സംഭവിച്ചതെന്ന് ഓർത്ത് പറയാൻ പറ്റുമോന്ന് നോക്ക്.”


കൊച്ചൗസേപ്പ് വിരലുകൾ മടക്കി. ഒന്നാമൻ പത്രോസ്, അവന്ന് താഴെ ജോസ്, പിന്നെ ഏലി, മേഴ്സി, ജോർജൂട്ടി. പത്രോസും ജോസും കുടുംബത്തിനടുത്ത് തന്നാ താമസം. ഏലീടേം മേഴ്സീടേം കെട്ടിയോന്മാരുടെ വീടും അടുത്ത് തന്നാ. ഇനി നിങ്ങള് പറ ഡാക്ടറേ, അന്നമ്മ എന്റെ മുന്നില് എടക്കെടക്ക് വരണത് അവക്കടെ സ്നേഹം കൊണ്ടല്ല്യേ ...  അതിന് ഞാനെന്നാ പെഴച്ചെന്നാ . ...”


“മക്കൾ ആറു പേരുണ്ടന്നല്ലേ പറഞ്ഞത് ? ഒരാളുടെ പേരു കൂടി ബാക്കിയുണ്ടല്ലോ അപ്പച്ചാ?” 

ഡോക്ടറെ അതിശയിപ്പിച്ചുകൊണ്ടുള്ള അതി ശക്തമായൊര് ആട്ടായിരുന്ന് അപ്പോൾ കൊച്ചൗസേപ്പിൽ നിന്നുമുണ്ടായത്!


“ഫ്ഫ. ...“ പല്ലുകൾക്കിടയിലൂടെ തുപ്പൽ തെറിച്ചു. “സ്റ്റുഡിയോക്കാരൻ. ... തുണിയഴിപ്പിച്ച് പടമെടുത്ത് വിറ്റ നാറ്റക്കേസാ ... പുത്തൻ കുരിശ് തറവാടിന്റെ പടിക്കകത്ത് കേറ്റില്ല എരണംകെട്ടവനെ. ...” 


കൺസൾട്ടേഷൻ റൂമിന്റെ പുറത്ത് അപ്പോൾ പത്രോസിന്റെ ശബ്ദമുണ്ടായി. “തങ്കച്ചനെ കുറിച്ച് എന്തേലും പറഞ്ഞാലോ ഓർത്താലോ മതി. ഇതാ കളി. ... ”


ഡോക്ടർ കൊച്ചൗസേപ്പിനെ ഇമ വെട്ടാതെ നോക്കി, “അപ്പച്ചാ, യൂ ആർ പെർഫക്റ്റലി ആൾ റൈറ്റ്. ഇവരൊക്കെ പറയുന്നത് പോലെ ഒന്നുമില്ല.“


ഒരു വിജയിയുടെ ഔത്സുക്യത്തോടെ കൊച്ചൗസേപ്പ് കസേരയിലോട്ട് അമർന്നിരുന്നു.


-----


മേഴ്സി വെച്ച മുളകിട്ട് സ്രാവ് കറി ചൂട് ചോറിലേക്ക് വീണപ്പോഴായിരുന്നു കൊച്ചൌസേപ്പിന്റെ  കുസൃതി നിറഞ്ഞ കണ്ണുകൾ ഭിത്തിയിലിരുന്ന അന്നമ്മയെ അടിമുടി അളന്നത്. കുണുക്കനിൽ തട്ടിയെത്തിയ വെളിച്ചത്തിൽ  അന്നമ്മ എരിവായിമാറി. കൊച്ചൗസേപ്പിന്റെ  കുസൃതിക്കണ്ണുകൾ അന്നമ്മയെ വിളിച്ചു, 

“ഒരു തവണ...ഒറ്റത്തവണ കൂടി...ആരുമില്ലാത്ത സമയമല്ലേയെന്റന്നമ്മോ. ...“ അന്നമ്മ മിണ്ടിയില്ല. അനങ്ങിയില്ല.  “ആറ് പെറ്റപ്പോളും കാട്ടാത്തൊരു എടങ്ങേറ്. ...” 

കൊച്ചൌസേപ്പിന് സഹിച്ചില്ല. ഒറ്റ ചാട്ടമായിരുന്നു. സ്രാവ് കറി ചിതറി. യുവത്വം നഷ്ടപ്പെടാത്ത മനസ്സിന് മുന്നിൽ ചുളുങ്ങിയ ശരീരം ഉടഞ്ഞുവീണു. ചുവന്ന കറ പുള്ളിക്കുത്ത് വീഴ്ത്തിയ വെള്ള മുണ്ടിലേക്ക് മുഖമാഴ്ത്തിയിരുന്ന് അന്നമ്മ കരയുന്നത് കൊച്ചൗസേപ്പിന് സഹിച്ചില്ല. 

“നീ കേക്കാഞ്ഞോണ്ടല്ലേ അന്നമ്മേ ...”  അനന്തതയിലേയ്ക്ക് ചുഴിഞ്ഞിറങ്ങുന്ന കണ്ണുകളുമായ് അനങ്ങാതിരുന്ന അന്നമ്മയെ കൈയിലെടുത്ത് കൊച്ചൌസേപ്പ് തുരുതുരെ ചുംബിച്ചു. ഊർന്നിറങ്ങിയ മിഴിനീർ ചാലുകളായി ചില്ലിലൂടെ താഴേക്ക് പതിച്ച് ചിതറി.



“പ്രായായീന്ന് വെച്ച് ഇങ്ങനേമൊണ്ടോ? അപ്പനിതെന്തോന്നിന്റെ സൂക്കേടാ?” പൂണ്ടടക്കം പിടിച്ച്, അഴിഞ്ഞുപോയ മുണ്ട് അരയ്ക്ക് ചുറ്റിക്കുമ്പോൾ എഴുപത് കഴിഞ്ഞ എല്ലിന്റെ മൂപ്പിൽ പത്രോസ് പതറി.”


“ വയസ്സായെന്നൊരു ബോധോമില്ല. കെട്ടുപ്രായോള്ള കൊച്ചുമക്കളുള്ള വീടാ. നാണക്കേട്. ...”  മേഴ്സിയുടെ സങ്കടത്തിന് പരിഹാരമെന്നോണം ഏലി കൂട്ടിച്ചേർത്തു, “സന്ധ്യയാകുമ്പോഴേ വല്ല ഒറക്ക ഗുളികേം കൊടുത്താൽ മാനക്കേടില്ലാതെ കഴിയാൻ പറ്റുമാരുന്നു.” 


ഡോക്ടറെ കാണിക്കുന്നതാണ് ബുദ്ധിയെന്ന് ജോസാണ് പറഞ്ഞത്. കഴിഞ്ഞാഴ്ച ഗൾഫീന്ന് ഫോൺ ചെയ്തപ്പോൾ ജോർജൂട്ടിയും അതുതന്നെയാണ് പറഞ്ഞതെന്ന് മേഴ്സി ഓർമ്മിപ്പിച്ചു.


കാറിലേക്ക് തള്ളിക്കേറ്റാൻ പത്രോസും ജോസും ശ്രമിച്ച് കൊണ്ടിരുന്നപ്പോൾ വർഷങ്ങൾക്ക് മുന്നേ നസ്രാണിയ്ക്കെതിരായി തിരിഞ്ഞ ചോകാമ്മാരേം നായമ്മാരേം കൊച്ചൗസേപ്പ് മനസ്സിൽ കണ്ടു. അമ്മച്ചിക്ക് പസവാരമായ്*നൽകിയ അമ്പത് സെന്റിലെ കുരിശ് വളരാൻ തുടങ്ങിയപ്പോളായിരുന്നു കൊച്ചൗസേപ്പിനെതിരായുള്ള പോരിന്റെ തുടക്കം. സകലമാന ചോകാന്മാരും നായന്മാരും കൊച്ചൗസേപ്പിന് എതിരായി അന്ന്. ഒറ്റയാനായ നസ്രാണിയെ തകർക്കാൻ എല്ലാരും ഒറ്റക്കെട്ടായിരുന്നു.  


താങ്ങായി ഗബ്രിയേലച്ചൻ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും കൊച്ചൗസേപ്പപ്പോളോർത്തു.

തളർന്നില്ല. ഒറ്റയ്ക്ക് പൊരുതി. പറങ്കി രക്തമോടുന്ന സിരകളുള്ളവനാടാ കൊച്ചൗസേപ്പെന്ന് നാലുപേർ കേൾക്കേ വിളിച്ച് പറഞ്ഞു. ഒറ്റയാനായ നസ്രാണി പള്ളിയോടൊപ്പം വളർന്നു.

കാറിൽ നിന്നും തലപുറത്തേക്കിട്ട്, പള്ളീടെ മോളിൽ മാനം തൊട്ട് നിൽക്കുന്ന കുരിശിനെ നോക്കി കൊച്ചൗസേപ്പ് ചോദിച്ചു, 

“കർത്താവേ, നീ പറ. ഞാൻ കർത്താവിന്ന് നെരക്കാത്ത എന്തേലും ചെയ്തോ?” കർത്താവ് ഒന്നും മിണ്ടിയില്ല.

 “കർത്താവിന്നും പ്രശ്നോല്ല. അന്നമ്മക്കും പ്രശ്നോല്ല. പിന്നെ നെനെക്കൊക്കെ എന്തിന്റെ കേടാ. ...” 

ആരും ഒന്നും മിണ്ടിയില്ല. വൈക്കം കായലിലെ ഓളത്തിൽ ഉയർന്ന് വീഴുന്ന വഞ്ചിയിൽ കരയണയാൻ പ്രാർത്ഥനയോടിരുന്ന മേരിയുടെ മുഖം കൊച്ചൗസേപ്പിന് മുന്നിലപ്പോൾ കായലിൽ വീണ പൂർണ്ണ ചന്ദ്രനെപ്പോലെ തെളിഞ്ഞു വന്നു.



തുഴയോടൊപ്പം വലിഞ്ഞമരുന്ന പേശികളിലൂടെ ഒഴുകിയിറങ്ങിയ വിയർപ്പ് തുള്ളികളെ കാറ്റെടുത്തുകൊണ്ടു പോകുന്നതും നോക്കി ഇരിക്കുകയായിരുന്നു മേരി. മാറിൽ ചവിട്ടി വള്ളപ്പടിയിലോട്ട് ചരിഞ്ഞ്, കായലോളങ്ങളോടൊപ്പം ആടിയുലയുന്ന തിളക്കത്തെ കൈയാട്ടിവിളിച്ച്, ചാടിത്തുള്ളുന്ന കൊച്ചൗസേപ്പിനെ അടക്കി നിർത്തുവാൻ നന്നേ പാ‍ടുപെട്ടെങ്കിലും, പല്ലില്ലാത്ത മോണ കാട്ടിയുള്ള നിഷ്ക്കളങ്ക ചിരിയിലെ കുസൃതി ആ രാത്രിയിലും മേരിയുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ വീണ്ടും പ്രകാശമാനമാക്കി.


“അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുള്ളവനുമാകുന്നു. മേരീ, നീ ജീവിക്കാനുള്ളവളാണ്. കൊച്ചൗസേപ്പിനെവളർത്തണം.” ഒഴുക്കിനെതിരെ വള്ളം തുഴഞ്ഞുകൊണ്ടാണ് കോയയത് പറഞ്ഞത്.

തെക്കേ ചാർപ്പിൽ നിന്നും പുറത്തേക്ക് വീണ തേങ്ങയുടെ എണ്ണമെടുത്തതും, മൂപ്പെത്താത്തത് തിരിഞ്ഞ് മാറ്റിയതും, ആഢ്യത്തമൊള്ള പൊടിമീശക്കാരന്റെ ആഗ്രഹം അപ്പനെ അറിയിച്ചതും, കിഴക്കേ കായലിലെത്തിയ കെട്ടുവള്ളത്തിൽ വന്നിറങ്ങിയ ചെറുക്കന്റെ സംഘത്തിന്ന് മുന്നിൽ വഴികാട്ടിയായ് നടന്നതും കോയ തന്നെയായിരുന്നുവെന്ന് മേരിയപ്പോളോർത്തു.  മാപ്പിളേടേം മേത്തന്റേം ഒറ്റപ്പായേലൊറക്കം നിന്നതുപോലും തന്റെ വരവോടെയായിരുന്നുവെന്ന് ഓർത്തപ്പോൾ എന്നോ വഴിമാറിപ്പോയ ചിരി മേരിയുടെ ചുണ്ടുകളെത്തേടി വീണ്ടുമെത്തി.

“ഇപ്പോ എന്ത് തോന്നുന്നു മേരി?” നിലാവിൽ കുളിച്ച കായലിന് മാറ്റുകൂട്ടുന്ന മേരിയുടെ ചിരിയിൽ ആശ്വസിച്ചുകൊണ്ടാണ്  കോയയത് ചോദിച്ചത്.

“കോയേ, എന്തിനവിടെ വന്നു നിങ്ങളപ്പോൾ. ...?  വിധിക്ക് വിട്ടുകൂടാരുന്നോ ഞങ്ങളെ. ...?”

ആഞ്ഞ് വീശിയ കാറ്റിൽ വള്ളം ഉലഞ്ഞു. കൊച്ചൗസേപ്പ് കാറ്റിനൊപ്പം കരഞ്ഞു. തെറുത്തുകേറ്റപ്പെട്ട ചട്ടയ്ക്കുള്ളിലെ മുലയിൽ മുഖമമർന്നപ്പോൾ കരച്ചിലടങ്ങിയ കൊച്ചൗസേപ്പിന്റെ ഇളം ചൂടുള്ള പിഞ്ചുവിരലുകളിലെ നഖങ്ങൾ തടവി മേരി മെല്ലെ പറഞ്ഞു, “അപ്പന്റെ മോൻ തന്നെ ...”


കടവടുത്തപ്പോഴേക്കും കൊച്ചൗസേപ്പിനൊപ്പം മേരിയും ഉറങ്ങിയിരുന്നു. പൂവരശിൽ വള്ളം കെട്ടിയിട്ടുകൊണ്ട് കോയ മേരിയെ വിളിച്ചു, “ഈ കൊച്ചിനേം കൊണ്ട് പന്ത്രണ്ട് മൈല് നടക്കാനാണോ ഇനി?”  കണ്ണുകൾ തിരുമ്മി മേരിയെണീറ്റു.വള്ളം തണ്ണീർമുക്കത്തടുത്തിരുന്നു. കോയയുടെ കൈയിൽ കൊച്ചൗസേപ്പിനെ ഏൽപ്പിച്ച്, കൈക്കുടന്നയിൽ തണുത്ത വെള്ളം കോരിയെടുത്ത് മുഖത്തൊഴിച്ച്, അങ്ങേക്കരയിൽ ഉദിച്ചുയരുന്ന സൂര്യനെ നോക്കി മേരി പറഞ്ഞു, “വേഗം നടന്നാൽ ഉച്ചയ്ക്ക് മുൻപ് വീടെത്താം.” കോയയുടെ നീണ്ട കറുത്ത താടിരോമത്തിൽ പിടിച്ച് വലിച്ചുകൊണ്ടിരുന്ന കൊച്ചൗസേപ്പിനെ കൈയിലെടുത്ത് മേരി കരയിലേക്ക് കാലുവെച്ചു. ഉലഞ്ഞ് പുറകോട്ട് നീങ്ങിയ വള്ളത്തെ കരയിലോട്ട് അടുപ്പിച്ച് നിർത്താൻ ശ്രമിച്ചുകൊണ്ട് കോയ ചോദിച്ചു, “എന്തിനായിരുന്നു മേരിക്കൊച്ചേ ആ കടുംകൈക്ക് ശ്രമിച്ചേ. ...?”

പുറം തിരിഞ്ഞ് നിന്ന മേരിയുടെ വലതു കൈത്തലം കണ്ണുകളെ തഴുകി മടങ്ങി. “എല്ലാം അവസാനിപ്പിക്കണമെന്ന് നിരീച്ച് തന്നാരുന്നു.“

തുടയിലമർന്നിരുന്ന തുഴയിൽ വിരൽ തട്ടിക്കൊണ്ടിരുന്നു കോയ. “വൈക്കത്തേക്ക് ഒരു തിരിച്ചുപോക്കിന് ഇനീം സമയമുണ്ട്. ഒന്നുകൂടി അലോചിച്ചൂടെ. ...” 

കാറ്റടങ്ങിയ കായൽപ്പരപ്പിലേക്ക് കണ്ണയച്ച് മേരി ചോദിച്ചു, “കൂട്ടാൻ വെയ്ക്കാനും കൂട്ടുകെടക്കാനും മാത്രോള്ളതാണോ കോയേ പെണ്ണ്. ...? “തള്ള മനസ്സിന്നും മോൻ ശരീരത്തിന്നും. ... വയ്യ കോയ ... വയ്യ ...  സഹിക്കാവുന്നതിലും അധികമാ എല്ലാം.“ അപ്പന്റെ ഓർമ്മകളുമായി വക്കച്ചന്റെ മോള് കരപ്പുറത്തൂടെ നടന്നു. കൊച്ചൗസേപ്പിന്റെ കുഞ്ഞ് കൈകൾ മേരിയുടെ ചട്ടക്കുള്ളിൽ പരതിക്കൊണ്ടിരുന്നു.



അറ്റം കാണാത്ത പറമ്പും, പെരുമയുള്ള തറവാടും. എണ്ണമറ്റ പശുക്കളും പശുക്കളെ ചവിട്ടാൻ കൂറ്റൻ കാളകളും. തീറ്റാൻ തുറു പലതും, മേയ്ക്കാൻ വേലക്കാർ പലരും. നാട്ടുപ്രമാണി ആയിരുന്നു വക്കച്ചൻ. തോട്ടിറമ്പിലെ കമുകിൻ തോപ്പിൽ നിന്നും അടക്ക വെട്ടി കുട്ടയിലാക്കി മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് പിന്നിൽ നിന്നും കുത്തുവീണത്. നെഞ്ച് തുളച്ച് ചെമ്പരത്തിപ്പൂ ചാടിച്ചെത്തിയ കത്തി കണ്ട് അടക്ക ചുമക്കാനെത്തിയ പെണ്ണുങ്ങൾ അലറിക്കരഞ്ഞു. ചെഞ്ചായം കലക്കിയെറിഞ്ഞ മാനത്തപ്പോൾ ഇരുട്ടുവീണിരുന്നു. ജോനച്ചനപ്പോൾ ഊരിയെടുത്ത കത്തി തോട്ടിലെ വെള്ളത്തിൽ ഉലർത്തിക്കഴുകി ആരേയും നോക്കാതെ കിഴക്കോട്ട് നടന്നു.

ജോനച്ചൻ കൊച്ചാപ്പൻ അപ്പന്റെ കരളായിരുന്നു. തറവാട് സ്വത്തിൽ വിത്തിറക്കാതെ തെക്കേക്കരയിൽ പാട്ടത്തിനെടുത്ത നിലത്ത് സ്വർണ്ണം വിളയിക്കുമെന്ന് കൊച്ചാപ്പൻ പറഞ്ഞപ്പോൾ കരളലിഞ്ഞ അപ്പൻ അമ്മച്ചീടെ പണ്ടപ്പെട്ടി മൊത്തത്തോടെ എടുത്ത് കൊടുത്തു. പണ്ടങ്ങൾ എടുത്തുകൊടുക്കുമ്പോൾ അപ്പൻ ആരോടും ചോദിച്ചിരുന്നില്ല. തറവാടിയായ നിഷേധിയായിരുന്നല്ലോ അപ്പൻ എന്നും. സ്ത്രീധനവും പള്ളിക്ക് പസവാരവും നിശ്ചയിച്ച് കഴിഞ്ഞാണ് കൊച്ചാപ്പനോട് പണ്ടം തിരികെ ചോദിച്ചത്. പക്ഷേ പണ്ടത്തോടൊപ്പം കെട്ടിന്റെ പത്തിന്റന്ന് അപ്പനും പോകേണ്ടി വന്നു.



പുതുക്കത്തിന്റന്ന്* കൊച്ചൊറോതയുടെ മുഖത്ത് കണ്ട ശാന്തത അടിയൊഴുക്കുള്ള കായലിന്റെതായിരുന്നെന്ന് മേരി മനസ്സിലാക്കിയിരുന്നില്ല. വിവാഹത്തിന്റെ നാലിന്റന്നാണത് സംഭവിച്ചത്. തർപ്പണ ജലത്തെ അന്തരീക്ഷത്തിൽ പിടിച്ച് നിർത്തി ബ്രാഹ്മണനെ വെല്ലുവിളിച്ച തോമാശ്ലീഹ ചരിതം കൊച്ചൊറോത ആദ്യമായ് വിളിച്ചോതാൻ തുടങ്ങിയത് അന്നായിരുന്നു. എളങ്കുന്നപ്പുഴ ക്ഷേത്രത്തില് പ്രാണനും കൊണ്ട് കേറിയ കൊച്ചീ രാജാവിനെ സാമൂതിരീന്ന് രക്ഷിച്ച എഴുന്നൂറ്റിക്കാരുടെ ശുദ്ധരക്തത്തിന് മുന്നിൽ മേരി കടലിന്റെ മണമുള്ള അഞ്ഞൂറ്റിക്കാരി മാത്രമായി മാറുകയായിരുന്നു.

തുലാമാസത്തിലെ മഴപോലെ കൊച്ചൊറോതയുടെ നസ്രാണി ചരിതം തുടർന്നു കൊണ്ടിരുന്നു. മേരി അതൊന്നും കാര്യമാക്കിയില്ല. ഉദയം‌പേരൂർ* സുന്നഹദോസിനെക്കുറിച്ചും, നൂറ്റാണ്ടുകളായി ആചാരങ്ങൾ പൌരസ്ത്യമാക്കിയൊതുങ്ങിയ നസ്രാണി ജീവിതത്തെ കൃസ്തീയതയിലേക്ക് പിടിച്ച് കേറ്റാനെത്തിയ മെനസിസ് മെത്രാനെക്കുറിച്ചുമൊക്കെ മേരിക്ക് പറഞ്ഞുകൊടുത്തിരുന്നത് അപ്പനായിരുന്നു. കൊച്ചൊറോതയുടെ വാക്കുകൾ അവഗണിക്കുന്നതിന് തേങ്ങാക്കച്ചവടത്തിന് വന്ന വറീതെന്ന് സുമുഖന്റെ ഉറപ്പിന്റെ പിൻബലവുണ്ടായിരുന്നു മേരിക്ക്. ‘ചരിത്രം മനസ്സിലിട്ട് ജീവിതം പാഴാക്കുന്നൊരു പോഴനാവില്ല താനെന്ന‘ വാക്കിൽ മേരി മാത്രമല്ല വക്കച്ചനും വീണുപോയിരുന്നു.


കായലോളങ്ങൾ പോലെ ഉയർന്ന് താഴുന്ന മേരിയുടെ ശരീരവടിവിലൂടെ യാത്രചെയ്യുമ്പോൾ വറീതിന് വന്യമായ ആശ്വാസവും ആവേശവുമായിരുന്നു എപ്പോഴും. അഴിഞ്ഞ് മാറിയ ചട്ടയ്ക്കുള്ളിലെ മാംസഭാഗങ്ങളിലേൽപ്പിക്കുന്ന നഖക്ഷതങ്ങളിൽ നിന്നും ചോര പൊടിയുമ്പോൾ വറീത് പറയും, “കായലിന്റെ കൊതിപ്പിക്കുന്ന മണമാണ് നിനക്ക്.“ കാറ്റിനൊപ്പം ഉലഞ്ഞ് വീഴുന്നൊരു കൊതുമ്പ് വള്ളമായ് മാറുകയായിരുന്നു മേരി. കായൽ മദ്ധ്യത്തിൽ ഒഴുകി നീങ്ങുന്ന  കൊതുമ്പുവള്ളത്തിന്റെ വേഗത മെല്ലെ മെല്ലെ കൂടുകയും; മൃദുവായി ഓളങ്ങളെ തഴുകി നീക്കിയിരുന്ന തുഴ കഴുക്കോലിന് വഴിമാറിയതും മേരിയറിഞ്ഞു. താറാക്കൂട്ടങ്ങൾ ഗ്വ ഗ്വ ശബ്ദമുണ്ടാക്കി വരമ്പിലേക്ക് കയറിയപ്പോൾ കൊയ്ത്ത് കഴിഞ്ഞ പാടത്ത് ചൂണ്ടയിൽ കുരുങ്ങിയൊരു കൊക്ക് ചിറകിട്ടടിക്കുന്നുണ്ടായിരുന്നു. കാറ്റിലുയർന്ന് തിട്ടയിൽ തട്ടിയ ഓളം കൊടുങ്കാറ്റിലുയർന്ന് തിരയായി തീരത്തെ കവർന്നു. കൊതിപ്പിക്കുന്ന കായൽമണം മീനുളുമ്പുള്ള ഉപ്പുമണമായി സാവധാനം മാറി.


നസ്രാണി ചരിതം വിളമ്പുന്ന ഒരു സായാഹ്നത്തിൽ മേരിയുടെ മേക്കാമോതിരം തിരിച്ച് നോക്കുകയായിരുന്നു കൊച്ചൊറോത. 

“അഞ്ചുകൂട്ടവും കോപ്പും*, പിന്നെ ആമാടപ്പെട്ടിയിലാക്കിയ സ്വത്തിന്റെ രേഖേം സ്വർണ്ണോക്കെ കൊണ്ടാ ഞാൻ പാലമറ്റം തറവാട് കേറിയേന്ന് അറിയാമോ കൊച്ചേ നിനക്ക്. ...?” കൊച്ചൊറോതയുടെ ചോദ്യത്തിന് മേരി മറുപടി പറഞ്ഞില്ല.

“അരക്കില്ലാത്ത മേക്കാമോതിരോം, കൊത്തുപണിചെയ്ത കാപ്പുവളേക്കെമിട്ട് വലതുകാൽ വെച്ച് കേറിയ എന്റെ മുഖത്ത് നോക്കി ഇവിടത്തെ അമ്മച്ചി പറഞ്ഞത് എന്താണന്നറിയ്വോ നിനക്ക്?“ മേരി മിണ്ടാതെ തന്നെയിരുന്നു.

“നിനക്കിതൊക്കെ രസിക്കേലാന്ന് അറിയാം. എങ്കിലും  ഓരോന്നൊക്കെ കാണുമ്പോള് പറയാതിരിക്കാൻ വയ്യെന്റെ കർത്താവേ ...“ മേരിയുടെ മുഖം കൈകൊണ്ടൊന്ന് തള്ളിക്കൊണ്ടാണ് കൊച്ചൊറോത അത് പറഞ്ഞത്. “ഇവിടുത്തെ അമ്മച്ചി പറഞ്ഞത് നീ കേക്കണം.“ കൊച്ചൊറോത തന്റെ മുഖം മേരിയുടെ മുഖത്തോടടുപ്പിച്ചു. “നോക്ക്, കുലീനമായ എന്റെ മുഖത്തേക്ക് നോക്ക് ... അത് തന്നെയാണ് അമ്മച്ചി പറഞ്ഞതും.“  

“അമ്മച്ചീ, എന്റെ മേക്കാമോതിരവും അരക്കില്ലാത്തത് തന്നെയാണ് കേട്ടോ ...“ ചിരിയടക്കാനാവാത്ത മുഖവുമായാണ് മേരി കൊച്ചൊറോതയെ നേരിട്ടത്.

കായൽപ്പരപ്പിലപ്പോൾ ശക്തമായൊരു ചുഴി രൂപപ്പെട്ടിരുന്നു.

“ങ്ഹ്, കാലം പോയ പോക്കേ ... ഇനി വല്ലോം പറഞ്ഞിട്ട് കാര്യോണ്ടോ? തീണ്ടാപ്പാടകലത്ത് കെടന്ന അഞ്ഞൂറ്റിക്കാരെ സഹിക്കാനാ എന്റേം മോന്റേം വിധി ...“  ആഞ്ഞ് ചുറ്റി ആഴങ്ങളിലേയ്ക്ക് പതിക്കുന്ന ചുഴിയുടെ അടിത്തട്ടിലേക്ക് വീണിരുന്നു മേരിയപ്പോഴത്തേക്കും.


---


ഓർമ്മകൾ മങ്ങാത്ത ഊടുവഴികളിലൂടെ നിലാവിൽ കായൽക്കരയിലേയ്ക്ക് നടക്കുകയായിരുന്നു കൊച്ചൗസേപ്പ് .ശാന്തമായിരുന്നു കായലപ്പോൾ. കാലങ്ങൾ കടന്ന പരിഭവവും പേറി കിടന്ന കായലിനോട് കൊച്ചൗസേപ്പ് പറഞ്ഞു, ”ഞാനൊറ്റയ്ക്കാണ്. അമ്മച്ചിയെപ്പോലെ നിന്നെ ഞാൻ കബളിപ്പിക്കില്ല. ഒരവസരം കൂടി തരൂ... ഞാനിതാ വരുന്നു” 

നിലാവിൽ മലർന്ന് കിടന്ന ത്രസിപ്പിക്കുന്ന സൌന്ദര്യം കൊച്ചൗസേപ്പിനെ സ്വീകരിക്കാനായ് കൈകകൾ വിടർത്തി. സുഖകരമായ തണുപ്പുള്ള ആലിംഗനത്തിൽ ലയിച്ച് കൊച്ചൗസേപ്പ് കണ്ണടച്ച് കിടന്നു. ഇടയ്ക്കെപ്പോഴോ ശ്വാസം കിട്ടാതെ വന്നപ്പോഴാണ് കണ്ണുതുറന്നത്. ഇരുട്ട് മാത്രം ചുറ്റും. പിന്നെയൊരു കുതിപ്പായിരുന്നു. ... സർവ്വശക്തിയുമെടുത്തുള്ള കുതിപ്പ് ...  ശ്വാസത്തിന് വേണ്ടിയുള്ള കുതിപ്പ്... ജലപ്പരപ്പിലെത്തി ശ്വാസമെടുത്ത് കൊച്ചൌസേപ്പ് അലറി, “എനിക്ക് തെറ്റി. ഞാൻ കൊച്ചൗസേപ്പല്ല.“


ഡോക്ടർ ചോദിച്ചു, “പിന്നെ അപ്പച്ചൻ ആരാണ്?“

“ഞാൻ വറീതാണ്. പാലമറ്റത്തെ വറീത് ... എനിക്ക് ജീവിക്കണം. വെള്ളത്തിൽ മുങ്ങിച്ചാവാൻ എന്നെക്കിട്ടില്ല.“ മുന്നിലേക്കൊഴുകിയെത്തിയൊരു വള്ളത്തിൽ കയറി കൊച്ചൗസേപ്പ് അതിവേഗം തുഴഞ്ഞു. “ഇല്ല ഇനി ഞാൻ മുങ്ങില്ല .... ഞാനിപ്പോൾ വള്ളത്തിലാണ്.“

പത്രോസും ജോസും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. 

ഡോക്ടർ പറഞ്ഞു, “ആരേലുമൊരാൾ പുറകേ പൊയ്ക്കോളൂ.“ ജോസ് കൊച്ചൗസേപ്പിന്റെ പുറകേ ഓടി.


“ഡോക്ടർ, അപ്പനെന്തോന്നാ പ്രായത്തിന്റെ പ്രശ്നാണോ അതോ വല്ല അസുഖോം?” പത്രോസിന്റെ ചോദ്യത്തിന് മുന്നിൽ ഡോക്ടർ ചിരിച്ചു.

“വാർദ്ധക്യത്തിന്റെ  ജൽപ്പനങ്ങളല്ലിത്!”

“പിന്നെ?”

“അസുഖമാണ്. പലപ്പോഴും മനസ്സിലാക്കപ്പെടാതെ പോകുന്നത്. വിഭ്രാന്തി പൂണ്ട ആസക്തി. അടുക്കിവെച്ചിരിക്കുന്ന ഓർമ്മകളിൽ നിന്നും മുകളിലുള്ളവ ആദ്യം മാറ്റപ്പെടും. പിന്നെ മുഴുവനും.”

“ചികിത്സയില്ലേ ഡോക്ടർ?”

അക്ഷരങ്ങൾ വരകളായി കോറിയൊരു ചീട്ട് പത്രോസിന് നേരേ നീണ്ടു.

“ശ്രമിക്കുക. സ്നേഹവും സാന്ത്വനവുമാണ് പ്രധാനം.” വാതിൽ തുറന്നടഞ്ഞു.


ഫാനിന്റെ തണുത്ത കാറ്റിലും വിയർപ്പ് പൊടിഞ്ഞ മുഖവുമായി  സെബാസ്റ്റ്യൻ ഡോക്ടർ മേശപ്പുറമെല്ലാം പരതാൻ തുടങ്ങിയപ്പോൾ ചില്ലിട്ട അലമാരയിൽ നിന്ന് ഒരു തടിച്ച പുസ്തകവുമായി സിസ്റ്റർ മുന്നിലെത്തി.

ഡോക്ടറുടെ വിരലുകൾ താളുകളിലൂടെ വേഗം വേഗം മറിഞ്ഞു നിന്നു.

സിസ്റ്റർ പറഞ്ഞു, ”ഡോക്ടർക്ക് ഈയിടയായ് മറവി അല്പം കൂടുതലാണ്!”

ഡോക്ടർ കണ്ണട ഊരി കസേരയിലേക്ക് ചാഞ്ഞു.

“ശരിയാണ് സിസ്റ്റർ, പക്ഷേ അംനേഷ്യ പോലല്ല ഡെമൻഷ്യ. അത് കടലാണ്. ഏഴ് കടലുകൾ താണ്ടിയുള്ള യാത്ര. ഏഴാം കടലിൽ അവസാനിക്കും എല്ലാം ...”

 

                                                                        -------




അഞ്ചുകൂട്ടവും കോപ്പും-സ്വർണ്ണം കൊണ്ടുള്ള കൊന്ത,ഒറ്റിഴ,കാതില,കൈമോതിരം,ഒക്കഴുത്ത്,വെള്ളിത്തള എന്നിവ

ആമാടപ്പെട്ടി- ആഭരണപ്പെട്ടി

പുതുക്കം- ചെറുക്കന്റെ വീട്ടിൽ നടത്തുന്ന സൽക്കാര ചടങ്ങ്

1599 ൽ മെത്രാൻ മെനസിസിന്റെ നേതൃത്വത്തിൽ നടത്തിയ ഉദയം പേരൂർ സുനഹദോസിലൂടെയാണ് ഒരു വിഭാഗം നസ്രാണി ക്രിസ്ത്യാനികൾ കത്തോലിക്കരായത്.

എഴുന്നൂറ്റിക്കാർ- കത്തോലിക്കരായ എഴുന്നൂറ് തോമാക്രിസ്താനികളുടെ പിൻ‌ഗാമികൾ

അഞ്ഞൂറ്റിക്കാർ- കത്തോലിക്കരായ അഞ്ഞൂറ് മുക്കുവ സമുദായക്കാരുടെ പിൻ‌ഗാമികൾ


പസവാരം- സ്ത്രീധനത്തിന്റെ ഒരു പങ്ക് പള്ളിക്ക് കൊടുത്തിരുന്നത്.

കൊച്ചാപ്പൻ- അപ്പന്റെ അനുജൻ

ഡെമൻഷ്യയ്ക്ക് ഏഴ് സ്റ്റേജുകളുണ്ട്.


Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP