ദര്‍ശനം - കഷണം ഒന്ന്
Monday, September 17, 2007
ആഴ്ചകളില്‍ ഏറ്റവും നല്ലതേതാണന്ന് ചോദിച്ചാല്‍ അപ്പുക്കുട്ടന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ശനിയാഴ്ച എന്നതാണ്. ശനിയാഴ്ചയ്ക്കെന്താ ഇത്ര പ്രാധാന്യമെന്നല്ലേ. സ്കൂളില്‍ പോകേണ്ട എന്നതൊരു കാരണം. അതുമാത്രമോ ശനിയാഴ്ചകളിലാണ് അച്ഛന് കൂലി കിട്ടുന്നത്. പോക്കറ്റ് നിറയെ കാശും കൈ നിറയെ പൊതിയുമായേ അച്ഛന്‍ വരാറുള്ളു.കുറുപ്പിന്റെ കടയില്‍നിന്നും ബോണ്ട,സുകിയന്‍,പരിപ്പുവട അങ്ങിനെ എല്ലാം കാണും പൊതിയില്‍.അപ്പുക്കുട്ടന് കൂടുതല്‍ ഇഷ്ടം സുകിയനാണ്. സേതുവിനു ബോണ്ടയും.അമ്മ പറയുന്നത് അപ്പുക്കുട്ടനെ പലഹാരം കാണിക്കുന്നത് കന്നിനെ കയം കാണിക്കുന്നത് പോലെയാണന്നാണ്. അതെല്ലാം വെറുതെയാണന്നേ. സേതുവാണ് കൊതിച്ചി.അവള് കറുമുറയെന്നല്ലേ ഓരോന്ന് കടിച്ച് മുറിച്ച് തിന്നുന്നത്. തീറ്റി കണ്ടിട്ടില്ലാത്തതുപോലെ! എന്നിട്ടും അമ്മപറയുന്നത് അപ്പുക്കുട്ടനാണ് കൊതിയെന്നാണ്. അമ്മയും കൊതിച്ചിയാണ്. അല്ലെങ്കില്‍ പിന്നെ എന്തിനാണ് അപ്പുക്കുട്ടന്റെ പാത്രത്തില്‍ നിന്നും പരിപ്പുവട എടുത്ത് തിന്നത്. സേതുവിന്റെ പാത്രത്തില്‍ അമ്മ കൈയിടത്തില്ല. അവള് ഒറ്റമൂലി പ്രയോഗിക്കും. കരഞ്ഞ് പേടിപ്പിക്കും. അവള് കരച്ചില് തുടങ്ങിയാല്‍ പിന്നെ പത്ത് ബോണ്ട ഒരുമിച്ച് അണ്ണാക്കില്‍ തള്ളിയാലും നിര്‍ത്തത്തില്ല. എന്നിട്ടും കുറ്റം പറയുന്നത് അപ്പുക്കുട്ടനെയാണ്. അപ്പുക്കുട്ടന് ശരിക്കും സങ്കടം വന്നു.
അപ്പുക്കുട്ടന്റെ സങ്കടം തീര്‍ക്കാനെന്നവണ്ണം അച്ഛന്റെ പ്രഖ്യാപനം വന്നു.“നാളെ നമ്മള്‍ വൈക്കത്തിന് പോവുകയാണ്. തൃണയം കുടത്ത് സുകുമാരന്റെ വക ഒരു നേര്‍ച്ചയുണ്ട്. നമ്മളേയും കൂട്ടിനു വിളിച്ചിട്ടുണ്ട്. നാളെ രാവിലേ തന്നെ രണ്ടാളും റെഡിയായിക്കോളണം.”
എന്തിനാ നാളത്തേയ്ക്ക് വെയ്ക്കുന്നത്. അപ്പുക്കുട്ടന്‍ ഇപ്പോളേ റെഡി! സന്തോഷാധിക്യത്താല്‍ അപ്പുക്കുട്ടന്‍ അറിയാതൊന്ന് കൂവിപ്പോയി.സേതു എന്തെങ്കിലുമൊരു വിഷയം കിട്ടാനായി കാത്തിരിക്കുകയായിരുന്നു.
“ദേ ചേട്ടന്‍ കുറുക്കനാണേ...തിന്ന് കഴിഞ്ഞ് കൂവുന്നേ...” അവള്‍ വിളിച്ച് കൂവി.
ഈ നശിച്ച പെണ്ണിന്റെ കാര്യം. ഒന്നു കൂവാന്‍ പോലും സമ്മതിക്കുകേലാന്ന് വെച്ചാല്‍. അപ്പുക്കുട്ടന് അവളുടെ ചെവി തിരുമ്മി പൊന്നാക്കണമെന്നുണ്ടായിരുന്നു. പിന്നെ വേണ്ട എന്ന് വെച്ചു. വഴക്കുണ്ടാക്കിയാല്‍ നാളെ വൈക്കത്ത് കൊണ്ട് പോയില്ലേലോ.
അച്ഛന്‍ ചിലപ്പോഴൊക്കെ വൈക്കത്ത് പോകാറുണ്ട്.അച്ഛന്റെ അപ്പച്ചീടെ വീടവിടാണന്നാണ് പറയുന്നത്. അപ്പുക്കുട്ടനിതുവരെ അപ്പച്ചിയെ കണ്ടട്ടില്ല. അമ്മൂമ്മയും, സുകുമാരന്‍ ചേട്ടനും, ഓമനച്ചേച്ചിയും എല്ലാരുമുണ്ടത്രേ! നല്ല രസമായിരിക്കും. അപ്പുക്കുട്ടന് ഒന്നുകൂടി കൂവണമെന്നുണ്ടായിരുന്നു. എന്താചെയ്ക! അവളിവിടെ തന്നെ നില്‍ക്കുകയല്ലേ. ഇനിയും തന്നെ കുറുക്കാ എന്ന് വിളിച്ചാല്‍ നല്ല ഇടി കൊടുക്കേണ്ടതായി വരും. അതുകൊണ്ട് അപ്പുക്കുട്ടന്‍ പൊങ്ങിവന്ന കൂവലിനെ അടക്കി നിര്‍ത്തി.
ബസ്സും ബോട്ടുമെല്ലാം കേറി വേണം വൈക്കത്തിന് പോകാന്‍! അപ്പുക്കുട്ടന്‍ പലപ്രാവശ്യം ബസിലും ബോട്ടിലുമൊക്കെ കയറിയിട്ടുണ്ട്. അമ്മയുടെ വീട്ടില്‍ പോകുമ്പോള്‍! പക്ഷേ അവധിക്കാലത്ത് മാത്രമേ അവിടെ പോകാന്‍ അച്ഛന്‍ സമ്മതിക്കത്തുള്ളു. പഠിപ്പ് മുടക്കി എങ്ങും പോകേണ്ടന്നാണ് അച്ഛന്‍ പറയുന്നത്.
ഓണ അവധിയ്ക്ക് അമ്മയുടെ വീട്ടില്‍ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. എന്തെല്ലാം പണികളാണ് ഓണക്കാലത്ത് ചെയ്യാനുള്ളത്! വിജയന്റെ വീട്ടീന്ന് പട്ടം വാങ്ങി പറപ്പിക്കണം. അപ്പുക്കുട്ടന് പട്ടം പറപ്പിക്കാനറിയില്ലന്നാണ് അമ്മ പറയുന്നത്. ഇന്നാളൊരു ദിവസം പട്ടം പറപ്പിച്ചപ്പോള്‍ കുറുപ്പിന്റെ മാവില്‍ തങ്ങിയതിനാണ് അമ്മ അങ്ങനെ പറയുന്നത്. ഒരു പ്രാവശ്യം പട്ടം മാവില്‍ തങ്ങി എന്ന് വെച്ച് എപ്പോഴും അങ്ങനെ ഉണ്ടാവുമോ? അമ്മ കറി വെച്ചിട്ട് ഉപ്പ് കൂടിപ്പോയതിന് അച്ഛന്‍ പറഞ്ഞത് അമ്മയ്ക്ക് കറിവെയ്ക്കാനറിയില്ലാന്നാണല്ലോ. അന്ന് അമ്മ പറഞ്ഞത് ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്നല്ലേ. അപ്പുക്കുട്ടന്‍ അബദ്ധം കാണിക്കുമ്പോള്‍ ആര്‍ക്കും ഇഷ്ടപ്പെടില്ല.
അമ്മ പട്ടം വാങ്ങിതന്നില്ലെങ്കിലും അപ്പുക്കുട്ടന് സാരമില്ല. ഓണക്കാലത്താണോ വഴികളില്ലാത്തത്. അഞ്ചുകണ്ണന്റെ മേലാസകലം ഓണപ്പുല്ല് കെട്ടിവെച്ച് മാവേലിയാക്കി വീടുകള്‍ തോറും കൊണ്ട് പോയാല്‍ പൈസ കിട്ടും. അതുകൊണ്ട് പട്ടം വാങ്ങാമല്ലോ. സ്വന്തം പൈസായ്ക്ക് പട്ടം പറപ്പിക്കുമ്പോള്‍ പോലും സേതു ശല്യമുണ്ടാക്കാന്‍ വരും. എങ്കിലും അമ്മ അവളെ വഴക്ക് പറയത്തില്ല. അവള് കൊച്ച് കുഞ്ഞല്ലേന്നാ അമ്മ പറയുന്നത്. ഒരു കൊച്ച് കുഞ്ഞ് നടക്കണു. കൈയിലിരുപ്പ് മുഴുവന്‍ വേണ്ടാതീനമാണ്. ഈ അമ്മയ്ക്ക് സേതുവിനെ ആദ്യമങ്ങട്ട് പ്രസവിച്ചാല്‍ പോരായിരുന്നോ! അപ്പുക്കുട്ടന് ചോദിക്കണമെന്നുണ്ടായിരുന്നു. വെറുതേ അടിവാങ്ങുന്നതെന്തിനാന്ന് കരുതി മാത്രം ചോദിച്ചില്ല. ഭൈരവിമാമയുടെ തോട്ടത്തീന്ന് പൂക്കള് കട്ടുപറിക്കേണ്ടതും ഓണക്കാലത്താണ്! പൂക്കളമിടേണ്ടേ! രാധച്ചേച്ചിയുടെ വീട്ടുപടിക്കലെ തെങ്ങുകളില്‍ ആലാത്തിടുന്നതും ഓണക്കാലത്താണ്. ആലാത്തിലാടാന്‍ നല്ല ബാലന്‍സ് വേണം. റെജി ആലാത്തീന്ന് വീണ് കൈയൊടിഞ്ഞതാണ്. കൈയൊടിച്ചതിന് റെജിയുടെ അച്ഛന്‍ അവന് അടിയും കൊടുത്തു. അവന്‍ മണ്ടന്‍! ബാലന്‍സില്ലന്നേ! അപ്പുക്കുട്ടന്‍ ഒരു കൈ വിട്ടും ആലാത്തിലാടും. അവിടെയും അവള്‍ വരും. സേതു. ഒറ്റക്കൈ വിട്ട് ആലാത്താടിയാല്‍ വീട്ടില്‍ ചെന്ന് പറഞ്ഞ് കൊടുക്കും. ശല്യം. അതുകൊണ്ട് അവളെയും കൂടെ ഇരുത്തി ആടിക്കും.
വൈകുന്നേരമായാല്‍ ആലാത്തിന്റെ ചുവട്ടില്‍ നല്ല രസമാണ്. ഉമയപ്പാണ്ണന്റെ കുടമൂത്തുണ്ട്. രാഘവന്റെ നേതൃത്വത്തില്‍ കൈകൊട്ടിക്കളിയുണ്ട്.
'വെണ്ടയ്ക്കാ തോട്ടത്തില്‍ മത്തങ്ങ ഒരുദിനം
പീച്ചിങ്ങ ചേച്ചിയുമായി പ്രേമത്തിലായി'
രാഘവന്‍ നീട്ടി പാടും. ബാക്കിയുള്ളവര്‍ ചുവട് വെച്ച് കൈകൊട്ടി ഏറ്റുപാടും. അപ്പുക്കുട്ടന് ചിരിവരും. മത്തങ്ങ പീച്ചിങ്ങായുമായി പ്രേമത്തിലായെന്ന്!
ക്രിസ്തുമസ് അവധിക്കും അമ്മയുടെ വീട്ടില്‍ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. കുട്ടനാട്ടില്‍ പോയാല്‍ പിന്നെ വാതുക്കലെ ആര്യവേപ്പില്‍ നക്ഷത്രമുണ്ടാക്കി കെട്ടി ഉയര്‍ത്തുന്നതാരാണ്? അതിനുള്ളില്‍ ദിവസവും മണ്ണെണ്ണ വിളക്ക് കത്തിച്ച് വെയ്ക്കുന്നത് ആരാണ്?
വേനലവധിയ്ക്ക് കുട്ടനാട്ടില്‍ പോകാന്‍ പറ്റും. എങ്കിലും വിഷുവിന് മുന്നേ പോകാന്‍ അപ്പുക്കുട്ടനിഷ്ടമല്ല. വിഷുവിന് പടക്കം പൊട്ടിക്കേണ്ടതാണ്. അമ്മയുടെ നാട്ടില്‍ പടക്കം പൊട്ടിക്കലൊന്നുമില്ല. അതുകൊണ്ട് വിഷുവിന് അവിടെ ഒരു രസവുമില്ല. ഇവിടെയാണങ്കില്‍ വണ്ടന്‍ പുഴുവിന്റെ കൂടെ ചേര്‍ന്ന് കണിയൊരുക്കാം.കണിയൊരുക്കി വീടുകള്‍തോറും കയറിയിറങ്ങുന്ന വകയില്‍ കിട്ടുന്നതും കൊണ്ട് ഒരാഴ്ചയെങ്കിലും മിഠായി വാങ്ങാം.
പണ്ട് അച്ഛനൊരക്കിടി പറ്റി.വിഷുവിന് പടക്കവും വാങ്ങി അച്ഛന്‍ അമ്മ വീട്ടില്‍ പോയെന്നേ! അവിടെ ഇമ്മാതിരി വെടിക്കെട്ട് പരിപാടി ഇല്ലാത്ത വിവരം അച്ഛനുണ്ടോ അറിയുന്നു. പുത്തന്‍ ബന്ധുക്കാരന്റെ പത്രാസ് കാണിക്കാന്‍ ചെന്ന അച്ഛന് എന്തു ചെയ്യണമെന്നറിയാതായി. പടക്കം തിരികെ കൊണ്ട് വരുവാന്‍ പറ്റുമോ? അതുമില്ല. അവസാനം അച്ഛനവിടെയൊരു വെടിക്കെട്ട് നടത്തി. ഒച്ചയും വെളിച്ചവും കേട്ട് ആള്‍ക്കാരോടിക്കൂടി. അച്ഛനുണ്ടോ വിടുന്നു. ഓരോ ഇനം പടക്കങ്ങളേയും കുറിച്ച് ഒരു വിശദീകരണം തന്നെയങ്ങ് നടത്തി. പടക്ക പരിജ്ഞാനം വെളിപ്പെടുത്തി വലിയ ഗമയില്‍ അച്ഛനിങ്ങ് പോന്നു. പിന്നീടല്ലേ രസം!
അച്ഛന്റെ തലവെട്ടം കണ്ടാല്‍ മതി പിള്ളേരു വിളിച്ചു കൂവാന്‍ തുടങ്ങും,‘ദേ, പടക്കക്കാരന്‍ വരുന്നേന്ന്!’
കുറെക്കാലത്തേക്ക് അച്ഛന്‍ രാത്രി ആയിക്കഴിഞ്ഞേ കുട്ടനാട്ടിലോട്ട് പോകാറുള്ളായിരുന്നു.
സുകുമാരന്‍ ചേട്ടനും ഓമനച്ചേച്ചിയും വരുന്നതിന് വളരെ മുന്‍പേ തന്നെ അപ്പുക്കുട്ടന്‍ ഒരുങ്ങി തയ്യാറായി നിന്നു. അമ്മയും, അച്ഛനും,അമ്മൂമ്മയും എല്ലാം ഒരുങ്ങി ഇറങ്ങുന്നതിന് പിന്നേയും സമയമെടുത്തു. സേതുവിന്റെ പന്നിവാലുപോലുള്ള മുടി നെറുകം തലയുടെ രണ്ട് വശത്തുമായി കാളക്കൊമ്പുപോലെ റിബണ്‍ കൊണ്ട് അമ്മ കെട്ടി വെച്ചു. കവിളത്ത് കണ്മഷികൊണ്ട് ഒരു കറുത്ത വട്ടവും വരച്ചു. കൊതികിട്ടാതിരിക്കാന്‍ ദൂരയാത്രപോകുമ്പോഴൊക്കെ അമ്മ ചെയ്യാറുള്ളതാണ്! അപ്പുക്കുട്ടന് വീണ്ടും സങ്കടം വന്നു. സേതുവിന് കൊതികിട്ടുന്നതിലേ അമ്മയ്ക്ക് പ്രശ്നമുള്ളൂ. തന്റെ കാര്യത്തെ കുറിച്ച് ഒന്നാലോചിക്കുന്നതുപോലുമില്ല അമ്മ. യാത്ര പോകേണ്ടതായതുകൊണ്ട് മാത്രം അപ്പുക്കുട്ടന്‍ ഒരിക്കല്‍ കൂടി ക്ഷമിച്ചു.
വൈക്കം കായല്‍ ആദ്യമായി അപ്പുക്കുട്ടന്‍ കാണുകയാണ്. പത്ത് പമ്പാനദിയുടെ അത്രേമുണ്ട്. കാറ്റും ഓളവും ഭയങ്കരം. പമ്പയിലൂടെ കൊതുമ്പു വള്ളത്തില്‍ അപ്പൂപ്പന്റെ കൂടെ പോകുമ്പോള്‍ അപ്പുക്കുട്ടന്‍ പേടിച്ചിട്ടുണ്ട്. യാത്രാബോട്ടിന്റെ ഓളത്തില്‍ കൊതുമ്പ് വള്ളം പൊങ്ങുകയും താഴുകയും ചെയ്യുമ്പോഴായിരുന്നു അത്. ഇപ്പോള്‍ ഇതാ ആ ഭയങ്കരന്‍ ബോട്ട് പോലും ഓളത്തില്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നു. വൈക്കം കായലുതന്നെ ഭയങ്കരന്‍! അപ്പുക്കുട്ടന് ചെറുതായി പേടി തോന്നി. അവന്‍ അച്ഛനെ കെട്ടിപ്പിടിച്ചു.
സേതു കളിയാക്കി ചിരിച്ചു. “പേടിച്ചു തൂറി.”
“പോടീ ചൊണയുണ്ടേ നീ അമ്മേടെ തോളേന്നെറങ്ങടീ.” അപ്പുക്കുട്ടന്‍ ചൊടിച്ചു. അമ്മയുടെ ഒക്കത്ത് കേറി ഇരുന്നിട്ടാണവളുടെ ഒരു വീര വാദം.
സുകുമാരന്‍ ചേട്ടനും ഓമനച്ചേച്ചിയും കായലു കണ്ട് രസിച്ച് നില്‍ക്കുന്നു. അച്ഛന്‍ ചിരപരിചിതനെപ്പോലെ ഓരോരോ കാര്യങ്ങളും വിവരിച്ചുകൊണ്ടിരിക്കുന്നു.അമ്മൂമ്മ ആരുടേയും കൂടെ ചേരാതെ കായലിലോട്ടും നോക്കിയിരുന്നു.കായലിലെ ഓളം പോലെ ആ മുഖത്തെ ഭാവങ്ങള്‍ക്കും ഏറ്റക്കുറച്ചിലുകളുണ്ടാകുന്നുണ്ടായിരുന്നു.ഇടയ്ക്കിടയ്ക്ക് അമ്മൂമ്മ അപ്പുക്കുട്ടനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ആ ചിരിയിലും എന്തോ പന്തികേടുള്ളതായി അപ്പുക്കുട്ടന് തോന്നി.
അപ്പുക്കുട്ടന്‍ പതിയെ അമ്മൂമ്മയുടെ അരികിലെത്തി. “എന്താ അമ്മൂമ്മേ ആലോചിക്കണത്?”
അമ്മൂമ്മ സീറ്റില്‍നിന്നെണീറ്റ് അപ്പുക്കുട്ടന്റെ മുടിയിലൂടെ വിരലുകളോടിച്ചു. “ഒന്നുമില്ല മോനേ. അമ്മൂമ്മ ഓരോന്ന് ആലോചിച്ചു പോയി.അതൊന്നും മോനിപ്പോള്‍ മനസ്സിലാവത്തില്ല.” ബോട്ട് കരയ്ക്കടുത്തപ്പോഴും അമ്പലത്തിനു ചുറ്റും പ്രദക്ഷിണം നടത്തുമ്പോഴും അപ്പുക്കുട്ടന്‍ അതു തന്നെ ആലോചിക്കുകയായിരുന്നു.
ദര്‍ശനം - കഷണം രണ്ട്
ദര്‍ശനം - അവസാന കഷണം