ദര്‍ശനം - കഷണം രണ്ട്
Monday, September 17, 2007
ദര്‍ശനം - കഷണം ഒന്ന്
ദര്‍ശനവും നേര്‍ച്ചയുമൊക്കെ കഴിഞ്ഞ് ആല്‍ത്തറയില്‍ വന്നിരുന്നപ്പോഴും അപ്പുക്കുട്ടന്‍ അമ്മൂമ്മയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. ആരോടും ഒന്നും മിണ്ടാതെ കുറേ ദൂരേയ്ക്ക് മാറി അമ്മൂമ്മ ഇരിക്കുന്നു. ബസിലും ബോട്ടിലുമൊക്കെ കയറി ഇത്രയും നല്ലൊരു യാത്ര ചെയ്ത് കായലും അമ്പലവുമൊക്കെ കണ്ടിട്ടും അമ്മൂമ്മയ്കെന്താണൊരു സന്തോഷമില്ലാത്തത്? വണ്ടി ചൊരുക്ക് വന്നതായിരിക്കുമോ? അതോ കായലിലെ കാറ്റടിച്ച് വല്ല അസഹ്യതയും തോന്നുന്നുവോ? ആരോടാണൊന്ന് ചോദിക്കുക? അമ്മയാണങ്കില്‍ സേതുവിനെ അടക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ്. എന്തൊരു കുസൃതിയാണീപ്പെണ്ണ്! അമ്മ അവളെ ഒന്ന് വഴക്ക് പോലും പറയുന്നില്ല. ചിരിച്ച് കൊണ്ട് അവളുടെ പുറകേ ഓടുന്നു. ലാളിച്ച് ലാളിച്ച് അമ്മ ഈ പെണ്ണിനെ വഷളാക്കും.
സുകുമാരന്‍ ചേട്ടന്‍ അപ്പുക്കുട്ടനെ പൊക്കി തോളിലിരുത്തി. എന്നിട്ട് അച്ഛനോട് ചോദിച്ചു. “അല്ല. താനിങ്ങനെയിരുന്നാല്‍ മതിയോ? നമ്മുക്ക് അപ്പുക്കുട്ടന് മരുന്ന് വാങ്ങേണ്ടേ?”
അപ്പുക്കുട്ടന്‍ ഞെട്ടിപ്പോയി. നേര്‍ച്ചയ്ക്കായി വന്നിട്ട് ഇപ്പോഴെന്താണീ പറയുന്നത്? തനിക്ക് അസുഖമുണ്ടന്ന് പോലും!
“അതിനെനിക്ക് അസുഖമൊന്നുമില്ലല്ലോ. പിന്നെനിക്കെന്തിനാ മരുന്ന്?”
അച്ഛന്‍ ചിരിച്ച് കൊണ്ട് നിന്നു.
“നീ കെടന്നുമുള്ളുമെന്നാണല്ലോ എല്ലാരും പറയുന്നത്.” സുകുമാരന്‍ ചേട്ടനാണത് പറഞ്ഞത്.
അപ്പുക്കുട്ടന് ദേഷ്യം വന്നു. അവന്‍ സുകുമാരന്‍ ചേട്ടന്റെ തോളില്‍ നിന്നും ബലം പ്രയോഗിച്ച് താഴെയിറങ്ങി. “കെടന്ന് മുള്ളുന്നതിനാണേല്‍ എന്നെയല്ല സേതുവിനെയാ കൊണ്ട് പോകേണ്ടത്. അവളാണ് രാത്രീല് കെടന്ന് മുള്ളണത്.”
സുകുമാരന്‍ചേട്ടന്‍ അപ്പുക്കുട്ടന്റെ അടുത്തേയ്ക്ക് വന്നു.എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു. “നീ പെണങ്ങാതെടാ.നമ്മള് മരുന്ന് വാങ്ങണതേ സേതുവിനുവേണ്ടിയാ. അവളെ കൊണ്ട് പോയാല്‍ കെടന്ന് കരയും. നീ നല്ല ചുണക്കുട്ടിയല്ലേടാ. നിന്നെ കാണിച്ച് നമ്മുക്ക് വൈദ്യന്റടുക്കല്‍നിന്നും മരുന്ന് വാങ്ങണം.”
അപ്പുക്കുട്ടന് വിശ്വാസം വന്നില്ല. അവന്‍ അച്ഛനെ നോക്കി. “ആണോ അച്ഛാ.” അച്ഛന്‍ തലയാട്ടി.
മരുന്ന് സേതുവിനുവേണ്ടിയാണങ്കില്‍ പിന്നെ അപ്പുക്കുട്ടനെന്താണ് പ്രശ്നം. അവളുടെ കെടന്ന് മുള്ളല് തീര്‍ക്കേണ്ടത് അപ്പുക്കുട്ടന്റേയും കൂടി ആവശ്യമാണ്. രാത്രി നല്ല സുഖമായി കിടന്നുറങ്ങുമ്പോഴാണ് ചൂട് മൂത്രം വന്ന് ഉടുപ്പും നിക്കറുമെല്ലാം നനയ്ക്കുന്നത്. അവളതൊന്നുമറിയില്ല.കൂര്‍ക്കം വലിച്ച് കെടന്നുറങ്ങും.നേരംവെളുത്ത് കഴിഞ്ഞാല്‍ ആ കള്ളി അതൊട്ടു സമ്മതിക്കുകയുമില്ല. ചേട്ടന്റെ നിക്കറിനാ മൂത്രം മണക്കുന്നതെന്നവള് പറഞ്ഞുകളയും! കള്ളി. പുന്നാരകുഞ്ഞല്ലേ. അമ്മയും അത് വിശ്വസിക്കും. അമ്മൂമ്മയും വിശ്വസിക്കും. ഏതായാലും മരുന്ന് വാങ്ങി അവളെ കൊണ്ട് കുടിപ്പിച്ചാല്‍ രക്ഷപ്പെടുന്നത് താനാണ്. അപ്പുക്കുട്ടന്‍ അച്ഛന്റേയും സുകുമാരന്‍ചേട്ടന്റേയും കൂടെ വൈദ്യന്റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു. കൈതകള്‍ ഇരുവശവും നിറഞ്ഞു നില്‍ക്കുന ഊടുവഴികളിലൂടെ അച്ഛന്‍ അവരെ നയിച്ചു. അപ്പച്ചിയുടെ വീട്ടില്‍ വരുമ്പോള്‍ അച്ഛനിതുവഴിയൊക്കെ വന്നിട്ടുണ്ടാവണം. അല്ലെങ്കില്‍ ഈ കുടുസു വഴികളൊക്കെ അച്ഛനിത്ര പരിചയമെങ്ങനയുണ്ടാകാനാണ്!
പനമ്പ്കൊണ്ട് മറച്ച വൃത്തിയും ഭംഗിയുമുള്ള ഒരു ഓലപ്പുരയുടെ മുന്നിലാണവര്‍ എത്തിച്ചേര്‍ന്നത്. വീട്ടില്‍ നിന്നും ഏകദേശം അച്ഛന്റെ പ്രായമുള്ള ഒരു മനുഷ്യനിറങ്ങി വന്നു. വളരെ പരിചയമുള്ളതുപോലെ ആ മനുഷ്യന്‍ അപ്പുക്കുട്ടനെ കൈകളില്‍പിടിച്ചു. എന്നിട്ട് എല്ലാവരേയും അകത്തോട്ട് ക്ഷണിച്ചു.
“കത്ത് കിട്ടിയോ?” അച്ഛന്‍ ചോദിച്ചു.
“കിട്ടി. എവിടെ അവരെല്ലാം?” വീട്ടുകാരന്‍ ചോദിച്ചു.
“എല്ലാവരും അമ്പലത്തില്‍ തന്നെയുണ്ട്.അമ്മയ്ക്ക് ഇങ്ങോട്ട് വരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് നിര്‍ബന്ധിച്ചില്ല.” പിന്നെ അച്ഛന്‍ അപ്പുക്കുട്ടനോടായി ചോദിച്ചു. “മോനിതാരാണന്ന് മനസ്സിലായോ?” അപ്പുക്കുട്ടന്‍ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
“ഇതാണ് മോന്റെ വലിയച്ഛന്‍.വൈക്കത്തെ അപ്പച്ചിയെക്കുറിച്ച് പറഞ്ഞിട്ടില്ലേ? ആ അപ്പച്ചിയുടെ മകന്‍.”
അപ്പുക്കുട്ടന് ചില കാര്യങ്ങള്‍ മനസ്സിലായി തുടങ്ങി.കഴിഞ്ഞ ആഴ്ച രാത്രി അച്ഛന്‍ കത്തെഴുതുന്നത് കണ്ടതാണ്. വരുന്ന വിവരം കാണിച്ച് ഇങ്ങോട്ടായിരിക്കാം അച്ഛന്‍ കത്തെഴുതിയിരുന്നത്. അല്ലെങ്കില്‍ പിന്നെ ഈ പുത്തന്‍ വലിയച്ഛനെങ്ങനയാണ് എല്ലാവരും അമ്പലത്തിലുള്ള കാര്യമറിഞ്ഞത്.
“നമ്മുക്ക് സമയം കളയേണ്ട. പൂജാരി ഇപ്പോളവിടെയുണ്ടന്നാണ് തോന്നുന്നത്. തിരിച്ച് വന്നിട്ടാവാം ചായകുടിയും ക്ഷേമാന്വേഷണവുമൊക്കെ. എന്താ?” ചോദ്യഭാവത്തില്‍ പുത്തന്‍ വലിയച്ഛന്‍ അച്ഛനെ നോക്കി.
അച്ഛന്റെ മറുപടിക്ക് കാത്ത് നില്‍ക്കാതെ പുത്തന്‍ വലിയച്ഛന്‍ പുറത്തേക്കിറങ്ങി നടന്നു.
കൈതയോലകള്‍ ഞാന്നു കിടക്കുന്ന ഊടുവഴികളിലൂടെ വീണ്ടും യാത്ര.വഴിയരികിലെ വീടുകളുടെ വാതുക്കലിരുന്ന് ചേച്ചിമാര്‍ പായ നെയ്യുന്നു.
കുമ്മായം തേച്ച ഒരു വലിയ ഓടിട്ട വീടിന്റെ വേലിയ്ക്ക് വെളിയില്‍ പുത്തന്‍ വലിയച്ഛന്‍ നിന്നു. “ഇതാണ് വീട്. പൂജാരി ഉണ്ടോ എന്ന് ചോദിച്ചാല്‍ മതി.കണ്ട് കഴിഞ്ഞ് നിങ്ങള്‍ തിരിച്ച് വന്നേക്കുമല്ലോ? ഞാനിവിടെ നിന്നാല്‍ ശരിയാവില്ല. എന്നെകണ്ടിരുന്നുവെന്നും പറഞ്ഞേക്കരുത്.” പുത്തന്‍ വലിയച്ഛന്‍ പോയി.
അപ്പുക്കുട്ടനിപ്പോള്‍ ആ വലിയ വീടിനുമുന്നിലെത്തി. കണാരന്‍ മൂപ്പന്റേതിലും വലിയ വീട്! നാട്ടില്‍ അപ്പുക്കുട്ടന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ വീടാണ് കണാരന്‍ മൂപ്പന്റേത്. വെള്ള തേച്ച ഭംഗിയുള്ള വീട്. വീടിന്റെ തേക്കേപുറത്ത് നിറയെ പശുക്കള്‍. വെള്ളനിറമുള്ള പശുക്കള്‍. വെള്ളയില്‍ വലിയ കറുത്തപാടുള്ള പശുക്കള്‍. നന്ദിനി പശുവിനേക്കാള്‍ വലിയ അകിടുള്ള പശുക്കള്‍! വലിയ അകിടുണ്ടേല്‍ ഒത്തിരി പാലുകിട്ടുമായിരിക്കും. പട്ടു പാവാടയുടുത്ത ഒരു കൊച്ചു സുന്ദരി പശുക്കളുടെ ഇടയിലൂടെ ഓടി നടക്കുന്നു.
“പൂജാരി ഇല്ലേ?” സുകുമാരന്‍ ചേട്ടനാണത് ചോദിച്ചത്.
കൊച്ചു സുന്ദരി ഓട്ടം നിര്‍ത്തി. കൈവിരലുകളില്‍ കടിച്ച് പാവാടതുമ്പ് അല്‍പമുയര്‍ത്തി വാതുക്കലോട്ട് വന്നു. ദൂരെനിന്ന് കണ്ടതിനേലും സുന്ദരിയാണവള്‍! അപ്പുക്കുട്ടനവളെയൊന്ന് കണ്ണിറുക്കി കാണിക്കണമെന്നുണ്ടായിരുന്നു.സ്കൂളില്‍ വെച്ച് അപ്പുക്കുട്ടന്‍ സുനന്ദയെ കണ്ണിറുക്കി കാണിച്ചിട്ടുണ്ട്. അവളും പകരം കണ്ണിറുക്കും. നല്ല രസമാണ്! പരിചയക്കാര് കണ്ണിറുക്കിയാല്‍ കുഴപ്പമില്ല. ചിലപ്പോഴൊക്കെ പരിചമുണ്ടായാലും കുഴപ്പമാണ്. ഇന്നാളൊരു ദിവസം കുമാറണ്ണനെ പദ്മിനിച്ചേച്ചി ചെരുപ്പൂരി കരണകുറ്റിയ്ക്ക് ഒരടികൊടുത്തു. കണ്ണിറുക്കി എന്നുംപറഞ്ഞ്!
അപ്പുക്കുട്ടന്‍ സ്വന്തം കവിളത്തൊന്ന് തടവി. വേണ്ട. എന്തിനാ വെറുതെ കൊച്ചുസുന്ദരിയുടെ അടി വാങ്ങുന്നത്.
“അപ്പൂപ്പനമ്പലത്തിലാ...” കൊച്ചുസുന്ദരി വീണ്ടും പശുക്കളുടെയിടയിലോട്ടോടി. അപ്പുക്കുട്ടന് അവളുടെ കൂടെ പോകണമെന്നുണ്ടായിരുന്നു.പക്ഷേ അപ്പോഴേയ്ക്കും മുതിര്‍ന്ന ഒരു സ്ത്രീ അവിടെയ്ക്കെത്തി.
“ആരാ?”
“ഞങ്ങള് കുറച്ച് ദൂരേന്ന് വരുകയാണ്. പൂജാരിയെ ഒന്നു കാണണം.ഇവന്റെ ജാതകമൊന്നെഴുതിക്കാനാണ്.” സുകുമാരന്‍ ചേട്ടനാണത് പറഞ്ഞത്.
അപ്പുക്കുട്ടനൊന്നും മനസ്സിലാകുന്നില്ലായിരുന്നു. ആദ്യം വൈദ്യനെക്കാണണമെന്നും മരുന്ന് വാങ്ങണമെന്നും പറഞ്ഞു. ഇപ്പോള്‍ പൂജാരിയെക്കാണണമെന്നും ജാതകമെഴുതിക്കണമെന്നും പറയുന്നു.
“അകത്തോട്ട് കയറി ഇരിക്കൂ. അച്ഛന്‍ അമ്പലത്തിലാണ്. ഉടനെ വരും.” ചേച്ചി അകത്തോട്ട് കയറിപ്പോയി.
കയറ്റ് പായ വിരിച്ച വിശാലമായൊരു സ്വീകരണമുറി.തടികൊണ്ട് നിര്‍മ്മിച്ച ഭംഗിയുള്ള കസേരകളും മറ്റ് വീട്ട് സാമാനങ്ങളും നല്ല ആകര്‍ഷകമായ രീതിയില്‍ നിരത്തിയിട്ടിരിക്കുന്നു. കണാരന്‍ മൂപ്പന്റേതിനേലും വലിയതും ഭംഗിയുമുള്ള വീട്! “ഭയങ്കര കാശുകാരുടെ വീടാണല്ലേ അച്ഛാ?” അപ്പുക്കുട്ടന്‍ അച്ഛനെ നോക്കി. അച്ഛന്‍ അപ്പുക്കുട്ടനെ നോക്കി ചിരിച്ചു. പക്ഷേ ആ ചിരിയും ബോട്ടില്‍ വെച്ച് അമ്മൂമ്മ ചിരിച്ചതുപോലെതന്നെയായിരുന്നു.വിഷാദമൂകമായ ചിരി.
ദര്‍ശനം - അവസാന കഷണം