Followers

ദീപാകലി

Wednesday, November 7, 2018



സഹമുറിയൻ തമിഴനോട് ‘ഉങ്കൾ പെരിയ കുക്കറാണന്നൊക്കെ‘ അടിച്ചു വിട്ടിരുന്നതുകൊണ്ട് ബാച്ചിലർ കാലത്ത് ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. പാവം കാലത്ത് തന്നെ എണീറ്റ് എല്ലാം റെഡിയാക്കി വെയ്ക്കുമായിരുന്നു.എനിക്കാകെ ചെയ്യേണ്ടിയിരുന്ന പണി വെങ്കായം അരിഞ്ഞ് കൊടുക്കുകയെന്നതായിരുന്നു. ഉള്ളി അരിഞ്ഞ് കണ്ണിൽ നിന്നും വെള്ളം വന്നാൽ തമിഴന് സഹിക്കാൻ പറ്റുമായിരുന്നില്ല.
ഇതിലും ബ്യൂട്ടിഫുൾ ടേസ്റ്റ് അമ്മയുണ്ടാക്കി തന്നിട്ടുള്ള ഭക്ഷണത്തിനെ ഞാൻ കണ്ടിട്ടുള്ളു എന്നൊക്കെ പറഞ്ഞ് ആസ്ഥാന കുക്കായി തമിഴനെ വാഴിച്ചുകൊണ്ട്, ഹൈദ്രാബാദിലെ ആദ്യകാല ജീവിതം  അങ്ങനെ സസുഖം ഭക്ഷണത്തിന് യാതൊരു മുട്ടുമില്ല്ലാതെ കഴിഞ്ഞുകൊണ്ടിരുന്ന സമയത്താണ് സുഹൃത്തിന്റെ പ്രഖ്യാപനമുണ്ടായത്, ദീപാവലിക്ക് നാട്ടിൽ പോകുന്നു!

രണ്ട് മൂന്ന് ദിവസം കമ്പനി ഗസ്റ്റ് ഹൗസ് അല്ലെങ്കിൽ പുറത്തേതെങ്കിലും ഹോട്ടൽ ശരണം!
ദീപാവലി ദിവസം ഉച്ചയ്ക്ക് ഗസ്റ്റ് ഹൗസിൽ നിന്നും ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോൾ കുക്ക് വീരേന്ദ്രനാഥ് അന്ന് വൈകിട്ട് വരില്ലായെന്നറിയിച്ചു.
കുക്കില്ലായെങ്കിലെന്താ...പുറത്ത് ഹോട്ടലില്ലേ...കൊടുക്കുന്ന പൈസ മുതലാകണമെങ്കിൽ നല്ല വിശപ്പ് വന്ന് കഴിഞ്ഞ് വേണം ആഹാരം കഴിക്കാൻ പോകാൻ...
വൈകിട്ട്  പരമാവധി വിശപ്പ് വരാൻ കാത്തിരുന്നു.
പിന്നെ ഹോട്ടലിലേയ്ക്ക് നടന്നു.ഏകദേശം എട്ടു മണി ആയിക്കാണും.
കഷ്ടകാലം!
രാഘവേന്ദ്ര മെസ് അടഞ്ഞുകിടക്കുന്നു!
തലയും ചൊറിഞ്ഞ് മെസ്സിനു ചുറ്റും നടക്കുന്ന എന്റെ രോഗം മനസ്സിലായതിനാലാവും, അതിലെ വന്ന ഒരു തെലുങ്കൻ കടിച്ചാൽ പൊട്ടാത്ത തെലുങ്കിൽ എന്തൊ പറഞ്ഞു. അതിൻ പൊരുൾ ഞാൻ ഇപ്രകാരം മനസ്സിലാക്കിയെടുത്തു. ദീപാവലി ദിവസം വൈകിട്ട് കടയൊന്നും തുറക്കില്ല. വെറുതേ സമയം കളയാതെ വേറെ വല്ല വഴി നോക്ക്.
വിശപ്പ് അതിന്റെ പാരമ്യത്തിലേയ്ക്ക്..
ദാക്ഷിണ്യമില്ലാത വിശപ്പ്...
വയറ് കത്തിയെരിയുന്നു.
തിരികെ മുറിയിലെത്തി അടുക്കളയാകെ പരതി നോക്കി. പെട്ടെന്ന് കഴിക്കാൻ പറ്റിയ ഒന്നുമില്ല.
സമയം കളയാൻ പറ്റില്ല.
കുക്കറിൽ അരിയിട്ട് സ്റ്റൗവിൽ വെച്ചു കത്തിച്ചു. കുറച്ചു കഴിഞ്ഞ് കരിയുന്ന ഒരു മണം. ഞാനൊരു മണ്ടൻ തന്നെ...വെള്ളമൊഴിക്കാതെ അരിവെച്ചാൽ കരിയാതിരിക്കുമോ?
കുക്കർ തുറന്ന് കുറച്ച് വെള്ളമൊഴിച്ച് വീണ്ടും കത്തിച്ചു.വിസിൽ വന്നപ്പോൾ ഓഫ് ചെയ്തു. തമിഴൻ സുഹൃത്ത് നീണാൾ വാഴട്ടെ!
ചോറ് റെഡി...
ഇനി കറി?
ഒരു പിടുത്തവും കിട്ടുന്നില്ല.
ഒരു കറി മാത്രമേ ഉള്ളു എന്ന കാരണത്താൽ അമ്മയുമായ് വഴക്കടിച്ച് ആഹാരം ബഹിഷ്ക്കരിച്ച ഒരു കാലവുമുണ്ടായിരുന്നെന്നോർത്തു.
കയ്യിൽ കിട്ടിയത് മുളകുപൊടിയാണ്!
കുടഞ്ഞ് ഒരുപാത്രത്തിലേയ്കിട്ടു...അമ്മ മുളകിടിച്ച് തന്നിരുന്നതിന്റെ ഓർമ്മയാണ്...കപ്പ പുഴുങ്ങിയതും മുളകിടിച്ചതും...നാവിൽ വെള്ളമുറി.
മുളക് പൊടിയിലേയ്ക്ക് കുറച്ച് വെള്ളമൊഴിച്ചു ചാലിച്ചു. അൽപ്പം നാക്കിൽ വെച്ച് നോക്കി. ഇല്ല അമ്മയുടെ മുളകിടിച്ചതിന്റെ പരിസരത്തുപോലും വരുന്നില്ല.
ഉപ്പില്ലാഞ്ഞിട്ടായിരിക്കാം. ഉപ്പുപാത്രമെടുത്ത് കമഴ്ത്തി. നാശം...അൽപ്പം കൂടിപ്പോയി...
മുന്നിട്ട് നിന്ന വിശപ്പിന്ന് മുന്നിൽ ഒന്നും ഒരു തടസമായില്ല.
ചോറിൽ മുളക് ചേർത്ത് കഴിച്ചപ്പോൾ പ്രത്യേക രുചിയൊന്നും തോന്നിയില്ല. നാവിൽ തൊടിയിക്കാതെ വിഴുങ്ങിയതുകൊണ്ടാവാം...
കണ്ണിൽ നിന്നും കുടുകുടെ ഒഴുകിയ കണ്ണീർ എരിവിന്റേത് മാത്രമാണന്ന് ആശ്വസിക്കാൻ ശ്രമിച്ചു.

എരിവ് കൂടിപ്പോയി...ഉപ്പുകുറഞ്ഞുപോയി എന്നൊക്കെ പറഞ്ഞു അമ്മയുടെ മുഖത്തെ പരിഭവം കണ്ട് രസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

ദോശവേണോ, ഇഡ്ഡലി വേണോ,പുട്ടുവേണോ കറിയ്ക്ക് ചമ്മന്തി മതിയോ  കടല വേണോ
ചോറിന്ന് കൂട്ടാൻ മീൻ കറിവേണോ അതൊ പച്ചക്കറി വേണോ...
വായിൽ നാക്കിടാതെ വിഭവങ്ങളുടെ പേരുമായി പുറകെ നടന്നിരുന്ന അമ്മ..
‘ഒന്നും വേണ്ട ഒന്നു ശല്യപ്പെടുത്താതെയിരുന്നുകൂടെ‘എന്ന മറുചോദ്യതിന്നുത്തരം പറയാതെ അടുക്കളപ്പടിയിലിരുന്ന് വിതുമ്പിയിരുന്ന അമ്മയുടെ മുഖം ഒരു വേള മിന്നിമറഞ്ഞു.
 അമ്മയെ വിളിക്കണമെന്ന് തോന്നി.
മോനെന്തു കഴിച്ചു എന്ന ചോദ്യത്തിന്ന് മെസ്സിലെ ആഹാരമായിരുന്നു, നന്നായിരുന്നു എന്നു പറഞ്ഞു.
പിന്നെ ചോദിച്ചു,“അമ്മേ ഈ മുളകിടിയ്ക്കുന്നതെങ്ങനെയാ?“
“അതാണോ വലിയ കാര്യം, രണ്ട് മുളകെടുത്ത് ഉള്ളിയും ഉപ്പും പുളിയും കൂട്ടി ചതച്ച് അല്പം വെളിച്ചെണ്ണയിൽ ചാലിച്ചെടുത്താൽ പോരേ..“



(ദീപാകലി- ആകലി എന്നാൽ തെലുങ്കിൽ വിശപ്പ്)


Read more...

മനഃപായസം

Sunday, March 4, 2018




സാവിത്രി ഇപ്പോ പണ്ടേപോലയല്ല. മാഞ്ചുവട്ടിൽ ചർച്ച ആരംഭിച്ചു. കണ്ടാൽ ഒന്നു ചിരിക്കാതെയോ, ഒരു വാക്ക് മിണ്ടാതെയോ പോകുന്നവളായിരുന്നില്ല സാവിത്രി. തങ്കം പോലത്തെ പെണ്ണായിരുന്നു സാവിത്രി. ഇപ്പോ അവൾക്കെന്തുപറ്റി?
ആനക്കാവിലെ സാവിത്രിയെക്കുറിച്ചാണ് അന്ന് മാഞ്ചുവട് കമ്മറ്റി ചർച്ച തുടങ്ങിയത്. ഗ്രാമത്തിലെ ഒരേയൊരു രണ്ടുനില വീടിന്റെ അധിപതിയായ സുന്ദരി സാവിത്രി എന്നും സ്ത്രീകളുടെ അസൂയപാത്രമായിരുന്നു.
സാവിത്രി ഇപ്പോൾ മിണ്ടാറില്ല. അമ്മയോട് മാത്രമല്ല.ആരോടും മിണ്ടാറില്ല.കിലുക്കാംപെട്ടിപോലത്തെ പെണ്ണായിരുന്നു. ഇപ്പോൾ ഒന്നും മിണ്ടാറില്ല. അഥവാ മിണ്ടിയാൽ തന്നെ ദേഷ്യപ്പെടലായിരിക്കും അത്!
സങ്കടപ്പെടേണ്ടതായ യാതൊരുവിധ കാര്യവും സാവിത്രിയുടെ ജീവിതത്തിലില്ലായിരുന്നു. നല്ല സാമ്പത്തികനില. നല്ല കുടുംബം. ഏത് സ്ത്രീകളേയും അസൂയപ്പെടുത്തുന്ന സ്വഭാവവും, സൗന്ദര്യവും, ഉയർന്ന ജോലിയുള്ള ഭർത്താവ്! എഞ്ചിനീയറിങ്ങ് കഴിഞ്ഞ മകൻ. എന്നിട്ടും സാവിത്രി മാറിയിരിക്കുന്നു.
എന്തിനും ദേഷ്യം!
ആരോടും മിണ്ടില്ല!
“എന്തുണ്ടായിട്ടെന്താ, പോയില്ലേ എല്ലാം. ഇനിയിപ്പോ കറണ്ടടിപ്പിക്കാതെ മാറുമെന്ന് തോന്നണില്ല.“  സാവിത്രീടെ മാനസിക നില തെറ്റി എന്ന് തന്നെ പെണ്ണുങ്ങൾ വിധിയെഴുതി.

ഏകദേശം ഒരു മാസം മുന്നേയാണ്! സാവിത്രി ബാത്ത്‌റൂമിൽ വീണത്. മൊസൈക്കിട്ട തിണ്ണയിൽ തെന്നിയതാണ്. എല്ലുപൊട്ടി. അന്നു തുടങ്ങിയതാണ് സാവിത്രീടെ ശനിദശ!
പനിനീരുപോലത്തെ വെള്ളമുള്ള കൈതപ്പൊന്തയാൽ മറഞ്ഞ ഒന്നാന്തരം കൊളമുണ്ടായിട്ടും കുടുസ് ബാത്ത്‌റൂമിൽ കേറേണ്ട വല്ല കാര്യമുണ്ടോയെന്ന് മാഞ്ചുവട്ടിൽ ഒരു പൊതു സംശയം ഉയർന്നെങ്കിലും, പരിഷ്കൃതമായ ഒരു മനസ്സില്ലാത്തതാണ് ഇത്തരത്തിലുള്ള ‘പൊട്ട‘ചിന്തകൾക്കിട നൽകുന്നതെന്ന് അമ്മ അഭിപ്രായപ്പെട്ടു.
വീടിന്നകത്ത് കക്കൂസും കുളിമുറിയും കെട്ടുന്ന പുത്തൻ പരിഷ്ക്കാരത്തെ വിലാസിനി ചിറ്റ എതിർത്തു.
കൊളത്തി കുളിച്ച് നാലാളെ മേനികാട്ടണതിലും ഭേദമെന്ന് അമ്മ!
മറയിൽ കുളിച്ചുകൊണ്ടിരുന്ന പള്ളത്തി രേവമ്മയെ ചെത്തുകാരൻ വേലായുധൻ തെങ്ങിൻ മുകളിൽ നിന്നും വെള്ളക്ക കൊണ്ട് എറിഞ്ഞ കഥ അവതരിപ്പിച്ചത് അമ്മയാണ്. മാഞ്ചുവട്ടിൽ ചിരി പൊങ്ങി.

സാവിത്രിയ്ക്ക് ഈയിടയായ് ഉറക്കം വളരെ കുറവാണത്രേ! തുണിയെല്ലാം പറിച്ച് കളയാൻ തോന്നണ ഉഷ്‌ണമാണത്രേ രാത്രിയിൽ!
മഞ്ഞ് കാലത്ത് രാത്രിയിൽ ഉഷ്‌‌ണമെന്നത് അല്പം അവിശ്വസനീയമായ് തോന്നി ചിലർക്ക്!
പക്ഷേ ആധികാരികമായ തെളിവുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച... കൃത്യമായ് പറഞ്ഞാൽ...കഴിഞ്ഞ ബുധനാഴ്ച.
അന്ന് സാവിത്രീടെ മകൻ വണ്ടി വിളിച്ചോണ്ട് വന്നത് അമ്മ കണ്ടതാണ്! കേടായ ഏസീ റിപ്പയർ ചെയ്യാൻ ടൗണിൽ കൊണ്ട് പോകാനായിരുന്നു അത്. മഞ്ഞ് കാലത്തും സാവിത്രിക്ക് ഏസീല്ലാണ്ടാന്ന് ഉറങ്ങാൻ പറ്റണില്ലത്രേ! പരിഷ്കാരം...പരിഷ്ക്കാരം...അല്ലാണ്ടെന്തു പറയാൻ...
പരിഷ്ക്കാരം മൂത്താൽ ഉഷ്‌ണമുണ്ടാവോ? ആ ആർക്കറിയാം...വിലാസിനി ചിറ്റ കൈമലർത്തി.

എല്ലുപൊട്ടിയ വിവരമറിഞ്ഞ് അമ്മ സാവിത്രീടെ വീട്ടിൽ പോയിരുന്നു. സാവിത്രി ആകെ മാറിയിരുന്നു. പഴയ ആ ഊർജ്ജസ്വലതയൊക്കെ പോയിരിക്കുന്നു. ആകെ അവശയായിരിക്കുന്നു. അന്നാണ് അമ്മ അത് മനസ്സിലാക്കിയത്! സാവിത്രിയുടെ മുഖത്ത് രോമം വളരുന്നു! മീശയിലും താടിയിലും രോമം! അത് വളർന്ന് ആണുങ്ങടെ പോലെയാകാൻ അധികതാമസമുണ്ടാവില്ല!
സാവിത്രി അന്ന് അമ്മയോടെ സംസാരിക്കാൻ പോലും കഴിയുന്ന അവസ്ഥയിലല്ലായിരുന്നു.
കഷ്ടമല്ലാണ്ടെന്തുപറയാൻ...
പണമുണ്ടന്ന് പറഞ്ഞിട്ടെന്ത്...
മനുഷേന്റെ കാര്യമിത്രേക്കെ ഒള്ളു!
ഒരസുഖം....ഒരപകടം....എല്ലാം പോയില്ലേ...
ഒരു നിമിഷം മാഞ്ചുവട് നിശബ്ദമായ്...
അപ്പോഴാണ് മീനാക്ഷി അമ്മായിയുടെ വരവ്.ചന്തയിൽ പോകാൻ പോകുന്ന വഴിയാണ്. കക്ഷത്തിൽ വട്ടി മടക്കിവെച്ചിട്ടുണ്ട്.
“എന്താണ്ട്രീ പെണ്ണുങ്ങ നിങ്ങ എല്ലാരും മിണ്ടാട്ടം മുട്ടിയിരിക്കണെ?“ കക്ഷത്തിലെ വട്ടി കൈയിലായ്.
“ആനക്കാവിലെ സാവിത്രിയെക്കുറിച്ച് പറയായിരുന്നു ഞങ്ങ...എങ്ങനെ നടന്ന സ്ത്രീയാ...പോയില്ലേ എല്ലാം...വട്ടായെന്നാ പറയണേ...“ അമ്മയുടെ മുഖത്ത് സങ്കടഭാവം!
മീനാക്ഷി അമ്മായി ചിരിച്ചു. നിർത്താതെ ചിരിച്ചു... മാഞ്ചുവട്ടിലെ പെണ്ണൂങ്ങൾ അതിശയപ്പെട്ട് കണ്ണും തള്ളി നിന്നു.
മാവിൻ മുകളിലെ കാക്കകൾ ഒന്നോടെ ചിറകടിച്ച് പറന്നു...
ചിരിച്ച് ചിരിച്ച് അമ്മായി ചുമ തുടങ്ങി. കണ്ണുകളിലൂടെ വെള്ളം ചാടി. അമ്മ തോർത്തെടുത്ത് അമ്മായിക്ക് നീട്ടി.
“പൊട്ടിപ്പെണ്ണുങ്ങള്...നെനക്കൊക്കെ വല്ലോം അറിയാവാടീ...“ പെണ്ണുങ്ങളൊന്നടങ്കം അമ്മായിടെ ചുറ്റും കൂടി.പ്രപഞ്ചരഹസ്യം വെളിപ്പെടുത്താൻ പോകുന്ന ആൾദൈവത്തിന്റെ ചുറ്റും കൂടുന്ന ശിഷ്യഗണങ്ങളുടെ ഭാവഹാവാദികളോടെ...
“സാവിത്രിക്കേ...“ അമ്മായി ഒന്നു നിർത്തി. പിന്നെ ശബ്ദമൊന്ന് താഴ്ത്തിപ്പറഞ്ഞു.
“അവക്കേ... മനഃപായസമാണടീ...മനഃപ്പായസം...“
പെണ്ണുങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.
‘ആ...പറഞ്ഞിട്ടെന്തു കാര്യം...നെനക്കൊക്കെ പ്രായായിട്ടില്ലടീ...പെണ്ണുങ്ങ കുളി നിക്കുമ്പോ വരണ അസുകമാണടീ സാവിത്രിക്ക്...“
അമ്മായി വട്ടി മടക്കി കക്ഷത്തിൽ വെച്ച് ചന്തയിലേയ്ക്ക് നടന്നു.



Read more...

സ്വപ്നങ്ങൾ

Sunday, January 28, 2018



തണുപ്പുകാലത്ത് രാവിലെ എണീക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു സൂസന്. തണുപ്പിന്റെ സുഖത്തിൽ പുതപ്പിന്നുള്ളിൽ മൂടിപ്പുതച്ചുകിടന്നിരുന്ന സൂസനെ അലക്സ് കുലുക്കി ഉണർത്തുകയായിരുന്നു. ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ടതിൽ ലേശം സങ്കടം തോന്നിയെങ്കിലും; അന്നത്തെ ദിനപ്പത്രവും പിടിച്ചുള്ള അലക്സിന്റെ നിൽപ്പ് കണ്ടപ്പോൾ ഒരു പന്തികേട്! സൂസൻ ചാടിയെണീറ്റു.
പത്രം സൂസന് കൈമാറി അലക്സ് പറഞ്ഞു,“നമ്മുടെ ഡോക്ടറുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു.“
പത്രത്തിന്റെ മുൻപേജ് മുഴുവൻ ഡോക്ടറുടെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെക്കുറിച്ചുള്ള കവറേജായിരുന്നു.

കല്യാണം കഴിച്ച് കഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കിൽ ഹിമാലയം ഇടിഞ്ഞുവീഴുമെന്നോ, അതുമല്ലെങ്കിൽ അന്റാർട്ടിക്കയിലെ മഞ്ഞുരുകി ലോകജനത ഒന്നോടെ ഇല്ലാതാവുകയോ ചെയ്യുമെന്ന് വിവക്ഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടെതെന്ന് സൂസന് പലപ്പോഴും തോന്നിയിട്ടുണ്ട്! കുട്ടികളില്ലാത്ത  സാധാരണക്കാരായ ദമ്പതികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള  സാമാന്യബോധം  പോലുമില്ലാത്ത കപട സഹതാപക്കാരോട് പുച്ഛമായിരുന്നു അവർക്കെപ്പോഴും.

സ്ഥിരമായി കൺസൾട്ട് ചെയ്തിരുന്ന ഒരു പ്രമുഖ ആയുർവേദ ഡോക്ടർ ഒരിക്കൽ ചോദിച്ചു.
“ആയുർവേദത്തെ അത്രയ്ക്ക് വിശ്വാസമാ നിങ്ങൾക്ക്?“
“എന്താ ഡോക്ടർ അങ്ങനെ ചോദിക്കാൻ?“
“അല്ല.കുറേ നാളായല്ലോ നിങ്ങളെന്റെ ട്രീറ്റ്‌മെന്റ് ചെയ്യുന്നത്. ഫലമില്ലായിന്ന് കണ്ടിട്ടും വീണ്ടും വീണ്ടും വരുന്നതുകൊണ്ട് ചോദിക്കുവാ.അലോപ്പതിയിലാണേല് അവർക്ക് സ്കാൻ ചെയ്തൊക്കെ നോക്കാൻ സൗകര്യമുണ്ടല്ലോ.“
അലോപ്പതിയൊക്കെ പരീക്ഷിച്ച് പരിക്ഷീണിതരായണ് തങ്ങളിവിടെയെതിയതെന്ന് സൂസൻ പറഞ്ഞില്ല.
അതൊന്നുമല്ല.ഡോക്ടറിലുള്ള വിശ്വാസം കൊണ്ടാണന്ന് പറഞ്ഞിറങ്ങി. പിന്നെയാ വഴിക്ക് പോയിട്ടില്ല.

ഏറെ നാളത്തെ ഫലമില്ലാ ചികിത്സകൾ... ഗുണമുണ്ടാവുന്നില്ലായെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ചെയ്യുന്നതായിരുന്നു പലതും.
സഹതാപതരംഗത്തിൽ നിന്നും രക്ഷപ്പെടുകയെന്ന മഹാദൗത്യം തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ ബാലികേറാമല!
ചിലസന്ദർഭങ്ങളിൽ മുഖത്ത് നോക്കി സഹതാപക്കരോട് നല്ലത് പറയേണ്ടിവന്നിട്ടുണ്ട്. അഹങ്കാരം പിടിച്ചതിനൊക്കെ ചുമ്മാതല്ല ദൈവം ഒരു കുഞ്ഞിക്കാലു പോലും നൽകാത്തതെന്ന് പറഞ്ഞ് അഭ്യുദയകാംക്ഷികൾ പോയ വഴിയിൽ പിന്നീട് പുല്ലുപോലും മുളച്ചിട്ടില്ല.
.
കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. ചെയ്യാനുള്ള ചികിൽസകളൊക്കെ ചെയ്ത് ഇനി സമയം ഇതിനുവേണ്ടി കളയേണ്ട എന്ന തീരുമാനം ഏകദേശം അവർ എടുത്തതായിരുന്നു.അപ്പോഴാണ് പരിചയക്കാരിലൊരാൾ അങ്ങ് ദൂരെയുള്ള ഒരു ഡോക്ടറുടെ വിശേഷവുമായെത്തുന്നത്. അവസാനമായ് ഒരു പരീക്ഷണം കൂടി നടക്കട്ടെയെന്ന് തീരുമാനിച്ചു.
മൂന്ന് നാല് മണിക്കൂർ യാത്രയുണ്ട്.
ഡോക്ടറെ കാണാൻ വലിയ തിരക്കായിരിക്കുമെന്നും, തിരികെ വരാൻ വളരെ താമസിക്കുമെന്നുമുള്ള വിവരം കിട്ടിയിരുന്നതിനാൽ അതിരാവിലെ തന്നെ അവർ യാത്ര പുറപ്പെട്ടു.
ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ലാതെ... അതൊക്കെ പണ്ടേ അടുക്കി പരണത്ത് വെച്ചതാണ്.

ഒത്തിരി വലുതുമല്ല എങ്കിൽ തീരെ ചെറുതുമല്ല എന്ന് പറയാവുന്ന ഒരു പട്ടണം. നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളു.
ഡോക്ടർ വളരെ പ്രശസ്തൻ!‘ മാന്ത്രികകൈയുള്ളവൻ! വൈദ്യശാസ്ത്രത്തെ അരച്ചുകുടിച്ചവൻ! ആധുനിക വൈദ്യശാസ്ത്രത്തിന്റെ എവറസ്റ്റ് കയറിയവൻ!!!
വീട് കണ്ടുപിടിക്കാൻ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല.
വമ്പൻ ഗേറ്റ് പാതി തുറന്നുകിടന്നിരുന്നു.
വീടിന്ന് മുന്നിൽ പ്രത്യേകമായ് ഒരുക്കിയിരുന്ന ഒരു വലിയ ഹാളിലേയ്ക്കാണ് അവർ എത്തിച്ചേർന്നത്.അത്ഭുതപ്പെട്ടുപോയി!
വെളുപ്പാൻ കാലത്ത് തന്നെ ഹാളിൽ നിറയെ ആളുകൾ!!!
ഇത്രയും രാവിലെ...വേറെ ആരും കാണില്ല... തങ്ങൾ തന്നെ ആദ്യം വരുന്നവർ എന്നൊക്കെ വിചാരിച്ചത് വെറുതേ ആയെന്ന് തോന്നി..
ഏകദേശം എട്ടുമണി കഴിഞ്ഞുകാണും. നീല വസ്ത്രധാരിയായ ഒരു സെക്യൂരിറ്റി വന്നുപറഞ്ഞു.“ഇനി ഉള്ളവർ ആശുപത്രീലേക്ക് പൊയ്ക്കോ.“
ഒന്ന് അതിശയിച്ചെങ്കിലും പിന്നീട് മനസ്സിലായി. ഡ്യൂട്ടി ടൈം ആയാൽ ഡോക്ടർ ആശുപത്രിയിലേയ്ക്ക് പോകും. പിന്നെ പരിശോധന അവിടെ വെച്ചാണ്.
അധികം ദൂരമില്ലാത്ത ആശുപത്രിയിലേയ്ക്ക് നടന്നു. തിരക്കുതന്നെ. എല്ലായിടത്തും ഡോക്ടർ തന്നെ വേണം. ഓപിയിലും, വാർഡിലും, തീയേറ്ററിലുമെല്ലാം ഡോക്ടർ തന്നെ വേണം.
“ഈ ഡോക്ടറില്ലായിരുന്നുവെങ്കിൽ സെന്റ് ജോർജ് ഹോസ്പിറ്റൽ പണ്ടേ പൂട്ടിപ്പോയേനേ...“  ആരോ പറയുന്നത് കേട്ടു.

ഉച്ചകഴിയുവോളം കാത്തിരുന്നു ഡോക്ടറെ കണ്ടപ്പോഴത്തേയ്ക്കും ഒരു നീണ്ടലിസ്റ്റ് കിട്ടി. കൂടെ ഒരു നിർദ്ദേശവും. ടെസ്റ്റെല്ലാം കഴിഞ്ഞ് റിസൾട്ടുമായിട്ട് വൈകിട്ട് വീട്ടിലേയ്ക്ക് വരണം. മരുന്ന് അപ്പോൾ കുറിക്കാം.

ആശുപത്രി- ഡോക്ടറുടെ വീട് ഷട്ടിൽ സർവ്വീസിൽ ഒരു ദിവസം തീർന്നെന്ന് അലക്സ് പറഞ്ഞപ്പോൾ സൂസൻ ചിരിച്ചു.
 വളരെ വൈകിയാണ് ടെസ്റ്റ് റിസൾട്ടെല്ലാം കിട്ടിയത്.
വൈകിട്ടത്തെ ആഹാരവും കൂടി കഴിഞ്ഞ് ഡോക്ടറുടെ വീട്ടിലേയ്ക്ക് പോകുന്നതാണ് ബുദ്ധിയെന്ന് ഇതിനകം അവർ മനസിലാക്കിക്കഴിഞ്ഞിരുന്നു.
മനുഷ്യന്റെ സമയത്തിന് ഒരു വിലയും നൽകാത്ത ഡോക്ടർ!“ സൂസനത് പറഞ്ഞപ്പോൾ അലക്സ് തിരുത്തി. “സ്വന്തം ജീവിതത്തിന് സമയം കണ്ടെത്താനാവാത്ത ഒരു ഡോക്ടർ എന്ന് പറയുന്നതാവും ശരി.

ഹാളിലെ ആൾക്കൂട്ടത്തിന്ന് ഒട്ടും കുറവുണ്ടായിരിന്നില്ല. ചിലരൊക്കെ വലിയ ടി വി സ്ക്രീനിൽ ലയിച്ചിരിക്കുന്നു. മറ്റു ചിലർ പത്രങ്ങളിലും വീക്കിലികളിലുമായ് സമയം കൊല്ലുന്നു.ഹാളിന്റെ ഒരു മൂലയ്ക്കായ് കാരംബോർഡ്, ചെസ് ബോർഡ് തുടങ്ങി സമയം ചിലവഴിക്കാനുള്ള അത്യാവശ്യ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്!
കഠിനാധ്വാനിയായ ഡോക്ടറുടെ ഗുണഗണങ്ങൾ കൂടെയിരുന്നവർ പറയുന്നുണ്ടായിരുന്നു. ഡോക്ടറുടെ കൈപ്പുണ്യവും പ്രശസ്തിയും കാരണം കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകളെത്തിയിരുന്നു അവിടെ.
രാത്രി വളരെ വൈകുവോളം പേഷ്യൻസിനെ നോക്കി വീണ്ടും അതിരാവിലെ തന്നെ ഹോസ്പിറ്റലിലേയ്ക്ക് പോകുന്ന ഡോക്ടർ!
ജോലിയിൽ ഇത്രയധികം ആത്മാർപ്പണമുള്ള ഡോക്ടർമാർ ഇക്കാലത്ത് വിരളമാണ്.
ഡോക്ടർക്കൊരു സ്വപ്നമുണ്ടത്രേ! വിശ്രമമില്ലാതെയുള്ള ഈ ജോലി ആ സ്വപ്നസാക്ഷാത്ക്കാരത്തിനായണത്രേ!
സ്വന്തമായ് ഒരു ഹോസ്പിറ്റൽ!
നഗരമധ്യത്തിൽ ഉയർന്ന് നിൽക്കുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ!
അതിന് വേണ്ടി പ്രയത്നിക്കുന്നതിനിടെ സ്വന്തം ജീവിതം തന്നെ ഡോക്ടർ മറന്നിരിക്കുന്നു. ഡോക്ടറുടെ ഭാര്യ ഡൈവോഴ്സ് നോട്ടീസ് അയച്ചിരിക്കുകയാണന്നും ആരോ പറഞ്ഞു.

ഇരുന്നിരുന്ന് മടുത്ത് അലക്സ് ജനാലയ്ക്കൽ ചെന്ന് പുറത്തേയ്ക്ക് നോക്കി നിന്നു. പുറത്ത് പട്ടണം ഉറങ്ങാറായെന്ന് തോന്നുന്നു. പെട്ടി വണ്ടിക്കാരും കടക്കാരുമൊക്കെ കച്ചവടം കഴിഞ്ഞ് വീട് പിടിക്കാനുള്ള തത്രപ്പാടിലാണ്. ഡോക്ടറുടെ വീട്ടിൽ നിന്നും പട്ടണത്തിലെ ബസ് സ്റ്റാന്റ് കാണാം. ദിവസം മുഴുവനുള്ള യാത്രകഴിഞ്ഞ് ബസുകൾ പോലും വിശ്രമിക്കുന്നു.
അലക്സ് വാതുക്കൽ നിന്നിരുന്ന സെക്യൂരിറ്റിക്കാരന്റെ അടുക്കലെത്തി ചോദിച്ചു. “ഇവിടെ എന്നും ഇങ്ങനാണോ?“
സെക്യൂരിറ്റിക്കാരൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കൈകളെടുത്ത് തലയ്ക്ക് പുറകിൽ പിടിച്ച് ശരീരം പുറകിലേയ്ക്കൊന്നു വളച്ചു.
കോട്ടുവാ വന്ന് തുറന്ന വായ ഒന്ന് പൊത്തിപ്പിടിക്കാനുള്ള ബോധം പോലുമില്ലാത്ത സെക്യൂരിറ്റിക്കാരൻ തുറന്ന വായിൽ തന്നെ പറഞ്ഞു. “ആ... ആ... രാത്രി രണ്ട് മണിവരെ കൺസൾട്ടേഷൻ... അതിരാവിലെ ഓപ്പറേഷൻ കേസുകള് ....ആശൂത്രീ-വീട്-രോഗികൾ.... പ്‌ഫൂ, ഇങ്ങനേണ്ടോ ഒരു ജീവിതം... കൂടെ പണിയുന്നോരും മനുഷ്യരാണന്ന് വിചാരോല്ലാത്തവൻ... “കൈത്തലം കൊണ്ട് കണ്ണ് തിരുമ്മി അയാൾ കസേരയിലേയ്ക്ക് വീണു.
സമയം പൊയ്ക്കൊണ്ടിരുന്നു. ഹാളിലിരുന്നിരുന്ന് പലരും ഉറങ്ങിപ്പോയിരിക്കുന്നു. സൂസന്റെ തല സ്പ്രിങ്ങ് പിടിപ്പിച്ച റബ്ബർ പന്ത് ആരോ തള്ളിവിടുന്നപോലെ ആടിക്കൊണ്ടിരിക്കുന്നു!
ഡോക്ടറെ കാണാനുള്ള വിളി വന്നപ്പോൾ ഏകദേശം പന്ത്രണ്ട് മണി ആയിക്കാണും.
വലിയ മേശയുടെ പിറകിലിരിക്കുന്ന ഒരു കുഞ്ഞ് മനുഷ്യൻ! രാവിലെ കണ്ട അതേ വേഷം തന്നെ! ഒരു നിമിഷം പോലും റെസ്റ്റ് എടുക്കാതെ ജോലി ചെയ്യുന്ന മനുഷ്യൻ! അത്ഭുതം തോന്നി.
ടെസ്റ്റ് റിസൾട്ടെല്ലാം നോക്കി ഡോക്ടർ പറഞ്ഞു,  ശരിയാക്കാവുന്ന പ്രശ്നേള്ളു. മൂന്നു മാസം മരുന്ന് കഴിച്ചിട്ട് വരൂ. മൊത്തം മരുന്ന് ഞാൻ കുറിക്കുന്നുണ്ട്. കൗണ്ടറീന്ന് വാങ്ങിക്കോ...
എത്രയോ വർഷങ്ങളായി പല പല ഡോക്ടർമാരിൽ നിന്നും കേട്ട് കേട്ട് തഴമ്പിച്ച വാഗ്ദാനങ്ങൾ....അലക്സും സൂസനും മുഖത്തോട് മുഖം നോക്കി.
ഡോക്ടർ മരുന്നു കുറിച്ചുകൊണ്ടിരിക്കുന്നു...ആന്വൽ എക്സാമിന്ന് ഉത്തരമെഴുതുന്ന ഒരു വിദ്യാർത്ഥിയുടെ വ്യഗ്രതയോടെ...
അലക്സിന്റെ കണ്ണുകൾ മുറി മുഴുവൻ പരിശോധിച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണത് സംഭവിച്ചത്!
സൂസൻ അലക്സിന്റെ തുടയിൽ നുള്ളി.
ഒന്നു ഞെട്ടി കാൽ വലിച്ചുകൊണ്ട്  അലക്സ് സൂസനെ നോക്കി.
അവളുടെ കണ്ണുകൾ ഡോക്ടറിലേയ്ക്ക് നീളുന്നു.
ഡോക്ടറുടെ പേന പിടിച്ച കൈകൾ പ്രിസ്ക്രിപ്ഷൻ ചീട്ടിൽ ഭൂപടം വരയ്ക്കുന്നു! ഉറക്കാധിക്യത്താൽ മുന്നോട്ടാഞ്ഞ മുഖത്ത് നിന്നും കണ്ണട തെറിച്ചു. ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു അലക്സ്. പിന്നെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് കണ്ണട എടുത്ത് ഡോക്ടറെ ഏൽപ്പിച്ചു, “ ഡോക്ടർ അങ്ങ് വളരെ ക്ഷീണിതനാണ്. ഒന്നു മുഖം കഴുകിയിട്ട് വന്ന് മരുന്നെഴുതൂ പ്ളീസ്...“
കണ്ണട നേരേ വെച്ച്, ഒന്ന് കുടഞ്ഞിരുന്ന് ചീട്ടെഴുതി തീർത്തുകൊണ്ട് ഡോക്ടർ പറഞ്ഞു.“ അല്പം ക്ഷീണം കൂടിപ്പോയി....സാരമില്ല...നിങ്ങള്  കൗണ്ടറീന്ന് മരുന്ന് വാങ്ങി ഫീസും അവിടെകൊടുത്തോളു.“

കൗണ്ടറിലേയ്ക്ക് നടക്കുമ്പോൾ അലക്സ് പറഞ്ഞു.ഒരു വണ്ടി വിളിക്കേണ്ടി വരുമെന്ന് തോന്നുന്നു ഈ മരുന്നെല്ലാം കൊണ്ടുപോകാൻ...മൂന്നു മാസത്തേയ്ക്കുള്ളതല്ലേ...
സൂസൻ ചിരിച്ചുകൊണ്ട് ചോദിച്ചു,“ഒരു കാര്യം ഞാൻ പറഞ്ഞാൽ ദേഷ്യപ്പെടുമോ?“
“എന്താ?“
“ഉറക്കച്ചടവിൽ ആ ഡോക്ടറെഴുതിയതൊക്കെ ശരിയായിരിക്കുവോ?“
“ആയിരിക്കാം...അല്ലായിരിക്കാം.“
“വേണോ നമ്മുക്കീ മരുന്നുകൾ...എന്തോ എനിക്ക് പേടി തോന്നുന്നു.“
നീട്ടിയ കൈയിലെ ചീട്ടുമായി അലക്സ് പുറകോട്ട് മാറി.ജനാലയ്ക്കൽ വന്ന് ബസ് സ്റ്റാന്റിലെ നിർത്തിയിട്ടിരുന്ന ബസുകളിലേയ്ക്ക് തന്നെ നോക്കി നിന്നു.
“കൗണ്ടറടയ്ക്കാൻ പോവുന്നു, മരുന്ന് വാങ്ങാനുള്ളോരു ഒന്നു വേഗം വരണേ...“ ഒരു പെൺകുട്ടിയുടെ ശബ്ദം.
അലക്സ് സൂസനെ ചേർത്തുപിടിച്ചു.“എന്തായാലും വന്നതല്ലേ...നമ്മുക്കിത് വാങ്ങാം. ഒരു ഡോക്ടറുടെ സ്വപ്ന സാക്ഷാത്കാരത്തിന് നമ്മുടേതായ ഒരു പങ്കെങ്കിലുമാകട്ടെ.“
വലിയ മരുന്ന് പൊതിയുമായ് അവർ ഡോക്ടറുടെ വീടിന്ന് പുറത്തിറങ്ങി.
അലക്സ് എന്തിനോ വേണ്ടി പരതുകയായിരുന്നു.
“മരുന്ന് കൊണ്ട് പോവാൻ വണ്ടി നോക്കുവാണോ?“
“അല്ല.“
റോഡ് മുറിച്ച് കടന്ന്  അലക്സ് ആ വലിയ മരുന്ന് പൊതി മുനിസിപ്പൽ ചവറ്റ് കൂടയിലേയ്ക്ക് വലിച്ചെറിഞ്ഞു.
പിന്നെ  ഉറങ്ങുന്ന നഗരവീഥിയിലൂടെ സൂസന്റെ കൈകൾ കോർത്ത് പിടിച്ച് സാവധാനം നടന്നു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP