മനഃപായസം
Sunday, March 4, 2018
സാവിത്രി ഇപ്പോ പണ്ടേപോലയല്ല. മാഞ്ചുവട്ടിൽ ചർച്ച ആരംഭിച്ചു. കണ്ടാൽ ഒന്നു ചിരിക്കാതെയോ, ഒരു വാക്ക് മിണ്ടാതെയോ പോകുന്നവളായിരുന്നില്ല സാവിത്രി. തങ്കം പോലത്തെ പെണ്ണായിരുന്നു സാവിത്രി. ഇപ്പോ അവൾക്കെന്തുപറ്റി?
ആനക്കാവിലെ സാവിത്രിയെക്കുറിച്ചാണ് അന്ന് മാഞ്ചുവട് കമ്മറ്റി ചർച്ച തുടങ്ങിയത്. ഗ്രാമത്തിലെ ഒരേയൊരു രണ്ടുനില വീടിന്റെ അധിപതിയായ സുന്ദരി സാവിത്രി എന്നും സ്ത്രീകളുടെ അസൂയപാത്രമായിരുന്നു.
സാവിത്രി ഇപ്പോൾ മിണ്ടാറില്ല. അമ്മയോട് മാത്രമല്ല.ആരോടും മിണ്ടാറില്ല.കിലുക്കാംപെട്ടിപോലത്തെ പെണ്ണായിരുന്നു. ഇപ്പോൾ ഒന്നും മിണ്ടാറില്ല. അഥവാ മിണ്ടിയാൽ തന്നെ ദേഷ്യപ്പെടലായിരിക്കും അത്!
സങ്കടപ്പെടേണ്ടതായ യാതൊരുവിധ കാര്യവും സാവിത്രിയുടെ ജീവിതത്തിലില്ലായിരുന്നു. നല്ല സാമ്പത്തികനില. നല്ല കുടുംബം. ഏത് സ്ത്രീകളേയും അസൂയപ്പെടുത്തുന്ന സ്വഭാവവും, സൗന്ദര്യവും, ഉയർന്ന ജോലിയുള്ള ഭർത്താവ്! എഞ്ചിനീയറിങ്ങ് കഴിഞ്ഞ മകൻ. എന്നിട്ടും സാവിത്രി മാറിയിരിക്കുന്നു.
എന്തിനും ദേഷ്യം!
ആരോടും മിണ്ടില്ല!
“എന്തുണ്ടായിട്ടെന്താ, പോയില്ലേ എല്ലാം. ഇനിയിപ്പോ കറണ്ടടിപ്പിക്കാതെ മാറുമെന്ന് തോന്നണില്ല.“ സാവിത്രീടെ മാനസിക നില തെറ്റി എന്ന് തന്നെ പെണ്ണുങ്ങൾ വിധിയെഴുതി.
ഏകദേശം ഒരു മാസം മുന്നേയാണ്! സാവിത്രി ബാത്ത്‌റൂമിൽ വീണത്. മൊസൈക്കിട്ട തിണ്ണയിൽ തെന്നിയതാണ്. എല്ലുപൊട്ടി. അന്നു തുടങ്ങിയതാണ് സാവിത്രീടെ ശനിദശ!
പനിനീരുപോലത്തെ വെള്ളമുള്ള കൈതപ്പൊന്തയാൽ മറഞ്ഞ ഒന്നാന്തരം കൊളമുണ്ടായിട്ടും കുടുസ് ബാത്ത്‌റൂമിൽ കേറേണ്ട വല്ല കാര്യമുണ്ടോയെന്ന് മാഞ്ചുവട്ടിൽ ഒരു പൊതു സംശയം ഉയർന്നെങ്കിലും, പരിഷ്കൃതമായ ഒരു മനസ്സില്ലാത്തതാണ് ഇത്തരത്തിലുള്ള ‘പൊട്ട‘ചിന്തകൾക്കിട നൽകുന്നതെന്ന് അമ്മ അഭിപ്രായപ്പെട്ടു.
വീടിന്നകത്ത് കക്കൂസും കുളിമുറിയും കെട്ടുന്ന പുത്തൻ പരിഷ്ക്കാരത്തെ വിലാസിനി ചിറ്റ എതിർത്തു.
കൊളത്തി കുളിച്ച് നാലാളെ മേനികാട്ടണതിലും ഭേദമെന്ന് അമ്മ!
മറയിൽ കുളിച്ചുകൊണ്ടിരുന്ന പള്ളത്തി രേവമ്മയെ ചെത്തുകാരൻ വേലായുധൻ തെങ്ങിൻ മുകളിൽ നിന്നും വെള്ളക്ക കൊണ്ട് എറിഞ്ഞ കഥ അവതരിപ്പിച്ചത് അമ്മയാണ്. മാഞ്ചുവട്ടിൽ ചിരി പൊങ്ങി.
സാവിത്രിയ്ക്ക് ഈയിടയായ് ഉറക്കം വളരെ കുറവാണത്രേ! തുണിയെല്ലാം പറിച്ച് കളയാൻ തോന്നണ ഉഷ്‌ണമാണത്രേ രാത്രിയിൽ!
മഞ്ഞ് കാലത്ത് രാത്രിയിൽ ഉഷ്‌ണമെന്നത് അല്പം അവിശ്വസനീയമായ് തോന്നി ചിലർക്ക്!
പക്ഷേ ആധികാരികമായ തെളിവുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച... കൃത്യമായ് പറഞ്ഞാൽ...കഴിഞ്ഞ ബുധനാഴ്ച.
അന്ന് സാവിത്രീടെ മകൻ വണ്ടി വിളിച്ചോണ്ട് വന്നത് അമ്മ കണ്ടതാണ്! കേടായ ഏസീ റിപ്പയർ ചെയ്യാൻ ടൗണിൽ കൊണ്ട് പോകാനായിരുന്നു അത്. മഞ്ഞ് കാലത്തും സാവിത്രിക്ക് ഏസീല്ലാണ്ടാന്ന് ഉറങ്ങാൻ പറ്റണില്ലത്രേ! പരിഷ്കാരം...പരിഷ്ക്കാരം...അല്ലാണ്ടെന്തു പറയാൻ...
പരിഷ്ക്കാരം മൂത്താൽ ഉഷ്‌ണമുണ്ടാവോ? ആ ആർക്കറിയാം...വിലാസിനി ചിറ്റ കൈമലർത്തി.
എല്ലുപൊട്ടിയ വിവരമറിഞ്ഞ് അമ്മ സാവിത്രീടെ വീട്ടിൽ പോയിരുന്നു. സാവിത്രി ആകെ മാറിയിരുന്നു. പഴയ ആ ഊർജ്ജസ്വലതയൊക്കെ പോയിരിക്കുന്നു. ആകെ അവശയായിരിക്കുന്നു. അന്നാണ് അമ്മ അത് മനസ്സിലാക്കിയത്! സാവിത്രിയുടെ മുഖത്ത് രോമം വളരുന്നു! മീശയിലും താടിയിലും രോമം! അത് വളർന്ന് ആണുങ്ങടെ പോലെയാകാൻ അധികതാമസമുണ്ടാവില്ല!
സാവിത്രി അന്ന് അമ്മയോടെ സംസാരിക്കാൻ പോലും കഴിയുന്ന അവസ്ഥയിലല്ലായിരുന്നു.
കഷ്ടമല്ലാണ്ടെന്തുപറയാൻ...
പണമുണ്ടന്ന് പറഞ്ഞിട്ടെന്ത്...
മനുഷേന്റെ കാര്യമിത്രേക്കെ ഒള്ളു!
ഒരസുഖം....ഒരപകടം....എല്ലാം പോയില്ലേ...
ഒരു നിമിഷം മാഞ്ചുവട് നിശബ്ദമായ്...
അപ്പോഴാണ് മീനാക്ഷി അമ്മായിയുടെ വരവ്.ചന്തയിൽ പോകാൻ പോകുന്ന വഴിയാണ്. കക്ഷത്തിൽ വട്ടി മടക്കിവെച്ചിട്ടുണ്ട്.
“എന്താണ്ട്രീ പെണ്ണുങ്ങ നിങ്ങ എല്ലാരും മിണ്ടാട്ടം മുട്ടിയിരിക്കണെ?“ കക്ഷത്തിലെ വട്ടി കൈയിലായ്.
“ആനക്കാവിലെ സാവിത്രിയെക്കുറിച്ച് പറയായിരുന്നു ഞങ്ങ...എങ്ങനെ നടന്ന സ്ത്രീയാ...പോയില്ലേ എല്ലാം...വട്ടായെന്നാ പറയണേ...“ അമ്മയുടെ മുഖത്ത് സങ്കടഭാവം!
മീനാക്ഷി അമ്മായി ചിരിച്ചു. നിർത്താതെ ചിരിച്ചു... മാഞ്ചുവട്ടിലെ പെണ്ണൂങ്ങൾ അതിശയപ്പെട്ട് കണ്ണും തള്ളി നിന്നു.
മാവിൻ മുകളിലെ കാക്കകൾ ഒന്നോടെ ചിറകടിച്ച് പറന്നു...
ചിരിച്ച് ചിരിച്ച് അമ്മായി ചുമ തുടങ്ങി. കണ്ണുകളിലൂടെ വെള്ളം ചാടി. അമ്മ തോർത്തെടുത്ത് അമ്മായിക്ക് നീട്ടി.
“പൊട്ടിപ്പെണ്ണുങ്ങള്...നെനക്കൊക്കെ വല്ലോം അറിയാവാടീ...“ പെണ്ണുങ്ങളൊന്നടങ്കം അമ്മായിടെ ചുറ്റും കൂടി.പ്രപഞ്ചരഹസ്യം വെളിപ്പെടുത്താൻ പോകുന്ന ആൾദൈവത്തിന്റെ ചുറ്റും കൂടുന്ന ശിഷ്യഗണങ്ങളുടെ ഭാവഹാവാദികളോടെ...
“സാവിത്രിക്കേ...“ അമ്മായി ഒന്നു നിർത്തി. പിന്നെ ശബ്ദമൊന്ന് താഴ്ത്തിപ്പറഞ്ഞു.
“അവക്കേ... മനഃപായസമാണടീ...മനഃപ്പായസം...“
പെണ്ണുങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി.
‘ആ...പറഞ്ഞിട്ടെന്തു കാര്യം...നെനക്കൊക്കെ പ്രായായിട്ടില്ലടീ...പെണ്ണുങ്ങ കുളി നിക്കുമ്പോ വരണ അസുകമാണടീ സാവിത്രിക്ക്...“
അമ്മായി വട്ടി മടക്കി കക്ഷത്തിൽ വെച്ച് ചന്തയിലേയ്ക്ക് നടന്നു.
0 comments:
Post a Comment