Followers

ഒരു കുട്ടനാടന്‍ പെണ്ണുകാഴ്ച

Wednesday, December 27, 2006

നിത്യച്ചെലവിനുവേണ്ടിയുള്ള വരുമാനത്തിനു വേണ്ടി നെട്ടോട്ടമോടുന്നതിനിടയ്ക്ക് പറക്കമുറ്റാത്ത നാലു ള്ളാ കുഞ്ഞുങ്ങളെ കൂടി നോക്കുകയെന്നത് ഒരു ഭാരിച്ച ജോലിയായി മാറിയപ്പോഴാണ് അമ്മൂമ്മ മൂത്ത മകനെ പിടിച്ച് പെണ്ണുകെട്ടിക്കുവാന്‍ തീരുമാനിച്ചത്. ജോലികഴിഞ്ഞ് ബാക്കി സമയം വിശ്രമത്തിനും,സിനിമാകാഴ്ച്ചയ്ക്കും,പൊതുജനസേവനത്തിനുമായി മാറ്റിഅടിച്ചുപൊളിച്ച് കഴിഞ്ഞിരുന്ന അച്ഛന് പെട്ടെന്നൊന്നും അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള മനസ്സുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അമ്മൂമ്മ സംഘടിപ്പിച്ചുകൊണ്ടുവരുന്ന ആലോചനകള്‍ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് അച്ഛന്‍ ഒഴിവാക്കുകയുമായിരുന്നു.

എങ്ങനേയും മകനെക്കൊണ്ടു പെണ്ണുകെട്ടിച്ച് തന്റെ ജോലിഭാരം കുറയ്ക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അമ്മൂമ്മ.

അച്ഛന്റെ കൂട്ടുകാരും സമപ്രായക്കാരുമായ തോമ്മാച്ചന്‍,ഗോവിന്ദന്‍ തുടങ്ങിയ യുവകോമളന്മാര്‍ പെണ്ണുംകെട്ടി വാലുംമടക്കി സ്വസ്ഥം ഗൃഹഭരണം നടത്തുമ്പോള്‍ തന്റെ മകന്‍ മാത്രം ബാച്ചിലറായി കഴിയുന്നതിന്റെ നിരര്‍ത്ഥകത അച്ഛനെ മനസ്സിലാക്കിക്കുവാന്‍ തന്നെക്കൊണ്ടാവില്ലന്ന് മനസ്സിലാക്കിയ അമ്മൂമ്മ, അച്ഛന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളെ പെണ്ണുകെട്ടിച്ച് കഴിവു തെളിയിച്ച തന്തമാരുടെ സഹായം തേടുകയാണുണ്ടായത്.

പുരനിറഞ്ഞു നില്‍ക്കുന്ന മക്കളുള്ള മാതാപിതാക്കളുടെ മാനസികാവസ്ഥ നല്ലോണമറിയാവുന്ന തോമ്മാച്ചന്റേയും ഗോവിന്ദേട്ടന്റേയും തന്തപ്പടിമാര്‍ അമ്മൂമ്മയെ സഹായിക്കാന്‍ കച്ചകെട്ടിയിറങ്ങുകയും ചെയ്തു.

എത്ര മെരുങ്ങാത്ത ബാച്ചിലേഴ്സിനേയും മെരുക്കിയെടുത്ത് ഈ രംഗത്ത് പ്രാവീണ്യം തെളിയിച്ചിട്ടുള്ള പരിചയസമ്പന്നരായ മത്തായിച്ചനും, വാസു വല്യപ്പനും ( ടിയാന്മാര്‍ യഥാക്രമം തോമ്മാച്ചന്റേയും ഗോവിന്ദേട്ടന്റേയും തന്തപ്പടിമാരാകുന്നു.) അച്ഛനെ മെരുക്കി കൂട്ടിലടക്കുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയും അതിന്‍പ്രകാരം അച്ഛന്റെ മറ്റൊരു കൂട്ടുകാരനും ബാച്ചിലറുമായ കുന്നത്തുപാടത്ത് പൊന്നപ്പനെ കൈയിലെടുക്കുകയും ചെയ്തു.
കുന്നത്ത്പാടത്ത് പൊന്നപ്പനെ ടി കാര്യസാധ്യതയ്ക്കുവേണ്ടി എങ്ങനെയാണ് വീഴ്ത്തിയെതെന്ന കാര്യം ഇന്നും രഹസ്യമത്രേ !
ഇതിനുവേണ്ടി സാമ്പത്തികമായും അല്ലാതെയുമുള്ള പലവിധ വാഗ്ദാനങ്ങള്‍ നല്‍കുകയുണ്ടായി എന്ന കാര്യങ്ങള്‍ നാട്ടില്‍ പാട്ടാണ്. എങ്കിലും സത്യം എന്താണന്നറിയുന്നവര്‍ നാലുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മൂമ്മയും, മത്തായിച്ചനും, വാസു വല്യപ്പനും, കൂടാതെ കുന്നത്ത്പാടത്ത് പൊന്നപ്പനും.

ഗൂഢാലോചന എന്തുമാവട്ടെ, പ്രലോഭനങ്ങള്‍ എന്തുമാവട്ടെ, കുന്നത്ത്പാടത്ത് പൊന്നപ്പന്‍ അച്ഛനെ പെണ്ണുകാണിക്കാന്‍ കൊണ്ടുപോയി എന്നുള്ളതും, അച്ഛന്‍ ആദ്യവും അവസാനവുമായി കണ്ട പെണ്ണിനെ തന്നെ കെട്ടിയെന്നുമുള്ളതുകൊണ്ടുമാണ് എനിക്കിന്നിതെഴുതുവാന്‍ കഴിയുന്നത്.

ശരിക്കും അച്ഛനെ കുന്നത്ത്പാടത്ത് പൊന്നപ്പന്‍ ചതിയില്‍പെടുത്തുകയായിരുന്നു എന്നാണ് അച്ഛന്‍ പിന്നീട് തന്റെ മറ്റ് കൂട്ടുകാരോട് പറഞ്ഞുപോന്നിരുന്നത്. പെണ്ണ്കെട്ടില്ലയെന്ന് വാശിപിടിച്ച് നടന്ന അച്ഛനെ മൂക്കുകയറിട്ടത്പോലെ കൊണ്ടുപോയത് ശരിക്കും പെണ്ണുകാണാന്‍ എന്നു പറഞ്ഞല്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അച്ഛനിപ്പോഴും ബാച്ചിലറായി തുടരുക തന്നെ ചെയ്യുമായിരുന്നു.

കര്‍ക്കിടക മാസത്തില്‍ കായലും, നദിയും, പാടവും, പുരയിടവുമെല്ലാം ഒന്നായിക്കിടക്കുന്ന കുട്ടനാട്ടിലേയ്ക്ക് ആരെങ്കിലും അതും അന്തക്കാലത്ത്, പ്രത്യേകിച്ച് പെണ്ണ്കാണാനായി പോകുമെന്ന് അച്ഛനല്ല സമാന്യബുദ്ധിയുള്ള ആരും ചിന്തിക്കുകകൂടി ചെയ്യുകയില്ലായിരുന്നു. അവിടെയായിരുന്നു മത്തായിച്ചന്റേയും, വാസു വല്യപ്പന്റേയും ബുദ്ധി വിജയിച്ചതും.

വാസു വല്യപ്പന്റെ മകനും അച്ഛന്റെ ആത്മമിത്രവുമായ ഗോവിന്ദേട്ടന്‍ കല്യാണം കഴിച്ചിരിക്കുന്നത് കുട്ടനാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നുമായിരുന്നു. ടി ഗ്രാമമാണ് പിന്നീട് എന്റെ അമ്മയുടെ നാടായതും.

അച്ഛനേയും കുന്നത്ത്പാടത്ത് പൊന്നപ്പനേയും കുട്ടനാട്ടിലേയ്ക്ക് പറഞ്ഞു വിടുന്നതിനു മുന്നേ തന്നെ വാസുവല്യപ്പന്‍ അച്ഛനു പറ്റിയ ഒരു പെണ്ണിനെ ഗോവിന്ദേട്ടന്റെ അമ്മായിഅപ്പനായ കൊച്ചു ചെറുക്കന്‍ വല്യപ്പന്റെ സഹായത്താല്‍ കണ്ടെത്തുകയും, ഈ വിവരം പരമ രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു. സ്വന്തം മകനും മരുമകളും പോലും അവസാന നിമിഷം മാത്രമേ ഇക്കാര്യമറിയാവൂ എന്ന് വാസുവല്യപ്പന്‍ നിഷ്കര്‍ഷിച്ചിരുന്നു.

ഇത്തരത്തിലുള്ള ചരടുവലികള്‍ക്കും, ഗൂഢാലോചനകള്‍ക്കുമൊടുവില്‍ വാസു വല്യപ്പന്‍ തന്റെ മകന്‍ ഗോവിന്ദനേയും, ഭാര്യയേയും പഞ്ഞകര്‍ക്കിടക മാസത്തില്‍ ക്ഷേമാന്വേഷണത്തിനായി അവരുടെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു. ഒരാഴ്ചയെങ്കിലും കഴിഞ്ഞേ രണ്ടുപേരും തിരിച്ച് വരാവൂ എന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.
( ഗോവിന്ദേട്ടന്‍ ഭാര്യവീട്ടിലെത്തിയതിനു ശേഷമാണ് കൊച്ചുചെറുക്കന്‍ വല്യപ്പനില്‍ നിന്നും തങ്ങളുടെ ആഗമനോദ്ദേശ്യത്തെകുറിച്ച് അറിഞ്ഞത് തന്നെ.അതിന്‍പ്രകാരം ഇരുവരും തങ്ങളുടെ റോളുകള്‍ക്കായി തയ്യാറെടുക്കുകയും ചെയ്തു.)

മൂന്നു നാലു ദിവസം കഴിഞ്ഞു മകനേയും ഭാര്യയേയും കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാല്‍ വേവലാതി പൂണ്ട പോലെ വാസു വല്യപ്പന്‍ ഓടി അച്ഛന്റെയടുക്കല്‍ വന്നു സഹായമഭ്യര്‍ത്ഥിക്കുകയാണുണ്ടായത്. പൊതുവേ സേവനസന്നദ്ധനായ അച്ഛന്‍ മറ്റുള്ളവരെ സഹായിക്കാന്‍ കിട്ടുന്ന യാതൊരവസരവും ഒഴിവാക്കാറില്ലായിരുന്നു. പ്രത്യേകിച്ച് തന്റെ ആത്മ മിത്രമായ ഗോവിന്ദന്റേയും ഭാര്യയുടേയും കാര്യമാകുമ്പോള്‍ പറയുകയും വേണ്ടല്ലോ ? ഈ സന്ദര്‍ഭത്തില്‍ മുന്‍നിശ്ചയപ്രകാരം കുന്നത്ത്പാടത്ത് പൊന്നപ്പന്‍ പ്രത്യക്ഷപ്പെടുകയും അച്ഛന്റെ കൂടെ പോകാന്‍ സന്നദ്ധത പ്രകടിപ്പികുകയും ചെയ്തു.
പിന്നില്‍ പതിയിരിക്കുന്ന ചതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാതിരുന്ന അച്ഛന്‍ കുന്നത്ത്പാടത്ത് പൊന്നപ്പന്റൊപ്പം വെള്ളപ്പൊക്കകാലത്തെ കുട്ടനാട് സന്ദര്‍ശനത്തിനായ് ഇറങ്ങി പുറപ്പെട്ടു.

ആലപ്പുഴയില്‍ നിന്നും ബസ്സില്‍ കടവില്‍ ചെന്നിറങ്ങിയ അച്ഛന്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിപ്പോയി. കരയോ വീടുകളോ എങ്ങും കാണാനില്ല. അങ്ങിങ്ങായി നിരനിരയായി കാണുന്ന തെങ്ങിന്‍തലപ്പുകള്‍ പാടത്തിന്റെ വരമ്പുകളും, ഇടയ്ക്കിടയ്ക്ക് കാണുന്ന പച്ചപ്പ് വീടുകളുടെ ചുറ്റുമുള്ള മരങ്ങളുമാണന്ന് വള്ളക്കാരന്‍ കുട്ടാപ്പിയില്‍ നിന്നുമാണ് അച്ഛന് മനസ്സിലായത്. കൊച്ചുചെറുക്കന്‍ വല്യപ്പന്റെ വീടും ഭാഗികമായി മുങ്ങിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ സകുടുംബം മറ്റൊരു വീട്ടിലേയ്ക്ക് മാറിയിട്ടുണ്ടെന്നും അറിഞ്ഞു. ( ഈ മറ്റൊരു വീടാണ് പിന്നീട് എന്റെ അമ്മ വീടായതെന്ന് കാലം തെളിയിച്ച ചരിത്രം. കൊച്ചുചെറുക്കന്‍ വല്യപ്പന്‍ കടവിലെ വള്ളക്കാരെയെല്ലാം തങ്ങളുടെ ഗൂഢപദ്ധതിയിലെ അംഗങ്ങളാക്കിയിരുന്ന വിവരവും കല്യാണത്തിന് ശേഷമാണ് അച്ഛന് അറിയുവാന്‍ കഴിഞ്ഞത്.)

വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന കുട്ടനാടിന്റെ പുതിയ മുഖവും കണ്ടുകൊണ്ട് കണ്ണും തള്ളി വള്ളത്തിലിരുന്ന അച്ഛനെ കൂടുതല്‍ അദ്ഭുതപ്പെടുത്തിയ രസകരമായ കാഴ്ചയാണ് വള്ളക്കാരന്‍ കുട്ടാപ്പി കാണിച്ചുകൊടുത്തത്.
പകുതിയോളം മുങ്ങിയ ഒരു വീടിന്റെ ഉള്ളിലേയ്ക്കാണ് കുട്ടാപ്പി വള്ളം തുഴഞ്ഞു കയറ്റിയത്. വീടാണതെന്ന് മനസ്സിലാക്കുവാന്‍ അച്ഛന് കുറച്ച് സമയമെടുത്തെങ്കിലും ആള്‍പ്പാര്‍പ്പുള്ള സ്ഥലമാണതെന്നു മനസ്സിലാക്കുവാന്‍ അധിക സമയമെടുത്തില്ല. കോണകമുടുത്തതും ഉടുക്കാത്തതുമായ നാലഞ്ച് പിള്ളേര്‍ പത്തായപ്പുറത്ത് ഓടിക്കളിക്കുന്നു. പത്തായവും വീടിന്റെ ഉത്തരവുമായി ചേര്‍ത്ത് പ്രത്യേക തട്ടു കെട്ടിയിരിക്കുന്നു. തട്ടിന്മേല്‍ ചെളികൊണ്ട് കെട്ടിയിരിക്കുന്ന സ്ഥലത്ത് അടുപ്പ് കൂട്ടിയിരിക്കുന്നു. അടുപ്പിന്മേല്‍ വെച്ചിരുന്ന കലത്തില്‍ തനിക്കും കൂട്ടുകാരനുമുള്ള ചായയായിരുന്നെന്ന് അച്ഛന് പിന്നീടാണ് മനസ്സിലായത്.
തട്ടിന്റെ മറു വശത്ത് സുന്ദരിയായ കറുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി ചൂണ്ടയിടുന്നു. വീടിന്നുള്ളില്‍ വള്ളം പ്രത്യക്ഷപ്പെട്ടതും കൈയിലിരുന്ന ചൂണ്ട താഴെയിട്ട് സുന്ദരി ചാടിയെണീറ്റു. അവള്‍ തന്റെ പാവാടമേല്‍ പിടിച്ചുകൊണ്ടും കാലിന്റെ തള്ളവിരലിനാല്‍ തട്ടിന്മേല്‍ കളം വരച്ചുകൊണ്ടും തന്റെ പ്രതിശ്രുത വരനെ ഒളികണ്ണിട്ട് നോക്കി.
കുട്ടനാട്ടുകാരിയുടെ ആദ്യ നോട്ടത്തില്‍ തന്നെ അച്ഛന്‍ വീണുപോയെന്നുള്ളതാണ് സത്യം.
അമ്മയ്ക്കും നിഷ്ക്കളങ്കനായ ആ കരപ്പുറത്തുകാരനെ ഇഷ്ടപ്പെടാതിരിക്കാനായില്ല.

ആദ്യ ദര്‍ശനത്തില്‍ തന്നെ അനുരാഗം മൊട്ടിട്ട അച്ഛന്‍ തന്റെ ആജീവനാന്ത ബാച്ചിലര്‍ സ്റ്റാറ്റസ് പറിച്ചെറിയാന്‍ തയ്യാറാവുകയും; പിന്നീടുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതുമാണ്.
കുന്നത്ത്പാടത്ത് പൊന്നപ്പനും, ഗോവിന്ദേട്ടനും, വാസുവല്യപ്പനും, അമ്മൂമ്മയുമെല്ലാം കൂടി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇതെന്ന് പിന്നീട് അച്ഛന് മനസ്സിലായെങ്കിലും; സുന്ദരിയും കാര്യപ്രാപ്തിയുള്ളവളുമായ ഒരു കുട്ടനാട്ടുകാരിയെ തന്നെയേല്‍പ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഈ നാടകം നടത്തിയതെന്ന് ബോദ്ധ്യം വന്നതിനാല്‍ അച്ഛന് അവരോടുള്ള സ്നേഹം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണുണ്ടായത്.

Read more...

കൊച്ചുണ്ടാപ്പിയുടെ മദര്‍

Sunday, December 24, 2006

അമ്മൂമ്മ അപ്പുക്കുട്ടനോട് പറഞ്ഞു.''മോനേ അപ്പുക്കുട്ടാ,നീ കേക്കണുണ്ടാ റേഡിയോ പാട്ട്.ദാസപ്പന്റെ പാട്ടാ അത്.നല്ല രസാല്ലേ.ഇനി സിനിമാകൊട്ടകേ പോയില്ലേലും നമ്മക്ക് പാട്ട് കേക്കാം.''
'' എവിടുന്നാ അമ്മൂമ്മേ ആ പാട്ടുവരണത്?അപ്പുക്കുട്ടന്‍ ചോദിച്ചു.
''വടക്കേകരയിലെ ടാഗോറു വായനശാലേന്നാ.പഞ്ചായത്ത് വക റേഡിയോവാ.''
അപ്പുക്കുട്ടന്റെ അറിവിലേയ്ക്ക് പുതിയൊരു സംഗതി കൂടി വരികയാണ്.ഇതേ വരെ പാട്ട് കേട്ടിരുന്നത് 'എല്‍ജി തീയേറ്ററില്‍' അമ്മൂമ്മയുടെ കൂടെ സിനിമ കാണാന്‍ പോയിട്ടുള്ളപ്പോള്‍ മാത്രമാണ്.തറ ടിക്കറ്റെടുത്ത് അമ്മൂമ്മ അപ്പുക്കുട്ടനെ എല്ലാരുടെയും മുന്നില്‍ കൊണ്ടുചെന്നിരുത്തും.
''നമ്മളു കൂടുതലു പൈസാ കൊടുക്കണ കൊണ്ടാണോ അമ്മൂമ്മേ ഏറ്റവും മുന്നിലിരിക്കണത്?'' അപ്പുക്കുട്ടന്‍ ഒരിക്കല്‍ ചോദിച്ചു.
''അല്ലടാ മണ്ടാ,സിനിമാകൊട്ടകേലങ്ങനല്ലട.പൈസ കൂടുതലു കൊടുത്താല്‍ പുറകിലിരിക്കണം.നമുക്കിതാ നല്ലത്.പൈസേം കൊറവ് മുന്നിലിരിക്കേം ചെയ്യാം.''അമ്മൂമ്മ ചിരിച്ചു.
അപ്പുക്കുട്ടന് സംശയങ്ങള്‍ ബാക്കിയായി.
അച്ഛനുമായി നാടകം കാണാന്‍ വിശ്വഭാരതി ക്ലബ്ബില്‍ പോയപ്പോള്‍ വലിയ ടിക്കറ്റെടുത്ത് മുന്നിലിരുന്നു.ഇപ്പോ ചെറിയ ടിക്കറ്റെടുത്ത് മുന്നിലിരിക്കുന്നു.ഈ വലിയവരുടെ ഓരോ മണ്ടത്തരങ്ങളേ! അപ്പുക്കുട്ടന്‍ വിചാരിച്ചു.
''അമ്മൂമ്മേ ഈ റേഡിയോന്നെങ്ങനാ പാട്ടു വരണത്?ഇന്നാളു ഞങ്ങളു അമ്മേടെ വീട്ടീ പോകാനായി ആലപ്പുഴ ബസ്സ്റ്റാന്റില്‍ ചെന്നപ്പോ അച്ഛനെനിക്ക് ഒരു റേഡിയോ കാണിച്ചു തന്നാരുന്നു.അന്നതില്‍ പാട്ടൊന്നുമില്ലാരുന്നു.വാര്‍ത്തയാന്നാ അച്ഛന്‍ പറഞ്ഞേ.''അപ്പുക്കുട്ടന്‍ പറഞ്ഞു.
''അതേടാ,റേഡിയോലൂടെ പാട്ടും,വാര്‍ത്തേം എല്ലാം കേക്കാം.അമ്മൂമ്മ അപ്പുക്കുട്ടന് റേഡിയൊ മാഹാത്മ്യം പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു.''ഇന്നാളു നമ്മളു കലവൂരമ്പലത്തീ പോയപ്പോ നെനക്ക് ഞാന്‍ റേഡിയൊ സ്റ്റേഷന്‍ കാട്ടിത്തന്നത് ഓര്‍ക്കണുണ്ടോ നീ?''
'' ആ ചെമപ്പ് ലൈറ്റുള്ള വല്ല്യ സാധനമല്ലേ? എന്താ അമ്മൂമ്മേ അതിന് പറേണത്? ഏരീലെന്നാ?'' അപ്പുക്കുട്ടന്‍ ചോദിച്ചു.
''അതേ അതേ.'' അമ്മൂമ്മ ശരിവെച്ചു.
''അവിടുന്നാ ഈ പാട്ടൊക്കെ തൊടങ്ങണത്.പാട്ടുകാരും,വാര്‍ത്തക്കാരും,നാടകക്കാരും റേഡിയോ സ്റ്റേഷനീ പോയിപരിപാടി നടത്തും.എന്നിട്ടവരത് എന്തോ കുന്ത്രാണ്ടത്തീ കൂടി റേഡിയോന്റകത്ത് കൊണ്ട് വിടും.'' അമ്മൂമ്മ തന്റെ അറിവ് അപ്പുക്കുട്ടന് പകര്‍ന്ന് കൊടുക്കുകയാണ്.
''ടാഗോറു വായനശാലേ റേഡിയോടെ കൂടെ ഉച്ചഭാഷിണിയുമുണ്ട്.അതോണ്ട് നമ്മക്കിവിടെ വരെ പാട്ട് കേക്കാം.''
''നമ്മക്കെന്താ അമ്മൂമ്മേ ഒരു റേഡിയോ വാങ്ങിയാ...?ഒത്തിരി പൈസാ ആവുമോ?''
''നീ നെന്റെ അച്ഛനോടു പറ ഒരു റേഡിയോ വാങ്ങാന്‍.''
അമ്മൂമ്മ അപ്പുക്കുട്ടന്റെ റേഡിയോ സ്വപ്നത്തിന് തിരി കൊളുത്തുകയായിരുന്നു.
അച്ഛനോട് എങ്ങനെയാണ് റേഡിയോയെ കുറിച്ച് സൂചിപ്പിക്കുന്നത്?നല്ലൊരവസരവും കാത്ത് അപ്പുക്കുട്ടനിരുന്നു.

പക്ഷേ പിന്നീടങ്ങോട്ട് നടന്ന സംഭവങ്ങള്‍ അപ്പുക്കുട്ടനെ അദ്ഭുതപ്പെടുത്തുന്നവതന്നെയായിരുന്നു.
അടുത്തൊരു ദിവസം ജോലികഴിഞ്ഞു വന്ന അച്ഛന്റെ കൈയില്‍ ഒരു റേഡിയോവുമുണ്ടായിരുന്നു. ആലപ്പുഴയില്‍ കണ്ടതിനേക്കാള്‍ ചെറിയ ഒരു റേഡിയോ.അപ്പുക്കുട്ടന്‍ ആഹ്ലാദത്താല്‍ തുള്ളിച്ചാടി.
'രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാലു തന്നെ.'
''മൊതലാളീടെ വീട്ടിലെ റേഡിയോയാ.കേടായത് കൊണ്ട് അവരു വേറെ വാങ്ങാന്‍ പോകുവാ.നന്നാക്കി എടുത്താ നമ്മക്ക് പാട്ട് കേക്കാം.പൈസാ പിന്നെ കൊടുത്താ മതീന്ന് പറഞ്ഞ കൊണ്ട് ഞാനിങ്ങു കൊണ്ടുപോന്നു.ഫോറന്‍ റേഡിയോയാ. നമ്മുക്കിത് തോമ്മാച്ചനെ കൊണ്ട് നന്നാക്കിക്കാം.'' അച്ഛന്‍ പറഞ്ഞു.

തോമ്മാച്ചന്‍ അച്ഛന്റെ കൂട്ടുകാരനാണ്.തോമ്മാച്ചനറിയാത്ത പണികളൊന്നുമില്ല.കറണ്ടിന്റെ പണിയറിയാം.വാച്ചിന്റെ പണിയറിയാം,വിഷ ചികില്‍സ അറിയാം.അങ്ങനെ പലതും അറിയാവുന്ന ഒരു സകലകലാ വല്ലഭന്‍! പക്ഷേ തോമ്മാച്ചന്റെ പ്രധാന്‍ പണി ഇതൊന്നുമല്ല. അത് ആടുവളര്‍ത്തലാണ്.തോമ്മാച്ചന്റെ വീടിന്റെ അകത്തും,പുറത്തും.മേല്‍ക്കൂരയുടെ മുകളിലുമെല്ലാം ആടുകളാണ്.
വെള്ള നിറത്തിലെ ആടുകള്‍,കറുത്ത ആടുകള്‍,മുട്ടനാടുകള്‍,പെണ്ണാടുകള്‍,ആണും പെണ്ണുമല്ലാത്ത ഹിജഡ ആടുകള്‍ അങ്ങനെ പല പല ആടുകള്‍!
അപ്പുക്കുട്ടന് തോമ്മാച്ചന്റെ വീട്ടില്‍ പോകുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്.അവിടെ തോമ്മാച്ചന്റെ മകന്‍ വര്‍ക്കിയുമായിട്ട് ആടുകളോടു കളിക്കാം.മുട്ടനാട് തലചെരിച്ച് പിടിച്ച് കുത്താനായി വരുന്ന വരവാണ് അപ്പുക്കുട്ടനേറ്റവും ഇഷ്ടം.
തോമ്മാച്ചന്‍ പറയും.''അപ്പുക്കുട്ടാ,മുട്ടനാടിനോട് കളിക്കുന്നത് സൂക്ഷിച്ച് വേണം.അവന്‍ തലവെട്ടിച്ച് മുന്‍കാല് പൊക്കി ഇടിക്കാന്‍ തയ്യാറെടുക്കുമ്പോഴേക്കും കൊറച്ച് സമയനെടുക്കും. അപ്പോഴത്തേക്കും നീ മാറിക്കോളണം.അല്ലേ അവന്‍ നെന്റെ നെഞ്ചിന്‍ കൂട് തകര്‍ക്കും.''
അപ്പുക്കുട്ടനറിയാം ആടുകളോട് എങ്ങനെയാണ് കളിക്കേണ്ടതെന്ന്.അതുകൊണ്ട് ഇടികൊള്ളാറുമില്ല.
പാട്ടു കേള്‍ക്കാന്‍ വീടിനു മുന്നില്‍ കൂടുന്ന അയല്‍ക്കാരുടെ മുന്നില്‍ റേഡിയോ ഓപ്പറേറ്ററായി താന്‍ വിലസുന്ന സുദിനത്തേയും സ്വപ്നം കണ്ട് അപ്പുക്കുട്ടന്‍ ഫോറന്‍ റേഡിയോയും കൊടക്കമ്പിയുമായി തോമ്മാച്ചന്റെ വീട്ടിലേക്ക് നടന്നു.തോമ്മാച്ചന്റെ വീട്ടില്‍ പോകുമ്പോള്‍ അപ്പുക്കുട്ടന്‍ സ്ഥിരം കരുതാറുള്ള സംഗതിയാണ് കൊടക്കമ്പി.പോകുന്നവഴിയിലെ പ്ലാവായ പ്ലാവുകളുടെയെല്ലാം പൊഴിഞ്ഞ ഇലകള്‍ കൊടക്കമ്പിയില്‍ കുത്തിയെടുത്തേഅപ്പുക്കുട്ടന്‍ തോമ്മാച്ചന്റെ വീട്ടിലെത്താറുള്ളു.ആടുകള്‍ക്ക് തീറ്റ.ദിവസവും രാവിലെ വര്‍ക്കി സൗജന്യമായി എത്തിച്ചുതരുന്ന ഒരുനാഴി ആട്ടിന്‍പാലിന് അങ്ങനെയെങ്കിലും പ്രത്യുപകാരം ചെയ്യേണ്ടേ!

അപ്പുക്കുട്ടന്‍ തോമ്മാച്ചന്റെ വീട്ടിലെത്തിയപ്പോള്‍ വര്‍ക്കി 'കൊച്ചുണ്ടാപ്പി'യുമായി മല്ലിട്ടുകൊണ്ടിരിക്കുന്നു.(മുട്ടനാടുകളില്‍ ജഗജില്ലന്‍!)ആ കാഴ്ച സഹിക്കാനാവാതെ റേഡിയോ താഴെ വെച്ച് അപ്പുക്കുട്ടന്‍ കൊച്ചുണ്ടാപ്പിയോടും വര്‍ക്കിയോടും കൂടെ ചേര്‍ന്നു.പതിനെട്ടടവും പയറ്റിത്തെളിഞ്ഞ അഭ്യാസികളുടെ മെയ്വഴക്കത്തോടെ അപ്പുക്കുട്ടനും വര്‍ക്കിയും കൊച്ചുണ്ടാപ്പിയുടെ ഇടിയില്‍ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നെങ്കിലും;മാന്‍ വേഷത്തില്‍ വന്ന മാരീചന്‍ രാമനേയും ലക്ഷ്മണനേയും സീതയില്‍ നിന്നകറ്റിയതു പോലെ കൊച്ചുണ്ടാപ്പി അപ്പുക്കുട്ടനേയും വര്‍ക്കിയേയും ഫോറന്‍ റേഡിയോയില്‍ നിന്നും വളരെ ദൂരേക്ക് കൊണ്ട് പോകുന്നതില്‍ വിജയിച്ചിരുന്നു.

പ് ടും.......എന്തോ വീഴുന്ന ശബ്ദമാണ്.
കൊച്ചുണ്ടാപ്പി തന്നെ റേഡിയോയില്‍ നിന്നും വളരെ ദൂരെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു എന്ന സത്യം അപ്പുക്കുട്ടന്‍ മനസ്സിലാക്കിയത് ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്.
ഓടി... സര്‍വ്വ ശക്തിയുമെടുത്ത് അപ്പുക്കുട്ടന്‍ ഓടി.
റേഡിയോ വെച്ചിരുന്ന കപ്പത്തെങ്ങിന്റെ ചുവട്ടിലേയ്ക്ക്.
ഹൃദയഭേദകമായിരുന്നു രംഗം.
കപ്പ തെങ്ങ് ചതിച്ചിരിക്കുന്നു.
തെങ്ങ് ചതിക്കുകേലാന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയാണ്.
വേലന്‍ പാച്ചുവിനെ കാത്തു നില്‍ക്കാന്‍ ക്ഷമയില്ലാത്ത ഉണക്ക തേങ്ങകളിലൊരെണ്ണം ഇങ്ങു താഴേയ്ക്ക് പോന്നു.
കൃത്യം ഫോറന്‍ റേഡിയോയുടെ മുകളിലേയ്ക്ക്!
പൊട്ടിത്തകര്‍ന്ന റേഡിയോയെ നോക്കി വിതുമ്പാന്‍ തയ്യാറായി അപ്പുക്കുട്ടന്‍ നില്‍ക്കുമ്പോഴും സന്തോഷത്തോടെ നില്‍ക്കുന്ന ഒരാളുണ്ടായിരുന്നു.
ഫോറന്‍ റേഡിയോയുടെ രുചി ഇഷ്ടപ്പെട്ടതു പോലെ അതിന്റെ എന്തൊക്കെയോ സാധനങ്ങള്‍ വായിലിട്ട് ചവച്ചരയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലക്ഷ്മിക്കുട്ടി.

കൊച്ചുണ്ടാപ്പിയുടെ മദര്‍!

Read more...

മൂര്‍ഖന്‍ നക്കി

Monday, December 18, 2006

അപ്പുക്കുട്ടനെ മൂര്‍ഖന്‍ നക്കി! അഞ്ചുകണ്ണന്‍ പുലി വിളിച്ചു കൂവി.
വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്.
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.
പലരും പരസ്പരം ചോദിച്ചു. ''എവിടെ വെച്ചാണ്, എങ്ങനെയാണ് സംഭവിച്ചത്?''
''പടിഞ്ഞാറു വീട്ടില്‍ കളിക്കാന്‍ പോയതാ അപ്പുക്കുട്ടന്‍.'' അഞ്ചുകണ്ണന്‍പുലി അറിയിച്ചു.
അയ്യപ്പനപ്പൂപ്പന്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.''മണ്ടന്മാരേ, ആരേയെങ്കിലും മൂര്‍ഖന്‍ നക്കുമോ...? മൂര്‍ഖന്‍ കടിച്ചു, കൊത്തി എന്നൊക്കെയല്ലേ പറയണത്. എന്റെ എണ്‍പതു വയസ്സിനിടെ ആദ്യായിട്ടാ ഇങ്ങനെയൊരു സംഭവം കേക്കണത്.''

''അപ്പുക്കുട്ടന്‍ രാവിലെ പടിഞ്ഞാറേ വീട്ടിലേക്കാണെന്നും പറഞ്ഞു പോകണത് ഞാന്‍ കണ്ടതാ'' നാണു പറഞ്ഞു തുടങ്ങി. ''അവന്റെ സ്വഭാവത്തിന് എന്തും സംഭവിക്കാം. കണ്ട കുറ്റിക്കാട്ടിലൊക്കെ കേറി നടക്കലല്ലേ അവന്റെ പണി. പൊന്മാന്റെ മൊട്ടയെടുക്കാന്‍ ഇന്നാളൊരുനാള്‍ കുളക്കരയിലെ പൊത്തില്‍ കൈയ്യിടണതു ഞാന്‍ കണ്ടതാ. ഇനി അങ്ങനെ വല്ലതും പയ്യന്‍സ് ചെയ്തു കാണുമോ?''

അപ്പുക്കുട്ടന്‍ പടിഞ്ഞാറേവീട്ടിലേക്കെന്നു പറഞ്ഞു പോകുന്നത് കണ്ടവര്‍ പലരുണ്ട്. പലരും പടിഞ്ഞാറേ വീട്ടിലേക്കു ഓടി. കേട്ടവര്‍ കേട്ടവര്‍ കൂടെയോടി.
പലപ്പോഴും അവധി ദിവസങ്ങളില്‍ അപ്പുക്കുട്ടന്‍ പടിഞ്ഞാറ് വീട്ടില്‍ പോകാറുണ്ട്. പടിഞ്ഞാറേ വീടെന്ന് പറഞ്ഞാല്‍ അപ്പുക്കുട്ടന്റെ അച്ഛന്റെ വീട്. അവിടെയാണ് അപ്പുക്കുട്ടന്റെ അമ്മൂമ്മ താമസിക്കുന്നത്.അപ്പുക്കുട്ടന്റെ വീട്ടില്‍ നിന്നു 10 മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു അവിടേക്ക്. അമ്മൂമ്മ ഒറ്റയ്ക്കല്ല അവിടെ താമസിക്കുന്നത്. അപ്പുക്കുട്ടന്റെ അപ്പൂപ്പനും ചിറ്റപ്പന്മാരുമെല്ലാം അവിടെയുണ്ട്.
വാസുചിറ്റനു കയര്‍ഫക്ടറിയുണ്ട്. ചിറ്റനും കൂട്ടരും കയര്‍തടുക്കുകളുണ്ടാക്കുന്നത് അപ്പുക്കുട്ടന്‍ നോക്കി നില്‍കാറുണ്ട്. ചകിരി അടിച്ചു കൊടുക്കുക, പാവോടി കൊടുക്കുക, കയര്‍ തിരിഞ്ഞു കൊടുക്കുക തുടങ്ങി ചെറിയ ചെറിയ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്.

അമ്മൂമ്മ അപ്പുക്കുട്ടനെ കണ്ടാലുടനെ പറയും.''അപ്പുമോനെ,നീയാ മാവേലോട്ടൊന്നു കേറിയേ.കശുവണ്ടിയെല്ലാം പിള്ളേരു കൊണ്ടുപോകയാ.ആ അഞ്ചുകണ്ണന്‍പുലിയെക്കൊണ്ടു സഹിക്കവയ്യാതായി.അവനും കുറേ പിള്ളേരും കൂടി എല്ലാം പറിച്ചുകൊണ്ടു പോകയാണ്.''

അപ്പുക്കുട്ടനു വളരെ സന്തോഷമുള്ള കാര്യമാണ് മാവില്‍ കയറ്റം.മാവുകളൊന്നൊന്നായി അപ്പുക്കുട്ടന്‍ കയറിത്തീര്‍ക്കും.കശുവണ്ടികള്‍ ഒന്നും അവശേഷിപ്പിക്കില്ല. അടുത്തയാഴ്ച താന്‍ വരുന്നതുവരെ അഞ്ചുകണ്ണന്‍ പുലിയുടെ വേട്ട നടക്കരുത്.മാവില്‍ കയറി തളര്‍ന്ന് വരുന്ന അപ്പുക്കുട്ടനുവേണ്ടി അമ്മൂമ്മ പ്രത്യേകമായി മീന്‍കറിച്ചട്ടിയില്‍ ചോറിട്ട് വച്ചിട്ടുണ്ടായിരിക്കും.കറിച്ചട്ടിയിലെ ചോറുമുണ്ട് അപ്പുക്കുട്ടന്‍ വരുന്ന ഒരു വരവുണ്ട്.മുഖമാകെ കരിയുമായി.
അതുകണ്ടു വിലാസിനി ചിറ്റ പറയും.''അപ്പുക്കുട്ടാ, കറിച്ചട്ടിയില്‍ ചോറുണ്ടാല്‍ നെനക്ക് മീശ കിളിക്കില്ല.മീശയില്ലത്തവര്‍ക്ക് പെണ്ണുകിട്ടില്ല.നിനക്കറിയോ?''
''ഒന്നു പോ ചിറ്റേ'',അപ്പുക്കുട്ടന്‍ കൈകൊണ്ട് കരി മായ്ക്കാന്‍ ശ്രമിച്ച് കൊണ്ട് നാണത്തോടെ പറയും.പിന്നെ ബട്ടണില്ലാത്ത നിക്കര്‍ ഒന്ന് മുറുക്കി ഉടുത്തുകൊണ്ട് തോട്ടിന്‍കരയിലേയ്ക്കോടും.അവിടെ അവനെ കാത്ത് കൂട്ടുകാരുണ്ടാവും.പ്രധാന പണി തോട്ടിങ്കരയിലെ മണല്‍കൂനയില്‍ നിന്നും താഴോട്ട് ഉരുളുകയെന്നതാണ്. അപ്പുക്കുട്ടനും കൂട്ടരും മല്‍സരിച്ചാണ് തഴോട്ട് ഉരുളുന്നത്.ദേഹമാസകലം മണലാകും.നിക്കറിന്റകവും,തലയിലുമെല്ലാം.പക്ഷേ അപ്പുക്കുട്ടന് അതൊന്നും പ്രശ്നമല്ല. അമ്മൂമ്മ വഴക്ക് പറയില്ലന്ന് അപ്പുക്കുട്ടനറിയാം.അതിനാണല്ലോ അമ്മൂമ്മയ്ക്കുള്ള പണിയൊക്കെ ആദ്യമേ ചെയ്തു കൊടുത്തത്.അമ്മൂമ്മയെ കൈയിലെടുക്കാനുള്ള പണികള്‍ ഇനിയും അപ്പുക്കുട്ടനറിയാം.മുറുക്കാനിടിച്ചു കൊടുത്താല്‍ മതി.വെറ്റിലയും,പാക്കും.പൊകലയുമെല്ലാം കൂടി ഇടിച്ച് പൊടിപോലെയാക്കി അമ്മൂമ്മയുടെ വായില്‍ വെച്ച് കൊടുത്താല്‍ മതി.
അമ്മൂമ്മ പറയും.''അപ്പുക്കുട്ടാ,നീയാണെടാ എന്റെ കൊച്ചു മോന്‍. നെനക്ക് ഞാന്‍ അടുത്ത ഉല്‍സവത്തിന് ഒരു വലിയ ബലൂണ്‍ വാങ്ങി തരണുണ്ട്.''
''ബലൂണ്‍ മാത്രം പോരാ.കാറും വേണം.''
ആ... ശരി ശരി.അമ്മൂമ്മ തലയാട്ടും.
''പിന്നേ, ഈ വേഷത്തില്‍ നീ വീട്ടിലോട്ട് ചെന്നാല്‍ നെന്റെ അമ്മ എന്നെ ശരിയാക്കും.കുളിച്ചിട്ട് പോയാല്‍ മതി.''അമ്മൂമ്മ അപ്പുക്കുട്ടനെ തേച്ചു കുളിപ്പിച്ചിട്ടേ വിടുകയുള്ളു.

സ്ഥിരം നടക്കുന്ന പരിപാടികളില്‍ നിന്നും ഒരു മാറ്റം ഇത്തവണത്തെ അപ്പുക്കുട്ടന്റെ വരവിലുണ്ടായി. ഇത്തവണ അപ്പുക്കുട്ടനു മണല്‍കൂനയില്‍ നിന്നും ഉരുളാന്‍ കൂട്ടുകാരാരുമില്ലായിരുന്നു.അതുകൊണ്ട് അപ്പുക്കുട്ടന്‍ തന്റെ കളി വീടിന് മുന്‍വശമുള്ള ചെളിവെള്ളം കെട്ടിക്കിടക്കുന്ന പാടത്തിലോട്ടാക്കി.പാടത്തിലെ വെള്ളത്തിലെ മീനുകളോട് വര്‍ത്തമാനം പറയാന്‍ അപ്പുക്കുട്ടന് വലിയ ഉല്‍സാഹമാണ് അപ്പുക്കുട്ടനും മീനുകളുമായുള്ള സംസാരംകേള്‍ക്കുവാന്‍ മറ്റുള്ളവര്‍ക്കും താല്‍പ്പര്യമാണ്.തടുക്ക് നെയ്യുന്നതിനിടയില്‍ ചാപ്രയിലുള്ളവരുടെ ശ്രദ്ധ അപ്പുക്കുട്ടനും മീനുകളുമായുള്ള സംസാരത്തിലായിരിക്കും.
അപ്പുക്കുട്ടന്‍ മീനുകളോട് രഹസ്യം പറയും.തന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ നില്‍ക്കാത്ത മീനുകളെ അപ്പുക്കുട്ടന്‍ ശാസിക്കും.ഇടയ്ക്കിടെ കാലു വെള്ളത്തിലിട്ടടിച്ച് വെള്ളം തെറിപ്പിക്കും.
''അപ്പുക്കുട്ടാ,നിന്റെ മേലാകെ ചെളിയാവും.ചെളി വെള്ളത്തില്‍ കളിച്ചാല്‍ നിന്റെ കാലില്‍ വളംകടിയുണ്ടാവും.ഇങ്ങ് കേറിപ്പോരൂ നീ.'' വിലാസിനി ചിറ്റ ചകിരിയടിക്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
''ഇച്ചിരി നേരം കൂടി കളിച്ചോട്ടെ ചിറ്റേ. ഞാന്‍ വന്ന് നല്ലോണം കുളിച്ചോളാം.'' അപ്പുക്കുട്ടന്‍ പറഞ്ഞു.എന്നിട്ട് കളി തുടര്‍ന്നുകൊണ്ടേയിരുന്നു.
പെട്ടെന്നു അവന്റെ കാലില്‍ എന്തോ തടഞ്ഞു.നീണ്ട വഴുവഴുപ്പുള്ള എന്തോ ഒന്ന്.വെള്ളത്തിലായതുകൊണ്ട് ഒന്നും വ്യക്തമായി കാണുവാന്‍ പറ്റുന്നില്ല.എങ്കിലും തന്റെ കാലില്‍ തട്ടുവാന്‍ ധൈര്യമുണ്ടായ ഒരുത്തനേയും അങ്ങനെ വെറുതെ വിടുവാന്‍ പറ്റില്ല.തന്റെ കൈയിലിരുന്ന വടികൊണ്ട് അപ്പുക്കുട്ടന്‍ വെള്ളത്തിലിട്ടടിക്കാന്‍ തുടങ്ങി.
''ആ ങ്ങ് ഹാ... നീ കളിച്ച് കളിച്ച് കളി അപ്പുക്കുട്ടനോടാക്കിയോ?നിന്നെ ഇന്നു ഞാന്‍ ശരിയാക്കും.''അപ്പുക്കുട്ടന്‍ നിര്‍ത്താതെ വെള്ളത്തിലിട്ടടിച്ചുകൊണ്ടിരിക്കുകയാണ്.
''എന്താ അപ്പുക്കുട്ടാ അവിടെയൊരു ബഹളം? വിലാസിനിചിറ്റ വിളിച്ച് ചോദിച്ചു.
''അതോ, ചിറ്റേ... ഇവിടെയൊരു മൂര്‍ഖന്‍! അവന്‍ അപ്പുക്കുട്ടനോടാ കളിക്കുന്നേ.അവനെന്റെ കാലിലിട്ട് നക്കിയിരിക്കുന്നു.അവനെ ഇന്നു ഞാന്‍ ശരിയാക്കും.''
''എന്താ മോനേ നീയീപ്പറയണത്? ഇങ്ങോട്ട് കേറിപ്പോരൂ നീ.വെളളത്തില്‍ മൂര്‍ഖനൊന്നും കിടക്കില്ല.നിനക്ക് തോന്നിയതായിരിക്കും.''
''ചിറ്റ പറയണതുകൊണ്ട് ഞാന്‍ പോന്നേക്കാം അല്ലെങ്കില്‍ ഞാനവന്റെ എല്ലൂരിയേനെ.''അപ്പുക്കുട്ടന്‍ ഗമയില്‍ ചാപ്രയിലോട്ട് നടന്നു.
ചിറ്റ ഓടിവന്ന് അപ്പുക്കുട്ടന്റെ കാലൊക്കെ പരിശോധിച്ചു.''നിന്റെ കാലില്‍ കടികൊണ്ടതിന്റെ പാടൊന്നുമില്ലല്ലോ?നിനക്ക് തോന്നിയതാ.''
''അതേ. ചിറ്റേ അവനെന്നെ കടിച്ചോന്നുമില്ല.നക്കിയതു മാത്രേള്ളു.അതുകൊണ്ടാ പാടൊന്നുമില്ലാത്തത്.''
ഈ സംഭാഷണവും കേട്ടുകൊണ്ടാണ് അഞ്ചുകണ്ണന്‍പുലി പറ പറന്നത്.അപ്പുക്കുട്ടനെ മൂര്‍ഖന്‍ നക്കിയ വാര്‍ത്ത നാട്ടുകാരെ മുഴുവന്‍ അറിയിക്കാന്‍!
''നീ കൈയും കാലും കഴുകിയിട്ട് അവിടിരി.എല്ലാം നിനക്കു തോന്നിയതാ.''ചിറ്റ ഉറപ്പിച്ച് പറഞ്ഞു.
''പിന്നേ,എന്റെ കൂടെ വാ. ഞാനവനെ കാണിച്ച് തരാം.നിങ്ങക്ക് പേടിയാണേ അതുപറ.'' അപ്പുക്കുട്ടന്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു.മൂര്‍ഖനോട് പകരം വീട്ടാനും സമ്മതിച്ചില്ല.ഇപ്പോളിതാ കുറ്റവും പറയുന്നു.
ആള്‍ക്കരെല്ലാം എത്തിച്ചേരുമ്പോള്‍ ചിറ്റയും മോനുമയിട്ടുള്ള വാക്കുതര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്.
നാണു സന്ധി സംഭാഷണത്തിനായെത്തി.
''ഏതായാലും അപ്പുക്കുട്ടന്‍ പറയണത് ശരിയാണോയെന്ന് നമ്മക്കൊന്ന് നോക്കണേതിനെന്താ പ്രശ്നം!വാ.. എല്ലാരും വാ..''
മൂര്‍ഖനെ തേടി പാടത്തിലേയ്ക്ക്.
അപ്പുക്കുട്ടന്‍ മുന്നേ,തൊട്ടു പിറകേ അഞ്ചുകണ്ണന്‍പുലി.അതിനു പിറകില്‍ ബാക്കിയുള്ളവര്‍.
അപ്പുക്കുട്ടന്‍ വെള്ളത്തിലോട്ടിറങ്ങി നിന്ന് കൈ കൊണ്ട് ചൂണ്ടിക്കാണിച്ചു. ''ദാ...ദിവിടെ.''
പത്ത് പേരുടെ മുന്നില്‍ വെച്ച് ആളാകാന്‍ പറ്റുന്ന ഒരവസരവും അഞ്ചുകണ്ണന്‍ പുലി കളയാറില്ല. അവന്‍ കൈകൊണ്ട് വെള്ളത്തില്‍ തപ്പി നോക്കുകയാണ്.
പെട്ടെന്ന് കൈ പിന്നോട്ട് വലിച്ചു.എന്നിട്ട് പറഞ്ഞു.''ഇവിടെ എന്തോ ഉണ്ട്.''
''കണ്ടാ. ഞാന്‍ പറഞ്ഞില്ലേ.'' അപ്പുക്കുട്ടന്‍ നിവര്‍ന്നു നിന്നു.
''നീ ധൈര്യമായിട്ട് പിടിക്ക് അഞ്ചുകണ്ണാ.'' നാണു പറഞ്ഞു.
അഞ്ചുകണ്ണന്‍പുലി ഇരട്ടി ധൈര്യത്തോടെ വീണ്ടും വെള്ളത്തില്‍ കൈയിട്ടു.കണ്ണടച്ചുകൊണ്ട് അപ്പുക്കുട്ടന്റെ മൂര്‍ഖനെ പൊക്കിയെടുത്തു.
'വെള്ളത്തില്‍ കിടന്നഴുകിയ ഒരു ഓലത്തണ്ട്!'
കണ്ട് നിന്നവര്‍ ആര്‍ത്ത് ചിരിച്ചു.
''എന്നെ നക്കിയ മൂര്‍ഖന്‍ ഇതല്ല.'' അപ്പുക്കുട്ടന്‍ പറയുന്നുണ്ടായിരുന്നു.പക്ഷേ ബഹളത്തില്‍ ആരും അതു കേട്ടില്ല.


(ഈ സംഭവത്തിനു ശേഷം അഞ്ചുകണ്ണന്‍പുലിയും കൂട്ടരും അപ്പുക്കുട്ടനൊരു വിളിപ്പേരു കനിഞ്ഞു നല്‍കി ''മൂര്‍ഖന്‍ നക്കി'')




----
This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor
----

Read more...

ചേടത്തിയുടെ ദുഃഖം

Sunday, December 17, 2006

സ്പിന്നേഴ്സ് ഗ്രൗണ്ടില്‍ ക്രിക്കറ്റുകളി തുടങ്ങി. നാട്ടില്‍ ആദ്യമായിട്ടാണു ക്രിക്കറ്റുകളി തുടങ്ങുന്നത്. പട്ടണത്തിലെ കോളേജുകളില്‍ പഠിക്കുവാന്‍ പോകുന്ന ചേട്ടന്മാരാണ് കളി തുടങ്ങിയത്. ദിവസവും വൈകുന്നേരം കളിയുണ്ടാകും. ഞങ്ങളും കളി കാണാന്‍ പോകാന്‍ തുടങ്ങി. പതുക്കെ പതുക്കെ കളിയുടെ നിയമങ്ങളൊക്കെ പഠിച്ചെടുത്തു.
ക്രിക്കറ്റിന്റെ കമ്പം മൂത്തപ്പോള്‍ കിളിമാശു കളിയും , സാറ്റുകളിയും, കുട്ടിയും കോലും കബഡിയുമെല്ലാം അന്തസ്സിനു പിടിക്കാതായി.
പക്ഷേ ചേട്ടന്മാര്‍ ഞങ്ങള്‍ കുട്ടികളെ കളിപ്പിക്കില്ല.
വേറെ കളിക്കുവാന്‍ ഞങ്ങള്‍ക്ക് ബാറ്റും ബോളുമൊന്നുമില്ല.
എന്താ മാര്‍ഗ്ഗം?
തല്‍ക്കാലം കളി മടല്‍ബാറ്റും റബര്‍പ്പന്തും കൊണ്ടാകാം.
പക്ഷേ അതു പറ്റില്ലല്ലോ.
എങ്ങനെയെങ്കിലും ഒരു വഴി കണ്ടുപിടിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
കടവില്‍ സണ്ണിയാണ് ഞങ്ങള്‍ക്കേറേ ആശ്വാസം നല്‍കിയ ആശയം അവതരിപ്പിച്ചത്.
എങ്ങനെ അതു നടപ്പിലാക്കുമെന്നതായി പിന്നീടുള്ള ചിന്ത.

പഴയ ക്രിക്കറ്റ് ബോളുകള്‍ സംഘടിപ്പിക്കാനുള്ള മാര്‍ഗ്ഗമാണ് സണ്ണി പറഞ്ഞുതന്നത്.
ചേട്ടന്മാര്‍ ക്രിക്കറ്റു കളിക്കുമ്പോള്‍ മോശമാകുന്ന ബോളുകള്‍ അടുത്തുള്ള കരിങ്കല്‍തിട്ടയിലിടും
അത് എങ്ങനെയെങ്കിലും കൈക്കലാക്കിയാല്‍ സംഗതി ക്ലീന്‍........
ദൗത്യം ഞാനും രാമുണ്ണിയും കൂടി എറ്റെടുത്തു.
കളി കാണാനെന്നുള്ള വ്യാജേന ഞങ്ങള്‍ കരിങ്കല്‍ തിട്ടയില്‍ പോയിരിക്കും. ബോളുകള്‍ ഒരൊന്നായ് നിക്കറിനുള്ളിലാക്കി സ്ഥലം കാലിയാക്കാന്‍ തുടങ്ങി.
പല ദിവസങ്ങളിലായി ഞങ്ങള്‍ നാലഞ്ചു ബോളുകള്‍ കൈക്കലാക്കി.
ഇനി അതു തയ്ച്ചെടുത്താല്‍ മതി.
പിന്നെയും പ്രശ്നങ്ങള്‍ ബാക്കി.
മടല്‍ ബാറ്റും ക്രിക്കറ്റ് പന്തും ശരിയാവില്ല.ബാറ്റൊടിഞ്ഞു പോകും.
പുതിയ ബാറ്റു വാങ്ങാതെ വേറെ വഴിയില്ല.
പക്ഷേ എങ്ങനെ?
നൂറു രൂപയോളം വേണം.ആരു തരും?
പണം മോഷ്ടിക്കുന്നത് നല്ല കാര്യമല്ല.
ചേട്ടന്മാരുടെ കൈയ്യില്‍ ആകെ രണ്ടു ബാറ്റേയുള്ളു. അതു പോയാല്‍ പിടിക്കപ്പെടും.

എല്ലാവരും കൂടി പണമുണ്ടാക്കുവാന്‍ തീരുമാനിച്ചു. അല്ലാതെന്തു ചെയ്യുവാന്‍!
കടവില്‍ സണ്ണിയെ ഖജാന്‍ജിയായി നിയമിച്ചു. മാര്‍ഗ്ഗം വളരെ എളുപ്പമായിരുന്നു. എല്ലാവരും ദിവസം രണ്ടു കശുവണ്ടി വീതം സണ്ണിയെ ഏല്‍പ്പിക്കുക. ഓരോ ആഴ്ച്ചയും അതു വിറ്റു പണമാക്കുക. നൂറു രൂപയാകുമ്പോള്‍ ബാറ്റു വാങ്ങുക.
അങ്ങനെ ഒരു ക്രിക്കറ്റ് ബാറ്റില്‍ നിന്നും ഞങ്ങളുടെ സമ്പാദ്യശീലം തുടങ്ങി. ഞങ്ങള്‍ ലക്ഷ്യത്തോട് അടുക്കാറായി.
പക്ഷേ എല്ലാവരെയും തകര്‍ത്തു കളഞ്ഞ സംഭവങ്ങളാണ് പിന്നീട് നടന്നത്.
ചതി. കൊടുംചതി.
ചാക്കോച്ചനാണു ചതിയന്‍.
അവന്റെ ബുദ്ധി നോക്കണേ! ഞങ്ങളാരും ഇല്ലാതിരുന്ന സമയത്ത് അവന്‍ സണ്ണിയുടെ അപ്പന്റ്യടുക്കല്‍ ചെന്ന് ഞങ്ങളുടെ പേരു പറഞ്ഞ് പണപ്പെട്ടി കൈക്കലാക്കി.
പണപ്പെട്ടി കൈക്കലാക്കുക മാത്രമല്ല അവന്‍, ആ നീചന്‍ ചെയ്തത്.
ഞങ്ങള്‍ സ്വപ്നം കണ്ടിരുന്ന ക്രിക്കറ്റ് ബാറ്റ് അവന്‍ ഒറ്റയ്ക്ക് കൈവശമാക്കിയിരിക്കുന്നു. അതു മാത്രമോ, ഞങ്ങളുടെ ശത്രുക്കളായ കുറേപ്പേരുമായി ചേര്‍ന്ന് ഒരു ടീമും ഉണ്ടാക്കിയിരിക്കുന്നു.
സഹിക്കുമോ ഞങ്ങള്‍ക്ക് ഈ കൊടുംചതി.
ഞങ്ങളുടെ എത്ര നാളത്തെ സമ്പാദ്യമാണ്, എത്ര നാളത്തെ അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് തകര്‍ത്തിരിക്കുന്നത്. ഇവനെ അങ്ങനെ വിട്ടാല്‍ പറ്റില്ല.
എന്താണൊരു വഴി. ഒന്നുകില്‍ ബാറ്റ് അല്ലെങ്കില്‍ പണം തിരിച്ചു കിട്ടണം.
പക്ഷേ ചാക്കോച്ചന്‍ നീചനാണ്, ചതിയനാണ്, വഞ്ചകനാണ്. അവന്റെടുക്കല്‍ നിന്നു ബാറ്റോ പണമോ തിരിച്ചു കിട്ടുക എളുപ്പമല്ല. കൈയ്യൂക്കു കൊണ്ട് കാര്യം കാണുകയെന്നുള്ളതും സാധ്യമല്ല ഇപ്പോള്‍ അവന്റെ കൂടെയാണ് ആള്‍ബലം കൂടുതലുള്ളത്.

തല്‍ക്കാലം ആ മാര്‍ഗ്ഗം ഉപേക്ഷിക്കുന്നതു തന്നെയാണ് ബുദ്ധി. പോയ പണം പോയി എന്നുതന്നെ കരുതുക.
പുതിയ ബാറ്റ് വാങ്ങുക തന്നെ. പക്ഷെ എങ്ങനെ?
ഇനിയും കശുവണ്ടി കൊണ്ട് ബാറ്റ് വാങ്ങാന്‍ പറ്റില്ല. സീസണ്‍ കഴിഞ്ഞിരിക്കുന്നു.
ആലോചിച്ചു. ഊണിലും ഉറക്കത്തിലും ആലോചിച്ചു. ഒറ്റയ്ക്കും കൂട്ടായും ആലോചിച്ചു.
ആരുടെ സ്വപ്നത്തിലാണെന്നു അറിയില്ല പാണ്ടിക്കാരന്‍ വന്നു ചേര്‍ന്നത്.
അതേ സാക്ഷാല്‍ പാണ്ടിക്കാരന്‍! വെള്ളിയാഴ്ച്ച പാണ്ടിക്കാരന്‍! എല്ലാ വെള്ളിയാഴ്ചയും പണം പലിശയ്ക്കു കൊടുക്കുവാന്‍ വരുന്ന അണ്ണാച്ചി. അണ്ണാച്ചിയോട് പണം പലിശയ്ക്ക് എടുക്കുക.
പറയുവാന്‍ എന്ത് എളുപ്പം!
അണ്ണാച്ചി ഞങ്ങള്‍ കുട്ടികള്‍ക്ക് പണം കടം തരുമോ?
കുട്ടികളെ മനസ്സിലാക്കുന്ന ആരെങ്കിലും ഈ നാട്ടിലില്ലാതെ വരുമോ?
ആരെ സമീപിക്കും?
അച്ചുതന്റെ അമ്മയോടു പറഞ്ഞലോ?അവര്‍ക്കു ഞങ്ങളെ വലിയ കാര്യമാണ്.അവധി ദിവസ്സങ്ങളില്‍ ഞങ്ങളവര്‍ക്ക് പപ്പടം പരത്തിക്കൊടുക്കാറുള്ളതല്ലേ.
ഭാവിയിലെ ക്രിക്കറ്റ് താരങ്ങളെല്ലാം കൂടി അച്ചുതന്റെ വീടു ലക്ഷ്യമാക്കി നടന്നു.
കാര്യങ്ങളെല്ലാം അച്ചുതന്റെ അമ്മയോടു ബോധിപ്പിച്ചു.അവര്‍ പണം വാങ്ങി തരാമെന്നേല്‍ക്കുകയും ചെയ്തു.
പകരം ഞങ്ങളവര്‍ക്കു പപ്പടം പരത്തിക്കൊടുക്കണം.കൂടാതെ എല്ലാ ആഴ്ചയും പത്തു രൂപ വീതം നല്‍കുകയും ചെയ്യണം.എന്നെ അവര്‍ക്കു നല്ല വിശ്വാസമാണ്.അതുകൊണ്ടു തന്നെ ഞാനവര്‍ക്കു ഭാവിതാരങ്ങളെയെല്ലാം സാക്ഷി നിര്‍ത്തി വാക്കു കൊടുക്കണം!
ഞാനിപ്പോള്‍ നാട്ടിലെ വലിയവരെപ്പോലും സ്വാധീനിക്കാന്‍ കഴിവുള്ള ഒരാളായി മാറിയിരിക്കുന്നു.അച്ചുതന്റെ അമ്മ എന്നെ അംഗീകരിച്ചിരിക്കുന്നു.സുഗതന്‍ സാറും എന്നെ അംഗീകരിച്ചതാണല്ലോ.
കഴിഞ്ഞയാഴ്ചയാണ് ക്ലാസ്സ് കഴിഞ്ഞു സുഗതന്‍ സാര്‍ എന്നെ അരികിലോട്ട് വിളിച്ചത്.'' നീ അറിഞ്ഞു കാണുമല്ലോ ഞാന്‍ റിട്ടയറാവുകയാണ്.അതിനു ശേഷം ഞാനൊരു ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങുന്നുണ്ട്.കുമുദത്തിന്റെ ഷാപ്പിനോടു ചേര്‍ന്നാണ്.നിന്നെപ്പോലുള്ള കുട്ടികളെയാണ് എനിക്കു വേണ്ടത്.''
നിന്ന നില്‍പ്പില്‍ ഞാനങ്ങുയര്‍ന്ന് പോകുന്നതായി എനിക്കു തോന്നി.ഒരദ്ധ്യാപകന്‍ ശിഷ്യനോട് സഹായം ആവശ്യപ്പെടുക.

മറിയാമ്മ ടീച്ചറെ,ആശാട്ടിയേ എന്നെ അംഗീകരിക്കുവാന്‍ ഇന്നാളുണ്ടായിരിക്കുന്നു.അടികൊണ്ടാലും പ്രശ്നമില്ല.സുഗതന്‍ സാറിന്റെ ട്യൂഷന്‍ സെന്ററില്‍ പോവുക തന്നെ.

അച്ഛനും അമ്മയും എന്റെ ആവശ്യം
അംഗീകരിച്ചു തരുവാന്‍ തയ്യാറല്ലായിരുന്നു.കാരണം മട്ടൊന്നുമല്ല.ട്യൂഷന്‍ സെന്റര്‍ തുടങ്ങുന്നതു കള്ളുഷാപ്പിലാണന്നുള്ളതു തന്നെ.സുഗതന്‍ സാറിനെ സംബന്ധിച്ചിടത്തോളം ഇത്രയധികം സൗകര്യമുള്ള വേറൊരിടമില്ലായിരുന്നു.ക്ലാസ്സും നടക്കും സാറിന്റെ ദാഹവും തീരും.സാര്‍ അറിയപ്പെടുന്നൊരു മദ്യപാനിയാണ്.മദ്യപിച്ചുവരുന്ന സാറിനെയാണ് ഞങ്ങള്‍ക്കിഷ്ടം.അല്‍പം ഉള്ളിലുണ്ടെലേ സാര്‍ ശരിക്കുമൊരദ്ധ്യാപകനാവുകയുള്ളു.അല്ലെങ്കില്‍ സാറിനു എല്ലാത്തിനോടും ദേഷ്യമാണു.തൊട്ടതിനും പിടിച്ചതിനും അടിയുടെ പൊടിപൂരമായിരിക്കും.അതുകൊണ്ടു കള്ളു ഷാപ്പു തന്നെ പറ്റിയ സ്ഥലം.
അച്ഛ്നും അമ്മയ്ക്കും അതുവല്ലതുമറിയുമോ?
അവര്‍ക്കു മകന്റെ ഭാവിയാണല്ലോ വലിയ കാര്യം!
എന്റെ ആവര്‍ത്തിച്ചുള്ള നിര്‍ബന്ധത്തിനൊടുവില്‍ അവര്‍ ഒരു ഒത്തുതീര്‍പ്പിനു തയ്യാറായി.
എന്നെങ്കിലും സുഗതന്‍ സാര്‍ ട്യൂഷന്‍ സെന്റര്‍ കള്ളു ഷാപ്പില്‍ നിന്നു മാറ്റുകയാണങ്കില്‍ എന്നെ അവിടേയ്കു വിടാം എന്നതായിരുന്നു ആ ഒത്തു തീര്‍പ്പ്.
കള്ളുഷാപ്പാണന്ന ഒറ്റക്കാരണത്താല്‍ സുഗതന്‍ സാറിന് വിദ്യാര്‍ത്ഥികളെ കിട്ടാതായി.അങ്ങനെ മനപ്രയാസത്തോടെയാണങ്കിലും മറ്റുള്ള അദ്ധ്യാപകരുടെയും,വിദ്യാര്‍ത്ഥികളുടെയും,രക്ഷിതാക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി സുഗതന്‍ സര്‍ 'ഫേമസ്' ട്യൂട്ടോറിയല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ഞാനവിടെ വിദ്യാര്‍ത്ഥിയുമായി.
ഫേമസ് കൊളേജിന്റെ ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഒരാള്‍!
സുഗതന്‍ സാറിന്റെ അരുമ ശിഷ്യന്മാരില്‍ ഒരാള്‍!
''എന്താ അപ്പുക്കുട്ടാ നീ ഒന്നും പറയാത്തെ.''അച്ചുതന്റെ അമ്മ ചോദിച്ചു.
''ങ്ങ്ഹാ... ഞാനേറ്റമ്മച്ചി.'' ഞാന്‍ പറഞ്ഞു.
പുതിയ ബാറ്റ് എത്തിച്ചേര്‍ന്നു.ചാക്കോച്ചന്റേതുപോലുള്ള ബാറ്റ് തന്നെ. ഞങ്ങള്‍ കളീ തുടര്‍ന്നു.ഈ കാലയളവിനുള്ളില്‍ നാട്ടില്‍ പല പല ടീമുകള്‍ രൂപം കൊണ്ടു. ഞങ്ങളവരുമായി മല്‍സരക്കളി നടത്തുവാന്‍ തുടങ്ങി.
ചാക്കോച്ചനും കൂട്ടരുമായി മത്സരം നടത്തിയാലോ!
അവനെ തോല്‍പ്പിക്കണം.
സണ്ണിയെ പ്രത്യേക ദൂതനായി വിട്ടു.
ചാക്കോച്ചന്‍ സമ്മതിച്ചിരിക്കുന്നു!
കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലേക്കു നീങ്ങുകയായിരുന്നു.
രാമുണ്ണിയാണ് തുടങ്ങിയത്.
ഈ അവസരം ചാക്കോച്ചനോടുള്ള പക തീര്‍ക്കാനായി ഉപയോഗിച്ചാലോ!
ഇതാണു ഏറ്റവും നല്ല അവസരം.അല്ലാതെ അവനെ കിട്ടുക അത്ര എളുപ്പമല്ല.
വീണ്ടും ചര്‍ച്ച തുടങ്ങി.
പ്രതികാരം ചെയ്യുകയെന്നുള്ളത് രാമുണ്ണിയുടെ മാത്രം ആഗ്രഹമല്ല. ഞങ്ങളുടെയെല്ലാം ആഗ്രഹമാണ്.
അവസാനം തീരുമാനമെടുത്തു.
വാടക ഗുണ്ടകളെ ഇറക്കുമതി ചെയ്യുക!
പടിഞ്ഞാറന്‍ ഗ്രൂപ്പിലുള്ളവരെല്ലാം ഗുണ്ടകളാണ്.
ഒന്നു പറഞ്ഞ് രണ്ടിന് ഇടി കൂടുന്നവര്‍!
അഞ്ചുകണ്ണന്‍പുലിയാണ് അവരുടെ നേതാവ്.
അഞ്ചുകണ്ണന്‍പുലിയെ ഞങ്ങളുടെ വിക്കറ്റ്കീപ്പറായി നിയമിച്ചു.
ബാറ്റു പിടിച്ചു വാങ്ങല്‍ പദ്ധതിയെല്ലാം ആസൂത്രണം ചെയ്തു.ചാക്കോച്ചന്‍‍ ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ അഞ്ചുകണ്ണന്‍ അവന്റെ കൈയില്‍ നിന്നും ബലം പ്രയോഗിച്ച് ബാറ്റ് പിടിച്ച് വാങ്ങും.
ചാക്കോച്ചനെ അല്‍പം കായികമായി കൈകാര്യം ചെയ്യേണ്ടി വന്നെങ്കിലും കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിച്ചതുപോലെ തന്നെ നടന്നു.
പക്ഷേ ഞങ്ങള്‍ വിചാരിക്കാത്ത ഒന്നുണ്ടായിരുന്നു.
ഒരമ്മയുടെ ദു:ഖം!
ഏതമ്മയാണ് തന്റെ മകന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുന്നത് സഹിക്കുക.മര്‍ദ്ദനം മാത്രമോ? മകന്‍ ജീവനു തുല്യം സ്നേഹിക്കുന്ന ബാറ്റ് പിടിച്ചുവാങ്ങുക കൂടി ചെയ്താലോ!

അവര്‍ ചാക്കോച്ചനേയും കൈയ്ക്ക് പിടിച്ച് അഞ്ചുകണ്ണന്റെ വീടു ലക്ഷ്യമാക്കി നടന്നു.
ഇനി എന്തൊക്കെയണാവോ നടക്കുന്നത്!
ചേടത്തി(ചാക്കോച്ചന്റെ അമ്മയെ അങ്ങനെയാണ് നാട്ടില്‍ അറിയുന്നത്)അഞ്ചുകണ്ണന്റെ വീടിനു വലം വയ്ക്കുകയാണ്.
ഒരു കൈ കൊണ്ട് നെഞ്ചത്തടിക്കുകയാണ്.മറുകൈയില്‍ ചാക്കോച്ചനെ പിടിച്ചിട്ടുണ്ട്.

''എന്റെ മകനെ തായോ...നീയെനിക്കെന്റെ മകനെ തായോ...''ചേടത്തി അലറി വിളിക്കുകയാണ്
ആരോ ചോദിച്ചു.''അല്ല, നിങ്ങളുടെ മകനെയല്ലെ കൈയ്യില്‍ പിടിച്ചിരിക്കുന്നത്.''
ചേടത്തി കരച്ചിലിന് ആക്കം കൂട്ടി.

''അയ്യോ..ഈ മകനെയല്ല. ആ കാലമാടന്‍ ഇടിച്ച് പരുവം കെടുത്തുന്നതിന് മുന്നെയുള്ള മകനെ എനിക്കു തായേ...''











----
This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor
----

Read more...

കാരിപ്പുളുന്ത്

Saturday, December 16, 2006

വര്‍ഷങ്ങളായി നാട്ടില്‍ നിന്നും അകന്നു നിന്നെങ്കിലും പട്ടണത്തില്‍സ്ഥിരതാമസമാക്കിയെങ്കിലും
അയാളുടെ ഓര്‍മ്മകളില്‍ ഇപ്പോഴും ഗ്രാമീണതയുടെ നിഷ്ക്കളങ്കത മാത്രമാണ്.അയാളുടെ ഓര്‍മ്മകള്‍ക്കിന്നും പഴമയുടെ ഗന്ധമാണുള്ളത്.
അന്യനാട്ടില്‍ കഠിനാദ്ധ്വാനം ചെയ്ത് മുറതെറ്റാതെ എല്ലാമാസവും അയാള്‍ തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് പണം അയച്ച് കൊടുക്കാറുണ്ട്.ആഴ്ച് തോറും ഫോണ്‍ ചെയ്യാറുണ്ട്.വിശേഷങ്ങള്‍ അറിയാറുണ്ട്.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് ഫോണ്‍ ചെയ്തപ്പോള്‍ അമ്മ അയാളോട് ഇങ്ങനെ പറഞ്ഞു.
''മോനേ, നീ എന്നാണ് നാട്ടിലേയ്ക്ക് വരുന്നത്.ഇനി നീ വരുമ്പോള്‍ എനിക്കു നിന്നെ തിരിച്ചറിയുവാന്‍ പറ്റുമോയെന്ന് ഞാന്‍ സംശയിക്കുന്നു.നിന്റെ ശബ്ദം മാത്രമേ എനിക്കിന്ന് പരിചിതമായിട്ടുള്ളു.രൂപം ഓര്‍മ്മകളിലേത് മാത്രമാണ്.ഒരു ഫോട്ടോ അയച്ചു തരണമെന്ന് പറഞ്ഞിട്ട് കൂടി നീ ചെയ്തില്ലല്ലോ? അതിനും കൂടി നിനക്ക് സമയമില്ലായിരിക്കാം. ഞങ്ങള്‍ കെളവനും,കെളവിക്കും നല്ല സുഖമല്ലേ ഇപ്പോ...............''അമ്മ കരയുകയാണ്.'' ഞങ്ങള്‍ക്കിപ്പോള്‍ ആവശ്യത്തിന് പണമുണ്ട്.താമസ്സിക്കാന്‍ രണ്ടുപേര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ വലിയൊരു വീടുണ്ട്..പക്ഷേ ഒന്നുമാത്രമാണില്ലാത്തത്.അതു നീയാണ്....നീ മാത്രമാണ്.അമ്മുവിനെ ഞങ്ങള്‍ക്ക് വല്ലപ്പോഴുമെങ്കിലും കാണുവാന്‍ കഴിയും.അവളും കെട്ടിയോനും,കുട്ടികളും കൂടി വരാറുണ്ട്.നീ.... നീ മാത്രം വരാറില്ല.'' അമ്മയുടെ വിതുമ്പല്‍ സഹിക്കവയ്യാതായപ്പോള്‍ അയാള്‍ ഫോണ്‍ വെച്ചു.
അമ്മയെ കാണണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അച്ഛനെ കാണണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല.തന്റെ നാടിനുണ്ടായ മാറ്റങ്ങള്‍ കാണണമെന്നാഗ്രഹമില്ലാഞ്ഞിട്ടല്ല.തന്റെ നാട്ടാര്‍ക്കുണ്ടായ മാറ്റങ്ങളറിയണമെന്നാഗ്രഹമില്ലാഞ്ഞിട്ടല്ല.പക്ഷേ...എന്തോ..അയാള്‍ പോയില്ല.
ഒരു പക്ഷേ തന്റെ ഓര്‍മ്മകളെ തലോലിക്കുന്നതിലായിരിക്കാം അയാള്‍ സുഖം കണ്ടെത്തിയിരുന്നത്. അല്ലങ്കില്‍ തന്റെ മനസ്സിലുള്ള, ഓര്‍മ്മകളിലുള്ള,നാടിനേയും നാട്ടാരെയും വേറൊരു രീതിയില്‍ സങ്കല്‍പ്പിക്കാനുള്ള ശക്തിഅയാള്‍കില്ലാത്തതു കൊണ്ടായിരിക്കാം.
തന്റെ ഒരു യാത്ര...
ഒരു സന്ദര്‍ശനം.. അതെല്ലാം മാറ്റിമറിക്കുമെന്നയാള്‍ക്കറിയാം.
പക്ഷേ ഓര്‍മ്മകളെ സൂക്ഷിക്കാന്‍ ആഗ്രഹിച്ച അയാള്‍ക്ക് പോകാതിരിക്കാനായില്ല. അമ്മയുടെ വാക്കുകള്‍ അയാളെ എപ്പോഴും അലട്ടിക്കൊണ്ടിരുന്നു.എത്ര ശ്രമിച്ചിട്ടും അത് മനസ്സില്‍ നിന്നും മാറ്റുവാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. അയാള്‍ ഒരു തിരിച്ച് പോക്കിന് തയ്യാറാവുകയായിരുന്നു.തന്റെ വൃദ്ധരായ മാതപിതാക്കള്‍ക്കു വേണ്ടി......
അയാള്‍ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കുവാനാകുന്നില്ല.തന്റെ സ്വപ്നത്തിലെ ഓലപ്പുരയുടെ സ്ഥാനത്ത് ഇപ്പോളിതാ ഒരു ഇരു നില കെട്ടിടം നില്‍ക്കുന്നു.എത്രയെത്ര വലിയ കെട്ടിടങ്ങളില്‍ താന്‍ സ്ഥിരം പോകുന്നതാണ്.എത്രയെത്ര ആള്‍ക്കാരുമായി ഇടപെടുന്നതാണ് താന്‍!എന്നിട്ടും...
കാളിങ്ങ് ബെല്ലില്‍ അമര്‍ത്താന്‍ ഉയര്‍ത്തിയ കൈ അയാള്‍ പിന്‍വലിച്ചു.
അയാളുടെ നെഞ്ചിടിപ്പു കൂടുകയാണ്.അതിനു പണ്ട് ഓലപ്പുരയുടെ പുറത്ത് വീണിരുന്ന മഴത്തുള്ളിയുടെ ശ്ബ്ദമാണന്നയാള്‍ക്ക് തോന്നി.എന്തു രസമായിരുന്നത്!.മഴക്കാലത്ത് അച്ഛന്റെ മാറത്തെ നീണ്ട രോമങ്ങളില്‍ പിടിച്ചുകൊണ്ട് അയാള്‍ കിടക്കാറുണ്ടായിരുന്നു.അമ്മയുടെ മാറിന്റെ ചൂട് അയാളെ തണുപ്പറിയിച്ചിരുന്നില്ല. അമ്മു അയാളെ സ്വസ്ഥമായി അച്ഛന്റേയോ,അമ്മയുടേയോ കൂടെ കിടക്കുവാന്‍ അനുവദിച്ചിരുന്നില്ല. അവള്‍ മഹാ കുസൃതിയാണ്.ചകിരി നാരു കൊണ്ട് കാതിനു പുറകില്‍ തടവും.അയാള്‍ക്ക് ദേഷ്യം വരും.തണുപ്പുള്ള ആ മഴക്കാലത്തും രംഗം ചൂടാകും.അവസാനം ആറിത്തണുക്കുന്നത് അച്ഛന്‍ പ്രത്യേകമായി ഒരുക്കി വെച്ചിട്ടുള്ള ചൂരലിന്റെ രുചി അറിയുമ്പോള്‍ മാത്രമാണ്.
അയാള്‍ തന്റെ കുട്ടിക്കാലത്തേയ്ക്ക് പോവുകയാണ്...
എപ്പോഴും അയാള്‍ അങ്ങനെയാണ്.താന്‍ തന്നെ അറിയാതെ വേദനകള്‍ സമ്മാനിച്ച,കുസൃതിത്തരങ്ങള്‍ നിറഞ്ഞ ഓര്‍മ്മകളിലേയ്ക്ക് പൊയ്പ്പോകും.ശരിക്കും പറഞ്ഞാല്‍ ആ ഓര്‍മ്മകളാണയാളുടെ ശക്തി. ആ ഓര്‍മ്മകളാണയാളെ മുന്നോട്ട് നയിക്കുന്നത്.
വാരാന്ത്യങ്ങള്‍ ചിലവിടാന്‍ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വര്‍ണ്ണപ്പൊലിമയുടെ മാസ്മരിക ലോകത്തിരിക്കുമ്പോഴും,ബാറിന്റെ അരണ്ടവെളിച്ചത്തില്‍ ഇരിക്കുമ്പോഴും അയാളുടെ മുന്നില്‍ തിളങ്ങി നില്‍ക്കുന്നത് അമ്മയുടെ കണ്ണില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ ഇറ്റിറ്റ് വീണ കണ്ണീരിന്റെ തിളക്കമാണ്.താനും അമ്മുവും പട്ടിണി കിടക്കുമെന്ന് കരുതിയിട്ടായിരിക്കുമോ അമ്മ അന്ന് കരഞ്ഞത്.........ആയിരിക്കില്ല. കാരണം അതിനേക്കാള്‍ വലിയ മുറിവാണല്ലോ ജാനു മൂപ്പത്തി അമ്മയുടെ മനസ്സിലുണ്ടാക്കിയത്.അമ്മ ചെയ്ത തെറ്റെന്താണ്? വിശന്ന് കരയുന്ന കുട്ടികള്‍ക്കായി ഒരു പിടി അരി ചോദിച്ചതോ?
'' അല്ല കാര്‍ത്തൂ,നെനക്ക് ഞാന്‍ എന്തുറപ്പിലാണ് അരി തരേണ്ടത്?കെട്ടുതാലി പോലുമില്ലാതെ നടക്കണ നീ അത് തിരിച്ച് തരുമെന്ന് ഞാനെങ്ങനെ വിശ്വസിക്കും?അരിക്കൊക്കെ എന്താ വെലയെന്ന് നെനക്ക് വല്ല നെശ്ചയോണ്ടോ?''
ജാനു മൂപ്പത്തി എത്ര ക്രൂരയാണ് അന്ന് അമ്മയുടെ കണ്ണില്‍ നിന്ന് അടര്‍ന്നുവീണ പളുങ്കുമണികളുടെ തിളക്കം മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ അയാള്‍ കണ്ടതാണ്.
അമ്മയുടെ കഴുത്തില്‍ കെട്ടുതാലിപോലുമില്ല. അതു തനിക്കും അമ്മുവിനും പുസ്തകം വാങ്ങുവാനായി പണയം വെച്ചിരിക്കുകയാണ്.അന്നും ഇന്നും അയാള്‍ക്ക് അമ്മ സങ്കടപ്പെടുന്നത് സഹിക്കുവാനായിരുന്നില്ല. അതുകൊണ്ടുതന്നെയാണല്ലോ അയാള്‍ ഇപ്പോളൊരു തിരിച്ചു വരവു നടത്തിയിരിക്കുന്നത്.
അയാള്‍ ബെല്ലില്‍ വിരലമര്‍ത്തി.
താന്‍ വരുമെന്നറിയിച്ചിട്ടുള്ളതാണ്.പക്ഷേ വണ്ടി ലേറ്റായ കാര്യം അമ്മയ്ക്കറിയില്ലല്ലോ.ഇതും തന്റെ പതിവു പല്ലവി തന്നെയെന്ന് ആ പാവം കരുതിയിരിക്കും.
എങ്ങനെയായിരിക്കും അമ്മയുടെ ഇപ്പോളത്തെ രൂപം.അയാള്‍ വീണ്ടും പഴയ കാലങ്ങളിലേയ്ക്കാണ്.കറുത്ത് മെലിഞ്ഞ ആ കുട്ടനാട്ടുകാരിയെ കാണാന്‍ നല്ല രസമായിരുന്നു.ബ്ലൗസും,കൈലിമുണ്ടും,മാറുമറയ്ക്കാനായി ഒരു തോര്‍ത്തുമായിരുന്നു അമ്മയുടെ സ്ഥിരം വേഷം.
വാതില്‍ മെല്ലെ തുറന്നു.
അയാളത്ഭുതപ്പെട്ടുപോയി.കാലം അമ്മയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.കറുത്തു മെലിഞ്ഞ കുട്ടനാട്ടുകാരി ഇതാ തടിച്ചു കൊഴുത്തിരിക്കുന്നു.കൈലി മുണ്ടും തോര്‍ത്തുമെല്ലാം മാറിയിരിക്കുന്നു.വിലകുറഞ്ഞതാണങ്കിലും പ്രായത്തിനു ചേര്‍ന്ന സാരി ചുറ്റിയിരിക്കുന്നു.കറുകറുത്ത മുടിയുണ്ടായിരുന്ന തലയില്‍ മുഴുവനും നര കയറിയിരിക്കുന്നു.
''മോനേ,നീ വന്നോ? ഞാനോര്‍ത്തു ഇപ്രാവശ്യവും നീയെന്നെ പറ്റിക്കുമെന്ന്.നിന്നെ പ്രതീക്ഷിച്ച് ഇതുവരെ ഞാന്‍ വാതുക്കലിരിക്കുകയായിരുന്നു.ഇപ്പോ പഴയ പോലൊന്നും ആവതില്ല.ഷുഗറും,പ്രഷറുമെല്ലാമുണ്ടല്ലോ?ഒരെടത്തും സ്ഥിരമായിട്ട് ഇരിക്കാന്‍ പറ്റണില്ല.നീ ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ മോനേ.യാത്രയൊക്കെ സുഖമായിരുന്നോ?വണ്ടി ലേറ്റായോ? വാ.. നീ വാ... എന്നിട്ട് പറ'' അമ്മ അകത്തോട്ട് നടന്നു.
ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്തൊക്കെ കാര്യങ്ങളാണ് അമ്മ പറയുന്നത്.എന്തൊക്കെയാണ് അറിയേണ്ടത്.
താന്‍ ക്ഷീണിച്ചിരിക്കുകയാണു പോലും.ഇന്നലെയും തന്നെ കണ്ടതുപോലെയാണ് അമ്മയുടെ സംസാരം.
''അച്ഛനെവിടെയമ്മേ?'' അയാള്‍ ചോദിച്ചു.
''അച്ഛനിപ്പോള്‍ പഴയ പോലൊന്നുമല്ല. പൊതുപ്രവര്‍ത്തനമാണ്. ഒരു സമയത്തും വീട്ടില്‍ കാണില്ല.ഒരു കണക്കിന് അതു നല്ലതാ.എത്ര നേരമെന്നു കരുതിയാ ഇവിടെ കുത്തിയിരിക്കുന്നത്.പത്താളുകളെയെങ്കിലും കാണാമല്ലോ.എനിക്ക് ആകെയുള്ളത് ദാ.. ഇതു മാത്രേയുള്ളു കൂട്ടിനായി..'' മൂലയില്‍ വെച്ചിരിക്കുന്ന ടെലിവിഷന്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അമ്മ പറഞ്ഞു.
അമ്മ തന്റെ ഏകാന്തതയെ കുറിച്ച് കൂടുതല്‍ വിവരിക്കുമെന്നു തോന്നിയത് കൊണ്ട് അയാള്‍ വിഷയം മാറ്റാനായി ചോദിച്ചു.
''പറമ്പൊന്നും ഇപ്പോള്‍ ആരും നോക്കുന്നില്ലന്ന് തോന്നുന്നു.എന്തുമാത്രം തെങ്ങുകളുണ്ടായിരുന്നതാണ്.ഇപ്പോള്‍ ഒന്നും കാണാനേയില്ല.കൂലിപ്പണിക്ക് ആളെ കിട്ടാനില്ലേ അമ്മേ?''
''ഓ.. അതൊന്നും പറയാതിരിക്കുന്നതാണ് ഭേദം!പണ്ടൊക്കെ വെള്ളത്തിന് വലിയ പ്രശ്നമില്ലായിരുന്നു.മടയാംതോട്ടില്‍ ബണ്ട് കെട്ടുമായിരുന്നതുകൊണ്ട് വെള്ളത്തിനും,പായലിനും ഒരു കുറവുമില്ലായിരുന്നു.കുളവും വറ്റിപ്പോയിരിക്കുന്നു.പിന്നെ കൂലിപ്പണിക്കും ആരെയും കിട്ടാനില്ല. അച്ഛന് പഴയ പോലെ ആവതൊന്നുമില്ല;തെങ്ങിനു തടമെടുക്കുവാനും വളമിടുവാനുമൊന്നും.''
അയാളോര്‍ക്കുന്നു.
പണ്ട് തന്റെ കുട്ടിക്കാലത്ത് വേനല്‍ക്കാലമായാല്‍ മടയാംതോട്ടില്‍ ബണ്ട് കെട്ടുമായിരുന്നു.വേനല്‍ക്കാലത്ത് തോട്ടിലെ വെള്ളം തടഞ്ഞ് നിര്‍ത്തി കൃഷിക്കുപയോഗിക്കുവാന്‍ വേണ്ടിയാണങ്ങനെ ചെയ്തിരുന്നത്.മഴക്കാലമാകുമ്പോഴാണ് രസം.ബണ്ട് നിറയും.ഒരു കാലവര്‍ഷത്തെ മുഴുവന്‍ വെള്ളത്തെയും തടഞ്ഞുനിര്‍ത്താനുള്ള ശക്തി അതിനുണ്ടാവില്ല.ബണ്ട് പൊട്ടും. പൊട്ടിച്ചു വിടും എന്നു പറയുന്നതാണ് കൂടുതല്‍ ശരി.ബണ്ട് പൊട്ടുമ്പോഴുള്ള ശ്ക്തമായ വെള്ളപ്പാച്ചില്‍ കാണാന്‍ എന്തു രസമായിരുന്നു.ശക്തമായ വെള്ളം അങ്ങ് കായലില്‍ എത്തിച്ചേരുമ്പോള്‍ മടയം തോട്ടിലേയ്ക്ക് മീന്‍ കയറാന്‍ തുടങ്ങും.അപ്പോഴാണ് അച്ഛന്റെ ജോലി തുടങ്ങുന്നത്.ബണ്ട് പൊട്ടിക്കഴിഞ്ഞുണ്ടാവുന്ന നീര്‍ച്ചാലുകളില്‍ നിന്നും ഒറ്റാലു കൊണ്ട് ഒറ്റി മീന്‍ പിടിക്കാന്‍ എളുപ്പമാണ്.രാത്രിയാണ് അച്ഛന്‍ മീന്‍ പിടിക്കാന്‍ പോകുന്നത്.അച്ഛന്റെ കൂടെ അയാളും പോകും.റാന്തല്‍ വിളക്ക് പിടിക്കുകയെന്നതായിരുന്നു അയാളുടെ ജോലി.കൂടാതെ കിട്ടുന്ന മീനുകളെല്ലാം കൂടയില്‍ സൂക്ഷിച്ച് പിടിക്കുകയും വേണം.
ശക്തമായ മഴയത്ത്,റാന്തല്‍ വിളക്കിന്റെ വെളിച്ചത്തില്‍,തണുത്ത കാറ്റുള്ള രാത്രികളില്‍ കുത്തിയൊഴുകുന്ന മുട്ടൊപ്പമുള്ള വെള്ളത്തില്‍ നടക്കുമ്പോള്‍ അയാളുടെ ശരീരമെല്ലാം വിറയ്ക്കാറുണ്ട്.
''അച്ഛന് തണുക്കത്തില്ലേ?'' അയാള്‍ ആശ്ചര്യത്തോടെ പലപ്പോഴും ചോദിച്ചിട്ടുണ്ട്.അച്ഛന്‍ പറയും;
''മോനേ, അദ്ധ്വാനിക്കുന്ന ശരീരത്തിന് തണുപ്പറിയില്ല.''ശരിയായിരിക്കാം.താനദ്ധ്വാനിക്കാറില്ലല്ലോ.അതുകൊണ്ടായിരിക്കാം തണുപ്പറിയുന്നത്.പകല്‍ സമയത്ത് അച്ഛന്‍ ജോലിക്ക് പോകുമ്പോള്‍ അയാള്‍ അമ്മയുമായി വെള്ളം ഒഴിഞ്ഞുപോയ തോടിന്റെ അടിത്തട്ടില്‍ അവശേഷിക്കുന്ന മുള്ളന്‍പായല്‍ വാരാനായി പോകും.അമ്മ വരാതിരിക്കുന്ന ദിവസങ്ങളില്‍ അയാള്‍ കുഞ്ഞുകുട്ടനെ കൂട്ടുപിടിക്കാറുണ്ട്.അങ്ങനെയുള്ള ഒരു ദിവസമാണ് ചെത്തുകാരന്‍ കുട്ടപ്പന്‍ തങ്ങളെ കണ്ടത്. സ്വതവേ രസികനായ കുട്ടപ്പന്‍ കുഞ്ഞുകുട്ടനോട് ചോദിച്ചു.
''കുഞ്ഞുകുട്ടാ,നിന്റെ പുറകെ വരുന്ന ആ 'കാരിപ്പുളുന്തേതാടാ?''
കുഞ്ഞുകുട്ടന്‍ നല്ല പുള്ളിയാണ്.അവന്‍ പൊടിപ്പും തൊങ്ങലും വെച്ച് എല്ലാം അമ്മയോട് പറഞ്ഞുകൊടുത്തു.
ഒരു ചെത്തുകാരന്‍ തന്റെ മകനെ 'കാരിപ്പുളുന്തേ' എന്നു വിളിച്ചിരിക്കുന്നു.
അമ്മ അയാളുടെ കൈയ്ക്ക് പിടിച്ചുകൊണ്ടു നേരെ കുട്ടപ്പന്റെ വീട്ടിലേയ്ക്ക് നടന്നു.
''ചേച്ചീ,കുട്ടപ്പന്‍ രത്നമ്മാമ്മയുടെ തെങ്ങില്‍ കയറുകയാ''. കുഞ്ഞുകുട്ടന്‍ വിളിച്ചുപറഞ്ഞു.
പിന്നീടവിടെ നടന്നത് അമ്മയുടെ വാചക കസര്‍ത്തായിരുന്നു.
തെങ്ങിന്റെ മുകളിലോട്ടു കയറാനും,താഴോട്ടിറങ്ങാനും വയ്യാതെയുള്ള കുട്ടപ്പന്റെ ദയനീയാവസ്ഥയോര്‍ത്തിട്ട് അയാള്‍ക്ക് ചിരിവന്നു.
''എന്താ നീ ചിരിക്കുന്നേ?'' അമ്മ ചോദിച്ചു.
''ബണ്ടിന്റെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ 'കാരിപ്പുളുന്തിനെ' കുറിച്ച് ഓര്‍ത്തുപോയി.''അയാള്‍ പറഞ്ഞു.
''അന്നു കുട്ടപ്പന്‍ അങ്ങനെ വിളിച്ചില്ലങ്കിലേ അദ്ഭുതമുള്ളു.നിന്റെ കോലമങ്ങനെയായിരുന്നല്ലോ. എല്ലുമുന്തി വയറും ചാടി!''
''പിന്നെയെന്തിനാണ് അമ്മ അയാളോട് വഴക്കിന് പോയത്?''അയാള്‍ ചോദിച്ചു.
'' അതു പിന്നെ.....''അമ്മ മുഴുമിച്ചില്ല.ബാക്കി ഒരു ചിരിയിലൊതുക്കിക്കൊണ്ട് പറഞ്ഞു.
'' അന്നത്തെ ആള്‍ക്കാരൊക്കെ എത്ര ഭേദമയിരുന്നു മോനേ.നിനക്കെല്ലാം ക്രമേണ മനസ്സിലാകും തല്‍ക്കാലം നീ പുറത്തോട്ടൊക്കെ ഒന്നിറങ്ങി നടക്ക്.അപ്പോഴത്തേക്കും ഞാന്‍ വല്ലതും കഴിക്കാന്‍ ശരിയാക്കാം.''
അയാള്‍ വെളിയിലോട്ടിറങ്ങി.
നാടാകെ മാറിയിരിക്കുന്നു.
എങ്ങും മതില്‍കെട്ടുകളും വേലികളും മാത്രം!അവയ്ക്കിടയില്‍ വലിയ വലിയ വീടുകള്‍.പണ്ടത്തെ നടപ്പാതകളൊക്കെ ടാറിട്ട റോഡായിരിക്കുന്നു.
തന്റെ ഓര്‍മ്മയിലെ നാടേയല്ലിത്.ആകെ മാറിയിരിക്കുന്നു.
അയാള്‍ മുന്നോട്ടു നടന്നു.
കൂടുതല്‍ കാഴ്ചകള്‍ കാണുവാനായി....
ഗ്രാമീണരുടെ പുതിയ മുഖം മനസ്സിലാക്കുവാനായി....
താന്‍ തിരിച്ചു വരവിനായി തീരുമാനിച്ച നിമിഷത്തെ ശപിച്ചുകൊണ്ട്
വിങ്ങുന്ന ഹൃദയവുമായി........

NB - കാരിപ്പുളുന്ത് - കാരി മീനിന്റെ കുഞ്ഞ്

Read more...

മിസ്റ്റര്‍ അമ്മിണി

Wednesday, December 13, 2006

പടിഞ്ഞാറ്റേതിലെ മാഞ്ചുവട്ടില്‍ വളരെ ഗൗരവമായ ചര്‍ച്ച നടക്കുകയാണ്.പതിവുപോലെ നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുകൂടിയിട്ടുണ്ട്.കയറു പിരി,തൊണ്ടു തല്ലല്‍,ഓല മെടയല്‍ ഇത്യാദി ജോലികള്‍ ചെയ്യുന്നതിനായിട്ടാണ് അവരെല്ലാവരും അവിടെയെത്തുന്നത്.വെറുതെ ജോലി ചെയ്തുകൊണ്ടിരുന്നാല്‍ വിരസതയുണ്ടാവില്ലേ.അതുണ്ടാവരുതെന്നവര്‍ക്കു നിര്‍ബന്ധമുണ്ട്.അതുകൊണ്ടവര്‍ ഓരോരോ വിഷയങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും.എന്തു സംസാരിക്കണമെന്നൊ,എങ്ങനെ സംസാരിക്കണമെന്നൊ ഒന്നുമില്ല. ആകാശത്തിനു കീഴിലുള്ള എന്തുമാവാം.
അസൂയ മൂത്ത ചില ആണുങ്ങള്‍ പറയാറുണ്ട്,
''പടിഞ്ഞാറ്റേതിലെ ആ മാഞ്ചുവടുണ്ടല്ലോ,അതൊരു പരദൂഷണ സഭയുടെ കേന്ദ്രമാണ്''.
പക്ഷേ സ്ത്രീകള്‍ അതു കാര്യമാക്കാറില്ല.

'' ഞങ്ങ എന്തും പറഞ്ഞോട്ടെ,അതോണ്ട് ആര്‍ക്കുമൊരു ദെണ്ണോല്ലല്ലൊ.രാവിലെ മൊതല് അവിടെ കുത്തീരിക്കണത് വെറുതേല്ലല്ലോ? കുത്തീരുന്നു കയറു പിരിച്ചു കൈയ്യേലെ തൊലി തേച്ചു കളയണത് കൊണ്ടാ പിള്ളേര് കഞ്ഞികുടിച്ചു കെടക്കണത്. അറിയുമോ നെനക്ക്' ''
ദേഷ്യം മൂത്ത കാര്‍ത്ത്യായനിച്ചേച്ചി ഒരിക്കല്‍ ഞൊണ്ടന്‍ പപ്പുവിനോട് പറഞ്ഞതാണ്.
എങ്കിലും സ്ത്രികളുടെ ഒരു കൂട്ടായ്മയെ ഇങ്ങനെ പരിഹസിക്കാന്‍ പാടുണ്ടോ!

ഇന്നത്തെ ചര്‍ച്ച ഇന്നലെ വായനശാലയില്‍ വച്ചു നടന്ന കല്യാണത്തെ കുറിച്ചാണ്.
'' കുറേ നാളായി ഇതു തുടങ്ങീട്ട്, നമ്മ നാട്ടുകാരെ എത്ര നാളിങ്ങനെ മണ്ടന്മാരാക്കും'' ലക്ഷ്മിയേടത്തിയാണ്.
''അല്ലേലും അവടെ ധൈര്യം സമ്മതിച്ചു കൊടുക്കണം. കാടു കയറി നടക്കുന്ന ഒരുത്തനെ വീട്ടില്‍ വിളിച്ചു വരുത്തുകയെന്നു പറഞ്ഞാല്‍........... നമ്മടെ വീട്ടിലും പെങ്കുട്ടികളുള്ളതല്ലേ. അവരും ഇതോക്കെ കണ്ടല്ലേ പഠിക്ക. ഏതായാലും ആ പുഷ്പന്‍ കണ്ടത് നന്നായി. ഇതെത്ര കാലമെന്നുകരുതിയാ ഇങ്ങനെ കൊണ്ടുനടക്കണത്.''
കൃഷ്ണന്‍കുട്ടി നായരുടെ വീട് അങ്ങു കായലരികിലാണ്. വളരെ സമ്പന്നതയുള്ള ഒരു കുടുംബത്തിലെ അവസാനസന്തതി.
താഴെ വെച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വെച്ചാല്‍ പേനരിക്കും എന്നു കരുതി വളര്‍ത്തിക്കൊണ്ടു വന്ന സന്തതി.
പക്ഷേ എന്തു ചെയ്യാന്‍! അവന്റെ കൂട്ടുകെട്ട് അല്‍പം മോശമായി പോയി.
സ്നേഹക്കൂടുതല്‍ കൊണ്ട് പൊറുതി മുട്ടിയ കൃഷ്ണന്‍കുട്ടി നായര്‍ അല്‍പം സ്വസ്ഥതയ്ക്കു വേണ്ടി സായാഹ്നങ്ങളില്‍ അടുത്തുള്ള കവലയില്‍ എത്താന്‍ തുടങ്ങി.
പോക്കിരി സുകുവും, കാടന്‍ വേലായുധനുമെല്ലാം കൃഷ്ണന്‍കുട്ടി നായരുടെ ഉറ്റമിത്രങ്ങളായി.
അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൃഷ്ണന്‍കുട്ടി നായര്‍ അല്‍പസ്വല്‍പം സേവ തുടങ്ങിയത്.പക്ഷേ ഇപ്പോഴതൊരു ദിനചര്യയായി മാറി.
മദ്യത്തിന്റെ മണം നായരുടെ മണമായി മാറി
നാട്ടുകാര്‍ നായര്‍ക്കൊരു ഓമനപ്പേരും നല്‍കി.
'കുടിയന്‍ നായര്‍'.

കുടിയന്‍ നായരുടെ പ്രവര്‍ത്തികള്‍ കുടുംബത്തിനു ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് കണ്ടപ്പോള്‍ നായരെ വീട്ടില്‍ നിന്നു പുറത്താക്കാന്‍ മുതിര്‍ന്നവര്‍ തീരുമാനിച്ചു.
പാലുകൊടുക്കുന്ന കൈയ്ക്ക് കടിക്കുന്ന പാമ്പിനെ ആര്‍ക്കു വേണം? തല്ലിക്കൊല്ലണം.

കൃഷ്ണന്‍കുട്ടി നായര്‍ അനാഥനായി. കുഞ്ഞീക്കായുടെ പീടികത്തിണ്ണയായി വാസസ്ഥലം.
നായര്‍ അനാഥനാണോ? ഒരിക്കലുമല്ല.
പീക്കിരി കോയ, കാടന്‍ വേലായുധന്‍, പോക്കിരി സുകു, ഒറ്റക്കണ്ണന്‍ ഹംസ തുടങ്ങിയ മഹാന്മാരെല്ലാം ഉണ്ടല്ലോ. എന്തിനും പോന്നവരായിട്ട്.

അമ്മിണി സ്ഥിരം കുഞ്ഞീക്കായുടെ പീടികയില്‍ എത്താറുണ്ട്. കുഞ്ഞീക്കാ പപ്പടം വാങ്ങുന്നത് അമ്മിണിയുടെ അടുക്കല്‍ നിന്നാണ്.
അമ്മിണിക്ക് കൂട്ടിനു അമ്മ മാത്രമേയുള്ളു. അമ്മയ്ക്ക് അമ്മിണിയും.
രണ്ടുപേരും കൂടി പപ്പടം പരത്തും.
അമ്മിണിയാണ് നാടു മുഴുവനുമുള്ള പീടികകളില്‍ അതു എത്തിക്കുന്നത്.
കൃഷ്ണന്‍കുട്ടി നായരുടെ കഥകള്‍ അമ്മിണിയില്‍ അനുകമ്പ ഉണ്ടാക്കി.ആ അനുകമ്പ ക്രമേണ അനുരാഗമായി മാറുകയും ചെയ്തു.
പ്രേമത്തിന്റെ ഊഷ്മളത അവളറിഞ്ഞു.പ്രണയത്തിന്റെ നൊമ്പരം അവളറിഞ്ഞു.
ആ നൊമ്പരം സഹിക്കാനാവാതായപ്പോള്‍ അവള്‍ തനിക്കൊരു ആണ്‍ തുണ വേണമെന്നു തീരുമാനിച്ചു.
മിടുക്കിയാണവള്‍. സ്വന്തം കാര്യം നോക്കാനറിയുന്നോള്‍!
അമ്മയുടെ സ്ഥിതി. വീടിന്റെ അവസ്ഥ. എല്ലാം അമ്മിണിക്കറിയാം.അച്ഛനോ ഒരു സഹോദരനോ ഉണ്ടായിരുന്നെങ്കിലെന്ന് അമ്മിണി പലപ്പോഴും ആശിച്ചിരുന്നു.നിരാശ മൂക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ അമ്മിണി അമ്മയോടു കയര്‍ക്കാറുണ്ടു,'' നിങ്ങള്‍ക്കെന്താ തള്ളേ എനിക്കൊരു ആങ്ങളയെ തരാനുള്ള ബുദ്ധിയുണ്ടാണ്ടിരുന്നെ?ഒരാങ്ങള ഉണ്ടായിരുന്നെ എനിക്കീ കഷ്ടപ്പെടേണ്ട വല്ല കാര്യമുണ്ടാരുന്നോ?''
അവള്‍ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചിരുന്നു. തന്റെ ഇനിയുള്ള ജീവിതം കൃഷ്ണന്‍കുട്ടിനായരുടെ കൂടെയേയുള്ളുവെന്ന്
പെണ്ണിന്റെ കണ്‍കോണില്‍ വീഴാത്തവരുണ്ടോ?
ഉണ്ടാവാം. പക്ഷേ തന്നെ പോലെ ഒരു സുന്ദരിയുടെ മുന്നില്‍ വീഴുന്നവരേ ഉണ്ടാവൂ എന്നു അമ്മിണിയ്ക്കറിയാം.കൃഷ്ണന്‍കുട്ടി നായരെ അവള്‍ വീഴ്ത്തുകയും ചെയ്തു.
ഇക്കാലത്ത് സ്ത്രീധനം ഉണ്ടാക്കുകയെന്നു പറഞ്ഞാല്‍.............
തന്നെ പോലെയുള്ളവര്‍ക്കത് സാധിക്കുമോ?
ഇപ്പോള്‍ അതൊന്നുമില്ലാതെ തന്നെ തനിയ്ക്കൊരു തുണ ഉണ്ടായിരിക്കുന്നു.
അവള്‍ക്കാവശ്യം തനിക്കും അമ്മയ്ക്കും തുണ നല്‍കുവാന്‍ കഴിവുള്ള ഒരുത്തനെ ആയിരുന്നു. സ്വന്തമായി ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയില്ലെങ്കില്‍ കൂടിയും അമ്മിണിക്ക് പ്രശ്നമില്ല. താനും അമ്മയും ഉണ്ടാക്കുന്ന പപ്പടം കടകളില്‍ എത്തിക്കുകയെങ്കിലും ചെയ്താല്‍ മതി. വേറെയൊന്നും അമ്മിണിയ്ക്ക് പ്രശ്നമല്ല. നാട്ടുകാരെ ഒട്ടും.
അവരല്ലല്ലോ തനിക്കും അമ്മയ്ക്കും കഞ്ഞികുടിക്കാനുള്ള വകയുണ്ടാക്കുന്നത്.

കൃഷ്ണന്‍കുട്ടി നായര്‍ക്ക് എന്താ കുഴപ്പം? നല്ല കുടുംബത്തിലെ അംഗം. കാണാന്‍ സുന്ദരന്‍. ആരോഗ്യവാന്‍. ഇപ്പോള്‍ കയര്‍ ഫാക്ടറിയിലും പോകുന്നുണ്ട്. ആണുങ്ങളായാല്‍ അല്‍പം മദ്യം കഴിച്ചെന്നിരിക്കും. അതൊരു ദുശ്ശീലമാണോ? അമ്മിണിക്കതൊരിക്കലും ഒരു ദുശ്ശീലമായി തോന്നിയിട്ടുമില്ല.
കൃഷ്ണന്‍കുട്ടി നായര്‍ക്കും അമ്മിണിയുമായുള്ള അടുപ്പം ഗുണങ്ങളേ ഉണ്ടാക്കിയിട്ടുള്ളു. വീട്ടില്‍ നിന്നും ഇറക്കിവിട്ടതില്‍ പിന്നെ സ്വന്തമായി ഒരു വാസ സ്ഥലം ഇല്ലാതായിരിക്കുകയായിരുന്നു. ആഹാരത്തിനായി ജോലി ചെയ്യേണ്ട ഗതികേടും ഉണ്ടായിരുന്നു.
ഇപ്പോള്‍ എന്തെല്ലാം നേട്ടമാണ് വന്നിരിക്കുന്നത്.
വാസ സ്ഥലവും, ആഹാരവും, സ്നേഹിക്കാനൊരു പെണ്ണും!

പ്രേമത്തിനു കണ്ണും കാതുമില്ല പക്ഷേ നാട്ടുകാര്‍ക്കത് വേണ്ടതിലധികമുണ്ട്. അവര്‍ക്ക് സദാചാരബോധവുമുണ്ടല്ലോ. സ്വന്തം കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തി ഭാവിയിലെ പൗരന്മാരും പൗരികളും ആക്കേണ്ടവരല്ലേ? അപ്പോള്‍ പിന്നെയിതൊക്കെ അനുവദിച്ചു കൊടുക്കാമോ?
ചര്‍ച്ചകള്‍ നാട്ടില്‍ പലയിടത്തുമായി നടക്കുകയാണ്. പീടികത്തിണ്ണയിലും, കലുങ്കുകളിലും, മാഞ്ചുവട്ടിലും, അടുക്കളകളിലുമെല്ലാം. ഓരോരുത്തരുടെയും സൗകര്യപ്രദമായ സ്ഥലങ്ങളില്‍!
വിഷയം അമ്മിണിയും നായരുമായുള്ള ബന്ധം തന്നെ.
പുഷ്പന്‍ ഇങ്ങനെ ഒരു ധീരത കാണിക്കുമെന്നു ആരും വിചാരിച്ചിരുന്നില്ല.
പതിവുപോലെ കൃഷ്ണന്‍കുട്ടി നായര്‍ അന്നു വൈകിട്ടും അമ്മിണിയുടെ വീട്ടിലെത്തി.പുഷ്പന്‍ യാദൃച്ഛികമായിട്ടാണ് അതു കാണുവാനിടയായത്.തോടു കടന്ന് അമ്പലത്തില്‍ പോകാനായി അതു വഴി വന്നതാണ്.ഇത് കണ്ടില്ലന്ന് നടിച്ചാല്‍ ദൈവം പോലും തന്നോടു പൊറുക്കില്ല.
കൃഷ്ണന്‍കുട്ടി നായര്‍ അകത്തു കയറിയതും പുഷ്പന്‍ അമ്മിണിയുടെ വീടു പുറത്തുനിന്നും കുറ്റിയിട്ടു അലറി വിളിച്ചു.
നാട്ടുകാരേ ഓടി വരണേ.... ദാ അവന്‍ വന്നേ. അമ്മിണിയുടെ ജാരന്‍ വന്നേ..........

ഒരാപത്ത് വന്നു അലറി വിളിച്ചാല്‍ ഇത്രയും ആളുകൂടുമോ. ആവോ. നൊടിയിടയിലല്ലേ തോട്ടിറമ്പിലെ ആ കൂരയ്ക്ക് ചുറ്റും ഒരു ഗ്രാമം മുഴുവന്‍ എത്തിച്ചേര്‍ന്നത്. നാട്ടുപ്രമാണിമാരെല്ലാം മുന്‍നിരയിലെത്തി.

കൃഷ്ണന്‍കുട്ടി നായര്‍ തല കുനിച്ചു നില്‍ക്കുന്നു. അമ്മിണി ജനത്തോടു ഒറ്റയ്ക്ക് നിന്നു പോരാടുന്നു.
''അത്രയ്ക്ക് വെഷമോള്ളവന്‍ എനിക്കുമെന്റെമ്മയ്ക്കും ചെലവിനുതാടാ''.
''അവര്‍ക്കിഷ്ടമാണങ്കില്‍ നമ്മക്കവരുടെ കല്യാണമങ്ങു നടത്തിക്കൊടുക്കാം.''കണാരന്‍ മൂപ്പനാണ്.
''എങ്കില്‍ അതിപ്പോ വേണം.''നാട്ടുകാരില്‍ ചിലരൊച്ചവെച്ചു.
അവന്റെ കുടുംബക്കാരറിഞ്ഞാല്‍ ഇതു നടക്കില്ല.ഒരേ ജാതിയായിരുന്നേ കൂടി പ്രശ്നമില്ലാരുന്നു.അതുകൊണ്ടു കല്യാണം ഇപ്പോള്‍ തന്നെ നടത്തണം.ജനം തീരുമാനിച്ചു.

എന്തു നല്ല ജനത! അയല്‍ക്കാരനെ സഹായിക്കാന്‍ എന്തു താല്‍പ്പര്യം! സ്വന്തം മക്കളെ കെട്ടിച്ചുവിടാന്‍ ഇവര്‍ക്കിത്ര താല്‍പ്പര്യമുണ്ടാവില്ല.
നിമിഷങ്ങള്‍ക്കുള്ളില്‍ വായനശാലയ്ക്കു മുന്നില്‍ കുരുത്തോലപ്പന്തലുയര്‍ന്നു.ആരൊക്കെയോ തുളസിമാലയുണ്ടാക്കി. പന്തലിനുള്ളിലിട്ട ബഞ്ചില്‍ വരനും വധുവും ഇരുന്നു.
അമ്മിണിയുടെ അമ്മയുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ അടര്‍ന്നു വീണു.
സ്വന്തം മകള്‍ സുമംഗലിയാവുന്നു. തന്നെ കൊണ്ട് ഒരിക്കലും നടക്കുമെന്ന് വിചാരിക്കാത്ത ഒരു കാര്യം.
പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളുള്ള നിര്‍ധനയായ എതൊരമ്മയുടെയും നെഞ്ചിലെ ഭാരം. എല്ലാം ഇതോടെ തീരുന്നു.

കണാരന്‍ മൂപ്പന്‍ തുളസിമാലയെടുത്ത് കൊടുത്തു. നിലവിളക്കിനെ സാക്ഷി നിര്‍ത്തി, ഒരു ഗ്രാമത്തെ മൊത്തം സാക്ഷി നിര്‍ത്തി അമ്മിണിയും കൃഷ്ണന്‍കുട്ടി നായരും പരസ്പരം മാല ചാര്‍ത്തി.
'' എന്താ അമ്മേ കല്യാണത്തിനു താലിമാലയില്ലേ?''അപ്പുക്കുട്ടന്‍ അമ്മയുടെ കാതില്‍ ചോദിച്ചു.
'' ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ''. അല്ലെങ്കിലും ഈ അമ്മയിങ്ങനെയാണ്. ഒന്നിനും മറുപടി തരില്ല.
താലിമാലയില്ല. സദ്യയില്ല. നാദസ്വരമില്ല. ഇങ്ങനെയും ഒരു കല്യാണമോ? ഒരു നൂറു കൂട്ടം സംശയങ്ങള്‍ അപ്പുക്കുട്ടന്റെ ‍തലയിലൂടെ മിന്നിമറഞ്ഞു. പക്ഷേ ആരോടു ചോദിക്കാന്‍. എല്ലാവരും ഭയങ്കര ഗൗരവത്തിലാണ്. കല്യാണത്തിനു ഇത്രയും ഗൗരവം അപ്പുക്കുട്ടന്‍ ആദ്യമായിട്ടാണു കാണുന്നത്.
കല്യാണത്തിനു ശേഷം നാട്ടുപ്രമാണികള്‍ ഒരോരുത്തരായി വധൂവരന്മാര്‍ക്കു ആശംസകള്‍ അര്‍പ്പിച്ചു.
നന്ദി പറയാനായി ഇതാ കൃഷ്ണന്‍കുട്ടി നായര്‍ എണീക്കുന്നു.
ഇതുവരെ വായതുറക്കാതിരുന്ന നായരെന്തായിരിക്കും പറയുന്നത്. എല്ലാവരും കാത് കൂര്‍പ്പിച്ചിരുന്നു.
മാ...ന്യ..മഹാ....ജന..ങ്ങളേ.........
കൃഷ്ണന്‍കുട്ടി നായരുടെ നാവ് വഴങ്ങുന്നില്ല.
''ഇപ്പോഴും കുടിച്ചിട്ടുണ്ടെന്നാ തോന്നുന്നെ''. പെണ്ണുങ്ങളാരോ പുറകില്‍ നിന്നും പറയുന്നു.
''പ്രീയപ്പെട്ട നാട്ടുകാരേ, നിങ്ങളെയെല്ലാം സാക്ഷി നിര്‍ത്തി ഞാന്‍ ഈ നില്‍ക്കുന്ന മിസ്റ്റര്‍ അമ്മിണിയെ കല്യാണം കഴിച്ചു. എല്ലാവര്‍ക്കും നന്ദി.'' കൃഷ്ണന്‍കുട്ടി നായര്‍ കുഴഞ്ഞു ബെഞ്ചിലോട്ടിരുന്നു.
''അല്ലെങ്കിലും നല്ല കുടുംബത്തില്‍ വളര്‍ന്നതിന്റെ ഗുണം നായര്‍ക്കുണ്ട്. '' തൊണ്ടു തല്ലുന്നതിനിടെ മീനാക്ഷിയമ്മായി പറയുകയാണ്. '' ഇംഗ്ലീസിലല്ലേ അവന്‍ അമ്മിണിയെ വിളിച്ചത്.''
'മിസ്റ്റര്‍ അമ്മിണിയെന്ന്. '

Read more...

ഫൗണ്ടന്‍പേന

Friday, December 8, 2006

അക്ഷരങ്ങള്‍ കൂട്ടി വായിക്കുവാന്‍ പഠിച്ചതിനു ശേഷം വായന എനിക്ക് എറ്റവും രസകരമായ സംഗതിയായി.
എന്തു കിട്ടിയാലും വായിക്കും. വായിച്ചതിനെക്കുറിച്ചാലോചിച്ചങ്ങനെയിരിക്കും.
അക്ഷരങ്ങളെ പോലെ തന്നെ എനിക്കിഷ്ടമാണ് പേനയും.
ഫൗണ്ടന്‍പേന. ദീപുവിന്റെ കൈയ്യിലുണ്ടൊരെണ്ണം. എന്തു രസമാണത് കാണുവാന്‍.
പിരി തുറന്നു അതിന്റെകത്ത് മഷി ഒഴിക്കണം. കറുത്തതോ, നീലയോ ഏതാണു വേണ്ടത് അത്.
പക്ഷേ എനിക്കത് കാണുവാനുള്ള ഭാഗ്യം മാത്രമേയുള്ളു.
ദുഷ്ടനാണ് അവന്‍. ഒന്നു തൊടുവാന്‍ പോലും സമ്മതിക്കില്ല.
ഞാനവന്റെ സഹപാഠിയാണന്നു കണക്കു കൂട്ടണ്ട അവന്റെ അകന്ന ബന്ധത്തില്‍പെട്ട ഒരാളാണെന്ന പരിഗണനയെങ്കിലും തരണ്ടെ.
ഞാനും ഒരിക്കല്‍ കാണിച്ചു തരാം. എനിക്കും കിട്ടും എന്നെങ്കിലും ഒരു ഫൗണ്ടന്‍ പേന.
എങ്ങനെ സ്വന്തമായി ഫൗണ്ടന്‍ പേന ഉണ്ടാക്കാമെന്നതായി പിന്നീടുള്ള ചിന്ത മുഴുവനും.
വീട്ടില്‍ അച്ഛനോടോ അമ്മയൊടോ പറയാമെന്നു വിചാരിച്ചു. പക്ഷേ പറഞ്ഞില്ല. എല്ലാം അറിഞ്ഞു കൊണ്ട് ഞാനെങ്ങനെയാണ് പേന ആവശ്യപ്പെടുന്നത്.തല്‍ക്കാലം ഈ പെന്‍സില്‍ കൊണ്ട് അടങ്ങുന്നതാണ് നല്ലത്.
അങ്ങനെ ആ അദ്ധ്യാനവര്‍ഷം അവസാനിച്ചു.
വേനലവധി എത്തി.
വേനലവധി ഏറ്റവും സന്തോഷം തരുന്ന കാര്യമാണ്.
രണ്ടു മാസം സ്ക്കൂളില്‍ പോകേണ്ട എന്നത് മാത്രമല്ല, ആ സമയത്താണ് ഞങ്ങള്‍ അമ്മയുടെ നാട്ടിലേയ്ക്ക് പോകുന്നത്.
അങ്ങു ദൂരെ കുട്ടനാട്ടിലെ ഒരുള്‍നാടന്‍ പ്രദേശം, എന്തു ഭംഗിയായിരുന്നു അവിടം കാണാന്‍. കുളിര്‍കാറ്റുമേറ്റു കൊണ്ട് പമ്പയുടെ തീരത്തു കൂടെ അങ്ങനെ നടക്കണം വളരെ ദൂരെ. ഒരു വശത്ത് നീണ്ടു നിവര്‍ന്ന് കിടക്കുന്ന പാടശേഖരം. മറുവശം പമ്പാനദി.
പലപ്പോഴും ഞങ്ങള്‍ നടന്നാണ് കടവില്‍ നിന്ന് വീടു വരെയെത്തിയിരുന്നത്. ചിലപ്പോഴൊക്കെ തെക്കത്തച്ഛന്‍ വള്ളവുമായി വരും.
വള്ളത്തില്‍ പമ്പയുടെ വിരിമാറിലൂടെയുള്ള ആ യാത്ര ഇന്നു സ്വപ്നത്തിലെന്നൊണം തോന്നുന്നു.
വള്ളത്തിലെ യാത്ര ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും പേടിപ്പെടുത്തുന്ന ഒരു സംഗതിയുണ്ടായിരുന്നു.
യാത്രബോട്ടിന്റെ വരവ്.
ഹമ്മോ! അവന്റെ ഒരു പോക്ക്.
വെള്ളത്തെ മുഴുവന്‍ കീറിമുറിച്ചുള്ള ആ പോക്കിനിടയില്‍ അവന്‍ പാവം വള്ളക്കാരെ ശ്രദ്ധിക്കാറേയില്ല. ബോട്ടിനെയും അതിലെ യാത്രക്കാരെയും എന്നും ദേഷ്യത്തോടെ മാത്രമേ ഞങ്ങള്‍ നോക്കിക്കണ്ടിട്ടുള്ളൂ. ഓളത്തില്‍ വള്ളം ഉയര്‍ന്നു താഴുമ്പോള്‍ സകലമാന ദൈവങ്ങളേയും വിളിച്ച് ഞങ്ങള്‍ കണ്ണടച്ചിരിക്കും.
പക്ഷേ തെക്കത്തച്ഛന് ബോട്ടിനേയും യാത്രക്കാരെയും ഒരു പേടിയുമില്ല. അമ്മയ്ക്കും പേടിയില്ല.
അമ്മയപ്പോള്‍ പഴയകാലങ്ങളെക്കുറിച്ച് പറയുവാന്‍ തുടങ്ങും.
പണ്ട് എന്നു വെച്ചാല്‍ അമ്മ കരപ്രദേശത്തേയ്ക്ക് മാറുന്നതിനു മുന്‍പു, അതായത് കല്ല്യാണത്തിനു മുന്‍പുള്ള കഥകള്‍. അമ്മയുടെ കുട്ടിക്കാലത്തെ കഥകള്‍.
വീട്ടിലെ മൂത്തപുത്രിയായതു കൊണ്ടു തന്നെ അമ്മയ്ക്ക് വിദ്യാഭ്യാസം തുടരുവാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. ഇളയത്തുങ്ങളെ നോക്കുകയെന്നതായിരുന്നു അമ്മയുടെ അക്കാലത്തെ ജോലി. അവരെ സ്ക്കൂളില്‍ കൊണ്ടു വിടുക തിരികെ കൊണ്ടു വരിക, ഭക്ഷണം പാചകം ചെയ്യുക തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ആ ചെറുപ്രായത്തില്‍ അമ്മ നോക്കി നടത്തേണ്ടതായി വന്നു.

“ഇതെന്തൊരു ഓളം” ബോട്ടു പോകുമ്പോഴുണ്ടാകുന്ന വള്ളത്തിന്റെ ഉയര്‍ച്ച താഴ്ച കണ്ട് അമ്മ പറയും. “പണ്ട് മഴക്കാലത്ത്,അന്ന് മണിയന്‍ സ്ക്കൂളില്‍ പഠിക്കയാണ്. (മണിയന്‍ അമ്മയുടെ നേരെ ഇളയ ആങ്ങള, എന്റെ വലിയമ്മാവന്‍) അവനെ സ്ക്കൂളില്‍ കൊണ്ടു ചെന്നാക്കുക എന്റെ ജോലിയാണ്” അമ്മ തുടരുന്നു.
“പാടവും നദിയുമെല്ലാം ഒന്നായി കിടക്കുന്ന സമയം.പെരുമഴയത്ത് അവനെ വള്ളത്തില്‍ സ്കൂളില്‍ കൊണ്ടുചെന്നാക്കണം നല്ല കാറും കോളുമുണ്ടാവും.”
അമ്മ ഞങ്ങളുടെ നേരെ തിരിഞ്ഞു.
“നീയൊക്കെ ഭാഗ്യവാന്മാര്‍!
അന്നു കുടയൊന്നുമുണ്ടായിരുന്നില്ല.മാറാമ്പിന്റെ ഇല വെട്ടി തലയില്‍ വെച്ചാണ് ഞങ്ങള്‍ സ്കൂളില്‍ പോയിരുന്നത്.പഠിക്കുന്നതിനേക്കാള്‍ പ്രധാനം സ്കൂളില്‍ നിന്നും കിട്ടുന്ന ആഹാരമായിരുന്നു.നിങ്ങളിന്നെന്തെങ്കിലും അറിയുന്നുണ്ടോ?ഒരു ദിവസം പോലും പട്ടിണി കിടക്കാതെ കഴിയാന്‍ പറ്റുന്നുണ്ടല്ലോ.”
ശരിയാണ്.ആഹാരം കിട്ടുകയെന്നുള്ളതു തന്നെ മഹാഭാഗ്യം.
അപ്പോള്‍ എന്റെ ഫൗണ്ടന്‍ പേനയോ? അതൊന്നുമല്ല. ഞാനാശ്വസിച്ചു.

സേതുവിന്റെ ശ്രദ്ധ ഇതിലൊന്നുമായിരുന്നില്ല. അവള്‍ കഴിയാവുന്നത്രയും ആമ്പല്‍ പൂക്കള്‍ പറിക്കുവാനുള്ള ശ്രമത്തിലായിരിക്കും.അവസാനം നീണ്ട ഒരു യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ വീടെത്തും.

ആറ്റിറമ്പിലൂടെ നടന്നു പോകുന്നത് ഞങ്ങള്‍ക്കിഷ്ടമായിരുന്നെങ്കിലും ഏറ്റവും പേടിപ്പെടുത്തുന്നത് ഇടക്കിടക്കുള്ള പാലങ്ങളായിരുന്നു.
ഒറ്റത്തടിപ്പാലങ്ങള്‍!
പലതിനും കൈ പിടിക്കുവാനുള്ള കയറു പോലുമുണ്ടായിരുന്നില്ല.
പക്ഷേ അമ്മയ്ക്ക് അതൊന്നും പ്രശ്നമായിരുന്നില്ല. ഞാനിതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തിലാണു അമ്മ പാലം കയറുന്നത്.
അച്ഛന്‍... ഒരു പാവം കരപ്പുറത്തുകാരന്‍.
അമ്മ അക്കരയെത്തി ഒന്നു വിശ്രമിച്ചു കഴിഞ്ഞായിരിക്കും അക്കരെ എത്താറുള്ളത്.

അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്.
പണ്ട്, ഞാന്‍ കുട്ടി ആയിരുന്ന സമയത്ത്,
എന്നുവച്ചാല്‍ എന്നെ എടുത്തുകൊണ്ടു നടക്കുന്ന പ്രായത്തില്‍ അച്ഛനും അമ്മയും കൂടി ഒരു മഴക്കാലത്ത് അമ്മയുടെ വീട്ടിലേക്ക് പോയി.വഴിയില്‍ പാടത്തിന്റെ മട പൊട്ടിക്കിടക്കുന്നു.വെള്ളം ആറ്റില്‍ നിന്നും പാടത്തേയ്ക്ക് ഒഴുകുന്നുണ്ട്.ശക്തമായ ഒഴുക്കൊന്നുമില്ല.വലിയ ആഴവും തോന്നുന്നില്ല. അക്കരെയെത്താനായി ഒരു അടയ്ക്കാ മരം ഇട്ടിട്ടുണ്ട്.അവിടം നീന്തിക്കടക്കുന്നതാണ് പാലത്തില്‍ കയറുന്നതിനേക്കാള്‍ നല്ലതെന്ന് അച്ഛനു തോന്നി.അമ്മയുടെ താക്കീത് വകവെയ്ക്കാതെ അച്ഛനെന്നെയുമെടുത്ത് നീന്താനാരംഭിച്ചു.
പക്ഷേ വെള്ളത്തിലേക്കിറങ്ങിയപ്പോഴാണു അച്ഛന് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.വിചാരിച്ചതിനേക്കാള്‍ ശക്തിയായ ഒഴുക്കുണ്ട്.കാലു ചെളിയിലോട്ട് ഊര്‍ന്ന് പോകുന്നു.കൈയ്യില്‍ കുഞ്ഞായ ഞാന്‍...

എന്നെ കഴിയാവുന്നത്ര ഉയര്‍ത്തി കഴുത്തൊപ്പം വെള്ളത്തില്‍ നനഞ്ഞ് അച്ഛനെങ്ങനെയോ അക്കരയെത്തി.ഒരു കുട്ടനാട്ടുകാരിയുടെ വാക്കിനെ അവഗണിച്ചതിനുള്ള ഫലം.
അതില്‍പ്പിന്നെ അച്ഛന്‍ വെള്ളത്തിലിറങ്ങാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല.

അവധിക്കാലം കഴിയുന്നതറിയുകേയില്ല. വള്ളവും തോടും നദിയും പാടവുമെല്ലാം ഞങ്ങളെ വളരെ ആകര്‍ഷിച്ചിരുന്നു. പക്ഷെ ഇത്തവണ എന്നെ ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല.
നല്ലൊരു ചുവന്ന ഫൗണ്ടന്‍ പേന!
ദീപുവിന്റേതിനേലും ഭംഗിയുള്ള ഒരു ഫൗണ്ടന്‍ പേന!
തെക്കുവീട്ടിലെത്തിയന്ന് മുതല്‍ എന്നെ ആകര്‍ഷിച്ചതും എന്റെ ഉറക്കം കെടുത്തിയതും ആ പേനയായിരുന്നു.
ആ സുന്ദരന്‍ പേനയും കൈയ്യില്‍ പിടിച്ച് സ്ക്കൂളില്‍ കുട്ടികളുടെ മുന്നില്‍ ഞാന്‍ നടക്കുന്നത് എന്റെ സ്ഥിരം സ്വപ്നമായി തീര്‍ന്നു. പക്ഷേ അതെനിക്കെങ്ങനെ സ്വന്തമാക്കാന്‍ കഴിയും.
ഉണ്ണിമാമന്റേതാണ്. മാമന് ആകെയുള്ള പേനയാണ്.

മാമന്‍ എന്നെ പോലെ ചെറിയ ക്ലാസ്സിലെ കുട്ടിയൊന്നുമല്ല. പട്ടണത്തിലെ കൊളേജിലാണു പഠിക്കുന്നത്. വലിയ ക്ലാസ്സില്‍. അപ്പോള്‍ ഫൗണ്ടന്‍ പേന ആവശ്യമാണ്.
ഞാന്‍ ചെറിയ കുട്ടി. എനിക്കു പെന്‍സിലായാലും മതി. പലപ്പോഴും സ്വയം ആശ്വാസം കൊള്ളുവാന്‍ ശ്രമിച്ചു.
പക്ഷേ എന്റെ ഇളം മനസ്സ് ആ പേന എന്റേതാണെന്നു മന്ത്രിച്ചു കൊണ്ടിരുന്നു...

അങ്ങനെ ആ അവധിക്കാലവും അവസാനിച്ചു. ഞങ്ങള്‍ ഞങ്ങളുടെ നാട്ടിലേക്കു തിരിച്ചു. തെക്കത്തച്ഛന്‍ പഴയതു പോലെ തന്നെ വള്ളത്തില്‍ അരിയും പഴക്കുലയും പച്ചക്കറികളുമെല്ലാം കടവു വരെ എത്തിച്ചു തന്നു.കൂട്ടത്തില്‍ ആരുമറിയാതെ ഞാന്‍ എന്റെ സ്വപ്നത്തെ നിക്കറിന്റെ കീശയില്‍ ഒളിപ്പിച്ചിരുന്നു.

അപ്പുക്കുട്ടാ...
എന്ന നീട്ടിയുള്ള വിളി കേട്ടു കൊണ്ടാണ് പിറ്റേന്നു ഞാന്‍ ഉണര്‍ന്നത്.
എന്റെ ഹ്യദയം പടപടാന്നു ഇടിക്കുന്നു.
അതങ്ങ് ലോകത്തിന്റെ മറുതലയ്ക്ക് കേള്‍ക്കുവാന്‍ സാധിക്കുമായിരുന്നിരിക്കും.
തെക്കത്തച്ഛന്റെ ശബ്ദമാണ്.
അച്ഛനെന്തിനാണ് രാവിലെ ഓടിയെത്തിയിരിക്കുന്നത്? ഞാന്‍ പിടിക്കപ്പെടുമോ?
ആരും കണ്ടിട്ടില്ല എന്നത് ഉറപ്പാണ്. പക്ഷേ...
തെക്കത്തച്ഛന്റെ ശബ്ദം വീണ്ടും കേട്ടു.
“ഉണ്ണിയുടെ പേന കാണാനില്ല. അവനു കോളേജില്‍ കൊണ്ട് പോകേണ്ടതാണ്. അപ്പുക്കുട്ടന്‍ എടുത്തോയെന്നറിയണം. അതു കൊണ്ടാ ഞാന്‍ ആദ്യ ബസ്സിനു തന്നെയിങ്ങു പോന്നത്.”

ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ.

ഞാന്‍ പിടിക്കപ്പെട്ടു. ആരറിയുന്നു എന്റെ മനസ്സിന്റെ വേദന. ഞാന്‍ കള്ളനല്ലേ.
ഒരു പക്ഷേ അവര്‍ക്കറിയാമായിരിക്കാം...
വേറെ മാര്‍ഗ്ഗമില്ലാത്തതു കൊണ്ടല്ലേ തെക്കത്തച്ഛന്‍ ഇത്രയും ദൂരം താണ്ടി ഇവിടം വരെ വന്നത്. പൊന്തി വന്ന വിമ്മലിനിടയില്ലും ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

ദീപൂ... നീ തന്നെ ജയിച്ചു.

Read more...

എന്റെ നേതാവ്

നാളെ പരീക്ഷയാണ്.
ഇന്നെങ്കിലും എന്തെങ്കിലും പഠിക്കണം.
സത്യത്തില്‍ പഠിക്കുന്നെന്ന് കാണിക്കണം അമ്മയെ.
അവള്‍. ബിന്ദു.
ആ കുശുമ്പിയാണല്ലോ ഇങ്ങനെയൊരവസ്ഥ അപ്പുക്കുട്ടനുണ്ടാക്കിയത്.
അവള്‍ വന്നു അമ്മയോട് പറയുകയാണ്.
''അമ്മേ, അപ്പുക്കുട്ടനെ നോക്ക് പരീക്ഷയായിട്ടും ഒന്നും പഠിക്കാതെ, പന്തുകളിച്ചും മാവിലും കയറി നടക്കുകയാണ്. ഞാനാണങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിക്കുന്നുണ്ട്.
അവള്‍ നല്ല കുട്ടി.

രാവിലെ മുതല്‍ വൈകുവോളം പഠിക്കുന്നുണ്ടത്രേ. എന്നിട്ടാണവള്‍ക്ക് കണക്കു പരീക്ഷയ്ക്ക് മൊട്ട കിട്ടിയത്.
ഇപ്പോളവളുടെ പേരു മൊട്ട ബിന്ദുവെന്നാണ്. എന്നിട്ടും അമ്മയോട് വന്നു പറഞ്ഞിക്കുന്നതു കണ്ടില്ലേ.
കുശുമ്പി.
അമ്മ അപ്പുക്കുട്ടന് അന്ത്യശാസനം നല്‍കി.
''നീ എന്നു സ്ക്കൂളില്‍ പോകാന്‍ തുടങ്ങി അന്നു തുടങ്ങിയതാ എന്റെ തലവേദന. ഇനിയെങ്കിലും നിനക്കെന്തെങ്കിലും പഠിച്ചുകൂടേ. നീ ബിന്ദുവിനെ നോക്കൂ അവള്‍ പുസ്തകം വായിക്കുന്നത് ഇവിടെ എനിക്കു കേള്‍ക്കാം. ''

''അവള്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതാ അമ്മേ. കണക്കു പരീക്ഷയ്ക്ക് അവള്‍ക്ക് മൊട്ടയാ. മൊട്ട '' അപ്പുക്കുട്ടന്‍ കൈ കൊണ്ട് മൊട്ട ഉരുട്ടി കാണിച്ചു.

''പിന്നേ നീ നല്ലൊരു കുഞ്ഞ്. നിനക്കും മൊട്ട കിട്ടിയതല്ലേ, നീ ഭയങ്കര ബുദ്ധിമാനാണന്ന് എനിക്കറിയാം. മറിയാമ്മ ടീച്ചര്‍ എല്ലാം എന്നോടു പറഞ്ഞു. നിന്റെ മൊട്ടയുടെ ഇടതുവശത്ത് രണ്ട് എഴുതി ഇരുപത് ആക്കി നീ എന്നെ കാണിച്ചില്ലേ.
ഭയങ്കര ബുദ്ധിയാ നിന്റെ.
കുരുട്ടു ബുദ്ധി.
പഠിക്കാന്‍ വേണ്ടി കുറച്ചു ബുദ്ധിയുപയോഗിക്കൂ ഗുണമുണ്ടാവും ''.

അമ്മ വഴക്കു പറയുവാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കുട്ടന്‍ പുസ്തകമെടുത്തു പഠിക്കുവാന്‍ ആരംഭിച്ചു.
ഉച്ചത്തില്‍ വായിച്ചു കൊണ്ട്.
കേള്‍ക്കട്ടെ എല്ലാവരും കേള്‍ക്കട്ടെ.
ബിന്ദു............ കുശുമ്പി.........നീ കേള്‍ക്കടീ.
മറിയാമ്മ ടീച്ചറേ.........ഒറ്റുകാരി..........കേള്‍ക്കൂ.
അമ്മ സമാധാനിക്കട്ടെ..
പക്ഷേ ശ്രദ്ധ കിട്ടുന്നില്ല വായിക്കാന്‍.
എങ്ങനെ കിട്ടാനാ....
നേതാവിന്റെ പ്രസംഗം തകര്‍ക്കുകയല്ലേ.
വീട്ടിലെ തെങ്ങിലാണ് ഉച്ചഭാഷിണി വെച്ചിരിക്കുന്നത്. നാളെ പരീക്ഷയാണെന്നു അമ്മയ്ക്കറിയാവുന്നതല്ലേ. പിന്നെയെന്തിനാ അമ്മയിതൊക്കെ അനുവദിച്ചത്. അമ്മ അനുവദിച്ചില്ലേലും നേതാവ് പ്രസംഗിക്കും. ഉച്ചഭാഷിണി വെറെയാരുടെയെങ്കിലും തെങ്ങില്‍ കെട്ടിവെയ്ക്കുമെന്നേയുള്ളു.
നേതാവ് ഓരോരൊ ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്.അങ്ങ് ചെക്കൊസ്ലോവാക്കിയയിലും,ഉഗാണ്ടയിലും എന്തുണ്ടായി എന്നു ആക്രോശിക്കുന്നു.
പൊതുജനം കഴുതകള്‍!
അവര്‍ക്കതിനൊന്നും ഉത്തരമറിയില്ല.
അപ്പുക്കുട്ടനും അറിയില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിക്കാനറിയുന്നതുകൊണ്ടായിരിക്കാം നേതാവ് ഇന്നത്തെ നിലയിലെത്തിയത്.
ഈ നേതാവിന് ഇതിന്റെയൊക്കെ ഉത്തരമറിയാമോ? അപ്പുക്കുട്ടന്‍ ആലോചിച്ചു.
നേതാവിന്റെ പഠിത്തത്തിന്റെ കഥയൊക്കെ അപ്പുക്കുട്ടനറിയാം.
പണ്ട് നേതാവ് ഇന്നത്തെപ്പോലെ വലിയ ആളല്ല.ഒരു കുട്ടി നേതാവ്.അങ്ങ് ദൂരയുള്ള ഗവണ്മെന്റ് ഹൈസ്കൂളിലെ നേതാവ്.പഠിത്തത്തേക്കാള്‍ നേതാവിന് പ്രധാനം പഠിപ്പ് മുടക്കിലായിരുന്നു.സമരമുണ്ടാക്കാനും കല്ലെറിയാനും നേതാവ് എല്ലാവരുടെയും മുന്നിലുണ്ടാവും.അങ്ങനെ ഒരു സമരത്തില്‍ നേതാവ് ഹെഡ്മാസ്റ്ററെ മുറിക്കകത്തിട്ട് പൂട്ടിയിട്ടു.ടെലഫോണ്‍ വയര്‍ മുറിച്ചുകളയുകയും ചെയ്തു.പോലീസെത്തിയാണ് പാവം ഹെഡ്മാസ്റ്റ്റെ പുറത്തിറക്കിയത്.സമരം വന്‍ വിജയമായി.പക്ഷേ നേതാവ് അതോടെ സ്കൂളില്‍ നിന്നും പുറത്തായി.കുറേ നാളത്തേയ്ക്ക് നേതാവിന്റെ അച്ഛന്‍ നേതാവിനെ വീട്ടില്‍ നിന്നും പുറത്താക്കി.
നേതാവിന് സുഖം!
പഠിക്കാന്‍ പോകേണ്ട.
പിന്നീടുള്ള നേതാവിന്റെ ജീവിതം പാര്‍ട്ടി ഓഫീസ്സിലായി.ഊണും ഉറക്കവുമെല്ലാം അവിടെത്തന്നെയായി.അവിടെയുള്ള താമസം നേതാവിനെ നല്ലൊരു പ്രാസംഗികനാക്കി.ലോകത്തുള്ള എന്ത് വിഷയത്തെക്കുറിച്ചും പ്രസംഗിക്കാന്‍ ഇന്നു നേതാവിന് കഴിയും.പ്രസംഗിക്കുക എന്നു പറയുന്നതിനേക്കാള്‍ നല്ലത് ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവുണ്ടായി എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.നേതാവിന്റെ പ്രസംഗത്തില്‍ കൂടുതലും ചോദ്യങ്ങളായിരിക്കും.ഉത്തരമില്ലാത്ത ചോദ്യങ്ങള്‍! ഒരു പക്ഷേ നേതാവിന് നേതാവിന്റെ ഗുരു പഠിപ്പിച്ചു കൊടുത്തതായിരിക്കണം ഈ വിദ്യ!
പണ്ട് സുമതിച്ചേച്ചിയുമായി നേതാവുണ്ടാക്കിയ വഴക്കിന്റെ കഥയും അപ്പുക്കുട്ടനറിയാം.
മടയാംതോട്ടില്‍ ബണ്ട് കെട്ടിക്കഴിഞ്ഞാല്‍ പിന്നെ നാട്ടിലുള്ള ആളുകളെല്ലാം കുളിക്കുന്നതവിടെയാണ്.നേതാവും അവിടെയാണു കുളിക്കുന്നത്.ഒരു ദിവസം നേതാവ് കുളിക്കുന്നതിനായ് മടയാംതോട്ടിലേയ്ക്ക് പോവുകയാണ്.വഴിയരുകിലാണ് ആ മഹാവൃക്ഷം നില്‍ക്കുന്നത്.നിറയെ മാമ്പഴവുമായി നില്‍ക്കുന്ന കാച്ചില്‍ കുറുപ്പിന്റെ മാവ്!നേതാവിനെന്നല്ല ആര്‍ക്കും അതു കണ്ടില്ലന്ന് നടിച്ച് പോകാനാവില്ല. അടുത്തുള്ള വേലിയില്‍ നിന്നും ഒരു പത്തലൊടിച്ച് നേതാവ് മാങ്ങ എറിഞ്ഞിട്ടു.
എന്തൊരു ധിക്കാരം!
എന്തൊരു ധൈര്യം!
കാച്ചില്‍ കുറുപ്പിന്റെ മാവില്‍ നിന്നും മാങ്ങ എറിഞ്ഞിടുവാന്‍ മാത്രം ഇവന്‍ വളര്‍ന്നുവോ? അതും പട്ടാപ്പകല്‍ എല്ലാവരുടെയും മുന്നില്‍ വെച്ച്.വിവരം കുറുപ്പ് ചേട്ടന്റെ വീട്ടിലറിഞ്ഞു.
കുറുപ്പു ചേട്ടനും കുടുംബവും പണ്ടെങ്ങോ തെക്കന്‍നാട്ടില്‍ നിന്നും അപ്പുക്കുട്ടന്റെ നാട്ടിലേയ്ക്ക് താമസത്തിനായി എത്തിയതാണ്.അജാനബാഹുവാണ് കുറുപ്പുചേട്ടന്‍.വയസ്സ് ഇപ്പോള്‍ എഴുപത് എഴുപത്തഞ്ചോളം വരും.എങ്കിലും കഠിനാദ്ധ്വാനത്തിനു ഒരു കുറവുമില്ല.തെങ്ങിന് തടമെടുക്കുവാന്‍ മക്കളേയോ മറ്റു വേലക്കാരെയോ കുറുപ്പു ചേട്ടന്‍ കൂട്ടാറില്ല.കുറുപ്പു ചേട്ടനും ഭാനുവമ്മയ്ക്കും മക്കള്‍ പന്ത്രണ്ടാണ്.എട്ടാണും,നാലു പെണ്ണും.അംഗസംഖ്യ കൂടുതലായതുകൊണ്ടു തന്നെ അവര്‍ക്ക് ഒരുകാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട കാര്യവുമില്ലായിരുന്നു.മൂത്ത മകന്‍ അങ്ങു വടക്കെ ഇന്‍ഡ്യയിലെവിടെയോ ആണ്.പട്ടാളത്തില്‍.പട്ടാളക്കാരന്റെ പണമാണ് ആ കുടുംബത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണമായിട്ടുള്ളത്.കുറുപ്പു ചേട്ടന്‍ പട്ടാളക്കാരന്റെ പണമെല്ലാം നേരായ രീതിയില്‍ വിനിയോഗിച്ചു.നാട്ടില്‍ കുറെ അധികം സ്ഥലം വാങ്ങി.മറ്റു മക്കളെയെല്ലാം പഠിപ്പിച്ചു. പെണ്മക്കളെയെല്ലാം നല്ല നിലയില്‍ കെട്ടിച്ചു വിട്ടു.
കാച്ചില്‍ കുറുപ്പെന്നു പറഞ്ഞാലെ നാട്ടില്‍ കുറുപ്പ് ചേട്ടനെ അറിയുകയുള്ളു.പണ്ട് പട്ടിണിക്കാലത്ത് ജോലി കഴിഞ്ഞുവരുമ്പോള്‍ കുറുപ്പു ചേട്ടന്‍ കൊണ്ടുവരുന്ന ഒരു സധനമുണ്ടായിരുന്നു.
കാച്ചില്‍!
അതെ കാച്ചിലായിരുന്നു അന്നു ആ കുടുംബത്തിന്റെ പ്രധാന ആഹാരം.
കാച്ചിലില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ ഒരു കുടുംബത്തെ പോറ്റുകയെന്നുള്ളത് കുറുപ്പ് ചേട്ടനെപ്പോലുള്ള ഒരു സാധാരണക്കാരനെക്കൊണ്ട് നടക്കുന്ന കാര്യവുമായിരുന്നില്ല. ആ കുടുംബത്തിനെതിരെ എന്ത് കാര്യമായിരുന്നാല്‍ പോലും ഒന്നു വിരലനക്കാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല.എന്തുകൊണ്ടെന്നാല്‍ കുറുപ്പ് ചേട്ടനും ആണ്‍മക്കളും എന്തിനും പോന്നവരായിരുന്നു.പെണ്‍മക്കളും തീരെ മോശമല്ലായിരുന്നു.
അങ്ങനെയുള്ള കുറുപ്പ് ചേട്ടന്റെ മാവില്‍ നിന്നാണ് ഒരുത്തനിപ്പോള്‍ മാങ്ങ എറിഞ്ഞിട്ടിരിക്കുന്നത്.
അതാ വരുന്നു..........
സുമതിച്ചേച്ചി.
കാച്ചില്‍ കുറുപ്പിന്റെ മൂത്ത മകള്‍.
കൈയില്‍ ഒരു ഇരുമ്പ് വടിയുമുണ്ട്.
തൊണ്ട് തല്ലിക്കൊണ്ടിരുന്നപ്പോഴാണ് വിവരമറിഞ്ഞത്.നേരെ പോന്നു.മീശ മുളയ്ക്കാത്ത ഒരു പീറ പയ്യനെ നേരിടാന്‍ എന്തിനാണ് വീട്ടിലെ ആണുങ്ങള്‍!
ഉടുത്തിരുന്ന മുണ്ടും മടക്കിക്കുത്തി ഇരുമ്പ് വടിയുമായുള്ള ആ വരവ് കണ്ടാല്‍ സാധാരണക്കാരൊന്നും നില്‍ക്കത്തില്ല.
പക്ഷേ നേതാവിനോടു നടക്കുമോ വിരട്ടല്‍!
കേവലം മാങ്ങ എറിഞ്ഞു എന്ന കുറ്റത്തിന് ഓടാനോ ക്ഷമാപണം നടത്താനോ നേതാവ് തയ്യാറല്ലായിരുന്നു.
ഇരുമ്പ് വടിക്ക് പകരമായി ഒരു വേലിപ്പത്തല്‍ ചുവടോടെ നേതാവ് പറിച്ചെടുത്തു.പിന്നെ അവിടെ നടന്നത് ഒരു കസര്‍ത്ത് തന്നെയായിരുന്നു.ആരൊക്കെയോ കൂടി നേതാവിനെ പറഞ്ഞു വിട്ടു.' ഞാന്‍ വീണ്ടും വരും' എന്ന മുന്നറിയിപ്പോടുക്കൂടിയാണ് നേതാവ് പോയത്.
''വീണ്ടും നീ വന്നാല്‍ നിന്റെ കൈ ഞാന്‍ വെട്ടിയെടുക്കുമെടാ കഴുവേറീട മോനേ'' സുമതിച്ചേച്ചി.
കുറുപ്പും മറ്റു മക്കളുമെത്താന്‍ പിന്നെയും സമയമെടുത്തു.ഭാഗ്യം! അല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കാമായിരുന്നു.
ഈ സംഭവത്തിനു ശേഷം നേതാവ് വളരുകയായിരുന്നു.
തീപ്പൊരി പ്രസംഗങ്ങളിലൂടെ.
വലിയ ആളാവണമെങ്കില്‍ പഠിക്കണമെന്നൊന്നുമില്ല. അപ്പുക്കുട്ടന്‍ വിചാരിച്ചു.
''അമ്മേ,എന്തൊരു ഒച്ച. എനിക്ക് പഠിക്കാന്‍ പറ്റണില്ല.'' അപ്പുക്കുട്ടന്‍ വിളിച്ചു പറഞ്ഞു.
''ദേ, ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ;മര്യാദയ്ക്കിരുന്ന് പഠിക്കാന്‍ നോക്ക്''
''പള്ളിക്കൂടത്തില്‍ പോയിട്ടുള്ളവരോട് പറഞ്ഞാലല്ലേ ഇതൊക്കെ മനസ്സിലാക്കാന്‍ പറ്റുള്ളു.അമ്മ പള്ളിക്കൂടത്തില്‍ പോയിട്ടില്ലല്ലോ.'' അപ്പുക്കുട്ടന്‍ പിറുപിറുത്തു.
എത്ര പഠിച്ചിട്ടാ നേതാവിന് നൂറുകണക്കിന് അനുയായികളുണ്ടായത്?
എത്ര പഠിച്ചിട്ടാ നേതാവിനെ ഒരു പ്രസ്ഥാനം അതിന്റെ അനിഷേധ്യ നേതാവാകിയത്?
എത്ര പഠിച്ചിട്ടാ നേതാവ് പഞ്ചായത്ത് പ്രസിഡന്റ് ആയത്?
അപ്പുക്കുട്ടന് ഒന്നും മനസ്സിലാവുന്നില്ല.
ഒന്ന്................രണ്ട്.........മൂന്ന്...........
വടക്കെപറമ്പില്‍ ബിന്ദുവും കൂട്ടരും സാറ്റു കളിക്കുകയാണ്.
നീ കളിച്ചോടീ മൂധേവി,നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.അപ്പുക്കുട്ടന്‍ വായന തുടര്‍ന്നു.
നേതാവിന്റെ പ്രസംഗത്തെ തോല്‍പ്പിക്കുന്ന ശബ്ദത്തില്‍...

Read more...

കഞ്ചാവ് വേട്ട

അപ്പുക്കുട്ടാ... ഞാനൊരു രഹസ്യം കണ്ടുപിടിച്ചു. രാമുണ്ണിയാണ്.
എന്താണടാ നിന്റെ പുതിയ രഹസ്യം. ഞാന്‍ അധികം ശ്രദ്ധ കൊടുക്കാതെ എന്റെ ജോലി തുടര്‍ന്നു കൊണ്ടിരുന്നു.
നീയെന്റെ കൂടെ വാ ഞാന്‍ കാണിച്ചു തരാം. എന്തു കാണിക്കാനാണെടാ, ഞാനവനെ ഒഴിവാക്കാന്‍ ശ്രമിച്ചു.
നീ വാ........ അവന്‍ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു.അവസാനം ഞാന്‍ രാമുണ്ണിയുടെ കൂടെ പോകുവാന്‍ തീരുമാനിച്ചു. അവനെന്നെ കരിങ്കല്ലു പാലത്തിലേക്കാണു കൊണ്ട് പോയത്. കരിങ്കല്ലു പാലത്തിലൂടെയായിരുന്നു ഞങ്ങള്‍ മടയാംതോട് കടന്നു പോയിരുന്നത്. പണ്ടെങ്ങോ നിര്‍മ്മിച്ച പാലം.മൊത്തം കരിങ്കല്ലുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.അതുകൊണ്ടാണ് കരിങ്കല്ല് പാലം എന്നറിയപ്പെടുന്നത്.പാലത്തിന് പണ്ട് തേക്കിന്‍ പലകകള്‍ കൊണ്ടുള്ള ഷട്ടറുകളുണ്ടായിരുന്നു.മഴക്കാലമായാല്‍ തോട്ടിലെ ജലനിരപ്പുയരും.അപ്പോള്‍ ഷട്ടറുകള്‍ മാറ്റി വെള്ളം കിഴക്ക് കായലിലോട്ട് ഒഴുക്കിവിടും.
ഇതെല്ലാം പണ്ടത്തെ കഥകള്‍!
നമ്മുടെ ജനങ്ങള്‍ വളരെ ബുദ്ധിമാന്മാരാണല്ലോ?
വീടുവയ്ക്കാനും,വീട്ടുപകരണങ്ങള്‍ പണിയാനുമായി അവര്‍ പലകകള്‍ ഒന്നൊന്നായി മോഷ്ടിച്ചെടുത്തു.പലകകള്‍ തീര്‍ന്നപ്പോള്‍ പാലത്തിന്റെ കല്ലുകള്‍ കൂടി ഇളക്കി എടുക്കുവാന്‍ തുടങ്ങി.അസ്ഥികൂടം മാത്രമായ പാലം എപ്പോള്‍ വേണമെങ്കിലും നിലം പൊത്താമെന്ന അവസ്ഥയിലായി.ആരും അതു വഴി പോകാതായി. പാലത്തിന്റെ ഇരു കരയും കാടു പിടിച്ചു തുടങ്ങി.വെള്ളമില്ലാത്ത തോടിന് നോക്കുകുത്തിയെന്നോണം കരിങ്കല്ലു പാലം നിലകൊണ്ടു.
അവിടേയ്ക്കാണ് രാമുണ്ണി എന്നെ കൊണ്ടു പോകുന്നത്.
''പോകണോ'', ഞാന്‍ പിന്മാറാന്‍ ശ്രമിച്ചു.
''ഇന്നലെ നീ പറഞ്ഞ കാര്യങ്ങള്‍ ഇത്രവേഗം മറന്നോ?'' രാമുണ്ണി ചോദിച്ചു.
എന്തു കാര്യം?
ഷഡ്ഡിക്കാരെക്കുറിച്ച്............
അതും ഇതുമായി എന്തു ബന്ധം?
''നിനക്കെല്ലാം മനസ്സിലാവും, എന്റെ കൂടെ വാ...''രാമുണ്ണി നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
ഷഡ്ഡിക്കരെക്കുറിച്ചുള്ള വാര്‍ത്ത വന്നു തുടങ്ങിയിട്ട് കുറച്ചു നാളായി.
കറുത്ത ഷഡ്ഡിയിട്ട് മേലാസകലം എണ്ണയിട്ട് കരി തേച്ച കുറച്ചു പേര്‍!
രാത്രിയാണവരുടെ സഞ്ചാരം.
ഇരുട്ടത്തുനിന്നാല്‍ ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റില്ല.
അവര്‍ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുമത്രേ!
രാത്രി എന്തെങ്കിലും കാര്യത്തിനായി പുറത്തിറങ്ങുന്ന പെണ്ണുങ്ങളെ അവര്‍ ബോധം കെടുത്താനുള്ള മരുന്ന് മൂക്കില്‍ മണപ്പിച്ച് തട്ടിക്കൊണ്ടുപോകുമത്രേ!
പക്ഷേ കഥകള്‍ മാത്രമേ കേള്‍ക്കുന്നുള്ളു.ആരെ എപ്പോള്‍ കൊണ്ടുപോയെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല.
മാനഹാനി ഭയന്ന് ആരും പുറത്ത് പറയാത്തതാണന്നാണ് മാഞ്ചുവട്ടിലെ സ്ത്രീകളുടെ ഇടയിലെ സംസാരം.
''ഇന്നലെ പുത്തന്‍വീട്ടിലെ മോളി മീന്‍ വെള്ളം പുറത്തു കളയാനായി ഇറങ്ങിയപ്പോള്‍ ഒരു ഷഡ്ഡിക്കാരന്‍ അവളെ കയറി പിടിച്ചത്രേ!ബോധം കെടുത്താനുള്ള മരുന്ന് മണപ്പിക്കുന്നതിന് മുന്നെ അവള്‍ അലറിവിളിച്ചതു കൊണ്ട് രക്ഷപ്പെട്ടു.അവടെ കെട്ടിയോന്‍ ഷഡ്ഡിക്കാരന്റെ പിറകേ ഓടി നോക്കി.പക്ഷേ അവന്‍ മേലാസകലം എണ്ണ തേച്ചിരുന്നത് കൊണ്ട് പിടിത്തം കിട്ടിയില്ലത്രേ!''മീനാക്ഷി അമ്മായി ഷഡ്ഡിക്കാരന്റെ വിശേഷങ്ങള്‍ തകര്‍ത്തു പറയുകയാണ്.
''എന്റെ അമ്മായി പുളുവടിക്കാതെ.മോളി ഇന്നു രാവിലെയുമെന്നെ കണ്ടതാണ്.എന്നിട്ടും എന്നോടൊന്നും പറഞ്ഞില്ലല്ലോ?''വിലാസിനി ചിറ്റ.
''എടീ പെണ്ണേ, ഇതൊക്കെ ആരേലും പുറത്തുപറയുമോടീ അമ്മായി ശബ്ദം താഴ്ത്തി പറഞ്ഞു.നാറ്റക്കേസ്സല്ലേ''
വിലാസിനി ചിറ്റയോടുള്ള ദേഷ്യമായിരിക്കാം അമ്മായി തൊണ്ടിന്മേലുള്ള അടി കൂടുതല്‍ ശക്തിയോടെയാക്കി.
ഷഡ്ഡിക്കാരെക്കുറിച്ച് നാട്ടില്‍ പല പല കഥകള്‍ പ്രചരിച്ചിട്ടുണ്ട്.ചിലര്‍ പറയുന്നത് അവര്‍ നാട്ടില്‍ തന്നെയുള്ള ചില തലതെറിച്ച ചെറുപ്പക്കാരാണന്നാണ്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതുകൊണ്ടാണത്രെ അവര്‍ തല തെറിച്ച് പോവുന്നത്! മീനാക്ഷി അമ്മായിയുടെ കണ്ടുപിടിത്തമാണ്
''കാളേജീ പോയി രണ്ടക്ഷരം പടിച്ചുകഴിഞ്ഞാ പിന്നെ അവമ്മാരു മേലനങ്ങി പണി ചെയ്യേല.'' അമ്മായി പറയുകയാണ്''ഇപ്പം പണ്ടെത്തപ്പോലൊന്നുമല്ല, കയര്‍ പാക്ടറിപ്പണിക്കും,തൂമ്പാപ്പണിക്കുമൊന്നും ചെറുപ്പക്കാരെ കിട്ടില്ല. അവമ്മാര് ഗവര്‍ണ്ണമെണ്ടിന്റെ പണിയേ ചെയ്യൂള്ളു''
പ്ഫ.. അമ്മായി വായിലെ മുറുക്കാന്‍ പുറത്തേക്ക് നീട്ടി തുപ്പി.
''പണി ഒന്നും ചെയ്യാതെ തെക്കിട്ട് വടക്കിട്ട് നടക്കുമ്പഴാണ് ഇമ്മാതിരി വേണ്ടാതീനമൊക്കെ തോന്നണത്.''
''അവര് നമ്മടെ നാട്ടുകാരൊന്നുമല്ലമ്മായി.വിലാസിനിച്ചിറ്റ തുടങ്ങി.ഈയിടെയായി പട്ടണത്തീന്ന്കുറേ ആളുക ദെവസോം വൈകീട്ട് എസ്റ്റേറ്റിലു വരാറുണ്ടന്നാ പുഷ്പന്‍ പറയുന്നെ.അവമ്മാര് കഞ്ചാവ് ബീഡി വലിക്കാനാണത്രേ അവിടെ വരണത്. അത് വലിച്ച് ബോധവും പൊക്കണവും ഇല്ലാണ്ടാവുമ്പോഴാണ് അവന്മാര് പെണ്ണുങ്ങളെ പിടിക്കാനിറങ്ങണത് നമ്മുടെ നാട്ടില് പോലീസും പട്ടാളമൊന്നും വരികേലല്ലോ?''
''എനിക്ക് സംശയം ആ കക്കാലന്മാരെയാണ്''. അമ്മ പറയുകയാണ് ''അവമ്മാരാകാനെ വഴിയുള്ളു.രാത്രി കള്ളുകുടിച്ച് ലവലില്ലാണ്ടാവുമ്പോ ചെയ്യണതാ''
ഇവരില്‍ ആരു പറയുന്നതായിരിക്കും ശരി. ഞാനാലോചിച്ചു.കോളേജില്‍ പോകുന്ന ചേട്ടന്മരായിരിക്കുമോ? ഛേ....അതിനു വഴിയില്ല.പിന്നെ കഞ്ചാവുകാരായിരിക്കുമോ?ആയിരിക്കാം.കഞ്ചാവു മനുഷ്യന്റെ ബോധത്തെ നശിപ്പിക്കുമെന്നു കേട്ടിട്ടുണ്ട്.
ഈ പട്ടണക്കാര്‍ ഞങ്ങളുടെ നാട്ടുകാരെക്കൂടി ഇതെല്ലാം പഠിപ്പിച്ചാല്‍...
ചേട്ടന്മാര്‍ വഴി തെറ്റിപ്പോയാല്‍...
അതോടെ തീര്‍ന്നു... എല്ലാം..
എന്തിനാണ് വെറുതെ ആവശ്യമില്ലാത്തതാലോചിക്കുന്നത്.
കാക്കാലന്മാരായിരിക്കുമോ? ചിലപ്പോള്‍ ശരിയായിരിക്കാം.
നാടും വീടും വിട്ട് നടക്കുന്ന അവന്മാര്‍ക്കെന്താ ചെയ്തുകൂടാത്തത്.
രാമുണ്ണി പറയാറുണ്ട് അവന്മാര്‍ തമിഴ്നാട്ടില്‍ നിന്നും വന്നവരാണന്ന്.ചിലര്‍ തെലുങ്കു ദേശക്കാരുമുണ്ട്.ഈ കാക്കാലന്മാര്‍ സാധാരണക്കാരല്ല.ഒത്തിരി പൈസായും,സ്ഥലവുമുള്ളവരാണ്.അവരുടെ പ്രധാന പണി കൃഷിയാണത്രേ! കൃഷിയില്ലാത്ത സമയത്ത് പണമുണ്ടാക്കാനാണ് അവര്‍ നമ്മുടെ നാട്ടില്‍ വരുന്നത്.ഭിക്ഷ യാചിച്ച് കിട്ടാവുന്നത്രയും പൈസയുണ്ടക്കും.കൃഷിക്കുള്ള സമയമാവുമ്പോള്‍ തിരിച്ച് പോകും.
''ഇന്നലെ വിലാസിനി ചിറ്റ പറഞ്ഞ കഞ്ചാവുകരില്ലേ?''രാമുണ്ണി എന്നോടു ചോദിച്ചു.
ങ്ങ്ഹാ. ഞാന്‍ ചിന്തയില്‍ നിന്നും തിരിച്ചു വന്നു.
''അതാണോന്നൊരു സംശയം''.രാമുണ്ണി പറഞ്ഞു തുടങ്ങി.
''ചന്തയിലെ അവുസേപ്പൂട്ടിയെ അറിയുമോ നീ, ഞാന്‍ ഇന്നലെ രാവിലെ പാലത്തിന്റെ കൈവരിയിലിരിക്കുമ്പോള്‍ കണ്ടതാണ്.അയാള്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള ആ വലിയ മരത്തിന്റെ ചുവട്ടിലെത്തി,മടിക്കെട്ടില്‍ നിന്നും ഒരു വലിയ പൊതിക്കെട്ടെടുത്ത് ആരും കാണുന്നില്ലായെന്ന് ഉറപ്പു വരുത്തിയിട്ട്,റോഡിലോട്ട് തള്ളി നില്‍ക്കുന്ന മരത്തിന്റെ വേരിന്നടിയിലായി ഒളിപ്പിച്ചു വെച്ചു.വൈകുന്നേരവും ഞാനയാളെ അതേ സ്ഥലത്ത് കണ്ടു.സൈക്കിളില്‍ വന്ന അയാള്‍ വളരെ പെട്ടെന്ന് തന്നെ പൊതി തിരികെ എടുത്തുകൊണ്ട് പോവുകയും ചെയ്തു.എന്റെ ബലമായ സംശയം അതു കഞ്ചാവാണന്നാണ്.''അവന്‍ എന്തോ മഹാ സംഭവം കണ്ടു പിടിച്ച മാതിരി എന്നെ നോക്കി.
''അയാളിന്ന് രാവിലെയും അതവിടെക്കൊണ്ട് വയ്ക്കുന്നത് ഞാന്‍ കണ്ടതാണ്.വൈകുന്നേരം അയാള്‍ വരുന്നതിനു മുന്നെ നമ്മുക്കതെടുക്കണം.എനിയ്ക്കൊറ്റയ്ക്ക് പോകാന്‍ പേടി ആയതു കൊണ്ടാ നിന്നെ വിളിച്ചത്.''
''നീ ഇത്രയ്ക്ക് പേടിച്ച് തൂറി ആയിപ്പോയല്ലോ എന്റെ രാമുണ്ണി.നമ്മുടെ നാട്ടില്‍ വന്ന് ഒരുത്തന്‍ വേണ്ടാതീനം കാണിക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരും വേണ്ടേ?''
''അവുസേപ്പൂട്ടിയോ പട്ടണത്തീന്ന് വന്ന് പരിഷ്ക്കാരികളോ അറിഞ്ഞാല്‍ പ്രശ്നമാണ്.''
''എന്തു വന്നാലും നമ്മുക്ക് നേരിടണം. ഞാനുണ്ട് നിന്റെ കൂടെ.'' ഞാന്‍ രാമുണ്ണിക്ക് ധൈര്യം നല്‍കി.
ആദ്യമുണ്ടായിരുന്ന അലസതയെല്ലാം എവിടെപ്പോയെന്നറിയില്ല എനിക്ക്.എന്റെ നാട്ടുകാരെ സേവിക്കാന്‍ കിട്ടുന്ന ഒരവസരം,അമ്മ പെങ്ങാമ്മാരുടെ മാനം രക്ഷിക്കാന്‍ കിട്ടുന്ന ഒരവസരം,അതു നഷ്ടപ്പെടുത്താമോ?
പ്രത്യേകിച്ച് എന്നെപ്പോലെ സേവന സന്നദ്ധനായ,ധീരനായ ഒരുവന്‍! ഞാന്‍ മനസ്സില്‍ വിചാരിച്ചു.
ഇപ്പോള്‍ എന്തെന്നില്ലാത്ത ഒരുന്മേഷം തോന്നുന്നു.രാമുണ്ണീ ഇത്രയും ധീരനായ ഒരു ചങ്ങാതി ഉണ്ടായതില്‍ നീ അഭിമാനിക്കൂ.
ഞാനിപ്പോള്‍ രാമുണ്ണിയെ നയിക്കുകയാണ്.അവുസേപ്പൂട്ടിടെ രഹസ്യ സ്ഥലത്തേക്ക്.
''ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കണം. അവുസേപ്പൂട്ടിയേയും,അവന്റെ കച്ചവടത്തേയും,പച്ചപരിഷ്ക്കാരികളുടെ ഈ നാട്ടിലേക്കുള്ള വരവിനേയും.എല്ലാം.'' ഞാന്‍ ഉറക്കെ പറഞ്ഞു.
കഞ്ചാവുകാരോടു കളിക്കുന്നത് സൂക്ഷിച്ചുവേണം.നമ്മളാണിതെടുത്തതെന്നറിഞ്ഞാല്‍ അവുസേപ്പൂട്ടീടെ ആള്‍ക്കാര്‍ നമ്മളെ വെച്ചേക്കില്ല. അവര്‍ എന്തിനും പോന്നവരാണ്.ചിലപ്പോള്‍ നമ്മുടെ അച്ഛനോടും അമ്മയോടും പോലും അവര്‍ പകരം ചോദിക്കും.അതുകൊണ്ട് ആരോടും പറയാതിരിക്കുന്നതാണ് ബുദ്ധി.''രാമുണ്ണി ഓര്‍മ്മിപ്പിച്ചു.
''ഒരു ബുദ്ധിമാന്‍ വന്നിരിക്കുന്നു.വൈകുവോളം വെള്ളം കോരിയിട്ട് കുടം ഉടയ്കണോടാ മണ്ടാ.'' ഞാന്‍ തിരിച്ചടിച്ചു.
''നീ കുടമൊന്നുമൊടയ്ക്കണ്ട. എല്ലാ കാര്യവും നീ തന്നെ ചെയ്തോ.നിനക്കു കിട്ടും ധീരതയ്ക്കുള്ള അവാര്‍ഡ്!എനിക്കൊന്നും വേണ്ട.കൂട്ടത്തില്‍ അവുസേപ്പൂട്ടീടെ ഗുണ്ടകളുടെ പ്രത്യേക അവാര്‍ഡും നീ തന്നെ എടുത്തോളണേ.''
രാമുണ്ണി പിണങ്ങുകയാണ്.അവന്‍ എന്നെ ഒറ്റയ്ക്കക്കിയിട്ട് പോകാനൊരുങ്ങുന്നു.
എനിക്കും ചെറിയ തോതില്‍ പേടി തോന്നിത്തുടങ്ങി.കാലുകള്‍ വിറയ്ക്കുന്നു.കൈകള്‍ വിറയ്ക്കുന്നു.എന്റെ ശബ്ദം ഇടറുന്നുവോ?അവുസേപ്പൂട്ടി തന്റെ കൂര്‍ത്ത രക്ത നിറമുള്ള പല്ലുകള്‍ കാട്ടി അട്ടഹസിക്കുന്നു. അവന്റെ കൈവിരലുകളിലെ കൂര്‍ത്ത നഖങ്ങള്‍ എന്റെ കഴുത്തിലോട്ട് ആഴ്ന്നിറങ്ങുന്നു.കഴുത്തില്‍ നിന്നിറ്റിറ്റ് വീഴുന്ന എന്റെ ചോര ആ പിശാച് നക്കി നക്കി കുടിക്കുന്നു.ലോകം മുഴുവന്‍ എനിക്ക് ചുറ്റും കറങ്ങുന്നു. ഞാന്‍ വീഴുകയാണോ?ആകെ ഇരുട്ട്. എങ്ങും ഇരുട്ട് മാത്രം.
മുഖത്ത് വെള്ളത്തുള്ളികള്‍ വീഴുന്നതറിഞ്ഞുകൊണ്ടാണു ഞാന്‍ കണ്ണു തുറന്നത്.ഇതാ മുന്നില്‍ നില്‍ക്കുന്നു സാക്ഷാല്‍ രാമുണ്ണി.കൈയിലെ ചേമ്പിലയില്‍ നിറയെ വെള്ളവുമായി.അവന്‍ പൊട്ടിച്ചിരിക്കുകയാണ്.അവന്റെ പൊട്ടിച്ചിരി എനിക്ക് അവുസേപ്പൂട്ടീടെ അട്ടഹാസത്തേക്കാള്‍ അസഹനീയമായി തോന്നി.
''എന്തോന്നിനാ ഇത്ര ചിരിക്കുന്നേ.എനിക്കു തലചുറ്റിയതിനാ... അങ്ങനാ മനുഷേനായാ ചെലപ്പോ സൂക്കേടൊക്കെ വരും.''
അവന്‍ വീണ്ടും ചിരിക്കുകയാണ്.''ഒരു ധീരന്‍! നിന്റെ വാചകമടി കേട്ടപ്പോള്‍ ഞാനോര്‍ത്ത് ഇനി എന്റെ സഹായം ആവശ്യമില്ലായെന്ന്.എന്നിട്ടിപ്പോളെന്തായി.''
നീ വാ. രാമുണ്ണി എന്നെപ്പിടിച്ചെഴുന്നേല്‍പ്പിച്ചു.എന്റെ കൈയില്‍ നിന്നും പൊതിക്കെട്ട് വാങ്ങിയെടുത്തു.അവന്‍ പാലത്തിലേയ്ക്ക് നടക്കുകയാണ്.
കാറ്റുപോയ ബലൂണ്‍ പോലെ കൂടെ ഞാനും.
ഇപ്പോളൊരു രസം കണ്ടോണേ.രാമുണ്ണി എന്നോടു പറഞ്ഞു.
അവനാ വലിയ പൊതിയഴിച്ച് അങ്ങു താഴെ വെള്ളത്തിലേയ്ക്ക് നീട്ടിയെറിഞ്ഞു.
ഹായ്. എന്തു രസം. ഞാന്‍ കൈകൊട്ടി ആര്‍ത്തു വിളിച്ചു.
നൂറു കണക്കിന് ബീഡികള്‍!
അതു ബീഡികളല്ല. അന്തരീക്ഷത്തില്‍ സ്വയം പറന്നുയര്‍ന്ന് ഇല്ലാതാവുന്ന ഈയാമ്പാറ്റകളാണ്.
വെള്ളത്തില്‍ നനഞ്ഞു കുതിര്‍ന്ന് ബീഡികളൊന്നൊന്നായി അതാ തോടിന്റെ അടിത്തട്ടിലേയ്ക്ക് പോകുന്നു.
കഞ്ചാവിന്റെ ലഹരിയില്‍ അലിഞ്ഞില്ലാതാവുന്ന ജീവിതങ്ങള്‍ പോലെ...

Read more...

കുടിപ്പള്ളിക്കൂടം

ശാരദേ.....നീട്ടിയുള്ള വിളി കേട്ടാണു അമ്മ പുറത്ത് വന്നത്. ആശാട്ടിയാണ്. എന്നെ അക്ഷരം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സ്ത്രീ. ആശാനും ആശാട്ടിയും കൂടി ഒരു പള്ളിക്കൂടം നടത്തുന്നുണ്ട്. പള്ളിക്കൂടം എന്നു പറഞ്ഞാല്‍ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൂര. അവരുടെ വീടിനു വാതുക്കല്‍ തന്നെയാണ് പള്ളിക്കൂടവും സ്ഥാപിച്ചിട്ടുള്ളത്. പള്ളിക്കൂടത്തിനു തറയൊന്നുമുണ്ടായിരുന്നില്ല. അവിടെ ഇരുന്നിട്ടെഴുന്നേല്‍ക്കുമ്പോള്‍ നിക്കറിനകം മുഴുവന്‍ മണലായിരിക്കും. നാട്ടിലുള്ള കുട്ടികളുടെയെല്ലാം വിദ്യാഭ്യാസം തുടങ്ങുന്നതു അവിടെ നിന്നായിരുന്നു. അങ്ങനെ എല്ലാവരെയും പോലെ ഞാനും അവിടെ എത്തുന്നു. അക്ഷരം പഠിക്കാന്‍!

എന്താണു ആശാട്ടി അതിരാവിലെ എത്തിയിരിക്കുന്നത്? ''വരൂ, സാര്‍ അകത്തോട്ടിരിക്കൂ''. അമ്മ ആശാട്ടിയെ വിളിച്ചു. ആശാട്ടിയെ സാര്‍ എന്നു വിളിക്കുന്നതാണു അവര്‍ക്ക് കൂടുതല്‍ ഇഷ്ടം.ആശാട്ടിയെന്നു വിളിക്കുന്നതു അവര്‍ക്കത്ര പിടിക്കില്ലായെന്ന് അമ്മക്ക് അറിയാം.''ഇരിക്കുവാനൊന്നും സമയമില്ല. പിന്നെ ഞാന്‍ വന്നതേ........ '' ആശാട്ടി പറയുവാന്‍ തുടങ്ങി. ''നിന്റെ മോനുണ്ടല്ലോ...... അവനെ പഠിപ്പിക്കുവാന്‍ എന്നെ കൊണ്ട് പറ്റില്ല. അവന് നിങ്ങളു തന്നെ അക്ഷരം പറഞ്ഞുകൊടുക്കുന്നതാണ് നല്ലത് ''.
''എന്താ സാര്‍...? അവന്‍ വല്ല കുഴപ്പവും ഒപ്പിച്ചോ''? അമ്മയ്ക്ക് ആകെ വെപ്രാളമായി. നാട്ടിലെ അറിയപ്പെടുന്ന ആശാട്ടിയാണ് എത്ര മെരുങ്ങാത്ത കുട്ടികളെയും മെരുക്കിയെടുത്ത് അക്ഷരത്തിന്റെ ലോകത്തിലേക്കു എത്തിച്ചിട്ടുള്ളവര്‍.
ഇതാ, ഇപ്പോള്‍...
ഞങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആശാട്ടി ശിഷ്യനെ കൈയൊഴിഞ്ഞിരിക്കുന്നു!
സ്വന്തം മകന്റെ ഭാവി സ്വപ്നം കണ്ടു കഴിയുന്ന എതമ്മയ്ക്ക് സഹിക്കുവാന്‍ കഴിയുമിത്.
''അമ്മ വീണ്ടും ചോദിച്ചു ഞങ്ങള്‍ എന്താ സാര്‍ ചെയ്യേണ്ടതു? ആശാട്ടി വളച്ചൊടിക്കാതെ കാര്യം പറഞ്ഞു. ''അതോ, അവന്റെ തലയ്ക്കകത്തൊന്നുമില്ല''.
ഒരു അദ്ധ്യാപിക സ്വന്തം വിദ്യാര്‍ത്ഥിയെ കുറിച്ച് മാതാവിനോടു ഇങ്ങനെ തുറന്നു പറയുന്നത് ലോകത്ത് ഇതാദ്യമായിരിക്കാം.
അവനെ നിങ്ങളു തന്നെ പഠിപ്പിക്കുന്നതാണ് നല്ലത്. അവനെ മാത്രം ശ്രദ്ധിക്കാന്‍ പോയാല്‍ ബാക്കി കുട്ടികളുടെ കാര്യം അവതാളത്തിലാവും. അതു കൊണ്ട് നിങ്ങളുടെ മകന്റെ കാര്യം നിങ്ങള്‍ തന്നെ നോക്കികൊള്ളൂ
അങ്ങനെ ആശാട്ടി കൈയൊഴിഞ്ഞ കുട്ടിയായി ഞാന്‍ മാറി. എന്നെ പഠിപ്പിക്കുന്ന ദൗത്യം അമ്മ ഏറ്റെടുത്തു.
ആശാട്ടി പറഞ്ഞ പോലുള്ള ബുദ്ധിമുട്ടൊന്നും അമ്മയ്ക്ക് തോന്നിയില്ല. സ്വന്തം മകനല്ലേ എങ്ങനെയെങ്കിലും പഠിപ്പിച്ചേ പറ്റുകയുള്ളല്ലോ. അമ്മയുടെ മുഴുവന്‍ സമയജോലി എന്നെ പഠിപ്പിക്കുന്നതായി. അങ്ങനെ അക്ഷരങ്ങള്‍ ഓന്നൊന്നായി എന്റെ തലയ്ക്കകത്തായി. ഒന്നുമില്ലാതിരുന്ന എന്റെ തല അക്ഷരങ്ങള്‍ കൊണ്ടു നിറയുവാന്‍ തുടങ്ങി. പക്ഷേ കാര്യങ്ങള്‍ അവിടം കൊണ്ടവസാനിക്കുന്നില്ലല്ലോ. ആശാന്‍ പള്ളിക്കൂടത്തിനു ശേഷം, സ്ക്കൂളില്‍ ചേര്‍ക്കുവാനായി അച്ഛനാണ് കൊണ്ടു പോയത്. അടുത്തുള്ള ഹൈസ്ക്കൂളിലേക്ക്. പക്ഷേ എന്തു ചെയ്യാം, ഞാനെത്തുന്ന കാര്യം സ്ക്കൂളധിക്യതര്‍ നേരത്തേ അറിഞ്ഞു കാണും. അവര്‍ ഞങ്ങളെത്തുമ്പോഴേക്കും അഡ്മിഷന്‍ ക്ലോസ്സു ചെയ്തിരുന്നു. അതേ സ്ക്കൂളില്‍ പഠിക്കണമെന്നുണ്ടെങ്കില്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. അല്ലെങ്കില്‍ വേറെ സ്ക്കൂളു നോക്കണം. എന്റെ ഒരു വര്‍ഷം വെറുതെ കളയാന്‍ അച്ഛന്‍ തയ്യാറല്ലായിരുന്നു അതു കൊണ്ട് ഞങ്ങള്‍ കുറച്ചു കൂടി ദൂരെയുള്ള പ്രൈമറി സ്ക്കൂളിലേക്ക് പോയി. അവിടെ എന്റെ അഡ്മിഷന്‍ ശരിയാവുകയും ചെയ്തു.

അങ്ങനെ ഞാന്‍ സ്ക്കൂളില്‍ പോകേണ്ടതായി വന്നു. അദ്യദിവസം എന്നെ അമ്മയാണ് കൊണ്ടു ചെന്നു ബഞ്ചിലിരുത്തിയത്. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പു തന്നെ അവിടെ ചെന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു തന്നിരുന്നു. വൈകുന്നേരം വിളിക്കാന്‍ അമ്മ വരും. അതു വരെ ഒറ്റയ്ക്കിരിക്കണം. ആദ്യമായി അച്ഛനെയും അമ്മയെയും വിട്ടു ഒറ്റയ്ക്ക്. വീട്ടില്‍ നിന്നും വളരെ അകലെ. എങ്ങനെ സഹിക്കാന്‍ പറ്റും. എന്റെ സഹപാഠികളില്‍ പലരും ഇതേ അവസ്ഥയിലുള്ളവരാണെന്നു തോന്നുന്നു. പലരും കരയുന്നുണ്ട്. ഞാന്‍ മറ്റുള്ളവരെ പോലെയാണോ. കരയുന്നതു ശരിയല്ല. പതുക്കെ ക്ലാസ്സിനു പുറത്തിറങ്ങി വീടു ലക്ഷ്യമാക്കി ഓടുകയായിരുന്നു. വന്ന വഴി തന്നെയായിരുന്നോ എന്നറിയില്ല. എതായാലും അമ്മ വീട്ടില്‍ എത്തുന്നതിനു മുന്‍പു ഞാന്‍ വീട്ടില്‍ എത്തിയിരുന്നു.

അന്നു എന്റെ അച്ഛനും അമ്മയ്ക്കും ഒരു കാര്യം മനസ്സിലായി, ആശാട്ടി പണ്ടു പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നു എന്നത്. എന്റെ തലയ്ക്കകത്ത് എന്തൊക്കെയോ ഉണ്ടന്നുള്ളതു കൊണ്ടല്ലേ ഞാന്‍ വഴി തെറ്റാതെ വീട്ടില്‍ എത്തിച്ചേര്‍ന്നത്.

അടുത്ത ദിവസം എന്നെ വീണ്ടും അമ്മ സ്ക്കൂളിലേക്ക് കൊണ്ടു പോയി. അന്നും അതിനടുത്ത ദിവസങ്ങളിലും ആദ്യദിവസം ആവര്‍ത്തിക്കുകയാന്നുണ്ടായത്. സഹികെട്ട അമ്മ ഈര്‍ക്കിലിന്റെ സഹായം തേടുകയാണുണ്ടായത്. വെളിച്ചെണ്ണ തേച്ച് തീയില്‍ വാട്ടിയെടുത്ത നല്ല ഉശിരന്‍ ഈര്‍ക്കില്‍. പിന്നിടുള്ള ദിവസങ്ങളില്‍ ഈര്‍ക്കില്‍ പ്രയോഗം എന്റെ തുടയില്‍ പാടുകള്‍ വീഴ്ത്തുവാന്‍ തുടങ്ങി.എനിക്കൊരു ബോഡിഗാര്‍ഡിനെ കൂടി അമ്മ എര്‍പ്പെടുത്തി, എന്റെ ആദ്യത്തെ കൂട്ടുകാരന്‍.എന്നെ സ്ക്കൂളില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും അവന്റെ ചുമതലയായി. മറിയാമ്മ ടീച്ചറായിരുന്നു എന്റെ ക്ലാസ്സ് ടീച്ചര്‍. ടീച്ചറും ആശാട്ടിയുടെ പല്ലവി തന്നെയാണ് അമ്മയോട് പറഞ്ഞുകൊണ്ടിരുന്നത്.
ഇവന്റെ തലയ്ക്കകത്തൊന്നുമില്ല.

Read more...

കള്ളന്മാര്‍ പിടിയില്‍

സംഗതി അല്‍പം സീരിയസാണ്. വിഷയം മോഷണം. കശുവണ്ടി മോഷണം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കുറഞ്ഞത് പത്തു ദിവസമെങ്കിലും ആയിട്ടുണ്ട്. മോഷ്ടാക്കള്‍ നാലോ അഞ്ചോ പേരുണ്ടന്നുള്ളത് ഉറപ്പ്. മാവിന്‍ ചുവട്ടിലെ കാല്‍പ്പാടുകള്‍ പരിശോധിച്ചതില്‍ നിന്നും മനസ്സിലായതാണ്.
പക്ഷേ ആരാണ് മോഷ്ടാക്കള്‍?
എങ്ങനെയാണവരെ പിടിക്കുന്നത്? മോഷ്ടാക്കളെ പിടിക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്.
കുഞ്ഞിക്കുട്ടനാണു ലീഡര്‍.
കൂടെ ഞാനുള്‍പ്പെടെ പത്തുപന്ത്രണ്ട് പേരുണ്ട്.ഇത്ര ഗഹനമായ വിധത്തില്‍ ആലോചിക്കാനുണ്ടായ വിഷയം നേരത്തേ പറഞ്ഞതു പോലെ കശുവണ്ടി മോഷണം തന്നെ.ഷുക്കൂറിന്റെ വീട്ടിലെ മാവുകളില്‍ നിന്നാണ് നിത്യേന കശുവണ്ടി മോഷണം പോകുന്നത്.ഷുക്കൂറിന്റെ ബാപ്പയും ഉമ്മയും പകല്‍ നേരത്ത് വീട്ടില്‍ ഉണ്ടാവുകയില്ല. അവര്‍ക്ക് കിഴക്ക് കായലില്‍ പുല്ല് ചെത്താണ് ജോലി.സൂര്യനുദിക്കുന്നതിന് മുന്‍പേ അവര്‍ വീടു വിട്ടിറങ്ങും.ഉച്ചയോടെ പുല്ല് കെട്ടുകളുമായി തോട്ടുകടവിലെത്തും.പിന്നെ അതു വിറ്റു തീരുന്നതു വരെ അവര്‍ കടവില്‍ തന്നെയായിരിക്കും.മിക്കപ്പോഴും രാത്രി ഒന്‍പത് പത്ത് മണിയോടെ തിരികെ എത്തുകയുള്ളു.ഷുക്കൂറും അനിയനും ബാപ്പയും ഉമ്മയും എത്തുന്നതുവരെ ഞങ്ങളുടെ കൂടെ ആയിരിക്കും. ഞായറാഴ്ച ദിവസം ബാപ്പയും ഉമ്മയും ജോലിയ്ക്കു പോകില്ല. അങ്ങനയൊരു ഞായറാഴ്ചയാണ് അവരാ ഞെട്ടിപ്പിക്കുന്ന സംഭവം അറിഞ്ഞത്.
മാവുകളില്‍ കശുവണ്ടിയുടെ എണ്ണത്തില്‍ കാര്യമായ കുറവു സംഭവിച്ചിരിക്കുന്നു.സംശയം സ്വാഭാവികമായും മക്കളിലോട്ടു തിരിഞ്ഞു.
നിരപരാധികളായ എന്റെ കൂട്ടുകാരില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു.സഹിക്കുമോ ഞങ്ങള്‍ കൂട്ടുകാര്‍ക്ക്!
എങ്ങനേയും കള്ളന്മാരെ പിടിച്ച് ഷുക്കൂറിന്റേയും സഹോദരന്റേയും നിരപരാധിത്തം തെളിയിക്കുകയെന്നത് ഞങ്ങള്‍ കൂട്ടുകാരുടെ കടമയല്ലേ?
അങ്ങനെ ആ ദൗത്യം ഞങ്ങള്‍ എറ്റെടുത്തു.
അന്നു പൊക്കത്തില്‍ വീടിന്റെ പരിസരം മുഴുവന്‍ കാടു പിടിച്ച് കിടക്കുകയാണ്.കൂടുതലും വള്ളിച്ചൊറിഞ്ഞനമാണ്. ഞങ്ങളോരോരുത്തരും വള്ളിച്ചൊറിഞ്ഞനം ശ്രദ്ധയോടെ പറിച്ചെടുത്തു.അല്‍പം ശ്രദ്ധ തെറ്റിയാല്‍ ശരീരത്തിലെവിടെയെങ്കിലും അതു മുട്ടും.പിന്നത്തെ കാര്യം പറയേണ്ട. അതനുഭവിച്ചറിഞ്ഞാലേ മനസ്സിലാവുകയുള്ളു.

അങ്ങനെ ആയുധങ്ങളുമായി ഞങ്ങള്‍ ഷുക്കൂറിന്റെ വീട്ടിന്നുള്ളിലെത്തി.വീടു പുറത്തു നിന്നും പൂട്ടുന്ന ചുമതല എന്നെ ഏല്‍പ്പിച്ചു.വീടു പൂട്ടിയിട്ട് ഞാന്‍ അടുക്കളയുടെ പുറകിലുള്ള തടികളുടെ ഇടയില്‍ ഒളിച്ചിരിക്കണം.അകത്തുള്ളവര്‍ ജന്നലിലൂടെ നോക്കിക്കൊണ്ട് കള്ളന്മാരെ പ്രതീക്ഷിച്ചിരിക്കും.കള്ളന്മാരെത്തിയാലുടനെ എല്ലാവരും അടുക്കള വാതിലിലൂടെ പുറത്തെത്തി അവരെ നേരിടും.ഒരു കാര്യം എല്ലാവരുടെയും പ്രത്യേക ശ്രദ്ധയില്‍ പെടുത്തിയിരുന്നു.കള്ളന്മാര്‍ മാവുകളില്‍ കയറിയതിനു ശേഷമേഎല്ലാവരും പുറത്തിറങ്ങാവൂ.അതല്ലെങ്കില്‍ അവര്‍ രക്ഷപ്പെറ്റുവാനുള്ള സാധ്യതയുണ്ട്.
കാത്തിരിപ്പ് മണിക്കൂറുകള്‍ കഴിഞ്ഞു.
അതാ വരുന്നു കള്ളന്മാര്‍. എല്ലാവരും ചൊറിഞ്ഞന വള്ളി ശരിയായ രീതിയിലാണന്നുറപ്പു വരുത്തി.കള്ളന്മാര്‍ ഞങ്ങള്‍ പ്രതീക്ഷിച്ചവര്‍ തന്നെ.
ഉമ്പ്രിയും സംഘവും.
ഞ്ഞങ്ങളുടെ ആജന്മ ശത്രുക്കള്‍.അവരെ വെറുതേ വിടുവാന്‍ പാടുണ്ടോ? വരട്ടെ അവര്‍, ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കും.ഇന്നു ഷുക്കൂറിന്റേയും ഷബീറിന്റേയും നിരപരാധിത്വം തെളിയിക്കപ്പെടും.
അതാ കള്ളന്മാര്‍ മാവുകളില്‍ കയറുവാന്‍ തുടങ്ങി.അവര്‍ കശുവണ്ടികള്‍ ഒന്നൊന്നായി പറിച്ചു തഴെയിടുകയാണ്.ഇതു തന്നെയാണ് പറ്റിയ സന്ദര്‍ഭം.കശുവണ്ടി രക്ഷാസമിതി അടുക്കളവാതിലിലൂടെ പുറത്തിറങ്ങി മാവുകളുടെ ചുവട്ടിലായി നിലയുറപ്പിക്കുന്നു.
പാവം മോഷ്ടാക്കള്‍!! ഇറങ്ങിവരാതെ നിവര്‍ത്തിയില്ലാല്ലോ. അവര്‍ കഴിയാവുന്നത്രയും വേഗത്തില്‍ മാവില്‍ നിന്നിറങ്ങി ഓടുവാന്‍ ശ്രമിക്കുന്നു. വിടുമോ ഞങ്ങള്‍. സര്‍വ്വസജ്ജരായി മണിക്കൂറുകളോളം കാത്തിരുന്നതതിനായിരുന്നോ. കള്ളന്മാര്‍ കരഞ്ഞു വിളിച്ചു കൊണ്ട് ഓടുകയാണ് പടിഞ്ഞാറോട്ട്. അവരുടെ കാലുകളും മുതുകുമെല്ലാം ചൊറിഞ്ഞനവള്ളി കൊണ്ടുള്ള അടി കൊണ്ട് തടിച്ചിട്ടുണ്ട്. ഓട്ടത്തിനിടയില്‍ ചൊറിച്ചില്‍ മാറ്റാനായി അവര്‍ ശരീരമാസകലം മാന്തുന്നുണ്ട്.
ഹായ് ആ കാഴ്ച കാണാന്‍ എന്തു രസം.

പക്ഷേ ആ കാഴ്ച രസിക്കാത്ത ഒരാളുണ്ടായിരുന്നു. കാച്ചില്‍ കുറുപ്പിന്റെ പട്ടി. അടിയും ഓട്ടവുമെല്ലാം കണ്ടു രസിച്ചു നിന്ന ഞാന്‍ പട്ടി വരുന്നതു കണ്ടില്ല. നല്ല തകിലന്‍ പട്ടിയാണ്. ഒന്നാന്തരം കടിയന്‍. അവന്റെ കടി പേടിച്ച് ആളുകള്‍ അതു വഴി പോകാറേയില്ല. പട്ടിയുടെ വരവു കണ്ട് എന്റെ കൂട്ടുകാരെല്ലാം ഓടി വീട്ടിനുള്ളില്‍ ഒളിച്ചിരുന്നു.
ഞ്ഞാന്‍ ഹതഭാഗ്യന്‍! വീടിനുള്ളില്‍ ഓടി കയറാനുള്ള സമയമില്ല. എന്തു ചെയ്യും? ആദ്യം ഒളിച്ചിരുന്ന തടികളുടെ ഇടയിലോട്ടു തന്നെ കയറാം. ഞാന്‍ തടികളുടെ ഇടയില്‍ കയറിയതും പട്ടി എന്റെ വള്ളി നിക്കറില്‍ കടിച്ചതും ഒരുമിച്ചായിരുന്നു, ഞാന്‍ കൊച്ചു കുട്ടിയായതു കൊണ്ടാണോ അതോ മറ്റെന്തെങ്കിലും തരത്തിലുള്ള സഹതാപം കൊണ്ടാണോ എന്നറിയില്ല കൈസര്‍ കൂടുതല്‍ ആക്രമിച്ചില്ല. പക്ഷേ അവന്റെ പല്ലുകളുടെ പാടു മാത്രം എന്റെ ചന്തിയില്‍ അവശേഷിപ്പിച്ചു.
അതൊരു കടിയായിരുന്നില്ല, ''കമ്മല്‍'' ആയിരുന്നു എന്നു ഷുക്കൂര്‍ പിന്നീടു പറഞ്ഞു.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP