കുടിപ്പള്ളിക്കൂടം
Friday, December 8, 2006
ശാരദേ.....നീട്ടിയുള്ള വിളി കേട്ടാണു അമ്മ പുറത്ത് വന്നത്. ആശാട്ടിയാണ്. എന്നെ അക്ഷരം പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട സ്ത്രീ. ആശാനും ആശാട്ടിയും കൂടി ഒരു പള്ളിക്കൂടം നടത്തുന്നുണ്ട്. പള്ളിക്കൂടം എന്നു പറഞ്ഞാല്‍ ഓല കൊണ്ട് കെട്ടിയുണ്ടാക്കിയ ഒരു കൂര. അവരുടെ വീടിനു വാതുക്കല്‍ തന്നെയാണ് പള്ളിക്കൂടവും സ്ഥാപിച്ചിട്ടുള്ളത്. പള്ളിക്കൂടത്തിനു തറയൊന്നുമുണ്ടായിരുന്നില്ല. അവിടെ ഇരുന്നിട്ടെഴുന്നേല്‍ക്കുമ്പോള്‍ നിക്കറിനകം മുഴുവന്‍ മണലായിരിക്കും. നാട്ടിലുള്ള കുട്ടികളുടെയെല്ലാം വിദ്യാഭ്യാസം തുടങ്ങുന്നതു അവിടെ നിന്നായിരുന്നു. അങ്ങനെ എല്ലാവരെയും പോലെ ഞാനും അവിടെ എത്തുന്നു. അക്ഷരം പഠിക്കാന്‍!
എന്താണു ആശാട്ടി അതിരാവിലെ എത്തിയിരിക്കുന്നത്? ''വരൂ, സാര്‍ അകത്തോട്ടിരിക്കൂ''. അമ്മ ആശാട്ടിയെ വിളിച്ചു. ആശാട്ടിയെ സാര്‍ എന്നു വിളിക്കുന്നതാണു അവര്‍ക്ക് കൂടുതല്‍ ഇഷ്ടം.ആശാട്ടിയെന്നു വിളിക്കുന്നതു അവര്‍ക്കത്ര പിടിക്കില്ലായെന്ന് അമ്മക്ക് അറിയാം.''ഇരിക്കുവാനൊന്നും സമയമില്ല. പിന്നെ ഞാന്‍ വന്നതേ........ '' ആശാട്ടി പറയുവാന്‍ തുടങ്ങി. ''നിന്റെ മോനുണ്ടല്ലോ...... അവനെ പഠിപ്പിക്കുവാന്‍ എന്നെ കൊണ്ട് പറ്റില്ല. അവന് നിങ്ങളു തന്നെ അക്ഷരം പറഞ്ഞുകൊടുക്കുന്നതാണ് നല്ലത് ''.
''എന്താ സാര്‍...? അവന്‍ വല്ല കുഴപ്പവും ഒപ്പിച്ചോ''? അമ്മയ്ക്ക് ആകെ വെപ്രാളമായി. നാട്ടിലെ അറിയപ്പെടുന്ന ആശാട്ടിയാണ് എത്ര മെരുങ്ങാത്ത കുട്ടികളെയും മെരുക്കിയെടുത്ത് അക്ഷരത്തിന്റെ ലോകത്തിലേക്കു എത്തിച്ചിട്ടുള്ളവര്‍.
ഇതാ, ഇപ്പോള്‍...
ഞങ്ങളുടെ ഗ്രാമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആശാട്ടി ശിഷ്യനെ കൈയൊഴിഞ്ഞിരിക്കുന്നു!
സ്വന്തം മകന്റെ ഭാവി സ്വപ്നം കണ്ടു കഴിയുന്ന എതമ്മയ്ക്ക് സഹിക്കുവാന്‍ കഴിയുമിത്.
''അമ്മ വീണ്ടും ചോദിച്ചു ഞങ്ങള്‍ എന്താ സാര്‍ ചെയ്യേണ്ടതു? ആശാട്ടി വളച്ചൊടിക്കാതെ കാര്യം പറഞ്ഞു. ''അതോ, അവന്റെ തലയ്ക്കകത്തൊന്നുമില്ല''.
ഒരു അദ്ധ്യാപിക സ്വന്തം വിദ്യാര്‍ത്ഥിയെ കുറിച്ച് മാതാവിനോടു ഇങ്ങനെ തുറന്നു പറയുന്നത് ലോകത്ത് ഇതാദ്യമായിരിക്കാം.
അവനെ നിങ്ങളു തന്നെ പഠിപ്പിക്കുന്നതാണ് നല്ലത്. അവനെ മാത്രം ശ്രദ്ധിക്കാന്‍ പോയാല്‍ ബാക്കി കുട്ടികളുടെ കാര്യം അവതാളത്തിലാവും. അതു കൊണ്ട് നിങ്ങളുടെ മകന്റെ കാര്യം നിങ്ങള്‍ തന്നെ നോക്കികൊള്ളൂ
അങ്ങനെ ആശാട്ടി കൈയൊഴിഞ്ഞ കുട്ടിയായി ഞാന്‍ മാറി. എന്നെ പഠിപ്പിക്കുന്ന ദൗത്യം അമ്മ ഏറ്റെടുത്തു.
ആശാട്ടി പറഞ്ഞ പോലുള്ള ബുദ്ധിമുട്ടൊന്നും അമ്മയ്ക്ക് തോന്നിയില്ല. സ്വന്തം മകനല്ലേ എങ്ങനെയെങ്കിലും പഠിപ്പിച്ചേ പറ്റുകയുള്ളല്ലോ. അമ്മയുടെ മുഴുവന്‍ സമയജോലി എന്നെ പഠിപ്പിക്കുന്നതായി. അങ്ങനെ അക്ഷരങ്ങള്‍ ഓന്നൊന്നായി എന്റെ തലയ്ക്കകത്തായി. ഒന്നുമില്ലാതിരുന്ന എന്റെ തല അക്ഷരങ്ങള്‍ കൊണ്ടു നിറയുവാന്‍ തുടങ്ങി. പക്ഷേ കാര്യങ്ങള്‍ അവിടം കൊണ്ടവസാനിക്കുന്നില്ലല്ലോ. ആശാന്‍ പള്ളിക്കൂടത്തിനു ശേഷം, സ്ക്കൂളില്‍ ചേര്‍ക്കുവാനായി അച്ഛനാണ് കൊണ്ടു പോയത്. അടുത്തുള്ള ഹൈസ്ക്കൂളിലേക്ക്. പക്ഷേ എന്തു ചെയ്യാം, ഞാനെത്തുന്ന കാര്യം സ്ക്കൂളധിക്യതര്‍ നേരത്തേ അറിഞ്ഞു കാണും. അവര്‍ ഞങ്ങളെത്തുമ്പോഴേക്കും അഡ്മിഷന്‍ ക്ലോസ്സു ചെയ്തിരുന്നു. അതേ സ്ക്കൂളില്‍ പഠിക്കണമെന്നുണ്ടെങ്കില്‍ ഒരു വര്‍ഷം കൂടി കാത്തിരിക്കണം. അല്ലെങ്കില്‍ വേറെ സ്ക്കൂളു നോക്കണം. എന്റെ ഒരു വര്‍ഷം വെറുതെ കളയാന്‍ അച്ഛന്‍ തയ്യാറല്ലായിരുന്നു അതു കൊണ്ട് ഞങ്ങള്‍ കുറച്ചു കൂടി ദൂരെയുള്ള പ്രൈമറി സ്ക്കൂളിലേക്ക് പോയി. അവിടെ എന്റെ അഡ്മിഷന്‍ ശരിയാവുകയും ചെയ്തു.
അങ്ങനെ ഞാന്‍ സ്ക്കൂളില്‍ പോകേണ്ടതായി വന്നു. അദ്യദിവസം എന്നെ അമ്മയാണ് കൊണ്ടു ചെന്നു ബഞ്ചിലിരുത്തിയത്. സ്ക്കൂളിലേക്കു പോകുന്നതിനു മുന്‍പു തന്നെ അവിടെ ചെന്നാല്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പറഞ്ഞു തന്നിരുന്നു. വൈകുന്നേരം വിളിക്കാന്‍ അമ്മ വരും. അതു വരെ ഒറ്റയ്ക്കിരിക്കണം. ആദ്യമായി അച്ഛനെയും അമ്മയെയും വിട്ടു ഒറ്റയ്ക്ക്. വീട്ടില്‍ നിന്നും വളരെ അകലെ. എങ്ങനെ സഹിക്കാന്‍ പറ്റും. എന്റെ സഹപാഠികളില്‍ പലരും ഇതേ അവസ്ഥയിലുള്ളവരാണെന്നു തോന്നുന്നു. പലരും കരയുന്നുണ്ട്. ഞാന്‍ മറ്റുള്ളവരെ പോലെയാണോ. കരയുന്നതു ശരിയല്ല. പതുക്കെ ക്ലാസ്സിനു പുറത്തിറങ്ങി വീടു ലക്ഷ്യമാക്കി ഓടുകയായിരുന്നു. വന്ന വഴി തന്നെയായിരുന്നോ എന്നറിയില്ല. എതായാലും അമ്മ വീട്ടില്‍ എത്തുന്നതിനു മുന്‍പു ഞാന്‍ വീട്ടില്‍ എത്തിയിരുന്നു.
അന്നു എന്റെ അച്ഛനും അമ്മയ്ക്കും ഒരു കാര്യം മനസ്സിലായി, ആശാട്ടി പണ്ടു പറഞ്ഞ കാര്യങ്ങള്‍ തെറ്റായിരുന്നു എന്നത്. എന്റെ തലയ്ക്കകത്ത് എന്തൊക്കെയോ ഉണ്ടന്നുള്ളതു കൊണ്ടല്ലേ ഞാന്‍ വഴി തെറ്റാതെ വീട്ടില്‍ എത്തിച്ചേര്‍ന്നത്.
അടുത്ത ദിവസം എന്നെ വീണ്ടും അമ്മ സ്ക്കൂളിലേക്ക് കൊണ്ടു പോയി. അന്നും അതിനടുത്ത ദിവസങ്ങളിലും ആദ്യദിവസം ആവര്‍ത്തിക്കുകയാന്നുണ്ടായത്. സഹികെട്ട അമ്മ ഈര്‍ക്കിലിന്റെ സഹായം തേടുകയാണുണ്ടായത്. വെളിച്ചെണ്ണ തേച്ച് തീയില്‍ വാട്ടിയെടുത്ത നല്ല ഉശിരന്‍ ഈര്‍ക്കില്‍. പിന്നിടുള്ള ദിവസങ്ങളില്‍ ഈര്‍ക്കില്‍ പ്രയോഗം എന്റെ തുടയില്‍ പാടുകള്‍ വീഴ്ത്തുവാന്‍ തുടങ്ങി.എനിക്കൊരു ബോഡിഗാര്‍ഡിനെ കൂടി അമ്മ എര്‍പ്പെടുത്തി, എന്റെ ആദ്യത്തെ കൂട്ടുകാരന്‍.എന്നെ സ്ക്കൂളില്‍ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും അവന്റെ ചുമതലയായി. മറിയാമ്മ ടീച്ചറായിരുന്നു എന്റെ ക്ലാസ്സ് ടീച്ചര്‍. ടീച്ചറും ആശാട്ടിയുടെ പല്ലവി തന്നെയാണ് അമ്മയോട് പറഞ്ഞുകൊണ്ടിരുന്നത്.
ഇവന്റെ തലയ്ക്കകത്തൊന്നുമില്ല.
3 comments:
ബ്ലോഗിന്റെ പേരും പോസിന്റെ പേരും മലയാളത്തിലാക്കുന്നതായിരിക്കും ഭംഗി എന്ന് തോന്നുന്നു. ശ്രദ്ധിക്കുമല്ലോ.
നന്ദി ശ്രീജിത്ത്,
മലയാളത്തില്‍ ആക്കിയിട്ടുണ്ട്.
പലരും കരയുന്നുണ്ട്. ഞാന്‍ മറ്റുള്ളവരെ പോലെയാണോ. കരയുന്നതു ശരിയല്ല. പതുക്കെ ക്ലാസ്സിനു പുറത്തിറങ്ങി വീടു ലക്ഷ്യമാക്കി ഓടുകയായിരുന്നു. വന്ന വഴി തന്നെയായിരുന്നോ എന്നറിയില്ല //////ഽ
ഇങ്ങനെ ചിരിപ്പിച്ചാൽ ഞാൻ ഇനി വരത്തില്ല കേട്ടോ.
ഹ ഹ ഹ .ഉറക്കെ ചിരിച്ചു പോയി.
Post a Comment