Followers

എന്റെ നേതാവ്

Friday, December 8, 2006

നാളെ പരീക്ഷയാണ്.
ഇന്നെങ്കിലും എന്തെങ്കിലും പഠിക്കണം.
സത്യത്തില്‍ പഠിക്കുന്നെന്ന് കാണിക്കണം അമ്മയെ.
അവള്‍. ബിന്ദു.
ആ കുശുമ്പിയാണല്ലോ ഇങ്ങനെയൊരവസ്ഥ അപ്പുക്കുട്ടനുണ്ടാക്കിയത്.
അവള്‍ വന്നു അമ്മയോട് പറയുകയാണ്.
''അമ്മേ, അപ്പുക്കുട്ടനെ നോക്ക് പരീക്ഷയായിട്ടും ഒന്നും പഠിക്കാതെ, പന്തുകളിച്ചും മാവിലും കയറി നടക്കുകയാണ്. ഞാനാണങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പഠിക്കുന്നുണ്ട്.
അവള്‍ നല്ല കുട്ടി.

രാവിലെ മുതല്‍ വൈകുവോളം പഠിക്കുന്നുണ്ടത്രേ. എന്നിട്ടാണവള്‍ക്ക് കണക്കു പരീക്ഷയ്ക്ക് മൊട്ട കിട്ടിയത്.
ഇപ്പോളവളുടെ പേരു മൊട്ട ബിന്ദുവെന്നാണ്. എന്നിട്ടും അമ്മയോട് വന്നു പറഞ്ഞിക്കുന്നതു കണ്ടില്ലേ.
കുശുമ്പി.
അമ്മ അപ്പുക്കുട്ടന് അന്ത്യശാസനം നല്‍കി.
''നീ എന്നു സ്ക്കൂളില്‍ പോകാന്‍ തുടങ്ങി അന്നു തുടങ്ങിയതാ എന്റെ തലവേദന. ഇനിയെങ്കിലും നിനക്കെന്തെങ്കിലും പഠിച്ചുകൂടേ. നീ ബിന്ദുവിനെ നോക്കൂ അവള്‍ പുസ്തകം വായിക്കുന്നത് ഇവിടെ എനിക്കു കേള്‍ക്കാം. ''

''അവള്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നതാ അമ്മേ. കണക്കു പരീക്ഷയ്ക്ക് അവള്‍ക്ക് മൊട്ടയാ. മൊട്ട '' അപ്പുക്കുട്ടന്‍ കൈ കൊണ്ട് മൊട്ട ഉരുട്ടി കാണിച്ചു.

''പിന്നേ നീ നല്ലൊരു കുഞ്ഞ്. നിനക്കും മൊട്ട കിട്ടിയതല്ലേ, നീ ഭയങ്കര ബുദ്ധിമാനാണന്ന് എനിക്കറിയാം. മറിയാമ്മ ടീച്ചര്‍ എല്ലാം എന്നോടു പറഞ്ഞു. നിന്റെ മൊട്ടയുടെ ഇടതുവശത്ത് രണ്ട് എഴുതി ഇരുപത് ആക്കി നീ എന്നെ കാണിച്ചില്ലേ.
ഭയങ്കര ബുദ്ധിയാ നിന്റെ.
കുരുട്ടു ബുദ്ധി.
പഠിക്കാന്‍ വേണ്ടി കുറച്ചു ബുദ്ധിയുപയോഗിക്കൂ ഗുണമുണ്ടാവും ''.

അമ്മ വഴക്കു പറയുവാന്‍ തുടങ്ങിയപ്പോള്‍ അപ്പുക്കുട്ടന്‍ പുസ്തകമെടുത്തു പഠിക്കുവാന്‍ ആരംഭിച്ചു.
ഉച്ചത്തില്‍ വായിച്ചു കൊണ്ട്.
കേള്‍ക്കട്ടെ എല്ലാവരും കേള്‍ക്കട്ടെ.
ബിന്ദു............ കുശുമ്പി.........നീ കേള്‍ക്കടീ.
മറിയാമ്മ ടീച്ചറേ.........ഒറ്റുകാരി..........കേള്‍ക്കൂ.
അമ്മ സമാധാനിക്കട്ടെ..
പക്ഷേ ശ്രദ്ധ കിട്ടുന്നില്ല വായിക്കാന്‍.
എങ്ങനെ കിട്ടാനാ....
നേതാവിന്റെ പ്രസംഗം തകര്‍ക്കുകയല്ലേ.
വീട്ടിലെ തെങ്ങിലാണ് ഉച്ചഭാഷിണി വെച്ചിരിക്കുന്നത്. നാളെ പരീക്ഷയാണെന്നു അമ്മയ്ക്കറിയാവുന്നതല്ലേ. പിന്നെയെന്തിനാ അമ്മയിതൊക്കെ അനുവദിച്ചത്. അമ്മ അനുവദിച്ചില്ലേലും നേതാവ് പ്രസംഗിക്കും. ഉച്ചഭാഷിണി വെറെയാരുടെയെങ്കിലും തെങ്ങില്‍ കെട്ടിവെയ്ക്കുമെന്നേയുള്ളു.
നേതാവ് ഓരോരൊ ആനുകാലിക സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്.അങ്ങ് ചെക്കൊസ്ലോവാക്കിയയിലും,ഉഗാണ്ടയിലും എന്തുണ്ടായി എന്നു ആക്രോശിക്കുന്നു.
പൊതുജനം കഴുതകള്‍!
അവര്‍ക്കതിനൊന്നും ഉത്തരമറിയില്ല.
അപ്പുക്കുട്ടനും അറിയില്ല.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചോദിക്കാനറിയുന്നതുകൊണ്ടായിരിക്കാം നേതാവ് ഇന്നത്തെ നിലയിലെത്തിയത്.
ഈ നേതാവിന് ഇതിന്റെയൊക്കെ ഉത്തരമറിയാമോ? അപ്പുക്കുട്ടന്‍ ആലോചിച്ചു.
നേതാവിന്റെ പഠിത്തത്തിന്റെ കഥയൊക്കെ അപ്പുക്കുട്ടനറിയാം.
പണ്ട് നേതാവ് ഇന്നത്തെപ്പോലെ വലിയ ആളല്ല.ഒരു കുട്ടി നേതാവ്.അങ്ങ് ദൂരയുള്ള ഗവണ്മെന്റ് ഹൈസ്കൂളിലെ നേതാവ്.പഠിത്തത്തേക്കാള്‍ നേതാവിന് പ്രധാനം പഠിപ്പ് മുടക്കിലായിരുന്നു.സമരമുണ്ടാക്കാനും കല്ലെറിയാനും നേതാവ് എല്ലാവരുടെയും മുന്നിലുണ്ടാവും.അങ്ങനെ ഒരു സമരത്തില്‍ നേതാവ് ഹെഡ്മാസ്റ്ററെ മുറിക്കകത്തിട്ട് പൂട്ടിയിട്ടു.ടെലഫോണ്‍ വയര്‍ മുറിച്ചുകളയുകയും ചെയ്തു.പോലീസെത്തിയാണ് പാവം ഹെഡ്മാസ്റ്റ്റെ പുറത്തിറക്കിയത്.സമരം വന്‍ വിജയമായി.പക്ഷേ നേതാവ് അതോടെ സ്കൂളില്‍ നിന്നും പുറത്തായി.കുറേ നാളത്തേയ്ക്ക് നേതാവിന്റെ അച്ഛന്‍ നേതാവിനെ വീട്ടില്‍ നിന്നും പുറത്താക്കി.
നേതാവിന് സുഖം!
പഠിക്കാന്‍ പോകേണ്ട.
പിന്നീടുള്ള നേതാവിന്റെ ജീവിതം പാര്‍ട്ടി ഓഫീസ്സിലായി.ഊണും ഉറക്കവുമെല്ലാം അവിടെത്തന്നെയായി.അവിടെയുള്ള താമസം നേതാവിനെ നല്ലൊരു പ്രാസംഗികനാക്കി.ലോകത്തുള്ള എന്ത് വിഷയത്തെക്കുറിച്ചും പ്രസംഗിക്കാന്‍ ഇന്നു നേതാവിന് കഴിയും.പ്രസംഗിക്കുക എന്നു പറയുന്നതിനേക്കാള്‍ നല്ലത് ചോദ്യങ്ങള്‍ ചോദിക്കാനുള്ള കഴിവുണ്ടായി എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി.നേതാവിന്റെ പ്രസംഗത്തില്‍ കൂടുതലും ചോദ്യങ്ങളായിരിക്കും.ഉത്തരമില്ലാത്ത ചോദ്യങ്ങള്‍! ഒരു പക്ഷേ നേതാവിന് നേതാവിന്റെ ഗുരു പഠിപ്പിച്ചു കൊടുത്തതായിരിക്കണം ഈ വിദ്യ!
പണ്ട് സുമതിച്ചേച്ചിയുമായി നേതാവുണ്ടാക്കിയ വഴക്കിന്റെ കഥയും അപ്പുക്കുട്ടനറിയാം.
മടയാംതോട്ടില്‍ ബണ്ട് കെട്ടിക്കഴിഞ്ഞാല്‍ പിന്നെ നാട്ടിലുള്ള ആളുകളെല്ലാം കുളിക്കുന്നതവിടെയാണ്.നേതാവും അവിടെയാണു കുളിക്കുന്നത്.ഒരു ദിവസം നേതാവ് കുളിക്കുന്നതിനായ് മടയാംതോട്ടിലേയ്ക്ക് പോവുകയാണ്.വഴിയരുകിലാണ് ആ മഹാവൃക്ഷം നില്‍ക്കുന്നത്.നിറയെ മാമ്പഴവുമായി നില്‍ക്കുന്ന കാച്ചില്‍ കുറുപ്പിന്റെ മാവ്!നേതാവിനെന്നല്ല ആര്‍ക്കും അതു കണ്ടില്ലന്ന് നടിച്ച് പോകാനാവില്ല. അടുത്തുള്ള വേലിയില്‍ നിന്നും ഒരു പത്തലൊടിച്ച് നേതാവ് മാങ്ങ എറിഞ്ഞിട്ടു.
എന്തൊരു ധിക്കാരം!
എന്തൊരു ധൈര്യം!
കാച്ചില്‍ കുറുപ്പിന്റെ മാവില്‍ നിന്നും മാങ്ങ എറിഞ്ഞിടുവാന്‍ മാത്രം ഇവന്‍ വളര്‍ന്നുവോ? അതും പട്ടാപ്പകല്‍ എല്ലാവരുടെയും മുന്നില്‍ വെച്ച്.വിവരം കുറുപ്പ് ചേട്ടന്റെ വീട്ടിലറിഞ്ഞു.
കുറുപ്പു ചേട്ടനും കുടുംബവും പണ്ടെങ്ങോ തെക്കന്‍നാട്ടില്‍ നിന്നും അപ്പുക്കുട്ടന്റെ നാട്ടിലേയ്ക്ക് താമസത്തിനായി എത്തിയതാണ്.അജാനബാഹുവാണ് കുറുപ്പുചേട്ടന്‍.വയസ്സ് ഇപ്പോള്‍ എഴുപത് എഴുപത്തഞ്ചോളം വരും.എങ്കിലും കഠിനാദ്ധ്വാനത്തിനു ഒരു കുറവുമില്ല.തെങ്ങിന് തടമെടുക്കുവാന്‍ മക്കളേയോ മറ്റു വേലക്കാരെയോ കുറുപ്പു ചേട്ടന്‍ കൂട്ടാറില്ല.കുറുപ്പു ചേട്ടനും ഭാനുവമ്മയ്ക്കും മക്കള്‍ പന്ത്രണ്ടാണ്.എട്ടാണും,നാലു പെണ്ണും.അംഗസംഖ്യ കൂടുതലായതുകൊണ്ടു തന്നെ അവര്‍ക്ക് ഒരുകാര്യത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ട കാര്യവുമില്ലായിരുന്നു.മൂത്ത മകന്‍ അങ്ങു വടക്കെ ഇന്‍ഡ്യയിലെവിടെയോ ആണ്.പട്ടാളത്തില്‍.പട്ടാളക്കാരന്റെ പണമാണ് ആ കുടുംബത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും കാരണമായിട്ടുള്ളത്.കുറുപ്പു ചേട്ടന്‍ പട്ടാളക്കാരന്റെ പണമെല്ലാം നേരായ രീതിയില്‍ വിനിയോഗിച്ചു.നാട്ടില്‍ കുറെ അധികം സ്ഥലം വാങ്ങി.മറ്റു മക്കളെയെല്ലാം പഠിപ്പിച്ചു. പെണ്മക്കളെയെല്ലാം നല്ല നിലയില്‍ കെട്ടിച്ചു വിട്ടു.
കാച്ചില്‍ കുറുപ്പെന്നു പറഞ്ഞാലെ നാട്ടില്‍ കുറുപ്പ് ചേട്ടനെ അറിയുകയുള്ളു.പണ്ട് പട്ടിണിക്കാലത്ത് ജോലി കഴിഞ്ഞുവരുമ്പോള്‍ കുറുപ്പു ചേട്ടന്‍ കൊണ്ടുവരുന്ന ഒരു സധനമുണ്ടായിരുന്നു.
കാച്ചില്‍!
അതെ കാച്ചിലായിരുന്നു അന്നു ആ കുടുംബത്തിന്റെ പ്രധാന ആഹാരം.
കാച്ചിലില്ലായിരുന്നെങ്കില്‍ ഇത്രയും വലിയ ഒരു കുടുംബത്തെ പോറ്റുകയെന്നുള്ളത് കുറുപ്പ് ചേട്ടനെപ്പോലുള്ള ഒരു സാധാരണക്കാരനെക്കൊണ്ട് നടക്കുന്ന കാര്യവുമായിരുന്നില്ല. ആ കുടുംബത്തിനെതിരെ എന്ത് കാര്യമായിരുന്നാല്‍ പോലും ഒന്നു വിരലനക്കാന്‍ പോലും ആരും ധൈര്യപ്പെട്ടിരുന്നില്ല.എന്തുകൊണ്ടെന്നാല്‍ കുറുപ്പ് ചേട്ടനും ആണ്‍മക്കളും എന്തിനും പോന്നവരായിരുന്നു.പെണ്‍മക്കളും തീരെ മോശമല്ലായിരുന്നു.
അങ്ങനെയുള്ള കുറുപ്പ് ചേട്ടന്റെ മാവില്‍ നിന്നാണ് ഒരുത്തനിപ്പോള്‍ മാങ്ങ എറിഞ്ഞിട്ടിരിക്കുന്നത്.
അതാ വരുന്നു..........
സുമതിച്ചേച്ചി.
കാച്ചില്‍ കുറുപ്പിന്റെ മൂത്ത മകള്‍.
കൈയില്‍ ഒരു ഇരുമ്പ് വടിയുമുണ്ട്.
തൊണ്ട് തല്ലിക്കൊണ്ടിരുന്നപ്പോഴാണ് വിവരമറിഞ്ഞത്.നേരെ പോന്നു.മീശ മുളയ്ക്കാത്ത ഒരു പീറ പയ്യനെ നേരിടാന്‍ എന്തിനാണ് വീട്ടിലെ ആണുങ്ങള്‍!
ഉടുത്തിരുന്ന മുണ്ടും മടക്കിക്കുത്തി ഇരുമ്പ് വടിയുമായുള്ള ആ വരവ് കണ്ടാല്‍ സാധാരണക്കാരൊന്നും നില്‍ക്കത്തില്ല.
പക്ഷേ നേതാവിനോടു നടക്കുമോ വിരട്ടല്‍!
കേവലം മാങ്ങ എറിഞ്ഞു എന്ന കുറ്റത്തിന് ഓടാനോ ക്ഷമാപണം നടത്താനോ നേതാവ് തയ്യാറല്ലായിരുന്നു.
ഇരുമ്പ് വടിക്ക് പകരമായി ഒരു വേലിപ്പത്തല്‍ ചുവടോടെ നേതാവ് പറിച്ചെടുത്തു.പിന്നെ അവിടെ നടന്നത് ഒരു കസര്‍ത്ത് തന്നെയായിരുന്നു.ആരൊക്കെയോ കൂടി നേതാവിനെ പറഞ്ഞു വിട്ടു.' ഞാന്‍ വീണ്ടും വരും' എന്ന മുന്നറിയിപ്പോടുക്കൂടിയാണ് നേതാവ് പോയത്.
''വീണ്ടും നീ വന്നാല്‍ നിന്റെ കൈ ഞാന്‍ വെട്ടിയെടുക്കുമെടാ കഴുവേറീട മോനേ'' സുമതിച്ചേച്ചി.
കുറുപ്പും മറ്റു മക്കളുമെത്താന്‍ പിന്നെയും സമയമെടുത്തു.ഭാഗ്യം! അല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കാമായിരുന്നു.
ഈ സംഭവത്തിനു ശേഷം നേതാവ് വളരുകയായിരുന്നു.
തീപ്പൊരി പ്രസംഗങ്ങളിലൂടെ.
വലിയ ആളാവണമെങ്കില്‍ പഠിക്കണമെന്നൊന്നുമില്ല. അപ്പുക്കുട്ടന്‍ വിചാരിച്ചു.
''അമ്മേ,എന്തൊരു ഒച്ച. എനിക്ക് പഠിക്കാന്‍ പറ്റണില്ല.'' അപ്പുക്കുട്ടന്‍ വിളിച്ചു പറഞ്ഞു.
''ദേ, ഞാനങ്ങോട്ട് വന്നാലുണ്ടല്ലോ;മര്യാദയ്ക്കിരുന്ന് പഠിക്കാന്‍ നോക്ക്''
''പള്ളിക്കൂടത്തില്‍ പോയിട്ടുള്ളവരോട് പറഞ്ഞാലല്ലേ ഇതൊക്കെ മനസ്സിലാക്കാന്‍ പറ്റുള്ളു.അമ്മ പള്ളിക്കൂടത്തില്‍ പോയിട്ടില്ലല്ലോ.'' അപ്പുക്കുട്ടന്‍ പിറുപിറുത്തു.
എത്ര പഠിച്ചിട്ടാ നേതാവിന് നൂറുകണക്കിന് അനുയായികളുണ്ടായത്?
എത്ര പഠിച്ചിട്ടാ നേതാവിനെ ഒരു പ്രസ്ഥാനം അതിന്റെ അനിഷേധ്യ നേതാവാകിയത്?
എത്ര പഠിച്ചിട്ടാ നേതാവ് പഞ്ചായത്ത് പ്രസിഡന്റ് ആയത്?
അപ്പുക്കുട്ടന് ഒന്നും മനസ്സിലാവുന്നില്ല.
ഒന്ന്................രണ്ട്.........മൂന്ന്...........
വടക്കെപറമ്പില്‍ ബിന്ദുവും കൂട്ടരും സാറ്റു കളിക്കുകയാണ്.
നീ കളിച്ചോടീ മൂധേവി,നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്.അപ്പുക്കുട്ടന്‍ വായന തുടര്‍ന്നു.
നേതാവിന്റെ പ്രസംഗത്തെ തോല്‍പ്പിക്കുന്ന ശബ്ദത്തില്‍...

1 comments:

സാജന്‍| SAJAN said...

സതിശേ, നിങ്ങളുടെ നാട്ടിലൊരു പഞ്ചായത്ത് പ്രസിഡന്റിന് ഇന്‍ഡ്യന്‍ പ്രസിഡന്റ് അവാര്‍ഡ്കിട്ടിയെന്ന് അറിഞ്ഞല്ലോ, അതിനി ഈ മാന്യ ദേഹത്തിനു വല്ലതും ആണോ?
സംഗതിയുടെ പോക്ക് കണ്ടിട്ട് അങ്ങേര്‍ക്കത് കിട്ടുമെന്നാ തോന്നുന്നത്:)

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

Blog Archive

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP