മൂര്‍ഖന്‍ നക്കി
Monday, December 18, 2006
അപ്പുക്കുട്ടനെ മൂര്‍ഖന്‍ നക്കി! അഞ്ചുകണ്ണന്‍ പുലി വിളിച്ചു കൂവി.
വാര്‍ത്ത കാട്ടുതീ പോലെയാണ് പടര്‍ന്നത്.
കേട്ടവര്‍ കേട്ടവര്‍ ഞെട്ടി.
പലരും പരസ്പരം ചോദിച്ചു. ''എവിടെ വെച്ചാണ്, എങ്ങനെയാണ് സംഭവിച്ചത്?''
''പടിഞ്ഞാറു വീട്ടില്‍ കളിക്കാന്‍ പോയതാ അപ്പുക്കുട്ടന്‍.'' അഞ്ചുകണ്ണന്‍പുലി അറിയിച്ചു.
അയ്യപ്പനപ്പൂപ്പന്‍ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.''മണ്ടന്മാരേ, ആരേയെങ്കിലും മൂര്‍ഖന്‍ നക്കുമോ...? മൂര്‍ഖന്‍ കടിച്ചു, കൊത്തി എന്നൊക്കെയല്ലേ പറയണത്. എന്റെ എണ്‍പതു വയസ്സിനിടെ ആദ്യായിട്ടാ ഇങ്ങനെയൊരു സംഭവം കേക്കണത്.''
''അപ്പുക്കുട്ടന്‍ രാവിലെ പടിഞ്ഞാറേ വീട്ടിലേക്കാണെന്നും പറഞ്ഞു പോകണത് ഞാന്‍ കണ്ടതാ'' നാണു പറഞ്ഞു തുടങ്ങി. ''അവന്റെ സ്വഭാവത്തിന് എന്തും സംഭവിക്കാം. കണ്ട കുറ്റിക്കാട്ടിലൊക്കെ കേറി നടക്കലല്ലേ അവന്റെ പണി. പൊന്മാന്റെ മൊട്ടയെടുക്കാന്‍ ഇന്നാളൊരുനാള്‍ കുളക്കരയിലെ പൊത്തില്‍ കൈയ്യിടണതു ഞാന്‍ കണ്ടതാ. ഇനി അങ്ങനെ വല്ലതും പയ്യന്‍സ് ചെയ്തു കാണുമോ?''
അപ്പുക്കുട്ടന്‍ പടിഞ്ഞാറേവീട്ടിലേക്കെന്നു പറഞ്ഞു പോകുന്നത് കണ്ടവര്‍ പലരുണ്ട്. പലരും പടിഞ്ഞാറേ വീട്ടിലേക്കു ഓടി. കേട്ടവര്‍ കേട്ടവര്‍ കൂടെയോടി.
പലപ്പോഴും അവധി ദിവസങ്ങളില്‍ അപ്പുക്കുട്ടന്‍ പടിഞ്ഞാറ് വീട്ടില്‍ പോകാറുണ്ട്. പടിഞ്ഞാറേ വീടെന്ന് പറഞ്ഞാല്‍ അപ്പുക്കുട്ടന്റെ അച്ഛന്റെ വീട്. അവിടെയാണ് അപ്പുക്കുട്ടന്റെ അമ്മൂമ്മ താമസിക്കുന്നത്.അപ്പുക്കുട്ടന്റെ വീട്ടില്‍ നിന്നു 10 മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു അവിടേക്ക്. അമ്മൂമ്മ ഒറ്റയ്ക്കല്ല അവിടെ താമസിക്കുന്നത്. അപ്പുക്കുട്ടന്റെ അപ്പൂപ്പനും ചിറ്റപ്പന്മാരുമെല്ലാം അവിടെയുണ്ട്.
വാസുചിറ്റനു കയര്‍ഫക്ടറിയുണ്ട്. ചിറ്റനും കൂട്ടരും കയര്‍തടുക്കുകളുണ്ടാക്കുന്നത് അപ്പുക്കുട്ടന്‍ നോക്കി നില്‍കാറുണ്ട്. ചകിരി അടിച്ചു കൊടുക്കുക, പാവോടി കൊടുക്കുക, കയര്‍ തിരിഞ്ഞു കൊടുക്കുക തുടങ്ങി ചെറിയ ചെറിയ സഹായങ്ങളും ചെയ്തു കൊടുക്കാറുണ്ട്.
അമ്മൂമ്മ അപ്പുക്കുട്ടനെ കണ്ടാലുടനെ പറയും.''അപ്പുമോനെ,നീയാ മാവേലോട്ടൊന്നു കേറിയേ.കശുവണ്ടിയെല്ലാം പിള്ളേരു കൊണ്ടുപോകയാ.ആ അഞ്ചുകണ്ണന്‍പുലിയെക്കൊണ്ടു സഹിക്കവയ്യാതായി.അവനും കുറേ പിള്ളേരും കൂടി എല്ലാം പറിച്ചുകൊണ്ടു പോകയാണ്.''
അപ്പുക്കുട്ടനു വളരെ സന്തോഷമുള്ള കാര്യമാണ് മാവില്‍ കയറ്റം.മാവുകളൊന്നൊന്നായി അപ്പുക്കുട്ടന്‍ കയറിത്തീര്‍ക്കും.കശുവണ്ടികള്‍ ഒന്നും അവശേഷിപ്പിക്കില്ല. അടുത്തയാഴ്ച താന്‍ വരുന്നതുവരെ അഞ്ചുകണ്ണന്‍ പുലിയുടെ വേട്ട നടക്കരുത്.മാവില്‍ കയറി തളര്‍ന്ന് വരുന്ന അപ്പുക്കുട്ടനുവേണ്ടി അമ്മൂമ്മ പ്രത്യേകമായി മീന്‍കറിച്ചട്ടിയില്‍ ചോറിട്ട് വച്ചിട്ടുണ്ടായിരിക്കും.കറിച്ചട്ടിയിലെ ചോറുമുണ്ട് അപ്പുക്കുട്ടന്‍ വരുന്ന ഒരു വരവുണ്ട്.മുഖമാകെ കരിയുമായി.
അതുകണ്ടു വിലാസിനി ചിറ്റ പറയും.''അപ്പുക്കുട്ടാ, കറിച്ചട്ടിയില്‍ ചോറുണ്ടാല്‍ നെനക്ക് മീശ കിളിക്കില്ല.മീശയില്ലത്തവര്‍ക്ക് പെണ്ണുകിട്ടില്ല.നിനക്കറിയോ?''
''ഒന്നു പോ ചിറ്റേ'',അപ്പുക്കുട്ടന്‍ കൈകൊണ്ട് കരി മായ്ക്കാന്‍ ശ്രമിച്ച് കൊണ്ട് നാണത്തോടെ പറയും.പിന്നെ ബട്ടണില്ലാത്ത നിക്കര്‍ ഒന്ന് മുറുക്കി ഉടുത്തുകൊണ്ട് തോട്ടിന്‍കരയിലേയ്ക്കോടും.അവിടെ അവനെ കാത്ത് കൂട്ടുകാരുണ്ടാവും.പ്രധാന പണി തോട്ടിങ്കരയിലെ മണല്‍കൂനയില്‍ നിന്നും താഴോട്ട് ഉരുളുകയെന്നതാണ്. അപ്പുക്കുട്ടനും കൂട്ടരും മല്‍സരിച്ചാണ് തഴോട്ട് ഉരുളുന്നത്.ദേഹമാസകലം മണലാകും.നിക്കറിന്റകവും,തലയിലുമെല്ലാം.പക്ഷേ അപ്പുക്കുട്ടന് അതൊന്നും പ്രശ്നമല്ല. അമ്മൂമ്മ വഴക്ക് പറയില്ലന്ന് അപ്പുക്കുട്ടനറിയാം.അതിനാണല്ലോ അമ്മൂമ്മയ്ക്കുള്ള പണിയൊക്കെ ആദ്യമേ ചെയ്തു കൊടുത്തത്.അമ്മൂമ്മയെ കൈയിലെടുക്കാനുള്ള പണികള്‍ ഇനിയും അപ്പുക്കുട്ടനറിയാം.മുറുക്കാനിടിച്ചു കൊടുത്താല്‍ മതി.വെറ്റിലയും,പാക്കും.പൊകലയുമെല്ലാം കൂടി ഇടിച്ച് പൊടിപോലെയാക്കി അമ്മൂമ്മയുടെ വായില്‍ വെച്ച് കൊടുത്താല്‍ മതി.
അമ്മൂമ്മ പറയും.''അപ്പുക്കുട്ടാ,നീയാണെടാ എന്റെ കൊച്ചു മോന്‍. നെനക്ക് ഞാന്‍ അടുത്ത ഉല്‍സവത്തിന് ഒരു വലിയ ബലൂണ്‍ വാങ്ങി തരണുണ്ട്.''
''ബലൂണ്‍ മാത്രം പോരാ.കാറും വേണം.''
ആ... ശരി ശരി.അമ്മൂമ്മ തലയാട്ടും.
''പിന്നേ, ഈ വേഷത്തില്‍ നീ വീട്ടിലോട്ട് ചെന്നാല്‍ നെന്റെ അമ്മ എന്നെ ശരിയാക്കും.കുളിച്ചിട്ട് പോയാല്‍ മതി.''അമ്മൂമ്മ അപ്പുക്കുട്ടനെ തേച്ചു കുളിപ്പിച്ചിട്ടേ വിടുകയുള്ളു.
സ്ഥിരം നടക്കുന്ന പരിപാടികളില്‍ നിന്നും ഒരു മാറ്റം ഇത്തവണത്തെ അപ്പുക്കുട്ടന്റെ വരവിലുണ്ടായി. ഇത്തവണ അപ്പുക്കുട്ടനു മണല്‍കൂനയില്‍ നിന്നും ഉരുളാന്‍ കൂട്ടുകാരാരുമില്ലായിരുന്നു.അതുകൊണ്ട് അപ്പുക്കുട്ടന്‍ തന്റെ കളി വീടിന് മുന്‍വശമുള്ള ചെളിവെള്ളം കെട്ടിക്കിടക്കുന്ന പാടത്തിലോട്ടാക്കി.പാടത്തിലെ വെള്ളത്തിലെ മീനുകളോട് വര്‍ത്തമാനം പറയാന്‍ അപ്പുക്കുട്ടന് വലിയ ഉല്‍സാഹമാണ് അപ്പുക്കുട്ടനും മീനുകളുമായുള്ള സംസാരംകേള്‍ക്കുവാന്‍ മറ്റുള്ളവര്‍ക്കും താല്‍പ്പര്യമാണ്.തടുക്ക് നെയ്യുന്നതിനിടയില്‍ ചാപ്രയിലുള്ളവരുടെ ശ്രദ്ധ അപ്പുക്കുട്ടനും മീനുകളുമായുള്ള സംസാരത്തിലായിരിക്കും.
അപ്പുക്കുട്ടന്‍ മീനുകളോട് രഹസ്യം പറയും.തന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ നില്‍ക്കാത്ത മീനുകളെ അപ്പുക്കുട്ടന്‍ ശാസിക്കും.ഇടയ്ക്കിടെ കാലു വെള്ളത്തിലിട്ടടിച്ച് വെള്ളം തെറിപ്പിക്കും.
''അപ്പുക്കുട്ടാ,നിന്റെ മേലാകെ ചെളിയാവും.ചെളി വെള്ളത്തില്‍ കളിച്ചാല്‍ നിന്റെ കാലില്‍ വളംകടിയുണ്ടാവും.ഇങ്ങ് കേറിപ്പോരൂ നീ.'' വിലാസിനി ചിറ്റ ചകിരിയടിക്കുന്നതിനിടയില്‍ വിളിച്ചു പറഞ്ഞു.
''ഇച്ചിരി നേരം കൂടി കളിച്ചോട്ടെ ചിറ്റേ. ഞാന്‍ വന്ന് നല്ലോണം കുളിച്ചോളാം.'' അപ്പുക്കുട്ടന്‍ പറഞ്ഞു.എന്നിട്ട് കളി തുടര്‍ന്നുകൊണ്ടേയിരുന്നു.
പെട്ടെന്നു അവന്റെ കാലില്‍ എന്തോ തടഞ്ഞു.നീണ്ട വഴുവഴുപ്പുള്ള എന്തോ ഒന്ന്.വെള്ളത്തിലായതുകൊണ്ട് ഒന്നും വ്യക്തമായി കാണുവാന്‍ പറ്റുന്നില്ല.എങ്കിലും തന്റെ കാലില്‍ തട്ടുവാന്‍ ധൈര്യമുണ്ടായ ഒരുത്തനേയും അങ്ങനെ വെറുതെ വിടുവാന്‍ പറ്റില്ല.തന്റെ കൈയിലിരുന്ന വടികൊണ്ട് അപ്പുക്കുട്ടന്‍ വെള്ളത്തിലിട്ടടിക്കാന്‍ തുടങ്ങി.
''ആ ങ്ങ് ഹാ... നീ കളിച്ച് കളിച്ച് കളി അപ്പുക്കുട്ടനോടാക്കിയോ?നിന്നെ ഇന്നു ഞാന്‍ ശരിയാക്കും.''അപ്പുക്കുട്ടന്‍ നിര്‍ത്താതെ വെള്ളത്തിലിട്ടടിച്ചുകൊണ്ടിരിക്കുകയാണ്.
''എന്താ അപ്പുക്കുട്ടാ അവിടെയൊരു ബഹളം? വിലാസിനിചിറ്റ വിളിച്ച് ചോദിച്ചു.
''അതോ, ചിറ്റേ... ഇവിടെയൊരു മൂര്‍ഖന്‍! അവന്‍ അപ്പുക്കുട്ടനോടാ കളിക്കുന്നേ.അവനെന്റെ കാലിലിട്ട് നക്കിയിരിക്കുന്നു.അവനെ ഇന്നു ഞാന്‍ ശരിയാക്കും.''
''എന്താ മോനേ നീയീപ്പറയണത്? ഇങ്ങോട്ട് കേറിപ്പോരൂ നീ.വെളളത്തില്‍ മൂര്‍ഖനൊന്നും കിടക്കില്ല.നിനക്ക് തോന്നിയതായിരിക്കും.''
''ചിറ്റ പറയണതുകൊണ്ട് ഞാന്‍ പോന്നേക്കാം അല്ലെങ്കില്‍ ഞാനവന്റെ എല്ലൂരിയേനെ.''അപ്പുക്കുട്ടന്‍ ഗമയില്‍ ചാപ്രയിലോട്ട് നടന്നു.
ചിറ്റ ഓടിവന്ന് അപ്പുക്കുട്ടന്റെ കാലൊക്കെ പരിശോധിച്ചു.''നിന്റെ കാലില്‍ കടികൊണ്ടതിന്റെ പാടൊന്നുമില്ലല്ലോ?നിനക്ക് തോന്നിയതാ.''
''അതേ. ചിറ്റേ അവനെന്നെ കടിച്ചോന്നുമില്ല.നക്കിയതു മാത്രേള്ളു.അതുകൊണ്ടാ പാടൊന്നുമില്ലാത്തത്.''
ഈ സംഭാഷണവും കേട്ടുകൊണ്ടാണ് അഞ്ചുകണ്ണന്‍പുലി പറ പറന്നത്.അപ്പുക്കുട്ടനെ മൂര്‍ഖന്‍ നക്കിയ വാര്‍ത്ത നാട്ടുകാരെ മുഴുവന്‍ അറിയിക്കാന്‍!
''നീ കൈയും കാലും കഴുകിയിട്ട് അവിടിരി.എല്ലാം നിനക്കു തോന്നിയതാ.''ചിറ്റ ഉറപ്പിച്ച് പറഞ്ഞു.
''പിന്നേ,എന്റെ കൂടെ വാ. ഞാനവനെ കാണിച്ച് തരാം.നിങ്ങക്ക് പേടിയാണേ അതുപറ.'' അപ്പുക്കുട്ടന്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു.മൂര്‍ഖനോട് പകരം വീട്ടാനും സമ്മതിച്ചില്ല.ഇപ്പോളിതാ കുറ്റവും പറയുന്നു.
ആള്‍ക്കരെല്ലാം എത്തിച്ചേരുമ്പോള്‍ ചിറ്റയും മോനുമയിട്ടുള്ള വാക്കുതര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ്.
നാണു സന്ധി സംഭാഷണത്തിനായെത്തി.
''ഏതായാലും അപ്പുക്കുട്ടന്‍ പറയണത് ശരിയാണോയെന്ന് നമ്മക്കൊന്ന് നോക്കണേതിനെന്താ പ്രശ്നം!വാ.. എല്ലാരും വാ..''
മൂര്‍ഖനെ തേടി പാടത്തിലേയ്ക്ക്.
അപ്പുക്കുട്ടന്‍ മുന്നേ,തൊട്ടു പിറകേ അഞ്ചുകണ്ണന്‍പുലി.അതിനു പിറകില്‍ ബാക്കിയുള്ളവര്‍.
അപ്പുക്കുട്ടന്‍ വെള്ളത്തിലോട്ടിറങ്ങി നിന്ന് കൈ കൊണ്ട് ചൂണ്ടിക്കാണിച്ചു. ''ദാ...ദിവിടെ.''
പത്ത് പേരുടെ മുന്നില്‍ വെച്ച് ആളാകാന്‍ പറ്റുന്ന ഒരവസരവും അഞ്ചുകണ്ണന്‍ പുലി കളയാറില്ല. അവന്‍ കൈകൊണ്ട് വെള്ളത്തില്‍ തപ്പി നോക്കുകയാണ്.
പെട്ടെന്ന് കൈ പിന്നോട്ട് വലിച്ചു.എന്നിട്ട് പറഞ്ഞു.''ഇവിടെ എന്തോ ഉണ്ട്.''
''കണ്ടാ. ഞാന്‍ പറഞ്ഞില്ലേ.'' അപ്പുക്കുട്ടന്‍ നിവര്‍ന്നു നിന്നു.
''നീ ധൈര്യമായിട്ട് പിടിക്ക് അഞ്ചുകണ്ണാ.'' നാണു പറഞ്ഞു.
അഞ്ചുകണ്ണന്‍പുലി ഇരട്ടി ധൈര്യത്തോടെ വീണ്ടും വെള്ളത്തില്‍ കൈയിട്ടു.കണ്ണടച്ചുകൊണ്ട് അപ്പുക്കുട്ടന്റെ മൂര്‍ഖനെ പൊക്കിയെടുത്തു.
'വെള്ളത്തില്‍ കിടന്നഴുകിയ ഒരു ഓലത്തണ്ട്!'
കണ്ട് നിന്നവര്‍ ആര്‍ത്ത് ചിരിച്ചു.
''എന്നെ നക്കിയ മൂര്‍ഖന്‍ ഇതല്ല.'' അപ്പുക്കുട്ടന്‍ പറയുന്നുണ്ടായിരുന്നു.പക്ഷേ ബഹളത്തില്‍ ആരും അതു കേട്ടില്ല.
(ഈ സംഭവത്തിനു ശേഷം അഞ്ചുകണ്ണന്‍പുലിയും കൂട്ടരും അപ്പുക്കുട്ടനൊരു വിളിപ്പേരു കനിഞ്ഞു നല്‍കി ''മൂര്‍ഖന്‍ നക്കി'')
----
This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor
----
3 comments:
അപ്പുക്കുട്ടനെ മൂര്‍ഖന്‍ നക്കി!
നിങ്ങള്‍ ആരും അറിഞ്ഞില്ലേ കൂട്ടരേ...
നന്നായി.വെള്ളത്തില് കളിച്ച് ,പാമ്പിന്റെ മാളത്തില്‍ കൈയിട്ട് നടന്ന എന്റെ കസിന്‍ കുട്ടനെ ഓര്‍ത്തു പോയി.
പീലിക്കുട്ടി,
കസിന്‍ കുട്ടനെ ഓര്‍മ്മിപ്പിക്കാന്‍ എന്റെ കഥയ്ക്കായി എന്നു അറിഞ്ഞതില്‍ വളരെ സന്തോഷം
Post a Comment