Followers

ആഞ്ഞു പിടിച്ചാൽ... വേണ്ട സാവധാനമായാലും മതി.

Wednesday, December 31, 2014

കുഞ്ഞൂസിന്റെ ഒരു പോസ്റ്റ് കണ്ടപ്പോൾ എഴുതണമെന്ന് തോന്നിയതാണ്‌. പഴയ കാല ബ്ളോഗിലേയ്ക്ക് ആ പോസ്റ്റ് കുറച്ച് നേരത്തേക്കെങ്കിലും എന്നെ കൊണ്ടുപോയി.
അന്നത്തെ ആ ബ്ലോഗർമാർക്കൊക്കെ എന്തു പറ്റി?
അവരൊക്കെ എന്നെന്നേക്കുമായി എഴുത്ത് നിർത്തിയോ?
അതോ മറ്റേതെങ്കിലും പേരിൽ ഇപ്പോഴും ബൂലോകത്ത് ചുറ്റിയടിക്കുന്നുണ്ടോ?
വേറെയേതെങ്കിലും സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപൃതരാണോ? അങ്ങനെ കുറച്ച് സംശയങ്ങൾ വെറുതേ മനസ്സിലോട്ടു വന്നു.

കുറച്ചുപേരുടെ പേരുകൾ പെട്ടെന്ന് മനസ്സിലേയ്ക്ക് ഓടിവന്നു. അഗ്രജൻ, ദേവേട്ടൻ, അനോണി മാഷ്, ഇത്തിരിവെട്ടം, ഇടിവാൾ,സുൽ,സു, ബിരിയാണിക്കുട്ടി,ഇട്ടി, ത്രേസ്യാക്കൊച്ച്Inji Pennu
അപ്പു, G മനു, തമനു(തലതിരിഞ്ഞവൻ), സാജൻ, ശ്രീ, കുട്ടന്മേനോൻ, വിശാലൻ, ഇഞ്ചി,കുട്ടിച്ചാത്തൻ,ദിൽബാസുരൻ, ഇക്കാസ്, സാൻഡോസ്,പച്ചാളം, കൈപ്പള്ളി, ചിത്രകാരൻ, വിചാരം, ശ്രീജിത്ത്, പോൾ ചേട്ടൻ,  ഞാൻ(ഇപ്പോഴത്തെ  പ്ലസ്സിലെ ഞാൻ അല്ല), വല്യമ്മായിതറവാടി, ദിവാസ്വപ്നം, വേണുവേട്ടൻ, മഴത്തുള്ളി, അഭിലാഷങ്ങൾ, ഏറനാടൻ, അരീക്കോടൻകുറുമാൻ, നിരക്ഷരൻ, സുന്ദരൻ,  ...അങ്ങനെ ലിസ്റ്റ് നീണ്ടുപോകുന്നു.
ബ്ലോഗിൽ സജീവമായ് നിലനിന്നവർ...ചിലർ ഇപ്പോഴുമുണ്ട് എന്നുള്ളത് സന്തോഷം തരുന്നു.
എഴുതുന്നതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ്‌ എഴുത്തിനെ പ്രോൽസാഹിപ്പിക്കുകയെന്നതെന്നതും.  കമന്റുകൾ അതിനേറെ സഹായിക്കുന്നു. സഹായിച്ചിട്ടുണ്ട്.
ദിൽബന്റേയും ,അഭിലാഷിന്റെയും കമന്റുകൾ എപ്പോഴും വ്യത്യസ്തമായി നിലനിന്നുപോന്നു. ഒരു പക്ഷേ അതിപ്പോഴും വേറിട്ടു നിൽക്കുന്നു!!!(എന്റെ ചില പോസ്റ്റുകളിലെ കമന്റുകൾ ഉദാഹരണം)

പഴയ ബ്ളോഗർമാർ മുൻധാര ബ്ളോഗ്ഗിങ്ങിൽ നിന്നു മാറി നിൽക്കുമ്പോഴും മലയാളം ബ്ലോഗ് സജീവമാണ്‌.
ഒരുകൂട്ടം നല്ല എഴുത്തുകാർ ഇപ്പോഴുമുണ്ട്. അവരെ പ്രോൽസാഹിപ്പിക്കുന്ന, ബ്ലോഗുകളൊന്നും വിട്ടുകളയാതെ, ബ്ലോഗുകളിൽ നിന്നും ബ്ലോഗുകളിലേയ്ക്ക് വായന തുടർന്നു കൊണ്ടിരിക്കുന്ന ഒരു കൂട്ടം നല്ല വായനക്കാരും എഴുത്തുകാരും ഇപ്പോഴുമുണ്ട്.അജിത്കുമാർ, തങ്കപ്പേട്ടൻ, ഫൈസൽ ബാബു തുടങ്ങിയവർ ഉത്തമോദാഹരണങ്ങൾ.
പണ്ട് ശ്രീ കയറാത്ത, വായിക്കാത്ത, കമന്റാത്ത ബ്ലോഗുകൾ വളരെ ചുരുക്കമായിരുന്നു. ഇന്ന് അജിത്തേട്ടന്റെ കമന്റുകളില്ലാത്ത ബ്ളോഗ് പോസ്റ്റുകളില്ലായെന്നു തന്നെ പറയാം.
പുതിയ ബ്ലോഗേഴ്സിനെ പ്രോൽസാഹിപ്പിച്ചു കൊണ്ട് ശ്രീജിത്തിനെപ്പോലുള്ളവർ ചെയ്തിരുന്നതോ, ഒരു പക്ഷേ അതിനേക്കാളുമേറെയോ ഇന്ന് ഫൈസൽ ബാബുവിനെപ്പോലുള്ളവർ ചെയ്തുവരുന്നു.

നിലവാരമുള്ള എഴുത്തുകാർ ധാരാളമുണ്ടായിട്ടുണ്ട്‌. ഇപ്പോഴുമുണ്ട്‌. റോസിലി ജോയ്‌, എച്ച്മുക്കുട്ടി, പട്ടേപ്പാടം റാംജി, അറങ്ങോട്ടുകര മുഹമ്മദ്‌ എന്നുള്ളവർ ചിലപേരുകൾ മാത്രം.

പറഞ്ഞു പറഞ്ഞ് നീണ്ടുപോകുന്നു. ചുരുക്കട്ടെ...പഴയ ബ്ളോഗേഴ്സ് പുതിയ ബ്ലോഗേഴ്സ് എന്നുള്ളതല്ല പ്രശ്നം. എഴുത്തിന്റെ അസ്ക്യത ഉള്ളവർ അത് ഇല്ലാണ്ടാക്കരുത്.
സുല്ലിന്റെ തേങ്ങാകൾ വീണ്ടും ഉടയട്ടെ. അഗ്രജന്റെ ആഴ്ചക്കുറിപ്പുകൾ ഇനിയുമുണ്ടാവട്ടെ.
നഷ്ടമാകുന്നത് മലയാളത്തിനാണ്‌. മലയാളം ബ്ളോഗിനാണ്‌.

ഒന്നാഞ്ഞു പിടിച്ചാൽ...വേണ്ട പതുക്കെ ആയാലും മതി. എന്തെങ്കിലുമൊക്കെ എഴുതൂ പ്ലീസ്...


പലരുടേയും പേരുകൾ വിട്ടുപോയിട്ടുണ്ടാകാം. മന:പൂർവമല്ല. അറിവില്ലായ്മയാണ്‌. പൊറുക്കുക.
അപ്പോ പറഞ്ഞ പോലെ. എല്ലാർക്കും എല്ലാം തികഞ്ഞ ഒരു 2015 ഉണ്ടാകട്ടെ.
സസ്നേഹം
സതീശൻ.

(ഏറേക്കാലം ബ്ലോഗിൽ നിന്നും വിട്ടു നിന്ന എന്നെ കുത്തിപ്പൊക്കിയ ഗൗരീനാഥന്‌ നന്ദി)

Read more...

ഹമീസ്

Friday, December 26, 2014

ഈജിപ്റ്റ് ജീവിതത്തിന്റെ മറ്റൊരു ഏട്...
 2013 ൽ ഇവിടെ വിപ്ലവം പൊടിപിടിക്കുന്ന സമയം.
ഹമീസ്. ഞങ്ങളുടെ ഡ്രൈവറായിരുന്നു. കഷണ്ടിത്തലയനായിരുന്ന ഒരു മദ്ധ്യവയസ്കൻ. രാവിലേയും വൈകുന്നേരവും ഞങ്ങൾ കുറച്ച് ഇന്ത്യാക്കാരെ പെറുക്കിക്കൂട്ടി വണ്ടിയിലിട്ട്; കമ്പനിയിലോട്ടും തിരിച്ചും ഹമീസ് ഓടിക്കൊണ്ടിരുന്നു. ഏകദേശം ഏഴെട്ടു മാസം.
2013 ജൂൺ.
ഇവിടെ ഒരു അവധി ദിവസം. ഞങ്ങൾ എല്ലാവരും കൂടി ഹമീസിനെ ചട്ടം കെട്ടി ഫാമിലി സഹിതം ‘ഫയൂം’ സന്ദർശിക്കാൻ തീരുമാനിച്ചു. ‘ഫയൂം’, ഈജിപ്റ്റിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലങ്ങളിലൊന്നാണ്‌. കാണാൻ പറ്റുന്ന കുറെ സ്ഥലങ്ങളും, പൂന്തോട്ടങ്ങളും, വെള്ളച്ചാട്ടവും, പോരാത്തതിന്‌ മനോഹരമായ ഒരു വലിയ തടാകവും എല്ലാം അവിടെയുണ്ടന്നുള്ള അറിവ് ഞങ്ങൾക്ക് ഹരം നൽകി.

ഞങ്ങൾക്ക് കിട്ടിയ അറിവ് ഞങ്ങൾ ഹമീസിന്‌ പകർന്ന് നൽകി. അറബിയിൽ!( ഹമീസിന്‌ അറബിയേ അറിയൂ.)
“മെഷീ, മെഷീ” ഹമീസ് റെഡി. ഞങ്ങളും റെഡി രാവിലെ 7 മണിക്ക്.
അങ്ങനെ ആ യാത്ര തുടങ്ങി.
ഇടയ്ക്ക് ‘റിഹാബ്’ സിറ്റിയിൽ നിന്നും മറ്റൊരു സുഹൃത്തും ഫാമിലിയും കൂടി കയറാനുണ്ടായിരുന്നു. ഹമീസിനോട് ആ സ്ഥലം അറിയാമോയെന്ന് ചോദിച്ചു.
‘നമ്മുക്ക് ചോദിച്ച് ചോദിച്ച് പോകാ’മെന്ന് മറുപടി. ഓക്കെ. ഡൺ. വണ്ടി വിട്ടു.
കുറെ കഴിഞ്ഞിട്ടും വണ്ടി റിഹാബിലെത്തുന്നില്ലന്ന് കണ്ട് ഹമീസിനോട് ചോദിച്ചു.
“റിഹാബ്?”
“മെഷീ, മെഷീ” ഹമീസ് വഴിയരുകിൽ വണ്ടി നിർത്തി. പിന്നെ അവിടെ കാണുന്നവരോടെല്ല്ലാം റിഹാബിലേയ്ക്കുള്ള വഴി ചോദിക്കാൻ തുടങ്ങി. അവസാനം ചോദ്യവും ഉത്തരവുമൊക്കെ ഒരു പരുവത്തിലാക്കി ഹമീസ് വണ്ടി വന്ന വഴിയേ തിരിച്ചുവിട്ടു. ഏകദേശം 30 കിലോമീറ്റർ തിരിച്ച് വന്ന് സുഹൃത്തിനേയും കുടുംബത്തേയും വണ്ടിയിൽ കയറ്റുമ്പോൾ സമയം 8 മണി.
ഇനി ഏകദേശം 2 മണിക്കൂർ യാത്രയുണ്ട് ഫയൂമിലേയ്ക്ക്...
ഫയൂം മരുഭൂമിയുടെ മനോഹാരിതയൊക്കെ കണ്ട് ഞങ്ങളിരുന്നു. മരുഭൂമിയല്ലേ... വഴി ചോദിക്കാൻ ഒരു പൂച്ച പോലുമില്ല. ഹമീസ് വണ്ടി പറപ്പിച്ചുകൊണ്ടിരുന്നു. ഗൂഗിൾ മാപ്പൊക്കെ നോക്കി ഞങ്ങളും...ഇനിയുമൊരു തെറ്റു വരരുത്.
ഇടയ്ക്കിടയ്ക്ക് ഫയൂമിലേയ്ക്കുള്ള ബോർഡൊക്കെ കണ്ടു തുടങ്ങി. ഗൂഗിളും വഴി ശരിയാണന്ന് പറഞ്ഞുകൊണ്ടിരുന്നു.
2 മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കഴിഞ്ഞപ്പോൾ ഹമീസിനോട് ഞങ്ങൾ പറയാൻ തുടങ്ങി, വഴി ചോദിക്കാൻ.
‘മെഷീ, മെഷി.’ പതിവ് പല്ലവി!
വണ്ടിയുടെ വേഗതയിൽ ഒരു മിന്നായം പോലെ വലതു വശത്ത് fayoum lake എന്ന ബോർഡ് ഞങ്ങൾ കണ്ടു.
അറിയാവുന്ന അറബിയിലൊക്കെ ഹമീസിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ കേൾക്കാൻ? പുള്ളി ‘മെഷി, മെഷി’ പറഞ്ഞ് വണ്ടി പറപ്പിച്ചു.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വല്ലതുമാണോയെന്ന സംശയം ചിലരൊക്കെ പ്രകടിപ്പിച്ച് തുടങ്ങി. ഏതായാലും വരുന്നിടത്ത് വെച്ച് കാണമെന്ന് വിചാരിച്ച് ഞങ്ങളിരുന്നു.
ഓടി മടുത്ത് കഴിഞ്ഞ് ഹമീസ് വണ്ടി ഒരിടത്ത് നിർത്തി വഴിചോദിച്ചു.
‘മടിയൻ മല ചുമക്കും’ 80 കിലോമീറ്റർ പുറകോട്ട് ഓടേണ്ടി വന്നു.  10 മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ ഫയൂം ലേക്കിലെത്തിയപ്പോൾ സമയം ഏകദേശം 12 മണി!
കുറച്ചുനേരം അവിടെയൊക്കെ കറങ്ങി തിരിഞ്ഞ്, ആഹാരമൊക്കെ കഴിച്ച് അടുത്ത സ്ഥലത്തേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. വെള്ളച്ചാട്ടവും, പൂന്തോട്ടങ്ങളുമൊക്കെ ഏകദേശം 50 കിലോമീറ്റർ അപ്പുറമാണ്‌!
ഹമീസ് ‘മെഷി, മെഷി’ പറഞ്ഞു.
ഇയാള്‌ ‘മെഷി’ പറഞ്ഞാൽ നല്ലോണം ചോദിച്ചിട്ടേ പോകാവൂ എന്ന് ചിലരൊക്കെ മുന്നറിയിപ്പ് തന്നു.
ഹമീസിനെകൊണ്ട് നിർബന്ധിപ്പിച്ച് വഴി ചോദിപ്പിച്ചു. അപ്പോഴാണത് മനസ്സിലായത്... പോകേണ്ട സ്ഥലത്തേയ്ക്കുള്ള റോഡ് വളരെ മോശം...വിജനമായ സ്ഥലത്തൂടെയുള്ള യാത്ര. ഹമീസ് പിന്മാറി. ഞങ്ങളും ഹമീസിനെ വെച്ചുള്ള ഒരു പരീക്ഷണത്തിനുകൂടിയുള്ള മാനസികാവസ്ഥയിലല്ലായിരുന്നു.
അങ്ങനെ ലക്ഷ്യത്തിലെത്താത്ത ആ യാത്ര അവസാനിച്ചു.
ഗുണപാഠം:
1. മടിയന്മാരായ ഈജിപ്ഷ്യൻസിനെ പൂർണ്ണമായി വിശ്വസിക്കരുത്.
2. അറബിയിലെഴുതിയ ബോർഡൊക്കെ നോക്കി വായിച്ച് ഇവന്മാര്‌ വണ്ടി ഓടിക്കുമെന്ന് ഒരിക്കലും കരുതരുത്.
3. ഈജിപ്റ്റിന്റെ ഉൾപ്രദേശങ്ങളിലേയ്ക്കുള്ള യാത്രകളിൽ നല്ലതുപോലെ പ്രദേശം അറിയാവുന്ന ആരെങ്കിലും കൂടെയുണ്ടാകണം.


നാളുകൾ പിന്നേയും കടന്നുപോയി. ഹമീസ് നിത്യേന വരും. ഞങ്ങളെല്ലാവരും വണ്ടിയിൽ കയറും. ഓഫീസിൽ പോകും. വരും. അതങ്ങനെ തുടർന്നുകൊണ്ടിരുന്നു.
2013 ജൂലൈ.
ഒരു നാൾ രാവിലെ കാത്തുകാത്ത് നിന്നിട്ടും ഹമീസ് വന്നില്ല. കമ്പനിയിൽ ഫോൺ ചെയ്ത് വേറെ വണ്ടി വിളിച്ച് ഞങ്ങൾ ജോലിയ്ക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിലും ഹമീസ് വന്നില്ല. പകരം വേറെ വണ്ടിയും, ഡ്രൈവറും.
എന്താണ്‌ സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല രണ്ടുമൂന്ന് ദിവസങ്ങൾക്കേക്കെങ്കിലും.

ഗിസ പിരമിഡുകൾക്കടുത്തുള്ള ചില പ്രദേശങ്ങൾ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടവയാണ്‌. അവിടെയെവിടെയോ നിന്നായിരുന്നു ഹമീസ് വന്നിരുന്നത്. അന്നും പതിവുപോലെ ഞങ്ങളെ പിക്ക് അപ്പ് ചെയ്യാൻ രാവിലെ 6 മണിക്ക് വണ്ടിയുമായി തിരിച്ചതായിരുന്നു.
പക്ഷേ...
രാഷ്ട്രീയ അസ്ഥിരാവസ്ഥ മുതലെടുക്കുന്ന കുറ്റവാളികൾ ഹമീസിനുവേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു.ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന വണ്ടി തോക്കുമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോമ്പോൾ നിസ്സഹായനായ് ഹമീസ് നിന്നു.
ഹമീസിനെ പിന്നെ കണ്ടിട്ടില്ല. ഒരു വിവരവും കേട്ടിട്ടില്ല. എങ്കിലും റോഡരുകിൽ തലയക്ക് കൈയും കൊടുത്തിരുന്ന തേങ്ങുന്ന ഒരു പാവം വൃദ്ധന്റെ തേങ്ങൽ എനിക്ക് കാണാം...കേൾക്കാം.

Read more...

മാർട്ടിന്റെ സ്വപ്നം

Saturday, December 6, 2014

വളരെ കാലങ്ങൾക്ക്‌ മുൻപ്‌ ഏതോ തിരിവിന്‌ വലിച്ചെറിഞ്ഞതാണന്ന ഓർമ്മയിൽ നിന്നുമായിരുന്നു തിരച്ചിലിന്‌ തുടക്കം. കുറേ അധികം തിരയേണ്ടിവന്നെങ്കിലും മാർട്ടിൻ അവസാനം അതു കണ്ടുപിടിക്കുകതന്നെ ചെയ്തു. കട്ടിലിന്നടിയിൽ കാലങ്ങളോളം കിടന്നതുകൊണ്ട്‌ കുറച്ചധികം പൊടിപിടിച്ചു എന്നല്ലാതെ ഇപ്പോഴും പറയത്തക്ക കുഴപ്പമൊന്നുമില്ല. അയാൾക്ക്‌ വല്ലാത്ത ആശ്വാസവും സന്തോഷവും തോന്നി. ഒന്നു നന്നായി തൂത്ത്‌ തുടച്ചെടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളു. പണ്ടെങ്ങോ  ജോലിതേടി തേരാപാര നടന്നപ്പോൾ, ഒരു സന്തത സഹചാരിയായിരുന്നു ഇവൻ. പിന്നെ ജോലിയും കൂലിയുമൊക്കെ നമ്മുക്ക്‌ പറഞ്ഞിട്ടുള്ള പണിയല്ലന്ന്‌ മനസ്സിലാക്കിയ ഏതോ ദുർബല നിമിഷത്തിൽ വലിച്ചെറിഞ്ഞതാണ്‌...
 പൊടിതുടച്ച്‌ വൃത്തിയാക്കി മാർട്ടിൻ സ്യൂട്ട്കേസ്‌ തുറന്നു. അകത്തെന്തൊക്കെയോ കടലാസ്‌ കഷണങ്ങൾ കിടക്കുന്നുണ്ടായിരുന്നു. എന്താണന്നുപോലും നോക്കാതെ അതെല്ലാം വലിച്ച്‌ പുറത്തേയ്ക്കെറിഞ്ഞു. ചിലപ്പോൾ പഴയ മാർക്ക്‌ ലിസ്റ്റുകളോ, സർട്ടിഫിക്കറ്റുകളോ ഒക്കെ ആകാം. വയസ്‌ പത്ത്‌ നാൽപത്‌ കഴിഞ്ഞാൽ പിന്നെ അതിന്റെയൊക്കെ ആവശ്യമെന്ത്‌? സ്യൂട്ട്കേസ്‌ മാർട്ടിൻ മേശപ്പുറത്ത്‌ വെച്ചു. കുറച്ച്‌ നേരം ആലോചിച്ച്‌ നിന്നിട്ട്‌ അയാൾ മുറിക്ക്‌ പുറത്തിറങ്ങി. വേലിയരികിൽ പോയി നിന്ന്‌ ഒരു സിഗററ്റിന്‌ തീ കൊളുത്തി. അയാൾ എന്തോ അഗാധമായി ചിന്തിക്കുന്നതായി തോന്നി. സിഗററ്റ്‌ വലിച്ച്‌ തീരുന്നതു വരെ അയാൾ അവിടെ തന്നെ നിന്നു.
വേലിയിൽ നിന്നും താഴേയ്ക്ക്‌ ഞാന്നു നിന്നിരുന്ന ഒരു ചെമ്പരത്തി പൂവ്‌  അശ്രദ്ധയോടെ അയാൾ പറിച്ചെടുത്തു. സിഗററ്റുകുറ്റി അയാൾ ചെമ്പരത്തി പൂവിൽ കുത്തിക്കെടുത്തി. പിന്നെ ചെമ്പരത്തി പൂവ്‌ കൈവെള്ളയിലിട്ട്‌ ഞെരിച്ച്‌ താഴേയ്ക്കിട്ടു. അയാളുടെ കൈത്തലത്തിൽ പൂവിന്റെ പശപ്പും, നീലനിറവും പടർന്നു. കാലുകൾ കൊണ്ട്‌ ഒന്നുകൂടി ചെമ്പരത്തിപ്പൂവിനെ ചവുട്ടി ഞെരുക്കി അയാൾ അവിടെ നിന്നും നടന്നു.
മാർട്ടിൻ നടന്നുകൊണ്ടേയിരുന്നു. ചുണ്ടിലെ സിഗററ്റ്‌ അപ്പോഴും എരിഞ്ഞുകൊണ്ടിരുന്നു.
എത്രദൂരം നടന്നെന്ന്‌ അറിയില്ല. അയാൾ ചെന്നെത്തിയത്‌ ഒരു പഴയ ഇരുനിലകെട്ടിടത്തിന്‌ മുന്നിലാണ്‌. പഴയതെങ്കിലും, ഇപ്പോഴും പ്രൗഢിയോടെ നില്ക്കുന്ന മനോഹരമായ ഒരു വീട്‌. വിശാലമായ ഒരു വളപ്പിന്നുള്ളിലായിരുന്നു ആ കെട്ടിടം. ചുറ്റും വള്ളിച്ചെടികളും, പടർപ്പുകളുമെല്ലാം കൂടി കണ്ടാൽ ആൾതാമസമുള്ള ലക്ഷണമൊന്നുമില്ലായിരുന്നു. തടികൊണ്ടുള്ള ഒരു ഗേറ്റ്‌ അടഞ്ഞുകിടന്നിരുന്നു. തടിഗേറ്റ്‌ ഒച്ചയുണ്ടാക്കാതെ തുറന്ന്‌ അയാൾ അകത്തുകയറി. പുല്ലുപിടിച്ച ഒരു ചെമ്മൺ പാത ആ വീടിന്റെ വാതില്ക്കലെത്തി രണ്ടായി തിരിഞ്ഞു.
   അയാൾ ഇടതുവശത്തുകൂടി നടന്ന്‌ ആ വലിയ കെട്ടിടത്തിന്റെ പുറകിലെത്തി. കെട്ടിടത്തിന്റെ പുറകിലും ധാരാളം വൃക്ഷങ്ങളുണ്ടായിരുന്നു. ഇലക്കൾക്കിടയിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം കുഞ്ഞുകുഞ്ഞു പൊട്ടുകൾ പോലെ താഴെ തൊട്ടാവാടിച്ചെടികളിൽ പതിക്കുന്നു. ആ വീടിന്റെ ഓരോ ഭാഗവും കൃത്യമായി അറിയാവുന്ന രീതിയിലായിരുന്നു മാർട്ടിന്റെ പിന്നീടുള്ള ഓരോ നീക്കവും.
പുറകിലെ ഒറ്റവാതിൽ ജന്നൽ പതുക്കെ അയാൾ വലിച്ചു. കുറ്റിയിട്ടിട്ടില്ലാതിരുന്ന ജനൽ പാളി തുറന്നു വന്നു. തടികൊണ്ടുള്ള കമ്പിയഴികളിൽ മുഖമമർത്തി അയാൾ അകത്തേയ്ക്ക്‌ നോക്കി. ഒന്നും കാണാൻ കഴിയുന്നില്ല. അകത്ത്‌ നല്ല ഇരുട്ട്‌.
അപ്പോൾ അയാളൊരു ശബ്ദം കേട്ടു. വീടിന്റെ മുന്നിൽ ഒരു വാഹനം വന്നതുപോലെ... ജന്നൽ പാതി അടച്ച്‌ മാർട്ടിൻ ഒരു മരത്തിന്ന്‌ പിന്നിലൊളിച്ചു. അൽപസമയത്തിന്നുള്ളിൽ മുറിയിൽ വെട്ടം വീണു. ആരൊക്കെയോ ചേർന്ന്‌ ഒരു വൃദ്ധനെ ആ മുറിയിലേയ്ക്ക്‌ താങ്ങിക്കൊണ്ടുവന്നു. മാർട്ടിൻ ചിരിച്ചു. ഇലകളിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം മാർട്ടിന്റെ തൂവെള്ള പല്ലുകളിൽ തട്ടി തിളങ്ങി. മുറിയിലിപ്പോൾ ആളനക്കമില്ല.
വണ്ടി സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടു. വന്നവർ മടങ്ങിപ്പോവുകയായിരിക്കും.
ചുറ്റുപാടും ആകെ വീക്ഷിച്ചുകൊണ്ട്‌ അയാൾ മരങ്ങൾക്കിടയിൽ നിന്നും പതിയെ ഒച്ചയുണ്ടാക്കാതെ നടന്നുവന്ന്‌ ജന്നൽ വീണ്ടും തുറന്നു. വൃദ്ധൻ കട്ടിലിൽ കിടപ്പുണ്ട്‌. കാലുകൾ ജന്നലിന്നഭിമുഖമായിട്ടാണ്‌ വൃദ്ധൻ കിടന്നിരുന്നത്‌.
മരങ്ങൾക്കിടയിലൂടെ ആരോ ഓടി വരുന്നതുപോലെ തോന്നി മാർട്ടിന്‌ അപ്പോൾ. അയാൾ ജന്നൽ അടച്ച്‌ കുനിഞ്ഞ്‌ പിന്നോക്കം മാറി.
ജന്നലടയുന്ന ശബ്ദം കേട്ടാണന്ന്‌ തോന്നുന്നു വൃദ്ധൻ അവ്യക്തമായ എന്തോ ശബ്ദമുണ്ടാക്കി. മാർട്ടിൻ പിന്നയവിടെ നിന്നില്ല. വേഗത്തിൽ ശബ്ദമുണ്ടാക്കാതെ പിൻവശത്തെ മതിൽ ചാടിക്കടന്നു.

മുറിയിൽ തിരികെ എത്തിയ മാർട്ടിൻ വല്ലാതെ പരിക്ഷീണിതനായിരുന്നു. പക്ഷേ അയാൾ വേറെയെന്തൊക്കെയോ ചെയ്തു തീർക്കാനുള്ള വ്യഗ്രതയിലായിരുന്നു. അയാളുടെ ഓരോ നീക്കത്തിലും, ഓരോ പ്രവർത്തിയിലും അതു നിഴലിച്ചിരുന്നു. അയാൾ ധൃതിയിൽ അലമാരയുടെ മുകളിൽ വെച്ചിരുന്ന പഴയ പത്രക്കെട്ടുകളൊക്കെ എടുത്ത്‌ നിലത്തിട്ടു. പണ്ടെപ്പോഴോ വായിച്ച്‌ കഴിഞ്ഞ്‌ സൂക്ഷിച്ച്‌ വെച്ചിരുന്നവയാണ്‌! മാർട്ടിന്‌ അങ്ങനൊരു സ്വഭാവമുണ്ട്‌. പണ്ടുമുതലേ ഉള്ളതാണ്‌! വായിച്ച്‌ പ്രധാനമെന്ന്‌ തോന്നുന്ന വാർത്തയുള്ള പത്രങ്ങൾ സൂക്ഷിച്ചുവെയ്ക്കും. പലപ്പോഴായ്‌, കൂട്ടിവെച്ചിരിക്കുന്ന പഴയ പത്രങ്ങളുടെ നല്ലൊരു ശേഖരം തന്നെയുണ്ട്‌ മാർട്ടിന്‌.
അയാൾ കെട്ടുകളോരോന്നും അഴിച്ച്‌ ഓരോ പത്രവും വളരെ ശ്രദ്ധയോടെ നിവർത്തി നോക്കി. അയാൾ  ഏതോ പ്രത്യേക ദിവസത്തേയോ അല്ലെങ്കിൽ ഏതോ പ്രത്യേക വാർത്തയ്ക്കുവേണ്ടിയോ ആണ്‌ ആ തിരച്ചിൽ നടത്തുന്നതെന്ന്‌ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയുമായിരുന്നു. പത്രങ്ങൾ ഒന്നൊന്നായി ചികഞ്ഞ്‌ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ സിഗററ്റുകൾ പലത്‌ എരിഞ്ഞു തീർന്നിരുന്നു. കുറേ നേരത്തെ തിരച്ചിലിന്ന്‌ ശേഷം മാർട്ടിൻ ഒരു പത്രം കണ്ടുപിടിച്ചു. അതു കൈയിൽ പിടിച്ച്‌ നിവർത്തി അയാൾ പലതവണ വായിച്ചു. ഏതോ പ്രത്യേക തരത്തിലുള്ള ഉത്സുകത അയാളുടെ മുഖത്ത്‌ നിന്നും വായിച്ചെടുക്കാൻ കഴിയുമായിരുന്നു. പത്രമെടുത്ത്‌ അയാൾ സ്യൂട്ട്കേസിനടുത്തേയ്ക്ക്‌ നടന്നു. അയാൾ ആ പത്രം നിവർത്തി സ്യൂട്ട്കേസിന്റെ മുകളിലേയ്ക്കുള്ള പാളിക്കകത്ത്‌ തലക്കെട്ട്‌ നന്നായി കാണാവുന്ന വിധം നിവർത്തി വെച്ചു.
‘ചിക്കാഗോ നഗരത്തെ വിറപ്പിച്ച സീരിയൽ കില്ലർ!’ തലക്കെട്ടിന്റെ താഴെ ചിരിച്ചുകൊണ്ടുനില്ക്കുന്ന ഒരു കഷണ്ടിത്തലയന്റെ ചിത്രം.
മാർട്ടിൻ ആത്മഗതമെന്നോണം ആ ചിത്രത്തെ നോക്കി പറഞ്ഞു, ‘ എടോ തന്നെ കണ്ടാൽ 39 പേരെ കൊന്നതായി ആരും വിശ്വസിക്കില്ല കേട്ടോ!!!’.
കൈകൾ രണ്ടും പുറകിലേയ്ക്ക്‌ തറയിൽ കുത്തി, കാലുകൾ നീട്ടി ആശ്വാസത്തോടെ അയാൾ ചിക്കാഗോയിലെ സീരിയൽ കില്ലറെത്തന്നെ നോക്കിയിരുന്നു. അയാളുടെ മുഖത്ത്‌ വല്ലാത്ത ഒരു ചിരി തെളിഞ്ഞുവന്നു. നെടുവീർപ്പിട്ടുകൊണ്ട്‌ അയാൾ എണീറ്റു. അപ്പോൾ അയാളുടെ മനസ്സ്‌ പറയുന്നുണ്ടായിരുന്നു...
‘ഞാനും നിന്നെപ്പോലെ ഒരു നാൾ പത്ര വാർത്തയിൽ വരും. സീരിയൽ കില്ലറായി...’

പലപ്പോഴായി ശേഖരിച്ചു വെച്ചിരുന്ന ആയുധങ്ങൾ ഓരോന്നായി അയാൾ സ്യൂട്ട്കേസിൽ അടുക്കി. പലതരം കത്തികൾ, വെട്ടുകത്തി, മഴു, കത്രിക,കയർ...
ചിത്രപ്പണിയോടുകൂടിയുള്ള പിടിയുള്ള ഒരു കത്തി അയാൾക്ക്‌ വളരെ ഇഷ്ടമായിരുന്നു.കൈവിരലുകൾ കൊണ്ട്‌ അയാളതിന്റെ മൂർച്ച തിട്ടപ്പെടുത്തി. പിന്നെ സ്വന്തം കഴുത്തിൽ വെച്ച്‌ മുകളിലോട്ടും താഴോട്ടും ഉരസി.
ചിക്കാഗോയിലെ സീരിയൽ കില്ലർ ഇതൊന്നുമായിരുന്നില്ല ഓപ്പറേഷന്‌ ഉപയോഗിച്ചിരുന്നത്‌. മാർട്ടിന്‌, എന്തോ ചിക്കാഗോയിലെ സീരിയൽ കില്ലറുടെ രീതിയോട്‌ അത്ര താല്പര്യം തോന്നിയില്ല. അതൊക്കെ ആർക്കും ചെയ്യാവുന്നതേയുള്ളു! തോക്കുകൊണ്ട്‌ ദൂരെ നിന്ന്‌ ഠേ...ഠേ... എന്ന്‌  വെടിവെയ്ക്കാൻ ആർക്കും കഴിയും.
കുറച്ചുകൂടെ ത്രില്ലിങ്ങായിരിക്കണം തന്റെ ഓപ്പറേഷനെന്ന്‌ മാർട്ടിന്‌ നിർബന്ധമുണ്ടായിരുന്നു. ചോര ചീറ്റണം...ആ ചോരയിൽ കൈ മുക്കി ഇരയുടെ വീടിന്റെ വാതിലിൽ അടയാളമിടണം. മാർട്ടിൻ എന്ന സീരിയൽ കില്ലറുടെ മുദ്ര എല്ലാ ഓപ്പറേഷനിലുമുണ്ടാകണം. ജനം നടുങ്ങണം. നാട്‌ വിറങ്ങലിക്കണം. പോലീസിന്‌ ഉറക്കമില്ലാത്ത രാവ്‌ സമ്മാനിക്കണം. പത്രങ്ങൾ എഴുതിയാലും എഴുതിയാലും തീരാത്ത വിറങ്ങലിക്കുന്ന വാർത്തകൾ കൊണ്ട്‌ നിറയണം...

കുറഞ്ഞത്‌ നാൽപത്‌...  ഏറ്റവും കുറഞ്ഞത്‌ നാൽപതുപേർ...
നാൽപത്‌ അയാളുടെ ഇഷ്ടനമ്പരായി. അതുകൊണ്ട്‌ തന്നെയാണ്‌ അയാൾ നാൽപത്‌ ആയുധങ്ങൾ ശേഖരിച്ചത്‌. ഒരിക്കൽ ഉപയോഗിച്ചത്‌ വീണ്ടും ഉപയോഗിക്കരുത്‌...അത്‌... അത്‌  മാർട്ടിന്‌ മാത്രമറിയാവുന്ന ഏതോ നിഗൂഢ സ്ഥലത്തേയ്ക്ക്‌ മാറ്റപ്പെടും. എല്ലാം അയാൾ തീരുമാനിച്ചുറപിച്ചിട്ടുണ്ട്‌.
മാർട്ടിൻ എന്ന സീരിയൽ കില്ലറുടെ കൈകളിൽ കിടന്ന്‌ പിടഞ്ഞ്‌ പിടഞ്ഞ്‌ പരലോകം പൂകാൻ വിധിക്കപ്പെട്ട ഇരകളുൾപ്പെടെ...
 ആദ്യ ഓപ്പറേഷന്റെ വിജയമാണ്‌ ഏറ്റവും പ്രധാനം. തുടക്കം നന്നായാൽ ഒടുക്കവും നന്ന്‌!

ആദ്യത്തെ ഉദ്യമം. അത്‌ പാഴവരുത്‌. മാർട്ടിനത്‌ നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ തന്റെ ആദ്യ ഇര പ്രായേണ എളുപ്പമുള്ളതാക്കാൻ മാർട്ടിൻ തീരുമാനിച്ചത്‌. വളരെ നാളുകളുടെ പരിശ്രമത്തിന്നു ശേഷമാണ്‌ മാർട്ടിൻ ആ വീടും, വൃദ്ധനേയും കണ്ടുപിടിച്ചത്‌.
ചിത്രപ്പണിയോടുകൂടിയ കത്തി ശ്രദ്ധാപൂർവ്വം പാന്റ്സിനകത്ത്‌ തിരുകി, സ്യൂട്ട്കേസ്‌ അടച്ച്‌, മുറി പൂട്ടി മാർട്ടിൻ പുറത്തേയ്ക്കിറങ്ങി. ഇരുനിലകെട്ടിടത്തെ ലക്ഷ്യമാക്കി അയാൾ നടന്നു.
ആ വീടിന്റെ  ഓരോ മുക്കും മൂലയും ഇതിനോടകം അയാൾക്ക്‌ ഹൃദിസ്ഥമാണ്‌.
ജന്നൽ തുറന്ന്‌ വൃദ്ധനക്കത്തുണ്ടന്ന്‌ ഉറപ്പുവരുത്തി.
 കാലപ്പഴക്കം കൊണ്ട്‌ ഉറഞ്ഞ്‌ വീഴാറായ പിന്നാമ്പുറത്തെ വാതിൽ തുറക്കുന്നതിന്‌ വലിയ ആയാസപ്പെടേണ്ടി വന്നില്ല.
അകത്തു മുഴുവൻ ഇരുട്ടാണ്‌. എങ്കിലും മാർട്ടിന്‌ എല്ലാം വ്യക്തം. അയാൾ വൃദ്ധന്റെ അടുത്തെത്തി. വൃദ്ധൻ ഉറക്കത്തിലാണന്ന്‌ തോന്നുന്നു. സമയം പാഴാക്കേണ്ട.
ചോര ചീറ്റണം. ചോരയിൽ മുക്കിയ കൈ മുൻവാതിലിൽ പതിയ്ക്കണം. മാർട്ടിന്റെ കൈ ചിത്രപ്പണിയോടുകൂടിയ പിടിയുള്ള കത്തിയിൽ മുറുകി. ഒറ്റക്കുത്ത്‌...നെഞ്ചുപിളർന്ന്‌ കത്തികേറണം....അയാൾ കത്തിയുമായ്‌ മുന്നോട്ട്‌ ആഞ്ഞു.

പക്ഷേ മാർട്ടിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്‌ വൃദ്ധൻ ഉണർന്നു.
“ആരാ...ആരാ അത്‌...?” വൃദ്ധൻ ചോദിച്ചു.
മാർട്ടിന്റെ കൈ വിറച്ചു. ചിത്രപ്പണിയോടുകൂടിയ പിടിയുള്ള കത്തി  ഇരുട്ടിൽ മിന്നിത്തിളങ്ങി.
വൃദ്ധൻ ഉറക്കെ ചിരിച്ചു. അയാളുടെ ചിരി മാർട്ടിനിൽ ഭയമുളവാക്കി. അയാൾ കാലുകൾ പുറകിലേയ്ക്ക്‌ വലിച്ചു.
വൃദ്ധൻ ചിരി നിർത്തി പറഞ്ഞു. “അനു പറഞ്ഞിട്ട്‌ വന്ന ആളാ അല്ലേ?, സമയം കളയേണ്ട...വേഗം...വേഗം...എത്ര നാളായിട്ട്‌ അവളോട്‌ പറയുന്നതാ.. എന്നെയൊന്ന്‌ കൊന്നു തരാൻ...കാലം കൊറേ ആയി ഇങ്ങനെ അനുഭവിക്കാൻ തുടങ്ങിയിട്ട്‌...ഭഗവാനേ, ഇപ്പോഴെങ്കിലും എന്റെ മോൾക്ക്‌ നല്ല ബുദ്ധി നല്കിയല്ലോ...” വൃദ്ധൻ കണ്ണുകൾ അടച്ച്‌ ‘വേഗം’...‘വേഗം...’ എന്നു പറഞ്ഞുകൊണ്ടിരുന്നു.
മാർട്ടിൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു. ഇപ്പോളയാൾക്ക്‌ പഴയ ആവേശമില്ല. ഒരു തരം നിസംഗത. കത്തി കൈയിൽ തന്നെ പിടിച്ച്‌ അയാളവിടെ തന്നെ നിന്നു.
അപ്പോൾ മുകളിലത്തെ നിലയിൽ നിന്നും  വല്ലാത്തൊരു നിലവിളികേട്ടു. ആരോ പടി ചവിട്ടി ഇറങ്ങി ഓടുന്ന ശബ്ദം...
വൃദ്ധൻ കണ്ണു തുറന്നു. അയാൾ കട്ടിലിൽ നിന്നും എഴുന്നേല്ക്കാൻ ശ്രമിക്കുന്നതായ്‌ മാർട്ടിന്‌ തോന്നി. മാർട്ടിൻ മുന്നിലേയ്ക്ക്‌ നീങ്ങി. വൃദ്ധനപ്പോൾ പറഞ്ഞു. “അയ്യോ, അത്‌ അനുവിന്റെ കരച്ചിലാണ്‌...ഒന്നു നോക്കാവോ...”
മാർട്ടിൻ മുകളിലെ നിലയിലേയ്ക്ക്‌ പടി ഓടിക്കയറി. ശബ്ദം കേട്ട ഭാഗത്തേയ്ക്ക്‌ അയാൾ തിരിഞ്ഞു. ആരോ ഞരങ്ങുന്ന ശബ്ദം. അയാളുടെ ഹൃദയമിടിപ്പുകൂടി. പാദപതനത്തോടൊപ്പം ഇപ്പോൾ അയാൾക്ക്‌ ഹൃദയത്തിന്റെ രോദനവും മനസ്സിലാക്കാൻ കഴിയുന്നു. കാലുകൾ മുന്നോട്ട്‌ നീക്കുവാൻ അയാൾക്ക്‌ പണിപ്പെടേണ്ടിവരുന്നു. പടി കയറി ഇടതുവശത്തേയ്ക്ക്‌ തിരിഞ്ഞ്‌ ഒരുവിധം അയാൾ ഞരക്കം കേൾക്കുന്ന മുറിയുടെ മുന്നിലെത്തി. അതിന്റെ വാതിലുകൾ പാതി തുറന്നുകിടന്നിരുന്നു.
വാതിൽ പാളിയുടെ അടിയിലൂടെ ഒഴുകുന്ന രക്തച്ചാലുകൾ...
മാർട്ടിന്‌ തലകറങ്ങുന്നതുപോലെ തോന്നി. അയാൾ വാതിലിൽ പിടിച്ചു. അത്‌ അകത്തേയ്ക്ക്‌ തുറന്നുപോയി. ബാലൻസ്‌ തെറ്റി മാർട്ടിൻ മുറിക്കുള്ളിലേയ്ക്ക്‌ വീണു. അവിടെ രക്തത്തിൽ കുളിച്ച്‌ ഒരു സ്ത്രീ കിടപ്പുണ്ടായിരുന്നു. അർദ്ധബോധാവസ്ഥയിലും മാർട്ടിൻ ആ സ്ത്രീ പറയുന്നത്‌ സ്വപ്നത്തിലെന്നോണം കേട്ടു. “എന്നെയൊന്നു ആശുപത്രിയിൽ കൊണ്ടുപോകൂ...ആ ദ്രോഹി ചതിച്ചു...അവൻ തനി കള്ളനായിരുന്നു...എല്ലാം കൊണ്ടുപോയി...എല്ലാം കൊണ്ടു പോയി... അച്ഛാ... ഈ പാപിയായ മോളോട്‌ ക്ഷമിക്കൂ...”
സ്ത്രീ എന്നെന്നേക്കുമായ്‌ കണ്ണടച്ചത്‌ മാർട്ടിൻ അറിഞ്ഞില്ല.  കൈയിൽ ചിത്രപ്പണിയോടുകൂടിയ കത്തിയുമായ്‌ അയാൾ രക്തപ്പുഴയിൽ നീന്തിത്തുടിച്ചു.

വർഷങ്ങൾ പലത്‌ കടന്നുപോയി. പട്ടണമൊക്കെ ആകെ മാറിയിരിക്കുന്നു. പട്ടണത്തെ രണ്ടായി മുറിക്കുന്ന കനാലിന്റെ ഇടതുവശത്തുള്ള മൈതാനം പണ്ടും ഇന്നും ഒരുപോലെ തന്നെ. അവിടെ എക്കാലത്തും എന്തെങ്കിലുമൊക്കെ പരിപാടികൾ ഉണ്ടായിരുന്നു എന്നും. പ്രഭാഷണങ്ങൾ... സർക്കസ്‌... അങ്ങനെ എന്തെങ്കിലുമൊക്കെ... പട്ടണരാവുകളെ ഉണർത്തിയിരുത്തിയിരുന്നത്‌ മൈതാനത്തിലെ പരിപാടികളായിരുന്നു. ഇന്നും അതിന്‌ ഭംഗം വന്നിട്ടില്ല.
ധാരാളം ആളുകൾ കൂടിയിട്ടുണ്ട്‌. ആരോ ഒരാൾ അവിടെ പ്രഭാഷണം നടത്തുന്നു. പ്രായം ചെന്നതും അവശനുമായ ഒരാൾ അപ്പോൾ അവിടേയ്ക്ക്‌ കടന്നു വന്നു. അയാളുടെ കൈയിൽ കുറച്ചു പത്രക്കടലാസുകളുണ്ടായിരുന്നു. അയാൾ ചോദിച്ചു, “ഇവിടെ എന്താണ്‌ നടക്കുന്നത്‌?”
ആരോ മറുപടി പറഞ്ഞു, “സന്മാർഗി രാമുവിന്റെ പ്രഭാഷണമാണ്‌. ഒരുകാലത്ത്‌ അറിയപ്പെട്ടിരുന്ന റൗഡിയായിരുന്നു. ഇപ്പോൾ ഇതാണ്‌ പരിപാടി...ഉപദേശം!!!“
പ്രഭാഷണം കൊഴുത്തുകൊണ്ടിരുന്നു. ‘മക്കളേ, ജീവിതമെന്നത്‌ ഒരു പ്രഹേളികയാണ്‌! എവിടെ നിന്നോ വന്ന്‌ എവിടേയ്ക്ക്‌ മടങ്ങുന്നുവെന്നറിയാത്ത വിഡ്ഢികൾ നാം. കർമ്മഫലത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ...’
പെട്ടെന്ന്‌ ആൾക്കൂട്ടത്തെ ബലമായി തള്ളിനീക്കി പ്രായം ചെന്ന അവശനായ ആ രൂപം പ്രഭാഷകന്റെ മുന്നിലെത്തി. പ്രഭാഷണം നിന്നു.
”ആരാ നീ“ പ്രഭാഷകൻ ചോദിച്ചു.
 പത്രക്കടലാസുകൾ  പിച്ചിച്ചീന്തി അയാൾ ആകാശത്തേയ്ക്ക്‌ എറിഞ്ഞു.
കറുത്ത രാവിന്റെ ആകാശത്ത്‌ കാർമേഘം ഇരുണ്ടുകൂടി. മേഘങ്ങളെ പിളർത്തിക്കൊണ്ട്‌ മിന്നൽപിണരുകൾ ഭൂമിയിൽ പതിച്ചു.
പ്രഭാഷകൻ വീണ്ടും ചോദിച്ചു, ”ആരാ നിങ്ങൾ? എന്താണ്‌ വേണ്ടത്‌ നിങ്ങൾക്ക്‌?“
”ആരുടേയോ കർമ്മഫലത്തിന്റെ പാപങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവൻ.“
 ആൾക്കൂട്ടത്തിലാരൊക്കെയോ അപ്പോഴത്തേയ്ക്കും അയാളെ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.
 ‘മാർട്ടിൻ!’ ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയവൻ!
എന്നുമില്ലാത്തവിധം ശക്തിയായ മഴ ഭൂമിയിൽ പതിച്ചു. മിന്നല്പ്പിണരുകൾ ആകാശത്ത്‌ ചിത്രങ്ങൾ വരച്ചു.

മാർട്ടിൻ ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചു...പിന്നെ കരഞ്ഞു...കാറ്റ്‌ അയാളോടൊപ്പം ചിരിച്ചു...ആകാശം അയാളോടൊപ്പം കരഞ്ഞു.  അയാൾ തളർന്നു വീണു.
അബോധാവസ്ഥയിലും അയാൾ പറയുന്നുണ്ടായിരുന്നു, “ഞാനാരേയും കൊന്നിട്ടില്ല...ഞാനാരേയും കൊന്നിട്ടില്ല...”
സന്മാർഗി മാർട്ടിനെ തന്റെ കൈകളിൽ താങ്ങിയെടുത്തു. ഇരുട്ടിലൂടെ മാർട്ടിനേയും താങ്ങിയെടുത്ത്‌ നടക്കുമ്പോൾ അയാളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു, “മാർട്ടിൻ, എല്ലാം എനിക്കറിയാം...എനിക്കറിയാം എല്ലാം...അപരാധിയായ എന്നോട്‌ ക്ഷമിക്കൂ...”


Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP