Followers

ഹമീസ്

Friday, December 26, 2014

ഈജിപ്റ്റ് ജീവിതത്തിന്റെ മറ്റൊരു ഏട്...
 2013 ൽ ഇവിടെ വിപ്ലവം പൊടിപിടിക്കുന്ന സമയം.
ഹമീസ്. ഞങ്ങളുടെ ഡ്രൈവറായിരുന്നു. കഷണ്ടിത്തലയനായിരുന്ന ഒരു മദ്ധ്യവയസ്കൻ. രാവിലേയും വൈകുന്നേരവും ഞങ്ങൾ കുറച്ച് ഇന്ത്യാക്കാരെ പെറുക്കിക്കൂട്ടി വണ്ടിയിലിട്ട്; കമ്പനിയിലോട്ടും തിരിച്ചും ഹമീസ് ഓടിക്കൊണ്ടിരുന്നു. ഏകദേശം ഏഴെട്ടു മാസം.
2013 ജൂൺ.
ഇവിടെ ഒരു അവധി ദിവസം. ഞങ്ങൾ എല്ലാവരും കൂടി ഹമീസിനെ ചട്ടം കെട്ടി ഫാമിലി സഹിതം ‘ഫയൂം’ സന്ദർശിക്കാൻ തീരുമാനിച്ചു. ‘ഫയൂം’, ഈജിപ്റ്റിലെ ഏറ്റവും പഴക്കം ചെന്ന സ്ഥലങ്ങളിലൊന്നാണ്‌. കാണാൻ പറ്റുന്ന കുറെ സ്ഥലങ്ങളും, പൂന്തോട്ടങ്ങളും, വെള്ളച്ചാട്ടവും, പോരാത്തതിന്‌ മനോഹരമായ ഒരു വലിയ തടാകവും എല്ലാം അവിടെയുണ്ടന്നുള്ള അറിവ് ഞങ്ങൾക്ക് ഹരം നൽകി.

ഞങ്ങൾക്ക് കിട്ടിയ അറിവ് ഞങ്ങൾ ഹമീസിന്‌ പകർന്ന് നൽകി. അറബിയിൽ!( ഹമീസിന്‌ അറബിയേ അറിയൂ.)
“മെഷീ, മെഷീ” ഹമീസ് റെഡി. ഞങ്ങളും റെഡി രാവിലെ 7 മണിക്ക്.
അങ്ങനെ ആ യാത്ര തുടങ്ങി.
ഇടയ്ക്ക് ‘റിഹാബ്’ സിറ്റിയിൽ നിന്നും മറ്റൊരു സുഹൃത്തും ഫാമിലിയും കൂടി കയറാനുണ്ടായിരുന്നു. ഹമീസിനോട് ആ സ്ഥലം അറിയാമോയെന്ന് ചോദിച്ചു.
‘നമ്മുക്ക് ചോദിച്ച് ചോദിച്ച് പോകാ’മെന്ന് മറുപടി. ഓക്കെ. ഡൺ. വണ്ടി വിട്ടു.
കുറെ കഴിഞ്ഞിട്ടും വണ്ടി റിഹാബിലെത്തുന്നില്ലന്ന് കണ്ട് ഹമീസിനോട് ചോദിച്ചു.
“റിഹാബ്?”
“മെഷീ, മെഷീ” ഹമീസ് വഴിയരുകിൽ വണ്ടി നിർത്തി. പിന്നെ അവിടെ കാണുന്നവരോടെല്ല്ലാം റിഹാബിലേയ്ക്കുള്ള വഴി ചോദിക്കാൻ തുടങ്ങി. അവസാനം ചോദ്യവും ഉത്തരവുമൊക്കെ ഒരു പരുവത്തിലാക്കി ഹമീസ് വണ്ടി വന്ന വഴിയേ തിരിച്ചുവിട്ടു. ഏകദേശം 30 കിലോമീറ്റർ തിരിച്ച് വന്ന് സുഹൃത്തിനേയും കുടുംബത്തേയും വണ്ടിയിൽ കയറ്റുമ്പോൾ സമയം 8 മണി.
ഇനി ഏകദേശം 2 മണിക്കൂർ യാത്രയുണ്ട് ഫയൂമിലേയ്ക്ക്...
ഫയൂം മരുഭൂമിയുടെ മനോഹാരിതയൊക്കെ കണ്ട് ഞങ്ങളിരുന്നു. മരുഭൂമിയല്ലേ... വഴി ചോദിക്കാൻ ഒരു പൂച്ച പോലുമില്ല. ഹമീസ് വണ്ടി പറപ്പിച്ചുകൊണ്ടിരുന്നു. ഗൂഗിൾ മാപ്പൊക്കെ നോക്കി ഞങ്ങളും...ഇനിയുമൊരു തെറ്റു വരരുത്.
ഇടയ്ക്കിടയ്ക്ക് ഫയൂമിലേയ്ക്കുള്ള ബോർഡൊക്കെ കണ്ടു തുടങ്ങി. ഗൂഗിളും വഴി ശരിയാണന്ന് പറഞ്ഞുകൊണ്ടിരുന്നു.
2 മണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കഴിഞ്ഞപ്പോൾ ഹമീസിനോട് ഞങ്ങൾ പറയാൻ തുടങ്ങി, വഴി ചോദിക്കാൻ.
‘മെഷീ, മെഷി.’ പതിവ് പല്ലവി!
വണ്ടിയുടെ വേഗതയിൽ ഒരു മിന്നായം പോലെ വലതു വശത്ത് fayoum lake എന്ന ബോർഡ് ഞങ്ങൾ കണ്ടു.
അറിയാവുന്ന അറബിയിലൊക്കെ ഹമീസിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നു. എവിടെ കേൾക്കാൻ? പുള്ളി ‘മെഷി, മെഷി’ പറഞ്ഞ് വണ്ടി പറപ്പിച്ചു.
തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വല്ലതുമാണോയെന്ന സംശയം ചിലരൊക്കെ പ്രകടിപ്പിച്ച് തുടങ്ങി. ഏതായാലും വരുന്നിടത്ത് വെച്ച് കാണമെന്ന് വിചാരിച്ച് ഞങ്ങളിരുന്നു.
ഓടി മടുത്ത് കഴിഞ്ഞ് ഹമീസ് വണ്ടി ഒരിടത്ത് നിർത്തി വഴിചോദിച്ചു.
‘മടിയൻ മല ചുമക്കും’ 80 കിലോമീറ്റർ പുറകോട്ട് ഓടേണ്ടി വന്നു.  10 മണിക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞങ്ങൾ ഫയൂം ലേക്കിലെത്തിയപ്പോൾ സമയം ഏകദേശം 12 മണി!
കുറച്ചുനേരം അവിടെയൊക്കെ കറങ്ങി തിരിഞ്ഞ്, ആഹാരമൊക്കെ കഴിച്ച് അടുത്ത സ്ഥലത്തേയ്ക്ക് പോകാമെന്ന് തീരുമാനിച്ചു. വെള്ളച്ചാട്ടവും, പൂന്തോട്ടങ്ങളുമൊക്കെ ഏകദേശം 50 കിലോമീറ്റർ അപ്പുറമാണ്‌!
ഹമീസ് ‘മെഷി, മെഷി’ പറഞ്ഞു.
ഇയാള്‌ ‘മെഷി’ പറഞ്ഞാൽ നല്ലോണം ചോദിച്ചിട്ടേ പോകാവൂ എന്ന് ചിലരൊക്കെ മുന്നറിയിപ്പ് തന്നു.
ഹമീസിനെകൊണ്ട് നിർബന്ധിപ്പിച്ച് വഴി ചോദിപ്പിച്ചു. അപ്പോഴാണത് മനസ്സിലായത്... പോകേണ്ട സ്ഥലത്തേയ്ക്കുള്ള റോഡ് വളരെ മോശം...വിജനമായ സ്ഥലത്തൂടെയുള്ള യാത്ര. ഹമീസ് പിന്മാറി. ഞങ്ങളും ഹമീസിനെ വെച്ചുള്ള ഒരു പരീക്ഷണത്തിനുകൂടിയുള്ള മാനസികാവസ്ഥയിലല്ലായിരുന്നു.
അങ്ങനെ ലക്ഷ്യത്തിലെത്താത്ത ആ യാത്ര അവസാനിച്ചു.
ഗുണപാഠം:
1. മടിയന്മാരായ ഈജിപ്ഷ്യൻസിനെ പൂർണ്ണമായി വിശ്വസിക്കരുത്.
2. അറബിയിലെഴുതിയ ബോർഡൊക്കെ നോക്കി വായിച്ച് ഇവന്മാര്‌ വണ്ടി ഓടിക്കുമെന്ന് ഒരിക്കലും കരുതരുത്.
3. ഈജിപ്റ്റിന്റെ ഉൾപ്രദേശങ്ങളിലേയ്ക്കുള്ള യാത്രകളിൽ നല്ലതുപോലെ പ്രദേശം അറിയാവുന്ന ആരെങ്കിലും കൂടെയുണ്ടാകണം.


നാളുകൾ പിന്നേയും കടന്നുപോയി. ഹമീസ് നിത്യേന വരും. ഞങ്ങളെല്ലാവരും വണ്ടിയിൽ കയറും. ഓഫീസിൽ പോകും. വരും. അതങ്ങനെ തുടർന്നുകൊണ്ടിരുന്നു.
2013 ജൂലൈ.
ഒരു നാൾ രാവിലെ കാത്തുകാത്ത് നിന്നിട്ടും ഹമീസ് വന്നില്ല. കമ്പനിയിൽ ഫോൺ ചെയ്ത് വേറെ വണ്ടി വിളിച്ച് ഞങ്ങൾ ജോലിയ്ക്ക് പോയി. പിന്നെയുള്ള ദിവസങ്ങളിലും ഹമീസ് വന്നില്ല. പകരം വേറെ വണ്ടിയും, ഡ്രൈവറും.
എന്താണ്‌ സംഭവിച്ചതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല രണ്ടുമൂന്ന് ദിവസങ്ങൾക്കേക്കെങ്കിലും.

ഗിസ പിരമിഡുകൾക്കടുത്തുള്ള ചില പ്രദേശങ്ങൾ കുറ്റകൃത്യങ്ങൾക്ക് പേരുകേട്ടവയാണ്‌. അവിടെയെവിടെയോ നിന്നായിരുന്നു ഹമീസ് വന്നിരുന്നത്. അന്നും പതിവുപോലെ ഞങ്ങളെ പിക്ക് അപ്പ് ചെയ്യാൻ രാവിലെ 6 മണിക്ക് വണ്ടിയുമായി തിരിച്ചതായിരുന്നു.
പക്ഷേ...
രാഷ്ട്രീയ അസ്ഥിരാവസ്ഥ മുതലെടുക്കുന്ന കുറ്റവാളികൾ ഹമീസിനുവേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു.ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന വണ്ടി തോക്കുമുനയിൽ നിർത്തി തട്ടിക്കൊണ്ടുപോമ്പോൾ നിസ്സഹായനായ് ഹമീസ് നിന്നു.
ഹമീസിനെ പിന്നെ കണ്ടിട്ടില്ല. ഒരു വിവരവും കേട്ടിട്ടില്ല. എങ്കിലും റോഡരുകിൽ തലയക്ക് കൈയും കൊടുത്തിരുന്ന തേങ്ങുന്ന ഒരു പാവം വൃദ്ധന്റെ തേങ്ങൽ എനിക്ക് കാണാം...കേൾക്കാം.

11 comments:

Cv Thankappan said...

അവസാനം ഖേദം തോന്നി.
മൊത്തത്തില്‍ ഈജിപ്ഷ്യനോട് നമുക്കൊരീര്‍ഷ്യയാണ് തോന്നുക.അവരുടെ അഹങ്കാരത്തോടുകൂടിയുള്ള പെരുമാറ്റവും,പുച്ഛത്തോടെയുള്ള ഭാവവും....വളരെ നല്ലവരും,പാവങ്ങളും ഉണ്ട്‌...
നന്നായി എഴുതിയിട്ടുണ്ട്
ആശംസകള്‍

Sudheer Das said...

അധികം യാത്ര ചെയ്യാത്തതുകൊണ്ട് ഇതൊക്കെ പുതിയ അറിവുകളാണ്.

പട്ടേപ്പാടം റാംജി said...

എല്ലാം അറിയുന്നവനെപ്പോലെ എന്തും കുത്തിപ്പൊളിച്ച് പണിയുന്ന ഒരുതരം മാനസിക അവസ്ഥയാണ് അവര്‍ക്കുള്ളത്. എന്ത് ചോദിച്ചാലും അറിയില്ല എന്ന് പറയുകയോ ഭാവിക്കുകയോ ഇല്ല. എല്ലാം കുളമാകുകയും ചെയ്യും. ഏറ്റവും ഭയപ്പെടുത്തുന്നത് ഇതെല്ലാം അറിഞ്ഞുകൊണ്ട് ഈജിപ്ഷ്യന്‍ ഡോക്ടറുടെ സേവനം തേടേണ്ടി വരുമ്പോഴാണ്.

Sathees Makkoth said...

Cv Thankappan:തങ്കപ്പേട്ടാ, പറഞ്ഞത് വളരെ ശരിയാണ്‌. ചില സമയങ്ങളിൽ നമ്മൾ ശരിക്കും വെറുത്തുപോകും ഇക്കൂട്ടരെ!
പക്ഷേ എല്ലായിടത്തുമുള്ളതുപോലെ തന്നെ; വളരെ നല്ല ആൾക്കാരും ഇവിടുണ്ട്. ശരിക്കും നല്ല സുഹൃത്തുക്കൾ! നന്ദി.

സുധീർദാസ്: വായനയ്ക്ക് നന്ദി.
പട്ടേപ്പാടം റാംജി: മാഷേ, ഈജിപ്ഷ്യൻസിനെ ശരിക്കും പഠിച്ചിട്ടുണ്ടല്ലോ. ആ ഡോക്ടർമാരുടെ കാര്യം! ശരിക്കും ഇപ്പൊ പേടി വരുന്നു.
നന്ദി

Unknown said...

വഴിയരികില്‍ നിരാശ്രയന്‍ ആയി നില്‍ക്കുന്ന ആ വൃദ്ധന്‍ മനസ്സില്‍ ഒരു ചെറിയ പോറല്‍ ആയി മാറി :(

ajith said...

മുല്ലപ്പൂ വിപ്ലവം അത്ര സുഗന്ധവാഹിയായിരുന്നില്ല. അല്ലേ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മനസിൽ ഒരു നീറ്റലുണ്ടാക്കി തന്നു അതു കൊണ്ട് പോസ്റ്റ് ഇഷ്ടപ്പെടണോ വേണ്ടയോ എന്ന് സംശയം :)

© Mubi said...

പണ്ട് മിക്ക ചെറുകിട കമ്പനികളുടെയും ഡോക്ടര്‍മാര്‍ ഈജിപ്ഷ്യനായിരിക്കും. അവരുണ്ടാക്കി വെക്കുന്ന പൊല്ലാപ്പ് ചെറുതൊന്നുമായിരുന്നില്ല.. ഈ കുറിപ്പില്‍ ഹമീസിനോട് പാവം തോന്നി.. :(

Jenish said...

നന്നായി അവതരിപ്പിച്ചു... ഹമീസെന്ന് കേട്ടപ്പോൾ ഞാൻ കരുതി വല്ല തിന്നാനുള്ള സാധനം വല്ലതുമായിരിക്കുമെന്ന്...

Sathees Makkoth said...

Mandan Ramu: വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
ajith: അജിത്തേട്ടാ,മുല്ലപ്പൂ വിപ്ലവം പരാജയമായിരുന്നോ വിജയമായിരുന്നോ എന്നുള്ളത്‌ കാലം തെളിയിക്കും. ഈ സംഭവം നടന്നത്‌ വിപ്ലവം നടക്കുന്ന സമയത്തായിരുന്നു. അന്ന്‌ ഗവണ്മെന്റിന്‌ ക്രമസമാധാനം നോക്കാൻ സമയമില്ലായിരുന്നല്ലോ.
ഇപ്പോൾ ഈജിപ്റ്റ്‌ പഴയ നിലയിലേയ്ക്ക്‌ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഗവണ്മെന്റ്‌ ശക്തമാണ്‌. ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല.

ഇൻഡ്യാഹെറിറ്റേജ്‌:Indiaheritage: അഭിപ്രായത്തിനും വായനയ്ക്കും നന്ദി.

Mubi: ഹഹ ഈ ഡോക്ടർമാരുടെ കാര്യമോർത്തിട്ട്‌ പേടിയാവുന്നു. നന്ദി

Jenish Sr: ഹമീസിന്റെ തീറ്റയ്ക്കുള്ള വഴി മുട്ടി:(
വായനയ്ക്ക് നന്ദി

Areekkodan | അരീക്കോടന്‍ said...

“മെഷീ, മെഷീ” ???But Hamees became a ?

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP