Followers

വീരൻ

Saturday, August 15, 2009

എനിക്കിന്നും നല്ല ഓർമ്മയുണ്ട്. നല്ല മഴയുള്ള ഒരു ദിവസമായിരുന്നു അത്. പാലത്തിന്റെ കൽക്കെട്ടിനു താഴെ മഴയിൽ നിന്നും ഒഴിഞ്ഞ് മാറി ഞാനിരിക്കുകയായിരുന്നു. എന്തൊരു മഴയായിരുന്നു അത്. ഞാനെന്റെ ജീവിതത്തിൽ അതുപോലൊരു മഴ കണ്ടിട്ടില്ല. പാലത്തിന്റെ അടിയിലൂടെ മഴവെള്ളം കുത്തിയൊഴുകുകയായിരുന്നു. അങ്ങ് കുറച്ചുദൂരെയായി കൈതപ്പൊന്തകൾക്കിപ്പുറത്ത് വെള്ളം കുത്തിവീഴുന്നിടത്ത് മീൻപിടുത്തക്കാർ നിൽക്കുന്നത് എനിക്ക് നന്നായി കാണാമായിരുന്നു. വെള്ളത്തിൽ നിന്നും ചാടി ഉയർന്ന് വീണ്ടും വെള്ളത്തിലേയ്ക്ക് വീഴുന്ന മീനുകളെ കണ്ടിട്ട് എന്റെ നാവിൽ വെള്ളമൂറി. പക്ഷേ എന്തു ചെയ്യാം. നല്ല തണുത്ത കാറ്റടിക്കുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ തണുത്ത് വിറങ്ങലിക്കുന്നു. കാറ്റിൽ നിന്നും മഴയിൽ നിന്നും രക്ഷ നേടാനായി ഞാൻ കൽക്കെട്ടിനടിയിലോട്ട് കൂടുതൽ കയറി ഇരുന്നു. എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല. ഇടയ്ക്കെപ്പോഴോ ഞാനുറങ്ങിപ്പോയി. തണുപ്പും കാറ്റും മാത്രമല്ലല്ലോ, രണ്ടുദിവസമായി എന്തെങ്കിലും കഴിച്ചിട്ടുതന്നെ. നല്ല വിശപ്പുണ്ടായിരുന്നു. അന്നായിരുന്നു ഞാനാദ്യമായി വിശപ്പിന്റെ കാഠിന്യം അറിഞ്ഞത്. വയറ് കത്തിവലിയുകയായിരുന്നു. ഉറങ്ങിപ്പോയത് ഒരുകണക്കിന് നന്നായി. അല്ലെങ്കിൽ വിശപ്പും തണുപ്പും കൂടി ഞാനെങ്ങനെ സഹിക്കുമായിരുന്നെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവുമില്ലായിരുന്നു.

ഉറങ്ങിയേണീറ്റ ഞാൻ പാലത്തിന്റേയോ കൽക്കെട്ടിന്റേയോ താഴെ ആയിരുന്നില്ല. ഞാനന്നുവരെ കണ്ടിട്ടില്ലാത്ത ഒരു പുതിയ ലോകം! എനിക്കാകെ പേടി തോന്നി. ഞാൻ കണ്ണുമുറുക്കി അടച്ചു.എന്റെ പുറത്ത് എന്തോ കിടക്കുന്നതായി എനിക്ക് തോന്നി. പിന്നിടാണ് മനസ്സിലായത് അതൊരു കുഞ്ഞ് പുതപ്പായിരുന്നെന്ന്. എന്തായാലും എനിക്ക് നല്ല സുഖം തോന്നി. നേരിയ സുഖമുള്ള ഒരു ചൂട്. ഹോ... അതൊന്നനുഭവിച്ചറിയണം! എന്റെ മൂക്കിലേയ്ക്ക് നല്ല മീങ്കറിയുടെ മണം അടിച്ചുകയറിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. ഒരുപാത്രത്തിൽ ചോറും മീൻ‌കറിയും മുന്നിലിരിക്കുന്നു.എനിക്ക് വിശ്വസിക്കാനായില്ല. രണ്ടുദിവസമായുള്ള വിശപ്പാണ്. ഒന്നുമാലോചിച്ചില്ല.കണ്ണുമടച്ച് മുഴുവനും അകത്താക്കി.വയറ് വിങ്ങി വീർക്കുന്നതുപോലെതോന്നി. അതുവരെ വിശപ്പിന്റെ ക്ഷീണമായിരുന്നു. ഇപ്പോൾ വയറ് നിറഞ്ഞതിന്റെ ആലസ്യം. പതുക്കെ എണീറ്റ് മുറിയുടെ ഒരു മൂലയിൽ ഇരുന്നു.

കണ്ണൊന്നടഞ്ഞ് വന്നപ്പോഴാണ് എന്റെ നെറ്റിയിൽ ആരോ തടവുന്നത് പോലെ തോന്നിയത്. നല്ല സുഖം. കണ്ണുമടച്ചങ്ങിരുന്നുകൊടുത്തു. അന്ന് തുടങ്ങിയതാണ് രാജുവുമായുള്ള എന്റെ സൗഹൃദം. രാജുവിന് എന്നെ വലിയ ഇഷ്ടമായിരുന്നു. എനിക്ക് രാജുവിനേം. ഞാൻ ആഹാരം കഴിച്ചാലേ രാജുവും ആഹാരം കഴിക്കാറുള്ളു. രാജു കുളിക്കാൻ പോകുമ്പോൾ എന്നേയും കൂടെ കൊണ്ടുപോകും. ഞാൻ വെള്ളത്തിൽ ഇറങ്ങത്തില്ല. രാജു കുളിക്കുന്നതും നോക്കി ഇരിക്കും.
രാജു ഭയങ്കര വികൃതിയാണ്. ചിലപ്പോഴൊക്കെ കുളി കഴിഞ്ഞ് പോകാൻ തുടങ്ങുമ്പോഴായിരിക്കും അവന്റെ കുസൃതി. അവൻ എന്നെ പൊക്കി വെള്ളത്തിലിടും. ഞാൻ നീന്തി വരുന്നത് കണ്ട് അവൻ കൈകൊട്ടി ചിരിക്കും. എങ്കിലും എനിക്ക് രാജുവിനോട് വെറുപ്പോ ദേഷ്യമോ ഒന്നും തോന്നിയിട്ടില്ല. എനിക്കറിയാം അവനെന്നോട് വലിയ സ്നേഹമാണന്ന്.

നല്ല ആഹാരം കഴിക്കാൻ തുടങ്ങിയപ്പോൾ എന്റെ ശരീരമങ്ങ് തടിച്ചുകൊഴുത്തുതുടങ്ങി. ഞാൻ നല്ല സുന്ദരനായെന്ന് രാജുവാണ് പറഞ്ഞത്. രാജു സ്കൂളിൽ നിന്നും വന്നാൽ പിന്നെ ഞങ്ങൾ കളി തുടങ്ങും.രാജു ഒരു പന്തെടുത്ത് ദൂരേയ്ക്കെറിയും.ഞങ്ങൾ രണ്ടുപേരും പന്തിനായി ഓടും. ഓട്ടത്തിന്റെ കാര്യത്തിൽ ഞാനാണ് മുന്നിലെങ്കിലും രാജു തോറ്റ് കാണാൻ എനിക്കിഷ്ടമല്ലായിരുന്നു. അതുകൊണ്ട് പന്തെപ്പോഴും കൈക്കലാക്കുന്നത് രാജു തന്നെയായിരുന്നു. പന്തെടുത്തുകൊണ്ട് രാജു തുള്ളിച്ചാടി ഒരു വരവുണ്ട് എന്തുരസമായിരുന്നെന്നോ അത്.

ഒരു രാജാവിനെപ്പോലെയായിരുന്നു ഞാൻ രാജുവിന്റെ വീട്ടിൽ കഴിഞ്ഞിരുന്നത്. രാജുവിന്റെ അച്ഛനും അമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. രാജുവിന്റെ അമ്മ എനിക്കെന്നും ഇറച്ചിക്കറി തരുമായിരുന്നു. ഓർത്തിട്ട് നാവിൽ വെള്ളമൂറുന്നു. എന്തുരുചിയായിരുന്നു ആ കറിയ്ക്ക്.

അങ്ങനെ ഓർത്താൽ തീരാത്ത എത്രയെത്ര ഓർമ്മകളുമായി കാലം കടന്നുപോയി. രാജു വളർന്ന് വലുതായി. അവനിപ്പോൾ കോളേജിലാണ് പഠിക്കുന്നത്. എന്റെ കൂടെ കളിക്കാനൊന്നും അവനിപ്പോൾ സമയമില്ല. അല്ലെങ്കിലും ഞാനും കളീം വികൃതിയുമൊക്കെ കാണിക്കാനുള്ള പ്രായമൊന്നുമല്ലല്ലോ. ഇപ്പോൾ പഴയതുപോലൊന്നും വയ്യ. ആഹാരം പോലും ശരിക്കു കഴിക്കുവാൻ പറ്റുന്നില്ല. കണ്ണിന് കാഴ്ചയും കുറഞ്ഞു.പണ്ടെനിക്ക് രാജുവിനേം രാജുവിന്റെ ആൾക്കാരേം കൂട്ടുകാരേമൊക്കെ നല്ലവണ്ണം അറിയാമായിരുന്നു. ഇപ്പോൾ കാഴ്ച മങ്ങിയതിൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടാണ്. ഞാൻ ആവശ്യമില്ലാതെ ബഹളമുണ്ടാക്കുന്നു എന്നാണ് രാജുവിന്റെ അമ്മ പറയുന്നത്. ഇപ്പോൾ രാജുവിന്റെ അമ്മ എന്നെ വീടിന്നകത്ത് കയറ്റില്ല. വല്ലാത്തമണമാണെനിക്കത്രേ! പണ്ട് ഞാൻ സ്വീകരണമുറിയിലെ സോഫയിൽ രാജുവിനോടൊപ്പം ഇരിക്കുമായിരുന്നു. എന്തു സുഖമായിരുന്നു അതിലിരിക്കാൻ!

ഞാനിപ്പോൾ രാജുവിന്റെ വീടിനോട് ചേന്നുള്ള ചാ‍ർപ്പിലാണ് കിടക്കുന്നത്. അവിടെ തന്നെയാണ് രാജുവിന്റെ അമ്മ വിറകും പഴയ തുണിയുമൊക്കെ ഇടുന്നതും. ചാർപ്പിലെ മണലിൽ നിറയെ ചെള്ളാണ്.രോമം കൊഴിഞ്ഞ എന്റെ ശരീരത്തിൽ ചെള്ളുകടി...എന്തൊരസഹ്യതയാണ്...പക്ഷേ ഞാനാരോടാണിതൊക്കെ പറയുന്നത്. രാജുവിപ്പോൾ വരാറേ ഇല്ല. ആഹാരം ആരാണ് കൊണ്ട് വെച്ചിട്ട് പോകുന്നതെന്ന് പോലും എനിക്ക് മനസ്സിലാകുന്നില്ല.എപ്പോഴും ഒരു പൊട്ടച്ചട്ടിയിൽ എന്തെങ്കിലുമൊക്കെ കാണും.പക്ഷേ എനിക്കിപ്പോൾ ആഹാരത്തിനോട് വലിയ താല്‍പ്പര്യമൊന്നുമില്ല. പണ്ടൊക്കെ ആയിരുന്നെങ്കിൽ ഇതേ പോലെ പത്തു ചട്ടി ആഹാരം ഒറ്റയടിക്ക് തീർക്കുമായിരുന്നു.

എനിക്കിപ്പോൾ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. എന്റെ രാജു എന്നെ പഴയപോലെ ‘വീരാ’ എന്നൊന്ന് നീട്ടിവിളിച്ചുകേൾക്കണം. ഞാനെപ്പോഴും ആ വിളിക്ക് കാതോർത്താണ് ചാർപ്പിൽ കിടന്നിരുന്നത്. പക്ഷേ അതുണ്ടായില്ല. അതിനി ഒരിക്കലും ഉണ്ടാകാൻ പോകുന്നുമില്ലന്ന് എനിക്ക് മനസ്സിലായത് രാജുവിന്റെ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടപ്പോഴാണ്.

“അതിനിപ്പോ തീരെ വയ്യ.വയസ്സായി പല്ലും കൊഴിഞ്ഞ്...എന്തൊരു നാറ്റമാണ്. അടുത്തോട്ട് ചെല്ലാൻ പോലും പറ്റത്തില്ല. പഞ്ചായത്തുകാർക്ക് കൊടുത്തേക്കാം. അതാ നന്നെന്ന് തോന്നുന്നു.”
എനിക്ക് സങ്കടമൊന്നും തോന്നിയില്ല. എന്നെയിപ്പോൾ ഒന്നിനും കൊള്ളില്ല. ആവതുള്ള കാലത്ത് രാജുവിന്റെ വീടുറങ്ങുമ്പോൾ ഞാൻ ഉറങ്ങാതിരിക്കുമായിരുന്നു.
അക്കാലത്ത് രാജുവിന്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. “നമ്മുടെ വീരനുള്ളപ്പോൾ ഒന്നും പേടിക്കാനില്ല. ജീവനിൽ പേടിയുള്ള ഒരുത്തനും ഇതിലേ വരില്ല.”

ഇനിയിപ്പോൾ എന്നെ ഒന്നിനും കൊള്ളില്ല.എന്തിനാണ് ഇനിയും രാജുവിന്റെ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്. ഞാൻ പതുക്കെ ചാർപ്പിന് പുറത്തിറങ്ങി. വെയിൽ കണ്ണിലടിച്ചിട്ട് വല്ലാത്ത ബുദ്ധിമുട്ട്. എങ്കിലും ഞാൻ നടന്നു. കുറേ ബുദ്ധിമുട്ടേണ്ടിവന്നു ഇവിടെ വരെ വരാൻ. ഇപ്പോഴും ഈ കൽക്കെട്ടിന് വലിയ മാറ്റമൊന്നുമില്ല. ഞാൻ കൽക്കെട്ടിനു താഴെയിരുന്നു. നല്ല ക്ഷീണം. വളരെ നാളുകൂടിയാണ് ഇത്രയും നടക്കുന്നത്. പാലത്തിന്നടിയിൽ കൂടി വെള്ളം കുത്തിയൊഴുകുന്നുണ്ട്. ആകാശത്ത് കാർമേഘം അടിഞ്ഞുകൂടി. നല്ലൊരു മഴയ്ക്ക് കോളുണ്ട്. ഞാൻ കൽത്തട്ടിന് താഴേയ്ക്ക് കയറി ഇരുന്നു. മഴപെയ്താൽ നനയരുതല്ലോ.
ഒരുപക്ഷേ രാജു എന്നെ തിരക്കുമോ? ഇല്ല. സാദ്ധ്യത ഇല്ല. അവനിപ്പോൾ ഒന്നിനും സമയമില്ല. ജോലികിട്ടിക്കഴിഞ്ഞതിൽ പിന്നെ അവനെ കണ്ടിട്ടുകൂടി ഇല്ല. ദൂരെ എവിടെയെങ്കിലുമായിരിക്കും. അഥവാ അവനെങ്ങാനും എന്നെത്തിരക്കി വന്നാൽ എനിക്കവനോട് പറയാനൊന്നേ ഉള്ളൂ. “രാജൂ, നിന്റെ അച്ഛനും അമ്മയ്ക്കും പ്രായമാവും...അവരും ഒന്നിനും കൊള്ളാത്തവരാകും...അവരെ നീ ഒരിക്കലും...”

കാറ്റ് ആഞ്ഞ് ആഞ്ഞ് വീശുന്നു. മഴ തുടങ്ങി. നല്ല ശക്തിയായ മഴ. ഞാനൊന്ന് ഉള്ളിലോട്ട് കയറി ഇരിക്കട്ടെ. എന്നെക്കൊണ്ടുപോകാൻ ഇനിയൊരു രാജു വരില്ല എന്നെനിക്കറിയാം.

Read more...

വീട്ടമ്മ

Sunday, August 9, 2009

നേരം പരപരാ വെളുക്കുന്നതിന് മുന്നേ തന്നെ ഗോപിയും കുടും‌ബവും തോട്ടുകടവിലേയ്ക്കുള്ള യാത്ര തുടങ്ങി.പുലരുമ്പോൾ തന്നെ വള്ളത്തിൽ കയറിയില്ലെങ്കിൽ അങ്ങ് കായലിൽ ചെല്ലുമ്പോഴേയ്ക്കും സൂര്യൻ തലയ്ക്ക് മുകളിൽ എത്തിയിരിക്കും.പൊരിവെയിലത്ത് പുല്ലുചെത്തുകയെന്നത് ബുദ്ധിമുട്ടുള്ള പണിതന്നെയാണ്.

കക്ഷം വരെ ചുരുട്ടി വെച്ചിരിക്കുന്ന ഫുൾക്കൈയൻ ഷർട്ടിന്റെ കൈ ഒന്നുകൂടി ഒതുക്കിവെച്ച് പെടച്ച് നിൽക്കുന്ന മസിലുകളിൽ മാറിമാറി നോക്കി ഗോപി മുന്നേ നടക്കുകയാണ്. കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവുമുണ്ട്. ഗോപി ചോറ്റുപാത്രം കൈമാറിപിടിക്കുന്നതും ഇടയ്ക്കിടയ്ക്ക് പെടച്ച് നിൽക്കുന്ന മസിലുകളിൽ നോക്കുന്നതൊന്നും തൊട്ടു പുറകേ നടക്കുന്ന ഭാര്യയ്ക്ക് അത്രയ്ക്കങ്ങ് സുഖിക്കുന്നില്ല.
"അതിലൊള്ളത് വെട്ടിവിഴുങ്ങുന്നതിന് ഒരു കുഴപ്പോല്ല. ഇച്ചിരി കനം കൈയ്യീ പിടിക്കാമ്പാടില്ല. ന്റെമ്മച്ചീ എന്നാണിങ്ങേരൊന്ന് നന്നാവുന്നേ?നിങ്ങക്ക് വേറേ പണിയില്ലേല് ഈ ചാക്കെടുത്തൊന്ന് തലേല് വെച്ചേ.” പറഞ്ഞ് തീർന്നതും ഭാര്യ തന്റെ തലയിൽ നിന്നും ചാക്കുകെട്ടെടുത്ത് ഗോപിയുടെ തലയിൽ വെച്ച് കൊടുത്തു.
വലത്തു കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രവും പിടിച്ച് ഇടത്തുകൈകൊണ്ട് തലയിലെ ചുമടും താങ്ങി ഗോപി നടന്നു. ഒരക്ഷരം മിണ്ടാതെ. പുറകേ ഭാര്യയും കുട്ടികളും.

കറുത്ത് തടിച്ച് ആറടിയോളം ഉയരമുള്ള നല്ല ഒത്തൊരു മനുഷ്യൻ. അതാണ് ഗോപി. ഷർട്ടിന്റെ മുൻ‌വശത്തെ ബട്ടണുകൾ ഗോപിയ്ക്ക് ആവശ്യമില്ല. അതെപ്പോഴും തുറന്നു തന്നെ കിടക്കും. ഇറക്കം കുറഞ്ഞ കൈലിമുണ്ട് മുട്ടിനുമുകളിൽ വെച്ച് മടക്കികുത്തി തുടയുടെ നല്ലൊരു ഭാഗം പ്രദർശിപ്പിച്ചില്ലെങ്കിൽ ഗോപിയ്ക്ക് നടപ്പിനൊരു സുഖം കിട്ടാറുമില്ല. കാഴ്ചയിൽ ക്രൂരഭാവം തോന്നുമെങ്കിലും ഭാര്യയുടെ മുന്നിൽ പൂച്ചക്കുട്ടിയാണ് ഗോപി. അത് ഭാര്യയെ പേടിച്ചിട്ടൊന്നുമല്ല. ആദരവാണ്, സ്നേഹമാണ് അയാൾക്ക് ഭാര്യയോട്.
വീട്ടുകാ‍ര്യങ്ങൾക്കുള്ള വകയുണ്ടാക്കുന്നത് അവളാണല്ലോ. രാവിലെ മുതൽ വൈകിട്ട് വരെ കിഴക്കൻ കായലിലെ വെയിലും കാറ്റുമേറ്റ് വള്ളം നിറച്ച് പുല്ലുചെത്തി വിറ്റ് തന്നേം രണ്ട് പിള്ളാരേം പൊന്നുപോലെ നോക്കുന്നവളാണ്. ഓണത്തിനും വിഷുവിനും, അമ്പലത്തിലെ ഉത്സവത്തിനും പുതിയ ജോടി ഡ്രസ് വാങ്ങി തരുന്നവളാണ്.എത്രയോ വർഷമായി ഒരു മുടക്കവും കൂടാതെ അവളത് ചെയ്യുന്നു. കെട്ടുബീഡി തനിക്ക് ഇഷ്ടമല്ലന്ന് അറിയാവുന്നത് കൊണ്ട് ചാർമിനാർ സിഗററ്റ് വാങ്ങിതരുന്നവളാണ് തന്റെ പൊന്നു ഭാര്യ.കുറുപ്പിന്റെ ചായക്കടേലുള്ള പറ്റ് മാസാവസാനം ഒരു വാക്ക് പോലും ചോദിക്കാതെ തീർക്കുന്നവളാണ് തന്റെ തങ്കം. ആഴ്ചയിലൊരിക്കൽ സിനിമ കാണാൻ ചോദിക്കാതെ തന്നെ പണം തരുന്നവളാണവൾ. ചവ്യനപ്രാശം കഴിക്കണമെന്ന് ഒരിക്കലേ ആഗ്രഹം പറഞ്ഞിട്ടുള്ളു. അന്നുമുതൽ ഇന്നേ വരെ ഒരു മുടക്കവും അതിനുണ്ടായിട്ടില്ല. ഇതെല്ലാം പോരാഞ്ഞിട്ട് കുട്ടികളുടെ തുണി, സ്കൂൾ ചെലവ്,വീട്ടുചെലവ് ഇതെല്ലാം ആരാ നടത്തുന്നത്? അവളല്ലേ. തന്റെ തങ്കം. തന്റെ പൊന്നിൻ‌കുടം.
തലയിലെ ചുമടുമായി ഗോപി തിരിഞ്ഞു നോക്കി.പാവം ജോലിചെയ്ത് ജോലി ചെയ്ത് എല്ലുമാണി ആയിരിക്കുന്നു. എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാണ് ജോലി ചെയ്താൽ മാത്രം പോരാന്ന്. ശരീരം കൂടി നോക്കണമെന്ന്. സന്തോഷമാണോ സങ്കടമാണോ ഗോപിയുടെ മുഖത്തുണ്ടായതെന്ന് മനസ്സിലായില്ല. വെട്ടം വീണിട്ടില്ലാത്തതിനാൽ മുഖം കാണാനാവുന്നില്ല.

“എന്തോന്നാ മനുഷ്യാ നിങ്ങളിങ്ങനെ അമ്മാനമാടി നടക്കുന്നേ. ഒന്നു വേഗം നടക്ക്. താമസിച്ചാൽ പിന്നെ ഞാൻ പൊരിവെയിലത്ത് നിന്ന് പുല്ലുചെത്തേണ്ടി വരും.” ഭാര്യ മുഖം കറുപ്പിച്ച് പരുഷ വാക്കുകൾ പറഞ്ഞാലും ഗോപിയ്ക്ക് പരിഭവമില്ല. സ്നേഹമയനായൊരു ഭർത്താവല്ലേ താൻ. എന്തൊക്കെ പറഞ്ഞാലും അവളുടെ ഉള്ളിന്റെ ഉള്ളിൽ സ്നേഹമാണ്. തന്നോടും പിള്ളാരോടും. അടുത്ത ഞായറാഴ്ചയെങ്കിലും ആട്ടിൻ കരള് വാങ്ങി അവൾക്ക് വറുത്ത് കൊടുക്കണം. ഗോപി മനസ്സിൽ വിചാരിച്ചു.

തോട്ടുകടവിലെത്തിയയുടനെ ഗോപി തലയിലെ ചുമട് വള്ളത്തിലോട്ട് വെച്ചു.പുല്ല് കെട്ടിക്കൊണ്ടുവരാനുള്ള പ്ലാസ്റ്റിക് ചാക്കുകൾ, കയർ, അരിവാൾ, പിന്നെ ഭാര്യയ്ക്കുള്ള ആഹാരം,കുടിക്കാനുള്ള വെള്ളം എല്ലാമുണ്ടതിൽ. ഭാര്യ വള്ളത്തിൽ കയറി തുഴ കൈയിലെടുത്തതും ഗോപി വള്ളത്തിന്റെ കെട്ടഴിച്ച് തോടിന്റെ നടുക്കോട്ട് വള്ളം തള്ളി.

ഭാര്യയെ ജോലിയ്ക്ക് വിട്ടുകഴിഞ്ഞാൽ പിന്നെ ഗോപി സ്വതന്ത്രനാണ്. വൈകിട്ട് പുല്ലുകച്ചവടമെല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ ചെല്ലുന്നതുവരെ ഗോപിയ്ക്ക് പറയത്തക്ക പണിയൊന്നുമില്ല. ഭാര്യ തുഴയുന്ന വള്ളം കാഴ്ചയിൽ നിന്ന് മറയുന്നതുവരെ ഗോപി തോട്ടിറമ്പിൽ തന്നെ നിന്നു. അതുകഴിഞ്ഞ് മക്കളുടെ തോളിൽ കൈയിട്ടുകൊണ്ട് തോട്ടുകടവിലെ തെങ്ങിന്തോപ്പിലേയ്ക്ക് നടന്നു. അവിടെ ഒരു തെങ്ങിഞ്ചുവട്ടിൽ പേപ്പർ വിരിച്ച് ഗോപിയും മക്കളും ഇരുന്നു.

“ഇന്ന് പുട്ടും കടലേമാണ്. അമ്മയ്ക്ക് ഇഷ്ടപ്പെടുമോ എന്തോ?” പ്രഭാതഭക്ഷണം കൊണ്ടുവന്ന പാത്രം തുറക്കുന്നതിനിടയിൽ ഗോപി പറയുന്നുണ്ടായിരുന്നു.”

“കാപ്പികുടിച്ച് കഴിഞ്ഞ് രണ്ടാളും ഇരുന്ന് പഠിച്ചോണം കേട്ടോ. നല്ലോണം പഠിച്ചാൽ അമ്മെയെപ്പോലെ കഷ്ടപ്പെടേണ്ടി വരില്ല. സ്കൂളിന്റെ സമയനാവുമ്പോ അങ്ങോട്ട് പോയാൽ മതി. വെറുതേ ഒള്ള പിള്ളാരുടെ കൂടെ മണ്ണിലും അഴുക്കിലുമൊന്നും ഉരുളേണ്ട.”
കുട്ടികൾ കണ്ണിൽകണ്ണിൽ നോക്കി.
“അച്ഛൻ നല്ലോണം പഠിച്ചകൊണ്ടാണോ പണിയ്ക്ക് പോകാത്തെ?” ഇളയാളുടെ ചോദ്യം ഗോപിയ്ക്ക് ഇഷ്ടപ്പെട്ടില്ല.
“മൊട്ടേന്ന് വിരിഞ്ഞില്ല. അതിനുമുന്നേ വകതിരിവേ പറയൂ. എങ്ങനെ നന്നാകാനാ? അമ്മയുടെ അല്ലേ ഗുണം.” ഗോപിയുടെ രണ്ട് കൈകളും മകളുടെ ചെവികളിൽ കിടന്ന് തിരിഞ്ഞു. പിന്നെ ഗോപി അവിടെ നിന്നില്ല. അഞ്ചടുക്ക് ചോറ്റുപാത്രവുമെടുത്ത് വേഗത്തിൽ നടന്നു.
“അച്ഛാ, വൈകിട്ട് സിനിമാക്കഥ ഞങ്ങക്ക് കൂടി പറഞ്ഞുതരുമോ?” മൂത്തകുട്ടി ചോദിക്കുന്നത് ഗോപി കേൾക്കാത്തമട്ടിൽ നടന്നു.ഗോപിയുടെ ആ നടപ്പ് ചെന്ന് നിൽക്കുന്നത് ടൗണിലെ സിനിമാക്കൊട്ടകയിലാണ്. കുട്ടികൾക്ക് അത് നല്ലോണം അറിയാവുന്നതാണ്. അവരെത്രനാളായി ഇത് കാണുന്നതാണ്. ഭാര്യ നൽകുന്ന പണം കൊണ്ട് ആഴ്ചയിലൊരിക്കലേ സിനിമകാണാൻ പറ്റൂ. അതുകൊണ്ട് ചില ദിവസങ്ങളിൽ ഗോപി ചൂണ്ടയിടാൻ ഇറങ്ങും. ചൂണ്ടയിടുന്നത് ഗോപിയ്ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും എപ്പോഴും എപ്പോഴും ഭാര്യയോട് പൈസ ചോദിക്കുന്നതെങ്ങനെയെന്ന് വെച്ചിട്ടാണ്.
ഭാര്യ കായലിൽ നിന്നും വരുന്നതിന് മുന്നേ തിരിച്ച് വരണമെന്നുള്ളതിനാൽ ഗോപി നൂൺഷോയെ കാണാറുള്ളു.സിനിമായ്ക്ക് പോകുമ്പോൾ ഗോപിയുടെ കൈയിൽ അഞ്ചടുക്കുള്ള ചോറ്റുപാത്രമുണ്ടാവും.മടങ്ങുന്ന വഴിയിൽ ഏതെങ്കിലും കടത്തിണ്ണയിലോ,മരച്ചോട്ടിലോ ഇരുന്ന് ആഹാരവും കഴിക്കും. തിരിച്ച് തോട്ടുകടവിലെത്തിക്കഴിഞ്ഞാൽ നടപ്പിന്റെ ക്ഷീണം മാറ്റാൻ ആദ്യം കുറുപ്പിന്റെ ചായക്കടയിൽ നിന്നും കടുപ്പത്തിലൊരു കട്ടൻ‌ചായയും രണ്ട് പരിപ്പ് വടയും കഴിക്കും. അത് ഭാര്യ അനുവദിച്ചിട്ടുള്ളതാണ്.
ഭാര്യ പുല്ലുമായെത്തി കച്ചവടമൊക്കെ കഴിയുമ്പോഴത്തേക്കും നേരം നന്നേ ഇരുട്ടും. അതു വരെ ഗോപിയ്ക്ക് പ്രത്യേകിച്ച് വേറേ പണിയൊന്നുമില്ല. പക്ഷേ ഭാര്യയ്ക്ക് ഒറ്റ നിർബന്ധമേ ഉള്ളു. കച്ചവടമൊക്കെ കഴിഞ്ഞ് പോകാൻ നേരമാവുമ്പോഴത്തേയ്ക്കും ഗോപി അവിടുണ്ടായിരിക്കണം.

സിനിമാകണ്ട് മടങ്ങി വന്ന ഗോപി കാപ്പികുടിയൊക്കെ കഴിഞ്ഞ് ചീട്ടുകളിക്കാരുടെ കൂടെക്കൂടി. സ്കൂളിൽ നിന്നും മടങ്ങിവന്ന കുട്ടികൾ തോട്ടിറമ്പിലെ മണലിൽ കളിക്കാൻ തുടങ്ങി. ഭാര്യ പുല്ലുമായെത്തി കച്ചവടവും തുടങ്ങി.ഗോപി ചീട്ടുകളിക്കാൻ പോയിരുന്ന് സമയം പോയതറിഞ്ഞില്ല. പുല്ലു കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിൽ പോകാൻ ഭാര്യതയ്യാറായിട്ടും ഗോപി വരുന്ന ലക്ഷണമൊന്നുമില്ല. അവൾ നേരേ ചീട്ടുകളി സ്ഥലത്തേയ്ക്ക് നടന്നു.
“അവള് ഭർത്താവും അവൻ ഭാര്യേമാ” പുല്ലുകാരി ഓമന കളിയാക്കി.
“എന്താടീ നെനെക്ക് ചേതം? ഞാനും എന്റെ ഭർത്താവും ഞങ്ങക്ക് ഇഷ്ടമുള്ളപോലെ ജീവിക്കും.” ഭാര്യയുടെ മറുപടികേട്ട് ഓമന ശബ്ദമടക്കി മുഖം താഴ്ത്തി.
ഭാര്യ ജോലി ചെയ്യുന്നു. ഗോപി വീട്ടുകാര്യം നോക്കുന്നു. ആണുങ്ങൾ വീട്ടുജോലിമാത്രം നോക്കി അടങ്ങിയൊതുങ്ങി ഇരുന്നാൽ എന്താ കുഴപ്പം? ആകാശമിടിഞ്ഞ് വീഴുമോ? ഗോപിയുടെ ഭാര്യയ്ക്ക് അതൊരു തെറ്റായി ഇന്നേവരെ തോന്നിയിട്ടില്ല. ഗോപിയ്ക്കും അതിലൊരു നാണക്കേടോ അപാ‍കതയോ ഒരിക്കലും തോന്നിയിട്ടില്ല . ഭാര്യ ജോലിചെയ്തു കൊണ്ടുകൊടുത്താൽ മതി ബാക്കിയെല്ലാം ഗോപിയുടെ ചുമതലയാണ്. പീടികേന്ന് സാധനങ്ങൾ മുതൽ ഭാര്യയ്ക്ക് കുളിക്കാനുള്ള ചൂടുവെള്ളം വരെ മറപ്പുരയിലെത്തും. പിന്നെന്താ പ്രശ്നം. പരസ്പരം മനസ്സിലാക്കപ്പെടുന്ന രണ്ട് മനസ്സുകൾ തമ്മിലുള്ള സ്നേഹം. അതാണല്ലോ പ്രധാനം.

ഓമനെയോടുള്ള ദേഷ്യം ഭാര്യ ഗോപിയോടാണ് തീർത്തത്.
“ഇങ്ങനെ കുത്തിയിരുന്നോളും...നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിക്കാൻ...നടന്നേ വേഗം വീട്ടിലേയ്ക്ക്...” ഗോപി ഒന്നും പറയാതെ എണീറ്റു.

ആ സമയത്താണ് ഒറ്റക്കണ്ണൻ രാജ ഇടയ്ക്ക് കയറിയത്.
“നീയിങ്ങനെ വെറും പെൺകോന്തനാകാതടാ ഗോപിയേ...ആണുങ്ങളായാൽ കൊറച്ച് ചൊണേം ശുഷ്കാന്തിയുമൊക്കെ വേണം. അല്ലാണ്ട് പെണ്ണുങ്ങളേം പേടിച്ച് പണിക്കും പോവാണ്ട്...”
“നിങ്ങളിങ്ങനെ വല്ല അലവലാതികളുടെ വാക്കുംകേട്ട് നിക്കാതെന്റെ മനുഷ്യാ...” ഭാര്യ ഗോപിയുടെ കൈയ്ക്ക് പിടിച്ച് വലിച്ചു.
“എടീ നിന്നെ ഞാൻ...” ഒറ്റക്കണ്ണൻ രാജ ചാടിയെണീറ്റു. “അലവലാതിയാണ് പോലും...അലവലാതി നിന്റെ...” ഒറ്റക്കണ്ണൻ രാജയുടെ ഉരുണ്ട ചുമന്ന കണ്ണുകളിൽ നിന്നും തീ പറക്കുകയായിരുന്നു. ഇന്നുവരെ നാട്ടിലെ ഒരുത്തനുംഅയാളുടെ നേർക്കുനേർ നിന്ന് ഉറക്കെയൊന്ന് സംസാരിച്ചിട്ടില്ല. നാടിനെ കിടുകിടെ വിറപ്പിക്കുന്ന ഒന്നാം നമ്പർ ദാദായെയാണ് ഇന്ന് ഒരു പീക്കിരിപ്പെണ്ണ് ‘അലവലാതി’ എന്ന് വിളിച്ചിരിക്കുന്നത്. ഒറ്റക്കണ്ണൻ രാജ നിന്നലറി. സാധാരണഗതിയിൽ രാജ ദേഷ്യപ്പെട്ടുകഴിഞ്ഞാൽ അരയിലെ കത്തിയ്ക്ക് പണിയുണ്ടാകാറുള്ളതാണ്. അത് അറിയാത്തവരായി ആരുമില്ല. ചീട്ടുകളി സ്ഥലത്ത് ആള് കൂടാൻ തുടങ്ങി. ഭാര്യ പേടിച്ച് ഗോപിയുടെ പുറകിലേയ്ക്ക് മാറി.

“എന്താടീ നീ പുറകിലോട്ട് മാറണത്. ആ പെണ്ണാച്ചിയുടെ പൊറകിലൊളിച്ചാൽ നിന്നെ ഞാൻ വെറുതേ വിടുമെന്ന് കരുതിയോ?” പിന്നെ രാജ ഗോപിയുടെ നേരേ നോക്കി. “എന്തിനാടാ ഇങ്ങനെ ആണും പെണ്ണുംകെട്ട് കഴിയണത്. ഇതിനേക്കാൾ ഭേദം പോയി ചാകണതാ.”
ഒറ്റക്കണ്ണൻ രാജയുടെ പരിഹാസവും,കൂടിനിൽക്കുന്നവരുടെ കളിയാക്കിയുള്ള നോട്ടവുമൊക്കെ കണ്ടപ്പോൾ ഗോപിയ്ക്ക് സർവ്വനിയന്ത്രണവും വിട്ടുപോയി. പിന്നെയൊന്നും നോക്കിയില്ല. വലതുകൈ കൊണ്ട് ഒറ്റക്കണ്ണൻ രാജയെ പതിരയ്ക്ക് പിടിച്ച് തലയ്ക്ക് മുകളിൽ പൊക്കിയിട്ട് നിലത്തോട്ട് ഒറ്റയിടലായിരുന്നു.കൂടെ ഒറ്റച്ചവിട്ടും. നാട്ടിലെ ഒന്നാം നമ്പർ ദാദയും, എളിയിൽ ഇരുപത്തിനാലുമണിക്കൂർ കത്തിയുമായ് നടക്കുന്നവനുമായ ഒറ്റക്കണ്ണൻ രാജയെയാണ് ഒരു മുയലിനെപിടിച്ചുയർത്തുന്ന ലാഘവത്തോടെ ഗോപി എടുത്ത് നിലത്തടിച്ചത്. പോരേ പൂരം!

“നടുവൊടിഞ്ഞിട്ടുണ്ടന്നാ തോന്നണത്. അമ്മാതിരി അലക്കല്ലേ അലക്കിയത്.” ആൾക്കൂട്ടത്തിലാരൊക്കെയോ പറയുന്നത് ഗോപി കേട്ടു.

“എല്ലാർക്കും ഇതൊരു പാഠമായിരിക്കട്ടെ.” ഗോപി ഭാര്യയുടെ കൈയ്ക്ക് പിടിച്ച് വീട്ടിലേയ്ക്ക് നടന്നു. പുറകേ കുട്ടികളും. രണ്ടുപേരും ഒന്നും സംസാരിച്ചില്ല. കുട്ടികളിലേയ്ക്കും ആ മൗനം പടർന്നു. വഴിയരികിലെ കുറ്റിച്ചെടികളോടുപോലും സംസാരിച്ചോണ്ട് നടക്കുന്ന കുട്ടികളാണ്. ഇന്ന്...ഇന്ന്... ഒരനക്കവുമില്ല ആർക്കും. അന്ന് രാത്രി ആഹാരമൊക്കെ കഴിഞ്ഞ് ഗോപി മുറ്റത്തെ തിണ്ണയിൽ വന്നിരുന്നു. ഭാര്യയും ഗോപിയുടെ അടുക്കൽ വന്നിരുന്നു.
“പിള്ളാരുറങ്ങി.”
“ഞാനൊരുകാര്യം ചോദിക്കട്ടെ?” ഗോപി ഭാര്യയെ തന്നോടടുപ്പിച്ചു.
“എന്താ?”
“നാളെ മുതൽ കായലിൽ ഞാൻ പോകാം.”
ഭാര്യ ഗോപിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി. “എന്താ ഇപ്പോളിങ്ങനെ തോന്നാൻ? ഞാൻ വേലയെടുക്കുന്നതിൽ നാണക്കേട് തോന്നുന്നുണ്ടോ?”
“അല്ല. അതല്ല. ആൾക്കാരോരോന്ന് പറയുമ്പോൾ...” ഗോപിയ്ക്ക് മുഴുമിക്കുവാനായില്ല.
“എന്ത് പറയാൻ? അവരെന്തും പറഞ്ഞോട്ടെ. നമ്മളെന്തിനാ അതൊക്കെ കേക്കണത്. നമ്മടെ ജീവിതത്തിന് ദൈവം സഹായിച്ച് ഒരു കൊഴപ്പോമില്ലല്ലോ ഇതേവരെ.” ഭാര്യ ഗോപിയുടെ മാറിലോട്ട് ചാഞ്ഞു. ഗോപിയുടെ കൈകൾ ഭാര്യയെ വരിഞ്ഞുമുറുക്കി. അപ്പോൾ തള്ളക്കോഴിയുടെ ചിറകിന്നടിയിലിരിക്കുന്ന കോഴിക്കുഞ്ഞിന്റെ സുരക്ഷിതത്വമായിരുന്നു ഭാര്യയുടെ കണ്ണുകളിൽ...

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP