സ്വപ്നങ്ങൾ
Sunday, January 28, 2018
തണുപ്പുകാലത്ത് രാവിലെ എണീക്കുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയായിരുന്നു സൂസന്. തണുപ്പിന്റെ സുഖത്തിൽ പുതപ്പിന്നുള്ളിൽ മൂടിപ്പുതച്ചുകിടന്നിരുന്ന സൂസനെ അലക്സ് കുലുക്കി ഉണർത്തുകയായിരുന്നു. ഉറക്കത്തിന്റെ സുഖം നഷ്ടപ്പെട്ടതിൽ ലേശം സങ്കടം തോന്നിയെങ്കിലും; അന്നത്തെ ദിനപ്പത്രവും പിടിച്ചുള്ള അലക്സിന്റെ നിൽപ്പ് കണ്ടപ്പോൾ ഒരു പന്തികേട്! സൂസൻ ചാടിയെണീറ്റു.
പത്രം സൂസന് കൈമാറി അലക്സ് പറഞ്ഞു,“നമ്മുടെ ഡോക്ടറുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു.“
പത്രത്തിന്റെ മുൻപേജ് മുഴുവൻ ഡോക്ടറുടെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെക്കുറിച്ചുള്ള കവറേജായിരുന്നു.
കല്യാണം കഴിച്ച് കഴിഞ്ഞ് കുട്ടികളുണ്ടായില്ലെങ്കിൽ ഹിമാലയം ഇടിഞ്ഞുവീഴുമെന്നോ, അതുമല്ലെങ്കിൽ അന്റാർട്ടിക്കയിലെ മഞ്ഞുരുകി ലോകജനത ഒന്നോടെ ഇല്ലാതാവുകയോ ചെയ്യുമെന്ന് വിവക്ഷിക്കുന്ന ഒരു സമൂഹമാണ് നമ്മുടെതെന്ന് സൂസന് പലപ്പോഴും തോന്നിയിട്ടുണ്ട്! കുട്ടികളില്ലാത്ത സാധാരണക്കാരായ ദമ്പതികളുടെ മാനസികാവസ്ഥ മനസ്സിലാക്കാനുള്ള സാമാന്യബോധം പോലുമില്ലാത്ത കപട സഹതാപക്കാരോട് പുച്ഛമായിരുന്നു അവർക്കെപ്പോഴും.
സ്ഥിരമായി കൺസൾട്ട് ചെയ്തിരുന്ന ഒരു പ്രമുഖ ആയുർവേദ ഡോക്ടർ ഒരിക്കൽ ചോദിച്ചു.
“ആയുർവേദത്തെ അത്രയ്ക്ക് വിശ്വാസമാ നിങ്ങൾക്ക്?“
“എന്താ ഡോക്ടർ അങ്ങനെ ചോദിക്കാൻ?“
“അല്ല.കുറേ നാളായല്ലോ നിങ്ങളെന്റെ ട്രീറ്റ്‌മെന്റ് ചെയ്യുന്നത്. ഫലമില്ലായിന്ന് കണ്ടിട്ടും വീണ്ടും വീണ്ടും വരുന്നതുകൊണ്ട് ചോദിക്കുവാ.അലോപ്പതിയിലാണേല് അവർക്ക് സ്കാൻ ചെയ്തൊക്കെ നോക്കാൻ സൗകര്യമുണ്ടല്ലോ.“
അലോപ്പതിയൊക്കെ പരീക്ഷിച്ച് പരിക്ഷീണിതരായണ് തങ്ങളിവിടെയെതിയതെന്ന് സൂസൻ പറഞ്ഞില്ല.
അതൊന്നുമല്ല.ഡോക്ടറിലുള്ള വിശ്വാസം കൊണ്ടാണന്ന് പറഞ്ഞിറങ്ങി. പിന്നെയാ വഴിക്ക് പോയിട്ടില്ല.
ഏറെ നാളത്തെ ഫലമില്ലാ ചികിത്സകൾ... ഗുണമുണ്ടാവുന്നില്ലായെന്ന് അറിഞ്ഞിട്ടും മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ചെയ്യുന്നതായിരുന്നു പലതും.
സഹതാപതരംഗത്തിൽ നിന്നും രക്ഷപ്പെടുകയെന്ന മഹാദൗത്യം തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ ബാലികേറാമല!
ചിലസന്ദർഭങ്ങളിൽ മുഖത്ത് നോക്കി സഹതാപക്കരോട് നല്ലത് പറയേണ്ടിവന്നിട്ടുണ്ട്. അഹങ്കാരം പിടിച്ചതിനൊക്കെ ചുമ്മാതല്ല ദൈവം ഒരു കുഞ്ഞിക്കാലു പോലും നൽകാത്തതെന്ന് പറഞ്ഞ് അഭ്യുദയകാംക്ഷികൾ പോയ വഴിയിൽ പിന്നീട് പുല്ലുപോലും മുളച്ചിട്ടില്ല.
.
കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. ചെയ്യാനുള്ള ചികിൽസകളൊക്കെ ചെയ്ത് ഇനി സമയം ഇതിനുവേണ്ടി കളയേണ്ട എന്ന തീരുമാനം ഏകദേശം അവർ എടുത്തതായിരുന്നു.അപ്പോഴാണ് പരിചയക്കാരിലൊരാൾ അങ്ങ് ദൂരെയുള്ള ഒരു ഡോക്ടറുടെ വിശേഷവുമായെത്തുന്നത്. അവസാനമായ് ഒരു പരീക്ഷണം കൂടി നടക്കട്ടെയെന്ന് തീരുമാനിച്ചു.
മൂന്ന് നാല് മണിക്കൂർ യാത്രയുണ്ട്.
ഡോക്ടറെ കാണാൻ വലിയ തിരക്കായിരിക്കുമെന്നും, തിരികെ വരാൻ വളരെ താമസിക്കുമെന്നുമുള്ള വിവരം കിട്ടിയിരുന്നതിനാൽ അതിരാവിലെ തന്നെ അവർ യാത്ര പുറപ്പെട്ടു.
ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ലാതെ... അതൊക്കെ പണ്ടേ അടുക്കി പരണത്ത് വെച്ചതാണ്.
ഒത്തിരി വലുതുമല്ല എങ്കിൽ തീരെ ചെറുതുമല്ല എന്ന് പറയാവുന്ന ഒരു പട്ടണം. നേരം പുലരുന്നേ ഉണ്ടായിരുന്നുള്ളു.
ഡോക്ടർ വളരെ പ്രശസ്തൻ!‘ മാന്ത്രികകൈയുള്ളവൻ! വൈദ്യശാസ്ത്രത്തെ അരച്ചുകുടിച്ചവൻ! ആധുനിക വൈദ്യശാസ്ത്രത്തിന്റെ എവറസ്റ്റ് കയറിയവൻ!!!
വീട് കണ്ടുപിടിക്കാൻ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല.
വമ്പൻ ഗേറ്റ് പാതി തുറന്നുകിടന്നിരുന്നു.
വീടിന്ന് മുന്നിൽ പ്രത്യേകമായ് ഒരുക്കിയിരുന്ന ഒരു വലിയ ഹാളിലേയ്ക്കാണ് അവർ എത്തിച്ചേർന്നത്.അത്ഭുതപ്പെട്ടുപോയി!
വെളുപ്പാൻ കാലത്ത് തന്നെ ഹാളിൽ നിറയെ ആളുകൾ!!!
ഇത്രയും രാവിലെ...വേറെ ആരും കാണില്ല... തങ്ങൾ തന്നെ ആദ്യം വരുന്നവർ എന്നൊക്കെ വിചാരിച്ചത് വെറുതേ ആയെന്ന് തോന്നി..
ഏകദേശം എട്ടുമണി കഴിഞ്ഞുകാണും. നീല വസ്ത്രധാരിയായ ഒരു സെക്യൂരിറ്റി വന്നുപറഞ്ഞു.“ഇനി ഉള്ളവർ ആശുപത്രീലേക്ക് പൊയ്ക്കോ.“
ഒന്ന് അതിശയിച്ചെങ്കിലും പിന്നീട് മനസ്സിലായി. ഡ്യൂട്ടി ടൈം ആയാൽ ഡോക്ടർ ആശുപത്രിയിലേയ്ക്ക് പോകും. പിന്നെ പരിശോധന അവിടെ വെച്ചാണ്.
അധികം ദൂരമില്ലാത്ത ആശുപത്രിയിലേയ്ക്ക് നടന്നു. തിരക്കുതന്നെ. എല്ലായിടത്തും ഡോക്ടർ തന്നെ വേണം. ഓപിയിലും, വാർഡിലും, തീയേറ്ററിലുമെല്ലാം ഡോക്ടർ തന്നെ വേണം.
“ഈ ഡോക്ടറില്ലായിരുന്നുവെങ്കിൽ സെന്റ് ജോർജ് ഹോസ്പിറ്റൽ പണ്ടേ പൂട്ടിപ്പോയേനേ...“ ആരോ പറയുന്നത് കേട്ടു.
ഉച്ചകഴിയുവോളം കാത്തിരുന്നു ഡോക്ടറെ കണ്ടപ്പോഴത്തേയ്ക്കും ഒരു നീണ്ടലിസ്റ്റ് കിട്ടി. കൂടെ ഒരു നിർദ്ദേശവും. ടെസ്റ്റെല്ലാം കഴിഞ്ഞ് റിസൾട്ടുമായിട്ട് വൈകിട്ട് വീട്ടിലേയ്ക്ക് വരണം. മരുന്ന് അപ്പോൾ കുറിക്കാം.
ആശുപത്രി- ഡോക്ടറുടെ വീട് ഷട്ടിൽ സർവ്വീസിൽ ഒരു ദിവസം തീർന്നെന്ന് അലക്സ് പറഞ്ഞപ്പോൾ സൂസൻ ചിരിച്ചു.
വളരെ വൈകിയാണ് ടെസ്റ്റ് റിസൾട്ടെല്ലാം കിട്ടിയത്.
വൈകിട്ടത്തെ ആഹാരവും കൂടി കഴിഞ്ഞ് ഡോക്ടറുടെ വീട്ടിലേയ്ക്ക് പോകുന്നതാണ് ബുദ്ധിയെന്ന് ഇതിനകം അവർ മനസിലാക്കിക്കഴിഞ്ഞിരുന്നു.
മനുഷ്യന്റെ സമയത്തിന് ഒരു വിലയും നൽകാത്ത ഡോക്ടർ!“ സൂസനത് പറഞ്ഞപ്പോൾ അലക്സ് തിരുത്തി. “സ്വന്തം ജീവിതത്തിന് സമയം കണ്ടെത്താനാവാത്ത ഒരു ഡോക്ടർ എന്ന് പറയുന്നതാവും ശരി.
ഹാളിലെ ആൾക്കൂട്ടത്തിന്ന് ഒട്ടും കുറവുണ്ടായിരിന്നില്ല. ചിലരൊക്കെ വലിയ ടി വി സ്ക്രീനിൽ ലയിച്ചിരിക്കുന്നു. മറ്റു ചിലർ പത്രങ്ങളിലും വീക്കിലികളിലുമായ് സമയം കൊല്ലുന്നു.ഹാളിന്റെ ഒരു മൂലയ്ക്കായ് കാരംബോർഡ്, ചെസ് ബോർഡ് തുടങ്ങി സമയം ചിലവഴിക്കാനുള്ള അത്യാവശ്യ സജ്ജീകരണങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട്!
കഠിനാധ്വാനിയായ ഡോക്ടറുടെ ഗുണഗണങ്ങൾ കൂടെയിരുന്നവർ പറയുന്നുണ്ടായിരുന്നു. ഡോക്ടറുടെ കൈപ്പുണ്യവും പ്രശസ്തിയും കാരണം കേരളത്തിന്റെ പലഭാഗങ്ങളിൽ നിന്നും ആളുകളെത്തിയിരുന്നു അവിടെ.
രാത്രി വളരെ വൈകുവോളം പേഷ്യൻസിനെ നോക്കി വീണ്ടും അതിരാവിലെ തന്നെ ഹോസ്പിറ്റലിലേയ്ക്ക് പോകുന്ന ഡോക്ടർ!
ജോലിയിൽ ഇത്രയധികം ആത്മാർപ്പണമുള്ള ഡോക്ടർമാർ ഇക്കാലത്ത് വിരളമാണ്.
ഡോക്ടർക്കൊരു സ്വപ്നമുണ്ടത്രേ! വിശ്രമമില്ലാതെയുള്ള ഈ ജോലി ആ സ്വപ്നസാക്ഷാത്ക്കാരത്തിനായണത്രേ!
സ്വന്തമായ് ഒരു ഹോസ്പിറ്റൽ!
നഗരമധ്യത്തിൽ ഉയർന്ന് നിൽക്കുന്ന ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ!
അതിന് വേണ്ടി പ്രയത്നിക്കുന്നതിനിടെ സ്വന്തം ജീവിതം തന്നെ ഡോക്ടർ മറന്നിരിക്കുന്നു. ഡോക്ടറുടെ ഭാര്യ ഡൈവോഴ്സ് നോട്ടീസ് അയച്ചിരിക്കുകയാണന്നും ആരോ പറഞ്ഞു.
ഇരുന്നിരുന്ന് മടുത്ത് അലക്സ് ജനാലയ്ക്കൽ ചെന്ന് പുറത്തേയ്ക്ക് നോക്കി നിന്നു. പുറത്ത് പട്ടണം ഉറങ്ങാറായെന്ന് തോന്നുന്നു. പെട്ടി വണ്ടിക്കാരും കടക്കാരുമൊക്കെ കച്ചവടം കഴിഞ്ഞ് വീട് പിടിക്കാനുള്ള തത്രപ്പാടിലാണ്. ഡോക്ടറുടെ വീട്ടിൽ നിന്നും പട്ടണത്തിലെ ബസ് സ്റ്റാന്റ് കാണാം. ദിവസം മുഴുവനുള്ള യാത്രകഴിഞ്ഞ് ബസുകൾ പോലും വിശ്രമിക്കുന്നു.
അലക്സ് വാതുക്കൽ നിന്നിരുന്ന സെക്യൂരിറ്റിക്കാരന്റെ അടുക്കലെത്തി ചോദിച്ചു. “ഇവിടെ എന്നും ഇങ്ങനാണോ?“
സെക്യൂരിറ്റിക്കാരൻ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കൈകളെടുത്ത് തലയ്ക്ക് പുറകിൽ പിടിച്ച് ശരീരം പുറകിലേയ്ക്കൊന്നു വളച്ചു.
കോട്ടുവാ വന്ന് തുറന്ന വായ ഒന്ന് പൊത്തിപ്പിടിക്കാനുള്ള ബോധം പോലുമില്ലാത്ത സെക്യൂരിറ്റിക്കാരൻ തുറന്ന വായിൽ തന്നെ പറഞ്ഞു. “ആ... ആ... രാത്രി രണ്ട് മണിവരെ കൺസൾട്ടേഷൻ... അതിരാവിലെ ഓപ്പറേഷൻ കേസുകള് ....ആശൂത്രീ-വീട്-രോഗികൾ.... പ്‌ഫൂ, ഇങ്ങനേണ്ടോ ഒരു ജീവിതം... കൂടെ പണിയുന്നോരും മനുഷ്യരാണന്ന് വിചാരോല്ലാത്തവൻ... “കൈത്തലം കൊണ്ട് കണ്ണ് തിരുമ്മി അയാൾ കസേരയിലേയ്ക്ക് വീണു.
സമയം പൊയ്ക്കൊണ്ടിരുന്നു. ഹാളിലിരുന്നിരുന്ന് പലരും ഉറങ്ങിപ്പോയിരിക്കുന്നു. സൂസന്റെ തല സ്പ്രിങ്ങ് പിടിപ്പിച്ച റബ്ബർ പന്ത് ആരോ തള്ളിവിടുന്നപോലെ ആടിക്കൊണ്ടിരിക്കുന്നു!
ഡോക്ടറെ കാണാനുള്ള വിളി വന്നപ്പോൾ ഏകദേശം പന്ത്രണ്ട് മണി ആയിക്കാണും.
വലിയ മേശയുടെ പിറകിലിരിക്കുന്ന ഒരു കുഞ്ഞ് മനുഷ്യൻ! രാവിലെ കണ്ട അതേ വേഷം തന്നെ! ഒരു നിമിഷം പോലും റെസ്റ്റ് എടുക്കാതെ ജോലി ചെയ്യുന്ന മനുഷ്യൻ! അത്ഭുതം തോന്നി.
ടെസ്റ്റ് റിസൾട്ടെല്ലാം നോക്കി ഡോക്ടർ പറഞ്ഞു, ശരിയാക്കാവുന്ന പ്രശ്നേള്ളു. മൂന്നു മാസം മരുന്ന് കഴിച്ചിട്ട് വരൂ. മൊത്തം മരുന്ന് ഞാൻ കുറിക്കുന്നുണ്ട്. കൗണ്ടറീന്ന് വാങ്ങിക്കോ...
എത്രയോ വർഷങ്ങളായി പല പല ഡോക്ടർമാരിൽ നിന്നും കേട്ട് കേട്ട് തഴമ്പിച്ച വാഗ്ദാനങ്ങൾ....അലക്സും സൂസനും മുഖത്തോട് മുഖം നോക്കി.
ഡോക്ടർ മരുന്നു കുറിച്ചുകൊണ്ടിരിക്കുന്നു...ആന്വൽ എക്സാമിന്ന് ഉത്തരമെഴുതുന്ന ഒരു വിദ്യാർത്ഥിയുടെ വ്യഗ്രതയോടെ...
അലക്സിന്റെ കണ്ണുകൾ മുറി മുഴുവൻ പരിശോധിച്ചുകൊണ്ടിരുന്നു.
പെട്ടെന്നാണത് സംഭവിച്ചത്!
സൂസൻ അലക്സിന്റെ തുടയിൽ നുള്ളി.
ഒന്നു ഞെട്ടി കാൽ വലിച്ചുകൊണ്ട് അലക്സ് സൂസനെ നോക്കി.
അവളുടെ കണ്ണുകൾ ഡോക്ടറിലേയ്ക്ക് നീളുന്നു.
ഡോക്ടറുടെ പേന പിടിച്ച കൈകൾ പ്രിസ്ക്രിപ്ഷൻ ചീട്ടിൽ ഭൂപടം വരയ്ക്കുന്നു! ഉറക്കാധിക്യത്താൽ മുന്നോട്ടാഞ്ഞ മുഖത്ത് നിന്നും കണ്ണട തെറിച്ചു. ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു അലക്സ്. പിന്നെ മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് കണ്ണട എടുത്ത് ഡോക്ടറെ ഏൽപ്പിച്ചു, “ ഡോക്ടർ അങ്ങ് വളരെ ക്ഷീണിതനാണ്. ഒന്നു മുഖം കഴുകിയിട്ട് വന്ന് മരുന്നെഴുതൂ പ്ളീസ്...“
കണ്ണട നേരേ വെച്ച്, ഒന്ന് കുടഞ്ഞിരുന്ന് ചീട്ടെഴുതി തീർത്തുകൊണ്ട് ഡോക്ടർ പറഞ്ഞു.“ അല്പം ക്ഷീണം കൂടിപ്പോയി....സാരമില്ല...നിങ്ങള് കൗണ്ടറീന്ന് മരുന്ന് വാങ്ങി ഫീസും അവിടെകൊടുത്തോളു.“
കൗണ്ടറിലേയ്ക്ക് നടക്കുമ്പോൾ അലക്സ് പറഞ്ഞു.ഒരു വണ്ടി വിളിക്കേണ്ടി വരുമെന്ന് തോന്നുന്നു ഈ മരുന്നെല്ലാം കൊണ്ടുപോകാൻ...മൂന്നു മാസത്തേയ്ക്കുള്ളതല്ലേ...
സൂസൻ ചിരിച്ചുകൊണ്ട് ചോദിച്ചു,“ഒരു കാര്യം ഞാൻ പറഞ്ഞാൽ ദേഷ്യപ്പെടുമോ?“
“എന്താ?“
“ഉറക്കച്ചടവിൽ ആ ഡോക്ടറെഴുതിയതൊക്കെ ശരിയായിരിക്കുവോ?“
“ആയിരിക്കാം...അല്ലായിരിക്കാം.“
“വേണോ നമ്മുക്കീ മരുന്നുകൾ...എന്തോ എനിക്ക് പേടി തോന്നുന്നു.“
നീട്ടിയ കൈയിലെ ചീട്ടുമായി അലക്സ് പുറകോട്ട് മാറി.ജനാലയ്ക്കൽ വന്ന് ബസ് സ്റ്റാന്റിലെ നിർത്തിയിട്ടിരുന്ന ബസുകളിലേയ്ക്ക് തന്നെ നോക്കി നിന്നു.
“കൗണ്ടറടയ്ക്കാൻ പോവുന്നു, മരുന്ന് വാങ്ങാനുള്ളോരു ഒന്നു വേഗം വരണേ...“ ഒരു പെൺകുട്ടിയുടെ ശബ്ദം.
അലക്സ് സൂസനെ ചേർത്തുപിടിച്ചു.“എന്തായാലും വന്നതല്ലേ...നമ്മുക്കിത് വാങ്ങാം. ഒരു ഡോക്ടറുടെ സ്വപ്ന സാക്ഷാത്കാരത്തിന് നമ്മുടേതായ ഒരു പങ്കെങ്കിലുമാകട്ടെ.“
വലിയ മരുന്ന് പൊതിയുമായ് അവർ ഡോക്ടറുടെ വീടിന്ന് പുറത്തിറങ്ങി.
അലക്സ് എന്തിനോ വേണ്ടി പരതുകയായിരുന്നു.
“മരുന്ന് കൊണ്ട് പോവാൻ വണ്ടി നോക്കുവാണോ?“
“അല്ല.“
റോഡ് മുറിച്ച് കടന്ന് അലക്സ് ആ വലിയ മരുന്ന് പൊതി മുനിസിപ്പൽ ചവറ്റ് കൂടയിലേയ്ക്ക് വലിച്ചെറിഞ്ഞു.
പിന്നെ ഉറങ്ങുന്ന നഗരവീഥിയിലൂടെ സൂസന്റെ കൈകൾ കോർത്ത് പിടിച്ച് സാവധാനം നടന്നു.