Followers

ഡംഭന്‍

Thursday, February 21, 2008

കൊച്ചുമാമനെ എല്ലാവരും 'ഡംഭന്‍' എന്നാണ് വിളിക്കുന്നത്. ഡംഭന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് അപ്പുക്കുട്ടനറിയില്ലായിരുന്നു. അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കണമല്ലോ. അതുകൊണ്ട് ഒരിക്കല്‍ അവനത് അമ്മയോട് ചോദിക്കുകയും ചെയ്തു. "പിള്ളാര്‍ക്ക് അറിയേണ്ടാത്ത ഒരു കാര്യവുമില്ല." എന്നാണ് അമ്മ മറുപടി പറഞ്ഞത്. മറുപടിക്ക് മേമ്പൊടിയായി അപ്പുക്കുട്ടന്റെ കവിളിനൊരു കിഴുക്കും അമ്മ കൊടുത്തു.

അപ്പുക്കുട്ടന്‍ പിന്മാറാന്‍ തയ്യാറല്ലായിരുന്നു. അവസാനം ആരില്‍നിന്നൊക്കെയോ അവനുത്തരം കിട്ടി. മാമന്റെ നാക്കിന് എല്ലില്ലാത്തതുകൊണ്ടാണത്രേ ഡംഭന്‍ എന്ന് എല്ലാവരും വിളിക്കുന്നത്. അവന്റെ സംശയം കൂടിയതേ ഉള്ളൂ. അവന്‍ സ്വന്തം നാക്കില്‍ പിടിച്ച് നോക്കി. ഇല്ല. തന്റെ നാക്കിനും എല്ലില്ല. താനും ഡംഭനാണോ?
അവസരം കിട്ടിയപ്പോള്‍ അവന്‍ അമ്മയുടെ നാക്കിലും പിടിച്ച് നോക്കി. ഇല്ല. അമ്മയുടെ നാക്കിനും എല്ലില്ല.
അപ്പുക്കുട്ടന് സന്തോഷം സഹിക്കാന്‍ കഴിഞ്ഞില്ല. ചുമ്മാതല്ല അമ്മ ഡംഭന്‍ എന്ന് പറഞ്ഞാല്‍ എന്താണന്ന് പറഞ്ഞ് തരാതിരുന്നത്. അമ്മ ഡംഭിയാണ്!
ആരോടാണ് തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് പറയേണ്ടത്? ആദ്യം കണ്ടത് അച്ഛനെയാണ്. അതുകൊണ്ട് അച്ഛനോട് തന്നെ പറഞ്ഞു.
"അച്ഛാ, അമ്മയുടെ നാക്കിനെല്ലില്ല. അതുകൊണ്ട് അമ്മ ഡംഭിയാണല്ലേ അച്ഛാ?"
അച്ഛന്‍ നിന്ന് ചിരിച്ചു.
"നാക്കിനെല്ലില്ലാത്തത് കുട്ടനാട്ടുകാരുടെ പൊതു സ്വഭാവമാണടാ. നിന്റമ്മയും കൂട്ടത്തില്‍ പെടും."
ഡംഭന്‍ എന്ന വാക്കിന്റ് അര്‍ത്ഥം അന്ന് അച്ഛന്‍ അപ്പുക്കുട്ടന് പറഞ്ഞുകൊടുത്തു. പൊങ്ങച്ചം പറയുന്നവരെയാണത്രേ ഡംഭന്‍ എന്ന് വിളിക്കുന്നത്!

അങ്ങനെയാണങ്കില്‍ മാഞ്ചുവട്ടിലെ പെണ്ണുങ്ങളെല്ലാം ഡംഭികളാണല്ലോ? അപ്പുക്കുട്ടന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ ചോദിച്ചില്ല. കാരണം പെണ്ണുങ്ങളുടെ നേതാവ് അമ്മയാണല്ലോ.

കുട്ടനാട്ടുകാരെ പരസ്യമായി ആക്ഷേപിച്ചതില്‍ പ്രതിക്ഷേധിച്ച് അമ്മ അന്ന് രാത്രി കഞ്ഞികുടിക്കാതെ പകരം വീട്ടുക തന്നെ ചെയ്തു.

അപ്പുക്കുട്ടന് കൊച്ചുമാമനെ വലിയ കാര്യമാണ്. മാമന്‍ ഡംഭനാണന്ന് അപ്പുക്കുട്ടനൊരിക്കലും തോന്നിയിട്ടുമില്ല. അമ്മയുടെ വീട്ടില്‍ ചെന്നാല്‍ പിന്നെ അപ്പുക്കുട്ടന്‍ മാമന്റെ കൂടെ കൂടും. മാമന് പണി കടത്തിറക്കലാണ്. ഒരു തവണ നദിക്ക് അക്കരെ കടത്തുന്നതിന് മാമന്‍ ആളൊന്നുക്ക് പത്തു പൈസ വാങ്ങും. മാമന്റെ കൂടെ കൂടിക്കഴിഞ്ഞാല്‍ പിന്നെ പൈസ വാങ്ങുന്ന ചുമതല അപ്പുക്കുട്ടനേറ്റെടുക്കും. മാമന്‍ അപ്പുക്കുട്ടന് പരിപ്പ് വടയും പാലുംവെള്ളവും വാങ്ങിക്കൊടുക്കും. മാമന്‍ അപ്പുക്കുട്ടനെ എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന ഒരു സംഗതിയുണ്ടായിരുന്നു. "അപ്പുമോനേ, മാമന് എത്ര രൂപ കിട്ടിയെന്ന കാര്യം ആരോടും പറഞ്ഞേക്കരുതേ.” പരിപ്പ് വടയും പാലുംവെള്ളവും കിട്ടുന്നിടത്തോളം കാലം അപ്പുക്കുട്ടനതാരോടും പറയില്ലായെന്ന് മാമന്റെ തലയില്‍ തൊട്ട് സത്യം ചെയ്തിട്ടുള്ളതുമാണ്.

രാത്രി നന്നേ ഇരുട്ടിക്കഴിഞ്ഞേ കടത്തിറക്കെല്ലാം കഴിഞ്ഞ് മാമന്‍ വീട്ടിലേയ്ക്ക് പോകാറുള്ളു. നദിയിലൂടെ കുറേ ഏറെ നേരം തുഴഞ്ഞാലെ വീടെത്തുകയുള്ളു. ഒഴുക്കിനെതിരെ തുഴയുന്നത് അത്ര എളുപ്പമല്ലന്നാണ് മാമന്‍ പറയുന്നത്. ഒഴുക്ക് കൂടുതലുള്ളപ്പോള്‍ മാമന്‍ തുഴ മാറ്റിവെച്ചിട്ട് കഴുക്കോലുകൊണ്ട് ഊന്നാന്‍ തുടങ്ങും. അപ്പുക്കുട്ടനും ഒരിക്കല്‍ ഊന്നാന്‍ ശ്രമിച്ച് നോക്കിയിട്ടുണ്ട്. ചെളിയില്‍ പൂണ്ട്പോയ കഴുക്കോലെടുക്കാന്‍ മാമന്റെ സഹായം വേണ്ടിവന്നുവെന്ന് മാത്രം. “അതെല്ലാം പ്രാക്ടീസാണന്നാണ്” അന്ന് മാമന്‍ പറഞ്ഞത്.

നിലാവുള്ള രാത്രിയില്‍ നദിയിലൂടെയുള്ള യാത്ര നല്ല രസമാണ്.അമ്പിളിമാമനെ വെള്ളത്തിന്റെ അടിത്തട്ടില്‍ കാണാം! വള്ളത്തിനൊപ്പം നീങ്ങുന്ന അമ്പിളിമാമന്‍! ഓളത്തിനൊപ്പം തുള്ളുന്ന അമ്പിളിമാമന്‍!

ഒരൊറ്റ കറുത്തവാവ് ദിവസം മാത്രമേ അപ്പുക്കുട്ടന്‍ മാമനോടൊപ്പം വള്ളത്തില്‍ കയറിയിട്ടുള്ളു. ഇരുകരയും കരിമ്പടം പുതച്ചതുപോലെയല്ലേ കിടക്കുന്നത്. ഇരുട്ടിന് കൂട്ടായി അന്ന് മഴയും വന്നു. മഴയുടെ ശക്തികൂട്ടിക്കൊണ്ട് കാറ്റും വന്നു. നദിയിലെ ഓളത്തിന് ശക്തികൂടി. വള്ളം ആടിയുലഞ്ഞു.
കാറ്റിലും ഓളത്തിലും പെട്ട് വള്ളം മറിഞ്ഞാല്‍...
മാമന് നീന്താനറിയാം. അപ്പുക്കുട്ടനോ?
അപ്പുക്കുട്ടന്‍ മാമനോട് ചേര്‍ന്നിരുന്നു. മാമന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു. “അപ്പുക്കുട്ടാ, നീയതിന് ഒഴുക്കും ഓളവും വല്ലതും കണ്ടിട്ടുട്ടോ? അതറിയണേ കിഴക്കന്‍ വെള്ളം വരുമ്പോള്‍ വള്ളത്തില്‍ കയറണം. കിഴക്കന്‍ വെള്ളമെന്താണന്ന് നിനക്കറിയാമോ?”
അപ്പുക്കുട്ടന്‍ പറഞ്ഞു. ഇല്ല
“കിഴക്കന്‍ മലേന്ന് വെള്ളമെല്ലാം ഇങ്ങ് കുത്തിയൊലിച്ച് വരും മഴക്കാലത്ത്. വെള്ളമെന്ന് പറഞ്ഞാല്‍ ചുമ്മാ വെള്ളമാണോ? നല്ല കലക്ക വെള്ളം. ചെങ്കല്ല് നിറത്തിലെ വെള്ളം. പമ്പയെല്ലാം കരകവിഞ്ഞൊഴുകും. പാടവും തോടും ആറുമെല്ലാം ഒന്നായിക്കിടക്കും.”
“അപ്പോഴും മാമന്‍ വള്ളം തൊഴയുമോ?” അപ്പുക്കുട്ടന്‍ ചോദിച്ചു.
“പിന്നല്ലാതെ. ധൈര്യമുണ്ടാവണമെന്ന് മാത്രം.” മാമന്റെ ധൈര്യത്തില്‍ അപ്പുക്കുട്ടനഭിമാനം തോന്നി.
“നിനക്കറിയുമോ കിഴക്കന്‍ വെള്ളത്തിന്റെ കൂടെ എന്തൊക്കെ ഒഴുകി വരുമെന്ന്?”

“എന്തൊക്കെ വരും?”

“ചത്തകോഴി, ആടുകള്, പശുക്കള്, മലമ്പാമ്പ്,മലന്തടികള്, ചെലപ്പോ ശവങ്ങള് വരെ വരും.”

ശവങ്ങളോ? അപ്പുക്കുട്ടനൊന്ന് ഞെട്ടി.

“കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ഞാന്‍ കടത്തൊക്കെ ഇറക്കിക്കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്നു. പെട്ടെന്ന് വള്ളത്തിന്റെ മുന്നിലെന്തോ തടഞ്ഞു.”
“എന്നിട്ട്?” അപ്പുക്കുട്ടന്‍ മാമനോട് കൂടുതല്‍ ചേര്‍ന്നിരുന്നു.

“വാഴത്തടയോ,കിഴക്കന്‍ തടിയോ മറ്റോ ആയിരിക്കുമെന്ന് കരുതി കഴുക്കോല് കൊണ്ട് ഒറ്റത്തള്ള് കൊടുത്തു ഞാന്‍. അപ്പോഴല്ലേ മനസ്സിലായത്...”

ശവമാരുന്നോ മാമാ അത്?

“പിന്നല്ലാതെ, ഒരു പെണ്ണിന്റെ ശവം.”
അയ്യോ... എന്നിട്ട് മാമന് പേടി വന്നില്ലേ?”
“പേടിയോ എനിക്കോ? ഞാന്‍ കഴുക്കോലുകൊണ്ട് ഒരു തെള്ളങ്ങ് കൊടുത്തു.വേറെ ആളെയൊക്കെ വിളിച്ച് കൂട്ടിയാല്‍ പിന്നെ പോലീസിലറിയിക്കണം, സാക്ഷിപറയാന്‍ പോണം. എന്തിനാ വെറുതേ പൊല്ലാപ്പുകള്. അതുകൊണ്ട് ഞാനാരോടും പറയാതെ വീട്ടിലേയ്ക്ക് തുഴഞ്ഞ് പോന്നു.”

അപ്പുക്കുട്ടന് പേടിവന്നിട്ട് വയ്യായിരുന്നു. അന്ന് രാത്രി അവനുറക്കം വന്നില്ല. ആറ്റുവട്ടിന്റേയും ഒതളങ്ങായുടേയും കൂടെ ഒഴുകി നടക്കുന്ന ഒരു പെണ്ണിന്റെ ശവമായിരുന്നു അന്നവന്റെ സ്വപ്നത്തില്‍...
അപ്പുക്കുട്ടന്റെ പേടിമാറാന്‍ തന്ത്രികളെക്കൊണ്ട് ഒരു കറുത്ത ചരട് ജപിപ്പിച്ച് അമ്മ അവന്റെ അരയ്ക്ക് കെട്ടി. പിള്ളാരെ അതുമിതുമൊക്കെ പറഞ്ഞ് പേടിപ്പിക്കുമെന്ന് പറഞ്ഞ് അമ്മ മാമനെ വഴക്ക് പറഞ്ഞു.പിന്നീട് അപ്പുക്കുട്ടന്‍ മാമന്റൊപ്പം വള്ളത്തിലും പോയിട്ടില്ല.

നാളുകള്‍ കഴിഞ്ഞ് പോയി. ഒരുനാള്‍ തെക്കത്തച്ഛന്‍ വീട്ടില്‍ വന്നുകയറി. കൊച്ചുമാമനെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുന്നത്രേ!
“എന്തോന്ന് പറയാനാടീ, ഇങ്ങനേമുണ്ടോ ഒരു പേടിച്ച്തൂറി. രാത്രീല് കടത്തും കഴിഞ്ഞ് വരുമ്പോ വാഴത്തട വള്ളത്തേ തട്ടിയതിന് ബോധം കെട്ടുവീണിരിക്കുന്നു വള്ളത്തില്‍. ആറ്റീന്ന് മണല് വാരാന്‍ വന്ന വള്ളക്കാര് പറഞ്ഞാ വീട്ടിലറിഞ്ഞത്. നീയാരോടും ഇതൊന്നും പറയാന്‍ പോണ്ട...ആരേലുമറിഞ്ഞാല്‍ നമ്മള് കുട്ടനാട്ടുകാര്‍ക്ക് തന്നെ നാണക്കേടാ ...”

അന്ന് അപ്പുക്കുട്ടന് 'ഡംഭന്‍' എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലായി.

“തെക്കത്തച്ഛാ, മാമന് ഒരു കറുത്ത ചരട് ജപിപ്പിച്ച് കെട്ടിയാ മതി. എല്ലാം ശരിയാവും.” അപ്പുക്കുട്ടന്‍ അതും പറഞ്ഞുകൊണ്ട് ഓടുകയായിരുന്നു. അച്ഛന്റടുത്തേയ്ക്ക്...
അച്ഛന്‍ വിവരം അറിയാതിരുന്നാല്‍ ശരിയാവുകയില്ലല്ലോ...

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP