Followers

സിനിമാ പ്രദര്‍ശനം

Monday, April 9, 2007

അപ്പുക്കുട്ടന്‍ അന്ന് പതിവില്ക്കവിഞ്ഞ ആഹ്ലാദത്തിലാണ് സ്കൂളിലേയ്ക്ക് പുറപ്പെട്ടത്. അതും വളരെ നേരത്തെ തന്നെ.
പതിവില്ലായ്മ കണ്ട് അത്ഭുദപ്പെട്ട സദാപ്പന്‍ ചിറ്റന്‍ അപ്പുക്കുട്ടനോട് ചോദിച്ചു.
“എന്താടാ അപ്പുക്കുട്ടാ ഇന്ന് സ്കൂളില്ലേ? നീ തുള്ളിച്ചാടി നേരത്തേ തന്നെ കെട്ടിയിറങ്ങിയല്ലോ...”
“ഇല്ല ചിറ്റാ, ഇന്ന് സ്കൂളില്ല. സ്കൂളിലിന്ന് സിനിമാ പ്രദര്‍ശനാ...”

അപ്പുക്കുട്ടന്‍ ഒരു കൈ വള്ളി നിക്കറിലും മറു കൈ സ്റ്റിയറിങ്ങിലും പിടിച്ചുകൊണ്ട് ബ്‌ര്‍‌ര്‍‌‌ര്‍... എന്ന് ശബ്ദമുണ്ടാക്കി വണ്ടിയോടിച്ച് പോയി.
വണ്ടി ചെന്ന് നിന്നത് അഞ്ചുകണ്ണന്റെ വീടിനുമുന്നില്‍.
അഞ്ചുകണ്ണനേയും വണ്ടിയില്‍ കയറ്റി അപ്പുക്കുട്ടന്‍ ഇരട്ടിവേഗതയില് വണ്ടിയോടിച്ചു.
വണ്ടിയില്‍ നിന്നും തെറിച്ച് പോകാതിരിക്കാനായി അഞ്ചുകണ്ണന്‍ അപ്പുക്കുട്ടന്റെ വള്ളിനിക്കറിന്റെ പുറകില് ചൂണ്ട് വിരല് കൊണ്ട് കോര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

അടുത്ത സ്റ്റോപ്പ് പാറുവമ്മയുടെ പുളിമരത്തിന്റെ ചുവട്ടിലായിരുന്നു.
ഇല കാണാനാവാത്ത വിധം പിടിച്ച് കിടക്കുന്ന പുളി.
അപ്പുക്കുട്ടന്റെ വായില്‍ വെള്ളമൂറി.അതു കിറിയിലൂടെ താഴേക്കൊലിച്ചു.

“കൊതിയന്‍.” അഞ്ചുകണ്ണന് കളിയാക്കി.

“എടാ അഞ്ചുകണ്ണാ നീ വേഗം എറിയാന്‍ തുടങ്ങിക്കോ. സിനിമാ പ്രദര്‍ശനം തുടങ്ങുന്നതിന് മുന്നേ സ്കൂളിലെത്തേണ്ടതാ. ഗേറ്റടച്ചു കഴിഞ്ഞാല് പിന്നെ സ്കൂളില് കേറാന്‍ പറ്റത്തില്ല.”അപ്പുക്കുട്ടന് കാര്യ ഗൗരവമുണ്ട്. അവന്‍ അഞ്ചുകണ്ണനെ ഓര്‍മ്മിപ്പിച്ചു.
അഞ്ചുകണ്ണന് സമയം പാഴാക്കിയില്ല. പുളി എറിഞ്ഞിടാന്‍ തുടങ്ങി.
അപ്പുക്കുട്ടന്‍ അതെല്ലാം പെറുക്കി നിക്കറിന്റെ കീശയിലുമാക്കാന്‍ തുടങ്ങി.
സമയം പോയതറിഞ്ഞതേയില്ല.തിരക്കിട്ട ജോലിയ്ക്കിടയിലും രണ്ടുപേരും പച്ചയും പഴുത്തതുമായ പുളി മാറിമാറി തിന്നാന്‍ മറന്നില്ല.

“പല്ല് പുളിക്കുകയാണങ്കില് പുളിങ്കുരു തിന്നാല്‍ മതിയെടാ. നല്ലവണ്ണം കടിച്ച് പൊട്ടിച്ചങ്ങ് തിന്നണം. പുളിയറിയത്തേയില്ല.” അഞ്ചുകണ്ണന് അപ്പുക്കുട്ടന് പറഞ്ഞുകൊടുത്തു.

പുളിരുചിയറിയാതെ പുളിതിന്ന് രസിച്ച് നിന്ന അപ്പുക്കുട്ടനറിയാത്തൊരു കാര്യമുണ്ടായിരുന്നു.

കല്യാണിയമ്മ പുറകില്‍ കൂടി പതുങ്ങി വരുന്ന കാര്യം.

ചിറയിലെ വലിയ വീട്ടില് താമസക്കാരായി രണ്ട് വൃദ്ധകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കല്യാണിയമ്മയും പാറുവമ്മയും.
മക്കളെല്ലാം ദൂരസ്ഥലങ്ങളിലാണ്. ജോലിക്കാര്യങ്ങള്‍ക്കായി. അതുകൊണ്ട് തന്നെ വയസ്സുകാലത്തും ജോലിഭാരം ഏറെയാണ്. പറമ്പിലെ മാവ്,പ്ലാവ്,കമുക്, ഞാവല്മരം, ചാമ്പമരം, പേര ഇത്യാദി മരങ്ങളെ അപ്പുക്കുട്ടനേയും അഞ്ചുകണ്ണനേയും പോലുള്ള കൊള്ളക്കാരില് നിന്നും സംരക്ഷിക്കുകയെന്നതു തന്നെ എടുത്താല്പൊങ്ങാത്ത ജോലിയായി തീര്‍ന്നു ഇരുവര്‍ക്കും.
കൊള്ളക്കാരെ നേരിടാന്‍ പാറുവമ്മയും കല്യാണിയമ്മയും രണ്ട് രീതികളാണ് അവലംബിച്ചിരുന്നത്.
പാറുവമ്മയുടെ രീതിയാണ് അപ്പുക്കുട്ടനിഷ്ടം.
പാറുവമ്മ എന്തൊരു മണ്ടിയാണ്!
പുളിയേലെറിയുന്ന കല്ല് താഴെ വീഴുന്ന ശബ്ദം കേട്ടാല്‍ മതി.
കാറ്റിലും കോളിലും ഉലകിയാടുന്ന വള്ളമ്പോലൊരു വരവുണ്ട്. നഗ്നമായ മാറിടവും തൂക്കി നടുവിന് കൈയും കൊടുത്ത്. ആര്‍ത്തലച്ച് പെയ്യുന്ന പേമാരിപോലെ പൂരപ്പാട്ടുംപാടിയുള്ള വരവ് തുടങ്ങുമ്പോഴത്തേയ്ക്ക് അപ്പുക്കട്ടനങ്ങ് ഗോകര്‍ണ്ണത്തെത്തുവാന്‍ കഴിയും.
അല്പം പൂരപ്പാട്ട് കേട്ടാലെന്താ? കല്യാണിയമ്മയെപ്പോലെ അപകടകാരിയല്ലല്ലോ പാറുവമ്മ.
കല്യാണിയമ്മ ഭയങ്കര സാധനമാണ്.
ഒച്ചയുണ്ടാക്കാതെയേ വരുകയുള്ളു.
നടക്കുന്നതിനും ഓടുന്നതിനുമൊന്നും പാറുവമ്മയെപ്പോലല്ല.
എണ്പതിലും പതിനെട്ടിന്റെ തിളപ്പാണ്.
പ്രതി പിടിക്കപ്പെട്ടു കഴിഞ്ഞാലോ...
അവന്റെ കാര്യം പോക്കാ...
പ്രതിയെ ആദ്യം എറിഞ്ഞമരത്തില് തന്നെ കെട്ടിയിടും. പുളിയെങ്കില്‍ പുളി, കമുകെങ്കില്‍ കമുക്.
പിന്നെയൊരു പ്രയോഗമുണ്ട്. അത് അനുഭവിച്ചറിയണം!
അഞ്ചുകണ്ണന് കിട്ടിയിട്ടുണ്ട് പണ്ട്. അന്ന് അപ്പുക്കുട്ടന്‍ രക്ഷപ്പെട്ടു.
വെള്ളുറുമ്പിന്റെ കൂട് തലകീഴ് കമഴ്ത്തിയാല് സ്വര്‍ഗ്ഗം കാണാന്‍ പറ്റുമെന്നാ അഞ്ചുകണ്ണന്‍ പറയുന്നത്.

പാറുവമ്മയുടെ എഴുന്നള്ളത്ത് പ്രതീക്ഷിച്ചു നിന്ന അപ്പുക്കുട്ടന് തെറ്റിപ്പോയി. അല്ലെങ്കിലും പുളിയിങ്ങനെ മരം നിറച്ച് കിടക്കുമ്പോള് എത്രനേരമെന്ന് കരുതിയാ മറ്റുകാര്യങ്ങള്‍ ആലോചിക്കുന്നത്.
കല്യാണിയമ്മ ഇങ്ങോട്ട് ഇത്രവേഗം കെട്ടിയെടുക്കുമെന്ന് ആരാ വിചാരിക്കുന്നത്.
നശിച്ച തള്ള വന്ന് പൂണ്ടടക്കം പിടിച്ചു കഴിഞ്ഞു.
ഇത്തവണ സ്വര്‍ഗ്ഗം കണ്ടതു തന്നെ. അപ്പുക്കുട്ടന്‍ മനസ്സ് കൊണ്ട് തയ്യാറെടുപ്പ് തുടങ്ങി.
അഞ്ചുകണ്ണന്‍പുലി പറപറന്നു.
പുളിമരത്തില്‍ കുരിശിലേറിയ ക്രിസ്തുവിനെപ്പോലെ അപ്പുക്കുട്ടന് കിടന്നു.
ഉറുമ്പുംകൂടും പ്രതീക്ഷിച്ച്...
ദ്രോഹി... അഞ്ചുകണ്ണന്‍. അവന്‍ കടന്നുകളഞ്ഞു.
കല്യാണിയമ്മ തിരിച്ചു വന്നു.
അപ്പുക്കുട്ടന്‍ അവരെ സൂക്ഷിച്ച് നോക്കി.ഉറുമ്പിന്‍‌കൂടുണ്ടോ കൈയില്?
ഇല്ല. ഒന്നുമില്ല അവരുടെ കൈയില്.അപ്പുക്കുട്ടന് വിശ്വസിക്കുവാനായില്ല. ഇവരെന്തിനുള്ള പുറപ്പാടാണാവോ...

കണ്ണുനീര്‍ ധാരധാരയായി ഒഴുകിയിറങ്ങി അപ്പുക്കുട്ടന്റെ കവിളിലൂടെ.
“കൊച്ചുപോക്കിരീ, പുളിയെറിഞ്ഞതും പോരാഞ്ഞിട്ട് നിന്ന് മോങ്ങുന്നോ...നിന്നെ ഞാന്‍...”കല്യാണിയമ്മ പല്ല് ഞെരിച്ചു.
“ഉറുമ്പിന്‍‌കൂട് കിട്ടാത്തത് നിന്റെ ഭാഗ്യം. എങ്കിലും നിന്നെയങ്ങനെ വെറുതേ വിടുമെന്ന് നീ കരുതേണ്ട.”
കല്യാണിയമ്മ രണ്ട് കുടം വെള്ളം കൊണ്ടുവന്ന് അപ്പുക്കുട്ടന്റെ തലയിലൊഴിച്ചു.
ഹൊ... എന്തൊരു നാറ്റം. മൂക്കുപൊത്താന്‍ പോലും പറ്റുന്നില്ല. കൈകള്‍ കെട്ടിവെച്ചിരിക്കുകയല്ലേ.ചകിരിക്കുളത്തിലെ വെള്ളമാണ്. അഴുകിയ തൊണ്ടിന്റെ നാറ്റം.ഇതിലും ഭേദം സ്വര്‍ഗ്ഗം കാണുന്നത് തന്നെയായിരുന്നു.
അഞ്ചുകണ്ണന്‍ ഇപ്പോള്‍ സിനിമ കാണുകയായിരിക്കും.
ദേഷ്യവും സങ്കടവുമെല്ലാം അപ്പുക്കുട്ടനില്‍ ഇരച്ചു കയറി.
നാശം കെളവി ഉടനെയെങ്ങും അഴിച്ചു വിടുന്ന ലക്ഷണമില്ല.
ഇനിയിപ്പോള്‍ പതിനെട്ടാമത്തെ അടവ് പ്രയോഗിക്കുക തന്നെ.
“അയ്യോ ഓടിവരണേ...നാട്ടുകാരേ...ഈ കെളവിയെന്നെ കൊല്ലുന്നേ...ശ്വാസം മുട്ടിച്ച് കൊല്ലുന്നേ...”അപ്പുക്കുട്ടന് ഉറക്കെ ഉറക്കെ കരഞ്ഞു.

കല്യാണിയമ്മ അന്തംവിട്ട് കുന്തം മിഴുങ്ങി നിന്നു.ഇന്നുവരെ ഒരക്രമിയും ഇതുപോലെ കരഞ്ഞിട്ടില്ല.
അപ്പുക്കുട്ടന്റെ കരച്ചിലിന്റെ ആക്കം കൂടിക്കൂടിവന്നു.
ആള്‍ക്കാര്‍ അവിടുന്നും ഇവിടുന്നും തലയെത്തി നോക്കാന്‍ തുടങ്ങി.
കല്യാണിയമ്മ പതറിപ്പോയി. അപ്പുക്കുട്ടന്‍ മോചിതനായി.
കെട്ടഴിച്ചതും അപ്പുക്കുട്ടന്‍ സ്കൂളിലേയ്ക്ക് പാഞ്ഞു.
മേലാകെ ചകിരിവെള്ളത്തിന്റെ നാറ്റം. അതൊരു പ്രശ്നമാണോ? സിനിമാ പ്രദര്‍ശനത്തിന്റെ മുന്നില്‍.
ഭാഗ്യം അപ്പുക്കുട്ടനെ കൈ വിട്ടിരുന്നു.സദാപ്പന്‍ ചിറ്റനെ കണ്ടോണ്ടിറങ്ങിയപ്പോഴേ വിചാരിച്ചതാണ്.ഇന്നത്തെ ദിവസം പോക്കാണന്ന്.

ഗേറ്റ് അടച്ചിരിക്കുന്നു. ഇനി സ്കൂളില്‍ കയറാന്‍ പറ്റില്ല. സിനിമ കാണാന്‍ പറ്റത്തില്ല.മീശ സാര്‍ ഇന്നലെ പ്രത്യേകം പറഞ്ഞതാണ് ഗേറ്റടച്ച് കഴിഞ്ഞ് വരുന്നവര്‍ തിരിച്ച് പൊയ്ക്കോളണമെന്ന്.

ഗേറ്റടച്ചാല്‍ അപ്പുക്കുട്ടന് പുല്ലാണ്.
സ്കൂളിന്റെ വടക്കേ അതിര്‍ത്തി മുള്ളുവേലിയാണ്.
വേലി പൊളിക്കുക തന്നെ.

അപ്പുക്കുട്ടന്‍ വേലി പൊളിച്ചു അകത്ത് കടന്ന് സിനിമാപ്രദര്‍ശനം നടക്കുന്ന ഷുവാല ഹാളിനെ ലക്ഷ്യമാക്കി നടന്നു.
പതുക്കെ ഷുവാല ഹാളിന്റെ കതക് തള്ളി തുറന്നു.ആരേയും വ്യക്തമായി കാണാന് പറ്റുന്നില്ല. മൊത്തം ഇരുട്ട് മാത്രം.
സ്ക്രീനില്‍ സിനിമ നടക്കുന്നു.
അപ്പുക്കുട്ടന്‍ അഞ്ചുകണ്ണനെ വിളിച്ചു, “എടാ പുലീ,അഞ്ചുകണ്ണന്‍പുലീ... നീയെന്നെയിട്ടിട്ട് പൊയ്ക്കളഞ്ഞല്ലേടാ...”
പുറകില്‍ നിന്നു ആരോ അപ്പുക്കുട്ടന്റെ കോളറില്‍ പിടുത്തമിട്ടു.
അപ്പുക്കുട്ടന് ശ്രദ്ധിക്കാന്‍ സമയമില്ല.
സിനിമ പൊടിപൊടിക്കുന്നു.
പക്ഷേ പിടുത്തത്തിന്റെ ശക്തി കൂടിക്കൂടി വന്നു.അപ്പുക്കുട്ടന്‍ പൂര്‍ണ്ണമായും വാതിലിന് പുറത്തായി.
മീശ സാര്‍ തന്റെ കൊമ്പന്‍ മീശ ചുരുട്ടിക്കൊണ്ട് നില്ക്കുന്നു.
“എന്താടാ ഇവിടെയൊരു ചുറ്റിക്കളി? എവിടെടാ നിന്റെ ടിക്കറ്റ്?”
അപ്പുക്കുട്ടന്‍ പോക്കറ്റില്‍ കൈയിട്ടു.അമ്മയുടെ പണക്കുടുക്കയില്‍ നിന്നും അടിച്ച് മാറ്റിയ ഒരു രൂപ നോട്ട് പുറത്തെടുത്തു.അത് നനഞ്ഞൊട്ടിയിരിക്കുന്നു.
“ടിക്കറ്റെടുക്കാതെ അകത്ത് കയറാനുള്ള പണിയായിരുന്നല്ലേടാ. നിന്നെ ഞാന്‍...” മീശ സാര്‍ ഉണ്ടക്കണ്ണുരുട്ടി.
“അല്ല സാറേ സത്യായിട്ടും അല്ല.ഗേറ്റടച്ച് കഴിഞ്ഞ് വരുന്നവരെ സിനിമ കാണിക്കുകേലന്ന് സാറല്ലേ ഇന്നലെ പറഞ്ഞത്.
ഗേറ്റടച്ചതുകൊണ്ട് എനിക്ക് സിനിമ കാണാന്‍ പറ്റത്തില്ലാന്ന് അഞ്ചുകണ്ണനോട് പറയാനാ ഞാന്‍ വന്നത്.അതോണ്ടാ ടിക്കറ്റെടുക്കാഞ്ഞത്.”
“ഗേറ്റടച്ച് കഴിഞ്ഞെങ്കില് പിന്നെ നീയെങ്ങനെ അകത്തെത്തി.” മീശ സാര്‍ ചോദിച്ചു.
“കാണിച്ച് തരാം സാര്‍.” അപ്പുക്കുട്ടന്‍ വന്നതിനേക്കാള്‍ വേഗതയില് വേലിനൂണ്ട് പുറത്തിറങ്ങി.
“ഇപ്പോ മനസ്സിലായോ സാര്‍?” അപ്പുക്കുട്ടന്‍ വേലിയ്ക്ക് പുറത്ത് നിന്നും ചോദിച്ചു.
മീശ സാര്‍ ചിരിച്ച് കൊണ്ട് നിന്നു.
സിനിമ കണ്ടില്ലെങ്കിലെന്താ? ഒരു രൂപയല്ലേ പോക്കറ്റില് കിടക്കുന്നത്. അപ്പുക്കുട്ടന്‍ മിഠായി മാമന്റെ കടയെ ലക്ഷ്യമാക്കി നടന്നു.(സ്ക്കൂളിന്റെ ഗേറ്റടച്ച് പോയത്കൊണ്ട് വേലിനൂണ്ട് അകത്ത് കടന്ന് ഗേറ്റടച്ച് പോയതുകൊണ്ട് അകത്ത് കയറാന്‍ പറ്റില്ലായെന്ന് കൂട്ടുകാരനോട് പറഞ്ഞ് തിരിച്ച് പോന്ന മഹാന് സമര്‍പ്പണം.)

22 comments:

സതീശ് മാക്കോത്ത് | sathees makkoth said...

“എന്താടാ അപ്പുക്കുട്ടാ ഇന്ന് സ്കൂളില്ലേ? നീ തുള്ളിച്ചാടി നേരത്തേ തന്നെ കെട്ടിയിറങ്ങിയല്ലോ...”
“ഇല്ല ചിറ്റാ, ഇന്ന് സ്കൂളില്ല. സ്കൂളിലിന്ന് സിനിമാ പ്രദര്‍ശനാ...”


പുതിയ പോസ്റ്റ്

SAJAN | സാജന്‍ said...

സതീശ്,
അപ്പുക്കുട്ടന്റെം, അഞ്ചുകണ്ണ്ന്റെം സ്കൂളിലെ, സിനിമാ പ്രദര്‍ശനം എന്റെ തേങ്ങ അടിയില്‍ തന്നെ തുടങ്ങട്ടെ..
ടേം..
സുല്‍ വരുന്നതിനു മുമ്പു ഞാന്‍ ഓടി..

വല്യമ്മായി said...

സ്കൂളിലെ സിനിമാ പ്രദര്‍ശനവും ട്രൗസറിന്റെ പിറകെ പിടിച്ചുള്ള ഓട്ടവും പുളിയെറിയലും എല്ലാം ഓര്‍മ്മകളെ ഒരു പാട് പിറകിലേക്ക് കൊണ്ട് പോയി.നന്ദി സതീശ്.

സു | Su said...

പാവം അപ്പുക്കുട്ടന്‍. സിനിമ കാണാന്‍ പറ്റിയില്ലല്ലോ.

Haree | ഹരീ said...

ഹല്ല,
ഇതെന്നാ ഏര്‍പ്പാടാ... ഏതായിരുന്നു പടം എന്നു പറഞ്ഞിട്ടില്ല, ഞാനതറിയാനല്ലേ ഇത്രയും കുത്തിയിരുന്നു വായിച്ചത്... ;)

കൊള്ളാട്ടോ...
--

Anonymous said...

ആ പുളിയെ കുറിച്ചുള്ള വിവരണം,
പുളി തീറ്റിച്ചുകളഞ്ഞല്ലോ മാഷേ!! :)

venu said...

ആ കൊച്ചു കുട്ടിക്കാലം ചാരുതയോടെ പകര്‍ത്താന്‍ കഴിഞ്ഞു സതീശെ.:)

സതീശ് മാക്കോത്ത് | sathees makkoth said...

സിനിമാപ്രദര്‍ശനം കാണാനെത്തിയ എല്ലാവര്‍ക്കും നന്ദി.

പതാലി said...

സതീഷേ...
ആത്മകഥയാണെങ്കിലും അതിന്‍റെ അഹങ്കാരമില്ല കേട്ടോ

അപ്പു said...

"വണ്ടിയില്‍ നിന്നും തെറിച്ച് പോകാതിരിക്കാനായി അഞ്ചുകണ്ണന്‍ അപ്പുക്കുട്ടന്റെ വള്ളിനിക്കറിന്റെ പുറകില്‍ ചൂണ്ട് വിരല്‍ കൊണ്ട് കോര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു"...

ഹൈ .. ഹൈ.. ബാല്യകാലം ബാല്യകാലം....!!
നന്നായി സതീശാ.

വക്കാരിമഷ്‌ടാ said...

നന്നായിരിക്കുന്നു.

വള്ളി നിക്കറില്‍ കൈപിടിച്ച അപ്പുക്കുട്ടനാണോ ഭാവിയില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നായത്? :)

തറവാടി said...

സതീഷെ ,

പോസ്റ്റിഷ്ടായി ,

എന്നാല്‍ ഒരു ചോദ്യം ,

ഈ പുലീ എന്ന വിളിയൊക്കെ ആകാലത്തു പ്രചാരത്തിലുണ്ടായിരുന്നോ? ,

അതോ ഇതൊരു പുതിയ ... ???? ,

ഞാനൊരു പാലക്കാട്ടുകാരന്‍ നാട്ടിന്‍പുറത്തു കരനാണൈ , അറിവില്ലാതെ ചോദിച്ചൂന്നെ ഉള്ളു! :)

kaithamullu - കൈതമുള്ള് said...

തറവാടി മാഷേ, അവസാന ആ ഡയലോഗ് പ്രതാപചന്ദ്രന്റെ(സിനിമാനടന്‍)സ്റ്റൈലിലൊന്നു പറഞ്ഞു നോക്കിയേ....

-ബാല്യകാലസ്മരണകള്‍ നന്നാകുന്നു, സതീശ്!

ഏറനാടന്‍ said...

സതീഷാ ഒരു വേള പള്ളിക്കൂടകാലഘട്ടത്തിലെത്തി. പറങ്കിയണ്ടി പെറുക്കാമ്പോയതും ഗോട്ടിക്കളിയും കിളിത്തട്ടും കുട്ടീം കോലും കളിയും എല്ലാമെല്ലാം ഫ്ലാഷ്‌ബാക്കിലെത്തിച്ചുവീ പോസ്‌റ്റ്‌.

അഗ്രജന്‍ said...

സതീശ്... നല്ല പോസ്റ്റ്...

കുട്ടിക്കാലത്തെ ഒരു പാട് നല്ല ഓര്‍മ്മകളെ വീണ്ടും അയവിറക്കാനായി ഈ പോസ്റ്റിലൂടെ... നന്ദി, ഒരു പാട് നന്ദി :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അഞ്ചുകണ്ണന്‍ ന്ന് എങ്ങനാ കൂട്ടുകാരനു പേരു വന്നേ?

സതീശ് മാക്കോത്ത് | sathees makkoth said...

പതാലി, എന്നെയങ്ങ് കൊല്ല്‌. ഞാന്‍ മണ്ടനാണന്നല്ലേ പറഞ്ഞതിന്റെ സാരം.

വക്കാരിമഷ്‌ടാ അറിയില്ല.
തറവാടി, ബൂലോകത്തിലെ പുലിയല്ല ഈ പുലി.
അഞ്ചുകണ്ണന്‍പുലിയെന്നത് അവന്റെ ഇരട്ടപ്പേരാണ്.
കുട്ടിച്ചാത്തന്‍, അഞ്ചുകണ്ണന്‍പുലിയെന്ന പേരു വന്ന കാര്യം ഞാന്‍ പറഞ്ഞുതരാട്ടോ.അല്പം കാത്തിരിക്കൂ...
അപ്പു,അഗ്രജന്‍,കൈതമുള്ള്,ഏറനാടന്‍,
എല്ലാവര്‍ക്കും നന്ദി.

തമനു said...

സതീശാ,

കര്‍ത്താവ്‌ കുരിശേക്കെടക്കുന്ന പോലെ അപ്പുക്കുട്ടന്റെ പുളിയേലുള്ള ആ കെടപ്പ്‌ ഓര്‍ത്തിട്ട്‌ സഹിക്കുന്നില്ല.

കലക്കി

പടിപ്പുര said...

സതീശേ ഏത്‌ സിനിമയായിരുന്നുവെന്ന് വല്ല ഓര്‍മ്മയുമുണ്ടൊ?
ചെറിയ ക്ലാസില്‍ ഞങ്ങളെ കാണിച്ചിരുന്ന സിനിമകളായിരുന്നു- അഗ്രഹാരത്തില്‍ കഴുത, കാഞ്ചന സീത, പഥേര്‍ പാഞ്ചാലി...

വല്ലതും മനസിലാവുന്ന പ്രായമാണോ, സിനിമയാണോ!

സതീശ് മാക്കോത്ത് | sathees makkoth said...

പടിപ്പുരേ, കുമ്മാട്ടി ആയിരുന്നെന്ന് തോന്നുന്നു.

Sudheesh Arackal said...

വണ്ടിയില്‍ നിന്നും തെറിച്ച് പോകാതിരിക്കാനായി അഞ്ചുകണ്ണന്‍ അപ്പുക്കുട്ടന്റെ വള്ളിനിക്കറിന്റെ പുറകില് ചൂണ്ട് വിരല് കൊണ്ട് കോര്‍ത്ത് പിടിച്ചിട്ടുണ്ടായിരുന്നു.ഽ/////////////
അയ്യയ്യോ.ഇനിയെനിക്ക്‌ ചിരിക്കാൻ വയ്യേ....ഞാൻ കുഴഞ്ഞു പോകുന്നു.
ഇനി മേലാൽ ഇത്തരം പോസ്റ്റ്‌ ഇട്ടേക്കരുത്‌.
ഒരുപാട്‌ ചിരിച്ചു.

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP