Followers

വാഴ

Sunday, March 30, 2008

വീടിന്റെ പടിഞ്ഞാറേ മൂലയ്ക്ക് ഒരു വാഴ നില്‍പ്പുണ്ടായിരുന്നു. ഞാലിപ്പൂവന്‍ വാഴ! അച്ഛന് മറ്റ് വാഴകളേക്കാള്‍ ഒരു പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നു ഈ വാഴയോട്. ഇതിന്റെ തൈ അച്ഛന്‍ മുതലാളീടെ വീട്ടില്‍ നിന്നും കൊണ്ടുവന്നതാണ്. വലിയ കുല നല്‍കുന്ന പ്രത്യേകതരം വാഴയായിരുന്നു അത്. മുതലാളീടെ വീട്ടിലുണ്ടായ കുലയ്ക്ക് അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടായിരുന്നു എന്നാണ് അച്ഛന്‍ പറഞ്ഞത്!

അപ്പുക്കുട്ടന്റെ ഇരട്ടി നീളമുണ്ടങ്കില്‍ അതില്‍ എത്ര പടല പഴം കാണും. അപ്പുക്കുട്ടന്‍ മനസ്സില്‍ കണക്ക് കൂട്ടി. അതെല്ലാം കൂടി പഴുപ്പിച്ച് തിന്ന് തീര്‍ക്കാന്‍ എത്ര ദിവസം വേണം. അപ്പുക്കുട്ടന് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.

വാഴ ദിവസം തോറും വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ ദിവസവും അതിന് വെള്ളം കോരും. അമ്മ കഞ്ഞിവെള്ളവും ഉള്ളിത്തൊലിയും വാഴച്ചോട്ടിലിട്ട് പോന്നു. അപ്പുക്കുട്ടനും ആദ്യകാലത്തൊക്കെ അതിന് വെള്ളമൊഴിക്കുമായിരുന്നു. മറ്റ് വാഴകളുടെ അസൂയാപാത്രമായി ഞാലിപ്പൂവന്‍ വാഴ വളര്‍ന്നു വന്നു. വാഴയിലയില്‍ കാക്കകള്‍ പോലും വന്നിരിക്കാന്‍ അച്ഛന്‍ സമ്മതിച്ചിരുന്നില്ല. സ്വന്തം പിള്ളാരെപ്പോലും ഇത്രേം കാര്യമായിട്ട് നോക്കിയിട്ടില്ലാന്ന് അമ്മ കളിയാക്കി പറഞ്ഞ് പോന്നു.

“ ഈ വാഴേടെ കൊല വിറ്റിട്ട് നെനക്ക് ഞാനൊരു ബ്ലൌസ് വാങ്ങിത്തരണുണ്ട്.” ഒരുനാള്‍ അച്ഛന്‍ അമ്മയോട് പറയുന്നത് അപ്പുക്കുട്ടന്‍ കേട്ടു.

അപ്പുക്കുട്ടന് അത് കേട്ട് സങ്കടം വന്നു. ഞാലിപ്പൂവന്‍ പഴം തിന്നാന്‍ കിട്ടില്ലല്ലോ... അന്നത്തോടെ ഞാലിപ്പൂവന് വെള്ളം കോരുന്നത് അപ്പുക്കുട്ടന്‍ നിര്‍ത്തി. മറ്റെല്ലാ വാഴകള്‍ക്കും അപ്പുക്കുട്ടന്‍ പുട്ടുകുടത്തില്‍ വെള്ളം കോരിയൊഴിക്കും. ഞാലിപ്പൂവനെ നോക്കി കൊഞ്ഞനം കാണിക്കും.

വാഴ വളര്‍ന്ന് വലുതായി. ഒരു നാള്‍ വാഴയുടെ കുല കിഴക്കോട്ട് നാമ്പ് നീട്ടി. അന്ന് അച്ഛന് ഭയങ്കര സന്തോഷമായിരുന്നു. അമ്മയ്ക്കും സന്തോഷമായിരുന്നു. അപ്പുക്കുട്ടന് സന്തോഷമൊന്നും തോന്നിയില്ല.

അപ്പുക്കുട്ടന്‍ വെള്ളമൊഴിക്കാതെ തന്നെ കുല വളര്‍ന്ന് കൊണ്ടിരുന്നു. അച്ഛന്‍ പറഞ്ഞത് പോലെ തന്നെ ഒരു വലിയ കുല!

കൊതികിട്ടാതിരിക്കാന്‍ അച്ഛന്‍ ചാക്കും ഉണങ്ങിയ വാഴയിലകൊണ്ടും കുല മൂടിയിട്ട് വളര്‍ത്തി. കുല വിളഞ്ഞു. പഴുക്കുന്നതിന് മുന്നേ തന്നെ അച്ഛനത് വെട്ടിയെടുത്ത് അകത്തെ മുറിയിലെ അഴയുടെ പുറകിലെ ഇരുട്ടില്‍ കെട്ടിത്തൂക്കി.

കിളികളെ മാത്രമല്ല ഇക്കാലത്ത് ആളുകളെക്കൂടെ സൂക്ഷിക്കണത് അത്ര എളുപ്പമുള്ള കാര്യമല്ല. അത്കൊണ്ട് ഇത്രേം വല്ല്യൊരു കൊല വാഴേത്തന്നെയിട്ട് പഴുപ്പിക്കണത് ബുദ്ധിയല്ലന്നാണ് അച്ഛന്‍ പറഞ്ഞത്.

അഴയുടെ പുറകിലെ ഇരുട്ടില്‍ കുലയുടെ നിറം മാറിത്തുടങ്ങി. വാഴപ്പഴത്തിന്റെ മണം മുറിയിലാകെ!

അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി മുകളിലോട്ടൊന്ന് നോക്കി. ഗമണ്ടന്‍ കുല! കൈയെത്താത്ത ഉയരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നു. അതും ചാക്ക് കൊണ്ട് പൊതിഞ്ഞ്!

“നാളെയോടെ കുല നല്ലവണ്ണം പഴുക്കുമാരിക്കും. അപ്പോഴത്തേക്കും വന്ന് കൊണ്ട് പൊയ്ക്കോളമെന്നാണ് കടക്കാരന്‍ രവി പറഞ്ഞിരിക്കണത്.” അച്ഛന്‍ അമ്മയോട് പറയുന്നത് അന്ന് വൈകുന്നേരം അപ്പുക്കുട്ടന്‍ കേട്ടു.

ഇനി ഒറ്റ ദിവസം മാത്രം. അത് കഴിയുമ്പോള്‍ കുല കടക്കാരന്‍ രവിയുടെ കടയുടെ മുന്നില്‍ തൂങ്ങി നില്‍ക്കും. നാട്ടിലുള്ള ആള്‍ക്കാര് മുഴുവന്‍ വാങ്ങിത്തിന്നും. അവരതിന്റെ രുചിയറിയും.

അപ്പുക്കുട്ടന് ആലോചിചിച്ചിട്ട് അതത്ര ശരിയായി തോന്നിയില്ല. സ്വന്തം വീട്ടിലുണ്ടായ കുലയില്‍ നിന്നും ഒരെണ്ണമെങ്കിലും തിന്നില്ലങ്കില്‍ അത് മോശമല്ലേ. കൂടുതലൊന്നും വേണ്ട. ഒരെണ്ണം. ഒരെണ്ണം മാത്രം! അതും രുചിയറിയുന്നതിന് വേണ്ടി മാത്രം.

പിറ്റേന്ന് വീട്ടിലാരുമില്ലാത്ത തക്കം നോക്കി അപ്പുക്കുട്ടന്‍ അഴയുടെ പുറകിലെത്തി. സ്റ്റൂളിന്റെ പുറത്ത് ചെമ്പ് കുടം കമഴ്ത്തിവെച്ച് അതിന്മേല്‍ കേറി കുലയില്‍ പിടിച്ചു. ഒരെണ്ണം. ഒരെണ്ണം മാത്രം ചാക്കിനിടയിലൂടെ ഉരിഞ്ഞെടുത്തു.

സ്റ്റൂളില്‍ നിന്നും ചെമ്പ് കുടമെടുത്ത് താഴെ വെച്ചു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

ആരും കണ്ടില്ലന്നാണ് വിചാരിച്ചത്. എന്നിട്ടിപ്പോള്‍!

സേതു! ഇവളിതെവിടുന്ന് വന്നു.

“അയ്യോ ചേട്ടന്‍ പഴം കക്കണത് ഞാന്‍ കണ്ടേ...”

കൊച്ച് കാന്താരി നിന്നലറുന്നത് കണ്ടില്ലേ. ഒറ്റ വീക്ക് കൊടുക്കാനാണ് അപ്പുക്കുട്ടന് തോന്നിയത്. പക്ഷേ സഹചര്യത്തിന്റെ സമ്മര്‍ദ്ദം അതിനനുവദിച്ചില്ല.

അപ്പുക്കുട്ടന്‍ പഴം അവള്‍ക്ക് നേരേ നീട്ടി. കൊതിച്ചി. തീറ്റികാണാത്തത്പോലയല്ലേ അതകത്താക്കിയത്. അതുമാത്രമോ. ദേ, പിന്നേം നിന്ന് ചിണുങ്ങുന്നു.

“എനിക്കിനീം വേണം. അല്ലേ ഞാനച്ഛനോട് പറഞ്ഞ് കൊടുക്കും.” ഭീഷണിയാണ്.

അപ്പുക്കുട്ടന്‍ വീണ്ടും സ്റ്റൂളിന്റെ മുകളില്‍ കുടം കമഴ്ത്തി.

“ചേട്ടനും എടുത്ത് തിന്നോ. നല്ല രുചി.” അവള് നിന്ന് ചിരിക്കുന്നു.

അയ്യട എന്തൊരൌദാര്യം! ശരിയാണ്. എന്ത് രുചി! ഇതാണ് ഇക്കണ്ട നാട്ടുകാര് മുഴുവന്‍ തിന്നാന്‍ പോണത്.

“ചേട്ടാ എനിക്ക് മതി.” ചെമ്പ് കുടം പോലായ വയറും കാണിച്ചോണ്ട് സേത് പറഞ്ഞപ്പോഴാണ് അപ്പുക്കുട്ടന്‍ ശരിക്കും കുലയിലോട്ട് നോക്കിയത്.

കുല പകുതിയും കാലിയായിരിക്കുന്നു.

അന്ന് വൈകുന്നേരം കടക്കാരന്‍ രവിയുമായിട്ടാണ് അച്ഛനെത്തിയത്. അഴയ്ക്ക് പുറകിലെ ഇരുട്ടില്‍ നിന്നും അച്ഛന്‍ കുലയഴിച്ചെടുത്തു.

“പഴുത്തത് കൊണ്ടാരിക്കും കൊലയ്ക്കൊരു ഭാരക്കൊറവ്!” അച്ഛന്‍ കുലയെടുത്ത് പുറത്ത് കൊണ്ട് വന്നു.

കുലയെ പൊതിഞ്ഞിരുന്ന ചാക്ക് അഴിച്ച് മാറ്റി. അവിശ്വസനീയം! കുല പകുതിയായിരിക്കുന്നു.

മോഷണം. ശുദ്ധമോഷണം!

കടക്കാരന്‍ രവി നിന്ന് ചിരിക്കുന്നു.

“അപ്പുക്കുട്ടാ...” അച്ഛന്‍ ഉത്തരത്തീന്ന് ചൂരലെടുത്തു.

സേതുവപ്പോള്‍ വടക്കേ വെളിയില്‍ കുത്തിയിരിക്കുകയായിരുന്നു.

“ആര്‍ക്ക് വേണം അച്ഛന്റെ ഞാലിപ്പൂവന്‍? നല്ല ഒന്നാന്തരം പാളയം‌കോടനുള്ളപ്പോ ആര്‍ക്ക് വേണം ഞാലിപ്പൂവന്‍? വല്ല എലീം തിന്നതാരിക്കും.” അപ്പുക്കുട്ടന്‍ ഓടുകയായിരുന്നു.

“ശരിയാണച്ഛാ... അഴേടെ പൊറകിലേ നെറയേ എലിയാ...” സേതു ഇരുന്ന ഇരുപ്പില്‍ അപ്പുക്കുട്ടനെ ന്യായീകരിച്ചു.

“അപ്പോ രണ്ടാളും കൂടിയുള്ള പണിയാണല്ലേ?” അച്ഛന്‍ സേതുവിന്റെ നേരേ തിരിഞ്ഞു.

അവളപ്പോള്‍ എഴുന്നേറ്റ് ഓടാന്‍ പോലുമുള്ള അവസ്ഥയിലല്ലായിരുന്നു.

Read more...

എക്സ്പ്രസ് പൂഴിറോഡ്

Monday, March 24, 2008

പഞ്ചായത്ത് പ്രസിഡന്റ് മാത്തപ്പന്‍ സാര്‍ വിദേശപര്യടനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ ഭയങ്കര സ്വീകരണമായിരുന്നു. എങ്ങനെ സ്വീകരണം നല്‍കാതിരിക്കും? പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പ്രസിഡന്റ് വിദേശപര്യടനം നടത്തുന്നത്! അതും സ്വന്തം പഞ്ചായത്തിന്റെ ഉന്നമനത്തിനായി! താലപ്പൊലിയും പഞ്ചവാദ്യവുമൊക്കെയായി ഭയങ്കര സ്വീകരണമായിരുന്നു.മുകള്‍ ഭാഗം മാറ്റിയ ജീപ്പില്‍ നിന്നുകൊണ്ട് പ്രസിഡന്റ് ജനങ്ങളുടെ അഭിവാദ്യം ഏറ്റുവാങ്ങി. സ്വീകരണത്തിനൊടുവില്‍ പൊതുയോഗവുമുണ്ടായിരുന്നു. പഞ്ചായത്ത് വക കളിസ്ഥലത്ത്!

സ്വീകരണത്തിന് മറുപടി നല്‍കുവാന്‍ പ്രസിഡന്റ് മൈക്കിന് മുന്നിലെത്തി. ആദരസൂചകമയി മൂന്ന് കതിനകള്‍ പൊട്ടി. നേതാവ് സന്ദര്‍ശിച്ച മൂന്ന് രാജ്യങ്ങള്‍ക്കുമായി മൂന്ന് കതിനകള്‍!

കതിന പൊട്ടുന്നത് ജനങ്ങളുടെ കൈയടി കാരണം കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കൈയടി അല്‍പമൊന്ന് കുറഞ്ഞപ്പോള്‍ നേതാവ് സംസാരം ആരംഭിച്ചു.

എന്റെ പ്രീയപ്പെട്ട നാട്ടുകാരേ,

നിങ്ങളുടെയെല്ലാം നീണ്ട നാളത്തെ അഭ്യര്‍ത്ഥനപ്രകാരം ഞാന്‍ ചില വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വ്യക്തിപരമായി ഈ യാത്ര ഞാനൊട്ടും ആഗ്രഹിച്ചിരുന്നതല്ല. ഞാന്‍ ജീവന് തുല്യം സ്നേഹിക്കുന്ന നിങ്ങളോരോരുത്തരേയും പിരിഞ്ഞുള്ള ഓരോ നിമിഷവും ഞനെങ്ങനെ തള്ളി നീക്കിയെന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. കുറേ ഏറെ ഞാന്‍ കഷ്ടപ്പെട്ടെങ്കിലും എനിക്കൊരു സന്തോഷമുണ്ട്. എന്റെ നാട്ടുകാര്‍ക്കും പഞ്ചായത്തിനും ഗുണകരമാവുന്ന കുറച്ച് നല്ലകാര്യങ്ങള്‍ കണ്ട് പഠിക്കുവാന്‍ എന്റെ യാത്ര ഉപകരിച്ചു. കണ്ടതെല്ലാം അതേപടി ഇവിടെ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും നമ്മുടെ പഞ്ചായത്തിന്റെ സാമ്പത്തികമായ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി അതില്‍ ചിലത് ഇവിടെ നടപ്പില്‍ വരുത്തുമെന്ന് നിങ്ങളേവരുടെയും മുന്നില്‍ ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.

വിശ്രമമില്ലാത്ത ചര്‍ച്ചകളാലും,മണിക്കൂറുകള്‍ നീണ്ട വിമാനയാത്രകളും മൂലം ഞാനേറെ ക്ഷീണിതനാണ്. എനിക്കല്‍പം വിശ്രമമാവശ്യമാണ്. ആയതിനാല്‍ തല്‍ക്കാലം ഞാനെന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍!

പ്രസിഡന്റ് പ്രസംഗം നിര്‍ത്തി. കൈയ്യടി നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്നു.

മൈതാനത്തിന്റെ പുറക് വശത്ത് നിന്നും ശബ്ദമുയരുന്നു. എന്താണത്?

എല്ലാവരുടേയും ശ്രദ്ധ പുറകിലേയ്ക്കായി.

മാത്തപ്പന്റെ ദുര്‍ഭരണം അവസാനിപ്പിക്കുക.
മാത്തപ്പന്റെ അഴിമതി അവസാനിപ്പിക്കുക.

പ്രതിപക്ഷ നേതാവ് ലോനപ്പന്റെ നേതൃത്വത്തില്‍ കുറേപ്പേര്‍ മുദ്രാവാക്യം വിളിക്കുന്നു.

പ്രസിഡന്റ് അഴിമതി നടത്തിയെന്ന്! ദുര്‍ഭരണവും ധൂര്‍ത്തും നടത്തിയെന്ന്!

ജനം രണ്ട് ചേരിയിലായി. സംഭവം അടിപിടിയിലെത്തുമെന്നായി.

പ്രസിഡന്റിന്റെ പ്രസംഗത്തില്‍ കഴമ്പില്ലന്നും, എന്താണങ്ങേര് കണ്ടതെന്നും, നാടിനുവേണ്ടി എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ലന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു.

പ്രതിപക്ഷനേതാവിന്റെ പറച്ചിലില്‍ കാര്യമുണ്ടന്ന് ചിലര്‍ക്കൊക്കെ തോന്നിത്തുടങ്ങി.

എങ്ങനെയെങ്കിലും വീട് പിടിച്ച് പെമ്പ്രന്നോരേം മക്കളേം കണ്ട് വിദേശവര്‍ത്തമാനവും പറഞ്ഞ് വണ്ടിയില്‍ നിന്നും ഇതേവരെ പുറത്തെടുക്കാത്ത എടുത്താല്‍ പൊങ്ങാത്ത പെട്ടിയ്ക്കകത്തുള്ളതിന്റെ വിശകലനവും നടത്തണമെന്നാഗ്രഹിച്ചിരിക്കുമ്പോള്‍ ഓരോരോ പൊല്ലാപ്പുകളുമായി ഓരോരുത്തന്മാരിറങ്ങിക്കോളും. പ്രസിഡന്റിന് ശരിക്കും ദേഷ്യം വന്നു. പക്ഷേ രാഷ്ട്രീയക്കാരന് ദേഷ്യം പുറത്ത് കാണിക്കാന്‍ പറ്റുമോ? എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ നാളെ വെണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വരും! ഒന്നും പറയാതിരുന്നാലും അത് പത്രത്തില്‍ വരും! പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണന്ന് ജനങ്ങള്‍ വിചാരിക്കും!

പ്രസിഡന്റ് വീണ്ടും എണീറ്റ് മൈക്കില്‍ പിടിച്ചു.

“ആരും വേറുതേ വഴക്കടിക്കേണ്ട. എന്റെ ക്ഷീണമൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. എന്തെന്നാല്‍ നിങ്ങളുടെ സേവനമാണ് എന്റെ ലക്ഷ്യം. ഞാന്‍ ചെയ്യാനുദ്ദേശിക്കുന്ന ഒരു ചെറിയ കാര്യത്തെക്കുറിച്ച് മാത്രമിപ്പോള്‍ പറയാം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുകയെന്നുള്ളതാണത്.
ആലപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന പഞ്ചായത്തായിട്ട് കൂടി ഒറ്റ ടൂറിസ്റ്റുകള്‍ ഇങ്ങോട്ട് കയറുന്നുണ്ടോ? എന്താകാര്യം?”

ഉത്തരം കിട്ടാനായി പ്രസിഡന്റ് ജനക്കൂട്ടത്തെ ഒന്ന് നോക്കി.

ഇല്ല. ആര്‍ക്കും ഉത്തരമില്ല.

“ടൂറിസ്റ്റുകള്‍ വരണേല് ഗതാഗത സൗകര്യം വേണം. നമ്മുക്കതുണ്ടോ ഇന്ന്? നിങ്ങളൊന്നാലോചിച്ചേ, കോമളപുരത്ത് നിന്ന് പാതിരപ്പള്ളി വരെ പോകണേ നല്ലൊരു റോഡുണ്ടോ നമ്മുക്കിന്ന്? വളഞ്ഞ് തിരിഞ്ഞ് ചുറ്റിക്കറങ്ങി പോകുന്നതിന്റെ ബുദ്ധിമുട്ട് നിങ്ങളൊക്കെ അനുഭവിക്കുന്നതല്ലേ.. ഞാന്‍ പറഞ്ഞ് വരുന്നതിന്റെ ചുരുക്കം ഇത്രമാത്രം. നമ്മുടെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കണം. തദ്വാര പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ നമ്മുടെ പഞ്ചായത്തിലേയ്ക്ക് ടൂറിസ്റ്റുകളെ കൊണ്ട് വരുക. അങ്ങനെ പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുക.”

പ്രസിഡന്റ് പറയുന്നതെന്ന് കേള്‍ക്കാന്‍ ജനം കാതോര്‍ത്തിരുന്നു. പ്രസിഡന്റ് തുടര്‍ന്നു.

“ഈ എക്സ്പ്രസ്സ് ഹൈവേ.. എക്സ്പ്രസ് ഹൈവേ.. എന്ന് നിങ്ങള്‍ ഒരുപക്ഷേ കേട്ടിരിക്കും. വിദേശരാജ്യങ്ങളിലൊക്കെ വളരെ ഭംഗിയായി ജനങ്ങള്‍ അതിന്റെ ഗുണങ്ങള്‍ അനുഭവിക്കുന്നുമുണ്ട്. അങ്ങനൊരു ഹൈവേയിലൂടെ യാത്രചെയ്തതിന്റെ അനുഭവത്തില്‍ ഞാന്‍ പറയുകയാണ് നമ്മുടെ നാടിനും അത് അനിവാര്യമാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മെ ഭരിക്കുന്നവര്‍ പലപല കാരണങ്ങളും പറഞ്ഞ് അതിനെല്ലാം തുരങ്കം വെയ്ക്കുകയാണ് എന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കെല്ലാം അറിവുള്ളതാണല്ലോ.
കാര്യങ്ങളിങ്ങനൊക്കെയാണങ്കില്‍കൂടിയും ഞാനൊരുകാര്യം ഊന്നിഊന്നിപറയാന്‍ ആഗ്രഹിക്കുന്നു.”

പ്രസിഡന്റ് ഒരുനിമിഷമൊന്ന് പ്രസംഗം നിര്‍ത്തി ജനത്തെ നോക്കി. എന്നിട്ട് തന്റെ പദ്ധതിയിലെ ആദ്യമിനമെന്താണന്ന് പ്രഖ്യാപിച്ചു.

“പ്രീയമുള്ളവരെ ഞാന്‍ നടപ്പിലാക്കാന്‍ പോകുന്ന പദ്ധതിയെന്താണന്ന് ഞാനിതാ പ്രഖ്യാപിക്കുകയാണ്. അതാണ് നമ്മുടെ രാജ്യത്തിനും, സംസ്ഥാനത്തിനും സര്‍വ്വോപരി ഭൂലോകത്തിലെ സമസ്ത വികസ്വര രാജ്യങ്ങള്‍ക്കും മാതൃകയാകാന്‍ പോകുന്ന 'എക്സ്പ്രസ് പൂഴിറോഡ്'. ചെലവ് കുറഞ്ഞ രീതിയില്‍ പഞ്ചായത്തിനൊരു എക്സ്പ്രസ് റോഡ്. അതിന് വേണ്ടിയായിരിക്കും എന്റെ ആദ്യശ്രമം. ഇനിയുമൊത്തിരിക്കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. അതെല്ലാം പിന്നിടൊരിക്കലാകാം. തല്‍ക്കാലം ഞാന്‍ വിരമിക്കുന്നു. നന്ദി. നമസ്കാരം.”


പ്രസിഡന്റ് കൈവീശി സ്റ്റേജില്‍ നിന്നിറങ്ങി.

'എക്സ്പ്രസ് പൂഴിറോഡ്' ജനങ്ങളുടെ സംസാര വിഷയമായി. പലപല അഭിപ്രായങ്ങളുണ്ടായി. നല്ലതും ചീത്തയുമായി പലരും പലതും പറഞ്ഞ് പരത്തി.

എക്സ്പ്രസ്സ് പൂഴിറോഡ് നടപ്പില്‍ വരുത്തുവാന്‍ പഞ്ചായത്ത് തീരുമാനമെടുത്തു. പദ്ധതി പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ പഞ്ചായത്തിനെ വളഞ്ഞ് കൊണ്ടുള്ള ഒരു റിംഗ് റോഡായി എക്സ്പ്രസ് പൂഴിറോഡ് മാറുമെന്നും, അതിലൂടെ ഒരുവട്ടം പഞ്ചായത്തിനെ സൈക്കിളില്‍ പോലും വലംവെയ്ക്കുന്നതിന് മിനിട്ടുകള്‍ മതിയാകുമെന്നും പഞ്ചായത്ത് കമ്മറ്റി വിലയിരുത്തി. യാത്രാസൗകര്യം വര്‍ദ്ധിക്കുന്നതിലൂടെ വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ പഞ്ചായത്തിലെത്തുമെന്നും തന്മൂലം പഞ്ചായത്തിന്റെ വരുമാനത്തില്‍ കുതിച്ച് കയറ്റമുണ്ടാകുമെന്നും കമ്മറ്റി വിശ്വസിച്ചു.

സംഗതി ഇങ്ങനെയൊക്കെയാണങ്കിലും ആദ്യഘട്ടമെന്ന നിലയില്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം എക്സ്പ്രസ് റോഡ് മടയാം തോടിന്റെ തെക്കേക്കരയിലൂടെ കോമളപുരത്തേയും പാതിരപ്പള്ളിയേയും ബന്ധിപ്പിച്ച് കൊണ്ട് 2 കിലോമീറ്റര്‍ ദൂരത്തില്‍ നടപ്പില്‍ വരുത്തുവാന്‍ അന്തിമ തീരുമാനവുമെടുത്തു.


മനോഹരിയായ മടയാം തോടിന്റെ ഭംഗിയുമാസ്വദിച്ച് കൊണ്ട് ടുറിസ്റ്റുകള്‍ക്ക് എക്സ്പ്രസ്സ് പൂഴിറോഡിലൂടെ കുതിച്ച് പായാം! പട്ടിയോ പൂച്ചയോ പോലും വട്ടം ചാടുമെന്ന പേടിയില്ലാതെ തന്നെ!


പഞ്ചായത്തിന്റെ വരുമാനം വര്‍ദ്ധിക്കുന്നതനുസരിച്ച് മടയാംതോടിന്റെ വശങ്ങള്‍ വെട്ടിമിനുക്കി പൂന്തോട്ടമുണ്ടാക്കി കൂടുതല്‍ മനോഹരമാക്കുമെന്നും, അതിന്റെ ഫലമായി കൂലിപ്പണികഴിഞ്ഞ് തളര്‍ന്നവശരായെത്തുന്ന ഗ്രാമീണര്‍ക്ക് കാറ്റ്കൊണ്ട് വിശ്രമിക്കുവാന്‍... പൂക്കളുടെ സുഗന്ധമേറ്റ് വിശ്രമിക്കുവാന്‍... പൂമ്പാറ്റകളുടെ വര്‍ണ്ണവിസ്മയമാസ്വദിക്കുവാന്‍ എല്ലാം ഇടയാകുമെന്നും തല്‍ഫലമായി അമിതജോലിഭാരം മൂലമുണ്ടാകുന്ന സ്ട്രെസ്സ്, സ്ട്രെയിന്‍ മുതലായവ ഗ്രാമീണരെ വിട്ടുപോകുമെന്നും, ഗ്രാമത്തിലെ ആത്മഹത്യാനിരക്ക് കുറയുമെന്നും, ജനങ്ങളുടെ ശരാശരി ആയുസ് വര്‍ദ്ധിക്കുമെന്നതും എക്സ്പ്രസ് പൂഴിറോഡിന്റെ ഗുണങ്ങളായി എടുത്ത് കാണിക്കപ്പെട്ടു.

പഞ്ചായത്ത് അംഗീകരിച്ച പദ്ധതിയുടെ ഉത്ഘാടനം വന്‍പിച്ച ആഘോഷപരിപാടികളോടെ നടത്തുവാന്‍ തീരുമാനമെടുത്തപ്പോഴേയ്ക്കും പതിവ് പോലെ പ്രതിപക്ഷം ഉണര്‍ന്നെഴുന്നേറ്റു. എന്തിനേയും ഏതിനേയും മുഖമടച്ച് എതിര്‍ത്തില്ലെങ്കില്‍ പിന്നെന്തര് പ്രതിപക്ഷം!

എക്സ്പ്രസ്സ് പൂഴിറോഡിനെതിരെ വന്‍ ജനമുന്നേറ്റമുണ്ടായി.

എക്സ്പ്രസ്സ് പൂഴിറോഡിനെ എതിര്‍ത്ത് കൊണ്ട് പ്രതിപക്ഷമുന്നയിച്ച പ്രശ്നങ്ങളില്‍ ചിലതിതൊക്കെയാണ്.


1. അമിതവേഗതയില്‍ വാഹനങ്ങള്‍ ഓടുന്നതിനാല്‍ കൂടുതല്‍ പൊടിപടലമുയരുകയും അത് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും ചെയ്യും. തന്മൂലം സമീപവാസികളായ ജനങ്ങള്‍ക്ക് ആസ്തമ തുടങ്ങിയ ശ്വാസകോശ സംബന്ധിയായ അസുഖങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. വിദേശരാജ്യങ്ങളിലെ എക്സ്പ്രസ് റോഡുകള്‍ ടാറിട്ടതോ അല്ലങ്കില്‍ കോണ്‍ക്രീറ്റ് ചെയ്തതോ ആണന്ന നിലയ്ക്ക് എക്സ്പ്രസ് പൂഴിറോഡെന്നുള്ളത് കാലഹരണപ്പെട്ടതും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതുമായ ഒരു ഉമ്മാക്കി മാത്രമാണ്.

2. റോഡിന്റെ ഇരുവശവും വേലികെട്ടി അടയ്ക്കുന്നതിനാല്‍ ഇന്നത്തെ അയല്‍ക്കാര്‍ പോലും നാളത്തെ അപരിചിതരാകാം. ഒരാപത്തുണ്ടായാല്‍ ഓടിവരാന്‍ പോലും അയല്‍ക്കാരനുണ്ടാവില്ല. ചുരുക്കത്തില്‍ എക്സ്പ്രസ് പൂഴിറോഡിന്റെ വേലി ജനങ്ങളുടെ സ്നേഹബന്ധത്തിനിടയിലുള്ള വേലിക്കെട്ടായി മാറും.

3. എക്സ്പ്രസ് റോഡിനുവേണ്ടി സ്ഥലമെടുക്കുമ്പോള്‍ തോട്ടിറമ്പില്‍ താമസിക്കുന്ന നൂറ് കണക്കിനാളുകളുടെ വീടുകള്‍ നഷ്ടമാകും. വീടുകള്‍ നഷ്ടപ്പെടുന്നവരെ പുനഃരധിവസിപ്പിക്കുന്നതിന് പഞ്ചായത്തിന്റെ നടപടി എന്താണ്?

4. മനോഹരിയായ മടയാംതോടിന്റെ വശങ്ങളിലൂടെ വാഹനങ്ങളോടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമലിനീകരണം തോടിന്റെ കരയിലെ കാടുകളില്‍ കഴിയുന്ന ജീവികള്‍ക്കും, തോട്ടിലെ മല്‍സ്യങ്ങള്‍ക്കും പ്രശ്നങ്ങളുണ്ടാക്കുകയും അത് നികത്താനാവാത്ത പാരിസ്ഥിതിക പ്രശ്നങ്ങളായി മാറുകയും ചെയ്യും. ജീവ നാശം സംഭവിച്ച് കൊണ്ടിരിക്കുന്ന അപൂര്‍വ്വ ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് നഷ്ടമാകാന്‍ പോകുന്നത്.

പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും ജാഥകള്‍ നടന്നു. പലസ്ഥലങ്ങളിലും ഇരുകൂട്ടരും കൂട്ടിമുട്ടി. തമ്മില്‍തല്ലി.
കാര്യങ്ങള്‍ പിടിവിട്ട് പോകുമെന്നും രക്തസാക്ഷികളുണ്ടാവാന്‍ സാധ്യത ഉണ്ടന്നുമായപ്പോള്‍ പഞ്ചായത്തില്‍ പട്ടാളമിറങ്ങി.

പഞ്ചായത്തിലൊന്നടങ്കം പട്ടാളം റൂട്ട് മാര്‍ച്ച് നടത്തി.

പ്രതിക്ഷേധക്കാര്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങിയില്ല. പക്ഷേ കുട്ടികള്‍ക്ക് പട്ടാളക്കാരെ പേടി ഉണ്ടായിരുന്നില്ല. അവര്‍ കൗതുകത്തോടെ പട്ടാളക്കാരുടെ പുറകേ ഓടി.


പഞ്ചായത്തിന് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കണമെന്ന് ആഗ്രഹമില്ലായിരുന്നു.
നല്ലൊരു പദ്ധതി വന്നപ്പോള്‍ തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നു. എന്താണ് പരിഹാരം?

പഞ്ചായത്ത് കമ്മറ്റി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നീണ്ടു.

ഇതൊക്കെ നടപ്പിലാക്കിയ മറ്റ് രാജ്യങ്ങളില്‍ ഇത്തരം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലേ?

കമ്മറ്റി അംഗങ്ങള്‍ പ്രസിഡന്റിനെ നോക്കി.

പ്രസിഡന്റിനും ഉത്തരമില്ലായിരുന്നു.

ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്നോ അഥവാ ഉണ്ടായാല്‍ തന്നെ അതെങ്ങനെ പരിഹരിക്കണമെന്നോ പ്രസിഡന്റ് സ്വപ്നം പോലും കണ്ടിരുന്നില്ല.

പോയ നാട്ടിലെ സായിപ്പന്മാരാരും തന്നെ അങ്ങനെയൊന്നും പറഞ്ഞ് കേട്ടുമില്ല.


എന്താണിപ്പോള്‍ ഒരു മാര്‍ഗ്ഗം?

പ്രസിഡന്റിനെ വീണ്ടും വിദേശത്തേയ്ക്ക് വിടുക തന്നെ!

ലക്ഷ്യമൊന്ന് മാത്രം. എക്സ്പ്രസ് റോഡുകൊണ്ട് ആ നാടുകളിലെ ജനങ്ങള്‍ക്കുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് വിശദമായി പഠിക്കുക. പ്രതിക്ഷേധമുണ്ടാക്കിയവരെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പഠിക്കുക.

പ്രസിഡന്റിന്റെ കൂടെപ്പോകുവാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തന്നെയും, ഇംഗ്ലീഷെന്ന ബാലികേറാമല അവരുടെയെല്ലാം മുന്നില്‍ തടസമായി നിന്നു. എങ്കിലും ഇത്തവണ വൈസ് പ്രസിഡന്റിനെ കൂടെ വിദേശപര്യടനത്തിലേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടു.

പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും യാത്രയയപ്പ് നല്‍കാന്‍ വന്‍ ജനക്കൂട്ടമെത്തിയിരുന്നു. ജനക്കൂട്ടം നിയന്ത്രാണാധീനമാവാതിരുന്നപ്പോള്‍ പോലീസിന് ആകാശത്തേയ്ക്ക് വെടിവെയ്ക്കേണ്ടി വന്നു.

വൈസ് പ്രസിഡന്റപ്പോള്‍ വിമാനത്തിന്റെ പുറത്ത് ഒഴുകി നടക്കുന്ന മേഘപാളികളുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.

ലവന്മാര് വെടിവെച്ചപ്പോള് വല്ല കാക്കയോ, പ്രാവോ ചത്തിട്ടുണ്ടങ്കില്‍ തിരിച്ച് വരുമ്പോള്‍ അതിനും കൂടി സമാധാനം പറയണമല്ലോന്നോര്‍ത്തിട്ട് പ്രസിഡന്റിന് പുറത്തുള്ളതൊന്നും ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല. ആ നേരം അല്പസ്വല്പം അകത്താക്കി സമാധാനം കണ്ടെത്തനായിരുന്നു മാത്തപ്പന്‍ സാറിന്റെ വിങ്ങല്‍!

Read more...

കൈയ്യൊടിഞ്ഞ താറാവ്

Saturday, March 8, 2008

തനിക്ക് പറ്റിയൊരു പെണ്ണിനെ കണ്ടുപിടിക്കാന്‍ കണ്ണന് കുറേ നാള്‍ പ്രയാസപ്പെടേണ്ടിവന്നു. കല്യാണമെന്നതൊക്കെ അതിന്റെ സമയത്തല്ലേ നടക്കൂ. കണ്ണനും പെണ്ണ് കണ്ട് കണ്ട് അവസാനം എത്തേണ്ടെടത്തെത്തി.

കുട്ടനാട്ടില്‍!

വെള്ള ചൊരിമണലും, കയര്‍ വ്യവസായവുമുള്ള കരപ്രദേശത്ത് നിന്നും; താറാവ് കൃഷിയും,നെല്‍കൃഷിയും ഒക്കെ ഉള്ള സ്ഥലത്തെത്തിച്ചേര്‍ന്നപ്പോള്‍ കണ്ണന്റെ മനസ്സിനൊരു കുളിര്‍മ്മ വന്നു. പമ്പയെ തഴുകിയെത്തുന്ന കാറ്റിന്റെ നൈര്‍മല്യം അവന്റെ മനസ്സിനൊരു ശാന്തത നല്‍കി. ആ ശാന്തത ആഹ്ളാദമായി മാറി സുനിതയെ കണ്ടപ്പോള്‍!

സ്വപ്ന സഖി കണ്മുന്നില്‍!

ആദ്യനോട്ടത്തില്‍ തന്നെ സുനിതയെ കണ്ണനിഷ്ടപ്പെട്ടെങ്കിലും, കൂടെപ്പോയ അന്തോണി പറഞ്ഞതങ്ങനെയൊന്നുമല്ലായിരുന്നു.“ഇഷ്ടന്‍ വീണുപോയതേ, കുട്ടനാട്ടുകാരീടെ താറാവ് മപ്പാസിന്റെ രുചിയിലാ...അല്ലെങ്കില്‍പിന്നെ നാടാകെ പെണ്ണ് കണ്ടുനടന്ന ഇവന്‍ ആ വെള്ളക്കുഴീചെന്ന് ചാടുമോ?”


അന്ന് താറാവ് കറി വെച്ചത് സുനിത ആയിരുന്നുവെന്ന് കൂടെക്കൂടെ കണ്ണന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി മറ്റുള്ളവര്‍ക്കും തോന്നിത്തുടങ്ങി. സുനിതയെ കണ്ടതിനു ശേഷമുള്ള ഒരു രാത്രി കണ്ണന്‍ ഉറക്കത്തില്‍ നിന്നു ചാടിയെണീറ്റ് ‘എടീ സുനിതേ, നീ ആ താറാവിന്റെ കഴുത്തേന്ന് വിടടീ...’ എന്നലറുന്നതുകേട്ടപ്പോള്‍ വീട്ടുകാര്‍ക്കും അന്തോണിയുടെ വാക്കില്‍ എന്തോ ഒരു ഇത് ഉള്ളതായി തോന്നി.

താറാവ് കറിയാണോ പെണ്ണിനെയാണോ കണ്ണനിഷ്ടപ്പെട്ടതെന്ന് പിന്നെയാരും ആലോചിച്ചില്ല. വീട്ടിലെ മൂപ്പിലാന്മാര്‍ കാര്യങ്ങള്‍ മുന്നോട്ട് നീക്കി. വിവാഹ നിശ്ചയത്തിന് തീയതി നിശ്ചയിച്ചു. നിശ്ചയത്തിനും താറാവ് കറിയും വെള്ളയപ്പവും വേണമെന്ന് കണ്ണന്‍ രഹസ്യമായി പെണ്‍വീട്ടുകാരെ അറിയിച്ച കാര്യം നാട്ടില്‍ പാട്ടായി. ചടങ്ങ് പെണ്ണിന്റെ വീട്ടില്‍ വെച്ചാണ് നടക്കുന്നതെങ്കിലും സ്വന്തം വീട്ടിലും ആഘോഷത്തിന് യാതൊരു കുറവുമുണ്ടാകരുതെന്ന് കണ്ണന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് തന്നെ നിശ്ചയത്തിനു ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ കണ്ണന്റെ വീടിനുമുന്നിലും പന്തലുയര്‍ന്നു.


സ്വന്തക്കാരും ബന്ധുക്കാരുമായി വലിയൊരു പടതന്നെയെത്തി. പാചകക്കാരും അവരുടെ സില്‍ബന്ധികളും തീപ്പന്തലില്‍ പലവിധ വിധവങ്ങളുണ്ടാക്കാനുള്ള തിരക്കിലായി. കാര്യങ്ങളെല്ലാം വളരെ ഭംഗിയായി നടന്ന് കൊണ്ടിരിക്കുമ്പോഴാണ് വീടിന്റെ മുന്‍ഭാഗത്ത് നിന്നും ഒരു കരച്ചില്‍ കേട്ടത്. ആദ്യമാദ്യം ആരുമത് അത്ര കാര്യമാക്കിയെടുത്തില്ല. പക്ഷേ സമയം ചെല്ലുന്തോറും കരച്ചിലിന്റെ ശക്തി കൂടിക്കൂടി വന്നു. ആളുകളെല്ലാം കരച്ചില്‍ കേട്ട ഭാഗത്തോട്ടോടി. കണ്ണനും ഓടി. കുട്ടന്‍ചേട്ടന്‍ നിലത്ത് കിടന്നുരുളുകയാണ്. കൈകൊണ്ട് വലത്തെ ചെവി പൊത്തിപ്പിടിച്ചിരിക്കുന്നു.

നല്ലൊരു ചടങ്ങ് നടക്കാന്‍ പോകുമ്പോഴാണ് ഇവിടെയൊരു ഉരുളന്‍ നാടകം! കണ്ണന് ആദ്യം ദേഷ്യമാണ് വന്നത്. ആ ദേഷ്യം പുറത്ത് വന്നത് ഈ രൂപത്തിലുമാണ്. “എന്തോന്നാടാ ചെറുക്ക, ഏതാണ്ട് പേറ്റ് നോവ് പിടിച്ച പെണ്ണുങ്ങളെപ്പോലെ...”

“അതിന് നീയെത്ര പേറ്റ് നോവ് കണ്ടിരിക്കുന്നെടാ?” പത്ത് പെറ്റ വല്യമ്മായി അതു ചോദിച്ചപ്പൊള്‍ കുട്ടന്‍ചേട്ടന്റെ കരച്ചിലിനേക്കാള്‍ ശബ്ദത്തില്‍ പെണ്ണുങ്ങള്‍ ചിരിച്ചു.

സ്വന്തം ചേട്ടനായിപ്പോയില്ലേ. സമയം കളയാനില്ല. കൂടുതലൊന്നും ചിന്തിക്കാനുമില്ല. കുട്ടന്‍ചേട്ടനെ എത്രയും വേഗം ആശുപത്രിയിലാക്കണം. തലകീഴെ തുണിയിട്ട് മൂടി കുട്ടന്‍ചേട്ടനെ ബൈക്കിന്റെ പിന്നില്‍ കുത്തിച്ചാരിയിരുത്തി. കണ്ണന്റെ ബൈക്ക് മെഡിക്കല്‍ കോളേജിലോട്ട് പാഞ്ഞു.

കുട്ടന്‍ചേട്ടന്റെ കരച്ചില്‍ സൈലന്‍സറില്ലാത്ത ബൈക്കിന്റേതിനേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കുവാന്‍ കഴിയുമായിരുന്നു. അത് കണ്ണന് മനസ്സിലായത് പോലീസ് ജീപ്പ് വന്ന് ബൈക്കിന് വട്ടം നിന്നപ്പോഴാണ്.

“നീ ആരെയാടാ റാസ്ക്കല്‍ ഈ പാതിരാത്രി കിഡ്നാപ്പ് ചെയ്യുന്നത്?” ഇന്‍സ്പെക്ടര്‍ സാര്‍ ജീപ്പില്‍ നിന്നും ചാടി ഇറങ്ങി.

കുട്ടന്‍ചേട്ടന്‍ കരച്ചിലിന് സഡന്‍ ബ്രേക്കിട്ടു. “എന്റെ ചെവീലൊരു വണ്ട് കേറി. ഞങ്ങള് മെഡിക്കലീ പോകുവാണേ...” കുട്ടന്‍ ചേട്ടന് എന്താണ് സംഭവിച്ചതെന്ന് അപ്പോഴാണ് കണ്ണനും മനസ്സിലായത്.

ഇന്‍സ്പെക്ടര്‍ സാര്‍ പോലീസ് ഭാഷയിന്തൊക്കെയോ ഉപദേശിച്ചിട്ട് ജീപ്പില്‍ കയറി.
കുട്ടന്‍ചേട്ടനെ അത്യാഹിതത്തിലുമെത്തിച്ചു.

കാതിലെ വണ്ടിനെ പുറത്തെടുത്തപ്പോള്‍ കുട്ടന്‍ ചേട്ടന്റെ മുഖം ചാകര വന്ന തുമ്പോളി കടപ്പുറം പോലെയായി. സുനാമി വന്നൊഴിഞ്ഞത് പോലെ കണ്ണനും തോന്നി. യമഹ വന്നതിനേക്കാള്‍ വേഗതയില്‍ കണ്ണനോടിച്ചു.മെഡിക്കല്‍കോളേജിന്റെ ഗേറ്റില്‍ ബൈക്കെത്തിയതും ഒരു ആമ്പുലന്‍സ് എതിര്‍ വന്നതും അതിന് സൈഡ് കൊടുത്തതും മാത്രമേ കണ്ണന് ഓര്‍മ്മയുള്ളു. ഓര്‍മ്മ വന്നപ്പോള്‍ കണ്ണന്‍ അത്യാഹിതത്തില്‍ കിടക്കുകയാണ്. കുട്ടന്‍ചേട്ടന്‍ കിടന്ന അതേ കട്ടിലില്‍! അരികില്‍ കുട്ടന്‍ചേട്ടന്‍ നില്‍പ്പുണ്ട്. വലതുകൈയ്ക്ക് ഒരു വേദന. കിടന്ന കിടപ്പില്‍ കൈയിലോട്ടൊന്ന് നോക്കി കണ്ണന്‍. വിശ്വസിക്കാനാവുന്നില്ല. കൈയില്‍ മുഴുവന്‍ പ്ലാസ്റ്റര്‍! നാളെ വിവാഹ നിശ്ചയം. താറാവ് കഴിക്കേണ്ട കൈയില്‍ പ്ലാസ്റ്റര്‍!

''നീ കൈയും കുത്തിയാണ് വീണത്. ഭാഗ്യത്തിന് കൈയൊടിഞ്ഞതേ ഉള്ളു.വലത്തോട്ടാണ് മറിഞ്ഞിരുന്നെങ്കില്‍ രണ്ടാളും ആംബുലന്‍സിനടിയില്‍ പോവുമാരുന്നു.'' കുട്ടന്‍ചേട്ടന്റെ വിശദീകരണം കേട്ടപ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ കണ്ണന് മനസ്സിലാവുകയായിരുന്നു. കണ്ണുനീര്‍ ചാലുകളായി അവന്റെ കവിളിലൂടെയൊഴുകി.

''പ്ളാസ്റ്ററൊക്കെ ഇട്ടുകഴിഞ്ഞില്ലേ. നമ്മുക്ക് പോകാം.'' കണ്ണന് പോകാനുള്ള തിരക്കായിരുന്നു.

''നാളെയേ ഡിസ്ചാര്‍ജാകാന്‍ പറ്റത്തൊള്ളന്നാ ഡോക്ടര്‍ പറഞ്ഞത്.'' കുട്ടന്‍ ചേട്ടനറിയിച്ചു.

''ഞ്ഞാനിവിടെ കെടന്നാ നിശ്ചയമെങ്ങനാ നടക്കുന്നത്?'' താറാവിനേം കഴുത്തിന് പിടിച്ച് നില്‍ക്കുന്ന സുനിതയുടെ രൂപമായിരുന്നപ്പോള്‍ കണ്ണന്റെ മനസ്സില്‍.

ഒടിഞ്ഞ കൈയും തൂക്കി കണ്ണന്‍ യമഹയുടെ അടുത്തെത്തി.കുട്ടന്‍ചേട്ടന് കൂടുതലൊന്നും പറയുവാനാകുമായിരുന്നില്ല.

കൈയൊടിഞ്ഞ ചെറുക്കനൊരദ്ഭുതമായി സുനിതയുടെ വീട്ടില്‍! സംഭവത്തിന്റെ വിശദാംശങ്ങള്‍ പെണ്ണുങ്ങള്‍ കാതുകളില്‍ നിന്നും കാതുകളിലോട്ട് കൈമാറി.

''ഒടിഞ്ഞ കൈയൊക്കെ ശരിയാവുമല്ലോ. അല്ലേ?'' പെണ്ണിന്റച്ഛന് ചെറിയൊരു സംശയമുണ്ടായിരുന്നു.സ്വന്തം മകളുടെ കാര്യമല്ലേ. ഏതച്ഛനും അങ്ങനത്തെ സംശയങ്ങളൊക്കെ ഉണ്ടാവാം.

'ഓ..ഇതൊരൊടിവൊന്നുമല്ലന്നേ...ചെറിയൊരുളുക്ക് മാത്രം. ഡാക്കിട്ടറ് സര്‍ട്ടിപ്പിക്കേറ്റുണ്ടന്നേ...'' വലിയമ്മാവന്‍ അറിയിച്ചു.

നിശ്ചയമൊക്കെ കഴിഞ്ഞു.
താറാവ് കറിയും വെള്ളയപ്പവും പാത്രങ്ങളില്‍ നിരന്നു.
മറ്റുള്ളവര്‍ക്കൊപ്പം കണ്ണനും ഇരുന്നു.

അയ്യോ, കൈയൊടിഞ്ഞ ചെറുക്കനെങ്ങനാ കഴിക്കുന്നേ?'' പന്തലിന് പുറത്ത് നിന്ന പിള്ളാരാരോ ചോദിക്കുന്നത് കേട്ട് എല്ലാവരും ചിരിച്ചു.

''എടിയേ...സുനിതേ...നീയാ താറാവെറച്ചിയെടുത്തവനെ കഴിപ്പിക്കെടീ...''വല്യമ്മായി ആണത് പറഞ്ഞത്.
സുനിത കണ്ണനെ നോക്കി.

കഴുത്തൊടിഞ്ഞ് കിടക്കുന്ന താറാവിന്റേത്പോലെ തോന്നി അവള്‍ക്കപ്പോള്‍ കണ്ണന്റെ മുഖം.

Read more...

പ്രത്യേക ശ്രദ്ധയ്ക്ക്

Creative Commons License
എന്റെ ചില കുറിപ്പുകള്‍ by K.M.Satheesan is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Based on a work at www.satheeskm.blogspot.com.
Permissions beyond the scope of this license may be available at www.satheeskm.blogspot.com.

വിരുന്നുകാർ

Powered By Blogger

ഓർക്കണേ പ്ലീസ്...

ഈ ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളോ, സന്ദർഭങ്ങളോ, കഥാപാത്രങ്ങളോ ഏതെങ്കിലും വിധത്തിൽ ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് തോന്നുന്നുവെങ്കിൽ അത് സ്വാഭാവികം മാത്രം.

  © Blogger templates Newspaper by Ourblogtemplates.com 2008

Back to TOP